പുതിയ ഭേദഗതിയോടെ ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിക്കിട്ടും

By സതീശ് സൂര്യന്‍   |   Published: 14th August 2022 04:24 PM  |  

Last Updated: 14th August 2022 04:24 PM  |   A+A-   |  

sathish

 

ഴിഞ്ഞ മാസമാണ് ദ്രൗപദി മുര്‍മു എന്ന ഗോത്രവര്‍ഗ്ഗ വനിത ഇന്ത്യയുടെ രാഷ്ട്രപതിയാകുന്നത്. രാജ്യത്തിന്റെ ആദ്യത്തെ ഗോത്രവര്‍ഗ്ഗത്തില്‍ നിന്നുള്ള രാഷ്ട്രപതി. സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധിയായതുകൊണ്ടുതന്നെ അവരെ രാഷ്ട്രപതി സ്ഥാനത്തേക്കു തെരഞ്ഞെടുത്തത് ആഗോളശ്രദ്ധ നേടിയിരുന്നു. സന്താള്‍ ഗോത്രവര്‍ഗ്ഗത്തില്‍ നിന്നുള്ള മുര്‍മു രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായത് ചരിത്രപ്രാധാന്യമുള്ള ഒന്നായി മാറി.

രാഷ്ട്രപതിയാകുന്നതിനു മുന്‍പ് അവര്‍ മറ്റു നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലെ ഗവര്‍ണര്‍ എന്ന ദൗത്യമുള്‍പ്പെടെ. അവര്‍ ഗവര്‍ണ്ണറായിരിക്കെ അന്നത്തെ ബി.ജെ.പി ഗവണ്‍മെന്റ് ഭൂവിനിയോഗ നിയമത്തില്‍ വരുത്തിയ ഭേദഗതി അവര്‍ തിരിച്ചയച്ചത് മാധ്യമശ്രദ്ധ നേടിയിരുന്നു. ഈയൊരു ചരിത്രമുള്ള ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപതിയാക്കിയ രാഷ്ട്രീയകക്ഷിതന്നെ അവരുടെ സ്ഥാനലബ്ധിയുടെ മുഹൂര്‍ത്തത്തില്‍ ഒരു ആദിവാസി വിരുദ്ധ നീക്കം നടത്തിക്കൊണ്ട് തങ്ങളുടെ പ്രവൃത്തിയെ 'ബാലന്‍സ്' ചെയ്തു. മുര്‍മുവിനെ രാഷ്ട്രപതിയാക്കിയ നടപടി 'ടോക്കണ്‍' ആണെന്നും ആദിവാസി ഭൂമിയും വിഭവങ്ങളും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കുന്നതിനു സൗകര്യം ചെയ്തുകൊടുക്കാനുള്ള ഉദ്ദേശ്യത്തില്‍നിന്നു പിന്‍മാറ്റമില്ലെന്നും സൂചിപ്പിച്ചുകൊണ്ട് പരിസ്ഥിതി, വന, കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രാലയം ജൂണ്‍ 28-ന് വനസംരക്ഷണ നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍, ഇത് ദ്രൗപദി മുര്‍മുവിന്റെ സ്ഥാനലബ്ധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചവരില്‍ നിന്നുപോലും വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. 

ആദിവാസികളുടെ വനാവകാശത്തിനുവേണ്ടി വാദിക്കുന്നവരും ഗവണ്‍മെന്റ് നയങ്ങളെ സംബന്ധിച്ച് ഗവേഷണം നടത്തുന്നവരുമാണ് വനസംരക്ഷണ നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ക്കെതിരെ രംഗത്തുള്ളത്. പുതിയ ഭേദഗതികള്‍ 2006-ലെ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ആന്റ് അദര്‍ ട്രെഡിഷണല്‍ ഫോറസ്റ്റ് ഡ്വെല്ലേഴ്‌സ് (റെകഗ്‌നിഷന്‍ ഒഫ് ഫോറസ്റ്റ് റൈറ്റ്‌സ്) ആക്ടിലെ വകുപ്പുകളില്‍ വെള്ളം ചേര്‍ക്കുന്നതിനു തുല്യമാണ് പുതിയ ഭേദഗതിയെന്നതാണ് അവരുടെ വിമര്‍ശനം. 

ഭേദഗതിയിലൂടെ കോര്‍പ്പറേറ്റുകള്‍ക്കും സ്വകാര്യ സംരംഭകര്‍ക്കും വനം തുറന്നിട്ടുകൊണ്ടിരിക്കുകയാണെന്നും ആദിവാസികളുള്‍പ്പെടെയുള്ള വനവാസികളെ കൂടുതല്‍ അരികുവല്‍ക്കരിക്കും എന്നതിനു പുറമേ വനവിഭവങ്ങളുടെ ചൂഷണത്തിനു കാരണമാകുമെന്നും ഭേദഗതിയെ എതിര്‍ക്കുന്നവര്‍ വിമര്‍ശനമുയര്‍ത്തുന്നു.
 
വനഭൂമി ഏതെങ്കിലും ആവശ്യത്തിനായി തരംമാറ്റുകയോ കൈമാറുകയോ ചെയ്യുന്നതിന് ഇപ്പോഴുള്ള നിയമപരമായ തടസ്സങ്ങളെ ലഘൂകരിക്കുന്നത് ലക്ഷ്യമിട്ടാണ് ജൂണ്‍ 28-ന് യൂണിയന്‍ ഗവണ്‍മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. വനഭൂമി തരംമാറ്റുകയോ കൈമാറുകയോ ചെയ്യുന്നതിന് വനസംരക്ഷണ നിയമത്തിലെ വ്യവസ്ഥപ്രകാരം നടപടി എടുക്കുന്നതിന് 2006-ലെ ആദിവാസി വനാവകാശ നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയായിരിക്കണം. ഇത് സംബന്ധിച്ച് 2009-ല്‍ പരിസ്ഥിതി മന്ത്രാലയം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. 

ഈ ഉപാധിയാണ് ജൂണ്‍ 28-ന് വിജ്ഞാപനം ചെയ്ത ചട്ടമനുസരിച്ച് ഫലത്തില്‍ അസാധുവായത്. തരം മാറ്റുന്ന വനത്തിനു പകരം വേറെ സ്ഥലം കണ്ടെത്തി അവിടെ കാടുവെച്ചുപിടിപ്പിക്കാനും വനഭൂമി തരംമാറ്റുന്ന സംരംഭകന് ഇതിനു സ്ഥലം കണ്ടെത്താനാകുന്നില്ലെങ്കില്‍ സംസ്ഥാന ഗവണ്‍മെന്റ് തന്നെ സംരംഭകനില്‍നിന്ന് അതിന്റെ വില വാങ്ങി വനമുണ്ടാക്കുന്നതിനു ഭൂമി കണ്ടെത്തണമെന്ന നിര്‍ദ്ദേശങ്ങളും ചട്ടത്തിലുണ്ട്. സ്വാഭാവിക വനവും പകരം വെച്ചുപിടിപ്പിക്കുന്ന വനവും തമ്മിലുള്ള വ്യത്യാസം അറിയാത്തവരല്ല ഈ ചട്ടത്തിനു പിറകില്‍ പ്രവര്‍ത്തിച്ചവരും മന്ത്രാലയത്തിലുള്ളവരും. ഇങ്ങനെ വനം വെച്ചുപിടിപ്പിക്കുന്നതിന് ആദിവാസികളുടെ തന്നെ ഇടമാകും കണ്ടെത്തേണ്ടിവരികയെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. 

സംരംഭങ്ങള്‍ക്കായി വിട്ടുകൊടുക്കാവുന്ന വനഭൂമിയുടെ അളവ് മുന്‍പുണ്ടായിരുന്ന ചട്ടത്തില്‍ നൂറു ഹെക്ടറോ അതിനുമുകളിലോ എന്നാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാല്‍, പുതിയ വിജ്ഞാപനമനുസരിച്ച് ആയിരം ഹെക്ടറോ അതിലധികമോ എന്ന് വ്യക്തമാക്കിയിട്ടുള്ളത് കോര്‍പ്പറേറ്റ് താല്പര്യം മുന്‍നിര്‍ത്തിയാണ്. വനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതിലോല കരുതല്‍ മേഖലയെ സംബന്ധിച്ച് വലിയ വാദകോലാഹലങ്ങള്‍ ഈയിടെയായി നടക്കുന്നുണ്ട്. ബഫര്‍സോണ്‍ സംബന്ധിച്ച വിവാദത്തിലും ഉയര്‍ന്നുകേള്‍ക്കുന്ന ആരോപണം ഇതും ആദിവാസികളുടെ അവകാശത്തെ ഹനിക്കുന്നതും കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്ക് വനമേഖലയിലേക്ക് എളുപ്പം കടന്നുചെല്ലാന്‍ വഴിയൊരുക്കുന്നതും ലക്ഷ്യമിടുന്നു എന്നാണ്. 

വനഭൂമി തരംമാറ്റി ഉപയോഗിക്കുന്നതിനു അനുമതി നല്‍കും മുന്‍പ് ആദിവാസികളുടേയും ഗ്രാമസഭകളുടേയും അനുമതി വാങ്ങണമെന്ന വനാവകാശ നിയമത്തിലെ വ്യവസ്ഥയാണ് പുതിയ ഭേദഗതികളിലൂടെ ഇല്ലാതാകുന്നത്. അന്തിമാനുമതി ലഭ്യമായതിനുശേഷം ഗ്രാമസഭകളെ സമീപിക്കുകയെന്ന ഈ നിര്‍ദ്ദേശം ഗ്രാമസഭകളെ അപ്രസക്തമാക്കുമെന്ന് രാജ്യസഭാംഗവും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം ചൂണ്ടിക്കാട്ടുന്നു. ഭൂമിയില്‍ കൈമാറ്റാവകാശമില്ലെങ്കിലും വനഭൂമിയിലെ തടിയിതര വിഭവങ്ങള്‍ ശേഖരിക്കുന്നതിനും വിപണനം ചെയ്യുന്നതിനും കുടുംബങ്ങള്‍ക്കും ഊരുകൂട്ടങ്ങള്‍ക്കും നിലവിലുള്ള വനാവകാശനിയമം അധികാരം നല്‍കുന്നുണ്ട്. എന്നാല്‍, പുതിയ ഭേദഗതികള്‍ പ്രകാരം വനമേഖലയില്‍ പൊതുഗതാഗതം ഉള്‍പ്പെടെയുള്ള ഔദ്യോഗികാവശ്യങ്ങള്‍ക്കോ വ്യവസായങ്ങള്‍ക്കോ വനഭൂമി വിനിയോഗിക്കേണ്ടിവന്നാല്‍ അതിന് ഈ തരത്തില്‍ ഗ്രാമസഭകളുടെ അനുമതി വാങ്ങേണ്ടിവരില്ല. ഭേദഗതി ചെയ്തതിനുശേഷമുള്ള ചട്ടത്തില്‍ വനാവകാശം നേടിയവരുടെ അനുമതിയെക്കുറിച്ച് പരാമര്‍ശവുമില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. നിര്‍ദ്ദിഷ്ട പദ്ധതികള്‍ക്കായി വനം വിട്ടുകൊടുക്കുമ്പോള്‍ ആവാസസ്ഥലം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കേണ്ടതിനെക്കുറിച്ചും പുതിയ ചട്ടം നിശ്ശബ്ദത പാലിക്കുന്നു. 

വന്‍കിട വ്യവസായങ്ങള്‍ക്കും ഖനനത്തിനും മറ്റുമായി വനഭൂമി അനായാസേന നല്‍കുന്നതിന് ഇപ്പോഴുള്ള നിയമപരമായ തടസ്സങ്ങള്‍ ഇല്ലാതാക്കാനാണ് പുതിയ ഭേദഗതി. ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും വനപ്രദേശങ്ങളില്‍ അനിയന്ത്രിതമായി ഖനനം നടത്തുന്നതിന് ആദിവാസി ജനവിഭാഗങ്ങളെ ആ പ്രദേശങ്ങളില്‍നിന്നു പുറത്താക്കുന്നുവെന്ന ആരോപണം നേരത്തേയുള്ളതാണ്. ഇത്തരം കോര്‍പ്പറേറ്റുകളുമായും ഖനനമാഫിയകളുമായും കേന്ദ്രഭരണകക്ഷിക്കു ബന്ധമുണ്ടെന്ന ആക്ഷേപവും. ഇന്ത്യയില്‍ വനാവകാശ നിയമം നടപ്പാക്കുന്നതില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ ബി.ജെ.പിയും എന്‍.ഡി.എയും ഭരിക്കുന്ന സംസ്ഥാനങ്ങളാണ് എന്ന വസ്തുതയുമായി ഈ ആക്ഷേപം ചേര്‍ത്തുവായിക്കാവുന്നതാണ്. 

നമ്മുടെ കാടുകളില്‍ തലമുറകളായി കഴിഞ്ഞുപോരുന്ന ആദിവാസി ജനവിഭാഗങ്ങള്‍ക്ക് വനഭൂമിയുടെ മേലുള്ള പരമ്പരാഗതമായ അവകാശം നിയമപരമായി അംഗീകരിക്കപ്പെട്ട ചരിത്ര പ്രാധാന്യമുള്ള നിയമനിര്‍മ്മാണത്തിന്റെ സൃഷ്ടിയായിരുന്നു 2006-ലെ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ആന്റ് അദര്‍ ട്രെഡിഷണല്‍ ഫോറസ്റ്റ് ഡ്വെല്ലേഴ്‌സ് (റെകഗ്‌നിഷന്‍ ഒഫ് ഫോറസ്റ്റ് റൈറ്റ്‌സ്) ആക്ട്. ഈ വനാവകാശ നിയമത്തിന്റെ പ്രയോജനം ആദിവാസികള്‍ക്ക് മാത്രമല്ല, വനഭൂമിയില്‍ 75 വര്‍ഷത്തോളമായി കഴിഞ്ഞുവരുന്ന കുടുംബങ്ങള്‍ക്കു കൂടി ലഭിക്കാനുദ്ദേശിച്ചുള്ളതായിരുന്നു. ചരിത്രപരമായ അനീതിക്കുള്ള പ്രായശ്ചിത്തം എന്നാണ് വനാവകാശനിയമത്തിന്റെ ആമുഖത്തില്‍ വ്യക്തമാക്കുന്നത്. ആദിവാസി കുടുംബങ്ങളെ അവരുടെ ഭൂമിയില്‍നിന്നും ആവാസവ്യവസ്ഥയില്‍നിന്നും ഒരുകാലത്തും പറിച്ചെറിയാതിരിക്കുകയെന്നതാണ് ഈ നിയമത്തിന്റെ കാതല്‍. ഇന്ത്യയില്‍ ഏതാണ്ട് ഒന്‍പതു കോടിയോളം ആദിവാസികളുണ്ടെന്നാണ് കണക്ക്. 1991-ലെ സെന്‍സസ് അനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ 8.08 ശതമാനമെന്നും. ഉദാരവല്‍ക്കരണ നയങ്ങളുടെ പശ്ചാത്തലത്തില്‍ നടപ്പാക്കപ്പെടുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ ഇരകള്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ് എന്ന് വിദഗ്ദ്ധര്‍ പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ള സംഗതിയാണ്. ഇന്ത്യാ ഗവണ്‍മെന്റിന്റെ കണക്കനുസരിച്ച് തന്നെ വികസന പദ്ധതികള്‍കൊണ്ട് ആവാസസ്ഥലം നഷ്ടപ്പെടുന്നവരില്‍ 40 ശതമാനം മുതല്‍ 50 ശതമാനംവരെ ആദിവാസികളാണ്. 

കാടും കടലുമടക്കം എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് ചൂഷണം ചെയ്യാന്‍ വഴി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ചട്ടമെന്ന ആക്ഷേപം വ്യാപകമാണ്. മോദി ഭരണത്തിന്റെ രണ്ടാംപകുതിയില്‍ അതിതീവ്ര ഉദാരവല്‍ക്കരണ നീക്കങ്ങളാണ് മോദി ഗവണ്‍മെന്റ് നടത്തിയിട്ടുള്ളത്. കൊവിഡ് പടര്‍ന്നുപിടിക്കുകയും ജനം വീട്ടിലടച്ചിരിക്കുകയും ചെയ്ത ലോക്ക്ഡൗണ്‍ കാലത്ത് കോര്‍പ്പറേറ്റുകളുടെ വിഭവചൂഷണത്തിനു വഴി എളുപ്പമാക്കുന്ന മട്ടില്‍ പരിസ്ഥിതി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കുകയും തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതുകയും ചെയ്തിരുന്നു. വിദ്യാഭ്യാസ മേഖലയില്‍ അന്താരാഷ്ട്ര മൂലധനത്തിന് ഇടപെടലുകള്‍ എളുപ്പമാക്കുംവിധം നയരൂപീകരണം നടത്തുകയും ചെയ്തിരുന്നു. 

ഖനനമേഖലയില്‍ ആധിപത്യം പുലര്‍ത്തിപ്പോരുന്ന വേദാന്ത ഗ്രൂപ്പ് എന്ന ബഹുരാഷ്ട്ര ഭീമന്‍ ആദിവാസി ജനതയുടെ സാന്നിദ്ധ്യം ശക്തമായ ഒഡിഷ, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ വനമേഖലയില്‍ നടത്തുന്ന കൊള്ള ആഗോളതലത്തില്‍പോലും വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. 

പാരിസ്ഥിതിക നാശം സൃഷ്ടിക്കുന്ന ഈ മേഖലയിലെ വേദാന്ത ഗ്രൂപ്പിന്റെ ഇടപെടല്‍ ലോകശ്രദ്ധയില്‍ പെടുകയും നോര്‍വീജിയന്‍ ഗവണ്‍മെന്റ് ആ കോര്‍പ്പറേറ്റിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തത് രണ്ടുവര്‍ഷം മുന്‍പാണ്. വേദാന്ത ഗ്രൂപ്പ് മഞ്ഞള്‍ക്കൃഷിയാണ് അവിടങ്ങളിലെ വനമേഖലയില്‍ ചെയ്യുന്നത് എന്നതായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാല്‍ വനമേഖലയില്‍ ഖനനാനുമതിക്കു നിയമപരമായ നിരവധി കടമ്പകള്‍ താണ്ടേണ്ടതുണ്ടായിരുന്നു എന്നതുകൊണ്ട് മഞ്ഞള്‍ക്കൃഷി എന്ന വ്യാജേനയുള്ള കടന്നുകയറ്റമായിരുന്നു വേദാന്ത ഗ്രൂപ്പ് നടത്തിയിരുന്നത്. അവര്‍ വലിയ മലകള്‍പോലും തുരന്ന് ഉത്തരേന്ത്യന്‍ കാടുകളില്‍ ഖനനം നടത്തി. പുതിയ ഭേദഗതിയോടെ വേദാന്തയെപ്പോലുള്ള ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിക്കിട്ടും.

സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടം 

1856 - ഡല്‍ഹൗസി പ്രഭുവിന്റെ കാലത്താണ് കൃത്യമായ ഒരു വനനയമുണ്ടാകുന്നത്. ബ്രിട്ടീഷ് സര്‍ക്കാര്‍ വിഭവചൂഷണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1853-ല്‍ മുംബൈ മുതല്‍ താനെ വരെ ഇന്ത്യയില്‍ ഇദംപ്രഥമമായി റയില്‍വേ നിര്‍മ്മിക്കപ്പെട്ടു. ഇതിനാവശ്യമായ മരങ്ങളുടെ ആവശ്യം കൂടി മുന്‍നിര്‍ത്തിയായിരുന്നു നയം. നെപ്പോളിയനുമായുള്ള ഇംഗ്ലണ്ടിന്റെ യുദ്ധത്തില്‍ ഇന്ത്യന്‍മരങ്ങള്‍ ഉപയോഗിച്ചുണ്ടാക്കിയ കപ്പലുകള്‍ നിര്‍ണ്ണായകമായതും ഒരു കാരണമാണ്.

1865 - ഇന്ത്യയിലെ വനങ്ങളുടെമേല്‍ തങ്ങളുടെ അവകാശമുറപ്പിക്കുന്ന കൊളോണിയല്‍ ഭരണാധികാരികളുടെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് നിലവില്‍ വന്നു.

1878: 1878 - ലെ ഫോറസ്റ്റ് ആക്ട് വനങ്ങള്‍ക്കുമേല്‍ കൊളോണിയല്‍ ഭരണാധികാരികളുടെ അവകാശം സമ്പൂര്‍ണ്ണമാക്കി.  വനങ്ങളെ ആശ്രയിച്ചു ജീവിച്ചുപോന്ന ആദിവാസി വിഭാഗങ്ങള്‍ അതോടുകൂടി അന്യവല്‍ക്കരിക്കപ്പെട്ടു. കാടുകള്‍ നിയമപ്രകാരം ഭരണകൂടത്തിനു മാത്രം അവകാശപ്പെടാവുന്നതായി മാറി. അതോടെ പരമ്പരാഗതമായി കാടുപയോഗിച്ചുവരുന്ന വിഭാഗങ്ങള്‍ക്കു കാടിന്‍മേല്‍ അവകാശമില്ലാതായി (Right). എന്നാല്‍, വിശേഷാധികാരം (Privilege) നിലനിന്നു.

1927: 1878 - ലെ വനോപയോഗ നയത്തിന്റെ തുടര്‍ച്ചയായിരുന്നു 1927-ല്‍ ഉണ്ടായ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട്.  ഈ ആക്ടിന് യഥാര്‍ത്ഥത്തില്‍ വനസംരക്ഷണവുമായി സാരമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. തടിക്കുവേണ്ടിയുള്ള ബ്രിട്ടീഷുകാരുടെ ആവശ്യം മുന്‍നിര്‍ത്തി ഉണ്ടാക്കിയ ഈ ആക്ടില്‍ ആദിവാസികളുടെ പരമ്പരാഗതമായ സവിശേഷാധികാരങ്ങള്‍ അവഗണിക്കപ്പെട്ടു. വനത്തെ റിസര്‍വ്വ് ഫോറസ്റ്റെന്നും (ഗവണ്‍മെന്റിനു മാത്രം അധികാരമുള്ള വനം) സംരക്ഷിത വനമെന്നും വില്ലേജ് ഫോറസ്റ്റെന്നും വേര്‍തിരിക്കുന്നത് ഈ ആക്ടിലാണ്.

സ്വാതന്ത്ര്യാനന്തര കാലഘട്ടം 

1952 - വനം ദേശീയ സ്വത്തായി പ്രഖ്യാപിക്കപ്പെട്ടു. കാടുമായി ബന്ധപ്പെട്ടു ജീവിക്കുന്ന വിഭാഗങ്ങളുടെ താല്പര്യങ്ങളും അവകാശങ്ങളും പ്രാദേശികമായ മുന്‍ഗണനകളും വിശാലമായ ദേശീയ താല്പര്യങ്ങള്‍ക്ക് കീഴ്പെട്ടിരിക്കണമെന്ന് 1952-ലെ വനനയം അനുശാസിച്ചു.

1976 - വ്യാവസായിക ആവശ്യത്തിനായുള്ള തടിയുല്പാദനത്തെ വനങ്ങളുടെ നിലനില്‍പ്പിനു മുഖ്യകാരണമായി കണക്കാക്കണമെന്ന് നാഷണല്‍ കമ്മിഷന്‍ ഓണ്‍ അഗ്രിക്കള്‍ച്ചര്‍ ശിപാര്‍ശ ചെയ്തു. അതേ വര്‍ഷമുണ്ടായ 42-ാം ഭരണഘടനാഭേദഗതി അതുവരെ സംസ്ഥാന പട്ടികയിലുണ്ടായിരുന്ന കാടുകളെ സമവര്‍ത്തി പട്ടികയിലേക്ക് (Concurrent list) മാറ്റുകയും കേന്ദ്രീകൃത ഭരണാധികാരത്തിന്റെ അധികാരം ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്തു. 

1980: 1980 - ലെ വനസംരക്ഷണനിയമം വനനശീകരണം തടയുന്നത് ലക്ഷ്യമിട്ടു. വനഭൂമി തരംമാറ്റി വനേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിയന്ത്രിക്കാനും. 1927-ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ടിനു കീഴില്‍ റിസര്‍വ്വ് വനങ്ങളായി പ്രഖ്യാപിച്ചവ അങ്ങനെയുള്ള കാറ്റഗറിയില്‍നിന്നും മാറ്റുന്നത് തടയാനും. സ്വകാര്യ വ്യക്തികള്‍, ഗവണ്‍മെന്റ് ഉടമസ്ഥതയിലല്ലാത്ത അഥോറിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയ്ക്ക് വനഭൂമി പാട്ടത്തിനു നല്‍കുന്നത് നിയന്ത്രിക്കുകയായിരുന്നു '80-ലെ വനസംരക്ഷണ നിയമത്തിന്റെ ലക്ഷ്യം. സ്വാഭാവിക വനം ക്ലിയര്‍ ഫെല്ലിംഗിന്റെ ഭാഗമായി ഇല്ലാതാക്കുന്നത് തടയുന്നതും.  ചുരുക്കത്തില്‍  കാട് സംബന്ധിച്ച  സമ്പൂര്‍ണ്ണാധികാരം യൂണിയന്‍ ഗവണ്‍മെന്റില്‍ നിക്ഷിപ്തമായി.

1988: 1988 - ലെ ദേശീയ വനനയം 1952-ലെ ദേശീയ വനനയത്തില്‍നിന്നും സമീപനത്തിന്റെ കാര്യത്തില്‍ തീര്‍ത്തും വിരുദ്ധവും വ്യത്യസ്തവുമായിരുന്നു.

ദേശീയ താല്പര്യം മുന്‍നിര്‍ത്തിയുള്ള വനസംരക്ഷണം ആയിരുന്നു 1988-ലെ ദേശീയ വനനയത്തിന്റെ കാതല്‍ എങ്കിലും അതിന്റെ ഊന്നല്‍ മുഖ്യമായും കാടുകളെ ആശ്രയിച്ചു ജീവിക്കുന്നവരും സമൂഹത്തിന്റെ പുറമ്പോക്കുകളിലേക്ക് തള്ളിമാറ്റപ്പെട്ടവരുമായ വ്യക്തികളുടേയും സാമൂഹിക വിഭാഗങ്ങളുടേയും ആവശ്യങ്ങളിലായിരുന്നു.

വനനയ ചരിത്രത്തിലെ ആദ്യചുവട്

കൊളോണിയല്‍ ഭരണകാലത്ത് ബ്രിട്ടീഷ് ഭരണാധികാരികള്‍ നമ്മുടെ രാഷ്ട്രത്തിലെ വനവിഭവങ്ങള്‍ അവരുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി തന്നിഷ്ടംപോലെ ചൂഷണം ചെയ്തുപോന്നു. ഇതിന്റെ ദുഷ്ഫലം കാര്യമായി അനുഭവിക്കേണ്ടിവന്നവര്‍ രാജ്യത്തെ ആദിവാസി ജനതയായിരുന്നു. എന്നാല്‍, ആദിവാസി ജനതയുടെ രണോത്സുകമായ കൊളോണിയല്‍ വിരുദ്ധവികാരം നന്നായി അറിയാവുന്ന ബ്രിട്ടീഷ് ഭരണാധികാരികള്‍ പേരിന് അവരുടെ അവകാശ സംരക്ഷണത്തിനായി ഒരു നിയമം ഉണ്ടാക്കി. 1927-ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് ആണ് അത്. ഇങ്ങനെ ഒരു ആക്ട് ഉണ്ടാക്കി എന്നല്ലാതെ അതിലെ വകുപ്പുകളുടെ ആചരണം ഒരുകാലത്തും ഉണ്ടായതുമില്ല. സ്വാതന്ത്ര്യാനന്തരവും ആദിവാസികള്‍ അതേ അരക്ഷിതാവസ്ഥയില്‍ത്തന്നെ ജീവിച്ചുപോന്നു. 1988-ലെ ദേശീയ വനനയത്തോടുകൂടിയാണ് കാടും കാട്ടില്‍ ജീവിക്കുന്ന വിഭാഗങ്ങളും തമ്മിലുള്ള പരസ്പരബന്ധം എന്ന വസ്തുതയ്ക്ക് അംഗീകാരമാകുന്നത്. വനങ്ങളുടെ സംരക്ഷണം, വനവിസ്തൃതി വര്‍ദ്ധിപ്പിക്കല്‍, വനമേഖല വികസിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ആദിവാസികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന കാഴ്ചപ്പാടിനും അംഗീകാരമാകുന്നത് ഈ വനനയത്തോടുകൂടിയാണ്. ഗിരിവര്‍ഗ്ഗ വിഭാഗങ്ങളുടേയും ഇതര വനവാസി വിഭാഗങ്ങളുടേയും അവകാശങ്ങളെ അംഗീകരിച്ചുകൊണ്ട് ആക്ട് ആകുന്നത് 2006-ലാണ്. ഈ ആക്ട് ഇന്ത്യന്‍ പൗരന്മാരില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട സാമൂഹ്യ സാമ്പത്തിക വര്‍ഗ്ഗങ്ങളെ സംരക്ഷിക്കുന്നതും ഈ വിഭാഗങ്ങളുടെ ജീവിക്കാനും ജീവനോപാധികള്‍ കണ്ടെത്താനുമുള്ള അവകാശത്തെ പാരിസ്ഥിതിക സുരക്ഷയുമായി സന്തുലിതമാക്കുന്നതും ലക്ഷ്യമിട്ടാണ് ഈ ആക്ട് ഉണ്ടാക്കിയിട്ടുള്ളത്.

ഇന്ത്യന്‍ ചരിത്രത്തിലെ വനോപയോഗം 

ഇന്ത്യയിലെ വനത്തിന്റേയും മനുഷ്യജീവിതത്തിലെ അവയുടെ ഉപയോഗത്തിന്റേയും സൂചനകള്‍ പുരാണങ്ങളിലുണ്ട്. ഖാണ്ഡവവന ദഹനം പോലുള്ളവ. ഇതിന്റെ ആദ്യകാല ചരിത്രപരമായ തെളിവുകള്‍ മോഹന്‍ജൊദാരോ-ഹാരപ്പ നാഗരികതയുമായി ബന്ധപ്പെട്ടതാണ് (ഏകദേശം 5000-4000 ബി.സി).

സിന്ധുനദീതടത്തില്‍നിന്ന് കണ്ടെടുത്ത മുദ്രകളും ചായം പൂശിയ മണ്‍പാത്രങ്ങളും പിപ്പലും ബാബുലും (യഥാക്രമം ഫിക്കസ്, അക്കേഷ്യ എന്നീ ഇനങ്ങളെ) കാണിക്കുന്നു.

ചാണക്യന്റെ അര്‍ത്ഥശാസ്ത്രവും വനങ്ങളുടെ ചിട്ടയായ പരിപാലനം നിര്‍ദ്ദേശിക്കുന്നു. മരം മുറിക്കുന്നതിനുള്ള ശിക്ഷയുടെ അളവ് മരത്തിന്റെ ഉപയോഗത്തിന് ആനുപാതികമായിരുന്നു.

ഗുപ്ത കാലഘട്ടത്തില്‍ (എ.ഡി. 200-600) മൗര്യ കാലഘട്ടത്തിനു സമാനമായ വനങ്ങളുടെ വിനിയോഗത്തിനു സാക്ഷ്യം വഹിച്ചു. മുഗള്‍ കാലഘട്ടം (1526-1700) തടികള്‍ക്കായുള്ള തുടര്‍ച്ചയായ വന നശീകരണവും കൃഷിക്കുവേണ്ടിയുള്ള ക്ലിയറന്‍സുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

2024ലെ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള അടിത്തറയൊരുക്കല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ