ഇന്ന് തിരുവിതാംകൂറില്‍ എത്ര ഈഴവ എം.എല്‍.എമാര്‍ കോണ്‍ഗ്രസ്സിലുണ്ട്? എത്ര പേര്‍ക്ക് സീറ്റ് കൊടുത്തു?

നിര്‍ണ്ണായക സമയത്ത് കെ.പി.സി.സി പ്രസിഡന്റും പിന്നീട് 25 നാള്‍ മുഖ്യമന്ത്രി പദത്തിലും ഇരുന്ന സി.വി. പത്മരാജന്‍ ജൂലൈ 22-ന് നവതി പിന്നിട്ടു
ഇന്ന് തിരുവിതാംകൂറില്‍ എത്ര ഈഴവ എം.എല്‍.എമാര്‍ കോണ്‍ഗ്രസ്സിലുണ്ട്? എത്ര പേര്‍ക്ക് സീറ്റ് കൊടുത്തു?

നിര്‍ണ്ണായക സമയത്ത് കെ.പി.സി.സി പ്രസിഡന്റും പിന്നീട് 25 നാള്‍ മുഖ്യമന്ത്രി പദത്തിലും ഇരുന്ന സി.വി. പത്മരാജന്‍ ജൂലൈ 22-ന് നവതി പിന്നിട്ടു. ഏഴു പതിറ്റാണ്ട് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ ഇഴപൊട്ടാതെ ഊര്‍ജ്ജസ്വലതയോടെ പയറ്റിയ പത്മരാജന്‍ കാലം സമ്മാനിച്ച അനുഭവങ്ങളും അതിലൂടെ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും കലര്‍പ്പില്ലാതെ പറയുന്നു.

ശിവഗിരിയിലെ പൊലീസ് ഇടപെടല്‍, ഓര്‍ക്കാപ്പുറത്ത് എത്തിയ മുഖ്യമന്ത്രിപദം, പൂന്തുറയിലെ വെടിവെയ്പ് തുടങ്ങിയ വിഷയങ്ങളിലുള്ള നിലപാടുകള്‍ വ്യക്തമാക്കുന്നതിനൊപ്പം കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയുടെ കാരണവും കണ്ടെത്തുന്നു. 

വളരെ കുറച്ചു ദിവസമെങ്കിലും താങ്കള്‍ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ ഇരുന്ന ആളാണ്. ആ ദിവസങ്ങള്‍ എങ്ങനെ ഓര്‍ക്കുന്നു? 

പലരും ആ സംഭവം ഓര്‍ക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട് എന്ന് എനിക്കറിയാം. ആക്ടിംഗ് മുഖ്യമന്ത്രി എന്നു പറയുന്നതുപോലും ചിലര്‍ക്ക് മനംപുരട്ടലാണ്. മുഖ്യമന്ത്രി കസേരയില്‍ എന്നതിനേക്കാള്‍ എല്ലാ അധികാരങ്ങളോടും കൂടി ആ കസേരയില്‍ ഇരുന്നു എന്നുതന്നെ പറയേണ്ടിവരും.

താങ്കളെ ആ പദവി ഏല്പിച്ചതില്‍ ഇഷ്ടമില്ലാതിരുന്നവര്‍ ആരൊക്കെയാണ്?
 
അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ? ഒന്നു ഞാന്‍ പറയാം. കോണ്‍ഗ്രസ്സിലെ ഇരു ഗ്രൂപ്പുകളിലേയും കുറെ പേര്‍ക്ക് ഇത് ഇഷ്ടമായിട്ടില്ല. അതിനെക്കുറിച്ചു പറയുന്നതും ഇന്നും ഇഷ്ടമില്ലാത്തവര്‍ ഉണ്ട്.

ചികിത്സയ്ക്ക് അമേരിക്കയിലേക്കു പോകുമ്പോള്‍ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി കരുണാകരന്‍ താങ്കളുമായി ആലോചനകള്‍ നടത്തിയിരുന്നോ? 

ഇല്ല. ഒരു ചര്‍ച്ചയും ആരുമായും നടത്തിയതായി തോന്നുന്നില്ല. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ച് യാത്രയാക്കാന്‍ ചെന്ന എന്നോട് തന്റെ വകുപ്പുകള്‍ ഉമ്മന്‍ ചാണ്ടിക്കും പി.പി. ജോര്‍ജിനും എനിക്കും ആയി വിഭജിച്ചു നല്‍കുകയാണെന്നു പറഞ്ഞു. സഭാ നേതാവിന്റെ ചുമതല ഉമ്മന്‍ ചാണ്ടിക്കായിരിക്കുമെന്നും സൂചിപ്പിച്ചു. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ നോക്കണമെന്ന് ഒരു ഉപദേശവും തന്നു. ഘടകകക്ഷി നേതാക്കളോടും ഒന്നും ആലോചിച്ചിരുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കടുത്ത വേദനയില്‍ ആയിരുന്നു അദ്ദേഹം.

ഡല്‍ഹിയില്‍നിന്നു ഞാന്‍ തിരുവനന്തപുരത്ത് വിമാനമിറങ്ങുമ്പോള്‍ ആദ്യം അറിഞ്ഞത് ഉമ്മന്‍ ചാണ്ടി സഭാനേതൃസ്ഥാനം രാജിവെച്ചു എന്ന വാര്‍ത്തയാണ്. അദ്ദേഹത്തോട് ആലോചിക്കാതെ മുഖ്യമന്ത്രി വകുപ്പുകള്‍ വിഭജിച്ചു നല്‍കിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

ഞാന്‍ ഉടനെ ഉമ്മന്‍ ചാണ്ടിയെ വിളിച്ചു. രാജി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. അദ്ദേഹം അതു ചെവിക്കൊണ്ടില്ല. യു.ഡി.എഫ് കണ്‍വീനര്‍ ശങ്കരനാരായണനെ ഇടപെടുവിക്കാന്‍ നോക്കി. അദ്ദേഹം നിസ്സഹായത പ്രകടിപ്പിച്ചു. നിയമസഭ കൂടുന്ന സമയം ആണെന്ന് ഓര്‍ക്കണം.

സിവി പത്മരാജൻ
സിവി പത്മരാജൻ

സ്വാഭാവികമായും ഈ വിഷയം സഭയില്‍ വരുമല്ലോ? അതിനെ ഏതു വിധമാണ് നേരിട്ടത്?
 
മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സഭാ നേതാവിന്റെ ചുമതല നിര്‍വ്വഹിക്കാന്‍ എന്നെ അധികാരപ്പെടുത്തുന്ന കത്ത് ഫാക്‌സ് വഴി സി.വി. ആനന്ദബോസിനു കിട്ടിയിരുന്നു. അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. ആനന്ദബോസ് അത് സ്പീക്കര്‍ക്കും ചീഫ് സെക്രട്ടറിക്കും എനിക്കും രാത്രി തന്നെ എത്തിച്ചു തന്നു.

പ്രതീക്ഷിച്ചപോലെ പ്രക്ഷുബ്ധമായി തന്നെയായിരുന്നു സഭയുടെ തുടക്കം. ചോദ്യോത്തരവേള പോലും അനുവദിച്ചില്ല. ബേബിജോണ്‍ ആയിരുന്നു പേര് നയിച്ചത്. ഗൗരിയമ്മ, വര്‍ക്കല രാധാകൃഷ്ണന്‍, സി. ഷണ്‍മുഖദാസ്, സി.കെ. ചന്ദ്രപ്പന്‍ തുടങ്ങിയ സഭയിലെ പ്രമാണിമാര്‍ തന്നെ 'ശക്തരും കൗളും' ഒക്കെ ഉദ്ധരിച്ചുകൊണ്ട് പോര്‍മുഖത്തുനിന്നു. സംസ്ഥാനത്ത് ഭരണസ്തംഭനം ഉണ്ടായിരിക്കുന്നു എന്നതായിരുന്നു അവരുടെ പ്രധാന വാദഗതി. ഉമ്മന്‍ ചാണ്ടി നേതൃസ്ഥാനം രാജിവെച്ചതോടെ ഒരു 'കോണ്‍സ്റ്റിറ്റിയൂഷന്‍ ബ്രേക്ക്ഡൗണ്‍' ഉണ്ടായിരിക്കുന്നു എന്നാണ് ബേബിജോണ്‍ പറഞ്ഞത്. പ്രതിരോധിക്കാന്‍ ഭരണപക്ഷത്തുനിന്ന് ആരുമുണ്ടായില്ല. അവര്‍ നിശബ്ദരായി ഇരുന്നതേയുള്ളൂ. 

മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും കൈമാറിയിട്ടുണ്ടെന്നും ഒരു ഭരണസ്തംഭനവും സംസ്ഥാനത്തില്ലെന്നുമുള്ള ഉറച്ച നിലപാട് ഞാന്‍ എടുത്തു. സ്പീക്കര്‍ പി.പി. തങ്കച്ചനും അതേ നിലപാടില്‍നിന്നു. കുറച്ചുനേരം സഭ നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു. പിന്നീട് എല്ലാം മുറപോലെ നടന്നു.

തലവേദന സൃഷ്ടിച്ച ഏതെങ്കിലും വിഷയം ഈ കാലത്ത് ഉണ്ടായോ? 

പൂന്തുറ വര്‍ഗ്ഗീയ കലാപം അല്പമൊന്ന് വിഷമിപ്പിച്ചു. കടപ്പുറത്ത് സംഘര്‍ഷം ഉണ്ടായാല്‍ അത് പെട്ടെന്നു കത്തിപ്പടരും. ഓര്‍ക്കാപ്പുറത്താണ് പൂന്തുറയില്‍ കലാപമുണ്ടായത്. ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. ഇടപെട്ട പൊലീസിനു നേരെയായി അക്രമം. അവര്‍ക്കു വെടിവെയ്‌ക്കേണ്ടിവന്നു. അവിടെയുമിവിടെയും ജഡങ്ങള്‍ കിടക്കുന്നു എന്ന കിംവദന്തികള്‍ ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതായി തോന്നി. കലാപം അടിച്ചമര്‍ത്താന്‍ തന്നെ തീരുമാനിച്ചു. അമേരിക്കയില്‍ കരുണാകരനെ വിളിച്ചു പട്ടാളത്തെ ഇറക്കാന്‍ പോവുകയാണെന്നു പറഞ്ഞു. അദ്ദേഹം എതിര് ഒന്നും പറഞ്ഞില്ല. പട്ടാളം പ്രശ്‌നബാധിത പ്രദേശങ്ങളിലെല്ലാം റൂട്ട് മാര്‍ച്ച് നടത്തി. അതോടെ പ്രശ്‌നം കെട്ടടങ്ങി. 

അതുപോലെതന്നെ മറ്റൊരു സംഭവമാണ് മഅ്ദനിക്കു നേരെ ഉണ്ടായ ബോംബേറ്. അദ്ദേഹത്തിന്റെ കാല്‍പ്പത്തി നഷ്ടമായി. എന്തിനും പോന്ന കുറേ അനുയായികള്‍ മഅ്ദനിക്കുണ്ട്. ഉസ്താദിനെ ആക്രമിച്ചാല്‍ അവര്‍ വെറുതെയിരിക്കുമോ?. അവര്‍ നാടെങ്ങും തെരുവിലിറങ്ങി. പ്രതിഷേധത്തിന്റെ് മട്ടില്‍ അക്രമം തുടങ്ങിയപ്പോള്‍ കര്‍ശനമായിത്തന്നെ നേരിടാന്‍ പൊലീസിനു നിര്‍ദ്ദേശം കൊടുത്തു.

കെ കരുണാകരൻ
കെ കരുണാകരൻ

ഏഴ് പതിറ്റാണ്ട് നീണ്ട അങ്ങയുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തുടക്കം എങ്ങനെയായിരുന്നു? 

ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മെന്‍സ് കോളേജിലാണ് ഇന്റര്‍മീഡിയേറ്റിനു പഠിച്ചത്. കെ.കെ. കുമാരപിള്ള, പുതുപ്പള്ളി ദാമോദരന്‍ നായര്‍ തുടങ്ങിയവര്‍ അവിടെ സ്റ്റുഡന്‍സ് കോണ്‍ഗ്രസ്സ് നേതാക്കളായിരുന്നു. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്നു സ്റ്റുഡന്‍സ് കോണ്‍ഗ്രസ്സ്. പിന്നീട് എം.എല്‍.എ ഒക്കെയായ എ.സി. ജോസ് ആയിരുന്നു സ്റ്റുഡന്‍സ് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റ്. കെ. ബാലകൃഷ്ണന്‍ (കൗമുദി) വൈസ് പ്രസിഡന്റും കെ. ഗോപിനാഥന്‍ നായര്‍ സെക്രട്ടറിയും. ആര്‍.എസ്.പി നേതാക്കളായിരുന്ന അവരൊക്കെ സ്റ്റുഡന്‍സ് കോണ്‍ഗ്രസ്സില്‍ അന്ന് ഉണ്ടായിരുന്നു. അവരില്‍ ആകൃഷ്ടനായാണ് ഞാനും സ്റ്റുഡന്‍സ് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്. സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സമരങ്ങളില്‍ വിദ്യാര്‍ത്ഥിയായിരുന്നെങ്കിലും ഞാന്‍ മുന്‍പിലുണ്ടായിരുന്നു. സമരക്കാരനായതുകൊണ്ട് എനിക്ക് ഡിഗ്രിക്ക് കോളേജില്‍ അഡ്മിഷന്‍ തന്നില്ല.

ഡിഗ്രിക്ക് ചേര്‍ന്നത് തിരുവനന്തപുരം എം.ജി കോളേജില്‍ ആണ്. അവിടുത്തെ ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് ഞാന്‍. കളത്തില്‍ വേലായുധന്‍ നായരാണ് അഡ്മിഷന്‍ വാങ്ങിത്തന്നത്. കൊല്ലത്തുകാരനായ വി. ഗംഗാധരന്റെ കത്തുമായാണ് കളത്തിലിനെ കാണാന്‍ പോയത്.

കുറച്ചുകാലം അദ്ധ്യാപകനായിരുന്നില്ലേ? 

ഡിഗ്രി പാസ്സായി ഒരാഴ്ചയ്ക്കുള്ളില്‍ പരവൂര്‍ കോട്ടപ്പുറം സ്‌കൂളില്‍ അദ്ധ്യാപകനായി. മൂന്നുകൊല്ലം അവിടെ തുടര്‍ന്നു.

ഇവിടെ ഒരു കാര്യം ഓര്‍മ്മിപ്പിക്കാനുണ്ട്. സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ഡയറക്ട് പെയ്മെന്റ് ഏര്‍പ്പെടുത്തിയത് ജോസഫ് മുണ്ടശ്ശേരി ആണെന്നു ചിലര്‍ അവകാശപ്പെടുന്നുണ്ട്. അതു ശരിയല്ല. വിദ്യാര്‍ത്ഥികളില്‍നിന്ന് ഈടാക്കുന്ന ഫീസ് സര്‍ക്കാരില്‍ അടക്കണമെന്നും അദ്ധ്യാപകര്‍ക്ക് ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്നും ഉള്ള ഉത്തരവിറക്കിയത് പനമ്പള്ളി ഗോവിന്ദമേനോന്‍ ആണ്. ഡയറക്ട് പേയ്മെന്റിന്റെ ആദ്യത്തെ ഗുണഭോക്താക്കളില്‍ ഒരാളാണ് ഞാന്‍. 

കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലേക്ക് വരുന്നത്? 

അദ്ധ്യാപക ജോലി ഉപേക്ഷിച്ച് എറണാകുളം ലോ കോളേജിലും പിന്നീട് തിരുവനന്തപുരം ലോ കോളേജിലും ചേര്‍ന്നു നിയമപഠനം പൂര്‍ത്തിയാക്കി, 1956-ല്‍ കൊല്ലത്ത് പ്രാക്ടീസ് തുടങ്ങുമ്പോഴാണ് കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്.

1965-ലാണ് ആദ്യമായി മത്സരിക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും കോണ്‍ഗ്രസ്സിലും പിളര്‍പ്പ് ഉണ്ടായ സമയം. എല്ലാ പാര്‍ട്ടികളും ഒറ്റയ്ക്ക് മത്സരിക്കുന്നു. ചാത്തന്നൂര്‍ തങ്കപ്പന്‍പിള്ളയാണ് ചാത്തന്നൂരില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചത്. ഞാന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നു വിചാരിച്ചതുമില്ല, ആഗ്രഹിച്ചതുമില്ല. കൊല്ലത്ത് ഹെന്‍ട്രി ഓസ്റ്റിനും കുണ്ടറയില്‍ ശങ്കരനാരായണപിള്ളയും ഇരവിപുരത്ത് എ.എ. റഹീമും കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥികളായി രംഗത്തുവന്നപ്പോള്‍ ചാത്തന്നൂരില്‍ ഒരു ഈഴവ സ്ഥാനാര്‍ത്ഥി വേണമെന്ന് സ്റ്റീഫന്‍ സാര്‍ നിശ്ചയിച്ചു. മൂന്ന് അഭിഭാഷകരുടെ പാനല്‍ ഉണ്ടാക്കി അദ്ദേഹം കാമരാജ് നാടാര്‍ക്ക് സമര്‍പ്പിച്ചു. അതിലൊരു പേരുകാരന്‍ ഞാനായിരുന്നു. കാമരാജ് എന്റെ പേര് ടിക്ക് ചെയ്തു വിട്ടു. കാമരാജിന് എന്നെ നേരിട്ട് അറിയില്ല എന്നതാണ് രസകരം. ആ തെരഞ്ഞെടുപ്പില്‍ ചാത്തന്നൂര്‍ തങ്കപ്പന്‍പിള്ള സ്വതന്ത്രനായി മത്സരിച്ചു. പുതുതായി രൂപംകൊണ്ട കേരള കോണ്‍ഗ്രസ്സ് അദ്ദേഹത്തെ പിന്തുണച്ചു. അദ്ദേഹം വിജയിക്കുകയും ചെയ്തു. പി. രവീന്ദ്രനും (സി.പി.ഐ) അഡ്വ. ഹരിദാസനും (സി.പി.എം) ഞാനും തോറ്റു. ഞങ്ങള്‍ മൂന്നുപേരും ബന്ധുക്കളുമായിരുന്നു. 

15 കൊല്ലം കഴിഞ്ഞാണ് പിന്നെ ഞാന്‍ മത്സര രംഗത്ത് വരുന്നത്. 1980-ല്‍ കൊല്ലത്തുനിന്ന്. കോണ്‍ഗ്രസ്സ് ഐ രൂപംകൊണ്ട ശേഷം നടന്ന തെരഞ്ഞെടുപ്പ് ആയിരുന്നു അത്. വക്കീല്‍ കൊല്ലത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത് കരുണാകരനാണ്. അദ്ദേഹം എന്നെ വക്കീല്‍ എന്നാണ് വിളിച്ചിരുന്നത്. കടവൂര്‍ ശിവദാസനായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി.

പ്രചാരണം അവസാനിക്കുന്ന ദിവസം ബേബിജോണും എ.കെ. ആന്റണിയും കടവൂരും ഒരു തുറന്ന ജീപ്പില്‍ കടപ്പുറത്ത് നടത്തിയ ഷോ ഏറ്റു. 2000 വോട്ടിനു ഞാന്‍ തോറ്റു.

എകെ ആന്റണി
എകെ ആന്റണി

പിന്നീട് ഡി.സി.സി പ്രസിഡന്റും എം.എല്‍.എയും മന്ത്രിയും ഒക്കെയായില്ലേ? 

കോണ്‍ഗ്രസ്സ് പിളര്‍ന്നപ്പോള്‍ കോണ്‍ഗ്രസ്സ് ഐ വിഭാഗം ഡി.സി.സി പ്രസിഡന്റ് കൊല്ലത്ത് അയത്തില്‍ ഭാസ്‌കരന്‍ നായരായിരുന്നു. അദ്ദേഹത്തിന് അസുഖം ആയപ്പോള്‍ സ്റ്റീഫന്‍ സാറും റഹീം സാഹിബും ചേര്‍ന്നാണ് എന്നെ ഡി.സി.സി പ്രസിഡന്റാക്കുന്നത്. തെന്നല ബാലകൃഷ്ണപിള്ളയാണ് ആകേണ്ടിയിരുന്നത്. അദ്ദേഹം അപ്പോള്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആയിരുന്നു. കോണ്‍ഗ്രസ്സ് എ വിഭാഗത്തിന്റെ ഡി.സി.സി പ്രസിഡന്റ് തോപ്പില്‍ രവിയായിരുന്നു. സംസ്ഥാനത്തിന്റെ പലഭാഗത്തും എയും ഐയും സംഘര്‍ഷത്തില്‍ ആയിരുന്നെങ്കിലും കൊല്ലത്ത് നല്ല സൗഹൃദത്തിലായിരുന്നു. 

1982-ലാണ് ആദ്യമായി എം.എല്‍.എ ആകുന്നത്. ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതു ജനാധിപത്യ മുന്നണി ഗവണ്‍മെന്റും കരുണാകരന്റെ നേതൃത്വത്തിലുള്ള കാസ്റ്റിംഗ് മന്ത്രിസഭയും തകര്‍ന്നശേഷം നടന്ന തെരഞ്ഞെടുപ്പായിരുന്നു അത്. ചാത്തന്നൂരിലായിരുന്നു മത്സരം. സി.പി.ഐയിലെ ജെ. ചിത്തരഞ്ജന്‍ ആയിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ഞാന്‍ വിജയിച്ചു. കന്നി എം.എല്‍.എ ആയിരുന്നെങ്കിലും അപ്പോള്‍ത്തന്നെ മന്ത്രിയായി. കരുണാകരനാണ് മന്ത്രിയാക്കിയത്. ഫിഷറീസ്, സാമൂഹ്യവികസനം തുടങ്ങിയ വകുപ്പുകള്‍ ആയിരുന്നു. ഗ്രാമവികസനം എന്നൊരു വകുപ്പുണ്ടാക്കിയതും ഞാനാണ്. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥര്‍ മുഴുവനും അതിനെതിരായിരുന്നു.

കോണ്‍ഗ്രസ്സുകളുടെ ലയനത്തിനു മുന്‍കയ്യെടുത്തത് ആരായിരുന്നു? 

കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മനസ്സ് വായിച്ചെടുത്ത എ.കെ. ആന്റണി അടക്കമുള്ള എ നേതൃത്വം തന്നെയാണ് ലയനത്തിന് മുന്‍കയ്യെടുത്തത്. ഇന്ദിരാഗാന്ധിക്കും വലിയ താല്പര്യം ആയിരുന്നു. എന്നാല്‍, കരുണാകരന്‍ എതിരായിരുന്നു. അദ്ദേഹത്തെ അനുനയിപ്പിച്ചതും ചര്‍ച്ചകള്‍ തന്ത്രപൂര്‍വ്വം ഡല്‍ഹിയില്‍ ആക്കിയതും ജി.കെ. മൂപ്പനാരാണ്.

കെ.പി.സി.സി പ്രസിഡന്റ് പദവിയിലേക്ക് ഉയര്‍ന്നത് ഏതു സാഹചര്യത്തിലാണ്? അന്നു നേരിട്ട പ്രതിസന്ധികള്‍ എന്തൊക്കെയാണ്

കെ.പി.സി.സി പ്രസിഡന്റായിരുന്ന പ്രൊഫ. കെ.എം. ചാണ്ടി ഗവര്‍ണറായി പോയപ്പോള്‍ പകരം എ.എല്‍. ജേക്കബിനെയാണ് കരുണാകരന്‍ നിര്‍ദ്ദേശിച്ചത്. കുറച്ചുനാള്‍ അദ്ദേഹം ആ സ്ഥാനം വഹിക്കുകയും ചെയ്തു. ഓടിനടക്കാനുള്ള ശാരീരിക ബുദ്ധിമുട്ട് അദ്ദേഹത്തിനുണ്ടായിരുന്നു. മന്ത്രിയാകാനുള്ള മോഹവും.

എന്നെ കെ.പി.സി.സി പ്രസിഡന്റാക്കാന്‍ മുന്‍കയ്യെടുത്തത് കരുണാകരനാണ്. സന്തോഷത്തോടെ ഞാന്‍ അതു സ്വീകരിച്ച് മന്ത്രിസ്ഥാനം രാജിവെയ്ക്കുകയായിരുന്നു.

ഇരു പാര്‍ട്ടികളും ലയിച്ചെങ്കിലും ഗ്രൂപ്പുകള്‍ സജീവമായിരുന്നു. അതിന്റെ അതിപ്രസരം ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയെന്നതും സത്യമാണ്.

ഞാന്‍ കരുണാകരനു വിധേയനായിരുന്നു. പക്ഷേ, തീവ്ര ഐ ഗ്രൂപ്പുകാരനായിരുന്നില്ല. എ.കെ. ആന്റണി എപ്പോഴും എനിക്കു സഹായകരമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍, ഉമ്മന്‍ ചാണ്ടി തീവ്ര ഗ്രൂപ്പുകാരനായിരുന്നു. 

പാര്‍ട്ടി ഏറ്റവും ശക്തമായ പ്രവര്‍ത്തനം നടത്തിയ കാലം കൂടിയാണത്. ശക്തരായ ജനറല്‍ സെക്രട്ടറിമാരായിരുന്നു എനിക്കൊപ്പം. എം.എം. ജേക്കബ്, ആര്യാടന്‍ മുഹമ്മദ്, പി. ബാലന്‍, വി. എം. സുധീരന്‍, തെന്നല ബാലകൃഷ്ണപിള്ള, പി.പി. ജോര്‍ജ് തുടങ്ങിയവരായിരുന്നു ജനറല്‍ സെക്രട്ടറിമാര്‍. സുധീരന്‍ സ്പീക്കറായപ്പോള്‍ തോപ്പില്‍ രവിയെ ജനറല്‍ സെക്രട്ടറിയാക്കി.

ഇന്ത്യയിലാദ്യമായി പാര്‍ട്ടിക്ക് ബൂത്ത് കമ്മിറ്റികള്‍ ഉണ്ടാക്കിയത് കേരളത്തില്‍ ഞാന്‍ പ്രസിഡന്റായിരിക്കുമ്പോഴാണ്. ഓരോ മണ്ഡലം കമ്മിറ്റികളിലും ഞാന്‍ നേരിട്ട് പോയി പണം പിരിച്ചാണ് തലസ്ഥാനത്ത് ഇന്ദിരാഭവന്‍ ഉണ്ടാക്കിയത്. പ്രസിഡന്റ് എന്ന നിലയില്‍ ആ ഭൂമി എന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ആ കെട്ടിടം വാങ്ങുന്നതിന് കരുണാകരന്‍ അനുകൂലമായിരുന്നില്ല. നേരത്തെ പോള്‍ പി. മാണി താമസിച്ചിരുന്ന വീടാണ്. അവിടുത്തെ താമസം അദ്ദേഹത്തിനു ശുഭകരമായിരുന്നില്ലത്രേ. സര്‍ക്കാരില്‍നിന്നു സൗജന്യമായി ഭൂമി വാങ്ങി കെട്ടിടം നിര്‍മ്മിക്കാം എന്ന ചിന്തയും കരുണാകരനുണ്ടായിരുന്നിരിക്കണം. ഇന്ദിരാഭവന്‍ എന്ന പേരും എന്റെ നിര്‍ദ്ദേശമായിരുന്നു. 

എന്റെ പേര് ഇന്ദിരാഭവന്റെ ഒരു ശിലാഫലകത്തിലും ഇല്ല. നേരത്തെ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പറഞ്ഞതുപോലെ ഇന്ന് ആരും അത് ഓര്‍ക്കാനോ പറയാനോ ആഗ്രഹിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

സിവി പത്മരാജനും ഭാര്യയും
സിവി പത്മരാജനും ഭാര്യയും

മുഖ്യമന്ത്രി -സ്പീക്കര്‍ ദ്വന്ദയുദ്ധങ്ങളില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ റോള്‍ എന്തായിരുന്നു? 

ഗ്രൂപ്പുകള്‍ നോക്കാതെ ശരിയുടെ പക്ഷത്ത് നില്‍ക്കാന്‍ ആണ് ഞാന്‍ എന്നും ശ്രമിച്ചിട്ടുള്ളത്. ആലപ്പുഴയില്‍നിന്ന് വക്കം പുരുഷോത്തമന്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം സ്പീക്കര്‍ പദവി ഒഴിഞ്ഞു. ആസ്ഥാനത്തേക്ക് എ വിഭാഗം സുധീരനെയാണ് നിര്‍ദ്ദേശിച്ചത്. സ്വാഭാവികമായും കരുണാകരന് അതു സ്വീകാര്യമായിരുന്നില്ല. അദ്ദേഹത്തിന്റെ മനസ്സില്‍ ആറന്മുള എം.എല്‍.എ ആയിരുന്ന കെ.കെ. ശ്രീനിവാസനായിരുന്നു. ഇരു ഗ്രൂപ്പും ശക്തമായ നിലപാടില്‍ ഉറച്ചുനിന്നു.

സുധീരനെ സ്പീക്കര്‍ ആക്കണമെന്ന എ വിഭാഗത്തിന്റെ ആവശ്യം ന്യായമാണെന്ന് എനിക്കു തോന്നി. വക്കം പുരുഷോത്തമന്‍ എ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആള്‍ ആയിരുന്നല്ലോ? ഞാന്‍ കൂടി സുധീരനെ പിന്തുണച്ചതോടെ മനസ്സില്ലാ മനസ്സോടെയാണ് മുഖ്യമന്ത്രി വഴങ്ങിയത്.

അദ്ദേഹം ആശങ്കപ്പെട്ടതുതന്നെ സംഭവിച്ചു. സ്പീക്കറുടെ ഓരോ റൂളിങ്ങും മുഖ്യമന്ത്രിക്കുള്ള പ്രഹരങ്ങള്‍ ആയിമാറി. സഹികെട്ട ഒരു ഘട്ടത്തില്‍ സ്പീക്കര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരാന്‍ മുഖ്യമന്ത്രി തുനിഞ്ഞു.

സ്പീക്കറുടെ പോക്ക് ശരിയല്ല എന്ന് അഭിപ്രായം തന്നെയായിരുന്നു എനിക്കും. എന്നാല്‍, അവിശ്വാസം കൊണ്ടുവരുന്നതിനോട് ഞാന്‍ യോജിച്ചില്ല. ഹൈക്കമാന്‍ഡിനെ ഇടപെടുവിച്ചാല്‍ മതി എന്നായിരുന്നു എന്റെ നിലപാട്.

കെ.പി.സി.സി പ്രസിഡന്റ് പദം രാജിവെച്ചത് ആര് ആവശ്യപ്പെട്ടിട്ടാണ്? 

ആരും ആവശ്യപ്പെട്ടില്ല. 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെട്ടു. ഞാന്‍ ചാത്തന്നൂരിലും തോറ്റു. രാഷ്ട്രീയരംഗം അലമ്പാക്കി മാറ്റിയ മുഖ്യമന്ത്രിയുടെ പ്രതിച്ഛായ ചര്‍ച്ചകളാണ് വലിയ പരാജയം ഏറ്റുവാങ്ങാന്‍ കാരണം എന്നു ഞാന്‍ വിശ്വസിക്കുന്നു. സഭയില്‍ സുധീരനുമായുള്ള ഏറ്റുമുട്ടലുകള്‍, പുറത്ത് കാര്‍ത്തികേയന്റെ ഏകകക്ഷി ഭരണവാദം, അതൊക്കെ തോല്‍വിയുടെ ആക്കംകൂട്ടി.

ലോകസഭ തെരഞ്ഞെടുപ്പില്‍ 20-ല്‍ 18-ഉം വിജയിച്ചപ്പോള്‍ അത് കെ.പി.സി.സി പ്രസിഡന്റിന്റെ നേട്ടമായി ആരും കണ്ടില്ല. പക്ഷേ, നിയമസഭയില്‍ പരാജയപ്പെട്ടപ്പോള്‍ തോല്‍വിയുടെ പാപഭാരം മുഴുവന്‍ എന്റെ മേലിലായി. ഒരു മടിയും കൂടാതെ ഞാന്‍ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തു. ആന്റണിയെ കെ.പി.സി.സി പ്രസിഡന്റാക്കണം എന്നതും എന്റെ നിര്‍ദ്ദേശമായിരുന്നു.

കെ ബാലകൃഷ്ണൻ
കെ ബാലകൃഷ്ണൻ

ആന്റണി മുഖ്യമന്ത്രിയും താങ്കള്‍ മന്ത്രിയും ആയിരിക്കുമ്പോഴാണ് ശിവഗിരിയില്‍ പൊലീസ് ഇടപെടല്‍ ഉണ്ടാകുന്നത്. അതിനെ താങ്കള്‍ ന്യായീകരിക്കുക ആയിരുന്നു? 

അതെ, ഇന്നും ന്യായീകരിക്കുകയാണ്. കൊല്ലം സഹകരണ അര്‍ബന്‍ ബാങ്കില്‍ ഞാന്‍ പ്രസിഡന്റായതിന്റെ ജൂബിലിയാഘോഷം കഴിഞ്ഞ വര്‍ഷം എ.കെ. ആന്റണിയാണ് ഉദ്ഘാടനം ചെയ്തത്. അന്ന് അദ്ദേഹം പറഞ്ഞു: ''ശിവഗിരി വിഷയത്തില്‍ എന്നോടൊപ്പം ഉറച്ചുനിന്ന മന്ത്രി പത്മരാജന്‍ വക്കീലാണ്. അദ്ദേഹത്തിന്റെ ആ നിലപാട് ശരിയോ തെറ്റോ എന്നു കാലം തെളിയിക്കും.'' 

ശിവഗിരി വിഷയത്തില്‍ ആന്റണിയുടെ നിലപാട് ശരിയായിരുന്നു എന്നു കാലം തെളിയിച്ചിരിക്കുകയാണ്. സുപ്രീംകോടതി വരെ ആ തീരുമാനം ശരിവച്ചു.

ശിവഗിരി മഠത്തിലെ രണ്ടു വിഭാഗം സന്ന്യാസിമാര്‍ തമ്മിലുള്ള അധികാര തര്‍ക്കമാണ് വിഷയം. മഠത്തില്‍ നിയമപ്രകാരം തെരഞ്ഞെടുപ്പ് നടന്നു. അധികാരത്തില്‍ ഇരുന്ന ശാശ്വതീകാനന്ദ പക്ഷം പരാജയപ്പെട്ടു. പ്രകാശാനന്ദ പക്ഷം വിജയിച്ചു. പക്ഷേ, അധികാര കൈമാറ്റത്തിന് എതിര്‍ഭാഗം തയ്യാറായില്ല. പ്രകാശാനന്ദ പക്ഷം കോടതിയില്‍ പോയി. കോടതി അവര്‍ക്ക് അനുകൂലമായി വിധിച്ചു. ഹൈക്കോടതി വിധി നടപ്പാക്കാന്‍ ശാശ്വതീകാനന്ദപക്ഷം ഒരുമ്പെട്ടില്ല. കോടതി ഉത്തരവുമായി 12 പ്രാവശ്യം ആമീന്‍ മഠത്തിലെത്തി. ഫലമുണ്ടായില്ല. 

ഇരുവിഭാഗങ്ങളുമായി സംസാരിക്കാന്‍ മുഖ്യമന്ത്രി എന്നെ ചുമതലപ്പെടുത്തി. ഞാന്‍ പല പ്രാവശ്യം മഠത്തിലെത്തി. ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. ഹൈക്കോടതി വിധി നടപ്പാക്കിയില്ലെങ്കില്‍ കോര്‍ട്ട് അലക്ഷ്യം നേരിടേണ്ടിവരുമെന്ന് അഡ്വക്കേറ്റ് ജനറല്‍ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരുന്നു. ഇതിനിടെ മഅ്ദനിയുടെ ആള്‍ക്കാര്‍ മഠം വളഞ്ഞുനില്‍ക്കുന്നതായും പൊലീസ് റിപ്പോര്‍ട്ട് വന്നു. ഈ സാഹചര്യത്തിലാണ് ആന്റണി നിയമം നടപ്പാക്കാന്‍ തന്നെ തീരുമാനിച്ചത്.

മഠത്തില്‍ പൊലീസിനെ അയക്കേണ്ടിവന്നതില്‍ പിന്നീട് ആന്റണി ഖേദം പ്രകടിപ്പിച്ചല്ലോ? 

അത് ആന്റണിയുടെ സംയമന തന്ത്രമാണ്. രാഷ്ട്രീയമാണ്. എന്റെ നിലപാടുകള്‍ ശരിയായിരുന്നുവെന്ന് മഠത്തിലെ സ്വാമിമാര്‍ക്ക് അറിയാം. അവരെന്നെ എല്ലാ വര്‍ഷവും മഠത്തിലെ പരിപാടികളിലേക്ക് ക്ഷണിക്കാറുണ്ട് ഞാന്‍ പോകാറുമുണ്ട്.

എസി ജോസ്
എസി ജോസ്

ഇന്നത്തെ കോണ്‍ഗ്രസ്സിന്റെ അവസ്ഥ ദയനീയമല്ലേ? എന്താണ് ഈ തകര്‍ച്ചയ്ക്കു താങ്കള്‍ കാണുന്ന കാരണം?
 
വി.പി. സിംഗിന്റെ കാലം മുതലാണ് പരാജയങ്ങളുടെ തുടര്‍ച്ച ഉണ്ടാകുന്നത്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെ കോണ്‍ഗ്രസ്സ് പിന്തുണക്കാതെ പോയത് ഒരു വലിയ വീഴ്ചയാണ്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബീഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ യാദവന്‍മാരടക്കം പിന്നോക്കക്കാര്‍ മുഴുവന്‍ കോണ്‍ഗ്രസ്സില്‍നിന്നു പോയി. ദളിതരും പോയി. അവിടം പ്രാദേശിക പാര്‍ട്ടികള്‍ കയ്യടക്കി. പച്ചയായി ജാതി പറഞ്ഞ് ബി.ജെ.പി ഇപ്പോള്‍ ആധിപത്യം കയ്യടക്കിയിരിക്കയാണ്. കേരളത്തില്‍ കരുണാകരന്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരായിരുന്നു. 

പിന്നോക്ക വിഭാഗങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന ഒരു തോന്നല്‍ പാര്‍ട്ടി അണികളിലുണ്ട്. നിവര്‍ത്തന പ്രക്ഷോഭത്തെത്തുടര്‍ന്ന് എട്ട് നിയമസഭാ സീറ്റ് ഈഴവര്‍ക്ക് സംവരണം ചെയ്തിരുന്നു. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും സംവരണം ഉണ്ടായിരുന്നു. ഇന്ന് തിരുവിതാംകൂറില്‍ എത്ര ഈഴവ എം.എല്‍.എമാര്‍ കോണ്‍ഗ്രസ്സിലുണ്ട്? ഒരാള്‍ ഉണ്ടോ? എത്ര പേര്‍ക്ക് സീറ്റ് കൊടുത്തു? ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന മിടുക്കന്മാരായ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കാനും വളര്‍ത്തിക്കൊണ്ടുവരാനും നേതൃത്വം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം
ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊപ്പം

രാഷ്ട്രീയരംഗംപോലെ സഹകരണരംഗത്തും അഭിഭാഷകരംഗത്തും താങ്കള്‍ ശോഭിച്ചിരുന്നല്ലോ? 

ശരിയാണ്. രാഷ്ട്രീയരംഗംപോലെ ആസ്വദിച്ച് പ്രവര്‍ത്തിച്ച മണ്ഡലങ്ങളാണ് സഹകരണരംഗവും അഭിഭാഷകവൃത്തിയും. ഞാന്‍ കൊല്ലം സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്റായിട്ട് 50 കൊല്ലം കഴിഞ്ഞു. ഈ 90-ാം വയസ്സിലും അതിന്റെ പ്രസിഡന്റായി തുടരുന്നു. മിക്ക ദിവസങ്ങളിലും ഇപ്പോഴും ബാങ്കില്‍ പോകുന്നുണ്ട്. കുരുവി കൂട് നെയ്യുംപോലെ സൂക്ഷ്മതയോടെ വളര്‍ത്തിക്കൊണ്ടുവന്ന ബാങ്ക്, ഇന്ന് സംസ്ഥാനത്തെ മികച്ച ബാങ്കുകളിലൊന്നായി മാറിയിട്ടുണ്ട്.

1956-ലാണ് സനത് എടുത്തത്. കൊല്ലത്താണ് പ്രാക്ടീസ് തുടങ്ങിയത്. 1971-'78 കാലഘട്ടത്തില്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡറായി. കരുണാകരന്റെ നിര്‍ദ്ദേശമനുസരിച്ച് നിയമ മന്ത്രിയായിരുന്ന വക്കം പുരുഷോത്തമനാണ് നിയമനം നടത്തിയത്.

നല്ല പ്രാക്ടീസുള്ള അഭിഭാഷകനായിരുന്നു. സമാന്യം നല്ല വരുമാനവും കിട്ടിയിരുന്നു. ഈ താമസിക്കുന്ന വീട് അന്നു വെച്ചതാണ്. മന്ത്രിയായപ്പോള്‍ മണിമന്ദിരം നിര്‍മ്മിച്ചുവെന്ന പേരുദോഷം അതുകൊണ്ടുണ്ടായില്ല.

കുടുംബം? 

ഭാര്യ വസന്തകുമാരി, അഭിഭാഷകയാണ്. രണ്ട് ആണ്‍മക്കള്‍: സജി, അനി. രണ്ടുപേരും സ്വകാര്യമേഖലയില്‍ എന്‍ജിനീയര്‍മാരാണ്.

ഈ ലേഖനം കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com