നെടുമുടിയില്‍ പാടിനിര്‍ത്തിയ പ്രതിഭാജീവിതം

നാടകങ്ങളില്‍നിന്നും ഇതര രംഗകലകളില്‍നിന്നും അദ്ദേഹം ആര്‍ജ്ജിച്ച അഭിനയത്തെക്കുറിച്ചുള്ള ധാരണകളില്‍നിന്നാണ് നെടുമുടി വേണു എന്ന നടന്‍ ശരിക്കും ഉരുത്തിരിയുന്നത്
നെടുമുടിയില്‍ പാടിനിര്‍ത്തിയ പ്രതിഭാജീവിതം

''മുഖത്ത് ചുട്ടിയിട്ടാല്‍ സാധാരണ മനുഷ്യര്‍ ചിരിക്കുന്നതുപോലെ ചിരിച്ചാല്‍ പോരാ മുഖത്തു തെളിയാന്‍; അതു കുറച്ചു വിസ്തരിച്ചു വേണം. ചിരി മാത്രമല്ല, ഏതു വികാരമായാലും അതു വിശദമായിത്തന്നെ വേണം പ്രകടിപ്പിക്കാന്‍'' - നെടുമുടി വേണു എന്ന പ്രതിഭാശാലി ഒരിക്കല്‍ തന്റെ അഭിനയജീവിതത്തിനിടയില്‍ താന്‍ പഠിച്ച പാഠം ഓര്‍മ്മിച്ചെടുത്തതിങ്ങനെ. ഒരുപക്ഷേ, പ്രകടിപ്പിക്കുന്ന ഏതു ഭാവത്തിനും ആവശ്യത്തിലധികം എന്നു പറയാവുന്ന തരത്തില്‍ മിഴിവു നല്‍കിയാണ് അദ്ദേഹം അഭിനയിച്ചത്. അതുകൊണ്ട് ഏതു സിനിമയിലായാലും അദ്ദേഹം കൈകാര്യം ചെയ്ത വേഷങ്ങള്‍ എല്ലാക്കാലത്തും മനസ്സില്‍ പതിഞ്ഞുകിടക്കും. നാടകങ്ങളില്‍നിന്നും ഇതര രംഗകലകളില്‍നിന്നും അദ്ദേഹം ആര്‍ജ്ജിച്ച അഭിനയത്തെക്കുറിച്ചുള്ള ധാരണകളില്‍നിന്നാണ് നെടുമുടി വേണു എന്ന നടന്‍ ശരിക്കും ഉരുത്തിരിയുന്നത്.
 
'നാടകമെന്നാല്‍ നാടിന്നകം' എന്നു തിരിച്ചറിഞ്ഞ നടനായിരുന്നു നാടകത്തില്‍നിന്നു വെള്ളിത്തിരയിലേയ്ക്ക് അരങ്ങേറ്റം നടത്തിയ നെടുമുടി വേണു. കുട്ടനാടന്‍ മണ്ണിന്റെ പശിമയുള്‍ക്കൊണ്ടു രംഗവേദിയില്‍ വളര്‍ന്ന് സിനിമയില്‍ പടര്‍ന്ന പ്രതിഭ. ഞാന്‍ ഒരു കുട്ടനാട്ടുകാരനാണ് എന്നു എപ്പോഴും ആവര്‍ത്തിക്കാറുള്ള തനിക്ക് ഓരോ കഥാപാത്രത്തേയും അവതരിപ്പിക്കുമ്പോള്‍ മാതൃകയായത് താന്‍ കണ്ടു ശീലിച്ച തന്റെ നാട്ടിലെ മനുഷ്യര്‍ തന്നെയാണ് എന്നു പലകുറി വ്യക്തമാക്കിയിട്ടുണ്ട്. നാട്ടിന്‍പുറത്തുകാരനായ താന്‍ നാടറിഞ്ഞാണ് വളര്‍ന്നതെന്നും തന്റെ നാട്ടില്‍ ഒരു പത്തുപതിനഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള മിക്കവരേയും തനിക്കറിയാമെന്നും താന്‍ ഓരോ കഥാപാത്രത്തേയും അവതരിപ്പിക്കുമ്പോള്‍ ''എന്നെ എടുക്കൂ, എന്നെ എടുക്കൂ'' എന്നു പറഞ്ഞ് ഓരോരുത്തരും മുന്‍പില്‍ വന്നു നില്‍ക്കുകയാണെന്നും ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞുകേട്ടിട്ടുണ്ട്. 

ചെറുപ്പക്കാരെല്ലാം ക്ഷുഭിതയൗവ്വനങ്ങളായി സ്വയം ചിത്രീകരിക്കാന്‍ താല്പര്യപ്പെട്ട ഒരു കാലത്താണ് വേണു സിനിമയിലേയ്ക്ക് പ്രവേശിക്കുന്നത്. തനതു നാടകവേദിയും സാഹിത്യത്തിലെ ആധുനികതയുമൊക്ക നന്നായി സ്വാധീനിച്ചിട്ടുള്ളയാളായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ അക്കാലത്തെ ഒരു യുവാവിനെ അവതരിപ്പിക്കുമ്പോള്‍ ആ ജീവിതപരിസരത്തു നിന്നായിരുന്നു എപ്പോഴും അദ്ദേഹം കഥാപാത്രങ്ങളെ സാക്ഷാല്‍ക്കരിച്ചത്. 'വേനല്‍' എന്ന സിനിമയില്‍ അയ്യപ്പപണിക്കരുടെ കവിതകള്‍ ആലപിക്കുന്ന കഥാപാത്രത്തെ മറക്കാന്‍ വയ്യാതെയായത് അങ്ങനെയാണ്. അഞ്ഞൂറിലധികം സിനിമകള്‍ അഭിനയിച്ചുതീര്‍ന്ന വേളയിലും അദ്ദേഹത്തിന്റെ പ്രതിഭ സിനിമയിലെ നവതരംഗത്തോടൊപ്പവും പ്രത്യക്ഷമായി എന്നതാണ് കൗതുകകരമായ മറ്റൊരു സവിശേഷത. ഒടുവില്‍ 'ആണും പെണ്ണും' എന്ന ന്യൂജനറേഷന്‍ സിനിമയിലും അദ്ദേഹം അഭിനയിച്ചു. 

ശരീരത്തിന്റെ സൗകുമാര്യമോ ആകാരഭംഗിയോ ഒട്ടുംതന്നെ ശ്രദ്ധിക്കാത്ത നടനായിരുന്നു നെടുമുടി വേണു. ഒരേസമയം യുവാവായും വൃദ്ധനായുമൊക്കെ അഭിനയിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയത് ഈ കരുതലില്ലായ്മകൊണ്ടുകൂടിയായിരുന്നു. ഇന്നു സിനിമയിലെ താരശോഭ മുന്‍നിര്‍ത്തി ശരീരത്തിന്റെ കാര്യത്തില്‍ നടന്മാര്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുമ്പോള്‍ അഭിനയിക്കുന്ന കഥാപാത്രത്തെ തന്റെ ശരീരത്തിലേയ്ക്ക് ആവാഹിച്ചെടുക്കുന്ന നടനായിരുന്നു അദ്ദേഹമെന്നു പറയേണ്ടിവരും. താരം എന്ന പരിവേഷത്തെ വീര്‍പ്പുമുട്ടലോടെ കണ്ട നടനായിരുന്നു എക്കാലവും അദ്ദേഹം. 

വൈവിദ്ധ്യമായിരുന്നു നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രങ്ങളുടെ മുഖ്യ സവിശേഷത. 'തകര'യിലെ ചെല്ലപ്പനാശാരിയും ആരവത്തിലെ മരുതും തണുത്ത വെളുപ്പാന്‍ കാലത്തിലെ അതീന്ദ്രിയജ്ഞാനിയായ വാരിയരും 'കേളി'യിലെ റൊമാന്‍സ് കുമാരനും 'ഹിസ് ഹൈനസ്സ് അബ്ദുള്ള'യിലെ തമ്പുരാനുമൊക്കെ കഥാപാത്രവൈവിദ്ധ്യത്തിനു വലിയ ഉദാഹരണങ്ങളാണ്. അഭിനയജീവിതത്തിന്റെ അഞ്ചാംദശകത്തിലേയ്ക്ക് കടന്നുപോയതിനുശേഷം അരങ്ങൊഴിഞ്ഞ ഈ നടനെ പ്രേക്ഷകന് ഓര്‍ക്കാന്‍ അനവധി മുഹൂര്‍ത്തങ്ങളും സിനിമകളുമുണ്ട്. നായകനായും വില്ലനായും സഹനടനായും അച്ഛനായും മുത്തശ്ശനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ ചടുലതയോടെ കഥാപാത്രങ്ങളെ മലയാളി എല്ലാക്കാലവും ഓര്‍ത്തെടുക്കുന്നവരാക്കി മാറ്റിയതാണ് വേണുവിന്റെ കയ്യടക്കം. അദ്ദേഹത്തിന്റെ താളമേളക്കൊഴുപ്പില്ലാത്ത സിനിമാ സെറ്റുകള്‍ ഇല്ലായിരുന്നു കഴിഞ്ഞ നാലു ദശകങ്ങളില്‍. 

നെടുമുടി വേണു
നെടുമുടി വേണു

രംഗവേദിയില്‍നിന്ന് അഭ്രപാളിയിലേയ്ക്ക് 

സാംസ്‌കാരികമായി നല്ല വളക്കൂറുള്ള കുട്ടനാടന്‍ മണ്ണിന്റെ സവിശേഷതകള്‍ വേണ്ടത്ര ഉള്‍ക്കൊണ്ടു വളര്‍ച്ചയാര്‍ജ്ജിച്ചയാളായിരുന്നു നെടുമുടി വേണു. മിഴാവും മൃദംഗവും നന്നായി വഴങ്ങുന്ന, പടയണി എന്ന കലാരൂപത്തെ നന്നായി അടുത്തറിഞ്ഞ, നാടകവേദികളില്‍ പകര്‍ന്നാടിയ ബഹുമുഖ പ്രതിഭയായ വേണുവിന്റെ സര്‍ഗ്ഗജീവിതത്തിന്റെ തുടര്‍ച്ചയില്‍ സംഭവിച്ചുപോയതായിരുന്നു സിനിമയെന്നും പറയേണ്ടതുണ്ട്. വിദ്യാഭ്യാസ കാലത്തുതന്നെ കലാ-സാംസ്‌കാരിക രംഗങ്ങളില്‍ വലിയ താല്പര്യമായിരുന്നു അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. കുറച്ചുകാലം പാരലല്‍ കോളേജ് അദ്ധ്യാപകനായും പ്രവര്‍ത്തിച്ചു. കോളജിലെ സഹപാഠിയായിരുന്നു സംവിധായകന്‍ ഫാസില്‍. അദ്ദേഹവുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്ത് വേണു സജീവമാകുന്നത്. 

ജീവിതത്തിലും പല വേഷങ്ങളും അണിഞ്ഞയാളായിരുന്നു നെടുമുടി വേണു. പാരലല്‍ കോളേജ് അദ്ധ്യാപകന്‍, കലാകൗമുദിയില്‍ പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ പല റോളുകള്‍. എന്നാല്‍, അദ്ദേഹത്തിനു നടന്‍ എന്ന വേഷമാണ് ഏറ്റവുമധികം നന്നായി ചെയ്യാനായത്. കവിതയും നാടകവും പകുത്തെടുത്തതായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം. നാടകത്തോട്, സിനിമയോട് എന്നപോലെ പ്രതിഭാശാലികളായ എഴുത്തുകാരോടും സാഹിത്യകൃതികളോടും വേണു വലിയ ആത്മബന്ധമാണ് പുലര്‍ത്തിയത്. കാവാലം, അയ്യപ്പപണിക്കര്‍, അരവിന്ദന്‍, പത്മരാജന്‍, ജോണ്‍ എബ്രഹാം തുടങ്ങിയ പ്രതിഭകളോട് അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കു കൂട്ടുപോയ വേണു അവരുടെ അടുത്ത ചങ്ങാതിയും ബന്ധുവുമായി. അയ്യപ്പപണിക്കരുമൊത്ത് അവനവന്‍ കടമ്പയുടെ മുന്നൊരുക്കങ്ങളിലുണ്ടായ സന്ദര്‍ഭങ്ങളില്‍ 'കവിയരങ്ങി'നും 'ചൊല്‍ക്കാഴ്ച'കള്‍ക്കും താന്‍ സാക്ഷിയും പങ്കാളിയുമായ കാര്യം ഒരു വസന്തത്തിന്റെ ഓര്‍മ്മയ്ക്ക് (സമകാലിക മലയാളം 2020 സെപ്തംബര്‍-14) എന്ന അയ്യപ്പപണിക്കര്‍ അനുസ്മരണ ലേഖനത്തില്‍ നെടുമുടി വേണു കുറിച്ചിടുന്നുണ്ട്. നാടകാചാര്യന്‍ കാവാലവുമായുള്ള പരിചയമാണ് തന്റെ അഭിനയജീവിതത്തിലെ മുഖ്യമുഹൂര്‍ത്തമെന്ന് അദ്ദേഹം തന്നെ പിന്നീട് വെളിപ്പെടുത്തുകയുണ്ടായിട്ടുണ്ട്. കാവാലത്തിനൊപ്പം 'എനിക്കു ശേഷം', 'ദൈവത്താര്‍', 'അവനവന്‍ കടമ്പ' തുടങ്ങിയ ജനശ്രദ്ധയാകര്‍ഷിച്ച നിരവധി നാടകങ്ങളില്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നു.

സമാന്തര സിനിമയിലൂടെയും മധ്യവര്‍ത്തി സിനിമകളിലൂടെയുമായിരുന്നു വേണുവിന്റെ സിനിമയിലെ തുടക്കം. 

അരവിന്ദന്റെ 'തമ്പി'ലെ അഭിനയത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ എടുത്തുപറയാവുന്ന വേഷം ചെയ്തുതുടങ്ങുന്നതെങ്കിലും കലാലയ വിദ്യാഭ്യാസകാലത്ത് തോപ്പില്‍ ഭാസിയുടെ 'ഒരു സുന്ദരിയുടെ കഥ' എന്ന സിനിമയില്‍ മുഖം കാണിച്ചിരുന്നു. അക്കാലത്ത് കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ട വേണു അദ്ദേഹത്തിന്റെ നാടകസംഘത്തില്‍ സജീവമായി. ജവഹര്‍ ബാലഭവനില്‍ കുറച്ചുകാലം നാടകാദ്ധ്യാപകനായും ജോലിചെയ്തു. 

അരവിന്ദൻ, നെടുമുടി വേണു, കടമ്മനിട്ട രാമകൃഷ്ണൻ എന്നിവർ തമ്പിന്റെ ചിത്രീകരണ ഇടവേളയിൽ നടത്തിയ ചൊൽക്കാഴ്ച
അരവിന്ദൻ, നെടുമുടി വേണു, കടമ്മനിട്ട രാമകൃഷ്ണൻ എന്നിവർ തമ്പിന്റെ ചിത്രീകരണ ഇടവേളയിൽ നടത്തിയ ചൊൽക്കാഴ്ച

പത്മരാജന്റെ 'ഒരിടത്തൊരു ഫയല്‍വാനി'ല്‍ നെടുമുടി വേണുവിന്റെ വേഷമാണ് നെടുമുടി വേണുവിന്റെ വൃദ്ധകഥാപാത്രങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു തുടക്കം കുറിച്ചത്. ഒരു കാവാലം നാടകത്തില്‍ അദ്ദേഹം അവതരിപ്പിച്ച നാടകമാണ് പത്മരാജന്‍ തന്നെ ഈ വേഷത്തിനു തിരഞ്ഞെടുക്കാന്‍ കാരണമായതെന്ന് അദ്ദേഹം തന്നെ അനുസ്മരിച്ചുകേട്ടിട്ടുണ്ട്. കൈകാര്യം ചെയ്യുന്നത് ഏതു വേഷമായിരുന്നാലും ആ വേഷത്തെ തന്റേതായ ഭാഷയില്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമായിരുന്നു എല്ലാക്കാലവും ഈ പ്രതിഭ. സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണശൈലിയുമെല്ലാം അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സവിശേഷതകളായി. വിടനോളമെത്തുന്ന കാമുകപദവിയുള്ള ചില കഥാപാത്രങ്ങളുണ്ട് അദ്ദേഹത്തിന്റേതായി. 'കേളി' എന്ന സിനിമയിലെ റൊമാന്‍സ് കുമാരനെപ്പോലെ. എന്നാല്‍, കുട്ടനാടിനെയെന്നപോലെ ജീവിതത്തേയും പ്രണയിച്ച കലാകാരനായിരുന്നു വേണു. പ്രണയം ജീവിതത്തിന്റെ ഒരനിഷേധ്യഭാവമാണെന്നായിരുന്നു എല്ലാക്കാലവും അദ്ദേഹത്തിന്റെ പക്ഷം. അതിപ്പോള്‍ 'മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട'ത്തിലെ മാഷായാലും 'കേളി'യിലെ റൊമാന്‍സ് കുമാരനായാലും 'തേന്മാവിന്‍ കൊമ്പത്ത്' എന്ന സിനിമയിലെ 'ശ്രീകൃഷ്ണന്‍' ആയാലും. നായക ഥാപാത്രങ്ങളായാലും ഹാസ്യകഥാപാത്രങ്ങളായാലും വില്ലന്‍ കഥാപാത്രങ്ങളായാലും നെടുമുടി അത് അവതരിപ്പിച്ചാല്‍ അവയ്ക്ക് തനതായ ഒരു 'നെടുമുടിത്തം' സഹജമായിരുന്നു. 'ആരവം' എന്ന സിനിമയിലെ മരുത് എല്ലാ നായക സങ്കല്പങ്ങളേയും തിരുത്തിക്കുറിച്ച കഥാപാത്രമായിരുന്നു. 

നായകനായും പ്രതിനായകനായും സഹനടനായും സ്വഭാവനടനായും ഹാസ്യനടനായും ഒരു കള്ളിയിലുമൊതുക്കാനാവാത്ത അഭിനയാവിഷ്‌കാരമെന്ന പദവിയില്‍ എക്കാലത്തും തിളങ്ങിയ ഒരു മഹാനടനെയാണ് വേണുവിന്റെ വിയോഗത്തോടെ നമുക്കു നഷ്ടമാകുന്നത്. എന്നിരുന്നാലും അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ പ്രേക്ഷകമനസ്സില്‍ എല്ലാക്കാലത്തും ബാക്കിനില്‍ക്കുകയാണ്. ആരവം, കള്ളന്‍ പവിത്രന്‍ എന്നിവയില്‍ തുടങ്ങി മാര്‍ഗ്ഗം, നോട്ടം എന്നിങ്ങനെ പുരസ്‌കാരലബ്ധി സാധ്യമാക്കിയതും അല്ലാത്തതുമായ നിരവധി സിനിമകള്‍ എടുത്തുപറയാവുന്നതായി അദ്ദേഹത്തിന്റേതായി ഉണ്ട്. കഥാപാത്രങ്ങളുടെ ഭാഷയോ വലിപ്പച്ചെറുപ്പങ്ങളോ സ്വഭാവമോ കണക്കിലെടുക്കാതെ തന്നിലേല്പിക്കപ്പെട്ട ഏതു കഥാപാത്രത്തേയും നെടുമുടി വേണു ഗൗരവ്വത്തോടെയാണ് സമീപിച്ചത്. സിനിമയില്‍ മാത്രമല്ല, നാടകങ്ങളിലും കാവ്യാവിഷ്‌കാരങ്ങളിലും തുടങ്ങി എല്ലാ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിന്റെ സമീപനം കൈക്കുറ്റപ്പാടുകളുണ്ടാകരുതെന്ന നിര്‍ബ്ബന്ധബുദ്ധിയുള്ള ഒരു പ്രതിഭാശാലിയുടേതായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com