കെ റെയിലിനെ പിന്തുണയ്ക്കാന്‍ അവര്‍ ഉപയോഗിക്കുന്നത് മാര്‍ക്സിസത്തെയല്ല

By ബിപിന്‍ ബാലറാം  |   Published: 17th April 2022 05:26 PM  |  

Last Updated: 17th April 2022 05:26 PM  |   A+A-   |  

SILVER_LINE

 

''The anatomy ... of civil society is to be sought in political economy'
- Karl Marx

കെ. റെയിലിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ കാള്‍ മാര്‍ക്സിന്റെ പേര് എവിടെയും ഉയര്‍ന്നു കേള്‍ക്കുന്നില്ല. പദ്ധതി ഏതുവിധേനയും നടപ്പാക്കുമെന്ന് ശാഠ്യം പിടിക്കുന്ന ഇടതുമുന്നണിയിലെ ഏറ്റവും വലിയ രണ്ട് പാര്‍ട്ടികള്‍ 'മാര്‍ക്സിസ്റ്റ്' എന്നാണ് സ്വയം അടയാളപ്പെടുത്തുന്നത്. എന്നാല്‍, ഈ പദ്ധതിയെ പിന്തുണയ്ക്കാന്‍ അവര്‍ ഉപയോഗിക്കുന്നത് മാര്‍ക്സിസത്തെയല്ല, മറിച്ച് വിശുദ്ധവും ചോദ്യങ്ങള്‍ക്കതീതവുമായ 'വികസനം' എന്ന ആശയത്തെയാണ്. പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കും മാര്‍ക്സിസത്തിന്റെ ആവശ്യകത തോന്നിയിട്ടില്ല. എതിര്‍പ്പുകള്‍ മിക്കവാറും അടിസ്ഥാനമാക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങളും റെയില്‍വേ ലൈനിന്റെ സാങ്കേതികത്വങ്ങളും കുടിയിറക്കപ്പെടുന്ന മനുഷ്യരുടെ കണ്ണീരുമാണ്. അങ്ങനെ ഇടതിനാലും വലതിനാലും പരിസ്ഥിതിവാദികളാലും സാങ്കേതികവിദഗ്ദരാലും വികസനവിരുദ്ധരാലും വികസനാസക്തരാലും, സാമൂഹികമാധ്യമങ്ങളില്‍ പോരടിക്കുന്ന വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭക്തരാലും പൂര്‍ണ്ണമായി തഴയപ്പെട്ടിരിക്കുന്നു കാള്‍ മാര്‍ക്സ്. എന്നാല്‍, ഈ ചര്‍ച്ചയുടേയും ഓരത്തിലിരിക്കേണ്ട ആളല്ല  മാര്‍ക്സ്. സാമാന്യബോധം വിശുദ്ധവല്‍ക്കരിക്കുന്ന സകലതിനേയും തച്ചുടയ്ക്കുന്ന സ്വഭാവം മാര്‍ക്സിന്റെ ചിന്തയ്ക്കുണ്ട്; 'വിശുദ്ധവികസന'ത്തിന്റേയും അടിത്തറ ഇളക്കേണ്ടത് മാര്‍ക്സിനെ ഉപയോഗിച്ചാണ്!

ഇതിന്റെ ആദ്യപടി ഈ ചര്‍ച്ചയെ ഒതുക്കിവെച്ചിരിക്കുന്ന ഭൂമികയില്‍നിന്നും അതിനെ മോചിപ്പിക്കുക എന്നതാണ്. ചര്‍ച്ചകളുടെ ആഴവും പരപ്പും ഇന്ന് വ്യവസ്ഥയുടെ സാമാന്യബോധത്തിനകത്ത് തളച്ചിടപ്പെടുന്നു. അതിന് മൗലികതയും വിശാലതയും കൈവരുമ്പോള്‍ മാത്രമാണ് മാര്‍ക്‌സിനു പ്രസക്തി. പൊളിറ്റിക്കല്‍ ഇക്കോണമിയെക്കുറിച്ചുള്ള തന്റെ വിഖ്യാതമായ പഠനത്തില്‍ മൗറിസ് ഡോബ് ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്, പ്രത്യയശാസ്ത്രം ഒളിച്ചു കടത്തപ്പെടുന്നത് ഉത്തരങ്ങളില്‍ അല്ല, ചോദ്യങ്ങളില്‍ തന്നെയാണ്. ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് 'പുരോഗമനപരമായ' ഉത്തരങ്ങള്‍ കൊടുക്കുന്നതിനെയല്ല മാര്‍ക്സിസം എന്ന് വിളിക്കുന്നത്. ഉത്തരങ്ങളുടെ വ്യാപ്തി ചോദ്യങ്ങളാണ് നിര്‍ണ്ണയിക്കുന്നത് എന്നും അതുകൊണ്ട് വിശകലനത്തെ വ്യവസ്ഥയുടെ അതിര്‍വരമ്പിനുള്ളില്‍ പരിമിതപ്പെടുത്തുന്ന ചോദ്യങ്ങളുടെ പ്രത്യയശാസ്ത്രം അനാവരണം ചെയ്യപ്പെടണമെന്നും യഥാര്‍ത്ഥ ചോദ്യം അതല്ല ഇതാണ് എന്നും ഓര്‍മ്മപ്പെടുത്തുന്നതിനെയാണ് മാര്‍ക്സിസം എന്ന് പറയുന്നത്. കെ-റെയിലിന്റെ കാര്യത്തിലും കാള്‍ മാര്‍ക്സിന്റെ ഇടപെടലിന്റെ ആദ്യപടി ഇതുതന്നെയാണ്.

മൗറിസ് ഡോബ്

കേരളം പോലെ ജനനിബിഡമായ പ്രദേശത്തെ ഗതാഗതപ്രശ്നത്തിന് പരിഹാരം കാണേണ്ടതിന്റെ ആവശ്യകത, കേരളത്തിന്റെ 'വികസനകുതിപ്പിന്' ഇത്തരം പദ്ധതികള്‍ നല്‍കുന്ന ഊര്‍ജ്ജം, മാറുന്ന ലോകത്തിന്റെ വേഗത്തിനൊപ്പമെത്താന്‍ നമ്മുടെ യാത്രാസംവിധാനങ്ങള്‍ സജ്ജമാവേണ്ടതിന്റെ ആവശ്യം, ഇപ്പോള്‍ തന്നെ ലോലമായ കേരളത്തിന്റെ പരിസ്ഥിതിക്ക് ഇത്തരം ഒരു പദ്ധതി ഉണ്ടാക്കാവുന്ന ക്ഷതം, ആഗോളമാന്ദ്യവും മഹാമാരിയും കൊണ്ട് നടുവൊടിഞ്ഞ കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക്  ബാദ്ധ്യത , നാലരമണിക്കൂറില്‍ തിരുവനന്തപുരത്ത് എത്തുക എന്നതാണോ ഇന്ന് കേരളജനത അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം, മണിക്കൂറില്‍ ഇരുന്നൂറ് കിലോമീറ്റര്‍ കൈവരിക്കുന്നതിനുള്ള സാങ്കേതിക പരിമിതികള്‍ എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച കുടുങ്ങിക്കിടക്കുന്നു. ഇതെല്ലാം അപ്രധാനം ആണ് എന്നല്ല, അടിസ്ഥാനപരമായ ചോദ്യമോ പ്രശ്നമോ ഇതൊന്നും അല്ല. 

ഒരു വികസനപദ്ധതിയേയും നമുക്ക് ശൂന്യതയില്‍നിന്നുകൊണ്ട് വിലയിരുത്താന്‍ ആവില്ല. കേവലമായ സാങ്കേതിക-പാരിസ്ഥിതിക-സാമ്പത്തിക വാദങ്ങള്‍കൊണ്ട് ഒരു പദ്ധതിയുടേയും ശരിയും തെറ്റും അളക്കാന്‍ കഴിയില്ല. പദ്ധതിയുടെ സാമൂഹിക-വര്‍ഗ്ഗ അടിസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ മാത്രമേ ഇത്തരം വാദങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാവുന്നുള്ളു. ലെനിന്‍ നിരന്തരമായി സൂചിപ്പിച്ചിരുന്നതു പോലെ, 'There is no abstract truth; truth is always concrete.' ഏത് സാമൂഹിക സാഹചര്യത്തില്‍, ആര്‍ക്കുവേണ്ടി, എന്തിന്, ആര്, എങ്ങനെയാണ് ഒരു പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഏത് പദ്ധതിയേയും വിലയിരുത്താന്‍ ആവൂ. കെ-റെയിലിന്റെ കാര്യത്തിലും ഇതുതന്നെയാണ് സത്യം. ഈ പദ്ധതിയുടെ അടിസ്ഥാനപരമായ സാമൂഹിക-വര്‍ഗ്ഗ പ്രചോദനത്തെക്കുറിച്ചും അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളെക്കുറിച്ചും ഉള്ള കൃത്യമായ ധാരണയുടെ പശ്ചാത്തലത്തില്‍ മാത്രമേ ഇന്ന് കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് നടന്നുവരുന്ന സാങ്കേതിക-പാരിസ്ഥിതിക-സാമ്പത്തിക ചര്‍ച്ചകള്‍ അര്‍ത്ഥവത്താവുന്നുള്ളു.

ലെനിന്‍

വികസനത്തിന്റെ അളവുകോലുകള്‍ 

യാത്രാസംവിധാനങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എത്രയോ ദശകങ്ങളായി നടന്നുവരുന്ന കോലാഹലങ്ങളുമായി ബന്ധപ്പെടുത്തി വേണം നാം കെ-റെയിലിനെക്കുറിച്ചുള്ള വിവാദങ്ങളേയും സമീപിക്കാന്‍. വെള്ളം, ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങള്‍ക്കെല്ലാം മുകളിലാണ് യാത്രാസൗകര്യങ്ങള്‍ക്കു കിട്ടുന്ന സാമൂഹിക പ്രാധാന്യം. റോഡുകളുടെ ശോചനീയാവസ്ഥ ഒന്നാം പേജില്‍ കളര്‍ഫോട്ടോ സഹിതം വലിയ വാര്‍ത്തയാകുമ്പോള്‍ വെള്ളക്ഷാമത്താല്‍ വലയുന്ന ഗ്രാമത്തിന്റെ അവസ്ഥയും പട്ടിണികൊണ്ട് മരിക്കുന്ന ആദിവാസി ഊരുകളുടെ വാര്‍ത്തയും എട്ടാം പേജിലെ കോളം വാര്‍ത്തയാണ്. ലംബോര്‍ഗ്നി വാങ്ങിയിട്ട് റോഡിലിറക്കാന്‍ പറ്റാത്ത യുവനടന്റെ കരളലിയിപ്പിക്കുന്ന അവസ്ഥയും കാറിലിരുന്ന് മേക്കപ്പ് ഇടാന്‍ സാധിക്കാത്ത സീരിയല്‍ നടിയുടെ ദുഃഖവും നമ്മുടെ മാധ്യമങ്ങള്‍  പ്രസിദ്ധീകരിച്ചതാണ്. ഗതാഗതസംവിധാനങ്ങളുടെ നവീകരണം എന്ന ആശയം നിരന്തരമായി ഉന്നയിക്കാത്ത ഒരു പത്രമോ വാര്‍ത്താചാനലോ 'പൗരപ്രമുഖ'നോ കേരളത്തില്‍ ഇല്ല. ദശകങ്ങളായുള്ള ഈ പ്രചാരവേല 'വികസന'ത്തിന്റെ ഏറ്റവും വലിയ അളവുകോല്‍ റോഡുകളുടെ വീതിയും നിരപ്പുമാണ് എന്ന ചിന്തയിലേക്ക് കേരളീയ സാമാന്യബോധത്തെ കൊണ്ടെത്തിച്ചു. 

ഇത് യാദൃച്ഛികത അല്ല, ഒരു പ്രത്യയശാസ്ത്ര നിര്‍മ്മിതിയാണ്. വ്യവസ്ഥയുടെ നിലനില്‍പ്പിന്റേയും പുനരുല്പാദനത്തിന്റേയും ആവശ്യങ്ങള്‍, ഭരണവര്‍ഗ്ഗത്തിന്റെ ആവശ്യങ്ങള്‍ എന്നിവയെല്ലാം ജനങ്ങളുടേയും സമൂഹത്തിന്റെയാകെയും ആവശ്യങ്ങളായി അവതരിപ്പിക്കുക എന്നതാണ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനരീതി. ഇവിടെയും ഇതുതന്നെയാണ് പിന്തുടരപ്പെടുന്നത്. ഗതാഗതസംവിധാനങ്ങളും ആ രംഗത്തെ അടിസ്ഥാന സൗകര്യവികസനങ്ങളും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനു വേണ്ടിയാണ് എന്നാണ് സങ്കല്‍പ്പം. എന്നാല്‍, ഇത് വ്യവസ്ഥയുടെ ആവശ്യങ്ങള്‍ 'പൊതുനന്മയ്ക്കായി' എന്ന ലേബലില്‍ ഒളിച്ചുകടത്താനുള്ള ഒരു ശ്രമം മാത്രമാണ്. ഈ പ്രത്യയശാസ്ത്ര നിര്‍മ്മിതിയുടെ ഭൗതികമായ പ്രചോദനം എന്താണ് എന്ന് അന്വേഷിക്കുമ്പോളാണ് കെ-റെയില്‍ ചര്‍ച്ചകളില്‍ കാള്‍ മാര്‍ക്സ് രംഗപ്രവേശം ചെയ്യുക. ഗതാഗതസംവിധാനങ്ങള്‍ക്ക് മുതലാളിത്തവ്യവസ്ഥയില്‍ ഉള്ള പ്രാധാന്യം കാള്‍ മാര്‍ക്സിന്റെ ആശയങ്ങള്‍ ഉപയോഗിച്ച് മനസ്സിലാക്കുമ്പോള്‍ മാത്രമാണ് ഈ പ്രത്യയശാസ്ത്രക്കുമിള പൊട്ടുന്നത്. 

ബാരിക്കേഡുകള്‍ മറികടന്ന് സെക്രട്ടേറിയറ്റിനുള്ളില്‍ കടക്കാന്‍ ശ്രമിക്കുന്ന യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

മുതലാളിത്തവ്യവസ്ഥയുടെ വിശകലനത്തിനായി മാര്‍ക്സ് അവലംബിച്ച രൂപരേഖ തന്നെ ആ വ്യവസ്ഥയില്‍ ഗതാഗതസംവിധാനങ്ങള്‍ക്കുള്ള പ്രാധാന്യം കാണിച്ചുതരുന്നതാണ്. മൂലധനം ആദ്യ വാള്യം മാര്‍ക്സ് മാറ്റിവെയ്ക്കുന്നത് ഉല്പാദനപ്രക്രിയയുടെ പഠനത്തിനായാണ്. ഒന്നാം വാള്യത്തിലെ രംഗം ഫാക്ടറിയാണ്. എന്നാല്‍, ഉല്പാദിപ്പിക്കപ്പെട്ട സാധനങ്ങള്‍ ഫാക്ടറിയില്‍ തന്നെ ഇരുന്നാല്‍ ഈ വ്യവസ്ഥ നിലനില്‍ക്കില്ല. അവയെ ഉപഭോക്താവിലേക്ക് എത്തിക്കുന്ന പ്രക്രിയ പ്രധാനമാണ്. അതിനാല്‍ രണ്ടാം വാള്യത്തില്‍ മാര്‍ക്സ് പഠനവിധേയമാക്കുന്നത് ഉല്പന്നങ്ങളുടെ ചംക്രമണ പ്രക്രിയയാണ്. മൂന്നാം വാള്യത്തിലാണ് മാര്‍ക്സ് മുതലാളിത്തവ്യവസ്ഥയെ അതിന്റെ സമഗ്രരൂപത്തില്‍ പഠിക്കുന്നതും അതിന്റെ പ്രത്യക്ഷ രൂപങ്ങള്‍ വിശകലനം ചെയ്യുന്നതും. ഈ വിശകലനം ആദ്യ രണ്ട് വാള്യങ്ങളിലേയും ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. 

ഉല്പന്നങ്ങളുടെ ചംക്രമണ പ്രക്രിയ (process of circulation of commodities) പഠനവിധേയമാക്കുന്ന രണ്ടാം വാള്യത്തിലെ പ്രധാന ആശയങ്ങളില്‍ ഒന്ന് വിറ്റുവരവ് സമയം (turnover time) എന്നതാണ്. ഇത് ഉല്പാദനസമയത്തിന്റേയും ചംക്രമണ സമയത്തിന്റേയും ആകെത്തുകയാണ്. അതായത് ഒരു ഉല്പന്നം നിര്‍മ്മിക്കുന്നതിനുവേണ്ടി അതിന്റെ മുതലാളി മുടക്കിയ മൂലധനവും ലാഭവും ചേര്‍ന്ന് തിരിച്ചുവരാന്‍ എടുക്കുന്ന സമയമാണ് വിറ്റുവരവ് സമയം. ഈ വിറ്റുവരവ് സമയം കൂടുന്നത് ലാഭത്തിന്റെ അളവിനേയും ലാഭനിരക്കിനേയും ഉല്പാദനപ്രക്രിയയുടെ തുടര്‍ച്ചയേയും എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്ന് മാര്‍ക്സ് രണ്ടാം വാള്യത്തില്‍ വിശദമായി പഠിക്കുന്നുണ്ട്. അതുകൊണ്ട് വിറ്റുവരവ് സമയം പരമാവധി കുറച്ചുകൊണ്ട് വിറ്റുവരവ് നിരക്ക് (rate of turnover) ഉയര്‍ത്തുക എന്നത് മുതലാളിത്തവ്യവസ്ഥയുടെ തന്നെ ആവശ്യമാണ്. ഇവിടെയാണ് സുഗമവും കാര്യക്ഷമവുമായ ഗതാഗതസംവിധാനവും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുതലാളിത്തത്തിനും ഭരണവര്‍ഗ്ഗത്തിനും അങ്ങേയറ്റം പ്രധാനമായി മാറുന്നത്. ഈ പ്രാധാന്യമാണ് ഗതാഗതരംഗത്ത് ഭീമമായി മുതല്‍മുടക്കാന്‍ മുതലാളിത്തവ്യവസ്ഥ ഭരണകൂടത്തിനു മേല്‍ നിരന്തരമായി ചെലുത്തുന്ന സമ്മര്‍ദ്ദത്തിന്റെ യഥാര്‍ത്ഥ കാരണം. എന്നാല്‍ ഈ സമ്മര്‍ദ്ദം തങ്ങളുടെ ലാഭവിഹിതത്തിനു കോട്ടം തട്ടാതിരിക്കാന്‍ വേണ്ടി ഉള്ളതാണ് എന്നു വന്നാല്‍ അതിനു ജനസമ്മതി ഉണ്ടാവില്ല. അതിനാല്‍ അതിനെ 'പൊതുനന്മ'യ്ക്കു വേണ്ടിയുള്ളതായി അവതരിപ്പിക്കേണ്ടതുണ്ട്. ഇതാണ് മുതലാളിത്തം അതിന്റെ പ്രത്യയശാസ്ത്രസംവിധാനങ്ങള്‍ വഴി ഭംഗിയായി നിര്‍വ്വഹിക്കുന്നത്. അങ്ങനെയാണ് എട്ടുവരി പാത വരുന്നത്. തിരുവനന്തപുരത്തുള്ള ഒരാള്‍ക്ക് വാരാന്ത്യങ്ങളില്‍ വേഗത്തില്‍ അല്ലലില്ലാതെ കണ്ണൂരിലെ വീട്ടില്‍ പോയി മീന്‍കറിയും കൂട്ടി ചോറുണ്ണാന്‍ വേണ്ടിയാണ് എന്ന തെറ്റിദ്ധാരണ ജനങ്ങളില്‍ ഉണ്ടാവുന്നത്!

നവലിബറല്‍ ഘട്ടത്തില്‍, ഫിനാന്‍സ് മൂലധനത്തിന്റെ വ്യാപനത്തോടെ, സര്‍ക്കുലേഷന്‍ സമയം കുറക്കേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചിരിക്കുകയാണ്. കാരണം നവലിബറല്‍ കാലഘട്ടം മുതലാളിത്തവ്യവസ്ഥയുടെ വൈരുദ്ധ്യങ്ങളുടെ പട്ടികയില്‍ ഒന്നുകൂടെ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഫിനാന്‍സ് മൂലധനത്തിന്റെ ഭീമമായ വളര്‍ച്ച ബാങ്കിങ് മേഖലയില്‍ ഉണ്ടാക്കിയ വലിയ മാറ്റങ്ങളും വിവരസാങ്കേതികവിദ്യയുടെ വിപുലമായ ഉപയോഗവും പണമൂലധനത്തിന്റെ (money capital) സര്‍ക്കുലേഷന് ആവശ്യമായ സമയം നിമിഷങ്ങള്‍ മാത്രമാക്കി ചുരുക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഉല്പന്നങ്ങളുടെ സര്‍ക്കുലേഷന് പണമൂലധനവ്യാപനത്തിന്റെ വേഗതക്കൊപ്പമെത്താന്‍ ആവുന്നില്ല എന്നത് ലാഭസാക്ഷാല്‍ക്കാരത്തിനു വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. ഈ വൈരുദ്ധ്യം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നവലിബറല്‍ മുതലാളിത്തം ഗതാഗത സംവിധാനങ്ങള്‍ക്കായുള്ള മുറവിളി ശക്തമാക്കിയിരിക്കുന്നത്.

സ്ലാവോയ് സിസക്

അധ്വാനവും ഉത്പന്ന മൂല്യവും

കേരളത്തിലെ മുതലാളി-ഭരണവര്‍ഗ്ഗം ഇവിടുത്തെ ഗതാഗത സംവിധാനങ്ങള്‍ അടിയന്തരമായി മെച്ചപ്പെടണം എന്ന് വാശിപിടിക്കുന്നതിന് ഒരു പ്രധാന കാരണം കൂടി ഉണ്ട്. മുതലാളിത്തവ്യവസ്ഥയില്‍ ഒരു ഉല്പന്നത്തിന്റെ മൂല്യം നിര്‍ണ്ണയിക്കപ്പെടുന്നത് അതിന്റെ നിര്‍മ്മാണത്തില്‍ ചെലവഴിക്കപ്പെട്ട അദ്ധ്വാനത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ഈ അദ്ധ്വാനം രണ്ട് തരത്തില്‍ ഉള്ളതാണ്. ഒന്ന്, അതിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തില്‍ നേരിട്ട് ചെലവഴിക്കപ്പെടുന്നത്; രണ്ട്, അത് ഉപയോക്താക്കളില്‍ എത്തിക്കുന്ന ഗതാഗത പ്രക്രിയയില്‍ ചെലവഴിക്കപ്പെടുന്നത്. എന്നാല്‍ മാര്‍ക്സിന്റെ പ്രധാനപ്പെട്ട ഉള്‍ക്കാഴ്ചകളില്‍ ഒന്ന്, ഉല്പന്നങ്ങളുടെ മൂല്യം നിര്‍ണ്ണയിക്കപ്പെടുന്നത് അതിനുവേണ്ടി സാമൂഹികമായി ആവശ്യമായി വരുന്ന അദ്ധ്വാനത്തിന്റെ (socially necessary labour) അടിസ്ഥാനത്തില്‍ മാത്രമാണ് എന്നതാണ്. സാമൂഹികമായി ആവശ്യമായി വരുന്ന അദ്ധ്വാനം എന്നത് ഒരു രാജ്യത്തെ ശരാശരി അദ്ധ്വാനവൈദഗ്ദ്ധ്യവും ശരാശരി അടിസ്ഥാന സൗകര്യങ്ങളും കണക്കിലെടുത്താണ് നിര്‍ണ്ണയിക്കുന്നത്. പ്രധാനമന്ത്രിയുമായി കെ-റെയിലിനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ശേഷമുള്ള പത്രസമ്മേളനത്തില്‍ ഔദ്യോഗിക കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് ''സംസ്ഥാനത്തെ റോഡ് ഗതാഗതത്തിന്റെ വേഗം മറ്റു സംസ്ഥാനങ്ങളെക്കാള്‍ 40 ശതമാനം കുറവാണ്. റെയില്‍ ഗതാഗതത്തിനു 30 ശതമാനം വേഗക്കുറവുണ്ട്'' എന്നാണ്. അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ ചരക്ക് ഗതാഗതത്തിന് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ചെലവ് വരും. പക്ഷേ, ഈ അധികച്ചെലവ് ഉപഭോക്താവില്‍നിന്നും ഈടാക്കാന്‍ സാധിക്കില്ല, കാരണം മൂല്യവും വിലയും നിര്‍ണ്ണയിക്കപ്പെടുന്നത് രാജ്യത്തെ ശരാശരി ഗതാഗതസൗകര്യത്തിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തില്‍ ഈ ശരാശരിക്കു താഴെയാണ് സൗകര്യങ്ങള്‍ എങ്കില്‍ അതു കാരണം ഉണ്ടാവുന്ന അധികച്ചെലവ് ലാഭത്തില്‍നിന്നാണ് കുറയ്ക്കപ്പെടുന്നത്. അങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഗതാഗത സംവിധാനങ്ങളുടെ നിലവാരമില്ലായ്മ ഇവിടുത്തെ മുതലാളിവര്‍ഗ്ഗത്തിന്റെ ലാഭവിഹിതത്തെ പ്രതികൂലമായി ബാധിക്കുന്നത്. അതുകൊണ്ടുതന്നെയാണ് യാത്രാസംവിധാനങ്ങളുടെ വികസനം അവരുടെ ആവശ്യമായി വരുന്നത്.

പക്ഷേ, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് കെ-റെയിലുമായി എന്ത് ബന്ധം എന്ന് ചിലരെങ്കിലും ആശ്ചര്യപ്പെട്ടേക്കാം. കാരണം, അവയെല്ലാം ചരക്ക് ഗതാഗതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങളാണ്; കെ-റെയില്‍ പ്രധാനമായും ജനസഞ്ചാരത്തിനായുള്ള ഒരു സംവിധാനമാണ്. ചരക്ക് നീക്കത്തെ സംബന്ധിച്ചുള്ള ആശയങ്ങള്‍ ജനസഞ്ചാരസംവിധാനത്തിന് ബാധകമാവുന്നത് എങ്ങനെ? എന്നാല്‍, ഈ ആശ്ചര്യം മുതലാളിത്തവ്യവസ്ഥയില്‍ ഉല്പന്നങ്ങളും ജനങ്ങളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്ന അടിസ്ഥാനസത്യം തിരിച്ചറിയാത്തതില്‍നിന്നും ഉടലെടുക്കുന്ന ഒന്നാണ്. ജനങ്ങളുടെ അദ്ധ്വാനശേഷി ഒരു ഉല്പന്നമായി മാറുന്ന വ്യവസ്ഥയാണ് മുതലാളിത്തം. ഈ വ്യവസ്ഥയേയും അതിലെ ഭരണവര്‍ഗ്ഗത്തേയും സംബന്ധിച്ചെടുത്തോളം സാധാരണ ജനങ്ങള്‍ അദ്ധ്വാനശേഷി എന്ന ഉല്പന്നത്തിന്റെ വാഹകര്‍ മാത്രമാണ്. അതുകൊണ്ടുതന്നെ ഉല്പന്നങ്ങളുടേയും അസംസ്‌കൃത വസ്തുക്കളുടേയും യന്ത്രസാമഗ്രികളുടേയും ജനങ്ങളുടേയും സര്‍ക്കുലേഷന്‍ തമ്മില്‍ വ്യവസ്ഥയ്ക്ക് വലിയ വേര്‍തിരിവൊന്നും ഇല്ല. മുതലാളിത്തത്തിന് ഇവയെല്ലാം മൂലധനത്തിന്റെ വ്യത്യസ്തരൂപങ്ങള്‍ മാത്രം! മൂലധനത്തിന്റെ മറ്റ് രൂപങ്ങളുടെ സുഗമമായ സര്‍ക്കുലേഷന്‍ പോലെ തന്നെ ജനങ്ങളുടെ യാത്രാസംവിധാനവും വ്യവസ്ഥയുടെ നിലനില്‍പ്പിന് പ്രധാനമാവുന്നത് ഇതുകൊണ്ടാണ്. മൂലധനത്തിന്റേയും തൊഴില്‍സ്ഥാപനങ്ങളുടേയും വലിയ നഗരങ്ങളിലേക്കുള്ള കേന്ദ്രീകരണം ജനങ്ങളുടെ സര്‍ക്കുലേഷന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. 

കെ-റെയില്‍ ഉള്‍പ്പെടെയുള്ള ഗതാഗതരംഗത്തെ എല്ലാ വമ്പന്‍ പദ്ധതികളും ആര്‍ക്ക് വേണ്ടിയുള്ളവയാണെന്നും എന്തിനുവേണ്ടി ഉള്ളതാണെന്നും മാര്‍ക്സിന്റെ ആശയങ്ങള്‍ സംശയലേശമന്യേ നമുക്ക് വ്യക്തമാക്കിത്തരുന്നുണ്ട്. ഇത് മുതലാളിത്തവ്യവസ്ഥയുടെ സുഗമമായ നിലനില്‍പ്പ് ലക്ഷ്യംവെച്ചുള്ള പദ്ധതികളാണ്; ആ വ്യവസ്ഥയുടെ കാവലാളുകള്‍ ആയിട്ടുള്ള ഒരു വരേണ്യവര്‍ഗ്ഗം മാത്രമാണ് ഇവയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍. ഈ സത്യം ഖണ്ഡിക്കാന്‍ ബുദ്ധിമുട്ടാണ് എന്നു മനസ്സിലാക്കുന്ന ചില ഇടതുപക്ഷ കേന്ദ്രങ്ങളില്‍നിന്നും കെ-റെയില്‍ അടക്കമുള്ള പദ്ധതികളെ ന്യായീകരിക്കാന്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു വാദം വളരെ കൗതുകകരമാണ്. അത് ഇപ്രകാരമാണ്: മുതലാളിത്തത്തിന്റെ വളര്‍ച്ചയാണ് സോഷ്യലിസത്തിലേക്ക് നയിക്കുന്നത് എന്ന് മാര്‍ക്സ് പറയുന്നുണ്ട്; അതിനാല്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടികള്‍ മുതലാളിത്തവികസനപദ്ധതികള്‍ നടപ്പാക്കുന്നതില്‍ തെറ്റില്ല! സിംഗൂര്‍-നന്ദിഗ്രാം സമയത്ത് ബംഗാളിലെ സി.പിഎമ്മിന്റെ 'വികസനോന്മാദ'ത്തെ ന്യായീകരിക്കാനും ഈ വാദം ഉന്നയിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇത് മാര്‍ക്സിസത്തിന്റെ പൂര്‍ണ്ണമായും ഉള്ള വക്രീകരണമാണ്. 

മുതലാളിത്തത്തിന്റെ വളര്‍ച്ചയാണ് സോഷ്യലിസത്തിലേക്ക് വഴിതെളിക്കുന്നത് എന്ന മാര്‍ക്സിന്റെ ആശയം വൈരുദ്ധ്യാത്മകമായ ഒന്നാണ്. സോഷ്യലിസത്തിനു വേണ്ട വസ്തുനിഷ്ഠമായ സാഹചര്യങ്ങള്‍ (objective conditions) സൃഷ്ടിക്കുന്നത് മുതലാളിത്ത വളര്‍ച്ചയാണ്. എന്നാല്‍, ഈ വളര്‍ച്ചയുടെ ഫലമായി മുതലാളിത്തം സ്വാഭാവികമായി സോഷ്യലിസമായി പരിണമിക്കില്ല. മുതലാളിത്തവളര്‍ച്ച സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങളും പ്രതിസന്ധികളും മുതലെടുക്കാന്‍ പറ്റുന്ന ആത്മനിഷ്ഠമായ സാഹചര്യങ്ങള്‍ (subjective conditions) കൂടി അതിന് ആവശ്യമാണ്. വര്‍ഗ്ഗബോധത്തിലൂടെയും സംഘടനയിലൂടെയും ഈ സാഹചര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടികളുടെ പ്രധാന കടമ. മുതലാളിത്തവ്യവസ്ഥയ്ക്കെതിരെയുള്ള ദൈനംദിനമായ സന്ധിയില്ലാ സമരങ്ങളിലൂടെ മാത്രമേ അത് സാധിക്കുകയുള്ളൂ. ഇതിനു പകരം, ഈ പരിണാമം യാന്ത്രികമായി സംഭവിക്കുന്ന ഒന്നാണ് എന്ന വ്യാമോഹത്തിന് അടിമപ്പെട്ട് മുതലാളിത്തം വളര്‍ത്താന്‍ ഇറങ്ങിപുറപ്പെട്ടാല്‍, ജനങ്ങള്‍ അത്തരം പാര്‍ട്ടികളെ മുതലാളിത്തത്തിന്റേയും മുതലാളിമാരുടേയും കിങ്കരന്മാരായി മാത്രമേ കാണുകയുള്ളു. അതുകൊണ്ടുതന്നെ ജനമനസ്സുകളില്‍ കളങ്കിതരാക്കപ്പെട്ട അത്തരം പാര്‍ട്ടികള്‍ക്ക് ഒരിക്കലും അവരെ വിപ്ലവകരമായ സാമൂഹികമാറ്റത്തിനായി സംഘടിപ്പിക്കാന്‍ ആവില്ല. മാര്‍ക്സിന്റെ ആഴമേറിയതും വൈരുദ്ധ്യാത്മകവും ആയ ഉള്‍ക്കാഴ്ചകളെ എങ്ങനെയാണ് ഇടതുപക്ഷ വൃത്തങ്ങള്‍ അവരുടെ മുതലാളിത്ത ദാസ്യവേല മറച്ചുവെയ്ക്കുന്നതിനുള്ള യാന്ത്രികവാദങ്ങളായി വക്രീകരിക്കുന്നത് എന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇത്.   ഇത് നമ്മെ കൊണ്ടെത്തിക്കുന്നത് അടുത്ത ചോദ്യത്തിലേക്കാണ്: മുതലാളിത്തവ്യവസ്ഥയ്ക്ക് വേണ്ടിയുള്ള ഈ പദ്ധതി ആരാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നത്? ഈ പദ്ധതി ഏതുവിധേനയും നടപ്പാക്കും എന്ന് വാശിപിടിക്കുന്ന ഇടതുപക്ഷസഖ്യത്തെ നയിക്കുന്നത് 'മാര്‍ക്സിസ്റ്റ്' പാര്‍ട്ടികള്‍ ആണ്. എന്നാല്‍, ഈ ലേബല്‍ ഒരു വിരോധാഭാസം മാത്രമാണെന്ന് മാര്‍ക്സിസത്തിന്റെ എബിസി അറിയുന്ന എല്ലാവര്‍ക്കും ബോദ്ധ്യമുണ്ട്. ഇടതുപക്ഷം എന്നത് ഒരു സോഷ്യല്‍ ഡെമോക്രറ്റിക് സഖ്യമാണ്, അതിന് മാര്‍ക്സിസവുമായി ഇന്ന് യാതൊരു ബന്ധവുമില്ല. 'ജനക്ഷേമകരമായ പരിഷ്‌കാരങ്ങള്‍' വഴി മുതലാളിത്തത്തിന്റെ വൈരുദ്ധ്യങ്ങള്‍ പരിഹരിക്കാനാവും എന്ന് വ്യാമോഹിക്കുന്ന സോഷ്യല്‍ ഡെമോക്രസിയെക്കുറിച്ച്, അതുകൊണ്ടാണ് സ്ലാവോയ് സിസക്, ''ഇരുപതാം നൂറ്റാണ്ടിലുടനീളം മുതലാളിത്തത്തിനെതിരായ കമ്യൂണിസ്റ്റ് ഭീഷണിയെ ചെറുക്കാന്‍ അണിനിരത്തപ്പെട്ട ഒരു ഉപകരണമായിരുന്നു സോഷ്യല്‍ ഡെമോക്രസി'' എന്ന് അഭിപ്രായപ്പെട്ടത്.

ഡേവിഡ് ഹാര്‍വി

നവലിബറലിസത്തിലേക്കുള്ള ചായ്‌വ്

മുതലാളിത്തത്തെ വിപ്ലവകരമായി പരിവര്‍ത്തനം ചെയ്യേണ്ടതിന്റെ ആവശ്യമില്ലെന്നും അതിന്റെ 'മോശം വശങ്ങളെ' പരിഷ്‌കരിച്ചാല്‍ മാത്രം മതിയെന്നും വാദിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടികളെ നവലിബറലിസത്തിന്റെ തുടക്കത്തോടുകൂടി മുതലാളിത്തവ്യവസ്ഥ സ്വാംശീകരിച്ച് നിര്‍ജ്ജീവമാക്കുകയാണ് ചെയ്തത്. എണ്‍പതുകളുടെ ആദ്യപകുതിയോടുകൂടി തന്നെ യൂറോപ്പിലെ സോഷ്യല്‍ ഡെമോക്രറ്റിക് പാര്‍ട്ടികള്‍ ഒന്നൊന്നായി നവലിബറല്‍ നയങ്ങളെ പുല്‍കിത്തുടങ്ങിയിരുന്നു. മാവോയുടെ മരണത്തെത്തുടര്‍ന്ന് 1978-ല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് തുടക്കമിട്ട ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായിരം ആണ്ടോടുകൂടി നവലിബറിലസത്തെ പൂര്‍ണ്ണമായും സ്വീകരിച്ചു. സോഷ്യല്‍ ഡെമോക്രസിയുടെ ഇന്ത്യന്‍ പതിപ്പുകളായ സി.പി.എമ്മും സി.പി.ഐയും നവലിബറലിസത്തിലേക്കുള്ള ചായ്വ് ആദ്യം പ്രകടമായി കാണിച്ചു തുടങ്ങിയത് ബംഗാളിലായിരുന്നു. അത് നന്ദിഗ്രാമിലേക്കും സിംഗൂരിലേക്കും അതിലൂടെ ബംഗാളിലെ ഇടതുപക്ഷത്തിന്റെ സര്‍വ്വനാശത്തിലേക്കും നയിച്ചു എന്ന് നമുക്കറിയാം. ഇങ്ങ് കേരളത്തില്‍ കഴിഞ്ഞ മൂന്ന് ദശകങ്ങളായി ഇടതുപക്ഷം നവലിബറല്‍ പക്ഷത്തേക്ക് ക്രമേണയുള്ള യാത്രയിലാണ്. പാര്‍ട്ടിയില്‍ വി.എസിന്റെ കലാപം ഇതിന്റെ പ്രത്യക്ഷരൂപങ്ങള്‍ക്കെതിരെ ഉള്ളതായിരുന്നു. ഇന്ന് 'വിഭാഗീയത' മുഴുവനായും തുടച്ചുനീക്കി സി.പി.എം ഒരുമയോടുകൂടി നവലിബറല്‍ നയങ്ങളെ പുല്‍കിയിരിക്കുകയാണ്. സംസ്ഥാന സമ്മേളനത്തിലെ 'വികസന നയരേഖ' ഇതിന്റെ സാക്ഷ്യപത്രമാണ്.

മാര്‍ക്സിസ്റ്റ് ചിന്തകനായ ഡേവിഡ് ഹാര്‍വി നവലിബറല്‍ മുതലാളിത്തത്തിന്റെ പ്രവര്‍ത്തനരീതിയെ അടയാളപ്പെടുത്തുന്നത് 'കുടിയിറക്കലിലൂടെ ഉള്ള സമാഹരണം' (accumulation by dispossession) എന്ന ആശയം ഉപയോഗിച്ചാണ്. മുതലാളിത്തവളര്‍ച്ചക്ക് ആവശ്യമായ അടിസ്ഥാന സൗകര്യവികസനം ജനങ്ങളുടെ ചെലവില്‍, അവരുടെ ഭൂമിയും സ്വത്തും കവര്‍ന്നെടുത്തുകൊണ്ട്, അവരുടെ പ്രതിഷേധങ്ങളെ ചവിട്ടിയരച്ചു കൊണ്ട് നടപ്പാക്കുക എന്നത് ഇതിന്റെ ഭാഗമാണ്. ഇതില്‍ നവലിബറല്‍ ഭരണകൂടത്തിന്റെ പങ്ക് തന്റെ 'A brief history of neoliberalism' എന്ന പഠനത്തില്‍ ഹാര്‍വി എടുത്തുപറയുന്നുണ്ട്: ''അക്രമത്തിന്റെ കുത്തകയുടേയും നിയമസാധുതയുടെ നിര്‍വ്വചനത്തിന്റേയും സഹായത്തോടുകൂടി ഈ പ്രക്രിയകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതില്‍ ഭരണകൂടം ഒരു നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.'' ഇതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് കെ-റെയിലിന്റെ കാര്യത്തില്‍ കേരളത്തില്‍ നമ്മള്‍ ഇന്നു കാണുന്നത്. ഹാര്‍വിയുടെ ഈ ആശയത്തിന്റെ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ കെ-റെയിലിനെതിരെയുള്ള കോണ്‍ഗ്രസ്സിന്റേയും ബി.ജെ.പിയുടേയും സമരം വെറും പ്രഹസനമാണെന്ന് മനസ്സിലാക്കുന്നതില്‍ വിഷമമില്ല. കാരണം, ഈ നവലിബറല്‍ പ്രവര്‍ത്തനരീതിയെ അവര്‍ ഭരണത്തിലിരിക്കുന്ന സ്ഥലങ്ങളിലെല്ലാം കോണ്‍ഗ്രസ്-ബി.ജെ.പി ഭരണകൂടങ്ങള്‍ പിന്തുണച്ചിട്ടേയുള്ളൂ. അതുകൊണ്ട് ഇന്ന് നടക്കുന്ന സമരങ്ങളില്‍ തങ്ങളുടെ ജീവിതോപാധികള്‍ തച്ചുടച്ചുകൊണ്ട് വളരാന്‍ വെമ്പുന്ന നവലിബറല്‍ മുതലാളിത്തത്തേയും അതിന് ചൂട്ട് പിടിക്കുന്ന ഭരണകൂടത്തേയും പ്രതിരോധിക്കുന്ന ജനങ്ങളോട് മാത്രമേ ഐക്യദാര്‍ഢ്യപ്പെടാന്‍ സാധിക്കുകയുള്ളു. അവരുടെ പ്രതിരോധത്തിന് ദിശയും ലക്ഷ്യവും പകരാന്‍ കെല്‍പ്പുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ഇല്ല എന്നുള്ളത് വലിയ പോരായ്മയാണ് താനും.

''കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ നാലരമണിക്കൂറില്‍ എത്താന്‍ സാധിക്കുന്നത് മോശം കാര്യമാണോ?'' തുടങ്ങിയ വാദങ്ങള്‍ ഈ സാമൂഹിക വിഷയത്തെ ലളിതവല്‍ക്കരിച്ച് അതിന്റെ ഉള്ളടക്കം മുഴുവന്‍ ചോര്‍ത്തിക്കളയാന്‍ ഉദ്ദേശിച്ചുള്ളവയാണ്. കെ-റെയില്‍ പ്രശ്നത്തിന്റെ സാമൂഹികവും രാഷ്ട്രീയവും വര്‍ഗ്ഗപരവുമായ ഉള്ളടക്കത്തെ അഭിമുഖീകരിക്കാനുള്ള ഭയമാണ് ഇത്തരം ലളിതവല്‍ക്കരണത്തിനു പിന്നില്‍. അതുകൊണ്ടാണ് ശരി-തെറ്റ് എന്ന യാന്ത്രികദ്വന്ദ്വത്തില്‍ ചര്‍ച്ചയെ തളച്ചിടാന്‍ ഇതുപോലുള്ള വാദങ്ങള്‍ ഉയര്‍ത്തുന്നവര്‍ ശ്രമിക്കുന്നത്. ഈ പദ്ധതിയുടെ വര്‍ഗ്ഗപരവും സാമൂഹികവുമായ ഉള്ളടക്കം മാര്‍ക്സിസ്റ്റ് ആശയങ്ങളുടെ വെളിച്ചത്തില്‍ നമ്മള്‍ കണ്ടു കഴിഞ്ഞു. എല്ലാ വന്‍കിട ഗതാഗത പദ്ധതികളും പോലെ തന്നെ ഇത് മുതലാളിത്തവ്യവസ്ഥയിലെ സര്‍ക്കുലേഷന്‍ പ്രക്രിയ സുഗമമാക്കാന്‍ ലക്ഷ്യംവെച്ചുള്ളതാണ്. ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍ വരേണ്യ ഭരണവര്‍ഗ്ഗമാണ്. നവലിബറല്‍ മുതലാളിത്ത യുക്തിക്കു മുഴുവനായും കീഴ്പെട്ടു കഴിഞ്ഞ ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയും അത് നയിക്കുന്ന സഖ്യവുമാണ് ഇത് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. 'കുടിയിറക്കലിലൂടെയുള്ള സമാഹരണം' എന്ന നവലിബറല്‍ പ്രവര്‍ത്തനരീതിയുടെ മറ്റൊരു മാതൃക മാത്രമാണ് ഇവിടെ അരങ്ങേറുന്നത്. ഇതുപോലുള്ള സാഹചര്യങ്ങളില്‍ ലോകത്തെല്ലായിടത്തും സംഭവിക്കുന്നതു പോലെ തന്നെ ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാതെ, നിര്‍ണ്ണായകമായ തീരുമാനങ്ങളില്‍ ഒന്നും അവരുടെ പങ്കാളിത്തം ഇല്ലാതെ, സുതാര്യതയോ വ്യക്തതയോ ലവലേശം ഇല്ലാതെ, അവരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്തിക്കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കാന്‍ ശ്രമം നടക്കുന്നത്. ലാഭത്തിന്റെ യുക്തിയും സാമൂഹിക നന്മയും പരസ്പരം പൊരുത്തപ്പെട്ടു പോകാത്തതുകൊണ്ട് പോരാടുന്ന ജനതയും നവലിബറല്‍ ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനാവാത്തതാണ്.

യാത്രാവേഗം മൂന്നുമടങ്ങ് വര്‍ദ്ധിപ്പിക്കുന്ന ഒരു സംവിധാനത്തെ സാധാരണഗതിയില്‍ ജനങ്ങള്‍ എതിര്‍ക്കേണ്ട കാര്യമില്ല. എന്നാല്‍, ലാഭം എന്ന അച്ചുതണ്ടില്‍ തിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു വ്യവസ്ഥയില്‍ വസ്തുനിഷ്ഠമായി വിമോചനസാദ്ധ്യതയുള്ള സാങ്കേതിക മുന്നേറ്റങ്ങള്‍ പോലും തങ്ങളുടെ ജീവിതോപാധികളെ ചോദ്യം ചെയ്യുന്നവയായാണ് ജനങ്ങള്‍ക്ക് അനുഭവപ്പെടുക. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫാക്ടറികളിലെ യന്ത്രവല്‍ക്കരണവുമായി ബന്ധപ്പെട്ട് മാര്‍ക്സ് നടത്തിയ ഈ പരാമര്‍ശം ഇന്ന് കെ-റെയിലിന്റെ കാര്യത്തിലും ശരിയാണ്. സാമൂഹിക നന്മ പ്രധാന ലക്ഷ്യമായുള്ള ഒരു വ്യവസ്ഥയില്‍ മാത്രമേ സാങ്കേതിക പുരോഗതിയുടെ എല്ലാ സാദ്ധ്യതകളും പ്രയോജനപ്പെടുത്തുന്ന ഇത്തരം വന്‍കിട പദ്ധതികള്‍ വര്‍ഗ്ഗവൈരുദ്ധ്യങ്ങള്‍ ഇല്ലാതെയും ജനസമ്മതിയോടുകൂടിയും ആസൂത്രണത്തിലും നടപ്പാക്കലിലും ജനങ്ങളുടെ ജനാധിപത്യപരമായ പങ്കാളിത്തത്തിലൂടെയും സാക്ഷാല്‍ക്കരിക്കാന്‍ സാധിക്കൂ. മുതലാളിത്തവ്യവസ്ഥയിലാവട്ടെ, അനുദിനം മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന വര്‍ഗ്ഗവൈരുദ്ധ്യങ്ങള്‍ക്കിടയില്‍ തോക്കുകളുടേയും ലാത്തികളുടേയും അകമ്പടിയോടുകൂടി ജനങ്ങളെ വകഞ്ഞുമാറ്റിക്കൊണ്ട് മാത്രമേ ഇവ നടപ്പാക്കാന്‍ ആവൂ. അതുകൊണ്ട് കെ-റെയില്‍ പോലുള്ള പദ്ധതികള്‍ ജനോപകാരപ്രദമായി യാഥാര്‍ത്ഥ്യമാവണം എന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് ലാഭാസക്തിക്കു പകരം മനുഷ്യനന്മ ലക്ഷ്യമാക്കുന്ന ഒരു വ്യവസ്ഥയ്ക്കുവേണ്ടി നിലകൊള്ളുക എന്നതാണ്. 

(ലേഖകന്‍ പോളണ്ടിലെ ലോഡ്‌സ് സര്‍വകലാശാലയില്‍ ഗവേഷകനാണ്)

ഈ ലേഖനം വായിക്കാം

അവരെ 'വികസനവിരുദ്ധര്‍' എന്നു വിളിച്ച് സര്‍ക്കാരിന് ആക്ഷേപിക്കാം; പക്ഷേ, ചരിത്രം അവരെ ശരിവെയ്ക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ