'ഏതാണ്ടെല്ലാ ദിവസവും എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണ് മുന്നോട്ടുപോയത്'

സെക്രട്ടേറിയേറ്റ് ഭരണസിരാകേന്ദ്രമാണെങ്കില്‍ അതിന്റെ പരിസരം കേരളത്തിലെ സമരങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും കേന്ദ്രസ്ഥാനമാണ്
മുഖ്യമന്ത്രി എകെ ആന്റണിയുടെ കാർ തടഞ്ഞ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് നീക്കുന്നു
മുഖ്യമന്ത്രി എകെ ആന്റണിയുടെ കാർ തടഞ്ഞ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് നീക്കുന്നു

സെക്രട്ടേറിയേറ്റ് ഭരണസിരാകേന്ദ്രമാണെങ്കില്‍ അതിന്റെ പരിസരം കേരളത്തിലെ സമരങ്ങളുടേയും പ്രക്ഷോഭങ്ങളുടേയും കേന്ദ്രസ്ഥാനമാണ്. ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ പ്രക്ഷോഭങ്ങള്‍ക്ക് അവിടം സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഒപ്പം ധാരാളം അക്രമങ്ങള്‍ക്കും പൊലീസ് ബലപ്രയോഗത്തിനും ഇടയാക്കിയ സമരങ്ങളും ഉണ്ടായിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ വിവിധ റാങ്കുകളില്‍ ഇത്തരം ധാരാളം സമരങ്ങളില്‍ പൊലീസ് സംവിധാനത്തെ അക്ഷരാര്‍ത്ഥത്തില്‍ മുന്നില്‍നിന്നു നയിക്കാന്‍ എനിക്കിടവന്നിട്ടുണ്ട്. അതില്‍ പലതും വലിയ അഗ്‌നിപരീക്ഷകളായിരുന്നു. അക്കൂട്ടത്തില്‍, 1995 നവംബര്‍ മാസം അരങ്ങേറിയ വിദ്യാര്‍ത്ഥി യുവജനസമരം എങ്ങനെ മറക്കാനാണ്?

അതിന്റെ തുടക്കം സമാധാനപരമായിരുന്നു. സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാപ്രതിനിധികളുടെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം. പ്രധാന ഗേറ്റില്‍നിന്നും ഒരല്പം തെക്കോട്ട് മാറി നീളത്തിലുള്ള സമരപ്പന്തല്‍. മുന്നില്‍ വലിയ ബാനര്‍. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിലെ ഫീസിന്റെ പ്രശ്‌നങ്ങള്‍, വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവല്‍ക്കരണം ഇങ്ങനെ എന്തൊക്കെയോ ആയിരുന്നു സമരകാരണങ്ങള്‍. എല്ലാ നിരാഹാര സമരങ്ങളും അനിശ്ചിതകാലത്തേയ്‌ക്കോ, മരണംവരെയോ എന്നൊക്കെ പറഞ്ഞാണല്ലോ തുടങ്ങുക. ഇവിടെയും അനിശ്ചിതകാലം എന്നുതന്നെയായിരുന്നു സമരപ്പന്തലിനു മുന്നിലെ വലിയ ബാനറില്‍ രേഖപ്പെടുത്തിയിരുന്നത്. മറ്റു സമരമാര്‍ഗ്ഗങ്ങളില്‍നിന്നും വ്യത്യസ്തമായി നിരാഹാര സമരം എങ്ങനെയെങ്കിലും വേഗത്തില്‍ അവസാനിപ്പിക്കേണ്ട അടിയന്തര സ്വഭാവമുണ്ടല്ലോ. അതിനു മുന്‍കൈ എടുക്കാന്‍ ബന്ധപ്പെട്ട അധികാരികളെ നിര്‍ബ്ബന്ധിക്കുന്ന സാഹചര്യം സൃഷ്ടിക്കണം. സമരത്തിന്റെ സംഘാടകര്‍ക്ക് അത് വലിയ ഉത്തരവാദിത്വമാണ്. സമരം നീളുംതോറും അതവസാനിപ്പിക്കാനുള്ള സമ്മര്‍ദ്ദം ഏറിവരും. 

സത്യാഗ്രഹ സമരം പന്തലില്‍ സമാധാനപരമായി നടക്കുമ്പോള്‍ത്തന്നെ പുറത്ത് സമരാന്തരീക്ഷം ക്രമാനുഗതമായി ചൂടുപിടിക്കാനാരംഭിച്ചു. സമരത്തിന് പിന്തുണയുമായി സെക്രട്ടേറിയേറ്റ് കേന്ദ്രീകരിച്ച് ഏതാണ്ട് എല്ലാ ദിവസവും ജാഥകളുണ്ടാവും. മിക്കവാറും ഉച്ചയോടെ ജാഥകള്‍ കഴിയും. ക്രമേണ സമയം തെറ്റിയും ജാഥകള്‍ വരാന്‍ തുടങ്ങി. ജാഥയുടെ അംഗസംഖ്യയും സ്വഭാവവുമനുസരിച്ച് സെക്രട്ടേറിയേറ്റ് പരിസരത്തുള്ള പൊലീസ് ക്രമീകരണം വലിയ ജോലിയായിരുന്നു. കഴിയുന്നത്ര പ്രകോപനം ഒഴിവാക്കി പരമാവധി സംയമനം എന്നതായിരുന്നു ഞങ്ങളുടെ സമീപനം. ജനാധിപത്യ സമരങ്ങളോട് പൊലീസിന് അസഹിഷ്ണുതയുടെ കാര്യമില്ലല്ലോ. നിരാഹാരമനുഷ്ഠിക്കുന്നവര്‍ക്ക് അഭിവാദ്യവുമായി വിദ്യാര്‍ത്ഥികളുടേയും യുവജനങ്ങളുടേയും ജാഥകള്‍ ഒരു നിത്യസംഭവമായപ്പോള്‍ അത് പൊലീസുമായി സംഘര്‍ഷവും ഏറ്റുമുട്ടലുമായി മാറാതിരിക്കാന്‍ ഏറെ പണിപ്പെടേണ്ടിവന്നു. മിക്കപ്പോഴും ജാഥക്കാരും പൊലീസുമായി മുഖാമുഖം വരുന്ന സ്ഥലത്ത് ഞാനുമുണ്ടാകും. നഗരത്തിലെ മിക്ക എസ്.ഐമാരും സി.ഐമാരും എല്ലാം മിക്കസമയത്തും ഈ ക്രമസമാധാന ഡ്യൂട്ടിയില്‍ തന്നെയായിരുന്നു. ക്രിമിനല്‍ കേസുകളുടെ അന്വേഷണം, പരാതിപരിഹാര നടപടികള്‍ തുടങ്ങിയവയെല്ലാം മന്ദഗതിയിലായി. അതിന്റേയും ദോഷഫലം അനുഭവിക്കുന്നത് സാധാരണ പൗരന്‍ തന്നെ. 

ജാഥക്കാരുടെ പ്രകോപനവും കല്ലേറും

മുന്നോട്ട് പോകുന്തോറും സെക്രട്ടേറിയേറ്റിലേയ്ക്കുള്ള ജാഥകള്‍ കൂടുതല്‍ ആവേശഭരിതവും പ്രകോപനപരവും ആകാന്‍ തുടങ്ങി. സമാധാനം നിലനിര്‍ത്തണമെങ്കില്‍ സമരക്കാരും പൊലീസും ആത്മാര്‍ത്ഥമായി ശ്രമിക്കണം. പരമാവധി സംയമനം എന്നതായിരിക്കണം പൊലീസിന്റെ സമീപനം എന്ന് നിരന്തരം ഞാന്‍ തന്നെ പൊലീസുകാരെ ഓര്‍മ്മിപ്പിച്ചു. ഒറ്റപ്പെട്ട ചെറിയ പ്രകോപനം ലാത്തിച്ചാര്‍ജിലേയ്‌ക്കോ ടിയര്‍ഗ്യാസ് പ്രയോഗത്തിലേയ്‌ക്കോ നയിക്കാന്‍ പാടില്ല. അക്കാര്യത്തില്‍ സിറ്റിയിലെ ഉദ്യോഗസ്ഥരും തികഞ്ഞ ആത്മാര്‍ത്ഥതയും സഹകരണവും പ്രകടിപ്പിച്ചു. ഒരു ടീം ആയി പ്രവര്‍ത്തിക്കുന്നതില്‍ ആ ഉദ്യോഗസ്ഥര്‍ കാണിച്ച മാതൃക എനിക്ക് വലിയ കരുത്തായിരുന്നു. കന്റോണ്‍മെന്റിലെ അസിസ്റ്റന്റ് കമ്മിഷണര്‍ സോമന്‍, അവിടുത്തെ സി.ഐ. സലിം, മ്യൂസിയത്തിലെ സി.ഐ. രാജീവന്‍, പേരൂര്‍ക്കടയിലെ സി.ഐ. വേണുഗോപാല്‍ തുടങ്ങിയ ഉദ്യോഗസ്ഥരെല്ലാം സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ചു. അതുപോലെ സിറ്റി സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരും പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും യഥാസമയം അറിയിക്കുന്നതിനും വലിയ പിന്തുണയായിരുന്നു. സെക്രട്ടേറിയേറ്റ് പരിസരത്ത് നിരാഹാരസമരക്കാര്‍ക്ക് പിന്തുണയുമായുള്ള ജാഥകള്‍ രൂക്ഷമാകാന്‍ തുടങ്ങിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥരും സമരനേതാക്കളും പരസ്പരം സഹകരിച്ചാണ് പലപ്പോഴും അക്രമം ഒഴിവാക്കിയത്. ഒറ്റപ്പെട്ട കല്ലേറും പ്രകോപനവും ജാഥക്കാരുടെ ഭാഗത്തുനിന്നുണ്ടാകാന്‍ തുടങ്ങി. പൊലീസുമായി ബാരിക്കേഡിനു സമീപം മുഖാമുഖം വരുമ്പോള്‍ ഒരുപാട് ഉന്തുംതള്ളുമൊക്കെ ഉണ്ടാകുക സാധാരണമായിരുന്നു. പില്‍ക്കാലത്ത് ഇത്തരം സംഘര്‍ഷമേഖലകളിലെ പൊലീസ് സംവിധാനത്തിന്റെ അവിഭാജ്യഘടകമായി മാറിയ ജലപീരങ്കി അന്ന് രംഗപ്രവേശം ചെയ്തിട്ടില്ല. സമരരംഗത്ത് നിരന്തരം സംഘര്‍ഷമുണ്ടാകുകയും സമാധാനം നിലനിര്‍ത്തുക ബുദ്ധിമുട്ടാകുകയും ചെയ്‌തെങ്കിലും നിരാഹാരസത്യാഗ്രഹം അവസാനിക്കുന്ന ലക്ഷണമൊന്നും കണ്ടില്ല. അതിനുള്ള ചര്‍ച്ചകളൊന്നും തന്നെ നടന്നിരുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ സെക്രട്ടേറിയേറ്റിനു മുന്നിലെ സമര രംഗത്തുവെച്ച് ചില നേതാക്കള്‍ എന്നോട് തന്നെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്താന്‍ മുന്‍കൈ എടുക്കാത്തത് എന്ന് ചോദിച്ചു. ''ഇനി ഞങ്ങള്‍ ശീര്‍ഷാസനം നടത്തിയാലേ ചര്‍ച്ചയ്ക്ക് വിളിക്കൂ എന്നാണെങ്കില്‍ അതും ഞങ്ങള്‍ ചെയ്യാം.'' എന്നും ഒരു നേതാവ് പറഞ്ഞു. സമരം വലിയ അക്രമത്തിലേയ്ക്ക് പോകും എന്ന സൂചനയായിരുന്നു ആ വാക്കുകളില്‍. അതേസമയം സമരരംഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും കുറേശ്ശേ അക്ഷമരാകുന്നുണ്ടായിരുന്നു. ശരിക്കും കഠിനമായ ജോലിയായിരുന്നു പൊലീസുകാരുടേത്. മണിക്കൂറുകളോളം പൊരിവെയിലത്ത് തുടര്‍ച്ചയായി നില്‍ക്കേണ്ടിവരിക, പലപ്പോഴും സമരക്കാരുടെ ഉന്തും തള്ളും നേരിടുക, കല്ലേറോ സോഡാക്കുപ്പിയേറോ ഉണ്ടാകുമോ എന്ന ഉല്‍ക്കണ്ഠ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ - ഇതൊക്കെ സഹിച്ച് സംയമനം പാലിക്കുക എന്നത് ദുഷ്‌കരമാണ്. ഇങ്ങനെ വിശ്രമരഹിതമായി സമയപരിധിയോ നിഷ്ഠയോ ഇല്ലാതെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടിവരുമ്പോള്‍ അതിന്റെ ആഘാതം ശരീരത്തേയും മനസ്സിനേയും ബാധിക്കുമല്ലോ. അച്ചടക്കം, പരിശീലനം, കര്‍ത്തവ്യം, അധികാരശ്രേണി എന്നൊക്കെ പറഞ്ഞാലും പൊലീസുകാരും മനുഷ്യരാണല്ലോ. ഒരു ദിവസം വയര്‍ലെസ്സില്‍ ഒരു അപശബ്ദം കേട്ടു. സമരപ്പന്തലിനടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍, അവിടെനിന്നും ചെറുതായി കല്ലേറുനടക്കുന്നുണ്ട് എന്ന് കണ്‍ട്രോള്‍റൂമിനെ അറിയിച്ചു. ഉടനെ ഒരു പ്രതികരണം ഇങ്ങനെ: ''അവര്‍ക്കെല്ലാം കുറച്ച് നാരങ്ങാമിഠായി വാങ്ങി കൊടുക്കണം.'' സമരക്കാരുടെ പ്രകോപനങ്ങളെ മൃദുവായി നേരിടുന്ന പൊലീസിന്റെ രീതിയിലുളള അതൃപ്തിയാണ് പുറത്തുവന്നത്. വളരെ അപൂര്‍വ്വമായി ഇത്തരം ചില പരാമര്‍ശങ്ങള്‍ വെളിയില്‍ വന്നു എന്നത് വസ്തുതയാണ്. 

മുഖ്യമന്ത്രിയെ തടഞ്ഞ സമരക്കാര്‍

നിരാഹാരം അപ്പോഴേയ്ക്കും ഏതാണ്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. ഒരുവശത്ത് സമരക്കാര്‍ ഏതാണ്ടൊരു പൊട്ടിത്തെറിയുടെ വക്കത്തേയ്ക്ക് അടുക്കുകയായിരുന്നു. മറുവശത്ത് ജോലിയുടെ നിരന്തര സംഘര്‍ഷം പൊലീസ് ഉദ്യോഗസ്ഥരിലും കടുത്ത സമ്മര്‍ദ്ദം വളര്‍ത്തുന്നുണ്ടായിരുന്നു. ആ ഘട്ടത്തില്‍ ഒരു ദിവസം ഞാന്‍ നേരിട്ട് മുഖ്യമന്ത്രി എ.കെ. ആന്റണിയെ ഓഫീസില്‍ കണ്ടു. മുഖ്യമന്ത്രിയോടാണ് സംസാരിക്കുന്നത് എന്ന് സ്വയം ഓര്‍മ്മിപ്പിച്ചില്ലെങ്കില്‍ പരിധി കടന്നുപോകാം. അത്രയ്ക്ക് സൗഹാര്‍ദ്ദത്തോടെയാണ് അദ്ദേഹത്തിന്റെ സമീപനം. അദ്ദേഹത്തോട് മുഖ്യമായും സെക്രട്ടേറിയേറ്റിനു ചുറ്റും നടന്നുകൊണ്ടിരുന്ന പ്രക്ഷോഭത്തെപ്പറ്റിയാണ് പറഞ്ഞത്. അദ്ദേഹം വളരെ ശ്രദ്ധയോടെ കേട്ടു. അവസാനം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചനടത്തിയാല്‍ അത് ഒരുപക്ഷേ, തീര്‍ന്നേക്കും എന്ന് ഞാന്‍ പറഞ്ഞു. സര്‍ക്കാരിനു സംസാരിക്കില്ലെന്ന വാശിയൊന്നുമില്ലെന്നും എന്നാല്‍ ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു. സന്ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ എനിക്കറിയാവുന്നതിനപ്പുറം അദ്ദേഹത്തിനറിയാമെന്നും ഉടന്‍ സംഭാഷണം നടക്കില്ലെന്നും മനസ്സില്‍ തോന്നി. 

സംഘര്‍ഷഭരിതമായ പശ്ചാത്തലത്തില്‍ ഓരോ ദിവസവും വലിയ പൊട്ടിത്തെറി ഒഴിവാകുമ്പോഴും സമരാന്തരീക്ഷം കൂടുതല്‍ ചൂടുപിടിക്കുകയായിരുന്നു. പൊലീസിനെ സംബന്ധിച്ചിടത്തോളം ഏതാണ്ടെല്ലാ ദിവസവും എന്തും സംഭവിക്കാം എന്ന അവസ്ഥയിലാണ് മുന്നോട്ടുപോയത്. എന്നാല്‍, താരതമ്യേന പ്രശ്‌നരഹിതമായിരിക്കും എന്ന് കണക്കുകൂട്ടിയ ദിവസമായിരുന്നു നവംബര്‍ 7 ചൊവ്വാഴ്ച. അന്ന് സെക്രട്ടേറിയേറ്റിനു മുന്നില്‍ പ്രതിപക്ഷാനുകൂലമായ സംഘടനകളുടെ മറ്റ് സമരങ്ങളുണ്ടായിരുന്നു. അതില്‍ പ്രധാനം സെക്രട്ടേറിയേറ്റിലെ പ്രധാന ഗേറ്റിനു മുന്നില്‍ പഞ്ചായത്തുകളുടെ പ്രതിനിധികള്‍ നടത്തുന്ന ഒരു വലിയ ധര്‍ണ്ണ ആയിരുന്നു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ അതിന്റെ ഉദ്ഘാടനത്തിലും മറ്റും പങ്കെടുക്കേണ്ടതായിരുന്നു. അതിനിടയില്‍ വലിയൊരു അക്രമാസക്ത സമരം പ്രതിപക്ഷാഭിമുഖ്യത്തിലുള്ള വിദ്യാര്‍ത്ഥി - യുവജന സംഘടനകള്‍ സാധാരണയായി ഒഴിവാക്കാന്‍ ശ്രമിക്കേണ്ടതാണ്. പക്ഷേ, അന്ന് പാലക്കാട് അപ്രതീക്ഷിതമായൊരു സംഭവമുണ്ടായി. അവിടെ മുഖ്യമന്ത്രി എ.കെ. ആന്റണി സഞ്ചരിച്ചിരുന്ന കാറിനു മുന്നില്‍ വിദ്യാര്‍ത്ഥി-യുവജന സംഘടനാ സമരാനുകൂലികള്‍ ചാടിവീണ് തടയുന്ന സംഭവമുണ്ടായി. അതേത്തുടര്‍ന്ന് അവിടെ ലാത്തിച്ചാര്‍ജ് നടന്നു. ആ വിവരം ആയിരിക്കണം തലസ്ഥാനത്തും സമരക്കാര്‍ക്ക് പ്രകോപനമായത്. ഉച്ചകഴിഞ്ഞ് 12 മണിയോടെ ആയിരുന്നു ഗുരുതരമായ പ്രശ്‌നങ്ങളുടെ ആരംഭം. സംസ്‌കൃത കോളേജിന്റെ ഭാഗത്തുനിന്നു പെട്ടെന്നാണ് നൂറോളം പേരുടെ ജാഥ തുടങ്ങിയത്. തുടക്കം മുതലേ ഉദ്ദേശം വ്യക്തമായിരുന്നു. ആ ഭാഗത്തുണ്ടായിരുന്ന കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഉദ്യോഗസ്ഥന്‍ കൃത്യമായി അതു പറഞ്ഞു. സെക്രട്ടേറിയേറ്റ് ഭാഗത്തേയ്ക്ക് നീങ്ങുമ്പോള്‍ റോഡിന്റെ ഇരുവശത്തേയും കെട്ടിടങ്ങള്‍ക്കു നേരെ കല്ലേറുമായാണ് നീങ്ങിയത്. വിവരം വയര്‍ലെസ്സില്‍ കേട്ട ഉടനെ ഞാന്‍ ഓഫീസില്‍നിന്നും സെക്രട്ടേറിയേറ്റിന്റെ മുന്നിലേയ്ക്ക് തിരിച്ചു. ആ സമയത്ത് സെക്രട്ടേറിയേറ്റ് പരിസരത്ത് മറ്റു ചില സമരപരിപാടികളില്‍ പങ്കെടുക്കുന്നവരും അല്ലാത്തവരുമായി വലിയ ജനക്കൂട്ടമുണ്ടായിരുന്നു. മെയിന്‍ഗേറ്റിനടുത്ത് പ്രതിപക്ഷനേതാവ് പഞ്ചായത്ത് പ്രതിനിധികളുടെ സമരം ഉദ്ഘാടനം ചെയ്തുകൊണ്ടിരിക്കുന്നു. കുറേക്കൂടി തെക്കോട്ട് മാറി എന്‍.ജി.ഒ അസ്സോസിയേഷന്റെ നേതൃത്വത്തിലുള്ള ധര്‍ണ്ണയും നടക്കുന്നുണ്ടായിരുന്നു. ഇങ്ങനെ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകളുടെ വ്യത്യസ്ത പരിപാടികള്‍കൊണ്ട് ജനനിബിഡമായ സെക്രട്ടേറിയേറ്റിന്റെ മുന്നിലേയ്ക്കാണ് അക്രമാസക്തമായ വിദ്യാര്‍ത്ഥി-യുവജന ജാഥ വന്നത്. ഞാന്‍ സെക്രട്ടേറിയേറ്റിനു മുന്നിലെത്തും മുന്‍പേ അവിടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയായിരുന്നു. പ്രശ്‌നങ്ങള്‍ തുടങ്ങുന്നു എന്ന് വിവരം കിട്ടിയ ഉടനെ അവിടെ ഓടി എത്തിയ മ്യൂസിയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി.വി. രാജീവന്‍ കല്ലേറുകൊണ്ട് നിലത്തുവീണതായി വയര്‍ലെസ്സില്‍ കേട്ടു. ഞാനവിടെ എത്തുമ്പോള്‍ പൊലീസും സമരക്കാരും തമ്മില്‍ പലേടത്തും ഏറ്റുമുട്ടല്‍ നടക്കുകയാണ്. മനസ്സില്‍ തങ്ങിനില്‍ക്കുന്ന ഒരു ചിത്രം കന്റോണ്‍മെന്റ് എസ്.ഐ ശ്രീധരന്റേതാണ്. അയാളുടെ മുഖത്ത് കല്ലേറുകൊണ്ട് വായില്‍നിന്ന് രക്തം വരുന്നുണ്ടായിരുന്നു. സംസാരിക്കുമ്പോള്‍ ഡ്രാക്കുള സിനിമയിലെ പ്രേതകഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചു, രക്തം പുരണ്ട ആ മുഖം. പക്ഷേ, അയാളപ്പോഴും ശാന്തനായിരുന്നു. അവിടെയുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മിഷണര്‍ സോമനും മറ്റു ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കിണഞ്ഞ് ശ്രമിക്കുന്നുണ്ടായിരുന്നു. ഞാനും അവിടെയുണ്ടായിരുന്ന നേതാക്കളോട് സംസാരിച്ച് സമാധാനം സ്ഥാപിക്കാന്‍ ശ്രമിച്ചു. ''നിങ്ങള്‍ പൊലീസിനെ പിന്‍വലിക്കണം'' എന്ന് ചിലര്‍ പറഞ്ഞു. കല്ലേറും അക്രമവും നിര്‍ത്തിയാലെ അത് സാധ്യമാകൂ എന്ന് ഞാനും പറഞ്ഞു. പൊതുവേ ആ സമയത്ത് നേതാക്കളുടെ സമീപനവും അനുനയത്തിന്റേതു തന്നെയായിരുന്നു. അവരും സമരക്കാരെ ശാന്തരാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. വല്ലാത്ത അക്രമോത്സുകത പലരും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. കല്ലേറിലും അക്രമത്തിലും നല്ല പരിക്കേറ്റപ്പോള്‍ കുറേ പൊലീസുകാരും മറ്റൊരു ആള്‍ക്കൂട്ടമായി മാറി. ചില പൊലീസുകാര്‍ ലക്കും ലഗാനുമില്ലാതെ തന്നെയാണ് പ്രവര്‍ത്തിച്ചത്. ആര്‍ക്കും എന്തും ആകാം ('free for all') എന്നതായിരുന്നു കുറേ നേരം അവിടുത്തെ കാര്യങ്ങള്‍. കുറേ ദിവസമായി പാലിച്ചുവന്ന സംയമനവും നിയന്ത്രണവും എല്ലാം പലര്‍ക്കും നഷ്ടമായിരുന്നു. സമരക്കാരിലെ അമിതാവേശക്കാരെ നിയന്ത്രിക്കാന്‍ നേതാക്കളും പരിധിവിട്ട പൊലീസുകാരെ നിയന്ത്രിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും വളരെ ബുദ്ധിമുട്ടി എന്നതാണ് സത്യം. സമരക്കാരെ നിയന്ത്രിക്കാനോടിയ ഒരു നേതാവ് നിലത്തുവീണപ്പോള്‍ ചില പൊലീസുകാര്‍ അദ്ദേഹത്തിനു നേരെ തിരിഞ്ഞു. എന്നാല്‍, മറ്റുള്ള പൊലീസുകാര്‍ അദ്ദേഹത്തെ പൊതിഞ്ഞ് ചുറ്റിപ്പിടിച്ച് സംരക്ഷിച്ചു. നിയന്ത്രണംവിട്ട അരമണിക്കൂറില്‍ ഇരുഭാഗത്തും കുറേയേറെപ്പേര്‍ക്ക് പരിക്കേറ്റു. സ്ത്രീകളുള്‍പ്പെടെ നാല്‍പ്പതോളം സമരക്കാര്‍ക്കും ഇരുപതില്‍പ്പരം പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. അന്നത്തെ സംഭവത്തില്‍ മുതിര്‍ന്ന നേതാവ് നീലലോഹിതദാസിനു പുറമേ സമരസമിതി നേതാക്കളായ കെ.എന്‍. ബാലഗോപാല്‍, സി.എച്ച്. ആഷിക്ക്, വി.എസ്. സുനില്‍കുമാര്‍, ഗീനകുമാരി, സോണിയ തുടങ്ങി പലര്‍ക്കും പരിക്കേറ്റിരുന്നു. പൊലീസുകാരില്‍ പത്തോളം പേരുടെ പരിക്ക് സാരമുള്ളതായിരുന്നു. സി.ഐ. രാജീവന്റെ കാലിലെ രണ്ട് എല്ലും പൊട്ടിയിരുന്നു. ഒരു വലിയ കോണ്‍ക്രീറ്റ് കഷണം കൊണ്ടുള്ള ഏറായിരുന്നു അത്. ശ്രീകണ്ഠന്‍ എന്ന പൊലീസുകാരന്റേയും കാലിലെ എല്ല് പൊട്ടി. ഏതാണ്ട് അരമണിക്കൂര്‍കൊണ്ട് വലിയ സംഘര്‍ഷവും ഏറ്റുമുട്ടലും എല്ലാം നിയന്ത്രിക്കാനായി. എങ്കിലും അവിടവിടെ ചില ഒറ്റപ്പെട്ട പൊട്ടലും ചീറ്റലും ഒക്കെ പിന്നെയും തുടര്‍ന്നു. അതിനിടയില്‍ പരിക്കേറ്റ സമരക്കാരേയും പൊലീസ് ഉദ്യോഗസ്ഥരേയും പൊലീസ് വാഹനങ്ങളില്‍ത്തന്നെ ആശുപത്രികളിലേയ്ക്ക് കൊണ്ടുപോകുന്നുണ്ടായിരുന്നു. ഏതാണ്ട് വി.ജെ.ടി ഹാളിന്റെ മുന്‍വശം മുതല്‍ പുളിമൂട് വരെയുള്ള ഭാഗത്ത് ചെറുതും വലുതുമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. 

സെക്രട്ടേറിയറ്റിന് മുൻപിലെ ലാത്തിച്ചാർജ്
സെക്രട്ടേറിയറ്റിന് മുൻപിലെ ലാത്തിച്ചാർജ്

മെയിന്‍ഗേറ്റ് പരിസരം ഏകദേശം സമാധാനമായപ്പോള്‍ ഞാന്‍ നടന്ന് തെക്കേ ഗേറ്റിനപ്പുറം വന്നു. അവിടെ വലത്തോട്ടുള്ള റോഡില്‍ പരിക്കേറ്റ ചിലരെ ഒരു പൊലീസ് ജീപ്പില്‍ കയറ്റിയിരുന്നു. ജീപ്പിന്റെ വെളിയില്‍ ബറ്റാലിയനിലെ ചില പൊലീസുകാര്‍ നില്‍പ്പുണ്ടായിരുന്നു. അതില്‍ ഒരാള്‍ ലാത്തികൊണ്ട് ജീപ്പിന്റെ ഉള്ളില്‍ അടിക്കുന്നു; ഉള്ളില്‍നിന്നും 'ഇയ്യോ' 'ഇയ്യോ' എന്ന് ഒരു സ്ത്രീ നിലവിളിക്കുന്നു. 'തല്ലരുത്' എന്ന് വിളിച്ചുപറഞ്ഞ് ഞാനങ്ങോട്ട് ഓടിച്ചെന്നു. എന്നെ ശ്രദ്ധിക്കാതെ അയാള്‍ വീണ്ടും അടിക്കാന്‍ ലാത്തി ഓങ്ങിയപ്പോള്‍ ഞാന്‍ ഇടംകൈകൊണ്ട് അത് തടഞ്ഞു. സ്വാഭാവിക മാനുഷിക പ്രതികരണം പോലെയാണത് സംഭവിച്ചത്. ലാത്തിയുടെ അറ്റം എന്റെ കൈവെള്ളയില്‍ പതിച്ചു. വാര്‍ത്താചാനലുകളൊന്നും അന്ന് രംഗപ്രവേശം ചെയ്തിരുന്നില്ല. അതുകൊണ്ട് പൊലീസുകാര്‍ ഡി.സി.പിയേയും തല്ലി എന്നൊരു ബ്രേക്കിങ് ന്യൂസും അനുബന്ധ പുകിലുകളും ഉണ്ടാകാതെ രക്ഷപ്പെട്ടു. അവസാന നിമിഷം ആ പൊലീസുകാരന്‍ ലാത്തി നിയന്ത്രിച്ചിരിക്കാം. എങ്കിലും ചെറിയൊരു പാട് കൈവെള്ളയില്‍ അത് അവശേഷിപ്പിച്ചു. വലിയ പ്രശ്‌നമുണ്ടാകുകയും കുറെ സഹപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ഒക്കെ ചെയ്തപ്പോള്‍ വല്ലാതെ നിയന്ത്രണം വിട്ടുപോയ പൊലീസുകാരില്‍ ഒരാളുടെ പ്രവൃത്തി എന്നതിനപ്പുറം വ്യക്തിനിഷ്ഠമായി ഞാനത് കണ്ടില്ല. ജീപ്പ് ആശുപത്രിയിലേയ്ക്കയച്ച ശേഷം ഞാന്‍ വീണ്ടും മെയിന്‍ഗേറ്റിലേയ്ക്ക് പോയി. 

ഏറെ ദിവസം വളരെ ബുദ്ധിമുട്ടി മാതൃകാപരമായ സംയമനം പാലിച്ച് നിലനിര്‍ത്തിയ സമാധാനമാണ് തകര്‍ന്നടിഞ്ഞത്. എങ്കിലും രണ്ട് മണിക്കൂറുകളോളം എല്ലാവരും ആത്മാര്‍ത്ഥമായി പരിശ്രമിച്ച് സെക്രട്ടേറിയേറ്റ് പരിസരം ഒരുവിധം സമാധാനത്തിലേയ്ക്ക് നീങ്ങുമ്പോള്‍ അക്രമം മറ്റുള്ളിടത്തേയ്ക്ക് വ്യാപിക്കുകയായിരുന്നു. വി.ജെ.ടി ഹാളിന്റെ മുന്നില്‍ തിരുവനന്തപുരം തഹസീല്‍ദാരുടെ ജീപ്പ് അക്രമികള്‍ തീയിട്ടു. തീ കെടുത്താന്‍ വന്ന ഫയര്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്കു നേരെയും ആക്രമണമുണ്ടായി. പേട്ടയില്‍ ഒരു ട്രൈബ്യൂണലിന്റെ കാറും കത്തിച്ചിരുന്നു. സ്ഥിരം 'കലാപരിപാടി'യായ കെ.എസ്.ആര്‍.ടി.സി ബസുകളുടെ നേരെയുള്ള ആക്രമണവും വ്യാപകമായുണ്ടായി. മറ്റു ജില്ലകളിലും കുറെ അനിഷ്ടസംഭവങ്ങളുണ്ടായി. ഇടതുപക്ഷ ജനാധിപത്യമുന്നണി തൊട്ടടുത്ത ദിവസം 12 മണിക്കൂര്‍ സംസ്ഥാന ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തു. 

സിറ്റിയില്‍ ബന്ദിന്റെ പുകിലുകള്‍ എന്തെല്ലാമായിരിക്കും എന്നായി അടുത്ത ആലോചന. ഈ വക സംഘര്‍ഷങ്ങള്‍ക്കിടയിലും, അന്ന് ഐ.ജി. ജേക്കബ്ബ് പുന്നൂസ് സാറുമായുണ്ടായ ഒരു സംഭാഷണം, തിരിഞ്ഞുനോക്കുമ്പോള്‍ കൗതുകം തോന്നുന്നതാണ്. ബന്ദ് എന്ന 'ഭീകരനെ' നേരിടാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് അദ്ദേഹം വിളിച്ചത്. സിറ്റിയില്‍ ധാരാളം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതുകൊണ്ട് ബറ്റാലിയനില്‍നിന്നും കുറെ പൊലീസുകാരെ തന്നിരുന്നു. അതില്‍ ഒരു കമ്പനി പൊലീസുകാരെ ഉടന്‍ തിരികെ അയയ്ക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. മറ്റെവിടേയ്ക്കോ അയയ്ക്കാന്‍ ഡി.ജി.പി ഉത്തരവിട്ടതാണ്. തലസ്ഥാനം വലിയ പ്രശ്‌നങ്ങളുടെ നടുവില്‍ നില്‍ക്കുമ്പോള്‍ ഉള്ള പൊലീസുകാരെ കുറയ്ക്കുന്നത് എനിക്ക് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമായിരുന്നു. ഇക്കാര്യത്തില്‍ ഐ.ജി നിസ്സഹായനായതുകൊണ്ട് എന്റെ ആവശ്യം അദ്ദേഹത്തിന് അനുവദിക്കാന്‍ കഴിഞ്ഞില്ല. മനസ്സില്ലാമനസ്സോടെ ഞാന്‍ വഴങ്ങി. കൂട്ടത്തില്‍ ഞാന്‍ പറഞ്ഞു: ''അര്‍ദ്ധരാത്രി അക്രമികള്‍ സെക്രട്ടേറിയേറ്റിനു തീവെച്ചു എന്ന് കണ്‍ട്രോള്‍റൂമില്‍നിന്ന് ഫോണ്‍ വന്നാല്‍ ഫയര്‍ഫോഴ്സിനെ അറിയിച്ചാല്‍ മാത്രം മതി എന്ന് പറഞ്ഞിട്ട് ഞാന്‍ കിടന്നുറങ്ങും. കാരണം, പൊലീസില്ലാതെ ഒറ്റയ്ക്ക് ഒന്നും ചെയ്യാനില്ലല്ലോ!'' ശബ്ദായമാനമായ ഒരു ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്റെ വികാര പ്രകടനത്തിനു പിന്നിലെ ഉദ്ദേശ ശുദ്ധി വിശാലമനസ്‌കതയോടെ അദ്ദേഹം ഉള്‍ക്കൊണ്ടിരിക്കണം. ഉദ്ദേശ ശുദ്ധിയില്‍ ഇരുഭാഗത്തും ബോധ്യമുണ്ടെങ്കില്‍ ശ്രേണീബദ്ധമായ അധികാരഘടനയുള്ള ഐ.പി.എസ് സംവിധാനത്തിനുള്ളില്‍ ആശയവിനിമയത്തിലെ സ്വാതന്ത്ര്യം എത്ര വേണമെങ്കിലുമാകാം എന്നാണ് എന്റെ അനുഭവം. സാന്ദര്‍ഭികമായി സൂചിപ്പിക്കട്ടെ, ഇക്കാര്യത്തില്‍ എന്റെ ഭാഗത്തുനിന്നുമുള്ള അമിത ഉല്‍ക്കണ്ഠയായിരുന്നു പ്രശ്‌നം എന്ന് പിന്നീട് എനിക്ക് തോന്നാതിരുന്നില്ല.

തലസ്ഥാന സംഭവങ്ങളും തുടര്‍ന്നുണ്ടായ സംസ്ഥാനതല ബന്ദും ആയിരുന്നു ഈ സമരത്തിന്റെ ഉച്ചാവസ്ഥ. വിദ്യാഭ്യാസ ബന്ദ്, ജില്ലാതല സത്യാഗ്രഹം, റോഡ് തടയല്‍ തുടങ്ങി പലവിധ പരിപാടികളുമായി സമരം പിന്നെയും ഒരാഴ്ചകൂടി മുന്നോട്ടുപോയി. എങ്കിലും പ്രക്ഷോഭത്തിന്റെ വേലിയിറക്കം തുടങ്ങിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിനടുത്തുവെച്ച് ഒരു ലാത്തിച്ചാര്‍ജ് ആയിരുന്നു അതിന്റെ പരിസമാപ്തി എന്നു തോന്നുന്നു. അത് ഉച്ചകഴിഞ്ഞായിരുന്നു. അതിനു തൊട്ടുമുന്‍പ് സെക്രട്ടേറിയേറ്റിനു മുന്നില്‍ ഒരു പ്രകടനമുണ്ടായിരുന്നു. അവിടെ ചെറിയതോതില്‍ സംഘര്‍ഷവും കല്ലേറുമുണ്ടായിരുന്നെങ്കിലും പൊലീസിന്റെ സംയമനംകൊണ്ടും നേതാക്കളുടെ ഇടപെടല്‍കൊണ്ടും പരിധി വിട്ടില്ല. സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന എസ്.എഫ്.ഐ നേതാവ് കെ.എന്‍. ബാലഗോപാല്‍ അന്നവിടെയുണ്ടായിരുന്നു. സംഘര്‍ഷം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിനിടയില്‍ ഒരുഘട്ടത്തില്‍ അദ്ദേഹം എന്നോട് ചോദിച്ചു: ''അല്ല ഞങ്ങളുടെ ആവശ്യം ന്യായമല്ലെന്ന് പൊലീസിനു പറയാന്‍ പറ്റുമോ?'' ''സമരത്തിനോട് എതിര്‍പ്പൊന്നുമില്ല. പക്ഷേ, ഞങ്ങളെ കല്ലെറിയരുത്'' എന്നു ഞാനും പറഞ്ഞു. അന്നവിടെ പ്രശ്‌നം കൂടാതെ കഴിഞ്ഞുവെങ്കിലും ഒരു മണിക്കൂര്‍ കഴിഞ്ഞ് മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ സമരം അക്രമാസക്തമായി. പ്രകടനമായി മെഡിക്കല്‍ കോളേജിനടുത്തേയ്ക്ക് മാര്‍ച്ച് നടത്തിയവരെ സി.ഐ. ഇക്ബാലിന്റെ നേതൃത്വത്തില്‍ തടഞ്ഞു. അവിടെ കുറെ ഉന്തും തള്ളുമൊക്കെ ഉണ്ടായി. ഞാനവിടെ എത്തുമ്പോള്‍ സമരക്കാര്‍ സര്‍ക്കിളിന്റെ ഷര്‍ട്ടിലൊക്കെ കയറിപ്പിടിച്ചു എന്നൊക്കെ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അവസാനം അവര്‍ പിരിഞ്ഞുപോകുന്ന പോക്കില്‍ ആരൊക്കെയോ പൊലീസിനെ കല്ലെറിഞ്ഞു. കല്ലെറിഞ്ഞോടുന്നവരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. ഓടിയ ഏതാനും വിദ്യാര്‍ത്ഥികള്‍ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കയറി എങ്കിലും പൊലീസ് ഉള്ളില്‍ കയറാതെ നിയന്ത്രിച്ചു. കുറേ സമയം കഴിഞ്ഞ് അവര്‍ നാലഞ്ച് പേര്‍ ചേര്‍ന്ന് ഒരാളെ പരിക്കേറ്റുവെന്ന നിലയില്‍ കയ്യിലും കാലിലും എല്ലാം എടുത്ത് പുറത്തേയ്ക്ക് വന്നു. എസ്.എഫ്.ഐ നേതാവായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിയായിരുന്നു നേതൃത്വത്തില്‍. ആ സമരപരമ്പരയിലെ പൊലീസിന്റെ അവസാന ഇടപെടലായിരുന്നു അന്നത്തേത്. വിദ്യാഭ്യാസ ബന്ദ് ഇടതു ജനാധിപത്യമുന്നണി ഇടപെട്ട് അന്നുതന്നെ പിന്‍വലിച്ചു.

സംഘര്‍ഷഭരിതമായ ആ ദിവസങ്ങളില്‍ ധാരാളം പൊലീസ് ഉദ്യോഗസ്ഥരോട്, തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അതില്‍ ഒരാളായിരുന്നു സ്പെഷ്യല്‍ ബ്രാഞ്ചിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സുകുമാരന്‍. അയാള്‍ പിന്നീടും എന്നെ വല്ലപ്പോഴും കാണുമായിരുന്നു. വ്യക്തിപരമായ ഒരാവശ്യവുമുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ ശേഷം ഇടയ്ക്ക് കേരളത്തില്‍ വരുമ്പോഴും സുകുമാരന്‍ എന്നെ കാണുമായിരുന്നു. എന്നാല്‍, ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ വന്ന് ഇന്റലിജെന്‍സില്‍ ഐ.ജി ആയിരിക്കുമ്പോള്‍ സുകുമാരനെ കണ്ടില്ല. വരുമായിരിക്കും, ഞാന്‍ കരുതി. പക്ഷേ, വന്നില്ല. അധികം കഴിയും മുന്‍പെ, ഒരു ദിവസം 'കേരളകൗമുദി' പത്രം എടുത്തപ്പോള്‍ ഒന്നാം പേജിന്റെ അടിയില്‍ സുകുമാരന്റെ ചിത്രം. 'ഒന്നാം ചരമ വാര്‍ഷികം' എന്ന തലക്കെട്ടോടെ. സുകുമാരന്‍ പോയത് ഞാനറിഞ്ഞില്ല.

(തുടരും)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com