സൗഹൃദങ്ങളുടെ നിത്യവസന്തം

സൗഹൃദങ്ങള്‍ മുറിയാതെ കാത്തുസൂക്ഷിക്കാനാണ് എനിക്ക് താല്പര്യം. മന്ത്രിയായ സമയത്തും പരമാവധി അതു തുടര്‍ന്നു
സൗഹൃദങ്ങളുടെ നിത്യവസന്തം

രു ദിവസം ഫുട്ബോള്‍ കളിക്കവെ വീണ് കയ്യിന്റെ എല്ല് പൊട്ടി. കളിയുടെ ആവേശത്തില്‍ ആദ്യം അതറിഞ്ഞില്ല. വൈകുന്നേരമായപ്പോഴേക്ക് കൈപ്പത്തിയുടെ മുകള്‍ ഭാഗം നീരു വന്ന് വേദനയെടുക്കാന്‍ തുടങ്ങി. രാത്രിയായതോടെ വേദന കലശലായി. സുഹൃത്ത് ബഷീര്‍ വാര്‍ഡനോട് പറഞ്ഞ് നേരം വെളുത്തപ്പോള്‍ തന്നെ കാരത്തൂരിലെ ആയുര്‍വ്വേദ ചികിത്സാ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. അവിടുത്തെ പ്രധാന വൈദ്യന്‍ പരിശോധിച്ച് എല്ലിനു പൊട്ടുണ്ടെന്നു സ്ഥിരീകരിച്ചു. തുണിയില്‍ മരുന്നുവെച്ച് കെട്ടി. ഏതാണ്ട് രണ്ട് മാസത്തോളം ആഴ്ചയില്‍ ഒരിക്കല്‍ മരുന്നുവെച്ച് മാറ്റിക്കെട്ടാന്‍ വൈദ്യന്റെയടുത്തേക്ക് പോയി. വെള്ളം കൊണ്ട് അംഗശുദ്ധി വരുത്താന്‍ കഴിയാത്തതിനാല്‍ തല്‍ക്കാലത്തേക്ക് നമസ്‌കാരത്തിനു വിട നല്‍കി. കൈ തുണിക്കയറില്‍ തൂക്കി ക്ലാസ്സില്‍ പോകാന്‍ മടിച്ചില്ല. ക്ലാസ്സില്‍ പോകാതെ റൂമിലിരുന്നാല്‍ ഒരുതരം ശ്വാസംമുട്ട് അനുഭവപ്പെടും. അത്രകണ്ട് വിശേഷങ്ങളും കളിയാക്കലുകളും നിറഞ്ഞതായിരുന്നു ഓരോ ദിവസവും. സഹായത്തിന് ബഷീര്‍ കൂടെ നിന്നു. ഒരു സുഹൃത്തിന്റെ വിലയറിഞ്ഞ നാളുകളാണത്. എന്റെ ഏറ്റവും അടുത്ത ചങ്ങാതിമാരില്‍ ഒരാളായി ബഷീര്‍ മാറി. എന്റെ വസ്ത്രങ്ങള്‍ പോലും അവന്‍ അലക്കിത്തന്നു. ബഷീറിന്റെ വീട് കിഴുപറമ്പിലാണ്. ചേന്ദമംഗല്ലൂരില്‍നിന്ന് കൊടിയത്തൂര്‍ വഴി ഒന്നൊന്നര മണിക്കൂര്‍ നടന്നാല്‍ കിഴുപറമ്പിലെത്താം. പലതവണ ഞങ്ങള്‍ നടന്ന് അവന്റെ വീട്ടില്‍ പോവുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. ബഷീറിന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും എന്നെ വലിയ കാര്യമായിരുന്നു. നാലഞ്ച് പെങ്ങന്‍മാരായിരുന്നു ബഷീറിന്. അതിലൊരാള്‍ക്ക് സംസാരിക്കാന്‍ കഴിയില്ല. കഷ്ടപ്പാടുകള്‍ കൂടപ്പിറപ്പായി ഉണ്ടെങ്കിലും സ്നേഹവും സന്തോഷവുംകൊണ്ട് നിറഞ്ഞ വീടായിരുന്നു അവന്റേത്.  കിഴുപറമ്പിലെ പലരുമായും എനിക്ക് സൗഹൃദമുണ്ടായത് ബഷീറിലൂടെയാണ്. ഗഫൂര്‍, യൂനുസ്, ഹമീദ്, ഷുക്കൂര്‍ അങ്ങനെ പലരും. ബഷീറിന്റെ കയ്യക്ഷരം ആര്‍ക്കും വായിക്കാനാകും. പലപ്പോഴും അവന്റെ ക്ലാസ്സ് നോട്ടുകളാണ് പരീക്ഷാസമയത്ത് എനിക്ക് തുണയാകാറ്. കെ.കെ. അഷ്റഫും റോയല്‍ സലാമും എന്റെ നല്ല സുഹൃദ്വലയത്തില്‍ ഇടം നേടിയവരാണ്. അവരുടെയൊക്കെ വീടുകള്‍ ഇടക്കിടെ സന്ദര്‍ശിക്കാറുണ്ട്. 

സൗഹൃദങ്ങള്‍ മുറിയാതെ കാത്തുസൂക്ഷിക്കാനാണ് എനിക്ക് താല്പര്യം. മന്ത്രിയായ സമയത്തും പരമാവധി അതു തുടര്‍ന്നു. ചേളാരിയിലും തിരൂര്‍ക്കാട്ടും ചേന്ദമംഗല്ലൂരിലും തിരൂരങ്ങാടിയിലും ഹോസ്റ്റലില്‍നിന്നു പഠിച്ചതിനാല്‍ കേരളത്തിലങ്ങോളമിങ്ങോളം  ചങ്ങാതിമാരുണ്ടായത് ജീവിതത്തിലെ വലിയ സമ്പാദ്യമാണെന്നു നിസ്സംശയം പറയാം. സൗഹൃദവും അതിന്റെ കാത്തു സൂക്ഷിപ്പും എനിക്കൊരു 'ക്രേസ്' ആണെന്നു പറഞ്ഞാല്‍ തെറ്റാവില്ല. മുസ്ലിം യൂത്ത് ലീഗില്‍ ഞാനുണ്ടായിരുന്നപ്പോള്‍ പ്രവര്‍ത്തകരുമായി സ്ഥാപിച്ച ചങ്ങാത്തം ഇപ്പോഴും തുടരുന്നു. ഇടക്കൊക്കെ തിരക്കിനിടയില്‍ ബന്ധത്തിന്റെ ഗാഢതയ്ക്കു വിഘ്നം സംഭവിക്കാറുണ്ടെങ്കിലും അധികം വൈകാതെ അത്  സുദൃഢമാക്കാനും ശ്രമിക്കാറുണ്ട്. ചങ്ങാത്തങ്ങള്‍ക്ക് ഒരളവോളം മൊറോട്ടോറിയം നിലവില്‍ വന്ന കാലമാണ് മന്ത്രിയായ അഞ്ചു വര്‍ഷം. അതുണ്ടാക്കിയ വീര്‍പ്പുമുട്ടല്‍ വല്ലാത്ത വിഷമമാണ് നല്‍കിയത്. പിന്നീടു വന്ന മന്ത്രിയല്ലാത്ത ഇടവേള അറ്റുപോയ സൗഹൃദക്കണ്ണികള്‍ വിളക്കിച്ചേര്‍ക്കാന്‍ കുറച്ചൊന്നുമല്ല ഉപകരിച്ചത്. ചങ്ങാതിക്കൂട്ടങ്ങള്‍ക്കിടയില്‍ പാറിപ്പറക്കാനുള്ള ഭാഗ്യസിദ്ധി നല്‍കുന്ന മാനസികോല്ലാസം അനിര്‍വ്വചനീയമാണ്. പഠനത്തില്‍ ആരോഗ്യപരമായ മത്സരം നിശ്ശബ്ദമായി ചേന്ദമംഗല്ലൂരിലും തുടര്‍ന്നു. ചരിത്രവും ധനതത്ത്വശാസ്ത്രവുമായിരുന്നു ഇഷ്ടവിഷയങ്ങള്‍. അറബി എനിക്ക് ദഹിച്ചിരുന്നതേയില്ല. 

വായനാട്ടുകാരന്‍ മൊയ്തു, തങ്ങള്‍, സി.എം. ബഷീര്‍, സാജിത്, എ.കെ. മജീദ്, താഹ, ടി.കെ. ഫാറൂഖ്, ഹബീബ്, വാഹിദ്, കുഞ്ഞബ്ദുള്ള, പൊന്നാനി അക്ബര്‍, കൊടിയത്തൂര്‍ ഉമ്മര്‍, സൈഫു അങ്ങനെ നിരവധി സൂപ്പര്‍ സീനിയര്‍, സീനിയര്‍ വിദ്യാര്‍ത്ഥികളുമായുള്ള അടുപ്പം മറക്കാനാകുന്നതല്ല. 

പിണറായി വിജയനും കെടി ജലീലും
പിണറായി വിജയനും കെടി ജലീലും

അക്കൂട്ടത്തില്‍ ഒളിമങ്ങാത്ത മുഖമാണ് ഹിഫ്സു റഹ്മാന്റേത്. പ്രീഡിഗ്രി കാലം കഴിഞ്ഞ് അറ്റുപോയ സ്നേഹബന്ധം വീണ്ടും പുഷ്‌കലമായത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സന്ദര്‍ശക മുറിയില്‍ വെച്ചാണ്. കെ.കെ. അഷ്റഫാണ് ഹിഫ്സുവിന്റെ 'കഥ' എന്നോടു പറഞ്ഞത്. കേട്ടയുടന്‍ അവനെ കാണണമെന്ന് അത്യന്തം ആഗ്രഹിച്ചു. അങ്ങനെയാണ് ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയി ഞാനവനെ കണ്ടത്. ഇരുമ്പഴികളുടെ അപ്പുറത്തും ഇപ്പുറത്തും നിന്ന് ഞങ്ങള്‍ സംസാരിച്ചു. കൃത്രിമമായ പുഞ്ചിരി മുഖത്ത് ആദ്യം പ്രകടമാക്കിയെങ്കിലും കുറച്ചു കഴിഞ്ഞപ്പോഴേക്ക് ഞങ്ങളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. പോരുന്നതിനു മുന്‍പ് എന്തെങ്കിലും ആവശ്യമുണ്ടോ എന്നന്വേഷിച്ചു. ഒരു കൂട്ട് ഹവായ് ചെരുപ്പ് ആകാമെന്ന് ഒരുപാട് നിര്‍ബ്ബന്ധത്തിനൊടുവില്‍ അവന്‍ പറഞ്ഞു. പുറത്തിറങ്ങി നേരെ ചെരുപ്പു കടയെ ലക്ഷ്യമാക്കി ബസില്‍ കയറി. തൊട്ടടുത്ത അങ്ങാടിയില്‍ ഇറങ്ങി. ചെരുപ്പും കുറച്ചു ബേക്കറി സാധനങ്ങളും വാങ്ങി ജയിലില്‍ തിരിച്ചെത്തി. പുറത്ത് കാവല്‍ നിന്നിരുന്ന പാറാവുകാരനെ ഹിഫ്സുവിന് കൊടുക്കണമെന്ന് പറഞ്ഞ് കയ്യിലെ കവര്‍ ഏല്പിച്ച് നാട്ടിലേക്ക് മടങ്ങി. കുറച്ചു ദിവസം എന്റെ അകം പ്രക്ഷുബ്ധമായിരുന്നു. എങ്ങോട്ട് നോക്കിയാലും ഇരുമ്പു കമ്പികള്‍ നിഴല്‍ വീഴ്ത്തിയ ഹിഫ്സുറഹ്മാന്റെ മുഖമായിരുന്നു. ബസിലിരുന്ന് ആരെയൊക്കെയോ ശപിച്ചു. അന്തിമവിജയം സത്യത്തിനാകുമെന്ന് ഉറച്ചു വിശ്വസിച്ചു. കുറച്ച് വൈകിയെങ്കിലും അതങ്ങനെത്തന്നെ പുലര്‍ന്നു. അഷ്റഫ് കാര്യങ്ങളുടെ കിടപ്പ് ഏകദേശം പറഞ്ഞിരുന്നെങ്കിലും തന്റെ പൂര്‍ണ്ണ നിരപരാധിത്വം ഹിഫ്സുറഹ്മാന്‍ ഹൃദയവേദനയോടെ വെളിപ്പെടുത്തിയത് ആ കൂടിക്കാഴ്ചയിലാണ്. അവന്റെ നാട്ടില്‍ അത്യന്തം ദൗര്‍ഭാഗ്യകരമായ ഒരു രാഷ്ട്രീയ കൊലപാതകം നടന്നു. കോഴിക്കോട്ടുള്ള ഉപ്പാന്റെ ചായപ്പൊടിക്കട പൂട്ടി രാത്രി വീട്ടിലേക്ക് മടങ്ങവേ വഴിയില്‍ വെച്ചാണ് ആളുകള്‍ ചിതറി ഓടുന്നത് അവന്റെ ശ്രദ്ധയില്‍ പെടുന്നത്. അന്വേഷിച്ചപ്പോഴാണ് തൊട്ടുമുന്‍പ് നടന്ന കൊലപാതക വിവരം അറിയുന്നത്. കൃത്യം ചെയ്തവര്‍ ഇരുട്ടില്‍ ഓടിമറഞ്ഞു. ബഹളം കേട്ട് പാഞ്ഞെത്തിയര്‍ ഭയപ്പെട്ടു നില്‍ക്കുന്ന ഹിഫ്സുവിനെയാണ് കണ്ടത്. കൊലപാതകം ചെയ്തവര്‍ക്ക് ഹിഫ്സുവിന്റെ വീടുമായി ഉണ്ടെന്ന് ആരോപിക്കപ്പെട്ട ബന്ധമാണത്രെ അവനു വിനയായത്. 

തെളിഞ്ഞ മനസുകള്‍

പ്രതിപ്പട്ടികയില്‍ ഹിഫ്സു ഉള്‍പ്പെട്ടു. കീഴ്ക്കോടതിയും ഹൈക്കോടതിയും അവനെയടക്കം ശിക്ഷിച്ചു. അങ്ങനെ നീണ്ട കാരാഗൃഹവാസം. ഒരുറുമ്പിനെപ്പോലും കൊല്ലാത്ത ഹിഫ്സുറഹ്മാനെതിരെ സാഹചര്യത്തെളിവുകള്‍ വില്ലനായി. സംഭവം കഴിഞ്ഞയുടന്‍ അവനെ റോഡില്‍ കണ്ടുവെന്ന സാക്ഷിമൊഴി, കേസില്‍ കോടതി സജീവമായി പരിഗണിച്ചു. നിരപരാധിയായ ഹിഫ്സു വര്‍ഷങ്ങള്‍ ജയിലിലായി. ലക്ഷങ്ങള്‍ മുടക്കി സുപ്രീംകോടതിയില്‍ അപ്പീലിനു പോയി. അവസാനം നീതിദേവത കടാക്ഷിച്ചു. പരമോന്നത നീതിപീഠം ഹിഫ്സുറഹ്മാനെ കുറ്റവിമുക്തനാക്കി. അപ്പോഴേക്കും ഒരുപാട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. നഷ്ടപ്പെട്ട സമയമല്ലാത്തതെല്ലാം അവന്‍ തിരിച്ചുപിടിച്ചു. ഒരു ദുഃസ്വപ്നം പോലെ ജയില്‍വാസകാലം കരുതാനാണ് ഹിഫ്സുവിനു താല്പര്യമെന്ന് സ്നേഹിതരില്‍ നിന്നറിഞ്ഞു. പൊതുവെ ആര്‍ക്കും മുഖംകൊടുക്കാന്‍ അവന് ഇഷ്ടമില്ലാത്തതുപോലെ എനിക്കും തോന്നി. കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോഴൊക്കെ പല കാരണങ്ങള്‍ പറഞ്ഞ് അവന്‍ ഒഴിഞ്ഞുമാറി. ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തി എന്ന നിലയില്‍ എന്നെ പ്രയാസപ്പെടുത്തേണ്ടെന്ന് അവനും കരുതിക്കാണും. ഉടനെതന്നെ ഹിഫ്സുവിനെ വിശദമായി കാണണമെന്നുണ്ട്. വീട്ടില്‍ ചെന്ന് ഒരു കോഴിക്കോടന്‍ ബിരിയാണിയൊക്കെ കഴിച്ച് ഉള്ളു തുറന്നൊന്ന് സംസാരിക്കണം. ജയിലനുഭവങ്ങള്‍ കേള്‍ക്കണം.  

സൈതലവി മാഷ്
സൈതലവി മാഷ്

പ്രീഡിഗ്രി ക്ലാസ്സിലെ സൗമ്യനും ശാന്തശീലനുമായിരുന്ന ഭൂപതി ഷാക്കിര്‍ വിദേശത്തുവെച്ച് ഒരു അപകടത്തില്‍പ്പെട്ട് മരിച്ചതറിഞ്ഞ് വല്ലാത്ത മനക്ലേശമുണ്ടായി. ക്ലാസ്സില്‍ കര്‍മ്മശാസ്ത്രം പഠിപ്പിച്ചിരുന്ന ഇ.എന്‍. അബ്ദുള്ള മൗലവിയോട് ഉടക്കിയത് എവിടെയോ ഒരു നൊമ്പരമായി തങ്ങിക്കിടപ്പുണ്ട്. അദ്ദേഹം ക്ലാസ്സെടുക്കുന്നതിനിടെ പതിഞ്ഞ സ്വരത്തില്‍ എന്തോ ഒരു കമന്റ് ഞാന്‍ പറഞ്ഞു. അതുകേട്ട് തൊട്ടടുത്തിരുന്ന ബഷീര്‍ ചിരിച്ചു. ഇതു കണ്ട ഇ.എന്‍. ഞാനാണ് ചിരിച്ചതെന്നു തെറ്റിദ്ധരിച്ച് എന്നെ എഴുന്നേറ്റ് നിര്‍ത്തിച്ചു. ഞാനല്ല ചിരിച്ചതെന്ന് ആവുന്നതു പറഞ്ഞു. എങ്കില്‍ ആരെന്നു ചോദിച്ച് എന്റെ കൈത്തണ്ടയില്‍ അദ്ദേഹം നുള്ളി. ഞാനാരുടേയും പേര് പറഞ്ഞില്ല. ആര് നുളളിയാലും പെട്ടെന്ന് അതെന്റെ മട്ടും ഭാവവും മാറ്റും. പിച്ചല്‍ സഹിക്കില്ല. ഇ.എന്നിന്റെ ശിക്ഷ വല്ലാതെ എന്നെ രോഷാകുലനാക്കി. ഞാന്‍ ഉസ്താദിന്റെ കൈ ബലമായി തട്ടി. നുള്ളരുത്, അടിച്ചോളൂ എന്ന് അല്പം ദേഷ്യത്തില്‍ പറയുകയും ചെയ്തു. ക്ലാസ്സില്‍നിന്ന് എന്നെ പുറത്താക്കി. ഒട്ടും കൂസാതെ പുസ്തകങ്ങളെടുത്ത് പുറത്തുപോയി. പോകുന്ന പോക്കിന് ക്ലാസ്സ്‌റൂമിന്റെ ജനല്‍പൊളി ശക്തിയായി അടച്ച് എന്റെ ഈര്‍ഷ്യ ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചു. ഉപ്പയെ കൊണ്ടുവന്ന് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന് എന്നോടു പറയാന്‍ ഉസ്താദ് ബഷീറിനെ പറഞ്ഞേല്പിച്ചു. ഇതറിഞ്ഞ ഞാന്‍ നേരെ വല്ലിമ്മാന്റെ അടുത്തേക്കാണ് പോയത്. ഉപ്പാനോട് കാര്യങ്ങള്‍ പറഞ്ഞാല്‍ ചെവി പിടിച്ച് തിരുമ്മലിന്റെ പൊടിപൂരമാകും. പന്തം പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തിപ്പട എന്നു പറഞ്ഞപോലെ. അതു പേടിച്ചാണ് തിരൂരിലേക്ക് വെച്ചു പിടിച്ചത്. നടന്നതെല്ലാം വല്ലിമ്മാനോട് പറഞ്ഞു. കൈത്തണ്ടയിലെ ചുവന്നു വീങ്ങിയ അടയാളവും കാണിച്ചുകൊടുത്തു. മാതൃ മാതാവിന്റെ ഹൃദയം അലിഞ്ഞു. ചുടുവെള്ളത്തില്‍ തുണിശീല മുക്കിപ്പിഴിഞ്ഞ് കുറേസമയം തടവിത്തന്നു. തടവുന്നതിനിടയില്‍ ഉസ്താദിനെ വല്ലിമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്റെ ഉമ്മാന്റെ അനുജ സഹോദരി സുലൈഖയുടെ ഭര്‍ത്താവ് ഹൈസ്‌കൂള്‍ അറബി അദ്ധ്യാപകനാണ്. പേര് സൈതലവി മാഷ്. തൊട്ടടുത്ത ദിവസം ഇടയ്ക്കിടെയുള്ള പതിവുസന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം വല്ലിമ്മാനെ കാണാന്‍ വന്നു. മടിച്ചുമടിച്ച് ഞാന്‍ വിഷയം അവതരിപ്പിച്ചു. എന്റെ കൂടെ കോളേജ് വരെ വരണമെന്ന് അഭ്യര്‍ത്ഥിച്ചു. വല്ലിമ്മയും എന്റെ ഭാഗം ചേര്‍ന്നു. അങ്ങനെ എളാപ്പയുടെ കൂടെ ചേന്ദമംഗല്ലൂരിലേക്കു പോയി. 

നാസർ ചേന്ദമം​ഗലൂർ
നാസർ ചേന്ദമം​ഗലൂർ

അദ്ദേഹത്തിനു മക്കളില്ലാത്തതിനാല്‍ എന്നോട് വലിയ വാത്സല്യമായിരുന്നു. രക്ഷിതാവിനെ കൂട്ടി കോളേജിലെത്തിയതോടെ മഞ്ഞുരുകി. ദേഷ്യപ്രകടനത്തിന്റെ പേരില്‍ തല്‍ക്കാലത്തേക്ക് ക്ലാസ്സില്‍നിന്നു മാറ്റിനിര്‍ത്തിയ എന്നെ തിരികെ പ്രവേശിപ്പിച്ചു. ക്ലാസ്സില്‍ ചിരിച്ചത് ഞാനല്ലെന്ന് അധികാരികള്‍ മുമ്പാകെ ആവര്‍ത്തിച്ചു. എന്റെ പെരുമാറ്റത്തില്‍ പ്രയാസം തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പ് തരണമെന്നും പ്രിന്‍സിപ്പലിന്റെ മുന്‍പില്‍വെച്ച് ഇ.എന്‍. അബ്ദുല്ല മൗലവിയോട് അഭ്യര്‍ത്ഥിച്ചു. ഇതുകേട്ട ഉസ്താദ് എന്നെ ചേര്‍ത്തുപിടിച്ച് തലയില്‍ തടവി സമാശ്വസിപ്പിച്ചു. മതവിഷയങ്ങളില്‍ നല്ല ഗ്രാഹ്യതയുള്ള ഗുരുനാഥനാണ് ഇ.എന്‍. ചേന്ദമംഗല്ലൂരില്‍നിന്ന് പോരുന്നതുവരെയും അതിനുശേഷവും അദ്ദേഹം സ്നേഹത്തോടെ മാത്രമാണ് പെരുമാറിയത്. മുന്‍പ് നടന്നതിന്റെ ലാഞ്ഛനയൊന്നും പ്രകടിപ്പിച്ചില്ല. സൈതലവി മാഷ് ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഹൃദയസംബന്ധമായ രോഗത്തെത്തുടര്‍ന്ന് സര്‍വ്വീസില്‍നിന്ന് വിരമിച്ച് അധികം വൈകാതെ മരണപ്പെട്ടു. പാവം സുലൈഖ എളീമ ഒറ്റക്കായി. എന്നെയും പെങ്ങന്മാരേയും ചെറുപ്പത്തില്‍ നന്നായി നോക്കിയത് എളീമയാണ്. ജീവിതത്തില്‍ അതിനു മുന്‍പോ ശേഷമോ ഒരദ്ധ്യാപകനോടും കയര്‍ത്തതായി ഓര്‍മ്മയില്ല. ആ സംഭവത്തില്‍ ഇന്നും എനിക്ക് ഖേദമുണ്ട്.

ഈജിപ്തില്‍ നിന്നുള്ള അറബി അക്കാലത്ത് ഇസ്ലാഹിയാ കോളേജില്‍ പഠിപ്പിക്കാന്‍ വന്നു. മുഹമ്മദ് മുസ്തഫ അല്‍ അഷ്മാവി. അറബിയും ഇംഗ്ലീഷും മാത്രമേ അദ്ദേഹത്തിന് അറിയുമായിരുന്നുള്ളൂ. ഈജിപ്തുകാരനോട് ആശയവിനിമയം നടത്താന്‍ അറബി അറിയാതെ പലരും ബുദ്ധിമുട്ടിയത് രസകരമായ കഥകളായി തലമുറകള്‍ കൈമാറി ഇപ്പോഴും ചേന്ദമംഗല്ലൂരില്‍ പറഞ്ഞുപോരുന്നു. കോളേജിലെ അറ്റന്‍ഡറായിരുന്ന നാസര്‍ രസികനും എല്ലാവര്‍ക്കും പ്രിയപ്പെട്ടവനുമാണ്. ഞാന്‍ പ്രീഡിഗ്രിക്കു ചേര്‍ന്ന വര്‍ഷം 1982-ല്‍  ചേന്ദമംഗല്ലൂരിനടുത്ത തെയ്യത്തുംകടവില്‍ ഒരു തോണി അപകടത്തില്‍പ്പെട്ടു. പുഴ നിറഞ്ഞു നില്‍ക്കെ യാത്രക്കാരേയും കൊണ്ട് അക്കരയ്ക്ക് പോകുന്ന തോണിയാണ് പുഴയുടെ നടുക്കുവെച്ച് മറിഞ്ഞത്. വിവരമറിഞ്ഞ നാട്ടുകാര്‍ നിലവിളിച്ച് കടവിലേക്ക് ഓടുന്നതു കണ്ട മുസ്തഫ അഷ്മാവി ധൃതിയില്‍ പോവുകയായിരുന്ന നാസറിനെ പിടിച്ചുനിര്‍ത്തി എന്താണ് സംഭവിച്ചത് എന്ന അര്‍ത്ഥത്തില്‍ ''മാ ഹാദാ, യാ അബ്ദുല്‍ നാസര്‍?'' എന്നു ചോദിച്ചു. തന്റെ ഉമ്മയും പെങ്ങളും മറിഞ്ഞ തോണിയില്‍ അകപ്പെട്ടോ എന്നറിയാന്‍ ബേജാറായി ഓടുകയായിരുന്നു നാസര്‍. കണ്ടം മുണ്ടം അറബിയും ഇംഗ്ലീഷുമേ അവനറിയൂ. പോരാത്തതിനു ഭയം നിറഞ്ഞ ആശങ്കയും. അറബിയോട് എന്ത് പറയണമെന്നറിയാതെ നാസര്‍ കുഴങ്ങി. മറിഞ്ഞു എന്നതിന് അവന് വാക്ക് കിട്ടിയില്ല. കൈ കൊണ്ട് ആംഗ്യം കാണിച്ച് നാസര്‍ ഉറക്കെപ്പറഞ്ഞു: ''ബോട്ട് ഫോര്‍ ബ്ലൂം.'' വെള്ളത്തില്‍ കല്ലോ മറ്റോ വീണാല്‍ ഉണ്ടാകുന്ന ശബ്ദം എന്ന നിലയിലാണ് 'ബ്ലൂം' എന്ന് പ്രയോഗിച്ചത്. ലോകത്ത് എവിടെ വെള്ളത്തില്‍ ഭാരമുള്ള സാധനം ഇട്ടാലും ഉണ്ടാകുന്ന ശബ്ദത്തിന് മാറ്റമില്ലെന്ന ധാരണയിലാവണം അവനങ്ങനെ പറഞ്ഞത്. പാവം മുസ്തഫ അഷ്മാവിക്കുണ്ടോ അതറിയുന്നു! കുറേ സമയം കഴിഞ്ഞ് അഹമ്മദ് ഉസ്താദ് വന്നപ്പോഴാണ് നാസര്‍ പറഞ്ഞ 'ബ്ലൂം'ന്റെ അര്‍ത്ഥം അദ്ദേഹത്തിനു മനസ്സിലായത്.   

ഇതേ അറബി ഒരിക്കല്‍ ക്ലാസ്സ് എടുത്തുകൊണ്ടിരിക്കവെ കുട്ടികളിലാരോ ശബ്ദമുണ്ടാക്കി. മുന്‍ബെഞ്ചിലിരുന്ന സാജിതാണ് ഒച്ചവെച്ചതെന്നു കരുതി അല്‍ അഷ്മാവി അദ്ദേഹത്തെ എഴുന്നേറ്റ് നിര്‍ത്തിച്ചു. താനല്ല ശബ്ദമുണ്ടാക്കിയതെന്ന് അറബിയില്‍ പറയാന്‍ സാജിത് കുറേ ആലോചിച്ചു. പഠിച്ച അറബി വാക്കുകള്‍ കൂട്ടിവെച്ച് സര്‍വ്വശക്തിയും സംഭരിച്ചു വിനയത്തോടെ അവന്‍ പറഞ്ഞുവത്രെ: ''ലാ തര്‍ഫഹ് സവ്തക്ക.'' ഞാന്‍ ശബ്ദമുണ്ടാക്കിയിട്ടില്ല എന്ന അര്‍ത്ഥത്തിലാണ് അവനതു പറഞ്ഞൊപ്പിച്ചത്. അറബിയോട് അറബിയില്‍ സംസാരിച്ച ഗമയും അവന്റെ മുഖത്ത് പ്രതിഫലിച്ചു. ഇതുകേട്ട ഈജിപ്തുകാരന്‍ അദ്ധ്യാപകന്‍ കോപാകുലനായി. സാജിതിനെ ക്ലാസ്സില്‍നിന്ന് ഇറക്കിവിട്ടു. പ്രശ്നം പ്രിന്‍സിപ്പലിന്റെ മുന്നിലെത്തി. ഞങ്ങളുടെ സൂപ്പര്‍ സീനിയറായിരുന്ന സാജിത് മര്യാദക്കാരനാണ്. അച്ചടക്കമുള്ള അവനില്‍നിന്ന് അദ്ധ്യാപകനിന്ദ എന്ന അവിവേകം ഉണ്ടായതില്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു. അവസാനം വിചാരണ തുടങ്ങി. മറുനാട്ടുകാരനായ ഒരദ്ധ്യാപകനോട്  അനുസരണക്കേട് കാണിച്ചത് എന്തിനാണെന്ന് പ്രിന്‍സിപ്പല്‍ സാജിതിനോട് ആരാഞ്ഞു. അവന്‍ നടന്നതെല്ലാം പറഞ്ഞു. ഞാനല്ല ശബ്ദമുണ്ടാക്കിയത് എന്ന് എനിക്കറിയാവുന്ന അറബിയില്‍ ഭവ്യതയോടെയാണ് പറഞ്ഞതെന്ന് സാജിത് പ്രിന്‍സിപ്പലിനെ ബോധിപ്പിച്ചു. അറബിയില്‍ എന്താണ് പറഞ്ഞതെന്നായി പ്രിന്‍സിപ്പല്‍. സാജിത് താന്‍ പറഞ്ഞ വാചകം അതേപടി ആവര്‍ത്തിച്ചു: ''ലാ തര്‍ഫഹ് സൗതക്ക.'' ഇതു കേട്ട പ്രിന്‍സിപ്പല്‍ പൊട്ടിച്ചിരിച്ചു. സാജിതിനു കാര്യം മനസ്സിലായില്ല. അവനപ്പോഴും നിഷ്‌കളങ്ക ഭാവത്തോടെ പ്രിന്‍സിപ്പലിനെ നോക്കിനിന്നു. ഞാന്‍ ശബ്ദമുണ്ടാക്കിയിട്ടില്ല എന്ന അര്‍ത്ഥം വരുമാറ് താന്‍ പറഞ്ഞ വാക്കുകള്‍ തെറ്റാണെന്ന് ഞെട്ടലോടെ അവനറിഞ്ഞു. സാജിത് അദ്ധ്യാപകനോട് പറഞ്ഞ വാക്കിന്റെ അര്‍ത്ഥം ''നീ ശബ്ദമുണ്ടാക്കരുത്'' എന്നാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞപ്പോള്‍ അവന്‍ ശരിക്കും ഐസായി. തനിക്കു പറ്റിയ അബദ്ധം സ്വയം തിരുത്തി കൂടുതല്‍ അബദ്ധത്തില്‍ ചാടാതെ നോക്കാന്‍ അവന്‍ പ്രിന്‍സിപ്പലിന്റെ സഹായം തേടി. പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ അല്‍ അഷ്മാവിയെ വിളിച്ച് കാര്യങ്ങളെല്ലാം വിശദീകരിച്ചു. എല്ലാം കേട്ടപ്പോള്‍ ഈജിപ്തുകാരന്‍ അദ്ധ്യാപകന്‍ കുലുങ്ങിക്കുലുങ്ങി ചിരിച്ചു. സാജിതിന് അദ്ദേഹം ഹസ്തദാനം നല്‍കി ക്ലാസ്സിലേക്ക് പറഞ്ഞയച്ചു. 

യു.പിയില്‍നിന്ന് ഒരു ഉര്‍ദു അദ്ധ്യാപകനും അതേ കാലയളവില്‍ ഇസ്ലാഹിയാ കോളേജില്‍ ഉണ്ടായിരുന്നു. സിയാഉള്ളാ ഖാന്‍. അദ്ദേഹത്തിനും മലയാളം തീരെ അറിയില്ല. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളേയും  ഉര്‍ദു പഠിപ്പിച്ചിരുന്നത് അദ്ദേഹമാണ്. ഒരു ദിവസം ഉച്ചയ്ക്കു മുന്‍പ് രണ്ട് അദ്ധ്യാപകര്‍ ലീവാണ്. ഉര്‍ദു ഉച്ചയ്ക്കു ശേഷം അവസാന പിരീഡാണ്. അത് നേരത്തെയാക്കി രാവിലെ എടുക്കാന്‍ അദ്ദേഹത്തോട് പറയാന്‍ ക്ലാസ്സ് ലീഡറെ ചുമതലപ്പെടുത്തി. ഇംഗ്ലീഷില്‍ പറയണമെന്നുള്ളതുകൊണ്ട് എല്ലാവരും പിന്‍വാങ്ങി ലീഡറുടെ തലയിലിട്ടു എന്നു പറയുന്നതാകും ശരി. അവന്‍ പോയി അവനറിയാവുന്ന ഇംഗ്ലീഷില്‍ പറഞ്ഞു: ''ദിസ് പിരിയഡ് ഈസ് ഹോളിഡേ.'' സ്റ്റാഫ് റൂമിലുണ്ടായിരുന്ന മറ്റാരോ ഇതു കേട്ടിരുന്നു. അങ്ങനെയാണ് കള്ളി പുറത്തായത്. നല്ലോണം തമാശകള്‍ പറയുമായിരുന്ന ഉസ്താദാണ് യു.കെ. മൗലവി. ക്ലാസ്സില്‍ തീരെ പഠിക്കാത്ത ഒരു സുഹൃത്ത് പതിവുപോലെ അന്നും ക്ലാസ്സില്‍ വന്നത് ലങ്കുന്ന കുപ്പായമിട്ടാണ്. യു.കെ. ക്ലാസ്സിലെത്തി രണ്ട് മിനിറ്റ് കഴിഞ്ഞാണ് അവന്‍ എത്തിയത്. കയറാന്‍ സമ്മതം ചോദിച്ചു. യു.കെ. മൗലവി അവനെ അടിമുതല്‍ മുടിവരെ ഒന്നു നോക്കി. എന്നിട്ടൊന്ന് ചിരിച്ചു. മുഴുവന്‍ കുട്ടികളും അവന്റെ പളപളാ മിന്നുന്ന കുപ്പായവും പാന്റും അസൂയയോടെ നോക്കി. എല്ലാവരുടെയും മനസ്സില്‍ പ്രത്യക്ഷപ്പെട്ട കൊതിയൂറല്‍ കണ്ടാകണം യു.കെ. ആത്മഗതം പോലെ പറഞ്ഞു: ''തണ്ടാസിന്റെ പുറത്ത് എത്ര പെയിന്റടിച്ചിട്ടെന്താ കാര്യം?'' ഫലിതം മനസ്സിലായ ചിലര്‍ അപ്പോള്‍ തന്നെ ഉറക്കെ ചിരിച്ചു. കേട്ടറിഞ്ഞ് ഫലിതം മനസ്സിലായവര്‍ ആ പിരിയഡ് കഴിഞ്ഞ ഇടവേളയില്‍ ഉറക്കെ ചിരിച്ചു. ഒരു ദിവസം ഇസ്മായില്‍ ഉസ്താദ് ക്ലാസ്സെടുക്കുമ്പോഴാണ് പുതിയ ടൈം ടേബിള്‍ വന്നത്. ഓരോ പിരിയഡിലും എടുക്കുന്ന വിഷയവും അദ്ധ്യാപകന്റെ ചുരുക്കപ്പേരും അദ്ദേഹം വായിച്ചു. ഞങ്ങളത് ശ്രദ്ധയോടെ കുറിച്ചെടുത്തു. ചില വിഷയം പറഞ്ഞയുടന്‍ ഉറക്കെ അദ്ദേഹം പറയും; മിസ്റ്റര്‍ ഐ. ആരാണ് ഈ മിസ്റ്റര്‍ ഐ എന്ന് ഏറെ പേര്‍ക്കും നല്ല നിശ്ചയമുണ്ടായിരുന്നില്ല. കൂട്ടത്തില്‍ ആരോ ചോദിച്ചു: പുതിയ ടീച്ചറാണോ മിസ്റ്റര്‍ ഐ. ഇതുകേട്ട ഇസ്മായില്‍ ഉസ്താദ് ചിരിവിടാതെ പറഞ്ഞു. ''ഞാന്‍ തന്നെ.'' എല്ലാവരും ആര്‍ത്തു ചിരിച്ചു.

സിഎച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. ​ഗവർണർ ജ്യോതി വെങ്കിടാചലം സമീപം
സിഎച്ച് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു. ​ഗവർണർ ജ്യോതി വെങ്കിടാചലം സമീപം

സി.എച്ച് എന്ന നേതാവ്

ചെറുപ്പത്തിലേ സി.എച്ച്. മുഹമ്മദ് കോയാ സാഹിബിനെ വലിയ ഇഷ്ടമാണ്. ഞാന്‍ കുട്ടിയായിരുന്ന കാലത്ത് ഒരിക്കല്‍ വളാഞ്ചേരിയില്‍ ലീഗിന്റെ ഒരു സമ്മേളനം നടക്കുന്നു. നിനച്ചിരിക്കാതെ ഒരു കാര്‍ ലീഗ് സമ്മേളനവേദിയിലേക്ക് പതുക്കെ വരുന്നതു കണ്ടു. ആളുകള്‍ ആവേശഭരിതരായി ഇരുഭാഗത്തും നിന്ന് വാഹനത്തിന് വരാന്‍ വഴിയൊരുക്കുന്നു. മറ്റു ചിലര്‍ സി.എച്ചിന് സിന്ദാബാദും വിളിക്കുന്നുണ്ട്. രണ്ടുപേര്‍ കാറില്‍ നിന്നിറങ്ങി സ്റ്റേജിലേക്ക് കയറി. ഉയരം കുറഞ്ഞ് തൊപ്പിയിട്ടയാള്‍ സി.എച്ചാണെന്നു മനസ്സിലായി. പൊക്കമുള്ള തൊപ്പിയിട്ടയാള്‍ സീതി ഹാജിയാണെന്ന് അടുത്തുള്ളവര്‍ പറഞ്ഞറിഞ്ഞു. അവരെ കണ്ടപാടെ ജനം ആര്‍ത്തിരമ്പി. കൊരമ്പയില്‍ അഹമ്മദാജിയുടെ തെരഞ്ഞെടുപ്പ് പ്രചരണമാണെന്നാണ് ഓര്‍മ്മ. സി.എച്ച് പ്രസംഗം തുടങ്ങിയത് അവ്യക്തമായി ഓര്‍ക്കുന്നു: ''സുദീര്‍ഘമായി പ്രസംഗിക്കുന്ന കൊരമ്പയില്‍ അഹമ്മദാജിയും ദീര്‍ഘമായി മാത്രം പ്രസംഗിക്കാറുള്ള സീതി ഹാജിയും വേദിയിലുള്ളപ്പോള്‍ നീണ്ട ഒരു പ്രസംഗത്തിന് ഞാന്‍ മുതിരുന്നില്ല.'' പിന്നെ വാക്കുകളുടെ കുത്തിയൊഴുക്കായിരുന്നു. 

തുടര്‍ന്നു സംസാരിച്ചത് സീതി ഹാജിയാണ്. കോവളത്ത് കടലിനടുത്തുള്ള മുസ്ലിം പള്ളി പൊളിക്കാന്‍ കരുണാകരന്‍ പറഞ്ഞത്രെ. മിനാരമുള്ളതിനാല്‍ യുദ്ധവേളയില്‍ ശത്രു സൈന്യം അത് ബോംബിട്ട് തകര്‍ക്കുമെന്ന കാരണവും അദ്ദേഹം നിരത്തി. അങ്ങനെ തകര്‍ത്താല്‍ നിങ്ങള്‍ക്ക് ചേതമൊന്നുമില്ലെന്ന് കരുണാകരന്റെ മുഖത്തുനോക്കി സി.എച്ച് പറഞ്ഞെന്നും മറ്റുമൊക്കെ സീതി ഹാജി സരസമായി തട്ടിവിട്ടു. ആദ്യമായി സി.എച്ചിനേയും സീതി ഹാജിയേയും ഞാന്‍ കാണുന്നത് അന്നാണ്. പിന്നെ സി.എച്ചിനെ കണ്ടത് വളാഞ്ചേരി ടൗണ്‍ ജുമാ മസ്ജിദില്‍ വെച്ചാണ്. ഒരു വെള്ളിയാഴ്ച. ജുമുഅ നമസ്‌കാരത്തിന് വഴിമദ്ധ്യേ കയറിയതാണ്. നമസ്‌കാരം കഴിഞ്ഞപ്പോള്‍ പാലാറ ഹംസ ഹാജിയും വെല്‍ഡന്‍ കുഞ്ഞിമുഹമ്മദ് ഹാജിയും സി.എച്ചിന്റെ അടുത്തുചെന്ന് കൈപിടിച്ച് കാറിനടുത്തേക്ക് ആനയിച്ചതും യാത്രയാക്കിയതും ഓര്‍ക്കുന്നു. മൂന്നാമത്തെ കാഴ്ച വളാഞ്ചേരി പഴയ ചന്തയുടെ മുന്നില്‍ കോഴിക്കോട് റോഡില്‍ വെച്ചാണ്. ബനാത്ത് വാലയുടെ തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ആര്യാടന്‍ മുഹമ്മദാണ് എതിര്‍ സ്ഥാനാര്‍ത്ഥി. യു കോണ്‍ഗ്രസ് അന്ന് ഇടതുപക്ഷത്താണ്. ''മുസ്ലിയാര്‍ക്ക് കിട്ടിയ ചട്ടി പോലെയാണ് ആര്യാടന് ലഭിച്ച പൊന്നാനി സീറ്റെന്ന്'' സി.എച്ച്. കളിയാക്കിയത് ഇപ്പോഴും മറന്നിട്ടില്ല. വല്ലിമ്മാക്ക് മൂത്രമൊഴിക്കാനും മുസ്ലിയാര്‍ക്ക് ചോറ് വിളമ്പാനും ഒറ്റച്ചട്ടിയാണെന്ന് നിഷ്‌കളങ്കമായി പറഞ്ഞ ഒരു കുട്ടിയുടെ കഥ പറഞ്ഞായിരുന്നു സി.എച്ചിന്റെ പരിഹാസം. ജനങ്ങളെ കുത്തിയിളക്കിയാണ് അദ്ദേഹം പ്രസംഗിച്ചത്. പിന്നെ സി.എച്ചിനെ കണ്ടത് ചേന്ദമംഗല്ലൂരില്‍ പഠിക്കുന്ന സമയത്താണ്. 

ചേന്ദമംഗല്ലൂരിലെ ആദ്യ രണ്ട് വര്‍ഷവും സജീവ എം.എസ്.എഫുകാരനായിത്തന്നെ ഞാന്‍ നിലകൊണ്ടു. ഹൈസ്‌കൂളിലെ എം.എസ്.എഫ് കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത് ഞാനടക്കമുള്ളവരാണ്. അതിലൊരു നീരസം കോളേജ് അധികൃതര്‍ക്ക് എന്നോട് ഉണ്ടായിരുന്നു. ആയിടയ്ക്കാണ് സി.എച്ച്. അരീക്കോട് സുല്ലമുസ്സലാം അറബിക് കോളേജിന്റെ വാര്‍ഷികത്തിനു വരുന്നുണ്ടെന്ന് ചന്ദ്രിക പത്രത്തിലൂടെ അറിയുന്നത്. വാര്‍ഡനോട് നാട്ടിലേക്കാണെന്നും പറഞ്ഞ് നേരെ അരീക്കോട്ടേക്ക് വിട്ടു. ഞാന്‍ സദസ്സില്‍ എത്തുമ്പോള്‍ സി.എച്ച്. പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം തീരെ അവശനായിട്ടാണ് കാണപ്പെട്ടത്. സദസ്സിലേക്ക് പ്രവേശിക്കുമ്പോള്‍ അദ്ദേഹം സ്ഫുടമായി നല്ല ശബ്ദത്തില്‍ ഖുര്‍ആനില്‍നിന്നുള്ള ഒരു സൂക്തത്തിന്റെ അവസാന വാചകത്തില്‍ എത്തിയിരുന്നു. 'ജബ്ബാറുല്‍ മുതകബ്ബിര്‍' എന്നു പറഞ്ഞ് പ്രസംഗം നിര്‍ത്തുന്നതാണ് ഞാന്‍ കേട്ടത്. ലീഗുകള്‍ ലയിക്കണമെന്ന മോഹം സമുദായ സ്നേഹികള്‍ക്കിടയില്‍ മൊട്ടിട്ട കാലമായതിനാല്‍ ഇരു ലീഗുകളുടേയും (ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റേയും അഖിലേന്ത്യാ മുസ്ലിം ലീഗിന്റേയും) തലപ്പത്തുള്ള രണ്ട് സമുന്നത നേതാക്കള്‍ സി.എച്ചും എം.കെ. ഹാജിയും ഒരുമിച്ച് പങ്കെടുക്കുന്ന യോഗമായതിനാല്‍ നല്ല ജനക്കൂട്ടം അവിടെ സമ്മേളിച്ചിരുന്നു. തന്റെ പ്രസംഗം കഴിഞ്ഞ് സി.എച്ച്. ഇരിപ്പിടത്തിലേക്ക് പോകവെ എം.കെ. ഹാജിയെ കെട്ടിപ്പിടിച്ച് ഗാഢമായി ആലിംഗനം ചെയ്തത് സദസ്യരെ ആവേശം കൊള്ളിച്ചതായി ജനങ്ങളുടെ പ്രതികരണത്തില്‍ നിന്നു മനസ്സിലായി. സി.എച്ചിനെ കാണുകയും കേള്‍ക്കുകയും ചെയ്ത സംതൃപ്തിയോടെ രാത്രി അരീക്കോടിനടുത്തുള്ള കിഴുപറമ്പിലെ ബഷീറിന്റെ വീട്ടിലേക്കാണ് പോയത്. 

ഒന്നാം വര്‍ഷ പ്രീഡിഗ്രിക്കു പഠിക്കവെയാണ് നടുക്കുന്ന ആ ദുഃഖവാര്‍ത്ത കേരളത്തെയാകെ കണ്ണീരണിയിച്ചത്. ഉപമുഖ്യമന്ത്രിയായിരുന്ന സി.എച്ച്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഹൈദരബാദില്‍ പോയതാണ്. തലച്ചോറിലേക്ക് രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് അവിടെവെച്ച് അദ്ദേഹം മരണപ്പെട്ടു. മൃതദേഹം നേരെ തിരുവനന്തപുരത്തേക്കാണ് കൊണ്ടുപോയത്. ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചു. മണിക്കൂറുകള്‍ സി.എച്ചിനെ ഒന്നു കണ്ട് അന്ത്യോപചാരമര്‍പ്പിക്കാന്‍ ആളുകളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ശേഷം കോഴിക്കോട് ടൗണ്‍ഹാളിനെ ലക്ഷ്യമാക്കി സി.എച്ചിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള ഹെലികോപ്റ്റര്‍ പറന്നു. സ്വന്തം വീട്ടില്‍ ആരോ മരിച്ചതുപോലെയാണ് സി.എച്ചിന്റെ വിയോഗം എന്നിലുണ്ടാക്കിയ വികാരം. കക്ഷിരാഷ്ട്രീയം മറന്ന് കേരളം തേങ്ങി. സി.എച്ചിനെ ഒരു നോക്കു കാണാന്‍ പതിനായിരത്തില്‍ ഒരുവനായി കോഴിക്കോട് ടൗണ്‍ ഹാളിന്റെ മുന്നിലെ നീണ്ട ക്യൂവില്‍ പതിനാറുകാരനായ ഞാനും ഇടം പിടിച്ചു. ആ ദിവസം ആകാശവും കണ്ണീര്‍ പൊഴിച്ചു. മഴത്തുള്ളികളായി അത് ഭൂമിയിലേക്ക് നിപതിച്ചു. കുടയില്ലാത്തതിനാല്‍ മഴ മുഴുവന്‍ ശരീരം കൊണ്ട് തടുത്തു. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവില്‍ തിക്കിയും തിരക്കിയും ഒരുവിധം ഹാളിനുള്ളില്‍ കയറിക്കൂടി. ചേതനയറ്റ് കിടന്ന സി.എച്ചിന്റെ തുടുത്ത മുഖം അവസാനമായി കണ്ടു. മയ്യിത്ത് പള്ളിയിലേക്ക് എടുക്കുന്നതുവരെ പുറത്ത് വീണ്ടും അനന്തമായി കാത്തുനിന്നു. അവസാനമായി തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ഒരു നോക്കു കാണാന്‍ അണിനിരന്ന ആയിരങ്ങള്‍ക്ക് നിരാശയോടെ നടക്കാവിലെ പള്ളിയെ ലക്ഷ്യമാക്കിയുള്ള വിലാപയാത്രയില്‍ അണിചേര്‍ന്ന് തൃപ്തിപ്പെടേണ്ടിവന്നു. അന്നു വൈകുന്നേരം മാനാഞ്ചിറ മൈതാനിയില്‍ അനുസ്മരണ സമ്മേളനമുണ്ടാകുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. അതില്‍ പങ്കുകൊള്ളാന്‍ പള്ളിപ്പരിസരത്തുനിന്ന് മാനാഞ്ചിറ മൈതാനത്തേക്ക് കുതിച്ചു. ആരും എനിക്ക് കൂട്ടുണ്ടായിരുന്നില്ല. ദുഃഖത്തില്‍ ഏകനാകുന്നതാകും നല്ലതെന്ന് ആ ദിവസം എന്നെ ബോദ്ധ്യപ്പെടുത്തി. 

വാര്‍ഡന്‍ വി.പി. ഉസ്താദ് സി.എച്ചിന്റെ ജനാസ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ എതിര്‍ത്തൊന്നും പറയാതെ സമ്മതം മൂളി. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ സി.എച്ചിനോടുള്ള തന്റെ അടുപ്പം മുഴുവന്‍ തുറന്നുപറഞ്ഞാണ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തത്. ഇടക്കൊക്കെ അദ്ദേഹത്തിന്റെ വാക്കുകള്‍ മുറിഞ്ഞു. ശബ്ദം ഇടറി. തനിക്ക് സ്വന്തം സഹോദരനെയാണ് നഷ്ടപ്പെട്ടതെന്ന് കരുണാകരന്‍ പറഞ്ഞപ്പോള്‍ അത് മനസ്സില്‍ തട്ടിയാണെന്നു വാക്കുകളില്‍ പ്രതിഫലിച്ചു. കൂടി നിന്നവരില്‍ പലരും കണ്ണീര്‍ തുടച്ചു. ഞാനും. കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന എം. കമലവും അന്ന് ഉള്ളില്‍ തട്ടി സംസാരിച്ചു. ചേന്ദമംഗല്ലൂരിലേക്കുള്ള അവസാന ബസിനു കയറിപ്പറ്റി രാത്രി പത്തരയോടെ ഹോസ്റ്റലിലെത്തി. ജീവിച്ചിരുന്ന കാലത്ത് ഏറ്റവുമധികം ജനങ്ങള്‍ കേട്ട നേതാവായിരുന്നു സി.എച്ച്. മരണശേഷം അദ്ദേഹം ഒരുപാട് വായിക്കപ്പെട്ട നേതാവുമായി. അത്തോളിയിലെ ഒരു മൊല്ലാക്കയുടെ മകനായാണ് സി.എച്ച് ജനിച്ചത്. ന്യൂനപക്ഷ ജനവിഭാഗത്തിന്റെ രാഷ്ട്രീയ വിധി നിര്‍ണ്ണയ ഗോദയില്‍ നാവ്‌കൊണ്ടും തൂലികകൊണ്ടും ഇഞ്ചോടിഞ്ച് പൊരുതി നില്‍ക്കാന്‍ ബാഫഖി തങ്ങള്‍ കണ്ടെത്തിയ ലക്ഷണമൊത്ത ഫയല്‍വാനായിരുന്നു മുഹമ്മദ് കോയ. കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയ ചുറ്റുപാടില്‍ ലീഗെന്ന പായക്കപ്പലിന്റെ കപ്പിത്താനായാണ് ജനങ്ങള്‍ അദ്ദേഹത്തെ കണ്ടത്. 

സ്വാതന്ത്ര്യാനന്തരം മുസ്ലിം ലീഗിനെ ബഹുസ്വര സമൂഹത്തില്‍ സ്വീകാര്യമാക്കിയതും സാമുദായിക പരിവേഷത്തില്‍നിന്ന് ലീഗിനെ മതേതര പാര്‍ട്ടിയെന്ന ലേബലിലേക്ക് കൈപിടിച്ചുയര്‍ത്തിയതും സി.എച്ചാണ്. അദ്ദേഹം 'എന്റെ സമുദായം', 'എന്റെ പാര്‍ട്ടി' എന്നൊക്കെ പ്രസംഗത്തിനിടയില്‍ ഉപയോഗിച്ചപ്പോള്‍ സമൂഹം അത് അംഗീകരിച്ചു കൊടുത്തു. 

ബഷീർ കീഴുപറമ്പ്
ബഷീർ കീഴുപറമ്പ്

ലീഗ് പിളര്‍ന്ന കാലം. നേതൃനിരയിലെ തലയെടുപ്പുള്ള പ്രമുഖര്‍ അഖിലേന്ത്യാ ലീഗിനൊപ്പം നിലയുറപ്പിച്ചു. പാണക്കാട് പൂക്കോയ തങ്ങളുടെ ആത്മീയ നേതൃത്വവും സി.എച്ചിന്റെ വാഗ്വിലാസവും ഒത്തുചേര്‍ന്നപ്പോള്‍ മുസ്ലിം ലീഗിന്റെ മുക്കാല്‍ ഭാഗവും യൂണിയന്‍ ലീഗിലേക്കൊഴുകി. കാല്‍ ഭാഗമേ മറുചേരിക്ക് കിട്ടിയുള്ളൂ. ലീഗിലെ പിളര്‍പ്പിനു ശേഷം ഇരു ലീഗുകളും പൊതുയോഗങ്ങള്‍ നടത്തുന്ന സമയം. അഖിലേന്ത്യാ ലീഗിന്റെ ലഫ്റ്റനന്റ് കേണലും വടക്കേ മലബാറിലെ പ്രമാണിയുമായിരുന്ന ചെറിയ മമ്മുക്കേയി തലശ്ശേരിയില്‍വെച്ച് സി.എച്ചിന്റെ ദരിദ്രപശ്ചാത്തലവും ഭരണശീതളിമയില്‍ അദ്ദേഹത്തിനുണ്ടായ മാറ്റവും സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു: ''സി.എച്ചിന്റെ ഷര്‍ട്ടിന്റെ ഓരോ ബട്ടന്‍സും ലീഗിന്റേതാണ്.'' തൊട്ടടുത്ത ദിവസം അതേ മൈതാനിയില്‍ സി.എച്ച് ആയിരങ്ങളെ അഭിസംബോധന ചെയ്തു. കേയി സാഹിബിന്റെ പരാമര്‍ശത്തെ സൂചിപ്പിച്ചുകൊണ്ട് സി.എച്ച് കത്തിക്കയറി. തന്റെ പ്രസംഗ വൈഭവം മുഴുവന്‍ പുറത്തെടുത്ത് ജനക്കൂട്ടത്തെ ആവേശക്കൊടുമുടിയുടെ നെറുകില്‍ നിര്‍ത്തി. അദ്ദേഹം തൊണ്ട പൊട്ടുമാറുച്ചത്തില്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് പ്രഖ്യാപിച്ചു: ''സി.എച്ചിന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍ മാത്രമല്ല, സി.എച്ചിന്റെ സിരകളിലൂടെ ഓടുന്ന ഓരോ തുള്ളി രക്തവും ലീഗിന്റേതാണ്.'' ജനം ഇളകിമറിഞ്ഞു. സി.എച്ചിന്റെ വാക്കുകള്‍ ചുണ്ടുകളില്‍നിന്ന് ചുണ്ടുകളിലേക്കും കാതുകളില്‍നിന്ന് കാതുകളിലേക്കും വൈദ്യുതതരംഗം പോലെ പ്രവഹിച്ചു. ആടിനിന്നവരെല്ലാം യൂണിയന്‍ ലീഗിന്റെ പക്ഷത്തേക്ക് ചാഞ്ഞു. സി.എച്ചിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ അഖിലേന്ത്യാ ലീഗ് ഡച്ച് പട്ടാളം പോലെയായി. എല്ലാവരും സൈന്യാധിപന്മാരായി യുദ്ധം ചെയ്യാന്‍ പട്ടാളക്കാരില്ലാതെ തകര്‍ന്നടിഞ്ഞ ഡച്ച് സൈന്യത്തോടാണ് അഖിലേന്ത്യാ ലീഗിനെ അദ്ദേഹം താരതമ്യം ചെയ്തത്. 

നാടന്‍ പ്രയോഗങ്ങളും കഥകളും ചരിത്രവും ഉദ്ധരണികളും കവിതയും പ്രവാചക വചനങ്ങളും ഇതിഹാസങ്ങളും സി.എച്ചിന്റെ നാവിന്‍തുമ്പിലൂടെ ഒഴുകിവന്നപ്പോള്‍ ആബാലവൃദ്ധം ജനങ്ങളും അദ്ദേഹത്തെ കാണാനും കേള്‍ക്കാനും ഓടിക്കൂടി. ''ബഹറില്‍ (കടലില്‍) മുസല്ല (നമസ്‌കാരപ്പായ) ഇട്ട് നമസ്‌കാരിച്ചാലും ആര്‍.എസ്.എസ്സിനെ വിശ്വസിക്കരുതെന്ന'' സി.എച്ചിന്റെ വാക്കുകള്‍ മഹദ്വചനമായി മുസ്ലിം സമുദായം ഏറ്റെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടികളോടുള്ള ബന്ധം ശാശ്വതമായി മുറിച്ചതായോ അവരുമായി ഒരിക്കലും കൂട്ടുകൂടില്ലെന്ന അര്‍ത്ഥത്തിലോ അദ്ദേഹം ഒരു വാക്കുപോലും പറഞ്ഞില്ല. ഇടതുപക്ഷത്തിനു നേര്‍ക്കുള്ള വാതില്‍ സി.എച്ച് കൊട്ടിയടച്ചതുമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ രാഷ്ട്രീയമായി അദ്ദേഹം എതിര്‍ത്തു. മതപരമായ ആയുധമെടുത്ത് ഇടതുപക്ഷത്തെ അദ്ദേഹം ചെറുത്തില്ല. കാലാന്തരത്തില്‍ സംഭവിക്കാന്‍ പോകുന്ന രാഷ്ട്രീയം മുന്‍കൂട്ടി കണ്ട ദാര്‍ശനികനാണ് സി.എച്ച് എന്ന് ഒരു രാഷ്ട്രീയ വിദ്യാര്‍ത്ഥി പറഞ്ഞാല്‍ അതൊരു തെറ്റാവില്ല. 

അദ്ദേഹത്തിന്റെ ഏതാണ്ടെല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. സി.എച്ചിനെപ്പറ്റി എഴുതപ്പെട്ട ഗ്രന്ഥങ്ങളും മുഴുവനായിത്തന്നെ എന്റെ ദൃഷ്ടിപഥത്തിലൂടെ കടന്നുപോയിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ടു കേള്‍ക്കാന്‍ വളരെക്കുറച്ച് അവസരങ്ങളേ എനിക്കു കിട്ടിയുള്ളൂ. സി.എച്ചിന്റെ ഫോട്ടോവെച്ച് 'വിസ കാണുക' എന്ന തലവാചകത്തോടെ ചന്ദ്രികയില്‍ അച്ചടിച്ചു വന്ന പരസ്യം കണ്‍വെട്ടത്ത് ഇപ്പോഴുമുണ്ട്. സിനിമയില്‍ പ്രേംനസീറും രാഷ്ട്രീയത്തില്‍ സി.എച്ചുമായിരുന്നു അക്കാലത്തെ എന്റെ ഇഷ്ടതാരങ്ങള്‍. ഇരുവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. അദ്ദേഹത്തിന്റെ കേട്ട പ്രസംഗങ്ങളെക്കാള്‍ പറഞ്ഞുകേള്‍ക്കുകയും വായിച്ച് മനസ്സിലാക്കുകയും ചെയ്ത പ്രസംഗങ്ങളാണ് എന്നെ വല്ലാതെ സ്വാധീനിച്ചത്. സ്വസമുദായത്തെ അങ്ങേയറ്റം സ്നേഹിച്ച സി.എച്ച് സഹോദര മതസ്ഥരെ നെഞ്ചോട് ചേര്‍ത്തുവെച്ചു. നര്‍മ്മംകൊണ്ട് രൂക്ഷമായി എതിരാളികളെ വിമര്‍ശിച്ചപ്പോഴും എല്ലാവരുമായും സൗഹൃദം കാത്തുസൂക്ഷിച്ചു. തൊപ്പിയിട്ട് ക്യാമ്പസുകളിലേക്ക് കടന്നുചെന്ന സി.എച്ചിനെ ആരും വര്‍ഗ്ഗീയവാദി എന്ന് വിളിച്ചില്ല. സി.എച്ചിനെപ്പോലെ കലാസാഹിത്യരംഗത്ത് ഇത്രമേല്‍ അംഗീകരിക്കപ്പെട്ട ഒരു മുസ്ലിംലീഗ് നേതാവ് വേറെ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ല. മുസ്ലിം സമുദായത്തിലെ ഏറ്റവും പ്രാപ്തന്‍മാരേയും യോഗ്യന്മാരേയുമാണ് സി.എച്ച് ഉയര്‍ത്തിക്കൊണ്ടുവന്നത്. അവരിലൂടെ മുസ്ലിം പ്രാതിനിധ്യം അദ്ദേഹം ഉറപ്പുവരുത്തിയപ്പോള്‍ വിമര്‍ശകര്‍ പോലും സി.എച്ചിനെ പ്രശംസിച്ചു. വളരെ സൂക്ഷിച്ചാണ് അദ്ദേഹം വാക്കുകള്‍ പ്രയോഗിച്ചത്. മുസ്ലിം സമുദായത്തെ അന്യവല്‍ക്കരിക്കാന്‍ തന്റെ വാക്കോ പ്രവൃത്തിയോ നിമിത്തമാകരുതെന്ന് സി.എച്ചിന് നിര്‍ബ്ബന്ധമുണ്ടായിരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തെ പല്ലും നഖവും ഉപയോഗിച്ച് അദ്ദേഹം എതിര്‍ത്തു. ജമാഅത്തെ ഇസ്ലാമിയുടെ എടുത്തുപറയത്തക്ക ഒരു പരിപാടിയിലും സി.എച്ച് പങ്കെടുത്തതായി അറിവില്ല. അവരുടെ പ്രസിദ്ധീകരണത്തില്‍ അദ്ദേഹം എഴുതിയതും വായിച്ചിട്ടില്ല. ജമാഅത്തിന്റെ സ്ഥാപനങ്ങളുടെ വാര്‍ഷിക സമ്മേളനങ്ങളില്‍പ്പോലും സി.എച്ച് പങ്കെടുത്തതായി പറഞ്ഞുകേട്ടിട്ടില്ല. പുരോഗമന ആശയക്കാരനായിരുന്നിട്ടും സുന്നികളുടെ 'കൊര്‍ദോവ' എന്നറിയപ്പെട്ട പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജിന്റെ വാര്‍ഷിക സമ്മേളനത്തില്‍ മരണം വരെ മുഖ്യപ്രസംഗകനായി അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. കൊറ്റിയുടെ തലയില്‍ വെണ്ണവെച്ച് സൂര്യതാപമേറ്റ് അതുരുകി എണ്ണയായി ഒലിച്ചിറങ്ങി കണ്ണിലെത്തുമ്പോള്‍ അതിനു കണ്ണ് കാണാതാകും. അപ്പോള്‍ കൊറ്റിയെ പിടിക്കാമെന്ന് വ്യാമോഹിക്കുന്നവരെപ്പോലെയാണ് ജമാഅത്തെ ഇസ്ലാമിയെന്ന് ഇന്ത്യയിലെ അവരുടെ ഇസ്ലാമിക രാഷ്ട്രസ്ഥാപനത്തെ അദ്ദേഹം പരിഹസിച്ചു. ജമാഅത്തെ ഇസ്ലാമിയെപ്പറ്റി ഒരു നല്ല വാക്ക് സി.എച്ച് പറഞ്ഞതായി കേട്ടിട്ടില്ല. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രഹസ്യബാന്ധവത്തിനു തുനിയുന്ന ലീഗിലെ പുതിയ നേതാക്കള്‍ സി.എച്ചിനെ വേണ്ടവിധം ഇനിയും മനസ്സിലാക്കിയിട്ടില്ല. തങ്ങളുടെ കൊക്കില്‍ ഒതുങ്ങാത്തത് കൊണ്ടുതന്നെയാവണം ജമാഅത്തെ ഇസ്ലാമി സി.എച്ചിനെ അവഗണിച്ചതും തമസ്‌കരിച്ചതും. സി.എച്ച് എന്ന രണ്ടക്ഷരത്തിന്റെ  വിയോഗം തീര്‍ത്ത ശൂന്യതയില്‍ പലരേയും പോലെ എന്റെ മനസ്സും ആടി ഉലഞ്ഞു. 

(തുടരും)

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com