ചേറ്റൂരിനെ കേരളം മറന്ന മട്ടാണ്, കോണ്‍ഗ്രസ്സു പോലും

ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്സ് കമ്മിറ്റിക്ക് കേരളത്തില്‍നിന്നുണ്ടായിട്ടുള്ള ഒരേയൊരു പ്രസിഡന്റാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍. ഇനി ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്സ് കമ്മിറ്റിക്ക് കേരളത്തില്‍നിന്നൊരു പ്രസിഡന്റ് ഉണ്ടാവുമ
ചേറ്റൂരിനെ കേരളം മറന്ന മട്ടാണ്, കോണ്‍ഗ്രസ്സു പോലും

ള്‍ ഇന്ത്യ കോണ്‍ഗ്രസ്സ് കമ്മിറ്റിക്ക് കേരളത്തില്‍നിന്നുണ്ടായിട്ടുള്ള ഒരേയൊരു പ്രസിഡന്റാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍. ഇനി ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്സ് കമ്മിറ്റിക്ക് കേരളത്തില്‍നിന്നൊരു പ്രസിഡന്റ് ഉണ്ടാവുമോ? അതോ ആദ്യത്തേയും അവസാനത്തേയും മലയാളിയായ എ.ഐ.സി.സി പ്രസിഡന്റ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആയിരിക്കുമോ? കാലം തെളിയിക്കേണ്ട വസ്തുതയാണിത്. 

സ്വതന്ത്രഭാരതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി കടന്നുപോകുന്നത്. ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഒരു കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഉണ്ടാകേണ്ടതിനെപ്പറ്റി ചര്‍ച്ചകള്‍ അരികുപറ്റി ആണെങ്കില്‍ക്കൂടി ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന് ഒരു കോണ്‍ഗ്രസ്സ് പ്രസിഡന്റ് അഥവാ ഉണ്ടായാല്‍ത്തന്നെ അതിനി കേരളത്തിലേക്ക് എത്താന്‍ എന്തെങ്കിലും സാധ്യതയുണ്ടോ? എന്തുതന്നെയായാലും കോണ്‍ഗ്രസ്സ് എന്ന സംഘടനാ സംവിധാനത്തിന്റെ ദീപ്തമായ കാലഘട്ടങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ആവാന്‍ സാധിച്ചയാളാണ് മലയാളിയായ സര്‍ ചേറ്റൂര്‍. പക്ഷേ, ചേറ്റൂരിനെ കേരളം മറന്ന മട്ടാണ്. എന്തിന് കേരളത്തിലെ കോണ്‍ഗ്രസ്സുപോലും മറന്ന മട്ടാണ്. ഒറ്റപ്പാലം ആസ്ഥാനമായ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷനാണ് ഒരുപക്ഷേ, കേരളത്തില്‍ ചേറ്റൂരിനെ അനുസ്മരിക്കുന്ന ഒരേയൊരു സ്ഥാപനം. ഓള്‍ ഇന്ത്യ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എന്നതിലുപരി ഒരു ശക്തനായ ദേശസ്‌നേഹി, ഭരണാധികാരി, ധിഷണാശാലി, സര്‍വ്വോപരി ആധുനികതയുടെ ഏറ്റവും വലിയ സംഭാവനയായ നീതിന്യായ വ്യവസ്ഥയോട് കറപുരളാത്ത വിശ്വാസവും കൂറുമുള്ള ഒരാധുനികനും കൂടിയായിരുന്നു അദ്ദേഹം. അര്‍ഹമായ പ്രാധാന്യമോ പരിഗണനയോ കേരളമോ എന്തിന്, കേരളത്തിലെ കോണ്‍ഗ്രസ്സുപോലുമോ നല്‍കുന്നില്ല എന്നത് നാം ചരിത്രത്തോട് തന്നെ ചെയ്യുന്ന ഒരനീതിയാണ്. ഈ അവഗണനയിലൂടെ വിലമതിക്കാനാവാത്ത സംഭാവനകള്‍ വിവിധ മേഖലകളില്‍ നല്‍കിയ ഒരു ധൈഷണിക പ്രതിഭയുടെ, ദേശസ്‌നേഹിയുടെ ജീവിതത്തിനുനേരെയാണ് കേരളം മുഖംതിരിഞ്ഞു നില്‍ക്കുന്നത്.

ചേറ്റൂരിന്റെ ജന്മനാട്
ചേറ്റൂരിന്റെ ജന്മനാട്

പാലക്കാട് ജില്ലയിലെ മങ്കര എന്ന സ്ഥലത്ത് രാമുണ്ണി പണിക്കരുടേയും പാര്‍വ്വതി അമ്മയുടേയും മകനായിട്ടാണ് 1857 ജൂലൈ 11-ന് ചേറ്റൂര്‍ ജനിക്കുന്നത്. വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് പ്രസിഡന്‍സി കോളേജില്‍ ഉന്നത വിദ്യാഭ്യാസത്തിനു ചേര്‍ന്ന ചേറ്റൂര്‍ 1877-ല്‍ മദ്രാസ് ലോ കോളേജില്‍നിന്നു നിയമബിരുദവും കരസ്ഥമാക്കി. 1880 മുതല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഡ്വക്കേറ്റായി സേവനമനുഷ്ഠിച്ചു തുടങ്ങിയ ചേറ്റൂര്‍ 1908 മുതല്‍ മദ്രാസ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജായി നിയമിതനായി. 1915-ല്‍ വൈസ്രോയിയുടെ കൗണ്‍സിലിലെ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള അംഗമായി ചുമതലയേല്‍ക്കുന്നതുവരെ ചേറ്റൂര്‍ മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജായി തുടര്‍ന്നു.

ഒരു ജഡ്ജ് എന്ന നിലയിലും നിയമവിദഗ്ദ്ധന്‍ എന്ന നിലയിലും തന്റെ പ്രാഗല്‍ഭ്യം തെളിയിച്ച ആളാണ് ചേറ്റൂര്‍. ഇതിനെല്ലാമുപരി നിയമബോധവും നൈതികതയും അദ്ദേഹം ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്വങ്ങളുടേയും പ്രവര്‍ത്തനരീതികളെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്. പല മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു എങ്കിലും ചേറ്റൂര്‍ ആദ്യമായും അവസാനമായും നിയമവിധേയനായ ഒരു ആധുനിക പൗരനായിരുന്നു. ഒരു രാഷ്ട്രീയക്കാരന്‍, ബ്യൂറോക്രാറ്റ്, നിയമവിദഗ്ദ്ധന്‍ എന്നിങ്ങനെ പല മേഖലകളില്‍ തന്റെ കഴിവുകള്‍ തെളിയിച്ചിട്ടുള്ളയാളാണ് ചേറ്റൂര്‍. കോണ്‍ഗ്രസ്സുകാരും മലയാളികളും വലിയൊരളവുവരെ മറന്നുവെങ്കിലും ചേറ്റൂരിന്റെ മേല്‍പ്പറഞ്ഞ മേഖലകളിലെ സംഭാവനകളെ സംബന്ധിച്ച് കുറച്ചെങ്കിലുമൊക്കെ ചര്‍ച്ചകള്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്നിട്ടുണ്ട്. 

സ്പെൻസർ ​ഹർക്കൗട്ട് ബട്ട്ലർ
സ്പെൻസർ ​ഹർക്കൗട്ട് ബട്ട്ലർ

ചേറ്റൂരിന്റെ വിദ്യാഭ്യാസ ഇടപെടലുകള്‍ 

ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകള്‍ ഉണ്ടായിട്ടുള്ളതും എന്നാല്‍, അധികമൊന്നും ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ലാത്തതുമായ ഒരു മേഖലയാണ് വിദ്യാഭ്യാസം. ഒരു വിദ്യാഭ്യാസ നിര്‍വ്വാഹകന്‍ എന്ന നിലയില്‍ ചേറ്റൂര്‍ നടത്തിയ ഇടപെടലുകള്‍ ദീര്‍ഘദര്‍ശിത്വം നിറഞ്ഞതും സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ വിദ്യാഭ്യാസ വ്യവസ്ഥയെത്തന്നെ വളരെ നിര്‍ണ്ണായകമായി സ്വാധീനിക്കാന്‍ പര്യാപ്തമായവയുമായിരുന്നു. വൈസ്രോയിയുടെ കൗണ്‍സിലിലെ വിദ്യാഭ്യാസ അംഗം എന്ന നിലയില്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ നടത്തിയ ഇടപെടലുകള്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയി എന്നുള്ളത് ദുഃഖകരമായ കാര്യമാണ്. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ വൈസ്രോയിയുടെ കൗണ്‍സില്‍ വിദ്യാഭ്യാസ അംഗമെന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ആറ്റിക്കുറുക്കിയാല്‍ കാണാന്‍ സാധിക്കുക നീതിനിഷ്ഠ, ദേശീയത, ആധുനികത എന്നിവയുടെ സംയോജനമാണ്. വിദ്യാഭ്യാസ നയരൂപീകരണവും ആസൂത്രണവും വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളും കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ച് ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന ഈ പ്രവര്‍ത്തനരീതികളുടെ വിശകലനം പെതുവിദ്യാഭ്യാസ നിര്‍വ്വാഹകര്‍ക്ക് മാര്‍ഗ്ഗദര്‍ശിത്വം നല്‍കുന്നതാണ്. ഇത്തരത്തില്‍ വൈസ്രോയിയുടെ സഭയിലെ വിദ്യാഭ്യാസ അംഗമെന്ന നിലയിലുള്ള ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ഇടപെടലുകളെ പഠനവിധേയമാക്കുകയാണ് ഈ ലേഖനത്തിലൂടെ ചെയ്യുന്നത്. 

ബാൺസ് പിക്കോക്ക്
ബാൺസ് പിക്കോക്ക്

ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യം ബ്രിട്ടീഷ് ഭരണകാലഘട്ടത്തില്‍ വളരെ ശക്തമായിരുന്നു. സ്‌കൂള്‍ തലം മുതല്‍ക്കുതന്നെ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നത് രക്ഷകര്‍ത്താക്കള്‍ക്ക് ഇന്നത്തെപ്പോലെ തന്നെ അന്നത്തേയും അഭിമാനകരമായ കാര്യമായിരുന്നു. എന്നാല്‍, ബ്രിട്ടീഷ് ഭരണനേതൃത്വത്തിന് ഇംഗ്ലീഷ് വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും നല്‍കുന്നതിനോട് യോജിപ്പുണ്ടായിരുന്നില്ല. ബ്രിട്ടീഷുകാരുടെ ഈ വിമുഖത ഭാരതീയര്‍ നേരിട്ടത് വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണത്തിലൂടെയാണ്. ഇതിന്റെ ഫലമായി ധാരാളം സ്വകാര്യ സ്‌കൂളുകള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നതിനുവേണ്ടി ഉടലെടുക്കുകയുണ്ടായി. എന്നാല്‍, ഈ മാറ്റങ്ങളോട് ബ്രിട്ടീഷ് ഗവണ്‍മെന്റ് പ്രതികരിച്ചത് വിദ്യാഭ്യാസത്തെ കൂടുതല്‍ ശക്തമായി നിയന്ത്രണവിധേയമാക്കിക്കൊണ്ടാണ്. 1904-ല്‍ പുറത്തിറങ്ങിയ യൂണിവേഴ്സിറ്റി എജുക്കേഷന്‍ ആക്ട് ഇതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായിരുന്നു. ലോഡ് കഴ്സണ്‍ന്റെ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ യൂണിവേഴ്സിറ്റി ആക്ട് സാര്‍ തോമസ് റാലിഗാണ് തയ്യാറാക്കിയത്. ഇത്തരത്തില്‍ വിദ്യാഭ്യാസത്തിനുമേലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം വരേണ്യര്‍ക്കു മാത്രമായി ഒതുക്കി നിര്‍ത്തുകയും ചെയ്യപ്പെട്ടതിലൂടെ പൊതുവിദ്യാഭ്യാസം എന്ന ആശയത്തിനു ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടു എന്നുള്ളതാണ് മനസ്സിലാക്കേണ്ടത്. വിദ്യാഭ്യാസ പ്രക്രിയയിലൂടെ വലിയൊരു വിഭാഗത്തിനു സാമൂഹ്യഘടനയുടെ മേല്‍ത്തട്ടിലേക്ക് വരാന്‍ സാധിക്കുമ്പോള്‍ മാത്രമാണ് ഒരു വലിയ ജനസമൂഹത്തില്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രതീക്ഷാനിര്‍ഭരമായ മനോഭാവം രൂപപ്പെട്ടുവരുന്നത്. എന്നാല്‍, വിദ്യാഭ്യാസത്തെ കര്‍ശനമായ നിയന്ത്രണത്തില്‍ വെച്ചുകൊണ്ട് വരേണ്യര്‍ക്കു മാത്രമായി നല്‍കുക വഴി സാധാരണ ജനവിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ പ്രക്രിയയില്‍ ഉള്ള വിശ്വാസം കെടുത്തിക്കളഞ്ഞു.

ആനി ബസന്റ്
ആനി ബസന്റ്

വിദ്യാഭ്യാസത്തിലെ ബട്ട്ലര്‍ തരംഗം 

വൈസ്രോയിയുടെ കൗണ്‍സിലില്‍ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് അംഗമായി ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എത്തുന്നത് 1915-ലാണ്. ചേറ്റൂര്‍ ശങ്കരന്‍ നായര്‍ക്ക് തൊട്ടുമുന്‍പ് ഈ പദവി വഹിച്ചിരുന്നത് സര്‍ സ്പെന്‍സര്‍ ഹര്‍ക്കൗട്ട് ബട്ടലര്‍ (Spencer Harcourt Butler) ആയിരുന്നു. ഇന്ത്യന്‍ സിവില്‍ സര്‍വ്വീസിലെ ഒരു ഓഫീസറായാണ് ഹര്‍ക്കൗട്ട് ബട്ട്ലര്‍ ഇന്ത്യയിലെത്തുന്നത്. ആഗ്ര, ഓധ് പ്രോവിന്‍സുകളുടെ ലഫ്റ്റനന്റ് ഗവര്‍ണറായും മറ്റും (1918-1921) സേവനമനുഷ്ഠിക്കുകയുണ്ടായി അദ്ദേഹം. ഭാരതത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ പശ്ചാത്തലങ്ങള്‍ വളരെ കൃത്യമായി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്ത ആളായിരുന്നു ബട്ട്ലര്‍. ഇത്തരത്തിലുള്ള അറിവിനെ തന്റെ ഭരണപരമായ പ്രവര്‍ത്തനങ്ങളിലേക്ക് വളരെ കാര്യക്ഷമമായി സമന്വയിപ്പിക്കുന്ന തരത്തിലുള്ള ഭരണരീതിയായിരുന്നു ബട്ട്ലറുടേത്. ബ്രിട്ടീഷ് ഇന്ത്യയുടെ സവിശേഷമായ സാഹചര്യങ്ങളില്‍ ധാരാളം ഭരണപരമായ അനുഭവസമ്പത്ത് ആര്‍ജ്ജിച്ച ശേഷമാണ് ബട്ട്ലര്‍ വൈസ്രോയിയുടെ സഭയിലെ വിദ്യാഭ്യാസ അംഗമായി ചുമതലയേല്‍ക്കുന്നത്. മാത്രവുമല്ല, വൈസ്രോയിയുടെ കൗണ്‍സിലില്‍ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള അംഗമായി ആദ്യമായി നിയോഗിക്കപ്പെടുന്ന ആളും ബട്ട്ലര്‍ തന്നെയായിരുന്നു. 1910-ലാണ് ബട്ട്ലര്‍ വിദ്യാഭ്യാസ ചുമതലയുള്ള അംഗം എന്ന നിലയില്‍ അധികാരമേല്‍ക്കുന്നത്. 1915 വരെയുള്ള തന്റെ ഭരണകാലയളവില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് ബട്ട്ലര്‍ കാഴ്ചവച്ചത്. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ ഇടപെടലുകള്‍ ബ്രിട്ടീഷുകാര്‍ക്കും ഇന്ത്യക്കാര്‍ക്കും ഒരേപോലെ മതിപ്പുളവാക്കുന്നതായിരുന്നു. ഇതിനുള്ള ഏറ്റവും നല്ല തെളിവാണ് ബട്ട്ലര്‍ അധികാരമെഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം 1921-ല്‍ കാണ്‍പൂരില്‍ ആരംഭിച്ച ഹാര്‍ക്കോട്ട് ബട്ട്ലര്‍ ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട്. ഇപ്പോഴും വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം 2016-ല്‍ ഡീംഡ് സര്‍വ്വകലാശാലയായി ഉയര്‍ത്തപ്പെട്ടു. ആദ്യകാലത്ത് ബംഗാളി ബോയ്സ് സ്‌കൂള്‍ എന്നറിയപ്പെട്ടിരുന്ന ഡല്‍ഹിയിലെ ഹാര്‍ക്കോട്ട് ബട്ട്ലര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥാപിക്കപ്പെട്ടത് ബട്ട്ലര്‍ തന്റെ ഔദ്യോഗിക ചുമതലകള്‍ ഒഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം 2017-ലാണ്. ബട്ട്ലറുടെ പേരിലുള്ള എല്ലാ സ്ഥാപനങ്ങളും ആരംഭിച്ചത് അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധി കഴിഞ്ഞതിനുശേഷമാണ് എന്നുള്ളത് തന്നെ അദ്ദേഹം ഇന്ത്യന്‍ വിദ്യാഭ്യാസരംഗത്ത് കൊണ്ടുവന്ന കാര്യക്ഷമമായ സംഭാവനകളെ എടുത്തുകാട്ടുന്നുണ്ട്. ഇത്തരത്തില്‍ ഒരു പ്രഗല്‍ഭമതിയായ ഭരണകര്‍ത്താവിന്റെ പിന്‍ഗാമിയായി വൈസ്രോയിയുടെ സഭയിലെ വിദ്യാഭ്യാസ ചുമതലയേല്‍ക്കുന്ന അംഗം എന്നുള്ളത് ചേറ്റൂര്‍ ശങ്കരന്‍ നായരെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളി തന്നെയായിരുന്നു. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ 1915-ല്‍ വൈസ്രോയിയുടെ സഭയിലെ വിദ്യാഭ്യാസ ചുമതലയുള്ള അംഗമായി അധികാരമേല്‍ക്കുമ്പോള്‍ ഒരു ബട്ട്ലര്‍ തരംഗം തന്നെ വിദ്യാഭ്യാസ മേഖലയില്‍ നിലനിന്നിരുന്നു എന്നു പറയുന്നതില്‍ തെറ്റില്ല. അതുകൊണ്ടുതന്നെ ചേറ്റൂര്‍ നേരിട്ട ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി തന്നെ തന്റെ മുന്‍ഗാമി മുന്‍പോട്ടു വച്ച വിദ്യാഭ്യാസപരമായ കാഴ്ചപ്പാടുകളേയും പ്രവര്‍ത്തനങ്ങളേയും അതിന്റെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുക എന്നുള്ളതായിരുന്നു. സ്വാതന്ത്ര്യസമര കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ബ്രിട്ടീഷ് ഭരണനേതൃത്വത്തേയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തേയും വിശ്വാസത്തിലെടുത്തുകൊണ്ട് വിദ്യാഭ്യാസ പരിഷ്‌കരണങ്ങളുമായി മുന്നോട്ടു പോകുക എന്നുള്ളത് വലിയ വെല്ലുവിളി തന്നെയായിരുന്നു.

പണ്ഡിറ്റ് മ​ദൻ മോഹൻ മാളവ്യ
പണ്ഡിറ്റ് മ​ദൻ മോഹൻ മാളവ്യ

ന്യായാധിപന് നിഷ്പക്ഷത എത്രത്തോളം സാധ്യമാണ് 

നിഷ്പക്ഷത എത്രത്തോളം സാധ്യമാവുമോ അത്രത്തോളം നടപ്പാക്കുക എന്നതായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായരുടെ പ്രവര്‍ത്തനരീതി. വിദ്യാഭ്യാസ അംഗമായി പ്രവര്‍ത്തിക്കുമ്പോള്‍ താന്‍ നേരിട്ട എല്ലാ വിദ്യാഭ്യാസ പ്രശ്‌നങ്ങളും വളരെ നിഷ്പക്ഷമായി കൈകാര്യം ചെയ്യുന്നതിനുള്ള ആത്മാര്‍ത്ഥമായ ശ്രമം ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ഭാഗത്തുനിന്നും ഉണ്ടായി. ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനരീതി അദ്ദേഹം ആര്‍ജ്ജിച്ചത് തന്റെ ന്യായാധിപ ജോലിയില്‍നിന്നുമാണ്. യഥാര്‍ത്ഥത്തില്‍ വിദ്യാഭ്യാസ അംഗമാകുന്നതിനു തൊട്ടുമുന്‍പുള്ള കാലങ്ങളില്‍ അദ്ദേഹം ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗമായിരുന്നു. ഈ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളാണ് നിയമത്തെ അടിസ്ഥാന പ്രമാണമാക്കി നിഷ്പക്ഷതയെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനരീതി അദ്ദേഹം ആര്‍ജ്ജിച്ചത് എന്നുവേണം മനസ്സിലാക്കാന്‍.

ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗം ആയിരിക്കുമ്പോള്‍ ഒരു ജഡ്ജ് ഭരണസംവിധാനത്തോടും പൊതുസമൂഹത്തോടും നീതിയുക്തമായ അകലം പാലിക്കേണ്ടത് അനിവാര്യമാണെന്ന പക്ഷക്കാരനായിരുന്നു ചേറ്റൂര്‍. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന കോളിംഗ് എന്ന നിയമവിദഗ്ദ്ധനില്‍നിന്നും വലിയ ഒരു മാതൃക ഇത്തരത്തില്‍ താന്‍ പിന്‍പറ്റി എന്ന ചേറ്റൂര്‍ ശങ്കരന്‍ നായര്‍ തന്റെ ആത്മകഥയില്‍ (p45) പറയുന്നുണ്ട്. ഒരു ന്യായാധിപന്റെ വിധിപ്രസ്താവം നീതിയുക്തമാവുന്നതിന് ന്യായാധിപന്‍ ഭരണവര്‍ഗ്ഗവുമായും ഭരിക്കപ്പെടുന്നവരുമായും നിലനിര്‍ത്തുന്ന അകലവും അടുപ്പവും വളരെ കാര്യമായ പങ്കുവഹിക്കുന്നുണ്ടെന്ന് പ്രശസ്ത ന്യായാധിപനായ സര്‍ ആര്‍തര്‍ കോളിംഗ് ഒരിക്കല്‍ ചേറ്റൂരിനോട് പറയുന്നുണ്ട്. ഇതിന്റെ അര്‍ത്ഥം ഭരണസംവിധാനത്തില്‍നിന്നും പൊതുജനങ്ങളില്‍നിന്നും പൂര്‍ണ്ണമായും ഒറ്റപ്പെട്ട് നില്‍ക്കുക എന്നുള്ളതല്ല. മറിച്ച് ന്യായയുക്തമായ അകലം ഇവരുമായി നിലനിര്‍ത്തുക എന്നുള്ളതാണത്. ഉദാഹരണമായി ഒരു ഇന്ത്യക്കാരനും ബ്രിട്ടീഷ് കച്ചവടക്കാരനും തമ്മില്‍ ഒരു കോടതി വ്യവഹാരം ഉണ്ടായാല്‍ അതിന്മേല്‍ ഉണ്ടാകുന്ന വിധിക്ക് സ്വീകാര്യത ലഭിക്കുന്നതില്‍ വലിയൊരളവ് വരെ ന്യായാധിപന്റെ വ്യക്തി ജീവിതത്തില്‍ അദ്ദേഹം ഭരണസംവിധാനത്തോടും പൊതുസമൂഹത്തോടും നിലനിര്‍ത്തിയിരുന്ന ബാന്ധവത്തിനു വലിയ പങ്കുണ്ട് എന്ന് ചേറ്റൂര്‍ വിശ്വസിച്ചിരുന്നു. കോളിംഗ്സില്‍നിന്ന് ചേറ്റൂര്‍ വളര്‍ത്തിയെടുത്ത ഈ മനോഭാവത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുന്ന തരത്തില്‍ അദ്ദേഹത്തെ സ്വാധീനിച്ച മറ്റൊരു ന്യായാധിപനായിരുന്നു അന്നത്തെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്സായിരുന്ന സാര്‍ ബാണ്‍സ് പീക്കോക്ക് (Sir Barns Peacok). ഒരു ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ ഗവണ്‍മെന്റുകളുടെ പല പ്രധാനപ്പെട്ട മീറ്റിങ്ങുകളിലും പങ്കെടുക്കേണ്ടിവരുമായിരുന്നുവെങ്കിലും പീകോക്ക് വളരെ സൂക്ഷ്മ ശ്രദ്ധയോടുകൂടിയാണ് താന്‍ പങ്കെടുക്കേണ്ട ഓരോ മീറ്റിങ്ങും തിരഞ്ഞെടുത്തിരുന്നത്. ഏറ്റവും അനിവാര്യമായ മീറ്റിങ്ങുകളില്‍ മാത്രം പങ്കെടുക്കുകയും മറ്റുള്ള എല്ലാ മീറ്റിംഗില്‍നിന്നും വിട്ടുനില്‍ക്കുകയും ചെയ്യുക എന്നുള്ളത് പീക്കോക്കിന്റെ സ്വഭാവമായിരുന്നു. ഭരണവര്‍ഗ്ഗത്തിനു തന്നെ സ്വാധീനിക്കുന്നതിന് ഇത്തരത്തിലുള്ള മീറ്റിങ്ങുകളിലൂടെ ഉണ്ടാകുന്ന അടുത്ത ഇടപെടലുകള്‍ ഒരു കാരണമാകാന്‍ പാടില്ല എന്ന നിര്‍ബ്ബന്ധമാണ് പീക്കോക്കിനെ ഇത്തരത്തിലുള്ള ഒരു നിലപാടിലേക്ക് എത്തിച്ചത്.

ബനാറസ് ഹിന്ദു സർവകലാശാലയുടെ ഹൈദരാബാദ് ​ഗെയ്റ്റ്
ബനാറസ് ഹിന്ദു സർവകലാശാലയുടെ ഹൈദരാബാദ് ​ഗെയ്റ്റ്

കോളിംഗില്‍നിന്നും പീക്കോക്കില്‍നിന്നും ചേറ്റൂര്‍ ഉള്‍ക്കൊണ്ട പാഠങ്ങള്‍ അടിസ്ഥാനപരമായി അദ്ദേഹത്തിലുള്ള ന്യായാധിപ സങ്കല്പത്തെ കൂടുതല്‍ ദൃഢമാക്കുന്നതായിരുന്നു. ഈ സ്വാധീനംകൊണ്ട് തന്നെയാവാം വിദ്യാഭ്യാസ അംഗമെന്ന നിലയിലും അടിസ്ഥാനപരമായി ചേറ്റൂരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിഴലിച്ചു നിന്നിരുന്നത് ഒരു ന്യായാധിപന്റെ സ്വഭാവമായിരുന്നു. നിയമവും ധാര്‍മ്മികതയും ആയിരുന്നു വൈസ്രോയിയുടെ കൗണ്‍സിലിലെ വിദ്യാഭ്യാസ ചുമതലയുള്ള അംഗമെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനപന്ഥാവിനെ മുന്നോട്ട് നയിക്കുന്നതിന് ചേറ്റൂര്‍ അടിസ്ഥാന പ്രമാണങ്ങളായി സ്വീകരിച്ചത്.

ആധുനികതയില്‍ ഊന്നിയ മതേതരത്വം 

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മതേതരത്വത്തിന്റെ സ്വഭാവം എന്തായിരിക്കണം എന്നതിനെ സംബന്ധിക്കുന്ന ചര്‍ച്ചകള്‍ പ്രസക്തമാകുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്. എല്ലാ മതങ്ങള്‍ക്കും പൂര്‍ണ്ണമായ സ്വാതന്ത്ര്യം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നല്‍കുക എന്നുള്ളതാണോ അതോ ഒരു മതത്തേയും അംഗീകരിക്കാതിരിക്കുക എന്നുള്ളതാണോ വിദ്യാഭ്യാസത്തിലെ മതേതരത്വം? ഇത്തരം സംഘര്‍ഷങ്ങള്‍ എല്ലാ കാലഘട്ടങ്ങളിലും ഉണ്ടായിരുന്നു എന്നുള്ളതാണ് വാസ്തവം. ഈ സംഘര്‍ഷങ്ങള്‍ പലപ്പോഴും ഭൗതിക സംഘര്‍ഷങ്ങളായല്ല നടന്നുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അന്തരീക്ഷത്തില്‍ത്തന്നെ നിലനില്‍ക്കുന്ന അമൂര്‍ത്തതപരതയിലൂടെ ഈ സംഘര്‍ഷങ്ങളുടെ നൈരന്തര്യം നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്നു. മൃദു അക്രമങ്ങളുടെ സ്വഭാവത്തിലേക്ക് ഈ സംഘര്‍ഷങ്ങള്‍ കടന്നുപോകുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. എന്നാല്‍, സ്ഥാപനത്തിന്റെ കെട്ടുപാടുകളില്‍നിന്നുകൊണ്ട് നൈതികമായ പരിരക്ഷയ്ക്ക് വിധേയമായി നടത്തപ്പെടുന്നതിനാല്‍ ഇത്തരം അക്രമങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. അദ്ധ്യാപകര്‍ക്ക് തങ്ങളുടെ തന്നെ മതപരമായ താല്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ ചില വിദ്യാര്‍ത്ഥികളോട് താല്പര്യം കൂടുകയും വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ മത താല്പര്യങ്ങള്‍ക്ക് അനുസൃതമായ കൂട്ടുകാരെ തിരഞ്ഞെടുക്കുകയും ഒക്കെ ചെയ്യുന്നത് ഇത്തരത്തിലുള്ള അനാരോഗ്യകരമായ മൃദുസംഘര്‍ഷങ്ങള്‍ കലാലയത്തിലെ അന്തരീക്ഷത്തില്‍ നിലനില്‍ക്കുമ്പോഴാണ്. ഈ സംഘര്‍ഷങ്ങള്‍ ചിലപ്പോള്‍ അതിരുകടന്ന് ഭൗതിക സംഘര്‍ഷങ്ങളാകുമ്പോള്‍ മാത്രമാണ് നാമവയെ ശ്രദ്ധിക്കാറുള്ളത് എന്നുള്ളതാണ് വാസ്തവം.

സിവി രാമൻ
സിവി രാമൻ

വിദ്യാഭ്യാസത്തിന്റെ മതനിരപേക്ഷതയെ സംബന്ധിക്കുന്ന ചേറ്റൂരിന്റെ കാഴ്ചപ്പാടുകള്‍ റാഡിക്കലും വിപ്ലവകരവുമാണെന്നു കാണാന്‍ സാധിക്കും. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് 1912-ല്‍ ചേറ്റൂര്‍ ആനി ബസന്റുമായി നടത്തുന്ന കത്തിടപാട്. 1912-ല്‍ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട ആനി ബസന്റ് ശങ്കരന്‍ നായരോട് സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുകയുണ്ടായി. എന്നാല്‍, വളരെ വിനയപൂര്‍വ്വം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിക്കുവേണ്ടി സാമ്പത്തിക സഹായം നല്‍കുന്നതിനുള്ള തന്റെ എതിരഭിപ്രായം ചേറ്റൂര്‍ ആനി ബസന്റിനെ കത്തിലൂടെ അറിയിച്ചുവെന്ന് അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നു (p51). ഏതെങ്കിലും തരത്തിലുള്ള വിഭാഗീയതകള്‍ വളര്‍ത്തുന്ന രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനു ഞാന്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു എന്നാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എഴുതുന്നത്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയോട് മാത്രമായിരുന്നില്ല ചേറ്റൂരിന് ഇത്തരത്തില്‍ ഒരു നയം ഉണ്ടായിരുന്നത്. 

മതാടിസ്ഥാനത്തില്‍ സ്ഥാപിക്കപ്പെട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളേയും വിഭാഗീയത പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സ്ഥാപനങ്ങളായാണ് അദ്ദേഹം വീക്ഷിച്ചത്. അതുകൊണ്ടുതന്നെ ഇതേ അഭിപ്രായം അലിഗര്‍ മുസ്ലിം സര്‍വ്വകലാശാലയുടെ കാര്യത്തിലും ചേറ്റൂര്‍ ശങ്കരന്‍ നായര്‍ വച്ചുപുലര്‍ത്തിയിരുന്നു. അലിഗര്‍ സര്‍വ്വകലാശാല ദേശസ്വത്വത്തിനുമേല്‍ മതസ്വത്വം വളര്‍ത്തുന്നതിനുള്ള ഒരു കേന്ദ്രമായി മാറുമെന്നും അതുകൊണ്ടുതന്നെ ഇനിയും അത്തരം മതാടിസ്ഥാന സര്‍വ്വകലാശാലകള്‍ ഉണ്ടാവുന്നത് മതേതര ദേശീയ താല്പര്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ചേറ്റൂര്‍ വിശ്വസിച്ചിരുന്നു. പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണനും കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ മെമ്പറും പാരീസിലെ യൂണിവേഴ്സിറ്റി ഓഫ് ലണ്ടന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ എന്നിങ്ങനെ പ്രഗത്ഭ സേവനമനുഷ്ഠിച്ച തിയഡോര്‍ മോറിസിനോട് ചേറ്റൂര്‍ തന്നെ ഈ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. തിയഡോര്‍ മോറിസിനോട് ഇത്തരം ഒരു അഭിപ്രായം രേഖപ്പെടുത്തുന്നതിന് ഒരു സവിശേഷത കൂടിയുണ്ട്. ഇന്ത്യന്‍ മുസ്ലിങ്ങളെക്കുറിച്ച് വിശദമായ പഠനങ്ങളും വിശകലനങ്ങളും നടത്തുകയും അറബിക് ഉറുദു ഭാഷകളോട് പ്രത്യേക താല്പര്യം പുലര്‍ത്തുകയും ചെയ്തിരുന്ന മോറിസണ്‍ അലിഗര്‍ മുസ്ലിം സര്‍വ്വകലാശാലയുടെ പൂര്‍വ്വരൂപമായ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജിന്റെ പ്രിന്‍സിപ്പലായിരുന്നു. 1899 മുതല്‍ മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളേജിന്റെ പ്രിന്‍സിപ്പലായി അഞ്ചുവര്‍ഷം പ്രഗല്‍ഭ സേവനമനുഷ്ഠിച്ച മോറിസിനോട് ഇത്തരത്തിലുള്ള ഒരു അഭിപ്രായപ്രകടനം നടത്തുക വഴി തന്റെ ഉറച്ച കാഴ്ചപ്പാടുകളാണ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍ മുന്നോട്ടുവച്ചത്.

സർവ്വേപ്പള്ളി രാധാകൃഷ്ണൻ
സർവ്വേപ്പള്ളി രാധാകൃഷ്ണൻ

എന്നാല്‍, ബനാറസ് ഹിന്ദു സര്‍വ്വകലാശാല ഹിന്ദു മതാധിഷ്ഠിതമായ ഗ്രന്ഥങ്ങളും സാഹിത്യവും പഠിപ്പിക്കുന്നതിലുപരിയായി ശാസ്ത്രം അടക്കമുള്ള വിജ്ഞാനശാഖകള്‍ക്ക് വാതിലുകള്‍ തുറന്നിടുന്ന ഒന്നായിരിക്കും എന്നും അവിടെ പഠിക്കാനും പഠിപ്പിക്കാനും എത്തുന്ന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുവിധത്തിലും മതാധിഷ്ഠിതമായ കാരണങ്ങളാല്‍ വേര്‍തിരിക്കപ്പെടുകയില്ല എന്നുള്ള ഉറപ്പിലും ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയോടുള്ള തന്റെ അഭിപ്രായത്തില്‍ മാറ്റം വരുത്തുന്നുണ്ട്. ഇതിനു പ്രധാനമായും കാരണമാവുന്നത് പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയോടൊപ്പം ബനാറസ് ഹിന്ദു സര്‍വ്വകലാശാല പണിതുയര്‍ത്തുന്നതിനുവേണ്ടി തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച റായ് ബഹാദൂര്‍ സുന്ദര്‍ലാല്‍ എന്ന് പ്രഗത്ഭനായ അഡ്വക്കേറ്റുമായുള്ള ബന്ധമാണ്. 1857 മെയ് 21-ന് നൈനിറ്റാളിന് അടുത്തുള്ള ജസ്പൂര്‍ എന്ന സ്ഥലത്ത് ജനിച്ച റായി ബഹാദൂര്‍ സുന്ദര്‍ലാല്‍ വക്കീലായാണ് പ്രധാനമായും സേവനമനുഷ്ഠിച്ചിരുന്നത്. 1906-ല്‍ അലഹബാദ് സര്‍വ്വകലാശാലയില്‍ ഒരു ഇന്ത്യക്കാരനായ വൈസ് ചാന്‍സലര്‍ വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ അതിന് സര്‍വ്വഥാ യോഗ്യനായി യാതൊരെതിര്‍പ്പും കൂടാതെ പരിഗണിക്കപ്പെട്ടത് റായ് ബഹാദൂര്‍ സുന്ദര്‍ലാല്‍ ആയിരുന്നു. 1887-ല്‍ ആരംഭിച്ച അലഹബാദ് സര്‍വ്വകലാശാലയ്ക്ക് 1912 വരെ ഇന്ത്യക്കാരനായ വൈസ് ചാന്‍സലര്‍മാര്‍ ഉണ്ടായിരുന്നില്ല. 1916-ല്‍ വീണ്ടും അലഹബാദ് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറായി നിയമിതനായി എങ്കിലും ആ വര്‍ഷം തന്നെ ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലറായി റായ് ബഹാദൂര്‍ സുന്ദര്‍ലാല്‍ നിയമിക്കപ്പെടുകയും ഉണ്ടായി. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ ക്യാമ്പസിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനു പേരിട്ടിരിക്കുന്നത് സുന്ദര്‍ലാലിന്റേതാണ്.

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയിലെ തുടങ്ങാന്‍ പോകുന്ന കോഴ്സുകളും ഒരു സര്‍വ്വകലാശാല എന്ന നിലയില്‍ അതു മുന്നോട്ടുവയ്ക്കുന്ന മതേതരമൂല്യങ്ങളും ശങ്കരന്‍ നായരെ വിശദമായി പറഞ്ഞു മനസ്സിലാക്കുന്നത് സര്‍ ബഹാദൂര്‍ സുന്ദര്‍ലാലാണ്. ഇതിനുശേഷം ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ സ്ഥാപനത്തിനുവേണ്ടി ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നു സാമ്പത്തിക സഹായങ്ങളും ഉദാരമായ നയങ്ങളും സ്വീകരിക്കുന്നതിന് ചേറ്റൂര്‍ തീരുമാനിച്ചത് സര്‍വ്വകലാശാലയുടെ ആരംഭവുമായി ബന്ധപ്പെട്ട ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഘടകമായിരുന്നു. സര്‍ക്കാരിന്റെ ബ്രിട്ടീഷുകാരായ ഉദ്യോഗസ്ഥര്‍ യൂണിവേഴ്സിറ്റിയുടെ ആരംഭവുമായി ബന്ധപ്പെട്ട് ഫയലുകളിലൂടെ പരമാവധി തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനുവേണ്ടി ശ്രമിച്ചു. ഇവയെല്ലാം മറികടക്കുന്നതിന് വൈസ്രോയിയുടെ കൗണ്‍സിലിലെ വിദ്യാഭ്യാസ ചുമതലയുള്ള അംഗമെന്ന നിലയില്‍ ചേറ്റൂരിന്റെ ഇടപെടലുകള്‍ വളരെ നിര്‍ണ്ണായകമായിരുന്നു. സര്‍വ്വകലാശാലയ്ക്ക് നല്ല വാര്‍ഷിക ഗ്രാന്റ് അനുവദിക്കുന്നതിനും ചേറ്റൂര്‍  ഉത്തരവിടുകയുണ്ടായി. സാമ്പത്തിക സഹായം കൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്‌നങ്ങളായിരുന്നില്ല ബനാറസ് സര്‍വ്വകലാശാലയുടെ ആരംഭവുമായി ബന്ധപ്പെട്ടുണ്ടായിരുന്നത്. അതില്‍ ഏറ്റവും പ്രധാനം ഒരു വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുമ്പോള്‍ പാലിക്കേണ്ടുന്ന മാനദണ്ഡങ്ങളെ സംബന്ധിച്ച് സാര്‍ഹര്‍കോട്ട് ബട്ട്ലര്‍ നേരത്തെ പുറപ്പെടുവിച്ചിരുന്ന ഉത്തരവായിരുന്നു. സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനു പൂര്‍ണ്ണമായി പണികഴിഞ്ഞ കെട്ടിടങ്ങള്‍ അടക്കം ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനു വളരെ ശക്തമായ മാനദണ്ഡങ്ങളാണ് സാര്‍ഹര്‍കോട്ട് ബട്ട്ലര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഉണ്ടായിരുന്നത്. ഈ മാനദണ്ഡങ്ങള്‍ അനുസരിച്ചാണെങ്കില്‍ ബനാറസ് ഹിന്ദു സര്‍വ്വകലാശാല ചുരുങ്ങിയത് ഒരു പത്തു വര്‍ഷത്തേക്കെങ്കിലും തുടങ്ങാന്‍ സാധിക്കുകയില്ല എന്നു മനസ്സിലാക്കിയ ചേറ്റൂര്‍ ഈ മാനദണ്ഡങ്ങളില്‍ തിരുത്തലുകള്‍ വരുത്തി സര്‍വ്വകലാശാല തുടങ്ങുന്നതിനുള്ള അവസരമൊരുക്കുകയായിരുന്നു. 1916 ലോഡ് ഹാര്‍ഡിഞ്ച് ബനാറസ് സര്‍വ്വകലാശാല ഔദ്യോഗികമായി വിദ്യാര്‍ത്ഥികള്‍ക്കായി തുറന്നുകൊടുക്കുമ്പോള്‍ ചേറ്റൂരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

സാർ മൈക്കിൾ സാദ്ലർ
സാർ മൈക്കിൾ സാദ്ലർ

ബനാറസിലില്ലാത്ത ചേറ്റൂര്‍ ഗേറ്റ് 

ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ ആരംഭത്തില്‍ വളരെ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കിയ പലരേയും അനുസ്മരിച്ചുകൊണ്ട് സര്‍വ്വകലാശാലയില്‍ പലതിനും നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ പ്രധാനമാണ് സര്‍വ്വകലാശാലയുടെ ഹൈദരാബാദ് ഗേറ്റ്. ഹൈദരാബാദ് ഗേറ്റ് എന്ന നാമകരണത്തിനു പിന്നില്‍ വളരെ രസകരമായ ഒരു കഥയുണ്ട്. സര്‍വ്വകലാശാല സ്ഥാപിക്കുന്നതിന്റെ ഭാഗമായി സാമ്പത്തിക സഹായങ്ങള്‍ സ്വരൂപിക്കുന്നതിനുവേണ്ടി പണ്ഡിറ്റ് മദന്‍മോഹന്‍ മാളവ്യ രാജ്യത്തെമ്പാടും സഞ്ചരിക്കുകയും അങ്ങനെ ഹൈദരാബാദ് നിസാമിനെ സമീപിച്ച് സാമ്പത്തിക സഹായം ആവശ്യപ്പെടുകയും ഉണ്ടായി. ബനാറസ് ഹിന്ദു സര്‍വ്വകലാശാലയ്ക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ടപ്പോള്‍ കുപിതനായ നിസാം ചെരുപ്പൂരി പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയെ എറിഞ്ഞെന്നാണ് ചരിത്രം. മാളവ്യ ആ ചെരുപ്പ് എടുത്തുകൊണ്ട് ഹൈദരാബാദിലെ ഒരു പൊതു സ്ഥലത്തുനിന്നു ലേലം ചെയ്യുകയും ഒറ്റ ചെരുപ്പ് ആണെങ്കില്‍പ്പോലും അത് നിസാമിന്റേതാണ് എന്നതുകൊണ്ട് വളരെ ഉയര്‍ന്ന തുക ലഭിക്കുകയും ചെയ്തു. നിസാം ചെരുപ്പൂരി പണ്ഡിറ്റ് മാളവ്യയെ എറിഞ്ഞത് ഇത്തരത്തില്‍ അദ്ദേഹം കാശ് ഉണ്ടാക്കട്ടെ എന്ന് ഉദ്ദേശത്തോടുകൂടി തന്നെയാണ് എന്നൊരു വാദവും പ്രചാരത്തിലുണ്ട്. എന്തുതന്നെയായാലും ഈ ലേലത്തിലൂടെ ലഭിച്ച ഉയര്‍ന്ന തുക ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചതിന്റെ അനുസ്മരണമായാണ് ബനാറസ് സര്‍വ്വകലാശാലയുടെ ഒരു ഗേറ്റിന് ഹൈദരാബാദ് ഗേറ്റ് എന്നു പേരിട്ടിരിക്കുന്നത്. വൈസ്രോയിയുടെ കൗണ്‍സിലില്‍ വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള അംഗമായിരുന്ന ചേറ്റൂര്‍ നടത്തിയ നിര്‍ണ്ണായകമായ ഇടപെടലുകളും തീരുമാനങ്ങളും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയ്ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായം നല്‍കുന്നതിനും അതിന്റെ ആരംഭത്തെ സംബന്ധിക്കുന്ന ഭരണപരവും നിയമപരവുമായ പല തടസ്സങ്ങളേയും മറികടക്കുന്നതിനും കാരണമായിട്ടുണ്ട് എന്നുള്ളത് ചരിത്രമാണ്. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ ചരിത്രത്തിലെവിടെയും ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഓര്‍മ്മിക്കപ്പെടുന്നില്ല.

ബംഗാള്‍ കടുവയുടെ മടയില്‍ 

ചേറ്റൂരിന്റെ എടുത്തുപറയത്തക്ക മറ്റൊരിടപെടല്‍ ലോഡ് കഴ്സണ്‍ നടപ്പിലാക്കാന്‍ ശ്രമിച്ച വിദ്യാഭ്യാസനയവുമായി ബന്ധപ്പെട്ടായിരുന്നു. പ്രസ്തുത വിദ്യാഭ്യാസനയം ബംഗാളില്‍ വലിയ പ്രക്ഷുബ്ധമായ സമരപരിപാടികള്‍ക്ക് കാരണമാവുകയുണ്ടായി. അടിസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസം പ്രാദേശിക ഭാഷയില്‍ ആക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസം സമൂഹത്തിലെ പ്രമുഖര്‍ക്കു മാത്രമായി ലഭ്യമാക്കുകയും ചെയ്യണം എന്നുള്ളതായിരുന്നു ലോഡ് കഴ്സന്റെ വിദ്യാഭ്യാസ പദ്ധതി മുന്നോട്ടുവച്ച ഒരു സുപ്രധാനമായ നിര്‍ദ്ദേശം. ലോഡ് കഴ്സണെ സംബന്ധിച്ചിടത്തോളം കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാന്‍ താല്പര്യമുള്ള ഇന്ത്യക്കാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഒരു വിദ്യാഭ്യാസം എന്ന നിലയില്‍ പ്രാദേശിക ഭാഷയിലുള്ള വിദ്യാഭ്യാസവും എന്നാല്‍, ഉന്നത ഗുണനിലവാരമുള്ള പൗരന്മാരെ പടുത്തുയര്‍ത്തുന്നതിനുവേണ്ടി ഇംഗ്ലീഷ് വിദ്യാഭ്യാസവും എന്നതായിരുന്നു ആശയം. സാധാരണക്കാരായ വലിയ വിഭാഗം പൗരന്മാര്‍ക്ക് സ്‌കൂളുകളില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല എന്നും ഇംഗ്ലീഷ് വിദ്യാഭ്യാസം എല്ലാവര്‍ക്കും നല്‍കുക വഴി ഗുണനിലവാരമുള്ള വിദ്യാഭ്യാസ പ്രക്രിയ സാധ്യമല്ല എന്നും കഴ്സണ്‍ മുന്നോട്ടുവെച്ച വിദ്യാഭ്യാസ നയരേഖയില്‍ ഉണ്ടായിരുന്നു. അതുപോലെതന്നെ എല്ലാവര്‍ക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നല്‍കുന്നത് സര്‍വ്വകലാശാല തലത്തിലേക്ക് ഗുണനിലവാരമില്ലാത്ത വിദ്യാര്‍ത്ഥികള്‍ കടന്നുവരുന്നതിനു കാരണമാവുമെന്നും കഴ്സന്റെ വിദ്യാഭ്യാസ പദ്ധതി മുന്നോട്ടുവച്ചു. ഇംഗ്ലണ്ടില്‍ നിലനിന്നിരുന്ന ക്ലാസ്സിക്കല്‍ വിദ്യാഭ്യാസത്തിനു തുല്യമായി ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം മാറ്റിത്തീര്‍ത്ത് സാഹിത്യം, കവിത, നാടകം, തത്ത്വചിന്ത, ചരിത്രം, കല, ഭാഷ എന്നിവയെല്ലാം തന്നെ ഇംഗ്ലീഷ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പരിമിതപ്പെടുത്തിക്കൊണ്ട് പ്രാദേശിക ഭാഷയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശിക കലകളും ക്രാഫ്റ്റും അതുപോലെതന്നെ അദ്ധ്വാനശേഷിക്ക് ഉതകുന്ന തരത്തിലുള്ള നൈപുണികളുടെ വികസനവുമാണ് പ്രസ്തുത നയരേഖ നിര്‍ദ്ദേശിച്ചത്. ഇങ്ങനെ ബഹുഭൂരിപക്ഷത്തിനും സ്‌കൂള്‍ തലത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭ്യമാകാതെ വന്നത് ബംഗാളികളുടെ ഇടയില്‍ വലിയ അമര്‍ഷത്തിനു കാരണമാവുകയുണ്ടായി.

അശുതോഷ് മുഖർജി
അശുതോഷ് മുഖർജി

ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കഴ്സന്റെ നിര്‍ദ്ദേശങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും സമരങ്ങള്‍ക്കും അടക്കം കാരണമാവുകയുണ്ടായി. എല്ലാ സര്‍വ്വകലാശാലകളും ഗവണ്‍മെന്റിന്റെ ശക്തമായ ഭരണ മേല്‍നോട്ടത്തിനു കീഴില്‍ ആയിരിക്കണം എന്നുള്ളതായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ബംഗാള്‍ കടുവ എന്നറിയപ്പെടുന്ന അശുതോഷ് മുഖര്‍ജി കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിക്കുമ്പോഴാണ് ലോഡ് കഴ്സണ്‍ വിദ്യാഭ്യാസ നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ അക്കാലത്തെ വൈജ്ഞാനിക യുവനിരയെ വാര്‍ത്തെടുക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച ഒരാളാണ് അശുതോഷ് മുഖര്‍ജി. പ്രശസ്ത ശാസ്ത്രജ്ഞനായിട്ടുള്ള സി.വി. രാമന്‍, സര്‍വ്വേപ്പള്ളി രാധാകൃഷ്ണന്‍, ഗണിതശാസ്ത്ര വിദഗ്ദ്ധനായ ശ്രീനിവാസ രാമാനുജന്‍, ഇന്ത്യന്‍ രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സര്‍ പി.സി. റോയ്, പ്രശസ്ത ചരിത്രകാരനായ ഉഞ ബണ്ടാര്‍ക്കര്‍ എന്നിങ്ങനെ ധിഷണാശാലികളുടെ ഒരു വലിയ നിരയെ കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയുടെ സര്‍ഗ്ഗാത്മകമായ അന്തരീക്ഷത്തില്‍നിന്നു തിരിച്ചറിഞ്ഞ് അവരുടെ വൈജ്ഞാനിക തൃഷ്ണയെ കൂടുതല്‍ ജ്വലിപ്പിക്കുന്നതില്‍ അശുതോഷ് മുഖര്‍ജിയുടെ പങ്ക് വളരെ അവിസ്മരണീയമാണ്. കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയില്‍ ആധുനിക ബ്രിട്ടീഷ് സര്‍വ്വകലാശാലകളില്‍ അതുവരെ ഇല്ലാതിരുന്ന പ്രാദേശിക ഭാഷകളായ സംസ്‌കൃതത്തിനും പാലിക്കും വേണ്ടി ഗവേഷണ കേന്ദ്രങ്ങള്‍ ആരംഭിക്കുക എന്ന വിപ്ലവകരമായ തീരുമാനവും ആദ്യമായി കൈക്കൊണ്ടത് അശുതോഷ് മുഖര്‍ജിയാണ്. അതേസമയം തന്നെ ശാസ്ത്രസാങ്കേതിക മേഖലയിലും ഒരു വിദ്യാഭ്യാസ നിര്‍വ്വാഹകന്‍ എന്ന നിലയില്‍ വലിയ സംഭാവനകളാണ് അദ്ദേഹത്തിന്റേത്. 1906-ല്‍ അദ്ദേഹം സ്ഥാപിച്ച ബംഗാള്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് പിന്നീട് ജാദവ്പൂര്‍ യൂണിവേഴ്സിറ്റിയായി മാറിയത്.

വളരെയേറെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ കാലഘട്ടത്തിലാണ് അശുതോഷ് മുഖര്‍ജിക്ക് കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സലറായി സേവനമനുഷ്ഠിക്കേണ്ടിവന്നത്. ഒരേസമയം തന്നെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി പല സഹായങ്ങളും സമരക്കാര്‍ക്ക് ചെയ്തു കൊടുക്കുമ്പോഴും ബ്രിട്ടീഷ് വൈസ്രോയിയുടെ കൂടെ ഒരു വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ പലപ്പോഴും അദ്ദേഹത്തിനു ഭരണപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതിനു വേണ്ടി അടുത്ത് ഇടപഴകേണ്ടിവന്നിട്ടുണ്ട്. തന്റെ മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അദമ്യമായ ആഗ്രഹവും അതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് തന്റെ വൈജ്ഞാനികവും ധൈഷണികവുമായ സഹായമായി നല്‍കുമ്പോഴും ഒരു ഭരണകര്‍ത്താവ് എന്ന നിലയില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റുമായി അടുത്ത് ഇടപഴകേണ്ടിവരുന്ന ഒരാളുടെ ധാര്‍മ്മികസംഘര്‍ഷങ്ങള്‍ നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ബ്രിട്ടീഷ് ഗവണ്‍മെന്റിന് അശുതോഷ് മുഖര്‍ജിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു എങ്കില്‍ കൂടിയും ഒരു വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും അദ്ദേഹത്തിന് അക്കാദമിക സമൂഹത്തിലുണ്ടായിരുന്ന പൊതുസമ്മതിയും മൂലം ഒരു നേരിട്ടുള്ള ഏറ്റുമുട്ടലിന് ഒരിക്കലും ബ്രിട്ടീഷ് ഭരണനേതൃത്വം തയ്യാറായിരുന്നില്ല. അതുകൊണ്ടുതന്നെ പലവിധത്തില്‍ അശുതോഷ് മുഖര്‍ജിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി അദ്ദേഹത്തിന്റെ മനസ്സു മടുപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍നിന്ന് ഉണ്ടായത്. ഇത്തരത്തിലുള്ള പ്രതികാര നടപടികളുടെ ഭാഗമായി അശുതോഷ് മുഖര്‍ജിക്ക് എതിരായി നിയമിക്കപ്പെട്ട ഒരു അന്വേഷണ കമ്മിറ്റി അംഗമായാണ് ചേറ്റൂര്‍ ബംഗാളില്‍ എത്തുന്നത്. കൊല്‍ക്കത്ത യൂണിവേഴ്സിറ്റിയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ താല്പര്യങ്ങള്‍ക്ക് അനുസൃതമല്ലാതെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നു എന്നുള്ളതായിരുന്നു പ്രധാനപ്പെട്ട ആക്ഷേപം. എന്നാല്‍, ഒരു കമ്മിറ്റി മെമ്പര്‍ എന്ന നിലയില്‍ അശുതോഷ് മുഖര്‍ജിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി സമഗ്രമായി മനസ്സിലാക്കിയ ചേറ്റൂര്‍ തന്റെ പൂര്‍ണ്ണമായ പിന്തുണ അശുതോഷ് മുഖര്‍ജിക്കു നല്‍കുകയുണ്ടായി. ഇവര്‍ തമ്മിലുള്ള ആത്മബന്ധം ഇതിനുശേഷം വളരെ സുദൃഢമാവുകയും ഉണ്ടായി. വൈസ്രോയിയുടെ കൗണ്‍സിലിലെ വിദ്യാഭ്യാസ കാര്യങ്ങളുടെ ഉത്തരവാദിത്വമുള്ള അംഗമെന്ന നിലയില്‍ സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി ചേറ്റൂര്‍ ഒരു കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. പില്‍ക്കാലത്ത് കല്‍ക്കത്ത യൂണിവേഴ്സിറ്റി കമ്മിഷന്‍ എന്നറിയപ്പെട്ടത് ഈ കമ്മിറ്റിയാണ്. സാര്‍ മൈക്കിള്‍ സാദ്ലര്‍ (Sir Michael Ernest Sadler) ചെയര്‍മാനായ ഈ കമ്മിറ്റിയിലേക്ക് അശുതോഷ് മുഖര്‍ജിയുടെ പേരും ചേറ്റൂര്‍ എഴുതിച്ചേര്‍ക്കുകയുണ്ടായി. അക്കാലത്ത് ഇന്ത്യന്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ശക്തമായി പിന്തുണച്ചിരുന്ന പത്രമായ റോബര്‍ട്ട് നൈറ്റ് സ്ഥാപിച്ച സ്റ്റേറ്റ്സ്മാന്‍ പത്രം ഇതിനെക്കുറിച്ച് എഴുതിയത് അശുതോഷ് മുഖര്‍ജിയെ മെരുക്കുക എന്നുള്ളതായിരിക്കും കമ്മിഷനില്‍ സാദ്ലര്‍ നേരിടാന്‍ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട കടമ്പ എന്നാണ്. ഇത്തരത്തില്‍ അശുതോഷ് മുഖര്‍ജിയെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതിനെ സംബന്ധിക്കുന്ന വാര്‍ത്തകളും മറ്റും പത്രങ്ങളിലൂടെ പുറത്തുവന്നതിനുശേഷം ബ്രിട്ടീഷ് ബ്യൂറോക്രാറ്റിക് സമൂഹം ഇതില്‍ കൂടുതല്‍ ശക്തമായി ഇടപെടുകയുണ്ടായി. ചേറ്റൂര്‍ ശങ്കരന്‍ നായരുടെ തന്നെ സെക്രട്ടറിയായ സര്‍ ഹെന്‍ട്രി ഷാര്‍പ്പ് ഈ കമ്മിറ്റിയില്‍ അശുതോഷ് മുഖര്‍ജിയെ ഉള്‍പ്പെടുത്തുന്നതിനെതിരെയും പൊതുവായ ഈ കമ്മിറ്റിയുടെ ലക്ഷ്യങ്ങള്‍ക്ക് എതിരേയും നിലപാടെടുത്തു. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങളെ എല്ലാം തന്നെ തള്ളിക്കളഞ്ഞുകൊണ്ട് ചേറ്റൂര്‍ തന്റെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണ് ഉണ്ടായത്.

ചേറ്റൂരിന്റെ കര്‍മ്മമേഖലയെ സംബന്ധിക്കുന്ന ലഭ്യമാകുന്ന വിവരങ്ങള്‍ നമുക്കു വ്യക്തമാക്കി തരുന്നത് അദ്ദേഹം ആത്യന്തികമായി ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലോ ഒരു ബ്യൂറോക്രാറ്റ് എന്ന നിലയിലോ അല്ല അടയാളപ്പെടുത്തപ്പെടേണ്ടത് എന്നുള്ളതാണ്. നീതിന്യായ വ്യവസ്ഥയോട് അദ്ദേഹം പുലര്‍ത്തിവന്നിരുന്ന ബഹുമാനവും കൂറും ആദ്യമായും അവസാനമായും ശങ്കരന്‍ നായരെ നീതിക്കും ന്യായത്തിനും എന്നുള്ള നിലയിലാണ് അടയാളപ്പെടുത്തുന്നത്. ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള അദ്ദേഹത്തിന്റെ എതിര്‍പ്പ് പോലും ന്യായാധിഷ്ഠിതമായിരുന്നു എന്നുവേണം മനസ്സിലാക്കാന്‍. ദേശീയത അടക്കമുള്ള വികാരങ്ങളെക്കാള്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്ന വ്യക്തിയെ നിര്‍ണ്ണയിച്ചിരുന്നത് ശക്തമായ ന്യായബോധമായിരുന്നു. ആ ന്യായബോധത്തിന്റെ പ്രതിഫലനമായിരുന്നു മറ്റെല്ലാ മേഖലയിലുമെന്നപോലെ വിദ്യാഭ്യാസമേഖലയിലും പ്രതിഫലിച്ചത്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com