'ആ ആത്മാര്‍ത്ഥമായ സൗഹൃദം സാദിഖലി തങ്ങള്‍ പിന്നീട് എന്നോട് പുലര്‍ത്തിയോ എന്നത് ഒരു സമസ്യയായി അവശേഷിക്കുന്നു'

ചേളാരി ഹോസ്റ്റലിലെ ജീവിതം രസകരമായിരുന്നു. ഒരുപക്ഷേ, ഞാനാകണം അവിടെ അക്കാലത്ത് പഠിച്ചവരില്‍ കുറഞ്ഞ സാമ്പത്തിക ശേഷിയുള്ള പശ്ചാത്തലത്തില്‍നിന്നു വന്നയാള്‍
'ആ ആത്മാര്‍ത്ഥമായ സൗഹൃദം സാദിഖലി തങ്ങള്‍ പിന്നീട് എന്നോട് പുലര്‍ത്തിയോ എന്നത് ഒരു സമസ്യയായി അവശേഷിക്കുന്നു'

വെളിമുക്ക് യു.പി സ്‌കൂളില്‍ ഏഴാം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം ഒരു യാത്രയയപ്പ് സമ്മേളനം നടന്നു. സാധാരണ ഒരു യു.പി സ്‌കൂളില്‍ നടക്കാത്തതാണ് ഇത്തരം യാത്രയയപ്പുകള്‍. ഞങ്ങളുടെ ഏഴാം ക്ലാസ്സ് ബാച്ച് സാമാന്യം നന്നായി പഠിക്കുന്ന കുട്ടികള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു. ആ യോഗത്തില്‍ പങ്കെടുത്ത് ഞാനൊരു പാട്ടുപാടി. മറ്റു ചിലര്‍ അവര്‍ക്ക് കഴിയുന്ന കലാപ്രകടനങ്ങള്‍ നടത്തി. യാത്രയയപ്പില്‍ പങ്കെടുത്തവര്‍ക്ക് സ്‌കൂളിന് തൊട്ടടുത്തുള്ള ഗണേഷ് ഹോട്ടലില്‍നിന്നാണ് ചായയും പലഹാരവും കൊണ്ടുവന്നിരുന്നത്. എന്റെ സുഹൃത്തും ഇപ്പോള്‍ ഹയര്‍സെക്കന്ററി അദ്ധ്യാപകനുമായ 'നിമിഷകവി' ജബ്ബാര്‍ ഒരു കവിത ആലപിച്ചത്  ചെവിയില്‍ ഇപ്പോഴും പ്രതിദ്ധ്വനിക്കുന്നുണ്ട്. അദ്ധ്യാപകര്‍ക്കും അദ്ധ്യാപകേതര ജീവനക്കാര്‍ക്കും തന്റെ ചങ്ങാതിമാര്‍ക്കുമെല്ലാം നന്ദി രേഖപ്പെടുത്തിയ അവന്റെ കവിതാലാപനം അവസാനിച്ചത് ഇങ്ങനെയാണ്: ''പച്ചവെള്ളത്തെ ചായയോടുപമിച്ച ഹോട്ടല്‍ ഗണേഷേ നമസ്‌കാരം.'' വേദനമുറ്റിനിന്ന അന്തരീക്ഷത്തില്‍ ഞങ്ങളെല്ലാം പരസ്പരം സ്നേഹം പങ്കിട്ട് പിരിഞ്ഞു. 

ചേളാരി ഹോസ്റ്റലിലെ ജീവിതം രസകരമായിരുന്നു. ഒരുപക്ഷേ, ഞാനാകണം അവിടെ അക്കാലത്ത് പഠിച്ചവരില്‍ കുറഞ്ഞ സാമ്പത്തിക ശേഷിയുള്ള പശ്ചാത്തലത്തില്‍നിന്നു വന്നയാള്‍. എന്റെ പിതാവ് റേഷന്‍ ഷോപ്പും പിന്നീട് ഒരു കൂട്ടു ബിസിനസ്സില്‍ തുണിക്കച്ചവടവും നടത്തുന്ന കാലമാണത്. മൂത്ത മകന്‍ പഠിച്ചു നന്നാകണം എന്ന ഉള്‍ക്കടമായ ആഗ്രഹത്താലാണ് സാമ്പത്തിക പരാധീനതകള്‍ക്കിടയിലും സാമാന്യം സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ പഠിക്കുന്നേടത്ത് എന്നെ ചേര്‍ത്തത്. എന്റെ താഴെ ആറുപേരുണ്ടായിരുന്നു. അവര്‍ക്കാര്‍ക്കും ഹൈസ്‌കൂള്‍ പഠന കാലയളവില്‍ ഇത്തരമൊരു ഭാഗ്യം കിട്ടിയിട്ടില്ല. ഞങ്ങളുടെ നാട്ടില്‍നിന്ന് എന്നോടൊപ്പം ചേളാരിയില്‍ ഉണ്ടായിരുന്നത് വളാഞ്ചേരിയിലെ പൗരപ്രമുഖനായ പാലാറ ഹംസ ഹാജിയുടേയും പാലാറ കുഞ്ഞ ഹാജിയുടേയും മാരാത്ത് അബ്ദുഹാജിയുടേയും ചങ്ങമ്പള്ളി ആലിക്കുട്ടി ഗുരുക്കളുടേയും മക്കളോ പേരമക്കളോ ആയിരുന്നു. അവരെയൊക്കെ ഹോസ്റ്റലിലേക്ക് കൊണ്ടുവന്നിരുന്നതും ഒഴിവു ദിനങ്ങളിലും വെക്കേഷനിലും വീട്ടിലേക്ക് തിരിച്ചു കൊണ്ടുപോയിരുന്നതും സ്വന്തം വാഹനങ്ങളിലാണ്. എന്റെ ഉപ്പാക്കാകട്ടെ, സ്വന്തമായി ഒരു വാഹനവും ഉണ്ടായിരുന്നില്ല. ഇപ്പോഴും അങ്ങനെ തന്നെ. അവരുടെ കൂടെ ഞാനും കാറിലോ ജീപ്പിലോ കയറിപ്പറ്റും. ഒരിക്കല്‍ പോലും ഒരു അനിഷ്ടം അവരാരും കാണിച്ചിട്ടില്ല. മൊയ്തീന്‍കുട്ടിയും അലിയും സലീമും ബഷീറും റഷീദും എന്റെ നല്ല കൂട്ടുകാരാണ്. ഹോസ്റ്റലില്‍ ഞാന്‍ ചെന്ന സമയത്ത് പാന്‍സില്ലാത്ത ഒരേ ഒരാള്‍ ഞാനായിരുന്നു. ഉപ്പാക്ക് പാന്‍സിനോട് എന്തോ അലര്‍ജിയായിരുന്നു. പാന്‍സിട്ടാല്‍ ഇരുന്ന് മൂത്രമൊഴിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. നിന്ന് മൂത്രമൊഴിക്കുന്നത് നല്ല കാര്യമായല്ല പൊതുവെ മുസ്ലിം യാഥാസ്ഥിതികര്‍ കരുതിയിരുന്നത്. അതും അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ടാകാം. ഒറ്റക്കളര്‍ ഷര്‍ട്ടാണ് ഉപ്പ എനിക്ക് എടുത്തുതന്നത്. കരയുള്ള മുണ്ടിനു പകരം കരയില്ലാത്ത വെള്ള മല്ലിന്റെ മുണ്ടും വാങ്ങി നല്‍കി.  ജീവിതകാലം മുഴുവന്‍ പിതാവ് ഉപയോഗിച്ചത് വെള്ള മല്ലിന്റെ കരയില്ലാത്ത മുണ്ടാണ്. അതുതന്നെയാണ് എനിക്കുമദ്ദേഹം വാങ്ങിത്തന്നത്. 

ഇടയ്ക്കിടെ പലഹാരങ്ങളും ബേക്കറി സാധനങ്ങളുമൊക്കെയായി രക്ഷിതാക്കള്‍ മക്കളേയോ പേരക്കുട്ടികളേയോ കാണാന്‍ ഹോസ്റ്റലില്‍ വരും. മൂന്ന് വര്‍ഷത്തിനിടയില്‍ രണ്ടു തവണയാണ് എന്നെത്തേടി 'കോളു'മായി (ബേക്കറി പലഹാരങ്ങള്‍ അറിയപ്പെട്ടത് അങ്ങനെയാണ്) ബന്ധുക്കള്‍ എത്തിയത്. ഒരിക്കല്‍ തിരൂരിലെ വലിയുമ്മ വന്നു. മറ്റൊരിക്കല്‍ പൂക്കയില്‍ താമസിക്കുന്ന ഉമ്മാന്റെ എളാപ്പയും വന്നു. 'ഇമ്പാപ്പ' എന്നാണ് ഉമ്മയും അമ്മാവന്‍മാരും അദ്ദേഹത്തെ വിളിച്ചത്. റൂമില്‍ താമസിച്ചിരുന്നവരൊക്കെ അവരുടെ വീട്ടുകാര്‍ കൊണ്ടുവരുന്ന ചിപ്സും മിച്ചറും ബിസ്‌കറ്റുമെല്ലാം എനിക്ക് തരും. വളരെ അടുത്ത സുഹൃത്തുക്കള്‍ മറ്റു റൂമുകളില്‍ ഉണ്ടെങ്കില്‍ അവര്‍ക്കും നല്‍കും. പലപ്പോഴും മറ്റുള്ളവരുടെ കയ്യില്‍നിന്ന് പലഹാരങ്ങള്‍ വാങ്ങുമ്പോള്‍ എനിക്ക് തിരിച്ചു നല്‍കാന്‍ കഴിയാത്തതില്‍ വല്ലാത്ത ജാള്യതയും വ്യസനവും തോന്നിയിരുന്നു. അതിനിടയിലാണ് ഇമ്പാപ്പയും വലിയുമ്മയും കൊണ്ടുവന്ന സാധനങ്ങള്‍ ആവേശത്തോടെ മറ്റുള്ളവര്‍ക്കു നല്‍കിയത്. പെരുന്നാള്‍ മാസം കണ്ട പ്രതീതിയാണ് ആ രണ്ട് സന്ദര്‍ഭങ്ങളിലും എനിക്കുണ്ടായത്. ഉപ്പാക്ക് ബേക്കറി സാധനങ്ങളോടും മിഠായികളോടും അന്നും ഇന്നും എതിര്‍പ്പാണ്. അദ്ദേഹം എപ്പോഴെങ്കിലും ഇതൊന്നും കഴിക്കുന്നത് ഞാനിതുവരെയും കണ്ടിട്ടില്ല. റസ്‌ക്ക് മാത്രമാണ് ബേക്കറി സാധനങ്ങളില്‍ അദ്ദേഹം കഴിച്ചത്. ഞങ്ങള്‍ക്കാണെങ്കില്‍ അത് കണ്ണിനു നേരെ കണ്ടുകൂട താനും. പനി വരുമ്പോള്‍ ചായയോടൊപ്പം കഴിക്കാനുള്ളതാണ് റസ്‌ക്കെന്നാണ് ഞങ്ങള്‍  കരുതിയിരുന്നത്. അവശ്യസാധനങ്ങള്‍ എന്തായാലും എത്ര വില നല്‍കിയും അവ വാങ്ങി നല്‍കാന്‍ ഉപ്പ മടി കാണിച്ചിട്ടില്ല. മതനിഷ്ഠയോടെയും ചിട്ടയോടെയും മക്കള്‍ പഠിച്ചു വളരണമെന്ന ആഗ്രഹത്താലാണ് ഭൂരിപക്ഷം രക്ഷിതാക്കളും കുട്ടികളെ ഹോസ്റ്റലിലാക്കുന്നത്. ഹോസ്റ്റലില്‍ പുലര്‍ച്ചെ അഞ്ചു മണിക്ക് എഴുന്നേല്‍ക്കണം. എത്ര തണുപ്പും മഴയുമാണെങ്കിലും ശരി. അഞ്ചേ പതിനഞ്ച് ആകുമ്പോഴേക്ക് ഹോസ്റ്റലില്‍നിന്ന് ലൈനായി തൊട്ടടുത്ത പള്ളിയിലേക്കു പോകും. അവിടെ വെച്ച് എല്ലാവരും വന്നിട്ടുണ്ടോ എന്ന് അസിസ്റ്റന്റ് വാര്‍ഡന്‍ പരിശോധിക്കും. ആരെങ്കിലും എഴുന്നേല്‍ക്കാതെ റൂമില്‍ ഒളിച്ചിരുന്നിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തക്കതായ ശിക്ഷ കിട്ടും. 

പ്രഭാത നമസ്‌കാരം കഴിഞ്ഞ് നേരെ കാന്റീനില്‍ വന്ന് ഒരു കട്ടന്‍ കാപ്പി കഴിക്കും. അതു കഴിഞ്ഞ് നേരെ റൂമിലേക്കാണ് പോവുക. ഏഴുമണിക്കു മുന്‍പ് കുളിച്ച് വൃത്തിയായി പ്രാതലിനായി ഭക്ഷണഹാളില്‍ അണിനിരക്കും. അതുകഴിഞ്ഞ് നേരെ മദ്രസ്സയിലേക്ക്. ഒന്‍പത് മണിവരെയുള്ള മതപഠനം കഴിഞ്ഞ് ചായ കുടിച്ച് സ്‌കൂളിലേക്ക് പുറപ്പെടും. ഓരോ ദിവസവും അഞ്ചു നേരത്തെ നമസ്‌കാരത്തിനും പള്ളിയില്‍ പോകല്‍ നിര്‍ബ്ബന്ധം. വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥന കഴിഞ്ഞാല്‍ താഴത്തെ നിലയിലുള്ള മദ്രസ്സാ ക്ലാസ്സുകളിലേക്ക് പഠിക്കാനുള്ള പുസ്തകങ്ങളുമായി കുട്ടികള്‍ പോകും. ഒന്‍പത് മണിവരെ ഇടതടവില്ലാത്ത പഠനം. ഓരോ ക്ലാസ്സിലും കുട്ടികള്‍ പഠിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ അദ്ധ്യാപകരുണ്ടാകും. വര്‍ത്തമാനം പറഞ്ഞ് കളിച്ചിരുന്നാല്‍ പ്രധാന വാര്‍ഡന് റിപ്പോര്‍ട്ട് ചെയ്യും. അദ്ദേഹം ഉചിതമായ ശിക്ഷ നടപ്പാക്കും. ആലപ്പുഴ സ്വദേശി കൊച്ചു മുഹമ്മദായിരുന്നു പ്രധാന വാര്‍ഡന്‍. ഉണ്ണിക്കമ്മുവിനായിരുന്നു അസിസ്റ്റന്റ് വാര്‍ഡന്റെ ചുമതല. മറുനാട്ടുകാരായ കുറേ സുഹൃത്തുകളുണ്ടായത് ചേളാരി 'സമസ്താലയ'ത്തില്‍ വെച്ചാണ്. സാദിഖലി ശിഹാബ് തങ്ങള്‍, ഖാലിദ്, ഹംസ, ജവാദ്, നാസര്‍, മാന്തടം മുഹമ്മദ് കുട്ടി, ഉമ്മര്‍, അബ്ദുറഹിമാന്‍, മജീദ്, ഷംസു, കാജ, ജീലാനി, മുസ്തഫ, സക്കരിയ, റഊഫ്, ഖാദര്‍, നിസാര്‍, ളിറാര്‍, സുലൈമാന്‍... തുടങ്ങിയവര്‍ ചങ്ങാതിക്കൂട്ടങ്ങളില്‍ പ്രധാനികളാണ്. 

എന്റെ ഏറ്റവും അടുത്ത സുഹൃത്ത് മാന്തടം മുഹമ്മദ് കുട്ടിയാണ്. ചെറുപ്പത്തില്‍ പലതവണ ഞാന്‍ അവന്റെ വീട്ടില്‍ പോയി താമസിച്ചിട്ടുണ്ട്. ഞങ്ങള്‍ ഒരേ ബാച്ചായിരുന്നെങ്കിലും സ്‌കൂളില്‍ ഒരു ക്ലാസ്സില്‍ ആയിരുന്നില്ല. എന്നാല്‍, ഹോസ്റ്റലില്‍ ഒരുമിച്ചായിരുന്നു. പഠിത്തത്തില്‍ ഞങ്ങള്‍ പരസ്പരം മത്സരിച്ചു. എന്നാല്‍, ആ മത്സരം ഒരിക്കലും ഞങ്ങളുടെ സൗഹൃദത്തെ പ്രതികൂലമായി ബാധിച്ചില്ല. ഞങ്ങള്‍ മാറിയും മറിഞ്ഞും ഒന്നാം സ്ഥാനം പങ്കിട്ടു. എപ്പോഴും ഇംഗ്ലീഷില്‍ കൂടുതല്‍ മാര്‍ക്ക് മുഹമ്മദ് കുട്ടിക്കായിരുന്നു. അവന്‍ എന്നെക്കാള്‍ ഉയര്‍ന്ന സ്ഥാനത്തെത്തുമെന്നതില്‍ സംശയമുണ്ടായിരുന്നില്ല. പക്ഷേ, വിധി ഒരു കഴുകനെപ്പോലെ അവനേയും അവന്റെ കൂടെയുണ്ടായിരുന്ന കുട്ടിയേയും ഒരുമിച്ച് റാഞ്ചിയെടുത്ത് നോക്കെത്താദൂരത്തേക്ക് പറന്നുപോയി.

ചേളാരി സമസ്താലയം
ചേളാരി സമസ്താലയം

ഹൃദയമുരുകുന്ന സ്നേഹവാത്സല്യം

പണ്ടേ ഞാനൊരു വികൃതിയാണ്. മിന്നലാക്രമണം പോലെയായിരുന്നത്രെ എന്റെ വികൃതികള്‍. അതുകൊണ്ട് ഏറ്റവുമധികം വിഷമിച്ചത് ഉമ്മയും വലിയുമ്മയുമാണ്. ഉമ്മ സ്‌കൂളില്‍ നന്നായി പഠിച്ചിരുന്നെന്ന് പലരും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പതിന്നാലാമത്തെ വയസ്സിലാണ് എന്നെ പ്രസവിക്കുന്നത്. ഉമ്മയ്ക്ക് പത്ത് വയസ്സുള്ളപ്പോഴായിരുന്നത്രെ നിക്കാഹ്. മിതീന്‍കുട്ടി മൂത്താപ്പയാണ് ദല്ലാളെന്നാണ് അദ്ദേഹം  അവകാശപ്പെട്ടിരുന്നത്. മൂന്നു വര്‍ഷം കഴിഞ്ഞ് കൂട്ടിക്കൊണ്ട് വരലും നടന്നു. അന്നൊക്കെ അങ്ങനെയായിരുന്നു. ബാലവിവാഹം സര്‍വ്വസാധാരണം. കല്യാണപ്പെണ്ണിനേക്കാള്‍ പത്തും പതിനഞ്ചും ഇരുപതും വയസ്സ് കൂടുതലാകും ചെറുക്കന്. ഞാന്‍ ഗര്‍ഭസ്ഥശിശുവായിരിക്കെ തൊട്ടടുത്ത വീട്ടിലെ കുളത്തില്‍ കുളിക്കാന്‍ പോയപ്പോള്‍ കാല്‍ തെന്നി വീണത് ഉമ്മക്കിന്നും നടുക്കം ഉളവാക്കുന്ന ഓര്‍മ്മയാണ്. കാലില്‍ ഞരമ്പ് തടിച്ച് ചുരുളുന്ന രോഗവും അധികം വൈകാതെ ഉമ്മയെ തേടിയെത്തി. തുടരെത്തുടരെയുള്ള ഏഴു പ്രസവങ്ങള്‍ ഉമ്മയെ ശാരീരികമായി തളര്‍ത്തിയതായി തോന്നിയിട്ടുണ്ട്. അകാലത്തില്‍ വാര്‍ദ്ധക്യം ബാധിക്കാനും ചെറുപ്രായത്തിലെ പ്രസവം ഹേതുവായിട്ടുണ്ടാകും. ഉപ്പ പുറമേ പരുക്കനായിരുന്നു. അപൂര്‍വ്വമായി മാത്രമേ അദ്ദേഹം സ്നേഹം പ്രകടിപ്പിക്കാറുള്ളൂ. പക്ഷേ, ഉപ്പയുടെ അകം നിറയെ സ്നേഹമാണെന്നു സന്ദിഗ്ദ്ധഘട്ടങ്ങളിലൊക്കെ ഞങ്ങള്‍ക്കു ബോദ്ധ്യമായിട്ടുണ്ട്. ഉമ്മ ഒറ്റയ്ക്കിരുന്ന് കരയുന്നത് ചിലപ്പോഴൊക്കെ ഞാന്‍ കണ്ടിരുന്നു. അപ്പോള്‍ അടുത്തുചെന്ന് ഒന്നുമറിയാതെ ഞാന്‍ നില്‍ക്കും. ഉമ്മ ഒന്നും പറയില്ല. എന്നെ മാറോടുചേര്‍ത്ത് പിടിക്കുക മാത്രം ചെയ്യും. ഉമ്മയിലൂടെയാണ് സമീപകാലംവരെ ഞാന്‍ ഉപ്പയോട് സംസാരിച്ചത്. 

ബന്ധുവീടുകളില്‍ പോവുമ്പോള്‍ ഉമ്മയുടെ ഒരു കണ്ണ് എന്റെ മേലാകും. കണ്ണൊന്നു തെറ്റിയാല്‍ അവിടുത്തെ കുട്ടികളെ ഞാന്‍ എന്തെങ്കിലും വികൃതി കാട്ടിയിരിക്കും. എവിടെ ചെന്നാലും ഉമ്മാക്ക് ഒരു സ്വസ്ഥത ഉണ്ടാവില്ല. കടിക്കലും മാന്തലുമായിരുന്നു എന്റെ ഇഷ്ട 'വിനോദങ്ങള്‍.' ഞങ്ങളുടെ കുടുംബത്തില്‍ എന്റെ രണ്ടുമൂന്ന് വയസ്സിനു മുകളിലും താഴെയുമുള്ള പലരും എന്റെ 'ആക്രമണത്തിന്' വിധേയരായവരാണ്. ഉമ്മയുടെ സാന്നിദ്ധ്യത്തിലാണ് വികൃതിയെങ്കില്‍ അടി ഉറപ്പാണ്. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ എന്റെ വികൃതി പേടിച്ച് കുടുംബവീടുകളിലേക്കുള്ള പല യാത്രകളും ഉമ്മയ്ക്ക് മാറ്റിവെയ്‌ക്കേണ്ടിവന്നിട്ടുണ്ടെന്ന് വളര്‍ന്നു വലുതായപ്പോള്‍ ഉമ്മ പറയുമായിരുന്നു. പറഞ്ഞത് കേള്‍ക്കാതിരിക്കുകയോ പഠനത്തില്‍ താല്പര്യക്കുറവ് കാണിക്കുകയോ ചെയ്താല്‍ ഉപ്പയുടെ കയ്യില്‍നിന്ന് നല്ല തല്ല് കിട്ടും. ഉമ്മ ചായിക്കാരം പിടിക്കാന്‍ വരുമ്പോള്‍ എനിക്കു നേരെയുള്ള ചൂരല്‍പ്രയോഗം ഉമ്മയ്ക്കുമേല്‍ക്കും. ഹോസ്റ്റല്‍ വാസത്തോടെ അടിപിടിക്കും വികൃതികള്‍ക്കും ഒരളവോളം ശമനമായി. പക്ഷേ, കുസൃതികള്‍ പകരംവെയ്ക്കപ്പെട്ടു. അപൂര്‍വ്വമായി വികൃതിയും പുറത്തുവരാതിരുന്നില്ല. 

ഉണ്ണിക്കമ്മു ഉസ്താദ്
ഉണ്ണിക്കമ്മു ഉസ്താദ്

ഹോസ്റ്റലില്‍ വേനല്‍ക്കാലമാകുമ്പോള്‍ വെള്ളം കുറയും. തൊട്ടടുത്തുള്ള നല്ല വെള്ളമുള്ള കിണറ്റിന്റെ വക്കത്ത് കൊണ്ടുപോയി ഞങ്ങളെ വരിവരിയായി നിര്‍ത്തും. കാന്റീനിലെ ജോലിക്കാരായ രണ്ടുപേര്‍ കിണറ്റില്‍നിന്ന് വെള്ളം കോരി ഓരോരുത്തരുടെ തലയിലുമൊഴിക്കും.  ആദ്യം ഒരു ബക്കറ്റ് വെള്ളംകൊണ്ട് ദേഹം നനയ്ക്കും. പിന്നെ സോപ്പ് തേച്ച് വീണ്ടും ക്യൂവില്‍ നില്‍ക്കും. രണ്ട് ബക്കറ്റ് വെള്ളം കോരി തലയിലൂടെ വീണ്ടുമൊഴിച്ച് സോപ്പിന്‍പത കളയും. ഒരുതരം കാക്കക്കുളി എന്നു പറയാം. രാവിലെയുള്ള ഈ കുളിക്കാന്‍ പോക്ക് എനിക്ക് തീരെ ഇഷ്ടമുള്ള കാര്യമല്ല. ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് കക്കൂസില്‍ പോകാന്‍ ആവശ്യമായ വെള്ളം ടാര്‍വീപ്പ പോലുള്ള നാലഞ്ച് ഡ്രമ്മുകളില്‍ ശേഖരിച്ചുവെയ്ക്കും. അതില്‍നിന്ന് പ്ലാസ്റ്റിക്ക് ബക്കറ്റുകളിലേക്ക് വലിയ കപ്പുകൊണ്ട് അത്യാവശ്യത്തിനുള്ള വെള്ളം കോരിയെടുക്കും. അതായിരുന്നു പതിവ്. ഞാനും സുഹൃത്ത് മുഹമ്മദ് കുട്ടിയും ആ ശീലം തെറ്റിക്കാന്‍ തീരുമാനിച്ചു. 

എല്ലാവരും കിണറ്റിന്റെ വക്കത്തേക്ക് പോകുമ്പോള്‍ ഞങ്ങള്‍ കക്കൂസില്‍ കയറി വാതിലടക്കും. എല്ലാവരും പോയെന്ന് ഉറപ്പുവരുത്തിയാല്‍ പതുക്കെ കതകു തുറന്ന് പുറത്തുവരും. പിന്നെ പൊടുന്നനെ തോര്‍ത്ത് മുണ്ട് ഉടുത്ത് മുക്കാല്‍ ഭാഗം വെള്ളം നില്‍ക്കുന്ന വീപ്പയിലേക്ക് ശബ്ദമുണ്ടാക്കാതെ ഇറങ്ങും. രണ്ട് മൂന്ന് മുങ്ങലിനു ശേഷം ഡ്രമ്മില്‍നിന്ന് കയറും. സോപ്പു തേച്ച് വീണ്ടും വീപ്പയിലിറങ്ങി മുങ്ങും. ഞാന്‍ കുളിക്കുമ്പോള്‍ മുഹമ്മദ്കുട്ടി കാവല്‍ നില്‍ക്കും. അവന്‍ കുളിക്കുമ്പോള്‍ ഞാനും. ഇത് ആഴ്ചകള്‍ തുടര്‍ന്നു. 

ഡ്രമ്മിലെ വെള്ളത്തില്‍ സോപ്പു പതയുണ്ടെന്ന് കുട്ടികള്‍ വാര്‍ഡനോട് പരാതിപ്പെട്ടു. അസിസ്റ്റന്റ് വാര്‍ഡന്‍ ഉണ്ണിക്കമ്മുവിന് സംഗതിയുടെ 'ഗുട്ടന്‍സ്' പിടികിട്ടി. അദ്ദേഹം നല്ല സമര്‍ത്ഥനായിരുന്നു. ഒരു ദിവസം സാധാരണപോലെ ഞങ്ങള്‍ മുങ്ങിക്കുളിക്കവെ ആരോ മുകളില്‍നിന്ന് മുടിയില്‍ പിടിച്ച് മേല്‍പ്പോട്ട് പൊക്കുന്നു. മുഖം തുടച്ച് നോക്കുമ്പോള്‍ ഉണ്ണിക്കമ്മു ഉസ്താദാണ്. അദ്ദേഹം ആരും കാണാതെ ഒളിച്ചിരുന്നത് ഞങ്ങള്‍ കണ്ടിരുന്നില്ല. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്നു പറഞ്ഞപോലെ ഞങ്ങളുടെ സുവര്‍ണ്ണകാലം അങ്ങനെ അവസാനിച്ചു. വാര്‍ഡന്‍ കൊച്ചുമുഹമ്മദിന്റെ കയ്യില്‍നിന്ന് ചൂരല്‍കൊണ്ട് കൈവെള്ളയില്‍ രണ്ട് തല്ലും കിട്ടി. കള്ളി പൊളിഞ്ഞതിന്റെ ചമ്മലില്‍നിന്നു മുക്തമാകാന്‍ കുറേ ദിവസമെടുത്തു. പതിവു തെറ്റാതെ നടക്കുന്ന സാഹിത്യസമാജം സമസ്താലയത്തിലെ ആകര്‍ഷണീയ ഇനമായിരുന്നു. മാപ്പിളപ്പാട്ടാണ് എന്റെ ഇഷ്ട അയ്റ്റം. ഖുര്‍ആന്‍ പാരായണ മത്സരത്തിലും ബാങ്ക് വിളി മത്സരത്തിലും സ്ഥിരമായി ഞാന്‍ പങ്കെടുക്കും. ഭൂരിപക്ഷ സന്ദര്‍ഭങ്ങളിലും എനിക്കായിരുന്നു ഒന്നാം സ്ഥാനം. ആയിടക്കാണ് പാങ്ങില്‍നിന്ന് ബഷീര്‍ ഹോസ്റ്റലില്‍ എത്തുന്നത്. അവന്‍ നല്ല ഈണത്തില്‍ പാടുമായിരുന്നു. മാപ്പിളപ്പാട്ടിലെ എന്റെ കിരീടം ബഷീറിനു സ്വന്തമായി. അവന്റെ കഴിവിനെ മനസ്സാ ഞാനും അംഗീകരിച്ചു. സുഹൃത്തുക്കളുടെ അഭിവൃദ്ധിയില്‍ ഒരിക്കലും എനിക്ക് അസൂയ തോന്നിയിട്ടില്ല. അറിവും പ്രാപ്തിയും മികവുമുള്ള സുഹൃത്തുക്കളെ അംഗീകരിക്കാന്‍ മടിച്ചിട്ടേയില്ല. എന്നാല്‍, ജാഡയുമായി തലയില്‍ കയറാന്‍ വരുന്നവരുടെ മുന്നില്‍ തലകുനിച്ച് പിന്‍മാറിയിട്ടുമില്ല.

മാനേജർ കൊച്ചുമുഹമ്മദ്
മാനേജർ കൊച്ചുമുഹമ്മദ്

വലിച്ചടുപ്പിക്കുന്ന ബന്ധങ്ങള്‍

നല്ല സൗഹൃദങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്. പണത്തെക്കാളും പദവികളെക്കാളും മനസ്സിനെ പുളകിതമാക്കുന്നതാണ് ആത്മാര്‍ത്ഥമായ ചങ്ങാത്തങ്ങള്‍. സൗഹൃദം കാത്തുസൂക്ഷിക്കാന്‍ പരമാവധി ഞാന്‍ ശ്രമിച്ചു. പലരുമായും ഇന്നും അത്തരം ബന്ധങ്ങള്‍ തുടരുന്നു. ജവാദുമായും ഹംസയുമായും ചേളാരിയില്‍വെച്ച് ഇണങ്ങിയും പിണങ്ങിയും കഴിഞ്ഞിട്ടുണ്ട്. ജവാദിന്റെ ഉപ്പയ്ക്ക് കോഴിക്കോട് മിഠായിത്തെരുവില്‍ ഒരു തുണിക്കടയുണ്ടായിരുന്നു. ജവാദ് പഠനം നിര്‍ത്തി ഉപ്പയെ ബിസിനസ്സില്‍ സഹായിക്കാന്‍ ഷോപ്പില്‍ നില്‍ക്കുന്ന വിവരം കത്ത് മുഖാന്തരം അറിഞ്ഞു. ഞാന്‍ ചേന്ദമംഗല്ലൂരില്‍ പ്രീഡിഗ്രിക്കു പഠിച്ചിരുന്നപ്പോള്‍ അവനെ അന്വേഷിച്ച് കടയില്‍ ഇടയ്ക്കിടെ പോകും. മുതലാളിമാര്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണം കടയുടെ മുകളിലാണ് പാചകം ചെയ്തിരുന്നത്. അവിടെ ചെന്നാല്‍ ഉച്ചയ്ക്ക് ശാപ്പാട് കഴിച്ചേ അവന്റെ ഉപ്പ വിടൂ. അവിടെനിന്ന് കഴിച്ച പൊരിച്ച മത്തിയുടെ സ്വാദ് മൂന്നര പതിറ്റാണ്ടിനിപ്പുറവും നാവിന്‍തുമ്പിലുണ്ട്. ഞാനവനെ കാണാന്‍ ചെല്ലുന്നത് അവന്റെ ഉപ്പയ്ക്കും താല്പര്യമാണ്. ഞാനവിടെ ചെല്ലുമ്പോഴുള്ള അദ്ദേഹത്തിന്റെ  പെരുമാറ്റം അത്ര ഊഷ്മളമായിരുന്നു.  മന്ത്രിയായ അവസരത്തിലും ഞാനവന്റെ വീട്ടില്‍ പോയി സൗഹൃദം പുതുക്കി. എം.ടി.പി. ഹംസ സ്‌കൂളില്‍ എന്നെക്കാള്‍ സീനിയറായിരുന്നെങ്കിലും മദ്രസ്സയില്‍ ഞങ്ങള്‍ ഒരു ക്ലാസ്സിലാണ് പഠിച്ചത്. മൊയ്തുണ്ണി ഉസ്താദിന്റെ 'ശൈതാന്‍' വിളിക്കും നുള്ളലിനും ഞങ്ങള്‍ ഒരുപാട് വിധേയരായിട്ടുണ്ട്. ക്ലാസ്സെടുക്കുമ്പോള്‍ പരസ്പരം സംസാരിച്ചതിന്റെ പേരിലാണ് അവയെല്ലാം കിട്ടിയത്. ഞാന്‍ മുന്‍കയ്യെടുത്താണ് സ്വകാര്യം പറച്ചിലിനു തുടക്കമിടാറ്. അങ്ങനെയാണ് ഹംസ കുടുക്കില്‍ പെടുക. സൗഹൃദത്തിനിടയില്‍ ക്ലാസ്സില്‍വെച്ച് ഒരു ദിവസം ഞങ്ങള്‍ അടിപിടിയും കൂടിയിട്ടുണ്ട്. എന്നെക്കാള്‍ തടിമിടുക്കുള്ളതുകൊണ്ട് തല്ലില്‍  ഞാനാണ് തോറ്റത്.  കുറച്ചു ദിവസം മിണ്ടാതെ നടന്നു. പിന്നെ വീണ്ടും പഴയപോലെയായി. മന്ത്രിയായ സമയത്ത് കാസര്‍കോഡ് ഭാഗത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ ഒരു ദിവസം ഹംസയുടെ വീട്ടിലാണ് താമസിച്ചത്. വര്‍ഷങ്ങളോളം ഞങ്ങള്‍ കത്തിടപാടുകള്‍ നടത്തിയിരുന്നു. എന്റെ വിവാഹത്തിനു വന്ന സുഹൃത്തുക്കളില്‍ ഹംസയം നാസറും ഉണ്ടായിരുന്നു. 

കാലപ്പഴക്കത്തില്‍ ചങ്ങാത്തത്തിളക്കം

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നെക്കാള്‍ മൂന്ന് ക്ലാസ്സ് മുന്നിലാണ് പഠിച്ചിരുന്നത്. ഞാന്‍ എട്ടാം ക്ലാസ്സിലെത്തിയപ്പോഴേക്ക് അദ്ദേഹം പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കി പോയിരുന്നു. തങ്ങള്‍ സമസ്താലയം വിട്ട ശേഷം അദ്ദേഹത്തിന്റെ സുഖവിവരം അന്വേഷിച്ച് ഞാനൊരു കത്തെഴുതി. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടിയും വന്നു. അന്ന് ഹോസ്റ്റലിലെ കുട്ടികള്‍ക്കു വരുന്ന കത്തുകള്‍ വാര്‍ഡന്‍ പൊളിച്ചു വായിക്കുന്നതാണ് അലിഖിത നിയമം. സമസ്തയുടെ ഹോസ്റ്റലിലെ അന്നത്തെ പ്രധാന വാര്‍ഡനും ഇന്നത്തെ മാനേജരുമായ കൊച്ചുമുഹമ്മദ് കുട്ടികളെല്ലാം കേള്‍ക്കെ ആ കത്ത് വായിച്ചു. നന്നായി പഠിക്കണമെന്ന ഉപദേശമായിരുന്നു കത്തിലെ മുഖ്യ ഉള്ളടക്കം. ''ഇത് താന്‍ ചില്ലിട്ട് സൂക്ഷിക്കണമെന്ന'' ഉപദേശത്തോടെ കത്ത് വാര്‍ഡന്‍ എനിക്കു തന്നു. ഒരുപാട് കാലം ഞാനത് പെട്ടിയില്‍ സൂക്ഷിച്ചുവെച്ചിരുന്നു. പിന്നീടത് കൈമോശം വന്നത് എപ്പോഴാണെന്ന് ഓര്‍മ്മയില്ല. ഞങ്ങള്‍ക്കൊക്കെ ആദരവ് കലര്‍ന്ന സ്നേഹമായിരുന്നു അദ്ദേഹത്തോട്. സാദിഖലി തങ്ങളുടെ ഭാര്യ സയ്യിദ സുല്‍ഫത്ത് കോളേജില്‍ എന്റെ ബാച്ചിലാണ് പഠിച്ചത്. ഇംഗ്ലീഷിനും അറബിക്കിനും ഞങ്ങള്‍ ഒരേ ക്ലാസ്സിലായിരുന്നു.  ഇരുവരും എന്റെ വിവാഹച്ചടങ്ങിന് ഒരുമിച്ചെത്തിയത് പലരേയും അത്ഭുതപ്പെടുത്തി. പക്ഷേ, ആ ആത്മാര്‍ത്ഥമായ സൗഹൃദം സാദിഖലി തങ്ങള്‍ പിന്നീട് എന്നോട് പുലര്‍ത്തിയോ എന്നത് ഒരു സമസ്യയായി അവശേഷിക്കുന്നു. അദ്ദേഹത്തിന്റെ ഫലവത്തായ ഇടപെടല്‍ ഉണ്ടായിരുന്നെങ്കില്‍ ലീഗില്‍നിന്ന് എനിക്കുണ്ടായ തിക്താനുഭവം ഒഴിവാകുമായിരുന്നില്ലേ എന്നു തോന്നിയിട്ടുണ്ട്. കാലപ്പഴക്കവും പ്രായവും  ചങ്ങാത്തത്തിന്റെ തിളക്കത്തിന് മങ്ങലേല്പിച്ചതാകുമോ അതിന്റെ കാരണം? 

മുഹമ്മദ് കുട്ടി
മുഹമ്മദ് കുട്ടി

ചാലിശ്ശേരിക്കാരന്‍ ഇംത്യാസും അവന്റെ അനിയനും സമസ്താലയത്തില്‍ അക്കാലത്ത് ഉണ്ടായിരുന്നു. ഒരു സായിപ്പിന്റെ ലുക്കായിരുന്നു ഇംത്യാസിന്. ഞങ്ങള്‍ക്കിടയില്‍ ഒരു 'ശീതസമരം' നിലനിന്നിരുന്നു. ഒരു ദിവസം എന്തോ അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞ് അവസാനം അടിപിടിയിലെത്തി. പിടിച്ചുമാറ്റാന്‍ ആരും രംഗത്ത് വന്നില്ല. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്ക് ഇരുവരും തളര്‍ന്നു. എങ്ങനെയെങ്കിലും മുന്‍തൂക്കം കിട്ടാന്‍ വഴികള്‍ തേടവേ പല്ലിന്റെ ഉപയോഗം ഞാന്‍ തിരിച്ചറിഞ്ഞു. പിന്നെയെല്ലാം ഞൊടിയിടയിലാണ് നടന്നത്. ഒരൊറ്റക്കടി കൊടുത്തു. അവന്‍ വാവിട്ട് കരഞ്ഞു. ഞാന്‍ കടി വിട്ടില്ല. അവസാനം ഉണ്ണിക്കമ്മു ഉസ്താദ് വന്നാണ് ഞങ്ങളെ രണ്ട് ഭാഗത്തേക്കുമായി മാറ്റിയത്. വിഷയം അവിടെ ഒതുങ്ങിയില്ല. ഇംത്യാസ് വീട്ടില്‍ അറിയിച്ചു. അവന്റെ ഉമ്മ വന്നു. പല്ലിന്റെ അടയാളം അപ്പോഴും അവന്റെ ദേഹത്ത് പതിഞ്ഞു കിടന്നു. ഇംത്യാസിന്റെ ഉമ്മ ശക്തമായ പ്രതിഷേധം മാനേജരേയും വാര്‍ഡനേയും അറിയിച്ച് പോയി. എനിക്കെതിരെ രണ്ട് ചാര്‍ജുകളാണ് അധികാരികളുടെ മുന്നില്‍. ഒന്ന്, വീപ്പയിലെ വെള്ളത്തില്‍ മുങ്ങിക്കുളിച്ചത്. രണ്ട്, ഇംത്യാസിനെ കടിച്ച് മുറിവേല്‍പ്പിച്ചത്. ഇത് രണ്ടും ധാരാളമാണ് സ്ഥാപനത്തില്‍നിന്നു പുറത്താക്കാന്‍. ഞാന്‍ മോശമല്ലാതെ പഠിക്കുമെന്നുള്ളതും കുഴപ്പമില്ലാതെ പാടുമെന്നുള്ളതും മാനേജര്‍ കൊച്ചുമുഹമ്മദിന് എന്നെ പടിയടച്ച് പിണ്ഡം വെയ്ക്കുന്നതിന് തടസ്സമായി. ഇലയ്ക്കും മുള്ളിനും കേടുപറ്റാതെ പ്രശ്നം പരിഹരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. ആ അക്കാദമിക വര്‍ഷം അവിടെത്തന്നെ പൂര്‍ത്തിയാക്കാന്‍ അദ്ദേഹം കടാക്ഷിച്ചു. ഇരുചെവി അറിയാതെ കാര്യങ്ങള്‍ മാനേജര്‍ ഉപ്പയോട് സംസാരിക്കുകയും ചെയ്തു. എട്ടാം ക്ലാസ്സില്‍നിന്ന് ഒന്‍പതാം ക്ലാസ്സിലേക്ക് ജയിച്ചതോടെ സമസ്താലയത്തിലെ പഠനത്തിനു വിരാമമായി. ഇംത്യാസും അവിടെനിന്ന് അതേ വര്‍ഷം മെച്ചപ്പെട്ട മറ്റൊരു സ്ഥാപനത്തിലേക്ക് മാറിപ്പോയെന്നാണ് അറിഞ്ഞത്. പിന്നീട് ഒരുപാട് ഞാന്‍ ഇംത്യാസിനെ അന്വേഷിച്ചിരുന്നു. പലരോടും തിരക്കി. മന്ത്രിയായ സന്ദര്‍ഭത്തില്‍ കൊച്ചുമുഹമ്മദ് സാഹിബിനോടും ചോദിച്ചു. സുഹൃത്തുക്കളോടും ആരാഞ്ഞു. വ്യക്തമായ ഒരു വിവരം ആരില്‍നിന്നും കിട്ടിയില്ല. ഫോണ്‍ നമ്പര്‍ ശേഖരിക്കാനും ശ്രമം നടത്തി. അതും വിഫലമായി. സമീപകാലത്ത് ആരോ പറഞ്ഞറിഞ്ഞത് അവനിപ്പോള്‍ ലണ്ടനിലാണെന്നാണ്. അവന്റെ പഠിക്കാനുള്ള മിടുക്ക് ഉയര്‍ന്നു പറക്കാന്‍ സഹായകമായിട്ടുണ്ടാകും എന്നെനിക്ക് ഉറപ്പുണ്ട്. ഇംത്യാസിനെ മരിക്കുന്നതിനു മുന്‍പ് ഒന്ന് കാണണം. അവനോട് ക്ഷമാപണം നടത്തണം. അവന്റെ ഉമ്മയോട് മകനെ വേദനിപ്പിച്ചതിനു മാപ്പ് ചോദിക്കണം.

മുഹമ്മദ്കുട്ടിയും ഞാനും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. ചങ്ങരങ്കുളം മാന്തടത്താണ് മുഹമ്മദ്കുട്ടിയുടെ വീട്. വിദ്യാര്‍ത്ഥിയായിരിക്കെ ഞാനേറ്റവുമധികം താമസിച്ച സുഹൃത്തിന്റെ വീടാണ് അവന്റേത്. മുഹമ്മദ്കുട്ടിയുടെ ഉമ്മ സ്നേഹത്തിന്റെ നിറകുടമായിരുന്നു. ഞങ്ങളെ രണ്ടിട്ട് അവര്‍ കണ്ടിട്ടേയില്ല. അവരുടെ മരണംവരെ ആ  സ്നേഹബന്ധം നിലനിന്നു. അവന്റെ പിതാവ് എഫ്.സി.ഐ കോണ്‍ട്രാക്ടറായിരുന്നു. മുഹമ്മദ്കുട്ടിക്ക് അഞ്ച് സഹോദരിമാരും ഒരു സഹോദരനുമുണ്ട്. ചേളാരിയില്‍നിന്ന് എട്ടാം ക്ലാസ്സ് കഴിഞ്ഞ് ഞാന്‍ പോന്നതോടെ ഞങ്ങളുടെ സൗഹൃദത്തിനു സാമാന്യം നീണ്ട ഒരു ഇടവേളയുണ്ടായി. ആ ഇടവേള എന്റെ ചങ്ങാതിയുടെ ജീവിതത്തില്‍ ഉണങ്ങാത്ത മുറിവുകള്‍ തീര്‍ത്ത ദുരന്തകാലമായിരുന്നു. 

മുഹമ്മദ്കുട്ടിയുടെ വീട്ടുമുറ്റത്ത് അഞ്ചാറ് വാഹനങ്ങള്‍ എപ്പോഴും നില്‍ക്കുന്നത് സാധാരണ കാഴ്ചയാണ്. മുന്നോ നാലോ ലോറികളും ഒന്നോ രണ്ടോ കാറുകളും അതിലുണ്ടാകും. കുട്ടിയായിരിക്കെത്തന്നെ കാറും ലോറിയുമൊക്കെ ഓടിക്കാനുള്ള സിദ്ധി അവന്‍ കൈവരിച്ചിരുന്നു. ചിലപ്പോള്‍ എന്റെ സുഹൃത്തിന്റെ വൈഭവം കണ്ട് ഞാന്‍ അത്ഭുതം കൂറിയിട്ടുണ്ട്.  

അവന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം മുറ്റത്തുണ്ടായിരുന്ന കാറ് തിരിച്ചിടാന്‍ ശ്രമിച്ചത്രെ. കാര്‍പോര്‍ച്ചില്‍നിന്ന് വണ്ടി പിന്നിലേക്ക് എടുക്കാന്‍ നോക്കി. കാറിന്റെ പിന്‍ഭാഗത്തെ ടയറില്‍ എന്തോ തടയുന്നത് അനുഭവപ്പെട്ട അവന്‍ ശക്തിയില്‍ ആക്സിലറേറ്ററില്‍ വിരലുകളമര്‍ത്തി. ഒരു പൊട്ടലും കരച്ചിലും ഒപ്പമായിരുന്നു. പിന്നെ അവിടെ ഒരു കൂട്ടക്കരച്ചില്‍ ഉയര്‍ന്നു. മുഹമ്മദ്കുട്ടിക്ക് എന്നെപ്പോലെ അധികം നീളമുണ്ടായിരുന്നില്ല. കാറിന്റെ പിന്നില്‍ അവനറിയാതെ എത്തിയ  സഹോദരി മറിയക്കുട്ടിയുടെ ഒരുവയസ്സുള്ള മകള്‍ അവന്റെ കണ്ണില്‍ പെട്ടില്ല. ആ കുരുന്നിനുമേല്‍ കാറ് കയറിയിറങ്ങി. തല്‍ക്ഷണം കുട്ടി മരിച്ചു. മറിയക്കുട്ടിക്ക് ഏക പെണ്‍തരിയാണ് നഷ്ടമായത്. വീട്ടിലും നാട്ടിലും മുഹമ്മദ്കുട്ടി വില്ലന്റെ റോളിലായി.  പെങ്ങന്‍മാരും അവനും തമ്മിലുള്ള അടുപ്പവും സ്നേഹവും കണ്ട് എനിക്ക് അസൂയ തോന്നിയിട്ടുണ്ട്. ഒരിക്കലും നിനക്കാതെ നടന്ന ആ സംഭവത്തില്‍ പതിന്നാല് വയസ്സ് മാത്രമുള്ള എന്റെ പ്രിയ കൂട്ടുകാരന്‍ എന്തുമാത്രം മാനസികസംഘര്‍ഷം അനുഭവിച്ചിട്ടുണ്ടാകും! എനിക്കത് ഊഹിക്കാന്‍ പോലും കഴിയുന്നില്ല. മാനസികമായി അവനാകെ തളര്‍ന്നു. ഒരുതരം മനോവിഭ്രാന്തി അവനെ പിടികൂടി. പഠനം താളംതെറ്റി. 

മുഹമ്മദ്കുട്ടിയെ പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാന്‍ വീട്ടുകാര്‍ നന്നേ പാടുപെട്ടു. ഉമ്മയും ഉപ്പയും സഹോദരിമാരും സഹോദരനും മറ്റു കുടുംബാംഗങ്ങളും അവനെ പഴയ മാമുട്ടിയാക്കാന്‍ നിരന്തരം ശ്രമിച്ചു. അവരുടെയെല്ലാം പ്രയത്‌നഫലമായി അവന്‍ പഠനം പുനരാരംഭിച്ചു. പത്താം ക്ലാസ്സ് പാസ്സായി. പൊന്നാനി എം.ഇ.എസ് കോളേജില്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു. അപ്പോഴും അവനെ പഴയ ഓര്‍മ്മകള്‍ വേട്ടയാടി. സ്വസ്ഥത നഷ്ടപ്പെട്ട മുഹമ്മദ്കുട്ടി പഠനം നിര്‍ത്തി ബഹറൈനിലേക്ക് പോയി. മനസ്സൊന്നു തെളിയാന്‍ രക്ഷിതാക്കള്‍ നടത്തിയ ബോധപൂര്‍വ്വമായ നീക്കമായിരുന്നു ആ 'പലായനം.' പിന്നീടവനെ കണ്ടപ്പോഴൊന്നും പണ്ടത്തെ പ്രസരിപ്പോ ചുറുചുറുക്കോ നീണ്ട ചിരിയോ  കാണാനായില്ല. മുഖത്തെപ്പോഴും ദുഃഖം തളംകെട്ടി നിന്നു. ബഹറൈനില്‍നിന്നു തിരിച്ചെത്തിയ മുഹമ്മദ്കുട്ടി പിതാവിന്റെ കോണ്‍ട്രാക്ട് ബിസിനസ്സില്‍ മേല്‍നോട്ടക്കാരനായി. അതിനിടയ്ക്കാണ് വിവാഹം നടന്നത്. ഉമ്മയും പെങ്ങന്‍മാരും സഹധര്‍മ്മിണിയും കഴിഞ്ഞതൊന്നും അവനെ ഓര്‍മ്മപ്പെടുത്താതെ നോക്കി. പരമാവധി സന്തോഷിപ്പിച്ച് നിര്‍ത്തി. പിന്നെ അവന്‍ ജീവിച്ചത് അവനു വേണ്ടിയായിരുന്നില്ല. പെങ്ങന്‍മാര്‍ക്കും മാതാപിതാക്കള്‍ക്കും കുടുംബത്തിനും വേണ്ടിയാണ്. സഹോദരിമാരുടെ മക്കളെ പൊന്നുപോലെ നോക്കി. 

യൂസുഫ് മാഷ്
യൂസുഫ് മാഷ്

സഹോദരി സുബൈദയുടെ നാല് വയസ്സുള്ള കുട്ടി യു.കെ.ജി ക്ലാസ്സില്‍ പഠിച്ചിരുന്നത് ചങ്ങരങ്കുളത്തെ ഒരു സ്വകാര്യ വിദ്യാലയത്തിലാണ്. അവള്‍ താമസിച്ചിരുന്നതാകട്ടെ, ഉമ്മയുടെ വീട്ടിലും. മുഹമ്മദ്കുട്ടിയാണ് ഷെന്‍സിയെ എന്നും സ്‌കൂള്‍ ബസില്‍ കയറ്റി വിദ്യാലയത്തിലേക്ക് അയക്കുക. 1995-ലെ ഏപ്രില്‍ഫൂള്‍ ദിനത്തില്‍ രാവിലെ എട്ടുമണിക്കു പതിവുപോലെ ഷെന്‍സിയെ യൂണിഫോമിടിയിച്ച് ബാഗും വാട്ടര്‍ ബോട്ടിലും തൂക്കി അവളുടെ കയ്യും പിടിച്ച് നാഷണല്‍ ഹൈവേയുടെ ഓരത്ത് സ്‌കൂള്‍ ബസും കാത്ത് അവന്‍ നിന്നു. മുഹമ്മദ്കുട്ടിയുടെ വീട് മാന്തടം അങ്ങാടിയില്‍ തന്നെയാണ്. പത്ത് മിനിട്ട് കഴിഞ്ഞുകാണില്ല, ഗുരുവായൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ചീറിപ്പാഞ്ഞ് നിയന്ത്രണം വിട്ട് അവനും മോളും നിന്നിരുന്ന സ്ഥലത്തിലൂടെ കടന്ന് കുറച്ചു ദൂരം മുന്നോട്ടുപോയി മതിലില്‍ തട്ടി നിന്നു. മുഹമ്മദ്കുട്ടിയും ഷെന്‍സിയും ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണു. ഒന്ന് കരയാന്‍ പോലും കഴിയാതെ രണ്ട് ജീവനുകള്‍ റോഡ് സൈഡില്‍ പൊലിഞ്ഞു. പിറ്റേ ദിവസം ഉച്ചയ്ക്കു ശേഷം പത്രത്തില്‍ വാര്‍ത്ത കണ്ടാണ് ഞാന്‍ വിവരമറിയുന്നത്. കേട്ടയുടന്‍ അടങ്ങാത്ത ദുഃഖവും പേറി നേരെ മാന്തടത്തേക്ക് തിരിച്ചു. ബസിലിരിക്കുമ്പോള്‍ പഴയ ഓര്‍മ്മകള്‍ തികട്ടി വന്ന് എന്റെ കണ്ണുകളെ നിറച്ചുകൊണ്ടേയിരുന്നു. ആരും കാണാതെ ഞാനത് തുടച്ചു. ഖബറടക്കം നേരത്തെ കഴിഞ്ഞുവെന്ന് ബസിറങ്ങിയ ഉടനെ അറിഞ്ഞു. വീട്ടിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. അവന്റെ ഉപ്പ ചാരുകസേരയില്‍ തളര്‍ന്നിരിക്കുന്നു. ഉമ്മയെ കാണാന്‍ ഞാന്‍ അകത്തേക്ക് കടന്നു. എന്നെ കണ്ടപാടെ അവര്‍ 'മാമുട്ടി' പോയീ എന്നും പറഞ്ഞ്  പൊട്ടിക്കരഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. ആ മാതൃവാത്സല്യത്തിന്റെ കരവലയത്തില്‍ ഞാനും വിങ്ങിപ്പൊട്ടി. കുറേസമയം അവര്‍ കിടന്നിരുന്ന കട്ടിലില്‍ ഇരുന്നു. ഹൃദയവേദനയോടെ പോകാന്‍ എഴുന്നേറ്റപ്പോള്‍ എന്റെ കൈ പിടിച്ച് അവര്‍ പറഞ്ഞു: ''മാമുട്ടി ഇല്ലാന്ന് കരുതി നീ വരാതിരിക്കരുത്. എപ്പോഴും വരണം. ഉമ്മാക്കിനി അന്നെ കാണാല്ലോ?'' ദുഃഖം ഉള്ളിലൊതുക്കി എല്ലാവരോടും യാത്ര പറഞ്ഞ് ഞാനിറങ്ങി. 

നേരെ പോയത് മുഹമ്മദ്കുട്ടിയെ മറമാടിയ പള്ളിയിലേക്കാണ്. ഖബറിനരികെയെത്തി ആദ്യം മയ്യിത്ത് നമസ്‌കരിച്ചു. പിന്നെ മനംനൊന്ത് പ്രാര്‍ത്ഥിച്ചു. ആത്മാര്‍ത്ഥവും നിഷ്‌കളങ്കവുമായ സ്നേഹത്തിന്റെ ഒരു ബാല്യകാല ചരിതം ആ ആറടി മണ്ണില്‍ ഒടുങ്ങിയ യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ മനസ്സ് സമ്മതിച്ചില്ല. കുറേ ദിവസത്തേക്ക് എനിക്കൊരു ഉന്മേഷവും തോന്നിയില്ല. ആകെ മൊത്തം വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു. കുറച്ച് ദിവസം കഴിഞ്ഞ് ഞാന്‍ വീണ്ടും അവന്റെ വീട്ടില്‍ പോയി. അവന്റെ ഉമ്മയ്ക്ക് ഹൃദയംതൊട്ട് കൊടുത്ത വാക്ക് അവരുടെ മരണംവരെയും അതിനുശേഷവും ഞാന്‍ പാലിച്ചു. മുഹമ്മദ്കുട്ടി മരിക്കുമ്പോള്‍ അവന് ഒരു മകനുണ്ടായിരുന്നു. രണ്ടാമത്തെയാള്‍ ഗര്‍ഭത്തിലും. അവരിരുവരും മുഹമ്മദ്കുട്ടിയുടെ അനുജന്‍ ലത്തീഫിന്റെ കൂടെയാണ് താമസിക്കുന്നത്. ലത്തീഫ് അവര്‍ക്ക് ഉപ്പ തന്നെയാണ്. മൂത്ത മകന്‍ ബിസിനസ്സ് നോക്കി നടത്തുന്നു. രണ്ടാമത്തെ മകന്‍ എം.ബി.ബി.എസ് കഴിഞ്ഞു. ലത്തീഫ് സമര്‍ത്ഥനായ ഒരു സംരംഭകനാണ്. കേരളത്തിലെ പ്രഥമ ഉപ്പുമണല്‍ ശുദ്ധീകരണ പി.പി.പി പൊന്നാനി മോഡല്‍ പ്രൊജക്ട് അവന്റെ നേതൃത്വത്തിലാണ് നടക്കുന്നത്. ഞാന്‍ എം.എല്‍.എ ആയിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴും എന്റെ വാഹനം ഇടയ്ക്കിടെ മുഹമ്മദ്കുട്ടിയുടെ വീട്ടില്‍ കാണുമ്പോള്‍ ചിലരെങ്കിലും കഥയറിയാതെ വ്യവസായ പ്രമുഖനായ ലത്തീഫുമായി പൊതുപ്രവര്‍ത്തകനായ എനിക്കെന്താണ് ബന്ധമെന്ന് അടക്കം പറയുന്നതായി കേട്ടിരുന്നു. പക്ഷേ, ആരെയും ഞാന്‍ തിരുത്താന്‍ പോയില്ല. എനിക്ക് ലത്തീഫ് എന്റെ കൂടപ്പിറപ്പുകളായ ഇബ്രാഹീമിനെപ്പോലെയും മൂസയെപ്പോലെയും ഒരാളാണ്. മുഹമ്മദ്കുട്ടിയുടെ സ്ഥാനത്തുനിന്ന് ലത്തീഫിന്റെ കുടുംബത്തിന്റെ മുന്നോട്ടുള്ള വീഥിയില്‍ ഒരു നിഴലായി ഞാനിപ്പോഴും സഞ്ചരിക്കുന്നു. എന്റെ ദേഹവും ദേഹിയും വേര്‍പിരിയുന്നതുവരെ അതുണ്ടാകും. കാരണം, അത്രമാത്രം പവിത്രതയുണ്ടായിരുന്നു മുഹമ്മദ്കുട്ടിയുമായുള്ള സൗഹൃദത്തിന്.

ഉസ്മാൻ സാഹിബ്
ഉസ്മാൻ സാഹിബ്

സമസ്താലയത്തിലെ പഠനകാലം 

ചേളാരി ഗവ. ഹൈസ്‌കൂളിലെ ഒരു വര്‍ഷത്തെ പഠനകാലയളവില്‍ ഓര്‍മ്മിക്കത്തക്കതായി ഏറെയൊന്നുമില്ല. കോയാമു മാസ്റ്ററാണ് സ്‌കൂളിലും ഹോസ്റ്റലിലും ഞങ്ങളെ കണക്ക് പഠിപ്പിച്ചത്. ഇംഗ്ലീഷും ഹിന്ദിയും പഠിപ്പിച്ച അബ്ദുള്ള മാഷും കൃഷ്ണന്‍ മാഷും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്നു. കെ.സി. ഉസ്താദും അബൂബക്കര്‍ ഉസ്താദും മനസ്സിലുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആസ്ഥാനവും കൂടിയാണ് ഞങ്ങളുടെ ഹോസ്റ്റലും കൂടി ഉള്‍പ്പെട്ടിരുന്ന സമസ്താലയം. ആയിരക്കണക്കിനു മദ്രസ്സകളുടെ രജിസ്ട്രേഷന്‍ പ്രക്രിയയ്ക്ക് നേതൃത്വം നല്‍കുന്ന ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് സമസ്താലയം ഹോസ്റ്റലിന്റെ മൂന്നാം നിലയിലായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സമസ്ത കേരള മദ്രസ്സാ വിദ്യാഭ്യാസ ബോര്‍ഡിന്റെ ആസ്ഥാനത്തേക്ക് നിരവധി പണ്ഡിതന്മാരും ഉസ്താദന്മാരും വരുന്നത് നിത്യേന ഞങ്ങള്‍ കണ്ടു. മനസ്സില്‍ തെളിമയോടെ തിളങ്ങിനില്‍ക്കുന്ന മുഖമാണ് ഉസ്മാന്‍ സാഹിബിന്റേത്. പണ്ഡിതനും സൗമ്യശീലനുമായിരുന്ന അദ്ദേഹത്തിന്റെ വെളുത്ത് പ്രസന്നമായ മുഖം ഒരിക്കല്‍ കണ്ടുമുട്ടിയവര്‍ക്ക് വിസ്മരിക്കാനാവില്ല. ഉസ്മാന്‍ സാഹിബിന്റെ മരുമകനാണ് ഞങ്ങളെ മദ്രസ്സയില്‍ പഠിപ്പിച്ചിരുന്ന മൊയ്തുണ്ണി ഉസ്താദ്. അദ്ദേഹത്തിന്റെ മകന്‍ റഷീദും ഞാനും ഒരു ക്ലാസ്സിലാണ് പഠിച്ചിരുന്നത്. വെള്ളാരങ്കണ്ണുള്ള അവനെ 'പൂച്ചക്കണ്ണന്‍' എന്നാണ് കൂട്ടുകാര്‍ വിളിച്ചത്. സ്‌കൂളിലും മദ്രസ്സയിലും നന്നായി പഠിക്കുന്ന കൂട്ടത്തിലായിരുന്നു റഷീദ്. മൊയ്തുണ്ണി ഉസ്താദ് ഞങ്ങളെ അടിച്ചാല്‍ റഷീദിനെ പിച്ചിയും നുള്ളിയുമാണ് പകരം വീട്ടിയത്. സമസ്തയില്‍ നിന്നു പോന്ന ശേഷം അപൂര്‍വ്വമായേ ഞാന്‍ അവനെ കണ്ടിട്ടുള്ളൂ. ഈ അടുത്താണ് അത്യന്തം ദുഃഖകരമായ അവന്റെ മരണവാര്‍ത്ത കേട്ടത്. 

ചാവക്കാട്ടുകാരനായ കാജ പാമ്പുകടിയേറ്റ് മരിച്ച സംഭവവും ഹൃദയത്തെ വേദനിപ്പിച്ച വേര്‍പാടാണ്. ഹനീഫയെ തൃശൂരില്‍വെച്ച് പലപ്പോഴും കാണാറുണ്ട്. വീട്ടിലും പോയിട്ടുണ്ട്. അവന്റെ മകന്റെ കല്യാണത്തിനും പങ്കെടുത്തിരുന്നു. അഷ്റഫ് കുന്ദംകുളത്ത് ബിസിനസ്സ് നടത്തുകയാണ്. റഷീദ് സര്‍പ്പവിഷമേറ്റ് മരിച്ചു. ജമാലിനെ നീളന്‍ മുടിയോടെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടി. ഖാലിദും നാസറും വയനാട്ടില്‍ കച്ചവടക്കാരാണ്. കൂത്തുപറമ്പിലെ റഊഫ് ബസ് മുതലാളിയായി വിലസുന്നു. എം.എല്‍.എയായിരിക്കെ ഞാനവന്റെ വീട്ടില്‍ പോയിരുന്നു. വൈത്തിരിയിലെ മഅറൂഫ് തുണിക്കടയും കൃഷിയുമായി കഴിയുന്നു. ഉപ്പളയിലെ ഹനീഫ റെയില്‍വേയിലെ ഉദ്യോഗസ്ഥനാണെന്നാണ് പറഞ്ഞുകേട്ടത്. പയ്യന്നൂരിലെ നാസര്‍ മലേഷ്യയില്‍ ബിസിനസ്സ് ചെയ്യുന്നു. ചിലപ്പോഴൊക്കെ അവനെ കാണാറുണ്ട്. കോക്കൂരിലെ മജീദും അബ്ദുറഹിമാനും വിദേശത്താണെന്നു കേട്ടു. ഇരുവരും ജ്യേഷ്ഠാനുജന്‍മാരാണ്. അവരുടെ പിതാവ് മൊയ്തു ഹാജി ബോംബെയില്‍നിന്ന് ദുബായിലേക്ക് പറന്നുയര്‍ന്ന വിമാനം ടേക്ക്ഓഫ് ചെയ്ത് അഞ്ചുമിനിട്ടിനുള്ളില്‍ കത്തിച്ചാമ്പലായി കടലില്‍ പതിച്ചപ്പോള്‍ അതില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെട്ട ഹതഭാഗ്യനാണ്. അതുകൊണ്ടുതന്നെ അവരോട് എനിക്കൊരു പ്രത്യേക മമതയായിരുന്നു. മജീദിന്റെ കയ്യെഴുത്ത് ആകര്‍ഷണീയമാണ്. അവരുടെ വീട്ടില്‍ ഒരിക്കല്‍ ഞാന്‍ പോയിട്ടുണ്ട്. അബ്ദുറഹിമാന്‍ എടപ്പാളില്‍ ഒരു ഷോപ്പ് നടത്തിയിരുന്നു. പെരിന്തല്‍മണ്ണയിലെ തടിയന്‍ ബഷീര്‍ ലോഡ്ജും എസ്റ്റേറ്റുമൊക്കെയായി കഴിയുന്നു. ആലപ്പുഴക്കാരന്‍ ഷുക്കൂര്‍ സൗദിയിലാണ്. അപൂര്‍വ്വമായെങ്കിലും ഞങ്ങള്‍ കാണാറുണ്ട്. ഫോണില്‍ സംസാരിക്കാറുമുണ്ട്. ജീലാനിയെ കാണണമെന്ന് ആഗ്രഹിച്ചെങ്കിലും ഇതുവരെ നടന്നില്ല. സക്കരിയ്യയെ ഗള്‍ഫില്‍വെച്ച് കണ്ടിരുന്നു. പുന്നയൂര്‍കുളത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവന്റെ വീട്ടിലും പോയിരുന്നു. മുഹമ്മദ് ആലുവയില്‍ റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടല്‍ നടത്തുകയാണ്. അവന്റെ ഉപ്പയുടെ എവറസ്റ്റ് ഹോട്ടലില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് പോയത് ഓര്‍മ്മയുടെ ഏടിലുണ്ട്. മുഹമ്മദ്കുട്ടിയുടെ മൂത്താപ്പയുടെ മകന്‍ ഉമ്മര്‍ വിദേശത്താണ്. പലതവണ അവന്റെ വീട് സന്ദര്‍ശിക്കാന്‍ എനിക്ക് അവസരമുണ്ടായി. 

മാറ്റിയെഴുതാത്ത സൗഹൃദങ്ങള്‍

മന്ത്രിയായിരിക്കെ തൃശൂരിലെ ഒരു സ്വകാര്യ ഹോസ്പിറ്റലില്‍ ഞാനൊരു ബന്ധുവിനെ കാണാന്‍ പോയി. ആശുപത്രി വരാന്തയില്‍ ആരോ പിന്നില്‍നിന്ന് എന്റെ പേര് വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ മദ്ധ്യവയസ്‌കനായ ഒരാള്‍ അടുത്തേക്കു  വരുന്നു. ''എന്നെ ഓര്‍മ്മയില്ലേ'' - അവന്‍ ചോദിച്ചു. പിടികിട്ടാതെ അവനെത്തന്നെ നോക്കിനിന്നു. ''ഞാന്‍ മുസ്തഫയാണ്'' ഞങ്ങള്‍ക്കിടയിലെ മൗനം മുറിച്ചത് അവനാണ്. മൂക്കിനു തൊട്ടുതാഴെയുള്ള മുറിവിന്റെ അടയാളവും സംസാരത്തിലെ ചെറിയ വിക്കും പെട്ടെന്നവനെ തിരിച്ചറിയാന്‍ സഹായകമായി. ഞങ്ങള്‍ കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെച്ചു. ചേളാരിയില്‍ പഠിക്കുമ്പോള്‍ ഞങ്ങളുടെ കൂട്ടത്തിലെ ശാന്തശീലനും മിടുക്കനുമായിരുന്നു മുസ്തഫ. തിരിച്ചറിയാനാകാത്ത വിധമാണ് അവന്‍ മാറിയിരിക്കുന്നത്. കാലവും ജീവിത സാഹചര്യങ്ങളും മനുഷ്യനുമേല്‍ ഇത്രമേല്‍ പരിക്കേല്പിക്കുമെന്ന് എനിക്ക് ബോദ്ധ്യമായ നിമിഷവും കൂടിയായിരുന്നു അത്. എന്താണിവിടെയെന്ന് ഞാന്‍ തിരക്കി. കുറച്ചകലെ നില്‍ക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടി അവന്‍ പറഞ്ഞു: ''ആ നില്‍ക്കുന്നത് എന്റെ മകനാണ്.'' അവന്റെ അസുഖവും സൂചിപ്പിച്ചു. എനിക്ക് വല്ലാത്ത ദുഃഖം തോന്നി. മുസ്തഫയുടെ തോളില്‍ കയ്യിട്ട് കുറച്ചകലം നടന്നു. അവന്റെ മകനെ സമാശ്വസിപ്പിച്ചു. എത്രയും വേഗം ആ യുവാവിന്റെ അസുഖം ഭേദമാകട്ടേ എന്നു പ്രാര്‍ത്ഥിച്ചു. പതിറ്റാണ്ടുകള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ചയ്ക്ക് വിരാമമിട്ട് അവന്റെ കൈ നെഞ്ചോടു ചേര്‍ത്ത് യാത്ര പറഞ്ഞു പോന്നു. മുക്കത്തെ ഗഫൂറും അബ്ദുറഹിമാനും നല്ല നിലയില്‍ ജീവിക്കുന്നു. കടലുണ്ടിയിലെ ഗസ്സാലി തങ്ങളേയും ജീവിതയാത്രയ്ക്കിടയില്‍ കാണാനിടയായി. അദ്ദേഹത്തിന്റെ ഭാര്യയുടെ അസുഖത്തിനു ചികിത്സിക്കാന്‍ തിരുവനന്തപുരത്ത് വന്നപ്പോഴും ഫോണില്‍ സംസാരിച്ചു. അധികം വൈകാതെ ഗസ്സാലി തങ്ങളുടെ ഭാര്യ മരണപ്പെട്ട വിവരം അറിഞ്ഞു. 

ഫറോക്കുകാരനായ എന്റെ ചങ്ങാതി ഷംസുവിനെ പലരോടും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഷംസു ഹോസ്റ്റലിലെ ഗ്യാങ്ങ് ലീഡറായിരുന്നു. 'കിംഗ്' എന്നാണ് അവനെ കുട്ടികള്‍ വിളിച്ചത്. ഞാന്‍ പക്ഷേ, അവനു കീഴൊതുങ്ങിക്കൊടുത്തില്ല. പല കാര്യങ്ങളിലും ഞാന്‍ ഷംസുവിനെ ചോദ്യം ചെയ്തു. എന്നാലും എനിക്കവനെ ഇഷ്ടമായിരുന്നു. കോഴിക്കോട് മീഞ്ചന്തക്കാരനായ സമദ് എന്റെ ബാല്യകാല ചങ്ങാതിമാരില്‍ മറവിപ്പുറത്ത് വിസ്മൃതനാകാത്ത വ്യക്തിയാണ്. നാലോ അഞ്ചോ തവണ അവന്റെ വീട്ടില്‍ പോയി താമസിച്ചിട്ടുണ്ട്. സമദിന്റെ ഉപ്പ ചരക്കുലോറി കോണ്‍ട്രാക്ടറായിരുന്നു. കാതുമുഴുവന്‍ സ്വര്‍ണ്ണച്ചിറ്റിട്ട പുള്ളിമുണ്ടും നീളന്‍ വെള്ളക്കുപ്പായവും പുള്ളിത്തുണിയും ധരിച്ച അവന്റെ ഉമ്മയുടെ ചിരിക്കുന്ന മുഖം മായാതെ മനസ്സിലുണ്ട്. എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന കമ്പോണ്ടറുടെ മകന്‍ ഷരീഫ് ഒരിക്കല്‍പ്പോലും ക്ഷോഭിച്ചതു കണ്ടിട്ടില്ല. ചേളാരി സ്‌കൂള്‍ വിട്ട ശേഷം അവനെ കണ്ടിട്ടേയില്ല. ഇനി ഒരിക്കലും കാണുകയുമില്ല. പുഴയില്‍ കുളിച്ചുകൊണ്ടിരിക്കെ ഒഴുക്കില്‍പ്പെട്ട് അവന്‍ മുങ്ങിമരിച്ചതായി സുഹൃത്തുക്കള്‍ പറഞ്ഞറിഞ്ഞു. അതു കേട്ടപ്പോള്‍ വല്ലാത്ത നൊമ്പരം തോന്നി. 

മാന്നാർ അബ്ദുൽ ഖാദർ ഹാജി
മാന്നാർ അബ്ദുൽ ഖാദർ ഹാജി

എന്റെ നാട്ടുകാരന്‍ റഷീദിനെ കാണാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം ഏഴുമണിക്ക് അവന്റെ അമ്മാവന്‍ ഡോ. മമ്മു ഗുരുക്കള്‍ വരും. ചങ്ങമ്പള്ളി ആര്യവൈദ്യശാലയുടെ ഒരു ബ്രാഞ്ച് കോഴിക്കോട് മൊയ്തീന്‍ പള്ളിക്കടുത്തുണ്ട്. അവിടെ എല്ലാ ശനിയാഴ്ചയും രാവിലെ മുതല്‍ വൈകുന്നേരം വരെ മമ്മു ഗുരുക്കള്‍ രോഗികളെ പരിശോധിക്കുന്ന പതിവുണ്ട്. അതുകഴിഞ്ഞ് നാട്ടിലേക്കു മടങ്ങുമ്പോള്‍ വഴിയോരത്തെ ഹോസ്റ്റലില്‍ കയറും. പരീക്ഷാ അവധിക്കോ പെരുന്നാള്‍ അവധിക്കോ മാത്രമാണ് എന്നെ വീട്ടിലേക്കു പോകാന്‍ അനുവദിക്കാറുള്ളൂ. ഉപ്പ അങ്ങനെയാണ് അവിടെ എഴുതിക്കൊടുത്തിരുന്നത്. എന്നാല്‍, മറ്റു വിദ്യാര്‍ത്ഥികള്‍ രണ്ടും മൂന്നും ആഴ്ചകള്‍ കൂടുമ്പോള്‍ നാട്ടില്‍ പോകും. ഇടയ്ക്കിടെ വീട്ടില്‍ പോകുന്നവരേയും നോക്കി വായില്‍ വെള്ളമൂറ്റി നിരാശയോടെ  ഞാന്‍ നോക്കിനില്‍ക്കും. ഇതിനൊരു ബദല്‍ കണ്ടെത്തിയത് ചങ്ങമ്പള്ളിക്കാരുടെ ശനിയാഴ്ച ജീപ്പില്‍ വീടണയാനുള്ള സൂത്രത്തിലൂടെയാണ്. നാട്ടില്‍ പോകണമെന്നു തോന്നിയാല്‍ തൊട്ടടുത്ത ശനിയാഴ്ച വൈകുന്നേരമാകുമ്പോള്‍ ഞാന്‍ വയറുവേദന അഭിനയിക്കും. എന്റെ അസഹ്യത കണ്ട് മനസ്സലിഞ്ഞ് വാര്‍ഡന്‍ ചങ്ങമ്പള്ളിക്കാരുടെ ജീപ്പില്‍ നാട്ടില്‍പോകാന്‍ അനുവദിക്കും. ജീപ്പില്‍ കയറി സമസ്താലയം കണ്ണില്‍നിന്നു മറയുമ്പോഴേക്ക് എന്റെ വയറുവേദന എങ്ങോ പോയ്മറയും. ജീപ്പില്‍ കയറിയാല്‍ മാറുന്ന വയറുവേദന ജലീലിനേ ഉണ്ടാകൂ എന്നു പറഞ്ഞ് മമ്മു ഗുരുക്കള്‍ ചിരിക്കും. അപ്പോള്‍ ഞാനും സൈക്കിളില്‍നിന്ന് വീണ ഒരു ചിരിയോടെ അദ്ദേഹത്തിന്റെ തമാശയില്‍ പങ്കുചേരും. ആലിക്കുട്ടി ഗുരുക്കളുടെ മൂത്ത മകനാണ് മമ്മു ഗുരുക്കള്‍. കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍നിന്ന് ആയുര്‍വേദത്തില്‍ ബിരുദം പൂര്‍ത്തിയാക്കിയ നല്ല വൈദ്യനായിരുന്നു അദ്ദേഹം. പരന്ന വായനക്കാരനായ മമ്മു ഗുരുക്കളുടെ കയ്യില്‍ എപ്പോഴും വായിക്കാനുള്ള എന്തെങ്കിലും ഉണ്ടാകും. മാതൃഭൂമി ആഴ്ചപ്പതിപ്പോ ഏതെങ്കിലും ഇംഗ്ലീഷ് പത്രമോ മറ്റേതെങ്കിലും പുസ്തകമോ ഒക്കെയാകും അത്. എനിക്ക് അകം നിറഞ്ഞ ആദരവായിരുന്നു അദ്ദേഹത്തോട്. മമ്മു ഗുരുക്കളുടെ പെട്ടെന്നുള്ള മരണം വളാഞ്ചേരിയെ നടുക്കിയ സംഭവമായിരുന്നു. 

മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരിക്കെ ഈരാറ്റുപേട്ടയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയി. പ്രസംഗം കഴിഞ്ഞ് ഭക്ഷണം കഴിക്കാന്‍ പോയത് അവിടെ അടുത്ത ഒരു വീട്ടിലാണ്. ഗൃഹനാഥന്‍ കൂടെയുണ്ട്. കയറി ഇരുന്ന  ഉടനെ കുടിക്കാന്‍ മധുര പാനീയം കിട്ടി. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ ഗൃഹനാഥ നിറചിരിയോടെ ''അറിയുമോ'' എന്നു ചോദിച്ച് മുന്നിലെത്തി. ഒറ്റനോട്ടത്തില്‍ത്തന്നെ ആളെ മനസ്സിലായി. വെളിമുക്ക് സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ എന്റെ കൂടെ പഠിച്ചിരുന്ന 'അലീമ.' അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അത്ഭുതപ്പെട്ടു. എന്റെ ആശ്ചര്യം അകറ്റിയത് അലീമ തന്നെയാണ്. ''എന്നെ ഇങ്ങോട്ടാണ് വിവാഹം കഴിച്ചുകൊണ്ടുവന്നത്.'' അലീമയുടേയും ഭര്‍ത്താവിന്റേയും സല്‍ക്കാരം ജോറായി. ചേളാരിയിലെ അലൂമിനിയം ഫാക്ടറി ഉടമ അബ്ദുല്‍ ഖാദര്‍ ഹാജിയുടെ മകളാണ് അലീമ. ആലപ്പുഴയിലെ മാന്നാറില്‍ നിന്നാണ് ഹാജിയുടെ കുടുംബം വ്യവസായ സാദ്ധ്യതകള്‍ തേടി ചേളാരിയിലെത്തിയത്. അദ്ദേഹം അവിടെ വലിയൊരു അലുമിനിയം ഫാക്ടറി സ്ഥാപിച്ചു. 'The Malabar Metals Alloys Private Ltd' എന്നായിരുന്നു അതിന്റെ പേര്. ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ അബ്ദുല്‍ ഖാദര്‍ ഹാജി മത-സാമൂഹ്യ രംഗത്ത് പ്രശസ്തനായി. കുറേ കാലം സമസ്തയുടെ ട്രഷറര്‍ ആയും പ്രവര്‍ത്തിച്ചു. അലൂമിനിയം പാത്രങ്ങള്‍ അക്കാലത്ത് കമ്പനിയില്‍നിന്ന് ലോറികളില്‍ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടതോര്‍ക്കുന്നു. ചേളാരി അക്കാലത്ത് ഏറെ പേരുകേട്ട ദേശമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ മതസംഘടനയുടെ ആസ്ഥാനമാണ് അന്നും ഇന്നും ചേളാരി. ബിര്‍ലയുടെ സ്വകാര്യ എയര്‍പോര്‍ട്ട് സ്ഥിതി ചെയ്തിരുന്നതും ചേളാരിയിലാണ്. മലപ്പുറം ജില്ലയിലെ പ്രഥമ അലൂമിനിയം കമ്പനി നിലവില്‍ വന്നതും അവിടെത്തന്നെ. മലബാറിലെ വലിയ നാല്‍ക്കാലിച്ചന്തയ്ക്ക് വേദിയായതും ചേളാരിയാണ്. മധുരിക്കുന്ന അനുഭവങ്ങളുടെ സ്വര്‍ണ്ണച്ചെപ്പുമായി ആ നാടിനോട് വിടചൊല്ലി. ഒന്‍പതാം ക്ലാസ്സ് പഠനം ലക്ഷ്യമിട്ട് നേരെ നാട്ടിലേക്കു മടങ്ങി. അപമാനിതനാകാതേയും മുറിവേല്‍പ്പിക്കപ്പെടാതേയുള്ള മാന്യമായ മടക്കം. അതിന്റെ മുഴുവന്‍ ക്രെഡിറ്റും കൊച്ചു മുഹമ്മദ് സാഹിബിനായിരുന്നു.

(തുടരും)

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com