'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നിടത്താണ് കോണ്‍ഗ്രസ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്'

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സാമാന്യം ഭേദപ്പെട്ട ആരോഗ്യത്തോടെ നിലനിന്നു കാണാനാഗ്രഹിക്കുന്ന, കോണ്‍ഗ്രസ്സുകാരല്ലാത്ത ധാരാളം പേര്‍ രാജ്യത്തുണ്ട്
'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നിടത്താണ് കോണ്‍ഗ്രസ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്'

ന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സാമാന്യം ഭേദപ്പെട്ട ആരോഗ്യത്തോടെ നിലനിന്നു കാണാനാഗ്രഹിക്കുന്ന, കോണ്‍ഗ്രസ്സുകാരല്ലാത്ത ധാരാളം പേര്‍ രാജ്യത്തുണ്ട്. മതേതര ബഹുസ്വര ജനാധിപത്യത്തിന്റെ ആരാധകരാണവര്‍. സ്വാതന്ത്ര്യാനന്തരം മതേതര ജനാധിപത്യത്തിന്റെ പന്ഥാവിലൂടെ നടന്ന ഇന്ത്യ ദ്രുതഗതിയില്‍ വംശീയ ജനാധിപത്യത്തിന്റെ ഇരുളടഞ്ഞ വീഥിയിലേക്ക് വഴിമാറുകയാണെന്നു തിരിച്ചറിയുന്നവരാണ് ആ വിഭാഗം. വംശീയ ജനാധിപത്യം ഫലത്തില്‍ ജനാധിപത്യരാഹിത്യമാകയാല്‍ ഇന്ത്യ ഒരു 'എത്നിക് ഡെമോക്രാറ്റിക് സ്റ്റെയ്റ്റ്' ആയിക്കൂടെന്ന് അവര്‍ ഉല്‍ക്കടമായി ആഗ്രഹിക്കുന്നു. പ്രസ്തുത ആഗ്രഹം സഫലമാകണമെങ്കില്‍ ഇപ്പോള്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒരു മതേതര ജനാധിപത്യ ബദല്‍ കൂടിയേ തീരൂ. ദേശീയതല സാന്നിധ്യം ഇപ്പോഴും അവകാശപ്പെടാനാവുന്ന ഒരേയൊരു കക്ഷി എന്ന നിലയില്‍ ആ ബദലാകാന്‍ കോണ്‍ഗ്രസ്സിനേ സാധിക്കൂ എന്നതിനാലാണ് കോണ്‍ഗ്രസ്സുകാരല്ലാത്ത സെക്യുലര്‍ ചിന്താഗതിക്കാര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന്റെ പൂര്‍വ്വകാല ആരോഗ്യം വീണ്ടെടുക്കണമെന്നു മോഹിക്കുന്നത്.

മതേതര മനഃസ്ഥിതിയുള്ള വ്യക്തികള്‍ മാത്രമല്ല, ഒരുകാലത്ത് കോണ്‍ഗ്രസ്സിനെ നിശിതമായി വിമര്‍ശിച്ചുപോന്ന ചില സംഘടനകള്‍ പോലും കോണ്‍ഗ്രസ് കരുത്താര്‍ജ്ജിച്ചു കാണാനാഗ്രഹിക്കുന്നു എന്നത് വസ്തുതയത്രേ. അത്തരം സംഘടനകള്‍ കൂടുതലുള്ളത് ന്യൂനപക്ഷ സമുദായങ്ങള്‍ക്കകത്താണ്. അടിയന്തരാവസ്ഥയ്ക്ക് മുന്‍പും പിന്‍പും കോണ്‍ഗ്രസ്സിനുമേല്‍ ഹിന്ദു വര്‍ഗ്ഗീയത ആരോപിച്ചു നടന്ന സംഘടനകള്‍ പോലും അവയില്‍പ്പെടും. പൗരത്വ(ഭേദഗതി) നിയമം, 370-ാം വകുപ്പിന്റെ ഗളഹസ്തം പല സംസ്ഥാനങ്ങളും നടപ്പാക്കുന്ന മതപരിവര്‍ത്തനം തടയല്‍ നിയമം, ഭേദഗതി ചെയ്യപ്പെട്ട യു.എ.പി.എയുടെ കരാളത തുടങ്ങി പല വിഷയങ്ങളുടെ പേരില്‍ ബി.ജെ.പി ഭരണത്തോട് കടുത്ത വിപ്രതിപത്തിയുള്ള ന്യൂനപക്ഷ രാഷ്ട്രീയ, മതസംഘടനകള്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവ് കാംക്ഷിക്കുന്നു.

കോണ്‍ഗ്രസ് ക്ഷയിക്കരുതെന്നാഗ്രഹിക്കുന്ന കോണ്‍ഗ്രസ്സുകാരല്ലാത്ത വ്യക്തികളും കോണ്‍ഗ്രസ്സിതര സംഘടനകളും രാജ്യത്തുണ്ടെങ്കിലും ചിരകാലമായി കോണ്‍ഗ്രസ്സിനെ നയിച്ചുകൊണ്ടിരിക്കുന്നവര്‍ തങ്ങളുടെ പാര്‍ട്ടിയുടെ പൂര്‍വ്വ പ്രതാപം തിരിച്ചുപിടിക്കാന്‍ യാതൊന്നും ചെയ്യുന്നില്ല എന്നതാണ് വിരോധാഭാസം. അവര്‍ വല്ലതും ചെയ്യുന്നുണ്ടെങ്കിലാകട്ടെ, അത് വിപരീതഫലം മാത്രമേ ഉളവാക്കുന്നുള്ളൂ. 2020 ആഗസ്റ്റ് 23-ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക്, കോണ്‍ഗ്രസ്സിന്റെ നേതൃപരവും സംഘടനാപരവുമായ അഴിച്ചുപണി ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതിയ ജി-23 കൂട്ടായ്മയുടെ കാര്യം തന്നെ ഉദാഹരണമാണ്. ഒന്നരവര്‍ഷം പിന്നിട്ടിട്ടും വഞ്ചി ഇപ്പോഴും തിരുനക്കരത്തന്നെ. കൂട്ടായ്മയിലുണ്ടായിരുന്ന ജിതിന്‍ പ്രസാദയും യോഗാനന്ദ ശാസ്ത്രിയും യഥാക്രമം ബി.ജെ.പിയിലേക്കും എന്‍.സി.പിയിലേക്കും ചേക്കേറി ഗ്രൂപ്പ് വിട്ടു. നേതൃമാറ്റ വിഷയത്തില്‍ പോലും ഏകാഭിപ്രായം സ്വരൂപിക്കാന്‍ ജി-23ന് ഇതുവരെ സാധിച്ചിട്ടില്ല. കപില്‍ സിബല്‍ ഒരുവഴിക്കും വേറെ ചിലര്‍ മറ്റൊരു വഴിക്കും എന്നതാണവസ്ഥ.

കോണ്‍ഗ്രസ്സിനെ പിടികൂടിയ മുഖ്യരോഗങ്ങളിലൊന്ന് ലീഡര്‍ഷിപ്പ് ഒബ്‌സെഷനാണ്. പാര്‍ട്ടിയുടെ തലപ്പത്തിരിക്കാന്‍ നെഹ്‌റു കുടുംബത്തില്‍പ്പെട്ടവര്‍ തന്നെ വേണമെന്ന ഒബ്‌സെഷന്‍ ചില പ്രമുഖ നേതാക്കള്‍ പാര്‍ട്ടിക്കുള്ളില്‍ ബോധപൂര്‍വ്വം വളര്‍ത്തിയെടുത്തു. രാജീവ് ഗാന്ധിക്കു ശേഷമെങ്കിലും പൂര്‍ണ്ണമായി ഒഴിവാക്കാനായിരുന്ന മനോഗ്രസ്തിയായിരുന്നു അത്. 1991-ല്‍ രാജീവ് വധത്തിനുശേഷം കോണ്‍ഗ്രസ്സിന്റെ അധ്യക്ഷപദവിയിലിരിക്കാന്‍ പല മുതിര്‍ന്ന നേതാക്കളും സോണിയ ഗാന്ധിയെ നിര്‍ബ്ബന്ധിച്ചുവെങ്കിലും അവരതിനു വഴങ്ങിയില്ല. 1983-ല്‍ മാത്രം ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച വ്യക്തിയും കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ആളും എന്ന നിലയില്‍, ഇറ്റലിയിലെ ലൂസിയാന എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച സോണിയ മൈനോ മാറിനിന്നെങ്കിലും നെഹ്‌റു കുടുംബത്തിന്റെ ഉപഗ്രഹ രാഷ്ട്രീയക്കാര്‍ 1998-ല്‍ അവരെ എ.ഐ.സി.സിയുടെ അധ്യക്ഷക്കസേരയില്‍ പിടിച്ചിരുത്തി. മുകളില്‍ പറഞ്ഞ ഒബ്‌സെഷന്‍ രാഷ്ട്രീയക്കാരാണ് സംഘടനാപരമായി ശരിയോ രാഷ്ട്രീയമായി അഭിലഷണീയമോ അല്ലാത്ത ആ കൃത്യം ചെയ്തത്.

രാഷ്ട്രീയ ഉപഗ്രഹങ്ങളുടെ വലയത്തില്‍ 

രണ്ട് ദശാബ്ദത്തോളം പാര്‍ട്ടിയുടെ പരമോന്നത പദവിയിലിരുന്ന സോണിയ സ്ഥാനമൊഴിഞ്ഞപ്പോള്‍ ഉപഗ്രഹ രാഷ്ട്രീയക്കാര്‍ കൊണ്ടുവന്നത് പുത്രനെ. സംശയമില്ല, രാഹുല്‍ ഗാന്ധി സുമനസ്‌കനും ശുദ്ധനുമാണ്. പക്ഷേ, ഒരു ദേശീയ രാഷ്ട്രീയപ്പാര്‍ട്ടിയെ നയിക്കാന്‍ അതുമാത്രം പോരല്ലോ. ഏത് പാര്‍ട്ടിയിലും വിപരീത ദിശകളില്‍ പാര്‍ട്ടിയെ വലിച്ചുകൊണ്ടുപോകാന്‍ നോക്കുന്നവരും സ്വാര്‍ത്ഥമൂര്‍ത്തികളും ഗ്രൂപ്പ് രാഷ്ട്രീയക്കാരും സ്തുതിപാഠകരുമൊക്കെയുണ്ടാവും. ഓരോ വിഭാഗത്തേയും സൂക്ഷ്മമായി തിരിച്ചറിയാനും നിലയ്ക്ക് നിര്‍ത്തേണ്ടവരെ നിലയ്ക്ക് നിര്‍ത്താനും പാര്‍ട്ടിയുടെ ഉത്തമ താല്പര്യം മുന്‍നിര്‍ത്തി വിവിധ വിഭാഗങ്ങളുടെ ഏകോപനം ഉറപ്പുവരുത്താനും ത്രാണിയുള്ളവനാകണം നേതാവ്. മാത്രമല്ല, നരേന്ദ്ര മോദിയെപ്പോലുള്ള കരുത്തനായ ഒരു രാഷ്ട്രീയ പ്രതിയോഗി അപ്പുറത്ത് നില്‍ക്കുമ്പോള്‍ ആ പ്രതിയോഗിയെ ആശയപരമായി അടിച്ചിരുത്താന്‍ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസമുള്ളവന്‍ കൂടിയാകണം കോണ്‍ഗ്രസ്സിന്റെ സാരഥി. അത് തനിക്കില്ലെന്നു തെളിയിക്കുന്നതായിരുന്നു 2019 മാര്‍ച്ച് 12-ന് പാര്‍ലമെന്റില്‍ മോദിക്കെതിരെ വിമര്‍ശന പ്രസംഗം നടത്തിയ രാഹുല്‍ ഓടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം  ചെയ്ത പരമ വിചിത്ര സംഭവം. 2019 മേയില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നിലംപരിശാക്കിയത്, രാഹുല്‍ ഗാന്ധിയുടെ ഈ ബാലിശത്വം കൂടിയാണ്.

അഞ്ചു നിയമസഭകളിലേക്ക് ഇപ്പോള്‍ (ഫെബ്രുവരി-മാര്‍ച്ചില്‍) നടന്ന തെരഞ്ഞെടുപ്പില്‍ കൈവശമുണ്ടായിരുന്ന പഞ്ചാബ് പോലും കോണ്‍ഗ്രസ്സിനു നഷ്ടപ്പെട്ടു. പാര്‍ട്ടിയുടെ നേതൃപരമായ ദൗര്‍ബ്ബല്യവും ഭാവനാരാഹിത്യവും പഞ്ചാബിലെ ദയനീയ പരാജയത്തിനു വഴിവെച്ചു എന്നു സ്പഷ്ടം. ബി.ജെ.പിയില്‍നിന്നു വന്ന നവ്‌ജോത് സിങ്ങ് സിദ്ദുവിന് പി.സി.സി അദ്ധ്യക്ഷസ്ഥാനം നല്‍കുകയെന്ന ആനമണ്ടത്തമാണ് രാഹുലും കൂട്ടരും ചെയ്തത്. സിദ്ദുവിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങി, തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ മാറ്റുകയെന്ന മഹാ വങ്കത്തവും നേതൃത്വം ചെയ്തു. ഒപ്പം പുതിയ മുഖ്യമന്ത്രി ചരണ്‍സിങ്ങ് ചന്നിയെ പരസ്യമായി വിമര്‍ശിക്കുന്ന പണിയില്‍ സിദ്ദു വ്യാപൃതനാവുകയുമുണ്ടായി. പഞ്ചാബില്‍ കോണ്‍ഗ്രസ് ശിഥിലമാവുക എന്നതായിരുന്നു ഫലം. ഉത്തരാഖണ്ഡിലാകട്ടെ, ബി.ജെ.പിയില്‍ ഉടലെടുത്ത ആശയക്കുഴപ്പം മുതലാക്കാന്‍ പോലും കോണ്‍ഗ്രസ്സിനായില്ല. തെരഞ്ഞെടുപ്പ് വേളയിലെങ്കിലും രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം അമ്പേ പരാജയപ്പെട്ടു.

2021-ല്‍ കേരളമുള്‍പ്പെടെ അഞ്ചിടങ്ങളില്‍ നടന്ന അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ തങ്ങള്‍ നേരിട്ട പരാജയത്തിന്റെ കാരണങ്ങള്‍ പഠിക്കാന്‍ പാര്‍ട്ടി ഒരു സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതി അതിന്റെ റിപ്പോര്‍ട്ട് യഥാസമയം സമര്‍പ്പിച്ചെങ്കിലും അത് ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതിനു പകരം പെട്ടിയില്‍ സൂക്ഷിക്കുകയത്രേ പാര്‍ട്ടി മേലാളന്മാര്‍ ചെയ്തത്. തോല്‍വിയിലേക്കു നയിച്ച സാഹചര്യങ്ങളും ഹേതുക്കളും പഠനവിധേയമാക്കുകയും ആത്മപരിശോധനയിലേര്‍പ്പെടുകയും ആവശ്യമായ തിരുത്തലുകള്‍ അപ്പപ്പോള്‍ നടത്തുകയും ചെയ്യുന്ന പാര്‍ട്ടികള്‍ക്കു മാത്രമേ മുന്നോട്ട് പോകാനാവൂ. പകരം നെഹ്‌റു കുടുംബമാണ് പാര്‍ട്ടിയെന്നും സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയുമാണ് 137 വയസ്സ് പിന്നിട്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രക്ഷകരെന്നുമുള്ള മൗഢ്യം ഇനിയും തുടര്‍ന്നാല്‍ കരകയറാനാകാത്ത വിധം പാര്‍ട്ടി പടുകുഴിയില്‍ നിപതിക്കും.

ഏപ്രില്‍ മാസത്തില്‍ 'ചിന്തന്‍ ശിബിര്‍' നടത്താന്‍ പോകുന്നതെന്ന പാര്‍ട്ടി നേതൃത്വം വെളിപ്പെടുത്തിയിട്ടുണ്ട്. ആ യജ്ഞത്തിലേക്ക് പ്രവേശിക്കും മുന്‍പ് പാര്‍ട്ടിയുടെ അമരത്തിരിക്കുന്നവര്‍ അംഗീകരിക്കേണ്ട ഒരു കാര്യമുണ്ട്. കോണ്‍ഗ്രസ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അഭൂതപൂര്‍വ്വവും അതിതീക്ഷ്ണവുമായ അസ്തിത്വ പ്രതിസന്ധിയാണെന്ന യാഥാര്‍ത്ഥ്യമാണത്. പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക എന്നിടത്താണ് ജവഹര്‍ലാലിനെപ്പോലുള്ള മഹാരഥന്മാര്‍ നയിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. അതിജീവനം സാധ്യമാകണമെങ്കില്‍ ഗ്രൂപ്പ് വഴക്കും തമ്മില്‍ത്തല്ലും ഒഴിവാക്കി പാര്‍ട്ടി അതിന്റെ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കണം. മതേതര ജനാധിപത്യമൂല്യങ്ങള്‍ക്ക് കരുത്ത് പകരുന്ന പുതിയ ആശയങ്ങള്‍ക്കും പുതിയ നേതാക്കള്‍ക്കും വേണ്ടി പാര്‍ട്ടിയുടെ കവാടങ്ങള്‍ തുറന്നിടുന്നു.

യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നാവശ്യപ്പെടുന്ന രാഹുല്‍ ഗാന്ധി പോലും ആശയ-സമീപന തലങ്ങളില്‍ പുരോഗമന ചിന്താഗതിക്കൊപ്പം നില്‍ക്കുന്നില്ല എന്നതാണനുഭവം. ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഗംഗ ആരതിയില്‍ അദ്ദേഹം പങ്കെടുക്കുകയുണ്ടായി. മൃദുഹിന്ദുത്വ പരിലാളനത്തിന്റെ ഉദാഹരണമാണത്. ബി.ജെ.പിയെ അനുകരിക്കുകയോ ആ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര നിലപാടുകളെ സാധൂകരിക്കുംവിധമുള്ള ചെയ്തികളില്‍ ഏര്‍പ്പെടുകയോ അല്ല കോണ്‍ഗ്രസ് നേതൃത്വം ചെയ്യേണ്ടത്. ഹിന്ദുത്വം പ്രത്യയശാസ്ത്രത്തിന്റേയും ഇസ്ലാമിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റേയും പ്രതിലോമതയും ജനാധിപത്യവിരുദ്ധതയും തുറന്നുകാട്ടി. സെക്യുലര്‍ ഡെമോക്രസിയുടെ പ്രത്യയശാസ്ത്രം കരളുറപ്പോടെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുവേണം കോണ്‍ഗ്രസ് മുന്നോട്ട് നടക്കാന്‍.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com