റെഡീമെര്‍ മുങ്ങിയമര്‍ന്ന രാത്രി

കുമാരനാശാന്‍ ഉള്‍പ്പെടെ ഇരുപത്തിനാല് ജീവനുകള്‍ നഷ്ടമായ റെഡീമെര്‍ ബോട്ടപകടത്തെ അന്നത്തെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റേയും പത്രവാര്‍ത്തകളുടേയും അടിസ്ഥാനത്തില്‍ പുനര്‍വായിക്കുകയാണിവിടെ
കുമാരനാശാൻ
കുമാരനാശാൻ

ലബാര്‍ കര്‍ഷക കലാപത്തിന്റെ 100-ാം വാര്‍ഷികം ആചരിക്കുന്ന വേളയില്‍ മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ 'ദുരവസ്ഥ' എന്ന കാവ്യം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകുകയുണ്ടായി. ആശാന്‍ തന്റെ കാവ്യംകൊണ്ട് ഉദ്ദേശിച്ചതിനെക്കാള്‍ അദ്ദേഹം ലഹളയുടെ ഭാഗമായി കാവ്യത്തില്‍ കൊണ്ടുവന്ന മാപ്പിളമാരെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളാണ് ചര്‍ച്ചയായത്. അവ ആശാന്റെ ജീവനു ഭീഷണിയുണ്ടാക്കിയെന്നും തുടര്‍ന്ന് അദ്ദേഹത്തിന്റെ മരണത്തിന് ഇടയാക്കിയ ബോട്ടപകടവും കേരളത്തില്‍ ആരോഗ്യകരമല്ലാത്ത വാദങ്ങള്‍ക്ക് ഇടനല്‍കി. 1924 ജനുവരി 17 (1099 മകരം 4) ന് തൃക്കുന്നപ്പുഴയ്ക്കടുത്തുള്ള പല്ലനയില്‍ വച്ച് കേരളത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ട് കുമാരനാശാന്‍ ഉള്‍പ്പെടെ ഇരുപത്തിനാല് ജീവനുകള്‍ നഷ്ടമായ റെഡീമെര്‍ ബോട്ടപകടത്തെ അന്നത്തെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റേയും പത്രവാര്‍ത്തകളുടേയും അടിസ്ഥാനത്തില്‍ പുനര്‍വായിക്കുകയാണിവിടെ.

ജലഗതാഗതവും റെഡീമെറും

വളരെ ചെലവുകുറഞ്ഞതും ആകര്‍ഷണീയവുമായിരുന്നു ഒരുകാലത്ത് കേരളത്തിലെ ജലഗതാഗതം. വിവിധ തരത്തിലുള്ള ജലയാനങ്ങള്‍കൊണ്ട് ഇവിടുത്തെ ജലാശയങ്ങള്‍ നിറഞ്ഞിരുന്നു. വ്യാവസായിക വിപ്ലവത്തിന്റെ അനന്തരഫലമായി ആവി ബോട്ടുകളും മോട്ടോര്‍ ബോട്ടുകളും വ്യാപകമായി പ്രചാരം നേടിയത്, 'അധിനിവേശാധുനികത'യുടെ ഭാഗമായി മലബാര്‍ തീരത്തേക്കുമെത്തി. തിരുവിതാംകൂര്‍ മുതല്‍ മലബാര്‍ വരെ വ്യാപിച്ചു കിടന്നിരുന്ന ജലപാതകളില്‍ ചരക്കുനീക്കത്തിനും ജലഗതാഗതത്തിനും അനുയോജ്യമായ പ്രദേശം കൊല്ലം മുതല്‍ വടക്കോട്ടായിരുന്നു. മനോഹാരിത മുറ്റിനില്‍ക്കുന്ന കൊല്ലം - ആലപ്പുഴ ജലപാതയില്‍ ആദ്യമായി മോട്ടോര്‍ ബോട്ടുകള്‍ യാത്രാവശ്യത്തിനായി കൊണ്ടുവന്നത് യൂറോപ്യന്‍ കമ്പനിയായ മിസ്സിസ്സ് ഡാറ സ്മെയില്‍ ആന്റ് കമ്പനിയായിരുന്നു. തുടര്‍ന്ന് ഈ രംഗത്തൊരു കുതിച്ചു ചാട്ടം തന്നെയുണ്ടാകുകയും മോട്ടോര്‍ ബോട്ടുകള്‍ ജനജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറുകയും ചെയ്തു.

ആലപ്പുഴക്കാരന്‍ വര്‍ക്കി മത്തായിയാണ് 'റെഡീമെര്‍ കമ്പനി' എന്നുകൂടി വിളിപ്പേരുണ്ടായിരുന്ന 'ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍ മോട്ടോര്‍ സര്‍വ്വീസ്' ആരംഭിക്കുന്നത്.  വലിയ ഭക്തനായിരുന്നതിനാലാണ് വിമോചകനായ ദൈവപുത്രനെ ഓര്‍ക്കുന്നതിന് തന്റെ ബോട്ടിന് 'റെഡീമെര്‍' എന്ന പേരു നല്‍കിയത്. 1098 വൃശ്ചികം (1923) മാസത്തില്‍ വൈക്കത്തെ കനാല്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത റെഡീമെര്‍ ബോട്ടിന് 95 പേര്‍ക്കുള്ള യാത്രാ ലൈസന്‍സും ലഭിച്ചു. 52 അടി നീളവും 9 അടി വീതിയും ജലാന്തരഭാഗത്തേക്ക് 3 അടി താഴ്ചയും ഉള്ള ബോട്ടിന് 16 ടണ്‍ ഭാരം വഹിക്കുന്നതിനുള്ള ശേഷിയാണുണ്ടായിരുന്നത്. അക്കാലത്ത് ഏതൊരു യാത്രാബോട്ടിനും പെര്‍മിറ്റ് നല്‍കുമ്പോള്‍ പത്ത് ക്യൂബിക് അടി കാര്‍ഗോ ഒരു യാത്രാക്കാരന് തുല്യമാണെന്ന നിലയില്‍ പ്രത്യേകം പരാമര്‍ശിക്കുകയും അത് ലൈസന്‍സില്‍ കാണിക്കുകയും ചെയ്തിരുന്നു.

റെഡീമെര്‍ കമ്പനിയുടെ ആസ്ഥാനം ആലപ്പുഴയായിരുന്നുവെങ്കിലും കൊല്ലത്ത് അവര്‍ക്കൊരു ഓഫീസും ജെട്ടി മാസ്റ്റര്‍, കാഷ്യര്‍, ശിപായിമാര്‍ മറ്റ് അനുബന്ധ ജോലിക്കാരും പ്രവര്‍ത്തിച്ചിരുന്നു. പൊതുവെ, കൊല്ലം - ആലപ്പുഴ ജലപാതയിലെ ബോട്ടുകള്‍ തമ്മില്‍ കിടമത്സരങ്ങളുടെ ഒരു കാലമായിരുന്നു അത്. റെഡീമെറിന്റെ വരവ് മത്സരം കൂടുതല്‍ കടുപ്പിച്ചു. വളരെ നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കാന്‍ തുടക്കം മുതല്‍തന്നെ അവര്‍ പരിശ്രമിച്ചിരുന്നു. സാധാരണ നിരക്ക് റഗുലേഷന്‍ നിലവിലില്ലാതിരുന്ന അക്കാലത്ത് കൊല്ലം - ആലപ്പുഴ റൂട്ടില്‍ മോട്ടോര്‍ ബോട്ടുകളില്‍ മൂന്നാം ക്ലാസ്സ് ടിക്കറ്റ് നിരക്ക് ഒരു രൂപയായിരുന്നുവെങ്കില്‍ റെഡീമെര്‍ അരരൂപ (എട്ടണ) മാത്രമായിരുന്നു ഈടാക്കി വന്നിരുന്നത്. തന്മൂലം ഉത്സവ സീസണൊഴികെ സാധാരണ ടിക്കറ്റുകളില്‍ ഇത്തരത്തില്‍ നിരക്ക് കുറയ്ക്കാന്‍ പല ബോട്ടുകളും നിര്‍ബ്ബന്ധിതരായി. 

സാധാരണ യാത്രക്കാരുടെ ഇടയില്‍ റെഡീമെര്‍ ബോട്ട് വളരെ വേഗത്തില്‍ ജനകീയനായി. അതിന്റെ സാന്നിദ്ധ്യം മേഖലയിലുള്ള കാലത്തോളം മറ്റുള്ള ബോട്ടുകളും അമിതകൂലി ഈടാക്കുകയില്ല എന്നൊരു തോന്നല്‍ യാത്രക്കാരില്‍ വന്നിരുന്നു. റെഡീമെറിന്റെ ആരാധകരായി തീരാന്‍ മറ്റൊരു കാരണം അതിന്റെ വേഗത തന്നെയായിരുന്നു. കായലിലൂടെ ചീറിപ്പാഞ്ഞുപോകുന്ന കുതിരയായി റെഡീമെറിനെ പലരും വിശേഷിപ്പിച്ചിരുന്നു.

എന്നാല്‍, ബോട്ടുടമകള്‍ക്ക് എല്ലാ സമയങ്ങളിലും നല്ല വരുമാനം ലഭിച്ചിരുന്നില്ല. ഇവിടങ്ങളിലെ ഉത്സവകാലങ്ങളില്‍, പ്രത്യേകിച്ചും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്, മുറജപം, വൈക്കത്തഷ്ടമി, കൊടുങ്ങല്ലൂര്‍ ഭരണി, ആലുവ ശിവരാത്രി, ചേര്‍ത്തലപൂരം, എടത്വ സെന്റ് ജോര്‍ജ് പുണ്യാളന്റെ തിരുനാള്‍, കോട്ടാര്‍ സെന്റ് സേവ്യര്‍ പുണ്യാളന്റെ തിരുനാള്‍ എന്നിവയ്ക്ക് പുറമേ കോളേജുകളും കോര്‍ട്ടുകളും അടയ്ക്കുകയും തുറക്കുകയും ചെയ്യുന്ന നാളുകളിലും വലിയ വരുമാനം ലഭിച്ചിരുന്നു. ഇക്കാലത്ത് ബോട്ടുടമകളുടെ നിര്‍ദ്ദേശ പ്രകാരം ഉയര്‍ന്ന ക്ലാസ്സുകളിലേക്ക് യാത്രക്കാരെ കാന്‍വാസു ചെയ്ത് കൊണ്ടുവരുന്നതിന് റെയില്‍വേ സ്റ്റേഷന്‍, കമ്പോളങ്ങള്‍ കേന്ദ്രീകരിച്ച് ഏജന്റുമാരും പ്രവര്‍ത്തിച്ചിരുന്നു. പലവിധ യാത്രാ സൗകര്യങ്ങള്‍ വാഗ്ദാനം നല്‍കി തങ്ങളിലേയ്ക്കാകര്‍ഷിച്ചശേഷം കൃത്യമായ സൗകര്യങ്ങള്‍ നല്‍കാതെ വരുമ്പോള്‍ അവര്‍ തമ്മില്‍ അസ്വാരസ്യങ്ങളും അടിപിടിയും അതിനുമേല്‍ കേസുകളും വന്നുചേരുക പതിവായിരുന്നു. അതെല്ലാം ഒതുക്കിത്തീര്‍ക്കുക മനേജ്മെന്റിന്റെ ചുമതലയുമായിരുന്നു. മത്സരം കടുത്തതോടെ വിദഗ്ദ്ധരായ സ്രാങ്കുകളേയും എന്‍ജിന്‍ ഓപ്പറേറ്റര്‍മാരേയും റാഞ്ചിയെടുക്കുന്ന രീതികളും നിലനിന്നിരുന്നു. പുതിയ ലാവണങ്ങള്‍ നോക്കി നടന്നിരുന്ന ജീവനക്കാര്‍ക്ക് മിക്കപ്പോഴും മനേജ്മെന്റിനോട് കൂറ് കുറവായിരുന്നു.

കുമാരനാശാൻ
കുമാരനാശാൻ

പല്ലനയില്‍ സംഭവിച്ചത്

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിന്റെ അവസാന ചടങ്ങായ ലക്ഷദീപം 1099 മകരം ഒന്നിന് കഴിഞ്ഞെങ്കിലും മറ്റു ചില ചടങ്ങുകള്‍ക്കായും സാധനസാമഗ്രികള്‍ വാങ്ങുന്നതിനും നമ്പൂതിരിമാരും മറ്റും തിരുവനന്തപുരത്ത് തങ്ങി. മകരം 2 മുതല്‍ വടക്കന്‍ തിരുവിതാംകൂര്‍, കൊച്ചി, മദ്രാസ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്ക് ബ്രാഹ്മണര്‍  ഉള്‍പ്പെടെയുള്ളവര്‍ മടങ്ങിപ്പോകുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിത്തുടങ്ങിയത്. ഇതില്‍ പലതും തിരുവനന്തപുരത്ത് നിന്നു കിട്ടിയ വള്ളങ്ങളിലും മോട്ടോര്‍ ബോട്ടുകളിലുമായി കൊല്ലത്തെത്തിച്ചേര്‍ന്നു. തുടര്‍ന്നുള്ള യാത്ര തീവണ്ടിയില്‍ തരപ്പെടുത്താമെന്നാഗ്രഹത്തില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വളരെയധികം ആളുകള്‍ തമ്പടിച്ചു. തീവണ്ടിയാത്ര തരപ്പെടാതിരുന്നവര്‍ വടക്കോട്ടുള്ള മോട്ടോര്‍ ബോട്ടുകളില്‍ കയറിപ്പറ്റുന്നതിനായി കൊല്ലം വാര്‍ഫിലേക്ക് വന്നണഞ്ഞുകൊണ്ടുമിരുന്നു. 

ഇത്തരത്തില്‍ മകരം 3 മുതല്‍ വളരെ വലിയ പുരുഷാരമായിരുന്നു അതിരാവിലെ മുതല്‍ പാതിരവരെ കൊല്ലം വാര്‍ഫില്‍ ബോട്ട് യാത്രയ്ക്കായി തടിച്ചുകൂടിയത്. വളരെയധികം ബോട്ടുകള്‍ അധികാരികളുടെ കണ്ണുവെട്ടിച്ചുകൊണ്ട് യാത്രക്കാരെ തിക്കിനിറച്ച് സവാരികള്‍ സംഘടിപ്പിച്ചു. ഇത്തരം ബോട്ടുകളില്‍ അധിക ചാര്‍ജ് ഈടാക്കിക്കൊണ്ട് കൂടുതല്‍ യാത്രക്കാരെ കയറ്റിക്കൊണ്ടുപോകുന്ന പ്രവണതയും ദൃശ്യമായിരുന്നു. ബോട്ടുമാസ്റ്റര്‍മാരും ജെട്ടി മാസ്റ്റര്‍മാരും ജെട്ടി സൂപ്രണ്ടുമാരും സുരക്ഷാഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള പൊലീസുകാരും മിക്കപ്പോഴും ഒത്തു ചേര്‍ന്ന് മൗനാനുവാദവും നല്‍കി വന്നിരുന്നു.  
മകരം 3-ന് രാത്രി 10.30 മണിക്ക് റെഡീമെര്‍ ബോട്ട് കൊല്ലം വാര്‍ഫില്‍ നിന്നും  നിറയെ യാത്രക്കാരും ജീവനക്കാരും കുറച്ചധികം ലഗേജുകളുമായി ആലപ്പുഴയ്ക്ക് തിരിച്ചു. മകരം 4-ന് രാവിലെ അഞ്ചു മണിക്ക് കൊല്ലത്തിന് 33 മൈല്‍ തെക്കും ആലപ്പുഴയ്ക്ക് 15 മൈല്‍ വടക്കുമായി സ്ഥിതി ചെയ്യുന്ന 'പല്ലന' എന്ന സ്ഥലത്തെത്തി. വളരെ ഒറ്റപ്പെട്ട പ്രദേശമായിരുന്നു അക്കാലത്ത് പല്ലന. തെങ്ങിന്‍തോപ്പുകള്‍ ഇരുകരകളിലുമായി വളര്‍ന്നുനില്‍ക്കുന്ന താഴ്ന്ന പ്രദേശമായ അവിടെ കിഴക്കേക്കരയില്‍ മാത്രമാണ് കൂടുതല്‍ മനുഷ്യവാസമുണ്ടായിരുന്നത്. അങ്ങിങ്ങായി ചില സാധാരണ ജനങ്ങള്‍ പടിഞ്ഞാറെ കരയിലും താമസമുണ്ടായിരുന്നു. കായംകുളം കായല്‍ വഴി ആലപ്പുഴയ്ക്ക് പ്രവേശിക്കുന്ന തോട്ടപ്പള്ളിക്കും തൃക്കുന്നപ്പുഴയ്ക്കും ഇടയില്‍ ഒരു വലിയ വളവുള്ള കനാല്‍ ഭാഗത്തുവച്ച് റെഡീമെര്‍ ബോട്ട് വലതുവശത്തേയ്ക്ക് ചരിഞ്ഞ് ഏറെക്കുറെ കീഴ്മേല്‍ മുങ്ങി. അപകടത്തെത്തുടര്‍ന്ന് ബോട്ടിലുണ്ടായിരുന്ന യാത്രക്കാരില്‍ 23 പേരും ഒരു ബോട്ടു ജീവനക്കാരനുമുള്‍പ്പെടെ 24 പേര്‍ മരണത്തിനു കീഴടങ്ങി; കുറച്ചധികം പേര്‍ക്ക് പരിക്കും പറ്റി. പത്തടിയോളം താഴ്ചയും 95 അടിയോളം വീതിയുമുള്ള പല്ലനയാറിന്റെ ഭാഗത്ത് യാത്രക്കാരുടെ ഭാണ്ഡങ്ങളും സാധനസാമഗ്രികളും ഒഴുകിപ്പോയി.  തുടര്‍ന്നുള്ള നാലു ദിവസങ്ങളിലായിട്ടാണ് മൃതദേഹങ്ങള്‍ കണ്ടെടുക്കപ്പെട്ടത്. ജനുവരി 17-ന് ഒന്‍പത് പേരെയും രണ്ടാംദിനമായ ജനുവരി 18 ന് എട്ടുപേരെയും ജനുവരി 19-ന് രണ്ടും അവസാനമായി ജനുവരി 20-ന് അഞ്ചുപേരെയും പല്ലനയുടെ ഓളങ്ങള്‍ തിരികെ തന്നു. കണ്ടെടുക്കപ്പെട്ടവരില്‍ 19 പേരെ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാതെ മറവുചെയ്ത അഞ്ചുപേരില്‍ മൂന്നുപേരെ ബന്ധുക്കള്‍ പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലൂടെ പിന്നീട് തിരിച്ചറിഞ്ഞു. മൃതദേഹങ്ങളെ ജാതി തിരിച്ചാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ കൊടുത്തിരിക്കുന്നത്: ''ഒരു നാടാര്‍, ഒരു ഇളയത്, ഒരു ക്രിസ്ത്യാനി (ബോട്ടു ജീവനക്കാരന്‍), ഒരു ഈഴവന്‍, ഒരു ആശാരി, രണ്ടു നായന്മാര്‍, മൂന്ന് തമിഴ് ബ്രാഹ്മണ സ്ത്രീകള്‍, നാല് തമിഴ് ബ്രാഹ്മണ കുട്ടികള്‍ (ഒരാണ്‍കുട്ടി, മൂന്ന് പെണ്‍കുട്ടികള്‍), അഞ്ച് നമ്പൂതിരിമാര്‍.'' അന്വേഷണ റിപ്പോര്‍ട്ടിന്റെ ഈ ഭാഗത്താണ് ബോട്ടപകടത്തില്‍ മരണപ്പെട്ട കുമാരനാശാനെക്കുറിച്ച് പരാമര്‍ശമുള്ളത്: ''മുങ്ങി മരിച്ചവരില്‍ മലയാള ഭാഷാ പണ്ഡിതനും കവിയും ഈഴവ സമുദായ നേതാവുമായ കുമാരനാശാനും ഉള്‍പ്പെട്ടിരുന്നു.'' അപകടത്തിന്റെ രണ്ടാം ദിനം (മകരം 5/ ജനുവരി 18) കണ്ടെത്തിയ എട്ടു മൃതശരീരങ്ങളില്‍ ഒന്ന് മഹാകവിയുടേതായിരുന്നു. പൊലീസ് നിര്‍ദ്ദേശ പ്രകാരം അന്ന് ഹരിപ്പാടു നിന്നും വന്ന ഫോട്ടോഗ്രാഫര്‍ മൃതശരീരത്തിന്റെ ചിത്രം പകര്‍ത്തിയിരുന്നു. (ആ ചിത്രങ്ങളില്‍ ചിലത് പില്‍ക്കാലത്ത് കോഴിക്കോട് സര്‍വ്വകലാശാലയിലെ മലയാള വിഭാഗത്തില്‍ സൂക്ഷിക്കുന്നതിനായി സുകുമാര്‍ അഴീക്കോട് വാങ്ങിസൂക്ഷിച്ചിരുന്നതായി സൂചനയുണ്ട്). 

'റെഡീമെര്‍' ദുരന്തമായതിനു പിന്നില്‍

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കൊല്ലം - ആലപ്പുഴ റൂട്ടില്‍ സ്വകാര്യ മോട്ടോര്‍ ബോട്ടുകള്‍ യാത്രയ്ക്കായി എത്തിച്ചത് യൂറോപ്യന്‍ കമ്പനിയായിരുന്നെങ്കിലും കൂടുതലായി ഈ  രംഗത്ത് ശോഭിച്ചത് ആലപ്പുഴയിലേയും കൊച്ചിയിലേയും ക്രിസ്ത്യന്‍-മുസ്ലിം മുതലാളിമാരായിരുന്നു. തന്മൂലം അക്കാലത്തെ ബോട്ടുയാത്രക്കാരുടെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്ന പേരുകളായിരുന്നു നൂറുല്‍ ഇസ്ലാം, നൂറുല്‍ ബഹര്‍, കരീമ, എം.എന്‍. നമ്പര്‍.7, മജീദി, നൂറുല്‍ റഹിമാന്‍, ക്യൂണ്‍ മഡോണ, ജി.എച്ച്. ഡാവി, മുഹമ്മദീയ, മോര്‍ണിംഗ് സ്റ്റാര്‍ മുതലായവ. മിക്കപ്പോഴും മുറജപം പോലെയുള്ള ഉത്സവ സീസണുകളില്‍ സര്‍ക്കാര്‍ തലത്തില്‍ ഇത്തരത്തിലുള്ള ബോട്ടുകള്‍ സര്‍വ്വീസാവശ്യത്തിന് ഉപയോഗിച്ചും വന്നിരുന്നു. 

1099 മകരം 3 (1924 ജനുവരി 16) ന് കൊല്ലം വാര്‍ഫില്‍ നിന്ന് രാത്രി പത്തരമണിക്ക് പുറപ്പെട്ട റെഡീമെര്‍ മുറജപത്തിനെത്തിയ യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. ബോട്ടില്‍ അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാര്‍ കയറിയതിനാല്‍ എല്ലാവരും ബുദ്ധിമുട്ടനുഭവിച്ചു തന്നെയാണ് യാത്ര തുടര്‍ന്നത്. പാതിരാവായിട്ടും പലര്‍ക്കും ഉറങ്ങാന്‍പോലും കഴിഞ്ഞിരുന്നില്ല. ബോട്ടുമാസ്റ്ററുടെ ശ്രദ്ധയിലേയ്ക്ക് തങ്ങളുടെ അവസ്ഥ അറിയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിട്ടും ഫലമൊന്നും ഉണ്ടായില്ല. പലരോടും അക്ഷമനായി ബോട്ടുമാസ്റ്റര്‍ തട്ടികയറിക്കൊണ്ടിരിന്നു. പലര്‍ക്കും ബോട്ടിന്റെ സംഭരണശേഷിയില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ കുഴപ്പമൊന്നും കൂടാതെ അഷ്ടമുടി കായല്‍ പിന്നിട്ടതോടെ പലരുടേയും ആശങ്കകള്‍ മാറി. അതോടെ പലരും ഉറക്കത്തിലേയ്ക്ക് വഴുതിവീണു. തുടര്‍ന്ന് ചിലര്‍ മരണത്തിലേയ്ക്കും...

മകരം 3-ന് രാത്രിയില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 119 മുതിര്‍ന്നവരും 9 കുട്ടികളും ഉള്‍പ്പെടെ 128 പേര്‍ യാത്രക്കാരായി ബോട്ടിലുണ്ടായിരുന്നു എന്നതാണ്. അതോടൊപ്പം 61 ക്യൂബിക് അടി വരുന്ന ലഗ്ഗേജും; അതുതന്നെ ആറ് യാത്രക്കാര്‍ക്ക് തുല്യമായതാണ്. ആകെ അനുവദിച്ചിട്ടുള്ള യാത്രക്കാരുടെ സംഖ്യ 95 മാത്രവും. പുറമേ ബോട്ടു ജീവനക്കാര്‍ എട്ടുപേരും. കൊല്ലത്തുനിന്ന് പുറപ്പെട്ടതിനു ശേഷവും നിരവധി യാത്രക്കാര്‍ റെഡീമെറിലേയ്ക്ക് എത്തിയിരുന്നു. എത്രപേര്‍ കയറിയെന്നോ എത്രപേര്‍ ഇടയ്ക്ക് ഇറങ്ങിയെന്നോ കാണിക്കുന്ന ടിക്കറ്റ് ബുക്കുകള്‍ റെഡീമെറില്‍ നിന്നും കണ്ടെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മുറജപത്തിന്റെ ഭാഗമായി എത്തിയവരെ അധികമായി കയറ്റിക്കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ ബോട്ടുജീവനക്കാരില്‍നിന്നും നടന്നുവന്നിരുന്നു. അതിനായി കൂടുതല്‍ തുക ഈടാക്കി. ഇത്തരത്തില്‍ അനുവദനീയമായതില്‍ കൂടുതലാളുകളെ കയറ്റുന്നതിനെ തടയിടുന്നതിന് ജെട്ടി സൂപ്രണ്ട്, വാര്‍ഫില്‍ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശ്രമിച്ചിരുന്നു. റെഡീമെര്‍ പുറപ്പെട്ടത് രാത്രി 10 മണിക്ക് ശേഷമായതിനാല്‍ ഉദ്യോഗസ്ഥരില്‍ പലരും വാര്‍ഫിലുണ്ടായിരുന്നില്ല. എന്നിരുന്നാലും കൂടുതല്‍ ആളുകളെ കയറ്റുമ്പോഴും ബോട്ട്മാസ്റ്റര്‍ തന്റെ രജിസ്റ്ററില്‍ ലൈസന്‍സ് പ്രകാരമുള്ള യാത്രക്കാരുടെ എണ്ണം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മകരം 3-ലെ കണക്കിലും റെഡീമെറിലെ അനുവദനീയ സംഖ്യയാണ് ഓഫീസിലെ നോട്ടുബുക്കില്‍ കുറിച്ചിട്ടിരിക്കുന്നത്. വിവിധ ദിവസങ്ങളില്‍ കൂടുതല്‍ ആളുകളെ അധികം കയറ്റിവിട്ടിരുന്നുവെന്നതിന് സൂചനകള്‍ അതില്‍ തന്നെയുണ്ടായിരുന്നു. അപകടത്തിന് കുറച്ചുനാള്‍ മുന്‍പ് (13/4/1095) 131 പേര്‍ (അതായത് മകരം 3-ലെ യാത്രക്കാരെക്കാള്‍ 17 പേര്‍ കൂടുതല്‍) യാത്ര ചെയ്തുവെന്നും നോട്ടുബുക്കില്‍ നിന്നും ലഭിച്ചു. രാത്രികാലങ്ങളില്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം കുറയുന്നതിനാല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ബോട്ടു ജീവനക്കാര്‍ ശ്രമിച്ചിരുന്നു. കനാല്‍ റെഗുലേഷന്‍ പ്രകാരം ലൈസന്‍സില്‍ കാണിക്കുന്നതിനെക്കാള്‍ കൂടുതല്‍ യാത്രക്കാരെ കയറ്റിയാല്‍ അതിന് തടയിടുന്നതിന് പൊലീസുകാര്‍ക്ക് അധികാരമുണ്ടായിരുന്നു. എന്നാല്‍ പലപ്പോഴും അവര്‍ ബോട്ടു ജീവനക്കാരുടെ മാസപ്പടി സ്വീകരിച്ചു കണ്ണടച്ചിരുന്നു. തങ്ങളുടെ ഇംഗിതത്തിന് വിധേയരാകാത്ത ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചും കൂടുതല്‍ ആളുകളെ കയറ്റിവിട്ടിരുന്നു. ഓരോ ബോട്ടുകള്‍ക്കും വിവിധ സ്ഥലങ്ങളില്‍ തമ്പടിച്ചിരിക്കുന്ന യാത്രക്കാരെ ആകര്‍ഷിച്ച് തങ്ങളുടെ ബോട്ടിലേക്കെത്തിക്കുന്നതിന് ഏജന്റുമാരും ഉണ്ടായിരുന്നു. ഇത്തരത്തില്‍ റെഡീമെറിലേയ്ക്ക് ഒരു സംഘമാളുകളെ കയറ്റി വിട്ടതിനെക്കുറിച്ച് തെക്കന്‍ കാനറയില്‍ നിന്നുള്ള ചില എമ്പ്രാന്തിരിമാര്‍ പറഞ്ഞത്: ''കൊല്ലം വാര്‍ഫില്‍ വച്ച് തിങ്ങിനിറഞ്ഞ റെഡീമെറില്‍ കയറാതെ യാത്ര അടുത്ത ദിവസത്തേയ്ക്ക് ആക്കാന്‍ തീരുമാനിച്ച തങ്ങളെ ശേഖരന്‍ എന്നു പേരായ ബോട്ടു തൊഴിലാളി സമീപിച്ചിട്ട് (അദ്ദേഹം മുന്‍പ് റെഡീമെറിലെ സ്രാങ്ക് കൂടിയായിരുന്നുവെന്നാണറിയിച്ചത്) ബോട്ട് യാത്രയ്ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാമെന്നും അധികം പണം നല്‍കിയാല്‍ മതിയെന്നും ധരിപ്പിച്ചു. തങ്ങള്‍ക്ക് സ്ഥലപരിചയമില്ലെന്നു മനസ്സിലാക്കി അയാള്‍ തുടര്‍ന്നുവരുന്ന ബോട്ടില്‍ യാത്രാസൗകര്യം ചെയ്യാമെന്ന് അറിയിച്ച് ഒരു രൂപ വീതം വാങ്ങി ഒരു വള്ളത്തില്‍ അടുത്തുള്ള തേവള്ളി ജെട്ടിയില്‍ ഇറക്കി. അവിടെ നിന്നപ്പോള്‍ തങ്ങള്‍ കൊല്ലം വാര്‍ഫില്‍ യാത്രക്കാരുടെ തിരക്കുമൂലം കയറാതെനിന്ന് റെഡീമെര്‍ ബോട്ട് വരുകയും അത് കരയ്ക്കടുപ്പിച്ച് തങ്ങളെ അതില്‍ കയറാന്‍ നിര്‍ബ്ബന്ധിക്കുകയായിരുന്നു.''

തേവള്ളിയിലേയ്ക്ക് അടുപ്പിച്ച് കൂടുതല്‍ ആളുകളെ കയറ്റാനുള്ള നിര്‍ദ്ദേശം സ്രാങ്ക് സൈമണു മാത്രമേ കിട്ടിയിരുന്നുള്ളൂ. ബോട്ട് മാസ്റ്റര്‍ പോലും സിഗ്‌നല്‍ പോലും നല്‍കാതെ ബോട്ടടുപ്പിച്ചപ്പോഴാണ് ഇതറിഞ്ഞത്. അവിടെനിന്ന് പത്ത് മുതല്‍ 30 പേര്‍ വരെ കയറിയെന്നാണ് സ്ഥിരീകരിക്കാത്ത കണക്ക്. എമ്പ്രാന്തിരിമാരുടെ സംഘത്തില്‍ ഉള്‍പ്പെട്ട പന്ത്രണ്ട് പേര്‍ക്കു പുറമേ മറ്റു സംഘങ്ങളും കയറിയെന്നാണ് സൂചന. രസകരമായൊരു വസ്തുത ഇത്തരത്തില്‍ അധികമായി കയറ്റിയിരുന്നവരില്‍ നിന്നും ഈടാക്കിയിരുന്ന പണം ബോട്ടു ജീവനക്കാര്‍ വീതിച്ചെടുത്തിരുന്നു. മാത്രമല്ല, ടിക്കറ്റുകളിലും മുതലാളിമാര്‍ അറിയാതെ കൃത്രിമം നടത്തി വന്നിരുന്നു. മകരം 3-ലെ ടിക്കറ്റ് രേഖകളിലും ബുക്കിലും രേഖപ്പെടുത്തിയ തരത്തിലായിരുന്നില്ല  യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന ടിക്കറ്റുകള്‍. ഉദാഹരണത്തിന് റെഡീമറില്‍ അന്ന് കൊടുത്ത ടിക്കറ്റു നം. 3574, 3579, 3583, 3584 എന്നിവകളില്‍ യഥാക്രമം നാല്, എട്ട്, മൂന്ന്, പന്ത്രണ്ട് യാത്രക്കാര്‍ വീതം യാത്രചെയ്തുവന്നു. ഒരു ടിക്കറ്റില്‍ത്തന്നെ ഒന്നില്‍ കൂടുതല്‍ യാത്രക്കാരനെ അനുവദിക്കുക വഴി കൂടുതല്‍ ആളുകളെ കയറ്റുന്നതിന് അവര്‍ക്കു സാധിച്ചു. ചില ടിക്കറ്റുകള്‍ പ്രത്യേകിച്ചും ഒരു രൂപ വിലയുള്ള തേര്‍ഡ് ക്ലാസ്സ് എന്നത് വെട്ടിത്തിരുത്തി ഒന്നര രൂപ വിലവരുന്ന സെക്കന്റ് ബി ക്ലാസ്സ് ടിക്കറ്റെന്നാക്കി. തേര്‍ഡ് ക്ലാസ്സിന് 8 അണ മാത്രമായിരുന്നുവെങ്കില്‍ യാത്രക്കാരുടെ കൈവശമുണ്ടായിരുന്ന ടിക്കറ്റില്‍ അത് ഒരു രൂപയാക്കി തിരുത്തിയിരുന്നു. (കൊല്ലം ഓഫീസില്‍നിന്നും അപകടശേഷം ജെട്ടി ഫോം പരിശോധിച്ചപ്പോഴും ടിക്കറ്റ് കൗണ്ടര്‍ഫോയില്‍ പരിശോധിച്ചപ്പോഴും വെട്ടിത്തിരുത്തലുകളും നടന്നതായി കാണാന്‍ കഴിഞ്ഞു. അനുവദിച്ച 95 പേരുടെ ടിക്കറ്റ് വിവരങ്ങളാണ് അന്നുണ്ടായിരുന്നത്. വിവരങ്ങളെല്ലാം രേഖപ്പെടുത്തിയതും ഒപ്പുവച്ചിട്ടുള്ളതും ഇംഗ്ലീഷിലായിരുന്നുവെങ്കിലും ജെട്ടി മാസ്റ്റര്‍ക്ക് ഇംഗ്ലീഷ് വശമില്ലാത്തയാളാണെന്നും അതെല്ലാം ക്യാഷറാണ് തയ്യാറാക്കിയത് എന്ന് കമ്മിഷന്‍ കണ്ടെത്തി. സാമ്പത്തിക അതിക്രമങ്ങള്‍ ഉടമസ്ഥനറിയാതെയായിരുന്നു കൊല്ലത്തെ  ഓഫീസില്‍ നടന്നിരുന്നത്. ഇക്കാലത്ത് ചികിത്സ സംബന്ധിച്ചും മറ്റുമായി ഓഫീസില്‍ നേരിട്ടുവന്ന് പരിശോധിക്കുന്നതിന് ഉടമസ്ഥന്‍ വര്‍ക്കി മത്തായിക്ക് സാധിച്ചിരുന്നില്ല. ഉത്സവസീസണ്‍ കൂടിയായതിനാല്‍ ബോട്ടു ജീവനക്കാര്‍ അവസരം മുതലാക്കി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതെന്ന് ഉടമ കമ്മിഷനു മൊഴിനല്‍കി).

അനുവദനീയമായതിനാല്‍ കൂടുതല്‍ ഭാരവുമായി നീങ്ങിയ റെഡീമെറിന്റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടുന്ന തരത്തില്‍ മുകള്‍ ഡെക്കില്‍ നിറയെ  യാത്രാക്കാരും ലഗ്ഗേജും നിറഞ്ഞിരുന്നു. മാത്രമല്ല, റെഡീമര്‍ പരന്ന പ്രതലാവസ്ഥയോട് (flat bottomed) കൂടിയതായിരുന്നില്ല. അതിന്റെ അടിഭാഗം സിലിണ്ടര്‍ ഷെപ്പിലായിരുന്നു. ഇത്തരത്തിലൊരു ബോട്ടിന്റെ ജലാന്തര്‍ഭാഗത്തെ സ്ഥിരതയ്ക്ക് കുറഞ്ഞ ഭൂഗുരുത്വമാണ് ഉറപ്പാക്കേണ്ടത്. രാത്രി 10.30 ന് കൊല്ലം ജെട്ടിയില്‍ നിന്ന് പുറപ്പെട്ട റെഡീമറിന്റെ തോട്ടപ്പള്ളിയില്‍ നിന്ന് ഒന്നരമൈല്‍ (2.4 കിലോമീറ്റര്‍) അകലെയുള്ള പല്ലനയിലെത്തിയത് ആറരമണിക്കൂര്‍ കൊണ്ടാണ്. ആകെ ദൂരമായ 33 മൈല്‍ (54 കി.മി) സഞ്ചരിക്കാനെടുത്ത സമയമാണിത്. അക്കാലത്ത് സാധാരണ ജലാശയത്തിലൂടെയുള്ള സഞ്ചാരത്തിന് അനുവദനീയമായ വേഗത മണിക്കൂറില്‍ മൂന്ന് മൈല്‍ (4.83 കി.മീ) മാത്രമായിരുന്നുവെങ്കില്‍ റെഡീമെര്‍ മണിക്കൂറില്‍ 5 മൈല്‍ (8 കി.മീ) വേഗതയിലായിരുന്നു. പല്ലനയിലെ വളവിലെത്തിയപ്പോള്‍ സ്രാങ്ക് സൈമണ്‍ വേഗത കുറയ്ക്കുവാന്‍ എന്‍ജിന്‍ ഡ്രൈവറോട് ആവശ്യപ്പെട്ട് സിഗ്‌നല്‍ നല്‍കി. എന്നാല്‍ ആവശ്യത്തിന് വേഗത താഴുന്നതിന് മുന്‍പ് തന്നെ സെക്കന്റുകള്‍ക്കുള്ളില്‍ സ്രാങ്കിന്  വളയ്ക്കേണ്ടിവരുകയും തുടര്‍ന്ന് എന്‍ജിന്‍ ഡിക്ലെച്ചിംഗ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല, അപ്പര്‍ ഡെക്കില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളും ലഗ്ഗേജും ഇരുന്നതിനാല്‍ ശരിയായ കേന്ദ്രീകരണത്തിലൂടെ ബോട്ട് നിയന്ത്രിച്ചു പോകുവാന്‍ സ്രാങ്കിനും എന്‍ജിന്‍ ഡ്രൈവര്‍ക്കും സാധിച്ചില്ല. മകരം 4-ന് രാവിലെ 5 മണിയോടടുത്ത് പല്ലനയിലെ വളവില്‍ റെഡീമര്‍ ബോട്ട് മറിഞ്ഞു. കൂട്ട നിലവിളിക്കിടയില്‍ യാത്രക്കാര്‍ രക്ഷപ്പെടുന്നതിനുള്ള പരിശ്രമങ്ങള്‍ നടത്തി. രക്ഷപ്പെട്ടവര്‍ കുടുങ്ങിക്കിടന്നവരെ രക്ഷിക്കുന്നതിനും പരിശ്രമിച്ചു. കുറച്ചുപേര്‍ മുങ്ങിപ്പോയി. വെള്ളത്തിലേയ്ക്ക് മറിഞ്ഞ അപ്പര്‍ ഡെക്കില്‍ കൂടുതല്‍ പേര്‍ കുടുങ്ങിപ്പോയി. ജനല്‍പ്പാളികള്‍ തുറന്ന്  പുറത്തിറങ്ങാന്‍ പലര്‍ക്കും കഴിയാതെ ആയി. വലിയ ശബ്ദത്താലും കൂട്ടനിലവിളിയാലും മുഖരിതമായ അപകടസ്ഥലത്തേയ്ക്ക് കരയില്‍നിന്ന് വലിയ രണ്ട് വള്ളത്തിലെത്തിയവര്‍ വളരെ പേരെ രക്ഷപ്പെടുത്തി കരയ്ക്കടുപ്പിച്ചു. രക്ഷകരായി ഈ വള്ളത്തിലെത്തിയവര്‍ ആരെന്നോ എവിടുന്നെന്നോ അന്വേഷിച്ചിട്ട് പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ വള്ളങ്ങളുടെ സഹായം കിട്ടിയിരുന്നില്ലെങ്കില്‍ പല്ലന ഒരു ജലശ്മശാന (water grave) മാകുമായിരുന്നുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് പ്രസ്താവിക്കുന്നത്.

അപകടശേഷം പതിനഞ്ച് മിനിട്ട് കഴിയവെ അതുവഴി നിറയെ യാത്രക്കാരുമായി മൂന്ന് ബോട്ടുകള്‍-മഹമ്മദീയ, മോണിംഗ്സ്റ്റാര്‍, നൂറുല്‍ ഇസ്ലാം - ആലപ്പുഴയ്ക്ക് പോയിരുന്നു. അവകളില്‍ നിറയെ യാത്രാക്കാരുണ്ടായിരുന്നതിനാല്‍ കൂടുതല്‍ സഹായങ്ങള്‍ക്ക് കഴിഞ്ഞില്ല. മോണിംഗ് സ്റ്റാര്‍, മഹമ്മദീയ്യ എന്നീ ബോട്ടുകള്‍ വലിയ വടങ്ങള്‍ നല്‍കി സഹായിച്ചുവെങ്കിലും അവര്‍ക്ക് അവിടം വിട്ടു പോകേണ്ടിവന്നു. മൂന്നാമതെത്തിയ നൂറുല്‍ ഇസ്ലാം അപകടമേഖലയ്ക്ക് സമീപത്തുകൂടി പോലും വരാതെ ഒഴിഞ്ഞുപോയതിനെ പലരും- അന്വേഷണ കമ്മിഷനും പത്രങ്ങളും - കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ തന്റെ ബോട്ടു നിറയെ മുറജപം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്നും മടങ്ങുന്ന നമ്പൂതിരിമാര്‍ മാത്രമായിരുന്നു; അപകടമറിഞ്ഞയുടന്‍ അതു വഴി പോകുന്നതില്‍ സ്രാങ്കിനെ വിലക്കുകയും ശവശരീരങ്ങളുടെ സാമീപ്യം തങ്ങള്‍ക്ക് അശുദ്ധി ഉണ്ടാക്കുമെന്ന് നിര്‍ബ്ബന്ധം പിടിച്ചതിനാലാണ് അത്തരത്തില്‍ പ്രവര്‍ത്തിക്കേണ്ടി വന്നതെന്നാണ് സ്രാങ്ക് നല്‍കിയ റിപ്പോര്‍ട്ട്. 

ബോട്ടിലുണ്ടായിരുന്നവരില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതില്‍ കൊടൈക്കനാല്‍ ഇംഗ്ലീഷ് ക്ലബ്ബിന്റെ മാനേജര്‍ സ്വാമിനാഥ അയ്യരുടെ സേവനത്തെ അന്വേഷണ കമ്മിഷനും പത്രങ്ങളും ശ്ലാഘിക്കുകയുണ്ടായി. തന്റെ ആറംഗ കുടുംബാംഗങ്ങളില്‍  രണ്ടു പേര്‍ മുങ്ങി കാണാതെയായിട്ടും അദ്ദേഹത്തിന്റെ  ധീരമായ ഇടപെടല്‍ പല ജീവനുകളും രക്ഷിക്കുന്നതിന് ഇടനല്‍കി.

മൂന്നാം ക്ലാസ്സ് യാത്രക്കാരായ സാധാരണക്കാരുടെ സാധനങ്ങള്‍ ഒഴിച്ചാല്‍ മറ്റുള്ളവരുടേതായി വിലപിടിപ്പുള്ള ധാരാളം വസ്തുവകകളും പണവും വെള്ളത്തില്‍ പോയി. മുറജപത്തില്‍ പങ്കെടുത്തു മടങ്ങുമ്പോള്‍ ലഭിച്ച ദക്ഷിണയും (മുപ്പതു മുതല്‍ അന്‍പതുവരെ രൂപ) മറ്റ് ഉപഹാരങ്ങളുമായി മുപ്പതോളം നമ്പൂതിരിമാരും എമ്പ്രാന്തിരിമാരും ഒന്നാം ക്ലാസ്സില്‍ യാത്ര ചെയ്തിരുന്നു. കുറച്ചുപേര്‍ തങ്ങള്‍ക്കു ലഭിച്ച ദക്ഷിണയില്‍നിന്ന് കുറച്ചെടുത്ത് തുണിത്തരങ്ങളും മറ്റും വാങ്ങി ഭാണ്ഡത്തിലാക്കി സൂക്ഷിച്ചിരുന്നു. മുറജപത്തിന്റെ ഭാഗമായി  കിട്ടിയ ധാന്യങ്ങള്‍ വേറെയും. അവര്‍ കൂടാതെ കോട്ടയത്ത് വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ആറ്റിങ്ങലില്‍ നിന്നുള്ള സമ്പന്ന നായര്‍ തറവാട്ടിലെ പതിനൊന്നോളം വരുന്ന കുടുംബാംഗങ്ങള്‍ ബോട്ടിലുണ്ടായിരുന്നു. അവരുടേതായി വലിയൊരു ഇരുമ്പുപെട്ടിയും അതില്‍ തുണിത്തരങ്ങളും  പണവുമുണ്ടായിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഒരു പ്രമാണി തന്റെ തുകല്‍സഞ്ചിയില്‍ കുറച്ചു പണവും മറ്റൊരു സ്റ്റീല്‍ റങ്കില്‍ കുറച്ച്  വസ്ത്രങ്ങളും ആഭരണങ്ങളും സൂക്ഷിച്ചിരുന്നതും അപകടത്തില്‍പ്പെട്ടു. ഇവര്‍ക്കു പുറമെ പലരുടേയും സ്റ്റീല്‍പ്പെട്ടികള്‍, റിസ്റ്റ് വാച്ചുകള്‍, പണക്കിഴികള്‍, സ്വര്‍ണ്ണമാലകള്‍, തുണിക്കെട്ടുകള്‍, കുടകള്‍ എന്നിവ വെള്ളത്തില്‍ ഒഴുകിപ്പോയി.

അപകടത്തില്‍പ്പെട്ട ഏറെക്കുറെ പേരെയും കരയ്ക്കെത്തിച്ചശേഷം നാട്ടുകാരുടെ പ്രധാന ദൗത്യമായി മാറിയത് ഒഴുകിനടക്കുന്ന സാധന സാമഗ്രികള്‍ കരയ്ക്കെത്തിക്കുകയെന്നതായിരുന്നു. ക്യാബിനിലും മുകള്‍ഡെക്കിലും കുടുങ്ങി  മരണം വരിച്ചവരെ അവിടെനിന്നും കരയ്ക്കെത്തിക്കുന്നതിനും നാട്ടുകാരും വന്നെത്തിയ ഉദ്യോഗസ്ഥരും പരിശ്രമിച്ചു. ആഴം കുറഞ്ഞ പ്രദേശമായതിനാല്‍ വലകള്‍ വിരിച്ചും ചെറുവള്ളങ്ങളിലുമായി തിരച്ചില്‍ നടത്തി. നഷ്ടപ്പെട്ട പല സാധനങ്ങളും കരയ്ക്കെത്തിച്ചു. അപകടം നടന്ന ബോട്ടില്‍ തന്നെ മുറജപം ഡ്യൂട്ടികഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. തന്മൂലം അവരുടെ ശ്രദ്ധയാല്‍ കരയ്ക്കെത്തിച്ചവ മോഷണം പോകാതെ ഉടമസ്ഥര്‍ക്ക് മജിസ്ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ തിരിച്ചു നല്‍കാന്‍ സാധിച്ചു. തങ്ങളുടെ വസ്തുക്കള്‍ തിരികെ ലഭിക്കുന്നവരെ ഒന്നുരണ്ടു ദിവസം അവിടെ തങ്ങാനും ചിലര്‍ അമാന്തം കാണിച്ചില്ല.

ആറ്റിങ്ങലില്‍ നിന്നുള്ള കല്യാണപാര്‍ട്ടിക്കാരുടെ പെട്ടി കണ്ടെടുത്തു നല്‍കാന്‍ കഴിഞ്ഞെങ്കിലും കൊച്ചിയിലെ നായര്‍ പ്രമാണിയുടെ തുകല്‍ ബാഗ് മാത്രമാണ് ലഭിച്ചത്. സ്വദേശത്തേക്ക് പെട്ടെന്ന് മടങ്ങിപ്പോകാന്‍ താല്പര്യപ്പെട്ട അദ്ദേഹം നഷ്ടപ്പെട്ട പെട്ടിയിലുള്ള സാധന സാമഗ്രികളുടെ ലിസ്റ്റ് എഴുതി പൊലീസ് ഉദ്യോഗസ്ഥനു നല്‍കി: നൂറിന്റെ അഞ്ച് കറന്‍സി നോട്ടുകള്‍, നൂറ്റിയെട്ട് മണികളുള്ള സ്വര്‍ണ്ണമാല, 5500 രൂപ വിലവരുന്ന സ്വകാര്യ വ്യക്തികളുടെ പ്രോമിസറി നോട്ടുകള്‍, അങ്ങനെ പോകുന്നു ആ ലിസ്റ്റ്.  പെട്ടി കണ്ടെടുക്കാന്‍ കഴിയാതിരുന്നതിനാല്‍ അതിന്റെ വിശ്വാസ്യതയില്‍ പിന്നീട് ഉദ്യോഗസ്ഥര്‍ക്ക് സംശയമുണ്ടായി. (അന്വേഷണ കമ്മിഷന്‍ പ്രമാണിയെ വിളിച്ചുവരുത്താന്‍ ശ്രമിച്ചെങ്കിലും ചികിത്സയുടെ ഭാഗമായി തുടരുന്നതിനാല്‍ എത്തിച്ചേരാന്‍ കഴിയില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്).

അതിരാവിലെ തന്നെ തോട്ടപ്പള്ളിയിലെ ലോക് സൂപ്രണ്ടായിരുന്ന പി.ഐ. കോശിക്കു അപകടവാര്‍ത്ത കിട്ടുകയും അദ്ദേഹം ഉടന്‍തന്നെ പല്ലനയിലേക്ക് തിരിച്ചു. വരുംവഴി പൊലീസ് എയ്ഡ് പോസ്റ്റിലും വിവരമറിയിച്ചു. അദ്ദേഹമാണ് ആദ്യമായി അപകടസ്ഥലത്തെത്തി ഉദ്യോഗസ്ഥന്‍ വരും വഴി അപകടം സംബന്ധിച്ച ഒരു കുറിപ്പ് കായംകുളം കനാല്‍ ഓഫീസില്‍ എത്തിക്കുന്നതിന് ഏര്‍പ്പാടും ചെയ്തു. പല്ലനയിലെത്തി രക്ഷാപ്രവര്‍ത്തനത്തിലും അടിയന്തര ശുശ്രൂഷ വേണ്ടുന്നവരേയും സംരക്ഷിച്ച അദ്ദേഹം കൊല്ലത്തെ ചീഫ് എന്‍ജിനീയര്‍ക്ക് ടെലഗ്രാം അടിക്കുന്നതിനായി മടങ്ങിപ്പോയി. തിരിച്ചെത്തിയ അദ്ദേഹം അപകടത്തില്‍പ്പെട്ട ബോട്ടിലുണ്ടായിരുന്ന യാത്രക്കാരുടെ പേരുവിവരങ്ങള്‍ ബുക്കില്‍ കുറിച്ചു. അതിലൂടെയാണ് യാത്രക്കാരുടെ എണ്ണത്തിന്റെ യഥാര്‍ത്ഥ കണക്ക് ലഭിക്കാന്‍ ഒരു പരിധിവരെ സഹായമായത്.
 
രാവിലെ ലോക് സൂപ്രണ്ടിനെ തുടര്‍ന്ന് തോട്ടപ്പള്ളിയില്‍നിന്നും തൃക്കുന്നപ്പുഴയില്‍നിന്നും പൊലീസുകാരും  പല്ലന ഉള്‍പ്പെടുന്ന കാര്‍ത്തികപ്പള്ളി താലൂക്കിലെ പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍. വേലുപ്പിള്ളയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. അന്നും തുടര്‍ന്നുള്ള ദിവസങ്ങളിലും ജില്ലാ ഡിവിഷന്‍ മജിസ്ട്രേറ്റ്, പൊലീസ് സൂപ്രണ്ട്, അസിസ്റ്റന്റ് എന്‍ജിനീയര്‍ തുടങ്ങി ചെറുതും വലുതുമായ ഉദ്യോഗസ്ഥര്‍ പല്ലനയിലെത്തി. അപകടദിവസം മുതല്‍ തുടര്‍ന്നുള്ള അഞ്ച് ദിവസങ്ങള്‍ നീണ്ടുനിന്ന തിരച്ചിലിനും കണ്ടെടുക്കപ്പെട്ട മൃതദേഹങ്ങളുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കുന്നതിനും  സാധനസാമഗ്രികള്‍ തിരികെ ഉടമസ്ഥര്‍ക്ക് കൊടുക്കുന്നതിനും ഉദ്യോ ഗസ്ഥരില്‍ പലരും പല്ലനയില്‍ത്തന്നെ തുടര്‍ന്നു. 

പല്ലനയിലെത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ അപകടത്തില്‍നിന്ന് പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടവരെ അവരവരുടെ നാട്ടിലേക്കെത്തിക്കുന്നതിന് അതുവഴിയുള്ള സഞ്ചാരബോട്ടുകളും മറ്റ് വള്ളങ്ങളും പ്രയോജനപ്പെടുത്തി. കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍ ഹരിപ്പാട്ടുനിന്നുള്ള മെഡിക്കല്‍ സംഘത്തെ പല്ലനയിലെത്തിച്ചു പ്രാഥമിക തലത്തില്‍ ചെയ്യാന്‍ പറ്റുന്ന മെഡിക്കല്‍ സൗകര്യങ്ങള്‍ നല്‍കി. വൈകിട്ടോടെയാണ് മെഡിക്കല്‍ സംഘം മടങ്ങിയത്. പല്ലനയിലെ പ്രമുഖ നായര്‍ തറവാടായ കളവറ വീട്ടിലെ അംഗങ്ങളും പല്ലന പോറ്റിമാരെന്നറിയപ്പെട്ട നമ്പൂതിരി ഇല്ലക്കാരും അപകടത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കുന്നതിനും തിരികെ മടങ്ങുംവരെ താമസസൗകര്യം ഒരുക്കുന്നതിനും തയ്യാറായി മുന്നില്‍ നിന്നിരുന്നു.  

റെഡീമെര്‍ ബോട്ടിന്റെ ഉടമയും ട്രാവന്‍കൂര്‍ ആന്റ് കൊച്ചിന്‍ മോട്ടോര്‍ സര്‍വ്വീസിന്റെ നടത്തിപ്പുകാരനുമായ വര്‍ക്കി മത്തായി രാവിലെ പത്തുമണിക്ക് പല്ലനയിലെത്തി. തന്റെ തന്നെ ബോട്ടായ മോര്‍ണിംഗ് സ്റ്റാറിന്റെ ജീവനക്കാരനാണ് സംഭവം അദ്ദേഹത്തെ അറിയിച്ചത്. ഉടന്‍തന്നെ പുറപ്പെട്ട അദ്ദേഹം വരുന്ന വഴിക്ക് കരുമാടിയില്‍നിന്ന് മേസ്ത്രീ ഗോവിന്ദ മേനോനേയും തോട്ടപ്പള്ളിയില്‍ നിന്നുള്ള പി.ഡബ്ല്യു.ഡി കോണ്‍ട്രാക്ടര്‍ കെ.ജി.എസ്. നായരേയും കൂടെക്കൂട്ടി. തുടര്‍ന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച് രക്ഷാദൗത്യങ്ങള്‍ വിലയിരുത്തിയ ശേഷം റെഡീമെര്‍ ഉയര്‍ത്തുന്നതിനു വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ആളെ ആലപ്പുഴയ്ക്ക് അയച്ചിട്ട് അദ്ദേഹം കൊല്ലത്തേക്ക് ധൃതിപ്പെട്ട് മടങ്ങി. തനിക്കു നേരെ കയ്യേറ്റശ്രമമുണ്ടാകുമോ എന്ന ഭയത്താലാണ് അദ്ദേഹം പെട്ടെന്ന് മടങ്ങിയതെന്നാണ് കൂടെ വന്നവര്‍ അറിയിച്ചത്. എന്നാല്‍ ജനുവരി 20-ന് മാത്രമേ റെഡീമെര്‍ ബോട്ടുയര്‍ത്താന്‍ കഴിഞ്ഞുള്ളൂ. 

അപകട ദിവസം മുതല്‍ അഞ്ച് ദിവസം നീണ്ടുനിന്ന തിരച്ചിലിന്റെ ഭാഗമായി 23 യാത്രക്കാരുടേയും ഒരു ബോട്ടുജീവനക്കാരന്റേയും മൃതശരീരം കണ്ടെടുത്തു. അതില്‍ 19 പേരെ തിരിച്ചറിയുകയും ചെയ്തു. തിരിച്ചറിയാന്‍ കഴിയാതിരുന്ന അഞ്ചുപേരുടെ മൃതശരീരം ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം പല്ലനയില്‍ സംസ്‌കരിച്ചു. എന്നാല്‍, അതിനുശേഷം അപകടമറിഞ്ഞെത്തിയ ബന്ധുക്കള്‍ മരിച്ച മൂന്നുപേരെക്കൂടി അടയാളങ്ങള്‍ വച്ച് തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത രണ്ടുപേരില്‍ ഒരാള്‍ ഒരു പൊന്നാനിക്കാരനായ നമ്പൂതിരിയാണെന്നും മറ്റൊരാള്‍ കൊച്ചിയിലെ പ്രമാണിയുടെ വാല്യക്കാരനാണെന്നും പിന്നീട് തെളിവുകള്‍ ലഭിച്ചു. കൂടുതല്‍ പേര്‍ അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാന്‍ തിരച്ചിലുകള്‍ നടന്നത് നാലാം നാള്‍ അവസാനിപ്പിച്ചു. മാത്രമല്ല, ലോക് സൂപ്രണ്ട് പി.ഐ. കോശി എഴുതി സൂക്ഷിച്ചിരുന്ന 105 യാത്രക്കാരുടെ ലിസ്റ്റും കൊല്ലത്തെ ഓഫീസില്‍നിന്ന് കണ്ടെടുത്ത ലിസ്റ്റും ഒത്തുനോക്കി കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടില്ലായെന്ന് ഉറപ്പുവരുത്തി. സൂപ്രണ്ട് കോശിയുടെ കയ്യിലുണ്ടായിരുന്ന ലിസ്റ്റും പൊലീസുകാര്‍ ശേഖരിച്ച ലിസ്റ്റും പ്രകാരം റെഡീമെര്‍ ബോട്ടിലുണ്ടായിരുന്ന ആകെ യാത്രക്കാര്‍ 128 പേരായിരുന്നു. അതില്‍ 23 പേര്‍ മരിച്ചു. അതൊടൊപ്പം മരണപ്പെട്ട ഒരാള്‍ ഉള്‍പ്പെടെ 8 ബോട്ടുജീവനക്കാരും. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന കാര്‍ഗോയുടെ കൃത്യമായ കണക്ക് ലഭ്യമല്ലായിരുന്നു. എന്നിരുന്നാലും ഒരു യാത്രാക്കാരന് അരക്യൂബിക്കടി ലഗ്ഗേജ് കണക്കാക്കി 61 ക്യൂബിക്കടി കാര്‍ഗോ തിട്ടപ്പെടുത്തി. അതില്‍ പതിനഞ്ചോളം ഇരുമ്പുപെട്ടികളും അഞ്ച് ലെതര്‍ ബാഗുകളും കണ്ടെടുക്കുകയും അവകാശികളെ തിരികെ ഏല്പിക്കുകയും ചെയ്തു. കൊല്ലത്തുനിന്നും കയറിയ കുമാരനാശാന്റെ കൈവശമുണ്ടായിരുന്ന ഇരുമ്പുപെട്ടിയും അതിലുള്‍പ്പെടുന്നു.

കുമാരനാശാൻ താമസിച്ചിരുന്ന കുടിൽ. ഇവിടെ ശ്രീനാരായണ ​ഗുരു സന്ദർശിച്ചിരുന്നു
കുമാരനാശാൻ താമസിച്ചിരുന്ന കുടിൽ. ഇവിടെ ശ്രീനാരായണ ​ഗുരു സന്ദർശിച്ചിരുന്നു

റെഡീമെര്‍ ദുരന്താന്വേഷണ കമ്മിഷന്‍

1921-'24 കാലഘട്ടത്തില്‍ ചെറുതും വലുതുമായ പത്തോളം ബോട്ടപകടങ്ങള്‍ നടന്നതില്‍ ഇത്രയധികം ജീവനുകള്‍ പൊലിഞ്ഞത് റെഡീമെര്‍ അപകടത്തിലായിരുന്നു. 1922 ജൂണ്‍ 11-ന് നസ്സല്‍ മജീദി എന്ന ബോട്ടും ഫറൂഖിയ എന്ന ബോട്ടും വേമ്പനാട്ടു കായലില്‍ വച്ച് കൂട്ടിയിടിച്ചു തകര്‍ന്നിരുന്നു. 1097 മിഥുനം 2-ന് നൂറുല്‍ റഹ്മാന്‍ എന്ന മോട്ടോര്‍ ബോട്ട് കായംകുളം കായലിലെ സിഗ്‌നല്‍ ലാന്റില്‍ ഇടിച്ചുകയറി ഒരാള്‍ മുങ്ങി മരിച്ചിരുന്നു. 1098 തുലാം 6-ന് കൊല്ലത്തെ തേവള്ളി കൊട്ടാരത്തിന്റെ മുന്നില്‍ വച്ച് കൈസര്‍ ഇ-ഹിന്ദ് എന്ന ബോട്ടിന്റെ എന്‍ജിന് സമീപത്തു നിന്ന യാത്രക്കാരില്‍ ഒരാളുടെ മുണ്ടിനു തീപിടിച്ചുണ്ടായ തിക്കിലും തിരക്കിലും ഒരാള്‍ അഷ്ടമുടി കായലില്‍ വീണു മുങ്ങിപ്പോയി.  ആയിരം തെങ്ങില്‍ വച്ച് നൂറുല്‍ റഹിമാനെന്ന ബോട്ടില്‍നിന്നും പതിന്നാലു വയസ്സുകാരി പെണ്‍കുട്ടി കായലില്‍ വീണു മരിച്ചതും ഇക്കാലത്തായിരുന്നു. 1922 ഏപ്രില്‍ 23-ന് കൈസര്‍-ഇ-ഹിന്ദും ക്യൂന്‍ മേരിയും തൃക്കുന്നപ്പുഴയില്‍ വച്ച് കൂട്ടിയിടിച്ചതും വലിയ വാര്‍ത്തയായിരുന്നു. 

എന്നാല്‍, തിരുവിതാംകൂറിനെ മാത്രമല്ല, ഇന്ത്യയെ ഒട്ടാകെ നടുക്കിയ ഒന്നായി പല്ലന റെഡീമെര്‍ അപകടം മാറി. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഒരന്വേഷണ കമ്മിഷനെ നിയമിച്ചു. മലയാളത്തിന്റെ മഹാകവി കുമാരനാശാന്‍ ഉള്‍പ്പെടെ ഇരുപത്തിനാലുപേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ കാരണങ്ങള്‍ സമഗ്രമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനുള്ള അഞ്ച് അംഗങ്ങളുടെ കമ്മിറ്റി തിരുവിതാംകൂര്‍ ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജി പി. ചെറിയാന്റെ അധ്യക്ഷതയില്‍ രൂപംകൊണ്ടു. 1924 ജനുവരി 31-ന് പുറത്തിറങ്ങിയ ഉത്തരവ് നം. 161/1924 പ്രകാരം ചെയര്‍മാനു പുറമേയുണ്ടായിരുന്ന നാല് അംഗങ്ങള്‍: തിരുവിതാംകൂര്‍ പൊലീസ് കമ്മിഷണര്‍ ഡബ്ല്യു.എച്ച്. പിറ്റ്, ചീഫ് എന്‍ജിനീയര്‍ കെ.വി. നടേശ അയ്യര്‍, പ്രജാസഭയിലെ ഈഴവ പ്രതിനിധിയും വക്കീലുമായിരുന്ന എന്‍. കുമാരന്‍, നിയമസഭാംഗമായിരുന്ന എം.ആര്‍. മാധവ വാര്യര്‍.

അന്വേഷണ കമ്മിഷന്‍ തെളിവെടുപ്പുകളുടെ ഭാഗമായി പതിന്നാല് സിറ്റിംഗുകള്‍ കൊല്ലത്തും ആറ് സിറ്റിംഗുകള്‍ ആലപ്പുഴയിലും ഒരു സിറ്റിംഗ് കരുമാടിയിലും നടത്തി. അപകടം നടന്ന രാത്രിയില്‍ ബോട്ടില്‍ സഞ്ചരിച്ചിരുന്ന രക്ഷപ്പെട്ട യാത്രക്കാരുടെ വിലാസത്തില്‍ കത്തുകളയച്ച് വിവരശേഖരണത്തിന്റെ ഭാഗമായി എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു. കുറേയധികം പേര്‍ സ്വമേധയാ മൊഴി നല്‍കാനെത്തി. അപകടത്തിന്റെ ഭീകരത നിറഞ്ഞുനില്‍ക്കുന്ന മനസ്സുമായിട്ടാണ് യാത്രക്കാരില്‍ പലരും കമ്മിഷന്റെ മുന്നിലെത്തിയത്. മുറജപത്തിനായി വന്ന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ സാക്ഷികളായും ഉണ്ടായിരുന്നതിനാല്‍ വിവരശേഖരണത്തിന്റെ പരസ്യം മദ്രാസ് പ്രസിഡന്റസിയില്‍ക്കൂടി നല്‍കി. തിരുവിതാംകൂര്‍, കൊച്ചി സര്‍ക്കാര്‍ ഗസ്റ്റുകള്‍ക്കു പുറമേ തിരുനെല്‍വേലി ഡിസ്ട്രിക് ഗസ്റ്റ്, തമിഴ് പത്രമായ സ്വദേശി മിത്രം എന്നിവയ്ക്കും പരസ്യം നല്‍കി. മലയാള പത്രങ്ങളായ മലയാളി, നസ്രാണി ദീപിക, മലയാള മനോരമ, മിതവാദി, ദേശാഭിമാനി, നവഭാരതി, കേരള കൗമുദി, സമദര്‍ശി എന്നിവകളിലും കമ്മിഷന്റെ സിറ്റിംഗ് സംബന്ധിച്ച് സ്ഥലവും തീയതിയും നല്‍കിക്കൊണ്ടുള്ള പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. സൗജന്യമായി പരസ്യങ്ങള്‍ നല്‍കിയ പത്രങ്ങളെ കമ്മിഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രത്യേകം ശ്ലാഘിക്കുകയും ചെയ്യുന്നുണ്ട്.

പത്രപ്പരസ്യങ്ങളിലൂടെയും അല്ലാതേയും വന്നെത്തിയ 83 സാക്ഷികളെ വിസ്തരിച്ചു. അതില്‍ 47 പേര്‍ റെഡീമെറിലെ യാത്രക്കാരായിരുന്നു. അവരില്‍ പലരും കൊച്ചി, മലബാര്‍, മധുര, തിരുനെല്‍വേലി, സൗത്ത് കാനറ പ്രദേശങ്ങളില്‍ നിന്നുമായിരുന്നു. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും പത്രങ്ങളില്‍ വന്ന ഊഹാപോഹങ്ങളും നിരീക്ഷണങ്ങളും വിലയിരുത്തുകയും ചെയ്തു. (അപകടത്തെക്കുറിച്ചും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്കു വന്നുചേര്‍ന്ന വീഴ്ചകളെക്കുറിച്ചും പല്ലനയാറില്‍ മുങ്ങിപ്പോയ ഭാണ്ഡങ്ങളിലേയും പെട്ടികളിലേയും വസ്തുക്കളെക്കുറിച്ചും അവിശ്വസനീയമായതും അല്ലാത്തതുമായ വാര്‍ത്തകളാണ് തുടര്‍ച്ചയായി പത്രങ്ങള്‍ എഴുതിയിരുന്നത്). ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതിനായി ആലപ്പുഴ പോര്‍ട്ടിന്റെ ചുമതലയുണ്ടായിരുന്ന ചീഫ് എന്‍ജിനീയര്‍ ക്യാപ്റ്റന്‍ ലെവര്‍ട്ടിനെ അപകടസ്ഥലത്തെത്തിച്ച് ശാസ്ത്രീയ നിരീക്ഷണങ്ങള്‍ നടത്തിച്ചു. അപകടസമയത്ത് മുകള്‍ ഡക്കില്‍ ആളുകള്‍  ഓടിനടന്നിരുന്നുവെന്നും തിക്കും തിരക്കും കൂടിയെന്നുമുള്ള വാദഗതികളെ ദൃക്സാക്ഷികളുടെ വാക്കുകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന്‍ തള്ളിക്കളഞ്ഞു.

1924 ഏപ്രില്‍ 9-ന് വിശദമായ അന്വേഷണ റിപ്പോര്‍ട്ട് കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. തുടര്‍ന്ന് സര്‍ക്കാര്‍ ഈ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. കമ്മിറ്റി കണ്ടെത്തിയ അപകടകാരണങ്ങള്‍ സര്‍ക്കാരിനു തൃപ്തികരമായി തോന്നിയതിനാല്‍ അതിന്റെമേല്‍ നടപടികളും കൈക്കൊണ്ടു. 95 പേര്‍ക്ക് കയറാന്‍ ലൈസന്‍സ് നല്‍കിയിട്ടുള്ള റെഡീമെറില്‍ 61 ക്യൂബിക് അടി ലഗ്ഗേജും 128 യാത്രക്കാരു (119  മുതിര്‍ന്നവരും 9 കുട്ടികളും, ലഗ്ഗേജ് കണക്കാക്കുമ്പോള്‍ ലൈസന്‍സില്‍ പറയുന്ന എണ്ണത്തേക്കാള്‍ വീണ്ടും ആളെണ്ണം കുറയ്ക്കേണ്ടതായും വരും)മാണ് അപകടദിവസം ഉണ്ടായിരുന്നതെന്നതിനാല്‍ ക്രമാതീതമായ ഭാരവും ബോട്ടിന്റെ മുകള്‍ ഡെക്കില്‍ അനുവദനീയമായതില്‍ കൂടുതല്‍ യാത്രക്കാര്‍ കടന്നു കയറിയതും വളവിലെത്തിയപ്പോള്‍ അനാവശ്യ വേഗതയെടുത്തതും അനുഭവസമ്പത്തില്ലാത്ത സ്രാങ്കിന്റെ ഇടപെടലും അപകടത്തിനിട നല്‍കിയെന്ന കമ്മിഷന്റെ കണ്ടെത്തല്‍ സര്‍ക്കാര്‍ അംഗീകരിച്ചു. അപകടവിവരം കൊല്ലത്ത് അറിയുന്നതില്‍ വന്ന കാലതാമസം ടെലിഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തിയോ ടെലഗ്രാം സൗകര്യം വ്യാപകമാക്കിയോ പരിഹാരം കാണേണ്ടതാണെന്നും ജലഗതാഗതത്തില്‍ നിയന്ത്രണങ്ങളും പ്രത്യേക ശ്രദ്ധയും കൊണ്ടുവരേണ്ടതാണെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ അംഗീകരിച്ചു. തന്മൂലം വീഴ്ചവരുത്തിയ ചില പോര്‍ട്ട് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ ചട്ടപ്രകാരമുള്ള അച്ചടക്കനടപടികള്‍ കൈക്കൊണ്ടു.  ഭാവിയില്‍ കൈക്കൊള്ളേണ്ടുന്ന നടപടി ക്രമങ്ങളും കമ്മിഷന്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു. കേരളത്തെ നടുക്കിയ റെഡീമെര്‍ ദുരന്തം കഴിഞ്ഞ് ഒരു നൂറ്റാണ്ടോടടുക്കുന്ന കാലത്തും 31 പേജുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ മറികടന്ന് ആശാസ്യകരമല്ലാത്ത പല കിംവദന്തികളും ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

(തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ചരിത്രാധ്യാപകനാണ് ലേഖകന്‍)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com