'കണ്ണൂരിലെ ഒരു പാര്‍ട്ടി ശൈലി ഇവിടെയുള്ള സഖാക്കള്‍ക്ക് ഇഷ്ടമല്ല'

ഒരുതരത്തിലുള്ള വെള്ളയും പൂശാതെ, ആത്മാര്‍ത്ഥമായ രാഷ്ട്രീയ വിവേകത്തോടെ തുറന്നു പറയേണ്ടത്, മുഖ്യമന്ത്രിയുടെ പരാജയമാണ് എന്നു തന്നെയാണ്
'കണ്ണൂരിലെ ഒരു പാര്‍ട്ടി ശൈലി ഇവിടെയുള്ള സഖാക്കള്‍ക്ക് ഇഷ്ടമല്ല'

തോല്‍വിക്ക് 'പരാജയം' എന്നൊരു പര്യായപദം കൂടിയുണ്ട്. സി.പി.എം. ഇപ്പോള്‍ പല നിലപാടുകളിലും തോല്‍വിയേക്കാള്‍ 'പരാജയമാണ്.' ആരുടെ പരാജയം?

ഒരുതരത്തിലുള്ള വെള്ളയും പൂശാതെ, ആത്മാര്‍ത്ഥമായ രാഷ്ട്രീയ വിവേകത്തോടെ തുറന്നു പറയേണ്ടത്, മുഖ്യമന്ത്രിയുടെ പരാജയമാണ് എന്നു തന്നെയാണ്. ഒപ്പം, ആ പരാജയത്തിന്റെ ശരിയായ കാരണം, കമ്യൂണിസ്റ്റ് രാഷ്ട്രീയം എന്നതിനേക്കാള്‍ മുഖ്യമന്ത്രിയോടുള്ള 'വിധേയരാഷ്ട്രീയം' ഒരു രാഷ്ട്രീയ കലയായി മാറ്റുന്ന കോടിയേരി എന്ന സി.പി.എം സെക്രട്ടറിയുടെ പരാജയം കൂടിയാണിത്.

ഒരു മാസം മുന്‍പുള്ള ഒരു സന്ദര്‍ഭം  ഓര്‍ക്കുകയാണ്. തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്തിനിടയിലെ ഒരു ദിവസം, ചിലരോട് 'ചായ' കുടിച്ചു സംസാരിക്കുമ്പോള്‍, ഒരു  'കൊച്ചീക്കാരന്‍' സുഹൃത്ത് കൃത്യമായ ഒരു ദേശരാഷ്ട്രീയം പറഞ്ഞു: ''കണ്ണൂരിലെ ഒരു പാര്‍ട്ടി ശൈലി ഇവിടെയുള്ള സഖാക്കള്‍ക്ക് ഇഷ്ടമല്ല.''

'കണ്ണൂര്...'

ആ ഊന്നല്‍ പ്രധാനമായിരുന്നു. ദേശം, ചില സന്ദര്‍ഭങ്ങളില്‍, മെയില്‍ സ്റ്റോണ്‍ ആണ്. എന്നാല്‍, കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അത് ആദിമമായ നാഴികക്കല്ലാണ്. പാറ/പാറപ്രം. സഭ പാറയില്‍ പണിതപോലെ സദൃശമായ ഒരു വാക്യം രാഷ്ട്രീയമായി രൂപപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, വയലാര്‍  കഴിഞ്ഞാല്‍ പോരാട്ടവീര്യം വടക്കാണ്. 'വടക്കുനിന്ന് പുറപ്പെട്ട കാറ്റ്' എന്ന് എം. സുകുമാരന്‍ ഇടതിനെ വിശേഷിപ്പിച്ചത് അതു കൊണ്ടാണ്.

സി.പി.എമ്മിന് 'ഒരു ശൈലി' യേയുള്ളൂ എന്ന് ഔപചാരികമായി പറയുമെങ്കിലും അങ്ങനെയല്ല എന്ന ഒരു ഊന്നല്‍  ആ സുഹൃത്തിന്റെ അഭിപ്രായത്തിലുണ്ടായിരുന്നു.

യഥാര്‍ത്ഥത്തില്‍, അവര്‍ക്ക് ഹിതകരമല്ലാത്ത ഒരു സ്ഥാനാര്‍ത്ഥിയെ നൂലില്‍ കെട്ടി താഴ്ത്തി എന്ന പ്രതീതി അവിടെ, ഇടതുപക്ഷത്തെ സാധാരണ മനുഷ്യരിലുണ്ടായിരുന്നു. അതൊക്കെ ജനങ്ങള്‍ വിധിയെഴുതി തീര്‍പ്പാക്കിയ സംഭവമാണ്. ഇപ്പാള്‍ ആ പരാജയത്തെ പഠിക്കാന്‍ അന്വേഷണ കമ്മിഷനെ ചുമതലപ്പെടുത്തിയിരിക്കുന്നു. പയ്യന്നൂരിലെ ഫണ്ട് തിരിമറിയില്‍ അന്വേഷണ കമ്മിഷന്‍ വന്നതിനു ശേഷമാണ് ഏരിയാ സെക്രട്ടറിയായിരുന്ന കുഞ്ഞികൃഷ്ണന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത വന്നത്. പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും കണക്ക്  ഈയിടെയായി ഒത്തുപോകുന്നില്ല, അല്ലെങ്കില്‍ എവിടെയൊക്കെയോ പിഴയ്ക്കുന്നു.

എന്നാല്‍, തൃക്കാക്കര പരാജയം പഠിക്കുന്ന അന്വേഷണ കമ്മിഷന്റെ പരിധിയിലേക്ക് ചുവടെ കൊടുക്കുന്ന നിരീക്ഷണങ്ങള്‍ കൂടി പരിഗണിക്കുന്നത് നന്നായിരിക്കും. പതിവുപോലെ ചില വ്യക്തികളില്‍ കുറ്റമാരോപിച്ച് പാര്‍ട്ടിയുടെ തടിയൂരുന്നതിനു പകരം ഇക്കാര്യങ്ങള്‍ കൂടി വിശേഷ പരിഗണനയര്‍ഹിക്കുന്നു:

ഒന്ന്: ഒരു സീറ്റിനുവേണ്ടി എന്തിനോടും കോംപ്രമൈസ് ചെയ്യാം എന്ന ആ അരാഷ്ട്രീയ അടവുനയം, ഇടതുപക്ഷത്തോട് ആത്മാര്‍ത്ഥമായ രാഷ്ട്രീയ കൂറു പുലര്‍ത്തുന്നവരിലും നിരാശയുണ്ടാക്കി. സമുദായ പ്രീണനം അല്ല, സഭാ പ്രീണനം ഇടതുപക്ഷത്തെ ഒരുവിധത്തിലും തുണച്ചില്ല. ശബരിമല വിഷയത്തില്‍, തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ബി.ജെ.പിയെ തുണക്കാത്ത മതേതര ഹിന്ദു സമൂഹമുള്ള കേരളമാണ് എന്നോര്‍മ്മ സി.പി.എം 'രാഷ്ട്രീയമായി' മറന്നു. മതേതര ക്രൈസ്തവ സമൂഹം സഭയെ പിന്തുണയ്ക്കുന്നില്ല. ജനങ്ങള്‍ തെരഞ്ഞെടുപ്പുകാലത്ത് മാത്രം ടൂള്‍ എന്ന നിലയില്‍ മാത്രം ഉയര്‍ത്തിക്കാട്ടാറുള്ള മതം വിട്ടിട്ടും സി.പി.എം മതം/സമുദായ പ്രീണനം വിടുന്നില്ല. പച്ചയായ സമുദായ പ്രീണനം ജനങ്ങള്‍ മാരകമായി വെറുത്തു. ട്വന്റി/ട്വന്റിയേയും സി.പി.എം. നഖശിഖാന്തം എതിര്‍ത്തിരുന്നില്ല. 'എല്ലാവരുടേയും വോട്ട് വന്നോട്ടെ' എന്ന ശൈലി 'ആരുടേയും വോട്ട് സി.പി.എമ്മിന്റെ പെട്ടിയില്‍' എത്തിച്ചില്ല.

രണ്ട്: പിണറായിയുടേയും കോടിയേരിയുടേയും അമേരിക്കന്‍ ചികിത്സാ യാത്രകള്‍. അവരവര്‍ക്ക് ആവശ്യമായ ചികിത്സ ലോകത്തിന്റെ ഏതു കോണില്‍നിന്നും തേടുക എന്നത് വ്യക്തികളുടെ മൗലികമായ അവകാശങ്ങളില്‍ പെടുന്നതാണ്. എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ മികച്ച വിദ്യാഭ്യസമോ മെച്ചപ്പെട്ട ചികിത്സയോ അല്പം നിലവാരമുള്ള ജീവിത ശൈലിയോ പിന്തുടരുമ്പോള്‍ 'അസൂയ'പ്പെടുന്ന പൊതുബോധം കേരളത്തിനുണ്ട്. കമ്യൂണിസ്റ്റുകാര്‍ 'മ്യൂസിയം പീസ്' മനുഷ്യരായി ജീവിക്കണം, അതാണ് പരമ്പരാഗത രാഷ്ട്രീയ ചിന്ത. സാധാരണ ജീവിതം നയിക്കുന്നവര്‍ക്കും ഇപ്പോള്‍ കാറുണ്ട്. എന്നാല്‍, ഒരു കമ്യൂണിസ്റ്റുകാരന്‍ കാറില്‍ പോകുമ്പോള്‍, ''ഓ, ഓനൊരു കമ്യൂണിസ്റ്റാ, എന്നിട്ടും എന്താ പത്രാസ്!'' അതാണ് വാമൊഴി വിശേഷണം. കമ്യൂണിസ്റ്റുകാരെപ്പോലെ രാഷ്ട്രീയ അസൂയയ്ക്ക് വിധേയരാകുന്നവര്‍ വേറെയില്ല. 'അസൂയ' എന്ന ആദിമമായ മനുഷ്യചോദന, തൃക്കാക്കരയിലെ  വന്‍ ഭൂരിപക്ഷത്തില്‍ കാണാം.  അമേരിക്കയിലെ ആശുപത്രി ചികിത്സയുടെ കൃത്യത ഇവിടെ കേരളത്തിലെ ആശുപത്രികളിലും ലഭ്യമാക്കുക എന്നതാണ് ഇതിനുള്ള ബദല്‍. 

മൂന്ന്: മുഖ്യമന്ത്രി പിണറായിയുടെ കെ.റെയില്‍ നീക്കങ്ങള്‍ സാധാരണ മനുഷ്യരില്‍ മാത്രമല്ല, ഉയര്‍ന്ന 'വരുമാന'മുള്ള മനുഷ്യരിലും വലിയ ധര്‍മ്മസങ്കടങ്ങളുണ്ടാക്കി. കണ്ണീര്‍ വീഴുന്നതു കണ്ടാല്‍ സങ്കടം വരാത്തവരുണ്ടോ പാരില്‍? ഒരു 'പൊലീസ് സ്റ്റേറ്റ്' ആയി കേരളം മാറുന്നതായി അനുഭവപ്പെട്ട നാളുകള്‍. ആലപ്പുഴയില്‍ കെ.റെയിലെയിനെതിരെ സമരം ചെയ്ത അടിത്തട്ടിലെ മനുഷ്യരെ തീവ്രബന്ധമാരോപിച്ച് സാംസ്‌കാരിക മന്ത്രി താറടിച്ചപ്പോള്‍, കവി  സച്ചിദാനന്ദന്‍ പോലും മൗനമവലംബിച്ചു. എവിടെ മനുഷ്യരുടെ കണ്ണീര് വീഴുന്നുവോ അപ്പോള്‍ കവിത എഴുതാറുള്ള സച്ചിദാനന്ദന്‍, കെ.റെയില്‍ വിരുദ്ധ സമരത്തിലെ സ്ത്രീകളുടെ കണ്ണീര്‍ കണ്ടില്ല. സച്ചിദാനന്ദനെപ്പോലെയുള്ള കവികളെ കൂടിയാണ് തൃക്കാക്കരയിലെ ജനങ്ങള്‍ തോല്‍പ്പിച്ചത്. കെ.റെയിലില്‍ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിന്റെ ഭരണകൂട ശൈലി പിണറായി അവലംബിച്ചു. ബലപ്രയോഗത്തിന്റെ ഭരണകൂട ശൈലിയെ ഏതു ജനതയാണ് ആഗ്രഹിക്കുക? പിന്തുണയ്ക്കുക?

നാല്: ഏറ്റവും പ്രധാനപ്പെട്ട ആ ഫോക്കസിലേക്ക് കൂടി വരാം. ഒന്നാം പിണറായി സര്‍ക്കാരിലെ മികച്ച പ്രകടനം കാഴ്ചവെച്ച ചില മന്ത്രിമാര്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ മുഖമായി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതിന്റെ നിരാശ ജനങ്ങളിലുണ്ട്. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഭാഗമായി പ്രതീക്ഷാനിര്‍ഭരമായ ആ മുഖങ്ങള്‍ കണ്ടില്ല. മുന്‍ഗണനയില്‍, കെ.റെയില്‍ വരികയും ചെയ്തു. ഒട്ടും റിലാക്സ്ഡായിരുന്നില്ല കഴിഞ്ഞ ഒരു വര്‍ഷം ജനങ്ങള്‍. മഞ്ഞക്കുറ്റിയും പൊലീസും കണ്ണീരും ഒക്കെ കൂടി മനുഷ്യര്‍ ചകിതരായി. ഈ ചകിതരായ മനുഷ്യരോടൊപ്പം ചേര്‍ന്നുനില്‍ക്കാന്‍ പാര്‍ട്ടിയും നേതാക്കന്മാരുമില്ലാതെ പോയി. സാധാരണ തൊഴിലാളികള്‍പോലും പാര്‍ട്ടിക്ക് അധികബാധ്യതപോലെ തോന്നി. തൊഴിലാളികളുടെ വിരലുകളാണ് ഈ പാര്‍ട്ടിയുടെ അടിസ്ഥാന ശിലകള്‍ എന്നു പാര്‍ട്ടി മറന്നുപോയി. എല്ലാറ്റിനുമപ്പുറം, തൃക്കാക്കര കോണ്‍ഗ്രസ്സിന്റെ ഉറച്ച മണ്ഡലമാണ്. ഇടതുപക്ഷത്തില്‍നിന്ന് രാഷ്ട്രീയമായി 'എല്ലാം ശരി'യാണെങ്കില്‍ പോലും ഇടതുപക്ഷം തോല്‍ക്കുമായിരുന്നു.

സുധാകരന്‍ പയറ്റുന്ന രാഷ്ട്രീയം

മാറാന്‍ അല്പം പ്രയാസമുള്ള രാഷ്ട്രീയ ബോധത്തിന്റെ വേരുകള്‍ പടര്‍ന്ന ദേശമാണ് കണ്ണൂര്‍. അല്ലെങ്കില്‍, കണ്ണൂര്‍ ശൈലി. കെ. സുധാകരന്‍ കെ.പി.സി.സി. പ്രസിഡണ്ടന്റായതോടുകൂടി ആ കടുകട്ടി ശൈലിയുടെ പരകായ പ്രവേശം കോണ്‍ഗ്രസ്സിലുമുണ്ടായി. പിണറായിക്ക് ബദല്‍ സുധാകരന്‍ എന്നല്ല, കണ്ണൂരിനു പകരം കണ്ണൂര്. ചുരുക്കിപ്പറഞ്ഞാല്‍, 'കണ്ണൂരിനെ കണ്ണൂര് കൊണ്ടു തന്നെയെടുക്കണം-' അതാണ് കെ. സുധാകരന്‍ പയറ്റുന്ന പൊളിറ്റിക്സ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ. കുട്ടികള്‍  അടിച്ചുതകര്‍ത്തപ്പോള്‍, ഇരമ്പിവന്ന കോണ്‍ഗ്രസ് പ്രതിഷേധത്തിനുണ്ട് ആ കണ്ണൂര്‍ ശൈലി. കണ്ണൂരില്‍നിന്ന് നെടുമ്പൊയില്‍ ചുരം കയറിയാല്‍ വയനാടായി. താമരശ്ശേരി ചുരം പോലെ അത്രയും ദൈര്‍ഘ്യമില്ല. 

അവിടെ പത്രസമ്മേളനത്തില്‍ ഒരു ചോദ്യമുന്നയിച്ച പത്രക്കാരനോട് വി.ഡി. സതീശന്‍ തട്ടിക്കയറുന്നത് ഇതിനകം ഏറെ വൈറലായിട്ടുണ്ട്. ഇതേ രോഷപ്രകടനം വി.ഡി. സതീശന്റെ ഭാഗത്തുനിന്ന് മുന്‍പും ഉണ്ടായിട്ടുണ്ട്. 'പുറത്തു കടക്ക്'- എന്ന ആ പിണറായി ശൈലിക്ക് പഠിക്കുകയാണ് വി.ഡി. സതീശന്‍. വിജയത്തിനുള്ള എളുപ്പവഴികള്‍ ജേതാക്കളുടെ ശൈലികള്‍ പിന്തുടരുക എന്നതാണല്ലൊ. വി.ഡി. സതീശന്‍ പിണറായിക്ക് പഠിക്കുന്നതിനു പകരം, സ്വന്തം ശൈലി രൂപപ്പെടുത്തുന്നതാണ് നല്ലത്. സംവാദത്തിന്റെ ശൈലി വി.ഡി. സതീശന്‍  തോമസ് ഐസക്കുമായി നടത്തിയ ലോട്ടറി സംവാദത്തില്‍ പ്രകടിപ്പിച്ചതുമാണ്. പിണറായിയുടെ കരുത്ത് എത്രയായാലും ഇനി വി.ഡി. സതീശന് ആര്‍ജ്ജിക്കാന്‍ സാധ്യവുമല്ല.

എസ്.എഫ്.ഐ. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ത്തത് വലിയ വാര്‍ത്തയായി. ബഫര്‍ സോണ്‍ എന്ന വിഷയം, ദേശീയ ശ്രദ്ധയിലെത്തിക്കാന്‍ ഈ 'അടിച്ചുപൊളി' ഒരു കാരണമായി. വയനാട്ടുകാരുടെ ഹൃദയം ഈ സമരത്തെ ഉള്ളകംകൊണ്ട് പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. അക്രമം തീര്‍ച്ചയായും നല്ലൊരു രീതിയല്ല. കെ.റെയിലിലുമുണ്ട്, ബഫര്‍ സോണ്‍. നാളെ മഞ്ഞക്കുറ്റിയുമായി വരുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ചോദിക്കും: ബഫര്‍ സോണിന്റെ പേരില്‍ രാഹുലിന്റെ ഓഫീസ് അടിച്ചുതകര്‍ത്ത എസ്.എഫ്.ഐ. എവിടെ?

അപ്പോള്‍, സി.പി.എം പഠിപ്പിച്ചു കൊടുക്കുന്ന പ്രശസ്തമായ 'താത്ത്വിക അവലോകനം' നമുക്ക് ചാനല്‍ ചര്‍ച്ചകളില്‍ കാണാം, കേള്‍ക്കാം.

ഗാന്ധിജിയെ എന്തിന് തകര്‍ക്കുന്നു?

പയ്യന്നൂരില്‍ ഗാന്ധിജി പ്രതിമയുടെ ശിരസ് താഴെ വീണു. വയനാട്ടിലും ഗാന്ധിജി ചവിട്ടേല്‍ക്കുന്ന ഒരു പ്രതീകമായി.

ഗാന്ധിജി ഒരു മൂല്യമാണ്.

ലോകാവസാനം വരെ നിലനില്‍ക്കുന്ന ശാശ്വതമായ ഇന്ത്യന്‍ മൂല്യം. ഇന്ത്യന്‍ ഹൃദയങ്ങളുടെ നായകന്‍.
ഗാന്ധിജിയോട് നമുക്ക് വിയോജിക്കാം, പക്ഷേ, ഒരിക്കലും വീഴ്ത്താനാവില്ല. ആ മുഖമല്ലാതെ ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ മറ്റെന്താണ് നമുക്കുള്ളത്.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍  ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com