എന്റെ സിനിമാഭ്രമങ്ങള്‍ 

ചെറുപ്പത്തില്‍ ബസിന്റെ സൈഡ് സീറ്റിലിരുന്ന് കാഴ്ചകള്‍ കണ്ട് യാത്രചെയ്യാനായിരുന്നു താല്പര്യം. ഇന്നത്തെ മലപ്പുറം ജില്ലയുടെ ഭൂപ്രദേശത്ത് രണ്ട് റെയില്‍വേ സ്റ്റേഷനേ ഉണ്ടായിരുന്നുള്ളൂ. തിരൂരും കുറ്റിപ്പുറവും
എന്റെ സിനിമാഭ്രമങ്ങള്‍ 

ളാഞ്ചേരി എന്റെ പെറ്റമ്മയാണെങ്കില്‍ കുറ്റിപ്പുറം എനിക്ക് പോറ്റമ്മയാണ്. ചേളാരിയില്‍നിന്ന് എട്ടാം ക്ലാസ്സ് കഴിഞ്ഞ് ഒന്‍പതാം ക്ലാസ്സില്‍ ചേരാന്‍ വളാഞ്ചേരി ഹൈസ്‌കൂളാണോ കുറ്റിപ്പുറം ഹൈസ്‌കൂളാണോ യോജ്യം എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ ഉപ്പതന്നെയാണ് കുറ്റിപ്പുറം തീരുമാനിച്ചത്. അതിനു രണ്ട് കാരണങ്ങളുണ്ടെന്നാണ് എന്റെ വിശ്വാസം. ഒന്ന് ഉപ്പയുടെ ജ്യേഷ്ഠന്റെ മകന്‍ കെ.ടി. മുഹമ്മദ് മാഷ് കുറ്റിപ്പുറം ഹൈസ്‌കൂളിലെ യു.പി. സെക്ഷനിലാണ് ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഒരു മേല്‍നോട്ടം എന്റെ മേലുണ്ടാകും. സ്വാഭാവികമായും അത് നല്ലനടപ്പിനു സഹായിച്ചേക്കുമെന്ന് ഉപ്പ കരുതിക്കാണും. രണ്ട്, വളാഞ്ചേരി ഹൈസ്‌കൂളിലേക്ക്  ഏതാണ്ട് ഒന്നര കിലോമീറ്റര്‍ അങ്ങാടി കടന്ന് നടന്ന് പോകണം. മാത്രമല്ല, പാടവും താമരക്കുളവും താണ്ടിയേ സ്‌കൂളിലെത്താനാകൂ. കുറ്റിപ്പുറം ഹൈസ്‌കൂളിലേക്ക് പോകാന്‍ എളുപ്പമാണ്. വീടിന്റെ ഏതാണ്ട് തൊട്ടടുത്തുള്ള മുക്കിലപ്പീടികയില്‍ ചെന്നാല്‍ ബസ് കിട്ടും. സ്‌കൂളിന്റെ മുന്നില്‍ പോയി ഇറങ്ങാം. കുറ്റിപ്പുറം ഹൈസ്‌കൂളില്‍ ചെലവിട്ട രണ്ട് കൊല്ലം ഓര്‍ക്കാനും ഓമനിക്കാനും ഒരുപാട് മുഹൂര്‍ത്തങ്ങള്‍ നല്‍കിയ കാലയളവാണ്. കുറ്റിപ്പുറം എനിക്ക് നന്നേ ബോധിച്ചു. സ്‌കൂളില്‍ ഷിഫ്റ്റ് സമ്പ്രദായമാണ് നിലനിന്നിരുന്നത്. രാവിലെ 8.30-ന് തുടങ്ങി ഉച്ചയ്ക്ക് 1 മണിക്ക് അവസാനിക്കുന്ന ഷിഫ്റ്റിലാണ് ഞാന്‍ പഠിച്ചിരുന്നത്. നിളാ തീരത്തിന്റെ കലാ-സാംസ്‌കാരിക പാരമ്പര്യം കേളി കേട്ടതാണ്. 1861 ഫെബ്രുവരി 22-നാണത്രെ  ആദ്യത്തെ തീവണ്ടി ചൂളമിട്ട് കുറ്റിപ്പുറത്തെത്തിയത്. ഉള്‍ഗ്രാമങ്ങളിലെ വിലപിടിപ്പുള്ള സുഗന്ധദ്രവ്യങ്ങളും വനങ്ങളിലെ അപൂര്‍വ്വ മരങ്ങളും ഔഷധമൂല്യമുള്ള സസ്യങ്ങളും തുറമുഖങ്ങളിലെത്തിച്ച്  ബ്രിട്ടനിലെത്തിക്കാനുള്ള സുഗമമായ പാതയായാണ് റെയില്‍വേ ലൈനിനെ അന്നത്തെ ഭരണകൂടം ഉപയോഗിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എതിര്‍ത്തവരെ അടിച്ചമര്‍ത്താന്‍ പട്ടാളത്തെ എത്തിക്കുന്നതിനും റെയില്‍പാത യഥേഷ്ടം പ്രയോജനപ്പെടുത്തി. യഥേഷ്ടം തീവണ്ടികള്‍ കണ്ടത് കുറ്റിപ്പുറത്ത് പഠിക്കുമ്പോഴാണ്. പക്ഷേ, എന്തോ വളരെ കുറച്ചേ ആ കാലത്ത് ട്രെയിനില്‍ യാത്ര ചെയ്തിട്ടുള്ളൂ. 

ചെറുപ്പത്തില്‍ ബസിന്റെ സൈഡ് സീറ്റിലിരുന്ന് കാഴ്ചകള്‍ കണ്ട് യാത്രചെയ്യാനായിരുന്നു താല്പര്യം. ഇന്നത്തെ മലപ്പുറം ജില്ലയുടെ ഭൂപ്രദേശത്ത് രണ്ട് റെയില്‍വേ സ്റ്റേഷനേ ഉണ്ടായിരുന്നുള്ളൂ. തിരൂരും കുറ്റിപ്പുറവും. ഗുരുവായൂര്‍, കാടാമ്പുഴ, തിരുനാവായ, പുത്തന്‍പള്ളി, പൊന്നാനി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെത്താന്‍ വിദൂര ദിക്കുകളില്‍നിന്ന് വരുന്നവര്‍ ആശ്രയിച്ചത് പ്രധാനമായും കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനെയാണ്. ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള കുറ്റിപ്പുറം പാലം 1946-ല്‍ പണി തുടങ്ങി 1953-ല്‍ ജനങ്ങള്‍ക്ക് തുറന്നുകൊടുത്തതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. മദിരാശി സര്‍ക്കാരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന യാക്കൂബ് ഹസ്സനില്‍ പി.കെ. മൊയ്തീന്‍കുട്ടി സാഹിബിനുണ്ടായിരുന്ന സ്വാധീനം പാലം യാഥാര്‍ത്ഥ്യമാകുന്നതിനു കാരണമായതായി കുറ്റിപ്പുറത്തിന്റെ പ്രാദേശിക ചരിത്രകാരന്‍ എ.എ. കുഞ്ഞാപ്പുട്ടിക്ക പറഞ്ഞത് ഓര്‍ക്കുന്നു. പാലം ഉദ്ഘാടനം ചെയ്തത് 1953-ലെ പി.ഡബ്ല്യു.ഡി മന്ത്രി ഭക്തവല്‍സനാണെന്നു ശിലാഫലകം വ്യക്തമാക്കുന്നു. ഇടശ്ശേരി ഗോവിന്ദന്‍ നായരുടെ ജന്മംകൊണ്ട് ധന്യമാകാനും കുറ്റിപ്പുറത്തിനു ഭാഗ്യമുണ്ടായി. എ.എ മലയാളിയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയായതും കുറ്റിപ്പുറമാണ്. 1962-ലാണ് കുറ്റിപ്പുറം ഹൈസ്‌കൂള്‍ ആരംഭിച്ചത്. അതിനും എത്രയോ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സ്ഥാപിച്ച പ്രൈമറി സ്‌കൂളാണ് ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടത്. കുറ്റിപ്പുറത്തിന് ഒരു തിലകച്ചാര്‍ത്തായാണ് 1975-ല്‍ എഫ്.സി.ഐ ഗോഡൗണ്‍ ആരംഭിച്ചത്. സ്വാതന്ത്ര്യത്തിനു മുന്‍പ് മലബാറിലെ രണ്ട് താലൂക്കുകളില്‍ ഒന്ന് കുറ്റിപ്പുറം ആസ്ഥാനമായാണ് പ്രവര്‍ത്തിച്ചത്. പഴമക്കാര്‍ സാക്ഷ്യപ്പെടുത്തിയ വിവരമാണിത്. ഭാരതപ്പുഴ മാറ് വിടര്‍ത്തി വളഞ്ഞുപുളഞ്ഞ് തഴുകിത്തലോടി കടന്നുപോകുന്നത് കുറ്റിപ്പുറത്തിന്റെ ഓരം ചേര്‍ന്നാണ്. 

സൗഹൃദങ്ങളുടെ വസന്തകാലം തീര്‍ത്ത പൂപ്പന്തലാണ് എനിക്ക് നിളാതീരം. മഹാനദികളുടെ തീരങ്ങളിലായിരുന്നല്ലോ ലോകോത്തര നാഗരികതകളുടെ ജന്മം. ഭാരതപ്പുഴയുടെ തീരങ്ങളില്‍ താമസിക്കുന്ന മനുഷ്യരുടെ സംസ്‌കാരത്തെ രൂപപ്പെടുത്തിയതില്‍ ഈ നദിയും പങ്കുവഹിച്ചിട്ടുണ്ടാകും. ഒന്‍പതാം ക്ലാസ്സിലും പത്താം ക്ലാസ്സിലും എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു അയ്യൂബും ചന്ദ്രനും വി.പി. ലത്തീഫും മുഹമ്മദലിയും കിഷോറും സുനിലും ഹനീഫയും അനൂപും ലത്തീഫും. എന്റെ ഒരു വര്‍ഷം സീനിയറായിരുന്നു സീതിയും ഇക്ബാലും ഫിറോസും. കുറ്റിപ്പുറം ഹൈസ്‌കൂള്‍ ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. കുമ്പിടിയിലേക്ക് ആളുകളും കുട്ടികളും യാത്ര ചെയ്ത ചങ്ങണക്കടവ് സ്‌കൂളിന്റെ സമീപത്താണ്. അക്കാലത്ത് പഴയ കെട്ടിടങ്ങളിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചത്. ഒരിക്കല്‍ സ്‌കൂള്‍ മുറ്റത്ത് ഞാന്‍ തലചുറ്റി വീണത് ഓര്‍ക്കുന്നു. ഉപ്പ എല്ലാ ദിവസവും 75 പൈസ ചില്ലറയാക്കി കൊണ്ടുവരും. 50 പൈസ ഭക്ഷണത്തിന്. 25 പൈസ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ബസ് ചാര്‍ജ്. ഇന്നത്തെ റെയില്‍വേ മേല്‍പ്പാലം അന്നില്ലായിരുന്നു. ഞങ്ങളുടെ സ്‌കൂളിനു മുന്നിലൂടെയാണ് നാഷണല്‍ ഹൈവേ കടന്നുപോയിരുന്നത്. സ്‌കൂളിന്റെ കവാടത്തിനു മുന്നിലാണ് റെയില്‍വേ ഗേറ്റ്. അതുകൊണ്ടു തന്നെ ഏതാണ്ടെല്ലാ ബസുകളും സ്‌കൂളിനു മുന്നില്‍ നിര്‍ത്തും. ഇന്നത്തെപ്പോലെ കുട്ടികളോട് ചതുര്‍ത്തിയൊന്നും ബസുകാര്‍ക്ക് ഉണ്ടായിരുന്നില്ല. വല്ല ദീര്‍ഘദൂര ബസുകളും കുട്ടികളെ കയറ്റിയില്ലെങ്കില്‍ ബസ് തടയലും സമരവുമൊക്കെ സാധാരണം. 

കുറ്റിപ്പുറം പാലം
കുറ്റിപ്പുറം പാലം

കുട്ടികളുടെ വിശപ്പിന് ശമനം നല്‍കിയിരുന്ന കേന്ദ്രം സ്‌കൂളിനു മുന്നിലുള്ള റോളക്സ് ഹോട്ടലാണ്. രണ്ട് പൊറോട്ട ബീഫിന്റെ കഷ്ണമില്ലാതെ 'പെയിന്റടിച്ച്' നല്‍കിയാല്‍ 50 പൈസയാണ്. 10.30-ന് ഇന്റര്‍വെല്ലിനു വിടുമ്പോഴാണ് റോളക്സിലേക്കുള്ള കുട്ടികളുടെ ഓട്ടം. എല്ലാവരേയും തൃപ്തിപ്പെടുത്തി വിളമ്പിത്തരാന്‍ കാട്ടിപ്പരുത്തിക്കാരന്‍ ഇബ്രാഹിംക്ക നിറഞ്ഞ ചിരിയോടെ റോളക്സില്‍ ഉണ്ടാകും. പലരും കടം പറയും. ഞാന്‍ ഒരുദിവസം പോലും കടം പറഞ്ഞത് ഓര്‍മ്മയില്ല. അത്ര കൃത്യമായിരുന്നു ഉപ്പയുടെ 75 പൈസ.  റോളക്സിന്റെ ഉടമയും കാഷ്യറുമായ അബ്ദുല്ലാക്ക ഞങ്ങള്‍ക്ക് സ്നേഹസ്വരൂപനായിരുന്നു. ഉച്ചകഴിഞ്ഞ് കുറ്റിപ്പുറത്ത് നില്‍ക്കേണ്ടിവന്നാല്‍ ലത്തീഫിന്റെ വീട്ടിലേക്കാണ് ഊണിനു പോവുക. അവന്റെ ജ്യേഷ്ഠന്‍  സീതിയും എന്റെ സുഹൃത്തായിരുന്നു. അവരുടെ ഉമ്മ പാകംചെയ്ത നാടന്‍ വിഭവങ്ങളാല്‍ സമൃദ്ധമായ ഭക്ഷണം നല്‍കിയ ആശ്വാസത്തിന്റെ വലിപ്പം അളവറ്റതാണ്. ഫുട്ബോളില്‍ ഭ്രാന്ത് കയറി നേരത്തിനു ഭക്ഷണം കഴിക്കാന്‍ ലത്തീഫ് വീട്ടിലെത്താറില്ലെന്ന് ഉമ്മ പരിഭവം പറഞ്ഞിരുന്നു. പുഴയോരത്ത് പച്ചക്കറി നട്ട് നനച്ച് വളര്‍ത്തിയാണ് ഒരു സീസണ്‍ മുഴുവന്‍ അവരുടെ ആവശ്യത്തിനുള്ള മത്തനും കുമ്പളവും പയറും വെണ്ടയും പടവലങ്ങയും തണ്ണിമത്തനും കണ്ടെത്തിയത്. പലപ്പോഴും പച്ചക്കറികള്‍ തേവി നനക്കുന്നത് കാണാന്‍ ഞാനും പുഴയ്ക്കരികില്‍ പോയി നില്‍ക്കും.   

പതം വരുത്തിയ മനസുകള്‍

അന്നം തന്ന മറ്റൊരു വീടാണ് യാഹുട്ട്യാക്കാന്റേത്. അദ്ദേഹത്തിന്റെ മകന്‍ ഹൈദരലി എം.എസ്.എഫിന്റെ നേതാവായിരുന്നു. സ്നേഹത്തോടെ മാത്രം പെരുമാറിയ ആളാണ് ഹൈദരലി. എം.എസ്.എഫിന്റെ മണ്ഡലം സെക്രട്ടറിയായിരുന്നു അദ്ദേഹം. പുതിയ കമ്മിറ്റി വരുമ്പോള്‍ ഹൈസ്‌കൂളില്‍നിന്ന് ഞാനടക്കം രണ്ടുമൂന്ന് പേരെ ഹൈദരലി കൂടെക്കൂട്ടും. എന്നെ രഹസ്യമായി വിളിച്ച് കമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട പാനല്‍ കയ്യില്‍ തന്ന് പറയും: ''നിന്റെ പേര് ഞാന്‍ ജോയിന്റ് സെക്രട്ടറിയാക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്.'' അവതരിപ്പിക്കുന്നതിനു മുന്‍പ് ഒരാവര്‍ത്തി വായിക്കാന്‍ തുറന്നു നോക്കും. ജനറല്‍ സെക്രട്ടറിക്കു നേരെ  എ. ഹൈദരലി എന്ന് കട്ടികൂട്ടി  എഴുതിയിട്ടുണ്ടാകും. ഹൈദരലി ഏല്പിക്കുന്ന പാനല്‍ വായിക്കാന്‍ ഹൈസ്‌കൂള്‍ കുട്ടിയായിരുന്ന എനിക്ക് കിട്ടിയിരുന്ന പാരിതോഷികമായിരുന്നു കുറ്റിപ്പുറം മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം. ഫുട്ബോളും വോളിബോളും കളിക്കുന്ന സ്‌കൂള്‍ ടീമില്‍ അയ്യൂബും ലത്തീഫും രാജനും റഷീദും മൊയ്തീന്‍കുട്ടിയും  സ്റ്റാറുകളായിരുന്നു. കൂട്ടത്തില്‍ ഏറ്റവും കേമന്‍ അയ്യൂബാണ്. തൊട്ടടുത്ത് ലത്തീഫും രാജനും നില്‍ക്കും. പില്‍ക്കാലത്ത് കളക്ഷന്‍ ടൂര്‍ണമെന്റില്‍ പ്രശസ്ത ടീമുകളുടെ ജഴ്സിയണിഞ്ഞ് ഇവര്‍ കുറ്റിപ്പുറത്തെ ആവേശത്തേരിലേറ്റി. 'അമ്മായീം കുടിച്ച് പാക്കഞ്ഞി' എന്നു പറഞ്ഞപോലെ കളിക്ക് ആളെ തികയ്ക്കാന്‍ വലവീശുന്ന  അസുലഭ സന്ദര്‍ഭങ്ങളില്‍ ഞാനും ഗത്യന്തരമില്ലാതെ കളത്തിലിറങ്ങി. പക്ഷേ, ഒരിക്കലും എനിക്ക് ശോഭിക്കാന്‍ കഴിഞ്ഞില്ല. വാസുമാഷായിരുന്നു  ഫിസിക്കല്‍ എഡ്യുക്കേഷന്‍ ടീച്ചര്‍. ബാലകൃഷ്ണന്‍ മാഷും പി.ടി. മാഷുടെ റോളില്‍ ചിലപ്പോള്‍ പ്രത്യക്ഷപ്പെടും. കളിയിലെ മിടുക്കര്‍ പിഴവു വരുത്തിയാല്‍ അവര്‍ക്ക് ശിക്ഷ കിട്ടുന്നത് അപൂര്‍വ്വമായിരുന്നില്ല. കളിയിലെ കേമന്‍മാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടാതിരുന്നതുകൊണ്ട് ഡ്രില്‍ മാഷുടെ ശിക്ഷ എനിക്ക് കിട്ടിയിരുന്നേയില്ല.

ചേളാരി സമസ്താലയത്തില്‍ വെച്ചുതന്നെ മുസ്ലിം ലീഗിനോട് ആഭിമുഖ്യം തോന്നിത്തുടങ്ങിയിരുന്നു. ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ ലീഗിന്റെ പല പ്രമുഖ നേതാക്കളും ഞങ്ങളുടെ ഹോസ്റ്റലിനു മുകളിലുള്ള കേരളത്തിലെ പ്രമുഖ പണ്ഡിതസഭയുടെ ഓഫീസില്‍ വരുന്നതു കണ്ട് വളര്‍ന്നത് മനസ്സില്‍ ലീഗ് കടന്നുവരുന്നതിനു കാരണമായെന്നു പറയാം. ഉപ്പാക്ക് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയോടും പ്രത്യേക അടുപ്പം ഉണ്ടായിരുന്നില്ല. പൊതുവില്‍ വലതുപക്ഷ പാര്‍ട്ടികളോടുള്ള അതൃപ്തി മറ്റുള്ളവരുമായുള്ള സംസാരത്തില്‍ പ്രതിഫലിക്കുന്നത് കേട്ടിട്ടുണ്ട്. ഉപ്പയുടെ വകയിലൊരു ജ്യേഷ്ഠന്‍ കെ.ടി. സൈത് കോണ്‍ഗ്രസ്സായിരുന്നു. അദ്ദേഹം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിട്ടുണ്ട്. സി.പി.ഐ (എം) പ്രാദേശിക നേതാവ് ടി.ആര്‍. കുഞ്ഞികൃഷ്ണനെയാണ് അദ്ദേഹം തോല്‍പ്പിച്ചത്. സഖാവ് കുഞ്ഞികൃഷ്ണന്‍ എല്ലാവര്‍ക്കും സ്വീകാര്യനായ വ്യക്തിയാണ്. നാട്ടിലെ സമ്പന്നരുടെ കൂട്ടത്തില്‍ ഒരാളായിരുന്നു അദ്ദേഹം. പല സ്ഥലത്തും ടി.ആര്‍. മാനേജരായി എയ്ഡഡ് സ്‌കൂളുകളും വളാഞ്ചേരിയില്‍ ഒരു ടി.ടി.ഐയും പ്രവര്‍ത്തിക്കുന്നു. മതവും ജാതിയും രാഷ്ട്രീയവും നോക്കാതെ പാവപ്പെട്ടവരെ സഹായിക്കാന്‍ അദ്ദേഹത്തിനു യാതൊരു മടിയുമുണ്ടായിരുന്നില്ല. മുസ്ലിം സമൂഹവുമായി സഖാവിനുണ്ടായിരുന്ന അടുപ്പം പ്രത്യേകം എടുത്തുപറയേണ്ടതാണ്. എന്റെ പിതാവിന്റെ ചങ്ങാതിയായിരുന്നു ടി.ആര്‍. കുഞ്ഞികൃഷ്ണന്‍. കുറ്റിപ്പുറം മണ്ഡലത്തില്‍നിന്ന് നിയമസഭയിലേക്കും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. ടി.ആര്‍. കുഞ്ഞികൃഷ്ണന്റെ മരണത്തോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ടായ നഷ്ടം വളാഞ്ചേരി മേഖലയില്‍ ഇന്നും നികത്തപ്പെട്ടിട്ടില്ല. 

ശിഹാബ് തങ്ങൾ
ശിഹാബ് തങ്ങൾ

എന്റെ ഉമ്മയുടേയും ഉപ്പയുടേയും കുടുംബത്തില്‍ ഭൂരിഭാഗം പേരും കോണ്‍ഗ്രസ്സുകാരാണ്. ലീഗുകാരും കുറവല്ല. കമ്യൂണിസ്റ്റുകാര്‍ പരിമിതമായേ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ചെറുപ്പത്തില്‍ 'ദേശാഭിമാനി' പത്രം കണ്ടതും വായിച്ചതും എന്റെ മൂത്താപ്പയുടെ മകന്‍ കെ.ടി. മുഹമ്മദ് മാഷുടെ വീട്ടില്‍ നിന്നാണ്. അദ്ദേഹം ഇടതുപക്ഷ അദ്ധ്യാപക സംഘടനയുടെ  നേതാവായിരുന്നു. മറ്റൊരു മൂത്താപ്പയുടെ മകന്‍ റസാഖ് മുന്‍ ചീഫ് വിപ്പ് കെ.പി.എ. മജീദ് സാഹിബിനൊപ്പം മലപ്പുറം ജില്ലാ യൂത്ത്ലീഗിന്റെ ഭാരവാഹിയായത് കേട്ടിട്ടുണ്ട്. കുട്ടിക്കാലത്ത് സി.എച്ചിന്റെ പ്രസംഗങ്ങള്‍ എന്നെ ലീഗിനോട് അടുപ്പിച്ചു. അന്നൊക്കെ ഗ്രാമങ്ങളില്‍ നടന്ന ലീഗ് ജാഥകളില്‍ മുഴങ്ങിക്കേട്ട താളാത്മകമായ മുദ്രാവാക്യങ്ങളും എനിക്ക് ആകര്‍ഷണീയമായി തോന്നി. ചേളാരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്ന വിദ്യാര്‍ത്ഥി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എം.എസ്.എഫ് ജയിച്ചതിനെ തുടര്‍ന്ന് നടത്തിയ പ്രകടനത്തില്‍ ഞാനും പങ്കെടുത്തിരുന്നു. ഉസ്മാനാണ് വിജയാഹ്ലാദത്തിനു നേതൃത്വം നല്‍കിയത്. ഹോസ്റ്റലിലെ കുട്ടികള്‍ ഒരു ജാഥയിലും പങ്കെടുക്കരുത് എന്ന കര്‍ശന നിയന്ത്രണമുള്ളതിനാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ജാഥയില്‍നിന്ന് മാറിനിന്നു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ  മുഹമ്മദ്കുട്ടിക്കും അയ്യൂബിനും ലത്തീഫിനുമൊക്കെ അടുപ്പം കോണ്‍ഗ്രസ്സിനോടായിരുന്നു. സൗഹൃദത്തിനു പോറലേല്‍ക്കാതെ ഞാന്‍ എം.എസ്.എഫിലും അവര്‍ കെ.എസ്.യുവിലും പ്രവര്‍ത്തിച്ചു. ലീഗും കോണ്‍ഗ്രസ്സും സഖ്യകക്ഷികളായിരുന്നെങ്കിലും ഉള്ളില്‍ കടുത്ത രാഷ്ട്രീയ ശത്രുത പരസ്പരം പുലര്‍ത്തിയിരുന്നു. എസ്.എഫ്.ഐയോടുള്ളതിനെക്കാള്‍ അകലം എം.എസ്.എഫിനും കെ.എസ്.യുവിനുമിടയില്‍ ഉണ്ടായിരുന്നു. 

കുറ്റിപ്പുറം ഹൈസ്‌കൂളിലെ എം.എസ്.എഫുകാര്‍ സൈ്വരവിഹാരം നടത്തിയത് പ്രാദേശിക ലീഗ് നേതാവ് യാഹുട്ട്യാക്കാന്റെ സ്‌കൂളിനടുത്തുള്ള പ്രസ്സിലാണ്. അദ്ദേഹത്തിന്റെ മകന്‍ ഹൈദരലി എം.എസ്.എഫ് നേതാവായിരുന്നു. പ്രസ്സില്‍ പിതാവിന്റെ സഹായിയായി അലി എപ്പോഴുമുണ്ടാകും. ഞാന്‍ നന്നായി മുദ്രാവാക്യം വിളിക്കുന്നതുകൊണ്ടും അല്പസ്വല്പം പ്രസംഗിക്കുന്നതുകൊണ്ടും യാഹുട്ട്യാക്ക എന്നെ പ്രത്യേകം ഗൗനിച്ചിരുന്നു. സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉച്ചയ്ക്കുശേഷം കുറ്റിപ്പുറത്ത് നില്‍ക്കേണ്ടിവരുമ്പോള്‍ അദ്ദേഹം തനിക്കു കൊണ്ടുവന്ന ഉച്ചച്ചോറില്‍നിന്ന് കുറച്ച് ബാക്കിയാക്കി എനിക്ക് തരാന്‍ ഹൈദരലിയോട് പറയും. അങ്ങനെ ഒരുപാട് തവണ തന്റെ ഊണില്‍നിന്ന് വിഹിതം തന്ന് എന്റെ വിശപ്പ് അകറ്റിയ പിതൃവല്‍സലനാണ് യാഹുട്ട്യാക്ക. പത്താം ക്ലാസ്സ് കഴിഞ്ഞ് തല്‍ക്കാലത്തേക്കെങ്കിലും കുറ്റിപ്പുറം വിട്ടു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് പിന്നെ ഞാന്‍ യാഹുട്ട്യാക്കാനെ കാണാന്‍ പ്രസ്സിലെത്തുന്നത്. അദ്ദേഹത്തിന്റെ മുഖത്ത് വലിയ സന്തോഷം പ്രതീക്ഷിച്ച എനിക്ക് നിരാശ തുളുമ്പുന്ന ഒരു ചെറുചിരി മാത്രമാണ് കാണാനായത്. ഇടയ്ക്ക് ഞാന്‍ വന്ന് കാണാത്തതിലെ പരിഭവമാകുമെന്നാണ് ആദ്യം കരുതിയത്. ഉത്സാഹത്തോടെ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു തുടങ്ങി. യാഹുട്ട്യാക്ക പക്ഷേ, ഒന്നും മിണ്ടിയില്ല. ഒരുതരം നിര്‍വികാരതയായിരുന്നു മുഖത്ത്. ''എന്താ യാഹുട്ട്യാക്കാ ഇങ്ങനെ?'' നിറഞ്ഞ കണ്ണോടെ ഞാന്‍ ചോദിച്ചു. മേശയില്‍ കിടന്നിരുന്ന തന്റെ ടവ്വല്‍കൊണ്ട് മൂക്കും വായും പൊത്തി കൊച്ചുകുട്ടികളെപ്പോലെ അദ്ദേഹം പൊട്ടിപ്പൊട്ടിക്കരഞ്ഞു. ഞാന്‍ ചലനമറ്റിരുന്നു. പ്രസ്സില്‍ അപ്പോള്‍ ആരുമുണ്ടായിരുന്നില്ല. എല്ലാവരും ഭക്ഷണം കഴിക്കാന്‍ പോയതാണ്. കാര്യമറിയാതെ ഞാന്‍ അദ്ദേഹത്തെ തന്നെ നോക്കി. പതുക്കെ പേനയെടുത്ത് തന്റെ മുന്നിലെ വെള്ളപ്പേപ്പറില്‍ എന്തോ എഴുതി എനിക്ക് തന്നു. വീണ്ടും അദ്ദേഹം തേങ്ങിത്തേങ്ങി കരയാന്‍ തുടങ്ങി. ഞാന്‍ പതുക്കെ ആ കുറിപ്പ് തുറന്ന് വായിച്ചു: ''എനിക്ക് സംസാരിക്കാന്‍ കഴിയില്ല.'' എന്റെ എല്ലാ ശക്തിയും ചോര്‍ന്നുപോകുന്ന പോലെ തോന്നി. കാര്യമറിയാതെ ഞാനദ്ദേഹത്തെത്തന്നെ നോക്കിയിരുന്നു. അപ്പോഴാണ് ഞങ്ങള്‍ക്കിടയിലെ മൗനം ഭേദിച്ച് പ്രസ്സിലെ ജീവനക്കാരന്‍ കഅബു കടന്നുവന്നത്. ''മാസങ്ങള്‍ക്കു മുന്‍പ് യാഹുട്ട്യാക്കയുടെ ദേഹമാസകലം തളര്‍ന്നുപോയി. ആഴ്ചകള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ പരസഹായത്തോടെ കഷ്ടി നടക്കാമെന്നായി. അന്ന് നഷ്ടപ്പെട്ട സംസാരശേഷി തിരിച്ചു കിട്ടിയിട്ടില്ല. പ്രയാസപ്പെട്ടാണെങ്കിലും യാഹുട്ട്യാക്കാന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ഹൈദരലി പ്രസ്സിലേക്ക് കൊണ്ടുവരും.'' കഅബു ഹ്രസ്വമായി കാര്യങ്ങള്‍ പറഞ്ഞു. എല്ലാം കേട്ട് ഇടിവെട്ടേറ്റപോലെ ഞാനിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ പോലും അത്ര നടുക്കമുണ്ടായിട്ടില്ല. 

ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം
ഡോക്ടർ ഇക്ബാൽ കുറ്റിപ്പുറം

യാഹുട്ട്യാക്കാന്റെ പ്രസ്സിന്റെ മുകളിലാണ് എം.എസ്.എഫ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. ഹൈസ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം സജീവമായ കാലം. എം.എസ്.എഫും കെ.എസ്.യുവും എസ്.എഫ്.ഐയും കുറ്റിപ്പുറത്ത് തുല്യശക്തികളാണ്. തല്ലാനും അടിപിടികൂടാനും ശേഷിയുള്ളവര്‍ നേതൃസ്ഥാനത്തുള്ളവര്‍ക്കാണ് സാധാരണ മുന്‍തൂക്കം കിട്ടാറ്. വീറും വാശിയും തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടാഴ്ചയേ നീളാറുള്ളൂ. പിന്നീട് വിദ്യാര്‍ത്ഥി ഐക്യമാണ്. അധികാരികളുടെ വിദ്യാര്‍ത്ഥിദ്രോഹ നടപടികള്‍ക്കെതിരേയും സ്‌കൂള്‍ അധികൃതരുടെ അരുതായ്മകള്‍ക്കെതിരേയും വിദ്യാര്‍ത്ഥികള്‍ക്കു നേരെയുള്ള ബസുകാരുടെ ചിറ്റമ്മ നയത്തിനെതിരേയും കലോത്സവ നാളുകളിലെ സ്വജനപക്ഷപാതങ്ങള്‍ക്കെതിരേയും വിദ്യാര്‍ത്ഥിനികളോടുള്ള പെരുമാറ്റ ദൂഷ്യങ്ങള്‍ക്കെതിരേയും മയക്കുമരുന്ന് മാഫിയകള്‍ക്കെതിരേയും ശബ്ദമുയര്‍ത്താനും പ്രതികരിക്കാനും വിദ്യാര്‍ത്ഥി സംഘടനകളുടെ നിറസാന്നിദ്ധ്യം സ്‌കൂള്‍ കോമ്പൗണ്ടുകളിലും കോളേജ് ക്യാമ്പസുകളിലും അനിവാര്യമാണെന്നാണ് എന്റെ അഭിപ്രായം. സംഘടനാ പ്രവര്‍ത്തനം വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കാറില്ലെന്ന് എന്നെ സാക്ഷിയാക്കി എനിക്ക് പറയാനാകും. വിദ്യാലയങ്ങളിലെ സംഘടനാപ്രവര്‍ത്തനം കുട്ടികളുടെ സ്വഭാവം മെച്ചപ്പെടുത്താനേ സഹായിക്കൂ. കുട്ടികളായിരിക്കെ തന്നെ സാമൂഹ്യ പ്രതിബദ്ധതയുടെ ബാലപാഠം പരിശീലിക്കാന്‍ സംഘടനാ പ്രവര്‍ത്തനം ഉപകരിക്കുമെന്നാണ് ഞാനുള്‍പ്പെടെ പലരുടേയും അനുഭവം. 1981-ല്‍ എം.എസ്.എഫിന്റെ സംസ്ഥാന സമ്മേളനം കോഴിക്കോട്ടുവെച്ചാണ് നടന്നത്. അതിന്റെ സന്ദേശം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എത്തിക്കാന്‍ മലപ്പുറം ജില്ലാ എം.എസ്.എഫ് കമ്മിറ്റി ഒരു വാഹന പ്രചരണജാഥ സംഘടിപ്പിച്ചു. എം.എസ്.എഫിന്റെ ജില്ലാ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദാണ് ജാഥ നയിച്ചത്. ഒരു ടെമ്പോ വാനില്‍ വന്ന ജാഥയില്‍ ഞാനും കയറിപ്പറ്റി. മൈക്കില്‍ അനൗണ്‍സ് ചെയ്യാനുള്ള താല്പര്യം കൊണ്ടാണ് അവരുടെ കൂടെക്കൂടിയത്. ജീവിതത്തില്‍ ആദ്യമായി അനൗണ്‍സ് ചെയ്യുകയാണ്. അതിന്റെ വൈഷമ്യം എനിക്കുണ്ടായിരുന്നു. ജാഥാ ക്യാപ്റ്റനെ കുറച്ച് പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പരിചയപ്പെടുത്തി. ''എം.എസ്.എഫിന്റെ ഹരവും രോമാഞ്ചവും ലഹരിയുമായ ഇബ്രാഹിം മുഹമ്മദ് നയിക്കുന്ന ജാഥ ഇതാ ഈ വഴിത്താരകളെ പ്രകമ്പനം കൊള്ളിച്ച് കടന്നുവരുന്നു.'' ഇതുകേട്ട ഇബ്രാഹിം മുഹമ്മദ് അങ്ങനെ അനൗണ്‍സ് ചെയ്യരുതെന്ന് സ്നേഹത്തോടെ ഉപദേശിച്ചു. സിനിമാനടന്‍ ജയനെക്കുറിച്ച് ഏതോ ഒരു സിനിമാ മാഗസിനില്‍ വായിച്ച വരികളാണ് ഞാന്‍ അന്നു വച്ചുകാച്ചിയത്. കോഴിക്കോട്ടെ സമ്മേളനത്തിനു ഞങ്ങള്‍ പോയത് ലോറിയിലാണ്. ഹൈദരലിയും സീതിയും മൊയ്തുവുമെല്ലാം ആ സംഘത്തില്‍ ഉണ്ടായിരുന്നു.

അസംബ്ലിയിലെ വാര്‍ത്താവായന

നിളാതീരത്ത് കളിച്ചും പഠിച്ചും കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകിയും ചെലവിട്ട നാളുകള്‍ക്ക് മരണമില്ല. രത്‌നകുമാരി ടീച്ചര്‍ രസതന്ത്രം എത്ര തന്‍മയത്വത്തോടെയാണ് ഞങ്ങള്‍ക്കു പറഞ്ഞു തന്നത്. ടീച്ചര്‍ തന്ന നോട്ട്സ് മാത്രം വായിച്ചാണ് ഞാന്‍ പരീക്ഷ എഴുതിയത്. അത്രമാത്രം സംക്ഷിപ്തവും വ്യക്തവുമായിരുന്നു അത്. ഞാന്‍ സ്‌കൂളിലേക്ക് ബസ് കയറാന്‍ കാത്തുനിന്നിരുന്ന മുക്കിലപ്പീടികക്ക് അടുത്ത് താഴേ പൈങ്കണ്ണൂരിലാണ്  ടീച്ചറുടെ വീട്. പലപ്പോഴും ഒരേ ബസിലാണ് ഞങ്ങള്‍ സ്‌കൂളിലേക്ക് പോയിരുന്നത്. വാര്‍ഷിക പരീക്ഷ വരുമ്പോള്‍ ടീച്ചറുടെ വീട്ടില്‍ പോയി സംശയനിവാരണം നടത്തും. ചോദിക്കുന്ന ഓരോ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം മനസ്സിലാകുന്ന ഭാഷയില്‍ അവര്‍ പറഞ്ഞുതരും. ചെല്ലുമ്പോഴൊക്കെ അറിവിനൊപ്പം ടീച്ചര്‍ ചായയും പലഹാരങ്ങളും തന്ന് സല്‍ക്കരിച്ചു. രാധ ടീച്ചര്‍ കണിശക്കാരിയെങ്കിലും സ്നേഹംകൊണ്ട് കുട്ടികളുടെ മനസ്സില്‍ ഇടം നേടി. 

പ്രേം നസീർ
പ്രേം നസീർ

ജീവിതത്തില്‍ ഞാന്‍ ഒരുപാട് കടപ്പെട്ടത് പ്രഭാകരന്‍ മാഷോടാണ്. എന്റെ ഐച്ഛിക ഭാഷ അറബിയായിരുന്നു. പ്രഭാകരന്‍ മാഷാകട്ടെ, മലയാളം അദ്ധ്യാപകനും. എന്നിട്ടും അദ്ദേഹം എന്നെ ശ്രദ്ധിച്ചു. നാടകം സ്വന്തമായി എഴുതി അവതരിപ്പിക്കാന്‍ മാഷാണ് പ്രോത്സാഹനം നല്‍കിയത്. തെറ്റുകള്‍ തിരുത്തിയും ഭേദഗതികള്‍ വരുത്തിയും ഞാനെഴുതിയ നാടകങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തും. എന്റെ ശബ്ദവും പ്രസംഗശേഷിയും തിരിച്ചറിഞ്ഞ മാഷ് അദ്ദേഹത്തിന്റെ മലയാളം ക്ലാസ്സുകളില്‍ കൊണ്ടുപോയി എന്നെ പ്രസംഗിപ്പിച്ചു. എനിക്കുവേണ്ടി മാത്രം സ്‌കൂള്‍ അസംബ്ലിയില്‍ 'വാര്‍ത്താ വായന' എന്ന ഒരു പുതിയ പരിപാടിക്ക് തുടക്കമിട്ടതും പ്രഭാകരന്‍ മാഷാണ്. ഓരോ ദിവസത്തേയും പ്രധാന പത്രങ്ങളിലെ തലക്കെട്ടുകള്‍ മൈക്കിലൂടെ ആകാശവാണിയില്‍ വാര്‍ത്ത വായിക്കുന്നതുപോലെ എന്നെക്കൊണ്ട് അദ്ദേഹം വായിപ്പിച്ചു. 

വാര്‍ത്താവായന ആകര്‍ഷണീയമാക്കാന്‍ റേഡിയോയില്‍ വന്നിരുന്ന പ്രാദേശിക വാര്‍ത്തകള്‍ ഞാന്‍ സസൂക്ഷ്മം ശ്രദ്ധിച്ചു. പ്രശസ്ത വാര്‍ത്താവായനക്കാരായ ഗോപനും രാമചന്ദ്രനും വെണ്‍മണി വിഷ്ണുവുമൊക്കെ എനിക്ക് സുപരിചിതരായത് അങ്ങനെയാണ്. ഭാഷാശുദ്ധിയോടെ മലയാളം ഉച്ചരിക്കാന്‍ ഒരളവോളം  സാധിച്ചതിന്റെ എല്ലാ ഉത്തരവാദിത്വവും പ്രഭാകരന്‍ മാഷ്‌ക്കാണ്. മതപരമായ ഒരു വിവേചനവും എന്റെ ഗുരുനാഥന്മാര്‍ എന്നോടു കാണിച്ചിട്ടില്ല. എന്റെ കൂട്ടുകാരായിരുന്ന ചന്ദ്രനെക്കാളും സുനിലിനെക്കാളും പ്രഭാകരന്‍ മാഷ്‌ക്ക് ഇഷ്ടം എന്നോടായിരുന്നു. കൃഷ്ണന്‍മാഷ്‌ക്കും സുലോചന ടീച്ചര്‍ക്കും തഥൈവ. അദ്ധ്യാപകരുടെ വിവേചന രഹിതമായ പെരുമാറ്റവും ഇടപെടലും ഇല്ലായിരുന്നെങ്കില്‍ രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് ഞാനെന്ന സാന്നിദ്ധ്യം ഉണ്ടാകുമായിരുന്നില്ല. ശ്യാമസുന്ദരന്‍ മാഷ് ഒരു ദിവസം ഓള്‍ ഇന്‍ഡ്യാ റേഡിയോവില്‍ 'വോയ്സ് ടെസ്റ്റിന്' പോകാന്‍ എന്നെ പ്രേരിപ്പിച്ചു. മാഷ് മുന്‍കയ്യെടുത്ത് അപേക്ഷ പൂരിപ്പിച്ച് അയപ്പിക്കുകയും ചെയ്തു. അതുപ്രകാരം ടെസ്റ്റിന് കത്ത് കിട്ടി. വീട്ടിലറിയാതെ കോഴിക്കോട് കടപ്പുറത്തെ റേഡിയോ നിലയത്തില്‍ പോയി വോയ്സ് ടെസ്റ്റില്‍ പങ്കെടുത്തു. ഒരു മുന്നൊരുക്കവുമില്ലാതെയാണ് പോയത്. സെലക്ഷന്‍ ലഭിച്ചില്ലെങ്കിലും ആത്മവിശ്വാസം പകരാന്‍ ആ അനുഭവം സഹായിച്ചു. സൈത് മുഹമ്മദ് മാഷെ എല്ലാവര്‍ക്കും പേടിയായിരുന്നു. തമാശയും ചിരിയും കലര്‍ന്ന വാസു മാഷുടെ ഹിന്ദി ക്ലാസ്സുകള്‍ വിദ്യാര്‍ത്ഥികളെ രസിപ്പിച്ചു. 

എന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നത് ചന്ദ്രനും അയ്യൂബുമാണ്. ഞങ്ങളൊക്കെ പഠനത്തില്‍ ശരാശരി വിദ്യാര്‍ത്ഥികളായിരുന്നു. ചരിത്രമായിരുന്നു എന്റെ ഇഷ്ടവിഷയം. ഞങ്ങളുടെ കൂടെ പഠിച്ചിരുന്ന പത്മജ പത്താം ക്ലാസ്സിന്റെ അവസാന സമയത്ത് ഓട്ടോഗ്രാഫ് എഴുതാന്‍ എന്നെ ഏല്പിച്ചു. അയ്യൂബിനു നല്‍കാത്തതില്‍ അവന് ഉള്ളില്‍ നീരസമുണ്ടായിരുന്നു. പത്മജ നോക്കിനില്‍ക്കെ അവന്‍ എന്റെ കയ്യില്‍നിന്ന് ഓട്ടോഗ്രാഫ് തട്ടിപ്പറിച്ച് വാങ്ങി. ബലമായി അത് മടക്കി എന്റെ മുന്നിലേക്കു തന്നെ എറിഞ്ഞുതന്നു. ഇതു കണ്ട പത്മജയ്ക്ക് ദേഷ്യം വന്നു. അവളത് പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. എന്തേ തനിക്ക് എഴുതാന്‍ ഓട്ടോഗ്രാഫ് നല്‍കാത്തതെന്ന് അയ്യൂബ് പത്മജയോട് ചോദിച്ചു. അതിന് അവള്‍ പറഞ്ഞ മറുപടി ''ജലീല്‍ എനിക്ക് ആങ്ങളെയെപ്പോലെയാണ്'' എന്നാണ്. പത്മജ എന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാളാണ് ഇപ്പോഴും. എം.എല്‍.എയായിരിക്കെ  ഒരിക്കല്‍ അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ കിട്ടിയ പച്ചമാങ്ങ ജ്യൂസിന്റെ സ്വാദ് അപാരം തന്നെ.  ഇക്ബാലും ഫിറോസും സ്‌കൂളില്‍ എന്റെ സീനിയറായിട്ടാണ് പഠിച്ചിരുന്നത്. ഫിറോസും അയ്യൂബും ഞാനും ഏതാണ്ടൊരുമിച്ചാണ് സ്‌കൂളില്‍ പോയിരുന്നത്. അവരുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു ഞാന്‍. ഫിറോസിന്റെ ഉമ്മ ഖദീജാത്ത സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായിരുന്നു. ഞങ്ങളുടെ നാട്ടുകാര്‍ക്ക് ഖദീജാത്ത നഴ്സല്ല, ഡോക്ടര്‍ തന്നെയാണ്. അവന്റെ പിതാവ് അബ്ദുല്‍ ഖാദറിക്ക ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറായാണ് സേവനമനുഷ്ഠിച്ചിരുന്നത്. അവര്‍ നല്‍കിയ സ്നേഹം അനിര്‍വ്വചനീയമാണ്. അയ്യൂബിന്റെ ഉപ്പയ്ക്കും ഉമ്മയ്ക്കും എന്നെ വലിയ കാര്യമായിരുന്നു. എപ്പോള്‍ ചെന്നാലും അവന്റെ ഉമ്മ ഭക്ഷണം കഴിപ്പിച്ചേ വിടൂ. 

പത്താം ക്ലാസ്സ് കഴിഞ്ഞ് ഫിറോസ് ഫാര്‍മസിസ്റ്റാകാന്‍ ബാംഗ്ലൂരിലേക്കു പോയി. ഇക്ബാല്‍ എറണാകുളം ഹോമിയോ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. പഠിക്കുന്ന കാലത്തേ ഇക്ബാല്‍ കഥയെഴുത്തില്‍ കേമനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഡോ. മുഹമ്മദലി കുറ്റിപ്പുറത്തെ പ്രസിദ്ധനായ ഹോമിയോ ഡോക്ടറാണ്. ഡോ. ഇക്ബാല്‍ പിതാവിനെപ്പോലെ തന്നെ നല്ലൊരു ഹോമിയോ ഡോക്ടറായി. സിനിമാമേഖലയില്‍ പ്രശസ്തനായ അദ്ദേഹം ഡോ. ഇക്ബാല്‍ കുറ്റിപ്പുറം എന്ന പേരിലാണ് കലാരംഗത്ത് അറിയപ്പെട്ടത്. കലാമൂല്യംകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട 'ഗ്രാമഫോണ്‍', 'മേഘമല്‍ഹാര്‍', ബോക്സോഫീസ് ഹിറ്റുകളായ 'നിറം', 'അറബിക്കഥ', 'ഡയമണ്ട് നെക്കളെയ്സ്', 'ഫോര്‍ ദ പീപ്പിള്‍', 'ഒരു ഇന്ത്യന്‍ പ്രണയ കഥ', 'മ്യാവൂ' തുടങ്ങി നിരവധി സിനിമകള്‍ക്ക് കഥയും തിരക്കഥയും എഴുതിയ ഇക്ബാല്‍ ഞങ്ങള്‍ക്കിടയില്‍ വേറിട്ട പാതയില്‍ യാത്ര ചെയ്ത സുഹൃത്താണ്. യുവജനോത്സവ ദിനങ്ങള്‍ ഞങ്ങള്‍ക്കു ഹരം പകര്‍ന്ന നാളുകളാണ് സമ്മാനിച്ചത്. ഞാന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഗ്രേസി' എന്ന നാടകം കലോത്സവത്തില്‍ അവതരിപ്പിച്ചു. ഞാന്‍ തന്നെയാണ് മുഖ്യകഥാപാത്രമായി വേഷമിട്ടത്. നാടകരംഗത്തെ എന്റെ പ്രധാന എതിരാളി എം.പി. ലത്തീഫായിരുന്നു. 1982-ല്‍ അവന്റെ നാടകത്തിനാണ് സ്‌കൂളില്‍ ഒന്നാം സ്ഥാനം കിട്ടിയത്. ഞാനെഴുതിയ നാടകത്തിന് രണ്ടാം സ്ഥാനമേ ലഭിച്ചുള്ളൂ. ഗ്രേസി എന്ന എന്റെ നാടകത്തില്‍ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചത് അബ്ബാസാണ്. അവനെ ഇന്നും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കള്‍ ഗ്രേസിയെന്നാണ് കളിയാക്കി വിളിക്കാറ്. കുറ്റിപ്പുറം സ്‌കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ യുവജനോത്സവത്തില്‍ പങ്കെടുത്തവരില്‍ ഞാനും ഉള്‍പ്പെട്ടു. തിരുനാവായ നവാമുകുന്ദ ഹൈസ്‌കൂളില്‍വെച്ച് നടന്ന ജില്ലാ കലോത്സവത്തില്‍ മൂന്ന് രാപകലുകള്‍ കഴിച്ചുകൂട്ടിയത് സ്മൃതിപഥങ്ങളില്‍ തെളിമയോടെയുണ്ട്.

സിനിമാഭ്രാന്ത് തലയ്ക്കുപിടിച്ച നാളുകളായിരുന്നു ഹൈസ്‌കൂള്‍ പഠന വര്‍ഷങ്ങള്‍. മോണിംഗ് ഷിഫ്റ്റായതുകൊണ്ട് 2.30-നുള്ള മാറ്റിനി കാണാന്‍ നല്ല സൗകര്യമായിരുന്നു. കുറ്റിപ്പുറം 'മീന', എടപ്പാള്‍ 'ഗോവിന്ദ', പുത്തനത്താണി 'രോഷ്ണി', തിരുനാവായ 'പ്ലാസ', തിരൂരിലെ 'സെന്‍ട്രല്‍', 'ചിത്രസാഗര്‍', 'പീപ്പിള്‍സ്' എന്നീ ടാക്കീസുകള്‍ മാസത്തിലൊരിക്കലെങ്കിലും എന്റെ 'പാദ സ്പര്‍ശമേറ്റ്' പുളകമണിഞ്ഞിട്ടുണ്ടാകും. ചുരുങ്ങിയത് ആഴ്ചയില്‍ രണ്ടു സിനിമകളെങ്കിലും കാണും. പ്രേംനസീര്‍ സിനിമകളോടായിരുന്നു കൂടുതല്‍ ഇഷ്ടം. വടക്കന്‍പാട്ടു കഥകളെ പുരസ്‌കരിച്ച സിനിമകളൊന്നും എന്റെ സിനിമാ സ്‌ക്രീനില്‍ പതിയാതെ പോയിട്ടില്ല. ബാലന്‍ കെ. നായര്‍ക്ക് ഭരത് അവാര്‍ഡ് കിട്ടിയ എം.ടിയുടെ 'ഓപ്പോളും' അച്ചന്‍കുഞ്ഞ് മുഖ്യകഥാപാത്രമായ ഭരതന്റെ 'ചാട്ട'യും പ്രതാപ് പോത്തന്‍ മലയാളത്തില്‍ പേരെടുത്ത ഭരതന്റെ തന്നെ 'തകര'യും കോളേജ് കാമ്പസിന്റെ കഥ പറയുന്ന മോഹന്റെ  'ഇടവേള'യും ഓഫീസില്‍ എപ്പോഴും വൈകിയെത്തുന്ന ജീവനക്കാരന്റെ കദനകഥ വിവരിക്കുന്ന  'വിടപറയുംമുമ്പേ'യും മനസ്സിലിപ്പോഴും  കണ്ണീര്‍ നനവില്‍ നില്‍ക്കുന്നുണ്ട്. 

1979-നും 1990-നും ഇടയില്‍ റിലീസായ ഏതാണ്ടെല്ലാ നസീര്‍ സിനിമകളും ഞാന്‍  കണ്ടിട്ടുണ്ടാകണം. കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനോ രാഷ്ട്രീയക്കാരനോ ആകണം എന്ന് സിനിമകള്‍ കണ്ട് മടങ്ങുമ്പോള്‍ മനസ്സ് മന്ത്രിക്കും. 

സാമൂഹ്യ പ്രതിബദ്ധതയും സാധാരണക്കാരോടുള്ള അനുകമ്പയും ചെറുപ്പത്തിലേ ഹൃദയത്തില്‍ ഇടംനേടിയത് സിനിമകളിലൂടെയാണ്. നസീറിന്റെ 'അട്ടിമറി' റിലീസായ ദിവസം കോഴിക്കോട് 'ഡേവിസണ്‍' തിയേറ്ററില്‍ പോയാണ് കണ്ടത്. സ്‌കൂളിലേക്ക് എന്നു പറഞ്ഞ് രാവിലെ തന്നെ കുറ്റിപ്പുറത്തെത്തി കോഴിക്കോട് ബസില്‍ കയറി സ്റ്റാന്റിലിറങ്ങി ഒറ്റ ഓട്ടമാണ് ഡേവിസണിലേക്ക്. 11.30-നുള്ള ഷോ കണ്ട് ഓടി സ്റ്റാന്റിലെത്തി തൃശൂര്‍ ബസില്‍ ധൃതിയില്‍ കയറിപ്പറ്റി നാട്ടിലെത്തും. പ്രേംനസീര്‍ ഡബിള്‍ റോളില്‍ അഭിനയിച്ച 'തീക്കളി'യുടെ 10.30-നുള്ള പ്രഥമ ഷോ കാണാന്‍ തിരൂര്‍ പീപ്പിള്‍സ് ടാക്കീസിന്റെ ടിക്കറ്റ് കൗണ്ടറില്‍ രാവിലെ 8.30-ന് തന്നെ ഒന്നാമത്തെ ആളായി ഞാന്‍ സ്ഥാനം പിടിച്ച് കാത്തുനിന്നു. ആദ്യത്തെ ടിക്കറ്റ് എടുക്കുന്നത് ഞാനാകാന്‍. ജീവിതത്തില്‍ ആദ്യം കണ്ട സിനിമ 'ബല്ലാത്ത പഹയനാ'ണ്. വളാഞ്ചേരി ശ്രീകുമാര്‍ ടാക്കീസില്‍ നിന്നാണ് 75 പൈസ കൊടുത്ത് ടിക്കറ്റ് വാങ്ങി മുന്നിലെ ബെഞ്ചിലിരുന്നു കണ്ടത്. വളാഞ്ചേരിയില്‍നിന്ന് വിരലിലെണ്ണാവുന്ന സിനിമകളേ കണ്ടിട്ടുള്ളൂ. ഉപ്പ കാണുമോ എന്ന പേടിയായിരുന്നു കാരണം. സിനിമ നിഷിദ്ധമാണെന്ന് സാധാരണ മുസ്ലിങ്ങള്‍ വിശ്വസിച്ചിരുന്ന കാലമാണത്. സിനിമ കാണല്‍ ഒരു വലിയ തെറ്റ് ചെയ്യുന്ന പോലെയാണ് കരുതപ്പെട്ടത്. എന്റെ ഉപ്പയും അക്കൂട്ടത്തിലായിരുന്നു. 

ഗൃഹാതുരമായ ചിത്രജീവിതം

സിനിമ കാണാനുള്ള പണം തിരൂരിലെ വലിയമ്മയെ മണിയടിച്ചാണ് ഉണ്ടാക്കുക. സിനിമാ ഭ്രാന്തിനു വലിയ വില കൊടുക്കേണ്ടിവന്ന അനുഭവവും ഉണ്ടായിട്ടുണ്ട്. 

ഉപ്പ അറിയാതെ തയ്പിച്ച രണ്ടു പാന്‍സേ എനിക്കുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തെ കാണാതെയാണ്  ഞാന്‍ അതു ഉപയോഗിച്ചത്. അതിലൊന്ന് അലക്കി മുറ്റത്തുള്ള അയലില്‍ ഉമ്മ ഉണക്കാനിട്ടിരുന്നു. ആ ദിവസം തന്നെ അത് സംഭവിച്ചു. അന്ന് ഉച്ചക്ക് സ്‌കൂള്‍ വിട്ട് കുറ്റിപ്പുറം മീന ടാക്കീസീല്‍ സിനിമയ്ക്ക് പോയി. വൈകുന്നേരം സിനിമ കഴിഞ്ഞ് ടാക്കീസില്‍നിന്ന് ഞാന്‍ ഇറങ്ങിവരുന്നത് ഉപ്പ കണ്ടു. കുറ്റിപ്പുറത്തുനിന്ന് റേഷന്‍ ഷോപ്പിലേക്ക് അരി വിട്ടെടുക്കുന്നതിന് വന്നതായിരുന്നു അദ്ദേഹം. ഞാന്‍ പക്ഷേ, ഉപ്പയെ കണ്ടിരുന്നില്ല. ബസിലിരുന്ന് എന്നെ കണ്ട അദ്ദേഹം വളാഞ്ചേരിയിലേക്ക് പോകാതെ മുക്കിലപ്പീടികയില്‍ ഇറങ്ങി നേരെ വീട്ടിലേക്കാണ് പോയത്. അസാധാരണമാംവിധം അസമയത്ത് ഉപ്പ വരുന്നത് ദൂരെനിന്ന് കണ്ട ഉമ്മയ്ക്ക് എന്തോ പന്തികേട് മണത്തു. ദേഷ്യത്തോടെ അകത്തേക്കു കയറിയ ഉപ്പ കത്രികയെടുത്ത് പുറത്തേക്കിറങ്ങുന്നത് കണ്ട ഉമ്മ ഭയപ്പെട്ട് പതുക്കെ പിന്നാലെ ചെന്നു നോക്കി. മുറ്റത്ത് ഉണക്കാനിട്ടിരുന്ന എന്റെ പാന്‍സിന്റെ മുട്ടിനു മുകളില്‍ രണ്ടു കാലിന്റെ ഭാഗവും കത്രികവെച്ച് കഷ്ണിച്ച് രണ്ടാക്കി. ഉമ്മ ഒന്നുമറിയാതെ ''നിങ്ങളെന്ത് പിരാന്താണ് കാണിക്കുന്നതെന്ന്'' ചോദിച്ച് അന്തംവിട്ട് നിന്നത്രെ. അരിശം തീരാഞ്ഞ് എന്റെ പുതിയ പുള്ളിഷര്‍ട്ട് അയലില്‍നിന്ന് വലിച്ചെടുത്ത് ചുരുട്ടി അടുക്കളയിലെ കത്തുന്ന അടുപ്പിലേക്കുമിട്ടു. ഉമ്മ തടയാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഓടിച്ചെന്ന് ഷര്‍ട്ട് എടുത്തപ്പഴേക്ക്  പകുതിയോളം അത് കത്തിത്തീര്‍ന്നിരുന്നു. ഉപ്പ വൈകാതെ റേഷന്‍ കടയിലേക്ക് പോവുകയും ചെയ്തു. ''ഓനെ സ്‌കൂളില്‍ പറഞ്ഞയക്ക്ണത് പഠിക്കാനാണ്. അല്ലാതെ സിനിമക്ക് പോകാനല്ലെന്ന്'' ദേഷ്യത്തോടെ പിറുപിറുത്താണത്രെ ഉപ്പ സ്ഥലം വിട്ടത്. ഇതു കേട്ടപ്പോള്‍ തന്നെ ഉമ്മാക്ക് കാര്യം പിടികിട്ടി. കുറച്ചു കഴിഞ്ഞാണ് ഞാന്‍ വീട്ടിലെത്തുന്നത്. കഥയറിയാതെ മുറ്റത്ത് അലക്കിയിട്ട വസ്ത്രങ്ങളിലേക്ക് വെറുതെ ഒന്നു നോക്കി. എന്റെ ഏറ്റവും പ്രിയപ്പെട്ട പാന്‍സിന്റെ കാലുകള്‍ രണ്ടാക്കി മുറിച്ച് അറ്റുവീഴാറായ നിലയില്‍ കിടക്കുന്നതു കണ്ടപ്പോള്‍ ഞാനാകെ സ്തബ്ധനായി. ദുഃഖവും കോപവും അടക്കാന്‍ കഴിഞ്ഞില്ല. പെട്ടെന്നാണ് ഉമ്മയുടെ ചോദ്യമുയര്‍ന്നത്. ''നീ ഇന്ന് സിനിമയ്ക്ക്'' പോയിരുന്നല്ലേ? എന്ത് മറുപടിയാണ് പറയേണ്ടതെന്നറിയാതെ ഞാന്‍ അമ്പരന്നു നിന്നു. അപ്പോഴാണ് പകുതി ഉരുകിത്തീര്‍ന്ന പുള്ളിക്കുപ്പായം എനിക്ക് കാണിച്ചുതന്ന് ഉണ്ടായ സംഭവം നീട്ടിപ്പരത്താതെ ഉമ്മ പറഞ്ഞത്. ആ പാന്‍സും ഷര്‍ട്ടും മാറോടണച്ച് ഞാന്‍ കുറേ നേരം തേങ്ങിക്കരഞ്ഞു. 

അടി കിട്ടുമെന്ന് ഭയന്ന് ഉപ്പ വരുന്നതിനു മുന്‍പുതന്നെ ഉറങ്ങാന്‍ കിടന്നു. എന്തോ എനിക്കുറക്കം വന്നില്ല. അകം നിറയെ ഒരുതരം നീറ്റലായിരുന്നു. കണ്ണ് ചിമ്മിക്കിടന്ന് ഉപ്പ വരുന്നതും സംസാരിക്കുന്നതും എല്ലാം സശ്രദ്ധം കേട്ടു. വൈകുന്നേരം നടന്ന കാര്യങ്ങളൊന്നും സംസാരത്തില്‍ കടന്നുവന്നില്ല. ആ പ്രശ്നം അവിടെ അവസാനിച്ചത് എനിക്ക് വല്ലാത്ത ആശ്വാസമാണ് നല്‍കിയത്. തൊട്ടടുത്ത ദിവസം ഉപ്പയുടെ കണ്‍വെട്ടത്ത് വരാതെ ഒളിച്ചുകളി നടത്തിയാണ് സ്‌കൂളിലേക്കു പോയത്. തല്ല് കിട്ടാതെ രക്ഷപ്പെട്ടതില്‍ പടച്ചവനെ സ്തുതിച്ചു. മുട്ടിനു താഴെ തൂങ്ങിക്കിടക്കുന്ന പാന്‍സും പകുതി ഉരുകിത്തീര്‍ന്ന പുള്ളിക്കുപ്പായവും ഒരുപാടു കാലം എന്റെ മനസ്സിനെ മഥിച്ചു. എന്നാലും പക്ഷേ, എന്റെ സിനിമാക്കമ്പം ഇല്ലാതാക്കാന്‍ ഇതിനൊന്നും കഴിഞ്ഞില്ല. മലപ്പുറം ജില്ലയില്‍ പുതിയ സിനിമകള്‍ റിലീസാകുന്നത്  തിരൂരിലും പെരിന്തല്‍മണ്ണയിലുമൊക്കെയായിരുന്നു. എന്റെ മൂത്താപ്പയുടെ മകള്‍ 'ഇമ്മു' (വീട്ടിലെ വിളിപ്പേര്) വിന്റെ വിവാഹം ആയിടയ്ക്കാണ് കഴിഞ്ഞത്. എന്നെക്കാള്‍ നാലോ അഞ്ചോ വയസ്സ് കൂടും അവള്‍ക്ക്. അളിയന്‍ സമദ്ക്ക സര്‍ക്കാര്‍ സര്‍വ്വീസില്‍ ഓവര്‍സിയറാണ്. പുതിയ സിനിമകള്‍ ഇറങ്ങുന്നതു നോക്കി പെരിന്തല്‍മണ്ണയ്ക്കടുത്ത് കുന്നപ്പള്ളിയിലെ ഇമ്മുവിന്റെ വീട്ടിലേക്ക് ഒരു വിരുന്ന് ഒപ്പിച്ചെടുക്കും. ബന്ധു വീടുകളിലേക്ക് വിരുന്നുപോകുന്നതിനെ ഉപ്പ എതിര്‍ത്തിരുന്നില്ല. കുടുംബസ്നേഹമുണ്ടാകാന്‍ അത് നല്ലതാണെന്ന് അദ്ദേഹം കരുതിയിരുന്നോ എന്തോ. അങ്ങനെ പെരിന്തല്‍മണ്ണയിലെ ഏതാണ്ടെല്ലാ തിയേറ്ററുകളും എനിക്ക് സുപരിചിതമായി. അക്കാലത്തെ ജയന്‍ സിനിമകള്‍ കണ്ടത് പെരിന്തല്‍മണ്ണയില്‍ നിന്നാണെന്നു പറയാം. 

കുറ്റിപ്പുറം സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഞാന്‍ തന്നെ മുന്‍കയ്യെടുത്ത് 'പ്രേംനസീര്‍' ഫാന്‍സ് അസോസ്സിയേഷന്‍ രൂപീകരിച്ചത്. വേള്‍ഡ് സ്റ്റാര്‍ ഫുട്ബോള്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന് പ്രേംനസീര്‍ ഫാന്‍സിന്റെ പേരില്‍ ഞങ്ങള്‍ ഒരു ട്രോഫി കൊടുത്തത് സംഘടനയുടെ പ്രചാരത്തിനു വഴിയൊരുക്കി. വളാഞ്ചേരി കുറ്റിപ്പുറം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന നീലമന ട്രേഡ് ലിങ്ക്സിന്റെ ഉടമസ്ഥനായിരുന്ന പന്തളത്തുകാരന്‍ കുട്ടേട്ടന്‍ എന്ന ശ്രീധരന്‍ പോറ്റി പ്രസിഡന്റും ഞാന്‍ ജനറല്‍ സെക്രട്ടറിയുമായാണ് ഫാന്‍സ് അസോസ്സിയേഷന്റെ ആദ്യത്തേയും അവസാനത്തേയും കമ്മിറ്റി നിലവില്‍ വന്നത്. അദ്ദേഹത്തിന്റെ അച്ഛന്‍ പെങ്ങളുടെ മക്കള്‍ പാണ്ടികശാലയിലുണ്ടായിരുന്നു. അവരുടെ വീട്ടിലാണ് കുട്ടേട്ടന്‍ താമസിച്ചിരുന്നത്. ശുദ്ധ ബ്രാഹ്മണന്‍. എന്നെക്കാള്‍ പതിനൊന്ന് വയസ്സ് കൂടുതലുണ്ടായിരുന്ന അദ്ദേഹം കൊച്ചനുജനെപ്പോലെയാണ് എന്നെ കണ്ടത്. റിലീസ് ചെയ്യാന്‍ പോകുന്ന നല്ല സിനിമകളെ കുറിച്ച് കുട്ടേട്ടനാണ് പ്രഥമ വിവരം നല്‍കാറ്. കഥ പറയാനുള്ള അദ്ദേഹത്തിന്റെ ശേഷി അപാരമാണ്. കുട്ടേട്ടന്‍ പില്‍ക്കാലത്ത് മൂന്നു പുസ്തകങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചുവെന്ന് അറിയാന്‍ സാധിച്ചു. ഇപ്പോള്‍ അദ്ദേഹം ബിസിനസൊക്കെ നിര്‍ത്തി പന്തളത്തെ രണ്ടു ക്ഷേത്രങ്ങളില്‍ പൂജാരിയായി കഴിയുകയാണ്. 

എന്റെ പത്താം ക്ലാസ്സ് പഠനം കഴിഞ്ഞതോടെ പ്രേംനസീര്‍ ഫാന്‍സ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഒരാള്‍ക്കു മാത്രമായി ഒരു കമ്മിറ്റി കൂടാന്‍ കഴിയില്ലല്ലോ? അന്നു തുടങ്ങിയ സിനിമാ ഭ്രമം ഇന്നും തുടരുന്നു. കോളേജ് അദ്ധ്യാപകനും യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറിയും പിന്നീട് എം.എല്‍.എയും മന്ത്രിയുമായിരുന്ന ഘട്ടത്തിലൊക്കെയും സിനിമാക്കമ്പം എന്നെ വിടാതെ പിന്തുടര്‍ന്നു. അഭ്രപാളിയിലെ കാഴ്ചകള്‍ എന്നെ ആഹ്ലാദിപ്പിച്ചതോടൊപ്പം കണ്ണീരില്‍ കുളിപ്പിക്കുകയും ചെയ്തു. 

കാഞ്ചന മാലയും കെടി ജലീലും മൊയ്തീൻ സ്മാരക സേവാ മന്ദിരത്തിന്റെ തറക്കല്ലിടൽ വേളയിൽ
കാഞ്ചന മാലയും കെടി ജലീലും മൊയ്തീൻ സ്മാരക സേവാ മന്ദിരത്തിന്റെ തറക്കല്ലിടൽ വേളയിൽ

സിനിമയിലെ ദുഃഖരംഗങ്ങള്‍ കണ്ട് വിങ്ങിക്കരയുന്ന ശീലം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല. അത്രമാത്രം സിനിമയില്‍ ഞാന്‍ ലയിച്ചിരുന്നു. ഇതറിയാവുന്ന അടുത്ത കൂട്ടുകാരെല്ലാം എന്നെ കളിയാക്കാറുണ്ട്. സിനിമാ ഡയലോഗുകള്‍ മനപ്പാഠമാക്കാന്‍ ചെറുപ്പം മുതലേ എനിക്ക് ഇഷ്ടമാണ്. പ്രസംഗത്തിലും സംസാരത്തിലുമെല്ലാം അക്കാലത്ത് സിനിമാ സ്റ്റൈല്‍ കടന്നുവന്നത് ബോധപൂര്‍വ്വമല്ല. ഞാനറിയാതെ സിനിമ എന്നിലേക്ക് സന്നിവേശിച്ചതിന്റെ ഫലമായിരുന്നു അത്. തിയേറ്ററില്‍ പോയി സിനിമ കാണാനാണ് എനിക്കു താല്പര്യം. കൊവിഡ് കാലത്താണ് അതിനൊരു ഭംഗം വന്നത്. മന്ത്രിയായ സമയത്തും സിനിമകള്‍ കാണാന്‍ സമയം കണ്ടെത്തി. 'എന്ന് നിന്റെ മൊയ്തീന്‍' റിലീസായ ദിവസം തന്നെ കുടുംബസമേതം വളാഞ്ചേരി ശ്രീകുമാറില്‍ നിന്ന് കണ്ടു. തൊട്ടടുത്ത ദിവസം തന്നെ ആ സിനിമയിലെ യഥാര്‍ത്ഥ നായികയായ കാഞ്ചനമാലച്ചേച്ചിയെ കാണാന്‍ മുക്കത്തുപോയി. മൊയ്തീന്റെ പേരില്‍ ഒരു ഷീറ്റുമേഞ്ഞ ഷെഡ്ഢില്‍  പ്രവര്‍ത്തിച്ചിരുന്ന ലൈബ്രറിയില്‍വെച്ചാണ് അവരെ ജീവിതത്തിലാദ്യമായി കാണുന്നതും സംസാരിക്കുന്നതും. ആത്മാര്‍ത്ഥ പ്രണയത്തിന്റെ ജീവിക്കുന്ന ഇതിഹാസത്തെ കണ്ടപ്പോള്‍ വലിയ മതിപ്പു തോന്നി. മൊയ്തീന്‍ സ്മാരക ലൈബ്രറിക്ക് ഒരു പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന കാര്യം സംസാരമദ്ധ്യേ അവര്‍ സൂചിപ്പിച്ചു. അതിലേക്കുള്ള ആദ്യ സംഭാവന കാഞ്ചനച്ചേച്ചിയുടെ കയ്യില്‍ കൊടുത്താണ് മടങ്ങിയത്. അധികം വൈകാതെ മനോഹരമായ ഒരു ഇരുനില കെട്ടിടം ഉയര്‍ന്നു. നടന്‍ ദിലീപാണ് ഭീമമായ ഒരു സംഖ്യ പ്രസ്തുത സംരംഭത്തിലേക്ക് സംഭാവന നല്‍കിയത്. ശിലാസ്ഥാപന ചടങ്ങിനും ഉദ്ഘാടനത്തിനും ഞാന്‍ പോയിരുന്നു.
 
മറ്റു ഭാഷാ ചിത്രങ്ങള്‍ അപൂര്‍വ്വമേ കണ്ടിട്ടുള്ളൂ. 'ഖുര്‍ബാനി'യാണ് ആദ്യം കണ്ട ഹിന്ദി സിനിമ. പിന്നീട് 'ഷോലെ'യും കണ്ടു. ആദ്യം കണ്ട തമിഴ് സിനിമ കമലഹാസന്റെ 'ഇന്‍ഡ്യനാ'ണ്. മൂന്നോ നാലോ ഇറാന്‍ സിനിമകളും മകന്‍ ഫാറൂഖിന്റെ അഭിപ്രായം മാനിച്ചു കണ്ടിരുന്നു. അവന് മികച്ച സിനിമാ സെന്‍സ് ഉണ്ടെന്നു മനസ്സിലായത് അപ്പോഴാണ്. ഞങ്ങള്‍ തമ്മിലുള്ള സിനിമാ ചര്‍ച്ചകള്‍ വീടിനെ ശബ്ദമുഖരിതമാക്കാറുണ്ട്. യോജിപ്പുകളും വിയോജിപ്പുകളും ശക്തമായിത്തന്നെ പരസ്പരം പങ്കുവെയ്ക്കും. തര്‍ക്കം മുറുകുമ്പോള്‍ നല്ലപാതി ഇടപെടും. അതോടെ വാഗ്വാദത്തിന് തല്‍ക്കാലം വിരാമമാകും. മലയാള സിനിമകളോടായിരുന്നു എനിക്ക് കൂടുതല്‍ പ്രണയം. റിലീസാകുന്ന മോശമല്ലാത്ത ഏതാണ്ടെല്ലാ മലയാള സിനിമകളും കാണാന്‍ ശ്രമിച്ചിട്ടുണ്ട്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഭാരതപ്പുഴയുടെ അക്കരെ ഒരു ഇല്ലത്തുവെച്ച് മമ്മൂട്ടിയുടെ 'അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന വിവരം അറിഞ്ഞത്. തോണിയില്‍ കടവ് കടന്ന് അവിടെയെത്തി. ജീവിതത്തില്‍ ആദ്യമായി ഷൂട്ടിംഗ് കണ്ടു. സുകുമാരി സിനിമയില്‍ മൂപ്പനായി അഭിനയിക്കുന്ന കുഞ്ഞാണ്ടിയോട് ഒരു ഡയലോഗ് പറയുന്ന സീനാണ് കണ്ടത്. മൂന്ന് നാല് തവണ ആ രംഗം ഷൂട്ട് ചെയ്തെന്നാണ് എന്റെ ഓര്‍മ്മ. സിനിമ പോലെ ആസ്വാദ്യമല്ല ക്യാമറയ്ക്കു മുന്നിലെ അഭിനയം കാണലെന്ന് അന്നെനിക്കു മനസ്സിലായി. കാല്പനികതയുടെ മേല്‍ച്ചാര്‍ത്തില്ലാത്ത ജീവിതം പോലെ വിരസമാണ് ഷൂട്ടിംഗ് എന്നും അന്ന് ബോദ്ധ്യമായി.

(തുടരും)

ഈ ലേഖനം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com