ജമാഅത്തെ ഇസ്ലാമിയും അബൂദറുല്‍ ഗിഫാരിയും ഇമ്പിച്ചിബാവയും

ആറ്റുനോറ്റിരുന്ന ആ ദിവസം സമാഗതമായി. പ്രതീക്ഷിച്ചപോലെ തേര്‍ഡ് ക്ലാസ്സോടെ ഞാന്‍ പത്താം ക്ലാസ്സ് പാസ്സായി. മാര്‍ക്ക് കുറഞ്ഞതില്‍ സന്തോഷമാണ് തോന്നിയത്
ജമാഅത്തെ ഇസ്ലാമിയും അബൂദറുല്‍ ഗിഫാരിയും ഇമ്പിച്ചിബാവയും

ത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞു. 210 മാര്‍ക്കെന്ന കടമ്പ കടക്കുമെന്ന് ഉറപ്പായിരുന്നു. തോറ്റാല്‍ ഉപ്പാന്റെ റേഷന്‍ കടയില്‍ തൂക്കിക്കൊടുക്കാന്‍ നില്‍ക്കേണ്ടിവരുമെന്ന ഭയം എങ്ങനെയെങ്കിലും എസ്.എസ്.എല്‍.സി ജയിക്കണമെന്ന ചിന്തയെ രൂഢമൂലമാക്കി. പത്തോ പതിനഞ്ചോ ശതമാനം മാത്രം കുട്ടികള്‍ പത്താം ക്ലാസ്സ് പാസ്സാകുന്ന കാലം. പല വിഷയങ്ങളും പഠിച്ചത് ഇഷ്ടം കൊണ്ടല്ല. കോളേജില്‍ പോകണമെങ്കില്‍ എല്ലാ വിഷയങ്ങളിലും മിനിമം മാര്‍ക്ക് കിട്ടല്‍ അനിവാര്യമായതുകൊണ്ടാണ്. ചരിത്രമാണ് അന്നും ഇന്നും എന്റെ ഇഷ്ടതോഴന്‍. എസ്.എസ്.എല്‍.സിക്ക്  പഠിക്കുമ്പോഴാണ് എന്റെ നാട്ടുകാരന്‍ കൂടിയായ ചരിത്രാദ്ധ്യാപകന്‍ ജനാര്‍ദ്ദനന്‍ മാഷ് കുട്ടികളോട് ഒരു ചോദ്യം ചോദിച്ചത്. നിങ്ങള്‍ക്ക് ആരാവാനാണ് ആഗ്രഹം. പലരും പലതും പറഞ്ഞു. എന്റെ ഊഴമെത്തിയപ്പോള്‍ ഞാന്‍ പറഞ്ഞത് വക്കീലാകണം എന്നാണ്. കറുത്ത ഗൗണിട്ട് വക്കീല്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന സിനിമയിലെ നായകര്‍ കോടതിമുറികളില്‍ നീതിക്കായി ഘോരഘോരം വാദിക്കുന്നതു കണ്ട ആവേശത്തിലാണ് ഞാനങ്ങനെ പറഞ്ഞത്. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ പഠനം എന്റെ ജീവിതത്തിലെന്നപോലെ ലക്ഷ്യത്തിലും മാറ്റത്തിനു വഴിവെച്ചു. 

ആറ്റുനോറ്റിരുന്ന ആ ദിവസം സമാഗതമായി. പ്രതീക്ഷിച്ചപോലെ തേര്‍ഡ് ക്ലാസ്സോടെ ഞാന്‍ പത്താം ക്ലാസ്സ് പാസ്സായി. മാര്‍ക്ക് കുറഞ്ഞതില്‍ സന്തോഷമാണ് തോന്നിയത്. സെക്കന്റ് ക്ലാസ്സ് മാര്‍ക്ക് കിട്ടിയിരുന്നെങ്കില്‍ ഉപ്പ എന്നെ തിരൂര്‍ പോളിടെക്നിക്കില്‍ ചേര്‍ക്കുമായിരുന്നു. അവിടെ ഉപ്പാന്റെ ഒരു സുഹൃത്ത് ജോലി ചെയ്യുന്ന വിവരം ഇടയ്ക്കിടെ അദ്ദേഹം പറയുന്നതു കേട്ടിട്ടുണ്ട്. പെട്ടെന്നു ജോലി കിട്ടാനും പോളി പഠനം ഉപകരിക്കുമെന്ന് ഉപ്പ കരുതിയിട്ടുണ്ടാകണം. പക്ഷേ, സാങ്കേതിക വിഷയങ്ങളോടും ശാസ്ത്രവിഷയങ്ങളോടും എനിക്കുള്ള താല്പര്യം തുലോം കുറവായിരുന്നു. സാമൂഹ്യശാസ്ത്രം പഠിക്കണമെന്ന എന്റെ മോഹം തന്നെ അവസാനം പൂവണിഞ്ഞു. മാര്‍ക്ക് കുറഞ്ഞത് അനുഗ്രഹമായി ഭവിച്ചെന്നു ചുരുക്കം. അതുകൊണ്ടുതന്നെ സാമൂഹ്യശാസ്ത്ര പഠനത്തില്‍ എനിക്ക് ഉയര്‍ന്നു പോകാനായി. മറിച്ചാണ് സംഭവിച്ചിരുന്നതെങ്കില്‍ പോളിടെക്നിക്കിലെ ആദ്യവര്‍ഷം അവസാനിക്കുന്നതിനു മുന്‍പേ അവിടെ നിന്നു കെട്ടുംകെട്ടി പോരേണ്ടിവരുമായിരുന്നു. ജീവിത വിജയികളേയും പരാജിതരേയും നാം കാണാറുണ്ട്. സ്വേച്ഛപ്രകാരം പഠനവഴി തെരഞ്ഞെടുത്തവരാണ് വിജയികള്‍. ചുറ്റുനിന്നുമുള്ള സമ്മര്‍ദ്ദം കാരണം വൈജ്ഞാനിക പന്ഥാവ് സ്വീകരിച്ചവരാകും പരാജിതര്‍. 

അയ്യൂബ്
അയ്യൂബ്

അയ്യൂബും ചന്ദ്രനും സുനിലുമെല്ലാം മോശമല്ലാത്ത മാര്‍ക്കു വാങ്ങി ജയിച്ചു. വി.പി. ലത്തീഫും അയിങ്കലം ഹനീഫയും തോറ്റു. അവര്‍ കുടുംബം പോറ്റാന്‍ ചെറുപ്പത്തിലേ നാടുവിട്ടു. ഗള്‍ഫില്‍ എത്തിയ ഇരുവരും നന്നായി അദ്ധ്വാനിച്ചു. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങി. വിവിധ വിദേശ രാജ്യങ്ങളിലേക്ക് ബിസിനസ്സ് ശൃംഖല വ്യാപിപ്പിച്ചു. ഹിന്ദിയും ഇംഗ്ലീഷും അറബിയും അനായാസം അവര്‍ കൈകാര്യം ചെയ്യുന്നതു കേട്ട്  ഞാന്‍ അത്ഭുതം കൂറിയിട്ടുണ്ട്. എല്ലാ സുഹൃത്തുക്കളുടെ ഉയര്‍ച്ചയിലും മനം നിറഞ്ഞ് ആഹ്ലാദിച്ചു. ഒരിക്കലും അവരോട് അസൂയ തോന്നിയില്ല. എന്റെ സാന്നിദ്ധ്യം ആവശ്യമുള്ളിടത്തോളം ആര്‍ക്കും നല്‍കാന്‍ അശേഷം എനിക്കു മടി തോന്നിയിട്ടില്ല. ഒരാള്‍ക്കും ഭാരമാകാതെ ജീവിതയാത്ര അവസാനിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന. ചന്ദ്രന്‍ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സുനില്‍ നിനച്ചിരിക്കാത്ത നേരത്ത് കാലിടറി കാഴ്ചവട്ടത്തുനിന്ന് അപ്രത്യക്ഷനായതായി സഹപാഠികള്‍ പറഞ്ഞറിഞ്ഞു. എം.പി. ലത്തീഫ് കലാപ്രവര്‍ത്തനവും പ്രകൃതിസംരക്ഷണ പ്രവര്‍ത്തനവുമൊക്കെയായി സസുഖം മുന്നോട്ടുപോകുന്നു. പാണ്ടികശാലയില്‍ താമസിക്കുന്ന കിഷോര്‍ കാപട്യമെന്തന്നറിയാത്ത ഒരു ശുദ്ധാത്മാവാണ്. ഉള്ളുനിറയെ സ്നേഹമായിരുന്നു. ഡിഗ്രി കഴിഞ്ഞ അവന്‍ കുറ്റിപ്പുറം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഉദ്യോഗസ്ഥനായി കയറി. കിഷോറിന്റെ അച്ഛനും അതേ സ്ഥാപനത്തില്‍ ജോലി ചെയ്താണ് വിരമിച്ചത്. ബാങ്കുമായി ബന്ധപ്പെട്ട മനസ്സാ വാചാ കര്‍മ്മണ താനറിയാത്ത ഒരു കേസില്‍ അപമാനിതനാകേണ്ടി വന്നപ്പോള്‍ അവന്റെ അഭിമാനത്തിനു ക്ഷതമേറ്റു. ജീവിതത്തിന്റെ തിരശ്ശീല സ്വയം പിടിച്ച് വലിച്ചു താഴ്ത്തി കിഷോര്‍ ഭൂമിലോകത്തോട് യാത്ര പറഞ്ഞു. ചേതനയറ്റ അവന്റെ മുഖം മനോമനസ്സില്‍നിന്നു മായില്ല. 

ഹൈദരലി
ഹൈദരലി

എടച്ചലം മുഹമ്മദലി അന്നും ഒരു വിപ്ലവകാരിയാണ്. ജീവിതപ്രാരാബ്ധങ്ങളുടെ നടുവില്‍ പഠിത്തം നിര്‍ത്തി കഞ്ഞിക്കു വക കണ്ടെത്താന്‍ ചെറുപ്പത്തില്‍ ചുമടെടുക്കുന്ന ജോലിയില്‍ ഏര്‍പ്പെടേണ്ടിവന്നു. ആരുടേയും സഹാനുഭൂതിക്കു കാക്കാതെ ജോലിയുടെ മഹത്വം തിരിച്ചറിഞ്ഞ് കയ്യും മെയ്യും മറന്ന് പണിയെടുത്ത് കാലചക്രം തിരിക്കുന്നു. പെണ്‍സുഹൃത്തുക്കള്‍ വീട്ടമ്മമാരായും ടീച്ചര്‍മാരായുമൊക്കെ കഴിഞ്ഞുകൂടുന്നു. പത്മജ വിവാഹം കഴിഞ്ഞ് കോട്ടക്കലാണ്. തിലകനാണ് ഭര്‍ത്താവ്. തിരൂരങ്ങാടി കോളേജില്‍ എനിക്ക് മുന്‍പ് ചെയര്‍മാനായ വ്യക്തിയാണ് തിലകന്‍. എസ്.എഫ്.ഐയുടെ ലേബലിലായിരുന്നു സ്ഥാനലബ്ധി. അയ്യൂബ് വളാഞ്ചേരി എം.ഇ.എസ് കോളേജിലാണ് പ്രീഡിഗ്രിക്കു ചേര്‍ന്നത്. എന്റെ മൂത്താപ്പയുടെ മകന്‍ ഹംസ പഠിച്ചിരുന്ന മുക്കത്തിനടുത്ത് ചേന്ദമംഗല്ലൂരിലെ ഹോസ്റ്റല്‍ സൗകര്യത്തോടെ പ്രവര്‍ത്തിച്ചിരുന്ന  ഇസ്ലാഹിയാ കോളേജിലാണ് ഉപ്പ എന്നെ ഉപരിപഠനത്തിന് ചേര്‍ത്തത്. ലക്ഷണമൊത്ത ഒരു പാരലല്‍ കോളേജായിരുന്നു ഇസ്ലാഹിയ. പ്രീഡിഗ്രിക്ക് മൂന്നുവര്‍ഷ പഠനമാണവിടെ. ആദ്യവര്‍ഷം പ്രധാനമായും ധാര്‍മ്മിക-മത വിഷയങ്ങളാണ് പഠിപ്പിച്ചത്. രണ്ടാം വര്‍ഷം മുതല്‍ക്കാണ് പ്രീഡിഗ്രിക്കുള്ള പഠനം തുടങ്ങുക. സാമ്പത്തികമായി ശേഷിയില്ലാത്തവര്‍ക്ക് ഇളവുകള്‍ അനുവദിച്ചിരുന്നെങ്കിലും ഒരാനുകൂല്യത്തിനും ഞാന്‍ അപേക്ഷിച്ചില്ല. മുഴുവന്‍ ഫീസും കൊടുത്താണ് മൂന്നുവര്‍ഷവും പഠിച്ചത്. ഒരു രൂപ പോലും കുടിശ്ശികയാക്കി ഒരു സ്ഥാപനത്തില്‍നിന്നും പോന്നില്ലെന്ന് കുറച്ചൊരു അഹങ്കാരത്തോടെ തന്നെ പറയാനാകും. 

എഎ കുഞ്ഞാപ്പൂട്ടി
എഎ കുഞ്ഞാപ്പൂട്ടി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രൈവറ്റ് രജിസ്ട്രേഷന്‍ നടത്തിയാണ് ഇസ്ലാഹിയ്യായിലെ പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പുതിയ സൗഹൃദങ്ങളും സ്നേഹവലയങ്ങളും തീര്‍ത്ത വൈജ്ഞാനിക അനുഭവങ്ങളില്‍ പരിലസിച്ച 1982-'83 മുതല്‍ '84-'85 വരെയുള്ള കാലയളവ് എല്ലാ അര്‍ത്ഥത്തിലും അറിവിന്റെ  ആഘോഷമായിരുന്നു. ഞാന്‍ ഏറ്റവുമധികം മതേതര വായന നടത്തിയതും ഇക്കാലത്താണ്. വിക്തര്‍ ഹ്യുഗോയും മാക്സിം ഗോര്‍ക്കിയും അലക്സാണ്ടര്‍ ഡ്യൂമോയും ടോള്‍സ്റ്റോയിയും മുഹമ്മദ് അസദും നജീബ് മഹ്ഫൂസുമെല്ലാം വായനയ്ക്കിടയില്‍ എന്റെ അടുപ്പക്കാരായി. 900 പേജുള്ള 'മോണ്ടിക്രിസ്റ്റോ പ്രഭു' ഒരാഴ്ചയിരുന്ന് വാശിയോടെ വായിച്ചു തീര്‍ത്തത് എന്റെ പ്രീഡിഗ്രിയെ സമ്പുഷ്ടമാക്കി. എം.ടിയും തകഴിയും മാധവിക്കുട്ടിയും ഒ.വി. വിജയനും എം. കൃഷ്ണന്‍ നായരും ഉറൂബുമെല്ലാം വായനയ്ക്കിടയിലെ വസന്തങ്ങളായി പൂത്തുലഞ്ഞതും ഇക്കാലത്താണ്. ഹൈസ്‌കൂള്‍ അന്തരീക്ഷത്തില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നു ചേന്ദമംഗല്ലൂര്‍ ജീവിതം. മനസ്സിന്റെ കണ്ണാടിയില്‍ പതിഞ്ഞ അക്കാലത്തെ ഒളിമങ്ങാത്ത ചിത്രങ്ങള്‍ ഒഴിവാക്കി എന്തു കഥ? എന്തു ജീവിതം?

എംപി ലത്തീഫ്
എംപി ലത്തീഫ്

ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലാണ്  കോളേജ് പ്രവര്‍ത്തിക്കുന്നത്. അതു കൊണ്ടുതന്നെ സംഘടനയെ അടുത്തറിയാന്‍ ചേന്ദമംഗല്ലൂര്‍ കാലം പ്രയോജനപ്പെട്ടു. ഒരു പറ്റം കഴിവും പാണ്ഡിത്യവുമുള്ള നേതാക്കളും നിഷ്‌കളങ്കരായ പ്രവര്‍ത്തകരും ജമാഅത്തെ ഇസ്ലാമിക്കുണ്ടെന്നാണ് എന്റെ പക്ഷം. എന്നാല്‍, അതിലേറെ മതാന്ധത ബാധിച്ചവരും അസഹിഷ്ണുക്കളും ഉള്ള സംഘടന കൂടിയാണ് ജമാഅത്തെ ഇസ്ലാമി. ദൂരെനിന്ന് കണ്ടപ്പോഴും അടുത്ത് ഇടപഴകിയപ്പോഴും മതിപ്പും ബഹുമാനവും തോന്നിയ നേതാക്കളാണ് കെ.സി. അബ്ദുള്ള മൗലവിയും സിദ്ദീഖ് ഹസ്സന്‍ സാഹിബും ടി.കെ. അബ്ദുള്ള സാഹിബും കെ.എന്‍. അബ്ദുള്ള മൗലവിയും അബ്ദുല്‍ അഹദ് തങ്ങളും കെ.ടി. അബ്ദുറഹീം സാഹിബും എന്‍.എം. ഷരീഫ് മൗലവിയുമെല്ലാം. വ്യക്തിപരമായി അവരോട് ആദരവ് തോന്നിയതുകൊണ്ട്  അവരുടെ രചനകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും കണ്ണും കാതും കൊടുത്തു. മൗലാനാ മൗദൂദിയുടെ പല ആശയങ്ങളോടും എനിക്ക് മമതയേ തോന്നിയിരുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോട് അദ്ദേഹം സ്വീകരിച്ച നിലപാട് കടുത്ത അതൃപ്തിയാണ് എന്നിലുണ്ടാക്കിയത്. ഒരു ബഹുസ്വര സമൂഹത്തില്‍ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ മൗദൂദി സാഹിബിന്റെ പല നിരീക്ഷണങ്ങളും യോജ്യമല്ലെന്നാണ് എപ്പോഴത്തേയും എന്റെ അഭിപ്രായം. 

രാധ ടീച്ചർ
രാധ ടീച്ചർ

വിയോജിപ്പുകള്‍ ഏറെയുള്ളതുകൊണ്ടാവാം ജമാഅത്തെ ഇസ്ലാമിയുടെ അനുഭാവിയോ അംഗമോ ആകാന്‍  തോന്നിയിട്ടേയില്ല. അന്ധമായ കമ്യൂണിസ്റ്റ് വിരോധം അണികളില്‍ കത്തിച്ച് നിര്‍ത്താന്‍ ജമാഅത്തെ ഇസ്ലാമി എപ്പോഴും ശ്രമിച്ചിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി രൂപീകരണം വരെ കടുത്ത ലീഗ് വിരോധവും അവരില്‍ പ്രകടമായിരുന്നു. മുസ്ലിങ്ങളിലെ ഭൂരിപക്ഷം വരുന്ന സുന്നികളെക്കാള്‍ ജമാഅത്തെ ഇസ്ലാമിക്ക് എതിര്‍പ്പും വിരോധവും ഉല്‍പതിഷ്ണുക്കളായ മുജാഹിദ് സംഘടനകളോടായിരുന്നു. സുന്നികളോട് ഒരുതരം അഴകൊഴമ്പന്‍ സമീപനമാണ് അവര്‍ കൈക്കൊണ്ടത്. മുഹമ്മദ്ബ്നു അബ്ദുല്‍ വഹാബിനോടും അദ്ദേഹം മുന്നോട്ടുവെച്ച സലഫി ആശയങ്ങളോടും ശക്തമായ അസംതൃപ്തി ജമാഅത്തെ ഇസ്ലാമിക്കാരുടെ പ്രസിദ്ധീകരണങ്ങളിലും പ്രഭാഷണങ്ങളിലും പ്രകടമാണ്. മുസ്ലിം സമുദായത്തിന്റെ ബൗദ്ധിക നേതൃത്വത്തിനായുള്ള കിടമത്സരം ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദ് പ്രസ്ഥാനത്തിനുമിടയില്‍ യോജിപ്പിന്റെ തലങ്ങളെ അപ്രസക്തമാക്കി എന്നു പറഞ്ഞാല്‍ തെറ്റാവില്ല. പ്രത്യക്ഷത്തില്‍ ജമാഅത്തെ ഇസ്ലാമി അപകടകാരികളല്ല എന്നു തോന്നാമെങ്കിലും കുത്തിത്തിരിപ്പിന്റെ ആശാന്‍മാരെന്ന സ്ഥാനം മുസ്ലിം സംഘടനകളില്‍ ജമാഅത്തെ ഇസ്ലാമിക്കു മാത്രം അവകാശപ്പെട്ടതാണ്. വിമര്‍ശകരെ നശിപ്പിക്കാന്‍ എന്ത് നുണക്കഥകളും പ്രചരിപ്പിക്കാന്‍ അശേഷം അവര്‍ക്കു മടിയില്ല. അതിനായി അവര്‍ക്ക് നിയന്ത്രണമുള്ള അച്ചടി-ദൃശ്യ മാധ്യമങ്ങളെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്താനും രണ്ടുവട്ടം അവര്‍ ആലോചിക്കില്ല. സ്വാതന്ത്ര്യാനന്തരം പതിറ്റാണ്ടുകളോളം ഇന്ത്യന്‍ ജനാധിപത്യത്തോട് വിയോജിച്ച് തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌കരിച്ച സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ദൈവേതര ഭരണസംവിധാനത്തില്‍ ഉദ്യോഗം വഹിക്കുന്നത് ബഹുദൈവാരാധനയ്ക്ക് തുല്യമെന്ന നിലയിലാണ് അവര്‍ കണ്ടത്. പല ജമാഅത്ത് അനുഭാവികളും ഉദ്യോഗങ്ങള്‍ രാജിവെച്ച് ഗള്‍ഫ് നാടുകളിലേക്ക് ജോലി തേടിപ്പോയി. 

യാഹുട്ട്യാക്ക
യാഹുട്ട്യാക്ക

പില്‍ക്കാലത്ത് വെല്‍ഫെയര്‍ പാര്‍ട്ടി എന്ന പേരില്‍ സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടിക്ക് രൂപം നല്‍കിയ ജമാഅത്തെ ഇസ്ലാമി തരാതരം പോലെ പ്രാദേശിക നീക്കുപോക്കുകള്‍ ഉണ്ടാക്കുന്നതാണ് കേരളം കണ്ടത്. സ്വാതന്ത്ര്യാനന്തരം നാലോ അഞ്ചോ തെരഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികളേയും മാറിമാറി അവര്‍ പിന്തുണച്ചു. ചില തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളുടെ മൂല്യം നോക്കി വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തു.  അംഗബലമെടുത്താല്‍ മുസ്ലിം സമുദായത്തില്‍ ഏറ്റവും ശക്തി കുറഞ്ഞ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഒരു പത്രവും ചാനലും കയ്യിലുള്ളതിനാല്‍ തങ്ങള്‍ക്ക് മുസ്ലിം മനസ്സുകളെ അവരുദ്ദേശിക്കുന്നിടത്തേക്ക് തെളിച്ചുകൊണ്ടുപോകാന്‍ കഴിയുമെന്നാണ് അവരുടെ ധാരണ. ഇതവര്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. അറിഞ്ഞോ അറിയാതേയോ ലീഗും കോണ്‍ഗ്രസ്സും ഈ പ്രചരണത്തില്‍ വീണുപോയി. 

ടികെ അയ്യൂബ്
ടികെ അയ്യൂബ്

ചില തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തെ ഉപാധികളില്ലാതെ ജമാഅത്തെ ഇസ്ലാമി പിന്തുണച്ചു. 2006-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ ഇടതു സ്ഥാനാര്‍ത്ഥികളേയും ജമാഅത്തെ ഇസ്ലാമി കേരളഘടകം സഹായിച്ചു. ആ വര്‍ഷം കുറ്റിപ്പുറത്ത് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച എന്നെയും അവര്‍ പിന്തുണച്ചു. 

വിപി ലത്തീഫ്
വിപി ലത്തീഫ്

എല്ലാ ചേരിയിലുമുള്ള തീവ്ര നിലപാടുകാരേയും പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് എക്കാലത്തും ജമാഅത്തെ ഇസ്ലാമി അനുവര്‍ത്തിച്ചത്. ലോക രാഷ്ട്രീയ സാഹചര്യത്തിലും സമാന സമീപനമാണ് അവര്‍ കൈക്കൊണ്ടത്. പൊളിറ്റിക്കല്‍ ഇസ്ലാമിനെ പ്രതിനിധാനം ചെയ്ത പ്രസ്ഥാനങ്ങളോടെല്ലാം അവര്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ആസൂത്രിതവും ബുദ്ധിപൂര്‍വ്വവുമായ ചുവടുവെപ്പുകളിലൂടെ അമുസ്ലിങ്ങള്‍ക്കിടയില്‍ സ്വീകാര്യമായ മുസ്ലിം സംഘടന എന്ന പട്ടം ചുളുവില്‍ ജമാഅത്തെ ഇസ്ലാമി നേടിയെടുത്തു. ചില ശരികള്‍ എല്ലാ പാര്‍ട്ടിയിലുമെന്നപോലെ ജമാഅത്തെ ഇസ്ലാമിയിലും അതിന്റെ നല്ല പ്രവര്‍ത്തകരിലും പ്രകടമാണ്. പക്ഷേ, മൊത്തമുള്ള ഗുണഗണങ്ങള്‍ തൂക്കിനോക്കിയാല്‍ സംഘടന എന്ന നിലയില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഗുണങ്ങള്‍ വെച്ച തുലാസിന്റെ തട്ട് പൊങ്ങിത്തന്നെ നില്‍ക്കും. പേരും രൂപവുമൊക്കെ മാറ്റിയും മറിച്ചും ജമാഅത്തെ ഇസ്ലാമി പോഷക സംഘടനകളില്‍ നടത്തിയ പരീക്ഷണങ്ങളെല്ലാം അമ്പേ പാളി. വെല്‍ഫെയര്‍ പാര്‍ട്ടി  ഗതികിട്ടാ പ്രേതം പോലെ കയറിക്കൂടാന്‍ ഒരു രാഷ്ട്രീയ ശരീരവും തേടി ഇപ്പോഴും അലയുന്നതിന്റെ കാരണവും മറ്റൊന്നല്ല. മാതൃസംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനമില്ലായ്മയാണ് അതിന്റെ അടിസ്ഥാനമെന്നു മനസ്സിലാക്കാന്‍ ഇനിയും അവര്‍ക്കു കഴിയുന്നില്ലെന്നതാണ് ഖേദകരം. ഇസ്ലാമിന്റെ സ്ഥാപനവല്‍ക്കരണത്തെ എതിര്‍ത്താണ് ജമാഅത്തെ ഇസ്ലാമി നിലവില്‍ വന്നതെങ്കിലും കാലാന്തരത്തില്‍ അവരും സ്ഥാപനവല്‍ക്കരിക്കപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ആശയപരമായി വിയോജിപ്പുണ്ടെങ്കിലും അവരില്‍ പലരുമായും സൗഹൃദം കാത്തുസൂക്ഷിക്കാന്‍ വ്യക്തിപരമായി ശ്രദ്ധിച്ചിട്ടുണ്ട്. എനിക്കു ബോധിച്ച അവരിലെ നേതാക്കളോടുള്ള ബഹുമാനത്തിനും കുറവൊന്നുമില്ല. 

മൗലാന മൗദൂദി
മൗലാന മൗദൂദി

ജമാഅത്തിന്റെ മദ്ധ്യവയസ്‌ക തലമുറയിലെ തീവ്രന്മാരായ ഇടതുപക്ഷ വിരുദ്ധരുമായി പരിചയമോ ചങ്ങാത്തമോ അന്നും ഇന്നും എനിക്കില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രൂപീകരണത്തോടെ ജമാഅത്തെ ഇസ്ലാമിക്ക് പൊതുസമൂഹത്തില്‍ നേരത്തെ ഉണ്ടായിരുന്ന സ്വീകാര്യതയ്ക്ക് ഇടിവുപറ്റിയതായാണ് അനുഭവം. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന പഴയ തലമുറയിലെ നിസ്വന്മാരായ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും കാലം കഴിയുംവരെ തട്ടിയും മുട്ടിയും ജമാഅത്തെ ഇസ്ലാമിക്കു മുന്നോട്ടുപോകാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, അതു കഴിഞ്ഞുള്ള കാലത്തെ നേരിടാനുള്ള ശേഷി സംഘടനയ്ക്കുണ്ടോ എന്ന കാര്യം കണ്ടറിയണം. ഒരു പത്രവും ചാനലും നടത്തുന്നപോലെ ബിസിനസ്സ് കണ്ണും മാനേജ്മെന്റ് വൈദഗ്ദ്ധ്യവുംകൊണ്ട് മാത്രം ജമാഅത്തെ ഇസ്ലാമിയെപ്പോലുള്ള ഒരു സംഘടനയെ മുന്നോട്ടു കൊണ്ടുപോകാന്‍ അതിന്റെ നേതാക്കള്‍ക്കു കഴിയുമോ എന്ന് കാത്തിരുന്നു കാണാം. അന്ധമായ ഇടതുപക്ഷ വിമര്‍ശനവും പ്രത്യയശാസ്ത്ര എതിരാളികളോടുള്ള താലിബാന്‍ മനോഭാവവും സംഘടനയിലെ രണ്ടാംനിര നേതൃത്വം കൈവിടാന്‍ ഒരുക്കമല്ലെങ്കില്‍ അധികം വൈകാതെ സാത്വികന്മാര്‍ രൂപം നല്‍കിയ കേരള ജമാഅത്തെ ഇസ്ലാമി താലിബാന്‍ മനഃസ്ഥിതിക്കാരുടെ ഇന്ത്യന്‍ പതിപ്പായി മുദ്രകുത്തപ്പെടും. ഒരു വ്യവസ്ഥാപിത മതപ്രസ്ഥാനം എന്ന നിലയില്‍നിന്ന് തീവ്ര വലതുരാഷ്ട്രീയ മനോഗതിക്കാരുടെ കൂട്ടം എന്ന അവസ്ഥയിലേക്ക് അവര്‍ മാറ്റപ്പെടും. അങ്ങനെ തനി വലതുപക്ഷ രാഷ്ട്രീയ മേലങ്കിയണിഞ്ഞവരുടെ 'മുസ്ലിം സംഘ്' ആയി ജമാഅത്തെ ഇസ്ലാമി ചരിത്രത്തില്‍ ഇടം നേടും. ആശയരംഗത്തും രാഷ്ട്രീയം അപഗ്രഥിക്കുന്നതിലും സംഘടനയ്ക്ക് പറ്റിയ അബദ്ധങ്ങള്‍ ഏറ്റുപറഞ്ഞ് സ്വയം തിരുത്തലിന് ജമാഅത്തെ ഇസ്ലാമി സന്നദ്ധമായില്ലെങ്കില്‍ അത്തരം സംഘടനകള്‍ക്കു ചരിത്രത്തില്‍ ഏറ്റുവാങ്ങേണ്ടിവന്ന സ്വാഭാവിക വിധി അവര്‍ക്കും ഏറ്റുവാങ്ങേണ്ടിവരും. കാലം ആരെയും വിശുദ്ധരാക്കില്ല. പിന്നിട്ട പാതയില്‍ പറ്റിയ അബദ്ധങ്ങള്‍ മനസ്സിലാക്കി വര്‍ത്തമാനത്തോട് സംവദിച്ച് സഞ്ചരിക്കുന്നവരെയാകും കാലം ക്രാന്തദര്‍ശികള്‍ എന്ന് അടയാളപ്പെടുത്തുക.

ചേന്ദമം​ഗലൂർ ഇസ്ലാഹിയ കോളജ്
ചേന്ദമം​ഗലൂർ ഇസ്ലാഹിയ കോളജ്

ചേന്ദമംഗലൂരിലെ ജീവിതം

പ്രീഡിഗ്രി പഠനത്തിനു സമാന്തരമായി മതപഠനവും നടത്താനുള്ള സൗകര്യം ചേന്ദമംഗല്ലൂരില്‍ ഉണ്ടായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ പ്രൈവറ്റായാണ് ഇസ്ലാഹിയാ കോളേജിലെ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്തത്. പാഠ്യ പാഠ്യേതര മേഖലകളില്‍ തിളങ്ങാനായ കാലമായിരുന്നു ചേന്ദമംഗല്ലൂരിലേത്. നല്ല കുറേ അദ്ധ്യാപകരുടെ ശിഷ്യത്വം ലഭിച്ചത് ജീവിതത്തിലെ വലിയ നേട്ടമായാണ് കരുതുന്നത്. കോളേജ് പ്രിന്‍സിപ്പല്‍ പ്രഗല്‍ഭ പണ്ഡിതനും എഴുത്തുകാരനുമായ ഒ. അബ്ദുറഹ്മാന്‍ സഹിബായിരുന്നു. പ്രീഡിഗ്രിക്കാര്‍ക്ക് അദ്ദേഹം ക്ലാസ്സെടുത്തിരുന്നില്ല. ഡിഗ്രി-പിജി ലെവലിലുള്ള ക്ലാസ്സുകളാണ്  അബ്ദുറഹ്മാന്‍ സാഹിബ് കൈകാര്യം ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ പ്രസംഗവൈഭവം എന്നെ ആകര്‍ഷിച്ചെന്നു പറഞ്ഞാല്‍ തെറ്റാവില്ല. നീണ്ട പ്രസംഗങ്ങള്‍ അദ്ദേഹം നടത്തിയത് ഓര്‍മ്മയില്ല. അരമണിക്കൂറില്‍ കൂടുതല്‍ അദ്ദേഹം പ്രസംഗിക്കല്‍ ചുരുക്കമാണ്. ഹ്രസ്വമായ സമയത്തിനുള്ളില്‍ കൂടുതല്‍ കാര്യങ്ങള്‍ യുക്തിഭദ്രമായി അവതരിപ്പിക്കാനുള്ള അബ്ദുറഹ്മാന്‍ സാഹിബിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്. ജമാഅത്തെ ഇസ്ലാമിയുടെ പൊതു പ്രസംഗശൈലിയില്‍നിന്ന് തീര്‍ത്തും ഭിന്നമായ രീതിയാണ് അദ്ദേഹം അവലംബിച്ചത്. മാസത്തിലൊരിക്കല്‍ വ്യവസ്ഥാപിതമായി നടന്നിരുന്ന സാഹിത്യ സമാജങ്ങള്‍ കുട്ടികളുടെ സര്‍ഗ്ഗസിദ്ധി പരിപോഷിപ്പിക്കുന്നതിനു സഹായകമായി ഭവിച്ചു. ഒരിക്കല്‍ കോളേജ് സംഘടിപ്പിച്ച പ്രസംഗ കളരിയില്‍ എനിക്കും പങ്കെടുക്കാന്‍ അവസരം കിട്ടി. നടന്ന പ്രസംഗങ്ങളെല്ലാം അവസാനം വിശകലനം ചെയ്തത് അബ്ദുറഹ്മാന്‍ സാഹിബാണ്.  എന്റെ പ്രസംഗത്തെ അദ്ദേഹം ഉപമിച്ചത് കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന സി.എം. സ്റ്റീഫന്റെ പ്രസംഗത്തോടാണ്. സ്റ്റീഫന്റെ പ്രസംഗം കേട്ടിട്ടേ ഇല്ലാതിരുന്നതിനാല്‍ പിന്നീടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഞാന്‍ കാതുകൂര്‍പ്പിച്ചിരുന്നു. 

ഒ അബ്ദുറഹ്മാൻ
ഒ അബ്ദുറഹ്മാൻ

സി.എം. സ്റ്റീഫന്‍ കാതടപ്പിക്കുന്ന ശബ്ദത്തിലായിരുന്നുവത്രെ പ്രസംഗിച്ചിരുന്നത്. അദ്ദേഹം പ്രസംഗം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും ഏറ്റക്കുറച്ചിലില്ലാത്ത ശബ്ദത്തിലാണ്. ആരോഹണാവരോഹണം സ്റ്റീഫന്റെ പ്രസംഗത്തില്‍ ഇല്ലായിരുന്നു. എന്നാല്‍, നല്ല ഒഴുക്കും ആകര്‍ഷണീയതയും പ്രസംഗത്തിന് ഉണ്ട്താനും. അബ്ദുറഹ്മാന്‍ സാഹിബിന്റെ പ്രസംഗ വിലയിരുത്തല്‍ കേട്ടതിനു ശേഷമാണ് അതുവരെയുണ്ടായിരുന്ന പ്രസംഗശൈലിയില്‍ മാറ്റം വരുത്താന്‍ ഞാന്‍ ശ്രദ്ധിച്ചത്. വര്‍ഷത്തിലൊരിക്കല്‍ സ്റ്റുഡന്റ് പാര്‍ലമെന്റ് ചേരുന്നതും ഇസ്ലാഹിയായില്‍ പതിവായിരുന്നു. മന്ത്രിമാരും പ്രതിപക്ഷവും സ്റ്റുഡന്റ് പാര്‍ലമെന്റ് അംഗങ്ങളും സഭാനാഥനും എല്ലാം  ഉള്‍ക്കൊള്ളുന്നതാണ് സ്റ്റുഡന്റ് പാര്‍ലമെന്റ്. ചോദ്യോത്തരങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ക്രിയാത്മകമായ ഇടപെടലുകളുംകൊണ്ട് സജീവമായിരുന്നു അന്നത്തെ വിദ്യാര്‍ത്ഥി പാര്‍ലമെന്റ്. പലരെയുമെന്നപോലെ ഞാനും ഗൗരവത്തോടെയും ആശ്ചര്യത്തോടെയുമാണ് ചര്‍ച്ചകളെല്ലാം കേട്ടതും അതില്‍ പങ്കെടുത്തതും. പാര്‍ലമെന്ററി പ്രവര്‍ത്തന രംഗത്തേക്കു കടന്നുവന്ന ഘട്ടത്തില്‍ പ്രീഡിഗ്രിക്കാലത്തെ സ്റ്റുഡന്റ് പാര്‍ലമെന്റ് അനുഭവങ്ങള്‍ ഒരളവോളം മുതല്‍ക്കൂട്ടായി. എന്നും വൈകുന്നേരം ഫുട്ബോള്‍ കളി പതിവായിരുന്നു. അരീക്കോട്ടുകാരന്‍ ഹാഷിമും താണയില്‍ നിന്നുള്ള നാസറുമായിരുന്നു സ്റ്റാര്‍ പ്ലയേഴ്സ്. ഏതെങ്കിലുമൊരു ടീമിന്റെ ഗോള്‍കീപ്പറായി ഞാനുമുണ്ടാകും. എന്റെ കൂട്ടുകാരായ കീഴുപറമ്പ് ബഷീറും പടന്ന സിദ്ദീഖും  യഹ്യയയും സീനിയേഴ്സായ ഹിഫ്സുറഹ്മാനും  താഹയും ഹബീബും  സ്ഥിരം കളിക്കാരാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായിരുന്ന തലശ്ശേരിക്കാരന്‍ മുനീറും ലക്ഷദ്വീപുകാരന്‍ ഹംസക്കോയയും മുതിര്‍ന്നവര്‍ക്കൊപ്പം കളിക്കാന്‍ കൂടും. ഇരുവരും നല്ല ഫുട്ബോള്‍ കളിക്കാരാണ്. മുനീര്‍ പിന്നീട് ടൈറ്റാനിയത്തിന്റെ പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം ജില്ലയിലെ പ്രാദേശിക സെവന്‍സ് ടൂര്‍ണമെന്റുകളിലെ സ്റ്റാര്‍ പ്ലെയേഴ്സാണ് ടൈറ്റാനിയത്തിന്റെ മുനീറും സഹീറും. ഇരുവരും ഒരേ നാട്ടുകാരാണ്. ഹോസ്റ്റലില്‍നിന്ന് കുറച്ച് ദൂരെയായിരുന്നു ഫുട്ബോള്‍ ഗ്രൗണ്ട്. കളികഴിഞ്ഞ് മഗ്രിബ് ബാങ്ക് കൊടുക്കുന്നതിനു മുന്‍പ് കോളേജില്‍ തിരിച്ചെത്തണം. സമയക്ലിപ്തത പാലിക്കാന്‍ നിര്‍ത്താതെയുള്ള ഓട്ടമല്ലാതെ മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നു. വിയര്‍ത്തൊലിച്ചു വന്ന് കയ്യും മുഖവും കഴുകി അംഗശുദ്ധി വരുത്തി കോളേജിനടുത്തുള്ള ജ്യൂസ് കടയില്‍ അവിലിട്ട പഴം ജ്യൂസ് കഴിക്കാന്‍ പോകും. പിന്നെ നേരെ പള്ളിയിലേക്ക് ധൃതിയിലൊരു ഓട്ടപ്പാച്ചിലാണ്. ഏഴുമണി മുതല്‍ ഒന്‍പതരവരെ ഇടംവലം നോക്കാതെ പഠനത്തില്‍ മുഴുകും. നന്നായി പഠിക്കുന്നവര്‍ രാത്രി ഭക്ഷണത്തിനു ശേഷവും പഠിക്കാനിരിക്കും. ക്ലാസ്സില്‍ കളിച്ചിരിക്കുന്നവര്‍ക്ക് ശിക്ഷ കിട്ടുന്നതും പതിവാണ്. ഒഴിവുദിവസങ്ങളില്‍ ആവശ്യമുള്ളവര്‍ക്ക് ക്ലാസ്സ് റൂമുകളില്‍ വന്ന് വായിക്കുകയും എഴുതുകയും ചെയ്യാം. അധികവായന നടന്നിരുന്നത് ഒഴിവുദിവസങ്ങളിലാണ്. രാവിലെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കണം. എത്ര മഴയായാലും തണുപ്പായാലും. ആരെങ്കിലും കള്ളത്തരം കാട്ടി പുതച്ചുമൂടി കിടന്നാല്‍ ആദ്യം മുന്നറിയിപ്പ് കിട്ടും. പിന്നെ പുറത്താക്കലാണ്.  

രത്നകുമാരി ടീച്ചർക്കൊപ്പം
രത്നകുമാരി ടീച്ചർക്കൊപ്പം

ലക്ഷണമൊത്ത ഗ്രാമമാണ് അക്കാലത്ത് ചേന്ദമംഗല്ലൂര്‍. നെല്‍കൃഷിയാല്‍ സമ്പന്നമായ വയലുകളും പച്ചക്കറി, വാഴ, കപ്പ എന്നിവയാല്‍ സമൃദ്ധമായ പറമ്പുകളും കാണാന്‍ നല്ല ചേലുള്ള കാഴ്ചയാണ്. വേനല്‍ക്കാലത്ത് കുളിക്കാന്‍ തൊട്ടടുത്തുള്ള പുഴയിലേക്കാണ് പോകാറ്. നാട്ടില്‍ കുളംചാടി നേടിയ പരിചയസമ്പത്ത് പുഴ മുറിച്ച് കടന്ന് അക്കരയെത്താനും ഊളിയിട്ട് നീന്താനും ഏറെ സഹായിച്ചു. പുഴക്കടവിലേക്ക് പോകുമ്പോള്‍ ബഷീര്‍ കൂട്ടുണ്ടാകും. നീന്തലിലും ഊളിയിടലിലും എന്നെക്കാള്‍ മികവ് അവനായിരുന്നു. ബഷീറിന്റെ വീട് ചാലിയാര്‍ പുഴയുടെ തീരത്താണ്. അവന്റെ വീട്ടില്‍ പോകുമ്പോള്‍ പുഴയില്‍ ഞങ്ങള്‍ ഒരുപാട് സമയം നീന്തിയും ഊളിയിട്ടും കളിക്കും.  വോളിബോള്‍ ഗ്രൗണ്ട് കോളേജിനടുത്താണ് സജ്ജീകരിച്ചിരുന്നത്. കുറ്റിയാടി സ്വദേശികളായ  ഹമീദുമാരായിരുന്നു മികച്ച വോളിബോളര്‍മാര്‍. കൂട്ടത്തില്‍ പൊക്കം കൂടിയ ഹമീദ് ഒന്നാമന്‍ ലിഫ്റ്റ് അടിക്കുന്നതില്‍ മിടുക്കനാണ്. ഒരു ദിവസം കണ്ണഞ്ചിപ്പിക്കുന്ന സ്മാഷ് എടുത്ത് ഹമീദ് ഒന്നാമന്‍. എതിര്‍ കോര്‍ട്ടിന്റെ മധ്യത്തില്‍ തന്നെ അടി ചെന്ന് പതിച്ചു. ഞെട്ടിത്തരിച്ചതുകൊണ്ടാവാം ആരും കയ്യടിക്കുകയോ ആര്‍ത്തുവിളിക്കുകയോ ചെയ്തില്ല. അമ്പരപ്പിന്റേയും നിശ്ശബ്ദതയുടേയും ഏതാനും സെക്കന്റുകള്‍ ഇഴഞ്ഞുനീങ്ങി. തന്റെ സ്മാഷിന് ആരും കയ്യടിക്കാത്തതിനാല്‍ ഹമീദ് തന്നെ ആഹ്ലാദാരവങ്ങള്‍ മുഴക്കി ഉറക്കെ കയ്യടിച്ചു. കണ്ടുനിന്നവര്‍ ആശ്ചര്യപ്പെട്ടു. പിന്നെ അദ്ദേഹം പറഞ്ഞു: ''ഇത്ര നല്ലൊരു ലിഫ്റ്റിന് നിങ്ങള്‍ കയ്യടിക്കാത്തതുകൊണ്ട് എനിക്കു തന്നെ കൈ കൊട്ടേണ്ടിവന്നു.'' അവിടെയുണ്ടായിരുന്നവരെല്ലാം നിര്‍ത്താതെ ചിരിച്ചു. ഹമീദ് രണ്ടാമന്‍ അസുഖം ബാധിച്ച് പരലോകം പൂകിയതായി അറിഞ്ഞു. മരണം അങ്ങനെയാണ്. നിനച്ചിരിക്കാതെ കടന്നുവരും ഒരതിഥിയെപ്പോലെ. ഇടവേളകളില്‍ ഞാനും കളിക്കളത്തിലിറങ്ങി ഒരു കൈ നോക്കും. നീളക്കുറവുള്ളതിനാല്‍ മുന്‍നിരയില്‍ നില്‍ക്കാറില്ല. കലാകായിക മല്‍സരങ്ങള്‍ ഓരോ വര്‍ഷവും ചിട്ടയോടെ നടക്കും. വിവിധ ഹൗസുകളായി വിദ്യാര്‍ത്ഥികള്‍ വേര്‍തിരിക്കപ്പെടും. ഹൗസുകള്‍ തമ്മിലാണ് മല്‍സരം. അത്ലറ്റിക്സില്‍ ഞാനും നസ്റുദ്ദീനുമാണ് വാശിയോടെ ഓടാറ്. നൂറുമീറ്ററില്‍ നസ്റുദ്ദീന്‍ ഫസ്റ്റും ഞാന്‍ സെക്കന്റും ഇരുന്നൂറു മീറ്ററില്‍ ഞാന്‍ ഫസ്റ്റും നസ്റുദ്ദീന്‍ സെക്കന്റുമായിട്ടാണ് മൂന്നു വര്‍ഷവും അവസാനിച്ചത്. ഇതിനു പുറമെ നാനൂറ് മീറ്റര്‍ എണ്ണൂറ് മീറ്റര്‍ ഓട്ടങ്ങളിലും ഒന്നാം സ്ഥാനം എനിക്കാണ് കിട്ടാറ്. ഡിഗ്രിക്ക് ചേര്‍ന്നതോടെ കലാ-കായിക മത്സരങ്ങളില്‍നിന്ന് പൂര്‍ണ്ണമായും മാറിനിന്നു. ചേന്ദമംഗല്ലൂരില്‍ നിന്നാണ് പ്രസംഗകലയില്‍ അത്യാവശ്യം ശോഭിച്ചത്. സ്വന്തം എഴുതി സംവിധാനം ചെയ്ത നാടകങ്ങളില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചതും ഞാന്‍ തന്നെയാണ്. അച്ചാറ് തൊട്ട് കൂട്ടുന്ന പോലെ കലാകായിക രംഗങ്ങളിലും പഠനത്തിലുമെല്ലാം  സാന്നിദ്ധ്യമറിയിച്ച് അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ശ്രദ്ധ നേടാന്‍ സാധിച്ച നാളുകളാണ് ഇസ്ലാഹിയ  കോളേജിലേത്. 

സിഎം സ്റ്റീഫൻ
സിഎം സ്റ്റീഫൻ

അബൂദറുല്‍ ഗിഫാരി മുതല്‍ ഇമ്പിച്ചിബാവ വരെ

പ്രീഡിഗ്രിക്ക് ഒരദ്ധ്യാപകന്‍ പഠിപ്പിച്ചത് വര്‍ഷങ്ങള്‍ക്കു ശേഷം മുന്‍കൂട്ടി നോക്കുക പോലും ചെയ്യാതെ കുട്ടികളെ പഠിപ്പിക്കാന്‍ കഴിയണമെങ്കില്‍ എത്രമാത്രം ആ പാഠഭാഗങ്ങള്‍ നമ്മുടെ മനസ്സില്‍ പതിയണം! അങ്ങനെ ചില അനുഭവങ്ങള്‍ പങ്കുവെയ്ക്കാന്‍ പലര്‍ക്കുമുണ്ടാകും. പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇംഗ്ലീഷ് ക്ലാസ്സ് എടുത്തത് കോടഞ്ചേരിക്കാരന്‍ മാണി സാറാണ്. അദ്ദേഹത്തിന്റെ ഓരോ വാക്കും ശരീരഭാഷയും അദ്ദേഹം മരിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും മറവിയുടെ ചുഴിയില്‍ പെടാതെ ഓര്‍മ്മയുടെ ഓളങ്ങളില്‍  പൊങ്ങിക്കിടപ്പുണ്ട്. 'Enchanted Shirt' എന്ന  തലക്കെട്ടിലെ ആദ്യ കവിതയിലെ പ്രഥമ പാരഗ്രാഫ് ഇന്നും കാണാപ്പാഠമാണ്. 'The King was sick. his cheek was red, and his eye was clear and bright, but, he said he was sick.' രണ്ടാം അദ്ധ്യായം Abbot of Chanterbury, പിന്നെ Melting Pot, അതു കഴിഞ്ഞ് Solitary Reaper അങ്ങനെ പോകുന്നു ഓരോ കവിതകളുടെ പേരുകള്‍. ആംഗലേയ ഭാഷയുടെ സൗന്ദര്യം വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ പതിപ്പിക്കാന്‍ മാണിസാറിനുള്ള കഴിവ് അപാരമായിരുന്നു. തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിപ്പിച്ചും ക്ലാസ്സ് മുന്നോട്ടു പോകുമ്പോള്‍ സമയം പോകുന്നത് അറിയില്ല. ഗോവിന്ദന്‍ മാഷാണ് പ്രോസ് പഠിപ്പിച്ചത്. അദ്ദേഹമെടുത്ത 'Valiant Vicky the Brave Weaver' എന്ന സാമാന്യം നീണ്ട കഥ വളാഞ്ചേരി പ്രതിഭ ട്യൂട്ടോറിയല്‍ കോളേജില്‍ എം.എ കഴിഞ്ഞ ഉടനെ താല്‍ക്കാലിക അദ്ധ്യാപകനായി ചേര്‍ന്നപ്പോള്‍ കുട്ടികളെ പഠിപ്പിക്കാനായത് എന്റെ അദ്ധ്യാപക ജീവിതത്തിലെ അവിസ്മരണീയമായ കാര്യമാണ്. മധ്യപൗരസ്ത്യ ദേശങ്ങളിലെ സര്‍വ്വകലാശാലയില്‍ പഠിച്ച് വലിയ അനുഭവസമ്പത്തുള്ള അറിയപ്പെടുന്ന എഴുത്തുകാരനും പണ്ഡിതനുമായ ഒ. അബ്ദുല്ല സാഹിബിന്റെ ശിഷ്യത്വം ലഭിച്ചത് ഒരനുഗ്രഹമായാണ് ഞാന്‍ കരുതുന്നത്. കുട്ടികളെ സ്നേഹിച്ചു കളിയാക്കി പഠിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശൈലി പില്‍ക്കാലത്ത് ഞാനും അദ്ധ്യാപകനായപ്പോള്‍ അവലംബിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതെനിക്ക് ഒരുപാട് ശിഷ്യസുഹൃത്തുക്കളെ സൃഷ്ടിച്ചു തന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകന്‍ ഉമറുല്‍ ഫാറൂഖ് ഞങ്ങളുടെ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. അവന്റെ ഉപ്പ വിദേശത്തായിരുന്നു. തന്റെ പഠനമികവ് ബോദ്ധ്യപ്പെടുത്താന്‍ പിതാവിനെഴുതിയ കത്തില്‍ തന്റെ ക്ലാസ്സില്‍ ആണ്‍കുട്ടികളില്‍ ഒന്നാമന്‍ താനാണെന്ന് ഫാറൂഖ് എഴുതിയിരുന്നത്രെ. ഫാറൂഖിന്റെ ഉപ്പ ആ കത്ത് അനുജന്‍ അബ്ദുല്ല സാഹിബിന് അയച്ചുകൊടുത്തു. ഒരു ദിവസം ഫാറൂഖിനോട് ക്ലാസ്സ് എടുക്കുന്നതിനിടെ അദ്ദേഹം ഒരു ചോദ്യം ചോദിച്ചു. അവനതിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ല. ഉടനെ അബ്ദുല്ലാ സാഹിബിന്റെ പ്രതികരണം വന്നു: ''ഇക്കണക്കിനു പോയാല്‍ അടുത്ത പ്രാവശ്യം വാപ്പക്ക് കത്തെഴുതുമ്പോ എന്റെ ബെഞ്ചില്‍ ഞാനാണ് ഒന്നാമന്‍ എന്ന് എഴുതേണ്ടി വരും.'' ഇതു കേട്ട് ഞങ്ങള്‍ കാര്യമറിയാതെ അന്തിച്ചിരുന്നു. അപ്പോഴാണ് ഫാറൂഖിന്റെ കത്തിന്റെ കഥ അബ്ദുല്ല സാഹിബ് വെളിപ്പെടുത്തിയത്. ''ബെഞ്ചിമ്മെ ഞാനാണ് ഫസ്റ്റ്'' എന്നും പറഞ്ഞ് കുറേക്കാലം  ഞങ്ങള്‍ അവനെ കളിയാക്കിയത് ഇന്നും ചിരിക്കു വക നല്‍കുന്നതാണ്. ഓമശ്ശേരി സ്വദേശി ഒ.പി. അബ്ദുസലാം മൗലവിയാണ് അറബിയിലുള്ള മതാദ്ധ്യാപനങ്ങള്‍ പഠിപ്പിച്ചിരുന്നത്. അസാമാന്യ ക്ഷമയും അതിരുകവിഞ്ഞ വിനയവും മുഖമുദ്രയാക്കിയ കക്ഷിത്വം തൊട്ടുതീണ്ടാത്ത ഒരു നല്ല മനുഷ്യനെയാണ് അദ്ദേഹത്തില്‍ ഞങ്ങള്‍ കണ്ടത്. മന്ത്രിയായിരിക്കെ ഞാനദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടിരുന്നു. അബ്ദുസലാം മൗലവി പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. അവിടെ കണ്ടതും കേട്ടതും ഇതിവൃത്തമാക്കി രചിച്ച നോവലിന്റെ പ്രകാശനത്തിന്  എന്റെ ഗുരുനാഥന്‍ എന്നെയാണ് ക്ഷണിച്ചത്. ഒരു വിദ്യാര്‍ത്ഥിക്കു അദ്ധ്യാപകനില്‍നിന്നു ലഭിക്കാവുന്ന ഏറ്റവും വലിയ ഗുരുത്വമായിട്ടാണ് ഞാനതിനെ കണ്ടത്. പുസ്തകം ഏറ്റുവാങ്ങിയത് ഒ. അബ്ദുറഹ്മാന്‍ സാഹിബാണ്. അത് മറ്റൊരനുഗ്രഹം. എം.സി. അബ്ദുല്ല മൗലവിയും യു.കെ. ഉസ്താദും ഹോസ്റ്റല്‍ വാര്‍ഡന്‍ കുറ്റിയാടിക്കാരന്‍ വി.പി. അബൂബക്കര്‍ മൗലവിയും ഇ.എന്‍. അബ്ദുള്ള മൗലവിയും ഇ.എന്‍. മുഹമ്മദ് മൗലവിയും ധനതത്ത്വശാസ്ത്രത്തില്‍ താല്പര്യമുണ്ടാക്കിത്തന്ന മികച്ച അദ്ധ്യാപകരായിരുന്ന റസാഖ് മാഷും മുത്തലിബ് സാറും യൂസുഫലി മാഷും ഫിലോസഫിക്കലായി ഇംഗ്ലീഷ് എടുത്ത എം.എ കാരപ്പഞ്ചേരി സാറും ചരിത്രബോധം ഹൃദയത്തിലേക്ക് സന്നിവേശിപ്പിച്ച കാസിം ഇരിക്കൂര്‍ മാഷും സലാം സാറും ഇസ്ലാഹിയാ കോളേജിലെ ഗുരുഗണത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്നവരാണ്.

ഇകെ ഇമ്പിച്ചിബാവ
ഇകെ ഇമ്പിച്ചിബാവ

കോളേജിന്റെ ഒരു വാര്‍ഷിക പരിപാടിക്ക് അക്കാലത്തെ എണ്ണം പറഞ്ഞ കമ്യൂണിസ്റ്റായിരുന്ന ഇ.കെ. ഇമ്പിച്ചിബാവ പ്രസംഗിക്കാന്‍ വന്നത് ഏറെ കോളിളക്കമുണ്ടാക്കി. ജമാഅത്തെ ഇസ്ലാമിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആശയതലത്തില്‍ ഏറ്റുമുട്ടലുകള്‍ നടക്കുന്ന സമയമാണത്. എന്നാല്‍, പ്രായോഗികമായി ഇരുകൂട്ടരും സൗഹൃദത്തിലുമാണ്. നാടന്‍ ശൈലിയിലുള്ള ഇമ്പിച്ചിബാവയുടെ പ്രസംഗം ആദ്യമായാണ് ഞാന്‍ കേള്‍ക്കുന്നത്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ഒരു വാചകം ഇടിനാദം പോലെ ചെവിയില്‍ അലക്കുന്നുണ്ട്. ''മുസ്ലിമായ ആദ്യത്തെ കമ്യൂണിസ്റ്റ് ഞാനാണെന്നാണ്  നാട്ടിലുള്ള പലരും തെറ്റുദ്ധരിച്ചിരിക്കുന്നത്. അതവരുടെ അറിവില്ലായ്മ കൊണ്ടാണ്. ഇസ്ലാമിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഇമ്പിച്ചിബാവയല്ല, പൊതുമുതല്‍ പാവങ്ങള്‍ക്ക് നല്‍കണമെന്ന് ഉറക്കെപ്പറഞ്ഞ അബൂദറുല്‍ ഗിഫാരിയാണ്.'' ഇതുകേട്ട് വേദിയിലും സദസ്സിലുമുള്ള കാര്യമറിയുന്നവര്‍ കയ്യടിച്ച് ചിരിച്ചു. കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് ഒന്നും പിടികിട്ടിയില്ല. പിന്നെ കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് വലിയ മതപ്രഭാഷകനായിരുന്ന വൈലിത്തറ മുഹമ്മദ് മൗലവിയുടെ പ്രസംഗ കാസറ്റ് കേട്ടപ്പോഴാണ് സഖാവ് ഇമ്പിച്ചിബാവ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ സന്തത സഹചാരിയായിരുന്നു അബൂദറുല്‍ ഗിഫാരി. ധനാഢ്യനായിരുന്ന അദ്ദേഹം കയ്യിലുള്ളതെല്ലാം  ദാനം ചെയ്തു. മൂന്നാം ഖലീഫ ഉസ്മാന്റെ കാലത്ത് ഗിഫാരി അപകടകരമായ ഒരു വാദമുയര്‍ത്തി. പൊതുഖജനാവില്‍ ഒരു പൈസ പോലും മിച്ചം വെക്കരുത്. മുഴുവനും ആവശ്യക്കാരായ പാവങ്ങള്‍ക്ക് വിതരണം ചെയ്യണം. ഇത് ജനങ്ങളെ വല്ലാതെ സ്വാധീനിച്ചു. പ്രത്യാഘാതം മണത്ത ഖലീഫ അബൂദറുല്‍ ഗിഫാരി പറയുന്നതിലെ ആത്മാര്‍ത്ഥത പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം ഗിഫാരിയെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി സ്വര്‍ണ്ണനാണയങ്ങള്‍ അടങ്ങുന്ന ഒരു കിഴി സമ്മാനിച്ചു. അദ്ദേഹത്തിന്റെ സേവനത്തെ ഖലീഫ പ്രകീര്‍ത്തിക്കുകയും ചെയ്തു. പണക്കിഴി വാങ്ങി ഗിഫാരി വീട്ടിലേക്കു പോയി. രണ്ട് ദിവസം കഴിഞ്ഞ് അദ്ദേഹത്തെ ഖലീഫ ആളെ അയച്ച് വരുത്തി. പ്രമുഖരായ പലരും ഗിഫാരി എത്തിയപ്പോള്‍ സദസ്സിലുണ്ടായിരുന്നു. മുഖവുരയില്ലാതെ ഭരണാധികാരിയായിരുന്ന ഉസ്മാന്‍ ഗിഫാരിയോട് ഒരഭ്യര്‍ത്ഥന നടത്തി. രണ്ട് ദിവസം മുന്‍പ് സമ്മാനമായി താന്‍ നല്‍കിയ പണസഞ്ചി ചില അത്യാവശ്യം വന്നിരിക്കുന്നതിനാല്‍ തിരിച്ചു നല്‍കിയാല്‍ നന്നായിരുന്നു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞ് ഖജനാവില്‍ പണം വരുമ്പോള്‍ തിരിച്ചു നല്‍കാം. ഇതുകേട്ട പ്രവാചക സഹചാരി പറഞ്ഞുവത്രെ: ''വിശ്വാസികളുടെ നേതാവേ, താങ്കള്‍ നല്‍കിയ പണക്കിഴിയില്‍ ഒരു തുട്ടുപോലും എന്റെ കയ്യില്‍ ബാക്കിയില്ല. ഞാനത് താങ്കള്‍ സമ്മാനിച്ച അന്നുതന്നെ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്തു.'' ഇതുകേട്ട ഖലീഫ ഉള്‍പ്പടെയുള്ള എല്ലാവരും ഞെട്ടി. അബൂദറുല്‍ ഗിഫാരി, പറഞ്ഞ വാക്കില്‍ നൂറു ശതമാനം സത്യസന്ധനാണെന്ന് അവിടെ കൂടിയവര്‍ക്കെല്ലാം ബോദ്ധ്യമായി. ഇങ്ങനെ ഒരാളെ ജനങ്ങള്‍ക്കിടയില്‍ വിഹരിക്കാന്‍ വിട്ടാല്‍ ഭരണം നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് പൊതു അഭിപ്രായമുയര്‍ന്നു. ജനസമ്പര്‍ക്കത്തിനു സാദ്ധ്യത കുറഞ്ഞ ഒരിടത്തേക്ക് അബൂദറുല്‍ ഗിഫാരിയെ എല്ലാ ബഹുമാനാദരങ്ങളോടെയും നാട് കടത്താന്‍ ഭരണ നിര്‍വ്വഹണ സമിതിയുടെ തീരുമാനപ്രകാരം  ഖലീഫ ഉത്തരവിട്ടു. തന്റെ മരണാനന്തര ചടങ്ങിനു പോലും ഒരു നയാപൈസ സമ്പാദിച്ചുവെക്കാതെ മരണം വരിച്ച മഹാനായ അബൂദറുല്‍ ഗഫാരി ഇസ്ലാമിക ചരിത്രത്തിലെ ആവേശോജജ്വലമായ ഒരേടാണ്. പൊതുസമ്പത്ത് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്ന തീവ്ര നിലപാടായിരുന്നു ഗിഫാരിയുടേത്. ഇമ്പിച്ചിബാവ പറഞ്ഞതിന്റെ അര്‍ത്ഥതലം എനിക്കു മനസ്സിലായത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ജീവിച്ച് ജനമനസ്സുകളില്‍ കടലോളം വളര്‍ന്ന് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ, പുസ്തകാറിവുകളുടെ പണ്ഡിതപട്ടം ചാര്‍ത്തിക്കിട്ടാത്ത അനുഭവങ്ങളുടെ പെരുന്തച്ചന് വിശ്വാസിയായ ഒരു ഇടതുപക്ഷ സഹയാത്രികന്റെ അകമഴിഞ്ഞ പ്രാര്‍ത്ഥനകള്‍.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com