തന്റേയും ആശ്രിതരുടേയും ഭാവി മാത്രം ലക്ഷ്യം വെച്ചുള്ള മോദിയുടെ ഭരണം രാജ്യത്തിന് ആപത്താണ്

ജനാധിപത്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സര്‍ഗ്ഗാത്മകതയ്ക്കും മാരകമായി മുറിവേല്‍ക്കുന്ന വര്‍ത്തമാനകാലത്താണ് ഇന്ത്യ അതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നത്
തന്റേയും ആശ്രിതരുടേയും ഭാവി മാത്രം ലക്ഷ്യം വെച്ചുള്ള മോദിയുടെ ഭരണം രാജ്യത്തിന് ആപത്താണ്

നാധിപത്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സര്‍ഗ്ഗാത്മകതയ്ക്കും മാരകമായി മുറിവേല്‍ക്കുന്ന വര്‍ത്തമാനകാലത്താണ് ഇന്ത്യ അതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നത്. ദേശീയതയും വര്‍ഗ്ഗീയതയും രാജ്യത്തെ മതേതരത്വത്തിനും ജനാധിപത്യത്തിനും ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. തീവ്ര ദേശീയത ഫാസിസത്തിലേക്കുള്ള ചുവടുവെയ്പാണെന്ന് ഭയക്കേണ്ടിയിരിക്കുന്നു. ഇറ്റലിയില്‍ മുസ്സോളിനിയും ജര്‍മനിയില്‍ ഹിറ്റ്‌ലറും സൃഷ്ടിച്ച തീവ്ര ദേശീയവാദം ജനാധിപത്യത്തിന്റെ തായ്വേരറുക്കുകയും ഭീകരവാഴ്ച സൃഷ്ടിക്കുകയും ചെയ്തു. മനുഷ്യത്വരഹിതമായ ഭരണത്തിന്റെ ഭീകരതയാണ് അവിടെ നടമാടിയത്. ഈ കിരാതവാഴ്ച സൃഷ്ടിച്ച ഫാസിസ്റ്റ് ആശയധാരയിലെ മനുഷ്യത്വ വിഹീനതയുടെ കാലത്താണ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കാല്‍വെച്ചത്. 1916-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ലഖ്‌നൗ സമ്മേളനത്തില്‍ പങ്കെടുത്തും 1917-ല്‍ ഹോം റൂള്‍ ലീഗില്‍ ചേര്‍ന്നും സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന നെഹ്‌റു ഇന്ത്യന്‍ സംസ്‌കാരത്തെ മനസ്സിലാക്കിയത്, തന്റെ സമകാലിക കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെടെ മറ്റ് പല രാഷ്ട്രീയ നേതാക്കളില്‍നിന്നും വ്യത്യസ്തമായിട്ടാണ്. ഒരു രാജ്യത്തിന്റെ സംസ്‌കാരം ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണെന്ന് നെഹ്‌റു വിലയിരുത്തി. ഭൂമിശാസ്ത്രവും കാലാവസ്ഥയുമടക്കം പലതും ഇതിന്റെ ഘടകങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സംസ്‌കാരം പുറംതള്ളല്‍ സ്വഭാവമുള്ളതല്ല, ഉള്‍ക്കൊള്ളല്‍ സ്വഭാവമുള്ളതാണെന്ന് അദ്ദേഹം മനസ്സിലാക്കി. മഹത്തരവും പഴക്കമേറിയതുമായ പൈതൃകമുള്ള രാജ്യമാണ് ഇന്ത്യയെന്നും വിദൂരദേശങ്ങളില്‍നിന്നും പുതിയതും മഹത്തരവുമായ ആശയങ്ങള്‍ക്കു കടന്നുവരാന്‍ വാതിലുകള്‍ തുറന്നിടണമെന്നും അദ്ദേഹം മനസ്സിലാക്കി. അതിന്റെ വെളിച്ചത്തില്‍ സ്വന്തം സംസ്‌കാരവും മറ്റ് രാജ്യങ്ങളില്‍നിന്നും ശുദ്ധീകരിച്ച് സ്വീകരിച്ച സംസ്‌കാരങ്ങളും കൂടിക്കലര്‍ന്ന ഒരു സംസ്‌കാരത്തിന് ഇന്ത്യ വേദിയായി.

മുതിര്‍ന്ന നേതാക്കളായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ഡോ. രാജേന്ദ്ര പ്രസാദ്, പട്ടാഭി സീതാരാമയ്യ തുടങ്ങിയവര്‍ക്കൊന്നും നെഹ്‌റുവിന്റെ കാഴ്ചപ്പാടുകളോടും ആശയങ്ങളോടും ആഭിമുഖ്യം പുലര്‍ത്താനായിരുന്നില്ല. എന്നാല്‍, തന്റെ രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശിയായി ഗാന്ധിജി കണ്ടത് നെഹ്‌റുവിനെയായിരുന്നു എന്നതിനാല്‍ അവര്‍ക്കൊന്നും നെഹ്‌റുവിനെ തള്ളിക്കളയാനുമായില്ല. ദേശീയത, മതേതരത്വം, ജനാധിപത്യം എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു, നെഹ്‌റുവിന്. രാജ്യത്തിന്റെ വിഭജനം, ഇന്ത്യന്‍ യൂണിയന്റെ പിറവി എന്നിവയുടെ നടുവിലേക്കാണ് സ്വതന്ത്രഭാരതത്തിന്റെ പ്രധാനമന്ത്രിയായി നെഹ്‌റു കടന്നുവന്നത്. അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലി, ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് രാജാധിപത്യമാണ് അനുയോജ്യമെന്ന് നെഹ്‌റുവിനെ ഉപദേശിച്ചുവെങ്കിലും ഇന്ത്യയുടെ രാഷ്ട്രീയപാത ജനാധിപത്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഇന്ത്യയെ മതേതര ബഹുസ്വര ജനാധിപത്യ രാജ്യമായി മാറ്റിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നെഹ്‌റുവിന്റെ പൈതൃകം ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. 

പൊതുജീവിതത്തില്‍ സത്യസന്ധതയും ധാര്‍മ്മികതയും അത്യന്താപേക്ഷിതമാണെന്ന് നെഹ്‌റു നിഷ്‌കര്‍ഷിച്ചിരുന്നു. വ്യക്തിതാല്പര്യങ്ങള്‍ക്കു പകരം രാഷ്ട്രതാല്പര്യങ്ങള്‍ക്കു പ്രാമുഖ്യം നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. ബഹുസ്വരതയുടെ കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയ ജാഗ്രത അനുകരണീയമാണ്. ഭൂരിപക്ഷത്തിനു ലഭിക്കുന്ന സര്‍വ്വ മേന്മകളും ന്യൂനപക്ഷത്തിനും ലഭിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ന്യൂനപക്ഷത്തെ ഭൂരിപക്ഷം അകറ്റിനിര്‍ത്തുകയല്ല, ചേര്‍ത്തുനിര്‍ത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. 

വര്‍ഗ്ഗീയതയ്‌ക്കെതിരെ കടുത്ത നിലപാടായിരുന്നു നെഹ്‌റുവിന്. 1947-ല്‍ മുസ്ലിം പാകിസ്താന്‍ നിലവില്‍ വന്നപ്പോള്‍ ഇപ്പുറത്ത് ഹിന്ദു ഇന്ത്യ വേണമെന്ന് വാദിച്ചവരോട് ഇന്ത്യയുടെ ഊന്നല്‍ മതേതരത്വത്തിലാണെന്നു വാദിച്ചു. 1949-ല്‍ ബാബറി പള്ളിയില്‍ വിഗ്രഹം കണ്ടെന്നു പറഞ്ഞ് ഞങ്ങള്‍ക്ക് ആരാധനാ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടവരോട് ''ഇത് ഹിന്ദുവിന്റേയോ മുസല്‍മാന്റേയോ സ്വത്തല്ല; ഇന്ത്യന്‍ സര്‍ക്കാരിന്റെ പുരാവസ്തുവകുപ്പിന്റെ കീഴിലാണ്'' എന്നു പറഞ്ഞ് അത് പൂട്ടിയിടാന്‍ കാണിച്ച തന്റേടം പിന്നീട് ആര്‍ക്കുമുണ്ടായില്ല. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിനതീതമായ സമീപനവും പ്രവര്‍ത്തനശൈലിയും സ്വീകരിച്ചുവെന്നത് നെഹ്‌റുവിനെ കൂടുതല്‍ ശ്രദ്ധേയനാക്കിയിരുന്നു. തന്റെ ആദ്യ മന്ത്രിസഭയില്‍ നിയമവകുപ്പുമന്ത്രിയായി നെഹ്‌റു ഉള്‍പ്പെടുത്തിയത് കോണ്‍ഗ്രസ്സുകാരനല്ലാത്ത ബി.ആര്‍. അംബേദ്ക്കറെയാണ്. ദേശതാല്പര്യം കക്ഷിതാല്പര്യത്തെ മറികടന്ന തീരുമാനമായിരുന്നു, അത്. ശാസ്ത്രപുരോഗതി, വിദ്യാഭ്യാസ പുരോഗതി എന്നിവയില്‍ നെഹ്‌റുവിനു തിളക്കമാര്‍ന്ന വീക്ഷണമുണ്ടായിരുന്നു. മതനിരപേക്ഷാവീക്ഷണം മുറുകെ പിടിക്കുകയും ആധുനിക ജനാധിപത്യ രീതികളോട് കൂറ് പുലര്‍ത്തുകയും ചെയ്ത നെഹ്‌റു അല്ലാതെ മറ്റാരെങ്കിലുമായിരുന്നു, സര്‍ക്കാരിന്റെ തലപ്പത്തെങ്കില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം തന്നെ അപകടത്തിലാവുമായിരുന്നുവെന്നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്ന ബി.ടി. രണദിവെ അഭിപ്രായപ്പെട്ടത്. 

പ്രഥമ പ്രധാനമന്ത്രി പദത്തിലേക്ക് നെഹ്റു
പ്രഥമ പ്രധാനമന്ത്രി പദത്തിലേക്ക് നെഹ്റു

മക്കള്‍ രാഷ്ട്രീയത്തിന്റെ ആരംഭം

എന്നാല്‍, നെഹ്‌റുവിന്റെ കാലത്തുതന്നെ മക്കള്‍ രാഷ്ട്രീയം ആരംഭിച്ചിരുന്നു. അതിന്നും നെഹ്‌റു കുടുംബത്തിന്റെ നാലുകെട്ടില്‍ക്കിടന്ന് നട്ടംതിരിയുകയാണ്. മക്കളെ രാഷ്ട്രീയത്തിലേക്കും തദ്വാരാ അധികാരത്തിലേക്കും ആനയിക്കാന്‍ നേതാക്കള്‍ ആ കാലം മുതലേ മത്സരിച്ചുവെന്ന് ചരിത്രം പരിശോധിച്ചാലറിയാം. നെഹ്‌റുവിന്റെ പുത്രി ഇന്ദിരാഗാന്ധി 1959-ല്‍ കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ അദ്ധ്യക്ഷപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. വല്ലഭായ് പട്ടേലിന്റേയും രാജഗോപാലാചാരിയുടേയും ഗോവിന്ദ പല്ലവ പാന്തിന്റേയും മക്കള്‍ പിതാക്കളുടെ പേരില്‍ പാര്‍ലമെന്റ് അംഗങ്ങളായി അധികാര രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 

നെഹ്‌റുവിന്റെ മരണശേഷം അധികാരത്തില്‍ വന്ന ലാല്‍ബഹദൂര്‍ ശാസ്ത്രിക്ക് തന്റെ ദൗത്യം നിറവേറ്റും മുന്‍പുതന്നെ മരണത്തിനു കീഴടങ്ങേണ്ടിവന്നു. കോണ്‍ഗ്രസ്സില്‍ പാരമ്പര്യവും പഴക്കവും തഴക്കവുമുള്ള നേതാക്കളുണ്ടായിരുന്നിട്ടും നെഹ്‌റുവിന്റെ പുത്രി ഇന്ദിരാഗാന്ധി തുടര്‍ന്ന് പ്രധാനമന്ത്രിപദത്തിലേറി. അധികാരത്തില്‍ ഭ്രമിച്ച ഇന്ദിര, ഉടന്‍ തന്നെ ജനാധിപത്യത്തിനു തുരങ്കംവെയ്ക്കുന്ന കാഴ്ചയാണുണ്ടായത്. അവര്‍ കോ ണ്‍ഗ്രസ് പ്രസിഡന്റായിരിക്കെ, ജനാധിപത്യപരമായി അധികാരത്തില്‍ വന്ന കേരളത്തിലെ കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടാന്‍ കാണിച്ച അമിതാവേശവും അധികാരഹുങ്കും നെഹ്‌റുവിനേയും ഫിറോസ് ഗാന്ധിയേയും അലോസരപ്പെടുത്തിയിരുന്നുവത്രെ! കോണ്‍ഗ്രസ്സില്‍ അന്നു തുടങ്ങിയ കുടുംബവാഴ്ച ഇന്നും ബാധയൊഴിയാതെ തുടരുന്നുവെന്നതും രാഷ്ട്രീയ പാരമ്പര്യമില്ലാത്തവരുടെ കൈകളില്‍ അത് നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്നുവെന്നതുമാണ് വാസ്തവം. 

Caption
Caption

1975-ല്‍ മകന്‍ സഞ്ജയ്ഗാന്ധിയെ തന്റെ പിന്‍ഗാമിയായി ഇന്ദിര വാഴിച്ചു. തുടര്‍ന്ന് അകാലമരണംവരെ ഇന്ത്യയുടെ സൂപ്പര്‍ പ്രധാനമന്ത്രിയായി അദ്ദേഹം ഭരണം നടത്തി! സഞ്ജയിന്റെ യാദൃച്ഛിക മരണത്തോടെ, രാഷ്ട്രീയത്തില്‍ യാതൊരു അറിവും പരിചയവും പാരമ്പര്യവുമില്ലാത്ത രാജീവ് ഗാന്ധിയെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന്, തന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ പ്രധാനമന്ത്രിപദം രാജീവിനു ലഭിക്കണമെന്ന് അവര്‍ ആശിച്ചു. അപ്പോഴേക്കും കോണ്‍ഗ്രസ് മേധാവിത്വവും ഭരണമേധാവിത്വവും മറ്റാര്‍ക്കും ലഭിക്കാത്തവിധം നെഹ്‌റു കുടുംബത്തിന്റെ സ്വകാര്യസ്വത്തായി മാറിക്കഴിഞ്ഞിരുന്നു. 

നെഹ്‌റുവിനു ശേഷം കോണ്‍ഗ്രസ്സിന്റെ ആശയാദര്‍ശങ്ങള്‍ക്കുതന്നെ മാറ്റം വന്നുതുടങ്ങി. ജനാധിപത്യം എന്ന മര്‍മ്മപ്രധാനമായ ആശയം മൂക്കുകുത്തി താഴെ വീണു. അതിന് ഉദാഹരണമായിരുന്നു 1975-ല്‍ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ. ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത ഏടായി ഇന്നും അത് മുഴച്ചുനില്‍ക്കുന്നു. ഒരു ഏകാധിപതിയുടെ സര്‍വ്വാധിപത്യ ഭരണത്തിന്റെ ഭീകരത എന്നാണ് അന്നതിനെ വിശേഷിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ റായ്ബറേലി ലോക്സഭാമണ്ഡലത്തില്‍നിന്നും പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി റദ്ദ് ചെയ്യുകയും ഇന്ദിരാഗാന്ധിക്ക് ആറ് വര്‍ഷം തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യത കല്പിക്കുകയും ചെയ്തപ്പോഴുണ്ടായ അസഹിഷ്ണുതയായിരുന്നു, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ബുദ്ധിജീവികളേയും എഴുത്തുകാരേയും രാഷ്ട്രീയ എതിരാളികളേയും തനിക്കെതിരെ സംസാരിക്കാനിടയുള്ള മുഴുവന്‍ വ്യക്തികളേയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. എതിര്‍ പാര്‍ട്ടികളെ നിരോധിച്ചു. കടുത്ത സെന്‍സര്‍ഷിപ്പിനാല്‍ പത്രങ്ങള്‍ക്കു വാര്‍ത്തകള്‍ കൊടുക്കാന്‍ വയ്യാതായി. നിരവധി സ്ത്രീപുരുഷന്മാര്‍ നിര്‍ബ്ബന്ധിത വന്ധ്യംകരണത്തിനു വിധേയരായി. 1976-ല്‍ നടക്കേണ്ട ലോക്സഭാ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്തു. ഭരണത്തില്‍വന്ന അതിക്രമങ്ങള്‍ ജനങ്ങള്‍ അറിയാന്‍ തുടങ്ങിയത് മനസ്സിലാക്കാതെ ഇന്ദിര 1977 മാര്‍ച്ചില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ഇന്ദിരയും കോണ്‍ഗ്രസ്സും ദയനീയമായി പരാജയപ്പെടുകയും ചെയ്തു. ഇതിനിടയില്‍ കോണ്‍ഗ്രസ്സിലെ പല പ്രമുഖരും പാര്‍ട്ടി വിട്ട് എതിര്‍ചേരിയുണ്ടാക്കി. പിന്നീട് അധികാരത്തില്‍ വന്ന ജനതാപാര്‍ട്ടി സര്‍ക്കാരിന് ഉള്‍പാര്‍ട്ടി പോരു കാരണം അധികകാലം അധികാരത്തില്‍ തുടരാനായില്ല. കോണ്‍ഗ്രസ്സുകാരനല്ലാത്ത ആദ്യ പ്രധാനമന്ത്രിയായി മൊറാര്‍ജി ദേശായിയാണ് 1977-ല്‍ സ്ഥാനമേറ്റത്. 1979-ല്‍ മൊറാര്‍ജി രാജിവെച്ചതിനെത്തുടര്‍ന്ന് ഇത്തിരികാലം ചരണ്‍സിംഗ് പ്രധാനമന്ത്രിയായി. എന്നാല്‍, 1980-ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുകയും ഇന്ദിര തന്നെ പ്രധാനമന്ത്രിയായി വരികയുമാണുണ്ടായത്. സിഖ് കലാപത്തിനെതിരെ ഇന്ദിരാഗാന്ധിയെടുത്ത കടുത്ത നിലപാട്, അവരുടെ അംഗരക്ഷകരാല്‍ അവര്‍ കൊല്ലപ്പെടുന്നതില്‍ ചെന്നെത്തി. 1984 ഒക്ടോബര്‍ 31 ലോകം മുഴുവന്‍ ഞെട്ടിത്തരിച്ച ദിനമായിരുന്നു. 

സഞ്ജയ്​ ​ഗാന്ധി
സഞ്ജയ്​ ​ഗാന്ധി

38 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകന്‍ രാജീവ് ഗാന്ധി ഇന്ദിരയുടെ മരണത്തെത്തുടര്‍ന്ന് പ്രധാനമന്ത്രിപദം ഏറ്റെടുക്കുമ്പോള്‍ രാജ്യത്ത് കോണ്‍ഗ്രസ്സില്‍ത്തന്നെ പ്രായവും പക്വതയുമുള്ള നേതാക്കളുണ്ടായിരുന്നു. എന്നാല്‍, അധികാരം നെഹ്‌റു കുടുംബത്തില്‍നിന്നും പുറത്തുകടക്കാന്‍ കഴിയാത്തവിധം കോണ്‍ഗ്രസ്സില്‍ അധികാര വടംവലി കടന്നുകൂടുകയായിരുന്നു. അപക്വമായ പല തീരുമാനങ്ങളും രാജീവില്‍നിന്നുണ്ടായി. നെഹ്‌റു പൂട്ടിയിടാന്‍ ആഹ്വാനം ചെയ്ത ബാബറി മസ്ജിദ് ഇത്തിരി ഹിന്ദുവോട്ടുകള്‍ക്കുവേണ്ടി 1986-ല്‍ രാജീവ് ആരാധനക്കായി ഹിന്ദുക്കള്‍ക്ക് തുറന്നുകൊടുത്തത് ഇന്ത്യയുടെ ഭാവിനിര്‍ണ്ണയത്തില്‍ പ്രധാന പങ്ക് വഹിച്ചു. തുടര്‍ന്ന് അദ്വാനിയുടെ രഥയാത്രയും ഇന്നത്തെ ഭരണവും ഈ അപക്വമായ തീരുമാനത്തിന്റെ ഫലമാണെന്നു തിരിച്ചറിയണം. 1989-ല്‍ കോണ്‍ഗ്രസ് വീണ്ടും പരാജയപ്പെട്ടു. വി.പി. സിംഗ് നാഷണല്‍ ഫ്രണ്ടിന്റെ പ്രതിനിധിയായി പ്രധാനമന്ത്രി സ്ഥാനത്തുവന്നു. നയപരമായ ചില തീരുമാനങ്ങളോട് (ന്യൂനപക്ഷ സംരക്ഷണം) യോജിക്കാന്‍ വയ്യാതെ ബി.ജെ.പി തങ്ങളുടെ സഹകരണം പിന്‍വലിക്കുകയും ചന്ദ്രശേഖര്‍ പ്രധാനമന്ത്രി പദത്തിലേറുകയും ചെയ്തു. 1991-ല്‍ രാജീവ്ഗാന്ധി വധിക്കപ്പെട്ടു. ആ ജൂണ്‍ മാസത്തില്‍ പി.വി. നരസിംഹ റാവുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നു. ഈ കാലത്തിനുള്ളില്‍ കോണ്‍ഗ്രസ് നെഹ്‌റുവിയന്‍ ആശയങ്ങളില്‍നിന്നും വളരെ വ്യതിചലിച്ചുപോയിരുന്നു. ആഗോളവല്‍ക്കരണം സ്വകാര്യവല്‍ക്കരണം എന്നീ ആശയങ്ങള്‍ പ്രാബല്യത്തില്‍ വന്നതും സ്വകാര്യ വന്‍കിട മുതലാളിമാരെ പ്രീണിപ്പിക്കാന്‍ തുടങ്ങിയതും ഈ കാലത്താണ്. മാത്രമല്ല, ബി.ജെ.പിയോളം തീവ്ര ഹിന്ദുത്വനിലപാടല്ലെങ്കിലും ഒരു മൃദു ഹിന്ദുത്വ നിലപാട് കോണ്‍ഗ്രസ്സിനേയും ബാധിച്ചു തുടങ്ങിയെന്നു പറയാതെ വയ്യ; 1992-ല്‍ ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ട് ബാബറി മസ്ജിദ് തകര്‍ക്കാന്‍ പരിപാടിയിട്ടത് നേരത്തെ അറിയാമായിരുന്നിട്ടും റാവു അതിനെതിരെ ശക്തമായ നിലപാടെടുത്തില്ല എന്ന് അന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. 

നരസിംഹ റാവുവിനുശേഷം 1996 മുതല്‍ 3 വര്‍ഷക്കാലം അസ്ഥിരമായ സര്‍ക്കാരുകള്‍ക്ക് രാജ്യക്ഷേമത്തിനായി ഒന്നും ചെയ്യാനായില്ല. വാജ്‌പേയ്, ദേവഗൗഡ, ഗുജറാള്‍ തുടങ്ങിയവര്‍ മാറി മാറി പ്രധാനമന്ത്രിപദം അലങ്കരിച്ചു. കോണ്‍ഗ്രസ്സിനെതിരെ ശക്തമായ പ്രതിപക്ഷനിര വാര്‍ത്തെടുക്കാനായി പല പാര്‍ട്ടികളും മുന്നോട്ടു വന്നെങ്കിലും ആശയത്തിന്റേയും അധികാരത്തിന്റേയും വടംവലിയില്‍ അവര്‍ക്ക് യോജിച്ചു നില്‍ക്കാനായില്ല. അത് രാജ്യത്തിനൊരു ശാപവുമായി. ഇന്ന് ബി.ജെ.പിക്കെതിരെ ഒന്നിച്ചുനില്‍ക്കാനാവാത്തതും ഇതുതന്നെ. 

1999-ല്‍ എന്‍.ഡി.എ അധികാരത്തില്‍ വന്നു. വാജ്‌പേയ് പ്രധാനമന്ത്രിയായി 2004 വരെ രാജ്യം ഭരിച്ചു. ബി.ജെ.പിയിലെ നേതാക്കളായിരുന്ന അദ്വാനി, മുരളി മനോഹര്‍ ജോഷി, സുഷമ സ്വരാജ് എന്നിവരെ താരതമ്യം ചെയ്യുമ്പോള്‍ വാജ്‌പേയ് ഒരു മൃദുഹ്വന്ദുത്വവാദിയും മതേതര കാഴ്ചപ്പാടുമുള്ള വ്യക്തിയുമായിരുന്നു. 2002-ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായ ഗുജറാത്തില്‍ വംശീയ കലാപമുണ്ടായി കൂട്ടക്കൊല നടന്നപ്പോള്‍ വാജ്‌പേയ് ഏറെ വിഷണ്ണനായിരുന്നുവെന്ന് അന്നത്തെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കലാപം കെട്ടടങ്ങിയ ഉടനെ വിദേശയാത്ര നടത്തിയ വാജ്‌പേയ്, ''ഞാന്‍ എങ്ങനെ വിദേശ പത്രക്കാരുടേയും വിദേശ നേതാക്കളുടേയും മുഖത്ത് നോക്കും...'' എന്ന് സങ്കടപ്പെട്ടതായി അരുണ്‍ഷൂരി ഒരു ലേഖനത്തില്‍ വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ, വാജ്‌പേയ് ബി.ജെ.പിയെ ഒരു മതേതര പാര്‍ട്ടിയായി തുടരാനാണ് ആഗ്രഹിച്ചിരുന്നതെന്ന് അടുത്തകാലത്ത് ഒരു ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട്.

രാജീവ് ​ഗാന്ധി
രാജീവ് ​ഗാന്ധി

വാജ്‌പേയ്ക്കുശേഷം തുടര്‍ച്ചയായി 10 വര്‍ഷം (2004-2014) മന്‍മോഹന്‍ സിംഗിന്റെ പ്രധാനമന്ത്രി പദത്തില്‍ യു.പി.എ സര്‍ക്കാര്‍ ഭരണം നടത്തി. സാമ്പത്തിക വിദഗ്ദ്ധനും ആര്‍.ബി.ഐ. ഗവര്‍ണ്ണറുമായിരുന്ന അദ്ദേഹം സ്വകാര്യവല്‍ക്കരണത്തിനു പ്രാധാന്യം നല്‍കി. സോണിയാഗാന്ധിയുടെ  വിനീത ആശ്രിതനായിട്ടാണ് അദ്ദേഹം ഭരണം നടത്തിയത്. 

മതേതര രാഷ്ട്രീയത്തില്‍ നിന്ന് മതരാഷ്ട്രീയത്തിലേക്ക്

സോണിയയ്ക്ക് കോണ്‍ഗ്രസ് പാരമ്പര്യമൊന്നും അവകാശപ്പെടാനില്ല. നെഹ്‌റു കുടുംബത്തിലെ ഒരു മരുമകള്‍ മാത്രമാണ് അവര്‍. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് ചരിത്രമോ പാരമ്പര്യമോ ശക്തിയോ ദൗര്‍ബ്ബല്യമോ ഒന്നും അവര്‍ക്കറിയില്ലായിരുന്നു. അതിനാല്‍ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താനോ പ്രവര്‍ത്തകരെ ഒന്നിച്ചുനിര്‍ത്താനോ അവര്‍ക്കായില്ല. തന്റെ ഏകമകനെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന് അധികാരമേല്പിക്കാനുള്ള അവരുടെ ശ്രമവും വിജയിച്ചു. രാഹുലിനും പാരമ്പര്യങ്ങളൊന്നും അവകാശപ്പെടാനില്ല. എന്നിട്ടും അതുള്ളവര്‍ ആ കുട്ടിയുടെ മുന്നില്‍ ഭയ-ഭക്തിബഹുമാനത്തോടെ നില്‍ക്കുന്നത് നോക്കൂ - ആ കുട്ടി പറയുന്നത് അനുസരിക്കാനും സ്വന്തം അഭിപ്രായം ശീതീകരണിയില്‍ വെയ്ക്കാനും മാത്രമാണ് അവര്‍ മുന്നോട്ടു വന്നത്. പ്രവര്‍ത്തകര്‍ തമ്മില്‍ വഴക്കും വക്കാണവുമായി സ്വന്തം നിലയുറപ്പിക്കാന്‍ മത്സരിച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ പാരമ്പര്യങ്ങള്‍ ഒന്നും അവകാശപ്പെടാനില്ലാതെ, സ്വയം നിര്‍മ്മിതനായ ഒരു നേതാവ് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി അവരെ കൂടെ നിര്‍ത്താനുതകുന്ന മതതീക്ഷ്ണത പരത്തി, വളര്‍ന്നുവരുന്നത് ആരും ശ്രദ്ധിച്ചില്ല. അദ്ദേഹമാണ് 2014 മുതല്‍ ഇന്ത്യ ഭരിച്ചുകൊണ്ടിരിക്കുന്നത്. 

മതേതര രാഷ്ട്രത്തില്‍നിന്നും മതരാഷ്ട്രത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്, ഇന്ത്യ. രണ്ടായിരാമാണ്ടിനു മുന്‍പ് പാര്‍ലമെന്റില്‍ വെറും 3 സീറ്റുണ്ടായിരുന്ന ബി.ജെ.പി ഇന്ന് 303 സീറ്റുകളുമായി രാജ്യം ഭരിക്കുന്നത് വര്‍ഗ്ഗീയ രാഷ്ട്രീയം വിതറിയാണെന്നതില്‍ സംശയമില്ല. തങ്ങളുടെ ഭൂരിപക്ഷത്തില്‍ ഭ്രമിച്ച് അധികാര ഹുങ്കില്‍ ഭരണം ജനങ്ങളില്‍ അടിച്ചേല്പിക്കുന്ന അവസ്ഥ. ഭരണസ്വാധീനമുള്ള ഇഷ്ടന്മാര്‍ക്കും തങ്ങളുടെ കൂടെ നില്‍ക്കുന്ന മതമേധാവികള്‍ക്കും സമ്പന്നര്‍ക്കും വാരിക്കൊടുക്കുകയും സാമ്പത്തികഭദ്രതയും സ്വാധീനവുമില്ലാത്തവരെ അവഗണിക്കുകയും ചെയ്യുന്നു. കഴിഞ്ഞ കുറേക്കാലമായി രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഏത് ജാതി-മത വിഭാഗത്തില്‍പ്പെട്ടവരായാലും ഏത് ഭാഷ സംസാരിക്കുന്നവരായാലും ഏത് വേഷം ധരിക്കുന്നവരായാലും ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഇന്ത്യാക്കാരാണ്. അവര്‍ക്ക് തുല്യ അവകാശവും പരിഗണനയും സംരക്ഷണവും ഭരണഘടന വാഗ്ദാനം ചെയ്യുന്നുണ്ട്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവനെ ശത്രുവായി കാണുന്നതും ശിക്ഷിക്കുന്നതും ഫാസിസമാണ്. ഞാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണെന്നും രാജ്യത്തിനും ജനത്തിനും വേണ്ടിയാണ് ജീവിക്കുന്നതെന്നും പ്രസംഗിച്ചു നടക്കുന്ന പ്രധാനമന്ത്രിക്ക് വിമര്‍ശനാത്മകമായി ഒരു കത്തെഴുതിയാല്‍ അത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കി ശിക്ഷ നടപ്പാക്കുന്ന ഒരു രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.പിമാരില്‍ 43 ശതമാനം പേരും ക്രിമിനല്‍ക്കേസ് പ്രതികളാണത്രെ! 543 അംഗങ്ങളില്‍ 233 പേര്‍. എം.പിമാരില്‍ 88 ശതമാനവും കോടിപതികളാണ്. മൊത്തം അംഗങ്ങളില്‍ 475 പേര്‍. ബി.ജെ.പിയുടെ 303 അംഗങ്ങളില്‍ 265 പേരും കോണ്‍ഗ്രസ്സിലെ 51-ല്‍ 43 പേരും! നമ്മുടെ ഭരണകൂടം സമ്പന്നരുടേയും ക്രിമിനലുകളുടേയും ഭരണകൂടമായി മാറിയിരിക്കുന്നു. 58 മന്ത്രിമാരില്‍ 51 പേരും കോടീശ്വരന്മാര്‍. 22 പേര്‍ ക്രിമിനല്‍ക്കേസ് നേരിടുന്നവരും. 

രാഹുൽ ​ഗാന്ധി
രാഹുൽ ​ഗാന്ധി

ഇന്ത്യയിലെ കക്ഷി രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമ്പത്ത് രാജ്യത്തെ സമ്പത്തിന്റെ പതിന്‍മടങ്ങാണ്. ഈ വന്‍തുക രാജ്യനന്മയ്‌ക്കോ ജനനന്മയ്‌ക്കോ വേണ്ടി ഇവര്‍ ഉപയോഗിക്കാറില്ല. തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ ഭീമമായ തുകകള്‍ വാരിവിതറുന്നു. ഭരിക്കാനും അധികാര സ്ഥാനത്തിരിക്കാനും ക്രമേണ സമ്പന്നനാവാനും പണമൊഴുക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ടിക്കറ്റിനുപോലും കക്ഷികള്‍ പണം വാങ്ങുന്നു. ചില സംസ്ഥാനങ്ങളില്‍ ഭരിക്കാന്‍ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാല്‍ മറ്റ് പാര്‍ട്ടികളുടെ ലേബിലില്‍ മത്സരിച്ച് വിജയിച്ചുവന്നവര്‍ക്ക് തങ്ങളോടൊപ്പം നിന്നാല്‍ പത്ത് കോടി രൂപ പാരിതോഷികം നല്‍കാന്‍ തയ്യാറായ പാര്‍ട്ടിയാണ് കേന്ദ്രം ഭരിക്കുന്നത്. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും വിദ്യാഭ്യാസവും വൈദ്യസഹായവും ലഭിക്കാതെ ദരിദ്രനാരായണന്മാരായി കഴിയുന്ന 30 കോടിയിലധികം ജനങ്ങളുള്ള രാജ്യത്താണ് അവരെ ഗൗനിക്കാതെ ഈ നടപടിയെന്നോര്‍ക്കണം. ചരിത്രത്തില്‍ ഇത്രയും വലിയ സാമ്പത്തിക ഞെരുക്കം അനുഭവിച്ചിട്ടില്ലെന്നും സാമ്പത്തികമാന്ദ്യം രാജ്യത്തെ കാര്‍ന്നുതിന്നുകയാണെന്നും പറഞ്ഞ് റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ മൂലധനം കൈക്കലാക്കി ഭരിച്ചുകൊണ്ടിരിക്കുന്നവരാണ് അധികാരമുറപ്പിക്കാന്‍ കോടികള്‍ മുടിക്കുന്നത്. 

പ്രതിപക്ഷത്തേയും പ്രതിപക്ഷ വിമര്‍ശനങ്ങളേയും അടിച്ചമര്‍ത്തുകയും എല്ലാ വ്യവസായ വ്യാപാരങ്ങളും പട്ടാളച്ചിട്ടയില്‍ കൊണ്ടുവരികയും തീവ്ര ദേശീയവാദത്തിനും പലപ്പോഴും വംശീയതയ്ക്കും ജാതീയതയ്ക്കും ഊന്നല്‍ നല്‍കുകയും ചെയ്യുന്ന പ്രവണതയാണ് ഫാസിസം. സ്വേച്ഛാധിപത്യ-ഏകകക്ഷി ഭരണസംവിധാനം, മറ്റു പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തല്‍ സ്വതന്ത്ര ചിന്തകള്‍ക്കും ഭൗതികപ്രവര്‍ത്തനങ്ങള്‍ക്കും തടയിടല്‍ ഭരണത്തെ മതവുമായി കൂട്ടിച്ചേര്‍ക്കല്‍ എന്നിവയും ഫാസിസത്തിന്റെ സ്വഭാവമാണ്. ഇതിന്റെ ഉദാഹരണങ്ങളാണ് നാമിപ്പോള്‍ കാണുന്നതും അനുഭവിക്കുന്നതും. 

മൊറാർജി ദേശായി
മൊറാർജി ദേശായി

ആസൂത്രണ കമ്മിഷന്‍, റിസര്‍വ്വ് ബാങ്ക്, നെഹ്‌റു മ്യൂസിയം, പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്, സി.ബി.ഐ തുടങ്ങി എല്ലായിടത്തും ഭരിക്കുന്ന പാര്‍ട്ടിയുടെ അനര്‍ഹരെ തിരുകിക്കയറ്റി അവയുടെ മാഹാത്മ്യം തല്ലിക്കെടുത്തുന്നു. നോട്ടുകള്‍ നിരോധിച്ച് (ആര്‍.ബി.ഐ ഗവര്‍ണറോട് പോലും ആലോചിക്കാതെ) സാമ്പത്തികരംഗം അലങ്കോലമാക്കി. വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലകളില്‍ കാവിവല്‍ക്കരണം നടത്തി. ബാങ്കുകളുടെ ലാഭമെടുത്ത് സമ്പന്നര്‍ക്കു നല്‍കി കിട്ടാക്കടം വര്‍ദ്ധിപ്പിച്ചു; വായ്പാനിരക്ക് കുറച്ചു; വ്യവസായശാലകളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരിച്ചു. ആഗോള കമ്പോളത്തില്‍ എണ്ണവില കുറയുമ്പോള്‍, രാജ്യത്ത് നികുതികൂട്ടി ജനങ്ങളെ ദുരിതത്തിലാക്കി. ജനങ്ങളില്‍നിന്നും വരുമാന നികുതിയും മറ്റും പിഴിഞ്ഞെടുക്കുമ്പോള്‍ ആള്‍ദൈവങ്ങളുടേയും ഹൈന്ദവാശ്രമങ്ങളുടേയും കോടിക്കണക്കിനു രൂപ നികുതി ഒഴിവാക്കി. നിത്യോപയോഗ സാധനങ്ങളുടെ വില നിത്യേന കൂട്ടിക്കൊണ്ടിരിക്കുന്നു. ജനങ്ങള്‍ പട്ടിണികിടക്കുമ്പോള്‍ അത് ഗൗനിക്കാതെ കോടിക്കണക്കിനു തുക ചെലവാക്കി പ്രിയപ്പെട്ടവരുടെ പ്രതിമയുണ്ടാക്കി... രാജ്യത്തെ സമ്പത്ത് അവിടുത്തെ ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണ്. അതൊരു രാജഭരണാധികാരിയുടെ ഔന്നത്യം കാണിക്കാനുള്ളതല്ല. ഇതൊന്നും ഒരു ധാര്‍മ്മിക ഭരണാധികാരിയുടെ നൈപുണ്യവുമല്ല. എന്ത് ചെയ്യുമ്പോഴും തന്റേയും ആശ്രിതരുടേയും ഭാവിയും തുടര്‍ഭരണവും മാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള മോദിയുടെ ഭരണം രാജ്യത്തിന് ആപത്താണ്. എഴുപത്തഞ്ചാം വാര്‍ഷികാഘോഷ ചടങ്ങുകളുടെ പ്രചരണത്തിലും അത് വ്യക്തമാണ്. 

നരേന്ദ്ര മോ​​ദി
നരേന്ദ്ര മോ​​ദി

ഈ രാജ്യം കര്‍ഷകരുടേതാണ്. ഗ്രാമീണ കുലത്തൊഴിലാളികളുടേയും ചെറുകിട വ്യവസായികളുടേതുകൂടിയാണ്. പട്ടിണി കിടക്കുന്ന, തലചായ്ക്കാനിടമില്ലാത്ത, ചികിത്സിക്കാന്‍ വഴിയില്ലാത്ത, ഉടുതുണിയില്ലാത്ത പാവങ്ങളുടെ കൂടിയാണ്. ''ഞാന്‍ മാത്രമാണ് നേതാവെന്നും മറ്റുള്ളവര്‍ എനിക്ക് താഴെയാണെന്നും'' ധരിക്കുന്ന നേതാവല്ല യഥാര്‍ത്ഥ നേതാവ്. ചിന്താശക്തിയെ ശീതീകരണിയില്‍ വെയ്‌ക്കേണ്ട സമയമല്ലിതെന്ന് ജനങ്ങളും ഓര്‍ക്കേണ്ട സമയമാണ്.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com