രാഷ്ട്രീയ ജീവിതത്തിലെ സ്‌നേഹത്തണലുകള്‍

സിമിയോട് സലാം പറഞ്ഞ് നില്‍ക്കവെ ഞാന്‍ എം.എസ്.എഫില്‍ വരണമെന്ന് ആഗ്രഹിച്ച ഒരുപാടു പേര്‍ കോളേജില്‍ ഉണ്ടായിരുന്നു. മറിച്ചുള്ള അഭിപ്രായക്കാരും വിരളമായിരുന്നില്ല
രാഷ്ട്രീയ ജീവിതത്തിലെ സ്‌നേഹത്തണലുകള്‍

ല്ലാ വിദ്യാര്‍ത്ഥി സംഘടനകളേയും പി.എസ്.എം.ഒ കാമ്പസില്‍ നയിച്ചത് മികച്ച  നേതാക്കളാണ്. അവരില്‍ പലരോടും പല സന്ദര്‍ഭങ്ങളില്‍ കൊമ്പ് കോര്‍ത്തു. പക്ഷേ, സൗഹൃദത്തിന് ഒരു കോട്ടവും തട്ടിയില്ല. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എന്നെ തോല്‍പ്പിച്ച സലാമുമായും ഹഖുമായും ഇപ്പോഴും സൗഹൃദം നിലനിര്‍ത്തുന്നു. തിരൂരങ്ങാടി ഓറിയന്റല്‍ സ്‌കൂളില്‍ ഈ അടുത്ത് ഒരു ചടങ്ങില്‍ സംബന്ധിക്കാന്‍ പോയപ്പോള്‍ സ്‌കൂള്‍ മാനേജര്‍ എം.കെ. ബാവയുടെ വീട്ടിലാണ് ഭക്ഷണം ഒരുക്കിയിരുന്നത്. ഹഖിന്റെ അമ്മാമനാണ് ബാവക്ക. ഭക്ഷണത്തിന് ഹഖും കൂടെച്ചേര്‍ന്നു. അസൂയ ഏശാത്ത അവന്റെ സ്വഭാവം പണ്ടേ എന്നെ ആകര്‍ഷിച്ചതാണ്. സലാമിന് എന്നോട് എന്തോ ചതുര്‍ത്ഥി ഉള്ളതായാണ് തോന്നിയത്. പഴയ സതീര്‍ത്ഥ്യരെ തേടിപ്പിടിച്ച് ചങ്ങാത്തം ഊട്ടിയുറപ്പിക്കാന്‍ പരമാവധി നോക്കാറുണ്ട്. 

സിമിയോട് സലാം പറഞ്ഞ് നില്‍ക്കവെ ഞാന്‍ എം.എസ്.എഫില്‍ വരണമെന്ന് ആഗ്രഹിച്ച ഒരുപാടു പേര്‍ കോളേജില്‍ ഉണ്ടായിരുന്നു. മറിച്ചുള്ള അഭിപ്രായക്കാരും വിരളമായിരുന്നില്ല. എന്‍. ഷംസുദ്ദീന്‍ സമദൂരം എന്നും പാലിച്ച സുഹൃത്താണ്. പലപ്പോഴും ക്ലാസ്സ് റൂമുകളില്‍ ഞങ്ങള്‍ വാക്കുകള്‍കൊണ്ട് ഏറ്റുമുട്ടിയിട്ടുണ്ട്. നിയമസഭയില്‍ പരസ്പരം ഇടപെടലുകള്‍ നടത്തുമ്പോള്‍ പി.എസ്.എം.ഒയിലെ പഴയകാലം മനസ്സില്‍ ഓടിയെത്തും. ഓരോരുത്തര്‍ക്കും ഓരോ സഹജത ഉണ്ടാവുക സ്വാഭാവികം. വളരെ അടുത്ത സൗഹൃദം ആരുമായും നിലനിര്‍ത്താന്‍ ഷംസുവിന് താല്പര്യമില്ലാത്തപോലെയാണ് അനുഭവപ്പെട്ടത്. എന്നാല്‍, അടുപ്പത്തിന്റെ ചരട് ഏത് പ്രതികൂല സാഹചര്യത്തിലും മുറിച്ച് കളയാനും അദ്ദേഹം തുനിയാറില്ല. പഠനത്തില്‍ ഷംസു ശ്രദ്ധിച്ചു. എംകോമും എല്‍.എല്‍.ബിയും എടുക്കാനായത് അതുകൊണ്ടാണ്. 

കോളേജിലെ എണ്ണം പറഞ്ഞ പ്രസംഗകരില്‍ ഒരാളായിരുന്നു കെ.എസ്.യുവിന്റെ ഷാഹുല്‍ ഹമീദ്. കൊണ്ടോട്ടി സ്വദേശിയായ അദ്ദേഹം പിന്നീട് വക്കീലായി. ഷാഹുല്‍ കോണ്‍ഗ്രസ് വിട്ട് ലീഗിലെത്തിയ വിവരം സുഹൃത്തുക്കളാരോ പറഞ്ഞാണ് മനസ്സിലാക്കിയത്. സാധാരണഗതിയില്‍ മറ്റു പാര്‍ട്ടികളില്‍നിന്ന് ലീഗിലെത്തി രക്ഷപ്പെടാന്‍ പ്രയാസമാണ്. 'വന്ന്കൂടിയവര്‍' എന്ന മുദ്ര ഡമോക്ലസ്സിന്റെ വാള്‌പോലെ അവരുടെ തലക്കു മുകളില്‍ എന്നും തൂങ്ങിക്കിടക്കും. അതിനപവാദമായി കണ്ടത് മഞ്ഞളാംകുഴി അലിയെയാണ്. ലീഗില്‍ പിടിച്ച് കയറാന്‍ നല്ല പ്രസംഗ വൈഭവമോ നേതൃ സിദ്ധിയോ അതല്ലെങ്കില്‍ പണമോ പ്രതാപമോ നിര്‍ബ്ബന്ധമാണ്. ഇത് രണ്ടും വേണ്ടത്ര ഇല്ലാത്തവര്‍ ഹരിതഭൂമിയില്‍ 'പച്ചപിടിക്കാന്‍' പ്രയാസപ്പെടും. കൊരമ്പയില്‍ അഹമ്മദാജി മുസ്ലിംലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിട്ടും മരിക്കുന്നതുവരെ പഴയ കോണ്‍ഗ്രസ്സുകാരന്‍ എന്ന 'കറ' മാഞ്ഞില്ല. കെ.എന്‍.എ ഖാദറിന് കഴിവിനനുസരിച്ച് പരിഗണന കിട്ടാതെ പോയതായി പലരും അടക്കം പറയുന്നത് കേട്ടിട്ടുണ്ട്. പഴയ സി.പി.ഐക്കാരന്‍ എന്ന മേല്‍ച്ചാര്‍ത്താണ് അദ്ദേഹത്തിന് വിനയായത്. 2011-ല്‍ അബ്ദുസമദ് സമദാനി നിയമസഭയിലേക്ക്  മത്സരിച്ചത് മന്ത്രിയാകും എന്ന പ്രതീക്ഷയിലാണ്. പക്ഷേ, അതുണ്ടായില്ല. പഴയ സിമിക്കാരന്‍ എന്ന ചാപ്പയാണ് വില്ലനായത്. കാലങ്ങളായി തറവാട്ടിലുള്ളവരും വന്നേരികളും (ഇതര പാര്‍ട്ടികളില്‍നിന്ന് വന്നുചേര്‍ന്നവര്‍) എന്ന വേര്‍തിരിവ് ലീഗില്‍ പ്രകടമാണ്. യൂണിയന്‍ ലീഗും അഖിലേന്ത്യാ ലീഗും യോജിച്ചു. നേതൃപദവികള്‍ പങ്കിടാമെന്നായിരുന്നു ലയന ധാരണ. ഏതാനും വര്‍ഷങ്ങള്‍ അത് പാലിക്കപ്പെട്ടു. തൊട്ടുടനെ മെമ്പര്‍ഷിപ്പടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ നിലവില്‍ വന്നതോടെ 'പഴയ വിമതന്‍മാര്‍' പുറത്തായി. ലീഗ് ലയിച്ചതിനു ശേഷം രക്ഷപ്പെട്ടത് ഇ.ടി. മുഹമ്മദ് ബഷീര്‍ സാഹിബ് മാത്രമാണ്. ഇന്ത്യന്‍ നാഷണല്‍ ലീഗിലെ ഒരു വിഭാഗം മുസ്ലിം ലീഗിലേക്ക് കൂടുമാറി. കാസര്‍ഗോഡ് എം.എല്‍.എ എന്‍.എ. നെല്ലിക്കുന്നേ അക്കൂട്ടത്തില്‍ പിടിച്ച് നിന്നുള്ളൂ. പി.എം.എ. സലാം ഇപ്പോഴും മുസ്ലിംലീഗിന്റെ ആക്റ്റിംഗ് സെക്രട്ടറിയായി തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല. 

എംകെ ബാവ
എംകെ ബാവ

ഷാഹുലിന്റെ ലീഗിലേക്കുള്ള മാറ്റം ഇരുകൂട്ടര്‍ക്കും ഗുണം ചെയ്തില്ലെന്നാണ് തോന്നിയത്. കഴിവിനനുസരിച്ച് കോണ്‍ഗ്രസ്സിലും ലീഗിലും വേണ്ടവിധം അദ്ദേഹം ഗൗനിക്കപ്പെട്ടോ എന്ന് സംശയം. എസ്.എഫ്.ഐയുടെ മാത്യു സിറിയക് നന്നായി വായിക്കുന്ന കൂട്ടത്തിലാണ്. കുട്ടികളെ പിടിച്ചിരുത്തിയ പ്രസംഗകനുമാണ് മാത്യു. സൗമ്യനും ശാന്തശീലനും. അതുകൊണ്ടാണ് മാത്യു സിറിയക് എം.എസ്.എഫിന്റെ കോട്ടയായ പി.എസ്.എം.ഒയില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായത്. എം.എസ്.സി കഴിഞ്ഞ് വൈകാതെ റെയില്‍വെയില്‍ അദ്ദേഹത്തിന് ജോലി കിട്ടി. ഇപ്പോള്‍ ഇടതുപക്ഷ തൊഴിലാളി യൂണിയന്റെ നേതാവാണ്. 

പ്രണയത്തിന്റെ തംബുരു

ജീവിതത്തില്‍ മനസ്സ് കൊണ്ടെങ്കിലും പ്രണയിക്കാത്ത മനുഷ്യരുണ്ടാവില്ല. ഓരോ ക്ലാസ്സുകളിലും ചെറുപ്പത്തിന്റെ ആവേശത്തില്‍ ഓടിച്ചാടി പ്രസംഗിച്ച് കടന്നുപോയപ്പോള്‍ നന്നായി കയ്യടിച്ച് പ്രോത്സാഹിപ്പിച്ച പ്രീഡിഗ്രി തേഡ് ഗ്രൂപ്പിലെ ഒരു കുട്ടിയുടെ മുഖം കണ്ണിലെവിടെയോ ഉടക്കിനിന്നു. അവളുടെ കുലീനമായ പെരുമാറ്റവും അഴകാര്‍ന്ന ചിരിയും മനസ്സില്‍ പ്രണയത്തിന്റെ തംബുരുമീട്ടി. പളപളാ മിന്നുന്ന പാവാടയിട്ട് കൂട്ടുകാരികളുമൊത്ത് വരാന്തയിലൂടെ അവള്‍ നടന്ന് പോയപ്പോള്‍ ആരും കാണാതെ നോക്കിനിന്നു. അവള്‍ക്കെന്നോട് ആരാധനയാണോ പ്രണയമാണോ എന്നറിയാന്‍ മനസ്സ് വെമ്പി. മാന്യതയുടെ അതിരുവിട്ട് ലവലേശം മുന്നോട്ടു ചലിക്കാന്‍ വിദ്യാര്‍ത്ഥി നേതാവെന്ന പരിവേഷം അനുവദിച്ചില്ല. ആലോചനകള്‍ക്കൊടുവില്‍ ഒരു വഴി കണ്ടെത്തി. അവളുടേയും എന്റെയും സുഹൃത്തായ മാളുവിനെ സമീപിച്ച് മടിച്ചാണെങ്കിലും കാര്യം പറഞ്ഞു. കേട്ടപാടെ മാളു പൊട്ടിച്ചിരിച്ചു. 'ഭീരുക്കള്‍'ക്ക് പറഞ്ഞിട്ടുള്ളതല്ല പ്രേമമെന്ന് കളിയാക്കി. ബഷീറിന്റെ 'ബാല്യകാലസഖി' ഞാന്‍ തന്നതാണെന്ന് പറഞ്ഞ് അവള്‍ക്ക് കൊടുക്കാന്‍ മാളു സമ്മതിച്ചു. പിന്നെ 'ബാല്യകാലസഖി' തേടിയുള്ള പരക്കം പാച്ചിലായിരുന്നു. തിരൂരില്‍ പല പുസ്തകശാലകളും കയറിയിറങ്ങി. കിട്ടിയില്ല. അവസാനം പുസ്തകം വാങ്ങാന്‍ വേണ്ടി മാത്രം കോഴിക്കോട്ടേക്ക് ബസ് കയറി. പുസ്തകം ഒരുവിധം ഒപ്പിച്ചു. മജീദും സുഹറയും എന്നെഴുതിയ പുസ്തകത്തിലെ ഒന്നോ രണ്ടോ സ്ഥലത്ത് ചുവന്ന മഷികൊണ്ട് അടിയില്‍ വരച്ചു. സൂക്ഷ്മവായനയില്‍ മാത്രം കാണാവുന്ന രൂപത്തില്‍. പ്രണയം പിടിച്ചു വാങ്ങേണ്ടതല്ലെന്ന് എവിടെയൊക്കെയോ വായിച്ചതോര്‍ത്തു. മാളുവിനെ ഒറ്റയ്ക്ക് വിളിച്ച് പുസ്തകമേല്പിച്ചു. പിന്നീടുള്ള ദിവസങ്ങളില്‍ തേഡ് എ ക്ലാസ്സിന്റെ മുന്നിലൂടെയുള്ള നടത്തം പതിവായി. സാധാരണ പോലെ അവള്‍ ചിരിച്ചു. 'ബാല്യകാലസഖി' കിട്ടിയ ലക്ഷണമൊന്നും കാട്ടിയില്ല. നിരാശ കലര്‍ന്ന ദിവസങ്ങള്‍ കടന്നുപോയി. വരാന്തയിലൂടെ പ്രണയ പ്രതികരണമറിയാനുള്ള നടത്തം പതിയെ നിന്നു. പ്രകടിപ്പിക്കപ്പെടാത്ത പ്രണയസൗന്ദര്യമോര്‍ത്ത് ഊറിച്ചിരിച്ചു. നല്ല സുഹൃത്തുക്കളായി ഞങ്ങള്‍ പിരിഞ്ഞു. പ്രണയത്തിന് വിശുദ്ധിയുടെ പരിമളമുണ്ടാകണമെന്ന് സൗദാബാദ് എന്നെ പഠിപ്പിച്ചിരുന്നു. മറവിയുടെ കയത്തില്‍ പ്രണയ കഥ ചാരമായി ഒടുങ്ങി. സമയ സൂചി നില്‍ക്കാതെ പാഞ്ഞുകൊണ്ടേയിരുന്നു. മാസങ്ങളും വര്‍ഷങ്ങളും ശരീരത്തില്‍ രൂപഭേദങ്ങള്‍ വരുത്തി കടന്നുപോയി. 

കൃത്യം ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. അന്നേ ദിവസം മറ്റു പരിപാടികളൊന്നും ഏറ്റില്ല. അഞ്ചുവര്‍ഷം ഞാന്‍ പഠിക്കുകയും പന്ത്രണ്ടര വര്‍ഷം പഠിപ്പിക്കുകയും ചെയ്ത കോളേജില്‍ മുഴുസമയം ചെലവിടാന്‍ തീരുമാനിച്ചു. എങ്ങും എവിടെയും പരിചിത മുഖങ്ങള്‍. പഴയ സുഹൃത്തുക്കളും വിദ്യാര്‍ത്ഥികളും സ്നേഹംകൊണ്ട് വീര്‍പ്പുമുട്ടിച്ചു. എന്റെ കണ്ണുകള്‍ തേടിയ ഒരാളെ മാത്രം കണ്ടില്ല. മുഖത്ത് ചിരി മങ്ങിത്തുടങ്ങി. ഉത്സാഹം തണുത്തു. ഊര്‍ജ്ജസ്വലത ക്രമേണ അപ്രത്യക്ഷമായി. നിശ്ചയിച്ചതിലും നേരത്തെ കാമ്പസ് വിടാന്‍ മനസ്സ് മന്ത്രിച്ചു. നിനച്ചിരുന്നിട്ടും കണ്ണില്‍ പതിയാതെ പോയ മുഖം ഉച്ചയോടെ കാഴ്ചപ്പുറത്തെത്തി. പഠനകാലത്തെന്നപോലെ അവള്‍ക്ക് ചുറ്റും കൂട്ടുകാരികള്‍ വലയം തീര്‍ത്തിരുന്നു. പറയപ്പെടാതെ പോയ പ്രണയം അവളും കൂട്ടുകാരികള്‍ എവിടെനിന്നോ വായിച്ചെടുത്തപോലെ തോന്നി. ഗൗരവവും ഗമയും വിടാതെ ഞാന്‍ സമയം തള്ളിനീക്കി. അന്വേഷണങ്ങളും പൊട്ടിച്ചിരികളും കൊണ്ട് അവിടം മുഖരിതമായി. യാത്ര പറഞ്ഞ് പിരിയുമ്പോള്‍ അല്പം ചമ്മലോടെ അവളെന്നോട് മൊബൈല്‍ നമ്പര്‍ ചോദിച്ചു. ഞാന്‍ പറഞ്ഞ നമ്പര്‍ ധൃതിയില്‍ മൊബൈലില്‍ ഫീഡ് ചെയ്യുമ്പോള്‍ അവളുടെ കൈകള്‍ വിറച്ചിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. കാമ്പസ് വിടുമ്പോള്‍ അവള്‍ വിളിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. പ്രതീക്ഷിച്ചപോലെ അന്ന് രാത്രി എട്ടുമണിയായപ്പോള്‍ ഫോണ്‍ വന്നു. വാക്കുകളിലെ തറവാടിത്തത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ഒരു നല്ല സുഹൃത്തിന്റെ പിറവിയാണ് ആ ഫോണ്‍ കോളിലൂടെ ഉണ്ടായത്. ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ മാളു വശം കൊടുത്തയച്ച 'ബാല്യകാലസഖി'യെക്കുറിച്ച് ഞാന്‍ ചോദിച്ചു. അവളാ സത്യം വെളിപ്പെടുത്തിയപ്പോള്‍ ശരിക്കും ഞെട്ടി. മാളു അങ്ങനെയൊരു വിവരമേ അവളോട് പറഞ്ഞിട്ടില്ല. പുസ്തകം കൊടുത്തിട്ടുമില്ല. പിന്നെ അതിനെ ചുറ്റിപ്പറ്റിയുള്ള വര്‍ത്തമാനം പൊടിപൊടിച്ചു.

ഷാഹുൽ ഹമീദ്
ഷാഹുൽ ഹമീദ്

ഞാന്‍ കഷ്ടപ്പെട്ട് വാങ്ങിയ പുസ്തകം മാളു എന്തേ അവള്‍ക്ക് കൊടുക്കാതിരുന്നത്? എന്റെ പ്രണയ വെളിപ്പെടുത്തല്‍ മാളുവിന് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ലേ? കാര്യങ്ങള്‍ നേരില്‍ ചോദിക്കാന്‍ അവളെ എപ്പോഴാണ് നേരില്‍ കാണുക? മണ്ണോട് ചേരുന്നതിനു മുന്‍പ് മാളുവിനോട് ഇവയുടെ ഉത്തരം ചോദിക്കാനാകുമോ? കുറേ ദിവസം ഈ ചോദ്യങ്ങളായിരുന്നു  മനസ്സിനെ അലട്ടിയത്.

ലീഗിലേക്കുള്ള ക്ഷണം

ഒരു വെള്ളിയാഴ്ച. ക്ലാസ്സ് കഴിഞ്ഞ് ജുമുഅ നമസ്‌കാരത്തിന് കാമ്പസ് പള്ളിയിലെത്തി. ഐദീദ് തങ്ങളുടെ പഠനാര്‍ഹമായ ഖുതുബ(പ്രസംഗം). നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങാന്‍ നോക്കവെ യതീംഖാനയിലെ ജീവനക്കാരന്‍ വന്ന് ചെവിയില്‍ പറഞ്ഞു: ''ഹാജ്യേര് കാണണം എന്ന് പറഞ്ഞ്ട്ട് ണ്ട്.'' ഞാന്‍ പള്ളിയുടെ പ്രധാന കവാടത്തില്‍ കാത്തുനിന്നു. കുഞ്ഞാതു ഹാജി വന്ന് എന്റെ കൈ പിടിച്ച് കാറിനടുത്തേക്ക് നടന്നു. ഹാജി വിശേഷങ്ങള്‍ ചോദിച്ചു. ചുരുങ്ങിയ വാക്കില്‍ ഞാന്‍ മറുപടി പറഞ്ഞു. ''നമുക്ക് ഭക്ഷണം കഴിച്ച് വരാം. കാറില്‍ കയറൂ.'' അദ്ദേഹം സ്നേഹത്തോടെ ക്ഷണിച്ചു. മറുത്തൊന്നും പറയാതെ കാറില്‍ കയറി. കുഞ്ഞാതു ഹാജിയുടെ വീടെത്തി. മകനോട് ചോറെടുത്ത് വെക്കാന്‍ പറഞ്ഞു. എന്നെ പൂമുഖത്തിരുത്തി. അദ്ദേഹം ചാരുകസേരയില്‍ ചാരിക്കിടന്നു. കുറച്ച് ദിവസം മുന്‍പ് വെന്നിയൂരില്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു യോഗം നടന്ന കാര്യവും അതില്‍ മതത്തിന്റെ അസ്തിത്വം നിഷേധിച്ച് ഒരാള്‍ പ്രസംഗിച്ചതുമെല്ലാം അദ്ദേഹം പറഞ്ഞു. ഞാനെല്ലാം മൂളിക്കേട്ടു.

ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും ലീഗിന്റെ ആവശ്യകതയും വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ ലീഗ് നേതൃനിരയില്‍ ഉണ്ടാകേണ്ടതിന്റെ പ്രാധാന്യവുമൊക്കെ  സൗമ്യമായി അദ്ദേഹം പറഞ്ഞു. എല്ലാം ഞാന്‍ സശ്രദ്ധം കേട്ടു. സിമി, ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളില്‍ പ്രവര്‍ത്തിച്ചാല്‍ നാടിനും സമൂഹത്തിനും സമുദായത്തിനും ഒന്നും ചെയ്യാനാവില്ലെന്നും ഹാജി ഓര്‍മ്മിപ്പിച്ചു. നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ ലീഗില്‍ വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതിര്‍ത്തൊന്നും ഞാന്‍ സംസാരിച്ചില്ല. മുന്‍ എം.എസ്.എഫുകാരന്‍ എന്ന നിലയില്‍ ലീഗിലേക്കുള്ള തിരിച്ചു പോക്കായിട്ടേ അദ്ദേഹത്തിന്റെ ക്ഷണത്തെ ഞാന്‍ കണ്ടുള്ളൂ. ലീഗില്‍ പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത  പോരുന്നതിന് മുന്‍പ് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഹാജിക്ക് പെരുത്ത് സന്തോഷായി. മറ്റൊരു കാര്യവും അദ്ദേഹം സൂചിപ്പിച്ചു. ശാസ്ത്ര സാഹിത്യപരിഷത്തുകാര്‍ക്ക് യുക്തിഭദ്രമായ ഒരു മറുപടി കൊടുക്കണം. അടുത്ത ആഴ്ച വെന്നിയൂരില്‍ ഒരു യോഗം അവിടെയുള്ള സാംസ്‌കാരിക കൂട്ടായ്മയുടെ പേരില്‍ സംഘടിപ്പിക്കാന്‍  മക്കളോട് പറഞ്ഞു. എന്നെ കോളേജില്‍ വിടാനും നിര്‍ദ്ദേശിച്ചു. സലാം ചൊല്ലി ഞാന്‍ യാത്ര പറഞ്ഞിറങ്ങി. ശാസ്ത്ര സാഹിത്യ പരിഷത്തുകാരുടെ വാദഗതികള്‍ ഒരു വലിയ കടലാസില്‍ കുറിച്ചെടുത്തത് കുഞ്ഞാതു ഹാജിയുടെ മകന്‍ എന്നെ ഏല്പിച്ചു. ഞാനതെല്ലാം വായിച്ചു. മറുപടി പറയാന്‍ പുസ്തകങ്ങള്‍ വായിക്കണമെന്ന് ഉറപ്പിച്ചു. പിറ്റേ ദിവസം ആവശ്യമായ പുസ്തകങ്ങള്‍ ലൈബ്രറിയില്‍ പോയി എടുത്തു. യോഗത്തില്‍ സംസാരിക്കാന്‍ നീണ്ട ഒരു കുറിപ്പ് തയ്യാറാക്കി. നിശ്ചിത ദിവസം വൈകുന്നേരം കോളേജ് കഴിഞ്ഞ് വെന്നിയൂരിലെത്തി. പ്രദോഷ പ്രാര്‍ത്ഥന കഴിഞ്ഞ് അല്പസമയം പിന്നിട്ടപ്പോഴേക്ക് അങ്ങാടിയില്‍ നല്ലൊരു ആള്‍ക്കൂട്ടം ഒത്തുകൂടി. പള്ളിയില്‍ നിന്നിറങ്ങുമ്പോള്‍ രണ്ട് കാരണവന്‍മാര്‍ പറയുന്നത് കേട്ടു: ''അങ്ങാടീല് കോളേജിലെ ഒരു കുട്ടി പ്രസംഗിക്ക്ണ്ണ്ടത്രെ''. കേട്ടപ്പോള്‍ ചിരി വന്നു. യോഗത്തില്‍ സ്വാഗതവും അദ്ധ്യക്ഷനും സംസാരിച്ചെന്ന് വരുത്തിത്തീര്‍ത്തു. സമയം മുഴുവന്‍ എനിക്ക് തന്നു. ഞാന്‍ ഏതാണ്ട് ഒന്നര മണിക്കൂറോളം പ്രസംഗിച്ചു. പരിഷത്തുകാര്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് എന്നാല്‍ കഴിയുംവിധം മറുപടി പറഞ്ഞു. പ്രസംഗം തീര്‍ന്നപ്പോള്‍ പലരും വന്ന് ഹസ്തദാനം ചെയ്തു. പ്രായമായവര്‍ പുറത്ത് തട്ടി അഭിനന്ദിച്ചു. സംഗതി ഏറ്റു എന്ന് മനസ്സിലായി. സിമി വിട്ട് ലീഗിലെത്തുന്നതിനു മുന്‍പ് എനിക്കു കിട്ടിയ ആദ്യ വേദിയായിരുന്നു അത്. 

ഇടി മുഹമ്മദ് ബഷീർ
ഇടി മുഹമ്മദ് ബഷീർ

ശിലാന്യാസത്തെ തുടര്‍ന്ന് ബാബരി മസ്ജിദ് പ്രശ്നം ചൂട് പിടിച്ച് വരുന്ന കാലം. ഡോ. ആര്‍.എസ്. ഷര്‍മ്മയും ഡോ. റൊമീലാ ഥാപ്പറും ഡോ. ഇര്‍ഫാന്‍ ഹബീബും ഡോ. കെ.എന്‍. പണിക്കരും ഉള്‍പ്പെടുന്ന ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍, ബാബരി മസ്ജിദ് - രാമജന്മ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് ചരിത്ര പ്രമാണങ്ങള്‍ ഉദ്ധരിച്ച്  ഒരു ലഘുലേഖ പ്രസിദ്ധീകരിച്ചു. അത് ഞാന്‍ നന്നായി വായിച്ചു മനസ്സിലാക്കി ബാബരി മസ്ജിദ് വിശദീകരണ യോഗങ്ങള്‍ക്ക് പല സ്ഥലങ്ങളിലുമുള്ള മഹല്ല് കമ്മിറ്റികള്‍ക്കു കീഴിലെ സാംസ്‌കാരിക സംഘടനകള്‍ മുന്നോട്ടു വന്നു. പല സ്ഥലത്തേക്കും പ്രസംഗിക്കാന്‍ ഞാന്‍ ക്ഷണിക്കപ്പെട്ടു. കഴിയുന്നിടത്തെല്ലാം പോയി. ചരിത്ര വസ്തുതകള്‍ നിരത്തി സംഘ്പരിവാര്‍ വാദത്തെ ഖണ്ഡിച്ചു. ബാബരി മസ്ജിദ് ഒരു തുടക്കമാണെന്നും അത് കൈക്കലാക്കി കഴിഞ്ഞാല്‍ മറ്റു ചിരപുരാതന മസ്ജിദുകള്‍ക്കു മേല്‍ വര്‍ഗ്ഗീയവാദികള്‍ അവകാശവാദമുന്നയിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. പുരാതന ചരിത്ര സ്മാരകങ്ങള്‍ ഒരു ജനതയുടെ സാംസ്‌കാരിക അസ്തിത്വത്തിന്റെ അടിസ്ഥാനമാണെന്നും അവ പിടിച്ചടക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്താല്‍ ജീവിക്കാനുള്ള അവകാശം പോലും ഭാവിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും ലോക രാജ്യങ്ങളിലെ അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ച് പറഞ്ഞുവെച്ചു. യഥാര്‍ത്ഥ ചരിത്രം സംഘ്പരിവാരങ്ങളാല്‍ അട്ടിമറിക്കപ്പെടും. കുറച്ചു വര്‍ഷങ്ങള്‍കൂടി പിന്നിട്ടാല്‍ മുസ്ലിം അസ്തിത്വത്തിന് തെളിവുകള്‍ ചോദിക്കും. പൗരാണിക ദേവാലയങ്ങളും സാംസ്‌കാരിക ചിഹ്നങ്ങളും ഇല്ലാതായിക്കഴിഞ്ഞാല്‍ അധികാരികള്‍ മുസ്ലിങ്ങളോട് പൗരത്വത്തിന് രേഖകള്‍ ചോദിക്കും. അത്തരം സാഹചര്യങ്ങളില്‍ ചൂണ്ടിക്കാണിച്ച് കൊടുക്കാന്‍ പൗരാണിക ചരിത്ര സ്മാരകങ്ങള്‍ അനിവാര്യമാണ്. അതില്ലാതെ പോയാല്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ വിദേശികളെന്ന് മുദ്രകുത്തപ്പെടും. അവര്‍ പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും സമീപകാലത്ത് കുടിയേറിപ്പാര്‍ത്തവരാണെന്ന് ആക്ഷേപിക്കപ്പെടും. ഓരോ ജനവിഭാഗവുമായും ബന്ധപ്പെട്ട കാലപ്പഴക്കം ചെന്ന സാംസ്‌കാരിക കേന്ദ്രങ്ങളുടെ പ്രാധാന്യം പ്രസക്തമാകുന്നത് ഇവിടെയാണ്. ഇടതുപക്ഷ ചരിത്രപണ്ഡിതന്‍മാരുടെ നിരീക്ഷണങ്ങളാണ് എന്റെ വാദങ്ങള്‍ക്ക് തെളിവുകളായി  നിരത്തിയത്. അന്ന് പറഞ്ഞതെല്ലാം ശരിയായിരുന്നെന്നാണ് പിന്നീട് കാലം തെളിയിച്ചത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥലം ക്ഷേത്ര നിര്‍മ്മാണത്തിനു വിട്ടുകൊടുത്ത് ഒരു അനുരഞ്ജന ഫോര്‍മുല സുപ്രീംകോടതി ഉണ്ടാക്കി. അതിനനുസൃതമായ വിധിയും പുറപ്പെടുവിച്ചു. അതോടെ എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. ദൗര്‍ഭാഗ്യവശാല്‍ പലരും ആശങ്കപ്പെട്ടതാണ് പിന്നീട് സംഭവിച്ചത്. കാശിയിലെ ഗ്യാന്‍വാപ്പി മസ്ജിദിനുമേല്‍ വര്‍ഗ്ഗീയ ശക്തികള്‍ അവകാശവാദമുന്നയിച്ചത് പ്രത്യേകം പ്രസ്താവ്യമാണ്. അതുകൊണ്ടും തീരില്ല.  മൂന്നാമത്തെ ഉന്നം മധുരയിലെ പള്ളിയാകും. അതു കഴിഞ്ഞാല്‍ മറ്റൊരു പൗരാണിക പള്ളിയുടെ മേലാകും പുതിയ അവകാശവാദം. മതമൈത്രി തകര്‍ക്കാന്‍ ലക്ഷ്യം വെച്ചവര്‍ പുതിയ പുതിയ കള്ളക്കഥകള്‍ മെനയും. അത് രാജ്യത്തെ അസ്വസ്ഥമാക്കിക്കൊണ്ടേയിരിക്കും. ബാബരി മസ്ജിദ് വിഷയത്തില്‍ അന്നും ഇന്നും കോണ്‍ഗ്രസ് ഇരുട്ടിലാണ്. സുവ്യക്തമായ നിലപാട് സ്വീകരിച്ചത് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിലെ കമ്യൂണിസ്റ്റ് ചരിത്രകാരന്‍മാരാണ്. അവരുടെ തുറന്നുപറച്ചില്‍ ഇല്ലായിരുന്നെങ്കില്‍ തൊണ്ണൂറുകളില്‍ തന്നെ മുസ്ലിങ്ങള്‍ വല്ലാതെ പ്രതിരോധത്തിലായേനെ. ഇനി ആ നിലാവെളിച്ചവും ഉണ്ടാകില്ല. ചരിത്ര ഗവേഷണ കൗണ്‍സിലില്‍നിന്ന് അവസാനത്തെ ഇടതുപക്ഷ ചരിത്രകാരനേയും രണ്ടാം മോദി സര്‍ക്കാര്‍ നിര്‍ദ്ദാക്ഷിണ്യം തുടച്ചുനീക്കി. ഐ.സി.എച്ച്.ആറിന്റെ കാവിവല്‍ക്കരണം പൂര്‍ത്തിയായത് വേദനയോടെയാണ് രാജ്യം കണ്ടത്. 

കെഎൻഎ ഖാദർ
കെഎൻഎ ഖാദർ

ലീഗിലെ പ്രവര്‍ത്തനകാലം

മുസ്ലിം ലീഗില്‍ ഔദ്യോഗികമായി ചേര്‍ന്നില്ലെങ്കിലും ലീഗനുകൂല സാംസ്‌കാരിക സംഘടനകള്‍ സെമിനാറുകളിലേക്കും സിമ്പോസിയങ്ങളിലേക്കും എന്നെ വ്യാപകമായി ക്ഷണിച്ചു. പരമാവധി ഓടിനടന്ന് പ്രസംഗിച്ചു. സമകാലികരായ ചില എം.എസ്.എഫ് നേതാക്കള്‍ക്ക് ഞാന്‍ ലീഗിലെത്തുന്നതിനോട് അത്ര താല്പര്യമുണ്ടായിരുന്നില്ല. എഴുത്തും വായനയും പ്രസംഗവുമൊക്കെയുള്ള ചെറുപ്പക്കാര്‍ ലീഗിലെത്തണമെന്നാണ് മുതിര്‍ന്ന പല ലീഗ് നേതാക്കളും ആഗ്രഹിച്ചത്. ഞാനാണെങ്കില്‍ പഴയ എം.എസ്.എഫുകാരനും. പത്താം ക്ലാസ്സില്‍ പഠിക്കവെ എം.എസ്.എഫിന്റെ കുറ്റിപ്പുറം മണ്ഡലം സഹഭാരവാഹിയുമായിരുന്നു. അതുകൊണ്ടുതന്നെ ലീഗില്‍ അംഗത്വമെടുക്കുന്നതില്‍ ഔചിത്യക്കുറവൊന്നും ഞാന്‍ കണ്ടില്ല. എന്നാല്‍ ധൃതിപിടിച്ച് അതിന് മുതിര്‍ന്നില്ല. ഡിഗ്രി അവസാന വര്‍ഷമായപ്പോഴേക്ക് തത്ത്വത്തിലല്ലെങ്കിലും സത്യത്തില്‍ ഞാനൊരു ലീഗുകാരനായി കഴിഞ്ഞിരുന്നു. 

സിമി വിട്ട ശേഷം ജന്മനാടായ വളാഞ്ചേരി യിലെ  പ്രാദേശിക ലീഗ് നേതാക്കള്‍ എന്നെ ലീഗിലേക്ക് കൊണ്ടുവരാന്‍ താല്പര്യം കാണിച്ചു. അതിന്റെ മുന്‍പന്തിയില്‍ സി.എച്ച്. അബു യൂസുഫ് ഗുരുക്കളായിരുന്നു. അദ്ദേഹത്തോടൊപ്പമാണ് ഞാനാദ്യമായി പാണക്കാട്ടു പോയി ശിഹാബ് തങ്ങളെ കണ്ടത്. സ്ഥലം എം.എല്‍.എ കൊരമ്പയില്‍ അഹമ്മദാജിയുമായി ആലോചിച്ചാണ് അബുയൂസുഫ് ഗുരുക്കള്‍ നീങ്ങിയത്. അക്കാലത്ത് കുറ്റിപ്പുറം മണ്ഡലത്തിലും വളാഞ്ചേരിയിലും ലീഗില്‍ ഗ്രൂപ്പിസം ശക്തമാണ്. അബുയൂസുഫ് ഗുരുക്കളുടെ പിതാവ് ചങ്ങമ്പള്ളി ആലിക്കുട്ടി ഗുരുക്കളേയും ചെകിടന്‍ കുഴിയില്‍ ഹംസ ഹാജിയേയും മുന്‍നിര്‍ത്തിയാണ് ലീഗില്‍ രണ്ടു ചേരി രൂപപ്പെട്ടത്. മൂന്നാം ചേരിയായി പാലാറ ഹംസ ഹാജിയുടെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗവും നിലകൊണ്ടു. കാട്ടിപ്പരുത്തി ആയുര്‍വേദ വൈദ്യശാല അതിന്റെ സ്ഥാപകനായ മമ്മു ഗുരുക്കളുടെ മരണശേഷം ആലിക്കുട്ടി ഗുരുക്കളുടെ കൈകളിലാണ് വന്നുചേര്‍ന്നത്. അദ്ദേഹത്തിന് ലീഗിനകത്തെ ഗ്രൂപ്പ് രാഷ്ട്രീയത്തോട് വലിയ താല്പര്യം ഇല്ലായിരുന്നു. എന്നാല്‍, തല്‍പ്പരകക്ഷികള്‍ ആലിക്കുട്ടി ഗുരുക്കള ഗ്രൂപ്പ് ലീഡറാക്കി വാഴിച്ചു. അറിയപ്പെടുന്ന ചികിത്സകനായിരുന്നതിനാല്‍ ദൂരദിക്കുകളില്‍ നിന്നൊക്കെ അദ്ദേഹത്തെ കാണാന്‍ ആളുകള്‍ വന്നിരുന്നു. അതുകൊണ്ടുതന്നെ കാട്ടിപ്പരുത്തി വൈദ്യശാല വിട്ട് ആലിക്കുട്ടി ഗുരുക്കള്‍ പുറത്തുപോവുക അപൂര്‍വ്വമാണ്. സി.കെ. ഹംസ ഹാജിയെ അനുകൂലിച്ചവര്‍ ആലിക്കുട്ടി ഗുരുക്കളുടെ വിഭാഗത്തെ 'കുറുന്തോട്ടി ലീഗെ'ന്ന് കളിയാക്കി വിളിച്ചു. ആയുര്‍വ്വേദ മരുന്നുകളുടെ കൂട്ടുകളില്‍ പ്രധാന ഇനം കുറുന്തോട്ടി ആയതിനാലാണ് അങ്ങനെ വിളിക്കപ്പെട്ടത്. തിരിച്ച് ഹംസ ഹാജി അനുകൂലികളെ ഗുരുക്കള്‍ അനുകൂലികള്‍ 'പൂള' (കപ്പ) ലീഗെന്നും വിളിച്ചു. ഹംസ ഹാജി പൂള അഥവാ കപ്പ കയറ്റി അയക്കുന്ന ബിസിനസാണ് നടത്തിയിരുന്നത്. ആലിക്കുട്ടി ഗുരുക്കള്‍ രാഷ്ട്രീയത്തില്‍ നിര്‍ജ്ജീവമായതോടെ മകന്‍ അബുയൂസുഫ് ഗുരുക്കള്‍ തല്‍സ്ഥാനത്ത് വന്നു. 

മഞ്ഞളാംകുഴി അലി
മഞ്ഞളാംകുഴി അലി

എന്റെ ലീഗിലേക്കുള്ള വരവ് സ്വാഭാവികമായും അബുയൂസുഫ് ഗുരുക്കള്‍ പ്രതിനിധാനം ചെയ്ത ഗ്രൂപ്പിലേക്കായി. ലീഗിലെ മറു ഗ്രൂപ്പിന് ഇതിന്റെ പേരില്‍ എന്നോടുള്ള എതിര്‍പ്പ് കാലങ്ങളോളം നീണ്ടു. ചെകിടന്‍ കുഴിയില്‍ ഹംസ ഹാജിയും പാലാറ ഹംസ ഹാജിയും നേതൃത്വം നല്‍കിയ വിഭാഗത്തിന് കെ.പി.എ. മജീദ് സാഹിബാണ് സഹായങ്ങള്‍ ചെയ്തത്. അബുയൂസുഫ് ഗുരുക്കള്‍ നേതൃത്വം നല്‍കിയ ചേരിയെ സഹായിച്ചത് മണ്ഡലം എം.എല്‍.എ കൊരമ്പയില്‍ അഹമ്മദാജിയാണ്. 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അന്നത്തെ കുറ്റിപ്പുറം മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് തലക്കടത്തൂര്‍ മമ്മിഹാജിയെ മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ലീഗുകാര്‍ വാദിച്ചു. അവര്‍ അതിനായി ഒപ്പു ശേഖരണവും നടത്തി. എടക്കുളം കുഞ്ഞിക്കോയാമു ഹാജി, കുറുക്കോളി മൊയ്തീന്‍, സി.എച്ച്. ബീരാന്‍, ടി.കെ. അഹമ്മദ്, കല്‍പ്പക ബീരാന്‍കുട്ടി, കാടാമ്പുഴ മൂസ, വി.പി. മണി തുടങ്ങിയവര്‍ മമ്മിഹാജിക്ക് അനുകൂലമായ മെമ്മോറാണ്ടത്തില്‍ ഒപ്പിട്ടു. കൊരമ്പയിലിനെത്തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മറുവിഭാഗവും രംഗത്തിറങ്ങി. കെ.പി.എസ് തങ്ങള്‍, ടി. ആലിക്കുട്ടി ഹാജി, അബുയൂസുഫ് ഗുരുക്കള്‍, തൊറാപറമ്പന്‍ ഏന്തീന്‍കുട്ടി സാഹിബ്, എടക്കുളം കുഞ്ഞമ്മുട്ടി, പാറയില്‍ ബാപ്പു, ജപ്പാന്‍ മരക്കാരാജി, പി.ടി.കെ. കുട്ടി, മുത്താണിക്കാട്ട് മരക്കാരാജി തുടങ്ങിയ പ്രമുഖര്‍ അഹമ്മദാജിയെ അനുകൂലിച്ചും കളത്തിലിറങ്ങി. ലീഗ് നേതൃത്വം അഹമ്മദാജിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ആ തെരഞ്ഞെടുപ്പില്‍ മുപ്പത്തയ്യായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കൊരമ്പയില്‍ ജയിച്ചത്. കുറ്റിപ്പുറത്തെ എക്കാലത്തേയും വലിയ ഭൂരിപക്ഷമാണത്. ഇതുകണ്ടാണ് തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം വിട്ട് കുറ്റിപ്പുറത്തേക്ക് മണ്ഡലം മാറ്റിപ്പിടിച്ചത്. പിന്നീട് നടന്ന സംഘടനാ തെരഞ്ഞെടുപ്പില്‍ മമ്മിഹാജി അനുകൂലികള്‍ പരാജയപ്പെട്ടു. അതിനു ശേഷം മണ്ഡല വിഭജനം വരെയും ലീഗിലെ ഗ്രൂപ്പിസം കൂടിയും കുറഞ്ഞും നിലനിന്നു. ഞാനും വിഭാഗീയതയുടെ ഭാഗമായി പ്രവര്‍ത്തിച്ചു. അതല്ലാതെ മറ്റു വഴികള്‍ ഇല്ലായിരുന്നു.

ഡിഗ്രി തട്ടിമുട്ടി പാസ്സായി. മെറിറ്റില്‍ എം.എക്ക് പ്രവേശനം കിട്ടില്ലെന്ന് ഉറപ്പായിരുന്നു. മാനേജ്മെന്റ് ക്വോട്ടയില്‍ അപേക്ഷ നല്‍കി. സിമി വിട്ട് എം.എസ്.എഫില്‍ ചേര്‍ന്നത് എം.എക്ക് ചേരാനും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ യൂണിയന്‍ ഭാരവാഹിയാകാനുമാണെന്ന് മറ്റുള്ളവര്‍ പറയുമെന്ന് ഭയന്ന് ഉടുപ്പി ലോ കോളേജില്‍ ത്രിവത്സര എല്‍.എല്‍.ബിക്ക് ചേര്‍ന്നു. വക്കീലാകാനുള്ള ചെറുപ്പം മുതലുള്ള മോഹവും അതിനു പ്രേരണയായി. കുറച്ചുകാലം നാട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ആ ഒളിച്ചോട്ടം സഹായകമാകുമെന്നാണ് കരുതിയത്. ഉടുപ്പി ലോ കോളേജ് എനിക്ക് പിടിച്ചതേയില്ല. അപരിചിതരായ സഹപാഠികളുമൊത്തുള്ള സഹവാസം ഒരുതരം മടുപ്പുളവാക്കി. ക്ലാസ്സുകള്‍ ആകര്‍ഷണീയമായത് അല്പം ആശ്വാസം നല്‍കി. ഹരിഗോവിന്ദനും ഹാരിസും മാത്രമാണ് മനസ്സില്‍ ഇപ്പോഴും തങ്ങിനില്‍ക്കുന്ന മുഖങ്ങള്‍. ഇരുവരും നല്ല വക്കീലന്‍മാരായി പ്രാക്ടീസ് ചെയ്യുന്നു. മനമില്ലാ മനസ്സോടെ ഉടുപ്പിയിലെ ദിനങ്ങള്‍ തള്ളിനീക്കവെയാണ് ശനിപാതം പോലെ റാഗിംഗ് കടന്നുവന്നത്. പ്രൊഫഷണല്‍ കോളേജുകളിലെ സ്ഥിരം പരിപാടി. നവാഗതരെ മനക്കരുത്തുള്ളവരാക്കാനുള്ള ഒറ്റമൂലിയെന്നാണ് റാഗിംഗ് അനുകൂലികള്‍ അതിനെ മഹത്വവല്‍ക്കരിച്ച് വിളിച്ചത്. 

എൻഎ നെല്ലിക്കുന്ന്
എൻഎ നെല്ലിക്കുന്ന്

ക്ലാസ്സുകള്‍ തുടങ്ങി മൂന്നോ നാലോ ദിവസം കഴിഞ്ഞുകാണും. നാലഞ്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ വന്ന് കോളേജ് വിട്ട ശേഷം ഹോസ്റ്റലിലേക്ക് ചെല്ലാന്‍ പറഞ്ഞു. അനുസരിക്കുകയല്ലാതെ നിവൃത്തിയില്ലെന്ന് സഹപാഠികള്‍ സാക്ഷ്യപ്പെടുത്തി. ഗത്യന്തരമില്ലാതെ നാലുമണിക്ക് ഹോസ്റ്റലിലെത്തി. ജയില്‍ വാര്‍ഡന്‍മാരെപ്പോലെ രണ്ടുമൂന്നു പേര്‍ എത്താന്‍ പറഞ്ഞ റൂമിനു മുന്നില്‍ എന്നെ കാത്തുനിന്നിരുന്നു. കണ്ടപാടെ കൂട്ടത്തിലൊരാള്‍ പറഞ്ഞു: ''ഓ വന്നല്ലോ? ഞങ്ങള്‍ക്ക് പണിയുണ്ടാക്കുമെന്ന് കരുതി.'' എന്നെ റൂമിനകത്താക്കി അവര്‍  വാതിലടച്ചു. വന്യജീവികളുടെ മുന്നില്‍ പെട്ട ആട്ടിന്‍കുട്ടിയെപ്പോലെ ഞാന്‍ നിന്ന് വിറച്ചു. എന്റെ ഷര്‍ട്ടും പാന്‍സും അഴിക്കാന്‍ കല്പിച്ചു. വിസമ്മതിച്ചപ്പോള്‍ ഒച്ചവെച്ച് ഭീഷണിപ്പെടുത്തി. ഞാനഴിച്ചില്ലെങ്കില്‍ അവര്‍ ബലാല്‍ക്കാരം അഴിക്കുമെന്ന് കട്ടായം പറഞ്ഞു. ഗത്യന്തരമില്ലാതെ ഷര്‍ട്ടും പാന്‍സും അഴിച്ചു. പിന്നെ സോക്സും ഷൂവും അഴിക്കാന്‍ പറഞ്ഞു. അതും അഴിച്ചു. അടിവസ്ത്രം മാത്രം ധരിച്ച എന്നോട് നിലത്ത് നീന്താന്‍ പറഞ്ഞു. എതിര്‍പ്പൊന്നും പ്രകടിപ്പിക്കാതെ അനുസരിച്ചു. ടോയ്ലെറ്റിലെ വെള്ളത്തിന്റെ രുചിയറിയുമോ എന്ന് അവരില്‍ ഒരാള്‍ ചോദിച്ചു. അതോടെ എന്റെ നിയന്ത്രണം വിട്ടു. ഞാന്‍ പൊട്ടിപ്പൊട്ടി കരഞ്ഞു. കൂട്ടത്തിലെ നേതാവിനു അലിവു തോന്നി. എന്നോട് പോകാന്‍ പറഞ്ഞു. എങ്ങനെയൊക്കെയോ ഷര്‍ട്ടും പാന്റുമിട്ട് ഞാന്‍ തടിതപ്പി. ആ ദുര്‍ദിനം എന്നിലേല്പിച്ച മുറിവ് ചെറുതല്ല. പിന്നീടവര്‍ നല്ലപോലെയാണ് പെരുമാറിയത്. റാഗിംഗ് ഓര്‍മ്മകള്‍ ലോ കോളേജിനെ വെറുക്കാന്‍ കാരണമായി. എല്‍.എല്‍.ബിയോടും അത് വിരക്തിയുണ്ടാക്കി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ പഠിച്ച ഒരാള്‍ക്ക് മറ്റേത് കോളേജില്‍ ചെന്നാലും അഡ്ജസ്റ്റ് ചെയ്യാന്‍ പ്രയാസമാകും. ഉമ്മയുടെ സാമീപ്യം പോലെയാണ് പി.എസ്.എം.ഒയിലെ ജീവിതം അനുഭവപ്പെട്ടത്. ഉടുപ്പി ലോ കോളേജിലേതാകട്ടെ 'വാപ്പ കെട്ടിയ എളീമ'യുടേതിന് തുല്യവും. (ഉമ്മയെ വിവാഹമോചനം ചെയ്ത ശേഷമോ അതല്ലെങ്കില്‍ മരണപ്പെട്ടാലോ ഉപ്പ രണ്ടാമത് വിവാഹം കഴിക്കുന്ന സ്ത്രീ മലബാറിലെ മുസ്ലിങ്ങള്‍ക്കിടയില്‍ വിളിക്കപ്പെടുന്നത് 'വാപ്പ കെട്ടിയ എളീമ' എന്നാണ്).

ബന്ധങ്ങളുടെ ഒഴുക്ക്

ഉടുപ്പിയില്‍ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്ക് തിരൂരങ്ങാടി കോളേജില്‍ എം.എ അഡ്മിഷന്‍ തുടങ്ങിയിരുന്നു. മാനേജ്മെന്റ് ക്വോട്ടയില്‍ മൂന്നു പേരാണ് അപേക്ഷകരായി ഉണ്ടായിരുന്നത്. എം.എസ്.എഫ് നേതാക്കളായ ടി.വി ഇബ്രാഹീമും സി.എച്ച് റഷീദും ഞാനും. റഷീദിനേയും എന്നെയുമാണ് മാനേജിംഗ് കമ്മിറ്റി തെരഞ്ഞെടുത്തത്. ലീഗിനുവേണ്ടി പ്രസംഗിച്ചു നടക്കാന്‍ ഞാന്‍ കോളേജിലുണ്ടായാല്‍ നന്നാകുമെന്ന കാരണത്താലാണ് കുഞ്ഞാതു ഹാജിയും ഇബ്രാഹിം ഹാജിയും എന്നെ സെലക്ട് ചെയ്തത്. ഈ വിവരം അറിഞ്ഞ് ഉടുപ്പിയില്‍നിന്ന് കുറ്റിയും പറിച്ച് ഞാനോടി. വീണ്ടും വല്ലിമ്മയുടെ സ്നേഹത്തണലിലെത്തി. ഞാന്‍ കാരണം അവസരം നഷ്ടമായത് ഇബ്രാഹീമിനാണ് (ഇപ്പോള്‍ കൊണ്ടോട്ടി എം.എല്‍.എ). അതിലെനിക്ക് വലിയ മനസ്താപമുണ്ടായി. എങ്ങനെയെങ്കിലും ഇബ്രാഹീമിനെ ഞങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ ഉള്‍ക്കടമായി ആഗ്രഹിച്ചു. ക്ലാസ്സുകള്‍ ആരംഭിച്ച് അധികം വൈകാതെ ഒരാള്‍ ട്രാന്‍സ്ഫര്‍ വാങ്ങിപ്പോയി. പ്രസ്തുത വിവരം കത്ത് മുഖേന ഞാന്‍ ഇബ്രാഹീമിനെ അറിയിച്ചു. ഈയടുത്ത് ഇബ്രാഹിം ആ കത്ത് എനിക്ക് കാണിച്ചുതന്നതോര്‍ക്കുന്നു. അവന്‍ വന്ന് ജോയ്ന്‍ ചെയ്തപ്പോഴാണ് എനിക്ക് സമാധാനമായത്. പക്ഷേ, ഇബ്രാഹിം ഒരു മാസമേ ക്ലാസ്സില്‍ ഉണ്ടായുള്ളൂ. ബി.എഡിന് മെറിറ്റില്‍ കോട്ടയത്ത് അഡ്മിഷന്‍ കിട്ടി. അവന്‍ അതിനു പോയി. 2006-ല്‍ ഗുരുവായൂരില്‍നിന്ന് അസംബ്ലിയിലേക്ക് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.എച്ച്. റഷീദ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 

പിഎംഎ സലാം
പിഎംഎ സലാം

എം.എയ്ക്ക് പഠിക്കുമ്പോള്‍ ലീഗു വേദികളില്‍ സജീവമായി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മതച്ചടങ്ങുകളിലും രാഷ്ട്രീയ സമ്മേളനങ്ങളിലും പങ്കെടുത്തു. തലശ്ശേരിയിലെ ചെറിയ മമ്മുക്കേയി സാഹിബിന്റെ ക്ഷണപ്രകാരം കണ്ണൂര്‍ ജില്ലയില്‍ നിരവധി യോഗങ്ങളിലാണ് പങ്കെടുത്തത്. പലപ്പോഴും സി.എച്ച്. ഇബ്രാഹിം ഹാജിയുടെ കൂടെ അദ്ദേഹത്തിന്റെ കാറിലായിരുന്നു യാത്ര. കേയി സാഹിബും ഇബ്രാഹിം ഹാജിയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും അഖിലേന്ത്യാ ലീഗില്‍ ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് കേയി സാഹിബിനും എ.വി. അബ്ദുറഹിമാന്‍ ഹാജിക്കും സെയ്തുമ്മര്‍ ബാഫഖി തങ്ങള്‍ക്കും പി.എം. അബൂബക്കര്‍ സാഹിബിനുമൊപ്പം അറസ്റ്റ്‌ചെയ്ത് ജയിലിലടക്കപ്പെട്ടവരില്‍ ഇബ്രാഹിം ഹാജിയും ഉള്‍പ്പെട്ടു. പിണറായി വിജയനുള്‍പ്പെടെ അക്കാലത്ത് ജയിലില്‍ കിടന്ന ഇടതുമുന്നണി നേതാക്കളുമായെല്ലാം അടുത്ത ബന്ധമാണ്  ഹാജി മരണംവരെ പുലര്‍ത്തിയത്. യത്തീംഖാനയുടെ കീഴില്‍ സ്ഥാപിച്ച എം.കെ. ഹാജി ഹോസ്പിറ്റലിന് ഏഴു ലക്ഷത്തോളം രൂപ കെ.എസ്.ഇ.ബിക്ക്  അടക്കാന്‍ നോട്ടീസ് കിട്ടിയത്രെ. അന്ന് വൈദ്യുതി മന്ത്രി പിണറായിയാണ്. ഇബ്രാഹിം ഹാജി തിരുവനന്തപുരത്ത് പോയി അദ്ദേഹത്തെ കണ്ടു. കാര്യം മനസ്സിലാക്കിയ പിണറായി തുക അടക്കുന്നതില്‍നിന്ന് വിടുതല്‍ നല്‍കി.  

അബു യൂസുഫ് ​ഗുരുക്കൾ
അബു യൂസുഫ് ​ഗുരുക്കൾ

വലിയ സല്‍ക്കാരപ്രിയനാണ് ഇബ്രാഹിം ഹാജി. മുസ്ലിംലീഗിന്റെ എല്ലാ നേതാക്കളും ഹാജിയുടെ പ്രസ്സിലെ നിത്യസന്ദര്‍ശകരാണ്. ലീഗിന്റെ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റായും മലപ്പുറം ജില്ലാ ഉപാദ്ധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചു. അധികാര സ്ഥാനങ്ങളില്‍നിന്ന് മരണം വരെ അകലം പാലിച്ചു. 'നോ' പറയാന്‍ അറിയില്ലെന്നതാണ് അദ്ദേഹത്തിന്റെ ഒരേയൊരു ന്യൂനതയായി പറയപ്പെടാറുള്ളത്. ഹാജിയെ കണ്ട് മടങ്ങുന്നവരൊക്കെ ശുഭപ്രതീക്ഷകരായാകും പോവുക. പല കാര്യങ്ങളും നടക്കും. പലതും നടക്കാതേയും പോകും. അനുജന്‍ കുഞ്ഞാതു ഹാജി നേരെ വിപരീതമായിരുന്നു. ഇബ്രാഹിം ഹാജി വേണ്ടുവോളം ആശ കൊടുക്കും. കുഞ്ഞാതു ഹാജിയാകട്ടെ, ആന കൊടുത്താലും ആശ കൊടുക്കില്ല. അര്‍ബുധം ബാധിച്ചാണ് ഇബ്രാഹിം ഹാജി മരണപ്പെട്ടത്. കോയമ്പത്തൂര്‍ കോവൈ ഹോസ്പിറ്റലില്‍ അദ്ദേഹം ചികിത്സയില്‍ കഴിയവെ കൊരമ്പയില്‍ അഹമ്മദാജിയുമൊത്ത് ഹാജിയെ കാണാന്‍ ഞാനും പോയിരുന്നു. അവരിരുവരും ഒരുപാട് സംസാരിച്ചു. യാത്ര പറഞ്ഞ് മടങ്ങവെ എന്നെ ചൂണ്ടി അഹമ്മദാജിയോട് ഇബ്രാഹിം ഹാജി പറഞ്ഞു: ''ജലീലിനെ നല്ലോണം നോക്കണം. കൈവിടരുത്.'' അഹമ്മദാജി ചിരിച്ച് തലയാട്ടി. സലാം പറഞ്ഞ് കരം ഗ്രഹിച്ച് പോരുമ്പോള്‍ അറിയാതെ മനസ്സ് വിറച്ചു. പിന്നീട് കേട്ടത് അദ്ദേഹത്തിന്റെ മരണവാര്‍ത്തയാണ്. ഹാജിയുടെ മൂന്ന് ആണ്‍മക്കള്‍ തമ്മിലുള്ള ഐക്യം കാണുന്നവരില്‍ അസൂയയുണ്ടാക്കും. മൂത്ത മകന്‍ മഹ്മൂദാക്ക ഇബ്രാഹിം ഹാജിയുടെ അതേ പതിപ്പാണ്. വരുന്നവര്‍ക്കൊക്കെ ഭക്ഷണമൊരുക്കി പിതാവിന്റെ പാരമ്പര്യം ഇന്നും അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. ഇബ്രാഹിം ഹാജി മുജാഹിദുകാരനായ പരിഷ്‌കരണവാദിയാണ്. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കക്കാട്ടെ ജിഫ്രി തങ്ങളും. കടുത്ത സുന്നിയും സമസ്തയുടെ നേതാവുമാണ് ജിഫ്രി തങ്ങള്‍. അധിക സമയങ്ങളിലും ഇരുവരും ഒന്നിച്ച് ഇരിക്കുന്നതും യാത്ര ചെയ്യുന്നതും കാണുന്നവരില്‍ കൗതുകമുണ്ടാക്കും. അക്ഷരാര്‍ത്ഥത്തില്‍ സ്നേഹത്തിന്റെ അരുവിയായിരുന്നു ഇബ്രാഹിം ഹാജി. അദ്ദേഹത്തിന്റെ സന്നിധിയില്‍നിന്ന് സ്നേഹതീര്‍ത്ഥം കുടിക്കാത്തവര്‍ ലീഗ് നേതൃനിരയില്‍ വിരളമാകും. 

എം.എ. ഹിസ്റ്ററിയില്‍ ഞങ്ങള്‍ പന്ത്രണ്ട് പേരായിരുന്നു. ശശി, പീതാംബരന്‍, മൈമുന, ഹബീബ, വി.പി. അസീസ്, ആസിഫ്, പങ്കജവല്ലി, സജീര്‍, അഹ്മദ്, സി.എച്ച്. റഷീദ്, സരോജിനി പിന്നെ ഞാനും. ഞങ്ങളുടേത് ഒരു ക്ലാസ്സായിരുന്നില്ല. ഒരു കുടുംബമായിരുന്നു. അത്രയ്ക്ക് സ്നേഹവും സഹകരണവുമായിരുന്നു പരസ്പരം. രാഷ്ട്രീയവും പ്രസംഗവുമൊക്കെയായി പലപ്പോഴും ക്ലാസ്സില്‍ കയറാന്‍ കഴിയാറില്ല. അപ്പോഴൊക്കെ കാര്‍ബണ്‍ പേപ്പര്‍ വെച്ച് നോട്ടെഴുതിത്തന്ന് സഹായിച്ച പങ്കജവല്ലിയെ മറക്കാനാവില്ല. നല്ല ബാഡ്മിന്റണ്‍ പ്ലെയറാണ് പങ്കജം. ഇപ്പോള്‍ എ.ഇ.ഒ ആയി ജോലി ചെയ്യുന്നു. എന്റെ മണ്ഡലത്തിലാണ് താമസം. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തില്‍ വായിച്ചാല്‍ മനസ്സിലാകുന്ന കയ്യെഴുത്ത് ആസിഫിന്റേതാണ്. യൂണിവേഴ്സിറ്റി ലൈബ്രറിയിലൊക്കെ പോയി തയ്യാറാക്കുന്ന നോട്ടുകള്‍ ഒരു മടിയും കൂടാതെ അദ്ദേഹം ഞങ്ങള്‍ക്കു നല്‍കി. പൊന്നാനിക്കാരനായ ആസിഫിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് എനിക്കുള്ളത്. പൊന്നാനി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അദ്ധ്യാപകനാണ്. ക്ലാസ്സില്‍ നന്നായി പഠിച്ചിരുന്ന ആളാണ് ശശി. ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകനാണ്. സരോജിനിയും ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചറാണ്. പീതാംബരന്‍ ഇന്‍ഷുറന്‍സ് ഓഫീസറാണ്. സജീറും അഹമ്മദും വിദേശത്തുപോയി. പിന്നീട് നാട്ടിലെത്തി നല്ല ജോലിയില്‍ വ്യാപൃതരാണ്. സജീര്‍ രണ്ടു പ്രാവശ്യം മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലറായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിച്ചു. ഒറിജിനല്‍ സോഴ്സുകളെ ആധാരമാക്കി നോട്ടുണ്ടാക്കാനുള്ള അസീസിന്റെ മിടുക്ക് അപാരമാണ്. നല്ല ഫുട്ബോള്‍ കളിക്കാരനെന്നു പേരെടുത്ത അദ്ദേഹം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ടീച്ചറായി ജോലി നോക്കുന്നു. എഡ്യുക്കേഷനില്‍ പി.എച്ച്ഡി എടുത്ത അസീസ് അദ്ധ്യാപകനെന്ന നിലയില്‍ ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടി അമേരിക്കയില്‍ മൂന്നുമാസം പരിശീലനം നേടി. ഹബീബ മികച്ചൊരു കുടുംബിനിയാണ്. സരോജിനി ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപികയാണ്. സി.എച്ച്. റഷീദ് മുസ്ലിംലീഗിന്റെ സംസ്ഥാന ഭാരവാഹിയും മാതൃകാ പൊതുപ്രവര്‍ത്തകനുമാണ്. റഷീദിന്റെ ഉപ്പ നേരത്തേ മരിച്ചിരുന്നു. കഷ്ടപ്പെട്ടാണ് അവന്‍ വളര്‍ന്നത്. കടലോര മേഖലയിലാണ് അവന്റെ വീട്. ബോംബെയില്‍ ഇളനീര്‍ കച്ചവടം നടത്തിയിരുന്ന ജേഷ്ഠനാണ് അവരെ സംരക്ഷിച്ചത്. അദ്ദേഹം പൊടുന്നനെ മരണപ്പെട്ടു. പിന്നെ കുടുംബഭാരം മുഴുവന്‍ റഷീദിന്റെ തലയിലായി. അവനതെല്ലാം ഭംഗിയായി മാനേജ് ചെയ്തു. പി.കെ.കെ. ബാവ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായപ്പോള്‍ റഷീദ് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com