പുലി പൂച്ചയായി മാറിയ ചരിത്രമാകും ഉദ്ധവിന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെടുക

മറാത്ത സാമ്രാട്ട് ബാല്‍ താക്കറെയുടെ നിഴലില്‍നിന്ന് അധികാരത്തിലേക്ക് നടന്നടുത്തപ്പോള്‍ അറുപത്തിരണ്ടുകാരനായ ഉദ്ധവ് ശോഭനമായ ഒരു രാഷ്ട്രീയഭാവി മനസ്സില്‍ കണ്ടിരുന്നിരിക്കണം
പുലി പൂച്ചയായി മാറിയ ചരിത്രമാകും ഉദ്ധവിന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെടുക

റാത്ത സാമ്രാട്ട് ബാല്‍ താക്കറെയുടെ നിഴലില്‍നിന്ന് അധികാരത്തിലേക്ക് നടന്നടുത്തപ്പോള്‍ അറുപത്തിരണ്ടുകാരനായ ഉദ്ധവ് ശോഭനമായ ഒരു രാഷ്ട്രീയഭാവി മനസ്സില്‍ കണ്ടിരുന്നിരിക്കണം. ആ നിമിഷം വരെ എന്നും അധികാരത്തിന്റെ ബാക്ക്സീറ്റിലായിരുന്നു താക്കറെ കുടുംബം. ശിവസേനയുടെ തലവന്‍ എന്ന ആലങ്കാരികസ്ഥാനം മാത്രമല്ലാതെ രാഷ്ട്രീയത്തിലോ ഭരണത്തിലോ ഒരു സ്ഥാനവും വഹിച്ചിട്ടില്ല ബാല്‍ താക്കറെ. ജനാധിപത്യത്തിലല്ല, കൈക്കരുത്തിലാണ് തനിക്ക് എക്കാലവും വിശ്വാസമെന്നാണ് താക്കറെ മരിക്കുന്നതുവരെയും പറഞ്ഞിരുന്നത്. ആ കൈക്കരുത്തില്‍ ബോംബെ എന്ന മഹാനഗരത്തെ ചൊല്‍പ്പടിക്കു നിര്‍ത്തി. ബോംബെയില്‍ എന്തു നടക്കണം, നടത്തണ്ട എന്നു തീരുമാനിച്ചു. ബാന്ദ്രയിലെ മാതോശ്രീയില്‍ രാഷ്ട്രത്തലവന്‍മാര്‍ക്കുമാത്രം കിട്ടുന്ന സെഡ് പ്ലസ് സുരക്ഷാവലയത്തില്‍ അദ്ദേഹം കഴിഞ്ഞു. ഒപ്പം മഹാരാഷ്ട്രയുടെ ഭരണവും പിന്നില്‍നിന്ന് നിയന്ത്രിച്ചു. 

എന്നാല്‍, അധികാരവും പാര്‍ട്ടിയും വരെ നഷ്ടമായ, പുലി പൂച്ചയായി മാറിയ ചരിത്രമാകും മകന്‍ ഉദ്ധവിന്റെ പേരില്‍ എഴുതിച്ചേര്‍ക്കപ്പെടുക. കൈക്കരുത്ത് ചോര്‍ന്ന് അധികാരവും പാര്‍ട്ടിയും വരെ നഷ്ടമാകുന്ന അവസ്ഥയിലാണ് മാതോശ്രീയിലെ താക്കറെ കുടുംബം. ശിവസേനയെന്ന പേരും ചിഹ്നമായ അമ്പും വില്ലും ദാദര്‍ ശിവാജി പാര്‍ക്കിലെ പാര്‍ട്ടി ആസ്ഥാനവും വരെ സ്വന്തമാക്കാന്‍ ഏക്നാഥ് ഷിന്‍ഡെ ശ്രമം തുടങ്ങിക്കഴിഞ്ഞു.

താക്കറേയുടെ കുടുംബജീവിതം ആദ്യകാലങ്ങളില്‍ സഫലമായിരുന്നെങ്കിലും അധികാരലബ്ധിക്കുശേഷം ദുരന്തങ്ങളുടേയും അപവാദങ്ങളുടേയും തുടര്‍ക്കഥയായി. ആ കഥ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ടി.ജെ.എസ്. ജോര്‍ജ് വിവരിച്ചിട്ടുണ്ട്. ബാല്‍ താക്കറേയുടെ മൂത്തമകന്‍ വാഹനാപകടത്തില്‍ മരിച്ചു. രണ്ടാമത്തവന്‍ ജയദേവ് ഭാര്യയുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് വീടുവിട്ടുപോയി. ഭാര്യ സ്മിത വീട്ടില്‍ത്തന്നെ നിന്നു, താക്കറേയുടെ സഹായി എന്ന സ്ഥാനത്ത്. കുടുംബത്തിലെ കേന്ദ്രബിന്ദുവായിരുന്ന മീന, താക്കറേയുടെ ഭാര്യ, ഈ സംഭവവികാസങ്ങളില്‍ മനംനൊന്തിരുന്നപ്പോള്‍, തക്കസമയത്ത് 'വായുഗുളിക' കിട്ടാതെ അന്തരിച്ചു. അടിപതറിയ കുടുംബത്തില്‍ ഇളയമകന്‍ ഉദ്ധവ് മാത്രം ബാക്കിയായി. സ്വാഭാവികമായും താക്കറേയുടെ താങ്ങായി ഉദ്ധവ്- ടി.ജെ.എസ്. ഇങ്ങനെ വിവരിച്ചിട്ടുണ്ട്. പാര്‍ട്ടിയെ നയിക്കാന്‍ ഉദ്ധവിനാണ് കഴിയുക എന്നായിരുന്നു താക്കറെ കരുതിയത്. എന്നാല്‍, ഉദ്ധവിന്റെ വരവോടെ കാര്യങ്ങളാകെ കുഴഞ്ഞുമറിഞ്ഞു. 
 
2019 ഒക്ടോബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 288 സീറ്റുകളില്‍ ബി.ജെ.പി- ശിവസേന സഖ്യം 161 സീറ്റാണ് നേടിയത്. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം 98 സീറ്റും. ബാക്കിയുള്ളവര്‍ 29 സീറ്റും. മുഖ്യമന്ത്രി പദം രണ്ടരവര്‍ഷം വീതം പങ്കുവയ്ക്കാമെന്ന ആവശ്യം ശിവസേന ഉന്നയിച്ചു. എന്നാല്‍, ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രി പദം നല്‍കില്ലെന്നു വ്യക്തമാക്കി. തുടര്‍ന്ന് ബി.ജെ.പിയേയും ശിവസേനയേയും സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. പിന്നാലെ രണ്ടു പാര്‍ട്ടികളും പിന്‍മാറി. കോണ്‍ഗ്രസ്-എന്‍.സി.പി പിന്തുണക്കത്തില്ലാതെ ശിവസേന ഗവര്‍ണറെ കണ്ടു. സമയം നീട്ടി നല്‍കാന്‍ തയ്യാറാകാതെ ഗവര്‍ണര്‍ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ എന്‍.സി.പിയെ ക്ഷണിച്ചു. എന്നാല്‍, പിന്തുണ തെളിയിക്കാന്‍ എന്‍.സി.പിക്ക് നല്‍കിയ സമയം തീരും മുന്‍പേ രാഷ്ട്രപതിഭരണത്തിന് ഗവര്‍ണര്‍ ശുപാര്‍ശയും ചെയ്തു.

ബാൽ താക്കറെയും മകൻ ഉദ്ധവും
ബാൽ താക്കറെയും മകൻ ഉദ്ധവും

കേന്ദ്രമന്ത്രിസഭ ശുപാര്‍ശ അംഗീകരിച്ചു. പിന്നാലെ രാഷ്ട്രപതിയുടെ ഉത്തരവുമിറങ്ങി. തുടര്‍ന്ന് ഗവര്‍ണര്‍ സമയം നല്‍കിയില്ലെന്നാരോപിച്ച് സുപ്രീംകോടതിയില്‍ ശിവസേന ഹര്‍ജി നല്‍കി. തുടര്‍ന്ന് ശിവസേനയുമായി ഉടക്കിയെങ്കിലും എന്‍.സി.പിയില്‍നിന്ന് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എം.എല്‍.എമാരെ ചാടിച്ച് ഫഡ്നാവിസ് അധികാരം പിടിച്ചു. ഫഡ്നാവിസിനു കീഴില്‍ മൂന്നു ദിവസം എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായെങ്കിലും എന്‍.സി.പി അംഗങ്ങള്‍ ഒപ്പം നില്‍ക്കാത്തതിനാല്‍ സര്‍ക്കാര്‍ വീണു. വിരുദ്ധ നിലപാടുകള്‍ പുലര്‍ത്തുന്ന കോണ്‍ഗ്രസ്സും ശിവസേനയും ഒരുമിക്കുമെന്ന് ഫഡ്നാവിസും ബി.ജെ.പിയും ഒരിക്കലും കരുതിയില്ല. അതിനു ചരടുവലിച്ചതാകട്ടെ, എന്‍.സി.പി തലവന്‍ ശരദ് പവാറും. അതായത് പവര്‍ പ്ലേ ശരദ് പവാറിന്റേതായിരുന്നു. പിന്നില്‍നിന്ന് ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിച്ചതും പവാറായിരുന്നു. 

ഉദ്ധവിനെ സംബന്ധിച്ചിടത്തോളം ദീര്‍ഘവീക്ഷണമില്ലാത്ത ഒരു രാഷ്ട്രീയ കാല്‍വെയ്പായിരുന്നു മഹാ വികാസ് അഘാഡി സഖ്യം. താന്‍ മുന്‍കയ്യെടുത്ത് രൂപീകരിച്ച സഖ്യത്തിന്റെ മുഖ്യമന്ത്രി പദം 2019 നവംബറില്‍ ഏറ്റെടുക്കുമ്പോള്‍ അത് താക്കറെ കുടുംബത്തിന് അപരിചിതമായ കാര്യമായിരുന്നു. പിന്നില്‍നിന്നു ഭരിച്ച ചരിത്രമല്ലാതെ താക്കറെ കുടുംബത്തില്‍ മറിച്ചൊരു രീതി ഉണ്ടായിരുന്നില്ല. പാര്‍ട്ടി കൈപ്പിടിയിലൊതുക്കാന്‍ വേണ്ടിയാവണം ബാല്‍ താക്കറെ അധികാരത്തിനു പിന്നില്‍ നിന്നത്. സ്വന്തം പാര്‍ട്ടിയില്‍ അസ്വസ്ഥത പുകയുന്നത് തിരിച്ചറിയാന്‍ ഉദ്ധവിനു സാധിച്ചില്ല. പഴയ വൈരികളായ എന്‍.സി.പിയും കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന സഖ്യവുമായി നേരാവണ്ണം ഭരിക്കാമെന്ന് കരുതേണ്ടെന്ന് അന്നേ വിശ്വസ്തര്‍ പറഞ്ഞിരുന്നെങ്കിലും അതൊന്നും ചെവിക്കൊണ്ടതുമില്ല. ഒറ്റ ദിവസം കൊണ്ടാണ് ഉദ്ധവ് മുഖ്യമന്ത്രി പദത്തിലെത്തിയത്.

സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സഖ്യം ചേര്‍ന്ന യോഗത്തില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി ശുപാര്‍ശ ചെയ്തത് എന്‍.സി.പി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീലാണ്. അങ്ങനെ താക്കറെ കുടുംബത്തിലെ ആദ്യ മുഖ്യമന്ത്രിയായി മാറി ഉദ്ധവ്. ബാല്‍ താക്കറേയ്ക്ക് പോലും കിട്ടാത്ത നിയോഗമാണെന്ന് ചിലര്‍ വാഴ്ത്തി. പക്ഷേ, അന്ന് ഫഡ്നാവിസ് പറഞ്ഞതായിരുന്നു ശരി. മൂന്നും മൂന്നു ദിശയിലേക്ക് നീങ്ങുന്ന മുച്ചക്ര വാഹനമാണ് ഈ സര്‍ക്കാര്‍. ഉടന്‍ തന്നെ വീഴും എന്നായിരുന്നു അദ്ദേഹം സഖ്യ സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞത്. 

ആ​​ദിത്യ താക്കറെ
ആ​​ദിത്യ താക്കറെ

പാളിച്ചകള്‍ വീഴ്ചകള്‍

ഇക്കഴിഞ്ഞ ജൂണ്‍ 19-നാണ് ശിവസേനയുടെ 56-ാം വര്‍ഷികം ആഘോഷിച്ചത്. ഇക്കാലത്തിനിടയില്‍ ചെറുതും വലുതുമായ ഒട്ടേറെ പ്രതിസന്ധികളുണ്ടായിട്ടുണ്ടെങ്കിലും താക്കറെ കുടുംബത്തിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യുന്നത് ഇതാദ്യം. പാര്‍ട്ടിയുടെ 56 എം.എല്‍.എമാരില്‍ 39 പേര്‍ പാര്‍ട്ടിയിലെ ശക്തനായ നേതാവ് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമതപക്ഷം ചേര്‍ന്നു. മുംബൈയില്‍നിന്ന് ഏറെ അകലെയുള്ള ഗുഹവത്തിയില്‍ ക്യാംപ് ചെയ്ത ഇവര്‍ ബാല്‍ താക്കെറേയുടെ രാഷ്ട്രീയപാരമ്പര്യം അവകാശപ്പെടുകയാണ് ആദ്യം ചെയ്തത്. പ്രതിസന്ധി പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്ന ഉദ്ധവ് താക്കറെയാണ് പിന്നെ നാം കാണുന്നത്. വിമതരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും അത് ബോധ്യപ്പെടുത്താന്‍ ഉദ്ധവിനായില്ല. പാര്‍ട്ടി മേധാവിയായിട്ടല്ല, ശിവസേന കുടുംബത്തിന്റെ തലവനായി ആജ്ഞാപിച്ചിട്ടും വിമതര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ജൂണ്‍ 29-ന് ഉദ്ധവ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു.

പ്രശ്നങ്ങള്‍ പറയാന്‍ എത്തുന്ന  എം.എല്‍.എമാര്‍ക്കും മന്ത്രിമാര്‍ക്കും പാര്‍ട്ടി നേതാക്കള്‍ക്കും ഉദ്ധവിനെ കാണാന്‍ കഴിയുന്നില്ലെന്ന പരാതി നേരത്തേ തന്നെയുണ്ടായിരുന്നു. ഭാര്യ രശ്മി, മൂത്തമകന്‍ ആദിത്യ താക്കറെ, എന്‍.സി.പി നേതാവ് ശരദ് പവാര്‍ എന്നിവരുടെ തീരുമാനങ്ങള്‍ക്കാണ് ഉദ്ധവ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് പ്രധാന ആരോപണം. ബി.ജെ.പിയുമായി വഴിപിരിയാന്‍ ഉദ്ധവിനെ പ്രേരിപ്പിച്ചതും മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ചതും ഭാര്യ രശ്മിയാണെന്ന് പറയപ്പെടുന്നു. പല എം.എല്‍.എമാരേയും കാണാന്‍ പോലും കൂട്ടാക്കിയില്ല. അതേസമയം ബാല്‍ താക്കറെയെ അനുകരിക്കുകയായിരുന്നു ഉദ്ധവ്. 24 മണിക്കൂറും കരിമ്പൂച്ചകളും പൊലീസും കാവല്‍നില്‍ക്കുന്ന മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധനയിലൂടെ മാത്രം ആളുകളെ അകത്തേക്ക് കടത്തിവിടുന്ന ഒരു രാവണ്‍ കോട്ടയായി മാതോശ്രീയെ നിലനിര്‍ത്തിയതുപോലെ പാര്‍ട്ടിനേതാവും അണികള്‍ക്കിടയില്‍ അകന്നുനിന്നു. കോവിഡും ആരോഗ്യപ്രശ്നങ്ങളുമൊക്കെ ആ അകല്‍ച്ച കൂട്ടി. മകന്‍ ആദിത്യ താക്കറെയില്‍ അധികാരം കേന്ദ്രീകരിച്ചതായിരുന്നു മറ്റൊരു പ്രശ്നം. മൂന്നോളം വകുപ്പുകള്‍ കൈവശം വയ്ക്കുന്നതിനൊപ്പം എം.എം.ആര്‍.ഡി.എയുടെ യോഗങ്ങളിലും ആദിത്യ താക്കറെ തീരുമാനമെടുത്തു. ഷിന്‍ഡെയടക്കമുള്ള പാര്‍ട്ടിപ്രവര്‍ത്തകരെ ചൊടിപ്പിച്ചത് ഇതാണ്. ശിവസേനയുടെ നിലനില്‍പ്പിന് ഈ സഖ്യം അവസാനിപ്പിക്കണമെന്നതായിരുന്നു ഏക്നാഥ് ഷിന്‍ഡെയുടെ ആദ്യ ആവശ്യം. അതിന് അവര്‍ കണ്ടെത്തുന്ന കാരണങ്ങളിലൊന്നാണ് രസകരം. ഹിന്ദുത്വത്തില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചത്രെ. ഒപ്പം, ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയാനായി രണ്ട് വര്‍ഷം മുന്‍പ് രൂപമെടുത്ത ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം അടുത്ത തെരഞ്ഞെടുപ്പ് വരെ ഒരുമിച്ചുനില്‍ക്കുമോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നു. 

ജെ.ജെ. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് ആര്‍ട്ട്‌സ് കോളേജില്‍നിന്ന് ഫോട്ടോഗ്രാഫിയില്‍ ബിരുദം നേടിയ ഉദ്ധവ് മികച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറാണ്. രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുമുണ്ട്. ബാല്‍ താക്കെറേയുടെ പിന്‍ഗാമിയായി അവരോധിക്കപ്പെടുക രാജ് താക്കറെയാണെന്ന് ഏവരും വിശ്വസിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ബാൽ താക്കറെയുടെ സ്മാരകത്തിൽ ആദരമർപ്പിച്ചപ്പോൾ
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ബാൽ താക്കറെയുടെ സ്മാരകത്തിൽ ആദരമർപ്പിച്ചപ്പോൾ

പ്രസംഗത്തിലും രൂപത്തിലുമൊക്കെ സാമ്യവുമുണ്ടായിരുന്നു. ബാല്‍ താക്കറെയുടെ ഇളയ സഹോദരന്‍ ശ്രീകാന്ത് താക്കറെയുടെ മകനായിരുന്നു രാജ് താക്കറെ. സ്വതവേ അന്തര്‍മുഖനായിരുന്ന ഉദ്ധവ് അപ്പോഴും അകമറയ്ക്കുള്ളിലായിരുന്നു. 2002-ല്‍ മഹാബലേശ്വര്‍ കണ്‍വെന്‍ഷനിലാണ് ഉദ്ധവ് എക്സിക്യൂട്ടീവ് പ്രസിഡന്റായി നിയമിതനാകുന്നത്. രണ്ടാമനാണെന്ന തിരിച്ചറവില്‍ 2005 നവംബറില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന എന്ന രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപിച്ച് രാജ് താക്കറെ വഴിപിരിഞ്ഞു. ശൗര്യം കൊണ്ട് അണികളെ നിയന്ത്രിച്ചിരുന്ന ശിവസേനയ്ക്ക് മിതവാദിയായ ഉദ്ധവ് പകരംവയ്ക്കാനുള്ള നേതാവായിരുന്നില്ല. 2012-ല്‍ ഉദ്ധവ് ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായി. അതേ വര്‍ഷം ബാല്‍ താക്കറെ അന്തരിച്ചു. അതോടെ ഉദ്ധവിന്റേയും ശിവസേനയുടേയും പതനം ആസന്നമാണെന്ന് പലരും നിരീക്ഷിച്ചു. ബി.ജെ.പി അധികാരത്തിലെത്തിയ 2014-ല്‍ ശിവസേന തഴയപ്പെട്ടു. പ്രധാന വകുപ്പുകളൊന്നും കേന്ദ്രമന്ത്രിസഭയില്‍ ശിവസേനയ്ക്ക് കിട്ടിയില്ല. അതൃപ്തി പരസ്യമാക്കിയില്ലെങ്കിലും 2019-ല്‍ മുഖ്യമന്ത്രിപദം ആവശ്യപ്പെടാന്‍ ഉദ്ധവിനെ പ്രേരിപ്പിച്ചതിന്റെ കാരണങ്ങളിലൊന്ന് ഇതായിരുന്നു.

പ്രതിസന്ധിയുടെ കാരണങ്ങള്‍

1966 ജൂണ്‍ 19-ന് ബാല്‍ താക്കറെ ശിവസേന സ്ഥാപിച്ച ശേഷം സമാനരീതിയിലുള്ള നാല് പ്രതിസന്ധികളെങ്കിലുമുണ്ടായിട്ടുണ്ട്. അതില്‍ മൂന്നും കൈകാര്യം ചെയ്തത് ബാല്‍ താക്കറെയായിരുന്നു. 1991-ല്‍ ഛഗന്‍ ഭുജ്ബലിന്റെ രാജിയായിരുന്നു ആദ്യ വെല്ലുവിളി. മണ്ഡല്‍ കമ്മിഷനെ എതിര്‍ത്തതാണ് പാര്‍ട്ടി വിടാനുള്ള കാരണമായി ഭുജ്ബല്‍ പറഞ്ഞത്. എന്നാല്‍, പ്രതിപക്ഷ നേതാവ് സ്ഥാനം നല്‍കാത്തതായിരുന്നു യഥാര്‍ത്ഥ കാരണം. ശിവസേനയില്‍നിന്ന് കോണ്‍ഗ്രസ്സിലേക്കും പിന്നീട് എന്‍.സി.പിയിലുമെത്തിയ ഭുജ്ബല്‍ ഇപ്പോഴത്തെ മന്ത്രിസഭയില്‍ അംഗമായിരുന്നുവെന്നതാണ് രസകരം. രണ്ടാമത്തേത് 2005-ല്‍ ഉദ്ധവിനെ പിന്‍ഗാമിയായി തെരഞ്ഞെടുത്തപ്പോഴായിരുന്നു. നാരായണ്‍ റാണെയടക്കം പന്ത്രണ്ട് എം.എല്‍.എമാര്‍ ശിവസേന വിട്ടു. കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് മഹാരാഷ്ട്ര സ്വാഭിമാന്‍ പക്ഷ എന്ന പാര്‍ട്ടി രൂപീകരിച്ചു. ഇപ്പോള്‍ കേന്ദ്രമന്ത്രിയാണ് റാണെ. അന്ന് അപമാനം മാത്രമാണ് തനിക്ക് ലഭിച്ചതെന്നാവശ്യപ്പെട്ട് രാജ് താക്കറേയും ശിവസേനയുടെ പടിയിറങ്ങി. അന്നും ബാല്‍ താക്കറേയുടെ പ്രതിച്ഛായയുടെ പിന്‍ബലത്തില്‍ പാര്‍ട്ടി അതിജീവിച്ചു. ഇത്തവണയാകട്ടെ ഉദ്ധവ് അടിയറവ് പറഞ്ഞു. 

താന്‍ താക്കറെ കുടുംബത്തിന്റെ അധിപനാണെന്നതാണ് അദ്ദേഹത്തിന്റെ കരുത്ത്. ദൗര്‍ബ്ബല്യമാകട്ടെ, അദ്ദേഹം ബാല്‍ താക്കറെയല്ലെന്നതും. അതുകൊണ്ടാണ് ഷിന്‍ഡെയുടെ വിമതനീക്കം നടന്നിട്ടും മുംബൈ തെരുവുകളില്‍ പ്രതിഫലനമുണ്ടാകാത്തത്. ബി.ജെ.പിയുടെ മൗനപിന്തുണയുള്ള ഷിന്‍ഡെയുടെ കലാപം രണ്ട് ശിവസേനകള്‍ തമ്മിലുള്ള പോരാട്ടമായി മാറി. ഒന്ന് കടുത്ത ഹിന്ദുത്വ പ്രതിച്ഛായ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗവും തീവ്രഹിന്ദുത്വത്തിലും മറാത്താവാദത്തിലും ഉറച്ചു വിശ്വസിക്കുന്ന മറുവിഭാഗവും. മൃദുവും സൗമ്യവുമായി മാറാന്‍ ആഗ്രഹിക്കുന്ന വിഭാഗത്തെ നയിക്കുന്നത് ആദിത്യ താക്കറെയാണ്. മറുഭാഗത്ത് പാര്‍ട്ടിയുടെ എല്ലാമെല്ലാമായ ഷിന്‍ഡെയും. നാലു തവണ എം.എല്‍.എയും മന്ത്രിയുമായ ഷിന്‍ഡെ താനെയുടെ സ്വന്തം നേതാവാണ്. എന്നാല്‍, താനെയിലെ എട്ട് എം.എല്‍.എമാരൊഴികെ ബാക്കിയെല്ലാവരും ഷിന്‍ഡെയെ പിന്തുണയ്ക്കുന്നു. ഇതില്‍ പലരും കോണ്‍ഗ്രസ്സിലും എന്‍.സി.പി.യിലുമുണ്ടായിരുന്നവരാണ്. 

രാജ് താക്കറെ, ബാൽ താക്കറെ, ഉദ്ധവ് താക്കറെ
രാജ് താക്കറെ, ബാൽ താക്കറെ, ഉദ്ധവ് താക്കറെ

ആനന്ദ് ദിഗെ വളര്‍ത്തിയെടുത്ത നേതാവാണ് ഷിന്‍ഡെ. ദിഗെയുടെ ഡ്രൈവറായിരുന്നു ആദ്യം അദ്ദേഹം. 2001-ല്‍ മരിക്കുന്നതുവരെ താനെ ജില്ലയിലെ പാര്‍ട്ടിയുടെ എന്‍ജിനായിരുന്നു ദിഗെ.  ബാല്‍താക്കറേയും ദിഗേയും തമ്മില്‍ അസാധാരണ ബന്ധവുമായിരുന്നു. താനെയുടെ സ്വാതന്ത്ര്യം ബാല്‍ താക്കറേ ദിഗേയ്ക്ക് നല്‍കി. ദിഗെ പരിപൂര്‍ണ്ണ പിന്തുണയും നല്‍കി. ഒരിക്കല്‍ പോലും ദിഗേയും താക്കറെയും മത്സരിച്ചിട്ടില്ലെങ്കിലും അധികാരം ഇരുവരുടേയും കൈവശമായിരുന്നു. ദിഗേയുടെ അധികാരം കൈമാറിയത് ശിഷ്യന്‍ ഷിന്‍ഡെയ്ക്കായിരുന്നു. അതാണ് അദ്ദേഹത്തിന്റെ കരുത്തും. കോണ്‍ഗ്രസ്സിനോട് അത്ര വിരോധം കാത്തുസൂക്ഷിക്കുന്ന ചുറ്റുപാടിലാണ് ഷിന്‍ഡെ എന്ന നേതാവിന്റെ വളര്‍ച്ചയും. ഇപ്പോഴത്തെ സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് എന്‍.സി.പിയും കോണ്‍ഗ്രസ്സുമാണെന്ന തിരിച്ചറിവാണ് ഷിന്‍ഡെയുടെ കലാപത്തിന് തീ കൊളുത്തിയത്.

രാജിവയ്ക്കുന്നതിനു നിമിഷങ്ങള്‍ മുന്‍പ് ചേര്‍ന്ന യോഗത്തിലാണ് ഉദ്ധവ് ഔറംഗാബാദിന്റെ പേര് സംഭാജി നഗര്‍ എന്നാക്കിയത്. ശിവസേന എന്നേ ആവശ്യപ്പെടുന്ന കാര്യമാണ് ഇത്. എന്നാല്‍, ഇതുവരെ ഉദ്ധവ് ഇക്കാര്യം ഗൗരവമായി പരിഗണിച്ചിരുന്നില്ല. മറാത്താ രാജാവായിരുന്ന ഛത്രപതി ശിവജിയുടെ മൂത്ത മകനാണ് സംഭാജി. സംഭാജിയെ വധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ഔറംഗസീബാണ് നഗരത്തിന് ഔറംഗാബാദ് എന്ന പേര് നല്‍കിയത്. വിമത നേതാവ് ഷിന്‍ഡെ ശിവസേന പ്രത്യയശാസ്ത്രത്തില്‍നിന്ന് വ്യതിചലിക്കുകയാണെന്ന ആരോപണം ബലപ്പെടുത്താന്‍ ഉയര്‍ത്തിക്കാട്ടിയ കാര്യങ്ങളിലൊന്ന് ഇതായിരുന്നു. മറാത്താ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ വക്താക്കളാണ് തങ്ങളെന്ന് തെളിയിക്കുന്നതിന്റെ ഭാഗമായിരുന്നു ഉദ്ധവിന്റെ ഈ നീക്കം. 

ശിവസേന പാർട്ടി ആസ്ഥാനം
ശിവസേന പാർട്ടി ആസ്ഥാനം

മറാത്ത വിരോധം ഹിന്ദുതീവ്രവാദവും 

1966-ല്‍ തന്റെ നാല്‍പ്പതാം വയസ്സില്‍ മറാത്ത ജനതയ്ക്ക് മറ്റു ജനവിഭാഗങ്ങളില്‍നിന്ന് അവഗണന നേരിടുകയാണെന്ന വൈകാരിക മുദ്രാവാക്യമുയര്‍ത്തിയാണ് ബാല്‍ താക്കറെ മുംബൈ കേന്ദ്രീകരിച്ച് ശിവസേന സ്ഥാപിച്ചത്. അച്ഛന്‍ പ്രബോദന്‍കര്‍ താക്കറെ പത്രാധിപരായിരുന്ന മാസികയുടെ നയം ബ്രാഹ്മണവിരോധമായിരുന്നു. ബാല്‍ താക്കറെ തുടങ്ങിയ മാര്‍മിക് മാസികയാകട്ടെ, മഹാരാഷ്ട്രക്കാരുടെ വൈകാരികത ചൂഷണം ചെയ്തു. 1963 മുതല്‍ 1975 വരെയുള്ള കോണ്‍ഗ്രസ് മുഖ്യമന്ത്രി വസന്ത് റാവു നായിക്കിന്റെ 12 വര്‍ഷത്തെ ഭരണത്തിലാണ് ശിവസേന വേരുറപ്പിച്ചത്. മറാഠി ഭാഷയില്‍ പ്രസിദ്ധീകരിച്ച മാര്‍മിക് മാഗസിന്‍ ഉദ്ഘാടനം ചെയ്തതു തന്നെ കോണ്‍ഗ്രസ് നേതാവായ വസന്ത് റാവുവാണ്. ബോംബെയില്‍ ആധിപത്യമുണ്ടായിരുന്ന കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളെ നേരിടാന്‍ ശിവസേനയെ വളര്‍ത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അക്കാലത്ത് രാഷ്ട്രീയപ്പാര്‍ട്ടിയല്ലാതിരുന്ന ശിവസേനയെ 1966 ജൂണില്‍ ദാദറിലെ ശിവസേനാപാര്‍ക്കില്‍ നടന്ന റാലിയോടെ ശക്തമായ രാഷ്ട്രീയപ്പാര്‍ട്ടിയാക്കി മാറ്റിയെടുത്തു. പിന്നീട് നടന്ന മുംബൈ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ 1961-ല്‍ കമ്യൂണിസ്റ്റ്പാര്‍ട്ടി, സമിതി, പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവരും സ്വതന്ത്രരും നേടിയ സീറ്റുകള്‍ 1968-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ശിവസേന സ്വന്തമാക്കി.

എൻസിപി പ്രസി‍ഡന്റ് ശരദ് പവാർ, ഉദ്ധവ് താക്കറെ
എൻസിപി പ്രസി‍ഡന്റ് ശരദ് പവാർ, ഉദ്ധവ് താക്കറെ

മുംബൈയിലേക്ക് ഓരോ ദിവസവും മുന്നൂറ് കുടുംബങ്ങള്‍ കുടിയേറുന്നെന്നും വര്‍ഷത്തില്‍ ഒരു ലക്ഷത്തോളം അന്യസംസ്ഥാനക്കാര്‍ നഗരത്തിലെത്തുന്നെന്നും ശിവസേന ആരോപിച്ചു. ഹഠാവോ ലുങ്കി, ബജാവോ പുങ്കി എന്ന അക്രമാഹ്വാനം ഏറ്റെടുത്ത ശിവ് സൈനികര്‍ ദക്ഷിണേന്ത്യക്കാര്‍ നടത്തിയിരുന്ന സ്ഥാപനങ്ങളെല്ലാം തകര്‍ത്തു. 1970 ജൂണ്‍ ആറിന് ബോംബെയിലെ ജനകീയ ട്രേഡ് യൂണിയന്‍ നേതാവായ കൃഷ്ണ ദേശായി കുത്തേറ്റു മരിച്ചു. പരേല്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു അദ്ദേഹം. യൂണിയന്‍ ഓഫീസിനു അക്രമികള്‍ തീയിട്ടു. ശിവസേനയായിരുന്നു അതിനു പിന്നില്‍. എന്നാല്‍, പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിലും 1972-ലെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലും 56 ശതമാനം വോട്ടാണ് ശിവസേനയ്ക്ക് കിട്ടിയത്. തുടര്‍ന്ന് ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ വ്യാപക കലാപം നടന്നു. മലയാളസിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് തീയിട്ടു. ഒട്ടേറെ മലയാളികള്‍ക്കും തമിഴര്‍ക്കും അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഓരോ അക്രമവും ശിവസേനയെ വളര്‍ത്തുകയായിരുന്നു.

ഏതായാലും 1980-കളില്‍ കമ്യൂണിസ്റ്റ് ട്രേഡ് യൂണിയനുകളെ മിക്ക സ്ഥാപനങ്ങളില്‍നിന്നും പുറത്താക്കാന്‍ ശിവസേനയ്ക്ക് കഴിഞ്ഞു. പിന്നീട് പരിപൂര്‍ണ്ണമായും ഹിന്ദുത്വപാര്‍ട്ടിയായി ശിവസേന മാറി. ബാബ്‌റി മസ്ജിദ് തകര്‍ക്കലിനുശേഷം മുംബൈയില്‍ നടന്ന വര്‍ഗ്ഗീയ ലഹളകളില്‍ ശിവസേനയുടെ സാന്നിധ്യവും പങ്കാളിത്തവും ശ്രീകൃഷ്ണകമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് താക്കറേയുടെ അറസ്റ്റിലും കലാശിച്ചു. 1995-ല്‍ ശിവസേന-ബി.ജെ.പി. സഖ്യം മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം നേടി. ശിവസേനയില്‍നിന്ന് പ്രമുഖ നേതാക്കളായ ഛഗന്‍ ഭുജ്ബല്‍, നാരായണ്‍റാണെ എന്നിവര്‍ വിട്ടുപോയി. അതോടെ അധികാരത്തിലേക്കുള്ള വഴി ശിവസേനയ്ക്കു മുന്നില്‍ അടഞ്ഞു. ബാല്‍താക്കറെയുടെ വ്യക്തിപ്രഭാവമാണ് ശിവസേനയെ മുന്നോട്ടു നയിച്ചത്. പക്ഷേ, അദ്ദേഹത്തിന്റെ അവസാനകാലത്ത് ശിവസേന കിതയ്ക്കുകയായിരുന്നു. ഉദ്ധവിലൂടെ പതനം പൂര്‍ണ്ണമാകുകയും ചെയ്തു.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com