ഇ.എം.എസും നിത്യചൈതന്യയതിയും തിരൂരിലെ ജീവിതവും

പ്രൗഢിയും ലാളിത്യവും ഒരുമിച്ചു ചേരുന്ന അന്തരീക്ഷം വിരളമാകും. അത്തരമൊരു അപൂര്‍വ്വ സംഗമം ഞാന്‍ കണ്ടതും അനുഭവിച്ചതും തിരൂരങ്ങാടി പി.എസ്.എം.ഒ കാമ്പസിലാണ്
ഇ.എം.എസും നിത്യചൈതന്യയതിയും തിരൂരിലെ ജീവിതവും

ഹിദായത്ത് ഹോസ്റ്റല്‍ നിര്‍ത്തിയതോടെ താമസം തിരൂരില്‍ വല്ലിമ്മാന്റെ അടുത്തേക്ക് മാറ്റി. കോളേജിലേക്ക് അതിരാവിലെ പുറപ്പെടാന്‍ തിരൂരില്‍ നിന്നാകുമ്പോള്‍ എളുപ്പമാണ്. ഉമ്മാന്റെ വീട് ബസ്സ്റ്റാന്റിന്റെ പിന്‍ഭാഗത്ത് കാനാത്ത് എന്ന സ്ഥലത്താണ്. അവിടെനിന്ന് അഞ്ചു മിനിറ്റ് നടന്നാല്‍ സ്റ്റാന്റിലെത്തും. പോക്കറ്റ് മണി കിട്ടാന്‍ നല്ലത് വല്ലിമ്മയുടെ കൂടെ നില്‍ക്കലാകുമെന്ന ചിന്തയും മേല്‍ തീരുമാനത്തിനു കാരണമായി. ഉപ്പ തരുന്നതിന് എപ്പോഴും കയ്യും  കണക്കുമുണ്ടാകും. അധികമായി നയാപൈസ കിട്ടില്ല. തൊട്ടതിനും പിടിച്ചതിനും വഴക്കു വേറെയും. മാത്രമല്ല, തിരൂരിലെ അമ്മാമന്‍മാരുടെ ഭാര്യമാര്‍ അഥവാ അമ്മായിമാര്‍ കുശുമ്പില്ലാത്തവരുമാണ്. ചെറിയ അമ്മാമന്‍ ഷാഫി വിവാഹം കഴിച്ചത് എന്റെ മൂത്താപ്പാന്റെ മകള്‍ മൈമൂനയെയാണ്. ഉമ്മയാണ് വിവാഹാലോചന നടത്തി കല്യാണത്തിനു വഴിയൊരുക്കിയത്. രണ്ടാമത്തെ അമ്മാമന്‍ അഹമ്മദിന്റെ ഭാര്യ നുസൈബത്ത് അമ്മായിയും എന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കും. നല്ല ഭക്ഷണം വെച്ചു വിളമ്പിത്തരും. വസ്ത്രങ്ങള്‍ മടികൂടാതെ അലക്കിത്തരും. മൂത്ത അമ്മാവന്‍ അലിക്കാക്ക കുടുംബസമേതം വഷങ്ങളോളം ദുബായിയിലാണ് കഴിഞ്ഞത്. അവരുടെ ഭാര്യ നഫീസമോള്‍ അമ്മായിയും ചെറുപ്പത്തില്‍ എന്നെ നന്നായി നോക്കിയിട്ടുണ്ട്. മൂന്ന് അമ്മാമന്‍മാരും ഗള്‍ഫിലാണ് ജോലി ചെയ്തിരുന്നത്. മൂവര്‍ക്കും നല്ല ജോലിയും ശമ്പളവുമായിരുന്നു. വല്ലിമ്മാനെ അമ്മാമന്മാര്‍ക്ക് വലിയ സ്നേഹവും പേടിയുമാണ്. ബാപ്പയെ കാണാതായതു മുതല്‍ വല്ലിമ്മയാണ് ഒരുപാട് കഷ്ടപ്പെട്ട് അഞ്ചു മക്കളേയും വളര്‍ത്തിയത്. ആ ഒരു ആത്മബന്ധം പലപ്പോഴും അവര്‍ക്കിടയില്‍ പ്രകടമായി.

ഗള്‍ഫില്‍നിന്ന് അമ്മാമന്മാര്‍ വല്ലിമ്മാന്റെ പേരിലാണ് പണം അയച്ചിരുന്നത്. വല്ലിമ്മാക്ക് നന്നായി മലയാളം വായിക്കാനും എഴുതാനും അറിയാം. പണ്ടെപ്പോഴോ തറവാട്ടു സ്‌കൂളില്‍ വല്ലിമ്മ കുട്ടികളെ പഠിപ്പിച്ചതായി കേട്ടിട്ടുണ്ട്. നല്ല ആജ്ഞാശക്തിയും നേതൃവൈഭവവും ഉള്ള അസാമാന്യ ധൈര്യശാലിയാണ് വല്ലിമ്മ. നല്ല നാടന്‍ വിഭവങ്ങള്‍ ഒരുക്കാനും ഇറച്ചിയും മത്സ്യവും പാകം ചെയ്യാനും വല്ലിമ്മ കേമിയായിരുന്നു. കണക്കിന്റെ കാര്യത്തില്‍ പറയണ്ട. അരികുപറ്റി നിന്ന് സ്നേഹത്തില്‍ ചോദിച്ചാല്‍ വല്ലിമ്മ എത്ര പൈസയും തരും. പറ്റിക്കാന്‍ നോക്കിയാല്‍ നടക്കില്ല. വളര്‍ന്നപ്പോള്‍ വല്ലിമ്മാനെ പറ്റിക്കാനുള്ള വഴികള്‍ ഞാന്‍ കണ്ടെത്തി.
 
തിരൂരില്‍ ആഴ്ചച്ചന്ത ഞായറാഴ്ചയാണ്. ആഴ്ചച്ചന്തകള്‍ നാട്ടിന്‍പുറങ്ങളില്‍ സജീവമായ നാളുകള്‍. വളാഞ്ചേരിയില്‍ ചൊവ്വാഴ്ചയാണ് ചന്ത ദിവസം. അന്നേ ദിവസം സമീപ പ്രദേശങ്ങളില്‍ നിന്നൊക്കെയുള്ള കര്‍ഷകരും ചെറുകിട കച്ചവടക്കാരും അവരുടെ ഉല്പന്നങ്ങളുമായി ചന്തക്കെത്തും. അവരെ സംബന്ധിച്ചേടത്തോളം ഇടനിലക്കാരുടേയും കോര്‍പ്പറേറ്റുകളുടേയും ചൂഷണമില്ലാതെ സാധനങ്ങള്‍ വില്‍ക്കാനുള്ള മാര്‍ക്കറ്റായിരുന്നു ആഴ്ചച്ചന്തകള്‍. ആഴ്ചയിലെ ആറു ദിവസവും പത്ത് മുപ്പത് കിലോമീറ്റര്‍ ചുറ്റളവില്‍ ആറു സ്ഥലത്തായി ചന്തകളുണ്ടാകും. വെള്ളിയാഴ്ച മലബാര്‍ പ്രദേശത്ത് പ്രത്യേകിച്ച് മുസ്ലിം കേന്ദ്രീകൃത മേഖലകളില്‍  കടകള്‍ അടവാകും. ചന്തയും ഉണ്ടാകാറില്ല. മസ്ജിദുകളില്‍ കൂട്ടപ്രാര്‍ത്ഥനാ ദിവസമായതിനാല്‍ കടലോരത്തെ  മല്‍സ്യത്തൊഴിലാളികളും നാട്ടിന്‍പുറത്തെ കൂലിത്തൊഴിലാളികളും അന്നേ ദിവസം പണിക്കു പോകാറില്ല. ഇന്ന് അതൊക്കെ മാറി. ഇടനിലക്കാരും ഭീമന്‍മാരും ചേര്‍ന്ന് ആഴ്ചച്ചന്തകളുടെ കഴുത്ത് ഞെരിച്ചു കൊന്നു. 

അബ്​ദുറഹിമാൻ കുട്ടി
അബ്​ദുറഹിമാൻ കുട്ടി

തിരൂരിലെ ചന്ത ദിവസമായ ഞായറാഴ്ച വരാന്‍ ഞാന്‍ കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരിക്കും.  അടുത്ത ഒരാഴ്ചത്തേക്ക് സിനിമ കാണാനുള്ള പണം സമ്പാദിക്കാനുള്ള ഏക വഴിയാണ് ചന്ത ദിവസം. മറ്റെല്ലാത്തിനും വല്ലിമ്മ പണം തരും. സിനിമയ്ക്ക് പോകാനാണെന്നു പറഞ്ഞാല്‍ ഒരു ചില്ല് തരില്ല. എനിക്കാണെങ്കില്‍ ആഴ്ചയില്‍ മൂന്ന് തിയേറ്ററുകളില്‍ നിന്നായി (സെന്‍ട്രല്‍, ചിത്രസാഗര്‍, പീപ്പിള്‍സ്) ഓരോ സിനിമയെങ്കിലും കാണണം. ഞായറാഴ്ച ചന്തയ്ക്കു പോയി സാധനങ്ങള്‍ വാങ്ങാന്‍ തരുന്ന പൈസയില്‍നിന്ന് ഓരോ ഐറ്റത്തിനും  ഒന്നോ രണ്ടോ രൂപ കൂട്ടി ബില്ലുണ്ടാക്കി വല്ലിമ്മാക്ക് കൊടുക്കും. ദിവസവും മത്സ്യം വില്‍ക്കാന്‍ വീട്ടിലെത്താറുള്ള 'മീന്‍കാരന്‍ തന്ത'യോട് വല്ലിമ്മ സാധനങ്ങളുടെ വിലയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഞാന്‍ മാറിനിന്ന് ഊറിച്ചിരിക്കും. പാവം വല്ലിമ്മ. ഒരാളാലും പറ്റിക്കപ്പെടാത്ത അവര്‍ എന്നാല്‍ മാത്രം പറ്റിക്കപ്പെട്ടുവെന്നാണ് ഞാന്‍ ഊറ്റംകൊണ്ടത്. കോളേജില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരെ ഉച്ചയ്ക്ക് ചോറുണ്ണാന്‍ തിരൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകും. ചങ്ങാതിമാരുമൊത്തുള്ള വരവ് വല്ലിമ്മാക്ക് വലിയ ഇഷ്ടമാണ്. മൈമൂന താത്തയും നുസൈബത്തമ്മായിയും നീരസം പ്രകടിപ്പിച്ചതുമില്ല. ഒരു ദിവസം എന്റെ കൂടെ ഭക്ഷണം കഴിക്കാന്‍ സ്നേഹിതന്‍ അസീസാണ് വന്നത്. ഭക്ഷണം കഴിച്ച് കുറച്ചുസമയം അവനുമായി വല്ലിമ്മ സംസാരിച്ചു. പഠിത്തത്തിന്റെ കാര്യവും പ്രസംഗത്തിനു പോകുന്ന കാര്യവും എല്ലാം ചര്‍ച്ചയ്ക്കിടയില്‍ കയറിവന്നു. ഇടയ്‌ക്കെപ്പോഴോ വല്ലിമ്മ ഇളം ചിരിയോടെ പറഞ്ഞു: ''ഓന്‍ വിചാരിക്കും, ഓന് ന്നെ പറ്റിക്ക്ണത് ഞാനറിണ്ല്യാന്ന്. ഓരോ ഞായറാഴ്ചയും പത്തും പതിനഞ്ചും രൂപ കള്ളക്കണക്കുണ്ടാക്കി ഓന്‍ പൂത്ത്ണത് ഇനിക്കറിയാം. എന്തായാലും ഓന്‍ നന്നായാമതി.'' സ്നേഹത്തിന്റെ ആ എവറസ്റ്റ് കൊടുമുടിയെ ഓര്‍ത്ത് ഇപ്പോഴും ഒറ്റയ്ക്കിരുന്ന് ഞാന്‍ കണ്ണീര്‍ വാര്‍ക്കാറുണ്ട്. ജീവിതത്തില്‍ ഞാന്‍ പൈസ പറ്റിച്ചത് വല്ലിമ്മയെ മാത്രമാണ്. കടം വാങ്ങിയ വകയില്‍ പോലും ഒരാള്‍ക്കും ഒന്നും ഞാന്‍ കൊടുക്കാനില്ല. മറ്റൊരാളേയും പണത്തിനു ഞാന്‍ ആശ്രയിക്കരുതെന്നു കരുതിയാകുമോ അറിഞ്ഞിട്ടും എന്റെ പറ്റിക്കപ്പെടലിനു വല്ലിമ്മ നിന്നുതന്നത്? ആണെന്നാണ് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നത്.

കോളേജ് വിട്ടാല്‍ ഉച്ചഭക്ഷണത്തിനു വീട്ടിലെത്തും. വല്ലിമ്മ വിളമ്പിത്തരുന്നത് കഴിക്കാന്‍ അത്രയ്ക്ക് ഇഷ്ടമായിരുന്നു. അഞ്ചു മണിയോടെ തിരൂര്‍ ടൗണിലേക്കു പോകും. സിറ്റി ഹോട്ടലാണ് ഞങ്ങളുടെ സംഗമ സ്ഥലം. സിറ്റി ഹാജിയുടെ മകന്‍ അബ്ദുറഹിമാന്‍ കുട്ടി എന്റെ സമകാലികരായ പി.എസ്.എം.ഒ സുഹൃത്തുക്കളുടെ കോമണ്‍ ഫ്രണ്ടാണ്. അദ്ദേഹം ഞങ്ങളെപ്പോലുള്ളവരുടെ അഭ്യുദയകാംക്ഷിയുമാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവാണ് അബ്ദുറഹിമാന്‍ കുട്ടി. പല പത്രങ്ങളുടേയും ലേഖകനായും പ്രവര്‍ത്തിച്ചിരുന്നു. സിമിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് ചെറിയ സെമിനാറുകള്‍ക്ക് ഞങ്ങള്‍ ഒരുമിച്ചാണ് ക്ഷണിക്കപ്പെടാറ്. പലപ്പോഴും അദ്ദേഹത്തിന്റെ കൂടെ ഒരുമിച്ചാണ് യോഗങ്ങള്‍ക്കു പോവുക. അക്കൂട്ടത്തില്‍ പൊയ്ലിശ്ശേരിയില്‍വെച്ച് നടന്ന സെമിനാര്‍ ശ്രദ്ധേയമാണ്. ഒരു കോണ്‍ഗ്രസ് അനുകൂല ക്ലബ്ബാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. അബ്ദുറഹ്മാന്‍കുട്ടി മുഖേന തിരൂരില്‍ ഒരുപാട് ആളുകളുമായി പരിചയം സ്ഥാപിക്കാനായി. പ്ലൈവുഡ് വ്യാപാരി സയ്യിദ് അലവി തങ്ങള്‍, തിരൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ പി.എ. ബാവ, റവ സ്റ്റോര്‍ ഉടമ ലത്തീഫ് കുന്നത്ത്, സലാം പറവണ്ണ, അബ്ബാസലി, അലിക്കുട്ടി തുടങ്ങിയവരൊക്കെ എനിക്ക് പരിചിത മുഖങ്ങളാകുന്നത് സിറ്റി അബ്ദുറഹ്മാനിലൂടെയാണ്. തിരൂര്‍ എന്റെ ജന്മദേശമാണെങ്കിലും തിരൂരങ്ങാടി കോളേജിലേക്ക് ഉമ്മാന്റെ വീട്ടില്‍നിന്നു പോകാന്‍ തുടങ്ങിയതോടെയാണ് തുഞ്ചന്റെ മണ്ണില്‍ നല്ലൊരു സുഹൃദ് വലയം ഉണ്ടായത്. ഫിറോസ് ബാബു, ലില്ലി ഗഫൂര്‍, സി.വി. ബഷീര്‍, നന്ദന്‍ ഇസ്മായില്‍, ലത്തീഫ്, സുഷമ, സക്കീര്‍ ഹുസൈന്‍, ശ്രീകുമാര്‍, സാബിര്‍, നൗഷാദ് അങ്ങനെ പോകുന്നു ആ പട്ടിക. ഇവരെല്ലാം ഇന്ന് പല മേഖലകളില്‍ അറിയപ്പെടുന്നവരാണ്.

സിവി ബഷീർ
സിവി ബഷീർ

തിരൂരിലെ സാംസ്‌കാരിക പരിപാടികളില്‍ പലതിലും ഞാന്‍ അക്കാലത്ത് സാന്നിദ്ധ്യമറിയിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഗുരു നിത്യചൈതന്യ യതി തിരൂരിലെത്തിയത് ഹരിതാഭമായ ഓര്‍മ്മയാണ്. ബോയ്സ് സ്‌കൂളിലാണ് ചടങ്ങ് നടന്നത്. കയ്യില്‍ കിട്ടിയ യതിയുടെ പുസ്തകങ്ങളെല്ലാം ആര്‍ത്തിയോടെ വായിക്കുന്ന പ്രായം. ഖലീല്‍ ജിബ്രാന്‍ എന്റെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത് ഗുരുവിന്റെ രചനകളിലൂടെയാണ്. ദൈവസങ്കല്പം ആത്മഹര്‍ഷം നല്‍കുന്ന അനുഭൂതിയാണെന്ന യതിയുടെ കാഴ്ചപ്പാട് വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ ചിന്തയില്‍ ഇടം നേടി. ദൈവം മനുഷ്യനായും മൃഗമായും കാറ്റായും പുഴയായും ശലഭമായും മഴയായും വെയിലായും പക്ഷികളായും പുഴുവായും നമ്മുടെ സമീപമെത്തുന്നുവെന്ന ജീവിതാനുഭവങ്ങളെ സാക്ഷിയാക്കിയുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം എന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നു. ബഹുസ്വരതയുടെ വര്‍ണ്ണഭംഗി ആസ്വദിക്കാന്‍ ഗുരുവിന്റെ യാത്രാവിവരണങ്ങളിലൂടെ സഞ്ചരിച്ചാല്‍ മതി. സിമിക്കാരനായിരുന്ന എന്റെ മനസ്സില്‍ ഏകസ്വര സൗന്ദര്യത്തെക്കാള്‍ ചേലുള്ളതാണ് ബഹുസ്വര സൗകുമാര്യമെന്നു ബോദ്ധ്യപ്പെടുത്തിയത് നിത്യചൈതന്യന്റെ രചനകളാണ്. സഹോദര മതദര്‍ശനങ്ങള്‍ പഠിക്കാന്‍ പ്രേരണയായതും യതിയുടെ കാന്തശക്തിയുള്ള വാക്കുകളുടെ ചൂടേറ്റാണ്. കുറച്ചു വൈകിയാണ് പരിഷത്തിന്റെ സമ്മേളനത്തിന് എത്തിയത്. ഓടിക്കിതച്ച് സദസ്സിലെത്തുമ്പോള്‍ കേട്ട വാചകം ഇപ്പോഴും എന്റെ ഇരുചെവികളിലും പ്രകമ്പനം കൊള്ളാറുണ്ട്. ''ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു രഹസ്യ കാമുകനാണ് ഞാന്‍.'' പിന്നീട് വാക്കുകളുടെ അനര്‍ഗളമായ പ്രവാഹമായിരുന്നു. മരിക്കുന്നതിനു മുന്‍പ് നേരില്‍ കാണണമെന്നുണ്ടായിരുന്നു ആ മഹര്‍ഷിയെ. നടന്നില്ല. അബ്ദുസമദ് സമദാനി ഗുരു നിത്യചൈതന്യയുമൊത്ത് ചെലവിട്ട ദിവസങ്ങള്‍ ഓര്‍മിക്കുന്നത് കേട്ട് നിര്‍വൃതി കൊള്ളാനേ എനിക്കായുള്ളൂ.

സഖാവ് ഇ.എം.എസിന്റെ പ്രസംഗം നേര്‍ക്കുനേര്‍ ആദ്യമായും അവസാനമായും കേട്ടതും തിരൂരില്‍ വെച്ചാണ്. മാര്‍ക്കറ്റില്‍ പോയി മത്സ്യം വാങ്ങി വരുമ്പോള്‍ ഗുഡ്സ് ഷെഡ് റോഡില്‍ കോഹിനൂര്‍ ലോഡ്ജിനു മുന്നില്‍ സി.പി.ഐ.എമ്മിന്റെ സമ്മേളനം നടക്കുന്നു. ഇ.എം.എസാണ് പ്രസംഗിക്കുന്നത്. നല്ല ആള്‍ക്കൂട്ടമുണ്ട്. വികാരവിക്ഷോഭങ്ങളൊന്നുമില്ലാത്ത മിതത്വപൂര്‍ണ്ണമായ പ്രഭാഷണം. ചെകിട് അടപ്പിക്കുന്ന ശബ്ദഘോഷങ്ങളുമില്ല. നിന്ന നില്‍പ്പില്‍ അത്യാവശ്യത്തിനു മാത്രം കൈകള്‍ ചലിപ്പിച്ച് തലകുലുക്കി കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ പറയുന്നു. എഴുത്തിലെ സങ്കീര്‍ണ്ണ ഭാഷയൊന്നും പ്രസംഗത്തിലില്ല. ലീഗിനെ കളിയാക്കിയുള്ള  പ്രസംഗ ഭാഗമെത്തിയപ്പോള്‍ ആളുകള്‍ കയ്യടിച്ചു. പ്രസംഗം തീരാന്‍ നിന്നില്ല. കയ്യില്‍ മത്സ്യമാണ്. സമയത്തെത്തിയില്ലെങ്കില്‍ ചീയും. അങ്ങനെയെങ്ങാനും സംഭവിച്ചാല്‍ വല്ലിമ്മാന്റെ നാവില്‍ നിന്ന് പുളിച്ച ചീത്ത കേള്‍ക്കേണ്ടിവരും. അതു ഭയന്ന് മനമില്ലാ മനസ്സോടെ കോഴിമുട്ടക്കടയും കടന്ന് വീട്ടിലേക്ക് വേഗത്തില്‍ നടന്നു.

ലില്ലി ​ഗഫൂർ
ലില്ലി ​ഗഫൂർ

കോളേജില്‍നിന്നു വരുമ്പോള്‍ ബസിറങ്ങി മിക്കപ്പോഴും ബസ്സ്റ്റാന്റിലെ 'ഇന്‍ഡോ അറബ് ബുക്സ്റ്റാളി'ല്‍ കയറും. പ്രശസ്ത പണ്ഡിതന്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ് മദനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണത്. അദ്ദേഹത്തിന്റെ മകന്‍ കോളേജില്‍ എന്റെ ജൂനിയറായി പഠിച്ചിരുന്നു. പുസ്തകങ്ങള്‍ മറിച്ച് നോക്കുന്നവരോട് നല്ല താല്പര്യമായിരുന്നു അദ്ദേഹത്തിന്. പേരും വിലാസവുമൊക്കെ ചോദിച്ചറിയും. മുജാഹിദ് വിഭാഗക്കാരനായ ചെറിയമുണ്ടത്തിന്റെ എഴുത്തും പ്രസംഗവും എനിക്കിഷ്ടമാണ്. യുക്തിഭദ്രമാണ് ഹമീദ് മദനിയുടെ അവതരണം. മറ്റു പല മുജാഹിദ് പണ്ഡിതന്മാരേയും പോലെ പരുഷമായിരുന്നില്ല അദ്ദേഹത്തിന്റെ ശൈലി. മുസ്ലിങ്ങള്‍ക്കിടയിലെ എം.എന്‍. വിജയന്‍ മാഷ് എന്നാണ് എനിക്ക് അദ്ദേഹത്തെക്കുറിച്ച് തോന്നിയത്. പ്രസംഗത്തിലും എഴുത്തിലും നീണ്ട വാചകങ്ങളാണ് മദനി ഉപയോഗിച്ചത്. എന്തിനെ സംബന്ധിച്ച് ചോദിച്ചാലും അദ്ദേഹത്തിന്റെ കയ്യില്‍ ഉത്തരമുണ്ടാകും. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും മാധ്യമം ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ സാഹിബും കെ.ടി. മാനു മുസ്ല്യാരുമാണ് ഇസ്ലാമിക പണ്ഡിതന്മാര്‍ക്കിടയിലെ ബുദ്ധിജീവികളെന്ന വിശേഷണത്തിന് അര്‍ഹര്‍. മൂവരും പാണ്ഡിത്യത്തിലും ചിന്തയിലും പ്രഭാഷണത്തിലും സമാനതകള്‍ പുലര്‍ത്തിയവരാണ്. എന്നാല്‍, ഇസ്ലാമിലെ മൂന്ന് വ്യത്യസ്ത സ്‌കൂള്‍ ഓഫ് തോട്ടിനെയാണ് അവരോരുത്തരും പ്രതിനിധാനം ചെയ്തത് (സുന്നി-മുജാഹിദ്-ജമാഅത്ത്). മുതിര്‍ന്നപ്പോള്‍ ഹമീദ് മദനിയോടൊപ്പം പല വേദികളും പങ്കിട്ടിട്ടുണ്ട്. അദ്ദേഹം പങ്കെടുക്കുന്ന ചടങ്ങാണെങ്കില്‍ നന്നായി ഗൃഹപാഠം ചെയ്തേ പോകാറുള്ളൂ. പല പുസ്തകങ്ങളുടേയും പ്രസക്ത ഭാഗങ്ങള്‍ അദ്ധ്യായം നോക്കി വായിച്ചത് അവിടെ വെച്ചാണ്. പൈസ കൊടുത്ത് പുസ്തകം വാങ്ങി വായിക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് ഒരു വായനശാല കൂടിയായിരുന്നു തിരൂര്‍ ബസ്സ്റ്റാന്റിലെ ഇന്‍ഡോ അറബ് ബുക്ക് ഹൗസ്.

എൻ ദാമോദരൻ
എൻ ദാമോദരൻ

ക്യാംപസ് ജീവിതവും രാഷ്ട്രീയവും

പ്രൗഢിയും ലാളിത്യവും ഒരുമിച്ചു ചേരുന്ന അന്തരീക്ഷം വിരളമാകും. അത്തരമൊരു അപൂര്‍വ്വ സംഗമം ഞാന്‍ കണ്ടതും അനുഭവിച്ചതും തിരൂരങ്ങാടി പി.എസ്.എം.ഒ കാമ്പസിലാണ്. എല്ലാ ദിവസവും യത്തീംഖാനയുടെ പ്രധാന കവാടം കടന്നാണ് പള്ളിയിലേക്കുള്ള യാത്ര. അനാഥരോട് കരുണ കാണിക്കാന്‍ അനുശാസിക്കാത്ത പ്രവാചകന്‍മാരില്ല. ഒരിക്കല്‍ ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തിക്കാണിച്ച്  മുഹമ്മദ് നബി പറഞ്ഞത് ''ഈ രണ്ട് വിരലുകള്‍ പോലെ അടുത്തായിരിക്കും ഞാനും അനാഥരെ സംരക്ഷിക്കുന്നവരും'' എന്നാണ്. ആരോരുമില്ലാത്തവരുടെ പ്രാര്‍ത്ഥന ദൈവം പെട്ടെന്ന് സ്വീകരിക്കുമെന്ന് മതഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നു. കേരളത്തില്‍ മുസ്ലിം സമുദായ സംഘടനകള്‍ നിരവധി യത്തീംഖാനകള്‍ നടത്തുന്നുണ്ട്. സാമ്പത്തികശേഷിയുള്ള സമുദായാംഗങ്ങള്‍ നിര്‍ലോഭം ഇത്തരം സംരംഭങ്ങളെ സഹായിച്ചു. ഒരു രൂപ കോഴപ്പണം ഇല്ലാതിരുന്നിട്ടുകൂടി കോളേജിനോടു ചേര്‍ന്ന അനാഥാലയത്തിന് ഒരു പ്രയാസവും ഉണ്ടായില്ല. റംസാന്‍ കാലത്ത് സംഭാവനയായി വരുന്ന മണിയോര്‍ഡറില്‍ ഒപ്പിട്ട് കൈ കുഴഞ്ഞ അനുഭവം സ്ഥാപന ഭാരവാഹികള്‍ പങ്കുവെച്ചത് ഓര്‍മ്മയിലുണ്ട്. നാനാജാതി മതസ്ഥര്‍ അനാഥാലയത്തിനു സംഭാവന നല്‍കി.

ഇഎംഎസ്
ഇഎംഎസ്

ചെറിയ ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ ഗ്രൗണ്ടില്‍ ഓടിക്കളിക്കുന്നതു കാണുമ്പോള്‍ അറിയാതെ മനസ്സ് തേങ്ങി. ബാല്യത്തിലേ പിതാവ് നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രതീക്ഷകളുടെ ചിറകുകളാണ് നഷ്ടമാകുന്നത്. അവരുടെ മുന്നില്‍ ഇരുട്ട് നിറയുക സ്വാഭാവികം. കുടുംബ ഭാരം മുഴുവന്‍ അക്കാലത്ത് ഒറ്റക്ക് ചുമന്നത്  ഗൃഹനാഥന്‍മാരാണ്. മുസ്ലിം സമുദായത്തില്‍ സ്ത്രീകള്‍ പുറം ജോലിക്കു പോവുക പൊതുവെ കുറവായിരുന്നു. ഭര്‍ത്താവിന്റെ നിഴലില്‍ ഒതുങ്ങിക്കൂടാനായിരുന്നു അവര്‍ക്കിഷ്ടം. താങ്ങ് നഷ്ടപ്പെടുമ്പോള്‍ സമ്പന്നരുടെ അടുക്കളയാകും മക്കളെ പോറ്റാന്‍ ആശ്രയം. പിന്നീട് മക്കള്‍ വളര്‍ന്നു വലുതാകുമ്പോഴാണ് അവര്‍ക്കൊരു വിശ്രമം കിട്ടുക. എന്റെ മൂത്താപ്പ മരിച്ചതിനാല്‍ അവരുടെ മക്കളെ കോഴിക്കോട് ജെ.ഡി.റ്റി ഓര്‍ഫനേജിലാണ് കൊണ്ടു പോയാക്കിയത്. വേറൊരു മൂത്താപ്പയും നേരത്തെ മരണപ്പെട്ടു. അവര്‍ക്ക് രണ്ട് പെണ്‍മക്കളും കണ്ണുകാണാത്ത ഒരു മകനുമാണ് ഉണ്ടായിരുന്നത്. അവരുടെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതം ഇന്നും കണ്‍മുന്നിലുണ്ട്. ഉപ്പയുടെ ചെറിയ പെങ്ങളുടെ ഭര്‍ത്താവ് കല്യാണം കഴിഞ്ഞ് ഒരു കുട്ടിയായ ഉടനെ മരിച്ചു. അവരെ രണ്ടാമതും വിവാഹം കഴിച്ചു. രണ്ട് കുട്ടികളെ പ്രസവിച്ചപ്പോള്‍ ആ ഭര്‍ത്താവും മരിച്ചു. മക്കളായ ശൈഖിനേയും ഷാഫിയേയും മാളുക്കുട്ടിയേയും നന്നേ ചെറുപ്പത്തില്‍ ജെ.ഡി.റ്റി യത്തീംഖാനയിലാണ് കൊണ്ടുപോയി ചേര്‍ത്തത്. അമ്മായിയെ അവസാനം വിവാഹം കഴിച്ചത് വൃദ്ധനായ ഒരാളാണ്. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ അദ്ദേഹവും മരിച്ചു. ''ഖദീജായ്ക്ക് ഭര്‍ത്താവ് ഇരിക്കൂല'' എന്ന് കുടുംബത്തിലെ പ്രായമുള്ളവര്‍ പറയുന്നത് അശ്രദ്ധമായി ഞാന്‍ ശ്രവിച്ചു. പലപ്പോഴും കുഞ്ഞമ്മായി നമസ്‌കാരപ്പായയില്‍ ഇരുന്ന് കണ്ണീരൊഴുക്കുന്നത് ഹൃദയവേദനയോടെ മറഞ്ഞുനിന്ന് കണ്ടത് മണ്ണോടു ചേര്‍ന്നാലും മായില്ല. എന്റെ കണ്ണുകളേയും അത് ഈറനണിയിച്ചു. ഇതുകൊണ്ടൊക്കെയാവാം തിരൂരങ്ങാടി ഓര്‍ഫനേജും അവിടുത്തെ അന്തേവാസികളും ഒരു നീറ്റലായി മനസ്സിനെ മഥിച്ചത്.

 പരീക്ഷാക്കാലത്ത് കാമ്പസിലെ പള്ളിയിലെ പ്രാര്‍ത്ഥനയ്ക്ക് വേഗം കൂടും. സാധാരണ വെള്ളിയാഴ്ചകളിലെ കൂട്ട നമസ്‌കാരത്തിന് പ്രസംഗമുള്‍പ്പെടെ അരമുക്കാല്‍ മണിക്കൂര്‍ എടുക്കും. എന്നാല്‍, പരീക്ഷാ സമയത്ത് പത്തോ പതിനഞ്ചോ മിനിട്ടിനുള്ളില്‍ എല്ലാം ഒതുങ്ങും. ഐദ്ത് തങ്ങള്‍ അക്കാര്യത്തില്‍ കാണിച്ച മാതൃക ലോകാവസാനം വരെ പ്രസക്തമാണ്. വിദ്യാര്‍ത്ഥികള്‍ സ്ഥിരമായി പ്രാര്‍ത്ഥനയ്‌ക്കെത്തുന്ന മസ്ജിദുകളിലെ ഇമാമുമാര്‍ ഐദീത് തങ്ങളെ അനുകരിച്ചാല്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്പെടും. വിഷയങ്ങളെ ഇത്രമേല്‍ സംഗ്രഹിച്ച് പറയുന്ന ഒരാളെ വേറെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ വെള്ളിയാഴ്ച പ്രഭാഷണം കേള്‍വിക്കാര്‍ക്ക് ഒരു പുതിയ അറിവെങ്കിലും നല്‍കും. അലങ്കാരങ്ങളില്ലാത്ത സംക്ഷിപ്തമായ ഐദീത് തങ്ങളുടെ സംസാരശൈലി ആകര്‍ഷണീയമാണ്. പില്‍ക്കാലത്ത് പല ജുമുഅ ഖുതുബകള്‍ (പ്രഭാഷണങ്ങള്‍) കേട്ടപ്പോഴും അദ്ദേഹത്തെ ഞാന്‍ അഭിമാനത്തോടെ ഓര്‍ത്തിട്ടുണ്ട്. ചിലയിടങ്ങളിലെങ്കിലും അതിവൈകാരിക ഭാഷണങ്ങള്‍ പള്ളി മിമ്പറുകളില്‍ (പ്രസംഗപീഠം) നിന്ന് കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. മന്ത്രിയായിരിക്കെ യാത്രാമദ്ധ്യേ ഒരു പള്ളിയില്‍ ജുമുഅ നമസ്‌കാരത്തിനു (കൂട്ട പ്രാര്‍ത്ഥന) കയറി. കേട്ടാല്‍ ചെവി പൊത്തുന്ന ആക്രോശമാണ് അവിടെ നടന്നത്. ഭക്തിയുടെ ഒരു തരിമ്പും അതിലുണ്ടായിരുന്നില്ല. എന്റെ ഗണ്‍മാന്‍ പ്രജീഷ് മസ്ജിദിന്റെ വാതില്‍ക്കല്‍ തന്നെ നിന്നിരുന്നു. ഇതെല്ലാം കേട്ട് അവനെന്ത് കരുതും എന്നാണ് ഞാന്‍ ചിന്തിച്ചത്. ഇസ്ലാം പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടത് അവിവേകികളായ ചില മുസ്ലിം പ്രഭാഷകരുടെ നാവിലൂടെയും തൂലികയിലൂടെയുമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

നിത്യചൈതന്യ യതി
നിത്യചൈതന്യ യതി

റസാഖ് സുല്ലമി സാറിന്റെ അറബിക് ക്ലാസ്സുകള്‍ നല്ല നിലവാരം പുലര്‍ത്തി. ശാസ്ത്രസൂചനകളും പരാമര്‍ശങ്ങളും സൂക്ഷ്മമായി വിലയിരുത്തിയാല്‍ എല്ലാ വേദഗ്രന്ഥങ്ങളിലും കാണാനാകും. ഖുര്‍ആനിലെ അത്തരം സൂക്തങ്ങള്‍ ഞങ്ങള്‍ക്കു പരിചയപ്പെടുത്തിയത് റസാഖ് സുല്ലമിയാണ്. ആരോടും നീരസപ്പെടാത്ത അദ്ദേഹത്തിന്റെ സ്വഭാവം എടുത്തുപറയത്തക്കതാണ്. എന്‍.ഡി. സാറെന്ന് സ്നേഹത്തോടെ കുട്ടികള്‍ വിളിച്ച ദാമോദരന്‍ സാര്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലെ മികച്ച അദ്ധ്യാപകനാണ്. വിദ്യാര്‍ത്ഥികളോട് അടുത്ത ബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹം ഓരോരുത്തരുടേയും ഉള്ളറിഞ്ഞാണ് ക്ലാസ്സ് എടുത്തത്. സ്പോര്‍ട്സ് ഡേക്ക് പതിവായി അനൗണ്‍സ് ചെയ്തതും അദ്ദേഹമാണ്. കോളേജ് ഡേക്കും മുഴങ്ങിക്കേള്‍ക്കാറ് എന്‍.ഡി. സാറിന്റെ ശബ്ദമാണ്. ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി അങ്ങാടിയില്‍ ഞാന്‍ ഒരു പ്രസംഗം നടത്തി. കേള്‍വിക്കാരുടെ മുന്നില്‍ ദാമോദരന്‍ സാര്‍ ഉണ്ടായിരുന്നു. ആര്‍.എസ്. ശര്‍മയും റൊമീലാ ഥാപ്പറും ഡോ. കെ.എന്‍. പണിക്കരുമെല്ലാം എന്റെ നാവിന്‍ തുമ്പിലൂടെ കടന്നുപോയി. പിറ്റേ ദിവസം കോളേജില്‍വെച്ച് കണ്ടപ്പോള്‍ സാറെന്നെ വരാന്തയില്‍ കുട്ടികളുടെ മുന്നില്‍വെച്ച് അഭിനന്ദിച്ചു. പാലക്കാട് ജില്ലയിലെ തമിഴ് ചുവയുള്ള ഗ്രാമത്തിലാണ് അദ്ദേഹത്തിന്റെ വീട്. റിട്ടയര്‍മെന്റ് കഴിഞ്ഞ് അധികനാളാകുന്നതിനു മുന്‍പ് സാര്‍ മരിച്ചു. പെട്ടെന്നായിരുന്നു അന്ത്യം. കോളേജില്‍നിന്ന് ഞങ്ങളെല്ലാം പോയിരുന്നു. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ കെ.ഇ. ഇസ്മായിലും എത്തിയിരുന്നു. ഇടതുപക്ഷ രാഷ്ട്രീയമാണ് അദ്ദേഹത്തിന്റേതെന്ന് അറിയാമായിരുന്നെങ്കിലും അദ്ദേഹമൊരു സി.പി.ഐക്കാരനാണെന്ന് അറിഞ്ഞത് അപ്പോഴാണ്. കോളേജിലെ സഹപ്രവര്‍ത്തകര്‍ക്ക് അതറിയാമായിരുന്നു. എന്നാല്‍, ഞങ്ങള്‍ അതേക്കുറിച്ച് അറിഞ്ഞതേയില്ല. അത്രമാത്രം വിവേചനരഹിതമായാണ് അദ്ദേഹം വിദ്യാര്‍ത്ഥികളോട് പെരുമാറിയത്.

ചെറിയമുണ്ടം അബ്​ദുൽഹമീദ് മദനി
ചെറിയമുണ്ടം അബ്​ദുൽഹമീദ് മദനി

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കാമ്പസിലെ രാഷ്ട്രീയപ്പോര് അവസാനിക്കും. പിന്നെ വിദ്യാര്‍ത്ഥി ഐക്യത്തിന്റെ നാളുകളാണ്. കലാമത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് ഒറ്റ മനസ്സോടെയാണ്. 

അബ്ബാസ് സാര്‍ ഇടതുപക്ഷാനുകൂലിയാണെങ്കിലും എം.എസ്.എഫ് യൂണിയന്‍ സ്റ്റാഫ് അഡ്വൈസറായി അദ്ദേഹത്തെ തന്നെയാണ് തെരഞ്ഞെടുക്കുക. പ്രതിഭകളെത്തേടി അബ്ബാസ് സാറും ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയും ചേര്‍ന്നുള്ള ഒരിറക്കമുണ്ട്. ഒരു മൂളിപ്പാട്ട് ആരെങ്കിലും പാടുന്നതു കേട്ടാല്‍ അവരെ പിടികൂടും. എന്നെ പ്രസംഗമത്സരത്തില്‍ പങ്കെടുപ്പിക്കാന്‍ അദ്ദേഹം ഒരുപാട് ശ്രമിച്ചു. എനിക്കാണെങ്കില്‍ കഴിവ് മാറ്റുരയ്ക്കാന്‍ വലിയ മടിയും. മൂന്ന് കൊല്ലം ഞാന്‍ അദ്ദേഹത്തില്‍നിന്നു രക്ഷപ്പെട്ടു. പക്ഷേ, നാലാം വര്‍ഷം എന്നെ പിടികൂടി സ്റ്റേജിലെത്തിച്ചു. എസ്.എഫ്.ഐ നേതാവ് മാത്യു സിറിയയ്ക്കും മത്സരാര്‍ത്ഥിയായി ഉണ്ടായിരുന്നു. കോളേജ് തല മത്സരത്തില്‍ മാത്യുവും ഞാനും ഒന്നാം സ്ഥാനം പങ്കിട്ടു. സി സോണിലും ഞങ്ങള്‍ ഒരുമിച്ച് ഒന്നാം സ്ഥാനക്കാരായി. രണ്ട് ഫസ്റ്റ് കിട്ടിയാല്‍ 10 പോയിന്റാണ് കിട്ടുക. കണ്ണൂരില്‍വെച്ച് ഇന്റര്‍ സോണ്‍ നടക്കുന്നു. സി സോണില്‍ പി.എസ്.എം.ഒ അവതരിപ്പിച്ച 'പ്രിട്ടോറിയ ഒക്ടോബര്‍ 18' എന്ന മലയാള നാടകത്തിന് ഒന്നാം സ്ഥാനം കിട്ടി. കര്‍ട്ടനു പിന്നില്‍ നിന്നുള്ള അനൗണ്‍സ്മെന്റിനു പ്രാമുഖ്യമുള്ള നാടകമാണത്. പിന്നണിയിലെ അനൗണ്‍സര്‍ ഞാനായിരുന്നു. കണ്ണൂര്‍ നാടകത്തിന്റെ നാടാണ്. കാണികള്‍ അഭിനേതാക്കളുടെ ഓരോ ചലനവും സംഭാഷണവും ശ്രദ്ധിക്കും. നാടകം ഗംഭീരമായി മുന്നേറുകയാണ്. അനൗണ്‍സ്മെന്റ് ഞാന്‍ ഉഷാറാക്കി. ജയില്‍ മുക്തനായി വരുന്ന ജേതാവിനോട് ഒരു പത്രക്കാരന്‍ പേരു ചോദിക്കുന്ന അവസാന രംഗത്തേക്ക് കടന്നു. അതോടെ നാടകം തീരുകയാണ്. പത്രക്കാരന്റെ വേഷത്തില്‍ വന്ന സുഹൃത്ത് 'മുഴുവന്‍ പേര്' എന്നതിനു പകരം മലപ്പുറം സ്ലാങ്ങില്‍ 'മുയ്മന്‍ പേര്' എന്നാണ് ചോദിച്ചത്. ഇതുകേട്ട കാണികള്‍ കൂകിവിളിച്ചു. ഒന്നാം സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ച നാടകത്തിന് ആ ഒരൊറ്റ കാരണംകൊണ്ട് ഒന്നും കിട്ടിയില്ല. ഞങ്ങളുടെ അദ്ധ്വാനം വിഫലമായി. വലിയ പ്രതീക്ഷയില്ലാതെ പോയ ഹിന്ദി നാടകത്തിന് ഒന്നാം സ്ഥാനം കിട്ടുകയും ചെയ്തു. അവര്‍ നന്നായി ചെയ്തു. കോളേജില്‍ പഠിക്കുമ്പോള്‍ അല്പസ്വല്പം മദ്യം സേവിക്കുന്ന ദിനങ്ങളാണ് സി സോണ്‍, ഇന്റര്‍ സോണ്‍ കലോത്സവ നാളുകള്‍. കണ്ണൂരില്‍വെച്ച് ഒരു പെഗ്ഗടിക്കാന്‍ കൂട്ടുകാര്‍ എന്നെ ഒരുപാട് നിര്‍ബ്ബന്ധിച്ചു. വെറുതെ ഒരു രസത്തിന്. റൂമിലുണ്ടായിരുന്ന എല്ലാവരും കുറേശ്ശെ സേവിച്ചു. ഐക്യദാര്‍ഢ്യത്തിനുവേണ്ടി മാത്രം ഒരു ഗ്ലാസ്സില്‍ ഇത്തിരി ഒഴിച്ച് കൂട്ടുകാരന്‍ എന്റെ കയ്യില്‍ തന്നു. ഞാനത് കൈ കൊണ്ടെടുത്ത് ചുണ്ടോളം ഉയര്‍ത്തി. ഒരുള്‍വിളിപോലെ പെട്ടെന്ന് എന്റെ കൈകള്‍ നിശ്ചലമായി. കുടിക്കാതെ ഞാന്‍ ഗ്ലാസ്സ് താഴെ വെച്ചു. എല്ലാവരും എന്നെ കളിയാക്കി. ജീവിതത്തില്‍ ഒരിക്കലും മദ്യം കഴിക്കാത്തവരുടെ പട്ടികയില്‍ അങ്ങനെ ഞാനും കടന്നുകൂടി. ആ പദവി നഷ്ടപ്പെടുമായിരുന്ന സാഹചര്യം ഒഴിവാക്കാനായ ചുണ്ടിനും ഗ്ലാസ്സിനുമിടയില്‍ നിലച്ചുപോയ നിമിഷത്തെ ഓര്‍ത്ത് പില്‍ക്കാലത്ത് ചിരിക്കുകയും ഗൗരവപ്പെടുകയും ചെയ്തിട്ടുണ്ട്. 

കെടി മാനു മുസ്ല്യാർ
കെടി മാനു മുസ്ല്യാർ

ഒരുപാട് കലാപ്രതിഭകള്‍ക്കു ജന്മം നല്‍കിയ മണ്ണാണ് സൗദാബാദിന്റേത്. അക്കൂട്ടത്തില്‍ എണ്ണപ്പെട്ടയാളാണ് തിരൂര്‍ക്കാരന്‍ ഫിറോസ് ബാബു. ഫിറോസിന്റെ തറവാട് എന്റെ ഉമ്മാന്റെ വീടിനടുത്തായിരുന്നു. ഒരു കലാകുടുംബമാണ് അവരുടേത്. ഫിറോസ് ബാബുവിന്റെ ഉമ്മയും ഉപ്പയും പാട്ട് പാടുകയും ഹാര്‍മോണിയവും തബലയും വായിക്കുകയും ചെയ്തു. ഫിറോസും സഹോദരിമാരും നന്നായി ഗാനമാലപിച്ചു. അദ്ദേഹം ഒരേ സമയം തബലിസ്റ്റും ഗായകനുമായിരുന്നു. കാമ്പസ് ഗായകന്‍ എന്ന പട്ടം മൂന്ന് കൊല്ലവും ഫിറോസ് തന്നെ നിലനിര്‍ത്തി. ഗള്‍ഫില്‍ പോയ അദ്ദേഹം ജോലി ഉപേക്ഷിച്ച് കലാകേന്ദ്രം തുടങ്ങി. പാട്ടിനോടുള്ള ഭ്രമം ഫിറോസിനെ വീണ്ടും നാട്ടിലെത്തിച്ചു. തിരൂരില്‍ കലാപഠന വേദിയൊരുക്കി. സ്വന്തം ഗാനമേള ട്രൂപ്പുണ്ടാക്കി. മാപ്പിളപ്പാട്ട് രംഗത്ത് മൂന്നു പതിറ്റാണ്ടായി പാടിത്തിമര്‍ത്ത് ഫിറോസ് ബാബു ഊര്‍ജ്ജസ്വലമായി കലാരംഗത്തുണ്ട്. മാപ്പിള കലകളുടേയും മാപ്പിളപ്പാട്ടിന്റേയും സംസ്ഥാനത്തെ അറിയപ്പെടുന്ന ജഡ്ജും പാട്ടുകാരനുമായ ഫൈസല്‍ എളേറ്റിലും സൗദാബാദിന്റെ സന്തതിയാണ്.  കോല്‍ക്കളി, ദഫ് മുട്ട്, ഒപ്പന എന്നീ ഗ്രൂപ്പ് ഐറ്റംസിലെല്ലാം വര്‍ഷങ്ങളോളം പി.എസ്.എം.ഒ കോളേജ്  ആധിപത്യം തുടര്‍ന്നു. സ്റ്റേജ് ഇനങ്ങളിലും ഓഫ് സ്റ്റേജ് ഇനങ്ങളിലും ഇരട്ടക്കിരീടം നേടിയാണ് പി.എസ്.എം.ഒ ഓവറോള്‍ ചാമ്പ്യന്‍ സ്ഥാനം സ്വന്തമാക്കിയത്. പരപ്പനങ്ങാടിക്കാരായ ഹമീദിന്റേയും ഷംസുവിന്റേയും മികവും മെയ്വഴക്കവും മാപ്പിള കലകളില്‍ കോളേജിന് ഒന്നാം സ്ഥാനം നേടാന്‍ വലിയ കരുത്തായി.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com