രാഷ്ട്രീയം സിരയില്‍ കലര്‍ന്ന കലാലയകാലം

രാഷ്ട്രീയം സിരയില്‍ കലര്‍ന്ന കലാലയകാലം

ഒന്നും രണ്ടും വര്‍ഷ ഡിഗ്രിക്ക് കോളേജിന് തൊട്ടടുത്ത 'ഹിദായത്ത്' ഹോസ്റ്റലിലാണ് താമസിച്ചത്. കമാല്‍ പാഷ സാര്‍ നടത്തിയിരുന്ന ഹോസ്റ്റലാണത്

കോളേജിലെ നല്ല ഡിപ്പാര്‍ട്ടുമെന്റുകളാണ് ഇക്കണോമിക്സും ഹിസ്റ്ററിയും. സാമ്പത്തിക ശാസ്ത്രം ചരിത്രം പോലെത്തന്നെ എന്റെ ഇഷ്ടവിഷയമാണ്. കമ്യൂണിസവും സോഷ്യലിസവും ക്യാപിറ്റലിസവും മിശ്ര സമ്പദ്വ്യവസ്ഥയുമെല്ലാം നന്നായി മനസ്സിലായത് ഡിഗ്രിക്കു പഠിക്കുമ്പോഴാണ്. പ്രൊഫസര്‍ കെ. മുഹമ്മദ് സാറും എ.ടി. കുഞ്ഞിമുഹമ്മദ് സാറും അസീസ് സാറും എണ്ണം പറഞ്ഞ അദ്ധ്യാപകരാണ്. മുഹമ്മദ് സാര്‍ മാപ്പിള കലകളില്‍ നല്ല ഗ്രാഹ്യതയുള്ളയാളുമാണ്. സംശയങ്ങള്‍ ചോദിക്കുകയും നിവാരണം വരുത്തുകയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു ഞാന്‍. അതിനാല്‍ത്തന്നെ അദ്ധ്യാപകരുമായി സാധാരണത്തേതില്‍ കവിഞ്ഞ അടുപ്പമാണ് ഉണ്ടായിരുന്നത്. ഇക്കണോമിക്സിന്റെ ഭാഗമായ സ്റ്റാറ്റിസ്റ്റിക്സ് പേപ്പര്‍ എനിക്ക് കണ്ണിനു നേരെ കണ്ടുകൂടായിരുന്നു. കണക്കിനോടുള്ള അലര്‍ജി സ്റ്റാറ്റിസ്റ്റിക്ക്സിലേക്കും പടര്‍ന്നു. ഹമീദ് സാറാണ് സ്റ്റാറ്റി എടുത്തിരുന്നത്. വ്യക്തിപരമായി ഞാന്‍ ഇഷ്ടപ്പെട്ട അദ്ധ്യാപകനാണ് അദ്ദേഹം. സ്റ്റാറ്റിയോടുള്ള താല്പര്യക്കുറവ് കാരണം ക്ലാസ്സില്‍ കയറുമെങ്കിലും അശ്രദ്ധമായി ഇരിക്കും. ക്ലാസ്സിനിടെ ചോദ്യം ചോദിക്കുന്ന ശീലം ഹമീദ് സാറിനില്ലാത്തതുകൊണ്ട് മാനം കെടാതെ കഴിച്ചിലായി. സ്റ്റാറ്റിയില്‍ എനിക്ക് ഒരു മാര്‍ക്കാണ് കിട്ടിയത്. പരീക്ഷയ്ക്ക് ചോദിച്ചെഴുതാന്‍ പോലും ശ്രമിച്ചില്ല. നാല് പേപ്പറിനും കൂടി അഗ്രഗേറ്റ് മാര്‍ക്ക് കിട്ടിയാല്‍ പാസ്സാകും. മറ്റു മൂന്ന് പേപ്പറിലും മോശമല്ലാത്ത മാര്‍ക്ക് കിട്ടിയതുകൊണ്ട് സ്റ്റാറ്റിയുടെ മാര്‍ക്കിന്റെ കുറവ് മറികടന്നു. ഒരു ദിവസം ഹമീദ് സാര്‍ ക്വാര്‍ട്ടേഴ്സില്‍നിന്ന് കോളേജിലേക്ക് നടന്നുവരുന്ന വഴിക്ക് ഹൃദയാഘാതത്തെത്തുടര്‍ന്ന് തളര്‍ന്നുവീണു. അപ്പോള്‍ തന്നെ മരണപ്പെടുകയും ചെയ്തു. മൃതദേഹം കോളേജിന്റെ പോര്‍ച്ചില്‍ പൊതുദര്‍ശനത്തിനുവെച്ചു. കോളേജിനെ ഞെട്ടിച്ച മരണമായിരുന്നു അത്. ഇഷ്ടപ്പെട്ട അദ്ധ്യാപകനായിരുന്നിട്ടും അദ്ദേഹം എടുത്ത വിഷയം പഠിക്കാന്‍ കഴിയാത്തതിലുള്ള ദുഃഖം ഇന്നും എന്നെ അലട്ടാറുണ്ട്.

ഒന്നും രണ്ടും വര്‍ഷ ഡിഗ്രിക്ക് കോളേജിന് തൊട്ടടുത്ത 'ഹിദായത്ത്' ഹോസ്റ്റലിലാണ് താമസിച്ചത്. കമാല്‍ പാഷ സാര്‍ നടത്തിയിരുന്ന ഹോസ്റ്റലാണത്. അദ്ദേഹത്തിന്റെ ബന്ധു റസൂലാണ് ഹോസ്റ്റലിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. പാഷ സാറും കുടുംബവും നേരത്തെ താമസിച്ചിരുന്ന വീട് ഹോസ്റ്റലാക്കി മാറ്റുകയായിരുന്നു. 'ഹിദായത്ത്' ഹോസ്റ്റലിലെ ദിനരാത്രങ്ങള്‍ മടുപ്പുളവാക്കിയില്ല. സല്‍സ്വഭാവികളായ സഹവിദ്യാര്‍ത്ഥികളും അറുമുഖന്‍ എന്ന ആറുവിന്റെ സ്വാദിഷ്ഠമായ ഭക്ഷണവുമാണ് കാരണം. ആറുവിന്റെ കൈപ്പുണ്യം അപാരമായിരുന്നു. അറുമുഖന്‍ ട്രാന്‍സ്ജന്‍ഡറാണ്. നല്ല വൃത്തിയും വെടിപ്പും ഉള്ളയാള്‍. പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗന്ധം തന്നെ കൊതിയൂറിക്കും. കുറച്ച് സാധനങ്ങളേ വേണ്ടൂ. 'മിനിമം ക്വാന്‍ഡിറ്റി, മാക്സിമം ടെയ്സ്റ്റ്' എന്നതായിരുന്നു ആറുവിന്റെ മുദ്രാവാക്യം. ചെറിയ കാര്യങ്ങള്‍ക്കു പിണങ്ങും. വേഗം പിണക്കം തീരുകയും ചെയ്യും. പരാതികള്‍ പാഷ സാറിന്റെ ഭാര്യ ഹബീബ ടീച്ചറോടാണ് ആറു പറയുക. ടീച്ചര്‍ റസൂലിനെ വിളിച്ച് ചോദിക്കും. എപ്പോഴും ആറുവിന് അനുകൂലമായാണ് ടീച്ചര്‍ നില്‍ക്കുക. വിശ്വസ്തനും സത്യസന്ധനുമായിരുന്നു അറുമുഖന്‍. ഇടയ്ക്കിടെ ആറുവിന് എന്തെങ്കിലും രോഗം വരും. പലപ്പോഴും തലവേദനയാണ് ഉണ്ടാവുക. ഗുളിക കഴിച്ചാല്‍ അത് മാറുകയും ചെയ്യും. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ആറു അസുഖം കാരണം പാചകവൃത്തി നിര്‍ത്തി. തിരൂര്‍ക്കാട് സ്വദേശിയാണ് അദ്ദേഹം. ഹബീബ ടീച്ചറുടെ നാട്ടുകാരന്‍. അവര്‍ മുഖേനയാണ് ആറു തിരൂരങ്ങാടിയില്‍ എത്തുന്നത്. കുറേക്കാലം പാഷ സാറിന്റെ വീട്ടിലായിരുന്നു താമസം. മുതിര്‍ന്നപ്പോഴാണ് അറുമുഖന്‍ ഹോസ്റ്റലില്‍ എത്തുന്നത്. പകരക്കാരനുവേണ്ടി പാഷ സാര്‍ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. അതോടെ 'ഹിദായത്ത്' ഹോസ്റ്റല്‍ പൂട്ടി. നട്ടെല്ല് തകര്‍ന്നാല്‍ മനുഷ്യന്‍ കിടപ്പിലാകുന്നപോലെ. ഹിദായത്ത് എന്ന അറബി വാക്കിന്റെ അര്‍ത്ഥം 'ചൊവ്വായ മാര്‍ഗ്ഗം' എന്നാണ്. സാമാന്യം ഭേദപ്പെട്ട കുട്ടികള്‍ക്കേ പാഷ സാറിന്റെ ഹോസ്റ്റലില്‍ പ്രവേശനം കിട്ടിയിരുന്നുള്ളൂ. എന്റെ ഉപ്പയെ സാറിനു നല്ല പരിചയമാണ്. കോളേജിലെ അറബി പ്രൊഫസര്‍ ഹബീബ ടീച്ചറെ കൂടാതെ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചിരുന്നു. വളാഞ്ചേരിക്കടുത്ത പുക്കാട്ടിരിയില്‍നിന്ന്. ഉപ്പ വളാഞ്ചേരി ടൗണില്‍ തുണിക്കട നടത്തിയിരുന്നതിനാല്‍ അവിടെനിന്നാണ് പാഷ സാര്‍ തുണിത്തരങ്ങള്‍ വാങ്ങിയിരുന്നത്.  കുടുംബ വിവരങ്ങള്‍ ആരാഞ്ഞേ അദ്ദേഹം ആര്‍ക്കാണെങ്കിലും ഹോസ്റ്റലില്‍ പ്രവേശനം നല്‍കാറുള്ളൂ. കുറച്ചു കാലം കഴിഞ്ഞ് അറുമുഖനെ അന്വേഷിച്ചപ്പോഴാണ് ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ച് അദ്ദേഹം മരിച്ച വിവരം അറിയുന്നത്. വ്യസനമുണ്ടാക്കിയ വാര്‍ത്തയായിരുന്നു അത്. ആറുവിന്റെ ഭക്ഷണമോര്‍ത്താല്‍ ഇപ്പോഴും വായില്‍ വെള്ളമൂറും. 

പിഎസ്എംഒ കോളജ്
പിഎസ്എംഒ കോളജ്

ഡോ. മുസ്തഫ കമാല്‍ പാഷ ചെര്‍പ്പുളശ്ശേരിക്കാരനാണ്. അലീഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ പഠിച്ച അദ്ദേഹം പി.എസ്.എം.ഒ കോളേജ് ആരംഭിച്ച കാലം മുതല്‍ക്കേ ചരിത്രവിഭാഗത്തില്‍ അദ്ധ്യാപകനാണ്. മുജാഹിദ് പണ്ഡിതന്മാരില്‍ പ്രമുഖനായ കെ. ഉമര്‍ മൗലവിയുടെ മകള്‍ ഹബീബ ടീച്ചറെയാണ് അദ്ദേഹം വിവാഹം ചെയ്തത്. പാഷ സാറിന് പുരോഗമന ആശയത്തോടായിരുന്നു ആഭിമുഖ്യം. എന്നാല്‍, മുസ്ലിങ്ങളിലെ മറ്റു അവാന്തര വിഭാഗങ്ങളുമായി നല്ല സൗഹൃദമായിരുന്നു അദ്ദേഹത്തിന്. പാഷ സാറും ഹബീബ ടീച്ചറും കൂടി ഒരുപാട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അവ അച്ചടിക്കാന്‍ വേണ്ടി മാത്രം അദ്ദേഹം കോളേജിനടുത്ത് ഒരു പ്രസ്സ് സജ്ജീകരിച്ചു. പേര് ഹിദായത്ത് പ്രസ്സ്. അവിടുത്തെ മാനേജര്‍ റസൂലിനു തന്നെയാണ് ഹിദായത്ത് ഹോസ്റ്റലിന്റേയും നടത്തിപ്പു ചുമതല നല്‍കിയിരുന്നത്. പാഷ സാറിന്റെ ഭാര്യാ പിതാവ് ഉമര്‍ മൗലവി തീവ്ര മുജാഹിദ് ആശയക്കാരനാണ്. സുന്നി ആശയക്കാരേയും ജമാഅത്തെ ഇസ്ലാമിയേയും നിശിതമായി അദ്ദേഹം വിമര്‍ശിച്ചു. യാതൊരു ദാക്ഷിണ്യവും കാണിച്ചില്ല. സുഫിയെപ്പോലെയാണ് ഉമര്‍ മൗലവി ജീവിച്ചത്. ആരുടേയും ഔദാര്യത്തിന് അദ്ദേഹം കാത്തു നിന്നില്ല. പലപ്പോഴും മുജാഹിദ് സംഘടനയ്ക്കു പോലും ഉമര്‍ മൗലവിയുടെ കണിശമായ വീക്ഷണങ്ങള്‍ അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നോ എന്ന് സംശയമാണ്. ആരും അദ്ദേഹത്തോട് തര്‍ക്കിക്കാന്‍ മുതിരാറില്ല. താന്‍ പറയുന്ന കാര്യങ്ങള്‍ക്കുള്ള തെളിവ് അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടാകും. ഖുര്‍ആന് ഉമര്‍ മൗലവി രചിച്ച വ്യാഖ്യാനം പ്രസിദ്ധമാണ്. ഒരുപാട് പുസ്തകങ്ങളുടെ കര്‍ത്താവുമാണ് മൗലവി. ഒരിക്കല്‍ കോളേജ് പള്ളിയില്‍ അദ്ദേഹം ജുമുഅ പ്രസംഗം നടത്തിയത്രെ. പാഷ സാറും ഹബീബ ടീച്ചറും ചേര്‍ന്ന് ഖുര്‍ആനിലെ ഏതാനും അദ്ധ്യായങ്ങളുടെ വ്യാഖ്യാനത്തോടെയുള്ള പരിഭാഷ പുറത്തിറക്കിയ സമയമാണത്. മകളും മരുമകനും തയ്യാറാക്കിയ ഖുര്‍ആന്‍ പരിഭാഷയിലെ നിരീക്ഷണങ്ങളെ ഉമര്‍ മൗലവി വെള്ളിയാഴ്ച പ്രഭാഷണ മദ്ധ്യേ ശക്തമായി എതിര്‍ത്ത് സംസാരിച്ചു. പ്രസംഗത്തിനിടയില്‍ അദ്ദേഹം പറഞ്ഞു: ''രണ്ട് പാഷമാരും കൂടി ഖുര്‍ആനിനെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് ഖുര്‍ആന്‍ അല്ലാതാക്കി.'' പാഷ സാറും ഹബീബ പാഷയും പള്ളിയില്‍ ഉണ്ടായിരിക്കെയാണ് ഉമര്‍ മൗലവിയുടെ അഭിപ്രായ പ്രകടനം. പാഷ സാര്‍ ചെറുപുഞ്ചിരിയോടെ ഭാര്യാപിതാവിന്റെ രൂക്ഷവിമര്‍ശനം കേട്ടിരുന്നത് പലരും പില്‍ക്കാലത്ത് പറഞ്ഞത് ഓര്‍ക്കുന്നു.

പ്രൊഫ. അസീസ്
പ്രൊഫ. അസീസ്

തെരഞ്ഞെടുപ്പുകാലത്തെ കലാലയം

ഡോ. മുസ്തഫ കമാല്‍ പാഷ ഗൃഹപാഠം ചെയ്ത് വന്നിരുന്ന ഹൈലി അക്കാദമിക്കായ അദ്ധ്യാപകനായിരുന്നില്ല. പഠിപ്പിക്കുന്ന വിഷയത്തില്‍ ഒതുങ്ങിനില്‍ക്കാതെ ലോക കാര്യങ്ങളും നാട്ടുവര്‍ത്തമാനങ്ങളും പറയാനായിരുന്നു അദ്ദേഹം താല്പര്യപ്പെട്ടത്. മറ്റൊരു നിലയ്ക്ക് അവയെല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്രദമായിരുന്നു. അദ്ദേഹം അനുകരണീയമായ വ്യക്തിത്വത്തിന്റെ ഉടമയാണെന്ന കാര്യത്തില്‍ സംശയമില്ല. ഓരോ കോളേജിലും അങ്ങനെയൊരാള്‍ ഉണ്ടായാല്‍ എത്ര നന്നാകുമെന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പുഞ്ചിരി തൂകിയ മുഖത്തോടെയല്ലാതെ അദ്ദേഹത്തെ ആരും കണ്ടിട്ടുണ്ടാവില്ല. പാഷ സാര്‍ ഒരു മാതൃകാപുരുഷനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വിദ്യാര്‍ത്ഥികളെ ഇത്രമാത്രം മോട്ടിവേറ്റ് ചെയ്യുന്ന മറ്റൊരാളെ കണ്ടിട്ടില്ല. മൊണോലിസയെപ്പോലെയാണ് പാഷ സാര്‍. സംസാരിക്കുന്നവര്‍ക്കൊക്കെ അദ്ദേഹം ഓരോരുത്തരുടേയും അഭ്യുദയകാംക്ഷിയാണെന്നു തോന്നും. ഒരു വിദ്യാര്‍ത്ഥി എന്താണോ ആഗ്രഹിക്കുന്നത് അതു നല്‍കാനുള്ള വിശേഷാല്‍ സിദ്ധി അദ്ദേഹത്തിനു ദൈവികമായി കിട്ടിയിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് കാലത്ത് വിദ്യാര്‍ത്ഥി നേതാക്കള്‍ ക്ലാസ്സുകളില്‍ പ്രസംഗിക്കാന്‍ പോകും. അഞ്ചു മിനിറ്റാണ് അനുവദിച്ചിരുന്നത്. എന്നാല്‍, എന്റെ പ്രസംഗം ചിലപ്പോള്‍ അല്പം നീണ്ടുപോകും. പാഷ സാറിന്റെ ക്ലാസ്സാണെങ്കില്‍ അദ്ദേഹം ധൃതിപ്പെട്ട് ക്ലാസ്സിലേക്ക് ഇരച്ചെത്താതെ പുറത്ത് പ്രസംഗം കേട്ട് കാത്തുനില്‍ക്കും. പ്രസംഗം കഴിഞ്ഞ് സാറിനോട് നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങുമ്പോള്‍ അദ്ദേഹം പുറത്തുതട്ടി അഭിനന്ദിക്കും. എന്തെങ്കിലും അബദ്ധങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ റൂമിലേക്ക് ഒറ്റയ്ക്ക് വിളിച്ച് തിരുത്തും. ചില ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഭക്ഷണത്തിന് കാന്റീനിലേക്ക് നടക്കുമ്പോള്‍ വരാന്തയില്‍വെച്ച് കൈപിടിച്ച് കൂടെ നടത്തി വീട്ടിലേക്കു കൊണ്ടുപോകും. അടുക്കളയിലെ മൂടിവെച്ച പാത്രങ്ങള്‍ തുറന്ന് രണ്ടു പ്ലേറ്റില്‍ ചോറും കറിയും കൂട്ടാനും വിളമ്പി മേശമേല്‍വെച്ച് ഞങ്ങള്‍ കഴിക്കും. പിന്നെ പാത്രം കഴുകി അടുക്കിവെച്ച് കോളേജിലേക്ക് വീട്ടുവിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ് തിരിച്ചും നടക്കും. എത്രയോ ദിവസങ്ങള്‍ ഇതാവര്‍ത്തിച്ചു.
 
വിശുദ്ധ ഖുര്‍ആനിലെ ചരിത്ര പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് വീഡിയോയില്‍ പകര്‍ത്താന്‍ പാഷ സാറും അറബിക് പ്രൊഫസര്‍ അബ്ദുറസാഖ് സുല്ലമി സാറും ഒരു ലോക യാത്ര നടത്തി. ആഴ്ചകള്‍ നീണ്ട യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ അവര്‍ യാത്രാനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരു യോഗം വിളിച്ചു ചേര്‍ത്തു. വിദ്യാര്‍ത്ഥിയായ ഞാന്‍ അന്ന് അദ്ദേഹത്തോട് ചോദിച്ചു: ''നിങ്ങള്‍ സന്ദര്‍ശിച്ച രാജ്യങ്ങളിലും കണ്ടുമുട്ടിയ സമൂഹങ്ങളിലും ഒരു പ്രാക്ടീസിംഗ് മുസ്ലിമിന് ജീവിക്കാന്‍ പറ്റിയ ഏറ്റവും നല്ല രാജ്യമേതാണ്.'' ഇരുവരും ചേര്‍ന്നാണ് ഉത്തരം പറഞ്ഞത്. ''ഇന്ത്യയോളം അതിന് യോജ്യമായ നാട് ലോകത്തെവിടെയും ഞങ്ങള്‍ കണ്ടിട്ടില്ല.'' 1988-'89 കാലത്താണിത്. ഇന്ന് ഇങ്ങനെ ഒരു ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിയുമോ എന്ന് സംശയമാണ്. നെഹ്റുവിന്റെ ഇന്ത്യയില്‍നിന്ന് മോദിയുടെ ഇന്ത്യയിലേക്ക് തിരിച്ചറിയാനാകാത്ത വിധമല്ലേ നാട് മാറിയത്. ഇഷ്ടപ്പെട്ട വേഷവും ഭക്ഷണവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ ഭീതിദമാണ്. അവരുടെ യാത്രാവിവരണം വീഡിയോ ഉള്‍പ്പെടെ 'ഖുര്‍ആന്‍ ചരിത്രഭൂമികളിലൂടെ' എന്ന തലക്കെട്ടില്‍ കാസറ്റായി പുറത്തിറക്കി. പ്രസ്തുത വീഡിയോ കാസറ്റില്‍ ശബ്ദം നല്‍കിയ രണ്ടുപേരില്‍ ഒരാള്‍ ഞാനാണ്. കോഴിക്കോട് മലാപ്പറമ്പിലെ സ്റ്റുഡിയോയില്‍ പോയാണ് റെക്കോര്‍ഡിംഗ് നടത്തിയത്. മന്ത്രിയായിരിക്കെ പാഷ സാറിനെ അനുമോദിക്കുന്ന ഒരു ചടങ്ങിലേക്ക് ഞാന്‍ ക്ഷണിക്കപ്പെട്ടു. കൊണ്ടോട്ടിയിലായിരുന്നു പരിപാടി. സമയത്തിനുതന്നെ ഞാനെത്തി. എന്റെ വന്ദ്യനായ ഗുരുനാഥന് പൊന്നാട അണിയിച്ച് ഉപഹാരം നല്‍കിയപ്പോള്‍ ഹൃദയം നിറഞ്ഞു. ഒരു വിദ്യാര്‍ത്ഥിക്കു കിട്ടിയ വലിയ ബഹുമതിയായാണ് ഞാനതിനെ കണ്ടത്. 2001-ലാണ് അദ്ദേഹം സര്‍വ്വീസില്‍നിന്ന് വിരമിച്ചത്. അഞ്ചു വര്‍ഷം പാഷ സാറിന്റെ ശിഷ്യനും 7 വര്‍ഷം അദ്ദേഹത്തിന്റെ എളിയ സഹപ്രവര്‍ത്തകനുമാകാന്‍ സാധിച്ചത് ജീവിതത്തിലെ സുകൃതങ്ങളില്‍ ഒന്നാണ്. പാഷ സാര്‍ ജീവിത വിജയം നേടിയ മനുഷ്യനാണ്. നല്ല അദ്ധ്യാപകന്‍, നല്ല സുഹൃത്ത്, നല്ല സഹപ്രവര്‍ത്തകന്‍, നല്ല പിതാവ്, നല്ല ഭര്‍ത്താവ് - അങ്ങനെ എല്ലാ നിലയിലും. രണ്ട് ഭാര്യമാരിലായി 15 മക്കളാണ് പാഷ സാറിന്. 2 പേര്‍ ചെറുപ്പത്തിലേ മരിച്ചു. ജീവിച്ചിരിക്കുന്നവരില്‍ 9 പെണ്‍മക്കളും നാല് ആണ്‍മക്കളും. ആണ്‍മക്കള്‍ നാല് പേരും വിവിധ ബ്രാഞ്ചുകളില്‍ എന്‍ജിനീയര്‍മാരാണ്. പെണ്‍മക്കളില്‍ ഒരാള്‍ പാങ്ങ് സര്‍ക്കാര്‍ ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറാണ്. രണ്ടു പേര്‍ ഡെന്‍ഡല്‍ ഡോക്ടര്‍മാരാണ്. രണ്ടുപേര്‍ ഹോമിയോ ഡോക്ടര്‍മാരായി സേവനം ചെയ്യുന്നു. ഒരാള്‍ ആയുര്‍വ്വേദ ഡോക്ടര്‍, മറ്റൊരാള്‍ അക്യുപങ്ചറിസ്റ്റ്. പതിമൂന്ന് മക്കളും പഠിച്ചത് സര്‍ക്കാര്‍ കോളേജുകളില്‍ മെറിറ്റ് സീറ്റുകളില്‍. പൂക്കാട്ടിരിയില്‍ സാറിന്റെ ഭാര്യയും പെണ്‍കുട്ടികളും അവരുടെ വീടിനോടു ചേര്‍ന്ന് തുടങ്ങിയ ബ്ലോസം അണ്‍  എയ്ഡഡ് എല്‍.പി. സ്‌കൂളിലാണ് എന്റെ മൂന്ന് മക്കളും പഠിച്ചത്. അഞ്ചാം ക്ലാസ്സിലേക്കായപ്പോഴാണ് അവര്‍ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് മാറിയത്. പാഷ സാറിനോടുള്ള ആത്മബന്ധംകൊണ്ട് മാത്രമാണ് മക്കളെ ഞാനവിടെ ചേര്‍ത്തത്. അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ ഉപരിപഠനത്തിനു പോയതോടെ ബ്ലോസം സ്‌കൂള്‍ പൂട്ടി. പാഷ സാര്‍ ഇപ്പോള്‍ കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ട് കാലിന്റെ സ്വാധീന ശേഷി കുറഞ്ഞ് കിടപ്പിലാണ്. ഇടയ്ക്കിടെ സമയം ചെലവിടാന്‍ അദ്ദേഹത്തിന്റെ പൂക്കാട്ടിരിയിലെ വീട്ടില്‍ പോകാറുണ്ട്.  ഓരോ മനുഷ്യനും ഓരോ ജീവിതോത്തരവാദിത്വങ്ങള്‍ ഉണ്ട്. ആ ധര്‍മ്മം സമ്പൂര്‍ണ്ണമായി നിറവേറ്റിയ മനുഷ്യന്‍ എന്നാകും അദ്ദേഹം അടയാളപ്പെടുത്തപ്പെടുക.

ഡോ. മുസ്തഫ കമാൽ പാഷ
ഡോ. മുസ്തഫ കമാൽ പാഷ

ആദ്യവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി എന്ന നിലയില്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. എന്നാലും ഓടിനടന്നു പ്രസംഗിച്ചു. മുസ്ലിംലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എം.എസ്.എഫിനായിരുന്നു കാമ്പസില്‍ ശക്തി. കഴിവുള്ള നേതാക്കളും അവര്‍ക്കുണ്ടായിരുന്നു. എസ്.എഫ്.ഐയുടെ സ്റ്റാര്‍ ലീഡര്‍ ഹനീഫ അമ്പാടിയാണ്. ശ്രദ്ധേയനായ കലാകാരന്‍ കൂടിയാണ് ഹനീഫ. മിമിക്രിയിലാണ് അദ്ദേഹം ശോഭിച്ചത്. അല്പം പോക്കിരിത്തരം ഹനീഫയുടെ കൂടപ്പിറപ്പാണ്. കാമ്പസില്‍ അമ്പാടി ഹനീഫ നിറഞ്ഞുനിന്നു. തമാശകള്‍ പറഞ്ഞ് എം.എസ്.എഫിനെ കളിയാക്കിയുള്ള അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ രസമാണ്. സിമിക്കാരോട് എം.എസ്.എഫ് വിരുദ്ധര്‍ക്കൊക്കെ ചെറിയൊരു പ്രണയമായിരുന്നു. സാമാന്യം കഴിവുള്ള കുട്ടികളാണ് സിമിയില്‍ അണിനിരന്നത്. ലീഗിനെ ആശയപരമായി പ്രതിരോധിക്കാനുള്ള കവചം എന്ന നിലയിലാണ് ഇതര സംഘടനകള്‍ സിമിയെ കണ്ടത്. കേരളത്തിലെ മറ്റു കാമ്പസുകളെപ്പോലെ തന്നെ ഒരുകാലത്ത് പി.എസ്.എം.ഒയിലും കെ.എസ്.യുവിനായിരുന്നു മുന്‍തൂക്കം. ലീഗ് പിളര്‍പ്പോടെ അഖിലേന്ത്യാ ലീഗ് ഇടതുപക്ഷത്തെത്തി. അഖിലേന്ത്യാ എം.എസ്.എഫ് പിറന്നതോടെ സ്ഥിതിഗതികള്‍ മാറി. എസ്.എഫ്.ഐ അഖിലേന്ത്യാ എം.എസ്.എഫ് കൂട്ടുകെട്ട് ഉടലെടുത്തതോടെ ആ സഖ്യം ജയിക്കാന്‍ തുടങ്ങി. എന്നാല്‍, രണ്ട് ലീഗുകളും ലയിച്ചപ്പോള്‍ എം.എസ്.എഫ് സൗദാബാദിലെ അനിഷേധ്യ ശക്തിയായി. അതിനുശേഷം ഏറിയാല്‍ ഒന്നോ രണ്ടോ ജനറല്‍ സീറ്റും ഒന്നോ രണ്ടോ സബ് സീറ്റുകളും മാത്രമേ വല്ലപ്പോഴും എം.എസ്.എഫിനെ കൈവിട്ടുള്ളൂ. സിമി, കാമ്പസില്‍ തീരെ ദുര്‍ബ്ബലമായിരുന്നു. ഏറിയാല്‍ അറുപതോ എഴുപതോ വോട്ടാണ് ജനറല്‍ സീറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടുക. ഏതെങ്കിലും അസോസിയേഷനോ ക്ലാസ്സ് റപ്പോ കിട്ടിയാല്‍ ആയി. 1985-ലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും എം.എസ്.എഫ് ജയിച്ചു. 

വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിനു കേളികൊട്ട് ഉയര്‍ന്ന ദിനങ്ങളിലാണ് ഞങ്ങള്‍ ക്ലാസ്സിലിരിക്കെ കോളേജിന്റെ കാര്‍ പോര്‍ച്ചില്‍നിന്ന് ചെറിയൊരു ബഹളം കേട്ടത്. പോര്‍ച്ചിനടുത്താണ് ഇംഗ്ലീഷ് വിഭാഗം തലവന്‍ പ്രൊഫസര്‍ ഓമാനൂര്‍ മുഹമ്മദ് സാറിന്റെ റൂം. അതിന്റെ തൊട്ടടുത്താണ് ഞങ്ങളുടെ ക്ലാസ്സ്. ഓമാനൂര്‍ സാറിന്റെ റൂമിന് മുന്നിലാണ് കശപിശയെന്നു മനസ്സിലായി. ഡോര്‍ വലിച്ചടച്ച് പുറത്തുനിന്ന് പൂട്ടുന്ന ശബ്ദവും 'എം.എം.ഡീ കാട്ടാളാ' എന്ന മുദ്രാവാക്യവും ഒരുമിച്ചാണ് കേട്ടത്. ശ്രദ്ധിച്ചപ്പോള്‍ അമ്പാടി ഹനീഫയുടെ ശബ്ദമാണ്. എല്ലാവരുടേയും കണ്ണുകള്‍ പോര്‍ച്ചിലേക്ക് പതിച്ചു. അദ്ധ്യാപകന്‍ ക്ലാസ്സ് നിര്‍ത്തി പുറത്തേക്കു പോയി നോക്കി. ഞങ്ങള്‍ കുറച്ചു പേര്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് ജനലിലൂടെ നോക്കിയപ്പോള്‍ ഓമാനൂര്‍ സാര്‍ റൂമിലിരിക്കെ പുറത്തുനിന്ന് ഡോര്‍ അടച്ച് ഓടാമ്പലിട്ടതായി കണ്ടു. ഹനീഫയും ഏതാനും കുട്ടികളും റൂമിനു മുന്നില്‍ നിലയുറപ്പിച്ചതും ശ്രദ്ധിച്ചു. 

ഡോ. ഹബീബ പാഷ
ഡോ. ഹബീബ പാഷ

മൂന്നോ നാലോ മിനിട്ട് കഴിയേണ്ട താമസം പ്രിന്‍സിപ്പല്‍ ബഹളം കേട്ട് പോര്‍ച്ചിലെത്തി. അദ്ദേഹത്തെ കണ്ടപാടെ പാപ്പാനെ കണ്ട ആനയെപ്പോലെ ഹനീഫ മെരുങ്ങി. ചുറ്റും നിന്നവര്‍ ചിതറി ഓടി. ഹനീഫ ഒറ്റയ്ക്കായി. മുറി പൂട്ടിയതു കണ്ട  പ്രിന്‍സിപ്പല്‍ അഹമ്മദ്കുട്ടി സാഹിബ് വാതില്‍ തുറന്നു. ഓമാനൂര്‍ മുഹമ്മദ് സാറിനേയും കൂട്ടി മുകളിലേക്കു പോയി. ക്ലാസ്സ് വിട്ടപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞത്. ഓമാനൂര്‍ മുഹമ്മദ് സാര്‍ പ്രീഡിഗ്രി ക്ലാസ്സില്‍ ചെന്ന് അഞ്ചെട്ട് മിനിറ്റ് കഴിഞ്ഞാണ് നാലഞ്ച് പെണ്‍കുട്ടികള്‍ ക്ലാസ്സിലെത്തിയതത്രെ. അവര്‍ കോണിച്ചുവട്ടില്‍ അമ്പാടി ഹനീഫയുമായി സംസാരിച്ചു നില്‍ക്കുന്നത് സാര്‍ കണ്ടിരുന്നു. അതുകൊണ്ട് അവരെ പുറത്തുനിര്‍ത്തി. ഇതു കണ്ട ഹനീഫ, പ്രൊഫസറുടെ അടുത്തുവന്ന് കുട്ടികളെ കയറ്റണമെന്ന് ശുപാര്‍ശ പറഞ്ഞു. ഓമാനൂര്‍ മുഹമ്മദ് സാര്‍ അതിനു കൂട്ടാക്കിയില്ല. ഹനീഫയോട് ദേഷ്യപ്പെടുകയും ക്ലാസ്സ് അവസാനിപ്പിച്ച് പോരുകയും ചെയ്തു. അങ്ങനെ വന്ന് റൂമില്‍ കയറിയിരിക്കുമ്പോഴാണ് റൂം അടച്ച് ഹനീഫ ഓടാമ്പലിട്ടത്. കോളേജ് കാമ്പസില്‍ ഏറ്റവും തലയെടുപ്പുള്ള പ്രഗല്‍ഭ അദ്ധ്യാപകന്‍ എന്നു പേരെടുത്ത പ്രൊഫസര്‍ ഓമാനൂര്‍ മുഹമ്മദിനോടാണ് ഹനീഫയുടെ രോഷപ്രകടനം. നടപടി വേണമെന്ന് അദ്ധ്യാപകര്‍ ആവശ്യപ്പെട്ടു. കോളേജിനടുത്ത് കക്കാടാണ് ഹനീഫയുടെ വീട്. നടപടിയുണ്ടായാല്‍ സമരം ഉറപ്പാണ്. അങ്ങനെ വന്നാല്‍ കോളേജ് അടച്ചിടേണ്ടിവരും. എന്തുചെയ്യണമെന്നറിയാതെ പ്രിന്‍സിപ്പല്‍ കുഴങ്ങി. ഓമാനൂര്‍ സാറിന്റെ സമ്മതത്തോടെ സ്ഥാപനത്തിന്റേയും വിദ്യാര്‍ത്ഥികളുടേയും നന്മയോര്‍ത്ത് തല്‍ക്കാലം നടപടി വേണ്ടെന്നു വെച്ചു. കോളേജ് അടച്ചിടുമെന്ന് ആഗ്രഹിച്ച് കാത്തിരുന്നവര്‍ വിഷണ്ണരായി. മല എലിയെ പ്രസവിച്ച പ്രതീതിയായിരുന്നു കുറച്ചു ദിവസം കാമ്പസില്‍.

മാണി സി. കാപ്പന്റെയും കാമ്പസ്

കോളേജിനു തൊട്ടുമുന്നില്‍ കുഞ്ഞമ്മദാക്കാന്റെ  പെട്ടിക്കടയാണ്. വിവിധയിനം മിഠായികള്‍ ചെറിയ കുപ്പികളിലാക്കി നിറച്ചുവെച്ചിരിക്കും. ഓരോന്നിനും ഓരോ പേരുണ്ടാകും. അതില്‍ ഏറ്റവും ശ്രദ്ധേയം 'കുശല്‍' മിഠായിയാണ്. അതൊരു തിരൂരങ്ങാടിയന്‍ സാങ്കല്പിക വാക്കാണ്. 'പ്രണയിനി' എന്നാണ് അതുകൊണ്ട് അര്‍ത്ഥമാക്കിയത്. ഓരോരുത്തരും സ്നേഹവും ഇഷ്ടവും പ്രകടിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് നല്‍കിയിരുന്ന മധുരമാണത്. കുഞ്ഞമ്മദാക്കാന്റെ കടയില്‍ ഏറ്റവും ചെലവുള്ള സാധനം 'കുശല്‍' മിഠായിയാണ്. ഓര്‍ഫനേജിന്റെ ഗെയ്റ്റിന്റെ മുന്നില്‍ മൊയ്ത്യാന്‍ക്കയുടെ 'ജനത' ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നു. പൊറാട്ടയും ബീഫുമാണ് അവിടുത്തെ സ്പെഷ്യല്‍. പലരും പറ്റു പുസ്തകത്തില്‍ എഴുതിവെക്കലായിരുന്നു. പരീക്ഷാക്കാലമായാല്‍ കടം തീര്‍പ്പിക്കുന്ന ജോലിയാണ് മൊയ്ത്യാന്‍കാക്ക്. അഞ്ച് വര്‍ഷത്തിനിടയില്‍ ഒരു നയാപൈസ പോലും ഞാനവിടെ കടമാക്കിയിട്ടില്ല. പറ്റും അപൂര്‍വ്വമായേ എഴുതിവെച്ചിരുന്നുള്ളൂ. റൊക്കം പണം കൊടുക്കലാണ് ശീലം. പല വിരുതന്മാരും പറ്റാക്കിയ പണം കൊടുക്കാതെ മുങ്ങല്‍ പതിവാണ്. അവരെ പിന്നെ എപ്പോഴെങ്കിലും അദ്ദേഹം പിടികൂടും. മുറിച്ചാല്‍ പച്ച രക്തം വരുന്ന കടുത്ത ലീഗുകാരനാണ് മൊയ്ത്യാന്‍ക്ക. 

ഹനീഫ അമ്പാടി
ഹനീഫ അമ്പാടി

തൊട്ടപ്പുറത്ത് പള്ളിയുടെ ഗേറ്റിനോട് ചേര്‍ന്നാണ് സഖാവ് അഹമ്മദ്കുട്ടിയുടെ സ്റ്റേഷനറിക്കട. സര്‍ബത്തും ചായയും മോരിന്‍ വെള്ളവും അല്പസ്വല്പം ബേക്കറി സാധനങ്ങളും കിട്ടും. ഒരിക്കല്‍ എങ്ങോട്ടോ പോയി കോളേജില്‍ തിരിച്ചെത്തിയത് രാത്രിയാണ്. അഹമ്മദ്കുട്ടിയുടെ ഷോപ്പ് മാത്രമേ തുറന്നിട്ടുള്ളൂ. ചെന്നു നോക്കിയപ്പോള്‍ കട അടക്കാനുള്ള പുറപ്പാടിലാണ്. എന്താണ് കഴിക്കാനുള്ളതെന്നു ചോദിച്ചു. ഹല്‍വയും മോരിന്‍ വെള്ളവും- അഹമ്മദ്ക്ക പതുക്കെ മൊഴിഞ്ഞു. നല്ല വിശപ്പുണ്ടായിരുന്നു. ഉള്ളതു കഴിക്കാമെന്നു കരുതി മോരും ഹല്‍വയും ഓര്‍ഡര്‍ ചെയ്തു. അങ്ങനെ ഒരിക്കലും ചേരാത്ത രണ്ടു ചേരുവ കഴിച്ച് വിശപ്പടക്കി. പിറ്റേ ദിവസം അതിന്റെ അനുരണനം ചിലരില്‍ കണ്ടു. എനിക്ക് പക്ഷേ, അസാധാരണമായി ഒന്നും അനുഭവപ്പെട്ടില്ല. നേരം വെളുത്തപ്പോള്‍ പുതിയ ചേരുവയുടെ നിറംപിടിപ്പിച്ച വര്‍ത്തമാനം കാമ്പസില്‍ പരന്നു. അതിനു ശേഷം എപ്പോള്‍ ചെന്നാലും മോരും ഹല്‍വയും എടുക്കട്ടേ എന്ന് അഹമ്മദ്കുട്ടിക്കു തമാശയാക്കി ചോദിക്കും. വിദ്യാര്‍ത്ഥിയായിരിക്കെ കോളേജ് കാന്റീനില്‍നിന്നു ഭക്ഷണം കഴിക്കുക കുറവാണ്. കാരണം എപ്പോഴും അദ്ധ്യാപകര്‍ അവര്‍ക്കായുള്ള ചെറിയ റൂമില്‍ കുത്തിയിരിപ്പുണ്ടാകും. കൂട്ടുകാരുമൊത്ത് ഉറക്കെ ചിരിക്കാനോ വര്‍ത്തമാനം പറയാനോ അദ്ധ്യാപക സാന്നിദ്ധ്യം അനുവദിച്ചില്ല. എന്നാല്‍, അദ്ധ്യാപകനായി ചേര്‍ന്നപ്പോള്‍ സ്ഥിതി മാറി. കക്കാട്ടെ ഷാജി ഹോട്ടലും എ.പി. കാക്കാന്റെ സാഗര്‍ ഹോട്ടലും തിരൂരങ്ങാടിയിലെ ടോപ്ഫോമും ഞങ്ങളുടെ സ്ഥിര സന്ദര്‍ശന കേന്ദ്രങ്ങളായിരുന്നു. എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ അനുയായി ആയതുകൊണ്ടാണ് കാക്കാനെ എ.പിക്കാക്ക എന്നു വിളിച്ചത്. യത്തീംഖാനയിലെ അന്തേവാസിയായിരുന്ന ഭിന്നശേഷിക്കാരന്‍ കബീറാക്ക ഒരു കഞ്ഞിക്കട നടത്തിയിരുന്നു, തിരൂരങ്ങാടിയിലേക്കുള്ള വഴിക്ക് ബോയ്സ് ഹോസ്റ്റലിന്റെ ഏതാണ്ട് മുന്നിലായി. ഇടയ്‌ക്കൊക്കെ അവിടെയും പോകും. കഞ്ഞിക്കടയാണെങ്കിലും ആവശ്യക്കാര്‍ക്ക് ചോറും കിട്ടും. കബീര്‍ക്കാക്ക് പിന്നീട് കോളേജില്‍ അനദ്ധ്യാപകനായി ജോലി കിട്ടിയതോടെ കട പൂട്ടി. 

ഓര്‍ഫനേജിനോട് അനുബന്ധിച്ച എയ്ഡഡ് സ്ഥാപനങ്ങളില്‍ വരുന്ന ജോലികളിലേക്ക് യോഗ്യരായ യത്തീംഖാന അന്തേവാസികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കാണ് മുന്‍ഗണന. അങ്ങനെ എത്രയോ പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. ടി.ടി.സിയിലേയും കോളേജിലേയും മാനേജ്മെന്റ് സീറ്റുകള്‍ അനുവദിക്കുമ്പോള്‍ ഓര്‍ഫനേജിലെ കുട്ടികളെ എടുത്തിട്ടേ പുറത്തുള്ളവര്‍ക്ക് കൊടുക്കൂ. അതേതു വമ്പന്റെ മകനാണെങ്കിലും ശരി. വിദ്യാര്‍ത്ഥി അഡ്മിഷന് കോഴ വാങ്ങാത്തതുകൊണ്ട് വ്യക്തമായ മാനദണ്ഡങ്ങള്‍ വെയ്ക്കും. സാധാരണഗതിയില്‍ അത് ലംഘിക്കാറേയില്ല. ഒരിക്കല്‍ അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തന്റെ മകനുവേണ്ടി പ്രീഡിഗ്രിക്കു മാനേജ്മെന്റ് ക്വാട്ടയില്‍ പ്രവേശനത്തിന് അന്വേഷിച്ചു. ആ വര്‍ഷം മാനേജ്മെന്റ് ക്വാട്ടയിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിനു നിശ്ചയിച്ച മാര്‍ക്കില്‍ രണ്ട് മാര്‍ക്ക് കുറവായിരുന്നു തങ്ങളുടെ മകന്. ഇക്കാര്യം മാനേജര്‍ കുഞ്ഞാതു ഹാജി ശിഹാബ് തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി. നിര്‍ബ്ബന്ധമാണെങ്കില്‍ പ്രവേശനം നല്‍കാമെന്നും കൂട്ടിച്ചേര്‍ത്തു. ഇതു കേട്ട പാണക്കാട് തങ്ങള്‍ തന്റെ മകനുവേണ്ടി തീരുമാനം മാറ്റേണ്ടെന്നാണ് പറഞ്ഞത്. മാനേജ്മെന്റ് ഭാരവാഹികള്‍ക്കും നിബന്ധനകള്‍ ബാധകമായിരുന്നു. ഒരുതരത്തിലുള്ള വെള്ളം ചേര്‍ക്കലും എടുത്ത തീരുമാനങ്ങളില്‍ വരുത്താറില്ല.

മാണി സി കാപ്പൻ
മാണി സി കാപ്പൻ

സി സോണ്‍ ഇന്റര്‍സോണ്‍ കലോത്സവങ്ങളില്‍ പി.എസ്.എം.ഒ തുടര്‍ച്ചയായി കപ്പടിക്കുന്ന കാലമാണ് 1985-'90 കാലയളവ്. കലാമത്സരങ്ങള്‍ എന്നു കേട്ടാല്‍ അബ്ബാസ് സാറിനെയാണ് എല്ലാവരും ഓര്‍ക്കുക. ഇംഗ്ലീഷ് അദ്ധ്യാപകനാണ് അദ്ദേഹം. സോണല്‍ മത്സരങ്ങളില്‍ എത്രയോ വര്‍ഷങ്ങള്‍ സ്ഥിരമായി തിരൂരങ്ങാടി കോളേജ് ജേതാക്കളായതിന്റെ ക്രെഡിറ്റ് അബ്ബാസ് സാറിനാണ്. കലാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിനുള്ള മിടുക്ക് ഒന്നുവേറെത്തന്നെയാണ്. കെ.എം.ഡി സാറും അബ്ബാസ് സാറെ കൈമെയ് മറന്നു സഹായിച്ചു. അബ്ബാസ് സാര്‍ റിട്ടയര്‍ ചെയ്തതിനു ശേഷം സര്‍വ്വകലാശാലാ കലോത്സവങ്ങളില്‍ പി.എസ്.എം.ഒയ്ക്ക് ജേതാക്കളാകാന്‍ അപൂര്‍വ്വമായേ കഴിഞ്ഞുള്ളൂ. കലാ രംഗത്തെന്നപോലെ കായികരംഗത്ത് വേണ്ടത്ര ശോഭിക്കാന്‍ തിരൂരങ്ങാടി കോളേജിനു സാധിച്ചില്ല. നല്ലൊരു ഗ്രൗണ്ട് സൗകര്യപ്രദമായ സ്ഥലത്ത് ഇല്ലാത്തതാണ് കാരണം. ഉള്ള ഗ്രൗണ്ട് കോളേജിനു പിന്നില്‍ ഒരുപാട് അടി താഴ്ചയില്‍ നെല്‍പ്പാടത്താണ്. അങ്ങോട്ടുള്ള ഇറക്കവും തിരിച്ചുള്ള കയറ്റവും അക്ഷരാര്‍ത്ഥത്തില്‍ വലിയ ബുദ്ധിമുട്ടാണ്. അഞ്ചു വര്‍ഷത്തിനിടയില്‍ ഒന്നോ രണ്ടോ തവണയേ ഞാന്‍ പോലും കാമ്പസിന്റെ ഗ്രൗണ്ടിലേക്ക് ഇറങ്ങി നോക്കിയിട്ടുള്ളൂ. കോളേജിന്റെ മുന്‍വശത്ത് നല്ല വോളിബോള്‍, ബാസ്‌കറ്റ് ബോള്‍, ടെന്നിസ് കോര്‍ട്ടുകളുണ്ട്. കോളേജിലെ കായിക വകുപ്പ് മേധാവി ബാവ സാര്‍ നല്ല വോളിബോള്‍ പ്ലയറാണ്. അദ്ദേഹത്തിന്റെ മിടുക്കില്‍ മികച്ച ഒരു വോളിബോര്‍ ടീം പി.എസ്.എം.ഒയ്ക്ക് ഉണ്ടായിരുന്നു. പലപ്പോഴും യൂണിവേഴ്സിറ്റി വോളി ചാമ്പ്യന്‍ പട്ടം സൗദാബാദിലെത്തി. അറിയപ്പെട്ട വോളിബോള്‍ താരങ്ങള്‍ മുന്‍പ് പി.എസ്.എം.ഒ കോളേജില്‍ ചേര്‍ന്നിരുന്നു. അതില്‍ എടുത്തുപറയേണ്ടയാളാണ് ഇപ്പോഴത്തെ എം.എല്‍.എ മാണി സി കാപ്പന്‍. ബാവ സാറിനെ തുടര്‍ന്നെത്തിയ സൈഫുദ്ദീന്‍ സാറും തന്നാലാകും വിധം കായിക മേഖലയ്ക്ക് ഉണര്‍വേകി. ഫുട്ബോള്‍, ക്രിക്കറ്റ്, ടെന്നിസ് എന്നിവയിലെല്ലാം നാമമാത്രമാണെങ്കിലും ശോഭിക്കാന്‍ സാധിച്ചത് വിസ്മരിക്കാവതല്ല.
 
വിദ്യാര്‍ത്ഥി രാഷ്ട്രീയം കാമ്പസുകളെ കലുഷിതമാക്കുമെന്നും വിദ്യാര്‍ത്ഥികളെ പഠനത്തില്‍ പുറകിലാക്കുമെന്നുമൊക്കെയുള്ള വാദം അസംബന്ധമാണെന്നാണ് എന്റെ വ്യക്തിപരമായ അനുഭവം. എന്നില്‍ പ്രതികരിക്കാനുള്ള ശേഷിയും പ്രസംഗ വൈഭവവും പഠിക്കാനുള്ള ത്വരയും തെറ്റുകുറ്റങ്ങളില്‍നിന്ന് ഒരളവോളം അകന്നുനില്‍ക്കാനുള്ള മനോഭാവവും ഉണ്ടാക്കിയത് വിദ്യാര്‍ത്ഥി രാഷ്ട്രീയമാണ്. അതില്ലായിരുന്നെങ്കില്‍ ഇത്രയെങ്കിലും നല്ലൊരു വ്യക്തിയാകാന്‍ എനിക്ക് കഴിയുമായിരുന്നോ എന്ന് സംശയമാണ്. സാമൂഹ്യപ്രതിബദ്ധതയുടെ ബാലപാഠങ്ങള്‍ കുട്ടികള്‍ പഠിക്കുന്നത് സ്‌കൂള്‍-കോളേജ് തലങ്ങളിലെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയാണ്. സ്‌കൂളുകളില്‍ സംഘടനാ പ്രവര്‍ത്തനം കോടതി നിരോധിച്ചു. അതേത്തുടര്‍ന്ന് അക്കാദമിക് രംഗത്ത് ഒരു മികവും അവിടങ്ങളില്‍ ഉണ്ടായില്ല. ചെറുപ്രായത്തിലെ കൂട്ടംകൂടാനുള്ള വാഞ്ഛയെ സമര്‍ത്ഥമായി ജാതി-മത-വര്‍ഗ്ഗീയ  സംഘടനകള്‍ ഉപയോഗിച്ചു. അവരാകട്ടെ, പൊതുകാര്യങ്ങളില്‍ ഇടപെട്ടതുമില്ല. കേരളത്തിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ മദ്യ-മയക്കുമരുന്ന് മാഫിയകളുടെ കേന്ദ്രമായത് വിദ്യാര്‍ത്ഥി രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അഭാവത്തിലാണെന്നു നിസ്സംശയം പറയാം. ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി സംഘടന ഒരു കാമ്പസില്‍ ഉണ്ടെങ്കില്‍ ഒരു ബാഹ്യശക്തിക്കും അവിടെ വിളയാടാന്‍ ധൈര്യം വരില്ല. കലാലയ രാഷ്ട്രീയം അനുവദിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അതനുവദിക്കാത്ത സ്ഥാപനങ്ങളെക്കാള്‍ അക്കാദമിക്ക് രംഗത്തും ധാര്‍മ്മിക രംഗത്തും മുന്നിട്ടുനില്‍ക്കുന്നുവെന്നത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്ററി സ്‌കൂളുകളെ ഇന്നുള്ള ഭീതിദമായ അവസ്ഥയില്‍നിന്നു മുക്തമാക്കാന്‍ ഒറ്റ വഴിയേ ഉള്ളൂ. അവിടങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം അനുവദിക്കുക.

എൻ ഷംസുദ്ദീൻ
എൻ ഷംസുദ്ദീൻ

സംഘര്‍ഷത്തിന്റെ നാളുകള്‍

ചെറിയ അടിപിടികളും കശപിശകളും സംഘട്ടനങ്ങളും കാമ്പസുകളില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാം. 1986-'87 കാലത്ത് പി.എസ്.എം.ഒ കോളേജിലുമുണ്ടായി അത്തരമൊരു സംഭവം. അന്ന് ഞാന്‍ രണ്ടാം വര്‍ഷ ബി.എക്കാണ് പഠിച്ചിരുന്നത്. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കാമ്പസില്‍ ഒരു സംഘര്‍ഷമുണ്ടായി. യൂണിവേഴ്സിറ്റി യൂണിയന്റെ കലാജാഥ പി.എസ്.എം.ഒയുടെ മുന്നിലെത്തി. വിദ്യാര്‍ത്ഥി യൂണിയല്‍ തെരഞ്ഞെടുപ്പിനോട് അടുപ്പിച്ചായിരുന്നു അത്. ജാഥ കാമ്പസില്‍ പ്രവേശിക്കണമെന്ന് എസ്.എഫ്.ഐ. പാടില്ലെന്ന് എം.എസ്.എഫ്. തിരൂരങ്ങാടി കോളേജില്‍ സ്വാധീനം എം.എസ്.എഫിനാണ്. എന്നാല്‍, യൂണിവേഴ്സിറ്റി യൂണിയന്‍ ഭരിച്ചിരുന്നത് എസ്.എഫ്.ഐയാണ്. കലാജാഥ കാമ്പസില്‍ കടന്ന് പരിപാടികള്‍ അവതരിപ്പിച്ചാല്‍ എസ്.എഫ്.ഐക്ക് നേട്ടമുണ്ടായാലോ എന്ന ചിന്തയാവാം എം.എസ്.എഫിന്റെ എതിര്‍പ്പിന്റെ കാരണം. വിദ്യാര്‍ത്ഥി സംഘട്ടനം ഉണ്ടാകുമെന്നു പ്രതീക്ഷിച്ച് പൊലീസും കോളേജ് കവാടത്തില്‍ തമ്പടിച്ചു. കാമ്പസിനു പുറത്ത് ഒന്നും ഉണ്ടാക്കാതെ പൊലീസ് നോക്കി. കാമ്പസില്‍നിന്ന് ആരോ പൊലീസിനു നേരെ കല്ലെറിഞ്ഞു. ആദ്യമൊക്കെ പൊലീസ് ക്ഷമിച്ചു. കല്ലേറ് തുടര്‍ന്നപ്പോള്‍ അനുമതിയില്ലാതെ തന്നെ പൊലീസ് ലാത്തിയുമായി കാമ്പസില്‍ കയറി. പത്തിരുപത് പൊലീസുകാര്‍ ഒരുമിച്ച് ഒരു പ്രത്യേക ശബ്ദമുണ്ടാക്കി ചീറിവന്നു. കണ്ണില്‍ കണ്ടവരെയൊക്കെ അടിച്ചോടിച്ചു. വരാന്തയില്‍ കയറിയ പൊലീസ്  അദ്ധ്യാപകരേയും വെറുതെ വിട്ടില്ല. താഴത്തെ നിലയിലുള്ള കെമിസ്ട്രി ലാബിന്റെ ചില്ലുകള്‍ ലാത്തികൊണ്ടടിച്ച് പൊട്ടിച്ചു. ഇതുകണ്ട ഞങ്ങള്‍ ഒന്നാം നിലയിലേക്ക് ഓടിക്കയറി. ഭാഗ്യത്തിന് പൊലീസ് അങ്ങോട്ട് കയറിയില്ല. കുറേ കുട്ടികള്‍ക്ക് ലാത്തിയടിയില്‍ പരിക്കേറ്റു. ചിലരുടെ പരിക്ക് സാരമായിരുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പി.എസ്.എം.ഒ കോളേജിന്റെ ചരിത്രത്തില്‍ അരനൂറ്റാണ്ടിനിടയില്‍ ഇത്തരമൊരു സംഭവം ഉണ്ടായതായി ആരും പറഞ്ഞുകേട്ടിട്ടില്ല. ഇതിന്റെയൊക്കെ പേരില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയമേ പാടില്ല എന്നു പറയുന്നത് എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതിനു തുല്യമാണ്. തലവേദന ഭയന്ന് ഒരാളും തലതന്നെ വെട്ടിമാറ്റി പ്രശ്നം പരിഹരിക്കാറില്ലല്ലോ?

മഹ്മൂദ് കടവത്ത്, എന്‍. ഷംസുദ്ദീന്‍, സലാം എന്നിവരാണ് എം.എസ്.എഫിനെ നയിച്ചത്. കെ.പി. അനിലും മാത്യു സിറിയക്കുമായിരുന്നു എസ്.എഫ്.ഐ നേതാക്കള്‍. തന്റെ വാഗ്വിലാസത്തില്‍ ഷാഹുല്‍ഹമീദ് കെ.എസ്.യുവിനെ ജ്വലിപ്പിച്ചു നിര്‍ത്തി. സിമിയുടെ കാമ്പസിലെ നേതാവായി ഞാനുമുണ്ടായിരുന്നു. ക്ലാസ്സില്‍ പരസ്പരം ഞങ്ങള്‍ മത്സരിച്ചു പ്രസംഗിച്ചു. ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു. എടുത്തുപറയത്തക്ക വഴക്കുകളൊന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ക്കിടയില്‍ ഉണ്ടായത് മനസ്സിലില്ല. എല്ലാവരും ഒറ്റയ്ക്കാണ് മത്സരിച്ചത്. ഞാന്‍ സെക്കന്റ് ബി.എയ്ക്ക് പഠിക്കുമ്പോള്‍ സിമിയുടെ ബാനറില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചു. എം.എസ്.എഫിന്റെ സലാമായിരുന്നു മുഖ്യ എതിരാളി. കെ.എസ്.യുവിന്റേയും എസ്.എഫ്.ഐയുടേയും സ്ഥാനാര്‍ത്ഥികള്‍ വേറെയും. മൂവ്വായിരത്തിലധികം കുട്ടികളുള്ള കാമ്പസില്‍ സിമിക്ക് ആകെ എഴുപതില്‍ താഴെ വോട്ടുകളാണ് ഉണ്ടായിരുന്നത്. എല്ലാവരുടെ കണ്ണുകളും ചെയര്‍മാന്‍ സ്ഥാനത്തേക്കായിരുന്നു. പ്രചരണ നോട്ടീസുകളൊക്കെ അച്ചടിച്ചത് വളാഞ്ചേരി 'അപെക്സ്' പ്രസ്സിലാണ്. എന്റെ മൂത്താപ്പയുടെ മകന്‍ കുഞ്ഞുവാണ് പ്രസ്സ് നടത്തിയിരുന്നത്. കാമ്പസിന്റെ മതിലുകളെല്ലാം പ്രധാന വിദ്യാര്‍ത്ഥി സംഘടനകള്‍ കയ്യടക്കി വെച്ചിരുന്നു. ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് കാമ്പസില്‍ വന്‍പ്രകടനങ്ങള്‍ നടന്നു. എന്നെ പിന്തുണച്ചുള്ള പ്രകടനമായിരുന്നു ഏറ്റവും ചെറുത്. നാല്‍പ്പത് കുട്ടികളിലധികം ഒരു ഘട്ടത്തിലും സിമിയുടെ ജാഥയില്‍ ഉണ്ടായിട്ടില്ല. തോല്‍ക്കുമെന്ന് എനിക്കുറപ്പായിരുന്നു. എന്നാലും മോശമല്ലാത്ത വോട്ടു കിട്ടുമെന്ന് ഉറപ്പായിരുന്നു. എം.എസ്.എഫ് സര്‍വ്വശക്തിയും ഉപയോഗിച്ചാണ് പൊരുതിയത്. അവരുടെ പാനലില്‍ വിദ്യാര്‍ത്ഥികളുമായി നല്ല ബന്ധമുള്ള അബ്ദുല്‍സലാം എന്റെ സീനിയറും കാമ്പസിലെ പരിചിത മുഖവുമാണ്. വിദ്യാര്‍ത്ഥികളെ പരമാവധി നേരില്‍ കണ്ട് വോട്ട് ചോദിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞു. വോട്ടെണ്ണിയപ്പോള്‍ എന്നെക്കാള്‍ 141 വോട്ട് അധികം നേടി സലാം വിജയിച്ചു. മറ്റു സ്ഥാനാര്‍ത്ഥികള്‍ മൂന്നും നാലും സ്ഥാനങ്ങളിലേക്ക് തള്ളപ്പെട്ടു. തെരഞ്ഞെടുപ്പ് ഗോദയിലെ എന്റെ ആദ്യ തോല്‍വി. സിമിയുടെ മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് എഴുപതില്‍ താഴെ വോട്ട് കിട്ടിയപ്പോള്‍ എനിക്ക് അഞ്ഞൂറിലധികം വോട്ട് ലഭിച്ചു. പരാജയത്തില്‍ എനിക്ക് സങ്കടമേ തോന്നിയില്ല. തോറ്റെങ്കിലും പല അദ്ധ്യാപകരും എന്നെ അഭിനന്ദിച്ചു. എനിക്ക് കിട്ടിയ വോട്ടുകളില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളുടേതാണെന്നാണ് വിലയിരുത്തപ്പെട്ടത്. 

മാത്യു സിറിയക്ക്
മാത്യു സിറിയക്ക്

രണ്ടു ഷിഫ്റ്റായിട്ടാണ് കോളേജ് നടന്നിരുന്നത്. ഡിഗ്രി, പി.ജി ക്ലാസ്സുകള്‍ മുഴുവന്‍ മോണിംഗ് ഷിഫ്റ്റായിരുന്നു. അതോടൊപ്പം പ്രീഡിഗ്രി ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ മുഴുവനും രാവിലത്തെ ഷിഫ്റ്റിലാണ് ഉള്‍പ്പെട്ടത്. പഠിക്കാന്‍ നല്ലത് മോണിംഗ് ഷിഫ്റ്റാണ്. ഉച്ചയ്ക്ക് ശേഷമുള്ള ബാച്ചുകളില്‍ ഒരു ദിവസം ശരാശരി പകുതി കുട്ടികളേ ഉണ്ടാകാറുള്ളൂ. ഫസ്റ്റ് ഗ്രൂപ്പിലും സെക്കന്റ് ഗ്രൂപ്പിലും ഉദ്ദേശ്യം 70 ശതമാനം കുട്ടികളും ഹാജരുണ്ടാകും. ഉച്ചയ്ക്കു ശേഷം എല്ലാവരും ഒരു ഉറക്കച്ചടവിലാകും. അദ്ധ്യാപകരും പൊതുവെ ക്ഷീണിതരാകും. രണ്ടാം ഷിഫ്റ്റില്‍ ഒരുതരം ഊഷരതയാണ് കാമ്പസില്‍ അനുഭവപ്പെടാറ്. കലാകായിക പരിശീലനങ്ങളെല്ലാം ഉച്ചയ്ക്കു ശേഷമാണ് നടക്കുക. ഉന്നത വിദ്യാഭ്യാസ പഠനം രാവിലെ 8.30-ന് തുടങ്ങി ഉച്ചയ്ക്ക് 1.30-ന് അവസാനിക്കത്തക്ക രീതിയില്‍ ക്രമപ്പെടുത്തിയാല്‍ നന്നാകും. കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയപ്പോള്‍ വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി എന്ന നിലയില്‍ രാവിലെ 8.30-ന് തുടങ്ങി ഉച്ചയ്ക്ക് 1.30-ന് അവസാനിക്കത്തക്ക രൂപത്തിലാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചത്. ഉച്ചയോടെ പഠനം കഴിഞ്ഞാല്‍ പാര്‍ട്ട് ടൈം ജോലി ചെയ്യേണ്ട കുട്ടികള്‍ക്ക് അതാവാം. വിദേശ സര്‍വ്വകലാശാലകളുടേതുള്‍പ്പെടെ പ്രശസ്ത യൂണിവേഴ്സിറ്റികളുടെ ഓണ്‍ലൈന്‍ കോഴ്സുകള്‍ ചെയ്യേണ്ടവര്‍ക്ക് അതു ചെയ്യാം. മാതാപിതാക്കളെ പരിചരിക്കേണ്ടവര്‍ക്ക് ആ വഴി തെരഞ്ഞെടുക്കാം. പെയ്ന്‍ ആന്റ് പാലിയേറ്റീവ് അടക്കമുള്ള സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാകാന്‍ താല്പര്യമുള്ളവര്‍ക്ക് അതാവാം. പാഠ്യേതര പുസ്തകങ്ങള്‍ വായിക്കാന്‍ ലൈബ്രറികള്‍ ഉപയോഗപ്പെടുത്താം. ലോകത്തെല്ലായിടത്തും ഉച്ചയ്ക്ക് മുന്‍പുള്ള സമയമാണ് കോളേജ് പഠനത്തിന് ഉപയോഗിക്കുന്നത്. ഞാന്‍ 8.30 മുതല്‍ 1.30 വരെയുള്ള  ഷിഫ്റ്റില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടിനും ഉചിതമായ സമയം 8.30 മുതല്‍ 1.30 വരെയുള്ള സമയമാണെന്നാണ് എന്റെ അനുഭവം.

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com