കൈരളിക്കു നഷ്ടപ്പെട്ട ചരിത്രപുസ്തകം

By കെ.ടി. ജലീല്‍  |   Published: 26th August 2022 02:50 PM  |  

Last Updated: 26th August 2022 02:50 PM  |   A+A-   |  

jaleel

 

ന്റേണല്‍ അസസ്മെന്റ് കോളേജ് തലത്തില്‍ നടപ്പിലായ സമയത്താണ് ഞങ്ങളുടെ പോസ്റ്റ് ഗ്രാജ്വേഷന്‍ പഠനം. വിവിധ വിഷയങ്ങളെ അധികരിച്ച് പ്രബന്ധങ്ങള്‍ തയ്യാറാക്കി അവതരിപ്പിക്കാന്‍ ഓരോ പി.ജി. വിദ്യാര്‍ത്ഥിയും ചുമതലയേല്പിക്കപ്പെട്ടു. പുസ്തക വിശകലനവും കോഴ്സ് വര്‍ക്കിന്റെ ഭാഗമായി. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന ചരിത്രസന്ധിയിലൂടെ ലോകം കടന്നുപോയ കാലം. ഗോര്‍ബച്ചേവിനെ വിലയ്ക്കെടുത്താണ് ഏഴു പതിറ്റാണ്ടുകാലത്തെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മോഹം യാഥാര്‍ത്ഥ്യമാക്കിയത്. ഏതു ഭരണവ്യവസ്ഥയ്ക്കും സ്വാഭാവിക പരിസമാപ്തി യാദൃച്ഛികമല്ല. കാലോചിതമായ മാറ്റങ്ങളും സ്വാതന്ത്ര്യത്തെ സംബന്ധികുന്ന പുതുപുത്തന്‍ കാഴ്ചപ്പാടുകളും ഉള്‍ക്കൊണ്ട് ജനഹിതം മനസ്സിലാക്കി മുന്നോട്ടു പോയാല്‍പോലും ഈ പ്രകൃതിനിയമത്തില്‍നിന്ന് മാറിനില്‍ക്കാനാവില്ല. മുതലാളിത്ത ജനാധിപത്യ രാജ്യങ്ങള്‍ ബദല്‍ രാഷ്ടീയം മാറി മാറി പരീക്ഷിക്കുന്നതുകൊണ്ടാണ് സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് പോകാതെ പിടിച്ചുനില്‍ക്കുന്നത്. 

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചതായി ലോകം കണ്ട പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് 'ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയും'. സെമിനാര്‍ പേപ്പറിന് എനിക്ക് കിട്ടിയ വിഷയവും അതാണ്. 'ഭരണരംഗത്തെ തുറന്ന സമീപനം' എന്നാണ് പ്രസ്തുത വാക്കിന്റെ അര്‍ത്ഥം. സോവിയറ്റ് യൂണിയന്റെ ഭരണസംവിധാനത്തില്‍ കാലം തീര്‍ത്ത ചിലന്തിവലകള്‍ മാറ്റാന്‍ 1983-ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയില്‍ അന്നത്തെ റഷ്യന്‍ പ്രസിഡന്റ് ഗോര്‍ബച്ചേവ് അവതരിപ്പിച്ച നയരേഖയാണ് 'ഗ്ലാസ്നോസ്ത് ആന്റ് പെരിസ്ട്രോയിക്ക' എന്ന പേരില്‍ പ്രസിദ്ധമായത്. റഷ്യയിലെ തകരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയെ രക്ഷിക്കാനെന്ന രൂപേണയാണ് രേഖ അവതരിപ്പിക്കപ്പെട്ടത്. പക്ഷേ, ആത്യന്തികമായി സോവിയറ്റ് യൂണിയനെന്ന ലോക സോഷ്യലിസ്റ്റ് ചേരിയുടെ തിരോധാനത്തിലാണ് പുനഃസംഘടനാ ശ്രമം കലാശിച്ചത്. 

സെമിനാര്‍ പേപ്പര്‍ തയ്യാറാക്കാന്‍ പുസ്തകങ്ങള്‍ സംഘടിപ്പിക്കലാണ് ആദ്യ കടമ്പ. തീര്‍ത്തും ഒരു പുതിയ വിഷയമായതിനാല്‍ ഗോര്‍ബച്ചേവിന്റെ നൂതന കാഴ്ചപ്പാടുകള്‍ അടങ്ങുന്ന പുസ്തകം പല ബുക്ക് സ്റ്റാളുകളിലും അന്വേഷിച്ചു. കിട്ടിയില്ല. പലരോടും തിരക്കി. നിരാശയായിരുന്നു ഫലം. അപ്പോഴാണ് ആരോ പറഞ്ഞത്, മുന്‍ മന്ത്രിയും പരന്ന വായനക്കാരനുമായ യു.എ. ബീരാന്‍ സാഹിബിനെ കണ്ടാല്‍ പുസ്തകം കിട്ടിയേക്കും. നേരെ കോട്ടക്കലേക്ക് ബസ് കയറി. സ്റ്റാന്റിലിറങ്ങി ബീരാന്‍ സാഹിബിന്റെ വീട്ടിലേക്ക് നടന്നു. വിദ്യാര്‍ത്ഥിയായ എന്നോട് അദ്ദേഹം കാണിച്ച ആതിഥ്യമര്യാദ അതിശയിപ്പിക്കുന്നതായിരുന്നു. ആഗമനോദ്ദേശ്യം അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ചിരി വിടര്‍ന്നത് ഞാന്‍ ശ്രദ്ധിച്ചു. സ്വീകരണമുറിയിലേക്ക്  അദ്ദേഹമെന്നെ ക്ഷണിച്ചു. അവിടെക്കണ്ട പുസ്തകശേഖരം അത്ഭുതപ്പെടുത്തുന്നതാണ്. സ്വന്തം ലൈബ്രറിയാണെങ്കിലും ഓരോ പുസ്തകവും എവിടെയാണ് വെച്ചതെന്ന് സ്ഥിരവായനക്കാരനായ വീട്ടുടമസ്ഥനേ അറിയൂ. ഞൊടിയിടയില്‍ സാമാന്യം തടിച്ചൊരു പുസ്തകം അദ്ദേഹം പതുക്കെ എടുത്ത് മറിച്ചുനോക്കി. സാവകാശം കസേരയിലിരുന്ന് പുസ്തകം എനിക്കു നേരെ നീട്ടി. ഞാനത് ഭവ്യതയോടെ വാങ്ങി. അപ്പോഴാണ് ബീരാന്‍ സാഹിബിന്റെ ഭാര്യ അകത്തുനിന്ന് കടന്നുവന്നത്. ചായ വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇതുകേട്ട് പിന്‍വാങ്ങിയ അവര്‍ ഉടനെ തന്നെ രണ്ടു ഗ്ലാസ്സ് ചായയുമായി എത്തി. 

യുഎ ബീരാൻ

ചായ കുടിച്ചുകൊണ്ടിരിക്കെ അദ്ദേഹം ബൗദ്ധിക സംവാദത്തിന്റെ ചെപ്പ് തുറന്നു. സംസാരം ഒരുപാട് നീണ്ടു. ഗുരുസന്നിധിയിലെന്ന പോലെ ഞാനാമുഖത്തേക്കുതന്നെ ഇമവെട്ടാതെ നോക്കിയിരുന്നു. ക്ലാസ്സില്‍ അദ്ധ്യാപകന്‍ എടുക്കുന്നതിനെക്കാള്‍ ഭംഗിയായി അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു. അന്ന് ബീരാന്‍ സാഹിബ് നടത്തിയ നിരീക്ഷണം ഭാവിയില്‍ പുലര്‍ന്നപ്പോള്‍ അദ്ദേഹത്തിലെ ദീര്‍ഘദൃഷ്ടിയുള്ള പണ്ഡിതനെ  അനുഭവിച്ചറിഞ്ഞു. ബീരാന്‍ സാഹിബിന്റെ നിഗമനങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം: ''സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ഭാവിയില്‍ പ്രതികൂലമായി ബാധിക്കുക മുസ്ലിം രാജ്യങ്ങളെയാകും. സോവിയറ്റ് ചേരി നില്‍ക്കുന്നതുകൊണ്ടാണ് അമേരിക്ക അവരുടെ തനിനിറം പുറത്തെടുക്കാത്തത്. ആശയപരമായി കമ്യൂണിസത്തെ എതിര്‍ക്കണം. അവര്‍ പൂര്‍ണ്ണമായും ഇല്ലാതാകണമെന്ന് ആഗ്രഹിച്ചുകൂട. ലോക രാഷ്ട്രീയത്തിലെ ശാക്തിക ബലാബലം സമാധാനം നിലനിര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് അമേരിക്കന്‍ എതിര്‍ ചേരിയുടെ നേതൃത്വത്തില്‍ വരാന്‍ കഴിയില്ല. അങ്ങനെ വന്നാല്‍ തന്നെ അതൊരു ക്രിസ്ത്യന്‍-മുസ്ലിം ചേരി എന്ന നിലയിലാകും മുന്നോട്ടു പോവുക. അത് ഗുണത്തേക്കാളേറെ ദോഷമാണ് മുസ്ലിങ്ങള്‍ക്കുണ്ടാക്കുക. റഷ്യയുടെ തകര്‍ച്ചയില്‍ സന്തോഷിക്കുന്നവര്‍ ദുഃഖിക്കേണ്ടിവരും.'' ആ ഉല്‍ക്കണ്ഠകളെല്ലാം പില്‍ക്കാലത്ത് പുലരുന്നതാണ് കണ്ടത്. അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശം. തുടര്‍ന്നു നടന്ന ഇറാഖ് ആക്രമണം. ലോകം കാണ്‍കെ സദ്ദാം ഹുസൈനെ ഒരു പെരുന്നാള്‍ സുദിനത്തില്‍ തൂക്കിക്കൊന്ന പൈശാചികത. ലിബിയയില്‍ അമേരിക്ക നടത്തിയ സൈനിക നീക്കം. കേണല്‍ മുഹമ്മദ് ഗദ്ദാഫിയെ ഹീനമായി കൊന്ന സംഭവം. അദ്ദേഹത്തിന്റെ മൃതദേഹം മറവ് ചെയ്യാന്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാത്ത ക്രൂരത... അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ദുരിതങ്ങളാണ് മുസ്ലിം ലോകത്ത് കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ സംഭവിച്ചത്. ഇവയൊന്നും സോവിയറ്റ് യൂണിയന്‍ നിലനിന്നിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നില്ലെന്ന് ഏത് രാഷ്ട്രീയ നിരീക്ഷകനും നിസ്സംശയം പറയാനാകും. അമേരിക്കന്‍ അതിക്രമങ്ങള്‍ അതിരുവിട്ടപ്പോള്‍ അവയെ പ്രതിരോധിക്കാനെന്ന വ്യാജേന പിറവിയെടുത്ത മുസ്ലിം ഭീകരവാദവും സോവിയറ്റ് റഷ്യയുടെ തിരോധാനത്തിന്റെ ഫലമായി ബീജാവാപം ചെയ്യപ്പെട്ടതാണ്. മുസ്ലിംലീഗിന്റെ പൊതുയോഗങ്ങളില്‍ പലതവണ ഞങ്ങള്‍ പരസ്പരം കണ്ടു. എന്റെ അറിവിന്റെ ശേഖരത്തിലേക്ക് അദ്ദേഹം നിര്‍ലോപം സംഭാവനകള്‍ നല്‍കി. ചില സ്ഥലങ്ങളില്‍വെച്ച് എന്റെ പ്രസംഗങ്ങള്‍ മുഴുവന്‍ കേട്ടു. അഭിനന്ദിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്തു. ഇത്രമാത്രം വായനാനുഭവമുള്ള നേതാക്കള്‍ ലീഗ് നേതൃനിരയില്‍ സീതി സാഹിബിനും സി.എച്ചിനും ശേഷം ഉണ്ടായിട്ടില്ലെന്നുതന്നെ പറയാം.
 
ഉജ്ജ്വലനായ രാഷ്ട്രീയ നേതാവ്, അജയ്യനായ ഭരണകര്‍ത്താവ്, ധിഷണാശാലിയായ ഗ്രന്ഥകാരന്‍, പ്രതിഭാധനനായ വിവര്‍ത്തകന്‍, മികച്ച പ്രഭാഷകന്‍, കഴിവുറ്റ പത്രപ്രവര്‍ത്തകന്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ സുവര്‍ണ്ണമുദ്രകള്‍ പതിപ്പിച്ച വ്യക്തിയാണ് യു.എ. ബീരാന്‍ സാഹിബ്. ഒരേസമയം കേരള നിയമസഭയിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും പദവികള്‍ വഹിച്ച അദ്ദേഹം രാഷ്ട്രീയ എതിരാളികളുടെ രൂക്ഷവിമര്‍ശനത്തിനു വിധേയമായി. ഈയടുത്ത് 'സ്മൃതിപര്‍വ്വം' എന്ന പേരില്‍ പുറത്തിറങ്ങിയ ഡോ. പി.കെ. വാര്യരുടെ ആത്മകഥ വായിച്ചപ്പോഴാണ് മന്ത്രിയായിരിക്കുമ്പോഴും കോട്ടക്കല്‍ പഞ്ചായത്തിന്റെ നേതൃപദവി അദ്ദേഹം കയ്യൊഴിയാത്തതിന്റെ രഹസ്യം പിടികിട്ടിയത്. കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ കീര്‍ത്തി ലോകോത്തരമാക്കുന്നതില്‍ നെടുംതൂണായി വര്‍ത്തിച്ച പി.കെ. വാര്യരുടെ ജീവിതകഥയിലെ ഒരദ്ധ്യായത്തിന്റെ പേര്  'യു.എ. ബീരാന്‍' എന്നാണ്. വാസ്തവത്തില്‍ ആ തലക്കെട്ട് എന്നെ അമ്പരപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. ഇന്ന് കാണുന്ന സര്‍വ്വ ഐശ്വര്യങ്ങളാല്‍ സമൃദ്ധമായ കോട്ടക്കലിന്റെ യഥാര്‍ത്ഥ പിതാവ് ബീരാന്‍ സാഹിബാണെന്ന് സംശയലേശമെന്യേ ഡോ. പി.കെ. വാര്യര്‍ അതില്‍ വളച്ചുകെട്ടില്ലാതെ പറഞ്ഞുവെയ്ക്കുന്നു. 

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റേയും പിന്നീട് ഇന്ത്യന്‍ നാഷണല്‍ ലീഗിന്റേയും പ്രമുഖ നേതാവായ ബീരാന്‍ സാഹിബ് കേരളം ദര്‍ശിച്ച ജ്ഞാനിയായ ഭരണകര്‍ത്താക്കളില്‍ പ്രമുഖനാണ്.

​ഗോർബച്ചേവ്

1925 മാര്‍ച്ച് ഒന്‍പതിന് മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ അഹ്മദ് സാഹിബിന്റെ മകനായി ജനിച്ച അദ്ദേഹം കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂളില്‍നിന്ന് പത്താം ക്ലാസ്സ് ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചു. തുടര്‍ വിദ്യാഭ്യാസത്തിനു മെനക്കെടാതെ സുഹൃത്തുമൊത്ത്  കോയമ്പത്തൂരിലേക്ക് അദ്ദേഹം നാടുവിട്ടു. പട്ടാളക്കാരനാവാന്‍ മോഹിച്ച് രാമന്‍ എന്ന സ്നേഹിതന്റെ കൂടെ ഒരു റിക്രൂട്ടിങ് ക്യാമ്പില്‍ പങ്കെടുത്തു. നിയമനം ലഭിച്ചതിനെത്തുടര്‍ന്ന് പഞ്ചാബിലെ ഫിറോസ്പൂരിലേക്ക് പരിശീലനത്തിന് അയക്കപ്പെട്ടു. അവിടെ 25 പേരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി പതിനെട്ടുകാരനായ ബീരാന്‍ സാഹിബായിരുന്നു. അതുകൊണ്ട് തന്നെ കഠിനമായ പരിശീലനങ്ങള്‍ക്കു നിര്‍ബ്ബന്ധിക്കാതെ പട്ടാള മേജര്‍ അദ്ദേഹത്തെ മെസ്സിലെ കണക്കെഴുതാനും അല്ലറചില്ലറ ജോലികള്‍ ചെയ്യാനും പരിശീലിപ്പിച്ചു. രണ്ടാംലോക മഹായുദ്ധ കാലത്ത് ഇന്ത്യന്‍ മിലിട്ടറിയില്‍ സേവനമനുഷ്ഠിച്ച ബീരാന്‍ സാഹിബ് സൈനിക നീക്കങ്ങളുടെ ഭാഗമായി ഡല്‍ഹി, ബര്‍മ, കല്‍ക്കത്ത, അഹ്മദ് നഗര്‍, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജോലി ചെയ്തു.

1950-ല്‍ അവധിക്കു നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പട്ടാളത്തിലെ ജോലി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പിന്നീട് മുംബൈയിലെ ബ്രിട്ടീഷ് സ്ഥാപനമായ ആംസ്ട്രോങ് ആന്റ് സ്മിത്ത് കമ്പനിയില്‍ ക്ലര്‍ക്കായി സേവനം ചെയ്തു. ആറ് വര്‍ഷം അവിടെ കഴിച്ചുകൂട്ടി. ഇക്കാലത്ത് പ്രശസ്ത ഹിന്ദുസ്ഥാനി കവികളും ഗാനരചയിതാക്കളുമായ മജ്റൂഹ് സുല്‍ത്താന്‍ പുരി, കൈഫി ആസ്മി എന്നിവരുമായി അടുത്ത ബന്ധം സ്ഥാപിച്ചു. അതിനിടെ ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ ലേഖകനുമായി. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കേരള മുസ്ലിം ജമാഅത്ത് എന്ന സംഘടന രൂപീകരിച്ചത്. അതിന്റെ ജനറല്‍ സെക്രട്ടറിയായി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. മുസ്ലിം ലീഗിന്റെ മുഖപത്രമായ 'ചന്ദ്രിക'യില്‍ വിവിധ വിഷയങ്ങളില്‍ ബീരാന്‍ സാഹിബ് എഴുതിയ ലേഖനങ്ങള്‍ കാലികപ്രസക്തവും ചിന്തോദീപകവുമാണ്. 'ചന്ദ്രിക' വഴിയാണ് സി.എച്ച്. മുഹമ്മദ് കോയ സാഹിബുമായി അദ്ദേഹം ഹൃദയബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് മുംബൈ മുസ്ലിം ജമാഅത്തിന്റെ ഒരു പരിപാടിയിലേക്ക് സി.എച്ചിനെ ബീരാന്‍ സാഹിബ് ക്ഷണിച്ചൂ. സി.എച്ചിന്റെ കേരളത്തിനു പുറത്തേക്കുള്ള ആദ്യയാത്ര. ബീരാന്‍ സാഹിബിലെ പ്രതിഭയെ സി.എച്ച്. വേഗം തിരിച്ചറിഞ്ഞു. ചന്ദ്രികയുടെ മുംബൈ ലേഖകനായി ബീരാന്‍ സാഹിബ് നിയമിതനായത് അങ്ങനെയാണ്. 1956-ല്‍ സി.എച്ചിന്റേയും ബാഫഖി തങ്ങളുടേയും ക്ഷണപ്രകാരം ബീരാന്‍ സാഹിബ് ചന്ദ്രികയുടെ സഹപത്രാധിപരായി ചുമതലയേറ്റു. വൈകാതെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായി. ചന്ദ്രിക പത്രത്തില്‍ അദ്ദേഹം എഴുതിയ ശ്രദ്ധേയമായ മുഖപ്രസംഗങ്ങളും പഠനാര്‍ഹമായ ലേഖനങ്ങളും മുസ്ലിംലീഗിന്റെ നയങ്ങളും നിലപാടുകളുമായി മാറി. 

ബീരാന്‍ സാഹിബ് മുസ്ലിം ലീഗിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സമയത്താണ് 1968-ല്‍ മലപ്പുറം ജില്ല രൂപീകൃതമാവുന്നത്. അതോടെ മലപ്പുറം ജില്ലാ മുസ്ലിംലീഗിന്റെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായി. ബാഫഖി തങ്ങള്‍ക്കും പൂക്കോയ തങ്ങള്‍ക്കും സി.എച്ചിനുമൊപ്പം പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി അദ്ദേഹം യത്‌നിച്ചു.

സദ്ദാം ഹുസൈൻ

പഞ്ചായത്ത് ആക്റ്റ് നിലവില്‍ വന്നതിനുശേഷം 1963-ല്‍ നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ചരിത്രത്തിന്റെ ഭാഗമായ വ്യക്തിയാണ് ബീരാന്‍ സാഹിബ്. ഇരുപത് വര്‍ഷത്തോളം അദ്ദേഹം കോട്ടക്കല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ആധുനിക കോട്ടക്കലിന്റെ ശില്പി എന്ന നിലയിലാണ് അദ്ദേഹം ഖ്യാതി നേടിയത്. വര്‍ഷങ്ങളോളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവിയും എം.എല്‍.എ സ്ഥാനവും ഒരുമിച്ച് വഹിച്ചു. 1978-ല്‍ വിദ്യാഭ്യാസ മന്ത്രിയായും കോട്ടക്കല്‍ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. ഇന്ന് കോട്ടക്കലില്‍ കാണുന്ന ഏതാണ്ടെല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളുടേയും തുടക്കക്കാരന്‍ ബീരാന്‍ സാഹിബാണ്. 1963 മുതല്‍ 1980 വരെ ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷപദവിയില്‍ തുടര്‍ന്നു. 1970-ല്‍ മലപ്പുറത്തുനിന്നും 1977-ല്‍ താനൂരില്‍നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പട്ടു.

ഒരു തെരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ടുണ്ടായ കോടതിവിധിയെത്തുടര്‍ന്ന് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് രാജിവെച്ചതിനെത്തുടര്‍ന്ന് 1978-ല്‍ ഒന്‍പത് മാസം ബീരാന്‍ സാഹിബ് കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രിയായി. 1980-ല്‍ മലപ്പുറത്തുനിന്നും 1982-ല്‍ തിരൂരില്‍നിന്നും ബീരാന്‍ സാഹിബ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് നിയമസഭയിലെത്തി.

1982 മുതല്‍ 87 വരെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ഭക്ഷ്യവകുപ്പ് മന്ത്രിയായി.  

എം.എല്‍.എ ആയിരിക്കേ, 1990-ല്‍ കോട്ടക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തി. 1993-ല്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ അദ്ദേഹം പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. 1991-ല്‍ തിരൂരങ്ങാടിയില്‍നിന്ന് ലീഗ് പ്രതിനിധിയായി വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നു വന്ന യു.ഡി.എഫ് മന്ത്രിസഭയില്‍ ലീഗ് പ്രതിനിധിയായി ഉള്‍പ്പെടാതെ പോയതില്‍ അദ്ദേഹത്തിനു നീരസമുണ്ടായിരുന്നു.

ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു ഭാഷകളില്‍ തികഞ്ഞ അവഗാഹമുണ്ടായിരുന്ന ബീരാന്‍ സാഹിബ് മികച്ച പ്രഭാഷകന്‍ എന്നപോലെതന്നെ ശ്രദ്ധേയനായ പരിഭാഷകനായും അറിയപ്പെട്ടു. ഉപരാഷ്ട്രപതി വി.വി. ഗിരി കോട്ടക്കല്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രസംഗം തര്‍ജ്ജുമ ചെയ്തത് ബീരാന്‍ സാഹിബാണ്. ഖാഇദെ മില്ലത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പരിഭാഷകനായിരുന്നു അദ്ദേഹം.

കേണൽ മുഹമ്മദ് ​ഗദ്ദാഫി

കവിതകളും ചെറുകഥകളും വിവര്‍ത്തനങ്ങളും ജീവചരിത്രങ്ങളും സഞ്ചാരസാഹിത്യങ്ങളുമടക്കം കനപ്പെട്ട നിരവധി രചനകള്‍ നടത്തി മലയാള സാഹിത്യത്തെ അദ്ദേഹം സമ്പന്നമാക്കി.

ഇന്ത്യാ വിഭജനത്തില്‍ മുസ്ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കി വേട്ടയാടിയ നാളുകളില്‍ ബീരാന്‍ സാഹിബ് എഴുതിയ 'വിഭജനത്തിന്റെ വിവിധ വശങ്ങള്‍' എന്ന ഗ്രന്ഥം രാജ്യ വിഭജനത്തിന്റെ നേരറിവുകളിലേക്ക് വെളിച്ചം വീശുന്ന റഫറന്‍സാണ്. ആന്റണ്‍ ചെക്കോവ്, മോപ്പസാങ്, സ്മാര്‍സെറ്റ് മോം തുടങ്ങി നിരവധി വിശ്വസാഹിത്യകാരന്മാരുടെ കഥകള്‍ അദ്ദേഹം മലയാളത്തിലേക്ക് മൊഴിമാറ്റി. അറബ് രാജ്യങ്ങളും യൂറോപ്പും, അറബ് രാജ്യങ്ങള്‍, റഷ്യ, മാലി തുടങ്ങിയ യാത്രാവിവരണങ്ങള്‍ എഴുതിയ അദ്ദേഹം കുപ്പിവളകള്‍, ട്യൂട്ടര്‍ തുടങ്ങിയ ചെറുകഥകളും തന്റെ പേരില്‍ കുറിച്ചു. 

മൗലാനാ മുഹമ്മദലി, ജമാല്‍ അബ്ദുന്നാസര്‍, ജനറല്‍ നജീബ് തുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍ മനോഹരമായി വരച്ചുകാണിക്കാനും യു.എ. ബീരാന്‍ സാഹിബിനു കഴിഞ്ഞു. പക്ഷേ, സ്വന്തം ജീവിതകഥ എഴുതി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെയാണ് ആ കര്‍മ്മയോഗി യാത്ര  നിര്‍ത്തി മടങ്ങിയത്. 1997-ല്‍ ആത്മകഥാ രചനയ്ക്ക് തുടക്കം കുറിച്ചെങ്കിലും ഏറെ താമസിയാതെ അദ്ദേഹം രോഗശയ്യയിലായി. സംഭവബഹുലമായ ഒരുകാലത്തിന്റെ കണ്ണാടിയാകുമായിരുന്ന ചരിത്രപുസ്തകമാണ് അതോടെ കൈരളിക്കു നഷ്ടമായത്.

പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളെക്കുറിച്ച് യു.എ.ബി എന്ന ചുരുക്കപ്പേരില്‍ നിരന്തരം ചന്ദ്രികയില്‍ എഴുതിയ ബീരാന്‍ സാഹിബിനെ  'യുണൈറ്റഡ് അറബ് ബീരാന്‍' എന്നാണ് സി.എച്ച്. സ്നേഹത്തോടെ വിളിച്ചത്. തകഴി, ബഷീര്‍, എസ്.കെ. പൊറ്റെക്കാട്, തിക്കോടിയന്‍, കെ.എ. കൊടുങ്ങല്ലൂര്‍, എം.ടി തുടങ്ങിയവരുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. നാല് പതിറ്റാണ്ട് കാലം മുസ്ലിംലീഗിനെ കാറ്റിലും കോളിലും പെടാതെ നോക്കാന്‍ മുന്നിലുണ്ടായിരുന്ന ബീരാന്‍ സാഹിബ്, ബാബ്റി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട് ഇബ്രാഹിം സുലൈമാന്‍ സേട്ട് സാഹിബ് ലീഗിനെതിരെ കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന ബീരാന്‍ സാഹിബ് ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെ കേരളത്തിലെ അമരക്കാരനായി.

മൗലാന മുഹമ്മദലി

സമസ്ത കേരള സാഹിത്യപരിഷത്ത്, കേരള ഗ്രന്ഥശാലാ സംഘം എന്നിവയുടെ നേതൃനിരയിലും അദ്ദേഹം തിളങ്ങി. കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണ സംരംഭങ്ങളില്‍ തന്റെ പാദമുദ്രകള്‍ ബാക്കിയാക്കി യു.എ. ബീരാന്‍ സാഹിബ് 2001 മേയ് 31-ന്  തന്റെ എഴുപത്തിമൂന്നാം വയസ്സില്‍ അന്തരിച്ചു.

ചരിത്രത്തിന്റെ ചരിത്രം (Historiography) എം.എയ്ക്ക് പഠിപ്പിച്ചത് അബ്ദുല്‍ അലി സാറാണ്. ഫറോക്ക് സ്വദേശിയായ അദ്ദേഹം സര്‍വ്വീസിലിരിക്കെ വിദേശത്തു പോയി അഞ്ചു വര്‍ഷം സേവനം ചെയ്ത് മടങ്ങിയെത്തിയത് 1988-'89 അദ്ധ്യയന വര്‍ഷമാണെന്നു തോന്നുന്നു. മനസ്സിലാക്കാന്‍ അല്പം ബുദ്ധിമുട്ടുള്ള വിഷയമാണ് 'ഹിസ്റ്റോറിയോഗ്രാഫി'. പക്ഷേ, അബ്ദുല്‍ അലി സാര്‍ അനായാസം അത് ഞങ്ങള്‍ക്കു മനസ്സിലാക്കിത്തന്നു. അദ്ദേഹത്തിന്റെ ഓരോ ക്ലാസ്സും പുതുമയുള്ളതായി അനുഭവപ്പെട്ടു. ഇംഗ്ലീഷ് ഭാഷ ചരിത്രത്തെ എത്ര മനോഹരമാക്കുമെന്ന് അലി സാറിന്റെ ക്ലാസ്സുകള്‍ സാക്ഷ്യപ്പെടുത്തി. കടിച്ചാല്‍ പൊട്ടാത്ത ആംഗലേയ പദങ്ങള്‍ അനായാസം അദ്ദേഹം പകര്‍ന്നു നല്‍കി. വിദ്യാര്‍ത്ഥികളെ ഒരിക്കല്‍പോലും അബ്ദുല്‍ അലി സാര്‍ വേദനിപ്പിച്ചില്ല. ഓരോ കുട്ടിയേയും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. സമകാലികങ്ങളില്‍ നന്നായി ചരിത്രസംഭവങ്ങള്‍ എഴുതിയ അലി സാര്‍ പുതിയ പുതിയ നിരീക്ഷണങ്ങളാണ് ഞങ്ങളുമായി പങ്കുവെച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ബീബാത്തു ടീച്ചര്‍ പി.എസ്.എം.ഒയിലെ മലയാളം ഡിപ്പാര്‍ട്ടുമെന്റിലെ അദ്ധ്യാപികയായിരുന്നു.  ഇടതുപക്ഷ മുഖമുള്ള ലീഗ് രാഷ്ട്രീയമാണ് അലി സാര്‍ ഉയര്‍ത്തിപ്പിടിച്ചത്. പ്രീഡിഗ്രി മുതല്‍ എം.എ വരെ മുസ്തഫ കമാല്‍ പാഷ സാറിന്റെ സഹപാഠിയായിരുന്ന അദ്ദേഹം പി.എസ്.എം.ഒ കോളേജിലും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്. രോഗ ശയ്യയിലായിരുന്നിട്ടും കമാല്‍ പാഷ സാര്‍ മരിച്ചതറിഞ്ഞ അബ്ദുല്‍ അലി സാര്‍ ഏറെ പ്രയാസപ്പെട്ടാണ്  നാലഞ്ച് ദിവസം കഴിഞ്ഞ് ഖബറിടം സന്ദര്‍ശിക്കാന്‍ എത്തിയത്.

ക്ഷീണിച്ചെത്തിയ അദ്ദേഹം നേരെ വന്നത് ഞങ്ങളുടെ വീട്ടിലേക്കാണ്. കുറച്ചു നേരം കിടക്കണമെന്ന് പറഞ്ഞു. ഞാന്‍ റൂമിലേക്ക് വഴി നടത്തി. അരമണിക്കൂര്‍ വിശ്രമത്തിനു ശേഷം അദ്ദേഹം എഴുന്നേറ്റു. ഞങ്ങള്‍ ഒരുമിച്ച് പാഷ സാറിന്റെ പൂക്കാട്ടിരിയിലെ വീട്ടിലെത്തി. ഭാര്യയുമായും കുട്ടികളുമായും ഒരുപാട് നേരം സംസാരിച്ചു. പഴയ കഥകള്‍ അയവിറക്കി. അവിടെ നിന്ന് നേരെ അങ്ങാടിപ്പള്ളിയിലെ പാഷ സാറിന്റെ ഖബറിടത്തിലേക്ക് പോയി. കുഴിമാടം നോക്കിയാല്‍ കാണുന്ന ദൂരത്ത് കാര്‍ നിര്‍ത്തി. നടക്കാനുള്ള പ്രയാസംകൊണ്ട് അബ്ദുല്‍ അലി സാര്‍ ഇറങ്ങിയില്ല. ഞാനും പാഷ സാറിന്റെ മകനും ഖബറിനരികെ പോയി പ്രാര്‍ത്ഥിച്ചു. തിരിച്ചെത്തിയ ഞങ്ങള്‍ കണ്ടത് നിറകണ്ണുകളോടെ നാലു പതിറ്റാണ്ടുകാലം കൂടപ്പിറപ്പിനെപ്പോലെ ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞ സുഹൃത്തിന്റെ പരലോക മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്ന സഹപ്രവര്‍ത്തകനെയാണ്. ദുഃഖഭാരത്താല്‍ അറിയാതെ ഞാനും കരഞ്ഞുപോയി. 

സംഘടനാ പ്രവര്‍ത്തനത്തിനിടയില്‍ പലപ്പോഴും വൈകിയാണ് ക്ലാസ്സിലെത്താറ്. അബ്ദുല്‍ അലി സാറിന്റെ ക്ലാസ്സില്‍ പരമാവധി നേരത്തെ എത്താന്‍ ശ്രമിക്കും. ഒരു ദിവസം പത്ത് മിനിറ്റ് വൈകിയാണ് ഞാനെത്തിയത്. ആശയസംവാദത്തില്‍ മുഴുകിയ അലി സാറിന്റെ ശ്രദ്ധ തെറ്റിച്ച് ഞാന്‍ 'സാര്‍' എന്ന് കിതപ്പ് മാറാത്ത ശബ്ദത്തില്‍ വിളിച്ചു. വാക്കുകളുടെ ഒഴുക്ക് തടസ്സപ്പെട്ട നീരസത്തോടെ അദ്ദേഹം എന്നെ നോക്കി. എല്ലാവരും കേള്‍ക്കെ അല്പം ശബ്ദമുയര്‍ത്തി തമാശ രൂപേണ അലി സാര്‍ പ്രതികരിച്ചു: 'Mr Jaleel, You are too early for the next hour.' (ജലീല്‍, അടുത്ത പിരിയഡിലേക്ക് നേരത്തെയാണല്ലോ എത്തിയത്). കുട്ടികളെല്ലാം ചിരിച്ചു. ഞാന്‍ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു. നിമിഷങ്ങളുടെ ഇടവേളക്കൊടുവില്‍ എന്നോട് ക്ലാസ്സില്‍ കയറാന്‍ പറഞ്ഞു. പിന്നീട് ഞാന്‍ അദ്ധ്യാപകനായപ്പോള്‍ ഇതേ ഡയലോഗ് വൈകി എത്തുന്ന കുട്ടികളെ കളിയാക്കി പറഞ്ഞത് ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ചിരിയൂറും.

ജമാൽ അബ്ദുന്നാസർ

സമകാലിക വിഷയങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കാമ്പസുകളെ തൊണ്ണൂറുകളിലും ജീവസ്സുറ്റതാക്കി. ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയും ബൗദ്ധിക സംവാദങ്ങള്‍ക്കു തിരികൊളുത്തിയ കാലം. കമ്യൂണിസ്റ്റ് റഷ്യയുടെ തകര്‍ച്ചയില്‍ മുസ്ലിങ്ങള്‍ പൊതുവെ ആഹ്ലാദം കൊണ്ടു. ലീഗിന് സി.പി.എം വിരുദ്ധ രാഷ്ട്രീയ താല്പര്യമാണ് സന്തോഷിക്കാന്‍ കാരണമായത്.  ഇസ്ലാമിസ്റ്റുകള്‍ക്കാകട്ടെ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനെതിരായ സംവാദങ്ങളില്‍ കേമത്തം തെളിയിക്കാന്‍ നല്ലൊരു തുരുപ്പുചീട്ടു കിട്ടിയ ആഹ്ലാദമായിരുന്നു. വരുംവരായ്കകള്‍ ചിന്തിക്കാതെ കേവലം ഉപരിപ്ലവമായി സേവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ കണ്ട ഞാനും കമ്യൂണിസ്റ്റ്വിരുദ്ധ പക്ഷത്താണ് നിന്നത്. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപനത്തില്‍ പഠിച്ചതുകൊണ്ടാകണം ഒരു കമ്യൂണിസ്റ്റ്വിരുദ്ധ ബോധം എന്റെ ചിന്തയെ സ്വാധീനിച്ചിരുന്നു. ഇസ്ലാമിക മതപ്രഭാഷകര്‍ പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമിയുടെ പ്രസംഗകര്‍ മാര്‍ക്സിസ്റ്റ്വിരുദ്ധത കേള്‍വിക്കാരുടെ മസ്തിഷ്‌കങ്ങളിലേക്ക് അടിച്ചുകയറ്റുന്നതില്‍ ആവേശം കൊണ്ടു. അതിനവര്‍ ഉദ്ധരിച്ചത് ഈജിപ്തിലെ മതരാഷ്ട്രവാദക്കാരായ മുസ്ലിം ബ്രദര്‍ഹുഡ്ഡിന്റെ (ജമാഅത്തെ ഇസ്ലാമിയുടെ ഈജിപ്ഷ്യന്‍ പതിപ്പ്) നേതാക്കളായ പണ്ഡിതരുടെ അഭിപ്രായങ്ങളാണ്. ആ ഗണത്തില്‍ പ്രമുഖനാണ് യൂസുഫുല്‍ ഖര്‍ളാവി. അദ്ദേഹം കേരളത്തില്‍ വന്നത് ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ്. സുന്നീ-മുജാഹിദ് സംഘടനകള്‍ ഖര്‍ളാവിയുടെ വീക്ഷണങ്ങളോട് വിയോജിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങളോ മതവിധികളോ അവര്‍ ഗൗനിച്ചതായി കണ്ടില്ല.

കമ്യൂണിസവും ഇസ്ലാമും

ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണാലയമായ ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച  'ഖര്‍ളാവിയുടെ ഫത്വകള്‍' ഞാനും വായിച്ചിരുന്നു. അതില്‍ അദ്ദേഹം നഖശിഖാന്തമാണ് കമ്യൂണിസത്തേയും കമ്യൂണിസ്റ്റുകാരേയും വിമര്‍ശിച്ചത്. ഒരു ഇസ്ലാംമത വിശ്വാസി കമ്യൂണിസ്റ്റായാല്‍ അയാളെ മരണാനന്തരം മുസ്ലിങ്ങളെ അടക്കം ചെയ്യുന്നേടത്ത് മറമാടാന്‍ പാടില്ലെന്നും അവര്‍ക്ക് മാതാപിതാക്കളുടെ സ്വത്തില്‍ അനന്തരാവകാശം നല്‍കരുതെന്നും പറഞ്ഞിരുന്നു. ഒരു ബഹുമത സമൂഹത്തില്‍ പ്രചരിപ്പിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് ഖര്‍ളാവിയുടെ നിരീക്ഷണങ്ങളില്‍ പലതും. ഏകപക്ഷീയമായ ചിന്താ സരണിയില്‍ യാത്രചെയ്തിരുന്ന നാളുകളായതിനാല്‍ ഞാനും ലീഗിന്റെ പല പല പഠന ക്ലാസ്സുകളിലും അതുദ്ധരിച്ച് പ്രസംഗിച്ചു. മതവികാരം ആളിക്കത്തിച്ച് പരമാവധി കമ്യൂണിസ്റ്റ് വിരോധം മുസ്ലിങ്ങള്‍ക്കിടയില്‍ ഉണ്ടാക്കാന്‍ ലീഗിന്റെ താത്ത്വിക പ്രസംഗകര്‍ ശ്രമിച്ചു. വര്‍ഷങ്ങള്‍ക്കുശേഷമാണ് അതിന്റെ ഭവിഷ്യത്ത് തിരിച്ചറിയാനായത്. ആശയ വിയോജിപ്പുള്ളവരോട് സംസ്‌കാരസമ്പന്നരായ ഒരു സമൂഹം ഇത്തരം മതതീവ്ര സമീപനം കൈക്കൊള്ളില്ല. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ കമ്യൂണിസ്റ്റ് ആഭിമുഖ്യ സംഘടനകള്‍ ശക്തിപ്പെട്ടതും ഭരണത്തിലേറിയതും പലതുണ്ട്. ഇറാഖിലെ എക്കാലത്തേയും കരുത്തനായ ഭരണാധികാരി സദ്ദാം ഹുസൈന്റെ 'ബഅസ്' പാര്‍ട്ടിയും നാല് പതിറ്റാണ്ട് ലിബിയ ഭരിച്ച മുഹമ്മദ് ഗദ്ദാഫിയും ആ ഗണത്തില്‍ വരുന്നവരാണ്. അമേരിക്ക ഇരുവരോടും സ്വീകരിച്ച തുല്യതയില്ലാത്ത ക്രൂരത അവര്‍ മുസ്ലിങ്ങളായതുകൊണ്ടായിരുന്നില്ല. ഇരുവരും സോഷ്യലിസ്റ്റ് ചായ്വുള്ള മതാഭിമുഖ്യമുള്ള മുസ്ലിങ്ങളായതുകൊണ്ടാണ്. സാമ്രാജ്യത്വ ശക്തികള്‍ എന്നും പാലൂട്ടിയത് വലതുപക്ഷ ഇസ്ലാമിനെയാണ്. ഇടതുപക്ഷ ഇസ്ലാമിനെ അവര്‍ ഭയപ്പെട്ടു. അതിനൊരു സാമ്രാജ്യത്വവിരുദ്ധ മുഖമുണ്ടെന്ന തിരിച്ചറിവാണ് കാരണം.

നാട്ടിന്‍പുറങ്ങളില്‍പോലും സമകാലിക വിഷയങ്ങളെക്കുറിച്ച് സിമ്പോസിയങ്ങളും ചര്‍ച്ചകളും സജീവമായി നടന്നു. അതിലാകട്ടെ, എല്ലാ ആശയധാരകളിലുള്ളവരും പങ്കെടുത്തു. അത്തരം നിരവധി വേദികളില്‍ എനിക്ക് പങ്കെടുക്കാന്‍ അവസരം കിട്ടി. അതെന്റെ ബോധമണ്ഡലത്തെ തട്ടിയുണര്‍ത്തി. സഹപ്രസംഗകരുടെ വാദങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി മറുപടി പറഞ്ഞാലേ ചര്‍ച്ചകളില്‍ തിളങ്ങാനാകൂ. വിഷയസംബന്ധിയായ അനുകൂലവും പ്രതികൂലവുമായ ലേഖനങ്ങളും പുസ്തകങ്ങളും നിരന്തരം വായിച്ചു. യുക്തിവാദിയായ ഇടമറുക് രചിച്ച ഇസ്ലാം വിമര്‍ശനം തര്‍ക്കവിതര്‍ക്കങ്ങള്‍ക്കു വഴിവെച്ചു. അതിനെ ആദര്‍ശപരമായി എതിര്‍ക്കാന്‍ നല്ലവണ്ണം ബുദ്ധി പ്രവര്‍ത്തിപ്പിച്ചു. ആയിടക്കാണ് തിരൂരങ്ങാടി കോളേജ് ക്യാമ്പസ്സില്‍ 'ഗ്ലാസ്നോസ്തും പെരിസ്ട്രോയിക്കയും' അപഗ്രഥിച്ച് സംസാരിക്കാന്‍ പ്രഗല്‍ഭ പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി നേതാവുമായ ശൈഖ് മുഹമ്മദ് കാരക്കുന്നിനെ സ്റ്റാഫ് ക്ലബ്ബ് ക്ഷണിച്ചത്. കൊമേഴ്സ് ബ്ലോക്കിലെ കോണ്‍ഫറന്‍സ് ഹാളിലായിരുന്നു സംവാദം ഒരുക്കിയത്. ബൗദ്ധിക വ്യവഹാരങ്ങളില്‍ തല്പരരായ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചടങ്ങിനെത്തി. ശൈഖ് മുഹമ്മദ് കാരക്കുന്ന് ആകര്‍ഷണീയമായും എന്നാല്‍ തികഞ്ഞ പക്ഷപാതിത്വത്തോടെയുമാണ് വിഷയം അവതരിപ്പിച്ചത്. സ്റ്റാലിന്റെ ഭരണത്തിലുണ്ടായ കൂട്ടക്കുരുതികള്‍ ഒരു നിഷ്പക്ഷനെ കമ്യൂണിസത്തിന്റെ ശത്രുപക്ഷത്ത് എത്തിക്കുന്ന തരത്തിലാണ് മസാല പുരട്ടി അദ്ദേഹം വിശദീകരിച്ചത്. ബോള്‍ഷെവിക്കുകളും മെന്‍ഷെവിക്കുകളും തമ്മില്‍ നടന്ന രക്തരൂഷിത ആഭ്യന്തര കലാപവും അദ്ദേഹം പരാമര്‍ശിച്ചു. ഞാനുള്‍പ്പെടെയുള്ള സോവിയറ്റ്വിരുദ്ധര്‍ക്ക് അത് നന്നേ ബോധിച്ചു. 

പ്രൊഫ. അബ്​ദുൽ അലി

അദ്ദേഹത്തിന്റെ സാമാന്യം നീണ്ട പ്രസംഗത്തിനുശേഷം ആശംസാപ്രസംഗം നടത്താന്‍ പ്രൊഫസര്‍ ഓമാനൂര്‍ മുഹമ്മദ് സാറിനെ ക്ഷണിച്ചു. അദ്ദേഹം ലീഗ് രാഷ്ട്രീയവും തികഞ്ഞ സുന്നി ചായ്വും ഹൃദയത്തില്‍ സൂക്ഷിക്കുന്നയാളാണ്. അതെല്ലാവര്‍ക്കും അറിയാം. ശൈഖ് മുഹമ്മദിന്റെ വാദഗതികളെ പിന്തുണച്ച് ഓമാനൂര്‍ സാര്‍ പ്രസംഗിക്കും എന്നാണ് സദസ്യര്‍ കരുതിയത്. എല്ലാവരേയും അമ്പരപ്പിച്ച് ഒരു ബദല്‍ വീക്ഷണം അദ്ദേഹം അവതരിപ്പിച്ചു. സാര്‍ അങ്ങനെയാണ്. എല്ലാവരും ഒരു പക്ഷത്താണെങ്കില്‍ അദ്ദേഹം പ്രതിപക്ഷമാകും. ഭൂരിപക്ഷാഭിപ്രായത്തോട് വിയോജിച്ചുള്ള വീക്ഷണങ്ങള്‍ അവതരിപ്പിക്കും. എന്ത് അവതരിപ്പിക്കുമ്പോഴും അതിനനുസൃതമായ തെളിവുകളും  നിരത്തും. ശൈഖ് മുഹമ്മദിന്റെ കമ്യൂണിസ്റ്റ്വിരുദ്ധ നിരീക്ഷണങ്ങളെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് ഓമാനൂര്‍ സാര്‍ ആദ്യം മുതല്‍ അവസാനം വരെ സംസാരിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളുടെ ആകെത്തുക ഇപ്രകാരം സംഗ്രഹിക്കാം.

''ഓരോ ഐഡിയോളജികള്‍ക്കും ഭരണരംഗത്ത് ഒരു നിശ്ചിത ആയുസ്സുണ്ട്. ഒരു നൂറ്റാണ്ട് തികച്ച ഒരു ഭരണക്രമവും ലോകത്തില്ല. ആ അര്‍ത്ഥത്തില്‍ കമ്യൂണിസം 70 കൊല്ലം പ്രവിശാലമായ സോവിയറ്റ് റഷ്യയില്‍ നിലനിന്നത് ചെറിയ കാര്യമല്ല. മുതലാളിത്ത രാഷ്ട്രങ്ങളില്‍ വിവിധ ചിന്താധാരകള്‍ ജനാധിപത്യക്രമത്തില്‍ ഇടയ്ക്കിടെ വരികയും പോവുകയും ചെയ്യുന്നത് വര്‍ത്തമാനകാല അനുഭവമാണ്. ഇസ്ലാമിക ഭരണക്രമവും ഇതില്‍നിന്ന് ഭിന്നമല്ല. മാനവികാശയങ്ങള്‍ പറയുന്ന ഏതൊരു ദര്‍ശനവും ഭരണത്തില്‍ വരുമ്പോള്‍ ആഭ്യന്തര സംഘര്‍ഷങ്ങളും സ്വന്തം മതക്കാരായ 'എതിരാളികളെ' വകവരുത്തലും കാലാതീതമായി നടന്നു വരുന്നതാണ്. അതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. മുഹമ്മദ് നബിക്കു ശേഷം ഇസ്ലാമിക ഖിലാഫത്ത് ഏതാണ്ടതിന്റെ പൂര്‍ണ്ണതയില്‍ നിലനിന്നത് നാല് ഖലീഫമാരുടെ കാലയളവില്‍ മാത്രമാണ്. നീണ്ട ഇടവേളകള്‍ക്കു ശേഷം ഇസ്ലാമിക ഭരണക്രമം പുനരാഗമനം ചെയ്തതും ചരിത്രമാണ്. ആദ്യത്തെ ഖലീഫ അബൂബക്കറിനെ നബിയുടെ മകള്‍ ഫാത്തിമ മരിക്കുന്നതുവരെ അലി അംഗീകരിച്ചിരുന്നില്ല. ഈ നാല് ഖലീഫമാരില്‍ അബൂബക്കര്‍ ഒഴികെ മറ്റു മൂന്നു പേരും വധിക്കപ്പെടുകയാണ് ഉണ്ടായത്. അവരെ കൊന്നത് മറുനാട്ടുകാരോ മറുമതക്കാരോ അല്ല. മുസ്ലിങ്ങളില്‍ തന്നെയുള്ള വിവിധ ചിന്താ ഗ്രൂപ്പുകളാണ്. 'ജമല്‍യുദ്ധം' പ്രവാചകന്റെ ഭാര്യ ആയിഷയും നബിയുടെ മകള്‍ ഫാത്തിമയുടെ ഭര്‍ത്താവ് അലിയും തമ്മിലായിരുന്നു. അലിയുടെ മകന്‍ ഹസനെ ഇസ്ലാമിക ചരിത്രത്തിലെ അധികാരമോഹികള്‍ വിഷം കൊടുത്താണ് കൊന്നത്. ഹുസൈനെയാകട്ടെ, കര്‍ബല യുദ്ധക്കളത്തിലിട്ട് പൈശാചികമായി വെട്ടിയും കൊന്നു. ഉടലില്‍നിന്ന് വേര്‍പെടുത്തപ്പെട്ട അദ്ദേഹത്തിന്റെ തല ശത്രുപക്ഷത്തെ മുസ്ലിം പടയാളികള്‍ യുദ്ധക്കളത്തിലിട്ട് തട്ടിക്കളിച്ച സംഭവം മൗലാനാ അബുല്‍കലാം ആസാദ് രേഖപ്പെടുത്തിയത് അതീവ വേദനയോടെയാണ്. പില്‍ക്കാലത്ത് മുസ്ലിം രാജാക്കന്മാരും രാഷ്ട്രങ്ങളും പരസ്പരം ഏറ്റുമുട്ടുകയും നിരവധി പേര്‍ മരണപ്പെട്ടതും യാഥാര്‍ത്ഥ്യമാണ്. മതാടിസ്ഥാനത്തില്‍ രൂപീകൃതമായ പാകിസ്താന്‍ രണ്ടായി പിളര്‍ന്നു. ബംഗ്ലാദേശ് ഉണ്ടായത് മുസ്ലിങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നുള്ള ആഭ്യന്തരയുദ്ധത്തെ തുടര്‍ന്നാണ്. പാകിസ്താനില്‍ ഇത്രയും കാലമായിട്ട് ഭരണത്തിലേറാന്‍ ജമാഅത്തെ ഇസ്ലാമിക്കു കഴിഞ്ഞിട്ടില്ല. അങ്ങനെയുള്ള നിങ്ങള്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെക്കുറിച്ച് വാചാലനാകുന്നത് സത്യസന്ധതയില്ലായ്മയാണ്. റഷ്യയില്‍ കമ്യൂണിസ്റ്റ് ഭരണസംവിധാനം തകര്‍ന്നു എന്നതിനര്‍ത്ഥം അതൊരിക്കലും ഇനി ആ നാട്ടില്‍ തിരിച്ചുവരില്ല എന്നല്ല. മുട്ടിന്‍ കൈ ഇല്ലാത്തവന്‍ ചെറുവിരല്‍ ഇല്ലാത്തവനെ കളിയാക്കുന്നതുപോലെയായി ശൈഖ് മുഹമ്മദിന്റെ സോവിയറ്റ്വിരുദ്ധ വിമര്‍ശനങ്ങള്‍.''

ഓമാനൂര്‍ മുഹമ്മദ് സാറിന്റെ 'ആശംസാ പ്രസംഗം' കേട്ട് സദസ്സ് തരിച്ചിരുന്നു. ദേഷ്യം പിടിച്ചിരിക്കുന്ന കേള്‍വിക്കാരെ നോക്കി മുഖത്ത് ചിരി വിടര്‍ത്തി ജോര്‍ജ് ബര്‍ണാഡ്ഷയെ ഉദ്ധരിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. 'ln this world if you want to say osmething you must  say it in an irritating manner, because people won't trouble themselves in anything which does not trouble them.' (ഈ ലോകത്ത് നിങ്ങള്‍ക്ക് എന്തെങ്കിലും പറയേണ്ടതുണ്ടെങ്കില്‍ അത് ശ്രോതാവിനെ ഈറ പിടിപ്പിക്കുന്ന തരത്തില്‍ പറയണം. അല്ലെങ്കില്‍ നിങ്ങളത് തീരെ പറയാതിരിക്കുന്നതാണ് നല്ലത്. കാരണം, തങ്ങള്‍ക്ക് ശല്യം ആയേക്കുമെന്ന് കരുതുന്ന കാര്യങ്ങളില്‍ മാത്രമെ ആളുകള്‍ ശ്രദ്ധിക്കുകയുള്ളൂ). എല്ലാം കേട്ടിട്ടും ആരും ഒരഭിപ്രായവും പറയാന്‍ എഴുന്നേറ്റില്ല. എന്നിലെ റഷ്യന്‍വിരോധി ഉണര്‍ന്നു. ഞാന്‍ എഴുന്നേറ്റു. എല്ലാവരുടേയും കണ്ണുകള്‍ എന്നിലേക്കായി. ''ഒരാളെ ക്ഷണിച്ചുവരുത്തി അപമാനിച്ചത് ശരിയായില്ല. സ്റ്റാഫ് ക്ലബ്ബ് ശൈഖ് മുഹമ്മദ് സാഹിബിനോട് മാപ്പ് പറയണം.'' ഇത് കേട്ടതോടെ ഓമാനൂര്‍ സാര്‍ ചാടിയെണീറ്റ് എനിക്കെതിരെ തിരിഞ്ഞു. ''ശൈഖ് മുഹമ്മദ് പറഞ്ഞതിനോടുള്ള വിയോജിപ്പാണ് ഞാന്‍ രേഖപ്പെടുത്തിയത്. വിമര്‍ശനങ്ങള്‍ ചര്‍ച്ചകളെ സജീവമാക്കുകയാണ് ചെയ്യുക.'' സംഗതി പന്തിയല്ലെന്നു കണ്ട അദ്ധ്യക്ഷന്‍ പരിപാടി പെട്ടെന്ന് അവസാനിപ്പിച്ചു. 

ഓമാനൂര്‍ മുഹമ്മദ് സാറുമായി ഉണ്ടായിരുന്ന നല്ല ബന്ധത്തിന് പ്രസ്തുത സംഭവം ഉലച്ചില്‍ തട്ടിച്ചു. രണ്ട് മൂന്ന് മാസം അദ്ദേഹത്തിനു ഞാന്‍ മുഖം കൊടുക്കാതെ നടന്നു. പിന്നെ ഒരുമിച്ചുള്ള സെമിനാറുകളിലെ സാന്നിദ്ധ്യമാണ് അകല്‍ച്ചയ്ക്ക് അറുതിവരുത്തിയത്. ഒരു ചെറിയ ഇടവേളയ്ക്കു ശേഷം ഞങ്ങളുടെ ബന്ധം പഴയതിനെക്കാള്‍ ഊഷ്മളമായി. ഓമാനൂര്‍ സാറിനോട് യോഗത്തില്‍ വെച്ച് കലഹിച്ചെങ്കിലും അദ്ദേഹം നിരത്തിയ വാദങ്ങള്‍ കാറ്റും വെളിച്ചവും എപ്പോഴെങ്കിലും കടന്നു വരാറുള്ള എന്റെ ചിന്താപഥത്തിലേക്ക് ശാശ്വതമായ ഒരു കിളിവാതില്‍ തുറന്നുവെച്ചു. വരികള്‍ക്കിടയിലെ വായന അതോടെ എനിക്ക് പരിചിതമായിത്തുടങ്ങി. പൊതു ചരിത്രത്തോടൊപ്പം ഇസ്ലാമിക ചരിത്രവും സൂക്ഷ്മവായനയ്ക്ക് വിഷയീഭവിച്ചു. പ്രൊഫസര്‍ ഓമാനൂര്‍ മുഹമ്മദ് എം.എസ്.എഫിന്റെ സംസ്ഥാന പ്രസിഡന്റായി നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ കൗണ്‍സിലില്‍നിന്ന് പദവി ഏറ്റെടുക്കാന്‍ പേടിച്ച് ഓടിപ്പോയ ആളാണെന്ന് ലീഗ് ചരിത്രത്തില്‍ ജ്ഞാനമുള്ള മുന്‍ ചന്ദ്രിക പത്രാധിപര്‍ പരേതനായ  കെ.പി. കുഞ്ഞിമൂസ ഒരിക്കല്‍ പങ്കുവെച്ചത് തലയില്‍ തങ്ങിക്കിടപ്പുണ്ട്. ലീഗ് പിളര്‍പ്പിനെത്തുടര്‍ന്ന് യൂത്ത് ലീഗിന്റെ സംസ്ഥാന ഭാരവാഹികളില്‍ ഒരാളാകാന്‍ പി.എം.എസ്.എ പൂക്കോയ തങ്ങളുടെ വിശ്വസ്തന്‍ പാണക്കാട് അഹമ്മദാജി അദ്ദേഹത്തോട് പറഞ്ഞതായും കേട്ടിട്ടുണ്ട്. ആംഗലേയ ഭാഷയിലും ഖുര്‍ആനിലും ഒരുപോലെ പാണ്ഡിത്യമുള്ള ആളുകള്‍ മുസ്ലിം സമുദായത്തില്‍ വളരെ വിരളമായിരുന്നു. ആ ശൂന്യത വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ ഓമാനൂര്‍ സാറിനു സാധിച്ചില്ല. താനതൊന്നും കാര്യമാക്കുന്നില്ലെന്നാണ് അതേക്കുറിച്ച് ചോദിച്ചാല്‍ അദ്ദേഹത്തിന്റെ മറുപടി. മതവിഷയങ്ങളിലെ തര്‍ക്കപ്രശ്നങ്ങള്‍ ഒരുപാട് ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. മുസ്ലിങ്ങളുടെ പ്ലസും മൈനസും ഓമാനൂര്‍ സാറിനെപ്പോലെ മനസ്സിലാക്കി സ്വകാര്യ സംഭാഷണങ്ങളില്‍ പറയുന്ന ഒരാളെ വേറെ കണ്ടിട്ടില്ല. സാങ്കേതികമായി അദ്ദേഹം എന്റെ അദ്ധ്യാപകനല്ലെങ്കിലും ശരിയായ അര്‍ത്ഥത്തില്‍ സാര്‍ എന്റെ ഗുരുനാഥന്‍ തന്നെയാണ്. അദ്ദേഹവുമായുള്ള അടുപ്പം ഇന്നും സുദൃഢമായി തുടരുന്നു. അദ്ദേഹം തമാശയായി രേഖപ്പെടുത്തുന്ന കണ്ടെത്തലുകള്‍ ശരിയാണെന്ന് ഇസ്ലാമിനെ വിശാലമായ മാനവിക കാഴ്ചപ്പാടില്‍ വായിക്കുമ്പോള്‍ തോന്നാറുണ്ട്. 

പ്രൊഫ. ഓമാനൂർ മുഹമ്മദ്

സ്വയം വിമര്‍ശനം അനിവാര്യം

കാലോചിതമായി ഇസ്ലാമിനെ കാര്യകാരണസഹിതം വ്യാഖ്യാനിക്കുന്നതില്‍ പണ്ഡിതര്‍ക്കു പറ്റിയ പിശകാണ് മുസ്ലിം സമൂഹം വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുന്നതിലേക്ക് നയിച്ച കാരണങ്ങളില്‍ ഒന്ന്. സ്വന്തം മതത്തെ പുകഴ്ത്താന്‍ സഹോദര മതങ്ങളെ ഇകഴ്ത്തല്‍ ചില ഇസ്ലാമിക പ്രഭാഷകരുടെ ഇഷ്ടവിനോദമാണ്. ഇസ്ലാം എന്തെന്നുപോലും അറിയാത്ത ഇതര മതസ്ഥരെ 'കാഫിര്‍' (സത്യം പകല്‍ വെളിച്ചം പോലെ  ബോദ്ധ്യമായിട്ടും നിഷേധിക്കുന്നവന്‍) ആക്കാനും അവര്‍ മത്സരിക്കുന്നു. അന്യമതക്കാരെ മുഴുവന്‍ കണ്ണുംചിമ്മി നരകക്കുണ്ടില്‍ തള്ളാനും ഇക്കൂട്ടര്‍ക്ക് അശേഷം മടിയില്ല. സ്വന്തം കുറ്റങ്ങളെക്കുറിച്ചും കുറവുകളെക്കുറിച്ചും ലവലേശം ആലോചിക്കാതെ അപരന്റെ പോരായ്മകള്‍ ഭൂതക്കണ്ണാടി വെച്ച് വിശകലനം ചെയ്യുന്നതില്‍ ആത്മ സംതൃപ്തി അടയുന്നവരാണ് ഭൂരിഭാഗം മതപ്രസംഗകരും. അതിന്റെ ഒരു നേര്‍ക്കാഴ്ചയാണ് കോളേജില്‍ നടന്ന 'ഗ്ലാസ്നോസ്ത് പെരിസ്ട്രോയിക്ക' സംവാദമെന്നാണ് വസ്തുതകള്‍ ശരിയാംവണ്ണം ഗ്രഹിച്ചപ്പോള്‍ വര്‍ഷങ്ങള്‍ക്കുശേഷം ബോദ്ധ്യമായത്. പ്രൊഫസര്‍ ഓമാനൂര്‍ മുഹമ്മദ് സാറിന്റെ സ്വയം വിമര്‍ശനം കേട്ടപ്പോള്‍ ആദ്യം അമര്‍ഷമാണ് തോന്നിയത്. അസ്ഗര്‍ അലി എന്‍ജിനീയറുടെ പുസ്തകങ്ങള്‍ പില്‍ക്കാലത്ത് വായിച്ചപ്പോള്‍ അതിന്റെ പ്രസക്തി മനസ്സിലായി. ഒഴുക്കു നിലച്ച ജലാശയം പോലെ ദുര്‍ഗന്ധം വമിക്കുന്ന വെള്ളക്കെട്ടായി മുസ്ലിം സമൂഹം മാറാതിരിക്കാന്‍ വിമര്‍ശനങ്ങള്‍ അനിവാര്യമാണ്.

ഒരിക്കല്‍ ചേളാരിക്കടുത്ത് സംഘടിപ്പിക്കപ്പെട്ട ഒരു സെമിനാറില്‍ ഓമാനൂര്‍ സാര്‍ പങ്കെടുത്ത കഥ ആരോ പറഞ്ഞത് ഓര്‍മ്മയിലുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയിലെ അസിസ്റ്റന്റ് രജിസ്ട്രാറായി വിരമിച്ച കോണ്‍ഗ്രസ് നേതാവ് വേദവ്യാസനും സെമിനാറില്‍ ഉണ്ടായിരുന്നത്രെ. ആദ്യം പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ടത് വേദവ്യാസനാണ്. സൗന്ദര്യാത്മകമായി അദ്ദേഹം കോണ്‍ഗ്രസ് പക്ഷത്തുനിന്ന് വിഷയത്തെ അധികരിച്ച് സംസാരിച്ചു. പ്രസംഗം കേട്ട് പ്രൊഫസറിലെ വിമതഭാവം ഉണര്‍ന്നു. തന്റെ ഊഴം ലഭിച്ചപ്പോള്‍ അദ്ദേഹം തുടങ്ങിയതുതന്നെ ''എന്റെ അയല്‍നാട്ടുകാരനും സുഹൃത്തുമായ വേദവ്യാസന്റെ ന്യായീകരണങ്ങള്‍ ഇക്കണക്കിനു പോയാല്‍ അധികം വൈകാതെ 'വ്യാജവാസന്‍' എന്ന് അദ്ദേഹത്തെ വിളിക്കേണ്ടിവരും.'' ഇതുകേട്ട് സ്റ്റേജിലുണ്ടായിരുന്ന വേദവ്യാസന്‍ കുലുങ്ങിച്ചിരിച്ചു. പ്രവചനങ്ങള്‍ക്കപ്പുറമായിരുന്നു ഓമാനൂര്‍ മുഹമ്മദ് സാറിന്റെ പലപ്പോഴുമുള്ള പ്രതികരണങ്ങള്‍. മതരംഗത്തും രാഷ്ട്രീയരംഗത്തും ഒരു സംഘടനയുടേയും ചട്ടക്കൂട്ടില്‍ ഒതുങ്ങി ഉയര്‍ന്നുപോകാന്‍ കഴിയാതെ പോയത് അദ്ദേഹത്തിന്റെ വെട്ടിത്തുറന്ന അഭിപ്രായപ്രകടനങ്ങള്‍ കാരണമാണ്. സാറിനാകട്ടെ, യാതൊരു കുറ്റബോധവും ഇക്കാര്യത്തില്‍ തോന്നിയില്ല. നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഉപജീവനത്തിനുവേണ്ടി എഴുതുകയോ പ്രസംഗിക്കുകയോ ചെയ്തില്ല. സംഘടനകളുടെ അച്ചടക്ക ബാരോമീറ്ററിനെ അദ്ദേഹം കൂസാതെ മുന്നോട്ടുപോയത് അതുകൊണ്ടാണ്.

സുന്നി ആശയത്തോടൊപ്പം സഞ്ചരിച്ച അദ്ദേഹം മൂന്നു വര്‍ഷം മുക്കം മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക എയ്ഡഡ് കോളേജില്‍ പ്രിന്‍സിപ്പലായും സേവനം ചെയ്തു. ഡെപ്യൂട്ടേഷന്‍ കാലാവധി തീര്‍ന്നപ്പോള്‍ പി.എസ്.എം.ഒ കോളേജില്‍ തിരികെയെത്തി. 

ക്യാമ്പസിലെ പ്രതിഭാശാലിയായ അദ്ധ്യാപകരുടെ ഗണത്തില്‍ സ്മരിക്കേണ്ടയാളാണ് മലയാള വിഭാഗത്തിലെ പ്രൊഫസര്‍ ബഷീര്‍ മണിയംകുളം. തിരുവനന്തപുരം സ്വദേശി. ജീവിത പ്രയാസത്തില്‍ എരിപിരികൊണ്ട ബഷീര്‍ സാര്‍ തിരൂരങ്ങാടി എയ്ഡഡ് കോളേജില്‍ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ നിയമനം കിട്ടുമെന്ന പ്രതീക്ഷയേ ഉണ്ടായിരുന്നില്ല. കോഴ കൊടുക്കാന്‍ ഒരു കോഴിത്തൂവ്വല്‍ പോലും തന്റെ കയ്യില്‍ ഇല്ലായിരുന്നെന്നാണ് ആ നാളുകള്‍ ഓര്‍ത്തെടുത്തപ്പോള്‍ അദ്ദേഹം അനുസ്മരിച്ചത്. മണിയംകുളം സാറിന്റെ ക്ലാസ്സുകള്‍ ആസ്വാദ്യകരമായ അനുഭൂതിയായിരുന്നു. അദ്ദേഹത്തിന്റെ കവിതാ വ്യാഖ്യാനങ്ങള്‍ കേട്ടാല്‍ സാക്ഷാല്‍ കവിപോലും അങ്ങനെ വിചാരിച്ചിരിക്കുമോ എന്നു സംശയിക്കും. അറബി രണ്ടാം ഭാഷയായി എടുത്ത മലയാള പ്രേമികളായ കുട്ടികള്‍ ബഷീര്‍ സാറിന്റെ ക്ലാസ്സില്‍ നുഴഞ്ഞുകയറും. അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് നിറഞ്ഞുകവിയുക പതിവാണ്. പ്രീഡിഗ്രി ബോര്‍ഡ് രൂപീകരണത്തിനെതിരെ അദ്ധ്യാപകര്‍ നടത്തിയ സമരകാലത്താണ് കോളേജിന്റെ മുന്നില്‍വെച്ച് ഞങ്ങള്‍ മണിയംകുളം സാറിന്റെ പ്രസംഗം കേട്ടത്. കുട്ടികള്‍ കാതുകൂര്‍പ്പിച്ച് കേട്ട അപൂര്‍വ്വം പ്രസംഗങ്ങളില്‍ ഒന്ന്. വായനയും എഴുത്തും പ്രഭാഷണവും അദ്ദേഹം നിരന്തരം നടത്തി. ലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ ലീഗിനൊപ്പം നിലയുറപ്പിച്ചു. അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ 'ലീഗ്ടൈംസ്' പത്രത്തില്‍ സ്ഥിരപംക്തികള്‍ കൈകാര്യം ചെയ്തു. ചന്ദ്രിക ആഴ്ചപ്പതിപ്പിലും തുടര്‍ച്ചയായി എഴുതി. 

ഒരു സമരദിവസം ക്ലാസ്സ് വിടാത്തതുമായി ബന്ധപ്പെട്ട് അദ്ദേഹവുമായി ചെറുതായി ഒന്ന് ഉരസി. അതിനുശേഷം കുറേക്കാലം മിണ്ടാതെ നടന്നു. പിന്നീടെപ്പോഴോ അദ്ദേഹത്തിന്റെ എതിര്‍പ്പ് നീങ്ങി. സ്നേഹത്തിന്റെ പാലം വീണ്ടുമിട്ടു. എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട് വന്നശേഷം തിരുവനന്തപുരത്ത് വെച്ച് ആഴ്ചയില്‍ ഒരിക്കലെങ്കിലും കണ്ടു. സാറിന്റെ മകന്‍ റിയാസ് രാജക്ക് എസ്.ഐ സെലക്ഷന്‍ കിട്ടി. ഞാനെഴുതിയ പുസ്തകങ്ങള്‍ സൂക്ഷ്മവായനയ്ക്ക് ഏല്പിച്ചത് അദ്ദേഹത്തെയാണ്. സമയബന്ധിതമായി നോക്കി തിരിച്ചേല്പിച്ചു. ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടെ സജീവ അംഗമായിരുന്നു ബഷീര്‍ സാര്‍. മകള്‍ക്ക് പുതുതായി നിര്‍മ്മിക്കുന്ന വീട്ടില്‍ എന്തോ ജോലിയില്‍ വ്യാപൃതനായിരിക്കെ കുഴഞ്ഞുവീണ അദ്ദേഹത്തിന്റെ അന്ത്യം അപ്രതീക്ഷിതമായാണ് സംഭവിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. നൊമ്പരപ്പെടുത്തിയ ഒരു വേര്‍പാട്. റിയാസ് രാജയെ വല്ലാതെ ഉലച്ചു ഉപ്പയുടെ മരണം. കുറച്ച് ലീവെടുത്ത് വീട്ടില്‍ ഇരുന്നു. വൈകാതെ സര്‍വ്വീസില്‍ പുന:പ്രവേശിച്ചു. സി. ഐയ്യായി റിയാസിനു സ്ഥാനക്കയറ്റം കിട്ടി.
 
ഹിസ്റ്ററിയും എക്കണോമിക്സും കഴിഞ്ഞാല്‍ അടുത്ത ബന്ധം പുലര്‍ത്തിയ ഡിപ്പാര്‍ട്ട്മെന്റാണ് മലയാളം. എഴുത്തും വായനയും അല്പസ്വല്പം ഉള്ളതിനാല്‍ വായിച്ച പുസ്തകങ്ങളെക്കുറിച്ച് അധികമറിയാന്‍ ആശ്രയിക്കാറ് ബഷീര്‍ സാറേയും അലവിക്കുട്ടി സാറേയും ബീബാത്തു ടീച്ചറേയുമാണ്. അലവിക്കുട്ടി സാര്‍ ഇടതുപക്ഷ സഹയാത്രികനാണ്. മലയാള സാഹിത്യത്തില്‍ നല്ല ജ്ഞാനമുണ്ട്. വിദ്യാര്‍ത്ഥി സൗഹൃദ സമീപനം സ്വീകരിക്കുന്ന അദ്ധ്യാപകരില്‍ ഒരാള്‍. ഇപ്പോഴും സംശയങ്ങള്‍ ചോദിക്കാന്‍ വിളിക്കാറുണ്ട്. ബീബാത്തു ടീച്ചര്‍ ചരിത്രാദ്ധ്യാപകന്‍ പ്രൊഫസര്‍ അബ്ദുല്‍ അലി സാറിന്റെ ഭാര്യയാണ്. ഇരുവരും പ്രേമിച്ച് വിവാഹം കഴിച്ചതാണെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തി. എന്നാല്‍, അതവരുടെ തോന്നലാണെന്ന് അബ്ദുല്‍ അലി സാര്‍ കട്ടായം പറഞ്ഞു. എം.എ റാങ്ക് ഹോള്‍ഡറാണ് ബീബാത്തു ടീച്ചര്‍. എം.ഇ.എസ് കോളേജില്‍ അദ്ധ്യാപക നിയമനത്തിന് ടീച്ചറോട് തലവരി ആവശ്യപ്പെട്ടത് അക്കാലത്ത് വലിയ കോലാഹലത്തിന് ഇടവെച്ചു. മുസ്ലിം പെണ്‍കുട്ടികള്‍ റാങ്ക് നേടുന്നത് പോയിട്ട് കോളേജില്‍ പഠിക്കുന്നതുപോലും അത്യപൂര്‍വ്വമാണ്. അങ്ങനെയിരിക്കെയാണ് കോഴ വിവാദം കൊടുമ്പിരി കൊണ്ടത്. ബീബാത്തു ടീച്ചര്‍ മുന്‍ സ്പീക്കറും മുസ്ലിംലീഗിന്റെ സ്ഥാപകരില്‍ ഒരാളും ധിഷണാശാലിയുമായ കെ.എം. സീതി സാഹിബിന്റെ അടുത്ത ബന്ധുവുമാണ്. ലീഗും എം.ഇ.എസും പോരടിച്ചുനില്‍ക്കുന്ന സമയമായതിനാല്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കൊഴുത്തു. വിവരമറിഞ്ഞ എം.കെ. ഹാജി ബീബാത്തു ടീച്ചറെ ആളെ അയച്ചു വരുത്തി. അവരുടെ ജീവിത ചുറ്റുപാടുകള്‍ മനസ്സിലാക്കിയ അദ്ദേഹം പി.എസ്.എം.ഒയില്‍ മലയാളം അദ്ധ്യാപികയായി ഉടനെതന്നെ നിയമിച്ചു. വിദ്യാര്‍ത്ഥിയായിരിക്കെ പലപ്പോഴും അലി സാറുമൊത്ത് വീട്ടില്‍ പോയപ്പോള്‍ ഇല്ലാത്ത സമയം ഉണ്ടാക്കി ടീച്ചര്‍ ഭക്ഷണം പാകംചെയ്തു തരും. അവരുടെ ഒരു മകള്‍ ബ്ലഡ് കാന്‍സറായി മരണപ്പെട്ടു. സാറും ടീച്ചറും കിട്ടാവുന്ന എല്ലാ ചികിത്സയും മോള്‍ക്കു നല്‍കി. ദെന്തല്‍ ഡോക്ടറായിരുന്നു. കുറച്ചുകാലം ഖത്തറില്‍ ഭര്‍ത്താവിനോടൊപ്പം ജോലി ചെയ്തു. അവര്‍ക്ക് രണ്ട് കുട്ടികള്‍ പിറന്നു. മകളുടെ മരണശേഷം അധികം വൈകാതെ അബ്ദുല്‍ അലി സാറും ബീബാത്തു ടീച്ചറും മുന്‍കയ്യെടുത്ത് മരുമകനെ കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ചു. ചെറിയ ക്ലാസ്സില്‍ പഠിച്ചിരുന്ന മക്കളെ മരുമകന്റെ ഭാര്യ നന്നായി ശ്രദ്ധിച്ചു. ഇപ്പോള്‍ രണ്ടുപേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളാണ്. മൂന്ന് മക്കളില്‍ ഒരാളുടെ അകാലത്തിലെ മരണം സാറിനേയും ടീച്ചറേയും വല്ലാതെ തളര്‍ത്തി. ആ വിഷമസന്ധിയെ അവര്‍ മറികടന്നത് മകളുടെ മക്കളെ നന്നായി പഠിപ്പിക്കാന്‍ സര്‍വ്വ പിന്തുണയും നല്‍കിയാണ്. ആഗ്രഹം സാര്‍ത്ഥമായ കൃതാര്‍ത്ഥതയില്‍ ഇരുവരും രോഗങ്ങളോട് മല്ലിട്ട് സസന്തോഷം പ്രഭാതങ്ങളെ വരവേറ്റ് ഫറോക്കിലെ വീട്ടില്‍ കഴിയുന്നു. സുഖവിവരങ്ങള്‍ തേടി ഞാനടക്കമുള്ള പഴയ ശിഷ്യര്‍ പതിവായി അവിടെയെത്താറുണ്ട്. ഓര്‍മ്മിക്കപ്പെടാന്‍ തക്ക അദ്ധ്യാപകനായി വിദ്യാര്‍ത്ഥികളുടെ ഇടനെഞ്ചില്‍ കയറിക്കൂടാന്‍ അബ്ദുല്‍ അലി സാറിന് സാധിച്ചതാണ് അദ്ദേഹത്തിന്റെ ജീവിത വിജയം.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

രാഷ്ട്രീയ ജീവിതത്തിലെ സ്‌നേഹത്തണലുകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ