2024ലെ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള അടിത്തറയൊരുക്കല്‍

വിവേചന അധികാരം ഉപയോഗിക്കാന്‍ അന്ന് ധൈര്യം കാണിച്ചത് ഗവര്‍ണറുടെ കസേരയിലിരുന്ന ഒരു വനിതയായിരുന്നു. അവരാണ് ഇന്ന് രാഷ്ട്രത്തിന്റെ പ്രഥമ പൗര-ദ്രൗപദി മുര്‍മു
2024ലെ തെരഞ്ഞെടുപ്പ് വിജയത്തിനുള്ള അടിത്തറയൊരുക്കല്‍

റ് വര്‍ഷം മുന്‍പ്, 2016 നവംബറില്‍ ജാര്‍ഖണ്ഡിനെ ഇളക്കിമറിച്ച ഒരു സംഭവം നടന്നു. രണ്ട് ദശാബ്ദം പഴക്കമുള്ള രണ്ടു ഭൂനിയമങ്ങള്‍ പൊളിച്ചെഴുതാന്‍ സംസ്ഥാനം ഭരിച്ച ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചു. ചോതംഗ്പ്പുര്‍, സന്താള്‍ വിഭാഗക്കാരുടെ കുടിയായ്മ അവകാശ നിയമങ്ങളാണ് അന്ന് രഘുഭര്‍ ദാസ് മുഖ്യമന്ത്രിയായ സര്‍ക്കാര്‍ പൊളിച്ചെഴുതിയത്. വ്യാവസായിക ആവശ്യത്തിനുവേണ്ടി ഭൂമി കൈമാറ്റം എളുപ്പത്തിലാക്കുകയായിരുന്നു ഈ നിയമഭേദഗതിയുടെ ലക്ഷ്യം. ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ ഇതു വ്യാപകമായ പ്രക്ഷോഭത്തിനാണ് വഴിതെളിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ആദിവാസി ഗോത്രവിഭാഗക്കാരില്‍നിന്നുള്ള 200 പ്രതിനിധികള്‍ ഗവര്‍ണറെ കണ്ടു. എട്ട് മാസത്തിനുശേഷം 2017 ജൂണില്‍ ആ നിയമഭേദഗതി ഒപ്പിടാതെ ഗവര്‍ണര്‍ തിരിച്ചയച്ചു. എങ്ങനെയാണ് ഈ ഭേദഗതി ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നേട്ടമാകുന്നത് എന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. വിവേചന അധികാരം ഉപയോഗിക്കാന്‍ അന്ന് ധൈര്യം കാണിച്ചത് ഗവര്‍ണറുടെ കസേരയിലിരുന്ന ഒരു വനിതയായിരുന്നു. അവരാണ് ഇന്ന് രാഷ്ട്രത്തിന്റെ പ്രഥമ പൗര-ദ്രൗപദി മുര്‍മു.

രാജ്യത്തെ ആദ്യ ഗോത്രവര്‍ഗ്ഗ വനിതാ ഗവര്‍ണറായിരുന്നു ദ്രൗപദി. ജാര്‍ഖണ്ഡിന്റെ ആദ്യ വനിതാ ഗവര്‍ണറും. ഒഡിഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ റായ്റംഗ്പുരിനു സമീപമാണ് ഉപര്‍ബേദ ഗ്രാമത്തിലാണ് ജനനം. സന്താള്‍ ഗോത്ര വിഭാഗക്കാരില്‍നിന്നുള്ളവരാണ് ഗ്രാമീണരില്‍ ഭൂരിഭാഗവും. ഗ്രാമമുഖ്യന്‍ നാരായണ്‍ ടുഡുവിന്റെ മൂന്നുമക്കളില്‍ മൂത്തയാളായിരുന്നു ദ്രൗപദി. ഗ്രാമത്തിലെ സ്‌കൂളില്‍ എട്ടാം ക്ലാസ്സ് പൂര്‍ത്തിയാക്കിയ ശേഷം ഭുവനേശ്വറിലാണ് തുടര്‍പഠനം നടത്തിയത്. രമാദേവി കോളേജില്‍നിന്ന് ബിരുദമെടുത്ത ശേഷം ജൂനിയര്‍ ക്ലര്‍ക്കായി ജലസേചനവകുപ്പില്‍ ജോലി കിട്ടി. പിന്നാലെ ശ്യാം ചരണുമായുള്ള വിവാഹവും നടന്നു. തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആ ജോലി ഉപേക്ഷിച്ച് അരബിന്ദോ സ്‌കൂളില്‍ അദ്ധ്യാപികയായി. 1997-ല്‍ രാഷ്ട്രീയത്തിലിറങ്ങുന്നതുവരെ അദ്ധ്യാപനമായിരുന്നു അവരുടെ തട്ടകം. പഞ്ചായത്ത് കൗണ്‍സിലറായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. റായ്റംഗ്പുരിലെ എന്‍.എ.സിയുടെ വൈസ് ചെയര്‍മാനായി. പ്രവര്‍ത്തനമികവ് ദ്രൗപദിയുടെ ജനപ്രീതിയുയര്‍ത്തി. 

2000-ത്തില്‍ ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ റായ്റംഗ്പുരില്‍ ദ്രൗപദിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കി. ആദ്യമത്സരത്തില്‍ കോണ്‍ഗ്രസ്സിന്റെ ലക്ഷ്മണ്‍ മാജിയെ തോല്‍പ്പിച്ച് ദ്രൗപദി നിയമസഭയിലെത്തി. 2004-ലും അവര്‍ മത്സരിച്ചു. 2007-ല്‍ മികച്ച എം.എല്‍.എയ്ക്കുള്ള പുരസ്‌കാരം കിട്ടി. രണ്ട് തവണ എം.എല്‍.എയായ അവര്‍ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു മന്ത്രിയായി. ഗതാഗത വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ നദിക്കു കുറുകെ പാലം നിര്‍മ്മിക്കാനുള്ള പദ്ധതിയാണ് സ്വന്തം ഗ്രാമത്തില്‍ ആദ്യം നടപ്പാക്കിയത്. ഒടുവില്‍ ജാര്‍ഖണ്ഡ് ഗവര്‍ണറായി. അന്നുപോലും സ്വന്തം ഗ്രാമത്തില്‍ വൈദ്യുതിയെത്തിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. വനമേഖലയായതിനാലാണ് അനുമതി നിഷേധിച്ചത്. ഒടുവില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഇവിടെ വൈദ്യുതിയെത്തിച്ചു. 2009-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചില്ല. അതോടെ ബി.ജെ.പിയില്‍നിന്ന് കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു.

ഇതിനിടയില്‍ വ്യക്തിപരമായ നഷ്ടങ്ങളും അവര്‍ക്കുണ്ടായി. നാലു വര്‍ഷത്തെ ഇടവേളയില്‍ രണ്ട് ആണ്‍മക്കളേയും ഭര്‍ത്താവിനേയും അവര്‍ക്കു നഷ്ടമായി. വ്യക്തിജീവിതത്തിലെ തീവ്രമായ ദുരനുഭവങ്ങളായിരിക്കും ഒരുപക്ഷേ, അതിജീവിനത്തിനു കരുത്ത് പകര്‍ന്നത്. സാമൂഹികവും ജാതീയവുമായ വിവേചനങ്ങള്‍ക്കെതിരേ പോരാടി മറികടക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമായി ദ്രൗപദി മുര്‍മുവിന്റെ രാഷ്ട്രപതി പദവിയിലേക്കുള്ള വരവ് ആഘോഷിക്കപ്പെടുന്നു. അവര്‍ ജീവിതത്തോടു പോരാടി രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലെത്തുന്നത് അഭിമാനാര്‍ഹമായ നേട്ടം തന്നെയാണ്. ജനാധിപത്യ പ്രക്രിയയുടെ അടിസ്ഥാന ഘടകത്തില്‍ തുടങ്ങി രാഷ്ട്രപദവിയിലെത്തിയെന്ന ഖ്യാതിയും സ്വന്തം. സ്വാതന്ത്ര്യം പിന്നിട്ട് എഴുപത്തിയഞ്ച് കൊല്ലം പിന്നിടുമ്പോഴാണ് ഗോത്രവര്‍ഗ്ഗക്കാരില്‍നിന്ന് ജനാധിപത്യത്തിന്റെ സവിശേഷ പ്രാതിനിധ്യം സാധ്യമായത്. 

കർണാടകയിൽ ബിജെപി പ്രവർത്തകരുടെ ആഘോഷം
കർണാടകയിൽ ബിജെപി പ്രവർത്തകരുടെ ആഘോഷം

പ്രാതിനിധ്യവും പ്രതീകവും
 
എന്നാല്‍, സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ വേണം ബി.ജെ.പിയുടെ ഈ നീക്കത്തെ നോക്കിക്കാണേണ്ടത്. രാഷ്ട്രീയതന്ത്രവും കാപട്യവുമായി വിലയിരുത്തപ്പെടുമായിരുന്ന ഒരു നീക്കത്തെ ഫലപ്രദമായി പാര്‍ട്ടി ചെറുക്കുകയും ചെയ്തു. പ്രധാന സംസ്ഥാനങ്ങളിലെല്ലാം എന്‍.ഡി.എയ്ക്കുള്ള അംഗസംഖ്യയേക്കാള്‍ എം.എല്‍.എമാരുടെ വോട്ടുനേടാന്‍ ദ്രൗപദി മുര്‍മുവിനായി. പിന്തുണ പ്രഖ്യാപിക്കാത്ത കക്ഷികളില്‍നിന്ന് 17 എം.പിമാരും 104 എം.എല്‍.എമാരും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തെന്നാണ് ആദ്യനിഗമനം. എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ എതിര്‍ക്കുന്ന എന്‍.ഡി.എയ്ക്ക് കേരളത്തില്‍ നിന്നുപോലും വോട്ടുകിട്ടി. ലോക്സഭയിലും രാജ്യസഭയിലുമായി എന്‍.ഡി.എയ്ക്കു വന്‍ ഭൂരിപക്ഷമുണ്ടെങ്കിലും പല വലിയ സംസ്ഥാനങ്ങളുടേയും ഭരണം ബി.ജെ.പി ഇതര കക്ഷികള്‍ക്കായത് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍, ഗോത്രവിഭാഗത്തില്‍നിന്നുള്ള ദ്രൗപദിയെ സ്ഥാനാര്‍ത്ഥിയാക്കിയ തന്ത്രം പരീക്ഷിച്ചതോടെ ഈ പ്രതിസന്ധി മറികടക്കാന്‍ ബി.ജെ.പിക്കായി.   
 
എന്നാല്‍, ഈ വിജയം കേവലം ഒരു പ്രാതിനിധ്യ പ്രതീകാത്മക നടപടിയല്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. ദ്രൗപദിയെ തെരഞ്ഞെടുത്തതിനു പിന്നില്‍ വ്യക്തമായ ഒരു കാരണമുണ്ട്. അതവരുടെ സ്വത്വത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനായിരുന്നു. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും കാതലായ രാഷ്ട്രീയ ഹിന്ദുത്വ പദ്ധതിയുടെ ഭാഗമാണ് ഇതും.  ദ്രൗപദിയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചപ്പോള്‍ത്തന്നെ അത് ഗോത്രവര്‍ഗ്ഗമേഖലയില്‍ സ്വാധീനമുണ്ടാക്കിയെടുക്കാനാണെന്നു വ്യാപകമായി വിലയിരുത്തപ്പെട്ടിരുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ദുര്‍ബ്ബലവിഭാഗങ്ങളുടേയും പ്രാതിനിധ്യം മുര്‍മുവിലൂടെ അവകാശപ്പെടാന്‍ ഇനി  ബി.ജെ.പിക്കും ആര്‍.എസ്.എസിനും കഴിയും. തെരഞ്ഞെടുപ്പിലെ ജയത്തിനപ്പുറം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ പാര്‍ട്ടിയാണ് എന്ന സന്ദേശം നല്‍കാനും വേണ്ടിയായിരുന്നു ഈ നീക്കം. അതിനു തെളിവാണ് മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ ട്വീറ്റ്. 2024-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിനുവേണ്ടിയുള്ള അടിത്തറയൊരുക്കലാണ് ഈ നീക്കവും.
 
മറ്റൊന്ന്, പാര്‍ട്ടിയുടെ സാമൂഹിക അടിത്തറ വിശാലമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്. വരാനിരിക്കുന്ന സെന്‍സസില്‍ രാജ്യത്തെ ഗോത്രവിഭാഗങ്ങളെ ഹിന്ദുക്കളില്‍നിന്ന് വേറിട്ട് കണക്കാക്കണമെന്ന ആവശ്യം നിരവധി ഗോത്രത്തലവന്‍മാരും സംഘടനകളും ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്ത മതങ്ങളില്‍ വ്യത്യസ്ത ഗോത്രങ്ങള്‍ വിവിധ മതാചാരങ്ങള്‍ തുടരുന്നുണ്ട്. അതിനാല്‍ ഹിന്ദുക്കളെന്നു തങ്ങളെ കണക്കാക്കാനാകില്ലെന്നാണ് ഗോത്രവര്‍ഗ്ഗത്തിന്റെ അഭിപ്രായം. കഴിഞ്ഞ വര്‍ഷം ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഇവരുടെ ആവശ്യത്തെ പിന്തുണച്ചിരുന്നു. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ നടന്ന ഒരു യോഗത്തില്‍ അദ്ദേഹം പറഞ്ഞതിങ്ങനെ: ''ആദിവാസികള്‍ ഒരിക്കലും ഹിന്ദുക്കളായിരുന്നില്ല, അവര്‍ ഒരിക്കലും ആയിരിക്കില്ല. ആദിവാസി സമൂഹം എല്ലായ്പോഴും പ്രകൃതിയെ ആരാധിക്കുന്നവരാണ്; അതുകൊണ്ടാണ് അവരെ 'ആദിവാസികള്‍' ആയി കണക്കാക്കുന്നത്.''

ഹേമന്ത് സോറന്റെ ഈ പ്രസ്താവനയ്ക്കെതിരേ ബി.ജെ.പി രംഗത്തു വന്നിരുന്നു. പ്രത്യേക തിരിച്ചറിയല്‍ നിബന്ധനകള്‍ വേണമെന്ന ആദിവാസി സംഘടനകളുടെ ആവശ്യം ആര്‍.എസ്.എസിനേയും ചൊടിപ്പിച്ചിരിക്കണം. ഗോത്രങ്ങളെ ഉള്‍പ്പെടുത്തുക എന്നത് ആര്‍.എസ്.എസിന്റെ ദീര്‍ഘകാലമായുള്ള അജണ്ടയാണ്. ഗോത്രങ്ങളുമായുള്ള ബന്ധം നിലനിര്‍ത്തുന്നതിന് ദ്രൗപദി മുര്‍മുവിനെപ്പോലെ ഒരു പ്രതീകം ആവശ്യവുമായിരുന്നു. ഞങ്ങള്‍ നിങ്ങളെ ഉള്‍ക്കൊള്ളുന്നു എന്ന് പറയാന്‍, കാണിക്കാന്‍ ഒരു ഉദാഹരണം അവര്‍ക്കാവശ്യമായിരുന്നു. മതപരിവര്‍ത്തനം ചെയ്യുന്ന ഗോത്രങ്ങള്‍ക്ക് ആര്‍.എസ്.എസ് നല്‍കുന്ന സന്ദേശം കൂടിയാണ് ഇത്. ഗോത്രവര്‍ഗ്ഗക്കാര്‍ ക്രിസ്തുമതത്തിലേക്ക് മതപരിവര്‍ത്തനം നടത്തുന്നതും ഹിന്ദുത്വ സംഘടനകളെ സംബന്ധിച്ച് പ്രശ്നമാണ്. ജനസംഖ്യാപരമായ ഈ മാറ്റത്തെ വലിയ പ്രശ്നമായിട്ടാണ് ആര്‍.എസ്.എസ് കാണുന്നത്. കാലക്രമേണ നാഗാലാന്‍ഡ്, മിസോറാം, മേഘാലയ എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ക്രമേണ ക്രിസ്ത്യന്‍ ആധിപത്യം പുലര്‍ത്തുമെന്നും അവര്‍ ഭയക്കുന്നു. ഹിന്ദുരാഷ്ട്ര പദ്ധതിയെ അത് ബാധിക്കുമെന്നും ആര്‍.എസ്.എസ്. കരുതുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ ദരിദ്രസംസ്ഥാനങ്ങളിലെ ഗോത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗണ്യമായ ആദിവാസി ജനസംഖ്യയുള്ള ജാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇവര്‍ സേവനം നടത്തി വരുന്നു. ഏറ്റവുമൊടുവിലെ സെന്‍സസ് പ്രകാരം ജാര്‍ഖണ്ഡിലാണ് ഏറ്റവുമധികം ക്രിസ്ത്യന്‍ ജനസംഖ്യയുള്ളത്. മതപരിവര്‍ത്തനം ഒഴിവാക്കാനും മിഷനറി പ്രവര്‍ത്തനത്തിനു സമാനമായ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും ആര്‍.എസ്.എസ് ശ്രമിക്കുന്നുണ്ട്. വനവാസി കല്യാണ്‍ ആശ്രമം പോലുള്ള സ്ഥാപനങ്ങള്‍ അതിന്റെ ഭാഗവുമാണ്. അതേസമയം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പള്ളികള്‍ക്കും മിഷനറിമാര്‍ക്കുമെതിരെ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന അക്രമങ്ങള്‍ക്കും ഈ പ്രദേശങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അധികാരഘടനകളില്‍ ഗോത്രങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാണെന്ന പ്രസ്താവനയാകും രാഷ്ട്രപതി ഭവന്‍ ഇനി നല്‍കുക.

റാംനാഥ് കോവിന്ദ്, ​ദ്രൗപദി മുർമു, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർള, ചീഫ് ജസ്റ്റിസ് എംവി രമണ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുന്നു
റാംനാഥ് കോവിന്ദ്, ​ദ്രൗപദി മുർമു, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കർ ഓം ബിർള, ചീഫ് ജസ്റ്റിസ് എംവി രമണ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുന്നു

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കുവേണ്ടി ഒരുങ്ങുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്. പൊതുവില്‍ സോഷ്യലിസ്റ്റ് - ഇടതുപക്ഷ പാര്‍ട്ടികള്‍ക്കാണ് ഗോത്രവര്‍ഗ്ഗക്കാരുടെ പിന്തുണ കിട്ടുന്നത്. ഛത്തീസ്ഗഡില്‍ 32 ശതമാനവും മധ്യപ്രദേശില്‍ 21 ശതമാനവും ഗുജറാത്തില്‍ 15 ശതമാനവും രാജസ്ഥാനില്‍ 30 ശതമാനവും ഗോത്രവര്‍ഗ്ഗക്കാരുണ്ടെന്നാണ് കണക്ക്. ഭരണം തിരിച്ചുപിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്ന രാജസ്ഥാനില്‍ ബന്‍സ് വാഡ മേഖലയില്‍ ജനസംഖ്യയുടെ 70 ശതമാനത്തിലേറെ ഗോത്രവര്‍ഗ്ഗക്കാരാണ്. ഈ നാലു സംസ്ഥാനങ്ങളിലും കൂടി 128 സീറ്റുകളാണ് ഗോത്രവിഭാഗക്കാര്‍ക്കായി ബി.ജെ.പി കരുതിവച്ചിരിക്കുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുന്നുവെന്ന തോന്നലുണ്ടാക്കാനാണ് അത്. ഗോത്രവര്‍ഗ്ഗക്കാര്‍ തനതു ജീവിതചര്യകളുള്ള മറ്റൊരു വിഭാഗമല്ല, ഹിന്ദുക്കളാണെന്ന നിലപാടിന് ഈ നീക്കം ശക്തിപകരും. അവര്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്നവര്‍ക്കു തടയിടാനാണ് ബി.ജെ.പിയുടെ ശ്രമം. മാത്രമല്ല, ഒരു ഗോത്രവര്‍ഗ്ഗ വനിത പരമോന്നത പദവിയിലെത്തിയത് മറ്റു വിഭാഗങ്ങളിലെ വനിതാ വോട്ടര്‍മാരേയും സ്വാധീനിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

ഒളിമറയിലെ അജണ്ടകള്‍

പ്രസിഡന്റ് പദവിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുകാലത്തും ഏകപക്ഷീയമായ ഒരു പ്രവൃത്തിയായിരുന്നില്ല. ഒളിമറയില്‍ അജണ്ടയുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ അത് കാണിക്കാതെയാണ് എല്ലാക്കാലത്തും ബി.ജെ.പി അത് നടപ്പാക്കിയിട്ടുള്ളത്. വാജ്‌പേയിയുടെ ഭരണകാലത്ത് എന്‍.ഡി.എ സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് ബി.ജെ.പി സര്‍ക്കാര്‍ ഭരണം നയിച്ചിരുന്നത്. മതേതര പാര്‍ട്ടികളെ കൂടെ നിര്‍ത്താനാണ് അന്ന് എ.പി.ജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്. മുന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ നിയമനവും കണക്കുകൂട്ടി തന്നെയായിരുന്നു. പട്ടികജാതി - പട്ടികവര്‍ഗ്ഗ വോട്ടര്‍മാരുടെ മനം കവര്‍ന്നത് ഇങ്ങനെയാണ്. അതുവരെ പിന്നാക്ക വിഭാഗക്കാര്‍ എല്ലാ കാലവും കോണ്‍ഗ്രസ്സിനൊപ്പമായിരുന്നു നിലകൊണ്ടിരുന്നത്. യു.പിയില്‍ പിന്നെ ബി.എസ്.പിക്ക് ഒപ്പമായി. ഈ വോട്ടുഘടന മാറ്റിമറിക്കാന്‍ ഇങ്ങനെയുള്ള തന്ത്രങ്ങളിലൂടെ ബി.ജെ.പിക്കു കഴിഞ്ഞു. വിവിധ സമുദായങ്ങളിലെ ജനപ്രിയ നേതാക്കളെ സഹകരിപ്പിച്ച് രാഷ്ട്രീയ ദൗത്യത്തിനായി നിയോഗിക്കുന്നത് ബി.ജെ.പി രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ഇത് വി.ഡി. സവര്‍ക്കറുടെ പ്രത്യയശാസ്ത്രത്തെ പിന്തുടരുന്നു. മുസ്ലിങ്ങളല്ലാത്തവരുടേയും ക്രിസ്ത്യാനികളല്ലാത്തവരുടേയും വിരാട് ഹിന്ദുത്വയാണ് പരോക്ഷ ദൗത്യം. പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള ആദ്യ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന കെ.ആര്‍. നാരായണന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ബി.ജെ.പിയും പിന്തുണച്ചിരുന്നു. നിര്‍ണ്ണായകമായ ചരിത്രനിമിഷത്തില്‍ ശരിപക്ഷത്ത് നില്‍ക്കാനാണ് അന്ന് ബി.ജെ.പി തീരുമാനിച്ചത്. 

ഇത്തവണ പ്രതിപക്ഷ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത് ശരിയായ ധാരണപോലുമില്ലാതെയാണ്. ശരദ് പവാര്‍, ഫറൂഖ് അബ്ദുള്ള, ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവര്‍ പിന്‍മാറിയതിനുശേഷം യശ്വന്ത് സിന്‍ഹയാണ് പരിഗണനയ്ക്കു വന്നത്. 2018 വരെ ബി.ജെ.പിയിലുണ്ടായിരുന്ന സിന്‍ഹ വാജ്പേയ് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ലോക്സഭാ മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി എം.പിയായിരുന്നു അദ്ദേഹം. 2014-ലും 2019-ലും ഹസാരിബാഗില്‍നിന്ന് മകന്‍ ജയന്ത് സിന്‍ഹയെ ബി.ജെ.പി മത്സരിപ്പിച്ചു. യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടത് പ്രത്യയശാസ്ത്രത്തേക്കാള്‍ വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടായിരുന്നു. ഇതായിരുന്നു പ്രതിപക്ഷത്തിന്റെ പരാജയം. ഏതായാലും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയില്‍ ഒരു ആദിവാസി സ്ത്രീയെ എത്തിക്കാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ബി.ജെ.പിക്കു തന്നെയാണ്. വാജ്പേയി സര്‍ക്കാരിനുപോലും കഴിയാത്തതാണ് അത്. 

ദ്രൗപദി മുർമു
ദ്രൗപദി മുർമു

പക്ഷേ, മുര്‍മുവിന്റെ വിജയം രാജ്യത്തെ ആദിവാസികളുടെ ജീവിതം മികച്ചതാക്കുന്നതിനു ഗുണം ചെയ്യുമോ അതോ രാംനാഥ് കോവിന്ദിനെപ്പോലെ മറ്റൊരു റബ്ബര്‍ സ്റ്റാമ്പ് തലവനാകുമോ എന്നതാണ് ചോദ്യം. ബി.ജെ.പിയുടെ പാദസേവകന്‍ എന്നതിലുപരി നേട്ടങ്ങളൊന്നും കോവിന്ദിനെക്കുറിച്ച് പറയാനില്ല. രാഷ്ട്രപതിയുടെ ഓഫീസ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കര്‍ശന നിരീക്ഷണത്തിലുമായിരുന്നു. മുന്‍ഗാമി കെ.ആര്‍. നാരായണനെപ്പോലെ സ്വതന്ത്രാഭിപ്രായം തേടാനോ കേന്ദ്രസര്‍ക്കാരുമായി തര്‍ക്കിക്കാനോ രാംനാഥ് കോവിന്ദ് തയ്യാറായില്ല. രാഷ്ട്രപതിഭവനിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം അതുകൊണ്ടുതന്നെ വിവാദരഹിതവും സംഭവരഹിതവുമായിരുന്നു. ചിലപ്പോള്‍ ഒരു ശൂന്യതവരെ അനുഭവപ്പെട്ടിരുന്നു. കോവിന്ദിന്റെ പാത മുര്‍മുവും പിന്തുടരുമോ. ജാര്‍ഖണ്ഡിലെ ബില്ലുകള്‍ തിരിച്ചയച്ചതുപോലെ വിവേചനാധികാരം ഉപയോഗപ്പെടുത്തുമോ എന്നൊക്കെ കാത്തിരുന്നു കാണാം. 

ഇന്ത്യയുടെ അധികാര ഘടനയില്‍, രാഷ്ട്രീയ മേഖലകളില്‍ കീഴാള വിഭാഗങ്ങള്‍ക്കു പ്രാതിനിധ്യം ബി.ജെ.പി ഉറപ്പാക്കുന്നു. ഇവയില്‍ ഭൂരിഭാഗം പദവികളും അലങ്കാരമോ അല്ലെങ്കില്‍ പ്രതീകമായ സ്ഥാനങ്ങളാണ്. മന്ത്രിസഭകളിലോ ഗവര്‍ണര്‍മാരായോ നിരവധി പട്ടികജാതി-വര്‍ഗ്ഗ, ഒ.ബി.സി കാറ്റഗറിയിലുള്ള മന്ത്രിമാരെ കാണാം. അതേസമയം, ഉദ്യോഗസ്ഥവൃന്ദം, പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രധാന കേന്ദ്ര കാബിനറ്റ് തസ്തികകള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടേയും ബാങ്കുകളുടേയും തലവന്മാര്‍, അക്കാദമിക് സ്ഥാപനങ്ങള്‍, റെഗുലേറ്ററി ബോഡികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കൂടുതലും ഹിന്ദുമതത്തിലെ  മേല്‍ജാതിക്കാരാണ് നയിക്കുന്നത്. ഡിവിഷന്‍ ഓഫ് ലേബര്‍ ഏതായാലും മോദിയും കൂട്ടരും തീര്‍ച്ചയായും രാഷ്ട്രീയ മൂലധനം നേടുന്നതിന് മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വം ഉപയോഗിക്കും. പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആദിവാസികള്‍ക്കിടയില്‍. അതുകൊണ്ടാണ് മുര്‍മുവിന്റെ വിജയം ഒരു ലക്ഷം ഗ്രാമങ്ങളില്‍ ആഘോഷമാക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com