കോണ്‍ഗ്രസ് മരിച്ചാല്‍ മതേതരത്വവും മരിക്കും

മതേതരവല്‍ക്കരണം (secularization) എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടത് 1648-ലാണ്. യൂറോപ്പില്‍ 30 വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന്റെ ഒടുവിലാണ് ആ പദത്തിന്റെ ആവിര്‍ഭാവം
രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി/ഫയല്‍ ചിത്രം

തേതരവല്‍ക്കരണം (secularization) എന്ന വാക്ക് ആദ്യമായി ഉപയോഗിക്കപ്പെട്ടത് 1648-ലാണ്. യൂറോപ്പില്‍ 30 വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന്റെ ഒടുവിലാണ് ആ പദത്തിന്റെ ആവിര്‍ഭാവം. റോമാസാമ്രാജ്യത്തിലെ ചര്‍ച്ചുകള്‍ക്കു കീഴിലുണ്ടായിരുന്ന സ്വത്തുക്കളുടെ അവകാശം ബന്ധപ്പെട്ട രാജകുമാരന്മാര്‍ക്ക് കൈമാറുന്നതിനെ സൂചിപ്പിക്കാനാണ് മതേതരവല്‍ക്കരണം എന്ന വാക്ക് പ്രയോഗിക്കപ്പെട്ടത്. അന്നത് ഒരു വസ്തുതാ സൂചകപദമായിരുന്നെങ്കില്‍ ഫ്രെഞ്ച് വിപ്ലവത്തിനുശേഷം, 1789 നവംബര്‍ രണ്ടിന് അതൊരു മൂല്യസൂചകപദമായി മാറി. ആ നാളിലത്രേ ക്രൈസ്തവസഭയുടെ എല്ലാ വസ്തുക്കളും രാഷ്ട്രത്തിന്റെ വരുതിയിലായിരിക്കുമെന്ന പ്രഖ്യാപനം ഫ്രെഞ്ച് ദേശീയ അസംബ്ലിയിലുണ്ടായത്. പിന്നെയും 62 വര്‍ഷം കഴിഞ്ഞ് 1851-ല്‍ ഇംഗ്ലണ്ടുകാരനായ ജോര്‍ജ് ജേക്കബ് ഹോളിയോക് സെക്യുലറിസം എന്ന പദവുമായി കടന്നുവന്നു. മതാധിപത്യത്തിന്റെ സ്ഥാനത്ത് യുക്തിചിന്താധിഷ്ഠിതവും പുരോഗമനപരവുമായ ഒരു പ്രത്യയശാസ്ത്രം എന്ന നിലയില്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ അത് താമസിയാതെ വേരോട്ടം നേടി.

ഇന്ത്യയില്‍ സെക്യുലറിസം എന്ന പദവും ആശയവും കടന്നുവരുന്നത് 20-ാം നൂറ്റാണ്ടിന്റെ പ്രഥമാര്‍ദ്ധത്തില്‍ മാത്രമാണ്. ഒരുപക്ഷേ, ആ പദം ഇവിടെ ആദ്യം ഉപയോഗിച്ചത് 1933-ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവത്രേ. തന്റെ 'Glimpses of World History' എന്ന ഗ്രന്ഥത്തില്‍ മുസ്തഫ കമാലിന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി റിപ്പബ്ലിക്കിനെ പരാമര്‍ശിക്കവെയാണ് നെഹ്‌റു മതേതര രാഷ്ട്രം എന്ന പരികല്പനയെക്കുറിച്ചെഴുതിയത്. തുര്‍ക്കിയില്‍ മുസ്തഫ കമാല്‍ 1924-ല്‍ ഖിലാഫത്ത് ഒഴിവാക്കുകയും 1925-ല്‍ മതകേന്ദ്ര ഉത്തരവുകള്‍ റദ്ദാക്കുകയും 1926-ല്‍ ശരീഅത്ത് കോടതികള്‍ നിരോധിക്കുകയും 1928-ല്‍ രാഷ്ട്രത്തിന്റെ ഔദ്യോഗിക മതം എന്ന ഇസ്ലാമിന്റെ പദവി എടുത്തു കളയുകയും ചെയ്തിരുന്നു. തുര്‍ക്കിയിലെ മതേതരത്വ നിലപാടുകളും നീക്കങ്ങളും നെഹ്‌റു ഉള്‍പ്പെടെ അന്നത്തെ പല ദേശീയ നേതാക്കളിലും സ്വാധീനം ചെലുത്തിയിരുന്നു എന്നത് വസ്തുതയാണ്.

മതേതരത്വത്തെക്കുറിച്ച് തന്റെ പരാമൃഷ്ട പുസ്തകത്തില്‍ എഴുതുന്നതിനു മുന്‍പുതന്നെ നെഹ്‌റു ജനങ്ങള്‍ക്കിടയിലുള്ള മതപരമായ വിഭജനവും സമൂഹത്തില്‍ മതങ്ങള്‍ ചെലുത്തുന്ന അനാരോഗ്യകരവും അതിരുകവിഞ്ഞതുമായ സ്വാധീനവും ഒഴിവാക്കുന്നത് സംബന്ധിച്ച് ഒരു പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്നു. 1931-ല്‍ അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ കാണാം: ''എന്റെ അഭിപ്രായത്തില്‍ സാമ്പത്തിക ഘടകമാണ് പ്രധാനം. നാം അതില്‍ ഊന്നുകയും ജനശ്രദ്ധ അതിലേക്ക് തിരിക്കുകയും ചെയ്താല്‍ മതപരമായ ഭിന്നതകള്‍ പിന്‍വലിയുകയും വിവിധ മതവിഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പൊതുചരട് ഉരുത്തിരിയുകയും ചെയ്യും. സാമ്പത്തിക ചരട് മതാന്മക ചരടിനേക്കാള്‍ ശക്തമാണ്.''

വ്യത്യസ്ത മതങ്ങളില്‍പ്പെട്ടവര്‍ അധിവസിക്കുന്ന ഇന്ത്യയ്ക്ക് ഏറ്റവും അനുയോജ്യമായ രാഷ്ട്രസങ്കല്പം എന്നതു മാത്രമായിരുന്നില്ല നെഹ്‌റുവിനെ മതേതരത്വത്തിന്റെ ഉറച്ച വക്താവാക്കി മാറ്റിയത്. ആധുനിക രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ഉന്നമനത്തിനും സാമൂഹികോദ്ഗ്രഥനത്തിനും ശാസ്ത്രീയ മനഃസ്ഥിതി (scientific temper) കൂടിയേ തീരൂ എന്ന ചിന്തയും അദ്ദേഹത്തെ സെക്യുലറിസം എന്ന പ്രത്യയശാസ്ത്രത്തിലേക്ക് നയിച്ചു. ഇക്കാര്യത്തില്‍ ഗാന്ധിയില്‍നിന്നു വ്യത്യസ്തനായാണ് അദ്ദേഹം ചിന്തിച്ചത്. ടി.എന്‍. മദന്‍ വ്യക്തമാക്കിയതുപോലെ, കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹത്തിന്റെ നിര്‍മ്മിതിക്കു വേണ്ടത് വ്യക്തികളുടെ നൈതിക-ധാര്‍മ്മിക പരിഷ്‌കരണമാണ് എന്നതായിരുന്നു ഗാന്ധിയുടെ നിലപാട്. നെഹ്‌റുവാകട്ടെ, സ്ഥാപനങ്ങളാണ് കൂടുതല്‍ ഉത്തമമായ സമൂഹനിര്‍മ്മിതിക്കാവശ്യം എന്ന പക്ഷക്കാരനായിരുന്നു. സാമൂഹിക മാറ്റത്തിനുള്ള യന്ത്രമായി പ്രവര്‍ത്തിക്കാന്‍ ആധുനിക സ്ഥാപനങ്ങളില്‍ ഏറ്റവും യോജ്യം രാഷ്ട്രം (State) ആണെന്നു അദ്ദേഹം വിലയിരുത്തി. അതിനു സ്റ്റെയ്റ്റ് മതേതരമാകണമെന്ന പൂര്‍ണ്ണബോദ്ധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു.

വഴിവിട്ട മതപ്രീണനം

സ്വാതന്ത്ര്യാനന്തരം ഇന്ത്യയേയും തന്റെ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനേയും മതേതരത്വത്തിന്റെ പാതയില്‍ നയിക്കാന്‍ മറ്റാരേക്കാളും പ്രയത്‌നിച്ച നേതാവാണ് നെഹ്‌റു 1885-ല്‍ കോണ്‍ഗ്രസ് നിലവില്‍ വന്നപ്പോള്‍, ഡി.ഇ. സ്മിത്ത് നിരീക്ഷിച്ചതുപോലെ, വിക്ടോറിയന്‍ ലിബറലിസത്തിന്റെ മൂല്യങ്ങളാണ് അതിനെ നയിച്ചത്. 20-ാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ ഹിന്ദു റിവൈവയിസ്റ്റ് പ്രവണതകളാല്‍ സ്വാധീനിക്കപ്പെട്ടവരുടെ നിയന്ത്രണത്തില്‍ അമര്‍ന്നുകഴിഞ്ഞിരുന്നു കോണ്‍ഗ്രസ്. 1920-ല്‍ ഗാന്ധി ദേശീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലെത്തി. അദ്ദേഹത്തിന്റെ വൈയക്തിക തത്ത്വശാസ്ത്രവും രാഷ്ട്രീയ പ്രവര്‍ത്തനശൈലിയും സത്തയില്‍ ഹൈന്ദവമായിരുന്നുവെങ്കിലും, ഹിന്ദു-മുസ്ലിം ഐക്യം അദ്ദേഹത്തിന്റെ അജന്‍ഡയില്‍ പ്രധാനമായിരുന്നു. സോഷ്യലിസ്റ്റ് ചിന്താധാരയില്‍ ആകൃഷ്ടനായ നെഹ്‌റുവും സമാന മനസ്‌കരും ഹിന്ദു-മുസ്ലിം ഐക്യം എന്ന ലക്ഷ്യം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ത്തന്നെ മതേതര ദേശീയത എന്ന ആശയത്തോടൊപ്പം നിലകൊണ്ടു. 1964 മെയ് 27-ന് താന്‍ അന്തരിക്കുംവരെ നെഹ്‌റുവും ഉയര്‍ത്തിപ്പിടിച്ചത് മതേതര ദേശീയതയും മതേതര ഭരണ സങ്കല്പവുമായിരുന്നു.

നെഹ്‌റുവിനെ പിന്തുടര്‍ന്നു വന്നവര്‍ സെക്യുലറിസം എന്ന പ്രത്യയശാസ്ത്രത്തോട് അദ്ദേഹം പുലര്‍ത്തിയ പ്രതിജ്ഞാബദ്ധത വേണ്ട അളവില്‍ പ്രദര്‍ശിപ്പിച്ചോ എന്ന ചോദ്യം തീര്‍ച്ചയായും പ്രസക്തമാണ്. എണ്‍പതുകളുടെ മധ്യത്തില്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ ഒരേസമയം മുസ്ലിം വര്‍ഗ്ഗീയതയേയും ഹിന്ദുവര്‍ഗ്ഗീയതയേയും വഴിവിട്ട് പ്രീണിപ്പിക്കുന്നതിന് രാജ്യം സാക്ഷിയായി. മുസ്ലിം വര്‍ഗ്ഗീയ, മതമൗലിക പക്ഷത്തെ കൂടെ നിര്‍ത്താന്‍ ആ സര്‍ക്കാര്‍ മുസ്ലിം വനിതാ നിയമം കൊണ്ടുവന്നു. ഹിന്ദുവര്‍ഗ്ഗീയ, മതമൗലിക പക്ഷത്തെ പ്രീതിപ്പെടുത്താന്‍ അതുവരെ പൂട്ടിക്കിടന്ന ബാബറി മസ്ജിദ് രാമക്ഷേത്രം എന്ന നിലയില്‍ ഹിന്ദുഭക്തര്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്തു. അധികാരം നിലനിര്‍ത്തുന്നതിന് പല വിട്ടുവീഴ്ചകളും പില്‍ക്കാല കോണ്‍ഗ്രസ് നേതാക്കളും ഭരണാധികാരികളും ചെയ്തിട്ടുണ്ടെന്നത് ശരിയാണെങ്കിലും മതദേശീയതയ്ക്കും (ഹിന്ദുദേശീയതയ്ക്കും) മത അന്തര്‍ദ്ദേശീയതയ്ക്കും (പാന്‍ ഇസ്ലാമിസത്തിനും) എതിരായ സമീപനമാണ് പൊതുവെ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചത് എന്ന യാഥാര്‍ത്ഥ്യം തള്ളിക്കളയാനാവില്ല. ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും തൊട്ട് മന്‍മോഹന്‍ സിങ് വരെയുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ ഇന്ത്യയുടെ സമാധാനപരമായ നിലനില്‍പ്പിനു മതേതരമൂല്യങ്ങളുടെ സംരക്ഷണം അനുപേക്ഷണീയമാണ് എന്ന വിചാരം അകമേ കൊണ്ടുനടന്നവരായിരുന്നു.

2014-ലും 2019-ലും കേന്ദ്രത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ്സിന്റെ അടിത്തറയെ സാരമായി ബാധിച്ചു. കോണ്‍ഗ്രസ്സുകാരില്‍ പലരും അധികാരത്തിന്റെ ശീതളച്ഛായ തേടിപ്പോകുന്ന പ്രവണത ശക്തമായി. സംസ്ഥാനങ്ങളില്‍ കുതിരക്കച്ചവടത്തിലൂടെ ഭരണം പിടിച്ചെടുക്കുന്ന തന്ത്രം ബി.ജെ.പി സമര്‍ത്ഥമായി പയറ്റുകയും ചെയ്തു. ഇതെല്ലാം സംഭവിച്ചുകൊണ്ടിരിക്കെയാണ് രണ്ടു കോണ്‍ഗ്രസ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ രണ്ടു വ്യത്യസ്ത കേന്ദ്രങ്ങളില്‍നിന്നു പുറപ്പെട്ടത്. പ്രത്യയശാസ്ത്രത്തില്‍ വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്നവയെന്നവകാശപ്പെടുന്നവയാണ് ആ കേന്ദ്രങ്ങള്‍. അതിലൊന്ന് ബി.ജെ.പി തന്നെ. മറ്റേത് സി.പി.ഐ.എമ്മും.

കോണ്‍ഗ്രസ് മുക്തഭാരതം എന്നതാണ് ബി.ജെ.പി പുറപ്പെടുവിച്ച മുദ്രാവാക്യം. കേരളത്തിലെ സി.പി.ഐ.എമ്മിന്റെ മുദ്രാവാക്യം കോണ്‍ഗ്രസ് മുക്തകേരളം എന്നതാണ്. കോണ്‍ഗ്രസ്സില്ലാത്ത ഇന്ത്യയാണ് ഭാരതീയ ജനതാപാര്‍ട്ടിക്ക് വേണ്ടതെങ്കില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കുവേണ്ടത് കോണ്‍ഗ്രസ്സില്ലാത്ത കേരളമാണ്. കോണ്‍ഗ്രസ് ചത്തൊടുങ്ങിയാല്‍ തങ്ങള്‍ക്ക് അഭംഗുരം ഇന്ത്യ ഭരിക്കാമെന്നും അതിനെ ഹിന്ദു രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കാമെന്നും ബി.ജെ.പി കരുതുന്നു. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ ശവദാഹം കഴിഞ്ഞാല്‍ തങ്ങളിച്ഛിക്കുംവിധം കേരളം നിര്‍വിഘ്നം ഭരിക്കാമെന്ന് സി.പി.ഐ.എമ്മും കണക്കുകൂട്ടുന്നു.

പക്ഷേ, ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്താണ്? കോണ്‍ഗ്രസ്സില്ലാത്ത ഭാരതം എന്ന സ്ഥിതിവിശേഷമോ കോണ്‍ഗ്രസ്സില്ലാത്ത കേരളം എന്ന സ്ഥിതിവിശേഷമോ അവരാഗ്രഹിക്കുന്നുണ്ടോ? പ്രതിപക്ഷരഹിതമായ അത്തരമൊരു രാഷ്ട്രീയ സാഹചര്യം നാടിനും നാട്ടാര്‍ക്കും രണ്ടുവിധത്തില്‍ ദോഷം ചെയ്യും. രാജ്യം സമഗ്രാധിപത്യ സംവിധാനത്തിലേക്ക് നീങ്ങുമെന്നതാണ് ഒരു ദോഷം. മറ്റൊന്ന് ഇന്ത്യയില്‍ മതേതരത്വത്തിന്റേയും അതിന്റെ അവിച്ഛിന്നാംശമായ ബഹുസ്വരതയുടേയും മരണമണി മുഴങ്ങുമെന്നതും. കോണ്‍ഗ്രസ് മരിച്ചിട്ട് ഇന്ത്യയില്‍ മതേതരത്വം ജീവിക്കില്ല. എന്തൊക്കെ പറഞ്ഞാലും രാജ്യത്തിലെ എല്ലാ മതങ്ങളിലും ജാതികളിലും ഭാഷകളിലും വംശങ്ങളിലും പെട്ടവരെ ഉള്‍ക്കൊള്ളുകയും ദേശവ്യാപക സാന്നിധ്യം കൂടിയോ കുറഞ്ഞോ നിലനിര്‍ത്തിപ്പോരുകയും ചെയ്ത ഒരേയൊരു ദേശീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. 

കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കാന്‍ സാധിക്കുമെങ്കിലും ഇന്ത്യയ്ക്ക് ഒരു മതേതരഹൃദയം രൂപപ്പെടുത്തുന്നതില്‍ മറ്റേത് പാര്‍ട്ടിയെക്കാളും മുന്‍പേ നടന്നതും കോണ്‍ഗ്രസ് തന്നെ. ആ പാര്‍ട്ടിക്ക് നെഹ്‌റുവിയന്‍ പൈതൃകം തിരിച്ചുപിടിക്കാന്‍ സാധിച്ചാല്‍ ഏത് വര്‍ഗ്ഗീയശക്തിയേയും പ്രതിരോധിക്കാനുള്ള കരുത്താര്‍ജ്ജിക്കാന്‍ അതിനു കഴിയും. തൊഴുത്തില്‍ കുത്തും അവനവനിസവും സര്‍വ്വോപരി കുടുംബവാഴ്ചാ കോംപ്ലെക്‌സും മാറ്റിവെച്ച് മതേതര ഇന്ത്യയ്ക്കുവേണ്ടി അടരാടാനുള്ള നിശ്ചയദാര്‍ഢ്യം നേതാക്കന്മാര്‍ക്കുണ്ടാകണമെന്നു മാത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com