നിറങ്ങള്‍ നിറഞ്ഞ കലാലയ ജീവിതം

വര്‍ഗ്ഗീയ ധ്രുവീകരണം ലാക്കാക്കിയുള്ള ഭരണനടപടികള്‍ക്ക് ബ്രിട്ടീഷുകാര്‍ പ്രത്യക്ഷമായി തുടക്കമിട്ടത് 1905-ല്‍ മതാടിസ്ഥാനത്തില്‍ ബംഗാളിനെ വിഭജിച്ചുകൊണ്ടാണ്
നിറങ്ങള്‍ നിറഞ്ഞ കലാലയ ജീവിതം

ന്തുകൊണ്ടാണ് ഞാന്‍ പി.എസ്.എം.ഒ കോളേജിനെ വല്ലാതെ ഇഷ്ടപ്പെട്ടത്? ആ ചോദ്യത്തിന്റെ ഉത്തരം തേടിയുള്ള അന്വേഷണം കോളേജ് സ്ഥാപകന്‍ എം.കെ. ഹാജിയുടെ നിഷ്‌കളങ്കമായ മുഖകാന്തിയിലാണ് ചെന്നെത്തുക. ഹാജിയെ അനുസ്മരിക്കാതെ എന്റെ ഓര്‍മ്മച്ചെപ്പ് തുറക്കാനാവില്ല. ദൂരെനിന്നേ എം.കെ. ഹാജിയെ ഞാന്‍ കണ്ടിട്ടുള്ളൂ. വൃദ്ധനായ ആ മനുഷ്യസ്നേഹിയെ ഒരിക്കല്‍ കണ്ട ആര്‍ക്കും മറക്കാനാവില്ല. മൂന്നുകണ്ടന്‍ കുഞ്ഞഹമ്മദ് എന്ന എം.കെ. ഹാജി 1904-ലാണ് ജനിച്ചത്. ഇന്ത്യന്‍ ദേശീയ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള നൂറ്റാണ്ടിന്റെ തുടക്കമാണത്. വര്‍ഗ്ഗീയ ധ്രുവീകരണം ലാക്കാക്കിയുള്ള ഭരണനടപടികള്‍ക്ക് ബ്രിട്ടീഷുകാര്‍ പ്രത്യക്ഷമായി തുടക്കമിട്ടത് 1905-ല്‍ മതാടിസ്ഥാനത്തില്‍ ബംഗാളിനെ വിഭജിച്ചുകൊണ്ടാണ്. ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള പശ്ചിമബംഗാളും മുസ്ലിങ്ങള്‍ക്ക് മേധാവിത്വമുള്ള കിഴക്കന്‍ ബംഗാളെന്നും രണ്ടായി ബ്രിട്ടീഷ് വിരുദ്ധസമരങ്ങളുടെ തീച്ചൂള പിളര്‍ക്കപ്പെട്ടു. 

എല്ലാ മതസ്ഥരും അണിനിരന്ന ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍നിന്ന് മുസ്ലിങ്ങളെ വേര്‍പെടുത്തി വേറിട്ടൊരു പ്ലാറ്റ്‌ഫോമില്‍ അണിനിരത്തുക എന്ന ഗൂഢോദ്ദേശ്യത്തോടെയാണ് 1906-ല്‍ ഡാക്കയിലെ നവാബായിരുന്ന ആഗാഖാന്റെ നേതൃത്വത്തില്‍ സര്‍വ്വേന്ത്യാ മുസ്ലിംലീഗ് രൂപീകരണം നടക്കുന്നത്. ഹിന്ദു-മുസ്ലിം ഐക്യം ഉയര്‍ത്തി നടന്ന പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 1911-ല്‍ ബംഗാള്‍ വിഭജനം റദ്ദ് ചെയ്തു. എന്നാല്‍, സാമുദായിക വിഭജന നീക്കം സാമ്രാജ്യത്വ ശക്തികള്‍ തുടര്‍ന്നു. അതിന്റെ പരിണതിയാണ് 1915-ല്‍ ഹിന്ദുക്കളെ കോണ്‍ഗ്രസ്സില്‍നിന്നു വേര്‍പെടുത്താന്‍ ഹിന്ദുമഹാസഭ ഉണ്ടാക്കുന്നതിനുള്ള അവരുടെ കുത്സിത നീക്കങ്ങള്‍. ഇവയെ മറികടക്കാനും കൂടിയാണ് മഹാത്മജിയുടേയും മൗലാനാ മുഹമ്മദലിയുടേയും നേതൃത്വത്തില്‍ 1919-ല്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിക്കുന്നത്. 

ഈ ചരിത്ര പരമ്പരകളുടെ അകമ്പടിയില്‍ പിറന്നുവീണ എം.കെ. ഹാജിയുടെ രണ്ടാമത്തെ വയസ്സില്‍ പിതാവ് മരണപ്പെട്ടു. അനാഥത്വത്തിന്റെ നോവറിഞ്ഞ് വളര്‍ന്ന ഹാജി സാഹിബ് നിരാലംബര്‍ക്കായി ഒരു അഭയകേന്ദ്രം പില്‍ക്കാലത്ത് പണിതു. 14 വയസ്സുവരെ ഉമ്മ ഉണ്ടാക്കിയ കൈപ്പത്തിരി ചായക്കടകളില്‍ കൊണ്ടുപോയി കൊടുത്താണ് ഉപജീവനം നടത്തിയത്. കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യം അദ്ദേഹത്തെ ആര്‍ദ്രമാര്‍ന്ന മനസ്സിന്റെ ഉടമയുമാക്കി.

പതിന്നാലാം വയസ്സില്‍ ഒരു സായിപ്പിന്റെ എസ്റ്റേറ്റില്‍ എം.കെ. ഹാജിക്കു ജോലി കിട്ടി. ജോലിയിലെ അദ്ദേഹത്തിന്റെ ശുഷ്‌കാന്തി അധികം വൈകാതെ എസ്റ്റേറ്റിലെ മേസ്തിരി സ്ഥാനത്തെത്തിച്ചു. എം.കെ. ഹാജിയോട് എതിര്‍പ്പുണ്ടായിരുന്ന ചിലര്‍ അദ്ദേഹം 1921-ല്‍ കലാപകാരികളെ സഹായിച്ചു എന്ന മട്ടില്‍ അധികാരികള്‍ക്കു പരാതി അയച്ചു. ഇതറിഞ്ഞ കലാപകാരികൂടിയായിരുന്ന കാരാടന്‍ മൊയ്തീന്‍ അദ്ദേഹത്തോട് മദിരാശിയിലേക്കു പോകാന്‍ ഉപദേശിച്ചു. ഉമ്മ കൊടുത്ത രണ്ടണയുമായി എം.കെ. ഹാജിയുടെ ആദ്യത്തേയും അവസാനത്തേയും ടിക്കറ്റെടുക്കാത്ത യാത്രയ്ക്ക് വഴിയൊരുങ്ങി. കള്ളവണ്ടി കയറിയതിന് പിടിക്കപ്പെട്ടു. ടി.ടിയോട് കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അദ്ദേഹത്തെ ആര്‍ക്കോണത്ത് ഇറക്കി സ്റ്റേഷന്‍ മാസ്റ്ററെ ഏല്പിച്ചു. കുറച്ചു ദിവസം അവിടെ തോട്ടം നനക്കാരനായി കഴിഞ്ഞു. പിന്നെ നേരെ മദിരാശിയിലെത്തി. നീണ്ട നാല്‍പ്പത് വര്‍ഷം അവിടെ ചെലവഴിച്ചു. അത്യധ്വാനത്തിലൂടെ അഞ്ചോ ആറോ ഹോട്ടലുകളുടെ ഉടമയായി. 

പിഎസ്എംഒ കോളജ്
പിഎസ്എംഒ കോളജ്

1943 കേവലമൊരു കലണ്ടര്‍ വര്‍ഷമല്ല. രണ്ടാം ലോക മഹായുദ്ധത്തിന്റെ സാമ്പത്തിക കെടുതികള്‍ ലോകമെങ്ങും അലയടിച്ച കാലവും കൂടിയാണ്. പണസ്രോതസ്സുകള്‍ വറ്റിവരണ്ട സമയത്തു തന്നെയാണ് കോളറ  തിരൂരങ്ങാടിയിലും പരിസരങ്ങളിലും പടര്‍ന്നുപിടിച്ചത്. നിരവധി ആളുകള്‍ മരിച്ചു. എത്രയോ കുട്ടികള്‍ അനാഥരായി. ആരോരുമില്ലാത്ത മക്കളുടെ ജീവിതം ഒരു സാമൂഹ്യപ്രശ്നമായി ഉയര്‍ന്നുവന്നു. പ്രശ്നപരിഹാരങ്ങള്‍ക്ക് എല്ലാ ഭാഗത്തും ശ്രമമുണ്ടായി. വി.ആര്‍. നായരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടിയിലും താനൂരിലും അനാഥമന്ദിരങ്ങള്‍ സ്ഥാപിതമായി. എം.കെ. ഹാജിയുടെ കാര്‍മ്മികത്വത്തില്‍ തിരൂരങ്ങാടിയിലും ഓര്‍ഫനേജ് ആരംഭിച്ചു. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളാണ് യത്തീംഖാനയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
 
ബാഫഖി തങ്ങള്‍ ഒരേസമയം സുന്നി നേതാവും ലീഗ് നേതാവുമായിരുന്നു. ഹാജിയാകട്ടെ, ലീഗുകാരനും  പുരോഗമന ആശയക്കാരനും. തിരൂരങ്ങാടിയിലെ സ്ഥാപനങ്ങള്‍ക്ക് പൊതു സ്വഭാവം കൈവന്നത് ബാഫഖി തങ്ങളും എം.കെ. ഹാജിയും തമ്മിലുള്ള അടുപ്പമാണ്. ഓര്‍ഫനേജ് കാമ്പസിലെ പുരോഗമന ആശയപ്രചരണവും കൂടി ലക്ഷ്യമിട്ട് നിര്‍മ്മിച്ച പള്ളി ഉദ്ഘാടനം ചെയ്തതും ബാഫഖി തങ്ങളാണ്. ഒരു മുജാഹിദ് ആഭിമുഖ്യമുള്ള പള്ളി അതിനു മുന്‍പോ ശേഷമോ ഒരു സുന്നി ആശയക്കാരന്‍ ഉദ്ഘാടനം ചെയ്തത് ചൂണ്ടിക്കാണിക്കാനാവില്ല.

യത്തീംഖാന കാമ്പസില്‍ 1955-ല്‍ ഓറിയന്റല്‍ ഹൈസ്‌കൂള്‍ ആരംഭിച്ചു. 1960-ല്‍ ലോവര്‍ പ്രൈമറി സ്‌കൂള്‍ തുടങ്ങി. 1961-ല്‍ ടീച്ചേഴ്സ് ട്രെയിനിംഗ് സ്‌കൂളിനും എം.കെ. ഹാജി തുടക്കമിട്ടു. 1968-ല്‍ രണ്ടാം ഇ.എം.എസ് മന്ത്രിസഭയുടെ കാലത്ത് സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് പി.എസ്.എം.ഒ കോളേജിനു അനുമതിയായത്. 1971-ല്‍ കെ.എം. മൗലവിയുടെ നാമധേയത്തില്‍ അറബിക് കോളേജും യാഥാര്‍ത്ഥ്യമായി. എം.കെ. ഹാജിയുടെ പേരില്‍ നിലവില്‍ വന്ന ഹോസ്പിറ്റല്‍ മാത്രമാണ് അധികമായി ഓര്‍ഫനേജ് കാമ്പസില്‍ ഉള്ളത്. 

കെഎം മൗലവി
കെഎം മൗലവി

പി.എസ്.എം.ഒ എയ്ഡഡ് കോളേജ് ആരംഭിക്കാന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു വന്ന കമ്മിഷനില്‍ മൂന്നു പേരാണത്രെ ഉണ്ടായിരുന്നത്. ഫാദര്‍ കരിയത്തടം, ഭാസ്‌കരപ്പണിക്കര്‍, അന്നത്തെ കേരള ചീഫ് എന്‍ജിനീയര്‍ ടി.പി. കുട്ടിയാമു സാഹിബ്. പരിശോധന കഴിഞ്ഞ് ഭാസ്‌കരപ്പണിക്കര്‍ ഫയലില്‍ എഴുതി: ''ഭൗതിക സൗകര്യങ്ങളുടെ കാര്യത്തില്‍ ചില പരിമിതികള്‍ ഉണ്ട്. എന്നാല്‍, സ്ഥാപന നടത്തിപ്പുകാരുടെ സാമൂഹ്യപ്രതിബദ്ധത കാണാതിരിക്കാനാവില്ല. കമ്മിഷന്‍ കോളേജിന് ശുപാര്‍ശ ചെയ്യുന്നു.'' എം.കെ. ഹാജി പടുത്തുയര്‍ത്തിയ സ്ഥാപനങ്ങള്‍ക്കെല്ലാം കലര്‍പ്പില്ലാത്ത മതേതര സ്വഭാവം കൈവന്നത് സ്വാഭാവികം. 1983-ല്‍ ഹാജി മരണപ്പെടുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 772 പേരാണ് യത്തീംഖാനയില്‍ പഠിച്ചിരുന്നത്. 

പത്തോളം ഹിന്ദു കുട്ടികളും ഓര്‍ഫനേജിലെ അന്തേവാസികളായിരുന്നു. അക്കൂട്ടത്തില്‍ പ്രമുഖന്‍ കെ.പി. രാമനാണ്. ദളിത് കുടുംബാംഗമായ അദ്ദേഹം അച്ഛന്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഓര്‍ഫനേജിലെത്തിയത്. ബന്ധുക്കളില്‍ ചിലര്‍ രാമന്‍ മാപ്പിളയാകും എന്ന് ശങ്കിച്ചിരുന്നു. ഒരിക്കല്‍ അസുഖബാധിതനായ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നാട്ടില്‍ പരന്ന കിംവദന്തി രാമനെ തൊപ്പിയിടാന്‍ പൊന്നാനിയില്‍ കൊണ്ടുപോയി എന്നാണ്. പത്താം ക്ലാസ്സ് പാസ്സായ മിടുക്കനായ രാമനെ എം.കെ. ഹാജി ട്രെയിനിംഗ് സ്‌കൂളില്‍ ചേര്‍ത്തു. കോഴ്സ് പൂര്‍ത്തിയാക്കിയ അദ്ദേഹത്തെ വൈകാതെ അനാഥാലയത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളില്‍ അദ്ധ്യാപകനായി നിയമിച്ചു. അങ്ങനെ കെ.പി. രാമന്‍, രാമന്‍ മാസ്റ്ററായി. നല്ല കഴിവുണ്ടായിരുന്ന രാമന്‍ മാസ്റ്ററെ എം.എല്‍.എയാക്കുന്നതിലും എം.കെ. ഹാജി നിര്‍ണ്ണായക പങ്കുവഹിച്ചു. പിന്നീട് അദ്ദേഹം പി.എസ്.സി മെമ്പറുമായി. ഇന്നും ഇവിടെയുള്ള എയ്ഡഡ് സ്ഥാപനങ്ങളില്‍ എസ്.സി. വിഭാഗത്തിലേയും സഹോദര സമുദായങ്ങളിലേയും നിര്‍ദ്ധനര്‍ കോഴ കൊടുക്കാതെ ജോലി ചെയ്യുന്നുണ്ട്. സഹോദര മതസ്ഥരെ ഒരു ചില്ലിക്കാശ് വാങ്ങാതെ ജോലിക്കു പരിഗണിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങള്‍ നന്നേ കുറവാകും കേരളത്തില്‍. ഒരുപക്ഷേ, എം.കെ. ഹാജി പടുത്തുയര്‍ത്തിയ യത്തീംഖാനയ്ക്ക് കീഴിലുള്ള എയ്ഡഡ് സ്ഥാപനങ്ങളാകാം ആ ഗണത്തില്‍ മുന്‍പന്തിയില്‍.

ടിപി കുട്ടിയാമു സാഹിബ്
ടിപി കുട്ടിയാമു സാഹിബ്

1948-ല്‍ അന്നത്തെ പി.ഡബ്ല്യു.ഡി ചീഫ് എന്‍ജിനീയറായിരുന്ന ടി.പി. കുട്ട്യാമു സാഹിബിനെക്കൊണ്ടാണ് അന്‍പത് വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ എം.കെ. ഹാജി തയ്യാറാക്കിച്ചത്. കാമ്പസിന്റെ ഏതു ഭാഗത്തുനിന്നു നോക്കിയാലും എല്ലാ സ്ഥാപനങ്ങളുടേയും കവാടങ്ങളും പള്ളി മിനാരവും കാഴ്ചയില്‍ പതിയുന്ന രൂപത്തിലാണ് കുട്ട്യാമു സാഹിബ് പ്ലാന്‍ വിഭാവനം ചെയ്തതും നിര്‍മ്മാണം നടത്തിയതും. സമീപകാലത്തു വന്ന പുതിയ കെട്ടിടങ്ങള്‍ നീണ്ട കാഴ്ചയ്ക്ക് ഭംഗം വരുത്തിയെന്നു പറയാതിരിക്കാനാവില്ല.

അനാഥര്‍ക്ക് എന്തിനാണ് ഒരു താജ്മഹല്‍? 

വിവിധ സ്ഥലങ്ങളിലായി 40 ഏക്കര്‍ ഭൂമി വാങ്ങിയാണ് ഹാജി ഓര്‍ഫനേജിനു തുടക്കമിട്ടത്. അനാഥശാലയുടെ പ്ലാനുമായി നാട്ടിലെ ഒരു സമ്പന്നന്റെ സഹായം തേടി എം.കെ. ഹാജി ചെന്നു. പ്ലാന്‍ കണ്ട അയാള്‍ ചോദിച്ചത്രെ അനാഥര്‍ക്ക് എന്തിനാണ് ഒരു താജ്മഹല്‍? ഇതുകേട്ട എം.കെ. ഹാജി പ്രതികരിച്ചത് ഇങ്ങനെയാണ്: ''നമ്മളും നമ്മുടെ മക്കളുമൊക്കെ നല്ല സൗകര്യത്തിലല്ലേ ജീവിക്കുന്നത്. അതുപോലത്തെ സൗകര്യങ്ങള്‍ യത്തീം കുട്ടികളും അനുഭവിക്കട്ടെ.'' ഹാജിയുടെ വാക്കുകള്‍ ധനാഢ്യന്റെ മനസ്സിളക്കി. അയാള്‍ നല്ല സംഭാവന നല്‍കി.

1921-ലെ ബ്രിട്ടീഷ്വിരുദ്ധ സമരത്തില്‍ പങ്കെടുത്താല്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് ചൂണ്ടിക്കാട്ടിയ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അഭിപ്രായത്തോടാണ് എം.കെ. ഹാജി യോജിച്ചത്. സര്‍വ്വേന്ത്യ മുസ്ലിം ലീഗ് ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസ്സിലാണ് അദ്ദേഹം യുവാവായിരിക്കെ ചേര്‍ന്നത്. സമരക്കാരെ ഒരു ഘട്ടത്തിലും അദ്ദേഹം തള്ളിപ്പറഞ്ഞില്ല. കലാപകാരികളില്‍ മഹാഭൂരിഭാഗവും കോണ്‍ഗ്രസ് അനുഭാവികളോ അംഗങ്ങളോ ആയിരുന്നു. ആലി മുസ്ലിയാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദാജിയും ഉള്‍പ്പെടെ. എന്നിട്ടും കോണ്‍ഗ്രസ് സന്ദിഗ്ദ്ധഘട്ടത്തില്‍ സമരക്കാരെ കയ്യൊഴിഞ്ഞതിനോട് അദ്ദേഹം വിയോജിച്ചു. കലാപാനന്തരം ക്രൂരമായ അടിച്ചമര്‍ത്തലും അവഗണനയും ബ്രിട്ടീഷ് സര്‍ക്കാര്‍ തുടര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് മൗനമവലംബിച്ചതും എം.കെ. ഹാജിയെ വേദനിപ്പിച്ചിരിക്കണം. ബ്രിട്ടീഷുകാര്‍ കൊല്ലുകയും നാടുകടത്തുകയുമെല്ലാം ചെയ്ത ശേഷവും ഏറനാട്ടിലും വള്ളുവനാട്ടിലും അവശേഷിച്ച സ്ത്രീകളേയും കുട്ടികളേയും വൃദ്ധരേയും കയ്യൊഴിഞ്ഞ കോണ്‍ഗ്രസ്സിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് മറ്റു പലരേയും പോലെ എം.കെ. ഹാജിയും മുസ്ലിംലീഗില്‍ ചേര്‍ന്നു. സ്വാതന്ത്ര്യാനന്തരം രൂപീകൃതമായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ നേതൃനിരയില്‍ പ്രമുഖ സ്ഥാനീയനായി ഹാജി നിയുക്തനായി. ലീഗ് പിളര്‍ന്നപ്പോള്‍ അഖിലേന്ത്യാ ലീഗിന്റെ അദ്ധ്യക്ഷനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. മരണംവരെ ആ പദവിയില്‍ തുടര്‍ന്നു.

കെപി രാമൻ മാസ്റ്റർ
കെപി രാമൻ മാസ്റ്റർ

ബാഫഖി തങ്ങളുടെ ഉറ്റ സഹകാരിയായാണ് എം.കെ. ഹാജി പ്രവര്‍ത്തിച്ചത്. ബര്‍മ്മയില്‍ വ്യാപാരമുണ്ടായിരുന്ന തങ്ങളോടൊപ്പം റങ്കൂണും മ്യാന്‍മോവും സന്ദര്‍ശിച്ചു. വിശ്വസ്തന്‍ എന്ന നിലയിലാണ് ഹാജിയെ ബാഫഖി തങ്ങള്‍ കൂടെക്കൂട്ടിയത്. ലീഗ് നേതൃനിരയിലെത്തിയ എം.കെ. ഹാജി ലീഗിന്റെ നയരൂപീകരണങ്ങളില്‍ പങ്കാളിയായി.
 
1968-ല്‍ ലീഗിനു പങ്കാളിത്തമുള്ള ഇ.എം.എസ്. മന്ത്രിസഭ സംസ്ഥാനത്ത് മദ്യനിരോധനം പിന്‍വലിച്ചു. ഇതിനെതിരെ ലീഗില്‍ വലിയ കോളിളക്കമുണ്ടായി. ലീഗ് സ്റ്റേറ്റ് കമ്മിറ്റിയില്‍ വാഗ്വാദങ്ങള്‍ നടന്നു. ലീഗ് മന്ത്രിസഭയില്‍നിന്നു രാജിവെക്കണം എന്നുവരെ വാദമുയര്‍ന്നു. കാബിനറ്റിലെ അംഗമായിരുന്ന സി.എച്ച്. മുഹമ്മദ് കോയ സാഹിബ് കാര്യകാരണസഹിതം കാര്യങ്ങള്‍ വിശദീകരിച്ചു. ഇസ്മായില്‍ സാഹിബും ബാഫഖി തങ്ങളും അതംഗീകരിച്ചു. പിന്നെയും ചിലര്‍ മുറുമുറുത്തു. ഇതുകേട്ട എം.കെ. ഹാജി എഴുന്നേറ്റുനിന്ന് ഉറച്ചസ്വരത്തില്‍ പറഞ്ഞു: ''ഇസ്മായില്‍ സാഹിബും ബാഫഖി തങ്ങളും അംഗീകരിച്ച തീരുമാനത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ഇറങ്ങിപ്പോകാം.'' അതോടെ എല്ലാ എതിര്‍പ്പും കെട്ടടങ്ങി.

എം.കെ. ഹാജിക്ക് യത്തീംഖാന സ്വന്തം വീടിനെക്കാള്‍ അപ്പുറമായിരുന്നു. ഒരു ദിവസം യാദൃച്ഛികമായി കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന മെസ്സ് ഹാളില്‍ രാത്രി അദ്ദേഹമെത്തി. കഞ്ഞിക്കു പകരം  കുട്ടികള്‍ ചായ കുടിക്കുന്നതു കണ്ട എം.കെ. ഹാജി കാര്യം തിരക്കി. അരിയില്ലെന്ന മറുപടിയാണ് കിട്ടിയത്. നേരെ അദ്ദേഹം വീട്ടിലേക്ക് തിരിച്ചു. അരിയുണ്ടോ എന്ന് ഉമ്മയോട് ചോദിച്ചു. ഇല്ലെന്ന് മറുപടി കിട്ടി. മറ്റെന്തെങ്കിലും ഇരിപ്പുണ്ടോ എന്ന് അദ്ദേഹം വീണ്ടും ചോദിച്ചു. പുഴുങ്ങിയ നെല്ലുണ്ടെന്ന ഉമ്മയുടെ മറുപടി ഉടനെ വന്നു. രാത്രി തന്നെ സഹായികളേയും വിളിച്ച് ഹാജിയും വീട്ടുകാരും നെല്ല് കുത്തി അരിയാക്കി. രാവിലെ അതുമെടുത്ത് അദ്ദേഹം യത്തീംഖാനയിലെത്തി  അടുക്കളക്കാരനെ ഏല്പിച്ചു. ഉടനെ കഞ്ഞിയുണ്ടാക്കി കുട്ടികള്‍ക്കു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. രണ്ട് ഗ്ലാസ്സ് അരിക്ക് ഒരുറുപ്പിക വിലയുള്ള കാലമായിരുന്നു അത്.

എംകെ ഹാജി
എംകെ ഹാജി

മലബാറില്‍ പ്രത്യേകിച്ച് മലപ്പുറം ജില്ലയില്‍ സാംസ്‌കാരിക ഉണര്‍വ്വുണ്ടാക്കിയ സംഭവമാണ് 1971-ല്‍ തിരൂരങ്ങാടി ഓര്‍ഫനേജ് അങ്കണത്തില്‍വെച്ച് നടന്ന മാപ്പിള സാഹിത്യ സമ്മേളനം. മുഖ്യസംഘാടകന്‍ എം.കെ. ഹാജിയാണ്. പ്രേംനസീര്‍ ഉള്‍പ്പെടെ കലാ-സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അതില്‍ സംബന്ധിച്ചു. 1921-ലെ കലാപകാലത്ത് ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ.പി. കേശവമേനോന്‍ തിരൂരങ്ങാടിയിലെത്തിയിരുന്നു. പോരാളികള്‍ അഭ്യര്‍ത്ഥന നിരസിച്ചു. കേശവമേനോന്‍ ദുഃഖത്തോടെ മടങ്ങി. അതിനുശേഷം അദ്ദേഹം തിരൂരങ്ങാടിയില്‍ എത്തിയത് എം.കെ. ഹാജിയുടെ ക്ഷണപ്രകാരം 1971-ലെ മാപ്പിള സാഹിത്യ സമ്മേളനത്തില്‍ പങ്കെടുക്കാനാണ്. സൗഹൃദം പുന:സ്ഥാപിക്കപ്പെട്ടു. സംഘാടകസമിതി ചെയര്‍മാന്‍ എം.കെ. ഹാജിയെ മാപ്പിള സാഹിത്യ സമ്മേളനവേദിയില്‍ കണ്ടവര്‍ വിരളം. അതിഥികള്‍ക്ക് ഇരിപ്പിടം ഒഴിഞ്ഞുകൊടുത്ത് ഹാജി എല്ലാ സമയത്തും സദസ്യര്‍ക്ക് ഇടയിലാണ് സ്ഥാനം പിടിച്ചത്.

1921-ലെ മലബാര്‍ കലാപകാലത്ത് മതംമാറ്റങ്ങള്‍ നടന്നിട്ടുണ്ടോ എന്ന ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് എം.കെ. ഹാജി നല്‍കിയ മറുപടി കാര്യമാത്രപ്രസക്തവും ചിന്തോദ്ദീപകവുമാണ്. ''ബ്രിട്ടീഷുകാര്‍ക്കെതിരെ ജീവന്‍ പണയംവെച്ച് പൊരുതുമ്പോള്‍ മതം മാറ്റാനൊക്കെ എവിടെന്നാ സമയം.''

ഭാവത്തില്‍ സൗമ്യനെങ്കിലും മനക്കരുത്തിലും ധീരതയിലും എം.കെ. ഹാജിയെ വെല്ലാന്‍ സമകാലികര്‍ കുറവായിരുന്നു. മകന്‍ അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ കഴിയവെ സഹപ്രവര്‍ത്തകന്‍ എ.വി. അബ്ദുറഹിമാന്‍ ഹാജി അദ്ദേഹത്തെ സമാശ്വസിപ്പിക്കാനെത്തി. ഹാജിയെ കണ്ടപാടെ വിതുമ്പിക്കരഞ്ഞ് എ.വി. അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. ആ നിമിഷം അബ്ദുറഹിമാന്‍ ഹാജിയെ പുറത്ത് തടവി എം.കെ. ഹാജി ആശ്വസിപ്പിച്ചു. കണ്ടു നിന്നവരുടെ കണ്ണുകള്‍ നിറച്ചു ആ രംഗം. 

ലീഗിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിനെത്തുടര്‍ന്ന് ഏറെ ശകാരവര്‍ഷങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എം.കെ. ഹാജിക്ക്. എല്ലാം അദ്ദേഹം ചിരിച്ചു തള്ളി. 'യത്തീംഖാനയുടെ പണം കട്ടു' എന്ന് ചിലര്‍ ആക്ഷേപിച്ചപ്പോള്‍ എല്ലാ നിയന്ത്രണങ്ങളും വിട്ട് അദ്ദേഹം പൊട്ടിക്കരഞ്ഞു. അത്രത്തോളം സത്യസന്ധനും നിഷ്‌കളങ്കനുമായിരുന്നു എം.കെ. ഹാജി. 

ലീഗും എം.ഇ.എസ്സും തമ്മില്‍ വാക്പോര് നടക്കുന്ന സമയം. എം.ഇ.എസ്സിന്റെ സേവനങ്ങള്‍ ലീഗണികളെ പറഞ്ഞു മനസ്സിലാക്കാന്‍ സി.എച്ച്. ഉപമിച്ചത് എം.കെ. ഹാജിയുടെ നരച്ച താടിരോമങ്ങളോടാണ്. സി.എച്ച്. പറഞ്ഞു: ''എം.ഇ.എസ് മുസ്ലിം സമുദായത്തിനു ചെയ്ത സേവനങ്ങള്‍ തുലാസിന്റെ ഒരു തട്ടിലും അഭിവന്ദ്യനായ എം.കെ. ഹാജിയുടെ നരച്ച താടിരോമങ്ങള്‍ മറുതട്ടിലുമായി തൂക്കി നോക്കിയാല്‍ ഹാജി സാഹിബിന്റെ നരച്ച താടി രോമങ്ങള്‍ക്കാകും ഭാരം കൂടുക.'' എം.കെ. ഹാജി മരണപ്പെടുന്നതിന്റെ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഓര്‍ഫനേജിന്റെ മാനേജിംഗ് കമ്മിറ്റി മെമ്പര്‍മാരേയും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരേയും അഭിസംബോധന ചെയ്യവെ തൊണ്ടയിടറി അദ്ദേഹം പറഞ്ഞു: ''കുട്ടികളുടെ പ്രവേശനത്തിനും അദ്ധ്യാപക-അനദ്ധ്യാപക നിയമനത്തിനും പണം വാങ്ങി സ്ഥാപനം നടത്തേണ്ട ഒരു കാലം വന്നാല്‍ അന്ന് എയ്ഡഡ് സ്ഥാപനങ്ങളായ കോളേജും ട്രെയിനിംഗ് സ്‌കൂളും എല്‍.പി, യു.പി. ഹൈസ്‌കൂളുകളും പൂട്ടി താക്കോല്‍ സര്‍ക്കാരിനെ ഏല്പിക്കാന്‍ മറക്കരുത്.'' എം.കെ. ഹാജിയുടെ ആ വസിയ്യത്ത് (അവസാന ആഗ്രഹം) അണുമണിത്തൂക്കം തെറ്റാതെയാണ് ഇന്നും ഓര്‍ഫനേജും അനുബന്ധ സ്ഥാപനങ്ങളും മുന്നോട്ടു പോകുന്നത്.

പഴയ കാമ്പസ് പള്ളി
പഴയ കാമ്പസ് പള്ളി

മറ്റുള്ളവര്‍ക്കായി ഉരുകിത്തീര്‍ന്ന ജീവിതം

വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലെ ലോകപ്രശസ്ത ചര്‍ച്ചിന്റെ മഹാനായ  ശില്പി ഒരിടത്ത് എഴുതി വെച്ചു: ''ചുറ്റുഭാഗത്തേക്കും കണ്ണോടിച്ചാല്‍ നിങ്ങള്‍ക്കെന്നെ കാണാം.'' എം.കെ. ഹാജി എവിടെയും അങ്ങനെ എഴുതിവെച്ചില്ല. പക്ഷേ, തിരൂരങ്ങാടി യത്തീംഖാനയുടെ മുന്നില്‍ വന്നുനിന്ന് ചുറ്റുപാടും ദൃഷ്ടി പായിച്ചാല്‍ എം.കെ. ഹാജിയെന്ന മഹാമനുഷ്യനെ നമുക്കു കാണാം. ഒരു പുരുഷായുസ്സ് മുഴുവന്‍ മറ്റുള്ളവര്‍ക്കായി ഉരുക്കിത്തീര്‍ത്ത എം.കെ. ഹാജിയുടെ ദീപ്തമായ ഓര്‍മ്മകള്‍ അയവിറക്കി തിരൂരങ്ങാടിയുടെ തൊപ്പിയിലെ പൊന്‍തൂവലായി പി.എസ്.എം.ഒ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഇന്നും പരിലസിച്ചു നില്‍ക്കുന്നു.

പോക്കര്‍ സാഹിബിന്റെ നാമം കോളേജിനു നല്‍കാന്‍ തീരുമാനിച്ചത് എന്തുകൊണ്ടാവണം? പി.എസ്.എം.ഒയില്‍ പഠിച്ച മഹാഭൂരിഭാഗം കുട്ടികള്‍ക്കും പോക്കര്‍ സാഹിബ് ആരാണെന്ന് അറിയാന്‍ ഇടയില്ല. ഞാന്‍ പക്ഷേ, കോളേജില്‍ ചേരുന്നതിനു മുന്‍പുതന്നെ അത് മനസ്സിലാക്കിയിരുന്നു. ഒരിക്കല്‍ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോയ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ നിങ്ങള്‍ എവിടെനിന്നു വരുന്നു എന്ന ചോദ്യത്തിനു നല്‍കിയ മറുപടി 'സെയിന്റ് പോക്കേര്‍സ് കോളേജില്‍'നിന്ന് എന്നായിരുന്നത്രെ. സെയിന്റ് ജമ്മാസ്, സെയിന്റ് തെരേസാസ്, സെയിന്റ് ജോസഫ് എന്നൊക്കെ പറയും പോലെ. മലബാറിന്റെ രാഷ്ട്രീയ ചരിത്രം അടുത്തറിയാന്‍ പോക്കര്‍ സാഹിബിന്റെ ജീവിതപഠനം ആര്‍ക്കും സഹായകമാകും. 1965-ലാണ് അദ്ദേഹം മരിച്ചത്. തിക്കോടി അങ്ങാടി പള്ളിയുടെ ഓരത്താണ് അദ്ദേഹത്തെ മറമാടിയിട്ടുള്ളത്.

സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുത്ത പോക്കര്‍ സാഹിബ്, ഭരണഘടനാ നിര്‍മ്മാണ സഭാ അംഗവുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം കേരള രാഷ്ട്രീയ ചരിത്രത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന ഒരു ഏടാണ്.

1937-ല്‍ കോഴിക്കോട് കുറുമ്പ്രനാട് മണ്ഡലത്തില്‍നിന്നും സെന്‍ട്രല്‍ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി പോക്കര്‍ സാഹിബ് മത്സരിച്ചുവെങ്കിലും സ്വതന്ത്രനായി മത്സരിച്ച ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങളോട് പരാജയപ്പെട്ടു. തന്റെ ബന്ധുവായ ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങള്‍ക്കുവേണ്ടി കോഴിക്കോട് വലിയങ്ങാടിയിലെ അരിക്കച്ചവടക്കാരനായ ഒരു കൊയിലാണ്ടിക്കാരന്‍ വ്യാപാരി പ്രചാരണത്തിന് ഇറങ്ങിയതാണ് വിജയസാധ്യത കല്പിക്കപ്പെട്ട മണ്ഡലത്തില്‍ അദ്ദേഹത്തിനു വിനയായത്. പരിണത പ്രജ്ഞനും വിദ്യാസമ്പന്നനുമായ പോക്കര്‍ സാഹിബിന്റെ പരാജയം സംശുദ്ധ രാഷ്ട്രീയത്തിനുണ്ടാക്കിയ ദുഃഖവും നഷ്ടവും മാനസികമായി തന്നെ അലട്ടിയിരുന്നതായി സത്യസന്ധനായ ആ കച്ചവടക്കാരന്‍ പറഞ്ഞിരുന്നത്രെ. അയാള്‍ മറ്റാരുമായിരുന്നില്ല. സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളായിരുന്നു. അദ്ദേഹം അധികം വൈകാതെ മുസ്ലിംലീഗില്‍ എത്തിയത് മറ്റൊരു ചരിത്രം.

കെപി കേശവമേനോൻ
കെപി കേശവമേനോൻ

1921-ലെ മലബാര്‍ കലാപത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുവേണ്ടി മദ്രാസില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ഗവണ്‍മെന്റ് വിലക്കുകള്‍ മറികടന്ന് രണ്ട് ലക്ഷത്തിലധികം രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത പോക്കര്‍ സാഹിബ് വൈജ്ഞാനിക രംഗത്ത് പിന്നാക്കം നിന്നിരുന്ന മലബാറിലെ മുസ്ലിങ്ങളില്‍ നിന്നുള്ള അഞ്ചാമത്തെ ബിരുദധാരിയും രണ്ടാമത്തെ അഭിഭാഷകനുമായിരുന്നു.

മദ്രാസ് ലോ കോളേജില്‍നിന്ന് നിയമബിരുദം നേടിയ അദ്ദേഹം മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുകയും ചെയ്തു. കേരളത്തിലെ മുസ്ലിം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ആധാരശിലയായി ഗണിക്കപ്പെടുന്ന സൗത്ത് ഇന്ത്യ മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റിയും കേരള മുസ്ലിം എഡ്യുക്കേഷന്‍ അസോസ്സിയേഷനും രൂപീകരിക്കുന്നതില്‍ പോക്കര്‍ സാഹിബ് വഹിച്ച പങ്ക് അനിഷേധ്യമാണ്.

ഭരണഘടനാ നിര്‍മ്മാണസഭാ അംഗമായിരുന്ന അദ്ദേഹം ന്യൂനപക്ഷാവകാശങ്ങള്‍ ഭരണഘടനയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കാന്‍ നിര്‍ണ്ണായക സംഭാവനകളാണ് നല്‍കിയത്.

പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിശ്ചിത ക്വാട്ട സംവരണം ചെയ്യണമെന്ന ഭരണഘടനയിലെ പതിനാറാം വകുപ്പിന്റെ ശില്പി അദ്ദേഹമായിരുന്നു. മദ്രാസ് എം.എല്‍.എയും മുസ്ലിംലീഗ് ദേശീയ നിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പോക്കര്‍ സാഹിബ് സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിംലീഗിന്റെ പ്രഥമ പാര്‍ലമെന്റ് മെമ്പറുമാണ്.

1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ടിനെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം നടത്തിയ ചരിത്രപ്രസിദ്ധമായ എതിര്‍ശബ്ദം മറക്കാവതല്ല. ബഹുഭൂരിക്ഷം അംഗങ്ങളും ബില്ലിന് അനുകൂലമായിരുന്നു. പോക്കര്‍ സാഹിബ് ബില്ലിനെതിരെ ശക്തിയുക്തം നിലകൊണ്ടു. സ്പീക്കര്‍ ബില്ല് ശബ്ദവോട്ടിനിട്ടു. മുഴുവന്‍ അംഗങ്ങളും  ബില്ലിനെ അനുകൂലിച്ച് ശബ്ദമുയര്‍ത്തി. പോക്കര്‍ സാഹിബ് ഉയര്‍ത്തിയ വിയോജിപ്പിന്റെ ശബ്ദം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ശബ്ദമായി പരിഗണിച്ച് പ്രസ്തുത ബില്ല് നിയമമാക്കുന്നതില്‍നിന്ന് ഗവണ്‍മെന്റ് പിന്‍വാങ്ങി.

1965 ജൂലൈ 29-ന് പോക്കര്‍ സാഹിബിന്റെ പോരാട്ടം മുറ്റിനിന്ന ജീവിതത്തിനു തിരശ്ശീല വീണു. തിരൂരങ്ങാടിയില്‍ എം.കെ. ഹാജി സ്ഥാപിച്ച കോളേജിന് എല്ലാ അര്‍ത്ഥത്തിലും യോജിച്ച പേരാണ് നല്‍കിയതെന്നു ചുരുക്കം.

ബി പോക്കർ സാഹിബ്
ബി പോക്കർ സാഹിബ്

തിരൂരങ്ങാടി കോളേജില്‍

ഒരു റെഗുലര്‍ കോളേജിന്റെ അന്തരീക്ഷത്തിലേക്കുള്ള വരവ് ശരിക്കും ഒരാഘോഷമായിരുന്നു. 1985-ല്‍ ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായി  സൗദാബാദിലെത്തുമ്പോള്‍ പരിഭ്രാന്തിയും സന്തോഷവും നിറഞ്ഞ മുഖമായിരുന്നു. 1968-'70 കാലത്ത് ഇന്ത്യയിലെ അന്നത്തെ സൗദിഅറേബ്യന്‍ അംബാസഡര്‍ ഹിസ് ഹൈനസ് ശൈഖ് അനസ് യൂസഫ് യാസീന്‍ അനാഥാലയം സന്ദര്‍ശിച്ചു. കമ്മിറ്റിയും നാട്ടുകാരും വലിയ സ്വീകരണമാണ് അദ്ദേഹത്തിന് ഒരുക്കിയത്. കോളേജിന്റെ കോമ്പൗണ്ടില്‍ ഒരുക്കിയ സ്വീകരണ സമ്മേളന നഗരിക്ക് സൗദിഅറേബ്യയോടുള്ള ആദരസൂചകമായി 'സൗദാബാദ്' എന്ന് പേരിട്ടു. ആ നാമം പിന്നീട് കോളേജ് കാമ്പസിന്റെ പേരായി രൂപാന്തരപ്പെട്ടു എന്നാണ് പറയപ്പെടുന്നത്. പ്രവേശനകവാടം കടന്നുവരുമ്പോള്‍ തന്നെ വിവിധ വിദ്യാര്‍ത്ഥിസംഘടനാ പ്രതിനിധികള്‍ സ്വാഗതനോട്ടീസുമായി പുതുമുഖങ്ങളെ എതിരേറ്റു. വര്‍ണ്ണങ്ങളുടെ മഴവില്‍ തീര്‍ത്ത പ്രതീതിയാണ് കാമ്പസില്‍ കണ്ടത്. പ്രീഡിഗ്രിയും കോളേജിന്റെ ഭാഗമായിരുന്നതിനാല്‍ രണ്ട് ഷിഫ്റ്റുകളിലായി മൂവ്വായിരത്തിലധികം കുട്ടികള്‍ പഠിച്ചിരുന്ന കലാലയമാണ് പി.എസ്.എം.ഒ കോളേജ്.

പുതിയ സുഹൃത്തുക്കള്‍ പുതിയ ലോകം. കോളേജ് എനിക്ക് ആദ്യ ദിവസം തന്നെ നന്നേ ബോധിച്ചു. ബഷീറിനെ കൂടാതെ പരിചിത മുഖം സലീം വടക്കന്റേതാണ്. സ്‌കൂള്‍ കലോത്സവത്തില്‍ തിരുനാവായ നാവമുകുന്ദയില്‍വെച്ച് പരിചയപ്പെട്ടതായിരുന്നു സലീമിനെ. എന്റെ നാട്ടുകാരന്‍ മുഹമ്മദലിയുമുണ്ടായിരുന്നു ക്ലാസ്സില്‍. ആദ്യ ദിവസങ്ങളില്‍ പരിചയപ്പെടലായിരുന്നു. ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയാ കോളേജില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു തിരൂരങ്ങാടി കോളേജ്. ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മതാദ്ധ്യാപനവും നടന്നിരുന്നതിനാല്‍ സഹോദര സമുദായങ്ങളിലെ കുട്ടികളൊന്നും ചേന്ദമംഗല്ലൂരില്‍ ഉണ്ടായിരുന്നില്ല. ഹൈസ്‌കൂള്‍ കാലത്തെ അതിരുകളില്ലാത്ത സൗഹൃദം, പോക്കര്‍ സാഹിബ് മെമ്മോറിയല്‍ ഓര്‍ഫനേജ് കോളേജില്‍നിന്ന് എനിക്ക് തിരിച്ചു കിട്ടി. അതിലെ സന്തോഷം ചെറുതല്ല. ചങ്ങാത്തങ്ങള്‍ക്ക് മതവും ജാതിയും ദേശവും തടസ്സമാകുമ്പോള്‍ ഒരുതരം വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുക സ്വാഭാവികം. അതിരുകള്‍ ഭേദിച്ച് സ്വതന്ത്ര വിഹാരത്തിനു കിട്ടിയ അവസരം ആനന്ദത്തോടെ കൊണ്ടാടി. കോളേജിലെ പരിപാടികളിലൊക്കെ സജീവമായി പങ്കെടുത്തു. പ്രസംഗം കൈമുതലായി ഉണ്ടായിരുന്നതിനാല്‍ അധികം വൈകാതെ കാമ്പസില്‍ അല്പസ്വല്പം അറിയപ്പെട്ടു തുടങ്ങി. മറ്റു വിദ്യാര്‍ത്ഥിസംഘടനകളെപ്പോലെ 'സിമി'യും കാമ്പസില്‍ സാന്നിദ്ധ്യമറിയിച്ചിരുന്നു. എണ്ണത്തില്‍ വളരെ കുറവായിരുന്നു എങ്കിലും പ്രകടനത്തിലും മുദ്രാവാക്യം വിളിയിലും 'സിമി' വേറിട്ടുനിന്നു. നല്ല ശബ്ദത്തിലും ശൗര്യത്തിലും പ്രാസമൊപ്പിച്ചുമുള്ള മുദ്രാവാക്യം വിളി അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും കണ്ണുകള്‍ എനിക്കു നേരെ പാഞ്ഞെത്തുന്നതിനു കാരണമായി. 

കുഞ്ഞിബാവ, പടിയത്ത് സീതി, നജീബ്, ഗഫൂര്‍, സാജിത, ഇസ്ഹാഖ്, ഹമീദ്, ബഷീര്‍ എന്നിവരൊക്കെയായിരുന്നു കാമ്പസിലെ 'സിമി' നേതാക്കള്‍. കാമ്പസ് ജീവിതം കഴിഞ്ഞ് അധികം വൈകാതെ ഏതാണ്ടെല്ലാവരും പല കാരണങ്ങള്‍കൊണ്ടും 'സിമി'  ബന്ധം ഉപേക്ഷിച്ചു. കുഞ്ഞിബാവ പരിയാപുരത്ത് സ്‌കൂള്‍ മാസ്റ്ററായി സേവനമനുഷ്ഠിച്ചു വരവെ അകാലത്തില്‍ മരിച്ചു. സഹാദ്ധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും പ്രിയങ്കരനായിരുന്നു കുഞ്ഞിബാവ. അദ്ദേഹത്തിന്റെ അനുശോചന യോഗത്തില്‍ സ്‌കൂളിലെ പ്രധാനാദ്ധ്യാപകനായി റിട്ടയര്‍ ചെയ്ത ബാലകൃഷ്ണന്‍ മാസ്റ്റര്‍ വാക്കുകള്‍ കിട്ടാതെ തേങ്ങിക്കരഞ്ഞത് ഇന്നും കണ്ണുകള്‍ നിറയ്ക്കും. സ്വന്തം നാട്ടില്‍ ബാലകൃഷ്ണന്‍ മാസ്റ്ററുമൊത്ത് ഭിന്നശേഷിക്കാര്‍ക്കായി ഒരു സ്‌കൂള്‍ (ശാന്തി സ്‌കൂള്‍)  സ്ഥാപിക്കുന്നതില്‍ കുഞ്ഞിബാവ ചെയ്ത സേവനം ദേശവാസികള്‍ സ്നേഹത്തോടെയല്ലാതെ ഓര്‍ക്കില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തെ സംബന്ധിച്ചു പറയുമ്പോള്‍ ആയിരം നാവാണ്. എന്റെ രണ്ട് വര്‍ഷം സീനിയറായിട്ടാണ് കുഞ്ഞിബാവ പഠിച്ചത്. ഓരോ ക്ലാസ്സിലും എന്നെക്കൊണ്ടുപോയി പ്രസംഗിപ്പിച്ചിരുന്നത് കുഞ്ഞിബാവയാണ്.  1985-'86 കാലത്ത് ബാബരി മസ്ജിദ് പ്രശ്നം സജീവ ചര്‍ച്ചകള്‍ക്കു വിഷയമായ സമയമായിരുന്നു. ചരിത്രത്തെളിവുകള്‍ ഉദ്ധരിച്ച് വിവേകത്തോടെയും സംയമനത്തോടെയും കാര്യങ്ങളുടെ നിജസ്ഥിതി പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്താന്‍ ചില പരിപാടികള്‍ പല ദിക്കുകളിലും നാട്ടുകാര്‍ മുന്‍കയ്യെടുത്ത് സ്വതന്ത്ര ബാനറുകളില്‍ സംഘടിപ്പിച്ചു. പ്രഭാഷകനായി ഞാനും ക്ഷണിക്കപ്പെട്ടു. അവിടെയെല്ലാം എന്നെ അനുഗമിച്ചത് കുഞ്ഞിബാവയാണ്. പ്രസംഗിച്ചു കഴിഞ്ഞ് മടങ്ങുമ്പോള്‍ പ്രസംഗത്തെ സംബന്ധിച്ച് നല്ലത് പറഞ്ഞ ശേഷം വല്ല അപാകതയുമുണ്ടെങ്കില്‍ അതും അദ്ദേഹം ചൂണ്ടിക്കാണിക്കും. കുഞ്ഞിബാവയുടെ വേര്‍പാട് ജീവിതത്തില്‍ വലിയ നഷ്ടമാണ് ഞാനടക്കമുള്ള സുഹൃത്തുക്കള്‍ക്കു വരുത്തിയത്. മറ്റൊരു സഹപ്രവര്‍ത്തകനായ ഗഫൂര്‍ പില്‍ക്കാലത്ത് ആയുര്‍വ്വേദ ഡോക്ടറായി. അവനും കാലമെത്താതെ പൊലിഞ്ഞുപോയി. നല്ല സുഹൃത്തായിരുന്നു ഡോ. ഗഫൂര്‍. എന്റെ ക്ലാസ്സ്മേറ്റ് സാജിതയെയാണ് അവന്‍ ജീവിതപങ്കാളിയാക്കിയത്. സീതി പി.എസ്.എം.ഒ അലൂംനിയുടെ ജീവാത്മാക്കളില്‍ ഒരാളാണ്. ഷാര്‍ജയിലെ മികച്ച ബിസിനസ്സുകാരനുമാണ്. നജീബ് എം.ബി.ബി.എസ് കഴിഞ്ഞ് ജിദ്ദയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നു. ബഷീര്‍ കൊട്ടക്കലിനടുത്തുള്ള ഹൈസ്‌കൂളില്‍ പ്രധാനാദ്ധ്യാപകനാണ്. ഹമീദ് എം.എസ്സി കഴിഞ്ഞ് മിഡില്‍ ഈസ്റ്റില്‍ നല്ല ശമ്പളത്തില്‍ ജോലി ചെയ്യുന്നു. അല്‍-ഐനിനും അബൂദാബിക്കുമിടയിലെ പ്രശസ്തമായ ഫാല്‍ക്കണ്‍ ഹോസ്പിറ്റലില്‍ സേവനമനുഷ്ഠിക്കവെ ഒരിക്കല്‍ അവനെപ്പോയി കണ്ടിട്ടുണ്ട്. സംഘടനാ സുഹൃത്തുക്കളൊക്കെ നല്ല നിലയിലെത്തി. 'സിമി' നിരോധിക്കപ്പെടുന്നതിനു മുന്‍പു തന്നെ ഭൂരിഭാഗം പേരും പ്രസ്ഥാനത്തോട് സലാം പറഞ്ഞ് പിരിഞ്ഞിരുന്നു. ഇന്ത്യയെപ്പോലെ ഒരു ബഹുമത സമൂഹത്തില്‍ നിലപാടുകളിലെ മിതത്വവും സഹോദര ദര്‍ശനങ്ങളോടുള്ള പരസ്യമായ ബഹുമാനവും അതിപ്രധാനമാണെന്നു പക്വത എത്തിയപ്പോള്‍ എല്ലാവരും തിരിച്ചറിഞ്ഞതുകൊണ്ടാണ് ഗുണപരമായ ആ മാറ്റം സംഭവിച്ചത്. അനുഭവങ്ങള്‍ ഗുരുനാഥന്മാരാകുമ്പോള്‍ പത്തരമാറ്റ് തിളക്കമുണ്ടാകുമെന്ന് പറയുന്നത് വെറുതെയല്ല.

കോളേജിന്റെ പ്രിന്‍സിപ്പല്‍ അഹമ്മദ്കുട്ടി സാഹിബായിരുന്നു. ഫാറൂഖ് കോളേജില്‍ മാതമാറ്റിക്സ് വിഭാഗം അദ്ധ്യാപകനായിരിക്കെയാണ് 1968-ല്‍ പി.എസ്.എം.ഒ കോളേജ് സ്ഥാപിച്ചപ്പോള്‍ പ്രിന്‍സിപ്പലായി അദ്ദേഹം എത്തിയത്. എം.കെ. ഹാജിക്ക് കോളേജിനപേക്ഷിക്കാന്‍ ധൈര്യം പകര്‍ന്നത് കോളേജ് അനുവദിച്ചാല്‍ അഹമ്മദ്കുട്ടി സാഹിബ് പ്രിന്‍സിപ്പലായി ഉണ്ടാകുമെന്ന ആത്മവിശ്വാസമാണെന്നു ചിലരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ട്. കണക്കും ഗോളശാസ്ത്രവും അദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളാണ്. ആരെയും കൂസാത്ത അഹമ്മദ്കുട്ടി സാഹിബിന്റെ കുലീനപ്രകൃതം ഒന്നു വേറെത്തന്നെ. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്നേഹവും ബഹുമാനവും ഭയവുമായിരുന്നു അദ്ദേഹത്തെ. എല്ലാവരോടും ഒരേ സമീപനമാണ് പ്രിന്‍സിപ്പല്‍ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ആരും അദ്ദേഹത്തെ കുറ്റം പറയുന്നത്  കേട്ടിട്ടില്ല. അരീക്കോട്ടുകാരനായ അഹമ്മദ്കുട്ടി സാഹിബ് പി.എസ്.എം.ഒയില്‍ പ്രിന്‍സിപ്പലായി വന്നതോടെ താമസം തിരൂരങ്ങാടിയിലേക്കു മാറ്റി. സ്വന്തമായി സ്ഥലം വാങ്ങി വീട് പണിതു. കോളേജില്‍നിന്നു വീട്ടിലേക്ക് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. ഒരു ഫിയറ്റ് കാര്‍ സ്വന്തമായി ഉണ്ടായിരുന്നെങ്കിലും സാധാരണ നടന്നാണ് അദ്ദേഹം കോളേജില്‍ വന്നിരുന്നത്. വെയിലായാലും മഴയായാലും കുട ചൂടിയുള്ള അദ്ദേഹത്തിന്റെ വരവ് സിനിമയിലെ നായകന്റെ രംഗപ്രവേശം പോലെയാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടത്. 

തിരൂരങ്ങാടി ഓർഫനേജ്
തിരൂരങ്ങാടി ഓർഫനേജ്

ഭാവപ്പകര്‍ച്ചയുടെ പുതുമ

അഹമ്മദ്കുട്ടി സാഹിബിന്റെ കാമ്പസിലൂടെയുള്ള നടത്തത്തിനും ഭാവപ്പകര്‍ച്ചകള്‍ക്കും അഞ്ചു വര്‍ഷത്തെ പഠനത്തിനിടയില്‍ ഒരിക്കലെങ്കിലും പുതുമ നഷ്ടപ്പെട്ടതായി തോന്നിയിട്ടില്ല. ചിട്ടയോടെ ചീകിവെച്ച നരബാധിച്ച മുടിയും താടിയും നെറ്റിയിലെ നമസ്‌കാരത്തഴമ്പും ചേര്‍ന്നുള്ള പ്രസന്ന മുഖത്തോടൊപ്പം ഫുള്‍ സ്ലീവ് വെള്ള ഷര്‍ട്ടും ധരിച്ചുള്ള അദ്ദേഹത്തിന്റെ വരവ് കാണേണ്ട കാഴ്ചയാണ്. ആ മുഖത്തിനു വല്ലാത്തൊരു തെളിച്ചമുള്ളതുപോലെ തോന്നും. അദ്ദേഹത്തിന്റെ ശരീരഭാഷ ഒരേസമയം കാണുന്നവരില്‍ ആദരവും പേടിയും സ്നേഹവും കലര്‍ന്ന ഒരു പ്രത്യേക വികാരമാണ് ഉണ്ടാക്കുക. ക്ലാസ്സ് സമയത്ത് വരാന്തയില്‍ അലഞ്ഞു നടക്കുന്നവരേയും കാമ്പസിലെ മരച്ചുവട്ടില്‍ സൊറ പറഞ്ഞിരിക്കുന്നവരേയും അദ്ദേഹം പ്രത്യേകം നോട്ട് ചെയ്യും. ഇടയ്ക്കിടെ വരാന്തയിലൂടെ രണ്ട് കൈകളും പിന്നില്‍ കെട്ടിയുള്ള അദ്ദേഹത്തിന്റെ നടത്തം കോളേജിന്റെ അച്ചടക്കത്തിന്റെ രഹസ്യമായിരുന്നു. കുട്ടികളെ മാത്രമല്ല, അദ്ധ്യാപകരേയും അഹമ്മദ്കുട്ടി സാഹിബ് നിരീക്ഷിച്ചു. അദ്ധ്യാപകേതര ജീവനക്കാരും അദ്ദേഹത്തിന്റെ റഡാറില്‍ പതിഞ്ഞു. ചെയ്യേണ്ട ജോലികള്‍ ചെയ്യാത്തവരെ ഓഫീസില്‍ വിളിച്ച് ഒറ്റയ്ക്ക് ശകാരിച്ചു. ആരോടും പ്രത്യേക മമതയോ വിദ്വേഷമോ പ്രകടിപ്പിച്ചില്ല. 

മതവിഷയങ്ങളിലും അഗാധമായ ജ്ഞാനമുള്ളയാളായിരുന്നു പ്രിന്‍സിപ്പല്‍. വെള്ളിയാഴ്ച കോളേജ് പള്ളിയില്‍ ജുമുഅ പ്രഭാഷണവും അഹമ്മദ്കുട്ടി സാഹിബ് നടത്തിയതായി കേട്ടിട്ടുണ്ട്. നല്ല കാമ്പുള്ള പ്രസംഗമായിരുന്നത്രെ നടത്തിയിരുന്നത്. ഏകദേശം 22 വര്‍ഷം അദ്ദേഹം കോളേജിന്റെ പ്രിന്‍സിപ്പലായി വിരാജിച്ചു. പി.എസ്.എം.ഒയുടെ കുതിപ്പിലും വികസനത്തിലും അക്കാദമിക്ക് എക്സലന്‍സിലും അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞതില്‍ ഒരത്ഭുതവുമില്ല.

പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ ഇല്ലായിരുന്നു. എന്നാല്‍ ഒന്നാം വര്‍ഷ ഡിഗ്രി ക്ലാസ്സില്‍ 60 ശതമാനം ആണ്‍കുട്ടികളും 40 ശതമാനം പെണ്‍കുട്ടികളുമാണ് പഠിച്ചിരുന്നത്. പഴയ സുഹൃത്തുക്കള്‍ക്കു പുറമെ കുറേ പുതിയ കൂട്ടുകാരെ ക്ലാസ്സിനകത്തുനിന്നും പുറത്തുനിന്നും കിട്ടി. സീനത്ത് റഷീദ്, ലവ മൊയ്തീന്‍കുട്ടി,  ഗഫൂര്‍, മജീദ്, റസാക്ക്, പത്മാക്ഷന്‍ അങ്ങനെ പോകുന്നു ആ പട്ടിക. പത്മാക്ഷന്‍ കൊറോണ കാലത്ത് മരണപ്പെട്ടു. പഠിക്കുന്ന കാലത്ത് വലിയ സഖാവായിരുന്നു അദ്ദേഹം. കോളേജിലെ ഉശിരന്‍ എസ്.എഫ്.ഐ നേതാവ്. കാമ്പസ് പിടിച്ചു കുലുക്കിയ പ്രേമത്തിലെ നായകനുമായിരുന്നു പത്മാക്ഷന്‍. എതിര്‍പ്പുകള്‍ക്കൊടുവില്‍ സ്നേഹിച്ച കുട്ടിയെത്തന്നെ വിവാഹം കഴിച്ചു. അധികം വൈകാതെ അവനിലെ വിപ്ലവകാരി ആധ്യാത്മികതയിലേക്കു വഴിമാറി. പിന്നെ നിരന്തരമായ അലച്ചിലായിരുന്നുവത്രെ. ക്ഷേത്രങ്ങളും ആധ്യാത്മിക കേന്ദ്രങ്ങളും  കയറിയിറങ്ങി. മോക്ഷം തേടിയുള്ള നിരന്തര യാത്രയ്ക്കിടയില്‍ സ്വന്തമായി ഒരു വീട് വെക്കാന്‍ പോലും അവനായില്ല. കിഡ്നി സംബന്ധമായ രോഗത്തെ തുടര്‍ന്ന് കിടപ്പിലായ പത്മാക്ഷനെ ഫാറൂഖ് കോളേജിനടുത്ത വാടക വീട്ടില്‍ ചെന്ന് കണ്ടിരുന്നു. മന്ത്രിയായിരുന്നതിനാല്‍ പൊലീസാണ് വീട് കണ്ടുപിടിച്ച് വഴികാട്ടിയത്. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച വികാരനിര്‍ഭരമായിരുന്നു. സുഹൃത്ത് അസീസും കൂട്ടിനുണ്ടായിരുന്നു. മന്ത്രിത്തിരക്കെല്ലാം വിസ്മരിച്ച് കുറേസമയം അവനോടൊപ്പം ചെലവിട്ടു. താടിയും കാവിയും നിറഞ്ഞ അവന്റെ രൂപം ഡിഗ്രിക്കാലത്തെ മീശയും താടിയും കിളിര്‍ത്ത് വരുന്ന മുഖത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു. അവനെപ്പോഴും ഞങ്ങളോട് രാഷ്ട്രീയം പറഞ്ഞ് വഴക്കിട്ടു. സ്നേഹമുള്ള വഴക്കാളി എന്ന് അടുപ്പക്കാര്‍ പത്മാക്ഷനെ വിളിച്ചു. 

അവനെന്നോട് വലിയ വലിയ തത്ത്വങ്ങളെക്കുറിച്ചാണ് സംസാരിച്ചത്. എല്ലാം കേട്ട് അവന്റെ നല്ലപാതിയും തൊട്ടടുത്തുനിന്നു. ഇടയ്‌ക്കെപ്പോഴോ അവള്‍ അടുക്കളയിലേക്ക് വലിഞ്ഞ് ചായയുണ്ടാക്കി കൊണ്ടുവന്നു തന്നു. അതും കുടിച്ച് പിന്നെയും കുറേ സമയം വര്‍ത്തമാനം പറഞ്ഞിരുന്നു. ഇടയ്ക്ക് കയറി വന്ന മകനെ പരിചയപ്പെടുത്തി. ഫാറൂഖ് കോളേജില്‍ ഡിഗ്രിക്കു പഠിക്കുകയാണെന്നാണ് പറഞ്ഞത്. മറ്റൊരു മകന്‍ ഏതോ ഒരു ഷോപ്പില്‍ ജോലിക്കു പോകുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സ് നൊന്തിരുന്നു. ഡയാലിസിസ് നടത്താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പണം അനുവദിച്ച് കിട്ടാന്‍ അപേക്ഷ നല്‍കാന്‍ പറഞ്ഞാണ് പിരിഞ്ഞത്. അതവന്‍ ചെയ്തു. മോശമല്ലാത്തൊരു തുക അവന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടു. സുഹൃത്തുക്കളും കഴിയുംവിധം സഹായിച്ചു. പത്മാക്ഷന്റെ നല്ല ചങ്ങാതിമാര്‍ ചേര്‍ന്ന് വീട് വെക്കാന്‍ കുറച്ച് സ്ഥലം വാങ്ങി നല്‍കി. 'ലൈഫില്‍' കിട്ടിയ പണം കൊണ്ട് വീട് പണി നടക്കുന്നു. പൂര്‍ത്തിയായിട്ടില്ല. കണ്ട് പിരിഞ്ഞ ശേഷം ഇടയ്ക്കിടെ ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. ജോലിത്തിരക്കിനിടയില്‍ വീണ്ടുമൊരിക്കല്‍ കൂടി നേരില്‍ കാണാന്‍ കഴിഞ്ഞില്ല. കൊറോണ കത്തിനില്‍ക്കുന്ന സമയത്താണ് പത്മാക്ഷന്‍ മരണത്തിനു കീഴടങ്ങിയത്. 

ഒന്നാം വര്‍ഷ ബി.എയ്ക്ക് ഞങ്ങളെ ഇംഗ്ലീഷ് പഠിപ്പിച്ചത് കൈരളി ടീച്ചറാണ്. എ.ജെ. ക്രോണിന്റെ 'ദി സിറ്റഡല്‍' (The Citadel) എന്ന നോവലാണ് എടുത്തിരുന്നത്. കോളേജിലെത്തിയപ്പോഴേക്ക് പഴയ വികൃതിയും കുസൃതിയുമെല്ലാം വിട്ടിരുന്നു. മര്യാദക്കാരനായ ഒരു യുവാവായി മാറാനുള്ള ശ്രമത്തിലായിരുന്നു. സിമിയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാന്യതയും പക്വതയും സത്യസന്ധതയും സഹവിദ്യാര്‍ത്ഥികളെക്കാള്‍ പാലിക്കണമെന്ന ബോധം മനസ്സിലെവിടെയോ ഒരു ഭാരമായി കിടന്നിരുന്നു. അതുകൊണ്ട് ആരോടും മര്യാദ വിട്ട് ഒന്നും പെരുമാറിയില്ല. പെണ്‍കുട്ടികളോട് ആവശ്യത്തിനു മാത്രം സംസാരിച്ചു. അവര്‍ക്കിടയില്‍ ഒരിക്കലും ഒരു ചീത്തപ്പേര് ഉണ്ടാക്കിയില്ല. അടിപിടി, ക്ലാസ്സ് കട്ട് ചെയ്യല്‍, വരാന്തയിലൂടെ ചുറ്റിയടിക്കല്‍, സിഗരറ്റ് വലി, മദ്യപാനം ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്നു. അങ്ങനെയിരിക്കെയാണ് ഒരു സംഭവമുണ്ടായത്. കൈരളി ടീച്ചര്‍ ക്ലാസ്സെടുക്കുകയാണ്. എന്റെ തൊട്ടടുത്തിരുന്ന ബഷീറിനോട് ചെവിയിലെന്തോ മന്ത്രിച്ചു. ആ സമയത്തു തന്നെയാണ് ആരോ പിന്നില്‍നിന്ന് അപശബ്ദമുണ്ടാക്കിയത്. ഞാനാണതെന്ന് ടീച്ചര്‍ തെറ്റിദ്ധരിച്ചു. എന്നെ എഴുന്നേറ്റ് നിര്‍ത്തിച്ചു. പിന്നെ എല്ലാവരും കേള്‍ക്കെ ഒരു ചോദ്യം: 'Are you not matured?' ഞാന്‍ സ്തബ്ധനായ നിമിഷങ്ങള്‍. എന്ത് ചെയ്യണമെന്നറിയാതെ  അന്തം വിട്ട് നിന്നു. സങ്കടവും ദേഷ്യവും തികട്ടിവന്നു. അഞ്ച് വര്‍ഷത്തെ പി.എസ്.എം.ഒ  പഠന കാലയളവില്‍ ആദ്യത്തേയും അവസാനത്തേയും അനുഭവം. സെക്കന്റുകള്‍ നീണ്ട നിശ്ശബ്ദതയ്ക്ക് വിരാമമിട്ടത് ടീച്ചറല്ല. പിന്നില്‍ നിന്ന് ആരോ ആയിരുന്നു. 'Physically he is matured.' ഇത് കേട്ട് ടീച്ചറും ചമ്മി. കുട്ടികളെല്ലാം ആര്‍ത്തുചിരിച്ചു. ടീച്ചര്‍ എന്നോട് ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ ഇരുന്നു. ടീച്ചറുടെ ചോദ്യവും പിന്‍ബെഞ്ചില്‍ നിന്നുള്ള ഉത്തരവും വര്‍ഷങ്ങളോളം എന്നെ വേട്ടയാടി. ഇന്നും എന്നെ കണ്ടാല്‍ റഷീദ് അതോര്‍മ്മിപ്പിക്കും. 

കൈരളി ടീച്ചര്‍ നല്ല അദ്ധ്യാപികയായിരുന്നു. അപ്പോഴത്തെ ഒരു തോന്നലില്‍ എന്തോ പറഞ്ഞു. ടീച്ചര്‍ അത് കാര്യമായി എടുത്തില്ല. പഠനത്തില്‍ മോശക്കാരനല്ലാത്തതിനാല്‍ കൈരളി ടീച്ചറുടെ ഗുഡ് ബുക്കില്‍ ഇടം നേടി. എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം ടീച്ചറുടെ സഹപ്രവര്‍ത്തകനായി കോളേജില്‍ എത്തിയ സമയത്ത് അന്നു നടന്ന സംഭവങ്ങള്‍ ഞാന്‍ അനുസ്മരിച്ചു. ടീച്ചര്‍ നിര്‍ത്താതെ ചിരിച്ചു. മിതത്വം തുളുമ്പുന്ന മുഖമായിരുന്നു ടീച്ചറുടേത്. സ്വന്തം നാട് കാടാമ്പുഴയില്‍ ആയിരുന്നു. വിവാഹ ശേഷം യൂണിവേഴ്സിറ്റിയില്‍ താമസമാക്കി. മന്ത്രിയായിരിക്കെ ടീച്ചറെ കാണാന്‍ ഞാന്‍ പോയിരുന്നു. കുലീനമായ വരവേല്‍പ്പാണ് കിട്ടിയത്. പക്വതയില്‍ ചാലിച്ച ടീച്ചറുടെ പെരുമാറ്റം എന്നെ ഒരിക്കല്‍ക്കൂടി അവരുടെ ശിഷ്യനാക്കി. 

(തുടരും)

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com