ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM) എന്ന് കേരളം ആദ്യം കേട്ടത് ഞെട്ടലോടെയാണ്, 2009-ല്‍. പ്രഭാതസവാരിക്കിറങ്ങിയ ഒരു പാവം മനുഷ്യനെ അതിദാരുണമായി കൊലപ്പെടുത്തിയ സംഭവം വര്‍ക്കല പൊലീസ്സ്റ്റേഷന്‍ അതിര്‍ത്തിയിലുണ്ടായി. ശിവപ്രസാദ് എന്നായിരുന്നു കൊലചെയ്യപ്പെട്ട വ്യക്തിയുടെ പേര്. ആര്‍ക്കും ഒരു വിരോധവുമില്ലാതിരുന്ന ആ മുതിര്‍ന്ന മനുഷ്യന്റെ ക്രൂരമായ കൊലപാതകം നാടിനെയാകെ നടുക്കി. ആര്? എന്തിന്? തുടങ്ങിയ ചോദ്യങ്ങള്‍ എങ്ങും ഉയര്‍ന്നു. സംഭവത്തിന്റെ ഭീകരതയും ദുരൂഹതയും വര്‍ദ്ധിപ്പിച്ചുകൊണ്ട് മറ്റൊരു ഗുരുതരമായ ആക്രമണവും അധികം അകലെയല്ലാതെ, അര മണിക്കൂറിനുള്ളില്‍ നടന്നു. വെളുപ്പിനുണര്‍ന്ന് ചായക്കട തുറക്കാന്‍ വന്ന അശോകന്‍ മാരകമായി ആക്രമിക്കപ്പെട്ടു. ഗുരുതരമായി പരിക്കു പറ്റിയ അശോകന്റെ നിലവിളി കേട്ട് ആളുകള്‍ അങ്ങോട്ടെത്തിയേക്കും എന്ന് തോന്നിയതിനാലാകാം അക്രമികള്‍ വന്ന ഇരുചക്രവാഹനത്തില്‍ വേഗം സ്ഥലം വിട്ടു. സംസ്ഥാന പൊലീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് എനിക്കാദ്യം വിവരം കിട്ടിയത്. ഒരുപാട് വാര്‍ത്തകളും വിവാദങ്ങളും സൃഷ്ടിച്ച പോള്‍ മുത്തൂറ്റ് കൊലപാതകത്തിന്റെ അലയൊലികള്‍ സംസ്ഥാനത്ത് കെട്ടടങ്ങിയിരുന്നില്ല. അപ്പോഴാണ് സമൂഹത്തെ ആകെ ആശങ്കാകുലമാക്കുന്ന വര്‍ക്കലയിലെ ഇരട്ട ആക്രമണം. കേരളത്തില്‍ കൊലപാതക കേസുകള്‍ വേഗത്തില്‍ തെളിയിക്കുന്നതില്‍ പൊലിസിന്റേത് പൊതുവേ മികച്ച റെക്കാര്‍ഡ് തന്നെയായിരുന്നു. മിക്ക സംഭവങ്ങളുടേയും പിന്നില്‍ കുടുംബവഴക്ക്, രാഷ്ട്രീയ വിരോധം, സ്വത്ത് തര്‍ക്കം, മോഷണം, ലൈംഗിക ആക്രമണം തുടങ്ങി എന്തെങ്കിലും ഘടകങ്ങള്‍ ഉണ്ടാകും. അതിന്റെ ചുവടുപിടിച്ച് കുറ്റവാളികളിലെത്താന്‍ അധികം വൈകില്ല. ഇവിടെ അസാധാരണമായത്, ശിവപ്രസാദ് എന്ന മനുഷ്യനെ കരുതിക്കൂട്ടി കൊലചെയ്യാന്‍ യാതൊരു വിരോധവും ആര്‍ക്കും ഉണ്ടായിരുന്നില്ല എന്നതാണ്. വീട്ടിലും നാട്ടിലും ഒന്നും ആര്‍ക്കും എതിര്‍പ്പില്ലാതിരുന്ന അറുപത്തിരണ്ടുകാരന്‍. പ്രഭാതസവാരിയും ക്ഷേത്ര ദര്‍ശനവുമായി ഓരോ ദിവസവും ആരംഭിച്ച ആ മനുഷ്യന്‍ എങ്ങനെ അക്രമികളുടെ ലക്ഷ്യമായി? ഞങ്ങള്‍ ഇരുട്ടിലായിരുന്നു.
പ്രതീക്ഷയുടെ ആദ്യ വെളിച്ചം നല്‍കി യത് ജനകീയനായ വര്‍ക്കല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ ആയിരുന്നു. സഭ്യമായ ഭാഷ സംസാരിക്കുകയും അനാവശ്യമായ ആവേശപ്രകടനം ഒഴിവാക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെപ്പറ്റി അയാള്‍ സ്‌കൂള്‍ മാസ്റ്ററാകേണ്ട ആളാണ് എന്നൊരു പ്രയോഗം പൊലീസിനകത്തും പുറത്തും കേട്ടിട്ടുണ്ട്. ആ ഗണത്തില്‍പ്പെട്ട പ്രാപ്തനായ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു അനില്‍കുമാര്‍. സംഭവമറിഞ്ഞ ഉടന്‍ അയാള്‍ സ്ഥലത്തുപോയി. കൊലപാതകത്തിന് ദൃക്സാക്ഷികളില്ലായിരുന്നു. വര്‍ക്കല സ്റ്റേഷനതിര്‍ത്തിയില്‍ അയിരൂരില്‍ ആയിരുന്നു സംഭവം. ശിവപ്രസാദിനെ കൊലചെയ്ത അക്രമികള്‍ പോയത് ഇരുചക്രവാഹനത്തില്‍ ഇടവാ ഭാഗത്തേയ്ക്കാണെന്നു സൂചന കിട്ടി. ആ വഴിയില്‍ത്തന്നെ മറ്റൊരാള്‍, അശോകന്‍ മാരകമായി ആക്രമിക്കപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ എന്നെ ഫോണില്‍ വിളിച്ചു. ''സാര്‍ ഇത് ഡി.എച്ച്.ആര്‍.എംകാര്‍ ചെയ്തതാണ്.'' സാദ്ധ്യത എന്നതിനപ്പുറം, ഏതാണ്ടൊരു ബോദ്ധ്യം പോലെയാണ് അയാള്‍ സംസാരിച്ചത്. ആ സംഘടനയുടെ പ്രവര്‍ത്തനം എന്റെ സജീവ ശ്രദ്ധയിലുണ്ടായിരുന്നില്ല. ഒരുപക്ഷേ, ആ പേരു തന്നെ ഞാന്‍ ആദ്യമായിട്ടായിരുന്നു കേള്‍ക്കുന്നത്. എങ്ങനെ അത്ര വേഗം ഡി.എച്ച്.ആര്‍.എംകാരായിരിക്കും കൃത്യത്തിനു പിന്നില്‍ എന്ന് പറയുന്നു എന്നതിനെപ്പറ്റി ഞാന്‍ ആ സമയം കൂടുതല്‍ ചോദിച്ചില്ല. ആ പ്രദേശത്തെപ്പറ്റിയും അവിടുത്തെ പ്രശ്‌നങ്ങളെപ്പറ്റിയും എല്ലാം നന്നായി അറിയാവുന്ന ഉദ്യോഗസ്ഥനായിരുന്നു അനില്‍കുമാര്‍. സംഭവം നടന്നിട്ട് അപ്പോള്‍ രണ്ടോ മൂന്നോ മണിക്കൂറുകളെ ആയിട്ടുള്ളു. അക്രമികള്‍ രക്ഷപ്പെട്ടിരിക്കാനിടയുള്ള വഴി കണക്കിലെടുത്ത് ഞാനുടനെ പരവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷിഹാബുദീനെ ഫോണ്‍ ചെയ്തു. വര്‍ക്കലയിലുണ്ടായ സംഭവങ്ങളെക്കുറിച്ച് അല്പം വിവരം അദ്ദേഹത്തിനും ലഭിച്ചിരുന്നു. സംഭവത്തിനു പിന്നില്‍ ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരെ സംശയിക്കുന്നതായി അനില്‍കുമാര്‍ പറഞ്ഞ കാര്യം ഞാന്‍ ഷിഹാബുദീനോട് സൂചിപ്പിച്ചു. പെട്ടെന്ന് അയാള്‍ വാചാലനായി. ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഷിഹാബിന് നല്ല ധാരണയുണ്ടായിരുന്നു. അവിടെ ചില ദളിത് കോളനികള്‍ കേന്ദ്രീകരിച്ച് ആ സംഘടനയുടെ സജീവമായ പ്രവര്‍ത്തനങ്ങളുണ്ടായിരുന്നു. പ്രാദേശികമായി ചെറിയ സംഘര്‍ഷങ്ങളുണ്ടായപ്പോള്‍ അതില്‍ പൊലീസ് ഇടപെടേണ്ട സാഹചര്യം ഉണ്ടായി. ദളിത് വിഭാഗത്തിന്റെ മനുഷ്യാവകാശസംഘടന എന്ന ലേബലിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും സാധാരണ കണ്ടുവന്നിരുന്ന മനുഷ്യാവകാശ സംഘടനകളില്‍നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അന്ന് അവരുടെ ശൈലി. അടിസ്ഥാന ആശയങ്ങള്‍ മുതല്‍ സംഘാടനം, വസ്ത്രധാരണം, ആചാരരീതികള്‍ തുടങ്ങി എല്ലാം വ്യത്യസ്തമായിരുന്നു. അവരുടെ പരിപാടികളില്‍ അക്രമണോത്സുകത പ്രകടമായിരുന്നതായും ഷിഹാബ് പറഞ്ഞു. പ്രവര്‍ത്തന ശൈലിയിലെ അസാധാരണത്വം ശ്രദ്ധിച്ച ആ ഉദ്യോഗസ്ഥന്‍ ഡി.എച്ച്.ആര്‍.എമ്മിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിച്ചു. അതില്‍ സജീവമായിരുന്ന പലരുടേയും ഫോണ്‍ നമ്പറുകള്‍ അയാളുടെ ഡയറിയില്‍ കുറിച്ചിരുന്നു. ചില വിവരങ്ങള്‍ അപ്പോള്‍ തന്നെ ഷിഹാബ് എനിക്കു നല്‍കി. അതിനിടെ സംഭവസ്ഥലത്തെത്തിയ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി രാജേന്ദ്രന്‍ എന്നെ വിളിച്ചു. അദ്ദേഹത്തിന്റെ വിലയിരുത്തലിലും ഡി.എച്ച്.ആര്‍.എം പങ്കാളിത്തം തന്നെയാണ് സംശയിച്ചത്. അതില്‍ ചില പ്രധാനികളുടെ ഫോണ്‍നമ്പര്‍ രാജേന്ദ്രന്‍ എനിക്ക് നല്‍കി.
പക്ഷേ, അവരെന്തിന് പ്രഭാതസവാരിക്കിറങ്ങിയ, ആരോടും ശത്രുത ഇല്ലാത്ത ശിവപ്രസാദിനെ കൊല്ലണം? അവരെന്തിന് ചായക്കട തുറക്കാന്‍ രാവിലെ എത്തിയ അശോകനെ ആക്രമിക്കണം? തെളിയിക്കപ്പെടാത്ത കേസുകളില്‍ സംശയങ്ങള്‍ പലതും ഉണ്ടാകാം. കൃത്യമായ തെളിവുണ്ടെങ്കിലല്ലേ സംശയം സ്വീകരിക്കുകയോ തിരസ്‌ക്കരിക്കുകയോ ചെയ്യാനാകൂ. ഈ ഘട്ടത്തില്‍ നിര്‍ണ്ണായകമായത് സാങ്കേതികവിദ്യയാണ്. മൊബൈല്‍ ഫോണ്‍ നമ്പറുകളും ഡിജിറ്റല്‍ വിവരങ്ങളും ഉപയോഗിച്ചുള്ള കുറ്റാന്വേഷണം അന്ന് അധികം വ്യാപിച്ചിട്ടില്ല. ഞങ്ങള്‍ ആ വഴിക്കു നീങ്ങി. എനിക്കു ലഭിച്ച ഫോണ്‍ നമ്പറുകളില്‍നിന്ന്, ഉദ്യോഗസ്ഥരുമായി സംസാരിച്ചതില്‍നിന്നു ലഭിച്ച വിവരത്തിന്റെ വെളിച്ചത്തില്‍ ഏതാനും നമ്പറുകളുടെ വിശദാംശങ്ങള്‍ തേടാന്‍ തീരുമാനിച്ചു. ഞാനുടനെ ഹൈടെക്ക് സെല്ലിന്റെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മിഷണര്‍ വിനയകുമാരന്‍ നായരെ വിളിച്ചു. ഏതാനും നമ്പറുകള്‍ നല്‍കിയിട്ട് അവയുടെ വിവരങ്ങള്‍ സേവനദാതാക്കളില്‍നിന്ന് മിന്നല്‍ വേഗത്തില്‍ എടുക്കാന്‍ പറഞ്ഞു. അവര്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിച്ചു. ഞാന്‍ വേഗം ഓഫീസിലെത്തുമ്പോള്‍ സാങ്കേതിക വിവരങ്ങള്‍ അവിടെ കംപ്യൂട്ടറില്‍ എത്തിക്കഴിഞ്ഞിരുന്നു. ആ വിവരങ്ങളുമായാണ് ഞാന്‍ വര്‍ക്കലയ്ക്ക് പോയത്. ഒറ്റനോട്ടത്തില്‍ത്തന്നെ അതിലെ ചില വിവരങ്ങള്‍ മനസ്സില്‍ ഉടക്കി. അന്വേഷണത്തിന് അതൊരു സ്വര്‍ണ്ണഖനി ആയിരിക്കുമെന്നു തോന്നി.
സൂക്ഷ്മതയോടെയുള്ള അന്വേഷണം
ആദ്യം പോയത് ശിവപ്രസാദ് വെട്ടേറ്റുവീണു മരിച്ച സ്ഥലത്താണ്. സംഭവത്തിന് ദൃക്സാക്ഷിയായുള്ള ആരെയും അതുവരെ കണ്ടില്ല. പക്ഷേ, സാഹചര്യം നോക്കുമ്പോള്‍ കുറ്റവാളികളുടെ നീക്കം ആരുടെയെങ്കിലും ശ്രദ്ധയില്‍പ്പെട്ടിരിക്കാം എന്നു തോന്നി. അക്രമികളുടെ നീക്കം മോട്ടോര്‍ ബൈക്കിലായിരുന്നുവെന്ന് ഏതാണ്ട് വ്യക്തമായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തുനിന്നും കുറേ ഉള്ളിലേക്ക് മാറിയായിരുന്നു അടുത്ത ആക്രമണം നടന്നത്. അവിടെ അക്രമികള്‍ ബൈക്കിലാണെത്തിയത്. ആക്രമിക്കപ്പെട്ട അശോകന്‍ അവരെ കണ്ടു. അയാള്‍ അതിരാവിലെ കടതുറന്ന് ചായയുണ്ടാക്കി വില്‍പ്പന നടത്തും. അതിനായി സ്റ്റൗ ചൂടാക്കി തുടങ്ങിയതേയുള്ളു. മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്നുപേരില്‍ ഒരാള്‍ മാത്രമേ കടയിലെത്തിയുള്ളൂ. മറ്റു രണ്ടുപേര്‍ മോട്ടോര്‍ സൈക്കിളില്‍ തന്നെ ഇരുന്നു. കടയിലെത്തിയ ആള്‍ സിഗററ്റ് കിട്ടുമോ എന്നു ചോദിച്ചു. അതിനായി മുറി തുറക്കാന്‍ തുടങ്ങുമ്പോഴാണ് അശോകന്‍ ആക്രമിക്കപ്പെട്ടത്. കഴുത്തിലും വയറ്റിലും കയ്യിലുമെല്ലാം വെട്ടേറ്റു. നിലവിളിച്ചുകൊണ്ട് വീട്ടിലേയ്ക്ക് ഓടിയപ്പോള്‍ അക്രമികള്‍ ബൈക്കില്‍ വേഗം മുന്നോട്ടുപോയി. സംഭവസ്ഥലത്തും പരിസരത്തും ചുറ്റിക്കറങ്ങുന്നതിനിടയില്‍ ഡി.വൈ.എസ്.പി രാജേന്ദ്രനും സി.ഐ. അനില്‍കുമാറും എസ്.ഐ. ബിനുവും പറയുന്നത് എല്ലാം ഞാന്‍ കേട്ടു. താഴെത്തട്ടില്‍നിന്നും വിവരങ്ങള്‍ വേഗം മനസ്സിലാക്കുന്നതിന് അവര്‍ക്ക് കഴിഞ്ഞിരുന്നു. ഞാന്‍ കൊണ്ടുപോയ സാങ്കേതിക വിവരങ്ങള്‍ സ്ഥലത്തുനിന്ന് മടങ്ങും മുന്‍പേ രാജേന്ദ്രനെ ഏല്പിച്ചു. അതില്‍ ചില ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരുടെ സാന്നിദ്ധ്യം അസമയത്ത് ആ പരിസരത്ത് സൂചിപ്പിക്കുന്നുണ്ടായിരുന്നു. കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ മൊബൈല്‍ ഫോണിന്റെ പങ്ക് അന്ന് കുറ്റവാളികള്‍ക്ക് അത്രയ്ക്കറിയില്ലായിരുന്നു. നിര്‍ണ്ണായകമായ ചില ഫോണ്‍വിളികള്‍ അന്നത്തെ കൊച്ചുവെളുപ്പാന്‍ കാലത്തും അര്‍ദ്ധരാത്രിയിലും എല്ലാം കണ്ടെത്താന്‍ വേഗം കഴിഞ്ഞു.
സംഭവസ്ഥലത്തുനിന്ന് മടങ്ങുമ്പോള്‍ ഞാന്‍ ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനെ ഫോണ്‍ ചെയ്തു. സംഭവത്തെക്കുറിച്ച് വിവരിച്ച ശേഷം ഡി.എച്ച്.ആര്‍.എം എന്ന സംഘടനയുടെ കാര്യം ഞാന്‍ സൂചിപ്പിച്ചു. ''ഡി.എച്ച്.ആര്‍.എം? എന്താണത്?'' എന്നായിരുന്നു, അവിശ്വസനീയതയോടെ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ആ സംഘടനയെക്കുറിച്ച് അദ്ദേഹം ആദ്യമായി കേള്‍ക്കുകയായിരിക്കണം. സംസ്ഥാന ഇന്റലിജെന്‍സും ഡി.എച്ച്.ആര്‍.എമ്മിന്റെ കാര്യത്തില്‍ അന്നുവരെ വലിയ ശ്രദ്ധ പുലര്‍ത്തിയിരുന്നില്ല എന്നെനിക്കു തോന്നി. അല്ലെങ്കില്‍ ആഭ്യന്തരമന്ത്രി നേരത്തെ അറിയേണ്ടതാണ്.
ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ വര്‍ക്കലയില്‍ പൊലീസ് നടപടികള്‍ കാര്യക്ഷമമായി മുന്നേറി. സാധാരണയായി, ഏതെങ്കിലും സംഘടനകള്‍ അതീവ രഹസ്യമായി ആസൂത്രണം ചെയ്ത് നടത്തുന്ന കൊലപാതകം അന്വേഷിച്ച് വസ്തുതകള്‍ കണ്ടെത്തുക പൊലീസിനു വെല്ലുവിളിയാണ്. ഇവിടെ ആസൂത്രണം, നടത്തിപ്പ് എന്നിവയില്‍ സംഘാടകര്‍ വിജയിച്ചു. പക്ഷേ, സാങ്കേതിക വിദ്യയിലുള്ള അജ്ഞത, അവരുടെ രഹസ്യമായ നീക്കങ്ങളിലേയ്ക്ക് വെളിച്ചം പകരാന്‍ പൊലീസിനെ സഹായിച്ചു. കുറ്റാന്വേഷണത്തില്‍ നിര്‍ണ്ണായകമായ മറ്റൊരു സംഭാവന നല്‍കിയത് നേരത്തെ അവിടെ ജോലി ചെയ്തിരുന്ന എസ്.ഐ. ഷാജിയാണ്. സംഭവത്തെത്തുടര്‍ന്ന് ആറ്റിങ്ങലില്‍നിന്ന് ആ ഉദ്യോഗസ്ഥനും അവിടെ എത്തി. ചില കോളനികള്‍ കേന്ദ്രീകരിച്ചും മറ്റും നടന്നിരുന്ന ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തനത്തെക്കുറിച്ച് അയാള്‍ക്ക് ധാരണയുണ്ടായിരുന്നു. സാങ്കേതിക വിവരങ്ങളുടെ വെളിച്ചത്തില്‍ സംശയിക്കുന്ന വ്യക്തികളെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. അതിനായി കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില സ്ഥലങ്ങളില്‍ പരിശോധന നടത്തി. അനാവശ്യമായ അക്രമോത്സുകത ഒഴിവാക്കി നിയമവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ പരിശോധന നടത്താന്‍ പ്രത്യേകം ശ്രദ്ധിച്ചു. മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥരും സന്ദര്‍ഭത്തിനൊത്തുയര്‍ന്നു. വടശ്ശേരിക്കോണം എന്ന പ്രദേശത്ത് ഒരു ക്യാമ്പ് നടക്കുന്നുണ്ടായിരുന്നു. എസ്.ഐ. ഷാജിയുടെ നേതൃത്വത്തില്‍ അവിടെ നടത്തിയ പരിശോധന ഗുണം ചെയ്തു. നൂറോളം പേരുണ്ടായിരുന്ന ആ ക്യാമ്പില്‍നിന്നും നാലഞ്ച് പേരെ പൊലീസ് ഒപ്പം കൂട്ടി. സാങ്കേതിക വിവരങ്ങള്‍ വിശകലനം ചെയ്താണ് നടപടി സ്വീകരിച്ചത്. എസ്.ഐയുടെ നല്ല പ്രാദേശിക ബന്ധം മൂലം യാതൊരു സംഘര്‍ഷവുമില്ലാതെ പൊലീസ് നടപടി മുന്നോട്ടുപോയി.
പൊലീസ് ഉദ്യോഗസ്ഥര്‍ ചെറുസംഘമായി പലേടത്തുനിന്നും അതിവേഗം ശേഖരിച്ചുകൊണ്ടിരുന്ന വിലപ്പെട്ട വിവരങ്ങളും അനിഷേധ്യമായ സാങ്കേതിക തെളിവുകളും ഏകോപിപ്പിച്ച് അന്വേഷണത്തെ മുന്നില്‍നിന്നു നയിച്ചു ഡി.വൈ.എസ്.പി രാജേന്ദ്രന്‍. അതിനിടെ ഡി.എച്ച്.ആര്‍.എം എന്ന സംഘടനയുടെ നീക്കങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ഇന്റലിജെന്‍സിലെ ഉദ്യോഗസ്ഥര്‍ ആശങ്കയുണ്ടാക്കുന്ന ചില വിവരങ്ങള്‍ സംസ്ഥാന പൊലീസുമായി പങ്കിട്ടു. കേസ് അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലെത്തിയ അവസരത്തില്‍ ധാരാളം ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ വര്‍ക്കല പൊലീസ് സ്റ്റേഷനു സമീപം മൈതാനത്ത് ഒത്തുചേര്‍ന്ന് സംഘമായി നിലകൊണ്ടു. പൊലീസ് സ്റ്റേഷന്‍ ആക്രമണ സാദ്ധ്യതയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചിപ്പിച്ചത്. ആ ഘട്ടത്തില്‍ സംസ്ഥാന പൊലീസ് മേധാവി ജേക്കബ്ബ് പുന്നൂസിന്റെ ഓഫീസില്‍ അദ്ദേഹത്തോടൊപ്പം ഞങ്ങള്‍ വര്‍ക്കല സംഭവത്തിന്റെ വിവിധ വശങ്ങള്‍ വിലയിരുത്തുകയായിരുന്നു. പൊലീസ് സ്റ്റേഷന്‍ ആക്രമണ സാദ്ധ്യത കുറവാണ് എന്നതായിരുന്നു എന്റെ വിലയിരുത്തലെങ്കിലും സുരക്ഷാജാഗ്രതയും കരുതലും വര്‍ദ്ധിപ്പിച്ചു. ഇങ്ങനെ പലവിധ ബഹളത്തിനിടയില്‍ വര്‍ക്കല പൊലീസ് സ്റ്റേഷനില്‍നിന്നും ഡി.വൈ.എസ്.പി രാജേന്ദ്രന്റെ ഫോണ്‍ വന്നു. ''സാര്‍, കേസ് തെളിഞ്ഞു.'' അതൊരു വലിയ ആശ്വാസമായിരുന്നു എനിക്കും ഡി.ജി.പിക്കും. ടെലിഫോണ്‍ രേഖകളിലൂടെ വെളിവായ സൂചനകള്‍ കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായി. കൊല നടന്ന ദിവസം വെളുപ്പിന് 3 മണിക്കും 4 മണിക്കും സംഭവത്തിനു ശേഷവും ഒക്കെ ചില ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരുടെ സഞ്ചാരപഥം എങ്ങനെ വിശദീകരിക്കും? കൊലപാതകം നടന്ന സ്ഥലത്തുനിന്ന് സംഭവം കഴിഞ്ഞ ഉടന്‍ ഡി.എച്ച്.ആര്‍.എം നേതാവിനെ ഫോണ്‍ വിളിച്ചത് എന്തിനുവേണ്ടി? രാത്രിയുടെ മറവില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഉള്‍പ്പെട്ട പ്രദേശത്ത് നടത്തിയ രഹസ്യനീക്കങ്ങള്‍ പൊലീസ് കൃത്യതയോടെ പെട്ടെന്ന് അറിഞ്ഞപ്പോള്‍ വിശദീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ ബുദ്ധിമുട്ടി. ഒരു പകല്‍ മുഴുവന്‍ ഞങ്ങളെല്ലാം മുള്‍മുനയില്‍നിന്നു. സൂര്യോദയത്തിനു മുന്‍പേ തുടങ്ങിയ രണ്ടു ജില്ലകളിലെ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായിരുന്നു ഡി.വൈ.എസ്.പി രാജേന്ദ്രനില്‍നിന്നും കേട്ടത്. പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ വരെ മുതിരും എന്ന് ആശങ്കയുയര്‍ത്തി വര്‍ക്കല മൈതാനത്ത് രാത്രിയിലും ഒത്തുകൂടിനിന്ന ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകര്‍ സ്വമേധയാ പിരിഞ്ഞുപോയി. കൊലപാതകത്തിനും വധശ്രമത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് ഡി.എച്ച്.ആര്‍.എം പ്രവര്‍ത്തകരാണെന്ന രഹസ്യം പൊലീസിനു വെളിവായി എന്നറിഞ്ഞതിനെത്തുടര്‍ന്നാണ് അത് സംഭവിച്ചത്. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ചില ദളിത് കോളനികള്‍ കേന്ദ്രീകരിച്ച് ചുരുങ്ങിയ കാലത്തിനുള്ളില്‍ കൊടുങ്കാറ്റ്‌പോലെ ശക്തി സമാഹരിച്ച് വളരാന്‍ തുടങ്ങിയ പ്രസ്ഥാനത്തിന്റെ ശക്തിക്ഷയത്തിന്റെ തുടക്കമായിരുന്നു ആ പിന്മാറ്റം.
കേസ് തെളിഞ്ഞു എന്നത് വലിയ ആശ്വാസമായെങ്കിലും സംഭവത്തിന്റെ പൂര്‍ണ്ണചിത്രം ലഭിക്കുന്നതിനും തെളിവുകള്‍ മുഴുവന്‍ കണ്ടെത്തുന്നതിനും കുറ്റവാളികളെ അറസ്റ്റു ചെയ്യുന്നതിനും പിന്നെയും വലിയ പരിശ്രമം ആവശ്യമായിരുന്നു. അന്വേഷണം മുന്നോട്ടു പോയി വ്യക്തമായ ചിത്രം കിട്ടിയപ്പോഴാണ് ആസൂത്രണം ചെയ്ത അക്രമത്തിന്റെ ഭീകരത യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിനേക്കാള്‍ എത്രയോ വലുതായിരുന്നുവെന്ന് മനസ്സിലായത്. അവരുടെ പദ്ധതി അനുസരിച്ച് മൂന്ന് മോട്ടോര്‍ ബൈക്കുകളിലായി മൂന്ന് ടീമുകളാണ് 'ഓപ്പറേഷ'ന് പുറപ്പെട്ടത്. അതില്‍ 3 പേരടങ്ങിയ ഒരു ടീമിന്റെ ഓപ്പറേഷന്‍ ആയിരുന്നു ശിവപ്രസാദിന്റെ ജീവനെടുത്തതും അശോകനെ മാരകമായി പരിക്കേല്പിച്ചതും. അവിചാരിത കാരണങ്ങളാല്‍ മറ്റു രണ്ടു ടീമുകളുടേയും ഓപ്പറേഷനുകള്‍ വിജയിച്ചില്ല. ഒരു മോട്ടോര്‍ സൈക്കിള്‍ മറിഞ്ഞു കേടായതുകാരണം അവര്‍ക്ക് പിന്മാറേണ്ടിവന്നു. അയിരൂരിനടുത്ത് മറ്റൊരു ചായക്കടക്കാരന്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. രണ്ടംഗ സംഘം അയാളെ ആക്രമിക്കാന്‍ സ്‌കൂട്ടറില്‍ എത്തുമ്പോള്‍ ഒരു ഓട്ടോറിക്ഷ അകലെ കണ്ടു. വര്‍ക്കല സ്റ്റേഷനതിര്‍ത്തിയില്‍ പൊലീസുകാര്‍ ആ പ്രദേശങ്ങളില്‍ ഓട്ടോറിക്ഷയില്‍ രാത്രികാല പട്രോളിംഗ് നടത്തുന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. തൊട്ടു മുന്‍പ് വര്‍ക്കല എസ്.ഐ. ആയിരുന്ന ഷാജി ഓട്ടോറിക്ഷക്കാരുടെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയതായിരുന്നു അത്. ഓട്ടോറിക്ഷ കണ്ടപ്പോള്‍ അതില്‍ പൊലീസുകാരുണ്ടാകും എന്ന തെറ്റിദ്ധാരണയില്‍ അക്രമികള്‍ പിന്‍വാങ്ങി. അതുകൊണ്ട് മാത്രമാണ് ഒരു വിലപ്പെട്ട ജീവന്‍ എങ്കിലും അന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ മുഖ്യ സംഘാടകരുള്‍പ്പെടെയുള്ളവര്‍ വേഗത്തില്‍ പിടിയിലായതോടെ അതില്‍ പങ്കെടുത്ത മിക്കവരും ഒളിവില്‍ പോയി. വളരെ ചിട്ടയായ അന്വേഷണത്തില്‍ അവരെ പിന്തുടരുന്നതിനും പലേടത്തുനിന്നും കണ്ടെത്തി അറസ്റ്റു ചെയ്യുന്നതിലും പല പൊലീസ് ഉദ്യോഗസ്ഥരും പ്രകടിപ്പിച്ച പ്രൊഫഷണല്‍ മികവ് വളരെ വലുതായിരുന്നു. കണ്ണൂര്‍ പറശ്ശിനിക്കടവ് ഭാഗത്ത് മണല്‍ത്തൊഴിലാളികളുടെ ഇടയില്‍ കയറിപ്പറ്റിയ ചില പ്രതികളെ രഹസ്യാന്വേഷണം നടത്തി കണ്ടെത്തിയ, പില്‍ക്കാലത്ത് ഐ.പി.എസ് ലഭിച്ച ഡി.വൈ.എസ്.പി ശശിയുടെ സേവനം പ്രത്യേകം ഓര്‍ക്കുന്നു.
അക്രമത്തിന്റെ സംഘാടനത്തിലും നേതൃത്വത്തിലും ഉണ്ടായിരുന്ന പ്രധാന പ്രതികളെ ചോദ്യം ചെയ്യുന്നതില്‍ ഞാന്‍ ധാരാളം സമയം ചെലവഴിച്ചു. കേരളത്തില്‍ ഈ പ്രസ്ഥാനത്തിന്റെ പെട്ടെന്നുള്ള വളര്‍ച്ചയിലും യാതൊരു വിരോധവുമില്ലാതെ പാവം മനുഷ്യരെ കൊലചെയ്യുവാനുള്ള തീരുമാനത്തിലേയ്ക്ക് നയിച്ചതും എല്ലാം മനസ്സിലാക്കാനാണ് ശ്രമിച്ചത്. സാമൂഹ്യവും സാമ്പത്തികവുമായ പല ഘടകങ്ങളും അതിലേയ്ക്ക് നയിച്ചിട്ടുണ്ട്. കൂട്ടത്തിലൊരാള്‍ ഞാന്‍ പ്രീഡിഗ്രിക്കു പഠിച്ച വര്‍ക്കല ശ്രീനാരായണ കോളേജില്‍ പിന്നീട് പഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസകാലത്ത് എസ്.എഫ്.ഐയില്‍ പ്രാദേശിക ഭാരവാഹിത്വം വഹിക്കുകയും സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഒരാള്‍ ഇടതുപക്ഷ രാഷ്ട്രീയധാരയില്‍ കുറേക്കാലം മുന്നോട്ടുപോയിരുന്നു. നാട്ടില്‍ ഏതോ ചെറിയ ജോലിയുടെ അവസരം വന്നപ്പോള്‍ അയാളത് മോഹിച്ചുവെങ്കിലും കിട്ടിയില്ല. ജാതീയ വിവേചനം കൊണ്ടാണ് ദളിതനായ തനിക്കത് നഷ്ടപ്പെട്ടത് എന്നയാള്‍ കരുതി. ക്രമേണ അയാള്‍ വലതുപക്ഷ രാഷ്ട്രീയത്തിലേയ്ക്ക് നീങ്ങി. ഒരു ആരാധനാലയവുമായി ബന്ധപ്പെട്ട ചില പൊതുപ്രവര്‍ത്തനങ്ങളില്‍ അയാള്‍ ഏര്‍പ്പെട്ടു. അവിടെയും ജോലിയുടെ ഒരു ചെറിയ അവസരം വന്നപ്പോള്‍ അനുഭവം പഴയതുതന്നെ ആയിരുന്നു. ഇക്കുറി അധിക്ഷേപ വാക്കുകളും കേള്‍ക്കേണ്ടിവന്നു എന്നാണയാള്‍ എന്നോട് പറഞ്ഞത്. തനിക്ക് പലതും നഷ്ടമാകുന്നതിന്റെ കാരണം ജാതിയാണ് എന്ന ബോധം ആ യുവാവില്‍ ആഴത്തില്‍ വേരോടിയിരുന്നു. പരുക്കന്‍ ജീവിതാനുഭവങ്ങള്‍ അയാളെ രാഷ്ട്രീയ സംഘടനകളില്‍നിന്നും അകറ്റുന്നതിലേക്കും ജാതിയുടെ അടിസ്ഥാനത്തില്‍ സംഘടിക്കുന്നതിലേക്കും നയിച്ചിട്ടുണ്ട്. അസംതൃപ്ത യുവമനസ്സുകള്‍ ഒത്തുചേരുമ്പോള്‍ തീവ്രചിന്തകളും പദ്ധതികളും ഉടലെടുക്കാം, ലോകത്തെവിടെയും. ജാതിയുടെ ദൗര്‍ബ്ബല്യങ്ങളെ അതിജീവിക്കാന്‍ ഡി.എച്ച്.ആര്‍.എം സ്വീകരിച്ച ശക്തിസമാഹരണ രീതികള്‍ ആദ്യം മുന്നേറിയെങ്കിലും ചില ദളിത് കോളനികളില്‍ തന്നെ അതിനോട് എതിര്‍പ്പും സംഘര്‍ഷവും വളര്‍ന്നുവന്നു. സംഘടിത ശക്തി സ്വയം ബോദ്ധ്യപ്പെട്ടെങ്കിലും സമൂഹത്തെ ആ ശക്തി ബോധ്യപ്പെടുത്താന്‍ അവര്‍ വഴി തേടി. പല മുഖ്യധാരാ പ്രസ്ഥാനങ്ങളുടേയും ശക്തിയുടെ ഒരു സ്രോതസ്സ് അവര്‍ക്ക് കൊലപാതകം നടത്താന്‍ ശേഷിയുണ്ട് എന്നതാണെന്നും ഒക്കെ അവര്‍ ചിന്തിച്ചു. ഇത്തരം അപഥ ചിന്തകളുടെ ആദ്യ പരീക്ഷണമായിരുന്നു വര്‍ക്കല സംഭവം.
പരീക്ഷണം പാളി. നേതാക്കളുള്‍പ്പെടെയുള്ളവര്‍ ജയിലിലാകും എന്നവര്‍ പ്രതീക്ഷിച്ചില്ല. വര്‍ക്കല സംഭവത്തെത്തുടര്‍ന്ന് സമൂഹത്തില്‍നിന്ന് വല്ലാതെ ഒറ്റപ്പെട്ട സംഘടനയുടെ അസ്തിത്വം തന്നെ വലിയ ചോദ്യചിഹ്നമായി. മുഖ്യധാരാ രാഷ്ട്രീയത്തില്‍നിന്നകന്ന അസംതൃപ്ത ദളിത് സമൂഹം ഇടതുപക്ഷ തീവ്രവാദത്തിനും വലതുപക്ഷ മതതീവ്രവാദത്തിനും ഒരുപോലെ ആകര്‍ഷകം ആയിരുന്നു. മാവോയിസ്റ്റ് അനുകൂലികളുടെ ചില പ്രസിദ്ധീകരണങ്ങള്‍ ആ സാദ്ധ്യത ദേശീയ തലത്തില്‍ പരിശോധിച്ചിട്ടുമുണ്ട്. പക്ഷേ, അതിലൊരു വിഭാഗം മുസ്ലിം തീവ്രസ്വഭാവമുള്ള പ്രസ്ഥാനങ്ങളുമായി സന്ധിചെയ്തു. അതിന്റെ കാരണങ്ങളിലൊന്ന് സാമ്പത്തികം കൂടിയായിരുന്നു. ചില മനുഷ്യാവകാശ സംഘടനകളുമായും പ്രവര്‍ത്തകരുമായും നല്ല ബന്ധമുള്ള ഈ സംഘടന പൊലീസ് നടപടിക്കെതിരെ വലിയ ക്യാമ്പയിന്‍ തന്നെ നടത്തി. പൊലീസ് വിരുദ്ധത, ദളിത്സ്‌നേഹം ഇങ്ങനെയുള്ള ചേരുവകള്‍ മനുഷ്യാവകാശ പ്രാസംഗികര്‍ക്കു കത്തിക്കയറാന്‍ പറ്റിയ വിഷയങ്ങളാണല്ലോ. ആയിടെ പൊലീസ് പീഡനം അന്വേഷിക്കാന്‍ വര്‍ക്കല ദളിത് കോളനി സന്ദര്‍ശിച്ച ഒരു കമ്മിഷന്‍ സി.ഐ. അനില്‍കുമാറിനോട് ''നിങ്ങള്‍ ഒരു ദളിതന്റെ വീട്ടില്‍നിന്നും കഞ്ഞികുടിക്കുമോ?'' എന്ന് തുടങ്ങിയ ചില ചോദ്യങ്ങള്‍ ചോദിച്ചു. കോട്ടും സ്യൂട്ടും ഇട്ട് മാത്രം ജനമധ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന പല കമ്മിഷനുകളെക്കാളും വലിയ മനുഷ്യസ്‌നേഹിയായിരുന്നു, അടുത്തിടെ അന്തരിച്ച അനില്‍കുമാര്‍.
ഈ സംഭവത്തെത്തുടര്‍ന്ന് ദളിത് സമൂഹത്തിന്റെ ദുരിതാവസ്ഥയും ഒറ്റപ്പെടലും ഞാന്‍ ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ശ്രദ്ധയില്‍ പെടുത്തി. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം അന്ന് ഹരിജന ക്ഷേമത്തിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രി എ.കെ. ബാലനോടും കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹമത് വളരെ ഗൗരവമായെടുത്ത് ചില നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നാണ് പിന്നീട് ഞാനറിഞ്ഞത്.
ജനാധിപത്യ മാര്‍ഗ്ഗത്തില്‍ കേരളം മുന്നേറിയിട്ടുണ്ടെങ്കിലും ആദിവാസി ദളിത് സമൂഹത്തോട് നീതിപുലര്‍ത്താന്‍ നമുക്ക് കഴിഞ്ഞോ എന്ന ചോദ്യം ബാക്കിയാണ്. ഇപ്പോള്‍ വാര്‍ത്തയിലുള്ള അട്ടപ്പാടി മധുവിന്റെ കൊലപാതകവും വിചാരണയും എന്താണ് സൂചിപ്പിക്കുന്നത്? പക്ഷേ, അതിസാഹസികതയുടെ 'വര്‍ക്കല മോഡല്‍', പ്രശ്നങ്ങള്‍ വഷളാക്കാനേ ഉപകരിക്കൂ എന്നതില്‍ സംശയമില്ല.
(തുടരും)
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates