തൊട്ടടുത്ത ദിവസം ഉച്ചയോടെ അഗസ്റ്റിനെ വീട്ടില്‍ നിന്നു കാണാതായി...

അസാധാരണ മരണം ലോകത്ത് എവിടെയും എല്ലാക്കാലത്തും സമൂഹത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്
തൊട്ടടുത്ത ദിവസം ഉച്ചയോടെ അഗസ്റ്റിനെ വീട്ടില്‍ നിന്നു കാണാതായി...

No Motive (ഉദ്ദേശ്യം ഇല്ല) എന്ന ചെറുകഥയെ ആധാരമാക്കി എം.ടി.  തിരക്കഥ എഴുതിയ 'ഉത്തരം' എന്ന മലയാള സിനിമ ശ്രദ്ധേയമാണ്. സന്തുഷ്ടയായ വീട്ടമ്മ അപ്രതീക്ഷിതമായി ആത്മഹത്യ ചെയ്യുമ്പോള്‍, എന്തുകൊണ്ട്? എന്ന ചോദ്യത്തിന് ഉത്തരം തേടുന്നതാണ് പ്രമേയം. അസാധാരണ മരണം ലോകത്ത് എവിടെയും എല്ലാക്കാലത്തും സമൂഹത്തോട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. ഉത്തരം കണ്ടെത്തേണ്ടത് പൊലീസാണ്. വിരമിച്ച സബ്ബ് ഇന്‍സ്പെക്ടര്‍ അഗസ്റ്റിന്റെ മരണവും ചില ചോദ്യങ്ങള്‍ ഉയര്‍ത്തി. അഗസ്റ്റിന്റേത് ആത്മഹത്യ ആയിരുന്നു എന്നതില്‍ ആരും സംശയമുന്നയിച്ചില്ല. ആത്മഹത്യയ്ക്ക് ഉത്തരവാദി ആര് എന്നതായിരുന്നു മുഖ്യചോദ്യം. ചോദ്യകര്‍ത്താക്കള്‍ വിരല്‍ചൂണ്ടിയത് സി.ബി.ഐ ഉദ്യോഗസ്ഥരുടെ നേരെയാണ്. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഇടയ്ക്കിടെ വാര്‍ത്തയില്‍ നിറയുന്ന സിസ്റ്റര്‍ അഭയാക്കേസുമായി ബന്ധപ്പെട്ടായിരുന്നു അത്. 1992-ല്‍ സംഭവിച്ച സിസ്റ്റര്‍ അഭയയുടെ മരണം ചോദ്യങ്ങളും പരസ്പരവിരുദ്ധമായ ഉത്തരങ്ങളുമായി പൊതുമണ്ഡലത്തില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. അപകടം, കൊലപാതകം, ആത്മഹത്യ ഇങ്ങനെ പല സാദ്ധ്യതകളും പലരും പല ഘട്ടങ്ങളിലും 'ഉറപ്പിച്ചു' പറഞ്ഞുകൊണ്ടിരുന്നു. ഇപ്പോളത് ഹൈക്കോടതിയിലാണല്ലോ. സുപ്രീംകോടതിയില്‍ പോയാലും  ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ പിന്നെയും ബാക്കിയായേക്കാം. ഉത്തരം തേടി സി.ബി.ഐക്കാര്‍ പരക്കംപായുന്നതിനിടയിലാണ് പുതിയ ചോദ്യങ്ങളുയര്‍ത്തി അഗസ്റ്റിന്റെ മരണം. സിസ്റ്റര്‍ അഭയയുടേത് പോലുള്ള വലിയ ഉല്‍ക്കണ്ഠയൊന്നും മാധ്യമങ്ങളില്‍ കണ്ടില്ല. 'He is only a small fish' (അയാളൊരു ചെറിയ മീന്‍ മാത്രം) എന്നാണൊരു സി.ബി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. അത് വെറും 'തുച്ഛമായ' മരണം. ആ മരണം അഭയാക്കേസിനെ എങ്ങനെ ബാധിക്കും എന്ന ഉല്‍ക്കണ്ഠയായിരുന്നു കൂടുതല്‍.  

അഭയാക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അഗസ്റ്റിനെ ചോദ്യം ചെയ്യുന്നതു സംബന്ധിച്ച വാര്‍ത്തകള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. സി.ബി.ഐ ഓഫീസിന്റെ പരിസരത്തുകൂടി നടക്കുന്ന അഗസ്റ്റിനെ ഞാന്‍ വാര്‍ത്താചാനലുകളില്‍ കണ്ടിട്ടുമുണ്ട്. സര്‍വ്വീസില്‍നിന്നും വിരമിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ശാരീരികമായി ബുദ്ധിമുട്ടുള്ളപോലെ തോന്നിച്ച ആ ടെലിവിഷന്‍ ദൃശ്യങ്ങള്‍ അസ്വസ്ഥത ഉളവാക്കിയിരുന്നു. മരണപ്പെട്ട സിസ്റ്റര്‍ അഭയയുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയത് അഗസ്റ്റിനാണ് എന്നതിനപ്പുറം അതുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ ശരിതെറ്റുകള്‍ എനിക്കറിയില്ലായിരുന്നു. അപ്പോഴൊന്നും ഈ മനുഷ്യന്റെ ജീവിതം, അല്ല മരണം എന്റെ വഴിയേ വരും എന്ന് വിദൂരമായിപ്പോലും ചിന്തിച്ചിട്ടില്ല. പക്ഷേ, അത് സംഭവിച്ചു. 

അഗസ്റ്റിന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷിച്ചിരുന്നു. അഭയാക്കേസില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ നിരന്തരം ചോദ്യം ചെയ്ത ശേഷമാണ് അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തത്. സി.ബി.ഐ ഉദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് അഗസ്റ്റിന്റെ ബന്ധുക്കളും അഭ്യുദയകാംക്ഷികളും ചില സാമൂഹ്യ സംഘടനകളും ആരോപിച്ചു. ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ പെറ്റീഷനുമായി ഹൈക്കോടതിയില്‍ പോയി. അഗസ്റ്റിന്റെ മരണത്തില്‍ സി.ബി.ഐ ഉദ്യോഗസ്ഥരുടെ പങ്ക് വെളിവാകണമെങ്കില്‍ ഐ.ജി റാങ്കില്‍ കുറയാത്ത സത്യസന്ധനും പ്രാപ്തനുമായ ഒരു ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം എന്നായിരുന്നു ആവശ്യം. ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് കേസന്വേഷണം എന്റെ ചുമതലയായി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയിരുന്ന വി.ജി. ഗോവിന്ദന്‍ നായരാണ് കേസ് എന്റെ 'തലയില്‍ വരും' എന്നു പറഞ്ഞത്. വളരെ സൂക്ഷ്മതയോടെ, വസ്തുതകളും, നിയമവശങ്ങളും ബോദ്ധ്യപ്പെട്ട് നിര്‍വ്വഹിക്കേണ്ട ഒരു പ്രധാന ഉത്തരവാദിത്വം എന്ന നിലയില്‍ തന്നെയാണത് ഞാന്‍ കണ്ടത്. അന്വേഷണസംഘത്തെ തെരഞ്ഞെടുത്തതും  ശ്രദ്ധയോടെയാണ്. തൊഴില്‍പരമായി സത്യസന്ധത, പ്രാപ്തി, അര്‍പ്പണബോധം എന്നീ അടിസ്ഥാനത്തില്‍ മൂന്നുപേരെ തെരഞ്ഞെടുത്തു- അടൂര്‍ ഡി.വൈ.എസ്.പി വി. അജിത്ത്, കൊല്ലം അഡ്മിനിസ്‌ട്രേഷന്‍ ഡി.വൈ.എസ്.പി ബി. പ്രസന്നന്‍ നായര്‍, വൈക്കം സി.ഐ. ജെ. സന്തോഷ്‌കുമാര്‍. അഭയാക്കേസ് വലിയ കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. സി.ബി.ഐ അന്വേഷണ നടപടികളെ അനുകൂലിക്കുന്നതും, പ്രതികൂലിക്കുന്നതുമായ പ്രബലശക്തികള്‍ അരങ്ങിലും അണിയറയിലും സജീവമായിരുന്നു. അഗസ്റ്റിന്റെ മരണത്തിലേയ്ക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ സ്വാഭാവികമായും അഗസ്റ്റിനുമായി ബന്ധപ്പെട്ട സി.ബി.ഐ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കേണ്ടിവരും. പക്ഷേ, അത് അഭയാക്കേസ് അന്വേഷണത്തിന്റെ സൂക്ഷ്മപരിശോധനയിലേയ്ക്ക് അനാവശ്യമായി കടക്കാനും പാടില്ല എന്ന ജാഗ്രത വേണം.  അന്വേഷണത്തിന്റെ അതിര്‍വരമ്പിനെക്കുറിച്ച് കൃത്യമായ ബോദ്ധ്യം പ്രധാനമാണ്. 

അ​​ഗസ്റ്റിൻ
അ​​ഗസ്റ്റിൻ

സി.ബി.ഐ ചോദ്യം ചെയ്യല്‍

അന്വേഷണം തുടങ്ങും മുന്‍പേ പൊലീസ് സര്‍വ്വീസില്‍നിന്ന് വിരമിച്ച കുറെ പഴയ സഹപ്രവര്‍ത്തകര്‍ കാണാന്‍ വന്നു. അഗസ്റ്റിന്റെ മരണം കൃത്യമായി അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ആവശ്യം. അഗസ്റ്റിനോടുള്ള  സ്നേഹത്തിനപ്പുറം സി.ബി.ഐക്കാരെ ഒരു പാഠം പഠിപ്പിക്കണം എന്ന ആഗ്രഹവും ചിലര്‍ക്ക് ഉണ്ടായിരുന്നുവെന്നു തോന്നി. പക്ഷേ, 'പാഠം പഠിപ്പിക്കല്‍' ഒരുകാലത്തും എന്റെ അജണ്ട ആയിരുന്നില്ല. അഭയാക്കേസില്‍ സി.ബി.ഐ ഉള്‍പ്പെടെയുള്ള അന്വേഷകരുടെ നിഗമനം ഒരു പെന്‍ഡുലം പോലെ ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും മാറി മാറി ചലിച്ചിരുന്നല്ലോ. സി.ബി.ഐ നടപടികളെ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്ന ശക്തികളുടെ അജണ്ടകള്‍ സ്വാധീനിക്കാതെ അന്വേഷണം നടത്തണം എന്നായിരുന്നു ഞങ്ങളുടെ ചിന്ത.

അന്വേഷണത്തിന്റെ തുടക്കം, മരണപ്പെട്ട അഗസ്റ്റിന്റെ വീട്ടില്‍നിന്നായിരുന്നു. ഉത്തമ കുടുംബ ജീവിതത്തിന്റെ നന്മകള്‍ ആ വീട്ടില്‍ പ്രകടമായിരുന്നു. അടുക്കും ചിട്ടയുമുള്ള സ്‌നേഹോഷ്മളമായ ഒരിടത്തരം കര്‍ഷകജീവിതത്തിന്റെ വെടിപ്പും വൃത്തിയും അവിടെ അനുഭവപ്പെട്ടു. എങ്കിലും എല്ലാറ്റിനും മുകളിലായിരുന്നു അഗസ്റ്റിന്റെ വിയോഗം സൃഷ്ടിച്ച വേദന. 

സര്‍വ്വീസില്‍നിന്നും വിരമിച്ച അഗസ്റ്റിനെ വേട്ടപ്പട്ടിയെപ്പോലെ വിടാതെ പിന്തുടര്‍ന്നു ആ കേസ്. 1997-ല്‍ സര്‍വ്വീസില്‍നിന്നു വിരമിച്ച ശേഷം കുടുംബം നല്‍കിയ കരുത്താകണം അന്വേഷണവുമായി ബന്ധപ്പെട്ട് സഹിക്കേണ്ടിവന്ന കൊടിയ ദുരിതത്തില്‍ 11 വര്‍ഷം പിടിച്ചുനില്‍ക്കാന്‍ തുണയായത്. 1997 സെപ്തംബറില്‍ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ ഡല്‍ഹിയിലെ സി.ബി.ഐ ഓഫീസില്‍ വിളിപ്പിച്ചു. സുരിന്ദര്‍പോള്‍ എന്നൊരു ഓഫീസര്‍ മൂന്ന് നാല് ദിവസം സ്റ്റേറ്റ്‌മെന്റ് എടുത്തു. യാത്രയും താമസവും എല്ലാം പെന്‍ഷന്‍ പറ്റിയ അഗസ്റ്റിന്റെ സ്വന്തം ചെലവില്‍ തന്നെ ആയിരുന്നു. രണ്ടു മാസം കഴിയും മുന്‍പേ വീണ്ടും അതേ ഉദ്യോഗസ്ഥന്‍ ഡല്‍ഹിയില്‍ വിളിപ്പിച്ചു. വീണ്ടും ഡല്‍ഹിയാത്ര. വീണ്ടും മൂന്നു നാല് ദിവസത്തെ ചോദ്യം ചെയ്യല്‍. കൂട്ടത്തില്‍ അന്ന് Lie Detector Test (നുണ പരിശോധന) ഉം നടത്തി. കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലാബോറട്ടറിയില്‍ നടത്തിയ നുണ പരിശോധന ഫലം ഏതാണ്ട് പൂര്‍ണ്ണമായും അഗസ്റ്റിന് അനുകൂലമായിരുന്നു. സിസ്റ്റര്‍ അഭയയുടെ ഇന്‍ക്വസ്റ്റുമായി ബന്ധപ്പെട്ട് മറ്റുള്ളവരുടെ പങ്കിനെക്കുറിച്ചും ഒക്കെ ധാരാളം ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതെല്ലാം വിലയിരുത്തി സംശയകരമായ പ്രതികരണങ്ങളൊന്നും വെളിപ്പെട്ടില്ല എന്നാണതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പക്ഷേ, ചോദ്യം ചെയ്യലുകളും പലവിധ പരിശോധനകളും കേരളത്തിനകത്തും പുറത്തും പിന്നെയും അഗസ്റ്റിനെ പിന്തുടര്‍ന്നു. കൊലപാതകം, ആത്മഹത്യ എന്നിങ്ങനെ അന്വേഷകരുടെ സംശയങ്ങള്‍ മാറിമറിയുന്നതിനനുസരിച്ച് ചോദ്യം ചെയ്യലിന്റെ സ്വഭാവവും തീവ്രതയും മാറിയിട്ടുണ്ട്. അന്വേഷകരും ഇടയ്ക്കിടെ മാറുന്നുണ്ട്. അതിനിടെ കയ്യക്ഷരം, ബ്രെയിന്‍ ഫിംഗര്‍ പ്രിന്റിംഗ്, നാര്‍ക്കോ അനാലിസിസ് തുടങ്ങി പരിശോധനകള്‍ പലതും അരങ്ങേറുന്നുണ്ട്. അഗസ്റ്റിന്റെ ഡയറിയും തന്നെ അനുഗമിച്ചവരോട് അഗസ്റ്റിന്‍ പറഞ്ഞ വാക്കുകളും ശ്രദ്ധിച്ചാല്‍ നാര്‍ക്കോ അനാലിസിസില്‍ ആ മനുഷ്യന്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ചിരുന്നുവെന്ന് വ്യക്തമാണ്. ''ഇതു നടത്തിക്കഴിയുമ്പോള്‍ എന്റെ മേലുള്ള ശല്യം തീരുമല്ലോ; സത്യം അവര്‍ക്ക് ബോദ്ധ്യമാകുമല്ലോ'' എന്നാണ് അഗസ്റ്റിന്‍ പറഞ്ഞത്. ''എവിടെ വേണമെങ്കിലും ഒപ്പിട്ട് തരാം, ഇതുകഴിഞ്ഞാല്‍ ഞാന്‍ free ആകും'' എന്നും അഗസ്റ്റിന്‍ ഒരു ഉദ്യോഗസ്ഥനോട് പറഞ്ഞു. അത് 2007-ല്‍ ബാംഗ്ലൂരില്‍വെച്ചായിരുന്നു. പക്ഷേ, അഗസ്റ്റിന്‍ പ്രതീക്ഷിച്ചപോലെ 'free' ആയില്ല. കാരണം നാര്‍ക്കോ അനാലിസിസ് നടന്നില്ല. ടെസ്റ്റിനു സമ്മതം നല്‍കുകയും അതിനായി സ്വന്തം ചെലവില്‍ മകനോടൊപ്പം ബാംഗ്ലൂരിലെത്തുകയും ചെയ്തു അഗസ്റ്റിന്‍.  ടെസ്റ്റിനു മുന്നോടിയായി നടത്തിയ വൈദ്യപരിശോധനയില്‍ അഗസ്റ്റിന്റെ ഹൃദയത്തിന്റെ അവസ്ഥ അതിനനുവദിച്ചില്ല. അതുകൊണ്ട് അഗസ്റ്റിന്‍ പ്രതീക്ഷ അര്‍പ്പിച്ച നാര്‍ക്കോ അനാലിസിസ് നടന്നില്ല. സിസ്റ്റര്‍ അഭയ മരിച്ച ദിവസം തന്നെ നിയതി അഗസ്റ്റിന്റെ വിധിയും തീരുമാനിച്ചിരിക്കാം. നാര്‍ക്കോ അനാലിസിസ് ടെസ്റ്റിനു സ്വമേധയാ അഗസ്റ്റിന്‍ സമ്മതം നല്‍കിയതിനെക്കുറിച്ച് ഞങ്ങള്‍ സി.ബി.ഐ ഡി.വൈ.എസ്.പിയോട് ചോദിച്ചു. തന്റെ ആരോഗ്യാവസ്ഥയില്‍ നാര്‍ക്കോ അനാലിസിസ് ടെസ്റ്റ് നടക്കില്ല എന്ന് അഗസ്റ്റിനു അറിയാമായിരുന്നിരിക്കണം എന്നായിരുന്നു ആ ഉദ്യോഗസ്ഥന്റെ പ്രതികരണം. അഗസ്റ്റിന്റെ ശാസ്ത്രവിജ്ഞാനത്തെക്കുറിച്ച് മതിപ്പുണ്ടാകുന്നത് കുറ്റകരമല്ലല്ലോ.

പെന്‍ഷന്‍ പറ്റിയ ശേഷം പത്തു വര്‍ഷത്തിലധികം അഗസ്റ്റിന്‍ സി.ബി.ഐയുടെ ചോദ്യം ചെയ്യലിനും പലവിധ പരിശോധനകള്‍ക്കും വിധേയമായി. പ്രതീക്ഷിച്ച വഴിയിലൊന്നും അതില്‍ നിന്നും മോചനം കിട്ടുന്നില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ സ്വന്തം മോചനമാര്‍ഗ്ഗം ആത്മഹത്യയിലൂടെ കണ്ടെത്തി, അഗസ്റ്റിന്‍. അത് 2008 നവംബറിലായിരുന്നു. തൊട്ടു മുന്‍പുള്ള നാലു ദിവസങ്ങളായിരുന്നു സി.ബി.ഐ ഉദ്യോഗസ്ഥരുമായുള്ള അവസാന കൂടിക്കാഴ്ച. രൂക്ഷമായ ആ സമാഗമത്തെത്തുടര്‍ന്നായിരുന്നു മരണത്തിലേയ്ക്കുള്ള കാല്‍വെയ്പ്. സി.ബി.ഐയുടെ ഓരോ ചോദ്യം ചെയ്യലിനു പോകുമ്പോഴും ഇതുകൊണ്ട് അവസാനിക്കും എന്നയാള്‍ പ്രതീക്ഷിച്ചിരിക്കണം. അതില്‍നിന്ന് മടങ്ങിയത് കൂടുതല്‍ നിരാശനായിട്ടായിരിക്കും. മോചനത്തിനു നീതിന്യായ പ്രക്രിയയുടെ വഴി അടഞ്ഞുവെന്ന് ബോദ്ധ്യമായപ്പോള്‍ മോചന മാര്‍ഗ്ഗം സ്വയം കണ്ടെത്തി അഗസ്റ്റിന്‍. അഗസ്റ്റിനുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്യലിന്റെ അവസാന ഭാഗം അരങ്ങേറിയത് കോട്ടയം ടി.ബിയില്‍ ആയിരുന്നു. തുടര്‍ച്ചയായ നാലു ദിവസം. ആ ദിവസങ്ങളില്‍ വലിയ ഭീഷണികള്‍ക്കു വിധേയനായെന്ന് അഗസ്റ്റിന്റെ ഡയറി രേഖകളും മകനോട് പറഞ്ഞ കാര്യങ്ങളും വ്യക്തമാക്കുന്നു. '302-ല്‍ പ്രതിയാകു'മെന്നും 'വിലങ്ങു വയ്ക്കു'മെന്നും 'പെന്‍ഷന്‍ തടയു'മെന്നും എല്ലാം പറഞ്ഞത്രെ. 302 എന്നാല്‍ 302 ഐ.പി.സി; അതായത് കൊലപാതകം. മറ്റാരുടേയോ നിര്‍ദ്ദേശ പ്രകാരം താന്‍ എന്തൊക്കെയോ ചെയ്തുവെന്ന മുന്‍ധാരണയിലായിരുന്നു ചോദ്യങ്ങള്‍ മിക്കവയും. ''എനിക്ക് അറിയാന്‍ വയ്യാത്ത കാര്യത്തെപ്പറ്റി ഞാന്‍ പറയില്ല'' എന്നായിരുന്നു അഗസ്റ്റിന്റെ നിലപാട്. ചോദ്യം ചെയ്യലിന്റെ അവസാന ദിവസം അഗസ്റ്റിനേയും കൂട്ടി ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിരമിച്ച ഡി.വൈ.എസ്.പി സാമുവലിന്റെ അടുത്തുപോയിരുന്നു. അഭയാക്കേസ് നേരത്തെ അന്വേഷിച്ച സാമുവല്‍ അഗസ്റ്റിനെപ്പറ്റി നല്ല അഭിപ്രായമാണ് പറഞ്ഞത്. അന്ന് ചോദ്യം ചെയ്ത് വിട്ടയയ്ക്കുമ്പോള്‍, അടുത്ത തവണ വിളിച്ചാല്‍ മടങ്ങിപ്പോകില്ല എന്നും പറഞ്ഞിരുന്നു. ആ ദിവസങ്ങളിലെ ചോദ്യം ചെയ്യലിനിടയില്‍ അഗസ്റ്റിന്റെ മൊഴികളെ സ്വാധീനിക്കാന്‍ ചില പ്രലോഭനങ്ങളും നല്‍കി. അഭയാക്കേസില്‍ അഗസ്റ്റിനെ സഹായിക്കാമെന്നും ആരുടേയോ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് അഗസ്റ്റിന്‍ ചിലതൊക്കെ ചെയ്തതെന്നും അക്കാര്യം പറഞ്ഞാല്‍ അഗസ്റ്റിനെ രക്ഷപ്പെടുത്താം എന്നുമായിരുന്നു വാഗ്ദാനം. ഇക്കാര്യത്തിന് അഗസ്റ്റിനോടൊപ്പം പോയിരുന്ന പൊലീസില്‍ ജോലിയുണ്ടായിരുന്ന മകനേയും പ്രേരിപ്പിച്ചു. അയാളോട് സി.ബി.ഐ ഡി.വൈ.എസ്.പി പറഞ്ഞു ''ഞങ്ങള്‍ ഒരു കുരിശ് എടുത്ത് തലയില്‍ വച്ചിട്ടുണ്ട്. അത് ഇറക്കിവെക്കാന്‍ സഹായിക്കണം.'' അവരെ സഹായിച്ചാല്‍ അഗസ്റ്റിനു പ്രശ്‌നമുണ്ടാകില്ലെന്നും  സി.ബി.ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആ ഉദ്യോഗസ്ഥനും സമ്മര്‍ദ്ദത്തിലായിരുന്നിരിക്കാം. അവസാന ദിവസത്തെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് വീട്ടില്‍ എത്തിയ അഗസ്റ്റിന്‍ മകനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ''പാവപ്പെട്ടവന്റെ പുറത്ത് ഏണിചാരാനാണ് അവര്‍ ശ്രമിക്കുന്നത്'' എന്നും അഗസ്റ്റിന്‍ പറഞ്ഞു.

തൊട്ടടുത്ത ദിവസം ഉച്ചയോടെ അഗസ്റ്റിനെ വീട്ടില്‍നിന്നും കാണാതായി. അധികം വൈകാതെ വളരെ അകലെയല്ലാത്തൊരു പുരയിടത്തില്‍ മരിച്ചുകിടക്കുന്നതായാണ് പിന്നെ കണ്ടത്. കൃഷിക്ക് ഉപയോഗിക്കുന്ന വിഷം കഴിച്ചതായിരിക്കണം; അതിന്റെ തരികള്‍ വായുടെ വശത്ത് കാണപ്പെട്ടു. കയ്യില്‍ മുറിവുണ്ടായിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ സി.ബി.ഐ മാത്രമാണ് മരണത്തിനുത്തരവാദി എന്നും രേഖപ്പെടുത്തിയിരുന്നു.

അഗസ്റ്റിന്റെ ആത്മഹത്യാക്കുറിപ്പും ഡയറിക്കുറിപ്പുകളും സാക്ഷികളുടെ മൊഴിയും എല്ലാം വിരല്‍ചൂണ്ടിയത് ഒരേ കാര്യത്തിലാണ്. അഭയാക്കേസ് അന്വേഷിച്ച സി.ബി.ഐ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ സമ്മര്‍ദ്ദങ്ങളും ഭീഷണികളുമാണ് അഗസ്റ്റിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചത്. 

ഈ സാഹചര്യത്തില്‍ അവസാന ഘട്ടത്തില്‍ അഗസ്റ്റിനെ ചോദ്യം ചെയ്ത സി.ബി.ഐ ഉദ്യോഗസ്ഥരെ ഞങ്ങള്‍ വിശദമായി ചോദ്യം ചെയ്തു. രണ്ടു ദിവസം മാത്രം അഭയാക്കേസ് അന്വേഷിച്ച അഗസ്റ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തി മരണപ്പെട്ട അഭയയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുക എന്നതായിരുന്നു. ഈ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കണ്ട അപാകതകളാണ് അഗസ്റ്റിനെ സി.ബി.ഐ ഉദ്യോഗസ്ഥരുടെ ദൃഷ്ടിയില്‍ സംശയിക്കപ്പെട്ടവനാക്കിയത്. ഏറ്റവും വലിയ വീഴ്ച, അഥവാ തെറ്റ് ഇന്‍ക്വസ്റ്റിലെ നാലു സാക്ഷികളുടേയും ഒപ്പ് കളവായിരുന്നു എന്നതാണ്. സ്വാഭാവികമായും അത് സംശയകരമായ സാഹചര്യം തന്നെയാണ്. പക്ഷേ, യാഥാര്‍ത്ഥ്യം എന്താണ്? ഇത്തരം 'കളവുകള്‍' ഞാന്‍ പൊലീസ് സ്റ്റേഷന്‍ പരിശീലനകാലം മുതല്‍ കണ്ടിട്ടുള്ളതാണ്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത് മിക്കപ്പോഴും ധാരാളം ആളുകള്‍ കൂടിയിട്ടുള്ള, കരച്ചിലും നിലവിളിയും എല്ലാം നടക്കുന്ന ചുറ്റുപാടിലാണ്. ഒരു ഓഫീസ് മുറിയുടെ സ്വച്ഛതയില്‍ തയ്യാറാക്കുന്ന രേഖയല്ല അത്. വളരെ പ്രാപ്തനായ ഉദ്യോഗസ്ഥനല്ലെങ്കില്‍ സംഭവസ്ഥലത്തുവെച്ചുതന്നെ റിപ്പോര്‍ട്ട് തയ്യാറാക്കി സാക്ഷികളെക്കൊണ്ട് ഒപ്പിടീക്കുക എന്നത് ശ്രമകരമാണ്. മിക്കപ്പോഴും സംഭവിക്കുന്നത് മൃതദേഹവും പരിസരവും നോക്കി പ്രധാന വസ്തുതകള്‍ കരട് രൂപത്തില്‍ എഴുതും. പിന്നീട് പൊലീസ് സ്റ്റേഷനില്‍ ഇരുന്ന് ഒറിജിനല്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. അപ്പോള്‍ പിന്നെ സാക്ഷികളുടെ ഒപ്പോ? ചില ഉദ്യോഗസ്ഥര്‍ സാക്ഷികളെ പൊലീസ് സ്റ്റേഷനില്‍ വരുത്തി ഒപ്പിടീക്കും. പക്ഷേ, പല ഉദ്യോഗസ്ഥരും ഒരു കുറുക്കുവഴി സ്വീകരിക്കും. സംഭവസ്ഥലത്തുവെച്ച് സാക്ഷികളുടെ പേരും മേല്‍വിലാസവും എഴുതിയ പേപ്പറില്‍ ഒപ്പിടുവിച്ച് വാങ്ങും. പിന്നീട് പൊലീസ് സ്റ്റേഷനില്‍വെച്ച് തയ്യാറാക്കുന്ന രേഖയില്‍ സാക്ഷികളുടെ ഒപ്പ് അതുപോലെ പകര്‍ത്തും. പൊലീസിന്റെ ഉപസംസ്‌ക്കാരത്തില്‍ ഇഴുകിച്ചേര്‍ന്ന ശീലമായിരുന്നു അത് എന്നതാണ് സത്യം. അഗസ്റ്റിനെപ്പോലെ അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള അക്കാലത്തെ ഉദ്യോഗസ്ഥര്‍ പൊലീസ് ജോലി പഠിക്കുന്നത് തങ്ങളുടെ മുന്‍ഗാമികളുടെ പാത പിന്തുടര്‍ന്നാണ്. ആ വഴി ആയിരിക്കണം, പില്‍ക്കാലത്ത് സി.ബി.ഐയ്ക്ക് മുന്നില്‍ അഗസ്റ്റിനെ ഉത്തരം മുട്ടിച്ചത്. 

ഇക്കാര്യം ഞങ്ങള്‍ സി.ബി.ഐ ഉദ്യോഗസ്ഥരോട് ചോദിച്ചു. അഭയാക്കേസിലെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കണ്ടപോലുള്ള അപാകത അഗസ്റ്റിന്‍ തയ്യാറാക്കിയ മറ്റേതെങ്കിലും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ ഉണ്ടോ എന്ന് പരിശോധിച്ചിട്ടുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഡി.വൈ.എസ്.പി അഗ്രവാള്‍ സ്തബ്ധനായി, അക്ഷരാര്‍ത്ഥത്തില്‍ തലയ്ക്ക് കൈവച്ചു. ആ ഉദ്യോഗസ്ഥന്‍ പറഞ്ഞു: 'Now I feel that it should have been done' (അത് ചെയ്യേണ്ടതായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു). തുടര്‍ന്ന് മാധ്യമങ്ങളില്‍നിന്നും സാമൂഹ്യസംഘടനകളില്‍നിന്നും കോടതികളില്‍നിന്നും ഞങ്ങള്‍ സമ്മര്‍ദ്ദത്തിലായി എന്നും കൂട്ടിച്ചേര്‍ത്തു. ഏറ്റവും ഒടുവില്‍ ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്റെ തീവ്രശ്രമം അഗസ്റ്റിനെ മാപ്പുസാക്ഷിയാക്കാനായിരുന്നുവെന്ന് തോന്നി. അതിനായി സമ്മര്‍ദ്ദവും ഒപ്പം പ്രലോഭനവും ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിരുന്നു. ആ ഉദ്യോഗസ്ഥനാകട്ടെ, നേരത്തെയുള്ള അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങള്‍ പഠിച്ചിരുന്നില്ല. ''അഗസ്റ്റിന് സംഗതികള്‍ എല്ലാം അറിയാം. അതിനാല്‍ അയാളെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി'' എന്നായിരുന്നു മൊഴി. സി.ബി.ഐയ്ക്ക് അഗസ്റ്റിന്റെ മരണം വലിയ നഷ്ടമാണെന്നും അഗസ്റ്റിനിലൂടെ മറ്റ് പ്രതികളിലേയ്‌ക്കെത്താനുള്ള ശ്രമം മരണംമൂലം ഇല്ലാതായെന്നും അതുകൊണ്ട് തന്നെ അഗസ്റ്റിന്‍ മരിക്കണമെന്ന് ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും ആയിരുന്നു ആ ഉദ്യോഗസ്ഥന്റെ നിലപാട്. 

മാനസിക സമ്മര്‍ദം ആത്മഹത്യാകാരണം

അന്വേഷണത്തില്‍ വെളിവായ വസ്തുതകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമായിരുന്നു. സി.ബി.ഐ അന്വേഷണം, പ്രത്യേകിച്ചും അവസാനത്തെ നാലു ദിവസങ്ങള്‍ സൃഷ്ടിച്ച സമ്മര്‍ദ്ദം തന്നെയാണ് അഗസ്റ്റിന്റെ ആത്മഹത്യയിലേയ്ക്ക് നയിച്ചത്. ചോദ്യം ചെയ്യലില്‍ ഭീഷണിയും പ്രലോഭനവും എല്ലാം ഉണ്ടായിട്ടുണ്ട്. അതാകട്ടെ, ഭരണഘടനയും നിയമവും അനുവദിക്കുന്നതല്ല. എന്നാല്‍, അവയെല്ലാം കൂടി പീനല്‍ കോഡിന്റെ 306-ല്‍ പറയുന്ന ആത്മഹത്യയ്ക്കുള്ള പ്രേരണക്കുറ്റം ആകുന്നുണ്ടോ എന്നതായിരുന്നു അന്വേഷണത്തില്‍ തീരുമാനിക്കേണ്ടിയിരുന്നത്. അതൊരു നിയമപ്രശ്‌നം ആയിരുന്നു. ചോദ്യം ചെയ്യലില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ നിയമത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അഗസ്റ്റിനെ ശാരീരികമായി ഉപദ്രവമേല്പിച്ചില്ല എന്നതും വസ്തുതയാണ്. സമ്മര്‍ദ്ദത്തിനടിപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അതിനു മുതിരുന്നതും അസാധാരണമല്ല. അഗസ്റ്റിന്‍ ജീവിച്ചിരിക്കേണ്ടത് സി.ബി.ഐ ഉദ്യോഗസ്ഥരുടെ ആവശ്യമായിരുന്നു. മരണം സംഭവിക്കണം എന്ന ഉദ്ദേശ്യം വിദൂരമായിപ്പോലും അവര്‍ക്കില്ല എന്നും വ്യക്തമായിരുന്നു. പ്രേരണക്കുറ്റം നിലനില്‍ക്കുമോ എന്ന് തീരുമാനിക്കാന്‍ ധാരാളം സുപ്രീംകോടതി വിധികള്‍ സൂക്ഷ്മമായി പരിശോധിച്ച് വിഷയം സമഗ്രമായി ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രവൃത്തി ചെയ്യുന്ന വ്യക്തികളുടെ, അതായത് ഇവിടെ സി.ബി.ഐ ഉദ്യോഗസ്ഥര്‍, ഉദ്ദേശ്യം ഏറ്റവും പ്രസക്തമാണ്. വൈകാരികമായി ഞങ്ങള്‍ അഗസ്റ്റിനൊപ്പം ആയിരുന്നു. പക്ഷേ, കേസന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ തീരുമാനം വികാരത്തിനു കീഴടങ്ങാതെ നിയമവിധേയമായിട്ടായിരിക്കണം. അഗസ്റ്റിന്‍ ജീവിച്ചിരിക്കേണ്ടത് അന്വേഷകരുടെ ആവശ്യമാകയാല്‍ നിയമദൃഷ്ട്യാ ആത്മഹത്യാ പ്രേരണക്കുറ്റം സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നിലനില്‍ക്കില്ല എന്നായിരുന്നു ഞങ്ങളുടെ നിഗമനം. 

ആ തീരുമാനത്തിനു ചില വിമര്‍ശനങ്ങളുണ്ടായി. എന്റെ ഒരു പഴയ സഹപ്രവര്‍ത്തകന്‍ ഞങ്ങളുടെ റിപ്പോര്‍ട്ടിനെ 'പൊലീസ് പുരാണ'ത്തിലെ പ്രസിദ്ധമായ 'പട്ടിമഹസര്‍' പോലെയാണെന്ന് ആക്ഷേപിച്ചു. പണ്ടൊരു അതിസമര്‍ത്ഥനായ ഹെഡ്‌കോണ്‍സ്റ്റബിള്‍, മനപ്പൂര്‍വ്വം പട്ടിയെക്കൊണ്ട് കടിപ്പിച്ചു എന്ന കേസില്‍ പട്ടിയുടെ ഭീകരത മുഴുവന്‍ വര്‍ണ്ണിച്ചു. എന്നിട്ട് അവസാനം വായ് തുറന്നപ്പോള്‍ പട്ടിയുടെ വായില്‍ പല്ലൊന്നും കണ്ടില്ല എന്നെഴുതിയത്രെ. മറ്റൊരു കൂട്ടം ഉദ്യോഗസ്ഥര്‍, കുറ്റാരോപണം കേരളാ പൊലീസിനെതിരേയും അന്വേഷണം സി.ബി.ഐയും ആയിരുന്നെങ്കില്‍ സി.ബി.ഐ കേസ് ചാര്‍ജ്ജ് ചെയ്യുമായിരുന്നു എന്നും വാദിച്ചു. ആ യുക്തിയോട് എനിക്കു യോജിപ്പില്ല. കാരണം, കേസന്വേഷണത്തില്‍ 'നമ്മളും' 'അവരും' എന്നൊരു പരിഗണന ഇല്ല. അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളും നിയമവും മാത്രമേ അവിടെ പാടുള്ളൂ. ഞങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടുവെങ്കിലും കോടതി അത് ശരിവെച്ചു.

എന്റെ മനസ്സില്‍ അവശേഷിക്കുന്ന അഗസ്റ്റിന്റെ ചിത്രം ഒരു ശുദ്ധനായ മനുഷ്യന്റേതാണ്. താന്‍ അംഗമായി ചേര്‍ന്നു പ്രവര്‍ത്തിച്ച പൊലീസ് സംവിധാനത്തിനുള്ളില്‍ നിലനിന്ന ഉപസംസ്‌കാരത്തിന്റെ ഉല്പന്നം കൂടിയാണ് അഗസ്റ്റിനെപ്പോലുള്ള ശരാശരി പൊലീസ് ഉദ്യോഗസ്ഥന്‍. പക്ഷേ, ഒരു കാര്യത്തില്‍ അഗസ്റ്റിന്‍ ശരാശരി മനുഷ്യന്‍ ആയിരുന്നില്ല എന്നാണെന്റെ ബോദ്ധ്യം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു വേണ്ടതുപോലെ ഒരു മൊഴി നല്‍കി കേസില്‍ മാപ്പ് സാക്ഷിയായി, അഗസ്റ്റിനു പ്രശ്നങ്ങളില്‍നിന്ന് സ്വയംരക്ഷ നേടാമായിരുന്നു. അഗസ്റ്റിന്റെ ബോദ്ധ്യം അതനുവദിച്ചില്ല. പകരം മരണത്തിലൂടെ ആ മനുഷ്യന്‍ ശാശ്വതരക്ഷ കണ്ടെത്തി.  

അഗസ്റ്റിന്റെ ദുരന്തത്തില്‍ സംസ്ഥാന പൊലീസിലെ ഉദ്യോഗസ്ഥര്‍ക്കും പൂര്‍ണ്ണമായി കൈകഴുകാനാകില്ല. ഒരു കന്യാസ്ത്രീയുടെ അസാധാരണ മരണത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കാന്‍ പോകുന്ന ഉദ്യോഗസ്ഥനോട് അവിടുത്തെ സൂപ്പര്‍വൈസറി ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതായിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റത്തില്‍ നിന്നൊഴിവായെങ്കിലും ചില ധാര്‍മ്മിക സമസ്യകള്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് ഒഴിവാക്കാനാകുമോ?

(തുടരും)

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com