പൊലീസിന്റെ ശീലങ്ങള്‍

ആ വക്കീലിന്റെ കര്‍മ്മകുശലതയോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പൊലീസ് അതിക്രമങ്ങളെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു സമര്‍ത്ഥിക്കുകയാണ് മുഖ്യമന്ത്രി 
ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത്
ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത്

ത്ഭുതങ്ങള്‍ സംഭവിക്കാമെന്ന് എതിര്‍കക്ഷിയുടെ സാക്ഷിയെക്കൊണ്ട് പറയിക്കാന്‍ ശ്രമിച്ച ഒരു വക്കീലിനെക്കുറിച്ചു കേട്ടിട്ടുണ്ട്. നിങ്ങള്‍ കെട്ടിടത്തിന്റെ ഏഴാംനിലയില്‍നിന്നു വീണിട്ട് പരിക്കുകൂടാതെ രക്ഷപ്പെട്ടാല്‍ അത്ഭുതം എന്നു പറയില്ലേ? -വക്കീല്‍ ചോദിച്ചു. ഇല്ല, അതൊരു ഒറ്റപ്പെട്ട സംഭവം ആണെന്നു സാക്ഷി. നിങ്ങള്‍ വീണ്ടും വീഴുകയും വീണ്ടും രക്ഷപ്പെടുകയും ചെയ്താലോ? -വക്കീല്‍ ചോദിച്ചു. അതു യാദൃച്ഛികത എന്നു സാക്ഷി. നിങ്ങള്‍ മൂന്നാമതും വീഴുകയും രക്ഷപ്പെടുകയും ചെയ്താലോ? -വക്കീല്‍ ചോദിച്ചു. വീഴലും രക്ഷപ്പെടലും ശീലമായെന്നര്‍ത്ഥം, സാക്ഷി പറഞ്ഞു. 

ആ വക്കീലിന്റെ കര്‍മ്മകുശലതയോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പൊലീസ് അതിക്രമങ്ങളെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്നു സമര്‍ത്ഥിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും. എന്നാല്‍, ദിവസവും രണ്ടും മൂന്നും പൊലീസ് അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അതിക്രമം പൊലീസിന്റെ ശീലമായിരിക്കുന്നു എന്നാണര്‍ത്ഥമാക്കേണ്ടത്.

പൊലീസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ് പിണറായി വിജയന്‍. പാര്‍ട്ടി സെക്രട്ടറിയായിരിക്കെ, തന്റെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദന് പൊലീസിന്റെ ചുമതലയില്ലെന്ന് അദ്ദേഹം ഉറപ്പുവരുത്തിയിരുന്നു. മുഖ്യമന്ത്രിയായപ്പോള്‍ ആഭ്യന്തര വകുപ്പ് കയ്യില്‍ത്തന്നെ വെച്ചു. പൊലീസ് കാര്യങ്ങളില്‍ ഉപദേശിക്കാന്‍ ഒരു റിട്ടയേഡ് ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയമിച്ചു. മൂന്നാംനാള്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ പുറത്താക്കി അദ്ദേഹത്തിനു വിശ്വാസമുള്ള ലോകനാഥ് ബെഹ്റയെ ആ സ്ഥാനത്ത് ഇരുത്തി.

മുഖ്യമന്ത്രി പിണറായി വിജയന്‍, മനോജ് എബ്രഹാം, ലോക്‌നാഥ് ബെഹ്‌റ
മുഖ്യമന്ത്രി പിണറായി വിജയന്‍, മനോജ് എബ്രഹാം, ലോക്‌നാഥ് ബെഹ്‌റ

സെന്‍കുമാര്‍ ആ നടപടിക്കെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണലും ഹൈക്കോടതിയും കടന്നു വിഷയം സുപ്രീംകോടതിയിലെത്തി. ഡി.ജി.പിയായി നിയമിക്കപ്പെടുന്നയാള്‍ക്ക് കുറഞ്ഞത് രണ്ടുവര്‍ഷത്തെ കാലാവധി ഉറപ്പാക്കണമെന്ന് രണ്ട് മുന്‍ ഡി.ജി.പിമാര്‍ ഫയല്‍ ചെയ്ത പൊതുതാല്പര്യ ഹര്‍ജിയില്‍ 2006-ല്‍ ഉത്തരവിട്ട കോടതിയാണത്.

സെന്‍കുമാറിനെ നീക്കിയതിന് സര്‍ക്കാര്‍ പല കാരണങ്ങളും നിരത്തി. ഡി.ജി.പി തസ്തിക വളരെ പ്രധാനപ്പെട്ടതാണ്; മുഖ്യമന്ത്രിക്ക് വിശ്വാസമില്ലാത്ത ഒരാളെ അവിടെ ഇരുത്താനാകില്ല; പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിമരുന്ന് ദുരന്തവും ഒരു യുവതിയുടെ മരണവും സംബന്ധിച്ച കേസുകള്‍ സെന്‍കുമാര്‍ ശരിയായ രീതിയിലല്ല കൈകാര്യം ചെയ്തതെന്നുമൊക്കെ സര്‍ക്കാര്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ട് അദ്ദേഹത്തെ ഡി.ജി.പിയായി പുനഃസ്ഥാപിക്കാന്‍ കോടതി ഉത്തരവിട്ടു. വിധിയില്‍ അവ്യക്തതയുണ്ടെന്നും വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കോടതിയിലെത്തി. കോടതി ഹര്‍ജി ചെലവ് സഹിതം തള്ളി. തുടര്‍ന്ന് ഗത്യന്തരമില്ലാതെ സെന്‍കുമാറിനെ വീണ്ടും ഡി.ജി.പിയായി നിയമിച്ചുകൊണ്ട് മുഖ്യമന്ത്രി ഉത്തരവിറക്കി. ആദ്യ പിണറായി സര്‍ക്കാര്‍ അഞ്ചു കൊല്ലക്കാലത്ത് കോടതികളില്‍ നേരിട്ട നിരവധി തിരിച്ചടികളില്‍ ഏറ്റവും നാണക്കേടുണ്ടാക്കിയത് ഇതാണ്. തിരിച്ചുവന്ന സെന്‍കുമാര്‍ വിരമിക്കേണ്ട സമയം അടുത്തിരുന്നതിനാല്‍ നഷ്ടപ്പെട്ട കസേര തിരിച്ചു കിട്ടാന്‍ ബെഹ്റയ്ക്ക് ഏറെ കാത്തിരിക്കേണ്ടിവന്നില്ല.

ഇടതു മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ വ്യാജ ഏറ്റുമുട്ടലെന്നു വിശേഷിപ്പിച്ച മാവോയിസ്റ്റ് വേട്ട, വിദ്യാര്‍ത്ഥികളായ അലന്‍, താഹ തുടങ്ങി ചിലര്‍ക്കെതിരായ യു.എ.പി.എ കേസുകള്‍ എന്നിങ്ങനെ ഏതാനും നാഴികക്കല്ലുകള്‍ സ്ഥാപിച്ചിട്ടാണ് ബെഹ്‌റ പടിയിറങ്ങിയത്. പോകുന്ന പോക്കില്‍ മുഖ്യമന്ത്രിക്ക് അദ്ദേഹം ഒരുപദേശവും നല്‍കി: മഹാരാഷ്ട്ര മാതൃകയില്‍ ഒരു ഗുണ്ടാനിയമം ഉണ്ടാക്കണം. മുഖ്യമന്ത്രി അദ്ദേഹത്തിനായി പൊലീസിനു പുറത്ത് ഒരു തസ്തിക കരുതിവെച്ചിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ ഗുണ്ടാനിയമം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിലാണെന്നറിയുന്നു. മഹാരാഷ്ട്രയില്‍ ഗുണ്ടാനിയമമുണ്ടാക്കുന്ന കാലത്തുണ്ടായിരുന്ന തരത്തിലുള്ള സംഘടിത ഗുണ്ടാപ്രവര്‍ത്തനം കേരളത്തില്‍ ഉണ്ടെന്നു തോന്നുന്നില്ല. ഇച്ഛാശക്തിയുള്ള സര്‍ക്കാരിനു സാധാരണനിയമം ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന ഗുണ്ടകളേ ഇവിടെയുള്ളൂ. പക്ഷേ, പൊലീസിനും അതിനെ ഭരിക്കുന്നവര്‍ക്കും ഊര്‍ജ്ജം പകരാന്‍ കടുത്ത, കറുത്ത നിയമങ്ങള്‍ വേണം.

ബെഹ്റയുടെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാനായി, സുപ്രീംകോടതിയുടെ 2006-ലെ വിധിപ്രകാരം, ഏറ്റവും സീനിയറായ മൂന്ന് ഐ.പി.എസ് ഉദ്യോഗസ്ഥന്മാരുടെ പട്ടിക തയ്യാറാക്കപ്പെട്ടു. അതില്‍ മൂന്നാമത്തെ പേര് ടോമിന്‍ ജെ. തച്ചങ്കരിയുടേതായിരുന്നു. കൈരളി ചാനല്‍ തുടങ്ങാനായി പിണറായി സംഘടിപ്പിച്ച ഉദ്യോഗസ്ഥ വൃന്ദത്തിലെ ഒരു പ്രമുഖ അംഗമായി അറിയപ്പെട്ടിരുന്നയാളാണ് അദ്ദേഹം. അച്യുതാനന്ദന്‍ മന്ത്രിസഭയുടെ കാലത്ത് ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ റെയ്ഡിനെത്തുകയുണ്ടായി. ഒരു ടെലിഫോണ്‍ കാളിനെ തുടര്‍ന്ന് അദ്ദേഹത്തിനു പെട്ടെന്നു സ്ഥലം വിടേണ്ടിവന്നു. 

ഐ.പി.എസ് കേന്ദ്ര സര്‍വ്വീസാകയാല്‍ ഡി.ജി.പി സാധ്യതാപട്ടിക അംഗീകാരത്തിനായി ഡല്‍ഹിക്കയച്ചു. അത് തച്ചങ്കരിയുടെ പേരില്ലാതെ മടങ്ങിവന്നു. ഏതോ ആരോപണത്തിന്റേയോ അന്വേഷണത്തിന്റേയോ പേരില്‍ അയോഗ്യത കല്പിച്ച് കേന്ദ്രം അദ്ദേഹത്തെ ഒഴിവാക്കിയെന്നാണ് മനസ്സിലാക്കുന്നത്. തുടര്‍ന്നു പട്ടികയില്‍ മൂന്നാംപേരുകാരനായി വന്ന അനില്‍ കാന്തിനെ മുഖ്യമന്ത്രി ഡി.ജി.പിയായി തിരഞ്ഞെടുത്തു.

എല്ലാക്കാലത്തും എല്ലാ സംസ്ഥാനങ്ങളിലും പൊലീസിനെതിരെ പരാതികളുണ്ടായിട്ടുണ്ട്. ഒരു മനുഷ്യാവകാശ സംഘടന തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചര്‍ച്ചയില്‍ പൊലീസിനെതിരെ പരാതികള്‍ ഉയര്‍ന്നപ്പോള്‍ സംസ്ഥാന പൊലീസിന്റെ പ്രവര്‍ത്തനം വിലയിരുത്തി തയ്യാറാക്കുന്ന പട്ടികകളില്‍ കേരളം തുടര്‍ച്ചയായി ഒന്നാംസ്ഥാനത്താണെന്ന് ഒരു യുവ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അഭിമാനത്തോടെ ചൂണ്ടിക്കാട്ടി. ദേശീയതലത്തില്‍ പ്രവര്‍ത്തിച്ചശേഷം വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തോട് പറഞ്ഞു: ''കേരളം യു.പിക്കും ബീഹാറിനും മുകളിലാണെന്നേ അതിനര്‍ത്ഥമുള്ളൂ.'' 

അടുത്തകാലത്ത് കേരളം ഉള്‍പ്പെടെ പലയിടങ്ങളിലും പൊലീസില്‍ രാഷ്ട്രീയ സ്വാധീനം പടര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ കേള്‍ക്കുന്ന പരാതികളെ സൂക്ഷ്മതയോടെ പരിശോധിക്കേണ്ടതുണ്ട്. ഭരണകൂടതാല്പര്യ സംരക്ഷണത്തിനപ്പുറം പൊലീസ് ഭരണകക്ഷി താല്പര്യ സംരക്ഷകരായാല്‍ നഷ്ടം സംഭവിക്കുന്നത് വ്യക്തികള്‍ക്കു മാത്രമല്ല, സമൂഹത്തിനാകെയും ജനാധിപത്യ വ്യവസ്ഥയ്ക്കുമാണ്. 

സി.പി.എം അംഗത്വമുള്ളവര്‍ പൊലീസിലുണ്ടെന്നു പുറത്തുവന്നത് ഒരു പാര്‍ട്ടി സമ്മേളന കാലത്താണ്. തന്റെ പ്രദേശത്തെ രണ്ട് പൊലീസുകാര്‍ക്ക് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുണ്ടെന്നും അവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നും ഒരു നേതാവ് അവരുടെ മേലുദ്യോഗസ്ഥന് ഔപചാരികമായി എഴുതി. ഇതു സംബന്ധിച്ച വാര്‍ത്ത പാര്‍ട്ടിയോ പൊലീസോ നിഷേധിച്ചില്ല. ആ പൊലീസുകാര്‍ വോട്ടു ചെയ്‌തോ ഇല്ലയോ എന്ന് ഒരു മാധ്യമവും റിപ്പോര്‍ട്ട് ചെയ്തില്ല. പിന്നീട് ഏതാനും പൊലീസുകാര്‍ ഒരു പാര്‍ട്ടി ആപ്പീസില്‍ യോഗം ചേര്‍ന്നതായി വാര്‍ത്ത വന്നു. ഇതിനെ അവിടത്തെ പാര്‍ട്ടിഘടകത്തില്‍ ഒരു പൊലീസ് ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നതിന്റെ സൂചനയായി കാണാവുന്നതാണ്. മറ്റൊരിടത്ത് ഏതാനും പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടമായി ചുവന്ന വസ്ത്രങ്ങള്‍ ധരിച്ചു രാഷ്ട്രീയാഭിമുഖ്യം വിളംബരം ചെയ്തത്രേ.

ഇരുമുന്നണിക്കാലത്തെ പൊലീസ് റിക്രൂട്ട്മെന്റ് കണക്കുകള്‍ പരിശോധിച്ചാല്‍ യു.ഡി.എഫ് കാലത്ത് നടന്നതിന്റെ ഇരട്ടിയിലധികം നിയമനങ്ങള്‍ എല്‍.ഡി.എഫ് കാലത്ത് നടന്നതായി കാണാം. സത്യസന്ധവും നീതിപൂര്‍വ്വകവുമായ രീതിയിലാണ് അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതെങ്കില്‍ ഏതു മുന്നണി ഭരിക്കുമ്പോഴാണ് നിയമനം നടന്നതെന്ന ചോദ്യത്തിനു പ്രസക്തിയില്ല. പക്ഷേ, അങ്ങനെയല്ല കാര്യങ്ങള്‍ നടക്കുന്നത്.

ഒരു ക്യാമ്പസ് അക്രമസംഭവം സംബന്ധിച്ച് അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് യുവ ഇടതു പ്രവര്‍ത്തകരില്‍ ഒരാള്‍ പി.എസ്.സി പൊലീസിലേക്ക് തെരഞ്ഞെടുത്തവരുടെ ലിസ്റ്റില്‍ ഒന്നാം റാങ്കുകാരനും മറ്റെയാള്‍ മൂന്നാം റാങ്കുകാരനുമായിരുന്നു. എഴുത്ത് പരീക്ഷയില്‍ മികവ് കാട്ടാതിരുന്ന അവര്‍ ഇന്റര്‍വ്യൂവില്‍ വലിയ മികവ് കാട്ടിയാണ് പട്ടികയുടെ തലപ്പത്തെത്തിയത്. ഒരാളുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വസ്തുക്കളില്‍ പി.എസ്.സി നടത്തുന്ന മത്സരപ്പരീക്ഷയില്‍ ഉത്തരമെഴുതാനുള്ള കടലാസുകളും ഉണ്ടായിരുന്നു. 

കേരളപ്പിറവി ആഘോഷച്ചടങ്ങില്‍ പൊലീസ് സേനയിലെ ഡോഗ് സ്‌ക്വാഡിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചപ്പോള്‍. ഇതാദ്യമായിട്ടാണ് സേനയിലെ ശ്വാനന്‍മാരെ ആദരിക്കുന്നത്
കേരളപ്പിറവി ആഘോഷച്ചടങ്ങില്‍ പൊലീസ് സേനയിലെ ഡോഗ് സ്‌ക്വാഡിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരിച്ചപ്പോള്‍. ഇതാദ്യമായിട്ടാണ് സേനയിലെ ശ്വാനന്‍മാരെ ആദരിക്കുന്നത്

ഇതെല്ലാം കൂടി കണക്കിലെടുത്തുകൊണ്ടാണ് ഇന്നത്തെ പൊലീസിന്റെ ശീലങ്ങള്‍ വിലയിരുത്തേണ്ടത്. പഴയകാല പൊലീസ് ശീലങ്ങളില്‍നിന്നു വ്യത്യസ്തമായി വൃദ്ധജനങ്ങളും കുട്ടികളും സ്ത്രീകളും ഇപ്പോള്‍ ആക്രമിക്കപ്പെടുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു ആദിവാസി ഊരില്‍ കയറിയ പൊലീസുകാര്‍ മൂപ്പനെ മര്‍ദ്ദിച്ചു. ഒരു പൊലീസുകാരി അച്ഛനമ്മമാര്‍ പുറത്തു നില്‍ക്കുമ്പോള്‍ ഒരു കൊച്ചുകുട്ടി തനിച്ചിരിക്കുന്ന കാര്‍ പൂട്ടി താക്കോലുമായി പോയി. ഇവ ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കില്‍ത്തന്നെയും അതിനുത്തരവാദികളായവര്‍ ജനസൗഹൃദമെന്ന് അവകാശപ്പെടുന്ന പൊലീസിന്റെ ഭാഗമാകാന്‍ യോഗ്യരല്ല. കുറ്റവാളികളായ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ ഫലപ്രദമായ സംവിധാനമില്ലെന്നത് സേനയില്‍ അച്ചടക്കമില്ലായ്മ വളര്‍ത്തുന്ന ഒരു ഘടകമാണ്.

സുപ്രീംകോടതിയുടെ 2006-ലെ വിധിയില്‍ പൊലീസിനെതിരായ പരാതികള്‍ പരിശോധിച്ച് തീര്‍പ്പ് കല്പിക്കാന്‍ ഓരോ സംസ്ഥാനത്തും ഓരോ ജില്ലയിലും പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഏതാണ്ട് പത്ത് കൊല്ലമെടുത്ത് കേരളം ഒരു റിട്ടയേഡ് ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായി സംസ്ഥാന കംപ്ലെയ്ന്റ്‌സ് അതോറിറ്റി രൂപീകരിച്ചു. ജസ്റ്റിസ് വി.കെ. മോഹനനാണ് കേരള പൊലീസ് കംപ്ലെയ്ന്റ്‌സ് അതോറിറ്റിയുടെ അദ്ധ്യക്ഷന്‍ എന്നൊരു സര്‍ക്കാര്‍ വെബ്സൈറ്റ് പറയുന്നു. പക്ഷേ, ഒരു പരാതി കിട്ടിയാല്‍ അന്വേഷിക്കാന്‍ അതോറിറ്റിയില്‍ ഒരു അന്വേഷണ വിഭാഗമില്ല. ''ചീഫ് ഇന്‍വെസ്റ്റിഗേറ്റീവ് ഓഫീസറെ ആവശ്യമുണ്ട്'' എന്നു കാണിച്ച് 2015-ല്‍ ഒരറിയിപ്പ് പുറപ്പെടുവിക്കപ്പെട്ടു. അതിനുശേഷമാണ് ആദ്യ പിണറായി സര്‍ക്കാരും ബെഹ്റയും ഉപദേഷ്ടാവുമൊക്കെ എത്തിയത്. ആ അറിയിപ്പ് രണ്ടുതവണ ആവര്‍ത്തിക്കപ്പെട്ടു. അതിനപ്പുറം ഒന്നും ഇതുവരെ നടന്നിട്ടില്ല. ജില്ലാ അതോറിറ്റികള്‍ രൂപീകരിച്ചതായും വിവരമില്ല.

എല്ലാറ്റിനേയും ഒറ്റപ്പെട്ട സംഭവങ്ങളെന്നു പറഞ്ഞുതള്ളാതെ പരാതികള്‍ അന്വേഷിക്കാനുള്ള നിയമപരവും ധാര്‍മ്മികവുമായ ബാധ്യത മുഖ്യമന്ത്രി നിറവേറ്റണം. ആദ്യപടിയായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സുപ്രീംകോടതി നിര്‍ദ്ദേശിച്ച തരത്തിലുള്ള പരാതി പരിഹാര സംവിധാനങ്ങള്‍ നിലവില്‍ വരട്ടെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com