നടനത്തിന്റെ ജന്മതാളം

കേരളം മാറിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് നെടുമുടി വേണു എന്ന കെ. വേണുഗോപാല്‍ നാടകത്തിന്റേയും സിനിമയുടേയും സാധ്യമായ ലോകത്ത് ഒരേസമയം കാലുറപ്പിക്കുന്നത്
നെടുമുടി വേണു
നെടുമുടി വേണു

ണ്‍പതുകളിലെ കേരളം സാമൂഹ്യവും രാഷ്ട്രീയവുമായ ഉരുള്‍പൊട്ടലുകളുടെ ഉത്തരകാലമാണ്. സാഹിത്യത്തിലെ നവോത്ഥാനകാലവും അടിയന്തരാവസ്ഥയുടെ വാഴ്ചയും തീവ്രവും തീക്ഷ്ണവുമായ വിപ്ലവബോധത്തിന്റേയും കാലം കഴിഞ്ഞു സാംസ്‌കാരികമായൊരു പ്രളയാനന്തര അന്തരീക്ഷം സമൂഹത്തിലേയ്ക്ക് തിരികെയെത്തുന്ന സന്ദര്‍ഭമാണിത്. അതിന്റെ ഗതിവേഗങ്ങളും അനുഭവരാശികളും എഴുത്തിലും കലയിലും സിനിമയിലുമൊക്കെ വ്യാപിച്ചുനില്‍ക്കുന്നുണ്ട്. അതേ ഘട്ടത്തില്‍ത്തന്നെയാണ് കോടമ്പാക്കത്തുനിന്ന് മലയാളസിനിമ മടക്കയാത്ര തുടങ്ങുന്നത്. സ്റ്റുഡിയോ സെറ്റുകളില്‍നിന്നു ഭിന്നവും യാഥാര്‍ത്ഥ്യപൂര്‍ണ്ണവുമാണ് കേരളക്കാഴ്ചയുടെ പരിസരമെന്നു പതുക്കെ അറിയാന്‍ തുടങ്ങിയിരുന്നു. ഈ വിധത്തില്‍ അനേകം തുടര്‍ചലനങ്ങളുടെ അരങ്ങായി കേരളം മാറിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് നെടുമുടി വേണു എന്ന കെ. വേണുഗോപാല്‍ നാടകത്തിന്റേയും സിനിമയുടേയും സാധ്യമായ ലോകത്ത് ഒരേസമയം കാലുറപ്പിക്കുന്നത്. ആ കാലത്തിന്റെ അമ്ലരുചികള്‍ മുഴുവനും വേണുവിന്റെ ആവിഷ്‌കാര ലോകത്തില്‍നിന്നു ലഭിക്കുന്നുണ്ട്. അഭിനയമാണ് തന്റെ ആവിഷ്‌കാരങ്ങളുടെ കുഴമണ്ണെന്നും അതിന്റെ സൂക്ഷ്മമായ നിര്‍വ്വഹണത്തില്‍ കലാപാഠങ്ങളും ജീവിതാനുഭവങ്ങളും ഉള്‍ച്ചേര്‍ന്നിരുന്നുവെന്നും തിരിച്ചറിഞ്ഞ മലയാളത്തിലെ ആദ്യനടനും വേണു തന്നെയായിരിക്കണം. നാട്യത്തിന്റെ ലോകധര്‍മ്മിയില്‍നിന്ന് അദ്ദേഹം വേണ്ടുവോളം വിഭവങ്ങളും ശൈലികളും ശേഖരിച്ചുകൊണ്ടിരുന്നു. അതുപോലെ സാമൂഹ്യജീവിത പരിസരങ്ങളില്‍നിന്നും ഒരന്വേഷകനെപ്പോലെ എന്തെല്ലാം സ്വീകരിച്ചുവെന്ന് ആ നടന്‍ കൈകാര്യം ചെയ്ത കഥാപാത്രങ്ങളെ കാണുമ്പോള്‍ പ്രത്യക്ഷമായി ബോധ്യപ്പെടുകയും ചെയ്യും.

കേരളീയ സമൂഹത്തിന്റെ സാംസ്‌കാരിക പരിസരങ്ങളിലും അരങ്ങുകളങ്ങളിലും ദൃശ്യബോധങ്ങളിലും അടയാളപ്പെട്ടതാണ് നെടുമുടി വേണുവിന്റെ കലാജീവിതം. സാംസ്‌കാരിക-സാമൂഹ്യ തുടര്‍ചലനങ്ങളുടെ നാലു പതിറ്റാണ്ടിനോടൊപ്പം വേണുവിന്റെ അഭിനയജീവിതവും അനുയാത്ര ചെയ്യുകയായിരുന്നു. ഉഴുതുമറിച്ച മണ്ണില്‍ വിളഞ്ഞ ധാന്യക്കതിരുകളെ കൊയ്‌തെടുക്കുന്നതുപോലെ സ്വന്തം ജീവിതപരിസരങ്ങളില്‍നിന്ന് അനേകമനേകം അനുഭവരാശികളെ അത്രമേല്‍ ഉള്‍ക്കൊണ്ട മറ്റൊരു നടനുമില്ല. ഊഷരമായ മണ്ണടരുകളിലേയ്ക്ക് ജലമെത്തുന്നപോലെ താനേ അഭിനയശീലങ്ങളെ നിരന്തരം നനയ്ക്കുന്നത് കുട്ടനാട് ജനിച്ചുവളര്‍ന്ന ഈ ഗ്രാമീണന്റെ നിത്യശീലങ്ങളാണ്. നമ്മുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും പൊതുബോധങ്ങളുടെ ഭൂമികയിലും ഈ നടന്‍ പരിചരിച്ച കഥാപാത്രങ്ങളുടെ മാതൃകകള്‍ കാണാം. അത്രമാത്രം അനായാസമായി വേണു തന്റെ മണ്ണില്‍നിന്നു കഥാപാത്ര രൂപീകരണത്തിനു ആവശ്യമായതു വലിച്ചെടുക്കുകയും അതുതന്നെ നാടിനു തിരിച്ചുനല്‍കുകയും ചെയ്യുന്നുണ്ട്.

നെടുമുടി വേണു 'തമ്പിൽ'
നെടുമുടി വേണു 'തമ്പിൽ'

മലയാള സിനിമയുടെ മുന്‍പോ പിന്‍പോ ജീവിതാനുഭവങ്ങളെ കരുതലോടെ സ്വീകരിക്കുകയും അത് ആവിഷ്‌കാരത്തിന്റെ സൂക്ഷ്മതയിലേയ്ക്കു പ്രത്യാനയിക്കുകയും ചെയ്ത മറ്റൊരു നടനുമില്ല. ഈ വിഭവങ്ങള്‍ കുട്ടനാടിന്റെ പല പല 'മുടി'കളില്‍നിന്നോ 'കരി'കളില്‍നിന്നോ കണ്ടെടുത്ത ശീലുകളോ ഭിന്നരുചിയായ മനുഷ്യരുടെ പലവിധ വിശേഷങ്ങളോ വാമൊഴിവഴക്കമോ ക്ലാസ്സിക്കല്‍ രുചികളോ ആകാം. അതിന്റെ രുചിഭേദങ്ങള്‍ കഥാപാത്രങ്ങളിലും കണ്ടെത്തുന്നു.

നടനെന്ന രീതിയില്‍ രൂപീകരിച്ച ആട്ടപ്രകാരവും സ്വന്തംജീവിതം പകര്‍ത്തിയെടുത്ത ബോധ്യങ്ങളും കലര്‍ന്നതാണ് ഈ നടന്റെ അഭിനയവഴികള്‍. അതില്‍ കൃഷിക്കും ജലത്തിനും ജലഘോഷത്തിനും നാട്ടുതാളത്തിനും ഗ്രാമീണതയ്ക്കും തിയേറ്ററിനും ക്ലാസ്സിക്കല്‍ തിയേറ്ററിനും അതിന്റേതായ ഇടങ്ങളുണ്ട്. ആന്തരികമായ സൂക്ഷ്മബോധത്തോടെ ഓരോ കഥാപാത്രത്തേയും വേണുവിനു പരിചരിക്കാന്‍ കഴിഞ്ഞത് കുട്ടനാടിന്റെ ജൈവപ്രകൃതിയുമായുള്ള കൊടുക്കല്‍ വാങ്ങലുകളാണ്.

വായ്ത്താരിയും പന്തീരടിയും

കുട്ടനാടിന് ഒരു ജന്മപ്രകൃതിയുണ്ട്. അതിനൊരു ജന്മതാളവുമുണ്ട്. പച്ചയുടെ വിവിധ കാലഭേദങ്ങളിലെ ഒഴുക്കുപോലും പല താളങ്ങളോടെയാണ്. മഴയായാല്‍ അതിനു ചെമ്പടയുടെ രൗദ്രമാണ്. വേനലില്‍ അതു കുറേക്കൂടി കലാത്മകമായ പതിഞ്ഞ തൃപുടമായിരിക്കും. ഈ താളം കുട്ടനാട് നിന്നു പുറപ്പെട്ടവര്‍ക്കൊക്കെ കിട്ടിയിട്ടുണ്ട്. 'ഒരു സര്‍റിയലിസ്റ്റ് പ്രണയഗാനം' മുതല്‍ 'ഈ ആണുങ്ങള്‍ക്കെന്താ പാത്രം തേച്ചാല്?' എന്ന കവിത വരെ അയ്യപ്പനില്‍ നവീനമായൊരു ഛന്ദസ്സിന്റെ നാഡീവ്യൂഹമുണ്ട്. കാവാലത്തിലെത്തുമ്പോഴേക്കും അതു വായ്ത്താരിയായും പാനയായും പന്തീരടിയായും പന്തലിക്കുന്നുണ്ട്. ദൈവത്താറും ഭഗവദജ്ജുകവും അവനവന്‍ കടമ്പയും ആ താളത്തിന്റെ ഭിന്നപ്രകൃതികളാണ്. പാടവരമ്പുകളില്‍ അനുക്രമമായി തിരിയുന്ന ചക്രങ്ങളും ഞാറ്റുപാട്ടുകളും മറ്റു മൂളിപ്പാട്ടുകളും അതിന്റെ ഉപോല്പന്നമായ വാമൊഴി വഴക്കങ്ങളും വഞ്ചിപ്പാട്ടും താളവട്ടങ്ങളും ചേര്‍ന്ന് കുട്ടനാടിനൊരു പാട്ട് പ്രകൃതിയുണ്ട്. നാട്ടുഭാഷയിലും കാണാം അതിന്റെ നീട്ടലും കുറുകലും. നതോന്നതയും കാകളിയും കേകയുമൊക്കെ അതിന്റെ ഭാഷാപരമായ തുടര്‍ച്ചകളാണ്. ഇത്തരമൊരു പരിസരത്തിലേയ്ക്ക് കഥകളികൂടി വന്നുചേരുന്നു. കളരിയും കളിയോഗവും മഹാനടന്മാരുമൊക്കെ കുട്ടനാടിന്റെ കളിവട്ടത്തിലുമുണ്ട്. കഥകളിച്ചെണ്ടയും നാട്ടുചെണ്ടയും ചേരുമ്പോഴത്തെ താളവിശേഷം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. 

ശിശുവികസന കൗൺസിൽ 2019ൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ നെടുമുടി വേണു ഉദ്ഘാടനം ചെയ്തപ്പോൾ
ശിശുവികസന കൗൺസിൽ 2019ൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ നെടുമുടി വേണു ഉദ്ഘാടനം ചെയ്തപ്പോൾ

അവിടെ ജീവിച്ച ഒരാള്‍ക്ക്, ഈ കലാരൂപങ്ങളുടെ ഇടപെടലുകളില്‍നിന്നു ലഭിച്ച ജനിതകം, തന്റെ ജീവിതത്തിലെ സ്ഥിരം നിക്ഷേപമാണ്. സൂക്ഷ്മമായ അഭിനയ പ്രയോഗങ്ങളില്‍, കുട്ടനാടിന്റെ ഇത്തരം കലാവിദ്യകള്‍, ഒരു മിന്നല്‍പോലെ മനസ്സില്‍ പിറന്നുവീഴുകയും ചെയ്യും. ആര്‍പ്പോ ഹീയോ എന്ന വായ്ത്താരിയില്‍ ഒരു കുട്ടനാട്ടുകാരന്‍ തന്റെ ജന്മതാളം തിരിച്ചറിയുന്നതുപോലെ ഈ താളത്തിന്റെ പ്രകാശന രീതിബോധങ്ങള്‍ നെടുമുടിയുടെ അഭിനയജീവിതത്തില്‍ വ്യാപിച്ചുകിടക്കുന്നുണ്ട്. ഈ താളഭേദങ്ങളുടെ നാട്ടുകലവറയിലേയ്ക്ക് മൃദംഗത്തിന്റെ കോരുവകളും സംഗീതത്തിന്റെ ശീലുകളും ആട്ടക്കഥയുടെ ശൈലീകൃതമായ ആവിഷ്‌കാരവും കൂട്ടിവെച്ചാണ് ഈ നടന്‍ തന്റെ അഭിനയജീവിതത്തെ അനുശീലനം ചെയ്തത്. യാദൃച്ഛികമാവാം, തന്റെ ആദ്യത്തെ രണ്ടു സിനിമകളില്‍ വേണു ഒരേസമയം ഒരു താളപരിഷയും (ആരവം, 1978) താളക്കമ്പക്കാരനു(തമ്പ്)മാണ്.

''കേരളീയമായ എല്ലാ പ്രത്യേകതകളും തിരിച്ചറിഞ്ഞ് സംഗീതത്തിലും താളവാദ്യങ്ങളിലും ദൃശ്യരൂപങ്ങളിലുമുള്ള വൈവിധ്യം തിരിച്ചറിഞ്ഞു ജീവിച്ച ആളുകളുടെ പാരമ്പര്യം നമുക്കുണ്ട്''- നടനത്തിന്റെ ബലതന്ത്രം. അത്തരം അഭിരുചികള്‍ രൂപീകരിക്കല്‍ മാത്രമല്ല, വീട്ടുകാര്‍, ദേശക്കാര്‍, അയല്‍പക്കക്കാര്‍, കര്‍ഷകര്‍, നാടന്‍ കലാകാരന്മാര്‍ എന്നിവരില്‍നിന്നും ജാതി, സമുദായം, ഉത്സവം, ദാരിദ്ര്യം, സമൃദ്ധി എന്നിവയില്‍നിന്നും വേണു തനിക്കു അനുയോജ്യമായ പാഠങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചില കഥാപാത്രങ്ങളുടെ വ്യക്തിരൂപീകരണത്തില്‍ ഇത്തരത്തില്‍ ആര്‍ജ്ജിച്ചെടുത്ത ചില അംശങ്ങളുടെ ചേരുവകളുമുണ്ട്. എന്നിട്ടും മലയാളത്തിലെ സംവിധായകര്‍, ഈ നടന്റെ സര്‍ഗ്ഗാത്മക പാഠങ്ങളെ മുഴുവന്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന കഥാപാത്രങ്ങളെ നല്‍കിയില്ല എന്നതാണ് നിരാശാപൂര്‍ണ്ണമായ അനുഭവം.

കാവാലത്തിന്റെ നാടകത്തില്‍ വേണു ചേരുന്ന കാലം. കേരളത്തിന്റെ കലാരൂപങ്ങളില്‍നിന്നു സ്വാംശീകരിച്ചെടുത്ത തനതു ജൈവപ്രകൃതിയും സംസ്‌കൃത നാടകങ്ങളുടെ രൂപപ്പൊലിമയും നാടകത്തിന്റെ ക്രിയാംശങ്ങളിലേയ്ക്ക് കൂട്ടിച്ചേര്‍ത്ത രീതിക്രമം നാടകങ്ങളിലേയ്ക്ക് കൊണ്ടുവന്നത് കാവാലമാണ്. കാവാലം മാത്രമല്ല, സി.എന്‍. ശ്രീകണ്ഠന്‍ നായരും ജി. കുമാരവര്‍മ്മയും പ്രൊഫ. ജി. ശങ്കരപിള്ളയുമൊക്കെ പുതിയൊരു നാടകരൂപത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു. കാവാലത്തിന്റെ നാടകവേദി കേരളത്തിന്റെ നാടോടി-ക്ലാസ്സിക്കല്‍ പാരമ്പര്യങ്ങളുടെ സമന്വയ ഭൂമികൂടിയായിരുന്നു. അഭിനയം, അരങ്ങ് പാഠം, രംഗവിതാനം, ദീപവിതാനം, ആഹാര്യം, രംഗസംഗീതം എന്നിവയിലൊക്കെയും പുതിയ കണ്ടെത്തലുകളുടെ പുലരിവെളിച്ചം പ്രകാശിച്ചിരുന്നു. നാടകത്തിന്റെ ക്രിയാംശങ്ങളുടെ ഈ പുതുക്കിപ്പണിയല്‍ തനത് എന്ന നാടകരൂപത്തില്‍ പ്രസക്തവുമായിരുന്നു.

നോർത്ത് 24 കാതം
നോർത്ത് 24 കാതം

താളനിബദ്ധമായ വായ്ത്താരികളാലും അഭിനയത്തിന്റെ ശൈലീകരണത്താലും നാടകത്തിന്റെ ആന്തരികമായ ദര്‍ശനഗരിമകൊണ്ടും ദൈവത്താറും അവനവന്‍ കടമ്പയും സൃഷ്ടിച്ച നവീനത, മലയാളം മറന്നിട്ടില്ല. അവനവന്‍ കടമ്പയില്‍ വേണു എത്തുമ്പോള്‍, തിരുവരങ്ങിന്റെ രംഗസങ്കല്പങ്ങള്‍, വളരെ വേഗം ഉള്‍ക്കൊള്ളാന്‍ വേണുവിനു കഴിഞ്ഞിരുന്നു. ദൈവത്താര്‍ എന്ന നാടകത്തില്‍, കാലന്‍ കണിയാന്‍ എന്ന വേഷം അവതരിപ്പിച്ചുകൊണ്ടാണ് തിരുവരങ്ങില്‍ വേണു നിലയുറപ്പിച്ചത്. അവനവന്‍ കടമ്പയില്‍ എത്തുമ്പോഴേക്കും, തനതു നാടകങ്ങളുടെ രീതിശാസ്ത്രം മുഴുവനും ഈ നടനില്‍ പ്രത്യയീഭവിച്ചിരുന്നു. സദസും നാടകവും തമ്മിലുള്ള ദീര്‍ഘസംഭാഷണമായി ഈ നാടകത്തെ മാറ്റിയത് സംവിധായകന്‍ അരവിന്ദന്റെ നാടകബോധ്യങ്ങള്‍ കൂടിയാണ്. തൃശൂരിലെ സാഹിത്യ അക്കാദമിയിലെ വലിയൊരു മാവിന്‍ ചുവട്ടിലാണ് അരവിന്ദന്‍ അവനവന്‍ കടമ്പ അവതരിപ്പിച്ചത്. നാടകത്തിലെ ആഹാര്യത്തിലും അരവിന്ദന്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. വേണുവിനോടൊപ്പം ഭരത് ഗോപി, ജഗന്നാഥന്‍, നടരാജന്‍, കലാധരന്‍, കൃഷ്ണന്‍കുട്ടി നായര്‍ എന്നിവര്‍കൂടി ഒത്തുചേര്‍ന്നപ്പോള്‍, കാവാലത്തിന്റെ അരങ്ങുബോധ്യങ്ങള്‍ കുറേക്കൂടി ആഴത്തോടെ കാഴ്ചക്കാരില്‍ എത്തി.

നാടകം വിട്ട് സിനിമയിലേക്കെത്തുമ്പോള്‍ ഇത്തരം നാടകാവതരണങ്ങളിലൂടെ കൈവന്ന നിരീക്ഷണബോധവും അവതരണപാടവവും സ്വാഭാവിക രീതിയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഈ നടനു കഴിഞ്ഞുവെന്നതാണ് യഥാര്‍ത്ഥ്യം. വേണുവിനു മാത്രമല്ല, ഭരത് ഗോപിക്കും അതു കഴിഞ്ഞിട്ടുണ്ട്. സിനിമയില്‍ എത്തുമ്പോള്‍ എങ്ങനെ 'ബിഹേവ്' ചെയ്യണമെന്ന ശൈലീഭേദം ഇരുവര്‍ക്കും ഉറച്ചുകിട്ടുകയും ചെയ്തു. അഭിനയിച്ച സിനിമകളിലെല്ലാം അവരുടെ സിങ്ക് അഥവാ പൊരുത്തം പ്രകടമാണുതാനും. ഒരേ സ്വഭാവമുള്ള/തൊഴിലിലുള്ള ചില കഥാപാത്രങ്ങളുടെ ബിഹേവിയറല്‍ പാറ്റേണില്‍ സൂക്ഷ്മമായ വ്യത്യസ്തത കൊണ്ടുവരാന്‍ വേണുവിനു കഴിഞ്ഞത് ഈ നാടക പിന്‍ബലവും നാട്ടുജീവിതത്തിന്റെ കലവറയുമാണ്. വളരെ നിയന്ത്രിതമായി ഇത്തരം കഥാപാത്രങ്ങള്‍ക്കു ഭാവപൂര്‍ണ്ണമായ ഒരു സവിശേഷതലം നിക്ഷേപിക്കാന്‍ വേണുവിനു കഴിയുന്നത് അതുകൊണ്ടാണ്. കഥാപാത്രത്തിന്റെ ബാഹ്യവും ആന്തരികവുമായ വ്യക്തിത്വം അവിടെ ബലപ്പെടുന്നു. സാമാന്യത്തില്‍നിന്നു വിശേഷത്തിലേക്കുള്ള നടന്റെ സഞ്ചാരമാണിത്. സംഭാഷണങ്ങളുടെ റെന്‍ഡറിങ്, ചേഷ്ടകള്‍, ആംഗ്യങ്ങള്‍, അനുഭവസീമയിലുള്ള പൂര്‍വ്വ മാതൃകകള്‍ എന്നിവയെ അവലംബിച്ചാണ്.

ഈ ആവിഷ്‌കാരം പെട്ടെന്നു മനസ്സില്‍ തോന്നുന്നത് പാട്ടുകാരനോ സംഗീതജ്ഞനോ ആയി വരുന്ന കഥാപാത്രങ്ങളില്‍ വേണു കോരിനിറയ്ക്കുന്ന ജാഗ്രത്തായ സ്വഭാവവ്യതിയാനങ്ങളാണ്. ഒരു പാട്ടുകാരനേയും വേണു മിമിക് ചെയ്യുന്നില്ല. ആ കഥാപാത്രം ആവശ്യപ്പെടുന്ന തിരക്കഥയിലെ രൂപപ്പൊലിമയോടൊപ്പം തന്റേതായ അനുഭവനിക്ഷേപത്തില്‍നിന്ന് ആവശ്യമായതു കൂട്ടിച്ചേര്‍ക്കുന്നു.

'ഭരത'ത്തിലെ കര്‍ണ്ണാട്ടിക് സംഗീതവിദ്വാനായ കല്ലൂര്‍ രാമനാഥന്‍, മൃദംഗവാദകനായ 'ഗാന'ത്തിലെ ഗണപതി അയ്യര്‍, താരാട്ടിലെ പാട്ടുകാരന്‍, 'താളംസര്‍വ്വമയ'ത്തിലെ വെമ്പു അയ്യര്‍, സവിധത്തിലെ കമ്പോസറായ അച്ഛന്‍, സര്‍ഗ്ഗത്തിലെ സംഗീതാദ്ധ്യാപകനായ അച്ഛന്‍ എന്നിങ്ങനെ വേണു എടുത്തണിഞ്ഞ സംഗീത പശ്ചാത്തലമുള്ള ഒട്ടേറെ കഥാപാത്രങ്ങളുണ്ട്. തൊഴിലില്‍ ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങളെ ഒരേ രീതിയിലല്ല ഈ നടന്‍ സമീപിക്കുന്നത്. കല്ലൂര്‍ രാമനാഥന്‍ ഈ വിധത്തില്‍ ആയിരിക്കണമെന്ന് തിരക്കഥാകൃത്തും സംവിധായകനും ഉദ്ദേശിക്കുന്നുണ്ട്. തിരക്കഥാകൃത്ത് കണ്ട രാമനാഥനില്‍നിന്ന് വേണുവിന്റെ രാമനാഥന്‍ കുറേദൂരം സഞ്ചരിക്കുന്നുണ്ട്. ഈ രാമനാഥനും താന്‍ ഉദ്ദേശിച്ചതിലുമധികം ആഴം നല്‍കാന്‍ വേണുവിനു സാധിച്ചതായി സിബി മലയിലും വിശദീകരിക്കുന്നു. മദ്യത്തിനു കീഴടങ്ങിയ ഒരു ജന്മമാണ് കല്ലൂര്‍ രാമനാഥന്‍; കച്ചേരിയൊന്നും പ്രശ്‌നമേയല്ലെന്നും തനിക്കൊന്നും തെളിയിക്കാനില്ലെന്നും കരുതുന്ന രാമനാഥന്‍ മദ്യത്തിലാണ് ഹരംകൊള്ളുന്നത്. മദ്യം സിരകളിലെത്തുമ്പോഴുള്ള ഒരു സംഗീതജ്ഞന്റെ അസ്വസ്ഥ ജന്മമാണ് വേണുവിന്റെ രാമനാഥന്‍. വീട്ടിലായാലും പുറത്തായാലും മദ്യം സിരകളിലൂടെ ഉണര്‍ത്തുന്ന ഒരുതരം അസംതൃപ്തിയും വൈരാഗ്യവും വിരക്തിയും അയാളിലുണ്ട്. ഇത്തരമൊരു രാമനാഥന്‍ നമ്മുടെ പൊതുബോധത്തിലുമുണ്ട്. മദ്യപനായ ഗായകന്റെ ചേഷ്ടകളെ, അവതരണ ശ്രമങ്ങളെ, ആലാപനത്തിലെ നിര്‍ലജ്ജമായ ഉദാസീനതയെ വേണു ശ്രദ്ധാപൂര്‍വ്വം ശരീരത്തിലേയ്ക്ക് പടര്‍ത്തുന്നു. സദസ് കൂവിവിളിക്കുമ്പോഴും അയാളുടെ പ്രജ്ഞകള്‍ വേണ്ടവിധം ഉണരുന്നില്ല. പാട്ടില്‍ അയാളൊരു പ്യൂരിറ്റനാണ്. അതുകൊണ്ട് അനിയനായ ഗോപിനാഥന്‍ പാട്ടു തുടങ്ങുമ്പോള്‍ അയാള്‍ അകമേ പ്രകോപിതനാവുകയാണ്. അനിയന്റെ ഈ ഇടപെടല്‍ കെട്ടിയുയര്‍ത്തിയ യശസ്സിനെ തകര്‍ക്കും വിധമായിരുന്നു എന്നാണ് അയാള്‍ വിചാരിക്കുന്നത്. ഒരു പ്രതിസന്ധി ഉണ്ടായപ്പോള്‍, അതും താന്‍ തന്നെ സൃഷ്ടിച്ച ദൗര്‍ബ്ബല്യങ്ങളെ തീര്‍ത്തും അപഗ്രഥിക്കാതെ അയാള്‍ ഏകപക്ഷീയമായി അനുജനെ കുറ്റപ്പെടുത്തുകയാണ്. തന്നെ രക്ഷിക്കാന്‍ വേണ്ടിയാണ് ഗോപി ഇതു ചെയ്തതെന്ന് അയാള്‍ വിചാരിക്കുന്നതുമില്ല. താന്‍ അപമാനിതനായി എന്നതു മാത്രമാണ് അയാളെ അലട്ടുന്ന സത്യം.

മോഹൻലാലും വേണുവും
മോഹൻലാലും വേണുവും

ഈ വിധം ചിന്തയുടെ അന്ധതകൊണ്ട് ചിതറിപ്പോകുന്ന കഥാപാത്രത്തെ, അതീവ ജാഗ്രതയോടെ ഭാവപ്രധാനമായി ആവിഷ്‌കരിക്കുകയാണ് വേണു ചെയ്തത്.

എന്നാല്‍, സര്‍ഗ്ഗത്തിലെ അച്ഛനായ ഭാഗവതരും സവിധത്തിലെ അച്ഛനായ സംഗീതജ്ഞനും സമാന്തരങ്ങള്‍ പോലുമല്ല. സംവിധായകനും തിരക്കഥാകൃത്തും ഈ കഥാപാത്രങ്ങളെ വ്യക്തമായി നിര്‍വ്വചിക്കുന്നുണ്ടെങ്കിലും വേണു ഈ കഥാപാത്രങ്ങളെ, രണ്ടു അച്ഛന്മാരായ സംഗീതജ്ഞരായോ സംഗീതജ്ഞരായ അച്ഛന്മാരോ ആയല്ല കാണുന്നത്. തന്റെ പരിചയസീമയിലുള്ള, തന്റെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന രണ്ടുതരം സംഗീത മനോഭാവങ്ങള്‍ ഈ കഥാപാത്രങ്ങള്‍ക്കും വേണു ചാര്‍ത്തിക്കൊടുക്കുന്നു. ഒരാള്‍ സംഗീതത്തിന്റെ അടിസ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന കര്‍ക്കശക്കാരനായ ഒരു സംഗീതാദ്ധ്യാപകന്‍. അപരന്‍, കുറേക്കൂടി തുറന്ന മനസ്സുള്ള വര്‍ത്തമാനകാല സംഗീതജ്ഞന്‍. ഇവിടെ കഥാപാത്രങ്ങളുടെ ജീവിതരീതികള്‍, സാമൂഹ്യ സാഹചര്യങ്ങള്‍, കാലഗണനകള്‍, സാമുദായിക നിലകള്‍, പ്രായത്തിലൂന്നിയ പൊതു മാനറിസങ്ങള്‍, സംഗീതത്തിലുള്ള അവരുടെ രുചികള്‍, ശൈലികള്‍ എന്നിവയെ ആധാരമാക്കിയാണ് വിഭജനങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്നത്. ഈ കഥാപാത്രങ്ങളുടെ പൊതുഭാവങ്ങളും ഭിന്നസ്വഭാവങ്ങളും സാമൂഹ്യസാഹചര്യങ്ങളും ഉള്‍ക്കൊണ്ടാണ് വേണുവിന്റെ പരിചരണം.

പാട്ടുപാടുന്നതിലല്ല ഈ കഥാപാത്രങ്ങളുടെ വിജയം, സ്വാഭാവികമായി നൈസര്‍ഗ്ഗികമായി പാടുന്നു എന്നു തോന്നിപ്പിക്കുന്നതിലാണ് നടന്‍ വിജയം കൈവരിക്കുന്നത്.

'ഗാന'ത്തില്‍ മൃദംഗം വായിക്കുന്ന ഗണപതി അയ്യരുടെ വായനയുടെ ശരീരശാസ്ത്രം ശ്രദ്ധിക്കുക. അതേ മൃദംഗം വേണ്ട 'ചിത്ര'ത്തിലും വായിക്കുന്നുണ്ട്. രണ്ടും രണ്ട് മൃദംഗവായകര്‍ തന്നെ. വാദകരുടെ മൃദംഗ വഴക്കം ഒന്നുതന്നെയാണെങ്കിലും സൂക്ഷ്മതയില്‍ അതു രണ്ടു ശൈലിയാണ്. കച്ചേരിക്ക് മൃദംഗം വലിച്ചു വായിക്കുന്നതുപോലെയല്ല വേണു 'ചിത്ര'ത്തില്‍ വായിക്കുന്നത്. ഇവിടെ കഥാപാത്രങ്ങളുടെ ആന്തരിക സമസ്യകളും പൊതു അന്തരീക്ഷവും ('ചിത്ര'ത്തിലേത് ലാഘവപൂര്‍ണ്ണമായ ഒരവസ്ഥയാണ്) അറിഞ്ഞുകൊണ്ടുള്ള അഭിനയപരിചരണമാണ് ഈ നടന്‍ കൊണ്ടുവരുന്നത്. മിക്ക നടന്മാരിലും നഷ്ടമാവുന്ന പരിചരണമാണിത്.

എണ്‍പതുകളില്‍, ഏതാണ്ട് ആദ്യത്തെ പകുതി കഴിയുമ്പോഴേക്കും മലയാള സിനിമ നിരപ്പായ പാതകള്‍ വിട്ട് കൂടുതല്‍ കാഴ്ചകളുള്ള പുതുവഴിയിലേയ്ക്ക് സഞ്ചരിച്ചു തുടങ്ങിയിരുന്നു. അടൂര്‍, ജി. അരവിന്ദന്‍, ജോണ്‍ എബ്രഹാം, ഭരതന്‍, പദ്മരാജന്‍, മോഹന്‍, കെ.ജി. ജോര്‍ജ്, ഫാസില്‍, സിബി മലയില്‍, ലെനിന്‍ രാജേന്ദ്രന്‍, ഭദ്രന്‍, രാജീവ് നാഥ്, സത്യന്‍ അന്തിക്കാട് എന്നിങ്ങനെ മാധ്യമത്തില്‍ ആത്മവിശ്വാസവും സര്‍ഗ്ഗാത്മകതയുമുള്ള പല ശ്രേണികളില്‍പ്പെട്ട സംവിധായകര്‍, മലയാള സിനിമയില്‍ വീഴുന്ന കാലമാണിത്. ഐ.വി. ശശി, ഹരിഹരന്‍ തുടങ്ങിയ സംവിധായകര്‍ അതുവരെ അവര്‍ കൈകാര്യം ചെയ്യുന്ന ഇതിവൃത്തങ്ങളെ കൈവിട്ട് കുറേക്കൂടി സാമൂഹ്യജാഗ്രതയുള്ള പ്രമേയങ്ങളിലേക്കു സ്വയം ഷിഫ്റ്റ് ചെയ്യുന്നുണ്ട്. എം.ടിയും പിന്നാലെ വന്ന പത്മരാജനും ജോണ്‍പോളും ലോഹിതദാസും രഘുനാഥ് പലേരിയുമൊക്കെ ഉള്‍പ്പെട്ട തിരക്കഥാകൃത്തുക്കളും പുതിയ കഥാപരിസരങ്ങളിലൂടെയാണ് സഞ്ചരിച്ചത്. വ്യക്തിയുടെ ആന്തരിക സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും തൃഷ്ണകളും വ്യഞ്ജിപ്പിക്കുന്ന എം.ടിയുടെ രീതിയുടെ തുടര്‍ച്ചയായാണ് ഇതിനെ ചലച്ചിത്രപ്രവര്‍ത്തകര്‍ കാണുന്നത്.

'അരിമ്പാറ'യിൽ നെടുമുടി വേണുവും സോന നായരും
'അരിമ്പാറ'യിൽ നെടുമുടി വേണുവും സോന നായരും

വേണുവിനെപ്പോലുള്ള നടന്, എ. വിന്‍സെന്റിന്റേയും കെ.എസ്. സേതുമാധവന്റേയും സംവിധായക ജീവിതത്തിലെ സായംസന്ധ്യയുടെ ഭാഗമാകാനും പുതുസംവിധായകരുടെ ധീരമായ നിര്‍മ്മിതികളില്‍ ഒരുപോലെ പങ്കാളിയാകാനും കഴിഞ്ഞു. വളരെ സ്വാഭാവികമായ നരേഷന്‍ നടത്താന്‍ കെ.ജി. ജോര്‍ജും മോഹനും പത്മരാജനും ഭരതനുമൊക്കെ നെടുമുടിക്കു മികച്ച കഥാപാത്രങ്ങളെത്തന്നെ നല്‍കി. ഭരതന്റെ സിനിമകളില്‍ അഭിനയിച്ച വേണു ഏഴ് ചിത്രങ്ങളില്‍ നായകനായിരുന്നു. പത്മരാജന്റെ അക്കാലത്തെ നാലു സിനിമകളില്‍ വേണുവുമുണ്ട്. അരവിന്ദന്റെ വ്യത്യസ്തമായ കഥാപാത്രങ്ങളെ വേണുവാണ് ആവിഷ്‌കരിച്ചത്.

വ്യത്യസ്തമായ ആവിഷ്‌കാരരീതിയിലൂടെ പ്രമേയങ്ങളെ ഗൗരവപൂര്‍വ്വം സമീപിച്ച സംവിധായകരുടെ വരവാണ് വേണുവിലെ നടനെ തിരിച്ചറിയാന്‍ സഹായിച്ചത്. ആദ്യചിത്രമായ 'ആരവ'ത്തിലെ 'മരുത്' നായക കഥാപാത്രമായിരുന്നു. ഭരതന്റെ ഈ ചിത്രത്തിലെ കഥാപാത്രം പ്രത്യേകമായൊരു നാടോടിത്തം അവകാശപ്പെടാവുന്ന കഥാപാത്രമാണ്. സാരമായ പരിചരണ ശേഷി ആവശ്യമായി വന്ന മരുതിന്റെ ആവിഷ്‌കാരത്തില്‍, തിരുവരങ്ങില്‍നിന്നു ലഭിച്ച താളപ്രകരണവും വേണുവിനു സഹായകമായി. ആ ചിത്രത്തിലെ ''മുക്കുറ്റി തിരുതാളി'' എന്ന ഗാനചിത്രീകരണം കണ്ടാല്‍ അതു ബോധ്യപ്പെടുകയും ചെയ്യും. ആരവത്തിനു പിന്നാലെ വന്ന ജി. അരവിന്ദന്റെ 'തമ്പി'ലും സോപാന സംഗീതം പഠിക്കാനെത്തുന്ന സംഗീത വിദ്യാര്‍ത്ഥിയുടെ വേഷമായിരുന്നു. ആരവമാണ് ആദ്യത്തെ ചിത്രമെങ്കിലും ആദ്യം തിയേറ്ററില്‍ എത്തിയത് 'തമ്പ്' (1978) ആയിരുന്നു. ഭരതന്റെ അടുത്ത രണ്ടുചിത്രങ്ങളായ തകരയും ചാമരവുമാണ് വേണുവിന്റെ അഭിനയ ജീവിതത്തില്‍ ദിശാസൂചിയായി മാറിയത്.

പ്രമേയ കേന്ദ്രീകൃതമായ സിനിമയോടൊപ്പം നായക കേന്ദ്രീകൃതമായ സിനിമകളും സമാന്തരമായി സഞ്ചരിക്കുന്ന കാലമാണിത്. പ്രേംനസീര്‍, മധു, സുകുമാരന്‍, സോമന്‍, ജയന്‍, വിന്‍സന്റ്, രാഘവന്‍, സുധീര്‍ തുടങ്ങിയ നടന്മാരുടെ വ്യത്യസ്ത തലമുറകള്‍ അപ്പോഴുമുണ്ട്. അവര്‍ക്കിടയിലേക്കാണ് ഭരത് ഗോപിയും വേണുവും കടന്നുചെല്ലുന്നത്. 1977-ല്‍ത്തന്നെ, 'കൊടിയേറ്റം' എന്ന സിനിമയിലൂടെ ഗോപി, 'കൊടിയേറ്റം ഗോപി' എന്നറിയപ്പെട്ടിരുന്നു. വേണു ഈ രംഗത്ത് എത്തിയതിനു പിന്നാലെ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന താരദ്വയത്തിലേക്കുള്ള തുടര്‍ച്ചയിലേയ്ക്ക് സിനിമ ഗതിമാറുന്നതിന്റെ കാലം കൂടിയാണിത്. എന്നിട്ടും ഗോപിയും വേണുവും എല്ലാത്തരം സിനിമകളിലും അനിവാര്യ ഘടകമായിത്തീര്‍ന്നു. അതിന്റെ തുടക്കമാണ് ചെല്ലപ്പനാശാരി എന്ന ഗ്രാമീണ കേരളത്തിന്റെ പ്രതീകമായിത്തീര്‍ന്ന ഒരു കഥാപാത്രത്തിലൂടെ വേണു മലയാള സിനിമയിലേക്ക് ഒരു 'ജംപ് കട്ട്' നടത്തുന്നത്.

വൈവിധ്യപൂര്‍ണമായ കഥാപാത്രങ്ങള്‍

ചെല്ലപ്പനാശാരി, വേണുവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലത്തേയും സ്ഥലത്തേയും കുറിക്കുന്നു. എല്ലാത്തരം സിനിമകളിലേക്കും ക്ഷണിക്കാവുന്ന ഒരു നടനാക്കി വേണുവിനെ പ്രശസ്തനാക്കിയ കഥാപാത്രമാണിത്. ആര്‍ട്ട് എന്നോ സമാന്തരം എന്നോ വിളിക്കുന്ന സിനിമയിലും മധ്യവര്‍ത്തി സിനിമയിലും മള്‍ട്ടിസ്റ്റാറുകളിലും വേണു അനിവാര്യ ഘടകമാകുന്നത് ചെല്ലപ്പനാശാരിയില്‍നിന്നു ചാമരത്തിലേക്കു നീളുന്ന വ്യത്യസ്ത റേഞ്ചുള്ള ആവിഷ്‌കാരമാണ്. ഒരു നടനില്‍ സംവിധായകന്‍ സമര്‍പ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവുകൂടിയാണ് ഈ വേഷങ്ങള്‍. വേണു, ഒരു അഭിമുഖത്തില്‍ പറഞ്ഞതുപോലെ, താന്‍ ജീവിതകാലത്തു കണ്ടുമുട്ടിയ ആശാരിമാരുടെ പൊതുരീതികളില്‍നിന്നു സ്വാംശീകരിച്ചെടുക്കുന്ന നിരീക്ഷണബോധത്തിന്റെ ഉദാഹരണം കൂടിയാണ് ചെല്ലപ്പനാശാരി. 'തകര'യുടെ തമിഴ് പതിപ്പായ 'ആവാരംപൂവി'ലെ ചെല്ലപ്പനാശാരിയെ അവതരിപ്പിച്ചത് കൗണ്ടമണിയായിരുന്നു. ആ 'പ്രകടനം' കൂടി കാണുമ്പോഴാണ് വേണുവിന്റെ സൂക്ഷ്മമായ ആവിഷ്‌കാരശേഷി നമുക്കു ബോധ്യമാവുക. ഗൗരവ്വമാര്‍ന്ന കഥാപാത്രം വരുമ്പോള്‍ താന്‍ മനസ്സിലൊരു പോര്‍ട്രൈറ്റ് തയ്യാറാക്കുമെന്ന് വേണു ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതിന്റെ സാക്ഷ്യപത്രമാണ് ചെല്ലപ്പനാശാരി. ചാമരത്തിലെ കോളേജ് വിദ്യാര്‍ത്ഥിയായ കൊച്ചച്ചന്‍ മനസ്സില്‍ പ്രണയപാരവശ്യങ്ങള്‍ സൂക്ഷിക്കുകയും പുരോഹിതന്റെ ധര്‍മ്മാധര്‍മ്മ ചിന്തകളില്‍ എപ്പോഴും അസ്വസ്ഥനാവുകയും ചെയ്യുന്ന ലജ്ജാശീലത്വം കലര്‍ന്ന കഥാപാത്രമാണ്. ചാമരത്തിലെ അദ്ധ്യാപികയായ നായിക ഇന്ദു ക്ലാസ്സെടുക്കാന്‍ വരുന്ന ഒരു സീനുണ്ട്. അച്ചന്‍ മുന്‍നിരയില്‍ തന്നെ ഇരിക്കുന്നുണ്ട്. പിന്നില്‍നിന്ന് പ്രതാപ് പോത്തന്റെ നായക കഥാപാത്രം ഒരു ചോദ്യം ചോദിക്കുന്നു: ''ടീച്ചര്‍ കല്യാണം കഴിഞ്ഞതാണോ?'' കൂട്ടച്ചിരിക്കിടയില്‍ അതിന്റെ കൃത്യമായ റിയാക്ഷന്‍ നാം വേണുവിലാണ് കാണുക. നാണംകൊണ്ട് വിരലില്‍ ചെറുതായൊന്നു കടിച്ചു പാതി എഴുന്നേല്‍ക്കുന്ന വേണുവിന്റെ ടൈമിംഗ് അപാരമെന്നു വിശേഷിപ്പിക്കണം. ചാമരത്തില്‍ സൈക്കിളില്‍ വരുന്ന അച്ചന് ഒരു പൂ കൊടുക്കുന്ന രംഗമുണ്ട്. അടുത്ത ഫ്രെയിമില്‍ പൂ വാങ്ങുന്ന അച്ചന്റെ ചമ്മലും പൂ കളയണോ സഞ്ചിയില്‍ വെക്കണോ എന്ന സന്ദേഹവും ഒരുമിച്ചു വരുന്നതാണ് നാം കാണുന്നത്. അച്ചന്‍ ആ പൂ ആരുമറിയാത്തവിധം നിലത്തിട്ടശേഷം നീങ്ങുമ്പോള്‍, ഒരു സ്ത്രീ അച്ചന്റെ പൂ എന്നു പറഞ്ഞ് അതു കൊടുക്കുന്നതും ചമ്മുന്നതുമൊക്കെ വളരെ നിയന്ത്രിതമായ തോതിലാണ് ഈ നടന്‍ അവതരിപ്പിക്കുന്നത്. വെറും ഏഴു സീനുകളിലാണ് ഈ കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ആദ്യം മൂന്നു സീനുകളില്‍ ഒതുക്കിയ ഈ കഥാപാത്രത്തിനു നേരത്തെ ഷൂട്ട് ചെയ്ത നാല് സീനുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയായിരുന്നു. മഹാരാജാസിലെ സഹപാഠിയായ ഒരച്ചനില്‍നിന്നാണ് ജോണ്‍പോള്‍ ഈ കഥാപാത്രത്തെ കണ്ടെത്തുന്നത്.

വേണുവിന്റെ അഭിനയജീവിതത്തില്‍ അടുത്ത ഘട്ടവും ഇതുപോലെ വൈവിധ്യ പൂര്‍ണ്ണമായ കഥാപാത്രങ്ങളുടെ വരവിനെ കുറിക്കുന്നു. ഭരതന്‍, കെ.ജി. ജോര്‍ജ്, മോഹന്‍, പത്മരാജന്‍, എന്നിവരൊക്കെ വേണുവിനേയും ഭരത് ഗോപിയേയുമാണ് കഥാപാത്ര പരിചരണത്തിനു കൂടുതല്‍ ആശ്രയിച്ചത്. ആ കഥാപാത്രങ്ങള്‍ ഭിന്നമായ പരിചരണശേഷി ആവശ്യപ്പെടുന്നവയായിരുന്നു. പറങ്കിമല, ചാട്ട (ഭരതന്‍), ഒരിടത്തൊരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍ (പത്മരാജന്‍), കോലങ്ങള്‍ (കെ.ജി. ജോര്‍ജ്), വിടപറയും മുന്‍പേ (മോഹന്‍) എന്നീ ചിത്രങ്ങള്‍ മലയാളത്തിന് അത്ര പരിചിതമല്ലാത്ത സവിശേഷതകളുള്ള മനുഷ്യരുടെ കഥകളാണെങ്കിലും അവര്‍ക്കെല്ലാം ഗ്രാമീണ കേരളത്തിന്റെ ഗന്ധമുണ്ടായിരുന്നു. ഈ ചിത്രങ്ങളെല്ലാം 1981-ല്‍ പ്രദര്‍ശനത്തിനു വന്നവയാണ്. ഇതിനുപുറമേ അതേവര്‍ഷം ലെനിന്‍ രാജേന്ദ്രന്റെ 'വേനലി'ലും ബാലചന്ദ്ര മേനോന്റെ 'താരാട്ട്' ഉള്‍പ്പെടെയുള്ള മൂന്നു ചിത്രങ്ങളിലും വേണു വേഷമിടുന്നുണ്ട്. ഈ ചിത്രങ്ങളെല്ലാം വേണുവിന്റെ അഭിനയശേഷി പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടവയാണ്. ഇതില്‍ ഒരിടത്തൊരു ഫയല്‍വാനിലെ ഗുസ്തി ഭ്രാന്തനായ ടെയ്ലര്‍, ഭിന്നമായൊരു വ്യക്തിത്വത്തോടെ, ഓണാട്ടുകരയുടെ, സാംസ്‌കാരിക-സാമൂഹ്യപാഠങ്ങള്‍ ഉള്‍ക്കൊണ്ടുതന്നെ ഒറ്റപ്പെട്ടു നില്‍ക്കുന്നു. കഥാപാത്രത്തിന്റെ സവിശേഷമായ വ്യക്തിഭാവങ്ങള്‍ കൃത്യമായി പ്രകാശിപ്പിക്കാന്‍ വേണുവിനു കഴിഞ്ഞത് സാമാന്യത്തില്‍നിന്നു വിശേഷത്തിലേയ്ക്കു പ്രവേശിക്കുന്ന കഥാപാത്രാവിഷ്‌കാരമാണ്.

കള്ളന്റെ അകവും പുറവും

ഫാന്റസിയുടെ ഒരംശം കലര്‍ത്തിയാണ് പത്മരാജന്‍, ഒരു ഗ്രാമത്തിലെത്തിയ ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്നത്. ഈ ഗുസ്തിക്കാരനെ കണ്ട മാത്രയില്‍ എങ്ങനെ ഇയാളെ ഉപയോഗിക്കാമെന്നാണ് സൂത്രശാലിയായ തുന്നല്‍ക്കാരന്‍ മേസ്ത്രി കണക്കുകൂട്ടുന്നത്. അയാളുടെ ആകാംക്ഷാഭരിതമായ കണ്ണുകളില്‍; ചലനങ്ങളില്‍; ഒരു കുറുക്കന്റെ കൗശലഭാവമാണ്. അതാണ് ഫയല്‍വാനില്‍ ഉടനീളം വേണു എടുത്തണിയുന്നതും. 'ഒരിടത്തൊരു ഫയല്‍വാനി'ന് ഒരു നാടോടിക്കഥയുടെ ഛായയുണ്ട്. എന്നാല്‍, അതിനുശേഷം വേണു പരിചരിച്ച 'മുത്താരം കുന്നിലെ' മുന്‍ ഗുസ്തിക്കാരന്‍ കുട്ടന്‍പിള്ള, ഗുസ്തി തലയ്ക്കുപിടിച്ചൊരു കഥാപാത്രമാണ്; പ്രത്യേകമായൊരു മാനറിസമാണ് ഈ കഥാപാത്രത്തിന് വേണു നല്‍കുന്നത്. ഗുസ്തിയില്‍ കാലിനു ക്ഷതം പറ്റിയ ഒരു ചട്ടുകാലന്‍ എക്‌സ് ഗുസ്തിക്കാരന്‍. 'സേവ്യറിന്റെ മരണം', താന്‍ സങ്കല്പിച്ചതിനേക്കാള്‍ ഭാവതീവ്രമായാണ് വേണു ആവിഷ്‌കരിച്ചതെന്ന് സംവിധായകന്‍ മോഹന്‍ ഒരിക്കല്‍ എഴുതുകയുണ്ടായി. സേവ്യര്‍ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കുന്ന ഒരു യുവാവാണ്. എന്നാല്‍, പുറമേ അയാള്‍ അത്യധികം ആഹ്ലാദം അഭിനയിക്കുന്നുണ്ട്. മരണം അടുത്തെത്തുമ്പോഴും അയാള്‍ കുട്ടികളോടൊപ്പം കളിച്ചുചിരിച്ചും സഹപ്രവര്‍ത്തകരില്‍നിന്നു സത്യം മറച്ചുവെച്ചും അവസാന നിമിഷങ്ങള്‍ ജീവിച്ചുതീര്‍ക്കുകയാണ്. മലയാള സിനിമ എണ്‍പതുകളില്‍ കണ്ട ഈ ദുഃഖപൂര്‍ണ്ണമായ കഥാപാത്രത്തിന്റെ മരണം, പ്രേക്ഷകരുടെ മനസ്സില്‍ ആഴത്തില്‍ വീണ ഒരനുഭവമായിരുന്നു. വേണുവിന്റെ ഈ നായകവേഷം മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡിലേയ്ക്കു അദ്ദേഹത്തെ കൊണ്ടെത്തിച്ചു. തിയേറ്ററില്‍ കണ്ണീര്‍ വീഴ്ത്തിയ ഈ കഥാപാത്രത്തിനു പിന്നാലെയാണ് പത്മരാജന്റെ 'കള്ളന്‍ പവിത്രന്‍' തിയേറ്ററുകളില്‍ എത്തുന്നത്. ഒരു ഓണാട്ടുകര കള്ളന്റെ അകവും പുറവും വേണു നാമറിയാതെ തന്നെ പവിത്രനില്‍ നിക്ഷേപിക്കുന്നുണ്ട്. ഒരു നടനെന്ന നിലയില്‍ വേണുവിന്റെ അഭിനയസാധ്യതകള്‍ മറ്റു സംവിധായകരുടെ ആലോചനയിലേക്കും ആ കഥാപാത്രം കൊണ്ടുവന്നു. ഒരു നാടന്‍ കള്ളന്റെ ഹൃദയം മാത്രമല്ല, ഉത്തരവാദിത്വമുള്ള ഒരച്ഛന്റെ അവസ്ഥയും ഒരു കാമുകന്റെ വിവശതയും ആ കഥാപാത്രത്തില്‍ വേണു നിറയ്ക്കുന്ന അപാരഭാവങ്ങളാണ്. കള്ളന്‍ പവിത്രന്റെ ആഖ്യാനത്തില്‍ പത്മരാജന്‍ പുലര്‍ത്തുന്ന നാട്ടുകഥാപാരമ്പര്യം ശ്രദ്ധേയമാണ്.

1982 ആകുമ്പോഴേക്കും വേണുവും ഭരത് ഗോപിയും മലയാള സിനിമയില്‍ അനിവാര്യ നടന്ന സാധ്യതയായി മാറി. ഭരത് ഗോപി തികച്ചും വാണിജ്യവല്‍ക്കൃതമായ സിനിമകളെ തിരസ്‌കരിച്ചപ്പോള്‍ വേണുവും ഏറെക്കുറെ അതേ പാത ഏറ്റക്കുറച്ചിലുകളോടെ സ്വീകരിക്കുന്നുണ്ട്. ആ വര്‍ഷം മാത്രം വേണു 21 സിനിമകളില്‍ അഭിനയിക്കുകയും അഞ്ചു സിനിമകളില്‍ നായക കഥാപാത്രത്തെ സ്വീകരിക്കുകയും ചെയ്തു. നായകനോ പ്രതിനായകനോ എന്ന പരിഗണനയൊന്നും ഇക്കാലത്ത് വേണു സ്വീകരിച്ചിട്ടില്ല. ഇമേജിന്റേയും ഗ്ലാമറിന്റേയും തടവറയില്‍ കിടക്കാത്തവരായിരുന്നു വേണുവും ഗോപിയും. ചില്ല്, ഗാനം, യവനിക, മര്‍മ്മരം, പാളങ്ങള്‍, ഓര്‍മ്മക്കായി, ആലോലം, കാട്ടിലെ പാട്ട് എന്നീ ചിത്രങ്ങള്‍ പ്രത്യേക പരിഗണനയില്‍ വരുന്നു. ഈ സിനിമകള്‍ ഓരോന്നും കഥാഘടനയില്‍ വേറിട്ടു നില്‍ക്കുന്നതും കഥാപാത്രങ്ങള്‍ക്ക് മൂര്‍ത്തരൂപമുള്ളതുമാണ്. വേണുവിന്റെ കഥാപാത്രങ്ങളെ നേരിട്ട് കഥാരൂപവുമായി ബന്ധിപ്പിക്കുന്നതാണ് സിനിമകള്‍. കൃത്യമായ ചലച്ചിത്രബോധ്യങ്ങളുള്ള സംവിധായകര്‍ ഈ നടനെ കൃത്യമായി ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞതിന്റെ വിജയം അതു തന്നെയാണ്. ഒരേ അച്ചില്‍ വാര്‍ത്ത കഥാപാത്രങ്ങളെ ആവിഷ്‌കരിക്കേണ്ടിവരുന്ന ഘട്ടങ്ങളിലെ ടൈപ്പാവുക എന്ന ദുര്യോഗത്തില്‍നിന്ന് അധികമാരും രക്ഷപ്പെട്ടിട്ടില്ല. പക്ഷേ, വേണു തന്റെ പ്രതിഭയുടെ സമ്പന്നതകൊണ്ടുതന്നെ ഇത്തരം സങ്കീര്‍ണ്ണ ഘട്ടങ്ങളെ അതിജീവിക്കുന്നതു കാണാം. 'ചാമര'ത്തിലെ അച്ചന്റെ കാര്യം നാം നേരത്തെ കണ്ടു. അതിനു പിന്നാലെ ഒരുപാടു അച്ചന്‍ വേഷം വേണുവിനെ തേടിവന്നിട്ടുണ്ട്. 'മഴത്തുള്ളികിലുക്ക'ത്തിലെ ഫാദര്‍ പാലക്കല്‍, 'മുഖചിത്ര'ത്തിലെ ഫാദര്‍ ഫെലിക്‌സ്, 'യാന'ത്തിലെ ഫാദര്‍ തോമസ്, 'നിര്‍ണ്ണയ'ത്തിലെ ഫാദര്‍ തയ്യില്‍, 'സമാഗമ'ത്തിലെ ഫാദര്‍ പുത്തന്‍തറ, 'ആകാശദൂതി'ലെ ഫാദര്‍ വട്ടപ്പാറ, 'നോക്കെത്താദൂരത്ത് കണ്ണുംനട്ടി'ലെ അച്ചന്‍ എന്നിങ്ങനെ ഒട്ടേറെ അച്ചന്‍ വേഷങ്ങള്‍ വേണു അവതരിപ്പിച്ചു. ഇതിന്റെ തുടക്കം 'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളി'ലെ യാതൊരു അഭിപ്രായ ധീരതയുമില്ലാത്ത ഒരച്ചനില്‍ നിന്നായിരുന്നു. സിനിമയുടെ ഇതിവൃത്തവും സാമൂഹ്യസാഹചര്യങ്ങളും കഥാപാത്ര വിശകലനവും ഏതുവിധത്തില്‍ ഉള്‍ക്കൊള്ളണമെന്നൊരു ആലോചനയുടെ ഭാഗമായി രൂപംകൊണ്ടതാണ് ഈ വേഷങ്ങളിലെ ചെറുതും വലുതുമായ അവതരണ വ്യതിയാനങ്ങള്‍. കഥയുടെ സാംസ്‌കാരിക, സാമൂഹ്യജീവിത പരിസരങ്ങള്‍ ഇവിടെ നടന്‍ പരിഗണിക്കുന്നു.

നർത്തകി ഭവാനി ചെല്ലപ്പനും വേണുവും തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങിൽ
നർത്തകി ഭവാനി ചെല്ലപ്പനും വേണുവും തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങിൽ

'കാതോട് കാതോര'ത്തിലെ സംഗീതവിദ്വാനായ അച്ചന്‍, നാം പള്ളികളില്‍ കാണുന്ന കൊച്ചച്ചന്മാരുടെ വിശ്വസനീയ രൂപമാണ്. പൂര്‍ണ്ണ വില്ലനായ പാതിരിയായും വേണു വേഷമിട്ടിട്ടുണ്ട്.

വേണു ഏറ്റവും കൂടുതല്‍ വേഷമിട്ടത് അച്ഛനോ അദ്ധ്യാപകനോ ആയാണ്. രണ്ടും ചേര്‍ന്ന വേഷങ്ങളും കുറവല്ല. 'ചിന്താവിഷ്ടയായ ശ്യാമള'യിലെ ഹെഡ്മാസ്റ്റര്‍, 'കാരുണ്യ'ത്തിലെ സുകുമാരന്‍ മാസ്റ്റര്‍, 'സ്ഫടിക'ത്തിലെ രാവുണ്ണി, 'ടി.പി. ബാലഗോപാലനി'ലെ ഹെഡ്മാസ്റ്റര്‍, 'മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട'ത്തിലെ മാസ്റ്റര്‍, 'മാണിക്ക്യക്കല്ലി'ലെ ഹെഡ്മാസ്റ്റര്‍ എന്നിങ്ങനെ സങ്കീര്‍ണ്ണമല്ലെങ്കിലും എന്നാല്‍, കഥാഘടനയില്‍ അനിവാര്യതയുള്ള വേഷങ്ങളാണ്. പക്ഷേ, 'മിന്നാമിനുങ്ങി'ലേയും 'മാര്‍ഗ്ഗ'ത്തിലേയും അദ്ധ്യാപകര്‍ അങ്ങനെയല്ല. അവര്‍ ആന്തരിക സംഘര്‍ഷങ്ങളും കീഴ്മേല്‍ മറിയുന്ന അനുഭവങ്ങളും പേറുന്നവരാണ്. അതില്‍ മാര്‍ഗ്ഗത്തിലെ വേണുകുമാര മേനോന്‍ ആന്തരികമായ മറ്റൊരു ജീവിതസങ്കല്പത്തിന്റെ പ്രതിനിധിയാണ്. സാമാന്യമായി അദ്ധ്യാപകര്‍ എന്നു പറയാമെങ്കിലും സംവിധായകനും തിരക്കഥാകൃത്തും സങ്കീര്‍ണ്ണമായ ആന്തരികഘടനയുള്ള കഥാപാത്രങ്ങളായാണ്. ഇത്തരം കഥാപാത്രങ്ങളെക്കുറിച്ച് സംവിധായകര്‍ നടനു പ്രായോഗികബോധനം നല്‍കാറുണ്ട്. ഏതു നടനും കഥാപാത്രത്തിനുവേണ്ടി ശാരീരികവും മാനസികവുമായുള്ള ഒരദ്ധ്വാനം ആവശ്യമാണ്. കഥാപാത്രത്തിന്റെ സാമൂഹ്യവിവക്ഷകളും രാഷ്ട്രീയാര്‍ത്ഥങ്ങളും സാംസ്‌കാരിക നിലയുമൊക്കെ കൃത്യമായി പിന്തുടര്‍ന്നതിന്റെ മാതൃകയാണ് മാര്‍ഗ്ഗത്തിലെ വേണുകുമാര മേനോന്‍.

വ്യസനങ്ങളുടെ ശരീരഭാഷ

സ്വന്തം കുടുംബത്തോടൊപ്പം ഒരു ഫ്‌ലാറ്റില്‍ താമസിക്കുന്ന വേണുകുമാര മേനോന് ഒരു നക്‌സല്‍ പ്രസ്ഥാനത്തിലെ നായകനെന്ന പൂര്‍വ്വകാല ലേബല്‍ കൂടിയുണ്ട്. ശാന്തമായ കുടുംബജീവിതത്തിലും അശാന്തമായൊരു മാനസികാവസ്ഥ അയാളെ പൊതിഞ്ഞു നില്‍ക്കുന്നുണ്ട്. പഴയകാല സഹപ്രവര്‍ത്തകരില്‍ പലരും അയാളുടെ വേദനകള്‍ക്കു കാരണമാകുന്നു. പലരും ചിതറിപ്പോകുന്നു. ചിലരുടെ ജീവിതം സമ്പൂര്‍ണ്ണ പരാജയമാകുന്നു. ഇത്തരം മനുഷ്യരുടെ പതനങ്ങള്‍ വേണുകുമാര മേനോന്‍ ചുമക്കുന്നുണ്ട്. നടന്‍ അവതരിപ്പിക്കേണ്ടത് ഇത്തരമൊരു അദ്ധ്യാപകന്റെ ആന്തരിക വ്യാപാരങ്ങളാണ്. കുറഞ്ഞതും എന്നാല്‍, തീക്ഷ്ണതയുള്ളതുമായ വികാരപ്രകടനത്തിലൂടെ മാത്രമേ ഈ അദ്ധ്യാപകനെ അവതരിപ്പിക്കാനാവൂ. 

ഒരദ്ധ്യാപകന്റെ ശരീരഭാഷയിലൂടെ ആന്തരികവ്യസനങ്ങള്‍ ചുമക്കുന്ന ഒരു കഥാപാത്രത്തിനു പരമാവധി പ്രഭാവം നല്‍കാനുള്ള വേണുവിന്റെ സവിശേഷമായ പരിചരണസിദ്ധി ഈ കഥാപാത്രത്തെ പൂര്‍ണ്ണതയിലേയ്ക്ക് എത്തിക്കുന്നു.

ഒരദ്ധ്യാപക കുടുംബത്തില്‍നിന്നു വരുന്ന വേണുവിന് 'മിന്നാമിനുങ്ങി'ലെ വിരമിച്ച അദ്ധ്യാപകന്‍ ക്ലേശകരമല്ലാത്തൊരു കഥാപാത്രമാണ്. പക്ഷേ, ജീവിതസായാഹ്നത്തിലെത്തിയ ഈ അദ്ധ്യാപകന്റേയും ഭാര്യയുടേയും (വിരമിച്ച അദ്ധ്യാപിക) ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നു. മക്കളില്ലാത്ത അവര്‍ക്ക് ആ മകള്‍ വാത്സല്യനിര്‍ഭരമായ സ്‌നേഹത്തിന്റെ ഉറവിടമായി മാറുന്നു. പെട്ടെന്നവള്‍ വേര്‍പെട്ടുപോകുമ്പോഴുള്ള ശൂന്യത അവരെ തകര്‍ത്തുകളയുന്നു. സ്വന്തം ഭാവനകൊണ്ട് കഥാപാത്ര രൂപീകരണം നടത്തേണ്ട ഒരു കഥാപാത്രമാണിത്. അദ്ധ്യാപകനായും വളര്‍ത്തച്ഛനായും അനുതാപമുള്ള വ്യക്തിയായും ജീവിതത്തില്‍ പുതിയൊരു ഗാര്‍ഹിക സംസ്‌കാരത്തെ പെട്ടെന്നു സ്വീകരിക്കേണ്ടിവരുന്ന വ്യക്തിയുമായുള്ള വേണുവിന്റെ പകര്‍ന്നാട്ടം മലയാള സിനിമയിലേക്ക് അവിസ്മരണീയമായൊരു കഥാപാത്രത്തെ കൊണ്ടുവന്നു.

'ഹിസ്ഹൈനസ്സ് അബ്ദുള്ള'യിലെ ഉദയവര്‍മ്മ പ്രതിസന്ധികളുണ്ടെന്ന് അറിഞ്ഞുകൊണ്ടു ജീവിക്കുന്ന ഒരു ലോലഹൃദയനാണ്. എന്നാല്‍, തനിക്കു ചുറ്റും നടക്കുന്ന ഗൂഢാലോചനയൊന്നും അയാള്‍ അറിയുന്നില്ല. നേര്‍വഴിയേ ചിന്തിക്കുന്ന സംഗീതപ്രേമിയായ സാമന്തരാജാവാണ് ഉദയവര്‍മ്മ. അയാളുടെ ആനന്ദം സംഗീതമാണ്. സംഗീതജ്ഞാനമുള്ള കേള്‍വിജ്ഞാനം അതിലേറെയുള്ള ഈ സാമന്തരാജാവിന്റെ സ്വകാര്യ ദുഃഖങ്ങള്‍ അകറ്റാനുള്ള പ്രത്യൗഷധം സംഗീതം മാത്രമാണ്. ഈ കഥാപാത്രം നടന്‍ തിലകനായി കരുതിയ കഥാപാത്രമാണെന്നും സംവിധായകനായ സിബിമലയിലും എഴുത്തുകാരന്‍ ലോഹിതദാസും ഒടുവില്‍ തന്നെ ഒഴിവാക്കിയെന്നും ഒരഭിമുഖത്തില്‍ തിലകന്‍ ആരോപിക്കുന്നുണ്ട്. ഈ കഥാപാത്രം എഴുതി വന്നപ്പോള്‍ ഒരു സ്വാതിതിരുനാള്‍ സ്പര്‍ശമുള്ള കഥാപാത്രമായി വളര്‍ന്നുവെന്ന് ലോഹിതദാസ് ഒരിക്കല്‍ സ്വകാര്യമായിത്തന്നെ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ എഴുതിവന്നപ്പോള്‍ സംഗീതാംശം ഏറെയുള്ള കഥാപാത്രമായതുകൊണ്ട് വേണുവിനാണ് കൂടുതല്‍ ഇണങ്ങുകയെന്ന് തങ്ങള്‍ കണ്ടെത്തിയെന്നാണ് ലോഹി വിശദീകരിച്ചത്. ഈ കഥാപാത്രത്തെ വേണു അവതരിപ്പിക്കുമ്പോഴുള്ള സംഗീതജ്ഞന്റെ ഭാവാത്മകതയും തിലകന്‍ അവതരിപ്പിക്കുമ്പോഴുള്ള ഭാവാത്മകതയും രണ്ടും രണ്ടാണ്. തിലകനില്‍ ഒരുപക്ഷേ, ആ സാമന്തരാജാവിന്റെ ആവിഷ്‌കാരമാവും ബലപ്പെട്ടുവരിക. വേണുവിനാകട്ടെ, സംഗീതബോധ്യങ്ങളുള്ള രാജാവായിട്ടേ ആ കഥാപാത്രത്തെ പരിചരിക്കാനാകൂ. ഉദയവര്‍മ്മയെന്ന കഥാപാത്രത്തിലുടനീളം സംഗീതജ്ഞനെന്ന ഭാവവും വിഭാവവും ഒരുപോലെ വേണു പരിചരിച്ചിട്ടുണ്ട്. അനായാസമെന്നും ബോധപൂര്‍വ്വമെന്നും വിശേഷിപ്പിക്കാവുന്ന പരിചരണമാണിത്. അതു വേണുവിനോളം ആവിഷ്‌കരിക്കാന്‍ മറ്റാര്‍ക്കും എളുപ്പം കഴിയുമെന്നു തോന്നുന്നില്ല.

സ്വാഭാവിക പരിചരണത്തിന്റെ മറ്റൊരു ആവിഷ്‌കാരമാണ് സര്‍വ്വം താളമയത്തിലെ മൃദംഗവിദ്വാന്‍ വെമ്പു അയ്യര്‍. പ്രൊഫഷണലായ ഏതു മൃദംഗവിദ്വാനേയുംപോലെ, കച്ചേരിക്ക് വെമ്പു അയ്യര്‍ തനിയാവര്‍ത്തനം ചെയ്യുന്നത് ആ കലാകാരനില്‍ ലീനമായിട്ടുള്ള സംഗീതാവിഷ്‌കാരങ്ങളുടെ വിവിധ മാതൃകകളാണ്. ഒരു കഥാപാത്രത്തിന്റെ ഡീറ്റൈലിംഗ് കൂടുതല്‍ സ്പഷ്ടമായ ആരോഗ്യനികേതനത്തിലെ ജീവന്‍ മശായി എന്ന ഗ്രാമീണ ഭിഷഗ്വരനിലും ഈ വിധത്തില്‍ വേണുവിന്റെ സൂക്ഷ്മപരിചരണം കാണാം. നിര്‍ഭാഗ്യത്തിന് ഈ സിനിമ അധികം മലയാളികളൊന്നും കണ്ടിട്ടുമില്ല. സ്‌ക്രിപ്റ്റിന്റേയും സംവിധായകന്റേയും കഥാപാത്ര രൂപീകരണത്തേയും മറികടന്ന്, ആ കാരക്ടറിന് നടന്റെ ബോധ്യങ്ങളില്‍ അധിഷ്ഠിതമായൊരു എലിമെന്റ് നല്‍കുമ്പോഴാണ് കഥാപാത്രം വളരുന്നത്.

പ്രസ് ക്ലബ് നാൽപ്പതാം ജൂബിലി ആഘോഷങ്ങളുടെ ഭാ​ഗമായി സംഘടിപ്പിക്കപ്പെട്ട നാടകോത്സവത്തിൽ പങ്കെടുക്കാനെത്തിയ നടൻ നെടുമുടി വേണു മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ
പ്രസ് ക്ലബ് നാൽപ്പതാം ജൂബിലി ആഘോഷങ്ങളുടെ ഭാ​ഗമായി സംഘടിപ്പിക്കപ്പെട്ട നാടകോത്സവത്തിൽ പങ്കെടുക്കാനെത്തിയ നടൻ നെടുമുടി വേണു മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ

ഭാവപ്രകടനവും വൈകാരിക ഒതുക്കവും

സംഗീതജ്ഞര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രണയചാപല്യ കഥാപാത്രങ്ങള്‍, അമ്മാവന്മാര്‍, ഇടനിലക്കാര്‍, അച്ഛന്‍, അപ്പൂപ്പന്‍, കാമുകന്‍, പ്രതിനായകന്‍, ഗുണ്ട, നിസ്സഹായ ജന്മങ്ങള്‍ എന്നിങ്ങനെ മലയാള സിനിമ എണ്‍പതുകള്‍ മുതല്‍ കാഴ്ചകള്‍ക്കു നല്‍കിയ ഒട്ടേറെ കഥാപാത്രങ്ങളില്‍ വേണുവല്ലാതെ മറ്റാര്‍ക്കും അത്ര തീവ്രതയോടെ അവതരിപ്പിക്കാന്‍ കഴിയാത്തൊരു ചിരഞ്ജീവിയായ ഒരു കഥാപാത്രം ഈ നടന്‍ മലയാളത്തിനു നല്‍കിയിട്ടുണ്ട്- 'അച്ചുവേട്ടന്റെ വീട്ടി'ലെ അച്യുതന്‍കുട്ടി. ദേശീയ സിനിമ ഒട്ടേറെ തവണ വേണുവിന്റെ കഥാപാത്രങ്ങളെ തിരസ്‌കരിച്ചിട്ടുണ്ടെങ്കിലും അവാര്‍ഡുകള്‍ നേടിയ അനേകം കഥാപാത്രങ്ങളുടെ മീതെയാണ് അച്യുതന്‍കുട്ടിയുടെ ആവിഷ്‌കാരം. തീര്‍ത്ഥം, രചന, വിടപറയും മുന്‍പേ, മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മാര്‍ഗ്ഗം, തകര, കള്ളന്‍ പവിത്രന്‍, ഭരതം, നോട്ടം, ഹിസ് ഹൈനസ്സ് അബ്ദുള്ള, ചാട്ട, ഒരിടത്തൊരു ഫയല്‍വാന്‍, സവിധം തുടങ്ങിയ ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങളെ മറന്നുകൊണ്ടല്ല ഇതു സൂചിപ്പിക്കുന്നത്. 

അതിവൈകാരികമായ ഭാവപ്രകടനത്തിലേയ്ക്ക് ഒരിക്കലും വീണുപോകാതെ വേണു പരിചരിച്ച അച്യുതന്‍കുട്ടിയില്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരന്റെ/ക്ലാര്‍ക്കിന്റെ/ഒരച്ഛന്റെ പല മാതൃകയിലുള്ള ഭാവാന്തരങ്ങള്‍ ഊറിക്കൂടിയിട്ടുണ്ട്. കേരളത്തിന്റെ മധ്യവര്‍ഗ്ഗ ജീവിതത്തില്‍ നാം കണ്ടുമുട്ടുന്ന മനുഷ്യരില്‍ എപ്പോഴും ഒരു അച്യുതന്‍കുട്ടിയെ കാണാം. ഏതൊരു മലയാളിയേയുംപോലെ അച്ചുവേട്ടന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ഒരു വീട് പണിയുക എന്നതാണ്. രണ്ടു പെണ്‍കുട്ടികളുടെ അച്ഛന്‍ എന്ന നിലയ്ക്കുള്ള ഉത്തരവാദിത്വവും ഉല്‍ക്കണ്ഠയും വേറെ. അയല്‍പക്കത്ത് ഒരുകൂട്ടം ആണ്‍കുട്ടികള്‍ താമസിക്കാനെത്തുന്നതോടെ അയാളുടെ മനസ്സ് ഉല്‍ക്കണ്ഠകൊണ്ട് കൂടുതല്‍ കലുഷിതമാവുകയാണ്. വീട് എന്ന തന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യത്തിലേയ്ക്ക് നീങ്ങുന്നതിനിടെ അയാള്‍ ഹൃദ്രോഗം വന്നു മരിക്കുന്നു. പ്രതീക്ഷകളും പ്രത്യാശകളും ആശങ്കകളും സംഘര്‍ഷങ്ങളും പേറുന്ന ഒരു ശരാശരി മലയാളിയുടെ ജീവിതം വേണു അത്ഭുതകരമായ സ്വാഭാവികതയോടെയാണ് ആവിഷ്‌കരിക്കുന്നത്. വേണുവില്‍, സദാ ജാഗ്രതയോടെയുള്ള ഒരു നടന്റെ സൂക്ഷ്മമായ കേരളീയ പരിസര ബോധ്യങ്ങള്‍ അച്ചുവേട്ടനിലുണ്ട്. ആ മരണംപോലും ഇനി അത്രമേല്‍ സ്വാഭാവികമാകാനിടയില്ല.

ഈ നടന്റെ മറ്റൊരു ഉപലബ്ധി മലയാള ഭാഷയുടെ പ്രയോഗസാധ്യതകളെക്കുറിച്ചുള്ള വിവേകമാണ്. ഭാഷയോടും സാഹിത്യത്തോടുമുള്ള അടുപ്പം വേണുവിനു കിട്ടിയിടത്തോളം മറ്റാര്‍ക്കും ലഭിച്ചിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ഭരത് ഗോപിയേയും മുരളിയേയും ഇതേ രീതിയില്‍ കാണാം. പക്ഷേ, വാമൊഴിയിലും വരമൊഴിയിലുമുള്ള ഭാഷയുടെ സ്വരവഴക്കങ്ങളെ അതിന്റെ അന്തര്‍ഗതങ്ങളെ ഒരു നടനും ഇത്ര ആഴത്തില്‍ ഉള്‍ക്കൊണ്ടിട്ടില്ല. താന്‍ ജീവിച്ചുപോന്ന ദേശത്തിന്റെ വാമൊഴിവഴക്കവും ആട്ടക്കഥയുടെ ഭാഷാഗരിമയും നാട്ടുചിന്തകളും താളപ്പയറ്റുകളും അദ്ദേഹത്തിന്റെ ഭാഷണബോധത്തെ ശാക്തീകരിക്കുന്നുണ്ട്. മധ്യതിരുവിതാംകൂറിലെ, വിവിധ ജനവിഭാഗങ്ങളുടെ ഭാഷണശൈലിയിലെ സംഗീതാത്മകതപോലും ഉള്‍ക്കൊണ്ട അഭിനേതാവാണ് വേണു.

വേണുവിന്റെ കലാജീവിതത്തില്‍ എഴുപതുകളുടെ പ്രസരിപ്പുകള്‍ വായനയിലും കാലാനുഭവങ്ങളിലും പുതിയ ലോകം തുറന്നിട്ടുണ്ട്. വാള്‍ത്രെയും കമ്മ്യുവും ഷെനെയും കാഫ്കയും വന്നതുപോലെ ഒ.വി. വിജയനും അയ്യപ്പനും കാവാലവും കടമ്മനിട്ടയും സച്ചിദാനന്ദനുമൊക്കെ ആ അനുഭവങ്ങളില്‍ നിറയുന്നുണ്ട്. തീവ്ര ചിന്തകളുമായി സ്വന്തം ഭാഷയുടെ അടരുകള്‍ തുറന്നുകാട്ടി സമാന്തര പ്രസിദ്ധീകരണങ്ങളും അവരുടെ ആകാശം അത്ര ചെറുതല്ലെന്നു ബോധ്യപ്പെടുത്തുന്നുണ്ട്.

ചൊല്‍ക്കാഴ്ചകളും തെരുവ് നാടകങ്ങളും ഫിലിം സൊസൈറ്റിയും നവസിനിമകളും നമ്മുടെ അഭിരുചികളെ നവീകരിക്കാന്‍ പണിപ്പെടുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ മലയാളിയുടെ ഭാവുകത്വത്തെ എഴുപതുകള്‍ ഒരു ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ഭാഷയിലും ഭാഷയുടെ വിനിമയത്തിലുമുണ്ടായ ഈ സാധ്യതകളും തന്റെ അഭിനയജീവിതമാക്കിയിട്ടുണ്ട് വേണു. അതുകൊണ്ട് തന്റെ സംഭാഷണ രീതികള്‍ ഗുണപരമായ സംസ്‌കരണത്തിനു വിധേയമാക്കി വേണു പ്രയോഗിക്കുന്നുണ്ട്. കല്പിത ശൈലികളും ക്ലാസ്സിക്കല്‍ ശൈലികളും ഗ്രാമീണ ധ്വനികളും ഈ നടനില്‍ ഇത്രത്തോളം വൈവിധ്യപൂര്‍ണ്ണമാകാന്‍ കാരണം അതിന്റെ ശ്രമകരമായ വിനിയോഗമാണ്. 

വേണുവിന്റെ ശബ്ദത്തിനു സമൃദ്ധമായ ടോണുകള്‍ ഉണ്ടെന്ന് ഈ ലേഖകനു തോന്നിയിട്ടില്ല. പക്ഷേ, കഥാപാത്രങ്ങളുടെ ജീവിതവ്യാപാരങ്ങളുമായി ചേര്‍ന്നുപോകുന്നൊരു ഭാഷണശൈലി ഈ നടന്‍ സ്വരൂപിക്കുന്നുണ്ട്. 'കേളി'യിലെ കുമാരന്‍, 'ഹിസ് ഹൈനസ്സ് അബ്ദുള്ള'യിലെ തമ്പുരാന്‍, 'നോട്ട'ത്തിലെ വാസുദേവാചാര്യര്‍, 'കമലദള'ത്തിലെ വേലായുധന്‍, 'ഒരു മറവത്തൂര്‍ കനവി'ല്‍ തമിഴന്‍, 'തേന്മാവിന്‍ കൊമ്പത്തി'ലെ ശ്രീകൃഷ്ണന്‍, 'പഞ്ചവടിപ്പാല'ത്തിലെ രാഷ്ട്രീയ ഭിക്ഷാംദേഹി ശിഖണ്ഡിപ്പിള്ള, 'ഒരിടത്തൊരു ഫയല്‍വാനി'ലെ മേസ്തരി, 'ഓര്‍മ്മക്കായി'ലെ വിപ്ലവകാരി, 'സവിധ'ത്തില്‍ അച്ഛന്‍, 'ആലോല'ത്തിലെ കുട്ടന്‍ തമ്പുരാന്‍, 'പാളങ്ങളി'ലെ രാമന്‍കുട്ടി, 'വന്ദന'ത്തിലെ പ്രൊഫസര്‍, 'ഇഷ്ട'ത്തിലെ മേനോന്‍, 'ഭരത'ത്തിലെ കല്ലൂര്‍ രാമനാഥന്‍, 'തകര'യിലെ ചെല്ലപ്പനാശാരി, 'ആരണ്യക'ത്തിലെ മുത്തച്ഛന്‍, 'ബെസ്റ്റ് ആക്ടറി'ലെ ഗുണ്ട, 'അപ്പു'വിലെ ചാണ്ടിക്കുഞ്ഞ്, 'നിഴല്‍ക്കൂത്തി'ലെ ജയിലര്‍, 'അന്യനി'ലെ പാര്‍ത്ഥസാരഥി, 'തന്മാത്ര'യിലെ അച്ഛന്‍, 'വൈശാലി'യിലെ രാജമന്ത്രി, 'യവനിക'യിലെ ബാലഗോപാലന്‍, 'ബാലേട്ടനി'ലെ അച്ഛന്‍, 'ഇന്ത്യനി'ലെ കൃഷ്ണസ്വാമി എന്നിവയിലൊക്കെ ഈ നടന്റെ കഥാപാത്ര പരിചരണവും ഭാഷണബോധവും അതുല്യമായ സമന്വയത്തോടെ കഥാപാത്രത്തിന്റെ സാന്നിധ്യത്തെ ശക്തമായി അനുഭവിപ്പിക്കുന്നു. ആരവത്തിലെ യൗവ്വനതീക്ഷ്ണമായ മരുതില്‍നിന്ന് ആരണ്യകത്തിലെ മുത്തശ്ശനിലേക്കുള്ള ദൂരത്തിനിടയില്‍ നാം കണ്ടതെല്ലാം, പ്രതിജനഭിന്നമായ മനുഷ്യരുടെ ഘോഷയാത്രയാണ്. അതിലൊന്നിലും നെടുമുടി വേണു ഇല്ല. നടന്‍ ഒരു വാഹനം മാത്രം. പ്രതിപാത്രം ഭാഷണഭേദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com