പ്രവാസ ജീവിതം ബാക്കിവെയ്ക്കുന്ന നൊമ്പരങ്ങള്‍

ഓഫീസ് സ്റ്റാഫില്‍ നല്ലൊരു ശതമാനം അനാഥാലയത്തില്‍ പഠിച്ചു വളര്‍ന്നവരാണ്. അദ്ധ്യാപകരിലുമുണ്ട് യത്തീംഖാന അന്തേവാസികള്‍
പ്രവാസ ജീവിതം ബാക്കിവെയ്ക്കുന്ന നൊമ്പരങ്ങള്‍

രോ ദിവസം കഴിയുന്തോറും പി.എസ്.എം.ഒ കാമ്പസ് എന്റെ ഹൃദയത്തോട് ഇഴുകിച്ചേര്‍ന്നു. കോളേജിലെ അറ്റന്റര്‍മാര്‍ മുതല്‍ പ്രിന്‍സിപ്പല്‍ അടക്കം മാനേജര്‍ കുഞ്ഞാതു ഹാജി വരെ മനസ്സില്‍ നിറഞ്ഞു. ക്ലാസ്സ് റൂമുകളും വരാന്തയും മുറ്റത്തെ ചെടികളും പൂക്കളും ചവോക്ക് മരങ്ങളും പറിച്ച് മാറ്റാനാകാത്തവിധം നെഞ്ചില്‍ ഇടം നേടി. പഠനം കഴിഞ്ഞാല്‍ കാമ്പസ് വിട്ടു പോകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. അത്രമാത്രം സൗന്ദര്യവും സൗരഭ്യവും പി.എസ്.എം.ഒ കോളേജിന് ഉള്ളതായി അനുഭവപ്പെട്ടു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ആത്മബന്ധം. വിദ്യാര്‍ത്ഥികള്‍ പരസ്പരമുള്ള കളങ്കമേശാത്ത സൗഹൃദം, പ്രണയത്തിനു വിശുദ്ധിയുടെ തളിര്‍ നല്‍കിയ ഇടം. അറിവിന്റെ ചക്രവാളങ്ങള്‍ തേടാന്‍ പ്രേരിപ്പിച്ച പ്രഭവകേന്ദ്രം. ചതിയും വഞ്ചനയും ചൂഷണവും മഹാപാപമാണെന്നു പറയാതെ പറഞ്ഞ അന്തരീക്ഷം. മനുഷ്യപ്പറ്റും കരുണയും മസ്തിഷ്‌കത്തില്‍ വിളക്കിച്ചേര്‍ത്ത ആലയം... അങ്ങനെ ഇനിയും നോക്കെത്താ ദൂരത്തോളം നീണ്ടുപോകും സൗദാബാദിന്റെ  ഗുണഗണങ്ങള്‍.

ഓഫീസ് സ്റ്റാഫില്‍ നല്ലൊരു ശതമാനം അനാഥാലയത്തില്‍ പഠിച്ചു വളര്‍ന്നവരാണ്. അദ്ധ്യാപകരിലുമുണ്ട് യത്തീംഖാന അന്തേവാസികള്‍. ഓര്‍ഫനേജില്‍ പഠിച്ച യോഗ്യരായ അപേക്ഷകര്‍ അനാഥാലയത്തിനു കീഴിലെ ഏതു സ്ഥാപനങ്ങളിലെ തസ്തികകളിലേക്ക് അപേക്ഷിച്ചാലും അവരെ പരിഗണിച്ചേ പുറമെ നിന്നുള്ളവരെ പരിഗണിക്കൂ. എത്രയോ അനാഥ കുടുംബങ്ങള്‍ അങ്ങനെ അക്കരെപ്പറ്റി. യത്തീമുകളായ പല പെണ്‍കുട്ടികള്‍ക്കും ജീവിത പങ്കാളികളെ കണ്ടെത്താനും സ്ഥാപനം ശ്രമിച്ചു. കോളേജിലും ടി.ടി.ഐയിലുമുള്ള മാനേജ്മെന്റ് സീറ്റുകളിലേക്ക് ഓര്‍ഫനേജിലെ കുട്ടികള്‍ അപേക്ഷകരാണെങ്കില്‍ അവര്‍ക്ക് സീറ്റ് നല്‍കിയതിനു ശേഷമേ എത്ര സ്വാധീനമുണ്ടെങ്കിലും മറ്റുള്ളവര്‍ക്ക് അനുവദിക്കൂ. എം.കെ. ഹാജി തുടക്കമിട്ട ആ പതിവ് അദ്ദേഹത്തിന്റെ പിന്‍മുറക്കാരനായി വന്ന സി.എച്ച്. കുഞ്ഞാതു ഹാജിയും അതേപടി തുടര്‍ന്നു. ഓര്‍ഫനേജ് നടത്തിപ്പില്‍ എം.കെ. ഹാജിയുടെ വലംകയ്യായി പ്രവര്‍ത്തിച്ച വ്യക്തിയാണ് കുഞ്ഞാതു ഹാജി. 

എം.കെ. ഹാജി മരിച്ചപ്പോള്‍ ആരെ സെക്രട്ടറിയാക്കണമെന്ന ചര്‍ച്ച മുറുകി. ആലോചനകള്‍ക്കൊടുവില്‍ കുഞ്ഞാതു ഹാജിയെ ഏകകണ്ഠമായി കമ്മിറ്റി തീരുമാനിച്ചു. പക്ഷേ, അദ്ദേഹം സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. വലിയ ഉത്തരവാദിത്വമാണ് അതെന്നും ഓരോ നയാപൈസയുടെ വിനിയോഗത്തിനും പടച്ചവന്റെ മുന്നില്‍ മറുപടി പറയേണ്ടിവരുമെന്നുമാണ് കാരണമായി പറഞ്ഞത്. അവസാനം എല്ലാവരുടേയും നിര്‍ബ്ബന്ധത്തിനു വഴങ്ങി കണ്ണീരോടെ കുഞ്ഞാതു ഹാജി യത്തീംഖാന കമ്മിറ്റിയുടെ സെക്രട്ടറിപദം മനമില്ലാ മനസ്സോടെ സ്വീകരിച്ചു. സൂക്ഷ്മതയുടേയും നീതിബോധത്തിന്റേയും ആള്‍രൂപമായിരുന്നു കുഞ്ഞാതു ഹാജി. ഗുരുവിനോളം സത്യസന്ധനായ ശിഷ്യന്‍ എന്നാണ് അദ്ദേഹത്തെക്കുറിച്ച് നാട്ടുകാര്‍ പറഞ്ഞത്. ''എന്ത് ചെയ്യുമ്പോഴും അതിന്റെ പ്രയോജനം സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ളവര്‍ക്ക് എങ്ങനെ പ്രയോജനപ്പെടുമെന്നാണ് ചിന്തിക്കേണ്ടത്.'' ഭരണകര്‍ത്താക്കളോടും സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരോടുമുള്ള മഹാത്മാ ഗാന്ധിയുടെ എക്കാലത്തേക്കുമുള്ള ഉപദേശം. രാഷ്ട്രപിതാവിന്റെ വാക്കുകള്‍ അറിഞ്ഞോ അറിയാതേയോ കുഞ്ഞാതു ഹാജി അന്വര്‍ത്ഥമാക്കി. എന്ത് കാര്യങ്ങള്‍ യത്തീംഖാനയുമായി ബന്ധപ്പെട്ട് ചെയ്യുമ്പോഴും ഓര്‍ഫനേജിലെ അന്തേവാസികള്‍ക്ക് ആത്യന്തികമായി എന്ത് ഉപകാരം കിട്ടും എന്നാണ് അദ്ദേഹം ചിന്തിച്ചത്.

സിഎച് കുഞ്ഞാതു
ഹാജി

നീണ്ട മൂന്ന് പതിറ്റാണ്ടോളം (1983-2012) കുഞ്ഞാതു ഹാജി യത്തീംഖാന കമ്മിറ്റിയുടെ സെക്രട്ടറിയായി സേവനം ചെയ്തു. മരിക്കുന്നതുവരെ സ്ഥാപനത്തിന്റെ മുഖ്യ ചുമതലക്കാരന്‍ എന്ന നിലയില്‍ ഒരു രൂപ പോലും യാത്രാബത്തയായി അദ്ദേഹം എഴുതി എടുത്തില്ല. സെക്രട്ടറിയുടെ സ്ഥാപന സംബന്ധിയായ ആവശ്യങ്ങള്‍ക്കോ മറ്റാവശ്യങ്ങള്‍ക്കോ ഒരു വാഹനവും യത്തീംഖാനയുടെ ചെലവില്‍  വാങ്ങിയില്ല. എം.കെ. ഹാജിയുടെ പേരില്‍ പില്‍ക്കാലത്ത് സ്ഥാപിതമായ ഹോസ്പിറ്റലിനായി ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ വാങ്ങിയതൊഴിച്ചാല്‍. ഏതു സ്ഥാപനത്തിന്റെ പ്രധാന കവാടം കടന്നുചെന്നാലും കാര്‍ പോര്‍ച്ചില്‍ ഒരു വാഹനം കാണും. ബന്ധപ്പെട്ട സ്ഥാപനത്തിന്റേതാകും അത്. അത്തരമൊന്ന് ഈ നിമിഷം വരെ തിരൂരങ്ങാടി യത്തീംഖാനയുടെ മുന്നില്‍ നിന്നതായി കണ്ടിട്ടില്ല. ചില കാര്യങ്ങളില്‍ കടുംപിടുത്തം പിടിക്കുമെങ്കിലും കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടാല്‍ അയവുവരുത്തും. അതാണ് ഹാജിയുടെ പ്രകൃതം. അദ്ദേഹത്തിന്റെ സതീര്‍ത്ഥ്യനായ ഉമര്‍ സുല്ലമി പറഞ്ഞ ഒരു കാര്യം ഓര്‍ക്കുന്നു. ആഘോഷവേളകളില്‍ പോലും പോകാന്‍ വീടില്ലാത്ത അനാഥാലയത്തിലെ കുട്ടികള്‍ക്ക് എല്ലാ പെരുന്നാളുകള്‍ക്കും (വലിയ പെരുന്നാള്‍ ചെറിയ പെരുന്നാള്‍) പുതുവസ്ത്രങ്ങള്‍ എടുത്തു കൊടുക്കുന്ന പുതിയ കീഴ്വഴക്കം ഉമര്‍ സുല്ലമി ഓര്‍ഫനേജ് മാനേജരായി വന്നതു മുതല്‍ തുടങ്ങി. നല്ല വസ്ത്രങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. എല്ലാ കുട്ടികളേയും പോലെ പെരുന്നാളിനു പുതുവസ്ത്രങ്ങള്‍ അണിയാന്‍. ഇതൊരു അധികച്ചെലവാണെന്നു കമ്മിറ്റിയിലെ ചിലര്‍ സദുദ്ദേശ്യത്തോടെ സൂചിപ്പിച്ചു. ഇതു കേട്ട മാത്രയില്‍ ആണ്ടറുതികള്‍ക്ക് പുതുവസ്ത്രം വാങ്ങേണ്ടെന്ന് കുഞ്ഞാതു ഹാജി നിര്‍ദ്ദേശം നല്‍കി. ഇതറിഞ്ഞ ഉമര്‍ സുല്ലമി അദ്ദേഹത്തെ ഫോണില്‍ വിളിച്ചു. വര്‍ഷാരംഭത്തില്‍ എടുത്തുകൊടുക്കുന്ന നല്ല വസ്ത്രങ്ങള്‍ ഉണ്ടായിരിക്കെ പുതുവസ്ത്രം വേണോ എന്ന് കുഞ്ഞാതു ഹാജി ചോദിച്ചു. കേടുവരാത്ത വസ്ത്രങ്ങള്‍ നമ്മുടെ മക്കള്‍ക്ക് ഉണ്ടെന്നു കരുതി നമ്മള്‍ അവര്‍ക്ക് പെരുന്നാളിനു പുതുവസ്ത്രങ്ങള്‍ എടുക്കാറില്ലേ എന്ന് സുല്ലമി തിരിച്ചു ചോദിച്ചു. അല്പസമയം ഹാജി ഒന്നും പറഞ്ഞില്ല. പിന്നെ ഫോണിലൂടെ ഒരു തേങ്ങല്‍ കേട്ടുവത്രെ. ആഘോഷവേളകളില്‍ പുതുവസ്ത്രം അന്തേവാസികള്‍ക്കു നല്‍കുന്ന പതിവ് പിന്നീടൊരിക്കലും തിരൂരങ്ങാടി യത്തീംഖാനയില്‍ നിലച്ചിട്ടില്ല. 

31 വര്‍ഷം ഒരു നയാപൈസ ശമ്പളം വാങ്ങാതെ യത്തീംഖാന മാനേജരായി പ്രവര്‍ത്തിച്ചയാളാണ് ഉമര്‍ സുല്ലമി. ഇരുപത് വര്‍ഷം അറബി അദ്ധ്യാപകനായ സുല്ലമിയെ സൗദി എംബസി അറബി ഭാഷാ പ്രചാരകനായി തെരഞ്ഞെടുത്തു. അതിനായി ശമ്പളവും നല്‍കി.  അതോടെ സര്‍ക്കാര്‍ ജോലി രാജിവെച്ചു. അവര്‍ ഏല്പിക്കുന്ന ജോലികള്‍ക്കു പുറമെ യത്തീംഖാനയുടെ  അണ്‍ എയ്ഡഡ് അറബിക് കോളേജില്‍ ശമ്പളം പറ്റാത്ത അദ്ധ്യാപകനായി ചേര്‍ന്നു. അദ്ദേഹത്തിന്റെ അറുപത്തിമൂന്നാം വയസ്സില്‍ സൗദി എംബസി ഏല്പിച്ച ജോലി അവസാനിച്ചു. അതിനുശേഷവും അദ്ദേഹം സ്ഥാപനത്തില്‍ പ്രതിഫലം പറ്റാതെയുള്ള സേവനം തുടര്‍ന്നു. ആരോഗ്യകാരണങ്ങളാല്‍ സ്വയം പിരിഞ്ഞുപോകുന്നതുവരെ. കുഞ്ഞാതു ഹാജിയെ മാതൃകാപുരുഷനായാണ് ഉമര്‍ സുല്ലമി കാണുന്നത്. 

ഉമർ സുല്ലമി
ഉമർ സുല്ലമി

പണം ഓര്‍ഫനേജ് കമ്മിറ്റിയുടെ എക്കൗണ്ടില്‍ കുമിഞ്ഞുകൂടുന്നത് ഹാജി ഇഷ്ടപ്പെട്ടില്ല. അനാഥാലയത്തിലെ കുട്ടികളെ വിദേശ രാജ്യങ്ങളിലെ ഉദാരമതികള്‍ സ്പോണ്‍സര്‍ ചെയ്യാറുണ്ട്. ഒരാള്‍ ഏതൊരാവശ്യത്തിനു വേണ്ടിയാണോ സംഭാവന നല്‍കുന്നത് ആ പണം പ്രസ്തുത ആവശ്യത്തിനേ ഉപയോഗിക്കാവൂ എന്ന കാര്യത്തില്‍ കുഞ്ഞാതു ഹാജി ബദ്ധശ്രദ്ധനായിരുന്നു. യത്തീംഖാനക്ക് നാട്ടില്‍നിന്നു നല്ല തോതില്‍ സംഭാവനകള്‍ കിട്ടിയിരുന്നു. സര്‍ക്കാരില്‍നിന്ന് ഗ്രാന്റും ലഭിച്ചു. ആവശ്യത്തിനപ്പുറം സ്പോണ്‍സര്‍ഷിപ്പ് വന്നപ്പോള്‍ ലഭിച്ച പണം വേണ്ടെന്നു പറഞ്ഞ് കുവൈറ്റിലെ ദാനശീലരും സമ്പന്നരുമായ അറബികള്‍ക്ക് കത്തയക്കാന്‍ കുഞ്ഞാതു ഹാജി നിര്‍ദ്ദേശിച്ചത് ഉമര്‍ സുല്ലമി ഓര്‍മ്മിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തൊണ്ട ഇടറിയത് ഞാന്‍ ശ്രദ്ധിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ വചനമാണ് അപ്പോള്‍ ഓര്‍മ്മവന്നത്. ''നിങ്ങള്‍ക്ക് ദാരിദ്ര്യം വന്നു ഭവിക്കുന്നതിനെയല്ല ഞാന്‍ ഭയപ്പെടുന്നത്. സമ്പത്ത് കുമിഞ്ഞു കൂടുന്നതിനെയാണ്.'' 

മുസ്ലിംലീഗ് രാഷ്ട്രീയത്തോടാണ് കുഞ്ഞാതു ഹാജിക്ക് താല്പര്യം. ലീഗ് പിളര്‍ന്നപ്പോള്‍ എം.കെ. ഹാജിയുടെ കൂടെ അഖിലേന്ത്യാ ലീഗിനോട് ഓരം ചേര്‍ന്നു നടന്നു. വ്യക്തിപരമായി എനിക്ക് അടുത്ത ബന്ധമാണ് കുഞ്ഞാതു ഹാജിയുമായി ഉണ്ടായിരുന്നത്. 2006-ല്‍ കുറ്റിപ്പുറത്തു നിന്ന് ജയിച്ച് എം.എല്‍.എ ആയത് കുഞ്ഞാതു ഹാജിയെ അത്ഭുതപരതന്ത്രനാക്കി. പിണറായി വിജയനെക്കുറിച്ച് നല്ല അഭിപ്രായമാണ് അദ്ദേഹം പുലര്‍ത്തിയത്. പിണറായി വൈദ്യുതി മന്ത്രിയായിരിക്കെ  യത്തീംഖാനാ ഹോസ്പിറ്റല്‍ ഭീമമായ ഒരു തുക (ഉദ്ദേശ്യം ഏഴുലക്ഷത്തോളം രൂപ) കെ.എസ്.ഇ.ബിക്ക് അടയ്‌ക്കേണ്ട സാഹചര്യം ഉണ്ടായത്രെ. അതു വിടുതല്‍ ചെയ്ത് കിട്ടാന്‍ വൈദ്യുതിമന്ത്രിയെ സമീപിച്ചു. യത്തീംഖാനയുടേതാണ് ഹോസ്പിറ്റലെന്നും അതിന്റെ വരുമാനം അനാഥക്കുട്ടികളുടെ സംരക്ഷണത്തിനാണ് ഉപയോഗിക്കുന്നതെന്നും അറിഞ്ഞ പിണറായി, തുക മുഴുവന്‍ വിടുതല്‍ ചെയ്തു കൊടുത്തു. നന്ദിപൂര്‍വ്വമാണ് ഇക്കാര്യം ഹാജി അനുസ്മരിച്ചത്. ഇടയ്ക്കിടെ ഞാന്‍ അദ്ദേഹത്തെ പോയി കണ്ടിരുന്നു. 2012-ല്‍ കുഞ്ഞാതു ഹാജിയുടെ മരണം വരെ അത് തുടര്‍ന്നു. സി.എച്ച്. പ്രിന്റിംഗ് പ്രസ്സ് എന്ന വലിയ സ്ഥാപനം നടത്തിയാണ് അദ്ദേഹം കുടുംബം പോറ്റിയത്. ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള മതഗ്രന്ഥങ്ങളുടെ അച്ചടിയാണ് സി.എച്ച്. പ്രിന്റിംഗ് പ്രസ്സില്‍ നടന്നിരുന്നത്. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളലേക്കും അത് കയറ്റി അയച്ചു.

കോയാമു
കോയാമു

രോഗശയ്യയില്‍ കിടക്കവെ ഒരു ദിവസം വെന്നിയൂരിലെ വീട്ടില്‍ പോയി അദ്ദേഹത്തെ കണ്ടു. മകന്‍ ഇക്ബാല്‍ പിതാവിന്റെ ബെഡ്‌റൂമില്‍ അരികില്‍ത്തന്നെ നില്‍പ്പുണ്ട്. ഒരുപാട് നേരം വര്‍ത്തമാനം പറഞ്ഞിരുന്നു. യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. പൂമുഖത്ത് കുറച്ചു സമയം ഇരുന്നു. ഞാന്‍ പോയെന്ന് അദ്ദേഹം കരുതിയിട്ടുണ്ടാകണം. ഇരുന്നിരുന്ന കുഞ്ഞാതു ഹാജിയെ താങ്ങി ഇക്ബാല്‍ കിടത്തിക്കൊടുക്കുന്നതിനിടയില്‍ അദ്ദേഹം മകനോട് പറയുന്നത് കേട്ടു: ''ഓന്‍ നല്ലോനാണ്. പാര്‍ട്ടി മാറിയതൊന്നും നോക്കണ്ട.'' ഇതുകേട്ട് എന്റെ കണ്ണുകള്‍ നനഞ്ഞു. കുഞ്ഞാതു ഹാജിയുടെ ആ സര്‍ട്ടിഫിക്കറ്റ് മാത്രം മതി എനിക്ക് മരിക്കുവോളം. അല്പം കഴിഞ്ഞ് പുറത്തുവന്ന മകന്‍ ഒരു ചെറുചിരിയോടെ എന്റെ മുഖത്തേയ്ക്കു നോക്കി. ബാപ്പ പറഞ്ഞത് കേട്ടില്ലേ? ഇക്ബാല്‍ ചോദിച്ചു. ഞാന്‍ തലയാട്ടി. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടോ എന്തോ. തിരിച്ചൊന്നും പറയാതെ യാത്ര പറഞ്ഞിറങ്ങി. കുഞ്ഞാതു ഹാജിയുടെ ശബ്ദം എന്റെ കാതുകളില്‍ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു. അതെന്റെ ഉത്തരവാദിത്വത്തെ കൂടുതല്‍ കൂടുതല്‍ ഇരട്ടിപ്പിച്ചു. യാന്ത്രികമായി വന്ന് ഞാന്‍ കാറില്‍ കയറി. ജീവിതത്തില്‍ പരിചയപ്പെട്ട മനുഷ്യരില്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് ഉറപ്പിച്ച് പറയാനാകുന്ന സംശുദ്ധ വ്യക്തിത്വത്തിന്റെ ഉടമയാണ് കുഞ്ഞാതു ഹാജി. കാരണം അനാഥരുടെ സ്വത്തിന് അത്രമേല്‍ സൂക്ഷ്മതയോടെയാണ് ആ മനുഷ്യ സ്നേഹി കാവലിരുന്നത്.

മജീദാക്കയാണ് കോളേജിലെ സൂപ്രണ്ട്. അദ്ദേഹത്തിന്റെ മകന്‍ ഗഫൂര്‍ എന്റെ സമകാലികനായി കോളേജില്‍ പഠിച്ചിരുന്നു. ആരോടും പ്രത്യേക മമതയോ വിദ്വേഷമോ സൂപ്രണ്ടിന് ഇല്ലായിരുന്നു. എപ്പോഴും കയ്യില്‍ കത്തിച്ച സിഗരറ്റുണ്ടാവും.  മിടുക്കനായ അഡ്മിനിസ്ട്രേറ്ററായാണ് മജീദാക്ക അറിയപ്പെട്ടത്. അമിതമായ പുകവലി കൊണ്ടാണോ എന്നറിയില്ല കാന്‍സര്‍ ബാധിച്ച് അദ്ദേഹം മരിച്ചു. പിന്നെ സൂപ്രണ്ടായത് കോയാമാക്കയാണ്. പ്രാദേശിക ലീഗ് നേതാവാണ് അദ്ദേഹം. അതുകൊണ്ടുതന്നെ എം.എസ്.എഫുകാരോട് അടുപ്പം ഇത്തിരി കൂടും.  ഞാന്‍ അദ്ധ്യാപകനായി പി.എസ്.എം.ഒയില്‍ ചേരുമ്പോള്‍ അദ്ദേഹം നന്നായി സഹായിച്ചു. പൊതുപ്രവര്‍ത്തന തിരക്കുകള്‍ക്കിടയില്‍ ക്ലാസ്സില്ലാത്ത സമയങ്ങളില്‍ ഞാന്‍ നേരത്തേ പോകും. ദൂരെയുള്ള സ്ഥലങ്ങളില്‍ പ്രസംഗിക്കാന്‍. അത് മറ്റ് അദ്ധ്യാപകരില്‍ മുറുമുറുപ്പുണ്ടാക്കി. പലരും പരാതി പറഞ്ഞത് കോയാമാക്കാനോടാണ്. വിഷയം പ്രിന്‍സിപ്പലിന്റെ ശ്രദ്ധയില്‍ അദ്ദേഹം പെടുത്തി. എന്നോടുള്ള ദേഷ്യം കൊണ്ടല്ല. സ്ഥാപനം അലോസരമില്ലാതെ നടന്നുപോകാന്‍ ഒരാള്‍ക്കു മാത്രം അനുവദിക്കുന്ന പ്രിവിലേജ് തടസ്സമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പഠിക്കുന്ന കാലം തൊട്ടേ ഓഫീസിലെ യത്തീംഖാന അന്തേവാസികളായ ജീവനക്കാരോട് ചങ്ങാത്തം കാത്തുസൂക്ഷിച്ചു. കോയാമാക്കക്ക് ശേഷം സലാംക്കയും അബ്ദുറഹ്മാന്‍ക്കയും പിന്നെ മുഹമ്മദ് കുട്ടിയും സൂപ്രണ്ടുമാരായി. 

മുഹമ്മദലി
മുഹമ്മദലി

ബധിരനും മൂകനുമായ മുഹമ്മദലിയാണ് അദ്ധ്യാപകേതര ജീവനക്കാരില്‍ ശ്രദ്ധേയന്‍. ഏല്പിച്ച ജോലി കൃത്യമായി വള്ളിപുള്ളി തെറ്റാതെ ചെയ്യും. പ്രിന്‍സിപ്പല്‍ അഹമ്മദ് കുട്ടി സാഹിബിന്റെ വിശ്വസ്തനാണ് മുഹമ്മദലി. 'ചാരന്‍' എന്നാണ് ഞങ്ങള്‍ കുട്ടികള്‍ അദ്ദേഹത്തെ വിളിച്ചത്. മുഹമ്മദലി വെറുതെ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. കോളേജില്‍ നേരത്തെ എത്തും. ഏറ്റവും അവസാനം കോളേജ് അടച്ചേ പോകൂ. ഞങ്ങളുടെ ബാച്ച് മേറ്റ് ജലീലിന്റെ ജ്യേഷ്ഠ സഹോദരനാണ് മുഹമ്മദലി. കാമ്പസില്‍ ജാഗരൂകനായി അദ്ദേഹം നിലകൊണ്ടു. എപ്പോഴും അയാളുടെ കണ്ണുകള്‍ കോളേജ് മുഴുവന്‍ സഞ്ചരിച്ചു. മുക്കുമൂലകള്‍ പോലും വിട്ടുപോയില്ല. അക്കാലത്തെ സി.സി.ടി.വിയായിരുന്നു മുഹമ്മദലിയുടെ കണ്ണുകള്‍. അതില്‍ പതിഞ്ഞാല്‍ പിന്നെ രക്ഷയില്ല. ആംഗ്യഭാഷ മനസ്സിലായില്ലെങ്കില്‍ കടലാസില്‍ എഴുതിക്കൊടുക്കും. എന്നിട്ടും അവ്യക്തതയുണ്ടായാല്‍ സംഭവിച്ചത് അഭിനയിച്ചു കാണിച്ചുകൊടുക്കും. വേണ്ടാത്തതു ചെയ്തതിന് അദ്ദേഹത്തിന്റെ റഡാറില്‍ ഒരിക്കല്‍പ്പോലും ഞാന്‍ പതിഞ്ഞിട്ടില്ല. പതിവായി ക്ലാസ്സുകള്‍ കട്ട് ചെയ്യുന്നവരെക്കുറിച്ചും വരാന്തകളില്‍ പ്രേമസല്ലാപം നടത്തുന്നവരെ സംബന്ധിച്ചും പ്രിന്‍സിപ്പലിനു വിവരം നല്‍കിയതു കേള്‍ക്കാനും സംസാരിക്കാനും കഴിയാത്ത മുഹമ്മദലിയാണ്. ഞാന്‍ മൂന്നാം വര്‍ഷ ഡിഗ്രിക്കു പഠിക്കുന്ന കാലത്താണ് ഒരു പെണ്‍കുട്ടിയെ കാമുകന്‍ കോളേജിനു പിന്‍ഭാഗത്തുള്ള പാറക്കൂട്ടങ്ങള്‍ക്കരികെവെച്ച് ചുംബിച്ചത്. വളരെ രഹസ്യമായാണ് സംഭവം നടന്നത്. അത് പക്ഷേ, മുഹമ്മദലിയുടെ സി.സി.ടി.വിയില്‍ പതിഞ്ഞു. ഇത്ര നേരത്തെ അദ്ദേഹം കാമ്പസിലെത്തുമെന്ന് പ്രേമഭാജനങ്ങളുണ്ടോ അറിയുന്നു. നടന്നത് അതു പോലെ മുഹമ്മദലി പുനരാവിഷ്‌കരിച്ചു. അതിനുശേഷം എല്ലാ കമിതാക്കളും കരുതലോടെയാണ് കാമ്പസില്‍ പെരുമാറിയത്. സൗഹൃദംകൊണ്ട് എന്നോടും കണ്ട കാഴ്ചകള്‍ പറഞ്ഞു തരും. സിമി മോശം സംഘടനയാണെന്നും എം.എസ്.എഫില്‍ ചേരണമെന്നും കയ്യിനടിയില്‍ എഴുതി കാണിച്ചുതരും. പിന്നീട് ഞാന്‍ ലീഗായപ്പോള്‍ ഏറ്റവും സന്തോഷിച്ചവരുടെ കൂട്ടത്തില്‍ അദ്ദേഹവും സ്ഥാനം പിടിച്ചു. റിട്ടയര്‍മെന്റിന്റെ അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പ് മുഹമ്മദലിയുടെ കാലില്‍ ഒരു മുള്ള് കുത്തി. അത് കുത്തിപ്പഴുത്ത് വ്രണമായി. മുറിവ് കൂടിക്കൂടി വന്നു. ആശുപത്രിയില്‍നിന്നു പോരാന്‍ സമയമുണ്ടായിരുന്നില്ല. അവസാനം അദ്ദേഹം മരിച്ച വാര്‍ത്തയാണ് കേട്ടത്. മരണം എന്നെ ഭയപ്പെടുത്തിയ ആ ദിവസം അങ്ങനെ കടന്നുപോയി.

പ്രവാസത്തിന്റെ ആദ്യനാളുകള്‍

പല കാരണങ്ങള്‍കൊണ്ടും പ്രവാസികളായവരുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് തോട്ടം തൊഴിലാളികളായാണ് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുപോയത്. അക്കാലത്ത് കച്ചവടക്കാരായും നിരവധി ഇന്ത്യക്കാര്‍ അവിടെയെത്തി. വ്യാപാരത്തിന് ആഫ്രിക്കയിലെത്തിയ ബാബാ അബ്ദുല്ലയുടെ കേസുകള്‍ വാദിക്കാന്‍ അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് മഹാത്മാഗാന്ധി ആഫ്രിക്കയിലെത്തുന്നത്. സഹന സമരമുള്‍പ്പടെയുള്ള ജനങ്ങളെ ഏറെ സ്വാധീനിച്ച പല സമരമുറകളും ഇംഗ്ലീഷുകാര്‍ക്കെതിരെ ഗാന്ധിജി പരീക്ഷിച്ചത് ദക്ഷിണാഫ്രിക്കയില്‍വെച്ചാണ്. പിന്നീട് സിലോണിലേക്കും (ശ്രീലങ്ക)  മലേഷ്യയിലേക്കും ഇന്ത്യക്കാര്‍ തൊഴിലവസരങ്ങളും കച്ചവട അവസരങ്ങളും അന്വേഷിച്ചു പോയി. എന്റെ ഉമ്മയുടെ അമ്മാമന്‍ പൂണേരി ഖാദര്‍ ഹാജി മലേഷ്യയില്‍ പോയത് ഉമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. അവിടെനിന്ന് നാട്ടില്‍ വരുമ്പോള്‍ കൊണ്ടുവന്നിരുന്ന 'മലായക്കള്ളി' ദോതി നാട്ടിന്‍പുറങ്ങളില്‍ പ്രസിദ്ധമാണ്. സിംഗപ്പൂരും മലേഷ്യയും വഴിപിരിഞ്ഞതോടെ അവിടുത്തെ സാദ്ധ്യതകള്‍ അവസാനിച്ച മട്ടായി. അപ്പോഴേക്ക് ഗള്‍ഫില്‍ പെട്രോള്‍ ഖനനത്തിന്റെ കവാടങ്ങള്‍ തുറന്നു. ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊരു വാതില്‍ തുറക്കപ്പെടുമെന്നുള്ളത് പ്രകൃതി നിയമം. അതോടെ കേരളത്തില്‍നിന്ന് പായക്കപ്പലിലും ലാഞ്ചിയിലുമൊക്കെയായി പാസ്പോര്‍ട്ടും വിസയുമില്ലാതെ നിരവധി പേര്‍ അറേബ്യന്‍ മണലാരണ്യത്തിലെത്തി. അവരില്‍ ഭൂരിഭാഗവും മലബാറില്‍ നിന്നുള്ള മുസ്ലിങ്ങളായിരുന്നു. കേരളത്തിലെ മുസ്ലിം ജനവിഭാഗം ഒരു 'Trade Community' അഥവാ കച്ചവടസമൂഹമെന്ന നിലയിലാണ് അറിയപ്പെട്ടത്. അറേബ്യന്‍ വ്യാപാരികള്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളില്‍ കപ്പലിറങ്ങി പ്രദേശവാസികളായ ഹൈന്ദവ സ്ത്രീകളുമായി വൈവാഹിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. കോഴിക്കോട്ടെ സാമൂതിരി ഉള്‍പ്പെടെ ഇത്തരം ബന്ധങ്ങളെ പ്രോത്സാഹിപ്പിച്ചു. മറ്റു രാജാക്കന്മാരും അറബികളുമായുള്ള പ്രദേശവാസികളുടെ സൗഹൃദം വ്യാപാര നേട്ടമോര്‍ത്ത് സ്വാഗതം ചെയ്തു. മിശ്രവിവാഹങ്ങളും വ്യാപാരബന്ധവും പൊതുവെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടി. പുരാതനകാലം മുതല്‍ക്കേ കടല്‍കടന്നുള്ള യാത്ര ഹിന്ദുമത വിശ്വാസികള്‍ നല്ല കാര്യമായല്ല കരുതിയത്. പ്രത്യേകിച്ച് സവര്‍ണ്ണ ഹിന്ദുക്കള്‍. ഈഴവര്‍ മുസ്ലിങ്ങളെപ്പോലെ പുതിയ സാദ്ധ്യതകള്‍ തേടിയുള്ള യാത്രയില്‍ പങ്കാളികളായി.

സൂപ്രണ്ട് മജീദ്
സൂപ്രണ്ട് മജീദ്

കേരളീയ മുസ്ലിങ്ങളില്‍ നല്ലൊരു ശതമാനം ഗള്‍ഫിലാണ് ജോലിക്കു പോയത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും കുടിയേറ്റമാരംഭിച്ചതോടെ തെക്കന്‍ കേരളത്തിലെ ക്രൈസ്തവ സമൂഹവും പ്രവാസത്തിന്റെ ചൂടും ചൂരുമറിഞ്ഞു.  ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഇന്ന് മലയാളികളെ കാണാം. 40 ലക്ഷത്തോളം കേരളീയര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്തും കച്ചവടം ചെയ്തും ജീവിക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇന്ത്യക്ക് വിദേശ നാണ്യം നേടിത്തരുന്നതില്‍ വലിയ സംഭാവനകള്‍ അര്‍പ്പിച്ചവരാണ് പ്രവാസി ഭാരതീയര്‍.

കേരളത്തിന്റെ സമഗ്ര പുരോഗതിയില്‍ പ്രവാസി സമൂഹം വഹിച്ച പങ്ക് സുവിദിതമാണ്. മലയാളിയുടെ ജീവിതത്തെ ഗള്‍ഫ് പണം പാടെ മാറ്റിമറിച്ചു. പട്ടിണി കടങ്കഥയായതും വിദ്യാഭ്യാസരംഗത്ത് പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ മുന്നേറിയതും ഗള്‍ഫിന്റെ പിന്‍ബലത്തിലാണ്. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ഉയര്‍ന്നുനില്‍ക്കുന്ന നാനാജാതി മതസ്ഥരുടെ ആരാധനാലയങ്ങള്‍, കെട്ടിടങ്ങള്‍, ഓര്‍ഫനേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രികള്‍, ബിസിനസ്സ് സംരംഭങ്ങള്‍ തുടങ്ങി സാമൂഹ്യ മണ്ഡലത്തിന്റെ എല്ലാ തുറകളിലും ഗള്‍ഫ് അമേരിക്കന്‍  വിദേശനാണ്യത്തിന്റെ പ്രകടമായ സ്വാധീനം ദൃശ്യമാണ്. അതുകൊണ്ടാണ് ഗള്‍ഫില്‍ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുമ്പോള്‍ ഇങ്ങ് കേരളത്തിലെ അടുക്കളകളില്‍നിന്ന് നെടുവീര്‍പ്പുകളുയരുന്നത്. സ്ത്രീ വിദ്യാഭ്യാസ രംഗത്തുണ്ടായ അഭൂതപൂര്‍വ്വമായ വളര്‍ച്ച എടുത്തുപറയത്തക്കതാണ്. 

മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ ജോലി തേടി പോകുന്നവര്‍ കുടുംബത്തെ കൂടെക്കൂട്ടുമെങ്കിലും പെറ്റുവീണ മാതൃരാജ്യത്തേക്ക് കുടുംബത്തിന്റെ തണല്‍ തേടി ഒഴിവുദിനങ്ങളില്‍ പറന്നെത്താന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍, അമേരിക്കയിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അവസരം തേടി പോകുന്നവര്‍ അവിടങ്ങളില്‍ പൗരത്വമെടുത്ത് ശിഷ്ടകാലം  ചെലവിടാന്‍ താല്പര്യപ്പെടുന്നവരാണ്. അറേബ്യന്‍ രാജ്യങ്ങളില്‍ പൗരത്വം പൊതുവെ അറബ് വംശജര്‍ക്കല്ലാതെ നല്‍കാറില്ല. പലസ്തീനികള്‍ക്ക് ഗള്‍ഫ് നാടുകള്‍ സിറ്റിസണ്‍ഷിപ്പ് നല്‍കിയത് അവര്‍ മുസ്ലിങ്ങളായതുകൊണ്ടല്ല. അറബ് വംശജരായതുകൊണ്ടാണ്. റോഹിംഗ്യാ മുസ്ലിങ്ങളുടെ നേര്‍ക്കു സമ്പന്ന മധ്യപൗരസ്ത്യ നാടുകള്‍ വാതിലുകള്‍ കൊട്ടിയടച്ചതും അതുകൊണ്ടുതന്നെയാണ്. മതവിശ്വാസത്തെ വംശീയ കുലീനത്വം മറികടക്കുന്ന കാഴ്ചയാണ് ഇവിടെ പ്രകടമാകുന്നത്. ഖുറൈശി പ്രാമാണിത്വത്തിന്റെ സ്വാധീനത്തില്‍നിന്ന് പ്രവാചക പ്രബോധനത്തിന്റെ 1400 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അറേബ്യന്‍ ജനത പൂര്‍ണ്ണമായി മുക്തമായിട്ടില്ലെന്നര്‍ത്ഥം. ഗള്‍ഫില്‍ എണ്ണ വറ്റിയാല്‍ മലയാളികള്‍ എന്തുചെയ്യുമെന്ന ചോദ്യം ഉയര്‍ന്നുവരുന്നുണ്ട്. ധാതുലവണങ്ങളുടെ വിസ്മയിപ്പിക്കുന്ന ശേഖരമുള്ള മണ്ണാണ് ആഫ്രിക്കയുടേത്. മലയാളിയുടെ അടുത്ത സ്വപ്നഭൂമി ആഫ്രിക്ക ആയിക്കൂടായ്കയില്ല. ഒരു കമ്പനി പൂട്ടിയാല്‍ മറ്റൊരു കമ്പനി തുറക്കും. മനുഷ്യരുടെ മുന്നില്‍ സാദ്ധ്യതകള്‍ ഇല്ലാതാകുന്ന കാലത്തെയാണ് വിശ്വാസികള്‍ ലോകാവസാനമെന്നു വിളിക്കുന്നത്. ഇസ്ലാംമത വിശ്വാസികള്‍ അതിനെ 'ഖിയാമത്ത് നാള്‍' (അന്ത്യനാള്‍) എന്നും പറയും.

കെടി ഇബ്രാഹിം
കെടി ഇബ്രാഹിം

പ്രവാസജീവിതം പറയാതെ ഒരു മലയാളിക്ക് തന്റെ ജീവിതം പറയാനാവില്ല. എന്റെ മൂന്ന് അമ്മാമന്‍മാരും ഗള്‍ഫിലായിരുന്നു. ഒരാള്‍ കുവൈറ്റിലും മറ്റു രണ്ടുപേര്‍ യു.എ.ഇയിലും. ഉമ്മയുടെ അമ്മാമന്‍മാരില്‍ ഒരാള്‍ മലേഷ്യയിലും മറ്റൊരാള്‍ കുവൈത്തിലുമായിരുന്നു. ഉപ്പയുടെ ജ്യേഷ്ഠന്‍ കുഞ്ഞാവ മൂത്താപ്പ അല്‍-ഐനിലാണ് ജോലി ചെയ്തത്. എന്റെ മൂത്താപ്പമാരുടേയും അമ്മായിമാരുടേയും മക്കളില്‍ അധികപേരും ഗള്‍ഫുകാരാണ്. എന്റെ അനുജ സഹോദരന്മാരില്‍ ഇബ്രാഹിം കുടുംബസമേതവും മൂസ തനിച്ചും യു.എ.യിലാണ്. സുഹൃത്തുക്കളില്‍ വലിയൊരു ശതമാനം ഗള്‍ഫുകാരാണ്. മകള്‍ അസ്മയും മരുമകന്‍ അജീഷും അമേരിക്കയിലെ സിലിക്കണ്‍വാലിയില്‍ ജോലി ചെയ്യുന്നു.

അമ്മാമന്‍മാരുടെ തണലിലാണ് ഞങ്ങള്‍ വളര്‍ന്നത്. നല്ല വസ്ത്രങ്ങളും പേനകളും കോമ്പസ് ബോക്സും പെന്‍സിലും റബ്ബറും അത്തറും പൗഡറും സോപ്പും സ്പ്രേയുമെല്ലാം ആദ്യമായി കണ്ടതും ഉപയോഗിച്ചതും അമ്മാമന്മാര്‍ കൊണ്ടുവന്നിട്ടാണ്. അവര്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ തലേ ദിവസം തന്നെ കുട്ടിയായിരുന്ന ഞാന്‍ അവിടെ എത്തും. പെട്ടി തുറക്കുമ്പോള്‍ അതിലേക്ക് നോക്കി നില്‍ക്കുന്നതും എന്റെ ഇഷ്ടം അറിഞ്ഞ് വല്ലിമ്മ സാധനങ്ങള്‍ എടുത്ത് തരുന്നതും ആഹ്ലാദകരമായ ഓര്‍മ്മയാണ്.

കെടി മൂസ
കെടി മൂസ

പ്രവാസജീവിതം ആസ്പദിച്ച് ഒട്ടേറെ സിനിമകള്‍  വന്നിട്ടുണ്ട്. 'സ്വയംവരം' മുതല്‍ 'മ്യാവു' വരെ. പി.ടി. കുഞ്ഞുമുഹമ്മദിന്റെ 'ഗര്‍ഷോ'മും സലീം അഹമ്മദിന്റെ 'പത്തേമാരി'യും മനസ്സിലിപ്പോഴും ഉടക്കിനില്‍ക്കുന്നുണ്ട്. 

പ്രവാസി കൂടിയായ പി.ടിയുടെ 'ഗര്‍ഷോ'മില്‍ പ്രധാന വേഷമിട്ടത് ഭരത് മുരളിയാണ്. ഏതൊരു ഉമ്മയും മകന്‍ അടുത്തുണ്ടാവണം എന്നാഗ്രഹിക്കും. നല്ല വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും ഗള്‍ഫില്‍ നല്ലൊരു ജോലി കിട്ടാതെ ചുരുങ്ങിയ ശമ്പളത്തിനു കാലം കഴിച്ച് കുടുംബഭാരം മുഴുവന്‍ ചുമലിലേറ്റി നില്‍ക്കുന്ന കഥാനായകന്‍ നാസര്‍ ആരിലും ഹൃദയവേദനയുണ്ടാക്കും. അവസാനം മനമില്ലാ മനസ്സോടെ ശിഷ്ടകാലം കുടുംബത്തോടൊപ്പം കഴിഞ്ഞുകൂടാം എന്ന മോഹത്തില്‍ മണല്‍കാട്ടില്‍ സ്വപ്നങ്ങള്‍ ഉപേക്ഷിച്ച് നാസര്‍ സ്വന്തം മണ്ണിലേക്ക് തിരിക്കും. നാട്ടില്‍ കാല് കുത്തുന്ന നിമിഷം മുതല്‍ പ്രവാസികള്‍ നേരിടുന്ന ചോദ്യങ്ങള്‍ ദേശഭാഷകള്‍ക്കതീതമായി ഒന്നാണ്: ''എപ്പോഴാ വന്നത്? എന്നാ തിരിച്ചു പോക്ക്.'' തീരുമാനിച്ചിട്ടില്ലെന്ന മറുപടി പറഞ്ഞാല്‍ ഉടന്‍ വരും മറുചോദ്യം'' ''അപ്പോ ഇനി പോകുന്നില്ലേ?'' അതോടെ നാസര്‍ മടങ്ങിപ്പോകുന്നില്ലെന്ന വാര്‍ത്ത നാട്ടില്‍ പരക്കും. പത്തു പൈസ കടം ചോദിച്ചാല്‍ പോലും ആരും കൊടുക്കാത്ത അവസ്ഥ. സുഹൃത്തുക്കളും കുടുംബങ്ങളും മുഖം തിരിഞ്ഞു പോകുന്ന സ്ഥിതി. വീട്ടിലും നാട്ടിലും ആകെ ഒരൊറ്റപ്പെടല്‍. ഉമ്മയുടെ വിങ്ങലും പ്രിയതമയുടെ തേങ്ങലും മാത്രം ആശ്വാസം നല്‍കുന്ന മുഹൂര്‍ത്തങ്ങള്‍. ബിരുദാനന്തര ബിരുദം നേടിയിട്ടും ജീവിതത്തില്‍ പരാജയപ്പെട്ടുപോയ ഹതഭാഗ്യന്‍ വീണ്ടുമൊരിക്കല്‍ കൂടി ഭാഗ്യാന്വേഷിയാകാന്‍ മനമില്ലാമനസ്സോടെ പ്രവാസത്തിലേക്കുള്ള മടക്കം. സൂര്യന്‍ ഉദിക്കാന്‍ കിഴക്കന്‍ ചക്രവാളത്തില്‍ ചുവപ്പും മഞ്ഞയും നിറങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ് പ്രഭാതനമസ്‌കാരം കഴിഞ്ഞ് നിസ്‌കാരപ്പായയില്‍ പ്രാര്‍ത്ഥനാനിര്‍ഭരയായി ഇരുകൈകളും മേല്‍പ്പോട്ടുയര്‍ത്തി നില്‍ക്കുന്ന ഉമ്മ. അവരുടെ അടുത്തേക്ക് യാത്ര പറയാന്‍ എത്തുന്ന മുരളി അവതരിപ്പിച്ച നാസര്‍ എന്ന കഥാപാത്രം പതുക്കെ നടന്നുവരുന്നു. ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍. മൗനം ഭഞ്ജിച്ചത് നാസറാണ്. ''ഉമ്മാ, ഞാന്‍ പോവാണ്.'' ഇതുകേട്ട് അവനെ കെട്ടിപ്പിടിച്ച് അവന്റെ തല മറോടണച്ച് ഉമ്മ പറയുന്ന ഒരു വാക്കുണ്ട്: ''മോനെ, മക്കള് ഉമ്മാരുടെ അടുത്തു വേണമെന്നാണ് ഓരോ പെറ്റ തള്ളയും ആഗ്രഹിക്കുക. അന്റെ മുഖം കണ്ടിട്ട് ഇവടെ നിക്കണന്ന് പറയാന്‍ തോന്ന്ണ്ല്ല്യടാ. ന്റെ കുട്ടി എവിടെയെങ്കിലും പോയി നന്നായിവാ മോനേ.'' ഹൃദയം പൊട്ടിയുള്ള ഉമ്മയുടെ പ്രാര്‍ത്ഥനയോടെ ബാഗും കയ്യില്‍ തൂക്കി കണ്ണീര്‍ തുടച്ച് അപ്പോഴും പ്രകാശം പരക്കാത്ത പ്രഭാതത്തിന്റെ ഇരുട്ട് മറയുന്ന തെളിച്ചത്തിലേക്ക് മുഖം തുടച്ച് നടന്നുപോകുന്ന ഭരത് മുരളിയുടെ രൂപം പ്രവാസിയുടെ കഥയറിയുന്ന ആരെയും പിടിച്ചുലയ്ക്കും. ആ രംഗം ദിവസങ്ങളോളം എന്നെ വേട്ടയാടിയിട്ടുണ്ട്. നാസറിന്റെ ഉമ്മയില്‍ എന്റെ വല്ലിമ്മയുടെ മുഖം മിന്നിമറയുന്നത് ഞാന്‍ കണ്ടു. 

പിടി കുഞ്ഞുമുഹമ്മദ്
പിടി കുഞ്ഞുമുഹമ്മദ്

നാട്ടിലെ വിശേഷങ്ങള്‍ ഒന്നുപോലും വിടാതെ നോട്ട് പുസ്തകത്തിന്റെ നടുവിലെ കഷ്ണം ചീന്തിയെടുത്ത് അതിലോ, അല്ലെങ്കില്‍ ദുബായിയില്‍നിന്ന് കൊണ്ടുവരുന്ന ലെറ്റര്‍പാഡിലോ മൂന്നോ നാലോ ദിവസമെടുത്ത് വല്ലിമ്മ മക്കള്‍ക്കെഴുതുന്ന കത്തിന് മധുരനൊമ്പരത്തിന്റെ മണമായിരുന്നു. വലിയ സമ്പന്നരുടെ വീടുകളില്‍ മാത്രമാണ് ഫോണ്‍ ഉണ്ടായിരുന്നത്. തിരൂരിലെ വീട്ടില്‍ വളരെ വൈകിയാണ് ഫോണ്‍ എത്തുന്നത്. എല്ലാ വിശേഷങ്ങളും വള്ളിപുള്ളി വിടാതെ വായിക്കാന്‍ തിരിയുന്നപോലെ വല്ലിമ്മ എഴുതും. എന്നിട്ടവസാനം ഹൃദ്രക്തത്തില്‍ ചാലിച്ച പേനത്തുമ്പുകൊണ്ട് ആ മാതൃമനസ്സ് പച്ചയായി കോറിയിടും'' ''ന്റെ പൊന്നുമോന്റെ ദേഹം മുത്തി മണത്ത് പിരിശത്തില്‍ അസ്സലാമു അലൈക്കും.'' കവറില്‍ ഒട്ടിക്കാതെ വെക്കുന്ന കത്തുകള്‍ വല്ലിമ്മ കാണാതെയാണ് ഞാന്‍ വായിക്കുക. ആ കത്തുകളുടെ സുഗന്ധത്തോളം പരിമളം ഊദിന്റെ അത്തറിനു പോലും ഉണ്ടാവില്ല. വെന്ത അരിയുടെ വറ്റ് കൊണ്ട് കവര്‍ ഒട്ടിക്കുമ്പോള്‍ വല്ലിമ്മാന്റെ ഹൃദയം കവറിനകത്ത് ആക്കുന്നത് പോലെയാണ് തോന്നുക. വളാഞ്ചേരിയിലെ വീട്ടില്‍ കാര്യങ്ങള്‍ കഷ്ടപ്പാടില്ലാതെ പോയെങ്കിലും അധികച്ചെലവിനുള്ള പണം മുഴുവന്‍ വല്ലിമ്മ തന്നങ്കിലേ നിവര്‍ത്തിക്കൂ. എല്ലാ അമ്മാമന്മാരും വിദ്യാര്‍ത്ഥി എന്ന നിലയിലെ എന്റെ ആഗ്രഹങ്ങള്‍ സഫലീകരിച്ചു. പത്രം ഒരക്ഷരം ബാക്കിവെക്കാതെ വായിക്കുന്ന പ്രകൃതക്കാരിയാണ് വല്ലിമ്മ. സ്പോര്‍ട്സ് പേജ് വരെ വല്ലിമ്മ വിടില്ല. ഒരിക്കല്‍ ഞാന്‍ ചോദിച്ചു: ''വല്ലിമ്മാ, ഇങ്ങള് എന്തിനാ ഈ സ്പോര്‍ട്സ് പേജൊക്കെ വായ്ക്ക്ണ്. വല്ലതും മനസ്സിലാവോ?'' ഉടന്‍ വരും മറുപടി ഉരുളക്ക് ഉപ്പേരി പോലെ. ''അനക്ക് വലിയ അക്ഷരത്തിലെഴുതിയത് വായ്ചാ മതി. ഇത് ന്റെ മക്കള് മരുഭൂമീല് കെടന്ന് നയിച്ച് ണ്ടാക്ക്ണെ പൈസ കൊടുത്ത് വാങ്ങ്ണെ പത്രാ. അത് മൊതലാകണെങ്കില് ഒരക്ഷരം വിടാതെ വായിക്കണം.'' നല്ല ലോകവിവരമായിരുന്നു വല്ലിമ്മാക്ക്. ഗള്‍ഫിലെ എന്തു വാര്‍ത്തയും മണി മണി പോലെ പറയും.

സലിം അഹമ്മദ്
സലിം അഹമ്മദ്

കേരളത്തിലെ മിനി ഗള്‍ഫ് എന്ന് അറിയപ്പെടുന്ന രണ്ട് ടൗണുകളാണ് ഉള്ളത്. ഒന്ന് ചാവക്കാടും മറ്റൊന്ന് തിരൂരും. ഇന്നും ഗള്‍ഫ് സാധനങ്ങള്‍ മിതമായ നിരക്കില്‍ കിട്ടാന്‍ തിരൂരിലെ ഗള്‍ഫ് ബസാറില്‍ പോവണം. സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും ഒറിജിനല്‍ ഗള്‍ഫ് ബ്രാന്‍ഡഡ് സാധനങ്ങള്‍ വാങ്ങാന്‍ ആളുകള്‍ വരുന്നത് തിരൂരിലേക്കാണ്. ചാവക്കാടിന്റേയും തിരൂരിന്റേയും പഴയ പ്രൗഢിക്ക് കുറച്ച് ഇടിച്ചില്‍ പറ്റിയിട്ടുണ്ടെങ്കിലും ഇരു നഗരങ്ങളിലേയും ഒരുപിടി മണ്ണ് എടുത്ത് രുചിച്ചാല്‍  പ്രവാസിയുടെ വിയര്‍പ്പിന്റെ ഉപ്പുരസം ഇന്നും നാവിന്‍ തുമ്പില്‍ എത്തും. 

സലീം അഹമ്മദിന്റെ 'പത്തേമാരി'യില്‍ ഭരത് മമ്മൂട്ടി അവതരിപ്പിക്കുന്ന നാരായണന്‍ എന്ന കഥാപാത്രത്തോട് ഭാര്യ പറയുന്നുണ്ട്: ''പൊന്നും പണോം ഒന്നും വേണ്ട. നിങ്ങളെ വിയര്‍പ്പ് നനഞ്ഞ ഒരു പഴയ ഷര്‍ട്ട് മതി എനിക്ക്. അതും കെട്ടിപ്പിടിച്ച് ഞാന്‍ ഉറങ്ങിക്കൊള്ളാം''. ഗള്‍ഫ് പണത്തിന്റെ പുളപ്പില്‍ മതിമറന്ന് ആറാടുന്ന പുതിയ തലമുറ, മണലില്‍ കരിഞ്ഞുരുകി വെണ്ണീറാകുന്ന മനുഷ്യജന്മങ്ങളെക്കുറിച്ച് എന്തറിയാന്‍? അവരുടെ കാല്‍ കഴുകിയ വെള്ളം കുടിക്കാനെങ്കിലുമുള്ള യോഗ്യത നേടാന്‍ പുതു യൗവ്വനം എത്രകാലം യാത്ര ചെയ്യണം.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com