'പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു, പ്രശ്‌നം ഗുരുതരമാണ്, വേഗം വീട്ടില്‍ പൊയ്‌ക്കോളൂ'

അദ്ദേഹത്തിന്റെ പ്രസംഗത്തെക്കുറിച്ചും അദ്ദേഹം മത്സരിച്ചു ചെയര്‍മാനായതിനെക്കുറിച്ചും അദ്ധ്യാപകര്‍ പോലും സമദാനിയുടെ പ്രസംഗം കേള്‍ക്കാന്‍ ക്ലാസ്സിനു പുറത്തുനിന്നതുമെല്ലാം വാതോരാതെ പറയും
'പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചു, പ്രശ്‌നം ഗുരുതരമാണ്, വേഗം വീട്ടില്‍ പൊയ്‌ക്കോളൂ'

ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് സ്റ്റുഡന്‍സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (SIMI) എന്ന സംഘടനയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. ഫാറൂഖ് കോളേജില്‍ പഠിച്ചിരുന്ന എന്റെ മൂത്താപ്പയുടെ മകനാണ് അവിടുത്തെ സിമി നേതാവ് അബ്ദുസമദ് സമദാനിയെക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ പ്രസംഗത്തെക്കുറിച്ചും അദ്ദേഹം മത്സരിച്ചു ചെയര്‍മാനായതിനെക്കുറിച്ചും അദ്ധ്യാപകര്‍ പോലും സമദാനിയുടെ പ്രസംഗം കേള്‍ക്കാന്‍ ക്ലാസ്സിനു പുറത്തുനിന്നതുമെല്ലാം വാതോരാതെ പറയും. പരമ്പരാഗത സുന്നി കുടുംബമായിരുന്നു ഞങ്ങളുടേത്. അത്തരമൊരു സാഹചര്യത്തിലാണ് സിമിയെക്കുറിച്ചും സമദാനിയെക്കുറിച്ചുമെല്ലാം കേള്‍ക്കുന്നത്. സമദാനി ഫാറൂഖ് കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ ചെയര്‍മാനായത് സിമിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തില്‍ സിമി ജയിച്ചു എന്നു പറയുന്നതാകും ശരി. യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് സ്വരൂപിക്കാന്‍ ടിക്കറ്റ് വെച്ച് ഒരു ഫിലിം ഷോ നടത്താന്‍ യൂണിയന്‍ തീരുമാനിച്ചു. ഇതില്‍നിന്നു പിന്തിരിയാന്‍ സമദാനിയോട് സിമി ആവശ്യപ്പെട്ടു. അദ്ദേഹം വിസമ്മതിച്ചു. തുടര്‍ന്ന് സിമിയില്‍നിന്ന് സമദാനിയെ പുറത്താക്കി. വിദ്യാര്‍ത്ഥി നേതാവായിരിക്കെ അദ്ദേഹം എം.എക്ക് യൂണിവേഴ്‌സിറ്റി റാങ്ക് ജേതാവുമായി. പിന്നീട് സമദാനി എം.എസ്.എഫില്‍ ചേര്‍ന്നു. ശരീഅത്ത് വിവാദകാലത്ത് ലീഗ് വേദികളിലെ നിറസാന്നിദ്ധ്യമായി അദ്ദേഹം നിറഞ്ഞുനിന്നു. ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിന്റെ പരിഭാഷകന്‍ എന്ന നിലയില്‍ സമദാനി പേരെടുത്തു. പറഞ്ഞുകേട്ട അന്നു മുതല്‍ ഇന്നുവരെ അദ്ദേഹത്തോട് സ്‌നേഹം കലര്‍ന്ന ആദരവാണ് തോന്നിയത്.  

ചേന്ദമംഗല്ലൂരില്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന് ആദ്യ ഒന്നര വര്‍ഷം വരെ എം.എസ്.എഫില്‍ ഉറച്ച് നിന്നു. സി.എച്ചിന്റെ വേര്‍പാട് സൃഷ്ടിച്ച വിരഹവും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും എന്നില്‍ ചില മാറ്റങ്ങള്‍ക്കു തുടക്കമിട്ടു. നിരന്തരം എന്നെ വന്നു കണ്ട് സംസാരിച്ച ഇസ്‌ലാഹിയാ കോളേജിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥി നേതാക്കളുടെ പെരുമാറ്റവും അറിവും എന്നെ സ്വാധീനിക്കാന്‍ തുടങ്ങി. വായനയും അതിനനുസൃതമായ ആലോചനകളും പ്രസംഗത്തോടുള്ള അഭിനിവേശവും ചിന്തയുടെ പുതിയ ചക്രവാളങ്ങള്‍ മനസ്സില്‍ രൂപപ്പെടുത്തി. ആയിടയ്ക്കാണ് അജിതയുടെ 'ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകം വായിക്കുന്നത്. അതെന്നെ നിലവിലുള്ള സമ്പ്രദായങ്ങളില്‍ വിരക്തി ജനിപ്പിച്ചു. ചിന്തിക്കുന്ന ചെറുപ്പക്കാരുടെ മനസ്സുകളില്‍ നക്‌സലിസം ഒരു വികാരമായി പുകയുന്ന സമയമായിരുന്നു അത്. നല്ല വിദ്യാഭ്യാസവും വിവരവുമുള്ള മിടുക്കരായ ചെറുപ്പക്കാര്‍ ഞാനടക്കമുള്ള ജൂനിയേഴ്‌സില്‍ പലരേയും നിരന്തരം കണ്ട് ദേശീയ, അന്തര്‍ദ്ദേശീയ വിഷയങ്ങളെ സംബന്ധിച്ച് വാതോരാതെ സംസാരിച്ചു. അന്ന് സിമി നിയമാനുസൃതം ക്യാമ്പസുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സംഘടനയാണ്. പുരോഗമന വിദ്യാര്‍ത്ഥി സംഘടനകളുമായി നല്ല ബന്ധമായിരുന്നു അവര്‍ക്ക്. ഒ.വി. വിജയനെപ്പോലുള്ള എണ്ണം പറഞ്ഞ സാഹിത്യകാരന്മാര്‍ സിമിയുടെ സമ്മേളനവേദികളെ സമ്പന്നമാക്കി. 'ഇസ്‌ലാമിക് നക്‌സലേറ്റുകള്‍' എന്നും അവര്‍ നാട്ടില്‍ അറിയപ്പെട്ടു. 

ഞാന്‍ പരിചയപ്പെട്ട സിമി നേതാക്കളുടെ പ്രസംഗവൈഭവവും ധിഷണയും ചിന്താമണ്ഡലം അത്രയൊന്നും വികസിക്കാത്ത ഒരു പതിനേഴുകാരനില്‍ ചില അനുരണനങ്ങള്‍ ഉണ്ടാക്കിയത് സ്വാഭാവികം. 

പരമത വിദ്വേഷമോ സഹോദര മതസ്ഥരോടുള്ള അസഹിഷ്ണുതയോ അക്കാലത്ത് സിമി അനുവര്‍ത്തിച്ചതായി എന്റെ അനുഭവത്തിലില്ല. ക്യാംപുകളിലോ പഠന ക്ലാസ്സുകളിലോ അത്തരം പരാമര്‍ശങ്ങള്‍ പ്രസംഗകര്‍ നടത്തിയിരുന്നതും ഓര്‍മ്മയിലില്ല. അവര്‍ ജമാഅത്തെ ഇസ്‌ലാമിയോട് കൊമ്പ്‌കോര്‍ത്തു നില്‍ക്കുന്ന സമയവുമായിരുന്നു. ജമാഅത്ത് എസ്.ഐ.ഒ എന്ന വിദ്യാര്‍ത്ഥി സംഘടന ഉണ്ടാക്കി സിമിയെ തള്ളിപ്പറഞ്ഞ കാലം. ഇരുകൂട്ടരും ചേന്ദമംഗല്ലൂരില്‍ മത്സരിച്ച് വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ച് അവനവന്റെ ന്യായവാദങ്ങള്‍ ജനസമക്ഷം നിരത്തി. ആയിടയ്ക്കാണ് ഡല്‍ഹിയില്‍വെച്ച് സിമിയുടെ അഖിലേന്ത്യാ സമ്മേളനം നടക്കുന്നത്. ഞാനും ചെല്ലണമെന്ന് മുതിര്‍ന്ന സുഹൃത്തുക്കള്‍ സ്‌നേഹത്തോടെ നിര്‍ബ്ബന്ധിച്ചു. ഡല്‍ഹി കാണാത്ത ഞാന്‍ ഒരു ടൂര്‍ ആയി കരുതി സമ്മേളനത്തിനു പോകാന്‍ തീരുമാനിച്ചു. ഡല്‍ഹിയിലേക്ക് ടൂര്‍ പോകാനാണെന്നു പറഞ്ഞ് യാത്രയ്ക്കും വഴിച്ചെലവുകള്‍ക്കുമുള്ള പണം അമ്മാമന്മാരില്‍നിന്ന് സംഘടിപ്പിച്ചു. ട്രെയിന്‍ ടിക്കറ്റിന്റെ ചെലവ് അടക്കം യാത്രയ്ക്കുള്ള പണം ഓരോരുത്തരും ഉണ്ടാക്കണം. സമ്മേളനത്തിനു പോകുന്നവര്‍ക്ക് ട്രെയിനിന്റെ സ്‌പെഷല്‍ ബോഗികളാണ് ബുക്ക് ചെയ്തിരുന്നത്. പക്ഷേ, ടിക്കറ്റ് പോകുന്നവര്‍ പണം കൊടുത്ത് എടുക്കണം. രണ്ട് രാത്രികളും രണ്ട് പകലുകളും മുഷിപ്പില്ലാതെ പാട്ടും കളിയുമൊക്കെയായി നാല് ബോഗികളിലായി കേരളത്തില്‍ നിന്നുള്ള സമ്മേളന പ്രതിനിധികള്‍ ഡല്‍ഹിയിലെത്തി. ആ യാത്രയില്‍ വെച്ചാണ് സിമിയുടെ മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുല്‍ വഹാബുള്‍പ്പെടെ പല സിമി നേതാക്കളേയും  ഞാന്‍ കണ്ടതും പരിചയപ്പെട്ടതും. അദ്ദേഹമിപ്പോള്‍ ഐ.എന്‍.എല്ലിന്റെ സംസ്ഥാന അദ്ധ്യക്ഷനാണ്. അവരുടെയെല്ലാം പക്വതയാര്‍ന്ന പെരുമാറ്റം എന്നെ കൂടുതല്‍ അവരോട് അടുപ്പിച്ചു. ഹിന്ദി ബെല്‍റ്റിലേക്ക് ട്രെയിന്‍ കടന്നതോടെ യാത്രയ്ക്ക് വിവിധ വര്‍ണ്ണങ്ങള്‍ കൈവന്നു. ഓരോ ദേശത്തെത്തുമ്പോഴും അവിടങ്ങളിലെ ധാന്യങ്ങളും പയറുകളും പഴങ്ങളുമായി കച്ചവടക്കാര്‍ കയറി. അന്നേവരെ തിന്നിട്ടില്ലാത്ത പഴവര്‍ഗ്ഗങ്ങളും വേവിച്ച് ഉപ്പും മുളകുപൊടിയും വിതറിയ ധാന്യങ്ങളും വാങ്ങിക്കഴിച്ചു. ഇന്ത്യയുടെ വൈവിധ്യം കണ്ണുകൊണ്ട് കണ്ടതും ആ യാത്രയ്ക്കിടയിലാണ്. ബഹുസ്വരതയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചു. 

അബ്ദുസമദ് സമദാനി
അബ്ദുസമദ് സമദാനി

ചില സ്‌റ്റേഷനുകളില്‍നിന്ന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പെണ്‍വേഷത്തിലെത്തി ഓരോ കോപ്രായങ്ങള്‍ കാണിച്ചു. എനിക്കവരോട് സഹാനുഭൂതിയാണ് തോന്നിയത്. കയ്യിലുള്ളതില്‍നിന്ന് ചില്ലറ നോട്ടുകള്‍ കൊടുത്ത് അവരെ മുഷിപ്പിക്കാതെ പറഞ്ഞയച്ചു. മനോഹരമായ ശബ്ദത്തില്‍ ഹിന്ദി പാട്ടുകള്‍ പാടിയെത്തിയ കുട്ടികളുടെ ആലാപനം ഹൃദ്യമായിരുന്നു. പക്ഷേ, അവരുടെ മുഖത്തെ ദൈന്യത മനസ്സിനെ അശാന്തമാക്കി. 
 
ഡല്‍ഹിയിലെത്തിയ ഞങ്ങള്‍ക്ക് സാക്കിര്‍ നഗറിലെ സിമി ഓഫീസിന്റെ മട്ടുപ്പാവിലാണ് താമസമൊരുക്കിയിരുന്നത്. ജീവിതത്തില്‍ ആദ്യമായാണ് ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഏറ്റവും മുകളില്‍ ആകാശവും നക്ഷത്രങ്ങളും മേല്‍ക്കൂരയാക്കി നാലഞ്ച് ദിവസം കഴിച്ചുകൂട്ടിയത്. നിലാവുള്ള രാത്രികളില്‍ നക്ഷത്രങ്ങളെണ്ണിക്കിടന്ന രാവുകള്‍ മറക്കാന്‍ കഴിയില്ല. സമ്മേളന പന്തലില്‍ അധികസമയമൊന്നും ഞാനും കൂട്ടുകാരന്‍ ബഷീറും ഇരുന്നില്ല. പ്രസംഗങ്ങള്‍ അധികവും ഉര്‍ദുവിലായിരുന്നു. ചിലത് ഇംഗ്ലീഷിലും. രണ്ടും ഗ്രഹിക്കാന്‍ പാടായിരുന്നു. ഞങ്ങള്‍ ഡല്‍ഹിയും ആഗ്രയുമൊക്കെ കറങ്ങിക്കണ്ടു. രാത്രി കിടക്കാന്‍ ടെറസിനു മുകളിലെ തുറസ്സായ സ്ഥലത്തെത്തും. ചെങ്കോട്ടയും കുതുബ് മിനാറും ജുമാ മസ്ജിദും താജ്മഹലും ഡല്‍ഹി സുല്‍ത്താന്മാരുടെ ശവകുടീരങ്ങളും എല്ലാം ചുറ്റിയടിച്ച് കണ്ടു. 800 കൊല്ലം തുടര്‍ച്ചയായി ഹൈന്ദവ സമുദായങ്ങള്‍ക്ക്  മഹാഭൂരിപക്ഷമുള്ള രാജ്യം മുസ്‌ലിം ചക്രവര്‍ത്തിമാര്‍ ഭരിച്ചതിന്റെ പൊരുള്‍ പരമത ബഹുമാനമാണെന്നു കണ്ട കാഴ്ചകള്‍ ബോദ്ധ്യപ്പെടുത്തി. അല്ലായിരുന്നെങ്കില്‍ ഒരു പതിറ്റാണ്ട് പോലും തികച്ചു ഭരിക്കാന്‍ അവര്‍ക്കാവില്ലായിരുന്നു. മധ്യകാല ചരിത്രത്തില്‍ ഹിന്ദുമുസ്‌ലിം വര്‍ഗ്ഗീയ കലാപങ്ങള്‍ നടന്നതായി രേഖകളില്ല. രാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധം അവരുടെ മതം നോക്കി വര്‍ഗ്ഗീയമായി വിവേചിക്കാന്‍ ശ്രമിക്കുന്നതിലെ വൈരുദ്ധ്യം കാലത്തിന്റെ തിരുശേഷിപ്പുകള്‍ പറയാതെ പറയുന്നുണ്ട്. പല ദിക്കുകളില്‍ നിന്നെത്തി അവസാനം സമ്പൂര്‍ണ്ണ ഭാരതീയരായി ഈ മണ്ണില്‍ ലയിച്ച മധ്യകാല മുസ്‌ലിം ചക്രവര്‍ത്തിമാര്‍ അന്തിയുറങ്ങുന്ന ഇടങ്ങളില്‍ ചെന്നപ്പോള്‍ മനസ്സ് പ്രാര്‍ത്ഥനാ മന്ത്രങ്ങളാല്‍ നിറഞ്ഞു. ഇന്ത്യാ ചരിത്രത്തില്‍ നീണ്ട അരനൂറ്റാണ്ടോളം ഭരിച്ച് സ്വാഭാവിക മരണം വരിച്ച അക്ബറും (49.5 വര്‍ഷം) ഔറംഗസേബും (48.5 വര്‍ഷം) എന്റെ മനോമുകുരങ്ങളില്‍ തെളിഞ്ഞുവന്നു. ഔറംഗസേബിനെ പരമത വിദ്വേഷിയായി ചിത്രീകരിക്കുന്നവര്‍ക്ക് ജീവിക്കുന്ന തെളിവാണ് അദ്ദേഹത്തിന്റെ നീണ്ട ഭരണ കാലയളവും സ്വാഭാവിക മരണവും.  

എപി അബ്ദുൽ വഹാബ്
എപി അബ്ദുൽ വഹാബ്

ഡല്‍ഹിയിലേക്കുള്ള 'വിനോദയാത്ര'

സത്യത്തില്‍ സിമി അഖിലേന്ത്യാ സമ്മേളനത്തിനായുളള ഡല്‍ഹി യാത്ര എല്ലാ അര്‍ത്ഥത്തിലും ഒരു വിനോദയാത്ര തന്നെയായിരുന്നു. പരിമിതമായ സൗകര്യവും തെരുവോരങ്ങളില്‍ വിറ്റിരുന്ന ഭക്ഷണവും നിഷ്‌കളങ്കമായ സൗഹൃദങ്ങളും തീര്‍ത്ത, അനുഭൂതി നിറഞ്ഞ രണ്ടാഴ്ചകള്‍ ശരിക്കും അടിച്ചുപൊളിച്ചു. നാട്ടിലേക്ക് യാത്ര തിരിക്കുന്നതിന്റെ തൊട്ട് തലേദിവസം ചാന്ദ്‌നി ചൗക്കില്‍ കൗതുകം തുളുമ്പുന്ന സാധനങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കെ സൈറണ്‍ വിളിച്ച് തലങ്ങും വിലങ്ങും പൊലീസ് വാഹനങ്ങള്‍ ഓടുന്നത് ശ്രദ്ധയില്‍പ്പെട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ കൊച്ചു കൊച്ചു ആള്‍ക്കൂട്ടങ്ങള്‍ ഭ്രാന്തമായി കടകള്‍ അടപ്പിക്കുന്നതും കച്ചവടക്കാരോട് തര്‍ക്കിക്കുന്നതും ഏറ്റുമുട്ടുന്നതുമൊക്കെ കാണാനിടയായി. എന്താണ് പ്രശ്‌നമെന്ന് മാന്യനെന്നു തോന്നിക്കുന്ന ഒരാളോട് അറിയാവുന്ന ഇംഗ്ലീഷില്‍ ഞങ്ങള്‍ ചോദിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിച്ചിരിക്കുന്നു. പ്രശ്‌നം ഗുരുതരമാണ്. വേഗം വീട്ടില്‍ പൊയ്‌ക്കോളൂ. അയാളുടെ മുഖത്ത് ഭയവും അമര്‍ഷവും പ്രത്യക്ഷപ്പെടുന്നത് ഞങ്ങള്‍ കണ്ടു. ഉടനെതന്നെ കിട്ടിയ ഓട്ടോ പിടിച്ച് ജീവനുംകൊണ്ട് ഞങ്ങള്‍ സാക്കിര്‍ നഗറിലെ താമസസ്ഥലത്തേക്ക് കുതിച്ചു. ഓട്ടോ ഡ്രൈവറും ഭയവിഹ്വലനായി കാണപ്പെട്ടു. പ്രധാന റോഡുകളെല്ലാം ചെറിയ ആള്‍ക്കൂട്ടങ്ങളെക്കൊണ്ട് നിറഞ്ഞുകൊണ്ടിരുന്നു. ഉള്‍റോഡുകളിലൂടെ ഓട്ടോ ശരവേഗത്തില്‍ പാഞ്ഞു. ഡ്രൈവര്‍ ഹിന്ദിയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. കൂട്ടംകൂടി നിന്നവര്‍ പട്ടികയും കല്ലുമൊക്കെ കരുതുന്നുണ്ടായിരുന്നു. എന്തൊക്കെയോ അരുതാത്തത് സംഭവിക്കുമെന്ന പ്രതീതിയായിരുന്നു. ടയറുകള്‍ കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചും വഴിയാത്രക്കാരോടും വാഹന യാത്രക്കാരോടും കയര്‍ത്തും പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നവരും ആള്‍ക്കൂട്ടത്തിലുണ്ടായിരുന്നു. ആരുടെയൊക്കെയോ കൃപാകടാക്ഷം കൊണ്ട് ഒരു പോറല്‍ പോലുമേല്‍ക്കാതെ ഞങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തി. 

ദുഃഖം തളംകെട്ടിയ സ്ഥിതിയാണ് സിമി ഓഫീസിലും കണ്ടത്. ഷട്ടറുകള്‍ താഴ്ത്തിയ കടകളില്‍നിന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങി കഴിച്ച് വിശപ്പടക്കി. അന്ന് രാത്രി മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ആകാശത്തിനു മുകളിലൂടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും തുരുതുരാ പറന്നു. ഞാന്‍ പേടിച്ചരണ്ട് കിടന്നു. ശബ്ദമുണ്ടാക്കി താഴ്ന്ന് പറക്കുന്ന വിമാനങ്ങള്‍ എന്റെ ഉറക്കം കെടുത്തി. ഏതോ ഒരനുഗ്രഹീത നിമിഷത്തില്‍ അറിയാതെ കണ്‍പോളകള്‍ താഴേക്കു ചാഞ്ഞു. നേരം വെളുത്തതറിഞ്ഞില്ല. ഉറക്കച്ചടവ് മുഖത്ത് പ്രതിഫലിക്കുന്നതായി കണ്ണാടിയില്‍ നോക്കിയപ്പോള്‍ തോന്നി. രാവിലെ പത്രം നോക്കിയപ്പോഴാണ് തീവെപ്പിന്റേയും അക്രമങ്ങളുടേയും ഫോട്ടോകള്‍ ഏതാണ്ടെല്ലാ പേജിലും കണ്ടത്. നാട്ടിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ഞങ്ങള്‍ ഭയപ്പെട്ടു. തലേദിവസം വലിയ കലാപം തന്നെ സിക്കുകാര്‍ക്കെതിരെ ഡല്‍ഹിയില്‍ നടന്നതായി സീനിയേഴ്‌സ് പറഞ്ഞറിഞ്ഞു. ഏതായാലും യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശം വന്നു. പൊലീസ് അകമ്പടിയോടെ ഞങ്ങള്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി. യാത്രയിലുടനീളം കണ്ടത് ഒരു കലാപബാധിത പ്രദേശമാണ്. ഇന്ദിരാഗാന്ധിയുടെ മരണം ജനങ്ങളുടെ മുഖത്തെല്ലാം വേദനയുടെ കാളിമ പടര്‍ത്തിയിരുന്നു. നെഹ്‌റു കുടുംബത്തോട് ഒരു ശരാശരി ഇന്ത്യക്കാരനുള്ള അനുകമ്പയ്ക്കപ്പുറമായിരുന്നു എന്റെ സ്‌നേഹം. നാല്‍പ്പത്തിരണ്ടാം ഭരണപരിഷ്‌കാരത്തിലൂടെ 'സോഷ്യലിസ്റ്റ് സെക്കുലര്‍' എന്ന വാക്ക് ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്ത് ഇന്ദിര ചരിത്രം കുറിച്ചു. ബാങ്കുകള്‍ ദേശസാല്‍ക്കരിച്ച ഇന്ദിരാഗാന്ധി മുജീബ് റഹ്മാനെ പിന്തുണച്ച് ബംഗ്ലാദേശിന്റെ പിറവിയെ സാര്‍ത്ഥകമാക്കി. അടിയന്തരാവസ്ഥയെന്ന കരിംഭൂതത്തെ അഴിച്ചുവിട്ടില്ലായിരുന്നെങ്കില്‍ ഇന്ദിരാഗാന്ധിയുടെ സ്ഥാനം ഇന്നത്തേതിലും എത്രയോ മുകളില്‍ പ്രതിഷ്ഠിക്കപ്പെടുമായിരുന്നു. സോവിയറ്റ് റഷ്യയോടൊപ്പം അടിയുറച്ച് നിലകൊണ്ട ഇന്ദിര തന്നെയാണ് 1959ല്‍ തെരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിടുന്നതില്‍ പണ്ഡിറ്റ് നെഹ്‌റുവിനെ നിര്‍ബ്ബന്ധിച്ചതും. നിലപാടുകളില്‍ പലപ്പോഴും അവര്‍ വൈരുദ്ധ്യങ്ങളുടെ സമന്വയമായി മാറി. 

രണ്ട് പ്രാവശ്യം ഞാന്‍ ഇന്ദിരാഗാന്ധിയെ നേരിട്ടു കണ്ടിട്ടുണ്ട്. 1977ലെ തോല്‍വിക്കുശേഷം ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ അവര്‍ നടത്തിയ രാജ്യവ്യാപക പര്യടനത്തിനിടയില്‍ കേരളത്തിലെത്തിയപ്പോഴാണ് ആദ്യ കാഴ്ച. അന്ന് കോഴിക്കോട്ടേക്കുള്ള യാത്രാമദ്ധ്യേ വളാഞ്ചേരിയിലെ ആള്‍ക്കൂട്ട ബാഹുല്യം കണ്ട് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടി ഇല്ലാതിരുന്നിട്ടും തിരൂര്‍ റോഡില്‍ സംഘാടകര്‍ തട്ടിക്കൂട്ടിയ മേല്‍ക്കൂരയില്ലാത്ത പ്ലാറ്റ്‌ഫോമില്‍നിന്ന് ആള്‍ക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് രണ്ട് വാക്ക് സംസാരിച്ചു. കറുത്ത കണ്ണട വെച്ച കുലീനത്വം തുളുമ്പിയ അവരുടെ മുഖം ആദ്യമായി ഏതാണ്ട് അടുത്തുനിന്ന് ഞാന്‍ കണ്ടു. പന്ത്രണ്ട് വയസ്സിന്റെ ആനുകൂല്യം ജനത്തിരക്കിനിടയിലൂടെ ഊളിയിട്ട് മുന്നിലെത്താന്‍ എന്നെ സഹായിച്ചു. രണ്ടാമത്തെ കാഴ്ച ബാംഗ്ലൂരില്‍ വെച്ചാണ്. സ്‌കൂളില്‍നിന്ന് പഠനയാത്ര പോയ സമയത്താണത്. ശ്രീമതി ഗാന്ധി അന്ന് പ്രധാനമന്ത്രിയാണ്. ഇന്ദിരാഗാന്ധി കടന്നുപോകുന്നുണ്ടെന്നറിഞ്ഞ് ഞങ്ങള്‍  താമസസ്ഥലത്തുനിന്നിറങ്ങി പ്രധാന റോഡിന്റെ അരികില്‍ ഉത്സാഹത്തോടെ നിന്നു. ഒരു വാഹനവ്യൂഹം പാഞ്ഞുവന്നു. നടുവിലായി ഒരേപോലെയുള്ള മൂന്ന് കാറുകള്‍. മൂന്നിന്റേയും മുന്‍സീറ്റിലേക്ക് ചെറിയ ട്യൂബ് ലൈറ്റിന്റെ പ്രകാശം ഫോക്കസ് ചെയ്തുവെച്ചിരിക്കുന്നു. മൂന്ന് കാറിലും ഇന്ദിരാഗാന്ധി കൈകൂപ്പി ഇരിക്കുന്നു. ഞങ്ങള്‍ അത്ഭുതത്തോടെ മൂക്കത്ത് കൈവിരല്‍ വെച്ചു. ആദ്യത്തെ രണ്ടെണ്ണത്തില്‍ ഇന്ദിരാഗാന്ധിയുടെ ബൊമ്മയാണ് കൈകൂപ്പി ഇരുന്നിരുന്നതത്രെ. മൂന്നാമത്തെ കാറിലാണ് ഒറിജിനല്‍ ഇന്ദിര യാത്ര ചെയ്തത്. സെക്യൂരിറ്റി പ്രശ്‌നം ഉള്ളതുകൊണ്ടാണ് അത്തരം തന്ത്രം പ്രയോഗിച്ചതെന്ന് കൂടെയുള്ള അദ്ധ്യാപകര്‍ പറഞ്ഞു. 

ഇന്ദിര ​ഗാന്ധി
ഇന്ദിര ​ഗാന്ധി

തന്റേടിയായ എന്റെ വല്ലിമ്മ ഇന്ദിരാഗാന്ധിയെ വലിയ മതിപ്പോടെയാണ് കണ്ടത്. പെണ്ണുങ്ങളായാല്‍ ഇന്ദിരാഗാന്ധിയെപ്പോലെ ആവണമെന്ന് അവര്‍ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. വല്ലിമ്മയുടെ സഹോദരങ്ങളെല്ലാം കോണ്‍ഗ്രസ്സുകാരാണ്. വല്ലിപ്പയും സഹോദരനുമൊക്കെ കോണ്‍ഗ്രസ് അനുഭാവികളുമാണ്. അതുകൊണ്ടെല്ലാമാകണം വല്ലിമ്മ ഇന്ദിരാഗാന്ധിയുടെ ആരാധികയായത്. അവരില്‍നിന്നാണ് ഇന്ദിരാപ്രേമം എന്നിലേക്കും പടര്‍ന്നത്. നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഞങ്ങളെത്തി മണിക്കൂറുകള്‍ കഴിഞ്ഞാണ് ട്രെയിന്‍ പ്ലാറ്റ്‌ഫോമില്‍ വന്നുനിന്നത്. എല്ലാവരും വേഗം ട്രെയിനില്‍ കയറിപ്പറ്റി. ഭയമാര്‍ന്ന മനസ്സോടെയായിരുന്നു നാട്ടിലേക്കുള്ള മടക്കം. ആരും ഒന്നും മിണ്ടുന്നില്ല. എല്ലായിടത്തും ഒരു ശ്മശാന മൂകത. ട്രെയിനില്‍ യാത്രക്കാര്‍ വളരെ കുറവാണ്. റോഡുകളും റെയില്‍വേ സ്‌റ്റേഷനുകളും ഒഴിഞ്ഞുകിടന്നു. യാത്രയില്‍ പുറമെനിന്ന് ഭക്ഷണമൊന്നും കിട്ടിയില്ല. പാന്‍ട്രി കാറില്‍ നിന്നുള്ള ഭക്ഷണം മാത്രമായിരുന്നു ആശ്രയം. പലപ്പോഴും ടി.ടി.ആര്‍ വന്ന് ഷട്ടറുകള്‍ താഴ്ത്തിയിടാന്‍ പറഞ്ഞു. പലയിടങ്ങളില്‍വെച്ചും ട്രെയിനിനു നേരെ കല്ലേറുണ്ടായി. ശ്വാസം അടക്കിപ്പിടിച്ച് മുഖാമുഖം നോക്കി ഞങ്ങളിരുന്നു. ഭയപ്പാട് ഞങ്ങളെ എല്ലാവരേയും പ്രാര്‍ത്ഥനാനിരതരാക്കി. അക്രമം മുഴുവന്‍ സിക്കുകാര്‍ക്കെതിരെയായിരുന്നു. ഇന്ദിരാഗാന്ധിയെ വെടിവെച്ചിട്ട അംഗരക്ഷകര്‍ സിക്കുകാരായതുകൊണ്ടാണ് അതെന്ന് യാത്രക്കാര്‍ അടക്കം പറഞ്ഞു. സ്‌റ്റേഷനുകളില്‍ നിര്‍ത്തുന്ന ട്രെയിനുകളില്‍ കൊലയാളി സംഘങ്ങള്‍ ഓടിക്കയറി സിക്കുകാരുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്ന് റെയില്‍വേ ജീവനക്കാര്‍ പറഞ്ഞു. ഞങ്ങളുടെ മുന്നില്‍ പോയ ട്രെയിനില്‍നിന്ന് സിക്കുകാരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയെന്നും തല വെട്ടിയെടുത്ത് തീയ്യിലേക്കെറിഞ്ഞെന്നുമൊക്കെ പറഞ്ഞുകേട്ടു. രൂക്ഷമായ കല്ലേറുണ്ടായത് ഗ്വാളിയോറില്‍വെച്ചാണ്. പാളത്തില്‍ വിള്ളലുണ്ടാക്കി തീവണ്ടി മറിക്കുമോ എന്നതായിരുന്നു എന്റെ പേടി. പാലങ്ങള്‍ തകര്‍ത്ത് ട്രെയിന്‍ നദിയില്‍ വീഴ്ത്തുമോ എന്നും  ഞാന്‍ ഭയപ്പെട്ടു. മനസ്സ് അസ്വസ്ഥമായ ആ യാത്രയില്‍ ആരും അധികമൊന്നും മിണ്ടിയും പറഞ്ഞുമില്ല. ഭയാശങ്കകള്‍ക്കൊടുവില്‍ ചൂളം വിളിച്ച് ട്രെയിന്‍ കോഴിക്കോട്ടെത്തി. സ്വര്‍ഗ്ഗം കണ്ട മേനിയായിരുന്നു 'കോഴിക്കോട്' എന്ന ബോര്‍ഡ് കണ്ടപ്പോള്‍. ധൃതിയില്‍ വണ്ടിയിറങ്ങി ഓട്ടോ പിടിച്ച് ബസ് സ്റ്റാന്റിലേക്ക് പോയി. ചേന്ദമംഗല്ലൂര്‍ ബോര്‍ഡുള്ള ബസില്‍ കയറി ഇരിപ്പുറപ്പിച്ചു. അപ്പോഴും ഭയം ഞങ്ങളെ പൂര്‍ണ്ണമായും വിട്ടുമാറിയിരുന്നില്ല. നാടിന്റെ സുഗന്ധമുള്ള കാറ്റേറ്റ് ഞാന്‍ പെട്ടെന്നു മയങ്ങി. ബസ് ചേന്ദമംഗല്ലൂരിലെത്തിയപ്പോള്‍ ബഷീറാണ് എന്നെ തട്ടിയുണര്‍ത്തിയത്. ചേന്ദമംഗല്ലൂര്‍ മുതല്‍ ചേന്ദമംഗല്ലൂര്‍ വരെയുള്ള ഡല്‍ഹി യാത്രയ്ക്ക് അങ്ങനെ വിരാമമായി.

മോഡേണ്‍ ക്ലോത്ത് മാര്‍ട്ട്

സ്വന്തമായി റേഷന്‍ കട നടത്തിയിരുന്നതോടൊപ്പം പങ്കാളികളുമൊത്ത് ഒരു തുണിക്കട 'മോഡേണ്‍ ക്ലോത്ത് മാര്‍ട്ട്' എന്ന പേരില്‍ ഉപ്പ വളാഞ്ചേരിയില്‍  ആരംഭിച്ചു. ചങ്ങമ്പള്ളി ആലിക്കുട്ടി ഗുരുക്കളുടെ കെട്ടിടത്തിലാണ് ഷോപ്പ് തുടങ്ങിയത്. കോട്ടയം അയ്യപ്പാസിന്റെ പരസ്യം പോലെയായിരുന്നു മോഡേണും. പുറത്തുനിന്നു നോക്കുമ്പോള്‍ ചെറിയതെന്നു തോന്നുമെങ്കിലും അകത്തേക്കു ചെന്നാല്‍ വിശാലമായ വസ്ത്രശേഖരം തന്നെ കാണാം. പണ്ടൊക്കെ എല്ലാ തുണിക്കടകളുടെ മുന്നിലും ടൈലര്‍ മെഷീനുമായി ഒരു തുന്നല്‍ക്കാരന്‍ ഉണ്ടാകും. മോഡേണ്‍ ക്ലോത്ത് മാര്‍ട്ട് തുടങ്ങിയ അന്നു മുതല്‍ വലിയകുന്ന് സ്വദേശിയായ ബാവാക്കയാണ് അവിടുത്തെ ടൈലര്‍. അദ്ദേഹം അഖിലേന്ത്യാ മുസ്‌ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. യൂണിയന്‍ ലീഗിനെ കളിയാക്കാന്‍ കിട്ടുന്ന അവസരമൊന്നും രസികനായ ബാവാക്ക പാഴാക്കാറില്ല. തമാശകള്‍ പറഞ്ഞ് ആളുകളെ പൊട്ടിച്ചിരിപ്പിക്കാന്‍ അദ്ദേഹത്തിനുള്ള സിദ്ധി അപാരമാണ്. ബാവാക്ക തമാശകള്‍ പറയുമ്പോള്‍ ചിരിക്കാറേയില്ല. പറഞ്ഞ് ഒരു നിമിഷം കഴിഞ്ഞാലെ കേള്‍ക്കുന്നവര്‍ക്കു പോലും അതിലടങ്ങിയ നര്‍മ്മം പിടികിട്ടൂ. 

ബാവാക്ക
ബാവാക്ക

ഇരുമ്പിളിയത്തെ യൂണിയന്‍ ലീഗ് നേതാവായിരുന്ന ഡോ. ബാവുക്കയുടെ ഡിഗ്രി എന്താണെന്ന് വിദ്യാര്‍ത്ഥിയായിരിക്കെ ഞാന്‍ ബാവാക്കയോട് ചോദിച്ചു. ഗൗരവം വിടാതെ അദ്ദേഹം പറഞ്ഞു: ബാവൂന്റെ ഡിഗ്രി, എന്താണെന്ന് അറിയില്ല. ഓന്റെ പെണ്ണ്ങ്ങള് (ഭാര്യ) ബി.എ യാണ്. ഡിഗ്രിയുള്ള മുസ്‌ലിം സ്ത്രീകള്‍ നന്നേ കുറവുള്ള കാലമാണത്. ഇതു കേട്ട ഞാന്‍ ബി.എയാണോ എന്നു പറഞ്ഞ് അത്ഭുതംകൂറി. ആ സമയത്ത് എന്നെ നോക്കി ഗൗരവം വിടാതെ ബാവാക്ക വീണ്ടും പറഞ്ഞു: ഓളെ പേര് ബിയ്യാന്നാണ്. മലപ്പുറത്തെ പഴയ സ്ത്രീകള്‍ക്ക് ഇട്ടിരുന്ന പേരുകളില്‍ ഒന്നാന്ന് ബിയ്യ. അല്പം ആലോചിച്ചപ്പോഴാണ് ബാവാക്കയുടെ മറുപടിയുടെ പൊരുള്‍ മനസ്സിലായത്. ഇന്നും ആ ചോദ്യവും ഉത്തരവും ചിരിച്ചുകൊണ്ടല്ലാതെ ഓര്‍ക്കാനാവില്ല. ഉപ്പാന്റെ പഴയ റേഷന്‍ കട പുതിയ തുണിഷോപ്പിന്റെ പിന്നിലുള്ള ചങ്ങമ്പള്ളിക്കാരുടെ  കെട്ടിടത്തിലെ ഒഴിഞ്ഞുകിടന്ന റൂമിലേക്ക് മാറ്റി; അധികനാളായിട്ടില്ല. നാല് റോഡുകള്‍ സംഗമിക്കുന്ന സ്ഥലത്ത് കുറച്ച് ഉള്ളിലാണ് റേഷന്‍ ഷോപ്പ് പ്രവര്‍ത്തിക്കുന്നത്. അരി, മണ്ണെണ്ണ, പഞ്ചസാര, ഗോതമ്പ് ഇവയൊക്കെ നാലും കൂടിയ ജംഗ്ഷനില്‍ ലോറി നിറുത്തിയാണ്  തലച്ചുമടായി റേഷന്‍ കടയിലേക്ക് ചുമട്ടുതൊഴിലാളികള്‍ കൊണ്ടുപോയിരുന്നത്. നാല് റോഡുകളുടെ സംഗമ സ്ഥലമായതിനാല്‍ ഇടയ്ക്കിടെ  ഗതാഗതക്കുരുക്ക് പതിവാണ്. അതുകൊണ്ട് തന്നെ ഒരു പൊലീസുകാരന്‍ എപ്പോഴും അവിടെ ഉണ്ടാകും. ഒരു ദിവസം റേഷന്‍ ഷോപ്പിലേക്ക് അരി ഇറക്കിക്കൊണ്ടിരിക്കെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ ഉപ്പയോട് എന്തോ കയര്‍ത്ത് സംസാരിച്ചു. ഉപ്പ പണ്ടേക്കുപണ്ടേ മുന്‍കോപിയാണ്. ദേഷ്യം പിടിച്ചാല്‍ എന്തുപറയുമെന്നുള്ളതും ചെയ്യുമെന്നുള്ളതും ആര്‍ക്കും പ്രവചിക്കാനാവില്ല. ഉപ്പ പൊലീസുകാരനോടും കണക്കിനു ദേഷ്യപ്പെട്ട് സംസാരിച്ചു. രംഗം വഷളാകുമെന്നു കണ്ടപ്പോള്‍ ഹസ്സന്‍കാക്കയും ജബ്ബാറാക്കയും ഇടപെട്ട് രംഗം ശാന്തമാക്കി. ഇതെല്ലാം ഞാനും ബാവാക്കയും നോക്കി നില്‍ക്കുന്നുണ്ട്. എല്ലാം ഒന്നാറിത്തണുത്തപ്പോള്‍ ഉപ്പ കേള്‍ക്കാതെ മധ്യസ്ഥരോടും എന്നോടും പതിഞ്ഞ സ്വരത്തില്‍ അദ്ദേഹം പറഞ്ഞു: ഹാജ്യേര്ക്ക് പൊലീസുകാരനോട് എന്തും പറയാല്ലോ? വായില്‍ ഒറ്റപ്പല്ലില്ലോ? ഇതുകേട്ട ഞങ്ങള്‍ അന്തംവിട്ട് നില്‍ക്കുമ്പോള്‍ ബാവാക്ക തുടര്‍ന്നു: ഹാജിയാര്‍ക്ക് വെപ്പ് പല്ലാണെന്ന് അറിയില്ലേ? പല്ലു വേദനയെ തുടര്‍ന്ന് ആയിടക്കാണ് ഉപ്പ പല്ല് മുഴുവന്‍ എടുപ്പിച്ച് കൃത്രിമ പല്ലുകള്‍ വെച്ചത്. ഞങ്ങള്‍ക്ക് ചിരി അടക്കാനായില്ല. ഒരു പൊലീസുകാരന്‍, തന്നെ ചോദ്യം ചെയ്ത പരാതിക്കാരന്റെ പല്ല് അടിച്ചുകൊഴിച്ച വാര്‍ത്ത പത്രത്തില്‍ വന്ന ദിവസവും കൂടിയായിരുന്നു അന്ന്. 

ആള്‍ബലത്തില്‍ യൂണിയന്‍ ലീഗുകാര്‍ക്കായിരുന്നു മുസ്‌ലിംലീഗ് പിളര്‍പ്പിനു ശേഷം ശക്തി. ബാവാക്കയാവട്ടെ, അഖിലേന്ത്യാ ലീഗിന്റെ പ്രവര്‍ത്തകനും. സി.എച്ച്. അഖിലേന്ത്യ ലീഗിനെ വിശേഷിപ്പിച്ചത് 'വിമതലീഗ്' എന്നാണ്. നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകാരുടെ കൂടെക്കൂടിയ മതമില്ലാത്ത ലീഗ് എന്ന അര്‍ത്ഥത്തില്‍. വലിയ ആള്‍ക്കൂട്ടത്തില്‍ ഒരാളാകാനല്ല, ഒഴുക്കിനെതിരെ സഞ്ചരിക്കുന്നവരുടെ ചെറുസംഘത്തോട് ചേരാനായിരുന്നു ബാവാക്കക്ക് താല്പര്യം. അഖിലേന്ത്യാ ലീഗുകാര്‍ എണ്ണത്തില്‍ കൂടുതലില്ലാത്തതുകൊണ്ടാവണം നേതാക്കളും പ്രവര്‍ത്തകരും തമ്മിലും പ്രവര്‍ത്തകര്‍ പരസ്പരവും  അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. പി.വി.എസ് മുസ്തഫ പൂക്കോയ തങ്ങളുമായി വളരെ അടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്. ലീഗ് പിളര്‍ന്ന കാലത്ത് അഖിലേന്ത്യാ ലീഗുകാര്‍ക്ക് യൂണിയന്‍ ലീഗുകാരുടെ നാനാവിധ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. ലീഗ് ലയനം നടന്ന ശേഷം വടകര ഭാഗത്തുള്ള പഴയ 'വിമത ലീഗു'കാരനായ മൊയ്തീനെ കോഴിക്കോട്ടുവെച്ച് അവിചാരിതമായി കണ്ടുമുട്ടിയ കഥ ബാവാക്ക സരസമായി ഞങ്ങളോടു വിശദീകരിച്ചു. സുഖവിവരം ചോദിച്ചപ്പോ മൊയ്തീന്‍ പറഞ്ഞത്രെ; ഇപ്പോ മനസ്സമാധാനത്തോടെ മനുഷ്യവിസര്‍ജ്ജ്യം കോരി വൃത്തിയാക്കാതെ കട തുറക്കാം. അതിലും വലിയ അനുഗ്രഹം മറ്റെന്താ വേണ്ടത്. പിന്നെയാണ് ബാവാക്ക അല്പം നീട്ടി കാര്യങ്ങള്‍ പറഞ്ഞത്. 

ഇസ്ഹാഖ് കുരിക്കൾ
ഇസ്ഹാഖ് കുരിക്കൾ

ലീഗ് പിളര്‍ന്നപ്പോ നാട്ടിലെ പ്രമാണിമാരുള്‍പ്പെടെ മഹാഭൂരിഭാഗം ആളുകളും യൂണിയന്‍ ലീഗില്‍ അണിനിരന്നു.  മൊയ്തീനും വിരലിലെണ്ണാവുന്നവരും അലിലേന്ത്യാ ലീഗിലും ചേര്‍ന്നു. പലചരക്ക് കടയാണ് മൊയ്തീന്‍ നടത്തിയിരുന്നത്. എന്നും രാവിലെ കട തുറക്കാന്‍ വരുമ്പോള്‍ ഏതെങ്കിലും ഒരാള്‍ വന്ന് വിസര്‍ജ്ജിച്ച് പോയിട്ടുണ്ടാകും. മൊയ്തീന്റെ ആദ്യത്തെ പണി അതു വൃത്തിയാക്കലാണ്. മാസങ്ങള്‍ ഇതു തുടര്‍ന്നു. മൊയ്തീന്‍ കൂടുതല്‍ കൂടുതല്‍ വാശിയോടെ വിമത ലീഗില്‍ സജീവമായി. അതോടെ ദിവസവുമുള്ള 'കാഴ്ച' രണ്ടോ മൂന്നോ ആഴ്ചയില്‍ ഒരിക്കലായി. മൊയ്തീനെ 'തൂറി തോല്‍പ്പിക്കാന്‍' കഴിയില്ലെന്നു മനസ്സിലാക്കിയ യൂണിയന്‍ ലീഗുകാര്‍ ക്രമേണ അതു നിര്‍ത്തി. പിന്നെ അദ്ദേഹത്തിന്റെ കടയില്‍നിന്ന് സാധനം വാങ്ങരുതെന്ന് രഹസ്യമായി പ്രചരിപ്പിച്ചു. അതോടെ തൊട്ടടുത്ത പ്രദേശങ്ങളിലെ സഖാക്കളും യൂണിയന്‍ ലീഗ് വിരുദ്ധരും പലചരക്കു സാധനങ്ങള്‍ വാങ്ങാന്‍ മൊയ്തീന്റെ കടയിലെത്തി. അങ്ങനെ മൊയ്തീന്‍ യൂണിയന്‍ ലീഗിന്റെ ഉപരോധത്തേയും അതിജീവിച്ചു. ലീഗ് ഒന്നായതോടെ മൊയ്തീന്‍ ലീഗ് പ്രവര്‍ത്തനത്തില്‍ നിര്‍ജ്ജീവമായി. ബാവാക്ക പറഞ്ഞുനിര്‍ത്തിയപ്പോള്‍ കേട്ടവര്‍ക്കെല്ലാം സങ്കടം തോന്നി. ഞങ്ങളൊക്കെ കടുത്ത യൂണിയന്‍ ലീഗുകാരായിരുന്നിട്ടും. 

25 വര്‍ഷം മുന്‍പുവരെ നോമ്പുകാലത്ത് മലബാറിലെ മുസ്‌ലിം കേന്ദ്രങ്ങളില്‍ മത പ്രസംഗങ്ങളുടെ ഘോഷയാത്ര പതിവാണ്. ചെറുകിട മുസ്‌ല്യാക്കന്മാര്‍ വീട് വെക്കാനും പെണ്‍മക്കളെ കെട്ടിച്ചയക്കാനും കുട്ടികളെ പഠിപ്പിക്കാനും പണം കണ്ടെത്തിയത് ഇത്തരം 'വയള്' (മതപ്രസംഗം)പരമ്പരകളിലൂടെയാണ്. കുറച്ചു പേര്‍ക്കെങ്കിലും ഉപജീവനത്തിനു രാത്രികാല പ്രഭാഷണങ്ങള്‍ ഉപകരിച്ചിരുന്നെന്ന് ചുരുക്കം. ഇസ്‌ലാമില്‍ പൗരോഹിത്യമില്ല. എന്നാല്‍ മരണം, വിവാഹം, ആണ്ടറുതികള്‍, വിശേഷ ദിവസങ്ങള്‍ എന്നീ ഘട്ടങ്ങളില്‍ മുസ്‌ല്യാക്കന്മാരുടെ സാന്നിദ്ധ്യം ഉറപ്പ് വരുത്താന്‍ മുസ്‌ലിങ്ങളിലെ ഭൂരിഭാഗവും ശ്രമിക്കും. പാവപ്പെട്ട മത പണ്ഡിതന്മാരുടെ കുടുംബം പുലര്‍ന്നുപോകട്ടേ എന്ന സല്‍ചിന്തയാണ് അതിനു പിന്നിലെ ചേതോവികാരമെന്നാണ് എന്റെ കാഴ്ചപ്പാട്. കൊടുക്കുന്നത് വാങ്ങുമെന്നല്ലാതെ ഒന്നിനും ആരും കണക്കു പറയാറില്ല. എന്നാല്‍, അടുത്തകാലത്തായി 'വയള്' വാണിജ്യവല്‍ക്കരിക്കപ്പെട്ടു. മതപ്രഭാഷകര്‍ യാതൊരു തത്ത്വദീക്ഷയുമില്ലാതെ സാരോപദേശത്തിനുള്ള പണം കണക്കുപറഞ്ഞ് വാങ്ങാന്‍ തുടങ്ങി. ഇന്ന് ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന മതപ്രസംഗകരുണ്ട്. കോവിഡാനന്തരം അതിലും മാറ്റം വന്നുവെന്നത് ശുഭകരമാണ്. സാമൂഹ്യമാധ്യമങ്ങള്‍ സജീവമായതോടെ പ്രഭാഷണ രാത്രികള്‍ ഗണനീയമാംവിധം കുറഞ്ഞിട്ടുണ്ട്. ബാവാക്ക ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു; മതപ്രസംഗം കേട്ട് നന്നാവുകയാണെങ്കില്‍ മൈക്കക്കാരന്‍ (സൗണ്ട് ഓപ്പറേറ്റര്‍) നന്നാവണ്ടേ? അവര്‍ എല്ലാവരുടെ മതപ്രസംഗങ്ങളും കേള്‍ക്കുന്നവരാണല്ലോ? കേട്ടുനിന്നവരാരും എതിര്‍ത്തൊന്നും പറഞ്ഞില്ല. ബാവാക്കാന്റെ നാട്ടില്‍ മഹല്ല് കമ്മിറ്റി ഒരു 'വയള്' സംഘടിപ്പിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രഭാഷകന്‍ എന്തോ കാരണത്താല്‍ വരില്ലെന്ന് അറിയിച്ചു. സംഘാടകര്‍ നെട്ടോട്ടമായി. ബാവാക്ക കമ്മിറ്റിയില്‍ അംഗമായതിനാല്‍  ഭാരവാഹികള്‍ അദ്ദേഹത്തിന്റെ സഹായവും തേടി. പ്രസംഗകനല്ലെങ്കിലും നീണ്ട പ്രാര്‍ത്ഥനയും അല്പസ്വല്പം സാരോപദേശങ്ങളും നടത്താറുള്ള ഉപ്പയുടെ ചങ്ങാതി കൂടിയായ ഒരു മുസ്‌ല്യാരെ അന്നത്തെ ദിവസത്തേക്ക് ബാവാക്ക സംഘടിപ്പിച്ചു കൊടുത്തു. പിറ്റേ ദിവസം വൈകുന്നേരം തലേ ദിവസത്തെ കെട്ടിപ്പടച്ചുണ്ടാക്കിയ 'വയളന്‍' (പ്രസംഗകന്‍) എങ്ങനെ ഉണ്ടായിരുന്നു എന്ന് ഞാന്‍ അന്വേഷിച്ചു. പതിവുശൈലിയില്‍ അദ്ദേഹം പ്രതികരിച്ചു: 'ഒന്നും പറയണ്ട. പത്ത് കട്ടന്‍ കാപ്പിടെ പൈസ പോയി.' ഇതും പറഞ്ഞ് അദ്ദേഹം നിര്‍ത്താതെ ചിരിച്ചു. പകരക്കാരനാക്കിയ മുസ്‌ല്യാര്‍ പ്രാര്‍ത്ഥനയ്ക്കിടയില്‍ ധാരാളം കാപ്പി കുടിക്കുന്ന ശീലക്കാരനാണ്. അതേക്കുറിച്ചാണ് ബാവാക്ക ഹാസ്യാത്മകമായി ഓര്‍മ്മിപ്പിച്ചത്.

കെകെ അഷ്റഫ്
കെകെ അഷ്റഫ്

ഞാന്‍ ലീഗില്‍ സജീവമായി പ്രസംഗിച്ചു നടക്കുന്ന സമയത്ത് ചാവക്കാട്ടെ ഒരു പരിപാടിക്കു പോകുന്ന കാര്യം ബാവാക്കാനോട് പറഞ്ഞു. ഉടന്‍ വന്നു അദ്ദേഹത്തിന്റെ പ്രതികരണം: നല്ല ഗള്‍ഫുകാരുള്ള സ്ഥലമാണ്. ദുബായ് ചെരിപ്പ് കിട്ടിയാല്‍ ഒരു കൂട്ട് കൊണ്ടുവരാന്‍ മറക്കരുത്. സ്‌റ്റേജിലേക്ക് ചെരിപ്പ് കൊണ്ടുള്ള ഏറ് വരുന്നതിനെ സംബന്ധിച്ചാണ് ബാവാക്ക സൂചിപ്പിച്ചത്. അദ്ദേഹം അസുഖം ബാധിച്ച് കിടപ്പിലാകുന്നതുവരെ തുണിക്കടയില്‍ വന്നിരുന്നു. ബാവാക്ക പോയ ശേഷം ടൈലര്‍മാരാരും മോഡേണ്‍ ക്ലോത്ത് മാര്‍ട്ടില്‍ ഉണ്ടായിട്ടില്ല. 

മക്കളോടും അദ്ദേഹം വളരെ ഫ്രീ ആയിട്ടാണ് ഇടപഴകിയത്. ബാവാക്ക ഇടക്കൊക്കെ സിനിമകള്‍ കാണുന്ന പ്രകൃതക്കാരനാണ്. ഒരു ദിവസം വളാഞ്ചേരി ശ്രീകുമാറില്‍ ഒരു സിനിമയ്ക്ക് പോയത്രെ. മകന്‍ ഷറഫുവും അതേ സിനിമയ്ക്ക് അവസാനം വന്നു കയറിയത് അദ്ദേഹം ശ്രദ്ധിച്ചു. ഇടവേളയ്ക്ക് വിട്ടപ്പോള്‍ ഷറഫു ബാവാക്കാനെ കണ്ടു. ഇരുവരും അങ്ങോട്ടുമിങ്ങോട്ടും കണ്ടത് അറിഞ്ഞതുമില്ല. സിനിമ വിട്ട് പുറത്തിറങ്ങുമ്പോള്‍ മകന്‍ കാണേണ്ട എന്നു കരുതി ഇടവേളയ്ക്ക് ശേഷം പടം തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ബാവാക്ക ടാക്കീസില്‍നിന്ന് ഇറങ്ങി. നേരെ വീട്ടിലേക്ക് വിട്ടു. ഷറഫുവാകട്ടെ, സിനിമ വിടുമ്പോള്‍ ബാപ്പ കാണേണ്ടന്നു കരുതി പടം തീരുന്നതിന്റെ അരമണിക്കൂര്‍ മുന്‍പ് ഇറങ്ങി വീട്ടിലെത്തി. ഇരുവരും സിനിമ തീരുന്നതിനു മുന്‍പ് പരസ്പരം കാണാതിരിക്കാന്‍ നേരത്തെ ഇറങ്ങിപ്പോന്നതാണെന്നു വീട്ടില്‍ വെച്ച് കണ്ടപ്പോള്‍ തന്നെ മനസ്സിലാക്കി. എല്ലാവരും കൂടി രാത്രി ഭക്ഷണം കഴിക്കാനിരിക്കവെ ഷറഫുവിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ചോറിന്റെ ഉരുള വായിലേക്കിടും മുന്‍പ് 'ഞമ്മളെ രണ്ടാളെ പൈസയും പോയി' എന്ന് പറഞ്ഞ് ഷറഫു നിര്‍ത്താതെ ചിരിച്ചു. ബാവാക്കയും പൊട്ടിച്ചിരിച്ചു. കാര്യമറിഞ്ഞപ്പോള്‍ വീട്ടില്‍ അതൊരു കൂട്ടച്ചിരിയായി മാറി. 

ബാഫഖി തങ്ങൾ
ബാഫഖി തങ്ങൾ

ബാവാക്ക മരിക്കുന്നതുവരെ ഞാനദ്ദേഹത്തെ പോയി കണ്ടിരുന്നു. കൊച്ചുവര്‍ത്തമാനങ്ങളും തമാശകളും പറഞ്ഞ് കുറേസമയം അദ്ദേഹവുമൊത്ത് ചെലവിട്ടിട്ടുണ്ട്. മക്കളായ ഷറഫു, നാസര്‍, ബാബു എന്നിവരുമായി സ്‌നേഹബന്ധം ഇപ്പോഴും തുടരുന്നു. 

പ്രീഡിഗ്രി ഒന്നും രണ്ടും വര്‍ഷ പരീക്ഷ എഴുതിയത് ഫറോക്ക് ഗവ. ഹൈസ്‌കൂളിലാണ്. ആദ്യ വര്‍ഷ പരീക്ഷയുടെ സ്റ്റഡീ ലീവിനു താമസിക്കാന്‍ ഫാറൂഖ് കോളേജിലെ സ്വകാര്യ ഹോസ്റ്റലാണ് തെരഞ്ഞെടുത്തത്. കൂടെ ബഷീറും ഉണ്ടായിരുന്നു. ഫാറൂഖ് കോളേജില്‍ എം.എക്ക് പഠിച്ചിരുന്ന അവന്റെ നാട്ടുകാരനും സുഹൃത്തുമായ ഗഫൂറിന്റെ റൂമായിരുന്നു. അദ്ദേഹം പിന്നീട് അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി. സി.എച്ച് മുഹമ്മദ് കോയാ സാഹിബ് മരിച്ചതിനെത്തുടര്‍ന്ന് മഞ്ചേരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.പി.എം ഇസ്ഹാഖ് കുരിക്കള്‍ വന്‍ ഭൂരിപക്ഷത്തിനു ജയിച്ച വാര്‍ത്ത അന്ന് പത്രങ്ങളില്‍ ഒന്നാം പേജില്‍ ചിത്രം സഹിതം വായിച്ചത് ഓര്‍ക്കുന്നു. 1967ലെ ഇ.എം.എസ് മന്ത്രിസഭയില്‍ പഞ്ചായത്ത് വകുപ്പ് കൈകാര്യം ചെയ്ത അഹമ്മദ് കുരിക്കളുടെ അനുജ സഹോദരനാണ് ഇസ്ഹാഖ് കുരിക്കള്‍. പ്രഥമമായി ലീഗ് കേരളത്തില്‍ അധികാരത്തില്‍ വന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ മുന്നണിയുടെ ഭാഗമായപ്പോഴാണ്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത സി.എച്ചിനോടൊപ്പം മന്ത്രിയായ അഹമ്മദ് കുരിക്കള്‍  അധികാരത്തിലിരിക്കെ മരണപ്പെട്ടു. പകരക്കാരനായി വന്നത് കെ. അവുക്കാദര്‍കുട്ടി നഹയാണ്. സി.എച്ചിന്റെ മരണശേഷം നഹാ സാഹിബ് ഉപമുഖ്യമന്ത്രിയുമായി. അതിനുശേഷം ലീഗിനു ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചിട്ടില്ല. രണ്ട് മന്ത്രിമാരെയാണ് 1967ല്‍ ലീഗിനു കിട്ടിയത്. തുടര്‍ന്നുള്ള മുന്നണി മാറ്റത്തില്‍ രണ്ട് മന്ത്രി സ്ഥാനവും സ്പീക്കര്‍ പദവിയും ലീഗ് സ്വന്തമാക്കി. അതു കഴിഞ്ഞ് മൂന്ന് മന്ത്രിസ്ഥാനവും 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ നാല് മന്ത്രി പദവികളും 2011ല്‍ അഞ്ചു മന്ത്രിമാരും ലീഗിന്റെ രാഷ്ട്രീയ നേട്ടത്തിന്റെ പട്ടികയില്‍ വന്നു. അഞ്ചാം മന്ത്രിസ്ഥാനം വലിയ കോലാഹലങ്ങള്‍ക്ക് ഇടവെച്ചു. സാമുദായിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടുവെന്ന ആരോപണം നിശ്ശബ്ദമായ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാകുന്നതിലേക്കും നയിച്ചു.   

പരീക്ഷയ്ക്ക് എന്റെ തൊട്ടടുത്ത് ഇരുന്നത് അഷ്‌റഫാണ്. ക്ലാസ്സിലെ പഠിക്കുന്ന കൂട്ടത്തിലാണവന്‍. പരീക്ഷാഹാളിലെത്തിയാല്‍ അഷ്‌റഫിനു സംശയം തീര്‍ന്ന സമയം ഉണ്ടാവില്ല. സംശയനിവാരണത്തിനായി അവന്‍ ഇടയ്ക്കിടെ എന്നോടു സംസാരിക്കാന്‍ മുതിരും. എനിക്കാണെങ്കില്‍ പതുക്കെ പറയാന്‍ കഴിയാറേയില്ല. എത്ര ശബ്ദം കുറച്ച് സംസാരിച്ചാലും ക്ലാസ്സിലെ നിശ്ശബ്ദതയില്‍ എന്റെ പതിഞ്ഞ സ്വരവും മുഴച്ചുനില്‍ക്കും. അപ്പോഴേക്ക് ഇന്‍വിജിലേറ്ററായ അദ്ധ്യാപകന്റെ ശ്രദ്ധ ഞങ്ങളിലേക്ക് തിരിയും. ഇടയ്ക്കിടെ ഇത് സംഭവിച്ചപ്പോള്‍ കുറച്ചുകൂടി അടുത്തേക്കിരുന്നാണ് 'പ്രശ്‌നം' പരിഹരിച്ചത്. സാധാരണ പഠിക്കുന്ന കുട്ടികള്‍ എഴുതിയ ഉത്തരക്കടലാസുകള്‍ അടുത്തിരിക്കുന്നയാള്‍ കാണാതിരിക്കാന്‍ കൈകള്‍ കൊണ്ട് പൊത്തിപ്പിടിക്കും. ശരിയുത്തരത്തിന്റെ സൂചന പോലും നല്‍കില്ല. സഹപാഠിക്ക് മാര്‍ക്ക് കൂടുതല്‍ കിട്ടുമോ എന്ന 'ഭയവും' പൊത്തിപ്പിടിക്കലിന്റെ കാരണമാകാറുണ്ട്. നന്നായി പഠിച്ചു വന്നവര്‍ സംശയദൂരീകരണത്തിനു ശ്രമിച്ചാല്‍ അവരെ അല്പസ്വല്പം സഹായിക്കുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഒന്നും അറിയാത്തവന് സംശയദൂരീകരണത്തിന്റെ ആവശ്യം വരില്ലല്ലോ? പരീക്ഷാഹാളില്‍ നോക്കിയെഴുത്തിനു ഞാന്‍ മുതിരാറില്ല. കാരണം കണ്ണട വെച്ചാലും അക്ഷരങ്ങള്‍ മനസ്സിലാകാന്‍ അടുത്തുപിടിക്കണം. അതാവട്ടെ, എനിക്ക് വശമുള്ള കലയല്ല. പ്രീഡിഗ്രി നല്ല മാര്‍ക്കോടെ പാസ്സായി. നേരത്തെ തന്നെ ചേന്ദമംഗല്ലൂരില്‍ ഡിഗ്രി പഠനം വേണ്ടെന്നു തീരുമാനിച്ചിരുന്നു. മാര്‍ക്കുള്ളതുകൊണ്ട് ഫാറൂഖ് കോളേജിലും തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലും പ്രവേശനം ലഭിക്കും. എവിടെ ചേരണമെന്ന കാര്യത്തില്‍ ഒരു ചാഞ്ചാട്ടമുണ്ടായി. എക്കണോമിക്‌സും ഹിസ്റ്ററിയും ഡബ്ള്‍ മെയ്‌നായി ഉള്ളത് തിരൂരങ്ങാടിയിലാണ്. ഫറൂഖ് കോളേജിനേക്കാള്‍ എനിക്കിഷ്ടം തോന്നിയത് പി.എസ്.എം.ഒ കോളേജിനോടാണ്. 

സ്വകാര്യ ബസില്‍ കോഴിക്കോട്ടേക്കു പോകുമ്പോള്‍ പി.എസ്.എം.ഒയുടെ മുന്നിലൂടെയാണ് പോയിരുന്നത്. അനാഥാലയത്തോട് ചേര്‍ന്നാണ് കോളേജ് സ്ഥിതി ചെയ്യുന്നത്. കോമ്പൗണ്ടിന്റെ ഒരറ്റത്ത് പള്ളിയാണ്. അതിനൊരു പ്രത്യേകതയുണ്ടെന്ന് ഞാന്‍ മുന്‍പേ വായിച്ചിട്ടുണ്ട്. മുസ്‌ലിങ്ങളിലെ രണ്ട് അവാന്തര വിഭാഗങ്ങളാണ് സുന്നികളും മുജാഹിദുകളും. സുന്നികള്‍ പഴമകളേയും പാരമ്പര്യങ്ങളേയും പുല്‍കാന്‍ വെമ്പുമ്പോള്‍ അവയെ നിരാകരിച്ച് ആധുനിക വിദ്യാഭ്യാസം സ്വായത്തമാക്കാനാണ് മുജാഹിദുകള്‍ ശ്രമിച്ചത്. സ്ത്രീ വിദ്യാഭ്യാസത്തിനും മുജാഹിദുകള്‍ പ്രാമുഖ്യം നല്‍കി. സൗദിഅറേബ്യയില്‍ ജനിച്ച് പാരമ്പര്യ വാദങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുഹമ്മദ് ഇബ്‌നു അബ്ദുല്‍ വഹാബിന്റെ ആശയങ്ങളോടാണ് മുജാഹിദുകള്‍ക്ക് പ്രിയം. മുജാഹിദ് എന്ന അറബി വാക്കിന്റെ അര്‍ത്ഥം പോരാളി എന്നാണ്. അനാചാരങ്ങളോട് സമരം ചെയ്യുന്നവര്‍ എന്ന അര്‍ത്ഥത്തിലാണ് മുജാഹിദുകള്‍ അഥവാ പോരാളികള്‍ എന്ന് അവര്‍ സ്വയം വിശേഷിപ്പിച്ചത്. അബ്ദുല്‍ വഹാബിന്റെ അനുയായികളായതിനാല്‍ മുജാഹിദുകള്‍ വഹാബികള്‍ എന്നും വിളിക്കപ്പെട്ടു. സലഫികളെന്നും ഇക്കൂട്ടര്‍ അറിയപ്പെടുന്നു. സുന്നികളും മുജാഹിദുകളും (പാരമ്പര്യ വാദികളും പരിഷ്‌കാരികളും) ആശയതലത്തില്‍ വലിയ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ട്. മുസ്‌ലിം കേന്ദ്രീകൃത മേഖലകളില്‍ ഇരുകൂട്ടരും നടത്തിയ വാദപ്രതിവാദങ്ങള്‍ പ്രസിദ്ധമാണ്. അത്തരം ശക്തമായ വിയോജിപ്പുകള്‍ക്കിടയിലും അവര്‍ ഒരുമിച്ച് അണിനിരന്നത് മുസ്‌ലിംലീഗെന്ന പൊതു രാഷ്ട്രീയ പ്ലാറ്റ്‌ഫോമിലാണ്.  

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സുന്നിയും ലീഗ് പ്രസിഡന്റുമായിരുന്നു. കെ.എം. മൗലവിയും എം.കെ. ഹാജിയും മുജാഹിദുകാരും ലീഗ് നേതാക്കളുമാണ്. ജമാഅത്തെ ഇസ്‌ലാമിക്കാരല്ലാത്ത എല്ലാ മുസ്‌ലിം സംഘടനകളും ബാഫഖി തങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും പൊതുപരിപാടികള്‍ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. തിരൂരങ്ങാടി ഓര്‍ഫനേജും കോളേജും സ്‌കൂളും ടീച്ചേഴ്‌സ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടും അറബിക് കോളേജുമെല്ലാം മുജാഹിദുകളുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിച്ചത്. സുന്നികള്‍ ഭൗതിക വിദ്യാഭ്യാസത്തില്‍ അക്കാലത്ത് വലിയ താല്പര്യം കാണിച്ചിരുന്നില്ല. തിരൂരങ്ങാടി അനാഥശാല 1943ല്‍ ബാഫഖി തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. 

പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളജ്
പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളജ്

മുസ്‌ലിം അവാന്തര വിഭാഗങ്ങള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന്  ബാഫഖി തങ്ങളെ നെഞ്ചോട് ചേര്‍ത്തുവെച്ചു. അതിന്റെ തെളിവാണ് 1964ല്‍ തിരൂരങ്ങാടി യത്തീംഖാന കോമ്പൗണ്ടിലുള്ള മുജാഹിദ് നിയന്ത്രണത്തിലുള്ള പള്ളിയുടെ ഉദ്ഘാടനത്തിന് കെ.എം. മൗലവി ബാഫഖി തങ്ങളെ ക്ഷണിച്ചത്. ആ മസ്ജിദിലെ പ്രഥമ പ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കിയത് ബാഫഖി തങ്ങളാണ്. തത്തുല്യമായ ഒരു സംഭവം അതിനു മുന്‍പോ ശേഷമോ മുസ്‌ലിങ്ങള്‍ക്കിടയില്‍ ഉണ്ടായതായി പറഞ്ഞുകേട്ടിട്ടില്ല. ആ ചരിത്രവും പി.എസ്.എം.ഒ കോളേജിനോട് അടുപ്പം തോന്നാന്‍ കാരണമായി. 

ഡിഗ്രി അപേക്ഷാ ഫോറം വാങ്ങാന്‍ ചെന്നപ്പോഴാണ് ആദ്യമായി ഞാന്‍ കാമ്പസ് കാണുന്നത്. പ്രഥമ നോട്ടത്തില്‍ത്തന്നെ പി.എസ്.എം.ഒ കോളേജ് എന്റെ ഹൃദയം കീഴടക്കി. റോഡിനോട് ചേര്‍ന്നുനില്‍ക്കുന്ന ചവോക്ക് മരങ്ങളും പ്രധാന കവാടത്തിനു മുന്നിലെ വൃത്താകൃതിയിലെ പൂന്തോട്ടവും അതോടുചേര്‍ന്നുള്ള ടെന്നിസ് കോര്‍ട്ടും തൊട്ടപ്പുറത്തെ ബാസ്‌ക്കറ്റ്‌ബോള്‍ കോര്‍ട്ടും പ്രൗഢിയും ലാളിത്യവും മുറ്റിനിന്ന കെട്ടിടവും എനിക്കു നന്നേ ബോധിച്ചു. അപേക്ഷ വാങ്ങി സന്തോഷത്തോടെ വീട്ടിലേക്കു തിരിച്ചു. അന്നു രാത്രി തന്നെ ഫോറം പൂരിപ്പിച്ചു. തൊട്ടടുത്ത ദിവസം കോളേജില്‍ കൊണ്ടുപോയി കൊടുത്തു. രണ്ടാഴ്ച കഴിഞ്ഞ് ലിസ്റ്റ് നോട്ടീസ് ബോര്‍ഡില്‍ ഇടുമെന്ന് അപേക്ഷ സ്വീകരിച്ചയാള്‍ പറഞ്ഞു. സമാധാനമില്ലാത്ത ദിവസങ്ങളാണ് കടന്നുപോയത്. പ്രവേശനം കിട്ടിയവരുടെ പട്ടിക നടുമെന്ന് പറഞ്ഞ ദിവസം രാവിലെ കുളിച്ചൊരുങ്ങി കോളേജിലെത്തി. നോട്ടീസ് ബോര്‍ഡിന്റെ മുന്നില്‍ കുട്ടികളുടേയും രക്ഷിതാക്കളുടേയും തിക്കും തിരക്കുമായിരുന്നു. വലിയ തിരക്കൊഴിയാന്‍ കുറേ സമയം കാത്തുനിന്നു. 

സമയം കഴിയുന്തോറും തിരക്ക് കൂടിവന്നു. പിന്നെ ഒന്നും നോക്കിയില്ല. നേരെചെന്ന് കുത്തിത്തിരക്കി നോട്ടീസ് ബോര്‍ഡിനു മുന്നിലെത്തി. ബി.എയുടെ ലിസ്റ്റ് പരതി. എക്കണോമിക്‌സിനും ഹിസ്റ്ററിക്കും നല്ല മാര്‍ക്കുണ്ടായതിനാല്‍ നല്ല ഇന്റെക്‌സ് മാര്‍ക്ക് കിട്ടി. പ്രവേശനം ഉറപ്പായവരുടെ പട്ടികയില്‍ ആറാമനായി ഞാന്‍ ഇടം പിടിച്ചിരുന്നു. ഒന്നുകൂടി നോക്കി ഉറപ്പ് വരുത്തി. സ്‌നേഹിതന്‍ ബഷീറിനും അഡ്മിഷന്‍ കിട്ടിയിരുന്നു. സര്‍വ്വതന്ത്ര സ്വതന്ത്രമായ ലക്ഷണമൊത്ത ഒരു കോളേജ് കാമ്പസില്‍ പഠിക്കണമെന്ന മോഹം പൂവണിഞ്ഞ ആഹ്ലാദത്തോടെയാണ് വീട്ടിലേക്കു മടങ്ങിയത്.

(തുടരും)

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com