'എസ്‌ഐ അറസ്റ്റ് ചെയ്തത് ക്രിമിനല്‍ കേസിലെ പ്രതികളെയാണ്, ഞങ്ങളുടെ പിള്ളേരും നിങ്ങളുടെ പിള്ളേരും ഒന്നുമില്ല'

വിഴിഞ്ഞത്ത് അടുത്തടുത്ത് രണ്ട് കലാപങ്ങള്‍ ഉണ്ടായപ്പോള്‍ അതിന്റെ സാമൂഹ്യാഘാതം വലുതായിരുന്നു
എകെ ആന്റണി
എകെ ആന്റണി

വിഴിഞ്ഞത്ത് അടുത്തടുത്ത് രണ്ട് കലാപങ്ങള്‍ ഉണ്ടായപ്പോള്‍ അതിന്റെ സാമൂഹ്യാഘാതം വലുതായിരുന്നു. 1995 മേയ് 14-നും ജൂലൈ 10-നും ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷം ഏറ്റുമുട്ടലിലേയ്ക്കും കൊലപാതകത്തിലേയ്ക്കും പൊലീസ് വെടിവെയ്പിലേയ്ക്കും ഒക്കെ നയിച്ചിരുന്നു. നഷ്ടപ്പെട്ട മനുഷ്യജീവനുകള്‍, പരിക്കേറ്റ നൂറുകണക്കിനാളുകള്‍, കത്തിനശിച്ച കുടിലുകളും മത്സ്യബന്ധനോപാധികളും  ഇതൊക്കയായിരുന്നു അതിന്റെ ബാക്കിപത്രം. വളരുന്ന വര്‍ഗ്ഗീയ വിദ്വേഷം, ക്രിമിനല്‍ കേസുകള്‍, നിയമനടപടികള്‍ എല്ലാം കൂടി ആ ദരിദ്രസമൂഹത്തെ കൂടുതല്‍ ദുരിതങ്ങളിലേയ്ക്ക് നയിച്ചു. ദുരിതത്തിനു മതമില്ലായിരുന്നു.

അക്രമസംഭവങ്ങള്‍ ഉണ്ടാകുമെങ്കിലും അധികം വൈകാതെ സമാധാനം കൈവരും എന്നതായിരുന്നു വിഴിഞ്ഞത്തെ മുന്‍കാല അനുഭവം. പക്ഷേ, ഇക്കുറി സ്ഥിതി വ്യത്യസ്തമായിരുന്നു. തീരപ്രദേശത്ത്  സംഘര്‍ഷവും സംഘട്ടനവുമൊക്കെ ഇടയ്ക്ക് ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ അതു മരണത്തിലേയ്ക്കും നയിക്കാം. പെട്ടെന്നുണ്ടാവുന്ന  തീവ്രമായ വികാരം പൊട്ടിത്തെറിച്ചുകഴിഞ്ഞാല്‍ അതിവേഗം അവര്‍ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരും. അതിനപ്പുറം ശാശ്വതമായ ശത്രുതയിലേയ്ക്കോ വൈരനിര്യാതന ബുദ്ധിയിലേയ്‌ക്കോ അത് നയിക്കാറില്ല. ചിലേടങ്ങളിലെ രാഷ്ട്രീയ ശത്രുതപോലെയോ കുടുംബ വഴക്കു പോലെയോ പകരം വീട്ടലിന്റേയും പകപോക്കലിന്റേയും 'സംസ്‌കാരം' അവര്‍ക്കന്യമായിരുന്നു. പക്ഷേ, ഇപ്പോള്‍ സ്ഥിതി മാറി. സാമൂഹ്യമായ വലിയ അകല്‍ച്ച ജനങ്ങള്‍ക്കിടയില്‍ ഉടലെടുത്തു. പരസ്പര വിശ്വാസം ഏറെ നഷ്ടപ്പെട്ടു. ദൈനംദിന ജീവിതത്തില്‍ അത് പലരൂപത്തില്‍ പ്രതിഫലിച്ചു. മുസ്ലിം വിഭാഗത്തിലുള്ളവര്‍ വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിനു പോകാന്‍ മടിച്ചു. കാരണം, കടലില്‍ വച്ച് 'മറു'ഭാഗം ആക്രമിക്കുമോ എന്ന ഭയം. ക്രിസ്ത്യന്‍ മാനേജ്‌മെന്റിനു കീഴിലുള്ള സ്‌കൂളുകളില്‍നിന്നും ചിലര്‍ മുസ്ലിം വിദ്യാര്‍ത്ഥികളെ പിന്‍വലിച്ചു. മത്സ്യബന്ധനം നടക്കുന്നതു കടലിലാണെങ്കിലും അതുമായി ബന്ധപ്പെട്ട ധാരാളം പ്രവര്‍ത്തനങ്ങള്‍ കരയില്‍ നടക്കുന്നുണ്ട്. ഐസ് ഫാക്ടറികള്‍, മത്സ്യ സൂക്ഷിപ്പ്, ചന്തകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം തന്നെ ഈ അകല്‍ച്ച വല്ലാതെ പ്രകടമായി. വളരെ നിസ്സാരമായ തര്‍ക്കങ്ങള്‍ പോലും വര്‍ഗ്ഗീയ സംഘര്‍ഷത്തിലേയ്ക്ക് നയിക്കുമോ എന്ന ഭയം വളര്‍ന്നു. പൊലീസിന്റെ സജീവമായ സാന്നിദ്ധ്യവും ഇടപെടലും കൊണ്ടുമാത്രം അക്രമസംഭവങ്ങള്‍ ഒഴിവാകുന്നു എന്ന പ്രതീതി ഉണ്ടായി. സമാധാനവും സൗഹൃദവും അകലെയായിരുന്നുവെന്നു മാത്രമല്ല, വിഴിഞ്ഞത്ത് ഒരു മൂന്നാം കലാപസാദ്ധ്യതയെ കുറിച്ചുള്ള ഉല്‍ക്കണ്ഠ വളരുന്നുണ്ടായിരുന്നു.  

പൊലീസിലും സര്‍ക്കാരിലും അത്  വലിയ ചലനങ്ങള്‍ സൃഷ്ടിച്ചു. മുഖ്യമന്ത്രി എ.കെ. ആന്റണി ഉള്‍പ്പെടെയുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. എന്താണ് ഈ 'വിഴിഞ്ഞ'ത്തിനൊരു ശാശ്വത പരിഹാരം എന്ന ചിന്തയും ഭരണത്തിന്റെ പല തലങ്ങളിലുമുണ്ടായി. രണ്ടു സംഭവങ്ങളും അരങ്ങേറിയത് മുസ്ലിങ്ങളേയും  ക്രൈസ്തവരേയും  തമ്മില്‍ ഭൗതികമായി  അകറ്റിനിര്‍ത്തുന്ന 'നോ മാന്‍സ് ലാന്‍ഡ്' (No man's Land) ലായിരുന്നു. അതിനാല്‍ ഈ അകലം ശാശ്വതമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്താലോ എന്നായിരുന്നു ഒരു ആലോചന. ഉദ്യോഗസ്ഥ തലത്തിലായിരുന്നു ഈ ആശയം ഒരു പരിഹാരമായി ഉയര്‍ന്നുവന്നതെന്നു തോന്നുന്നു. വിഴിഞ്ഞം  പൊലീസ് സ്റ്റേഷന്‍ അന്ന് തിരുവനന്തപുരം റൂറല്‍ ജില്ലയിലായിരുന്നു. ക്രിസ്ത്യാനികളേയും മുസ്ലിങ്ങളേയും അകറ്റുന്ന നോ മാന്‍സ് ലാന്റിന്റെ രണ്ട് അതിരുകളിലും സ്ഥിരമായി കമ്പിവേലി സ്ഥാപിച്ച്  ഇരുകൂട്ടരേയും അതിനപ്പുറമാക്കാമത്രെ. സ്ഥിരമായി കലാപമില്ലാതാക്കാന്‍ ഇങ്ങനെ 'സൃഷ്ടിപരമായ' ആശയങ്ങള്‍ മുന്നോട്ടുവച്ചപ്പോള്‍ ഇന്ത്യ-പാകിസ്താന്‍  അതിര്‍ത്തിയില്‍  ഉപയോഗിക്കുന്ന സംവിധാനത്തിന്റെ മാതൃകയില്‍ അതേ കമ്പിവേലി ഇവിടെയും ഉപയോഗിക്കാമെന്നും വിദഗ്ദ്ധാഭിപ്രായം വന്നതായി കേട്ടു.  മനുഷ്യനെ കമ്പിവേലിയുടെ അപ്പുറവും ഇപ്പുറവും നിര്‍ത്തി സമാധാനം നിലനിര്‍ത്തുന്നതിനോട് ആശയപരമായി എനിക്ക് യോജിപ്പില്ലായിരുന്നു. ഇരുകൂട്ടരും കടലില്‍ മത്സ്യബന്ധനത്തിനു പോകുമ്പോള്‍ അവിടെയും കമ്പിവേലി വരുമോ? ശാശ്വത സമാധാനം കമ്പിവേലിയിലൂടെ എന്ന ആശയം വളരെ ഗൗരവമായിത്തന്നെ പരിഗണിക്കപ്പെട്ടിരുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്. കാരണം, ഒരു ദിവസം ഡി.ജി.പി തന്നെ എന്നോട് ഇത്തരം കമ്പിവേലികളുടെ ലഭ്യതയെക്കുറിച്ച് അന്വേഷിക്കാന്‍ പറഞ്ഞു. പിന്നീട് എങ്ങനെയാണെന്നെനിക്കറിയില്ല ഈ പരിഹാരമാര്‍ഗ്ഗം അതിവേഗം ഉപേക്ഷിക്കപ്പെട്ടു. വേലിക്കെട്ടുകള്‍ക്കപ്പുറത്താക്കി എങ്കിലും സമാധാനം എന്ന നിലയില്‍ ചിന്തിച്ചുപോകുന്ന സാമൂഹ്യാന്തരീക്ഷം വിഴിഞ്ഞത്തും പരിസരപ്രദേശങ്ങളിലും ഉടലെടുത്തു എന്നതാണ് യാഥാര്‍ത്ഥ്യം. വിഴിഞ്ഞത്തേയും തിരുവനന്തപുരം റൂറല്‍ ജില്ലയിലേയും പൊലീസിന്റെ അവസ്ഥ ദുരിതപൂര്‍ണ്ണമായിരുന്നു. വിശ്രമമില്ലാതെ രാപ്പകല്‍ ജോലി ചെയ്യേണ്ട സാഹചര്യമായിരുന്നു; അതും അടിസ്ഥാന ആവശ്യങ്ങള്‍ക്കുപോലും യാതൊരു സൗകര്യവുമില്ലാതിരുന്ന കടപ്പുറത്തും മറ്റും. റൂറല്‍ എസ്.പി ആയിരുന്ന ശങ്കര്‍റെഡ്ഡി തന്നെ എത്രയോ രാത്രികളില്‍ അല്പം വിശ്രമിച്ചത് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ പരിസരത്ത് പാര്‍ക്ക് ചെയ്ത തന്റെ ഔദ്യോഗിക വാഹനത്തിലായിരുന്നു. അതായിരുന്നു അവസ്ഥ. അത്രയ്ക്ക് ദുര്‍ബ്ബലമായിരുന്നു പുറമേ കാണപ്പെട്ട  സമാധാനം. 

അരുണാ സുന്ദർരാജൻ
അരുണാ സുന്ദർരാജൻ

അതിനിടയില്‍ കുറേയേറെ സമാധാന യോഗങ്ങള്‍ കളക്ട്രേറ്റില്‍ നടന്നു. അരുണാ സുന്ദര്‍രാജനായിരുന്നു കളക്ടര്‍. തിരുവനന്തപുരം സിറ്റിയെ പ്രതിനിധീകരിച്ച് പല യോഗങ്ങളിലും ഞാനും പങ്കെടുത്തു. ഈ യോഗങ്ങളില്‍ വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് വന്നിരുന്ന സംഘടനാ നേതാക്കള്‍ക്കു നല്ല പങ്കുവഹിക്കാനുണ്ടായിരുന്നു. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമീപനം സമാധാനം സ്ഥാപിക്കുന്നതിനു പൊതുവേ സഹായകമായിരുന്നു. എന്നാല്‍, സമുദായത്തിന്റെ പ്രതിനിധികള്‍ എന്ന നിലയില്‍ വന്നവരുടെ രീതി വ്യത്യസ്തമായിരുന്നു. അന്യോന്യം കുറ്റപ്പെടുത്തുകയും തൊട്ടതിനും പിടിച്ചതിനും എല്ലാം പൊലീസിനെ വിമര്‍ശിക്കുകയും ചെയ്യുന്ന രീതിയാണ് അവരില്‍ പലരും സ്വീകരിച്ചത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഇവരെ എതിര്‍ക്കാന്‍ തയ്യാറായില്ല. ഈ പ്രശ്‌നം ഞാന്‍ ആലപ്പുഴയിലും കണ്ടതാണ്. കക്ഷിഭേദമന്യേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ സമുദായ സംഘടനകളോട് പുലര്‍ത്തുന്ന വിനീത വിധേയത്വം നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദൗര്‍ബ്ബല്യങ്ങളില്‍ ഒന്നാണ്. എല്ലാവരെയും ഏകോപിപ്പിച്ച് സമാധാനത്തിനുവേണ്ടി കളക്ടര്‍  നന്നായി പരിശ്രമിച്ചു. പക്ഷേ,  സമൂഹത്തില്‍ ഉണ്ടായ അകല്‍ച്ച ഇല്ലാതാക്കുന്നിനു പല ഘടകങ്ങളും എതിരായിരുന്നു.

അധികാര കൈമാറ്റവും ചര്‍ച്ചകളും

വിഴിഞ്ഞം പ്രശ്‌നം ശാശ്വതമായി പരിഹരിക്കുവാനുള്ള വഴിതേടി അവസാനം കണ്ടെത്തിയ കുറുക്കുവഴി  വിഴിഞ്ഞം പൊലീസ് സ്റ്റേഷനെ തിരുവനന്തപുരം റൂറലില്‍നിന്നും അടര്‍ത്തി  സിറ്റിയിലേയ്ക്ക് മാറ്റുക എന്നതായിരുന്നു. തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ എനിക്ക് യാതൊരു പങ്കുമില്ലായിരുന്നു. എന്നാല്‍ വിഴിഞ്ഞം പോലൊരു പ്രദേശത്ത്  സമാധാനം നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം    കൈവരുന്നതില്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. അതിനപ്പുറം  ഒന്നും  ചിന്തിച്ചില്ല.  പക്ഷേ, വര്‍ഗ്ഗീയ ലഹളകള്‍ കൈകാര്യം ചെയ്യുന്നതില്‍ തലസ്ഥാന നഗരത്തിന്റെ മുന്‍കാല പ്രകടനം  അത്ര ഗംഭീരമൊന്നുമായിരുന്നില്ല. വെറും മൂന്നു വര്‍ഷം മുന്‍പ് 1992-ല്‍ ആണല്ലോ സംസ്ഥാനത്തെയാകെ ഞെട്ടിപ്പിച്ച പൂന്തുറ കലാപം സിറ്റിയിലുണ്ടായത്. വിഴിഞ്ഞത്തെ സിറ്റിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് മുഖ്യമായി പറഞ്ഞ കാരണം സിറ്റിയിലാകുമ്പോള്‍ പൊലീസുകാരുടെ ലഭ്യത വര്‍ദ്ധിക്കുമെന്നതാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം സിറ്റിയിലുണ്ട്. അതിനാല്‍ വിഴിഞ്ഞത്ത് പ്രശ്‌നമുണ്ടായാല്‍ മെച്ചപ്പെട്ട ശ്രദ്ധയുണ്ടാകും എന്നതായിരുന്നു യുക്തി. പക്ഷേ, ഈ യുക്തി പൂന്തുറയില്‍ വിജയിച്ചില്ല എന്നതും വസ്തുതയാണ്. യുക്തി എന്തായാലും ജൂലൈയിലെ കലാപം കഴിഞ്ഞ് രണ്ടുമാസം കഴിയുമ്പോഴേയ്ക്കും വിഴിഞ്ഞം പൊലീസ് സ്റ്റേഷനെ തിരുവനന്തപുരം സിറ്റിയിലേയ്ക്ക് മാറ്റിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. 

അധികാരപരിധി കൈമാറ്റം ഗംഭീരമായിരുന്നു. അന്നത്തെ ഡി.ജി.പി കെ.വി. രാജഗോപാലന്‍ നായര്‍ മുതല്‍ താഴോട്ടുള്ള ചുമതലക്കാരായ ഉദ്യോഗസ്ഥരെല്ലാം സ്റ്റേഷനിലെത്തി. സിറ്റിയിലേയും റൂറല്‍ ജില്ലയിലേയും ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. കൂടാതെ പ്രാദേശിക രാഷ്ട്രീയ പ്രതിനിധികളും വിഴിഞ്ഞം പള്ളിയിലെ വികാരിയും ജമാഅത്തിന്റെ ഭാരവാഹികളും എല്ലാം ഉണ്ടായിരുന്നു. കെ. രാമചന്ദ്രന്‍ ആയിരുന്നു വിഴിഞ്ഞത്തെ സബ്ബ് ഇന്‍സ്പെക്ടര്‍. അധികാര കൈമാറ്റ ചടങ്ങില്‍ പൊതുയോഗവും  പ്രസംഗവും ഒന്നും ഉണ്ടായിരുന്നില്ല. സന്ദര്‍ശകര്‍ക്കുള്ള പുസ്തകത്തില്‍ മാറ്റം നിലവില്‍ വന്നതായി ഡി.ജി.പി കുറിപ്പെഴുതി. വെറുതെ  കുറച്ച് മധുരതരമായ  കാര്യങ്ങളൊക്കെ പറഞ്ഞ് ചായയും കുടിച്ച് എല്ലാപേരും പിരിയാന്‍ തുടങ്ങി. ആരും 'ബിസിനസ്' ഒന്നും സംസാരിച്ചില്ല. 'ബിസിനസ്'  എന്നാല്‍ വിഴിഞ്ഞത്തെ സമാധാനം, അഥവാ അവിടുത്തെ സാധാരണ ജീവിതം പുനഃസ്ഥാപിക്കല്‍.  പെട്ടെന്നാണ് ജമാഅത്ത് പ്രസിഡന്റ് പൊടിക്കണ്ണിന്റെ ഒരു ചോദ്യം; ''സാറെ, അപ്പോളിനി ഞങ്ങളുടെ ആള്‍ക്കാര്‍ എപ്പോഴാണ് കടലില്‍ പോകുന്നത്?'' ഡി.ജി.പി നേരെ ഐ.ജി ജേക്കബ്ബ് പുന്നൂസ് സാറിനെ നോക്കി. ''അത് ഡി.സി.പി തീരുമാനിക്കും'' എന്ന് ഐ.ജി പറഞ്ഞു. പൊടിക്കണ്ണ് എന്നെ നോക്കി. ശരിയെന്ന മട്ടില്‍ ഞാന്‍ തലകുലുക്കി. പിന്നെ ഡി.ജി.പിയും ഐ.ജിയും എല്ലാം മടങ്ങി. ഞാനും മറ്റ് ഉദ്യോഗസ്ഥരും മാത്രമായപ്പോള്‍ ജമാഅത്ത് പ്രസിഡന്റ് വീണ്ടും ''ഞങ്ങളുടെ ആളു''കളുടെ പ്രശ്‌നം ഉന്നയിച്ചു. മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ വിഴിഞ്ഞത്തുനിന്ന് ജൂലൈ 10-ലെ സംഭവത്തിനുശേഷം മത്സ്യബന്ധനത്തിനു പോകുന്നുണ്ടായിരുന്നില്ല. ജമാഅത്ത് പ്രസിഡന്റിനോട് ഞാന്‍ പറഞ്ഞു ''നിങ്ങള്‍ക്ക് ഇപ്പോള്‍ മുതല്‍ കടലില്‍ പോകാം.'' നിസ്സാര ഭാവത്തിലുള്ള എന്റെ പ്രതികരണം അദ്ദേഹത്തിനു വിശ്വസിക്കാനായില്ല. വീണ്ടും അദ്ദേഹം ചോദിച്ചു: ''അപ്പോള്‍ നാളെ തൊട്ട് കടലില്‍ പോകട്ടെ സാര്‍?'' ''മത്സ്യബന്ധനം നടത്താന്‍ ആര്‍ക്കും കടലില്‍ പോകാം. പോകരുതെന്ന് നിങ്ങളോട് ആരെങ്കിലും പറഞ്ഞോ?'' എന്നായി ഞാന്‍. ആരും പറഞ്ഞിട്ടില്ലെന്നും എന്നാലിനി പൊയ്‌ക്കൊള്ളാമെന്നുമായി ജമാഅത്ത് പ്രസിഡന്റ്. അദ്ദേഹം പോയിക്കഴിഞ്ഞപ്പോള്‍ ഫോര്‍ട്ടിലെ അസിസ്റ്റന്റ് കമ്മിഷണര്‍ എന്നോടായി ''സാറെ, ഒരു ധാരണയില്ലാതെ കടലില്‍ പോയാല്‍ അവിടെവച്ച് തമ്മിലടി ആയാലോ'' എന്ന സംശയം ഉന്നയിച്ചു. അതിനൊരു പശ്ചാത്തലമുണ്ട്. ജൂലൈ പത്തിന്റെ സംഭവത്തില്‍  ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ട മൂന്നു പേര്‍ക്ക്  ജീവന്‍ നഷ്ടപ്പെട്ടിരുന്നു. എന്നു മാത്രമല്ല, മൃതദേഹങ്ങള്‍  മുസ്ലിങ്ങളുടെ കബറിടത്തിനടുത്തുനിന്നാണ് കണ്ടെടുത്തത്. ഈ സംഭവം  ഇരുകൂട്ടരും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിച്ചിരുന്നു. ക്രിസ്തീയ വിഭാഗത്തില്‍ പെട്ടവര്‍ക്കായിരുന്നു ജൂലൈ 10-ലെ സംഭവത്തില്‍ 'ക്ഷീണം' സംഭവിച്ചത് എന്നൊരു കാഴ്ചപ്പാടുണ്ടായിരുന്നു. കരയില്‍ സുശക്തമായ പൊലീസ് സദാ ജാഗ്രത പുലര്‍ത്തുന്നതിനാല്‍ കരയില്‍വെച്ച് 'ക്ഷീണം' തീര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ കടലിലാകുമ്പോള്‍ എണ്ണത്തിലും പരിചയസമ്പത്തിലും ഒക്കെ ക്രിസ്തീയ വിഭാഗത്തിനു മുന്‍കൈ ഉണ്ട്. അതുകൊണ്ട് കരയിലെ 'ക്ഷീണം' അവര്‍ കടലില്‍ തീര്‍ക്കുമോ എന്ന ഭയത്താലാണ് മുസ്ലിങ്ങള്‍ കടലില്‍ പോകുന്നതില്‍ നിന്നും വിട്ടുനിന്നത്. ഇതൊക്കെ എനിക്കും അറിയാമെങ്കിലും ബോധപൂര്‍വ്വം തന്നെയാണ് ഞാന്‍ ജമാഅത്ത് പ്രസിഡന്റിനോട് കടലില്‍ പൊയ്‌ക്കൊള്ളാന്‍ പറഞ്ഞത്. അക്കാര്യം ക്രിസ്ത്യന്‍ പള്ളിയിലെ വികാരിയും കേട്ടിരുന്നു. ''കടലില്‍ ആരെങ്കിലും  കുഴപ്പം കാണിച്ചാലും അവര്‍ക്കും തിരികെ കരയില്‍  വരണമല്ലോ'' - ഞാന്‍ അസിസ്റ്റന്റ് കമ്മിഷണറോട് പറഞ്ഞു. ആരെങ്കിലും  മത്സ്യബന്ധനം നടത്തുന്നത് മറ്റൊരു വിഭാഗത്തിന്റെ ഔദാര്യമാണ് എന്ന ധാരണ ആര്‍ക്കുമുണ്ടാകരുത് എന്ന ബോധ്യത്തിലാണ് ''നിങ്ങള്‍ക്ക് കടലില്‍ പോകാം'' എന്നു പറഞ്ഞത്. 

കെവി രാജ​ഗോപാലൻ
കെവി രാജ​ഗോപാലൻ

വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ അധികാര കൈമാറ്റത്തിന്റെ മുഖ്യ ഇനം കുറേ തുടര്‍ ചര്‍ച്ചകളായിരുന്നു. ഡി.സി.പിയും തിരുവനന്തപുരം റൂറല്‍ എസ്.പിയും ജമാഅത്ത് ഭാരവാഹികളുമായും ക്രിസ്ത്യന്‍പള്ളി ഭാരവാഹികളുമായും ഇടയ്ക്കിടെ ചര്‍ച്ച നടത്തുമെന്നും ഒക്കെ നിഷ്‌കര്‍ഷിച്ചിരുന്നു. ചര്‍ച്ചയുടെ ആധിക്യത്തോട് വ്യക്തിപരമായി എനിക്കു വലിയ യോജിപ്പില്ലായിരുന്നു. സമാധാനം നിലനിര്‍ത്താനും പുനഃസ്ഥാപിക്കാനും ചിലപ്പോള്‍ ചര്‍ച്ചകള്‍ അനിവാര്യമാകാം. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മുഖ്യ ആയുധം ചര്‍ച്ചയായി മാറുമ്പോള്‍ ചര്‍ച്ചയിലെ മറ്റു പങ്കാളികളാകും പലപ്പോഴും ശക്തരാകുക. ഏതായാലും ആദ്യത്തെ ചര്‍ച്ചയില്‍ തന്നെ മുസ്ലിങ്ങള്‍ നിര്‍ത്തിവെച്ചിരുന്ന മത്സ്യബന്ധനം പുനരാരംഭിക്കുന്നത് സംബന്ധിച്ച പൊലീസ് തീരുമാനം ഞാന്‍ എല്ലാപേരെയും ഓര്‍മ്മിപ്പിച്ചു. ക്രിസ്ത്യന്‍ വിഭാഗത്തിന്റെ കീഴില്‍ വരുന്ന മത്സ്യത്തൊഴിലാളികള്‍ സമാധാനലംഘനത്തിനു മുതിരരുത് എന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ടെന്ന്  പള്ളിവികാരി അറിയിച്ചു. കടലില്‍ അക്രമം ആരെങ്കിലും നടത്തിയാല്‍ അവര്‍ക്ക് വലിയ വില നല്‍കേണ്ടിവരും എന്നുമാത്രം ഞാന്‍  പറഞ്ഞു. പല കാര്യങ്ങളും ഉയര്‍ന്നുവന്നതില്‍ ഒരു പ്രധാന വിഷയം കുട്ടികളുടെ വിദ്യാഭ്യാസം സംബന്ധിച്ചാണ്. കലാപത്തിനുശേഷം ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളുകളില്‍നിന്നും മുസ്ലിം കുട്ടികളെ പിന്‍വലിച്ചിരുന്നു. അവരെ തിരിച്ചയയ്ക്കാന്‍ നടപടി സ്വീകരിക്കണം എന്ന് പള്ളിവികാരി അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ തണുപ്പന്‍ സമീപനമാണ് അവിടുത്തെ ജമാഅത്തിന്റെ പ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടായത്. കുട്ടികളെ തങ്ങള്‍ക്കിഷ്ടമുള്ള സ്‌കൂളുകളില്‍ ചേര്‍ത്ത് പഠിപ്പിക്കുവാനുള്ള അവകാശം രക്ഷാകര്‍ത്താക്കള്‍ക്കുണ്ട്. എന്നാല്‍, ഒരു കലാപത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ പെട്ടെന്നു പിന്‍വലിച്ച നടപടി പുനഃപരിശോധിക്കണം; അല്ലെങ്കില്‍ വര്‍ഗ്ഗീയ ചിന്ത കുട്ടികളിലേയ്ക്കും പടരും. എല്ലാ മേഖലകളിലും എല്ലാപേരും സഹകരിക്കുകയാണ് വേണ്ടത്. ഒരു മതവിഭാഗം നടത്തുന്ന സ്ഥാപനത്തില്‍ ആ മതവിഭാഗം മാത്രം പങ്കെടുക്കുക എന്ന അവസ്ഥയുടെ അപകടത്തെക്കുറിച്ച് ഞാന്‍ വ്യക്തമായി സൂചിപ്പിച്ചു. അന്നത്തെ ചര്‍ച്ച അങ്ങനെ അവസാനിച്ചു. ഏതായാലും മുസ്ലിം വിഭാഗത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളും മത്സ്യബന്ധനത്തിനു പോയിത്തുടങ്ങി. പലരും ഭയന്നതുപോലെ കടലില്‍ ഒരക്രമവും ഉണ്ടായില്ല.

വര്‍ഗീയതയോട് സന്ധി ചെയ്യുന്നവര്‍ 

ഇങ്ങനെ രണ്ടാഴ്ച മുന്നോട്ടു പോയപ്പോള്‍ ഒരു ദിവസം പതിവുപോലെ മുന്‍ നിശ്ചയിച്ച പ്രകാരം ചര്‍ച്ചകള്‍ക്കായി ഞാന്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെത്തി. ക്രിസ്ത്യന്‍ പള്ളിവികാരിയും മറ്റ് പ്രതിനിധികളും അവിടെ എത്തിയിരുന്നു. എന്നാല്‍ മുസ്ലിം ജമാഅത്തിന്റെ പ്രതിനിധികളാരും അന്ന് ചര്‍ച്ചയ്ക്കു വന്നില്ല. എന്നുമാത്രമല്ല, അവരില്‍നിന്ന് അക്കാര്യത്തിന് അറിയിപ്പൊന്നും ലഭിച്ചിരുന്നുമില്ല. അവരുടെ മുഖ്യപ്രശ്‌നം മത്സ്യബന്ധനത്തിനു പോകുക എന്നതായിരുന്നുവെന്നും അത് നേടിക്കഴിഞ്ഞതുകൊണ്ടാണ് അവര്‍ വരാത്തതെന്നും ക്രിസ്ത്യന്‍ പള്ളിവികാരി പറഞ്ഞു. കൂട്ടത്തില്‍ അവരുടെ മീറ്റിങ്ങ് ബഹിഷ്‌കരണം മൂലം എനിക്കുണ്ടായ ബുദ്ധിമുട്ടില്‍ എന്നോട് സഹതപിക്കുകയും ചെയ്തു. ഇനി മുതല്‍ ഒരു വിഷയത്തിലും വിഴിഞ്ഞത്ത് മീറ്റിങ്ങ് ഉണ്ടാകില്ലെന്ന് പറഞ്ഞ് ഞാന്‍ ഓഫീസിലേയ്ക്ക് മടങ്ങി. ഞാന്‍ ഓഫീസില്‍ എത്തിയ ഉടന്‍ വിഴിഞ്ഞം എസ്.ഐ രാമചന്ദ്രന്‍ ഫോണില്‍ വിളിച്ചു. വിഴിഞ്ഞത്ത് ക്രിമിനല്‍ കേസുകളില്‍ പ്രതികളായ നാലഞ്ചുപേരെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. അവര്‍ ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ടവരെ ആക്രമിച്ച കേസിലെ പ്രതികളായിരുന്നു. സമയോചിതമായ നടപടി സ്വീകരിച്ചതില്‍ ഞാന്‍ എസ്.ഐയെ അഭിനന്ദിച്ചു. അറസ്റ്റ് ചെയ്തവരെ അടുത്തദിവസം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യാന്‍  പറഞ്ഞു. അധികം കഴിയുന്നതിനു മുന്‍പേ നേരത്തെ മീറ്റിങ്ങ് ബഹിഷ്‌കരിച്ച ഭാരവാഹി എന്നെ ഫോണില്‍ വിളിച്ചു: ''സാര്‍ ഞങ്ങളുടെ നാലഞ്ച് പിള്ളേരെ വിഴിഞ്ഞം എസ്.ഐ രാമചന്ദ്രന്‍ പിടിച്ചോണ്ട് പോയി. അവരെ വിടാന്‍ പറയണം സാര്‍.'' ''എസ്.ഐ അറസ്റ്റ് ചെയ്തത് ക്രിമിനല്‍ കേസിലെ പ്രതികളെയാണ്. കുറ്റക്കാരെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കും. അവിടെ ഞങ്ങളുടെ പിള്ളേരും നിങ്ങളുടെ പിള്ളേരും ഒന്നുമില്ല'' എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഇത്രയുമായപ്പോള്‍ അവര്‍ സ്ഥലത്തില്ലാതിരുന്നതുകൊണ്ടാണ് മീറ്റിങ്ങിനു വരാത്തതെന്നും മനപ്പൂര്‍വ്വമല്ലെന്നും പറഞ്ഞു. കൂട്ടത്തില്‍ അടുത്ത മീറ്റിങ്ങിനു വരാമെന്നും പറഞ്ഞു. മീറ്റിങ്ങെല്ലാം അവസാനിച്ചുവെന്നും അതുകൊണ്ട് ഇനി നിങ്ങളൊന്നും മീറ്റിങ്ങിനു വരാന്‍ ബുദ്ധിമുട്ടേണ്ടെന്നും ഞാന്‍ പറഞ്ഞു. അയാള്‍ പിന്നെയും അറസ്റ്റ് ചെയ്തവരെ വിട്ടയയ്ക്കുന്നതിന് അപേക്ഷിച്ചു. ഞാന്‍ നിയമത്തിന്റെ വഴിയില്‍ ഉറച്ചുനിന്നു. അറസ്റ്റിലായവരെ വിടീക്കാന്‍ അവര്‍ ഒരുപാട് ഓടി. എനിക്ക് കുറെ ഫോണ്‍വിളികളൊക്കെ പലേടത്തുനിന്നും വന്നു. പക്ഷേ, നിയമം നിയമത്തിന്റെ വഴിക്കു  പോയി;  അറസ്റ്റിലായവര്‍ ജയിലിലേയ്ക്കും. വിഴിഞ്ഞത്ത് സമാധാനം നിലനിര്‍ത്തുന്നതില്‍ ആ അറസ്റ്റ് നിര്‍ണ്ണായകമായി. എനിക്കും അനാവശ്യമെന്നു തോന്നിയ കുറെ പതിവ് യോഗങ്ങള്‍ അവസാനിപ്പിക്കാനായി. തുടര്‍ന്ന് എല്ലാ വിഭാഗങ്ങളിലും പെട്ട പ്രതികളെ ക്രമേണ അറസ്റ്റ് ചെയ്തു. ഇപ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ എസ്.ഐ രാമചന്ദ്രന്‍ മികവ് പ്രകടിപ്പിച്ചു. അക്രമസംഭവങ്ങള്‍ക്കു ശേഷം നിയമത്തിന്റെ കരുത്ത് സങ്കുചിത ശക്തികള്‍ക്കും മുകളിലാണ് എന്ന സന്ദേശം നല്‍കാന്‍ അത് അത്യന്താപേക്ഷിതമായിരുന്നു.  

ജേക്കബ് പുന്നൂസ്
ജേക്കബ് പുന്നൂസ്

ഏതാനും ദിവസം കഴിഞ്ഞ് മീറ്റിങ്ങ്  ബഹിഷ്‌കരിച്ച  ജമാഅത്ത് ഭാരവാഹി ഓഫീസില്‍ വന്ന് എന്നെ കണ്ടു. മീറ്റിങ്ങിനു വരാതിരുന്നതിനു വീണ്ടും ക്ഷമ പറഞ്ഞു. ഞാന്‍ സൗഹാര്‍ദ്ദമായിട്ടാണ് ഇടപെട്ടത്. കൂട്ടത്തില്‍ അദ്ദേഹം മറ്റൊരു കാര്യം കൂടി പറഞ്ഞു. മീറ്റിങ്ങില്‍ നിന്നു വിട്ടുനില്‍ക്കാന്‍ അയാളെ ഉപദേശിച്ചത് അവിടുത്തെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയിരുന്നുവെന്ന്. കാരണം, സ്‌കൂളുകളില്‍നിന്നും വര്‍ഗ്ഗീയ അടിസ്ഥാനത്തില്‍ പിന്‍വലിച്ച കുട്ടികളെ തിരികെ അയക്കുന്ന കാര്യത്തില്‍ ഞാന്‍ സമ്മര്‍ദ്ദം ചെലുത്തുമത്രേ. ആ ഉദ്യോഗസ്ഥന്റെ സത്യസന്ധതയില്‍ എനിക്ക് നേരത്തേ  സംശയമുണ്ടായിരുന്നു. തൊഴില്‍പരമായി സത്യസന്ധതയില്ലാത്ത പൊലീസുദ്യോഗസ്ഥന്‍ വര്‍ഗ്ഗീയതയോട് സന്ധിചെയ്യും. അഴിമതി വര്‍ഗ്ഗീയതയേയും വര്‍ഗ്ഗീയത അഴിമതിയേയും പ്രോത്സാഹിപ്പിക്കും. അത്തരം ഉദ്യോഗസ്ഥരും മതസൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും സംഘര്‍ഷം ഒഴിവാക്കുന്നതിനും ഭീഷണി തന്നെയാണ്. ആ ഉദ്യോഗസ്ഥനെ അവിടെനിന്നു നീക്കാന്‍ ഡി.ജി.പിക്ക് ഞാന്‍ എഴുതി. പിന്നീട് വന്ന സുരേഷ്ബാബു സത്യസന്ധനും പ്രാപ്തനുമായിരുന്നു. തീരപ്രദേശത്ത് ജനങ്ങള്‍ക്ക് എന്തു ബുദ്ധിമുട്ടുണ്ടായാലും അവിടെ നേരിട്ടിടപെടാന്‍ ഒരു മടിയും അദ്ദേഹത്തിനില്ലായിരുന്നു. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടറും വിഴിഞ്ഞം സര്‍ക്കിള്‍ ഇന്‍സ്പെക്ടറും പ്രാപ്തരും അതിലുപരി സ്ഥാപിത താല്പര്യക്കാരുടെ സ്വാധീനത്തിനു വഴങ്ങാത്തവരും ആയതോടെ പിന്നെ വിഴിഞ്ഞം വലിയ തലവേദന ആയില്ല. അവരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ട ജോലിയേ എനിക്കുണ്ടായുള്ളൂ. 'നോ മാന്‍സ് ലാന്റി'നോട്  ചേര്‍ന്ന് പുതിയൊരു വഴി വേണം എന്നൊരാവശ്യം ഒരു ഭാഗത്തുനിന്നുമുണ്ടായി. അത് അനുവദിക്കുന്നത് അവിടുത്തെ സമാധാനത്തിനു ഗുണകരമല്ല എന്നായിരുന്നു വിഴിഞ്ഞത്തുനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ  വിലയിരുത്തല്‍. അത് ശരിയാണെന്നു തന്നെയാണ് എനിക്കും ബോധ്യപ്പെട്ടത്. ബന്ധപ്പെട്ട കക്ഷികള്‍ എന്നെ കണ്ടുവെങ്കിലും, അതനുവദിക്കുന്നതിന്റെ ദോഷഫലം അവരെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. വീണ്ടും അക്കാര്യത്തില്‍ കുറേ ഏറെ സമ്മര്‍ദ്ദം ഉണ്ടായി; പല തലങ്ങളില്‍നിന്നും. എങ്കിലും ആ ആവശ്യത്തിനു വഴങ്ങിയില്ല. വര്‍ഗ്ഗീയ സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ വസ്തുതകളുടെ വെളിച്ചത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കുന്നതിനു പകരം പൊലീസ് സംവിധാനത്തെ സമ്മര്‍ദ്ദത്തിലാക്കി തീരുമാനങ്ങള്‍ എടുപ്പിക്കാം എന്ന ധാരണ വന്നാല്‍ അത് അധികം വൈകാതെ സമാധാനലംഘനത്തിലേക്കും ഗുരുതരമായ പ്രശ്നങ്ങളിലേക്കും നയിക്കും. സാമുദായിക ശക്തികള്‍ നേരിട്ടോ രാഷ്ട്രീയപ്പാര്‍ട്ടികളിലൂടെയോ  സമ്മര്‍ദ്ദത്തിനു ശ്രമിക്കുകയും പൊലീസിന്റെ പല തലങ്ങളിലും അത് പ്രതിഫലിക്കുകയും ചെയ്യുമ്പോഴാണ് വര്‍ഗ്ഗീയസാഹചര്യം വഷളാകുന്നത്. അതിനെ ചെറുക്കാനുള്ള മൂല്യബോധവും  തൊഴില്‍പരമായ ദാര്‍ഢ്യവും  പൊലീസ്  ഉദ്യോഗസ്ഥര്‍ പ്രകടമാക്കിയാല്‍ ഒരു വര്‍ഗ്ഗീയ സംഘര്‍ഷവും പരിധിവിടില്ല എന്നാണ് അനുഭവം. അത്തരം ഒരു സംസ്‌കാരം പൊലീസില്‍ വളര്‍ത്തുന്നതിനുള്ള ജാഗ്രത  ഒരു സംസ്ഥാനത്തെ രാഷ്ട്രീയ അധികാര വ്യവസ്ഥയ്ക്കുണ്ട്. 

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com