ദുരിത ജീവിതത്തിന് രണ്ടു പര്യായങ്ങള്‍

വീട്ടില്‍നിന്നു ഹാര്‍ബര്‍ വരെയും തിരിച്ചും മാത്രം ദിവസവും പത്ത് കിലോമീറ്ററോളം സഞ്ചരിക്കുന്നു. വീടുകള്‍ കയറിയിറങ്ങുന്നതുകൂടി കൂട്ടുമ്പോള്‍ ഉമ്മയുടേയും മകന്റേയും അലച്ചില്‍ പിന്നെയും വലുതാകുന്നു
മാരിയത്തും മകൻ ശിഹാബുദ്ദീനും/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
മാരിയത്തും മകൻ ശിഹാബുദ്ദീനും/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

തുവരെ സന്തോഷം എന്തെന്ന് അറിയാത്ത രണ്ടു ജീവിതങ്ങളെക്കുറിച്ചാണ് പറയുന്നത്: എണ്‍പതിനോടടുത്ത ഉമ്മയും അന്‍പത്തിരണ്ടുകാരനായ ഭിന്നശേഷിയുള്ള മകനും. തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനടുത്തുള്ള കടലോര ഗ്രാമമായ പെരുമാതുറ ഇടപ്പള്ളിക്കു സമീപം തെരുവില്‍ വീട്ടിലെ മാരിയത്ത്, മകന്‍ ശിഹാബുദ്ദീന്‍; ഇരുവരും പെരുമാതുറ ഹാര്‍ബറില്‍നിന്നു മീന്‍ വിറ്റു ജീവിക്കുന്നവര്‍. എന്നുവച്ചാല്‍, മീന്‍പിടിച്ചു കൊണ്ടുവരുന്നവരില്‍നിന്നു പെട്ടിക്കണക്കിനു വാങ്ങി കച്ചവടം നടത്തുന്നവരല്ല. അരയ്ക്കു താഴെ തളര്‍ന്ന ശിഹാബിനെ വീല്‍ച്ചെയറില്‍ ഉരുട്ടി വൃദ്ധമാതാവ് രാവിലെ ഹാര്‍ബറില്‍ എത്തും. ഉമ്മാ വള്ളത്തിനടുത്തു പോകില്ല. മീന്‍ വരുന്ന ഏതെങ്കിലും ബോട്ടിലുള്ളവര്‍ സന്മനസ്സു തോന്നി കുറച്ചു മീന്‍ ശിഹാബിനു കൊടുക്കും. രണ്ടുപേരും കൂടി അതു വീടുകളില്‍ എത്തിച്ചു വില്‍ക്കും. 

വീട്ടില്‍നിന്നു ഹാര്‍ബര്‍ വരെയും തിരിച്ചും മാത്രം ദിവസവും പത്ത് കിലോമീറ്ററോളം സഞ്ചരിക്കുന്നു. വീടുകള്‍ കയറിയിറങ്ങുന്നതുകൂടി കൂട്ടുമ്പോള്‍ ഉമ്മയുടേയും മകന്റേയും അലച്ചില്‍ പിന്നെയും വലുതാകുന്നു. വീല്‍ച്ചെയറില്‍നിന്ന് ഇറങ്ങിയാല്‍ മുട്ടില്‍ ഇഴഞ്ഞാണ് ശിഹാബിന്റെ സഞ്ചാരം. എല്ലാ ഗ്രാമങ്ങളും പോലെ മെയിന്‍ റോഡില്‍നിന്നു പല വീടുകളിലേക്കും ചെറിയ നിരവധി ഇടവഴികളുള്ള സ്ഥലമാണ് പെരുമാതുറ. വീല്‍ച്ചെയര്‍ പോകാത്ത വഴികള്‍. പൊരിമണലിന്റെ പൊള്ളുന്ന ചൂട് പലപ്പോഴും ശിഹാബ് വകവയ്ക്കുന്നില്ല. അതിജീവനത്തിനുവേണ്ടി പ്രായവും വയ്യായ്കയും അംഗപരിമിതിയും വകവയ്ക്കാതെ അധ്വാനിക്കുന്ന ഈ ഉമ്മയും മകനുമാണ് പെരുമാതുറയുടെ മാറാത്ത കാഴ്ചകളില്‍ മുഖ്യം. സ്ഥിരമായി ഈ ഉമ്മായോടും മകനോടും മീന്‍ വാങ്ങുന്നവരുണ്ട്. പെരുമാതുറയില്‍ മാത്രമല്ല, തൊട്ടടുത്ത പ്രദേശമായ മരിയനാടും. രണ്ടില്‍ ഒരാള്‍ക്കു മാത്രമായി ഇറങ്ങിത്തിരിക്കാനാകില്ല എന്നതാണ് സ്ഥിതി. ഉമ്മയ്ക്കു മകനും മകന് ഉമ്മയും താങ്ങ്. 

ശിഹാബുദ്ദീന് ഹാർബറിൽ നിന്ന് സൗജന്യമായി മത്സ്യം നൽകുന്നു/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
ശിഹാബുദ്ദീന് ഹാർബറിൽ നിന്ന് സൗജന്യമായി മത്സ്യം നൽകുന്നു/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

ചിരിവിടരാത്ത ജീവിതം 

മൂന്നു മക്കളാണ് മാരിയത്ത് ഉമ്മയ്ക്ക്. മൂത്തതും ഇളയതും പെണ്‍മക്കള്‍. രണ്ടാമനാണ് ശിഹാബ്. മൂത്തമകള്‍ ബീമാക്കുഞ്ഞ്, ഇളയത് നിസ. മാരിയത്തും ശിഹാബും കഴിയുന്നത് നിസയുടെ കുടുംബത്തിനൊപ്പമാണ്. നിസയ്ക്കും അബ്ദുല്‍ ലത്തീഫിനും രണ്ടു പെണ്‍കുട്ടികള്‍. ഒരാളുടെ വിവാഹം കഴിഞ്ഞു. നിസ കുഞ്ഞായിരിക്കുമ്പോഴേ മാരിയത്തുമ്മയുടെ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയി. പിന്നീട് കയറുപിരിച്ചും മറ്റുമാണ് മക്കളെ വളര്‍ത്തിയത്. കുറച്ചു വര്‍ഷങ്ങളായി പ്രദേശത്തു കയറുപിരിക്കല്‍ നിന്നു. അതോടെയാണ് മീന്‍ വില്‍പ്പന ഉപജീവന മാര്‍ഗ്ഗമായത്. മീന്‍ വില്‍ക്കുന്നു എന്നതല്ല, ശിഹാബിന്റെ ശാരീരിക ബുദ്ധിമുട്ടുകളും മാരിയത്തുമ്മയുടെ പ്രായവും വയ്യായ്കകളുമാണ് അവരുടെ വിഷമം. സ്വന്തം ജീവിതത്തെക്കുറിച്ചും സ്വന്തം നിലയില്‍ ജീവിക്കാന്‍ കഴിയാത്ത ഏകമകനെക്കുറിച്ചും പറഞ്ഞുവരുമ്പോള്‍ മാരിയത്തുമ്മ കരഞ്ഞുപോകുന്നു. ജനിച്ചു മുപ്പത്തിയൊന്‍പതാം ദിവസം ഉമ്മാ മരിച്ചു. ഉമ്മയുടെ സഹോദരിയാണ് വളര്‍ത്തിയത്. മൂന്നുമക്കളായപ്പോള്‍ ഭര്‍ത്താവ് പോയി. പിന്നീട് ഒരിക്കല്‍പ്പോലും അന്വേഷിച്ചു വന്നിട്ടില്ല. നടയറയാണ് അദ്ദേഹത്തിന്റെ സ്വദേശം. ഇരുപതു വര്‍ഷം മുന്‍പ് മരിച്ചതായി അറിഞ്ഞു. ഒരേയൊരു മകന്റെ സ്ഥിതി ഇങ്ങനെ; മുഖത്തൊരു ചിരി വിടരാന്‍ വകയൊന്നുമില്ല. 

ശിഹാബിനു സ്വന്തമായി ഒരുകാര്യവും ചെയ്യാന്‍ കഴിയില്ല. സംസാരവും ശരിക്കു തിരിയില്ല. മുന്‍പൊക്കെ സംസാരം ഇപ്പോഴത്തേക്കാള്‍ മറ്റുള്ളവര്‍ക്കു മനസ്സിലാകുമായിരുന്നു. ഇപ്പോള്‍ ദിവസവും കേള്‍ക്കുന്നവര്‍ക്കേ മനസ്സിലാവുകയുള്ളൂ; അതും നന്നായി ശ്രദ്ധിച്ചാല്‍ മാത്രം. നിത്യപരിചയവും ആംഗ്യങ്ങളും കൊണ്ടാണ് ശിഹാബ് ഉദ്ദേശിക്കുന്നത് എന്തെന്ന് മാരിയത്തുമ്മയ്ക്കും മനസ്സിലാവുക.

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡിലാണ് താമസം. വീടു നിര്‍മ്മാണത്തിനു സാമ്പത്തിക സഹായം കിട്ടുന്നതിന് പഞ്ചായത്തില്‍ അപേക്ഷ കൊടുത്തെങ്കിലും സാങ്കേതികമായ ചില തടസ്സങ്ങള്‍ കാരണം ഇതുവരെ കിട്ടിയില്ല. വിധവ, വൃദ്ധ എന്നുള്ളതൊക്കെ പരിഗണിക്കപ്പെടുന്ന ഘടകങ്ങള്‍ തന്നെയാണ്. പരാശ്രയമില്ലാതെ ജീവിക്കാന്‍ കഴിയാത്ത ആള്‍ എന്നത് ശിഹാബിന്റെ കാര്യത്തിലും മുഖ്യം. പക്ഷേ, മാരിയത്തുമ്മയുടേയും ശിഹാബിന്റേയും പേര് ഉള്‍പ്പെടുന്നത് നിസയുടെ കുടുംബത്തിന്റെ റേഷന്‍ കാര്‍ഡില്‍ത്തന്നെയാണ്. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പട്ടികയിലും സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതി ഗുണഭോക്തൃ പട്ടികയിലും നിസയുടെ പേരുണ്ട്. അതില്‍ ലൈഫ് പദ്ധതിപ്രകാരം നിസയ്ക്കു വീട് അനുവദിച്ചതായി പത്താം വാര്‍ഡ് മുന്‍ മെമ്പര്‍ നസീഹ സിയാദ് പറയുന്നു. ഒരേ പദ്ധതിക്ക് ഒരേ റേഷന്‍ കാര്‍ഡില്‍ രണ്ട് ഗുണഭോക്താക്കള്‍ പറ്റില്ല എന്നതുകൊണ്ടാണ് മാരിയത്തുമ്മയ്ക്കു കിട്ടാത്തത്. പക്ഷേ, രണ്ടു വര്‍ഷമായി വീട് അനുവദിച്ചതിനെക്കുറിച്ചു കേള്‍ക്കുന്നുണ്ടെങ്കിലും അതില്‍ തുടര്‍നടപടിയൊന്നുമായില്ലെന്ന് നിസ പറയുന്നു. ഫലത്തില്‍ ആര്‍ക്കും വീടു കിട്ടിയുമില്ല. എല്ലാവരും കൂടി ഇപ്പോള്‍ താമസിക്കുന്ന വീട് വാസയോഗ്യമല്ല എന്ന് പഞ്ചായത്ത് അംഗീകരിക്കുന്നുണ്ട്. അതു ചൂണ്ടിയാണ് വീട് അനുവദിച്ചത്. പക്ഷേ, അതിന്റെ ഗുണഫലം കിട്ടാതെ കടലാസില്‍ തുടര്‍ന്നിട്ട് എന്തുകാര്യം എന്ന ചോദ്യം ബാക്കി. 

ശിഹാബ് സംസ്ഥാന സര്‍ക്കാരിന്റെ ആശ്രയ പദ്ധതിയുടെ ഗുണഭോക്താവാണ് എന്നതു മറ്റൊരു സാങ്കേതിക പ്രശ്‌നം. അതുപ്രകാരം രണ്ടു ലക്ഷം രൂപ കിട്ടാന്‍ അര്‍ഹതയുണ്ട്. പക്ഷേ, അതു വാങ്ങിയാല്‍ ആ കുടുംബത്തിനു പിന്നീട് ഏഴു വര്‍ഷം കഴിഞ്ഞേ വേറെ ആനുകൂല്യം കിട്ടുകയുള്ളൂ. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ ശിഹാബിന്റെ സമ്മതത്തോടെ ആശ്രയ പദ്ധതിപ്രകാരമുള്ള തുക വേണ്ടെന്നും പകരം ലൈഫ് പദ്ധതിപ്രകാരം വീടു മതി എന്നും അറിയിച്ചു. അത് പഞ്ചായത്ത് അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് ഇപ്പോള്‍ ആശ്രയ ഗുണഭോക്താവ് എന്ന നിലയിലുള്ള ഒന്‍പത് ഇന ഭക്ഷ്യോല്പന്ന കിറ്റ് മാത്രമാണ് കിട്ടുന്നത്. പക്ഷേ, പണം വേണ്ടെന്നും വച്ചു, വീടിന്റെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയും ചെയ്യുന്നു. മാരിയത്തിന്റെ പേരില്‍ തീരദേശത്ത് ഒരു കൂരയുണ്ട് എന്നതാണ് പഞ്ചായത്തു പറയുന്ന മറ്റൊരു തടസ്സം. തീരദേശത്ത് പലരും കുടില്‍കെട്ടിയപ്പോള്‍ മാരിയത്തുമ്മയും ഒരു കുടില്‍കെട്ടി എന്നതു ശരിയാണ്. പക്ഷേ, സാമൂഹികവിരുദ്ധരുടെ ശല്യം കാരണം അവിടെ താമസിക്കാന്‍ കഴിയുന്നില്ല. ഇക്കാര്യം നാട്ടുകാരില്‍ പലരും ശരിവയ്ക്കുന്നു. മദ്യപസംഘത്തിനു സൈ്വരവിഹാരം നടത്താന്‍ ആള്‍ത്താമസം തടസ്സമാണ്. അതുകൊണ്ട് അവര്‍ കുടില്‍ പൊളിച്ചുകളഞ്ഞു. അതിനെതിരേ പൊലീസില്‍ പരാതി കൊടുത്തെങ്കിലും പ്രത്യേകിച്ചു ഫലമൊന്നും ഉണ്ടായില്ല. എന്നാല്‍, മാരിയത്തിന്റെ പേരിലുള്ള ഭൂമിയായാണ് പഞ്ചായത്ത് ഇതു കാണുന്നത്; അതായത്, 'ഭൂവുടമ.' നിസയുടേയും ഭര്‍ത്താവിന്റേയും പേരില്‍ കായല്‍വാരം റോഡിന്റെ അടുത്തു മൂന്നു സെന്റ് സ്ഥലമുണ്ട്. അതു വിവാഹിതയായ മകള്‍ക്കുള്ളതാണെങ്കിലും പഞ്ചായത്തിന്റെ കണക്കില്‍ അതാണ് നിസയുടെ ഭൂമി. ഇവര്‍ താമസിക്കുന്നത് മാരിയത്തുമ്മയുടേതായും കണക്കുകൂട്ടുന്നു. ഈ ആശയക്കുഴപ്പങ്ങള്‍ നീക്കി അര്‍ഹതയുള്ള വീടും സഹായങ്ങളും ഉറപ്പാക്കാന്‍ ആരും മുന്നിട്ടിറങ്ങിയുമില്ല. മാരിയത്തിന്റേയും ശിഹാബിന്റേയും പേരില്‍ പ്രത്യേക റേഷന്‍ കാര്‍ഡ് ഉണ്ടാക്കാവുന്നതാണ്. പക്ഷേ, ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ച കാലത്ത് എല്ലാവരും ഒരേ റേഷന്‍ കാര്‍ഡിലായിരുന്നു എന്നത് പുതിയ കാര്‍ഡിന്റെ പേരില്‍ വീട് കിട്ടാന്‍ തടസ്സമായേക്കും. അതു പരിഹരിച്ചാലും ശിഹാബിനെ സംരക്ഷിക്കുന്നതാര് എന്ന പ്രശ്‌നം ഉയര്‍ന്നുവരും. ഭിന്നശേഷിക്കാരനായ മകനെ സംരക്ഷിക്കാന്‍ വൃദ്ധമാതാവിനു കഴിയുമോ എന്ന പ്രശ്‌നം; പ്രായമായ ഉമ്മയെ സംരക്ഷിക്കേണ്ടത് ആരോഗ്യമുള്ള മറ്റു മക്കളാണുതാനും. നൂലാമാലകളിലും സ്വാഭാവിക സാങ്കേതിക തടസ്സങ്ങളിലും നീണ്ടുപോകുന്നത് അടച്ചുറപ്പുള്ള ഒരു വീട് എന്ന സ്വപ്നം. മാരിയത്തും ശിഹാബും നിസയുമെല്ലാം കാണുന്നുണ്ട് ആ സ്വപ്നം.

ശിഹാബുദ്ദീൻ അന്തിയുറങ്ങുന്ന മണൽത്തറ. സ്വന്തമായി വീടില്ലാത്തതിനാൽ സഹോദരിയുടെ വീട്ടിലാണ് കിടപ്പ്
ശിഹാബുദ്ദീൻ അന്തിയുറങ്ങുന്ന മണൽത്തറ. സ്വന്തമായി വീടില്ലാത്തതിനാൽ സഹോദരിയുടെ വീട്ടിലാണ് കിടപ്പ്

മണലില്‍ ഉറക്കം 

ശിഹാബിനു മൂന്നു വയസ്സുള്ളപ്പോള്‍ പോളിയോ വന്നു തളര്‍ന്നതാണ്. ചെയ്യാത്ത ചികിത്സയൊന്നുമില്ല. ആശുപത്രിയില്‍ മാസങ്ങളോളം കിടത്തി ചികില്‍സിച്ചു. ഡോക്ടര്‍ ശ്രമിക്കാവുന്നതിന്റെ പരമാവധി ശ്രമിച്ചു. ശിഹാബ് നടക്കും എന്നു വലിയ പ്രതീക്ഷയായിരുന്നു എല്ലാവര്‍ക്കും. പക്ഷേ, നിരാശരാകേണ്ടിവന്നു. ആഹാരമൊന്നും തനിയെ എടുത്തു കഴിക്കാന്‍ കഴിയില്ല. കൈവിറയ്ക്കും. ഭക്ഷണവും വെള്ളവും മറ്റുള്ളവര്‍ വായില്‍ വച്ചുകൊടുക്കണം. ബുദ്ധിക്കു പ്രശ്‌നമൊന്നുമില്ല. അതുകൊണ്ടു സ്വന്തം നിസ്സഹായാവസ്ഥ നന്നായി അറിയാം. ഏക സഹോദരന്റെ ദുരവസ്ഥയെക്കുറിച്ചു പറയുമ്പോള്‍ നിസയ്ക്കും തങ്ങള്‍ക്കൊരു തണലാകുമായിരുന്ന മാമയെക്കുറിച്ചു പറയുമ്പോള്‍ നിസയുടേയും അബ്ദുല്‍ ലത്തീഫിന്റേയും മക്കള്‍ ശബ്നയ്ക്കും ഫാത്തിമയ്ക്കും വലിയ സങ്കടമുണ്ട്. ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഈ കുടുംബത്തിനുമുണ്ട്. എങ്കിലും മാരിയത്തുമ്മയും മകനും മീന്‍ വില്‍ക്കാന്‍ പോകുന്നത് വിലക്കുകയും ഉള്ളതില്‍ പങ്കു കഴിച്ചു വീട്ടില്‍ കഴിയാന്‍ പറയുകയും ചെയ്യാത്തതല്ല. അധ്വാനിച്ചും ആരേയും ആശ്രയിക്കാതേയും ജീവിച്ചാണ് ഉമ്മയ്ക്കു ശീലം. താനുള്ള കാലത്തോളം തന്റെ മകന്‍ സഹോദരങ്ങള്‍ക്കുപോലും ഭാരമാകരുത് എന്നും ചിന്തിക്കുന്നു. നൂറു മുതല്‍ മുന്നൂറു രൂപ വരെ മീന്‍ വിറ്റു കിട്ടും. 

വീടിനോടു ചേര്‍ന്നു പ്രത്യേകം നിര്‍മ്മിച്ച ചായ്പില്‍ കടപ്പുറത്തെ മണല്‍ വിരിച്ച തറയിലാണ് ശിഹാബ് കിടക്കുന്നത്. കുട്ടിക്കാലം മുതല്‍ അങ്ങനെയാണ് ശീലം. വിരിക്കാനും പുതയ്ക്കാനും ഒന്നും വേണ്ട. ശിഹാബിനു കിടക്കാന്‍ പറ്റിയ ഒരു കട്ടില്‍ ഇടക്കാലത്ത് വാങ്ങിയിരുന്നു. പക്ഷേ, അതു മാറ്റി ചാരിവച്ചിട്ട് മണലിലാണ് കിടക്കുക. 

ആളുകളൊക്കെ നല്ല പെരുമാറ്റം തന്നെയാണെന്ന് മാരിയത്തുമ്മ പറയുന്നു. പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നീക്കി നല്ല കാലം തരണമെന്ന് ദൈവത്തോട് എപ്പോഴും പ്രാര്‍ത്ഥിക്കും. ഇങ്ങനെയെങ്കിലുമൊക്കെ ജീവിച്ചുപോകുന്നതില്‍ ആശ്വസിക്കാന്‍ ശ്രമിക്കും. എങ്കിലും മനസ്സടങ്ങില്ല. മക്കളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ച്, പ്രത്യേകിച്ചു ശിഹാബിനെക്കുറിച്ചുള്ള വേദന. ഉമ്മയും മകനും തമ്മിലാണ് ഏറ്റവും വലിയ ഹൃദയബന്ധം. അവര്‍ രണ്ടുപേരും മാത്രമായാല്‍ തമ്മില്‍ത്തമ്മില്‍ നോക്കിയിരുന്നു സങ്കടപ്പെടുമെന്ന് നിസയുടെ മക്കള്‍ പറയുന്നു. ഉമ്മ തനിച്ച് എവിടെയെങ്കിലും പോയാല്‍ വരുന്നതുവരെ മകനു വെപ്രാളമാണ്. ഒറ്റയ്ക്കായിപ്പോയി എന്നാണു വിചാരം. വേലിക്കലേക്കു നോക്കി, ഉമ്മാ പോയിട്ടു കണ്ടില്ലല്ലോ എന്നു പറഞ്ഞു സങ്കടപ്പെട്ടുകൊണ്ടിരിക്കും. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മീന്‍പെട്ടി കാലില്‍ക്കൊണ്ട് മുട്ടുപൊട്ടി. കാര്യമായ മുറിവായിരുന്നു. കുറേ രക്തംപോയി. ഈ വയ്യായ്കയ്ക്കിടയില്‍ മകന്‍ സഹിച്ച വേദനയോര്‍ത്താണ് ഉമ്മയ്ക്കു സങ്കടം. എന്താ കട്ടിലില്‍ കിടക്കാതെ മണലില്‍ കിടക്കുന്നതെന്ന് ശിഹാബിനോടു ചോദിച്ചു. ആദ്യമേ അങ്ങനെയാണ് എന്നായിരുന്നു മറുപടി: ''അതാണ് ഇഷ്ടം, അവ്യക്തമായ ശബ്ദത്തില്‍ ശിഹാബ് പറയുന്നു, നിറഞ്ഞ ചിരിയോടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com