'സാറെ അങ്ങോട്ട് പോകണം, അവിടെ ആളുകള്‍ അടിച്ചു ചാവും'- അശാന്തിയുടെ ദിനങ്ങള്‍

'സാറെ അങ്ങോട്ട് പോകണം, അവിടെ ആളുകള്‍ അടിച്ചു ചാവും'- അശാന്തിയുടെ ദിനങ്ങള്‍
വിഴിഞ്ഞം തുറമുഖം
വിഴിഞ്ഞം തുറമുഖം

1995 ജൂലൈ 10 ക്യത്യമായി ഓര്‍ക്കുന്നു. ഉച്ചയ്ക്ക് ഓഫീസില്‍നിന്ന് ഇറങ്ങി, ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത്, സമൃദ്ധമായി ബിരിയാണിയും കഴിച്ചാണ് വീട്ടില്‍ പോയത്. കാറില്‍വെച്ച് വയര്‍ലെസ്സ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഒരു പ്രശ്‌നവുമില്ല; നഗരത്തില്‍ സര്‍വ്വത്ര ശാന്തി, സമാധാനം. അല്പം വിശ്രമിച്ച ശേഷം ദിവസത്തിന്റെ രണ്ടാം ഭാഗം തുടങ്ങാം എന്ന ധാരണയില്‍ വീട്ടിലെത്തി. വീട്ടില്‍ കടന്ന ഉടന്‍ ഏതാണ്ട് ഒരു ശീലം പോലെ വയര്‍ലെസ്സ് ഓണ്‍ചെയ്തു വച്ചു. കഷ്ടിച്ച് രണ്ട് മിനിട്ട് കഴിയും മുന്‍പേ അന്നത്തെ ഇന്റലിജെന്‍സ് മേധാവി കൃഷ്ണമൂര്‍ത്തി സാര്‍ തിരുവനന്തപുരം സിറ്റി വയര്‍ലെസ്സ് നെറ്റ്വര്‍ക്കില്‍ വന്നു. അത് ആദ്യമായിട്ടായിരുന്നു; ഒരുപക്ഷേ, അവസാനമായിട്ടും. തമിഴ് ചുവയുള്ള മലയാളത്തില്‍ അദ്ദേഹത്തിന്റെ ഉറപ്പുള്ള ശബ്ദം: ''വിഴിഞ്ഞത്ത് വെടിപൊട്ടി; തിരുവനന്തപുരം റൂറല്‍ എസ്.പി സ്ഥലത്തില്ല; ഹൈക്കോടതിയില്‍ ആണ്; സിറ്റിയില്‍നിന്നും പൊലീസ് പോകണം.'' അക്കാലത്ത് വിഴിഞ്ഞം തിരുവനന്തപുരം റൂറല്‍ ജില്ലയുടെ ഭാഗമാണ്. ഞാന്‍ ഡി.സി.പി (ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍) ആയി സിറ്റിയില്‍ ചാര്‍ജെടുത്തിട്ട് രണ്ടാഴ്ച കഴിയുന്നതേയുള്ളു. വയര്‍ലെസ്സ് സന്ദേശം കേട്ടയുടന്‍ ഞാന്‍ തീരപ്രദേശത്തു കൂടെ വിഴിഞ്ഞത്തേയ്ക്കു തിരിച്ചു. കാറില്‍ കയറിയ ഉടന്‍ വയര്‍ലെസ്സിലൂടെ സിറ്റിയിലെ പൂന്തുറ, വലിയതുറ, കോവളം, തുമ്പ തുടങ്ങിയ തീരദേശ പൊലീസ് സ്റ്റേഷനുകളേയും പൊലീസ് ഉദ്യോഗസ്ഥരേയും വിളിക്കാന്‍ തുടങ്ങി. വലിയൊരു വര്‍ഗ്ഗീയ സംഘര്‍ഷം നേരിടാന്‍ ഉടന്‍ തയ്യാറായി നില്‍ക്കുക എന്ന സന്ദേശം നേരിട്ടു നല്‍കി. 

സത്യത്തില്‍ ആ സമയത്ത് വിഴിഞ്ഞത്തിന്റെ യഥാര്‍ത്ഥ ചിത്രം എനിക്കറിയില്ല. രണ്ടു മാസം മുന്‍പ്, മേയില്‍ അവിടെ വര്‍ഗ്ഗീയ സംഘര്‍ഷം ഏറ്റുമുട്ടലിലും പൊലീസ് വെടിവെയ്പിലും രണ്ടു മരണത്തിലും കലാശിച്ചിരുന്നു. ആ തീപ്പൊരികള്‍ കെടും മുന്‍പേയാണ് വീണ്ടും വര്‍ഗ്ഗീയാഗ്‌നി അവിടെ ആളിപ്പടരുന്നതായി വിവരം കിട്ടിയത്. എന്റെ ഉല്‍ക്കണ്ഠ, ഉടന്‍തന്നെ നഗരത്തിലെ തീരദേശ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലേയ്ക്കും അത് വ്യാപിക്കുമോ എന്നായിരുന്നു. ആ നിലയില്‍ തന്നെയാണ് വയര്‍ലെസ്സിലൂടെ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദ്ദേശം നല്‍കിയത്. വിഴിഞ്ഞത്തേയ്ക്കുള്ള യാത്രയില്‍ മുഴുവന്‍ സമയവും എന്റെ ഉദ്യോഗസ്ഥരുമായി സംസാരിച്ച് പൂന്തുറ, വലിയതുറ പോലെ സംഘര്‍ഷ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെ സ്ഥിതി മനസ്സിലാക്കാന്‍ ശ്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥരെ എല്ലാം തീരദേശ സ്റ്റേഷനുകളിലും സംഘര്‍ഷ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും വിന്യസിപ്പിച്ചു. ഒപ്പം ബലപ്രയോഗം സംബന്ധിച്ച നിര്‍ദ്ദേശവും വയര്‍ലെസ്സിലൂടെ തന്നെ നല്‍കി. സന്ദേശം വ്യക്തമായിരുന്നു. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ പൊലീസ് സജീവമായി ഇടപെടണം; ആവശ്യമെങ്കില്‍ സംശയിച്ചു നില്‍ക്കാതെ ബലം പ്രയോഗിക്കണം. വേണ്ടിടത്ത് വെടിവെയ്പ് നടത്തുന്നതിനും മടിക്കേണ്ടതില്ല എന്ന സന്ദേശം തന്നെയാണ് ആവര്‍ത്തിച്ചു നല്‍കിയത്. ഒരുപക്ഷേ, പൊലീസ് നിഷ്‌ക്രിയത്വത്തിന്റെ ദോഷഫലങ്ങള്‍ മുന്‍കാലത്ത് തലസ്ഥാനത്തുതന്നെ ധാരാളം ഉണ്ടായിട്ടുണ്ട് എന്ന ബോധം മനസ്സിന്റെ അടിത്തട്ടിലുണ്ടായിരുന്നിരിക്കണം. അങ്ങനെ എന്തൊക്കെയോ ബോധത്തിന്റെ അടിസ്ഥാനത്തില്‍ ഏതാണ്ടൊരു ഭൂതാവിഷ്ടനെപ്പോലെയാണ് ഞാന്‍ വിഴിഞ്ഞത്തിന്റേയും കോവളത്തിന്റേയും അതിര്‍ത്തിയിലെത്തുന്നത്. ഫോര്‍ട്ടിലെ അസിസ്റ്റന്റ് കമ്മിഷണര്‍ രാജശേഖരന്‍നായരും കൂടെയെത്തി. തിരുവനന്തപുരത്ത് എന്നെക്കാള്‍ ഏറെ പരിചയമുണ്ടായിരുന്ന രാജശേഖരന്‍ നായര്‍ കുറേക്കൂടി ശാന്തനായിരുന്നു. ''സാര്‍ നമ്മുടെ അതിര്‍ത്തിയില്‍ ഇപ്പോള്‍ ഒന്നും സംഭവിക്കില്ല. ഉദ്യോഗസ്ഥന്‍മാര്‍ പ്രധാന സ്ഥലങ്ങളിലെല്ലാം എത്തിയിട്ടുണ്ട്.'' അതു കേട്ടപ്പോള്‍ എനിക്ക് അല്പം ശാന്തത കൈവന്നു. സംഘര്‍ഷം അതുവരെ സിറ്റി അതിര്‍ത്തിയിലേയ്ക്ക് വ്യാപിച്ചിട്ടില്ലെന്നു ബോദ്ധ്യമായി.

അവിടെ നില്‍ക്കുമ്പോള്‍ വിഴിഞ്ഞത്തെ 'കുരുക്ഷേത്രം' കാണാം. ആ മണല്‍പ്രദേശത്തു മുഴുവന്‍ ആളുകളുടെ ഓട്ടവും ബഹളവും നിലവിളിയും പിന്നെ തീയും പുകയും ഒക്കെയാണ്. ഇടയ്ക്കിടെ 'ഠെ', 'ഠെ' എന്നു ശബ്ദം കേള്‍ക്കാം. അത് വെടിയുണ്ടയുടെ ശബ്ദമായിരുന്നില്ല. ആരൊക്കെയോ സ്ഫോടകവസ്തുക്കള്‍ എറിയുന്നതാണ്. ആ സമയം തൊട്ടപ്പുറത്തുനിന്ന് ഏതാനും മുസ്ലിം സ്ത്രീകള്‍ ഓടിവന്ന് ''സാറെ അങ്ങോട്ട് പോകണം. അവിടെ ആളുകള്‍ അടിച്ചു ചാവും'' എന്നും മറ്റും അലമുറയിട്ടു. ഞാനുടനെ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണറും പൊലീസുകാരുമായി അങ്ങോട്ടേയ്ക്ക് ഓടി. 'നോ മാന്‍സ് ലാന്‍ഡ്' (No man's Land) എന്നറിയപ്പെട്ട ഇടമായിരുന്നു 'യുദ്ധഭൂമി.' ദൗര്‍ഭാഗ്യവശാല്‍ വിഴിഞ്ഞത്ത് അന്നൊരു 'നോ മാന്‍സ് ലാന്‍ഡ്' ഉണ്ടായിരുന്നു. സാധാരണയായി 'നോ മാന്‍സ് ലാന്‍ഡ്' എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ ഇരുകൂട്ടര്‍ക്കും ഉടമസ്ഥാവകാശം കൈവന്നിട്ടില്ലാത്ത തര്‍ക്കപ്രദേശമാണ്. വിഴിഞ്ഞത്തെ 'നോ മാന്‍സ് ലാന്‍ഡ്' ആകട്ടെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും വെവ്വേറെ താമസിക്കുന്നതിന് ഇടയിലുള്ള ഇരുകൂട്ടര്‍ക്കും അവകാശപ്പെടാനാവാത്ത സ്ഥലമാണ്. സത്യത്തില്‍, അപമാനകരമായ ഒരു പ്രയോഗമാണത്. ശീലംകൊണ്ട് മാനാപമാന ബോധം മനുഷ്യനു നഷ്ടപ്പെടുമായിരിക്കണം. 

വിഴിഞ്ഞത്തെ നോ മാന്‍സ് ലാന്‍ഡ്

മിനിറ്റുകള്‍കൊണ്ട് ഞങ്ങള്‍ 'നോ മാന്‍സ് ലാന്‍ഡി'ല്‍ എത്തുമ്പോള്‍ അവിടെ ജനങ്ങള്‍ അക്രമകാരികളായി ഇരുഭാഗത്തും നില്‍ക്കുകയാണ്. അവര്‍ക്കിടയില്‍ പൊലീസും. കടല്‍ അവസാനിക്കുന്നയിടം തൊട്ട് കുറെ ഏറെ ദൂരം, മഹാഭാരതം ടെലിവിഷന്‍ സീരിയലില്‍ കണ്ട കൗരവപാണ്ഡവ സേനയെപ്പോലെ മുഖത്തോടുമുഖം അക്രമാസക്തരായി നില്‍ക്കുകയാണ് മുസ്ലിങ്ങളും ക്രിസ്ത്യാനികളും. ഇരുകൂട്ടര്‍ക്കുമിടയില്‍ ഞങ്ങളും നിലയുറപ്പിച്ചു. നിലയുറപ്പിച്ചു എന്നു പറഞ്ഞെങ്കിലും അതു പൂര്‍ണ്ണമായും ശരിയല്ല. കാരണം, അവിടെ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം ഓടുകയാണ്. ഇരുകൂട്ടരും ഏതാണ്ട് മുഖാമുഖം നില്‍ക്കുന്നതിനിടയില്‍, ചില സ്ഥലങ്ങളില്‍ അക്രമോത്സുകരായി ആളുകള്‍ എതിര്‍പക്ഷത്തേയ്ക്ക് ഓടിക്കയറാന്‍ ശ്രമിക്കും. അപ്പോള്‍ ഞങ്ങളും ആ ഭാഗത്തേയ്ക്കു നീങ്ങി അവരെ പിന്തിരിപ്പിച്ചു പരസ്പരം ഏറ്റുമുട്ടുന്നത് ഒഴിവാക്കും. പലരും വലിയ പങ്കായവും മരത്തടിയുമൊക്കെ എടുത്താണ് നിന്നിരുന്നത്. എങ്കിലും എന്റെ അനുഭവത്തില്‍ ഇരുകൂട്ടരും പൊലീസിനോട് കുറച്ചൊക്കെ സഹകരിക്കുന്നുണ്ടായിരുന്നു. പലരേയും പിടിച്ചുതള്ളിയും ദേഹത്തു തട്ടിയും ഒപ്പം ആശ്വാസവാക്കുകള്‍ പറഞ്ഞും ഒക്കെയാണ് ഞങ്ങള്‍ പിന്തിരിപ്പിച്ചത്. എന്നാല്‍, ചില ആളുകള്‍ എതിര്‍പക്ഷത്തോടുള്ള വാശിയില്‍ ഞങ്ങളേയും തള്ളിമാറ്റാന്‍ ശ്രമിച്ചു. ഇരുഭാഗത്തും കുറെ പൊതുപ്രവര്‍ത്തകര്‍ പൊലീസിനോട് സഹകരിച്ച് ജനങ്ങളെ ശാന്തരാക്കാന്‍ പരിശ്രമിക്കുന്നുണ്ടായിരുന്നു. കൂട്ടത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം അവിടെ നടത്തിയത് ചെറുപ്പക്കാരായ കുറേ പള്ളി വികാരികളായിരുന്നു. പൊലീസിനോട് തോളോടു തോള്‍ ചേര്‍ന്നുനിന്ന് വളരെ ക്രിയാത്മകമായിട്ടാണ് അവര്‍ പ്രവര്‍ത്തിച്ചത്. 

അക്രമത്തിനു മുന്നോട്ടു വന്നുകൊണ്ടിരുന്ന ചില ആളുകള്‍ ഞങ്ങള്‍ക്കു വഴങ്ങാതെ നില്‍ക്കുന്നുണ്ടായിരുന്നു. ആ സന്ദര്‍ഭത്തില്‍ ചെറുപ്പക്കാരനായ ഒരു പള്ളിവികാരി എന്നോട് പറഞ്ഞു: ''സാറെ, ഇവരുടെ അടുത്ത് വേറൊരു പരിപാടി നമുക്ക് നോക്കാം.'' ഞാനും സമ്മതം മൂളി. ആ വികാരി, കൂട്ടത്തില്‍ ഏറ്റവും അക്രമകാരിയായ ഒരാളെ 'എടാ ഫ്രെഡി' എന്നോ മറ്റോ വിളിച്ച് കൂട്ടത്തില്‍നിന്നും മാറ്റി. എന്നിട്ട് അയാളോടായി ''എടാ നീ വിവരമുള്ള മനുഷ്യനല്ലേ. നീയല്ലേ വിവരമില്ലാത്തവരെയൊക്കെ പറഞ്ഞ് സമാധാനം ഉണ്ടാക്കേണ്ടത്,'' എന്നിങ്ങനെ കുറെ കാര്യങ്ങള്‍ പറഞ്ഞു. അപ്പോഴവിടെ അത്ഭുതം സംഭവിച്ചു. അതുവരെ അക്രമത്തിനു മുന്നിട്ടുനിന്ന 'ഫ്രെഡി' പെട്ടെന്നു സമാധാനശ്രമത്തിന്റെ നേതാവായി. അയാളുടെ പരിവര്‍ത്തനം പെട്ടെന്നായിരുന്നു. ഉള്ളിലെ മനുഷ്യത്വത്തെ തട്ടിവിളിച്ചപ്പോള്‍ ചെകുത്താന്‍ പിന്‍വലിഞ്ഞിരിക്കണം. 

ഇത്തരത്തിലുള്ള പൊലീസ് ഇടപെടല്‍ മൂലം വലിയൊരു പരിധിവരെ അക്രമം വ്യാപിക്കുന്നതു തടയാന്‍ കഴിഞ്ഞു. ഇങ്ങനെ മണിക്കൂറുകള്‍ കഴിഞ്ഞെങ്കിലും പൂര്‍ണ്ണ സമാധാനം അവിടെ കൈവന്നില്ല. സംഘര്‍ഷത്തിന്റെ മുഖ്യകേന്ദ്രം 'നോ മാന്‍സ് ലാന്‍ഡ്' തന്നെയായിരുന്നു. അവിടെ ഇരുവിഭാഗത്തിനും ഇടയിലുണ്ടായിരുന്ന സജീവമായ പൊലീസ് സാന്നിദ്ധ്യവും ഇടപെടലും കൊണ്ട് നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ സാഹചര്യം ഏതാണ്ട് ഒഴിവായി എന്നുമാത്രം. അതുപോലെ തുടക്കത്തില്‍ ധാരാളമായി ഉപയോഗിച്ചിരുന്ന സ്ഫോടകവസ്തുക്കള്‍ എറിയുന്നതും ഏതാണ്ട് നിലച്ചു. 

അകല്‍ച്ചയുടെ പ്രശ്‌നവും പ്രതീകവും

സമാധാനത്തിനു വിഘാതമായി നിന്ന മുഖ്യഘടകം ഏറ്റുമുട്ടലിനിടയില്‍ ചിലരെ കാണാതായെന്നും അവരുടെ ജീവന്‍ അപകടത്തിലാണ് എന്നുമുള്ള മുറവിളിയായിരുന്നു. ഇക്കാര്യം ശക്തമായി ഉന്നയിച്ചത് ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ ധാരാളം ആളുകള്‍ വലിയ വികാരവിക്ഷോഭവുമായി മുന്നോട്ടുവന്നു. ആ സമയം അവിടുത്തെ അവസ്ഥ നിരീക്ഷിക്കുമ്പോള്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആളുകള്‍ ഒരുവിധം നിയന്ത്രണവിധേയമായി കഴിഞ്ഞിരുന്നു. മറുഭാഗത്തെ അവസ്ഥ അതായിരുന്നില്ല. ഇതെനിക്കു ദുരൂഹമായി തോന്നി. എന്നോടൊപ്പം അവിടെയുണ്ടായിരുന്ന ഒരു സബ്ബ് ഇന്‍സ്പെക്ടറോട് ഞാന്‍ ഇതേപ്പറ്റി ചോദിച്ചു. അയാള്‍ പറഞ്ഞു: ''സാര്‍, കാരണം വ്യക്തമാണ്. രണ്ടു മൂന്ന് ക്രിസ്ത്യന്‍സിനെ ഇവര്‍ ആദ്യ സ്റ്റേജില്‍ പിടിച്ചുകൊണ്ടു പോയിട്ടുണ്ട്. അതാണവരുടെ ധൈര്യം.'' എനിക്കത് അവിശ്വസനീയമായാണ് ആദ്യം തോന്നിയത്. കാരണം, മേയ് മാസത്തിലെ അനിഷ്ട സംഭവങ്ങള്‍ക്കു ശേഷം 'നോ മാന്‍സ് ലാന്‍ഡി'ല്‍ സ്ഥിരമായി രാവും പകലും പൊലീസ് പിക്കറ്റുണ്ട്. അവിടെ എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കില്‍ ഡ്യൂട്ടിയിലുള്ളവര്‍ അറിയേണ്ടതാണ്. പിന്നെ എങ്ങനെയാണ് ആ ഉദ്യോഗസ്ഥന്‍ പറഞ്ഞതുപോലെ സംഭവിക്കുക? പൊലീസ് ഉദ്യോഗസ്ഥരില്‍നിന്നും ലഭിച്ച വിവരമനുസരിച്ച് തുടക്കത്തില്‍ 'നോ മാന്‍സ് ലാന്‍ഡി'ല്‍ ഉണ്ടായിരുന്ന പൊലീസ് കാര്യക്ഷമമായി ഇടപെട്ടോ എന്നതില്‍ സംശയം തോന്നി.
 
'നോ മാന്‍സ് ലാന്‍ഡ്' രണ്ടു സമുദായക്കാരുടേയും അകല്‍ച്ചയുടെ പ്രതീകമായിട്ടാണ് പൊതുവേ ഉദ്യോഗസ്ഥ സമൂഹം കണ്ടിരുന്നത്. എന്നാല്‍, മൗലികമായ പ്രശ്‌നം സാമ്പത്തികമാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ അഭിമുഖീകരിക്കാനിടയില്ലാത്ത ഒരു പ്രശ്‌നം കരയില്‍ രൂക്ഷമാണ്. അതാണ് സ്ഥലപരിമിതി. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വള്ളം, വല തുടങ്ങിയവ കരയില്‍ സൂക്ഷിക്കുന്നതിനു തീരത്ത് ആവശ്യമായ സ്ഥലം വേണം. വിഴിഞ്ഞത്ത് ആവശ്യമായ സ്ഥലമുണ്ടായിരുന്നില്ല. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും. മണ്‍സൂണ്‍ കാലത്ത് മറ്റു പല തീരപ്രദേശങ്ങളിലും കടല്‍ക്ഷോഭം മൂലം മത്സ്യബന്ധനം ബുദ്ധിമുട്ടാകുമ്പോള്‍, വിഴിഞ്ഞം കടല്‍ താരതമ്യേന ശാന്തമായിരിക്കും. അതുകൊണ്ട് വിഴിഞ്ഞത്ത് കൂടുതല്‍ ബോട്ടുകള്‍ വരും. സ്വാഭാവികമായും കരയില്‍ ഇടം കിട്ടാനുള്ള മത്സരം വര്‍ദ്ധിക്കും. ഈ മത്സരമാണ് തര്‍ക്കത്തിലേയ്ക്കും ഏറ്റുമുട്ടലിലേയ്ക്കും പൊലീസ് നടപടിയിലേയ്ക്കും എല്ലാം നയിക്കുന്നത്. കരയില്‍ വള്ളത്തിനും വലയ്ക്കും മറ്റും ഇടം കിട്ടുകയെന്നത് പാവം മത്സ്യത്തൊഴിലാളിക്ക് അവന്റെ വിശപ്പിന്റെ പ്രശ്‌നമാണ്. ഫലത്തില്‍ അതവര്‍ക്കു ജീവന്‍മരണ പ്രശ്‌നമാണ്. അല്ലാതെ അതൊരു വസ്തുകയ്യേറ്റ പ്രശ്‌നമല്ല. ഞാന്‍ ഇതാദ്യം മനസ്സിലാക്കിയത് നെയ്യാറ്റിന്‍കരയില്‍ ജോയിന്റ് എസ്.പി എന്ന 'ത്രിശങ്കുസ്വര്‍ഗ്ഗ'ത്തില്‍ കഴിയുമ്പോഴാണ്. അന്ന് വിഴിഞ്ഞത്ത് പരിചയസമ്പന്നനായ ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുണ്ടായിരുന്നു; ഗോപാലകൃഷ്ണന്‍. ആ ഉദ്യോഗസ്ഥന്‍ എന്നെയുംകൊണ്ട് 'നോ മാന്‍സ് ലാന്‍ഡി'ല്‍ പോയി. അന്നാദ്യം ഈ സ്ഥലം കാണുമ്പോള്‍ ജീവിക്കുവാനുള്ള ഇടം എന്നര്‍ത്ഥം വരുന്ന 'ലേബെന്‍സ്രം' (lebensraum) എന്ന ജര്‍മന്‍ വാക്ക് ഓര്‍ത്തു. ഹിറ്റ്ലറുടെ സാമ്രാജ്യത്വ ദുര്‍മ്മോഹത്തിന്റെ കപട ന്യായീ കരണമായിരുന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച 'ലേബെന്‍സ്രം.' സ്ഥലമാണ് പ്രശ്നം; 'മഹാ'യുദ്ധങ്ങള്‍ക്കും പാവപ്പെട്ട മനുഷ്യര്‍ക്കും! വിഴിഞ്ഞത്ത് 'നോ മാന്‍സ് ലാന്‍ഡ്' ശരിക്കും ഉപജീവനത്തിനുള്ള ഇടം തന്നെയായിരുന്നു. അവിടയൊക്കെ ചുറ്റിനടന്നപ്പോള്‍ മത്സ്യത്തൊഴിലാളികളുടെ ഒരു ജീവല്‍പ്രശ്‌നം എങ്ങനെ ക്രമസമാധാന പ്രശ്‌നമായി മാറുന്നു എന്ന ഉള്‍ക്കാഴ്ച ലഭിച്ചു. അതിനപ്പുറം ഒരു മതസ്പര്‍ദ്ധയും അവിടെയുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. പക്ഷേ, പ്രശ്‌നത്തിന്റെ സങ്കീര്‍ണ്ണതയും വര്‍ഗ്ഗീയ ഏറ്റുമുട്ടലിന്റെ സ്വഭാവം കൈവരിക്കാനുള്ള സാധ്യതയും മനസ്സിലാക്കി അവിടുത്തെ പൊലീസ് അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. എങ്കില്‍ പോലും ചില ഘട്ടങ്ങളില്‍ ചെറിയ സംഭവങ്ങളുണ്ടാകാം. പക്ഷേ, സത്വരവും കാര്യക്ഷമവുമായ ഇടപെടലിലൂടെ അതു നിയന്ത്രിക്കാന്‍ പൊലീസിനു കഴിയണം.
 
മേയ് 14-ന് ഉണ്ടായ സംഘര്‍ഷങ്ങളിലും ഏറ്റുമുട്ടലിലും രണ്ടു ജീവന്‍ നഷ്ടപ്പെട്ട സംഭവത്തിനു ശേഷം അവിടെ സ്ഥിരമായി പൊലീസ് പിക്കറ്റ് ഉണ്ടായിരുന്നു. രണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരേയും 35 ഓളം പൊലീസുകാരേയും അവിടെ നിയോഗിച്ചിരുന്നെന്നാണ് അറിഞ്ഞത്. പൊലീസ് പിക്കറ്റുകളുടെ ഒരു സ്വഭാവമുണ്ട്. വലിയൊരു ക്രമസമാധാന പ്രശ്‌നത്തെത്തുടര്‍ന്നു നിയോഗിക്കുന്ന പിക്കറ്റ് തുടക്കത്തില്‍ വളരെ സജീവമായിരിക്കും. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ നിരന്തരം അവിടെ സന്ദര്‍ശിക്കുകയും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരോട് എന്തു പ്രതീക്ഷിക്കണമെന്നും എങ്ങനെ ഇടപെടണമെന്നും എല്ലാം ഓര്‍മ്മിപ്പിക്കുകയും ചെയ്യും. പക്ഷേ, ഈ ജാഗ്രത അതിവേഗം നഷ്ടമാകും. ക്രമേണ പിക്കറ്റ് യാന്ത്രികമാകും. എങ്ങനെയെങ്കിലും നിശ്ചിതസമയം കഴിച്ചുകൂട്ടി തിരികെ പോകണം എന്നതാകും ഡ്യൂട്ടിയിലുള്ളവരുടെ ചിന്ത. വിഴിഞ്ഞത്ത് ഏറ്റുമുട്ടല്‍ തുടങ്ങുന്നത് ഉച്ചസമയത്താണ്. എന്നാല്‍, അതിനുമുന്‍പേ തന്നെ 'നോ മാന്‍സ് ലാന്റി'ലേയ്ക്ക് കടന്നുകയറി വലയുണക്കാന്‍ ശ്രമിക്കുന്നതിനെ ചൊല്ലി ഇരുവിഭാഗക്കാര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നു. വിഴിഞ്ഞത്തിന്റെ സ്വഭാവം മനസ്സിലാക്കി പ്രശ്‌നം മുളയിലേ നുള്ളിക്കളയാനുള്ള ഇടപെടല്‍ ഉണ്ടായില്ലെന്നു തോന്നുന്നു. ഡ്യൂട്ടിക്കാര്‍ കുറേപ്പേര്‍ ആഹാരത്തിനായി മാറിയിരുന്നുവെന്നും പ്രശ്‌നമുണ്ടായപ്പോള്‍ അവിടെ ഉണ്ടായിരുന്നവര്‍ക്ക് യഥാസമയം ശക്തിയായി ഇടപെടാന്‍ കഴിഞ്ഞില്ലെന്നുമാണ് മനസ്സിലായത്. ഏറ്റുമുട്ടല്‍ തുടങ്ങിയ ഘട്ടത്തില്‍ പൊലീസ് ഇടപെടാന്‍ ശ്രമിച്ചുവെങ്കിലും സ്ഫോടകവസ്തുക്കള്‍ എറിയാന്‍ തുടങ്ങിയപ്പോള്‍ പൊലീസ് പിന്മാറി എന്നുമൊക്കെ കേട്ടു. പിന്നീട് പൊലീസ് ശക്തമായി തിരികെ വരുന്നതിനിടയിലുണ്ടായ സമയം അക്രമികള്‍ സൈ്വരവിഹാരം നടത്തിയിരിക്കാം. അങ്ങനെയാണെങ്കില്‍ 'അപ്രത്യക്ഷരായ' തൊഴിലാളികളെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയില്‍ ന്യായമുണ്ടായിരിക്കാം. 

ഉച്ചയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഏതാണ്ട് പൂര്‍ണ്ണമായും അവസാനിച്ചുവെങ്കിലും അവിടെ സമാധാനത്തിന്റെ അന്തരീക്ഷം കൈവന്നില്ല. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടിയുള്ള ഉല്‍ക്കണ്ഠ അനുനിമിഷം വളരുകയായിരുന്നു. ക്രിസ്തീയ വിഭാഗത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ വലിയൊരു വേദനയായി അതു വളര്‍ന്നുകൊണ്ടിരുന്നു. സമാധാനിപ്പിക്കാന്‍ വേണ്ടി, കാണാതായവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ പോയിരിക്കാം; അല്ലെങ്കില്‍ ആശുപത്രിയില്‍ പോയവരെ അനുഗമിച്ചിരിക്കാം എന്നൊക്കെ പറഞ്ഞെങ്കിലും ആശങ്ക അല്പം പോലും കുറഞ്ഞില്ല. അവര്‍ക്കെന്തോ ആപത്ത് സംഭവിച്ചുവെന്നും അവരുടെ ജീവന്‍ അപകടത്തില്‍ത്തന്നെ എന്നും ഉള്ള വികാരം ശമിച്ചില്ല. പൊലീസിനൊരു പുതിയ തലവേദന ഉരുണ്ടുകൂടുകയായിരുന്നു. സന്ധ്യയോടെ ഡി.ജി.പി കെ.വി. രാജഗോപാലന്‍നായര്‍ ഉള്‍പ്പെടെയുള്ളവര്‍ വിഴിഞ്ഞത്തെത്തുമ്പോള്‍ ഇതായിരുന്നു അവസ്ഥ. അന്തരീക്ഷം കൂടുതല്‍ വിഷലിപ്തമാക്കുന്ന കുറേ കിംവദന്തികളും പ്രചരിക്കാന്‍ തുടങ്ങി. 

അതിനിടെ എന്റെ അതിര്‍ത്തിയിലുള്ള പൂന്തുറയില്‍ മത്സ്യത്തൊഴിലാളികള്‍ പ്രകോപിതരായി ഒത്തുകൂടുന്നുവെന്ന് വിവരം കിട്ടി. ഞാനുടനെ പൂന്തുറയിലേയ്ക്കു തിരിച്ചു. ജില്ലയിലെ മറ്റു സ്ഥലങ്ങളില്‍നിന്ന് വിഴിഞ്ഞത്തേയ്ക്കുള്ള ജനപ്രവാഹം തടയാന്‍ നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. എന്നിട്ടും കടല്‍മാര്‍ഗ്ഗം തിരുവനന്തപുരത്തുനിന്നു മാത്രമല്ല, കന്യാകുമാരിയില്‍നിന്നു വരെ വിഴിഞ്ഞത്തേയ്ക്ക് തീരപ്രദേശത്തെ തൊഴിലാളികളുടെ നീക്കം ഉണ്ടായിരുന്നുവെന്ന് വിവരം കിട്ടി. പൂന്തുറയെത്തുമ്പോള്‍ അവിടെയെല്ലാം ഒരുപാട് നിറംപിടിപ്പിച്ച കഥകള്‍ പരന്നിരുന്നു. അതാണ് പ്രകോപനം സൃഷ്ടിച്ചത്. അവിടുത്തെ പള്ളിവികാരിയേയും പൊതുപ്രവര്‍ത്തകരേയും വിശ്വാസത്തിലെടുത്തുകൊണ്ട് തെറ്റിദ്ധാരണകള്‍ നീക്കാന്‍ ശ്രമിച്ചു. പക്ഷേ, യാഥാര്‍ത്ഥ്യം അത്ര സുഖകരമായിരുന്നില്ല. വിഴിഞ്ഞത്തുനിന്നു സംഘട്ടനത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കൊണ്ടുപോയിരുന്ന ഒരു ബെനഡിക്ട് അവിടെ വെച്ച് മരണപ്പെട്ടതായി വിവരം ലഭിച്ചിരുന്നു. പൂന്തുറയിലും ചെറിയതുറയിലും എല്ലാം ഉച്ചമുതല്‍ പൊലീസിനെ വിന്യസിച്ചിരുന്നതുകൊണ്ട് അവിടങ്ങളിലൊന്നും അക്രമങ്ങളുണ്ടായില്ല. എങ്കിലും വിഴിഞ്ഞത്തെ സംഭവവികാസങ്ങള്‍ ആ മേഖലയിലെല്ലാം സംഘര്‍ഷം പടര്‍ത്തിയിരുന്നു. സംഘട്ടനത്തില്‍ പരിക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ഹോസ്പിറ്റലിലും മറ്റും ചികിത്സയ്ക്കായി എത്തിച്ചേര്‍ന്നു. ആശുപത്രി പരിസരത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസിനു കരുതല്‍ വേണ്ടിവന്നു.

ജൂലൈ 10-ന് ഉച്ചയോടെ ആരംഭിച്ച സംഘര്‍ഷങ്ങള്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അവിടെ അമര്‍ച്ചചെയ്യാനായെങ്കിലും, ആ സംഭവം തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശത്താകെ അശാന്തി പടര്‍ത്തി. തീരപ്രദേശത്ത് എവിടെ വേണമെങ്കിലും എന്തും സംഭവിക്കാം എന്ന നിലയിലുള്ള അനിശ്ചിതത്വം ദിവസങ്ങളോളം നീണ്ടുനിന്നു. തിരുവനന്തപുരം നഗരത്തില്‍ത്തന്നെ പൂന്തുറ, ബീമാപ്പള്ളി, ചെറിയതുറ മേഖലകളില്‍ പലപ്പോഴും പൊലീസിന്റെ ജാഗ്രതകൊണ്ടാണ് പ്രശ്‌നങ്ങള്‍ ഒഴിവായത്. അക്കാലത്ത് പൊതുവേ സംസ്ഥാന പൊലീസിലുണ്ടായിരുന്ന പൊലീസ് സേനയിലെ അംഗസംഖ്യയിലെ കുറവ് വലിയ തലവേദനയായി. അങ്ങനെ വലിയൊരു അടിയന്തരഘട്ടം തികച്ചും അപ്രതീക്ഷിതമായി പൂന്തുറയിലുണ്ടായി. സംഘര്‍ഷത്തെത്തുടര്‍ന്ന് പൂന്തുറയില്‍ നിന്നുള്ള മത്സ്യവുമായി പോകുന്ന വാഹനങ്ങളെ വിഴിഞ്ഞത്ത് ഒരു വിഭാഗം തൊഴിലാളികള്‍ തടയുന്ന അവസ്ഥയുണ്ടായി. ഈ പ്രശ്‌നം രൂക്ഷമായപ്പോള്‍ പൂന്തുറയിലും വലിയ സംഘര്‍ഷത്തിന്റെ അന്തരീക്ഷം രൂപംകൊണ്ടു. അതു നേരിടാന്‍ അവിടെ പൊലീസ് അപര്യാപ്തമായിരുന്നു. ഞാനുടനെ ഒരു കമ്പനി പൊലീസിനെ ആവശ്യപ്പെട്ട് പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിലും ബറ്റാലിയനിലും ഇന്റലിജെന്‍സിലും ഉള്ള ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെയെല്ലാം വിളിച്ച് സ്ഥിതിഗതിയുടെ ഗൗരവം ധരിപ്പിച്ച് കൂടുതല്‍ പൊലീസിനു വേണ്ടി ശ്രമിച്ചു. എന്തുകൊണ്ടോ അതാരും ഗൗരവമായി എടുക്കുന്നില്ലെന്ന് എനിക്കു തോന്നി. ആ ദിവസം തിരുവനന്തപുരത്ത് ഒരു മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഹൃദ്രോഗം മൂലം മരണപ്പെട്ടിരുന്നു. കൂടുതല്‍ പൊലീസിനുവേണ്ടി ഞാന്‍ സംസാരിച്ച ഓരോ ഉദ്യോഗസ്ഥനും അവസാനം ആ മരിച്ച ഐ.എ.എസ് ഉദ്യോഗസ്ഥന്റെ വീടിനടുത്തുള്ള ജംഗ്ഷനില്‍ ട്രാഫിക്ക് നിയന്ത്രിക്കാന്‍ ഒരു പൊലീസുകാരനെ പോസ്റ്റ് ചെയ്യണം എന്ന് പ്രത്യേകം ഓര്‍മ്മിപ്പിച്ചു. അതു ഞാന്‍ സമ്മതിച്ചെങ്കിലും, പൂന്തുറയിലെ അടിയന്തര ആവശ്യത്തിന് ഒരു പരിഗണനയും കിട്ടുന്നില്ല എന്നെനിക്കു തോന്നി. സഹികെട്ട് ഞാന്‍ ഡി.ജി.പിക്ക് ഒരു വയര്‍ലെസ്സ് സന്ദേശം അയച്ചു. ചുരുക്കം വാക്കുകളില്‍ സാഹചര്യത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും രേഖാമൂലം നല്‍കിയപ്പോള്‍ അത് ഫലം കണ്ടു. അരമണിക്കൂറിനകം പൂന്തുറയില്‍ പൊലീസെത്തി; അവിടെ വലിയൊരു പ്രശ്നം ഒഴിവായി. 

വിഴിഞ്ഞത്ത് സംഘട്ടനവും വെടിവെയ്പും നടക്കുമ്പോള്‍ ഹൈക്കോടതിയിലായിരുന്ന തിരുവനന്തപുരം റൂറല്‍ എസ്.പി. ശങ്കര്‍ റെഡ്ഡി ഉടന്‍ അവിടെനിന്നും മടങ്ങി. രാത്രിയില്‍ വിഴിഞ്ഞത്തെത്തുമ്പോള്‍ പുതിയ തലവേദന അതിന്റെ പൂര്‍ണ്ണരൂപം പ്രാപിച്ചിരുന്നു. സംഘട്ടനത്തിനുശേഷം കാണാനില്ലാത്ത ആളുകള്‍ എവിടെ എന്നതൊരു ഗുരുതര പ്രശ്‌നമായി മാറി. ഇരുവിഭാഗങ്ങളിലും പെട്ടവരെ കാണാനില്ലെന്ന് ആക്ഷേപമുയര്‍ന്നെങ്കിലും ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ടവരുടെ തിരോധാനമാണ് തീവ്രപ്രശ്‌നമായി മാറിയത്. കരയിലും കടലിലും എല്ലാം അവരെ അന്വേഷിച്ചു. ആ കാര്യത്തിന് ആകാശത്തുനിന്നും ഹെലികോപ്റ്ററിന്റെ സേവനം പോലും പ്രയോജനപ്പെടുത്തി. പക്ഷേ, അതൊന്നും വിജയിച്ചില്ല. അതു സംബന്ധിച്ച സംഘര്‍ഷങ്ങളും സമരങ്ങളും എല്ലാം വിഴിഞ്ഞത്തും സെക്രട്ടറിയേറ്റിനു മുന്നിലും അരങ്ങേറി. അതൊക്കെ അഭിമുഖീകരിക്കാന്‍ സി.ആര്‍.പി. എഫിന്റെ വനിതാ ബറ്റാലിയന്‍ ഉള്‍പ്പെടെ തലസ്ഥാനത്ത് വിന്യസിച്ചു. 

പക്ഷേ, ഈ പ്രകടനങ്ങളെല്ലാം അരങ്ങുതകര്‍ക്കുമ്പോഴും നിര്‍ണ്ണായകമായത് ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ വലിയ ജനശ്രദ്ധ ഒഴിവാക്കി നടത്തിയ അന്വേഷണപ്രവര്‍ത്തനമായിരുന്നു. അവര്‍ നടത്തിയ രഹസ്യാന്വേഷണത്തില്‍ വിഴിഞ്ഞത്തു പുതുതായി മണ്ണിളകിയതായും പുല്ലുപിടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സംശയം തോന്നിയ ചില സ്ഥലങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. അതേത്തുടര്‍ന്ന് ആ പരിസരത്തു രക്തത്തിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ ഫോറന്‍സിക്ക് വിദഗ്ദ്ധരുടെ സഹായം തേടി. അങ്ങനെ നടത്തിയ ചിട്ടയായ പ്രവര്‍ത്തനം അവസാനം വിജയിച്ചു. കാണാതായിരുന്ന ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ട മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. മുസ്ലിങ്ങളുടെ കബറടക്കുന്ന സ്ഥലത്തിനടുത്തു നിന്നായിരുന്നു അത്. 

കാണാതായവര്‍ എവിടെ എന്ന വലിയ ചോദ്യത്തിന് ഉത്തരം കിട്ടി. പക്ഷേ, ആ ഉത്തരം വിഴിഞ്ഞത്തിന്റെ സാമൂഹ്യമനസ്സിന് ഒട്ടും ആശ്വാസം പകര്‍ന്നില്ല. യാഥാര്‍ത്ഥ്യം ഉച്ചവെയില്‍ പോലെ മുന്നില്‍ കത്തിനിന്നപ്പോള്‍ അശാന്തിയുടെ നാളുകള്‍ പെട്ടെന്ന് അവസാനിക്കുന്നതിന്റെ ഒരു ലക്ഷണവും കണ്ടില്ല. 

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com