''അരയണ മേലേട്ടേക്ക് ആങ്കളയും പെങ്കളയും, അരയണ താട്ടേക്ക് ആണും പെണ്ണും''

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന ജില്ലയാണ് വയനാട്. സംസ്ഥാനത്തെ ആദിവാസികളില്‍ 37.36 ശതമാനവും വയനാട് ജില്ലയിലാണ്
''അരയണ മേലേട്ടേക്ക് ആങ്കളയും പെങ്കളയും, അരയണ താട്ടേക്ക് ആണും പെണ്ണും''

2021 ജനുവരി മാസത്തിലെ ഒരു പ്രഭാതത്തിലാണ് ഞാന്‍ ചെടയന്‍ മൂപ്പനെത്തേടി ചീങ്ങാടിയിലെത്തുന്നത്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലേക്ക് കണ്ണുനട്ട് വരദൂര്‍ പുഴയുടെ തീരത്തെ മുളങ്കൂട്ടങ്ങളുടെ തണലില്‍ നില്‍ക്കുകയായിരുന്നു ചെടയന്‍ മൂപ്പന്‍. ചീങ്ങാടി ആദിവാസി കോളനിയിലെ ഊരു മൂപ്പനാണ് ചെടയന്‍. കണിയാമ്പറ്റ പഞ്ചായത്തിലെ ഒരു പ്രദേശമാണ് ചീങ്ങാടി. ചീക്കല്ലൂര്‍, പൊങ്ങിനി, കൊല്ലിവയല്‍, കൂടോത്തുമ്മല്‍, ചീങ്ങാടി ഇങ്ങനെ കണിയാമ്പറ്റ പഞ്ചായത്തിലെല്ലായിടത്തും അവരുണ്ട്. ചെടയന്‍ മൂപ്പന്റെ സമുദായക്കാര്‍. പണിയര്‍. കേരളത്തിലെ പ്രാക്തന ആദിവാസി ഗോത്രം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ അധിവസിക്കുന്ന ജില്ലയാണ് വയനാട്. സംസ്ഥാനത്തെ ആദിവാസികളില്‍ 37.36 ശതമാനവും വയനാട് ജില്ലയിലാണ്. പണിയരാണ് വയനാട്ടിലെ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള ആദിവാസി വിഭാഗം. ഔദ്യോഗിക രേഖകള്‍ പ്രകാരം വയനാട് ജില്ലയില്‍ 2,267 ആദിവാസി ഊരുകളുള്ളതില്‍ 1,210 ഊരുകളും പണിയസമുദായം താമസിച്ചു വരുന്നവയാണ്. വയനാട്ടിലെ ആദിവാസി ജനസംഖ്യയുടെ നാല്‍പ്പതു ശതമാനവും പണിയരാണ്. 

'കരുമം' എന്ന വാക്കുകൊണ്ടാണ് പണിയ സമുദായം അവരുടെ ഗോത്രഗ്രാമങ്ങളെ അടയാളപ്പെടുത്തുന്നത്. ഒരു ഗ്രാമം അല്ലെങ്കില്‍ ഒരു സമൂഹം എന്നാണ് കരുമം എന്ന വാക്കിന്റെ അര്‍ത്ഥം. ചീക്കല്ലൂര്‍ അഞ്ചു കരുമം, പൊങ്ങിനി അഞ്ചു കരുമം ഇങ്ങനെ കണിയാമ്പറ്റ പഞ്ചായത്തില്‍ നിരവധി പണിയരുടെ കരുമങ്ങളുണ്ട്. അതിലൊരു കോളനിയിലാണ് വെള്ളച്ചി താമസിക്കുന്നത്. കല്‍പ്പറ്റ ജനറലാശുപത്രിയില്‍ വെച്ചാണ് ഞാന്‍ വെള്ളച്ചിയെ(യഥാര്‍ത്ഥ പേരല്ല) ആദ്യമായി കാണുന്നത്. ആശുപത്രിയുടെ ഒന്നാംനിലയിലുള്ള സൈക്യാട്രി ഒ.പി.യിലേക്ക് ഒരു വീല്‍ച്ചെയറിലിരുത്തിയാണ് വെള്ളച്ചിയെ എത്തിച്ചത്.

കാഴ്ചയില്‍ 70-75 വയസ്സു തോന്നിക്കുന്ന കറുത്തു കുറുകിയ ഒരു സ്ത്രീ. തലമുടി നീളം കുറച്ചു വെട്ടിയിരിക്കുന്നു. നെറ്റിക്കു മുകളിലേക്കും ചെവിക്കു മുകളിലേക്കും അലക്ഷ്യമായി വീണുകിടക്കുന്ന പാതി നരച്ച മുടിയിഴകള്‍. പതിഞ്ഞ മൂക്ക്... മെലിഞ്ഞ ശരീരം. ചുവപ്പുനിറമുള്ള അഴഞ്ഞ ബ്ലൗസിനു മുകളിലേക്ക് വലിച്ചിട്ടിരിക്കുന്ന ഒരു വെള്ളമുണ്ട്. കഴുത്തില്‍ പലനിറത്തിലുള്ള കല്ലുമാലകള്‍. കാതില്‍ കമ്മലില്ല. പകരം വലിയൊരു ദ്വാരം. ഇതാണ് വെള്ളച്ചി. വെള്ളച്ചിയുടെ കൂടെ കൊച്ചുമകളും ഒരു ട്രൈബല്‍ പ്രമോട്ടറും വന്നിട്ടുണ്ട്. വെള്ളച്ചിയുടെ മുഖത്ത് വിഷാദഭാവം... കണ്ണുകളില്‍ സങ്കടം തൂങ്ങിനില്‍ക്കുന്നു. ഞാന്‍ കൊച്ചു മകളോടും ട്രൈബല്‍ പ്രമോട്ടറോടും കാര്യങ്ങള്‍ തിരക്കി. അവര്‍ പറഞ്ഞതിന്റെ ചുരുക്കം ഇതായിരുന്നു. 

തിരുനെല്ലിയിലേക്കുള്ള വഴിയരികിലെ പണിയരുടെ വീടുകൾ. 90കളിലെ ചിത്രം/ ഫോട്ടോ: അജയ് ബേബി
തിരുനെല്ലിയിലേക്കുള്ള വഴിയരികിലെ പണിയരുടെ വീടുകൾ. 90കളിലെ ചിത്രം/ ഫോട്ടോ: അജയ് ബേബി

രണ്ടാഴ്ച മുന്‍പ് വെള്ളച്ചിയുടെ മൂത്ത മകന്‍ കറുപ്പന്‍ മരിച്ചു. മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് നെഞ്ചുവേദനയുമായി ചുരമിറങ്ങി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോയതാണ് കറുപ്പന്‍. മൂന്നുദിവസം കഴിഞ്ഞു മരിച്ചു. പിറ്റേന്നു തന്നെ ശവസംസ്‌കാരവും കഴിഞ്ഞു. കറുപ്പന്‍ മരിച്ചതില്‍പ്പിന്നെ വെള്ളച്ചിയുടെ രൂപവും പ്രകൃതവും ആകെ മാറിപ്പോയി. മിണ്ടാട്ടമില്ല. ആഹാരം കഴിക്കുന്നില്ല. ഇടയ്ക്കിടയ്ക്ക് കരച്ചില്‍. ചിലപ്പോള്‍ തനിച്ചു പിറുപിറുക്കും. മക്കളോടോ പേരക്കുട്ടികളോടോപോലും ഒന്നും മിണ്ടുന്നില്ല. അവരെന്തെങ്കിലും ചോദിച്ചാല്‍ കണ്ണുനിറയും. ഉറക്കമില്ല. വീടിന്റെ ഒരു മൂലയില്‍ എപ്പോഴും കൂനിക്കൂടിയിരുപ്പാണ്. ഇന്നലെത്തൊട്ട് ജലപാനം പോലുമില്ല. തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശമനുസരിച്ചാണ് ട്രൈബല്‍ പ്രമോട്ടര്‍ വെള്ളച്ചിയേയും കൂട്ടിക്കൊണ്ട് കല്‍പ്പറ്റ ജനറല്‍ അശുപത്രിയിലെത്തിയിരിക്കുന്നത്.

ഞാന്‍ വെള്ളച്ചിയോട് സാവധാനം സംസാരിച്ചു തുടങ്ങി. എന്റെ ചോദ്യങ്ങള്‍ കൊച്ചു മക്കളും ട്രൈബല്‍ പ്രൊമോട്ടറും വെള്ളച്ചിക്കു വിശദീകരിച്ചു കൊടുത്തു. വെള്ളച്ചി അവ്യക്തമായി എന്തോ പിറുപിറുത്തു. എന്റെ നേരെ തുറിച്ചുനോക്കി. പിന്നെ കണ്ണുകള്‍ പിന്‍വലിച്ചു. നിലത്തു നോക്കിയിരുന്നു. പണിയ ഭാഷയിലെന്തോ ആണ് വെള്ളച്ചി പറഞ്ഞതെന്നു തോന്നി. എനിക്കു മനസ്സിലാകാത്തതുകൊണ്ടു കൊച്ചുമകളോടു ചോദിച്ചു. അവര്‍ക്കും മനസ്സിലായിട്ടില്ല. ഞാന്‍ വെള്ളച്ചിയെ കൊവിഡ് പരിശോധനയ്ക്കുശേഷം അഡ്മിറ്റു ചെയ്യാന്‍ തീരുമാനിച്ചു. ആന്റിഡി പ്രെസ്സന്റുകളും ഉറക്കഗുളികകളും വളരെ ചെറിയ അളവില്‍ ആന്റിസൈക്കോട്ടിക് മരുന്നുകളും വെള്ളച്ചിക്കു നല്‍കാന്‍ നിര്‍ദ്ദേശിച്ചു.
 
കറുപ്പന്റെ പെട്ടെന്നുള്ള മരണം സൃഷ്ടിച്ച മാനസികാഘാതമാണ് വെള്ളച്ചിയുടെ ഇപ്പോഴത്തെ മാനസികാവസ്ഥയ്ക്കു കാരണം. ഏറ്റവും അടുപ്പമുള്ളവരുടെ മരണം പലപ്പോഴും വ്യക്തികളില്‍ സൃഷ്ടിക്കുന്ന സങ്കീര്‍ണ്ണമായ മാനസികാവസ്ഥയേയും പെരുമാറ്റങ്ങളേയും സൂചിപ്പിക്കാനായി സൈക്യാട്രിയില്‍ ഉപയോഗിക്കുന്ന പദമാണ് ഗ്രീഫ് റിയാക്ഷന്‍. ഗ്രീഫ് റിയാക്ഷന്‍ തികച്ചും സ്വാഭാവികവും സാധാരണവുമാണ്. മരണപ്പെട്ട വ്യക്തിയെക്കുറിച്ചുള്ള ഓര്‍മ്മകളുടേയും കടുത്ത ദുഃഖത്തിന്റേയും ഘട്ടങ്ങള്‍ കഴിഞ്ഞ് ഗ്രീഫ് അനുഭവിക്കുന്ന വ്യക്തി സാധാരണ മനോനിലയെ പ്രാപിക്കുന്നു. ചിലരുടെ കാര്യത്തിലെങ്കിലും ഈ മാനസികാവസ്ഥ നീണ്ടുപോകുകയോ ശക്തിയായ ദുഃഖത്തിനു വഴിമാറുകയോ ചെയ്യാം. ഇതാണ് കോംപ്ലിക്കേറ്റഡ് ഗ്രീഫ് എന്നറിയപ്പെടുന്നത്. ചിലപ്പോഴൊക്കെ ഈ മാനസികാവസ്ഥ കടുത്ത വിഷാദരോഗത്തിനു വഴിമാറും. വിഷാദത്തിന്റെ മൂര്‍ച്ഛയില്‍ ചിത്തഭ്രമത്തിലേക്കും ആത്മഹത്യാ പ്രവണതയിലേക്കുമെല്ലാം മനസ്സ് വഴുതിപ്പോകും.

സ്നേഹിക്കുന്നവരുടെ മരണവും വേര്‍പാടും സൃഷ്ടിക്കുന്ന മാനസികവ്യഥ, മസ്തിഷ്‌ക്കത്തിനുണ്ടാകുന്ന ഒരു മുറിവോ അല്ലെങ്കില്‍ മസ്തിഷ്‌ക്ക ഘടനയ്ക്ക് മാറ്റം വരുത്താന്‍ ശേഷിയുള്ള ഒരു വ്യതിയാനമോ ആയിട്ടാണ് ന്യൂറോബയോളജിസ്റ്റുകള്‍ വിലയിരുത്തുന്നത്. വൈകാരികമായ തകര്‍ച്ചകളും മാനസിക ആഘാതവുമെല്ലാം മസ്തിഷ്‌കത്തിലെ ന്യൂറോണുകളുടെ പരസ്പര ബന്ധത്തില്‍ സങ്കീര്‍ണമായ പൊളിച്ചെഴുത്തുകള്‍ നടത്തുന്നു. ഇങ്ങനെ സ്വയം മാറ്റിപ്പണിയാനുള്ള മനുഷ്യ മസ്തിഷ്‌കത്തിന്റെ കഴിവാണ് ന്യൂറോപ്ലാസ്റ്റിസിറ്റി എന്നറിയപ്പെടുന്നത്. സ്നേഹിക്കുന്നവരുടെ മരണം ഏതൊരു വ്യക്തിയെ സംബന്ധിച്ചും കടുത്ത മാനസികാഘാതമാണ്. ഈ വൈകാരിക തകര്‍ച്ചയും അതിനെക്കുറിച്ചുള്ള ഓര്‍മ്മകളും 'വികാര മസ്തിഷ്‌ക്കം' എന്നറിയപ്പെടുന്ന ലിംബിക് സിസ്റ്റത്തെ നിരന്തരം ഉദ്ദീപിപ്പിക്കുകയും തദ്വാര ബ്രെയിന്‍ സര്‍ക്യൂട്ടുകളുടെ പുതുക്കിപ്പണിയലിനു കാരണമാവുകയും ചെയ്യും. 

യുക്തിപരമായ ചിന്തകളും വിവേചന ബുദ്ധിയോടെയുള്ള തീരുമാനങ്ങളും എടുക്കുന്ന മസ്തിഷ്‌ക കേന്ദ്രമായ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സി ന്റെ പ്രഭാവം ഇതോടെ പതുക്കെ മങ്ങിത്തുടങ്ങുന്നു. വികാര മസ്തിഷ്‌കമായ ലിംബിക് സിസ്റ്റം അങ്ങനെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സിനു മേല്‍ ആധിപത്യം സ്ഥാപിക്കുന്നു. മസ്തിഷ്‌കത്തിലെ ന്യൂറോ സര്‍ക്യൂട്ടുകളില്‍ ഉണ്ടാകുന്ന ഇത്തരം ന്യൂറോപ്ലാസ്റ്റിക് വ്യതിയാനങ്ങള്‍ വ്യക്തിയെ കോംപ്ലിക്കേറ്റഡ് ഗ്രീഫ്  എന്ന അവസ്ഥയിലേക്ക് കൊണ്ടുചെന്ന് എത്തിക്കുന്നു. കോംപ്ലിക്കേറ്റഡ് ഗ്രീഫിലൂടെ കടന്നുപോകുന്ന വ്യക്തികളില്‍ 50 മുതല്‍ 70 ശതമാനം പേര്‍ കടുത്ത വിഷാദരോഗത്തിലേക്ക്  വഴുതിപ്പോകുന്നു. 

പണിയ വിഭാ​ഗക്കാരുടെ പഴയകാല ചിത്രങ്ങൾ. കടപ്പാട് കിർത്താഡ്സ്
പണിയ വിഭാ​ഗക്കാരുടെ പഴയകാല ചിത്രങ്ങൾ. കടപ്പാട് കിർത്താഡ്സ്

വിഷാദത്തിന്റെ അടരുകള്‍

പിറ്റേന്ന് ഞാന്‍ വെള്ളച്ചിയോട് സംസാരിക്കാനിരുന്നു. വെള്ളച്ചിയുടെ കൂടെയുള്ളത് മകള്‍ സീതയാണ്. മരിച്ച കറുപ്പന്റെ സഹോദരി. വെള്ളച്ചിക്കു മൂന്നു മക്കളുണ്ട്. കറുപ്പനും സീതയും പിന്നെ കറുപ്പന്റെ അനിയന്‍ ചന്ദ്രപ്പനും. രണ്ടുമൂന്നു നേരമായി കഴിച്ച മരുന്നുകള്‍ വെള്ളച്ചിയുടെ വിഷാദത്തിന് അല്പം ശമനമുണ്ടാക്കിയിട്ടുണ്ട്. തലേരാത്രിയില്‍ ഉറക്കഗുളികകളുടെ സഹായത്താല്‍ നന്നായുറങ്ങി. വെള്ളച്ചിയുടെ കാതിലെ ശൂന്യമായിക്കിടക്കുന്ന വലിയ ദ്വാരത്തെ ചൂണ്ടിക്കൊണ്ട് ഒരു ചെറുപുഞ്ചിരിയോടെ ഞാന്‍ സംസാരിച്ചു തുടങ്ങി. പലപ്പോഴും വിഷാദത്തിലമര്‍ന്ന വ്യക്തികളേക്കൊണ്ട് സംസാരിപ്പിക്കാന്‍ ചില സൂത്രങ്ങള്‍ ആവശ്യമാണ്.

പണിയ സ്ത്രീകളുടെ പ്രധാനപ്പെട്ടൊരു ഗോത്രചിഹ്നമാണ് ചൂതുമണിക്കമ്മല്‍. തേന്‍ മെഴുക് കാതിന്റെ വലുപ്പമനുസരിച്ച് കട്ടിയുള്ള ഒരു ഡിസ്‌ക് പോലെ പരത്തിയെടുക്കുന്നു. ഇങ്ങനെ രൂപപ്പെടുത്തിയ ഡിസ്‌കിന്റെ ഒരു പ്രതലത്തില്‍ കുന്നിക്കുരുക്കള്‍ ഒട്ടിച്ചു ചേര്‍ക്കുന്നു. മെഴുക് ഡിസ്‌കിനു ചുറ്റുമായി കൈതോല ചുറ്റിവയ്ക്കും. വെള്ളത്തിലിട്ട് തിളപ്പിച്ച് ഉണക്കി നിറഭേദം വരുത്തിയെടുത്ത കൈതോലയാണ് ഇങ്ങനെ ചുറ്റിവെയ്ക്കുന്നത്. ഓരോ സ്ത്രീയുടേയും കാതിലെ സുഷിരത്തിനനുസരിച്ച് ഈ കര്‍ണ്ണാഭരണത്തിനു വലുപ്പവ്യത്യാസമുണ്ടാകും. ഇതാണ് ചൂതുമണിക്കമ്മല്‍. പഴയ തലമുറയിലെ പണിയ സ്ത്രീകള്‍ മാത്രമേ ഇപ്പോള്‍ ഈ ആഭരണം അണിഞ്ഞു കാണാറുള്ളൂ.

വെള്ളച്ചിയുടെ കാതിലെ ചൂതുമണിക്കമ്മല്‍ അണിയുന്ന ദ്വാരം ശൂന്യമാണ്. ചോദ്യങ്ങള്‍ക്ക് അവര്‍ മറുപടി പറഞ്ഞതേയില്ല. എന്റെ മുഖത്തേക്ക് ദുഃഖഭരിതമായ കണ്ണുകളോടെ നോക്കിയിരുന്നു. ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി അവര്‍ 'ഇപ്പി' എന്ന വാക്കു മാത്രം ഉച്ചരിച്ചു. പിന്നെ ആശുപത്രി വാര്‍ഡിന്റെ പുറത്തേക്കു നോക്കിക്കൊണ്ട് ഇപ്പി, ഇപ്പി... എന്നു പിറുപിറുത്തുകൊണ്ടിരുന്നു. പണിയ ഭാഷയില്‍ 'ഇപ്പി'യുടെ അര്‍ത്ഥമെന്താണെന്നു ഞാന്‍ വെള്ളച്ചിയുടെ മകള്‍ സീതയോടു ചോദിച്ചു. പണിയരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വാക്കാണ് 'ഇപ്പി'യെന്നും കറുപ്പന്‍ മരിച്ചതില്‍പ്പിന്നെ അമ്മ ഇടയ്ക്കിടയ്ക്ക് ആ വാക്ക് പറയാറുണ്ടെന്നും സീത പറഞ്ഞു.

പണിയ വിഭാ​ഗക്കാരുടെ പഴയകാല ചിത്രങ്ങൾ.
കടപ്പാട് കിർത്താഡ്സ്

രണ്ടുമൂന്നു ദിവസത്തെ ചികിത്സകൊണ്ട് വെള്ളച്ചിയുടെ വിഷാദം ഒട്ടൊന്നു കുറഞ്ഞു. അവരോട് മക്കളുടേയും കൊച്ചുമക്കളുടേയും സഹായത്തോടെ ഞാന്‍ പലവട്ടം സംസാരിച്ചു. ആദ്യ ദിവസങ്ങളില്‍ 'ഇപ്പി... ഇപ്പി' എന്നുമാത്രം പിറുപിറുത്തുകൊണ്ടിരുന്ന വെള്ളച്ചി ഒരാഴ്ച കഴിഞ്ഞപ്പോള്‍ നന്നായി സംസാരിച്ചു തുടങ്ങി. അവരുടെ വിഷാദത്തിന്റെ അടരുകള്‍ ഓരോന്നായി ചുരുളഴിഞ്ഞു.

മരണാനന്തര ജീവിതത്തിലും പരേതാത്മാക്കളുടെ നിത്യജീവിതത്തിലും വിശ്വസിക്കുന്നവരാണ് പണിയര്‍. ഓരോ കരുമത്തിനും സ്വന്തമായി ഒരു 'ചൊടല' അഥവാ ശ്മശാനം ഉണ്ടായിരിക്കും. പണിയര്‍ ഒരിക്കലും മൃതദേഹങ്ങള്‍ ദഹിപ്പിക്കാറില്ല. 'ചൊടല'യില്‍ കുഴിയെടുത്ത് ആചാരപരമായി അടക്കം ചെയ്യാറാണ് പതിവ്. മൂപ്പനും പരേതന്റെ ബന്ധുക്കളായ പുരുഷന്മാരും ചേര്‍ന്നു കുഴിയെടുക്കുന്നു. കുഴിയുടെ ഇടത്തെ പാര്‍ശ്വത്തില്‍ കുറച്ചു മണ്ണ് തുരന്നുമാറ്റി ചെറിയൊരു ഗുഹപോലെയാക്കുന്നു. മൃതദേഹം ശ്രദ്ധാപൂര്‍വ്വം ഈ ഗുഹ പോലെയുള്ള ഭാഗത്തേക്ക് തള്ളിവയ്ക്കുന്നു. എന്നിട്ടാണ് കുഴിയില്‍ മണ്ണിടുന്നത്. മൃതശരീരത്തിനു മേല്‍ നേരിട്ട് മണ്ണു വീണാല്‍ പരേതനു പരിക്കുകള്‍ പറ്റും എന്നാണ് വിശ്വാസം. പൂര്‍വ്വികരുടെ ആത്മാക്കള്‍ 'പേന' മാരായി തങ്ങളുടെ ഇടയില്‍ എപ്പോഴും വസിക്കുന്നുണ്ട് എന്നാണ് പണിയരുടെ ഗോത്ര വിശ്വാസം.

മൃതശരീരത്തോടൊപ്പം പരേതന്‍ ഉപയോഗിച്ചിരുന്ന കത്തി, മുറുക്കാന്‍, സഞ്ചി, കുറച്ചു കഞ്ഞി ഇവയെല്ലാം കുഴിയുടെ ഒരു മൂലയില്‍ വയ്ക്കും. മരിച്ചവര്‍ക്കുവേണ്ടി പണിയര്‍ പുലയാചരിക്കുകയും അടിയന്തിരങ്ങള്‍ നടത്തുകയും ചെയ്യും. വെള്ളച്ചിയുടെ മകനായ കുറുപ്പന്റെ മൃതശരീരം പണിയരുടെ ഗോത്രാചാരമനുസരിച്ചല്ല അടക്കം ചെയ്തത്. ദഹിപ്പിക്കുകയാണ് ചെയ്തത്. ഇത് വെള്ളച്ചിക്കു താങ്ങാനായില്ല. കറുപ്പന്റെ മൂത്ത മകനാണ് ഈ തീരുമാനമെടുത്തത്. കൊവിഡു കാലമായതിനാല്‍ പരികര്‍മ്മികളേയും അവരുടെ സഹായികളേയും ഒന്നും കിട്ടാനില്ല. കൂടാതെ അതൊക്കെ ഇപ്പോഴത്തെ സമയത്ത് നല്ല ചെലവുള്ള ഏര്‍പ്പാടാണ്. കറുപ്പന്റെ മൃതദേഹം ദഹിപ്പിക്കാമെന്നു തീരുമാനിക്കപ്പെട്ടു. വെള്ളച്ചിയുടെ എതിര്‍പ്പ് ആരും വകവെച്ചില്ല. ചിതാഭസ്മം ഒരു മണ്‍കുടത്തിലാക്കിക്കൊണ്ടുവന്നു വീട്ടിലെ 'ദൈവമൂല'യില്‍ സ്ഥാപിച്ചു. പണിയരുടെ കോളനികളില്‍ ഇപ്പോള്‍ 'ദൈവപ്പുര'യില്ല. പ്രാര്‍ത്ഥനയും ആചാരാനുഷ്ഠാനങ്ങളും വീട്ടിലെ ചെറിയ മൂലകളില്‍ ഒതുങ്ങിപ്പോയിരിക്കുന്നു. കറുപ്പന് 'പേനക്കഞ്ഞി' കൊടുത്തിട്ടില്ല. കറുപ്പന്റെ 'നെകലുപിടുത്തം' നടത്തിയിട്ടില്ല. കറുപ്പനു വേണ്ടി കരിംപുലയും ആചരിച്ചിട്ടില്ല.

ഫോട്ടോ: അജയ് ബേബി
ഫോട്ടോ: അജയ് ബേബി

കറുപ്പന്റെ ആത്മാവിനു ഗതി കിട്ടിയിട്ടില്ല. തന്റെ മക്കള്‍ക്കും ചെറുമക്കള്‍ക്കും വീടിനും ശാപമേല്‍ക്കും. രോഗവും മരണവും വരും. വെള്ളച്ചി പണിയ ഭാഷയില്‍ പറഞ്ഞതിന്റെ ചുരുക്കമിതാണ്. മരുന്നു നല്‍കി ഒരാഴ്ച കഴിഞ്ഞു ഒ.പിയില്‍ വരണമെന്ന നിര്‍ദ്ദേശത്തോടെ വെള്ളച്ചിയെ പത്താംനാള്‍ ഡിസ്ചാര്‍ജ് ചെയ്തു.

വെള്ളച്ചിയുടെ വിഷാദഭരിതമായ കണ്ണുകളും മകന്റെ ആത്മാവിനെയോര്‍ത്തുള്ള ആകുലതകളും ദൈവശാപത്തെക്കുറിച്ചുള്ള ഭീതിയും 'ഇപ്പി' എന്ന വാക്കും എന്റെ മനസ്സില്‍ നിറഞ്ഞുനിന്നു. പണിയരുടെ ഗോത്രജീവിതത്തിനും അര്‍ത്ഥം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വാക്കുകള്‍ക്കും വംശമുദ്രകള്‍ക്കും പിറകേ ഇറങ്ങിപ്പുറപ്പെടാനുള്ള ഊര്‍ജ്ജം അവിടെനിന്നാണ് കിട്ടിയത്. പണിയരുടെ കുലചരിത്രത്തിലേക്കും തലമുറകളിലേക്ക് വാമൊഴിയായി കൈമാറിപ്പോന്ന പാട്ടുകളിലെ ഭൂതകാല പൊരുളുകളിലേക്കുമുള്ള യാത്ര തുടങ്ങുന്നത് അങ്ങനെയാണ്. ആ അന്വേഷണ യാത്രയിലാണ് വരദൂര്‍ പുഴക്കരയില്‍ വെച്ച് ചെടയന്‍ മൂപ്പനെ കണ്ടുമുട്ടുന്നത്.

പണിയരുടെ അടിയാള ജീവിതത്തെക്കുറിച്ചറിഞ്ഞത് ചെടയന്‍ മൂപ്പനില്‍നിന്നാണ്. വരദൂര്‍ പുഴയുടെ ഇരുകരകളിലുമായി കിടക്കുന്ന ചീങ്ങാടിയിലെ വയലുകളെ ചൂണ്ടി ചെടയന്‍ മൂപ്പന്‍ പറഞ്ഞതിതാണ്.

''ഈ കണ്ടങ്ങളെല്ലാം ഒരുകാലത്തു ഞങ്ങള്‍ ഉഴുതുമറിച്ചിരുന്നതാണ്. കൊയ്തു കയറ്റിയിരുന്നതാണ്. അന്നത് ഗൗണ്ടന്മാരുടെയായിരുന്നു (ജൈനമതക്കാരായ ജന്മിമാര്‍). ഇപ്പോള്‍ ചേട്ടന്മാരുടെയാണ് (ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍). തുടികൊട്ടി ചീനി വിളിച്ചു ഞങ്ങള്‍ 'കമ്പളനാട്ടി' നടത്തിയിരുന്ന പാടമായിരുന്നു ഇത്. ഇപ്പോള്‍ ഞങ്ങളെയാരും പണിക്കു വിളിക്കാറില്ല.

മൂപ്പന്‍ പറഞ്ഞു നിര്‍ത്തി. എന്നിട്ടു ഉറക്കെ നീട്ടി പാടി.

''താഴേക്കു ലേലാ ലേലാലാ, കമ്പളനാട്ടിക്ക്,
കുമ്പളക്കറി, താഴേക്കു ലേലാ ലേലാലാ.''

പുഴക്കരയില്‍നിന്ന്, പാടവരമ്പുകളില്‍നിന്ന് ആരൊക്കെയോ ഒന്നിച്ചു പാടി. ആരോ തുടി കൊട്ടുകയും ചീനി ഊതുകയും ചെയ്തു. ഓര്‍മ്മകളുടെ നനവില്‍, വടക്കന്‍ പുകയിലയുടെ ലഹരിയില്‍ ചെടയന്‍ മൂപ്പന്‍ കണ്ണുകളിറുക്കിയടച്ചു. ചെടയന്‍ മൂപ്പനില്‍നിന്ന് ചീങ്ങാടി കോളനിയിലെ 'ചെമ്മി'യായ മഞ്ചനിലേക്ക്, ഗ്രന്ഥകാരനും പണിയമൂപ്പനുമായ ചീക്കല്ലൂരിലെ വാസുദേവനിലേക്ക്... അങ്ങനെ നിരവധി പേരിലേക്ക് സഞ്ചരിച്ചു. പണിയരുടെ വംശചരിത്രവും ഗോത്രാചാരവും കുറച്ചൊക്കെ അടുത്തറിയാന്‍ ശ്രമിച്ചു.

ചീനി- അടിയരുടെ വാദ്യങ്ങളായ
ചീനിക്ക് കുഴലെന്നും ചീനമെന്നും
വിളിപ്പേരുണ്ട്. തുടിയും ചീനിയും
അനുഷ്ഠാനത്തിന്റെ ഭാ​​ഗമായും
ഉപയോ​ഗിക്കും

സംസ്‌കാരത്തിന്റെ പൂര്‍വസ്മൃതി

എല്ലാ ജനസമൂഹങ്ങളുടേയും സംസ്‌കാരങ്ങളുടേയും പൂര്‍വ്വസ്മൃതികളില്‍ വംശോല്പത്തിയുടെ ഒരു മിത്തുണ്ടാകും. ഒരു ജനതയുടെ സ്വത്വബോധത്തിന്റെ ആധാരശിലകളാണ് ഈ മിത്തുകള്‍. തങ്ങളാണ് ഭൂമിയിലെ ആദ്യ മനുഷ്യജാതിയെന്നും തങ്ങളിലൂടെയാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ സൃഷ്ടി നടന്നതെന്നും എല്ലാ സംസ്‌കാരങ്ങളും ജനതകളും കരുതുന്നു. തങ്ങളുടെ ആദിമാതാവിലൂടെയും ആദിപിതാവിലൂടെയുമാണ് സൃഷ്ടി നടന്നതെന്ന പുരാവൃത്തത്തില്‍ പണിയരും വിശ്വസിക്കുന്നു. ആദിപിതാവായ 'ഇപ്പിമല'യുടേയും ആദിമാതാവായ 'കോരപ്പിള്ളി'യുടേയും മക്കളാണ് തങ്ങളെന്നാണ് പണിയര്‍ കരുതിപ്പോരുന്നത്. ഇപ്പിമലയേയും കോരപ്പിള്ളിയേയും സ്‌നേഹത്തോടെ ഉത്തപ്പനെന്നും ഉത്തമ്മയെന്നുമാണ് പണിയര്‍ വിളിക്കുന്നത്.

ഉത്തപ്പനും ഉത്തമ്മയും ആങ്ങളയും പെങ്ങളുമായിട്ടാണ് സൃഷ്ടിക്കപ്പെട്ടത്. വംശസൃഷ്ടിക്കായി രണ്ടുപേരോടും അരക്കു മുകളിലേക്കു ആങ്ങളയും പെങ്ങളും അരക്കു താഴേക്കു സ്ത്രീയും പുരുഷനുമാകാന്‍ ദൈവം നിര്‍ദ്ദേശിച്ചു.

''അരയണ മേലേട്ടേക്ക് ആങ്കളയും പെങ്കളയും, 
അരയണ താട്ടേക്ക് ആണും പെണ്ണും''

എന്നിങ്ങനെ ഈ ആദിപുരാണം പണിയപ്പാട്ടുകളില്‍ ജീവിക്കുന്നു. അരയ്ക്കു താഴേക്ക് ആണും പെണ്ണുമായിത്തീര്‍ന്ന ഉത്തപ്പനും ഉത്തമ്മയും നിരവധി സന്തതികള്‍ക്കു ജന്മം നല്‍കി. ഈ സന്തതിപരമ്പരകള്‍ പെറ്റുപെരുകി വലിയൊരു ജനസമൂഹമായിത്തീര്‍ന്നു. അതാണ് പണിയര്‍. പണിയ സമൂഹത്തിന്റെ നിഷ്‌കളങ്കമായ ഈ പുരാവൃത്തത്തിന് നിരവധി പാഠഭേദങ്ങളുണ്ട്.

'ഇപ്പിമല'യെന്നത് ആദിപിതാവിന്റെ പേരായും ആദിമാതാപിതാക്കള്‍ വസിച്ചിരുന്ന ലോകമായുമൊക്കെ പണിയരുടെ പാട്ടുകളില്‍ മാറിമാറി പ്രത്യക്ഷപ്പെടുന്നു. ഇപ്പിമലയില്‍ സസുഖം ജീവിച്ചിരുന്ന ഉത്തപ്പനും ഉത്തമ്മയും കാടിന്റെ കാവല്‍ക്കാരായിരുന്നെന്നും ഒരിക്കല്‍ അവരെ കാണാനിടയായ ഗൗണ്ടനും ചെട്ടിയും 'തണ്ടാടി'യെന്ന വീശുവല വെച്ച് പിടിച്ച് ബന്ധനത്തിലാക്കിയെന്നുമാണ് ഒരു പാഠഭേദം. വലവെച്ചു പിടിച്ച ഉത്തപ്പനേയും ഉത്തമ്മയേയും നല്ല ഭക്ഷണം നല്‍കി പ്രലോഭിപ്പിച്ചു. എന്നിട്ട് മറ്റുള്ളവരെ വിളിച്ചുകൊണ്ടുവരാന്‍ കാട്ടിലേക്കയച്ചു. കാട്ടിലേക്കു മടങ്ങിയ ഉത്തപ്പനും ഉത്തമ്മയും തങ്ങളുടെ കൂട്ടുകാരുമായി പുറത്തേക്കു വന്നു. കാലക്രമത്തില്‍ അവര്‍ ജന്മിമാരുടെ അടിയാളന്മാരായിത്തീര്‍ന്നു.

കമ്പളനാട്ടി അനുഷ്ഠാന ചടങ്ങുകൾക്കായി തയ്യാറെടുക്കുന്നവർ
കമ്പളനാട്ടി അനുഷ്ഠാന ചടങ്ങുകൾക്കായി തയ്യാറെടുക്കുന്നവർ

പണിയരുടെ ആദിമകാലം പരാമര്‍ശിക്കപ്പെടുമ്പോഴെല്ലാം അവിടെ 'ഇപ്പിമല' കടന്നുവരുന്നു. ഇപ്പിമല എവിടെയാണെന്ന് ഞാന്‍ പല പണിയമൂപ്പന്‍മാരോടും ചോദിച്ചിട്ടുണ്ട്. ആര്‍ക്കും ഉത്തരമറിയില്ല. വയനാട്ടിലെ ബാണാസുര മലയുടെ അടുത്താണ് ഇപ്പിമലയെന്നു ചില ഗവേഷകര്‍ കരുതുന്നു. റാവു ബഹദൂര്‍ സി. ഗോപാലന്‍ നായര്‍ 'വയനാട് ജനങ്ങളും പാരമ്പര്യവും' എന്ന തന്റെ ഗ്രന്ഥത്തില്‍ പറയുന്നത് ഇപ്പിമല താമരശ്ശേരി ചുരത്തിനടുത്തെവിടെയോ ആണെന്നാണ്. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു:

''ഇപ്പിമല ഐതിഹ്യവുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ ഇപ്പോള്‍ കേള്‍ക്കുന്നത് യജമാനനില്‍നിന്നു മര്‍ദ്ദനമേറ്റ് പണിയര്‍ പേടിച്ചു കരയുമ്പോള്‍ കേള്‍പ്പിക്കുന്ന 'ഇപ്പി' എന്ന ശബ്ദത്തില്‍ മാത്രമാണ്.''

ജന്മിമാരുടെ കൃഷിയിടങ്ങളില്‍ ചേറ്റടിയന്മാരായിത്തീര്‍ന്ന പണിയരുടെ വംശചരിത്രം ഗരിമയാര്‍ന്ന ഒരു ഭൂതകാല മിത്തിലേക്ക് നീണ്ടുപോകുന്നു. വനവിഭവങ്ങളുടേയും കാടിന്റേയും കാവല്‍ക്കാരായിരുന്ന, ആദിമനിവാസികളായ പണിയരെ 'തണ്ടാടി' വലവെച്ച് പിടിച്ചു വശത്താക്കിയ ഗൗണ്ടന്റേയും ചെട്ടിയുടേയും പാഠഭേദം പണിയ പുരാവൃത്തങ്ങളിലേക്ക് കാലക്രമത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാകാനാണ് സാധ്യത. ഗൗണ്ടര്‍മാരെന്ന് അറിയപ്പെട്ട ജൈനന്മാരുടെ വരവോടെയാണ് വയനാട്ടില്‍ ഇന്നു കാണുന്ന വയലുകളെല്ലാം രൂപപ്പെട്ടത്. 13-ാം നൂറ്റാണ്ടോടെ കര്‍ണാടകയില്‍നിന്ന് വയനാട്ടിലേക്ക് വലിയതോതില്‍ ജൈന കുടിയേറ്റമുണ്ടായി. വയനാട്ടിലെ ചിറകളും കുളങ്ങളും പാടശേഖരങ്ങളുമെല്ലാം ജൈനന്മാര്‍ ഭൂവുടമകളായതിനുശേഷം നിര്‍മ്മിക്കപ്പെട്ടവയാണ്. നൂറ്റാണ്ടുകള്‍ക്കു മുന്‍പേ തന്നെ വയനാട്ടിലെ സമ്പന്ന കര്‍ഷകരും വലിയ ജന്മിമാരുമായിരുന്നു വയനാടന്‍ ചെട്ടിമാര്‍. നീലഗിരി ജില്ലയുടെ ഭാഗമായ ഗൂഡല്ലൂര്‍ താലൂക്കിലും വയനാട്ടിലും മാത്രം അധിവസിക്കുന്ന വിഭാഗമാണ് വയനാടന്‍ ചെട്ടിമാര്‍. ചെട്ടിയും ഗൗണ്ടനും വലവീശിപ്പിടിച്ച് തങ്ങളെ അടിമകളാക്കിയ കാലത്തെക്കുറിച്ച് വേദന കലര്‍ന്ന ഗൃഹാതുരതയോടെ പാട്ടുകള്‍ ചമച്ച പണിയരുടെ ആചാരാനുഷ്ഠാനങ്ങളിലും മരണാനന്തര ചടങ്ങുകളും വരെ ആവര്‍ത്തിക്കുന്ന വംശബിംബങ്ങളായി ഈ ചെട്ടിയും ഗൗണ്ടനും കടന്നുവരുന്നുണ്ട്.

''ഇപ്പിമലെ ചേട്ടീം
ഇപ്പിമലെ കവുണ്ടനും
ബായോ... ബായോ... ബായോ...
ഇപ്പിമലെ കോരപ്പിള്ളി സാമ്പാത്തിലാവാ
ഇത്തിരെപ്പോഞ്ചാ
കഞ്ചും ചേച്ചടിയെനും
ബായോ... ബായോ... ബായോ...''

ഒരു പണിയന്റെ മൃതശരീരം ചുടലയില്‍ വെച്ച് കുഴിയെടുത്ത് മണ്ണിട്ട് മൂടുമ്പോള്‍ മൂപ്പന്‍ അല്ലെങ്കില്‍ ചെമ്മി പാടുന്ന മരണപ്പാട്ടിലെ വരികളാണിത്. പണിയന്റെ ആത്മാവിനെ പരേതാത്മാക്കളുടെ ലോകത്തേക്ക് ആനയിക്കാനായി വിളിച്ചുവരുത്തുന്ന പിതാമഹബിംബങ്ങളായി ചെട്ടിയും കൗണ്ടനും പണിയപ്പാട്ടുകളില്‍ രൂപാന്തരപ്പെടുകയാണ്.

ദൈവങ്ങള്‍ക്കും പരേതാത്മാക്കള്‍ക്കും 

വെള്ളച്ചിയുടേയും കറുപ്പന്റേയും ജീവിതത്തിനു പിന്നാലെ ഇറങ്ങിത്തിരിച്ച വഴിയിലാണ് 'പേനപ്പാട്ടി'നെക്കുറിച്ച് കേള്‍ക്കുന്നത്. മരിച്ചുപോയ ഒരു പണിയനുവേണ്ടി നടത്തുന്ന ഏറ്റവും വലിയ പുലയാചാരമാണ് മരിച്ച് ഏഴാം നാളില്‍ നടത്തപ്പെടുന്ന കരിംപുല. കരിംപുല നാളില്‍ മുഖ്യകര്‍മ്മിയായ 'ആട്ടാളി' പാടുന്ന അനുഷ്ഠാനമന്ത്രങ്ങളാണ് പേനപ്പാട്ട്. പേനപ്പാട്ടിനെക്കുറിച്ച് പല മൂപ്പന്മാരോടും ചോദിച്ചെങ്കിലും ആര്‍ക്കുമത് ചൊല്ലാനറിയില്ല. മണ്‍മറഞ്ഞുപോയ പൂര്‍വ്വികരുടെ കഥകളാണ് പേനപ്പാട്ടിലൂടെ പറയുന്നതെന്ന് ചീങ്ങാടി കോളനിയിലെ ചെമ്മിയായ മഞ്ചന്‍ പറഞ്ഞു. പുതുതലമുറയിലാര്‍ക്കും പേനപ്പാട്ട് അറിയില്ല. കര്‍മ്മങ്ങള്‍ ചെയ്യാനായി നിയുക്തരായ ആട്ടാളിമാര്‍ സമുദായത്തിലുണ്ട്. അവര്‍ക്കു മാത്രമേ പേനപ്പാട്ട് അറിയൂ.

ദൈവങ്ങള്‍ക്കും പരേതാത്മാക്കള്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കുമിടയില്‍ ആശയവിനിമയം നടത്താന്‍ കഴിയുന്ന പണിയ സമുദായത്തിന്റെ മഹാപുരോഹിതനാണ് ആട്ടാളി എന്ന മുഖ്യകാര്‍മ്മികന്‍. കര്‍മ്മവേളയില്‍ അലൗകികമായ ദൈവപ്രചോദനത്താല്‍ ഉള്ളില്‍നിന്നും നിര്‍ഗളിക്കുന്ന പേനപ്പാട്ടിന്റേയും മന്ത്രകര്‍മ്മാദികളുടേയും രഹസ്യങ്ങള്‍ പങ്കുവയ്ക്കുന്നത് രോഗത്തിനും മരണത്തിനും വരെ കാരണമാകുമെന്ന് ആട്ടാളിമാര്‍ വിശ്വസിക്കുന്നു. മന്ത്രകര്‍മ്മങ്ങളില്‍ നിഷ്ണാതരായ, പേനപ്പാട്ടും പുലവിളിയും നടത്താനറിയുന്ന ആട്ടാളിമാര്‍ വയനാട്ടിലിപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ. പുതുതലമുറയ്ക്ക് ഇതിലൊന്നും വലിയ താല്പര്യമില്ലെന്നാണ് പല മൂപ്പന്‍മാരുടേയും അഭിപ്രായം.

ചെറുകൂരകൾ. പാഡികളെന്ന് വിളിക്കപ്പെടുന്ന  ചെറു ​ഗ്രാമത്തിലാണ് ഈ കൂരകൾ കാണുക. പലതും ജന്മിമാരുടെ പറമ്പിനോട് ചേർന്നാകും
ചെറുകൂരകൾ. പാഡികളെന്ന് വിളിക്കപ്പെടുന്ന  ചെറു ​ഗ്രാമത്തിലാണ് ഈ കൂരകൾ കാണുക. പലതും ജന്മിമാരുടെ പറമ്പിനോട് ചേർന്നാകും

വെള്ളച്ചിയും രണ്ടാമത്തെ മകന്‍ ചന്ദ്രപ്പനും ഒരാഴ്ചകഴിഞ്ഞ് എന്നെ കാണാന്‍ വന്നു. വെള്ളച്ചിയുടെ വിഷാദഭാവം വിട്ടുമാറിയിരിക്കുന്നു. മുഖം തെളിഞ്ഞു. നന്നായി സംസാരിച്ചു തുടങ്ങി. മരുന്നുകള്‍ കൃത്യമായി കഴിക്കുന്നുമുണ്ട്. ചന്ദ്രപ്പന്‍ പറഞ്ഞാണറിയുന്നത്. വെള്ളച്ചിയുടെ ആഗ്രഹപ്രകാരം കറുപ്പന്റെ മരണാനന്തരചടങ്ങുകള്‍ നടത്താന്‍ ദിവസം നിശ്ചയിച്ചു. വീട്ടിലെ 'ദൈവമൂല'യില്‍ ഇപ്പോഴും കറുപ്പന്റെ ചിതാഭസ്മം ഒരു മണ്‍കുടത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. കറുപ്പന്റെ ആത്മാവ് ആ മണ്‍കുടത്തിലുണ്ടെന്ന് വെള്ളച്ചി ഉറച്ചു വിശ്വസിക്കുന്നു. സാധാരണയായി മൃതദേഹം ചുടലയില്‍ കുഴിയെടുത്ത് മറവുചെയ്തു കഴിഞ്ഞാലുടന്‍തന്നെ മൂപ്പനോ കോമരമോ പരേതാത്മാവിനെ വാഴയിലയില്‍ വെച്ചിരിക്കുന്ന പച്ചരി, പണം, കറുകപ്പുല്ല്, തോര്‍ത്തുമുണ്ട്, ഏഴ് ഏച്ചില എന്നിവയിലേക്ക് ആവാഹിച്ച് വീട്ടില്‍ കൊണ്ടുവന്ന് തിറമണയില്‍ കുടിയിരുത്തണം. കറുപ്പന്റെ കാര്യത്തിലതുണ്ടായില്ല. കരിംപുലയാചരിക്കുന്നത് സാധാരണയായി മരിച്ച് ഏഴാം നാളിലാണ്. അതെന്നോ കഴിഞ്ഞുപോയിരിക്കുന്നു. ദിവസം കഴിഞ്ഞുപോയെങ്കിലും ഊരുമൂപ്പന്‍ ദൈവം കാണല്‍ നടത്തിയപ്പോള്‍ കരിംപുലയടിയന്തിരം നടത്താമെന്നാണ് ദൈവങ്ങള്‍ അരുളിയറിയിച്ചത്.

കരിംപുലയടിയന്തിരത്തിനു കമ്പളക്കാടുനിന്ന് ഒരു ആട്ടാളിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പണിയരുടെ ആചാരാനുഷ്ഠാനങ്ങള്‍ നേരിട്ട് കാണാന്‍ ആഗ്രഹമുണ്ടെന്നും അതുകൊണ്ട് പുലയടിയന്തിരത്തിന് കോളനിയില്‍ വന്നോട്ടെയെന്നും ചോദിച്ചപ്പോള്‍ ചന്ദ്രപ്പന്‍ സന്തോഷത്തോടെ സമ്മതിച്ചു. കണിയാമ്പറ്റയുടെ അടുത്തുള്ള പ്രദേശമാണ് കമ്പളക്കാട്. അവിടെ നിന്നുള്ള ഒരു ചെറുപ്പക്കാരനാണ് ആട്ടാളി. ആട്ടാളിയുടെ പേരുവിവരങ്ങളും ഫോണ്‍ നമ്പറും ചന്ദ്രപ്പനോട് ചോദിച്ചറിഞ്ഞു.

വേരന്‍ (യഥാര്‍ത്ഥ പേരല്ല) എന്നാണ് ആ യുവാവിന്റെ പേര്. വേരന്‍ എന്നത് ഒരുകാലത്ത് സാധാരണമായിരുന്ന ഒരു പണിയ പുരുഷനാമമാണ്. വേരന്റെ അമ്മാവന്‍ ഊരുമൂപ്പനും പേരുകേട്ട ഒരു ആട്ടാളിയുമായിരുന്നു. പട്ടുടുത്ത്, തലയില്‍ വെള്ള ഉറുമാലിട്ട് കയ്യില്‍ വടിയുമേന്തി അധികാരചിഹ്നമായ തണ്ടവളയിട്ട് അനുഷ്ഠാന കര്‍മ്മങ്ങളില്‍ നായകത്വം വഹിച്ചിരുന്ന അമ്മാവനെ കണ്ടാണ് വേരന്‍ വളര്‍ന്നത്. ചടങ്ങുകളില്‍ മന്ത്രങ്ങളുരുവിടുകയും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതിന് 'ഞായം പറച്ചില്‍' എന്നാണ് പറയുന്നത്. ഞായം പറച്ചിലിനുള്ള അറിവ് നേടാനായി മൂപ്പന്‍മാരുടേയും പരികര്‍മ്മികളുടേയും അനന്തരാവകാശികള്‍ ഈ ചടങ്ങുകള്‍ ശ്രദ്ധാപൂര്‍വ്വം കണ്ടുപഠിക്കുന്നു. വേരനും ഞായം പറച്ചിലിനുള്ള പ്രാവീണ്യം കിട്ടിയത് അമ്മാവന്റെ കൂടെ കര്‍മ്മങ്ങള്‍ക്കു സഹായിയായി പോയിട്ടാണ്. അമ്മാവന്റെ മരണശേഷം അനന്തരാവകാശിയായ മരുമകന്‍ വേരന്‍ സമുദായത്തിന്റെ ആട്ടാളിയായി മാറി. പക്ഷേ, വേരനു ദൈവങ്ങളോട് തെല്ലും ബഹുമാനമില്ല.

''സാറെ, നമ്മുടെ കണ്ണീരു കാണാന്‍ ഒരു ദൈവവുമില്ല. ആണ്ടോടാണ്ട് ദൈവങ്ങള്‍ക്കും കാര്‍ന്നോന്മാര്‍ക്കും കോളുകൊടുത്തിട്ടും പണിയനു ബാക്കി കിട്ടുന്നത് ദാരിദ്രേ്യാം പട്ടിണീം രോഗോം മാത്രം. നമ്മളെ രക്ഷിക്കാത്ത ദൈവങ്ങളെ വിളിച്ച് പാടിയിട്ടെന്തു കാര്യം സാറെ.''

വേരന്‍ ഫോണിലൂടെ പറഞ്ഞുനിര്‍ത്തി. ഇതൊക്കെ പറഞ്ഞാലും അയാള്‍ സമുദായത്തിന്റെ ആട്ടാളിയാണ്, കര്‍മ്മിയാണ്, പുരോഹിതനും കോമരവുമാണ്. കരിംപുലച്ചടങ്ങു കാണാന്‍ വരുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ വേരന്‍ സന്തോഷത്തോടെ സമ്മതിച്ചു.

കരിംപുലയുടെ ദിവസം വൈകുന്നേരം വേരനേയും രണ്ടു സഹായികളേയും കമ്പളക്കാടു വെച്ചു സന്ധിച്ചു. കണിയാമ്പറ്റയിലെ പണിയ കോളനിയിലേക്കുള്ള യാത്രയില്‍ ഞാന്‍ വേരനോട് സംസാരിച്ചു. പ്രായം 35 കഴിഞ്ഞു. ബലിഷ്ഠമായ ശരീരം. കറുത്ത നിറം. ഷര്‍ട്ടും മുണ്ടുമാണ് വേഷം. പുരികത്തിനു മുകളില്‍ വെട്ടുകൊണ്ടതുപോലെ കുറുകെ ഒരു പാട്. നെറ്റിയില്‍ ചാലിട്ട ചുളിവുകള്‍. മൂര്‍ച്ചയുള്ള ശബ്ദം. വേരന്‍ പറഞ്ഞുതുടങ്ങി:

''സാറേ, ഭൂമി മുഴുവനും ഉഴുതുമറിച്ച് പൊന്നുവിളയിച്ച പണിയന് ഒരു പിടി മണ്ണില്ലാണ്ടായത് എങ്ങനെയെന്നറിയാവോ?''

''അറിയില്ല'' -ഞാന്‍ പറഞ്ഞു. 

''അതു ഞങ്ങടെ പേനപ്പാട്ടിലുണ്ട്. ഉത്തപ്പനേയും ഉത്തമ്മയേയും കുങ്കനെന്നും നങ്ങിയെന്നുമാണ് ഞാന്‍ പാടണ പേനപ്പാട്ടില്‍ വിളിക്കുന്നത്.''

വേരന്‍ കഥ പറഞ്ഞു തുടങ്ങി.

ഇപ്പിമലയില്‍ വസിച്ചിരുന്ന ഉത്തപ്പനെന്ന കുങ്കന്റെ കുടുംബം വളര്‍ന്നു വലുതായി. എല്ലാവര്‍ക്കും ഒന്നിച്ചു താമസിക്കാന്‍ ഇപ്പിമലയില്‍ സ്ഥലമില്ലാതായപ്പോള്‍ കാര്‍ന്നോന്മാരും തലവന്മാരും ചേര്‍ന്നു ചില തീരുമാനങ്ങളെടുത്തു. ഭൂമിയില്‍ പോയി ഏഴു കോട്ടകള്‍ കെട്ടിത്താമസിക്കാന്‍ അവര്‍ തീരുമാനിച്ചു. അങ്ങനെ ഇപ്പിമല നിവാസികള്‍ കുറുവാ ദ്വീപിനടുത്തുള്ള കൂടല്‍ക്കടവിലെത്തിച്ചേര്‍ന്നു. അവിടെയാണ് 'ഒടുക്കന്‍' എന്ന ദൈവം വസിക്കുന്നത്. ഒടുക്കന്‍ ഇപ്പിമലക്കാരെ നൂറ്റൊന്നു കുലമായി വേര്‍തിരിച്ചു. പണിയരെല്ലാം ചേറ്റടിയന്മാരുടെ കുലത്തില്‍ ഉള്‍പ്പെട്ടു. എല്ലാ കുലത്തിനും സംഗീതോപകരണങ്ങളും നല്‍കപ്പെട്ടു. പണിയര്‍ക്കു തുടിയും ചീനിയും കിട്ടി. അങ്ങനെ ഭൂമിയിലെ എല്ലാ ജനതയും ജാതി തിരിഞ്ഞ കൂടല്‍ക്കടവ് 'കുലം തിരി മഞ്ചത്ത്', 'ഇല്ലം തിരി മഞ്ചത്ത്' എന്നാണ് പണിയപ്പാട്ടുകളില്‍ അറിയപ്പെടുന്നത്. 

പണിയ സ്ത്രീ
പണിയ സ്ത്രീ

അങ്ങനെ ഒരുനാള്‍ ദൈവം എല്ലാ ജാതികള്‍ക്കും മണ്ണ് വീതം വെച്ചു നല്‍കി. ഏറ്റവും അവസാനം എത്തിച്ചേര്‍ന്നത് പണിയരായിരുന്നു. അപ്പോഴേക്കും വീതം വെപ്പ് കഴിഞ്ഞിരുന്നു. പണിയര്‍ക്കു നല്‍കാന്‍ മണ്ണില്ല. പണിയ ദൈവമായ കാളിമലത്തമ്പുരാന്റെ ശുപാര്‍ശപ്രകാരം ഒരു നുള്ളു മണ്ണു പണിയര്‍ക്കു നല്‍കപ്പെട്ടു. കൂട്ടത്തില്‍ നിങ്ങള്‍ ചേറ്റില്‍ പണിയെടുത്തു ജീവിച്ചുകൊള്‍ക എന്ന നിര്‍ദ്ദേശവും.

''ഇങ്ങനെ ദൈവങ്ങളും ജന്മിമാരും തമ്പ്രാക്കളും തഴഞ്ഞിട്ട ജാതിയാ സാറേ പണിയന്റേത്... പിന്നെ നമ്മളാരോട് വിളിച്ചു ചൊല്ലിയിട്ടെന്തു കാര്യം. ആര്‍ക്ക് കോളു കൊടുത്തിട്ടെന്തു കാര്യം.''
വേരന്‍ പറഞ്ഞു നിര്‍ത്തി.

കരിംപുലച്ചടങ്ങു നടത്തുന്ന പണിയ കോളനി റോഡില്‍നിന്നു കുറച്ചുള്ളിലാണ്. കാപ്പിത്തോട്ടങ്ങള്‍ക്കു നടുവിലൂടെ ഒരു മണ്ണുവഴി കോളനിയിലേക്കു നീണ്ടുപോകുന്നു. ഞാന്‍ വേരനേയും സഹായികളേയും പിന്തുടര്‍ന്ന് വേഗത്തില്‍ നടന്നു. കാപ്പിത്തോട്ടങ്ങള്‍ക്കു നടുവില്‍ ആകാശത്തേക്ക് ഉയര്‍ന്നുപോകുന്ന കാറ്റാടിമരങ്ങള്‍. കാപ്പിച്ചെടികള്‍ക്കു മുകളില്‍ അന്തിവെയിലിന്റെ നൃത്തം. വരാനിരിക്കുന്ന രാത്രിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് റോഡരികിലുള്ള വേലിച്ചെടികളിലേക്ക് തീക്കട്ടപോലെ ഒരു പക്ഷി പറന്നിറങ്ങി. തീക്കുരുവിയാണത്. ഓറഞ്ച് മിനിവെറ്റ്.

ഞങ്ങള്‍ കോളനിയിലെത്തിയപ്പോള്‍ ഇരുട്ട് വീണുകഴിഞ്ഞു. സമയം ഏഴു മണിയായി. സിമന്റ് കട്ടകള്‍കൊണ്ട് പണിത തേയ്ക്കാത്ത വീടുകള്‍. കോളനിയുടെ നടുവിലായി ഒരു മുറ്റമുണ്ട്. മുറ്റത്തിന്റെ ഒരു കോണിലുള്ള തെങ്ങില്‍ വലിയൊരു ലൈറ്റ് കെട്ടിവെച്ചിട്ടുണ്ട്. പ്രകാശത്തിനു ചുറ്റും നിശാശലഭങ്ങളും ഈയാംപാറ്റകളും. വെള്ളച്ചി വീടിന്റെ വരാന്തയിലൊരു കോണില്‍ വെറും നിലത്തിരിക്കുന്നു. മുഖത്തൊരു തെളിച്ചമുണ്ട്. സ്ത്രീകളും കുട്ടികളും കൂട്ടമായി പല വീടുകളുടേയും തിണ്ണകളില്‍ ഇരിപ്പുണ്ട്. കറുപ്പന്റെ അനുജന്‍ ചന്ദ്രപ്പന്‍ എല്ലാ കാര്യങ്ങള്‍ക്കും മുന്‍പിലുണ്ട്. അവര്‍ ഞങ്ങളെ സന്തോഷത്തോടെ സ്വീകരിച്ചു. മുറ്റത്തു പന്തല്‍ പണി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കുറച്ചു കസേരകള്‍ അവിടിവിടെയായി നിരത്തിയിട്ടുണ്ട്. ഞാന്‍ മുറ്റത്തിന്റെ ഒരു കോണിലേക്ക് മാറിയിരുന്ന് ചടങ്ങുകള്‍ നോക്കിക്കണ്ടു.

കല്ലന്‍മുള നാട്ടി, ഉത്തരവും കഴുക്കോലുമിട്ട് പനയോല മേഞ്ഞ് പന്തല്‍ തയ്യാറാക്കുന്നത് പരേതന്റെ അടുത്ത ബന്ധുക്കളും മക്കളും മരുമക്കളുമൊക്കെ ചേര്‍ന്നാണ്. ഒന്‍പതു കാലുകളും മൂന്ന് ഉത്തരവും പന്ത്രണ്ടു കഴുക്കോലുമാണ് പന്തലിന്റെ കണക്ക്. മൂപ്പന്‍ 'ദൈവത്തെ കാണല്‍' ചടങ്ങു നടത്തി ദൈവങ്ങളില്‍നിന്നും പരേതരായ കാരണവന്മാരില്‍നിന്നും അനുവാദം വാങ്ങിയാണ് പുലയടിയന്തിരത്തിനുള്ള പന്തലൊരുക്കാനായി മുള വെട്ടാന്‍ പോകുന്നത്. കല്ലന്‍ മുള വെട്ടിയെടുക്കുമ്പോള്‍ മുളഞ്ചുവട്ടില്‍ പ്രത്യേക പൂജകളും ചടങ്ങും നടത്തും.

പന്തലിന്റെ നടുവില്‍ സ്ഥാപിച്ചിരിക്കുന്ന തൂണിനു ചുറ്റും ഒരു കറുത്ത തുണി ചുറ്റി കെട്ടിയിരിക്കുന്നു. മരണമടഞ്ഞ വ്യക്തിയുടെ പ്രതിരൂപമാണ് പന്തലിനു നടുക്ക് നാട്ടിയിട്ടുള്ള ഈ പ്രധാന കാല്‍. പുലവിളി കര്‍മ്മങ്ങളില്‍ പരേതനായിത്തന്നെയാണ് ഈ തൂണിനെ സങ്കല്പിക്കുന്നത്. തൂണിനെ കുളിപ്പിച്ച് അതിനു ചുറ്റും കറുത്ത തുണി ചുറ്റുന്ന ചടങ്ങാണ് തുണിയുടുപ്പിക്കല്‍ ചടങ്ങ്. ഒന്‍പതു കാല്‍ പന്തലിന്റെ പണി പൂര്‍ത്തിയായി. പനയോല വെച്ച് മേഞ്ഞ് കഴിഞ്ഞിരിക്കുന്നു.

ഞാന്‍ ചുറ്റും കണ്ണോടിച്ചു. ഒരു വീടിന്റെ തിണ്ണയിലിരുന്ന് പ്രായമായൊരു സ്ത്രീ മുറുക്കാനിടിച്ചു കൊണ്ടിരിക്കുന്നു. പരേതന്റെ വീട്ടില്‍ അടിയന്തിര സദ്യയ്ക്ക് അരിയിട്ടു കഴിഞ്ഞു. ആരൊക്കെയോ വരികയും പോകുകയും ചെയ്തു. പുരുഷന്മാര്‍ വട്ടത്തില്‍നിന്നു പാട്ടുപാടി താളത്തില്‍ ചുവടുകള്‍ വച്ചു. വട്ടക്കളിയാണ്. തുടിയുടേയും ചീനിയുടേയും താളം മുറുകുകയും താഴുകയും ചെയ്തു. സമയം കടന്നു പോയി. അടിയന്തിര സദ്യ അവസാനിക്കുകയാണ്. രാത്രി ഏറെ വൈകിയിരിക്കുന്നു.

അപ്പോള്‍ വേരന്‍ തലയിലൊരു വെള്ളമുണ്ടു കെട്ടി, അരയില്‍ കറുത്ത തുണി ചുറ്റി, നെറ്റിയിലും കൈകളിലും അരിമാവുകൊണ്ട് ചുട്ടികുത്തി തുടിയുടെ താളത്തിന്റെ അകമ്പടിയോടെ രംഗപ്രവേശം ചെയ്തു. വേരന്റെ രണ്ടു കയ്യിലും രണ്ട് മുറമുണ്ട്. ഒരു മുറത്തില്‍ അരിയും ഒരു മുറത്തില്‍ നെല്ലുമാണ്. പന്തലിനു നടുവിലുള്ള പരേതന്റെ പ്രതീകമായി നാട്ടിയ പ്രധാന കാലിനു ചുവട്ടില്‍ രണ്ടു മുറങ്ങളും വെച്ചു. എന്നിട്ട് നാലു ദിക്കുകളേയും നോക്കി വണങ്ങി. പിന്നീട് മുറങ്ങളേയും പ്രധാന തൂണിനേയും മൂന്നുവട്ടം പ്രദക്ഷിണം ചെയ്തു. അതിനുശേഷം നിലത്തിരുന്ന് തല തിരിച്ചുപിടിച്ച ഒരു സേറു കൊണ്ട് (നെല്ലളക്കുന്ന ഒരു അളവുപാത്രം) മുറത്തില്‍ നെല്ല് അളന്നു തുടങ്ങി. പല പ്രാവശ്യം ഈ അളക്കല്‍ പ്രക്രിയ തുടര്‍ന്നുകൊണ്ടിരുന്നു. തുടിയും ചീനിക്കുഴലും വായിച്ചുകൊണ്ട് സഹായികള്‍ ആട്ടാളിക്കു ചുറ്റും നിന്നു. വേരന്‍ ഒരു താലത്തില്‍ വച്ചിരുന്ന വെറ്റിലയും അടക്കയുമെടുത്ത് പന്തലില്‍ കൂടിയിരുന്നവര്‍ക്കെല്ലാം വിതരണം ചെയ്തു. ദുഷ്ടാരൂപികളുടെ ആക്രമണത്തില്‍നിന്നു രക്ഷനേടുന്നതിനായി പിതൃക്കളുടേയും കാരണവന്മാരുടേയും അനുഗ്രഹം തേടുകയാണ് കര്‍മ്മിയായ ആട്ടാളി.

ഒറ്റമൂലയോടുകൂടിയ ഒരു മുറം വേരന്‍ കൈകളിലെടുത്തു. മുറത്തില്‍ ബന്ധിച്ചിട്ടുള്ള ഓട്ടുമണികള്‍ കിലുങ്ങി. ഇതാണ് വേദമുറം. വേരന്‍ വേദമുറവുമായി കറുപ്പന്റെ വീടിനകത്തേക്ക് പോയി. പരേതാത്മാവിനെ ആവാഹിക്കുന്നതിനായി കറുപ്പന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന മൂലയിലേക്കാണ് വേരന്‍ പോയതെന്നു ഞാന്‍ ഊഹിച്ചു. പരേതാത്മാവിനെ കുടിയിരുത്തുന്ന സ്ഥലത്തെ 'തിറമണ' എന്നാണ് പണിയര്‍ വിളിക്കുന്നത്. ചിലര്‍ 'തിണ'യെന്നും പറയുന്നു. തിറമണയില്‍നിന്ന് വേദമുറത്തില്‍ കറുപ്പന്റെ ആത്മാവിനെ ആവാഹിച്ച് വേരന്‍ പുറത്തേക്കിറങ്ങി വന്നു. അയാളുടെ മുഖത്ത് അലൗകികമായൊരു ഭാവം... പന്തലിലെ പുല്‍പ്പായയില്‍ ആട്ടാളി സാവധാനമിരുന്നു. തൊട്ടടുത്തായി പരേതനുവേണ്ടി വ്രതമനുഷ്ഠിച്ച കറുപ്പന്റെ മകളുമിരുന്നു. തുടിയുടേയും ചീനിയുടേയും താളം മുറുകി മുറുകിവന്നു. വേദമുറം വലത്തോട്ടും ഇടത്തോട്ടും ചലിപ്പിക്കുകയും ഇടയ്ക്ക് വട്ടത്തില്‍ കറക്കുകയും ചെയ്തുകൊണ്ട് വേരന്‍ അജ്ഞാതമായൊരു ഭാഷയിലും ഈണത്തിലും ചൊല്ലിക്കൊണ്ടിരുന്നു. ആട്ടാളി പരേതാത്മാക്കളോടും ദൈവങ്ങളോടും സംസാരിക്കുകയാണ്. വേദമുറം ചലിപ്പിച്ചുകൊണ്ട് മരിച്ചവരുടെ ലോകത്തിനും ജീവിക്കുന്നവരുടെ ലോകത്തിനുമിടയിലെ സന്ദേശവാഹകനായി മാറുകയാണ്. ഉത്തപ്പനേയും ഉത്തമ്മയേയും വിളിച്ചുചൊല്ലുകയാണ്. പണിയകുലത്തിന്റെ മഹാപുരോഹിതന്‍ പരേതനെ തന്നിലേക്കുതന്നെ ആവാഹിക്കുകയാണ്.

2019ൽ പണിയ വിഭാ​ഗത്തിൽപ്പെട്ടവർ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ. പണിയരുടെ ജീവിതം പകർത്തിയ കെഞ്ചിര എന്ന ചിത്രം അന്ന് പ്രദ​ർശിപ്പിച്ചിരുന്നു. സാസ്കാരിക മന്ത്രി എകെ ബാലനുമായി സംസാരിക്കുന്ന പണിയ സ്ത്രീ
2019ൽ പണിയ വിഭാ​ഗത്തിൽപ്പെട്ടവർ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ. പണിയരുടെ ജീവിതം പകർത്തിയ കെഞ്ചിര എന്ന ചിത്രം അന്ന് പ്രദ​ർശിപ്പിച്ചിരുന്നു. സാസ്കാരിക മന്ത്രി എകെ ബാലനുമായി സംസാരിക്കുന്ന പണിയ സ്ത്രീ

വേരന്റെ മുഖത്തെ ഭാവം മാറിമാറി വന്നു. കത്തിച്ചുവെച്ച വിളക്കിന്റെ വെളിച്ചം അയാളുടെ മുഖത്ത് നിഴലുകള്‍ പതിച്ചു. പനയോല മേഞ്ഞ പന്തലിനു മുകളില്‍ ചന്ദ്രനുദിച്ചു. വേദമുറത്തില്‍ ബന്ധിച്ച ഓട്ടുമണികള്‍ ചിലമ്പിയാര്‍ത്തു. തുടിയും ചീനിയും ഉയര്‍ന്നുപൊങ്ങി. അയാളില്‍ പരേതാത്മാവ് പ്രവേശിച്ചു. വേരന്റെ ശബ്ദം പന്തലില്‍ നിന്നുയര്‍ന്നു:

''അയ്യോ എന്ന അറിഞ്ചനാടെ
കേട്ടപുറനാടെ, ചെട്ടി, കൊയ്മേ
കണ്ടികാരമേ, മൂന്നു തില നഗരെ,
നാലു തില നാടേ, എന്ന പത്തു മക്കാളെ,
എന്ന പത്തു അളിയന്‍ ബാവേമാരു
പത്തു മൈത്തിനി, പത്തു പുടിച്ചി,
കേട്ടിളാക്കേണം...''

 (പ്രിയ ബന്ധു ജനങ്ങളെ, മൂപ്പാ, മൂപ്പന്റെ സഹായികളെ, എന്റെ മക്കളെ, അളിയന്മാരെ ഞാന്‍ നിങ്ങളെ വിട്ടുപോയി. എനിക്ക് ഉത്തപ്പന്റേയും ഉത്തമ്മയുടേയും അടുത്തേക്ക് പോകണം. അതിനു നിങ്ങളൊക്കെ അനുഗ്രഹിക്കണം.)

അത് വേരന്റെ ശബ്ദമല്ലായിരുന്നു. കറുപ്പന്റെ ശബ്ദം. വെള്ളച്ചി എഴുന്നേറ്റ് തൊഴുതു. അവരുടെ മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത ഒരു ഭാവം. കറുപ്പന്‍ ആട്ടാളിയിലൂടെ ബന്ധുക്കളോട് കേണു പറയുകയാണ്. പന്തലില്‍ കൂടിയ പലരും ആട്ടാളിയെ തൊഴുതു. സ്ത്രീകള്‍ കണ്ണീരടക്കി. മുന്‍പില്‍ ആട്ടാളിയല്ല, തങ്ങളുടെ കറുപ്പനാണ്. ആട്ടാളിയിലൂടെ പരേതാത്മാവ് സംസാരം തുടര്‍ന്നുകൊണ്ടിരുന്നു:

''ഒന്‍പതു കാലു പന്തിരണ്ടു പാതലു,
മൂന്നെക്ക മൂന്നുകെട്ട് ചപ്പരം,
നാന്നിഞ്ചുമെന്നാ ചിന്തും കെട്ടും,
നാന്നിഞ്ചുമെന്നാ ഇളാച്ചു കാഞ്ചും,
പാവലതൂങ്ങി കായിഞ്ചേ''

(എന്റെ പ്രിയപ്പെട്ടവരേ, കാരണവന്മാരേ, പിതൃക്കളേ ഞാനിതാ ഒന്‍പതു കാല്‍ പന്തലില്‍ ഇരിക്കുന്നു. നിങ്ങള്‍ക്കെല്ലാം ഞാന്‍ വെറ്റിലയും അടക്കയും തന്നുകഴിഞ്ഞല്ലോ. നിങ്ങളുടെയെല്ലാം അനുഗ്രഹം എനിക്ക് ലഭിച്ചുകഴിഞ്ഞല്ലോ. നിങ്ങള്‍ പരസ്പരം കലഹം കൂടാതെ തെറ്റുകുറ്റങ്ങള്‍ കൂടാതെ കഴിഞ്ഞുകൂടണം. എനിക്ക് തീരെ വയ്യ...)

കറുപ്പന്റെ ദീനവിലാപവും പ്രിയജനത്തോടുള്ള അപേക്ഷകളും ആട്ടാളിയിലൂടെ പുറത്തു വരിക യാണ്. പേനപ്പാട്ടിന്റെ ആരംഭമാണിത്. ആട്ടാളി ഒന്‍പതു കാല്‍ പന്തലില്‍ ഒറ്റത്തുടിയുടെ താളത്തില്‍ ലയിച്ച്, പരേതാത്മാവിനാല്‍ ആവേശിതനായി 'കുളിയുറങ്ങുക'യാണ്.

ലോകാരംഭം മുതലുള്ള പണിയവംശത്തിന്റെ ചരിത്രം ആട്ടാളി പേനപ്പാട്ടിലൂടെ ഉരുക്കഴിക്കുകയാണ്. വിദൂര ഭൂതകാലത്തിലെ ഏതോ ബിന്ദുവില്‍നിന്ന് ആരംഭിച്ച് അനന്ത കാലത്തിലേക്ക് വാമൊഴിയായി ഒഴുകിപ്പരന്ന ചേറ്റടിയാന്മാരുടെ വംശകഥ അയാള്‍ പാടിത്തുടങ്ങി:

''ഇപ്പിമല തോന്നാപ്പട്ട്,
അത്തി, ഇത്തി, ആല്, ചന്ദനം,
കൂവളം പന്തം തോന്നാപ്പട്ട്,
അമ്പലം തോന്നാപ്പട്ട്,
പടിച്ചവന്‍ തോന്നാപ്പട്ട്,
ഇരാണ്ടു തവളകള്‍ തോന്നാപ്പട്ട്''

ഇപ്പിമലയെന്ന ആദ്യ വംശബിംബത്തിന്റെ സൃഷ്ടിയെക്കുറിച്ചാണ് പേനപ്പാട്ടില്‍ പറയുന്നത്. പ്രപഞ്ചോല്പത്തിയും ദൈവാരാധനയും അവിടെനിന്നു തുടങ്ങുന്നു. ഇപ്പിമലയുടെ സൃഷ്ടിക്കു ശേഷമാണ് 'പടിച്ചവന്‍' (സൃഷ്ടാവായ ദൈവം) ഉണ്ടാക്കപ്പെട്ടത്. പണിയരുടെ ദൈവങ്ങള്‍ ജനിക്കുന്നതിനും മുന്‍പേ സ്വയം ഭൂവായ ലോകമാണ് ഇപ്പിമല...

പണിയരുടെ വംശചരിത്രത്തിന്റെ പുരാതന അടരുകളിലൂടെ ആട്ടാളി സഞ്ചരിക്കുകയാണ്. പേനപ്പാട്ട് തുടര്‍ന്നുകൊണ്ടിരുന്നു. പുലര്‍ച്ചയാകാറായി. പുലയാചരണത്തിന്റെ ചടങ്ങുകള്‍ പിറ്റേ ദിവസം ഉച്ച കഴിഞ്ഞ് മൂന്നു മണിവരെ തുടരും. ഞാന്‍ തനിച്ച് മടങ്ങിപ്പോന്നു. പിറ്റേ ദിവസം ഉച്ചയ്ക്ക് വീണ്ടുമെത്തി. വേരനപ്പോഴും ഇരുന്നയിരുപ്പില്‍ത്തന്നെയിരുന്ന് പാടുകയാണ്. വെള്ളം കുടിക്കാതെ, മലമൂത്രവിസര്‍ജ്ജനം ചെയ്യാതെ അയാള്‍ പാടിക്കൊണ്ടേയിരുന്നു. വേരന്റെ ശബ്ദം ചിലമ്പിച്ചു തുടങ്ങി. ചിലപ്പോഴൊക്കെ അത് ഈണത്തിലുള്ള പിറുപിറുക്കലുകളായിത്തീരുന്നു. കറുപ്പന്റെ ആത്മാവിനെ ഒരു വര്‍ഷം കഴിഞ്ഞ് ആചരിക്കേണ്ട കാക്കപുലനാള്‍ വരെ കുടിയിരുത്തുന്ന ചടങ്ങ് തുടങ്ങിക്കഴിഞ്ഞു.

''കണ്ടന്‍ കനകപ്പെട്ടി തട്ടിത്തുറാന്തു,
ഒലെയും ഓലെ കണ്ടവും, കത്തിയും കാര്‍ന്നോപ്പാടും,
കണ്ടന്‍ കനകപ്പെട്ടീലു കയ്യടാക്കം,
കാലം ഉച്ചാലു ബരേക്ക്...''

മൊടവന്‍ കണ്ടന്‍ നിര്‍മ്മിച്ച കനകപ്പെട്ടിയില്‍ കത്തിയോടും കാരണവന്മാരുടെ അനുഗ്രഹത്തോടും കൂടെ ഉച്ചാല്‍ നാള്‍വരെ നീ കുടികൊള്ളുക എന്ന പ്രാര്‍ത്ഥനയോടെ പേനപ്പാട്ട് അവസാനിപ്പിച്ചുകൊണ്ട്, പരേതാത്മാവിനെ ആവാഹിച്ച് വേരന്‍ വീടിനകത്തേക്ക് കയറാനായി എഴുന്നേറ്റു. വെള്ളച്ചിയും കൊച്ചുമകളും ചന്ദ്രപ്പനും സീതയുമെല്ലാം പന്തലില്‍ത്തന്നെയിരിക്കുന്നുണ്ട്. 

ഏഴു പടികള്‍ക്കു മീതെ ഒരു സാങ്കല്പിക സ്വര്‍ഗ്ഗമുണ്ട്. കാക്കപ്പുലനാളില്‍ ആവാഹിക്കപ്പെടു ന്നതുവരെ മുടവന്‍ കണ്ടന്റെ കനകപ്പെട്ടിയില്‍ കറുപ്പന്റെ ആത്മാവ് വിശ്രമിക്കും. കാക്കപ്പുലനാള്‍ കഴിഞ്ഞാല്‍ അടക്കം പുലനാള്‍വരെ ആത്മാവിനെ കുടിയിരുത്തുന്നു. അടക്കം പുലനാള്‍ കഴിയുമ്പോഴാണ് സ്വര്‍ഗ്ഗത്തിന്റെ ഏഴാംപടിയും തട്ടിത്തുറന്ന് ഉത്തപ്പന്റേയും ഉത്തമ്മയുടേയും കൈകളിലേക്ക് കറുപ്പന്റെ ആത്മാവ് ഏല്പിക്കപ്പെടുന്നത്.

പണിയരുടെ ആത്മാവിന് മൂന്ന് അംശങ്ങളുണ്ട്. ഓരോ അംശം വീതം ചൊടലയിലും തിറമണയിലും 'കീയു' ലോകത്തും കുടികൊള്ളുന്നു. തിറമണയില്‍ അല്ലെങ്കില്‍ തിണയില്‍ കുടിയിരുത്തിയ ആത്മാവിനാണ് കരിംപുലനാള്‍വരെ പേനക്കഞ്ഞി കൊടുക്കുന്നത്. പുലയടിയന്തിരത്തിന് പന്തലിലാവാഹിച്ചിരുത്തി പേനപ്പാട്ടു പാടി മുടവന്‍ കണ്ടന്റെ കനകപ്പെട്ടിയില്‍ കുടിയിരുത്തുന്നത് ആത്മാവിന്റെ ഈ അംശത്തെയാണ്.

'കീയു' ലോകം പരേതരുടെ ലോകമാണ്. പണിയരുടെ ഇടയില്‍ വളരെ കുറച്ചാളുകള്‍ക്കു മാത്രമേ കീയു ലോകത്തെക്കുറിച്ച് അറിയൂ. ഏത് ജന്മിയുടെ അടിയാളനായി ഭൂമിയില്‍ പണിയെടുത്തോ അതേ ജന്മിയുടെ കീഴില്‍ കീയു ലോകത്തും പണിയെടുക്കണം. ഈ ലോകത്തിലെ ബന്ധനങ്ങള്‍ പരലോകത്തിലും തുടരുന്നു. മരണശേഷംപോലും പണിയര്‍ക്ക് അടിയാള ജീവിതത്തില്‍നിന്നും മോചനമില്ല.

ഇങ്ങനെ നിരവധി മിത്തുകളും അവയുടെ പ്രാദേശിക പാഠഭേദങ്ങളും കൊണ്ട് നിര്‍മ്മിക്കപ്പെട്ട വിശ്വാസലോകത്തിലാണ് പണിയരുടെ ജീവിതം.

സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിയായിരിക്കുന്നു. കഴിഞ്ഞ 14 മണിക്കൂറോളമായി ആട്ടാളി ജലപാനമില്ലാതെ ഇരുന്നിടത്തുനിന്നും എഴുന്നേല്‍ക്കാതെ മന്ത്രങ്ങള്‍ ഉരുക്കഴിക്കുകയായിരുന്നു. എങ്ങനെയാണ് ഇങ്ങനെ സ്വയം മറന്ന് 'കുളിയുറങ്ങാന്‍' ആട്ടാളിക്കു കഴിയുന്നത്?

ആധുനിക ന്യൂറോസയന്‍സ് ഇത്തരം ആത്മീയാനുഭവങ്ങളെ ശാസ്ത്രീയമായി വിശദീകരിക്കുന്നു. മസ്തിഷ്‌കത്തിലെ ടെമ്പറല്‍ ലോബിന്റേയും പറൈറ്റല്‍ ലോബിന്റേയും സംഗമ സ്ഥാനത്തു (tempero parietal junction) സ്ഥിതിചെയ്യുന്ന ഓറിയന്റേഷന്‍ അസോസിയേഷന്‍ ഏരിയ (Orientation Association Area OAA) എന്ന മസ്തിഷ്‌ക ഭാഗമാണ് വ്യക്തിയുടെ 'അവനവന്‍' ബോധം (sense of self) സൃഷ്ടിക്കുന്നത്. ഈ അവനവന്‍ ബോധമാണ് താന്‍ ചുറ്റുപാടുകളില്‍നിന്നു വേറിട്ട ശരീരവും മനസ്സുമുള്ള ഒരു വ്യക്തിയാണെന്നും തന്റെ ശരീരത്തിനു കൃത്യമായ അതിര്‍വരമ്പുകളുണ്ടെന്നുമുള്ള തിരിച്ചറിവ് ഒരു വ്യക്തിക്കു നല്‍കുന്നത്. ഈ അവനവന്‍ ബോധത്തിനു മുകളിലാണ് അനുഷ്ഠാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

വൈകാരികാനുഭവങ്ങളെ സൃഷ്ടിക്കുന്ന താളാത്മകമായ ചലനങ്ങളാണ് അനുഷ്ഠാനകര്‍മ്മങ്ങളുടെ കാതല്‍. താളാത്മക ചലനങ്ങള്‍ ശരീരത്തിലെ ഓട്ടോണോമിക് നാഡീവ്യവസ്ഥയെഉദ്ദീപിപ്പിക്കുന്നു. ഈ നാഡീ വ്യവസ്ഥയ്ക്ക് രണ്ടു ഭാഗങ്ങളുണ്ട്. സിംപതറ്റിക് നാഡീവ്യവസ്ഥയും പാരാസിംപതറ്റിക് നാഡീവ്യവസ്ഥയുമാണ് ഈ രണ്ടു ഭാഗങ്ങള്‍. അതിജീവനത്തിനുവേണ്ടി പരിണാമപരമായി ജീവികള്‍ ആര്‍ജ്ജിച്ച നാഡീ വ്യവസ്ഥകളാണിവ. സ്വജീവനോ സുരക്ഷയ്‌ക്കോ ഭീഷണിയുണ്ടാകുമ്പോള്‍ സിംപതറ്റിക് വ്യവസ്ഥ ഉദ്ദീപിപ്പിക്കപ്പെടുന്നു. എന്നാല്‍, ശാന്തമായി വിശ്രമിക്കുമ്പോഴാണ് പാരാസിംപതറ്റിക് വ്യവസ്ഥ പ്രവര്‍ത്തനനിരതമാകുന്നത്. ഈ രണ്ട് വ്യവസ്ഥകളും വിപരീതദിശയിലുള്ള പരസ്പര പ്രതി പ്രവര്‍ത്തനത്തിലൂടെ ശരീരത്തിന്റെ തുലനനില കാത്തുസൂക്ഷിക്കുന്നു. ദ്രുതതാളത്തിലുള്ള ചലനങ്ങള്‍ സിംപതറ്റിക് വ്യവസ്ഥയേയും പതിഞ്ഞ താളത്തിലുള്ള ചലനങ്ങള്‍ പാരാസിംപതറ്റിക് വ്യവസ്ഥയേയും ഉത്തേജിപ്പിക്കുന്നു.

ദ്രുതതാളത്തിലുള്ള ചലനങ്ങള്‍

കരിംപുലയനുഷ്ഠാനങ്ങളില്‍ ദ്രുതതാളത്തിലുള്ള ചലനങ്ങള്‍ക്കാണ് പ്രാമുഖ്യം. തുടിയുടേയും ചീനിയുടേയും ദ്രുതതാളം, ആട്ടാളിയുടെ കൈകളിലെ വേദമുറത്തിന്റെ ദ്രുതചലനം, ഓട്ടുമണികളുടെ ചിലമ്പു ശബ്ദം. ഇവയെല്ലാം കര്‍മ്മിയുടേയും കാഴ്ചക്കാരുടേയും സിംപതെറ്റിക് നാഡിവ്യവസ്ഥയെ ഉണര്‍ത്തും. സിംപതറ്റിക് വ്യവസ്ഥ അമിതമായി ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ ഹൃദയമിടിപ്പും ശ്വാസകോശത്തിന്റെ ഗതിവേഗവും വര്‍ദ്ധിക്കുന്നു. ഇത് ഹൈപോതലാമസ് , ടെമ്പറല്‍ ലോബില്‍ സ്ഥിതിചെയ്യുന്ന ലിംബിക് വ്യവസ്ഥ എന്നിവയെ സ്വാധീനിക്കുന്നു. വ്യക്തിക്ക് ഒരു തീവ്രഹര്‍ഷാനുഭവം ഉണ്ടാകുന്നു. സിംപതറ്റിക് വ്യവസ്ഥയുടെ അമിത ഉത്തേജനം ലിംബിക് വ്യവസ്ഥയുടെ ഭാഗമായ ഹിപ്പോക്യാമ്പസിനെ സ്വാധീനിക്കുന്നു. ഹിപ്പോക്യാമ്പസ് പറൈറ്റല്‍ ലോബില്‍ സ്ഥിതിചെയ്യുന്ന ഓറിയന്റേഷന്‍ അസോസിയേഷന്‍ ഏരിയയിലേക്കുള്ള ഉദ്ദീപനങ്ങളുടേയും സന്ദേശങ്ങളുടേയും പ്രവാഹത്തിന് തടയിടുന്നു. ഈ സന്ദേശങ്ങള്‍ സ്വീകരിച്ചാണ് ഛഅഅ 'അവനവന്‍' ബോധം സൃഷ്ടിക്കുന്നത്. വിവരങ്ങള്‍ കിട്ടാതാകുന്നതോടെ അവനവന്‍ ബോധം പതുക്കെ മങ്ങിത്തുടങ്ങും. അനുഷ്ഠാനകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് അവനവനെക്കുറിച്ചുള്ള ബോധം നഷ്ടപ്പെടുകയും അവര്‍ ഏകമനസ്സോടെ അനുഷ്ഠാന കര്‍മ്മങ്ങളുടെ ഭാഗമാകുകയും ചെയ്യും. സിംപതറ്റിക് വ്യവസ്ഥയുടെ അമിത ഉത്തേജനം മൂലം ശരീരത്തിന്റെ തുലനനില തെറ്റാതിരിക്കാന്‍ പാരാസിംപതറ്റിക് വ്യവസ്ഥ വിപരീതദിശയില്‍ ഉത്തേജിതമാക്കുന്നു.

ഈ പാരാസിംപതറ്റിക് വ്യവസ്ഥയുടെ ഉത്തേജനത്തോടുകൂടി തീവ്രഹര്‍ഷാനുഭവത്തിന്റെ മൂര്‍ച്ഛയിലായിരിക്കുന്ന വ്യക്തിക്ക് ആഴമേറിയ ശാന്തതയും സമാധാനവും അനുഭവപ്പെടുന്നു.
ആട്ടാളിക്കും ഭക്തിപുരസ്സരം അനുഷ്ഠാന കര്‍മ്മങ്ങള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ബന്ധു ജനങ്ങള്‍ക്കും സംഭവിക്കുന്നതിതാണ്. അവനവനേക്കുറിച്ചുള്ള ബോധം അലിഞ്ഞുപോകുകയും എല്ലാവരും ഒരു ഏകാത്മക മനോനില കൈവരിക്കുകയും ചെയ്യുന്നു. അവിടെ ഞാനെന്ന അവബോധമില്ല. അനുഷ്ഠാനങ്ങളുടെ താളപ്രപഞ്ചത്തില്‍ അലിഞ്ഞുചേരുന്ന മനസ്സുകള്‍ മാത്രം.

ആട്ടാളിമാര്‍ ട്രാന്‍സ് അവസ്ഥകളില്‍ ഇച്ഛാനുസരണം വീഴാനും പുറത്തു കടക്കാനുമുള്ള പരിശീലനം ലഭിച്ചവരാണ്. തങ്ങളുടെ പൂര്‍വ്വഗാമികളായ കര്‍മ്മികളില്‍നിന്ന് അനുഷ്ഠാന കര്‍മ്മങ്ങളും പരേതാത്മാവിനാല്‍ ആവേശിതരായി ട്രാന്‍സ് അവസ്ഥകളില്‍ അരുളപ്പെടാനുള്ള കഴിവും എല്ലാം അവര്‍ നോക്കിനിന്നു പഠിച്ചു മാതൃകയാകുന്നു.

ദുര്‍ഗ്രാഹ്യമായ ശൈലിയില്‍ പ്രത്യേക ഈണത്തിലാണ് ആട്ടാളി പേനപ്പാട്ട് പാടുന്നത്. ഒറ്റത്തുടിയുടെ താളവും വേദമുറത്തിലെ ചെറു ഓട്ടുമണികളുടെ ചിലമ്പു ശബ്ദവും കത്തിച്ചുവെച്ച വിളക്കിന്റെ നാളവും ഇരുട്ടും വെളിച്ചവും നിഴലുകളും കരിംപുലപ്പന്തലില്‍ അലൗകികമായൊരു പശ്ചാത്തലം സൃഷ്ടിക്കുന്നു. കരിംപുല നാളിലെ ഉപവാസവും ഏകാഗ്രതയോടെയുള്ള മന്ത്രോച്ചാരണങ്ങളും കരചലനങ്ങളും ഇച്ഛാനുസൃതം ട്രാന്‍സ് അവസ്ഥയിലേക്ക് പോകാനായി പരിശീലനം ലഭിച്ച ആട്ടാളിയുടെ മസ്തിഷ്‌കത്തെ സഹായിക്കുന്നു. അയാള്‍ ഒരു 'ട്രാന്‍സ്' അവസ്ഥയിലേക്ക് വീഴുകയാണ്. അയാളുടെ അവബോധത്തിലേക്ക് പരേതാത്മാവ് പ്രവേശിക്കുന്നു. മിത്തുകളിലും ആചാരാനുഷ്ഠാനങ്ങളിലുമുള്ള കാഴ്ചക്കാരുടേയും കര്‍മ്മിയുടേയും വിശ്വാസം ഈ ആത്മീയാനുഭവങ്ങളെ ദൃഢതരമാക്കുന്നുണ്ട്.

പണിയരുടെ പേനപ്പാട്ടില്‍ പാടിയുണര്‍ത്തുന്ന ആ സ്വര്‍ഗ്ഗം എവിടെയാണ്? പ്രപഞ്ചോല്പത്തിയുടെ ആരംഭബിന്ദുവായ ഇപ്പിമല തന്നെയായിരിക്കണം പണിയരുടെ സ്വര്‍ഗ്ഗം. ഒരുകാലത്ത് അല്ലലില്ലാതെ, കാടിന്റെ കാവല്‍ക്കാരായി, മനുഷ്യകുലത്തിന്റെ ആദി പിതാക്കളായി ഉത്തപ്പനും ഉത്തമ്മയും സ്വച്ഛന്ദം വിഹരിച്ചിരുന്ന, അരയ്ക്കു മുകളിലേക്ക് ആങ്ങളയും പെങ്ങളും അരക്കു താഴേക്ക് സ്ത്രീയും പുരുഷനുമായി കഴിഞ്ഞുകൂടുന്ന അതേ ഇപ്പിമല തന്നെയായിരിക്കണം പണിയരുടെ നിത്യവാസസ്ഥാനം.

വെള്ളച്ചിയേയും ചന്ദ്രപ്പനേയും കരിംപുലയടിയന്തിരത്തിനുശേഷം ഞാന്‍ പല പ്രാവശ്യം കല്‍പ്പറ്റ ജനറലാശുപത്രിയില്‍ വെച്ചു കണ്ടു. വെള്ളച്ചിയുടെ വിഷാദം പൂര്‍ണ്ണമായി വിട്ടുമാറി. കാതില്‍ കുന്നിമണികള്‍ നിറച്ച ചൂതുമണിക്കമ്മലണിയുന്ന ഒരമ്മൂമ്മയായി വെള്ളച്ചി എന്നോടു സംസാരിച്ചു. വിഷാദത്തിന്റെ കയ്പുനിറഞ്ഞ ആ പഴയ ദിനങ്ങളില്‍ വെള്ളച്ചി ആവര്‍ത്തിച്ചുരുവിട്ടിരുന്ന 'ഇപ്പി'യെന്ന വാക്ക് ഇപ്പോള്‍ എനിക്കു മനസ്സിലാകുന്നു. അതാണ് പണിയവംശത്തിന്റെ മുഴുവന്‍ സ്വപ്നങ്ങളും പ്രതീക്ഷകളും മഹാദുഃഖങ്ങളും ഘനീഭവിച്ച അവരുടെ സ്വര്‍ഗ്ഗം. അവരുടെ വാഗ്ദത്ത ദേശം.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com