ബാല്യകൗമാരങ്ങളുടെ ഉത്സവസ്മരണകള്‍
By കെ.ടി. ജലീല്‍ | Published: 02nd June 2022 05:00 PM |
Last Updated: 02nd June 2022 05:00 PM | A+A A- |

വളരെ ചെറുപ്പം മുതലേ ഞാന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ശീലിച്ചിരുന്നു. രണ്ട് മാസം നീണ്ടു നില്‍ക്കുന്ന വേനലവധിയും ഇടക്കിടെ വരുന്ന ഓണം, ക്രിസ്മസ്, പെരുന്നാള്‍ അവധികളും യഥേഷ്ടം ചെലവിട്ടത് ഉമ്മാന്റെ വീട്ടില്‍ തിരൂരിലാണ്. വല്ലിമ്മാന്റെ അനിയത്തിയുടെ വീട്ടില്‍ പൂക്കയിലും പോകും. കൂടാതെ ഉപ്പാന്റെ ജ്യേഷ്ഠന്‍ ഖാദര്‍മാഷ് താമസിച്ചിരുന്ന കട്ടച്ചിറയിലും ഇടയ്ക്ക് രാപാര്‍ക്കാന്‍ പോകാറുണ്ട്. തിരൂരിലെ തറവാട്ടു വീട്ടില്‍ വല്ലിയമ്മയും മക്കളും കൂടാതെ വല്ലിമ്മാന്റെ അനുജത്തിയും മക്കളും പേരക്കുട്ടികളുമൊക്കെയായി ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു. ആ ആള്‍ക്കൂട്ടത്തില്‍ എത്തിപ്പെടാന്‍ എപ്പോഴും മനസ്സ് വെമ്പും. റൈഹാനത്ത് എളീമ പ്രായംകൊണ്ട് മൂത്തതാണ്. ഞങ്ങളെ നന്നായി അവര്‍ പരിപാലിച്ചു. ലൈലയും സലീനയും റഷീദുമൊക്കെ ഏതാണ്ടെന്റെ അതേ പ്രായക്കാര്‍. എല്ലാവരും ഒരുമിച്ച് പൂമുഖത്ത് നീളത്തില്‍ പായ വിരിച്ചാണ് കിടന്നിരുന്നത്. വല്ലിമ്മ ഞങ്ങള്‍ക്കു കാവലായി കട്ടിലിലും കിടക്കും.
പണപ്പെട്ടിയും പണ്ടപ്പെട്ടിയും അതിഥികള്‍ വന്നാല്‍ ചായയുടെ കൂടെക്കൊടുക്കാന്‍ വല്ലിമ്മ തന്നെ ഉണ്ടാക്കി സൂക്ഷിക്കുന്ന വിവിധ തരം പലഹാരങ്ങളും (അവിലോസ് പൊടി, ചുക്കപ്പം, കായ വറുത്തത്, മിക്ചര്‍, ചക്ക വറുത്തത് തുടങ്ങിയവ) സൂക്ഷിച്ചുവെച്ചിരുന്നത് വീട്ടിലെ വെളിച്ചം കടക്കാത്ത ഇരുട്ടറയിലാണ്. മുട്ടോളം പടിയും അതു കഴിഞ്ഞ് മുക്കാല്‍ ഭാഗം വാതിലുമാണ് ആ അറക്കുണ്ടായിരുന്നത്. മരത്തിന്റെ ചീര്‍പ്പാണ് വാതിലിനു പൂട്ടായി ഉപയോഗിച്ചത്. വാതില്‍ തുറക്കുമ്പോള്‍ സൈറണ്‍ പോലെ ഒരു പ്രത്യേക ശബ്ദം ഉണ്ടാകും. കേള്‍ക്കാന്‍ സുഖമില്ലെങ്കിലും ജീവിതത്തില്‍ ഞാന്‍ കേട്ട സംഗീതങ്ങളില്‍ മനസ്സില്‍ കുളിരു കോരിയിട്ട ഒന്നാണത്. ആ ശബ്ദം കേള്‍ക്കേണ്ട താമസം ഞങ്ങള്‍ ഇരുട്ടറക്കു മുന്നില്‍ തിക്കിയും തിരക്കിയും ഒത്തുകൂടും. ഇരുട്ടറയിലെ ബള്‍ബിനു മങ്ങിയ നിറമാണെങ്കിലും ഒരൊന്നൊന്നര പ്രകാശമായാണ് എനിക്കു തോന്നിയത്. വല്ലിമ്മാക്കല്ലാതെ ആ റൂമിലേക്ക് മറ്റാര്‍ക്കും കടക്കാന്‍ പാടില്ലെന്നാണ് ഞങ്ങള്‍ കുട്ടികള്‍ കരുതിയിരുന്നത്. ആ അറ എനിക്കെന്നും സ്വര്‍ഗ്ഗകവാടമാണ്. അവിടെ സൂക്ഷിച്ച പൊന്നും പണവും കൊണ്ടല്ല. വല്ലിമ്മാന്റെ കൈപ്പുണ്യം മുഴുവന്‍ നിറഞ്ഞുനിന്ന രുചികരമായ പലഹാരം കൊണ്ട്.
കിണറിന് അടുത്താണ് അക്കാലത്ത് ബാത്ത് റൂം പണിതിരുന്നത്. ഇരുട്ടറയുടെ വാതില്‍ അടക്കാന്‍ മറന്ന് വല്ലിമ്മ കുളിക്കാനോ പറമ്പില്‍ എന്തെങ്കിലും പണിയെടുക്കാനോ പോയാല്‍ ഞാന്‍ പതുക്കെ അവിടെക്കയറി പലഹാരങ്ങള്‍ അടച്ചുവെച്ച പാത്രം തുറന്ന് ആരും കാണാതെ പൊരിപ്പലഹാരങ്ങള്‍ കട്ടുതിന്നും. വല്ലിമ്മാന്റെ ഇരുട്ടറയില്‍ നിന്നല്ലാതെ ഒരു മുതലും ലോകത്ത് മറ്റൊരിടത്തു നിന്നും ഞാന്‍ കട്ടു തിന്നിട്ടില്ല.
തിരൂരിലെ വല്ലിപ്പാന്റെ അനുജന്റെ മകന്‍ സലാമുകാക്ക ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉണ്ടാക്കാനും ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യാനും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താനും കേമനായിരുന്നു. സ്‌കൂളില്‍ ശാസ്ത്രമേള വരുമ്പോള്‍ തിരൂരിലും പിന്നീടവര്‍ മാറിത്താമസിച്ച പൂക്കയിലും എത്തി സലാമുക്കാക്കാനോട് അടുപ്പം കൂടി നില്‍ക്കും. ഒരിക്കല്‍ വയര്‍ലസ്സാണ് ശാസ്ത്രമേളയില്‍ അവതരിപ്പിക്കാന്‍ എനിക്ക് അദ്ദേഹം നിര്‍മ്മിച്ചു തന്നത്. അതിന്റെ പേരില്‍ ഒരുപാട് അഭിനന്ദനങ്ങളാണ് അദ്ധ്യാപകരില്‍നിന്നും കുട്ടികളില്‍നിന്നും ലഭിച്ചത്. പോളിടെക്നിക്കല്‍നിന്ന് ഡിപ്ലോമ കഴിഞ്ഞിറങ്ങിയ സൈതാലി മൂത്താപ്പാന്റെ മകന്‍ ഉസ്മാനാണ് കൂരിപ്പറമ്പില്‍ കുടുംബത്തിലെ ടെക്നോക്രാറ്റ്. ഉസ്മാന്റെ സഹായവും ഇടക്കിടെ ഞാന്‍ തേടിയിരുന്നു. സ്‌കൂള്‍ ശാസ്ത്രമേളകള്‍ ആനന്ദകരമായത് ഈ രണ്ടു പേരുടേയും സമ്പൂര്‍ണ്ണ സഹകരണത്തിലാണ്. ചെറിപ്പ എന്ന് സ്നേഹത്തോടെ ഞങ്ങള്‍ വിളിച്ചിരുന്ന ഉപ്പയുടെ ജ്യേഷ്ഠന്‍ അബ്ദുല്‍ഖാദര്‍ മാഷ് താമസിക്കുന്ന കട്ടച്ചിറയിലും ഇടക്ക് പോയി വിരുന്നു കൂടും. തിരൂര്‍ പഴയ ബസ്സ്റ്റാന്റില്‍ ബസിറങ്ങി റെയില്‍വേ ട്രാക്കിനോട് ഓരം ചേര്‍ന്നു മുക്കാല്‍ മണിക്കൂര്‍ നടന്നാല്‍ ചെറിപ്പാന്റെ വീട്ടിലെത്തും. അവരുടെ വീടെത്തുന്നതിനു തൊട്ടു മുന്‍പ് ഒരു ചെറിയ പുഴക്കു കുറുകെയുള്ള പാലമുണ്ട്. അവിടെ എത്തിയാല്‍ ഞാനറിയാതെ കാലുകള്‍ നിശ്ചലമാകും. റെയില്‍വേ ട്രാക്കിന്റെ നടുവിലൂടെ നീളത്തില്‍ ഒന്നരയടി വീതിയില്‍ ഇട്ട ഇരുമ്പുഷീറ്റിനു മുകളിലൂടെ ഒറ്റയ്ക്ക് നടന്ന് അക്കരെയെത്താന്‍ എനിക്കു പേടിയായിരുന്നു. മുതിര്‍ന്ന ആരെങ്കിലും വരുന്നതുവരെ കാത്തുനില്‍ക്കും. ആരെങ്കിലും അടുത്തെത്തിയാല്‍ എന്നെ പാലം കടക്കാന്‍ സഹായിക്കുമോ എന്നു ചോദിക്കും. ആരും എന്നോട് പറ്റില്ലെന്ന മറുപടി പറഞ്ഞിട്ടില്ല. എന്റെ കയ്യും പിടിച്ച് എന്നെ ഇരുമ്പിന്റെ ഷീറ്റിനു മുകളിലൂടെ നടത്തി അവര്‍ മരത്തിന്റെ ഒരടി വീതിയുള്ള തടിച്ച മരത്താങ്ങിലൂടെ അടിവെച്ച് നടക്കും. ഞാന്‍ താഴേക്കു നോക്കാറേയില്ല. നോക്കിയാല്‍ തലചുറ്റുന്നതുപോലെ തോന്നും. അക്കരെയെത്തേണ്ട താമസം ഞാന്‍ പോവാണെന്നു പറഞ്ഞ് ചിരിയില്‍ നന്ദി ഒതുക്കി ഒറ്റ ഓട്ടമാണ്. അവിടെനിന്നു നോക്കിയാല്‍ കാണാം റെയില്‍വേ ട്രാക്കിന്റെ തൊട്ടടുത്തായുള്ള ചെറിപ്പയുടെ വീട്. സ്നേഹത്തിന്റെ ആള്‍രൂപമായിരുന്നു അദ്ദേഹം. എപ്പോള്‍ ചെന്നാലും ഒന്നും രണ്ടും രൂപ മിഠായി വാങ്ങാന്‍ തരും. ചെറിപ്പയുടെ മക്കള്‍ ഇക്ബാലും നാസറും ഹംസയും എന്റെ ചങ്ങാതിമാരുമാണ്.

പലപ്പോഴും പുതിയങ്ങാടി നേര്‍ച്ച കാണാന്‍ രണ്ട് ദിവസം മുന്‍പു തന്നെ അവിടെയെത്തും. ഉപ്പാന്റെ അമ്മാമന്റെ മകന്‍ കുട്ടിമോന്‍കാക്ക നേര്‍ച്ചയ്ക്ക് ഏതാണ്ട് ജാറത്തിനടുത്തായി കുറച്ച് ദിവസത്തേക്ക് ഓലമേഞ്ഞ താല്‍ക്കാലിക ഷെഡ്ഢില്‍ കാപ്പിക്കച്ചവടം നടത്താറുണ്ട്. ആനകളുടെ വരവും കരിമരുന്നു പ്രയോഗവും കാണാന്‍ ഞങ്ങള്‍ ആ ഷെഡ്ഢിലാണ് നില്‍ക്കാറ്. പുലര്‍ച്ചെയായിരുന്നു കരിമരുന്നു പ്രയോഗം. വൈകുന്നേരം നേര്‍ച്ചപ്പറമ്പ് മുഴുവന്‍ നടന്നു കാണും. കണ്ണിനെ ത്രസിപ്പിക്കുന്ന കാഴ്ചകളായിരുന്നു എങ്ങും എവിടെയും. സര്‍ക്കസും മരണക്കിണറും ഭീമാകാരന്‍ ഊഞ്ഞാലിലെ ആട്ടവും കഴിഞ്ഞ് നിറഞ്ഞ സന്തോഷത്തോടെ രാത്രി ഒന്‍പതുമണി ആകുമ്പോഴേക്ക് കുട്ടിമോന്‍കാക്കാന്റെ പവലിയനിലെത്തും. വയറ് നിറയെ പൊറോട്ടയും പോത്തിറച്ചിക്കറിയും കട്ടന്‍ കാപ്പിയും കഴിക്കും. അതുകഴിഞ്ഞ് ശര്‍ക്കര ജിലേബിയും അകത്താക്കും. ഇഷ്ടമുള്ളതെല്ലാം കുട്ടിമോന്‍കാക്ക വാങ്ങിത്തരും. രാത്രി പതിനൊന്നു മണിയാകുമ്പോള്‍ ഞാനുള്‍പ്പെടെ കുട്ടികളില്‍ പലരും കോട്ടുവാ ഇടാന്‍ തുടങ്ങും. അപ്പോള്‍ കുട്ടിമോന്‍കാക്ക രണ്ടുമൂന്ന് ബെഡ്ഷീറ്റ് താഴെ ടാര്‍പായയില്‍ വിരിച്ച് ഞങ്ങളോട് ഉറങ്ങാന്‍ പറയും. അത് കേള്‍ക്കേണ്ട താമസം എല്ലാവരും കൂടി ഓടി ഷീറ്റില്‍ ചുരുണ്ടുകൂടി കിടക്കും. പുലര്‍ച്ചെ കരിമരുന്നു പ്രയോഗത്തിനു സമയമാകുമ്പോള്‍ അദ്ദേഹം ഞങ്ങളെ വിളിച്ചുണര്‍ത്തും. കണ്ണുതിരുമ്മി വര്‍ദ്ധിത ആവേശത്തോടെ എഴുന്നേല്‍ക്കും. കുട്ടിമോന്‍കാക്ക തരുന്ന ഉമിക്കരി കൊണ്ട് പല്ല് തേച്ചെന്നു വരുത്തി രണ്ട് കവിള്‍ വെള്ളം കൊണ്ട് കുപ്ലിച്ച് ആകാശത്ത് വര്‍ണ്ണങ്ങള്‍ വിടരുന്നതു കാണാന്‍ ഇമവെട്ടാതെ കാത്തുനില്‍ക്കും.
നേര്‍ച്ചകളും പൂരങ്ങളും വേലകളും ഉത്സവങ്ങളും വിവിധ മതസ്ഥര്‍ക്കിടയില്‍ സൗഹൃദമുണ്ടാക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചിരുന്നത്. നേര്‍ച്ചപ്പറമ്പില്‍ വളക്കച്ചവടം നടത്തുന്നവരില്‍ ഭൂരിഭാഗവും സഹോദര മതസ്ഥരാണ്. ഉത്സവങ്ങള്‍ക്കു ക്ഷേത്രമുറ്റങ്ങളില്‍ ബലൂണും പീപ്പിളിയും ജിലേബിയും വില്‍ക്കുന്നവരില്‍ നല്ലൊരു ശതമാനവും മുസ്ലിങ്ങളാകും. മുസ്ലിങ്ങള്‍ക്കിടയില്‍ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തതോടെയാണ് നേര്‍ച്ചകളും ഉറൂസുകളും അനാചാരമാണെന്നു പ്രചരിപ്പിക്കപ്പെട്ടത്. അത്തരം പ്രചാരണങ്ങള്‍ ശക്തിപ്പെട്ടതോടെ നേര്‍ച്ചകളുടേയും ഉറൂസുകളുടേയും പൊലിമ മങ്ങി. നവോത്ഥാന സംഘടനകള്‍ സദുദ്ദേശ്യത്തിലാണ് അന്ധവിശ്വാസങ്ങളെ എതിര്‍ത്തതെങ്കിലും കേരളീയ സമൂഹത്തില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലെ ഐക്യവും സൗഹൃദവും ദുര്‍ബ്ബലമാകുന്നതിന് അവ കാരണമായതായി കാണാം. എല്ലാവര്‍ക്കും ഒത്തുകൂടാനും ഒരുമിച്ചിരുന്നു കാഴ്ചകള്‍ കാണാനുമുള്ള അവസരങ്ങളാണ് നേര്‍ച്ചകളിലൂടെയും ഉത്സവങ്ങളിലൂടെയും സൃഷ്ടിക്കപ്പെട്ടത്. നവോത്ഥാന മൂല്യങ്ങള്‍ മുറുകെപ്പിടിച്ചു തന്നെ സ്നേഹം കൈമാറുന്ന ചടങ്ങുകളും ആഘോഷങ്ങളും പുനര്‍ജീവിപ്പിക്കപ്പെടണമെന്നാണ് എന്റെ പക്ഷം. ഇന്ത്യയെപ്പോലെ ഒരു ബഹുമത സാമൂഹ്യ വ്യവസ്ഥിതി നിലനില്‍ക്കുന്ന നാട്ടില്‍ ഏറ്റവും വലിയ നവോത്ഥാനം ജനങ്ങള്‍ക്കിടയിലെ ചങ്ങാത്തവും സൗഹൃദവുമാണ്. അതു തിരിച്ചറിയാന്‍ മുസ്ലിം പരിഷ്‌കരണ വാദികള്‍ക്കാവണം.
മദ്രസ്സയില്‍ നബിദിനത്തിനും വാര്‍ഷിക പരിപാടികള്‍ക്കും ഉസ്താദുമാര്‍ പാട്ടും പറച്ചിലും അഭ്യസിപ്പിച്ചു. നബിദിന ഘോഷയാത്രയില്‍ ഞാന്‍ മുടക്കം കൂടാതെ പങ്കെടുത്തു. അതിനൊരു കാരണവുമുണ്ട്. നബിദിന റാലിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ശര്‍ക്കരയും തേങ്ങയും ചെറുപഴവും ഉടച്ചു കലക്കി അവിലും ചേര്‍ത്തുള്ള ചക്കരവെള്ളവും വിവിധതരം മിഠായികളും മതിവരുവോളം കിട്ടും. മാത്രമല്ല, പ്രവാചക കീര്‍ത്തനം ഉച്ചത്തില്‍ സൈക്കിളില്‍ ഘടിപ്പിച്ച കോളാമ്പി മൈക്കിലൂടെ ആലപിക്കാന്‍ അവസരവും ലഭിക്കും. എന്റെയത്ര ശബ്ദത്തിലും ഈണത്തിലും പാടാന്‍ കഴിവുള്ള കുട്ടികള്‍ മദ്രസ്സയില്‍ കുറവായിരുന്നു. അതുകൊണ്ടുതന്നെ ആഘോഷ വേളകളില്‍ എനിക്കു വലിയ മാര്‍ക്കറ്റാണ്.
തിരൂര്‍ക്കാട് സ്‌കൂളില്‍ അഞ്ചു മാസം പഠിക്കാനുള്ള അവസരമേ ഉണ്ടായുള്ളൂ. അഞ്ചാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് ആറാം ക്ലാസ്സിലേക്ക് പാസ്സായതോടെ ഉപ്പ എന്നെ പുതിയ ലാവണത്തിലേക്കു മാറ്റി. അവിടെനിന്ന് ടി.സി വാങ്ങി ആറാം ക്ലാസ്സില്‍ ചേളാരി സമസ്താലയത്തിലാണ് ചേര്‍ത്തത്. താഴെ ചേളാരിയിലെ വെളിമുക്ക് ഗവ. യു.പി സ്‌കൂളിലാണ് ആറാം ക്ലാസ്സും ഏഴാം ക്ലാസ്സും പൂര്‍ത്തിയാക്കിയത്. എന്തിനായിരുന്നു തിരൂര്‍ക്കാട്ടുനിന്ന് ചേളാരിയിലേക്കുള്ള മാറ്റിച്ചേര്‍ക്കലെന്ന് ഇന്നും എനിക്ക് പിടികിട്ടിയിട്ടില്ല. ഉപ്പയോട് അതൊന്നും ചോദിക്കാനുള്ള ധൈര്യം അന്നും ഇന്നും എനിക്കില്ല. ഒരു പട്ടാള ഓഫീസറുടെ ചിട്ടയായിരുന്നു അദ്ദേഹത്തിന്. എല്ലാം അടുക്കിലും ചിട്ടയിലുമാകണമെന്ന ഉപ്പയുടെ നിര്‍ബ്ബന്ധം വീട്ടില്‍ ഞങ്ങള്‍ക്കു വലിയ പൊല്ലാപ്പാണുണ്ടാക്കിയത്. മക്കള്‍ നന്നായി പഠിക്കണമെന്ന കാര്യത്തില്‍ ഉപ്പ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. അതുകൊണ്ടുതന്നെ പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്ന കാരണത്താല്‍ ടിവിയും റേഡിയോയുമൊക്കെ വളരെ വൈകിയാണ് ഞങ്ങളുടെ വീട്ടിലെത്തിയത്. 2010-നു ശേഷമാകും തറവാട്ടുവീട്ടില്‍ കേബിളോടു കൂടിയ ഒരു ടിവി സ്ഥാപിച്ചതെന്നു പറഞ്ഞാല്‍ പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമാകും. ഈ സൗകര്യങ്ങളൊക്കെ കുട്ടികളെ വഴിപിഴപ്പിക്കുന്ന സാധനങ്ങളാണെന്നു കരുതിയിരുന്ന അപൂര്‍വ്വം ആളുകളില്‍ ഒരാളാണ് ഉപ്പ.
ടിവി ഇറങ്ങിയ കാലത്തുതന്നെ സ്‌കൂളില്‍ എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന തങ്ങന്‍മാരുടെ കുടുംബത്തിലെ കുഞ്ഞീബിയുടെ മുക്കിലപ്പീടികയിലെ വീട്ടില്‍ ടിവിയുടെ ഏരിയല്‍ പൊങ്ങി നില്‍ക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ സഹോദരി ഷരീഫ ഒരിക്കല്‍ അവളുടെ കൂടെ പഠിച്ചിരുന്ന ആ വീട്ടിലെ ഇളമുറക്കാരിയോട് ചോദിച്ചുവത്രെ, ''ടിവി വീട്ടില്‍ വെക്കലും കാണലും ഹറാമാണെന്നല്ലേ (മതനിഷിദ്ധം) മദ്രസ്സയിലെ ഉസ്താദ് പറഞ്ഞത്.'' പിന്നെന്താ ബീവിയുടെ വീട്ടില്‍ 'ചെയ്താന്‍ പെട്ടി' വെച്ചിരിക്കുന്നത്. (പ്രവാചക കുടുംബത്തിലെ പുരുഷന്‍മാരെ തങ്ങള്‍ എന്നും സ്ത്രീകളെ ബീവി എന്നുമാണ് നാട്ടില്‍ വിളിച്ചിരുന്നത്) ആ കുട്ടി അന്നതിനു പറഞ്ഞ മറുപടി രസകരമാണ്: ''നിങ്ങടെ പെരീല് വെക്ക്ണതാ ഹറാം. ഞങ്ങളോടെ വെച്ചാല്‍ പടച്ചോന്‍ ശിക്ഷിക്കൂല.'' ഇത് വിശ്വസിച്ച പാവം ഷരീഫ ഒരു ദിവസം വലിയ കാര്യത്തില്‍ ഇത് ഉമ്മാനോട് പറയുന്നതു കേട്ടു. ഞാനും അന്ന് കരുതിയത് ആ ഉത്തരം ശരിയാണെന്നാണ്. വലുതായപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു: ''ആരുടെ വീട്ടില്‍ ടിവി വെച്ചാലും പടച്ചോന്‍ ശിക്ഷിക്കൂല.'' ഞാന്‍ കോളേജില്‍ പഠിച്ചിരുന്ന കാലത്തുപോലും ടിവി കാണാനും വീഡിയോ റിക്കോര്‍ഡറില്‍ കാസറ്റിട്ട് സിനിമകള്‍ കാണാനും ഒന്നുകില്‍ കുഞ്ഞാവ മൂത്താപ്പാന്റെ വീട്ടിലോ അതല്ലെങ്കില്‍ ഞങ്ങളുടെ വീടിനടുത്തുള്ള സുകുമാരന്‍ മാഷ്ടെ വീട്ടിലോ പോകണം.

കുഞ്ഞാവ മൂത്താപ്പ സൗമ്യനും മിതഭാഷിയുമായിരുന്നു. മുന്‍പ് ബോംബെയില്‍ ഒരു ചെറിയ കച്ചവടം നടത്തിയിരുന്ന അദ്ദേഹം പിന്നീട് ദുബായിയില്‍ പോയി. വായില്‍ കയ്യിട്ടാല്‍ കടിക്കാത്ത പ്രകൃതക്കാരനായ അദ്ദേഹത്തിന്റെ കൂടെ ബോംബെയില്‍ ഒരു വര്‍ഷം ഉപ്പ സഹായിയായി നിന്നതായി ഉമ്മ പറഞ്ഞുകേട്ടിട്ടുണ്ട്. അല്പസ്വല്പം ഹിന്ദി സംസാരിക്കാന്‍ ഉപ്പക്കായത് ആ ബോംബെ വാസം കൊണ്ടാണ്. കുഞ്ഞാവ മൂത്താപ്പാന്റെ ഭാര്യ മാളു മൂത്തമ്മ സ്നേഹംകൊണ്ട് ഞങ്ങളെ വീര്‍പ്പുമുട്ടിച്ചു. മൂത്തമ്മ ഉണ്ടാക്കിയ ഭക്ഷണത്തിന്റെ രുചിയൊന്നു വേറെത്തന്നെയാണ്. മൂത്താപ്പാന്റെ വീട്ടില്‍ ചെന്നാല്‍ ഉത്സാഹത്തോടെ അവര്‍ വെച്ചു വിളമ്പിത്തരും. ഞാന്‍ കുട്ടിയായിരിക്കെത്തന്നെ മൂത്താപ്പ മരണപ്പെട്ടിരുന്നു. മാളു മൂത്തമ്മയാണ് മക്കളെയൊക്കെ നോക്കി വളര്‍ത്തിയത്. ഉപ്പയുടെ ശിക്ഷണം കിട്ടാതെ വളര്‍ന്നിട്ടും അവരുടെ മക്കള്‍ വഴിവിട്ട് ജീവിച്ചതായി അറിവില്ല. സത്യത്തില്‍ എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് എന്റെ ചങ്ങാതിമാരും കൂടിയായ മോണിക്കയുടേയും കുഞ്ഞോന്റേയും റഷീദിന്റേയും സലിയുടേയും നല്ലനടപ്പ്. സല്‍സ്വഭാവത്തില്‍ അവരുടെയെല്ലാം പിന്നിലാണ് എന്നും എന്റെ സ്ഥാനം. അവര്‍ക്ക് യാതൊരു നിയന്ത്രണവും വീട്ടില്‍ ഉണ്ടായിരുന്നില്ല. എനിക്കാകട്ടെ, നിയന്ത്രണം വളരെ കൂടുതലായിരുന്നുതാനും. അധികമായാല്‍ അമൃതും വിഷമാണെന്നു പഴമക്കാര്‍ പറയുന്നത് വെറുതെയല്ലെന്നു പലപ്പോഴും തോന്നിയതിന്റെ കാരണവും ഇതായിരുന്നു.
ഞാന്‍ ഹോസ്റ്റലില്‍നിന്നു വീട്ടിലെത്തിയാല്‍ ഏതാണ്ടെല്ലാ പുലര്‍ക്കാലങ്ങളിലും രാവിലത്തെ ഭക്ഷണം മൂത്തമ്മാന്റെ അടുത്തുനിന്നാണ് കഴിച്ചിരുന്നത്. മൂത്തമ്മയുടെ മരണം എല്ലാറ്റിനും പെട്ടെന്ന് ഫുള്‍സ്റ്റോപ്പിട്ടു. എന്നെ വല്ലാതെ വേദനിപ്പിച്ച വേര്‍പാടാണ് മാളു മൂത്തമ്മയുടേത്. പിന്നെപ്പിന്നെ മൂത്താപ്പയുടെ വീട്ടിലേക്കുള്ള പോക്കുതന്നെ കുറഞ്ഞുപോയി. മൂത്തമ്മയില്ലാത്ത ആ വീട്ടില്‍ വല്ലാത്ത അന്യതാബോധമാണ് അനുഭവപ്പെട്ടത്.
ക്രിക്കറ്റ് മാച്ചുകളും ടിവിയില്‍ നല്ല സിനിമകള്‍ ഉള്ളപ്പോള്‍ അവ കാണാനുമാണ് സുകുമാരന്‍ മാഷ്ടെ വീട്ടില്‍ പോയത്. കോളേജ് പഠനകാലത്ത് അതൊരു പതിവായി. കലയിലും സാഹിത്യത്തിലുമൊക്കെ തല്പരനായിരുന്നു മാഷ്. അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് കിട്ടാന്‍ മാഷ്ടെ വീട്ടില്‍ പോകണം. നല്ല പൂന്തോട്ടം അദ്ദേഹത്തിന്റെ ഭാര്യ വീട്ടുമുറ്റത്ത് ഉണ്ടാക്കിയിരുന്നതും ഇടയ്ക്കിടെ അവിടെ പോകുന്നതിനു പ്രേരണയായി. അദ്ദേഹത്തിന്റെ പെങ്ങളുടെ മകന്‍ ലാലു എന്റെ സമപ്രായക്കാരനാണ്. അവന്‍ വളാഞ്ചേരി സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെ വഴിയോരത്തുള്ള താമരക്കുളത്തില്‍ കാല്‍ തെന്നിവീണ് മരണപ്പെട്ടത് നാട്ടിലുണ്ടാക്കിയ നടുക്കം ഓര്‍ക്കാന്‍ വയ്യ. നല്ല സ്നേഹമുള്ള കുട്ടിയായിരുന്നു ലാലു. മാഷ്ടെ സഹധര്‍മ്മിണി നല്ല പലഹാരങ്ങളുണ്ടാക്കി സല്‍ക്കരിക്കാന്‍ കേമിയാണ്. എപ്പോഴെങ്കിലും ഒരു മടുപ്പ് അവര്‍ കാണിച്ചത് മനസ്സിന്റെ കോണില്‍ പോലും ഇല്ല. സുകുമാരന്‍ മാഷിനെ സ്‌കൂളില്‍ കുട്ടികള്‍ വിളിച്ചിരുന്നത് പ്രേംനസീര്‍ എന്നാണ്. അത്രയ്ക്ക് ഗ്ലാമറായിരുന്നു അദ്ദേഹത്തിന്. ഇംഗ്ലീഷാണ് മാഷ് പഠിപ്പിച്ചിരുന്നത്. ആംഗലേയ ഭാഷയിലെ സംശയം തീര്‍ക്കാനും ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. ഏത് നട്ടപ്പാതിരയിലും കയറിച്ചെല്ലാന്‍ സ്വാതന്ത്ര്യമുള്ള വീടാണ് സുകുമാരന്‍ മാഷ്ടേത്. ഇന്നും അത് തുടരുന്നു.

കുട്ടിക്കാലത്തുതന്നെ ഞാന്‍ നീന്തല്‍ പഠിച്ചിരുന്നു. വീടിന്റെ മുന്നിലും പിന്നിലുമുള്ള രണ്ട് കുടുംബവീടുകളിലും കുളങ്ങളുണ്ടായിരുന്നു. അവിടെ ഞങ്ങള്‍ കുട്ടികള്‍ മുതിര്‍ന്നവര്‍ക്കൊപ്പം നീന്തല്‍ അഭ്യസിച്ചു. അതിനുപുറമെ വട്ടക്കുളത്തിലും വലിയ തോട്ടിലും അപൂര്‍വ്വമായി കറ്റട്ടിക്കുളത്തിലും ചാടിക്കുളിച്ച് അര്‍മാദിച്ചു. കുളത്തിനരികില്‍ നില്‍ക്കുന്നവരെ ഉന്തി കുളത്തിലേക്കു തള്ളിയിടല്‍ പലര്‍ക്കും ഹോബിയായിരുന്നു. ഞാന്‍ നീന്തല്‍ ശരിയാംവിധം പഠിക്കാത്ത സമയത്ത് എന്നെയും ആരോ പിന്നിലൂടെ വന്ന് വട്ടക്കുഴിയിലേക്ക് ഉന്തിയിട്ടു. മുങ്ങിയും താഴ്ന്നും വെള്ളം കുടിച്ചും എങ്ങനെയൊക്കെയോ കാലിട്ടടിച്ച് കഷ്ടി കരക്കുപറ്റിയത് ഇന്നും ഉള്‍ഭയമുണ്ടാക്കുന്ന ഓര്‍മ്മയാണ്. നാട്ടിന്‍പുറങ്ങളിലെ അക്കാലത്തെ ജനകീയ ജലവിനോദങ്ങളിലൊന്നായിരുന്നു 'പൊന്തു പൂഴ്ത്തിക്കളി.' നാലോ അഞ്ചോ കുട്ടികള്‍ ഒത്തുചേര്‍ന്നാണ് ഈ കളിയില്‍ ഏര്‍പ്പെടുക. നല്ല തെളിഞ്ഞ വെള്ളമുള്ള കുളത്തിലേ പൊന്ത് കളിക്കാന്‍ പറ്റൂ. വട്ടക്കുളം അതിന്റെ കേന്ദ്രമായിരുന്നു. മരത്തിന്റെ പച്ച ശിഖരം ഒടിച്ചെടുത്ത് തോല്‍ചീന്തി വെള്ള നിറത്തിലാക്കി നാലിഞ്ച് നീളത്തില്‍ മുറിച്ചാണ് പൊന്ത് ഉണ്ടാക്കാറ്. ആ കൊള്ളിക്കഷ്ണം കാലിന്റെ തള്ളവിരല്‍കൊണ്ട് ഇറുക്കിപ്പിടിച്ച് ശക്തിയില്‍ സ്‌കൈലാബ് കണക്കെ വെള്ളത്തിനടിയിലേക്ക് ഒരൊറ്റച്ചാട്ടമാണ്. ഓരോരുത്തരുടേയും കഴിവനുസരിച്ച് വെള്ളത്തിനടിയില്‍ ചെന്ന് പൊന്ത് അവിടെയിട്ട് ധൃതിയില്‍ മേല്‍പ്പോട്ട് പൊങ്ങിവന്ന് കരക്ക് കയറും. കളിയിലെ മറ്റു പങ്കാളികള്‍ക്കൊപ്പം ജാഗ്രതയോടെ വെള്ളത്തിനടിയിലേക്കു നോക്കി നില്‍ക്കും. തെളിവെള്ളത്തില്‍ പൊന്ത് പതുക്കെ പൊങ്ങിവരുന്നത് ആരുടെ കണ്ണില്‍പ്പെട്ടാലും അവര്‍ വെള്ളത്തിലേക്ക് എടുത്തുചാടി ഊളിയിട്ടു പോയി അത് കൈക്കലാക്കും. എങ്ങാനും പൊന്ത് കയ്യില്‍ കിട്ടിയില്ലെങ്കില്‍ കൂടെയുള്ളവരും വെള്ളത്തിലേക്ക് ചാടി കയ്യിട്ടടിച്ച് ഓളമുണ്ടാക്കും. നിലമില്ലാത്ത വെള്ളത്തില്‍ മിനുട്ടുകളോളമുള്ള കെട്ടിമറിച്ചിലിനൊടുവില്‍ ആരുടെയെങ്കിലുമൊരാളുടെ കയ്യില്‍ പൊന്ത് കിട്ടും. അതു പിന്നെ വെള്ളത്തില്‍ പൂഴ്ത്താനുള്ള അവകാശം പൊന്ത് കൈവശപ്പെടുത്തിയ ആള്‍ക്കാണ്. പൊന്തുകളിക്ക് ഹരം പിടിച്ചാല്‍ മണിക്കൂറുകള്‍ നീളും. പൊന്തുകളി അവസാനിച്ച് കുളത്തില്‍നിന്നു കയറുമ്പോഴേക്ക് കണ്ണൊക്കെ ചുവന്ന് ഒരുവിധമായിട്ടുണ്ടാകും. കലങ്ങിയ കണ്ണുമായി വീട്ടില്‍ ചെന്നാല്‍ ഉമ്മാന്റെ ചീത്ത (വഴക്കു പറച്ചില്‍) ഉറപ്പാണ്. കാലക്കേടിനു പനിയോ ജലദോഷമോ വന്നാല്‍ പറയുകയും വേണ്ട. കുളത്തില്‍ ചാടാന്‍ പോകല്‍ അത്ര നല്ല കാര്യമായിട്ടല്ല രക്ഷിതാക്കള്‍ ഗണിച്ചിരുന്നത്.
വട്ടക്കുളത്തിനടുത്താണ് വകയിലൊരു മൂത്താപ്പയുടെ വീട്. അവരുടെ മകന്‍ മരക്കാര്‍ എന്റെ അതേ പ്രായക്കാരനാണ്. കുട്ടിയായിരിക്കുമ്പോഴേ പേരെടുത്ത മെക്കാനിക്കാണ് മരക്കാര്‍. ചുറ്റുവട്ടത്തൊക്കെയുള്ള റിപ്പയര്‍ വര്‍ക്കുകള്‍ അവന്‍ ചെയ്തത് ഇടുങ്ങിയ വീടിന്റെ പൂമുഖത്ത് ഒരു മൂലയില്‍ ഇരുന്നാണ്. കേടുവന്ന റേഡിയോകളും വാച്ചും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളും പ്രദേശവാസികള്‍ കേടുപാടുകള്‍ തീര്‍ക്കാന്‍ മരക്കാരിനെയാണ് ഏല്പിക്കാറ്. ഒരു ദിവസം കുളിക്കാന്‍ പോകുമ്പോള്‍ കേടുവന്ന ചെറിയ റേഡിയോ കയ്യില്‍ തന്ന് ഉമ്മ പറഞ്ഞു: ''ഇതൊന്നു മരക്കാരിന്റെ അടുത്ത് കൊടുത്താള. ബാന്‍ഡ് മാറ്റുമ്പോ മലയാളം കിട്ട്ണ്ല്യ.'' ഞാനത് വാങ്ങി അവനെ ഏല്പിച്ചു. കുറച്ച് ദിവസം കഴിഞ്ഞ് റേഡിയോ നന്നാക്കി അവന്‍ കൊണ്ടുവന്നു. ഉമ്മ റേഡിയോ ഓണ്‍ ചെയ്തു. നല്ല ശബ്ദത്തില്‍ വ്യക്തതയോടെ പരിപാടികള്‍ കേള്‍ക്കുന്നു. സന്തോഷത്തോടെ ഉമ്മ ചോദിച്ചു: ''മരക്കാരേ എന്തേയ്ന്ന് ഇതിന്റെ കേട്.'' മരക്കാരിന്റെ മറുപടി കേള്‍ക്കാന്‍ ഞാനും പെങ്ങന്‍മാരും നിരന്നുനിന്നു. മാര്‍ക്കോണിയേക്കാള്‍ ആധികാരികതയോടെ അവന്‍ പറഞ്ഞു: ''എളേമാ, അതിന്റെ മലയാളക്കോല് പോയിര്ന്നു.'' ഞങ്ങളെല്ലാവരും അതിശയിച്ചു നിന്നു. ബുദ്ധി ഉറച്ചപ്പോള്‍ ഞാന്‍ മനസ്സിലാക്കിയ ഫ്രിക്വന്‍സി സ്റ്റേഷനാണ് മരക്കാര് അന്ന് മലയാളക്കോല് എന്ന് വിളിച്ച് ഞങ്ങളെ അത്ഭുതപരതന്ത്രരാക്കിയ വസ്തു.
കളിക്കളങ്ങളില്‍ സൗഹൃദത്തിന്റെ വിളവെടുപ്പ്
നാട്ടിന്‍ പുറങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞാല്‍ എല്ലാ നെല്‍പ്പാടങ്ങളും കളിക്കളങ്ങളായി മാറുന്ന പതിവ് സര്‍വ്വസാധാരണമാണ്. ഞങ്ങളുടെ വീടിനടുത്ത് ഓണിയില്‍ പാലത്തോടു ചേര്‍ന്നുള്ള നെല്‍പ്പാടങ്ങളില്‍ ഫുട്ബോളിനും വോളിബോളിനും ബാഡ്മിന്റണിനുമെല്ലാം പ്രത്യേകം പ്രത്യേകം കോര്‍ട്ടുകള്‍ ഒരുങ്ങും. നാട്ടിലെ മുതിര്‍ന്നവരാണ് ഇതിനെല്ലാം നേതൃത്വം നല്‍കുക. രാജനും സലാമും ഇബ്ബിയും മുഹമ്മദല്യാക്കയും അക്കൂട്ടത്തില്‍ പെടുന്നു. ഞങ്ങള്‍ കുട്ടികള്‍ മാറിമാറി ഓരോ കളങ്ങളിലും മുതിര്‍ന്നവര്‍ക്കൊപ്പം സഹകളിക്കാരായി കളത്തിലിറങ്ങും. അക്കാലത്ത് കേരളത്തിലെ എണ്ണം പറഞ്ഞ ടീമുകളെ പങ്കെടുപ്പിച്ച് വീടിനു മുന്നിലെ പാടത്തു നടത്തിയ വേള്‍ഡ് സ്റ്റാര്‍ വോളിബോള്‍ ടൂര്‍ണമെന്റ് വളാഞ്ചേരിക്കാര്‍ക്ക് മറക്കാനാവില്ല. കൊണ്ടാരേട്ടനും എന്‍.എം. മാധവേട്ടനും മുഹമ്മദല്യാക്കയുമൊക്കെയായിരുന്നു അതിന്റെ മുഖ്യ സംഘാടകര്‍. ഒരുപാട് സ്ഥലങ്ങളുടെ പേരുകള്‍ ആദ്യമായി കേള്‍ക്കുന്നത് അന്നാണ്. വള്ളിക്കുന്ന്, പാലൂര്‍, എം.എസ്.പി. മലപ്പുറം അങ്ങനെ പലതും. ഇന്നും വോളിബോള്‍ ദേശീയ താരങ്ങളുള്ള പ്രദേശമാണ് വളാഞ്ചേരിക്കടുത്ത കൊടുമുടി. ഹിന്ദിയും തമിഴുമൊക്കെ സംസാരിക്കുന്ന എം.എസ്.പിയുടെ കളിക്കാരെ ആശ്ചര്യത്തോടെയാണ് ഞങ്ങള്‍ കുട്ടികള്‍ നോക്കിനിന്നത്.
കൃഷ്ണ ജ്വല്ലറി സ്വര്‍ണ്ണക്കപ്പിനും ശാന്താ ജ്വല്ലറി വെള്ളിക്കപ്പിനും വേണ്ടിയുള്ള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനും ഓണിയില്‍പാലത്തെ പാടശേഖരം വേദിയായി. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോടും ജിംഖാന തൃശൂരും തുടങ്ങി നിരവധി ഗ്ലാമര്‍ ടീമുകളാണ് ടൂര്‍ണമെന്റില്‍ കളിച്ചത്. ഫുട്ബോളിനോടുള്ള കമ്പം തിരൂര്‍ മമ്മിഹാജി ഫുട്ബോള്‍ ടൂര്‍ണമെന്റും കൗമുദി ട്രോഫി ടൂര്‍ണമെന്റും കോഴിക്കോട് നാഗ്ജിയുമെല്ലാം കാണാന്‍ പ്രചോദനമായി. ഗ്യാലറിയില്‍ ഇരുന്നുള്ള കാല്‍പ്പന്തിന്റെ മൈതാനക്കാഴ്ച നല്‍കിയ നയനസുഖം അനുഭവിച്ചറിയുക തന്നെ വേണം. വലിയ കളിക്കാരനല്ലെങ്കിലും ഫോര്‍വേഡ് കളിക്കാനായിരുന്നു എനിക്കിഷ്ടം. ചേന്ദമംഗല്ലൂരില്‍ പ്രീഡിഗ്രിക്കു പഠിക്കുമ്പോള്‍ ഗോള്‍കീപ്പറായി ഗോള്‍വലയം കാത്തു. ഞങ്ങളുടെ കൂട്ടത്തിലെ മികച്ച കളിക്കാരന്‍ സ്റ്റോപ്പര്‍ നിന്നിരുന്ന സമദാണ്. അവന്‍ നല്ലൊരു കളിക്കാരനാകേണ്ടയാളാണ്. പ്രാരാബ്ധങ്ങള്‍ മണ്ണിടിച്ചിലായി ജീവിതത്തിനുമേല്‍ പതിച്ചപ്പോള്‍ ഓട്ടുപാത്രങ്ങളുടെ തലച്ചുമടായുള്ള വില്‍പ്പനക്കാരനായി കോഴിക്കോട് കണ്ണൂര്‍ ഭാഗങ്ങളിലേക്ക് അവനു പോകേണ്ടിവന്നു. സന്തോഷവും പുഞ്ചിരിയും ഒട്ടുമേ സ്ഫുരിക്കാത്ത മുഖഭാവത്തോടെ ഇന്നവനെ കാണുമ്പോള്‍ സങ്കടം വരാറുണ്ട്. ഗ്രാമങ്ങളിലേയും പട്ടണങ്ങളിലേയും കളിക്കളങ്ങളില്‍ പൂത്തുലഞ്ഞ സൗഹൃദവും സ്നേഹവും അനിര്‍വ്വചനീയമാണ്. കേരളത്തിന്റെ മത-സാമുദായിക മൈത്രിയുടെ വിളനിലങ്ങളായിരുന്നു അത്തരം കളിക്കളങ്ങളും ടൂര്‍ണമെന്റ് കമ്മിറ്റികളും. നാനാജാതി മതസ്ഥരും അവിടെ സംഗമിക്കുകയും ഇടകലരുകയും ചെയ്തു. എല്ലാ വൈജാത്യങ്ങളും മറന്ന് ഒറ്റമനസ്സോടെ ഒരു ദിശയിലേക്ക് കണ്ണുപായിച്ച് കഴിച്ചുകൂട്ടുന്ന മണിക്കൂറുകള്‍ക്ക് നിമിഷ ദൈര്‍ഘ്യമേ തോന്നൂ. ആഹ്ലാദവും ആശങ്കയും പങ്കുവെച്ച് മനുഷ്യരൊന്നായി ഒത്തുകൂടുന്ന മൈതാനങ്ങളില്‍ തീര്‍ക്കപ്പെടുന്ന സൗഹൃദത്തിന്റെ കരുത്ത് പറഞ്ഞറിയിക്കാനാവില്ല.

നാട്ടിന്‍പുറങ്ങളിലെ കളിയാരവങ്ങള്‍ അടങ്ങിയത് ജനങ്ങള്‍ക്കിടയിലെ ചങ്ങാത്തത്തിനു പോറലേല്പിച്ചുവെന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് രൂപീകൃതമായ എം.ഇ.എസിന്റെ വളാഞ്ചേരി ഘടകം മുന്‍കയ്യെടുത്ത് ഒരു ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്തിയത് ഓര്‍ക്കുന്നു. ഡോ. എന്‍.കെ. മുഹമ്മദും കെ.ടി. മുഹമ്മദ് മാഷും കളത്തില്‍ സൈതാലിക്കുട്ട്യാക്കയും കെ.ടി. ഗോപാലകൃഷ്ണന്‍ മാഷും പനങ്കാവില്‍ ഉമ്മറാക്കയുമൊക്കെയായിരുന്നു ടൂര്‍ണമെന്റ് കമ്മിറ്റിയിലെ പ്രമുഖര്‍. എന്നെക്കാള്‍ നീളത്തില്‍ വെങ്കലത്തിന്റെ വലിയ ചങ്ങമ്പള്ളി റോളിംഗ് ട്രോഫി കാട്ടിപ്പരുത്തി ചങ്ങമ്പള്ളി ആര്യവൈദ്യശാലാ ഓഫീസിലും വളാഞ്ചേരി വൈദ്യശാലയിലും തലയെടുപ്പോടെ ഇരുന്നിരുന്നത് ഇപ്പോഴും കണ്ണില്‍ കാണുന്നുണ്ട്. ടിക്കറ്റെടുക്കാന്‍ പണമില്ലാതെ എന്റെ മൂത്താപ്പയുടെ മകനും ടൂര്‍ണമെന്റ് സംഘാടകനുമായ ബാവാക്കാന്റെ (കെ.ടി. മാഷ്) അടുത്തുചെന്ന് മാവിലായിക്കാരനെപ്പോലെ ഞാന്‍ നില്‍ക്കും. എല്ലാവരും ടിക്കറ്റെടുത്ത് അകത്തുകയറിയാല്‍ എന്നെ പതുക്കെ ഗ്രൗണ്ടിലേക്ക് അദ്ദേഹം കയറ്റിവിടും. എന്റെ സമപ്രായക്കാരായ അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു നിന്നിരുന്നവരും കൂടെക്കയറും. മൂന്നു വര്‍ഷമേ ആ ടൂര്‍ണമെന്റ് നടന്നുള്ളൂ. അവസാനം വിജയികളായ കോലാര്‍ ടീം പിന്നീട് ചങ്ങമ്പള്ളി ട്രോഫി തിരിച്ച് കൊടുത്തില്ലത്രെ. അതോടെ ആ ടൂര്‍ണമെന്റ് നിലച്ചു.
വളാഞ്ചേരിക്കു സ്വന്തമായി നല്ലൊരു ഫുട്ബോള്‍ ടീം ഉണ്ടായിരുന്നു. യാസ് വളാഞ്ചേരി. പൊലീസില്‍ ജോലി ചെയ്തിരുന്ന സണ്ണിയേട്ടനാണ് നാട്ടിലെ മികച്ച കളിക്കാരന്‍. ദേശീയ ടീമിനു വേണ്ടി പോലും അദ്ദേഹം ബൂട്ടണിഞ്ഞിട്ടുണ്ട്. സുകു, ഗോപന്‍, പൈങ്കല്‍ ഹൈദ്രു, പാലാറ കുഞ്ഞാവ, പൈങ്കല്‍ സൈതാലി, ഭാസ്‌കരന്‍, സീതി, ഗോള്‍കീപ്പര്‍ സൈതാലി എന്നിവരെല്ലാം ടീമില്‍ പലപ്പോഴായി കളിച്ചിട്ടുള്ളവരാണ്. എന്റെ തലമുറയിലേക്ക് വരുമ്പോള്‍ തൂക്കാട്ട് അയ്യൂബ്, കെ.ടി ഷുക്കൂര്‍, പാറക്കല്‍ ബഷീര്‍, ഗോള്‍കീപ്പര്‍ വി.പി. ലത്തീഫ് എന്നിവരൊക്കെ സാമാന്യം ഭേദപ്പെട്ട കാല്‍പ്പന്തുകളിയിലെ കേമന്‍മാരാണ്. കളിയും കാര്യവും ഒരുപോലെ കൊണ്ടു നടന്നിരുന്ന കാലത്തുനിന്ന് കാര്യത്തിലേക്കു മാത്രം ശ്രദ്ധയൂന്നിയ പുതിയ ജീവിതാവസ്ഥയിലേക്കുള്ള ചുവടുമാറ്റം സഹിക്കാനാകാത്തതാണ്. ഉള്ളുതുറന്നൊന്നു ചിരിക്കാന്‍ പോലും പിശുക്കു കാണിക്കുന്ന വര്‍ത്തമാനത്തെ ശപിക്കാന്‍ പദാവലികളിലെ വാക്കുകള്‍ അശക്തമാണ്.
എന്റെ പിതാവ് അടിസ്ഥാനപരമായി ഒരു സുന്നി ആശയക്കാരനാണ്. ഞങ്ങളെല്ലാവരും പഠിച്ചതും സുന്നി മദ്രസ്സയിലാണ്. തനി യാഥാസ്ഥിതികനായിരുന്നില്ല അദ്ദേഹം. പുരോഗമന ആശയങ്ങളോട് ആഭിമുഖ്യമുള്ള ഒരു 'മോഡറേറ്റ് സുന്നി'യാണ്. അഞ്ചുനേരത്തെ നമസ്‌കാരത്തിനു ശേഷമുള്ള കൂട്ടപ്രാര്‍ത്ഥനയില്‍ അദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു. ആപല്‍ഘട്ടങ്ങളില്‍ മാത്രം പരിഷ്‌കരണ വാദികള്‍ നടത്താറുള്ള പ്രഭാതനമസ്‌കാരത്തിനിടയിലെ പ്രത്യേക പ്രാര്‍ത്ഥന (ഖുനൂത്ത്) തന്റെ എണ്‍പത്തിയഞ്ചാം വയസ്സിലും ദിവസവും ഉപ്പ തുടരുന്നു. മതസംഘടനകളോട് തുല്യ അടുപ്പവും അകലവുമാണ് എക്കാലത്തും പുലര്‍ത്തിയിരുന്നത്. മുസ്ലിങ്ങള്‍ക്കിടയില്‍ സുന്നികള്‍ക്കാണ് അന്നും ഇന്നും മേല്‍ക്കോയ്മ. അറേബ്യയില്‍ നിന്നെത്തിയ ഇസ്ലാമിനെ പ്രാദേശിക സംസ്‌കാരങ്ങളുടെ അച്ചില്‍ വാര്‍ത്തെടുത്താണ് സുന്നി മുസ്ലിങ്ങള്‍ അവരുടെ വിശ്വാസത്തെ അവതരിപ്പിച്ചത്.
പുരോഗമനവാദികളായ മുസ്ലിങ്ങളാകട്ടെ, അറേബ്യന്‍ ഇസ്ലാമിനെ അതേപടി പകര്‍ത്താനാണ് ശ്രമിച്ചത്. മരുഭൂമിയുടെ പ്രത്യേക പശ്ചാത്തലത്തില്‍ ഇസ്ലാമിന്റെ ഭാഗമായ വേഷവിധാനങ്ങളും ജീവിതരീതികളും ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമാക്കേണ്ട കാര്യമില്ല. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും എല്ലാറ്റിനും ചില മാനദണ്ഡങ്ങള്‍ ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്. ആ വളയത്തില്‍ ഒതുങ്ങി ഏതൊരു രാജ്യത്തിന്റേയും പ്രാദേശിക സംസ്‌കാരങ്ങളേയും ആഘോഷങ്ങളേയും ആചാരങ്ങളേയും സ്വായത്തമാക്കുന്നതില്‍ ഒരു തെറ്റുമില്ല. അത് ഏകദൈവ വിശ്വാസ ധാരയ്ക്ക് എതിരാകരുതെന്നു മാത്രം. ഗള്‍ഫ് സ്വാധീനത്തിന്റെ ഫലമായി കേരളത്തിലെ മുസ്ലിങ്ങളില്‍ ഒരു 'അറേബ്യനൈസേഷന്‍' നിശ്ശബ്ദമായി നടന്നിട്ടുണ്ട്. കേരളത്തിന്റെ പരമ്പരാഗത ഇന്ത്യന്‍ രീതിശാസ്ത്രത്തിലാണ് സുന്നി മുസ്ലിങ്ങള്‍ ഇസ്ലാമിനെ വ്യാഖ്യാനിച്ചതെങ്കില്‍ മുജാഹിദുകള്‍ അഥവാ സലഫികള്‍ സൗദി മൂശയില്‍ വാര്‍ത്താണ് ഇസ്ലാമിനെ അവതരിപ്പിച്ചത്. ജമാഅത്തെ ഇസ്ലാമിയാകട്ടെ, രാഷ്ട്രീയ ഇസ്ലാമിനെ പ്രക്ഷേപിച്ചു കാണിക്കാനും ശ്രമിച്ചു. തിരൂര്‍ക്കാട് ഇലാഹിയാ ഹോസ്റ്റല്‍ ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണെങ്കില്‍ ചേളാരി സമസ്താലയം സുന്നീ വിഭാഗത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ചലിച്ച സ്ഥാപനമാണ്. തിരൂരങ്ങാടി ഓര്‍ഫനേജും അനുബന്ധ സ്ഥാപനങ്ങളും മുജാഹിദുകള്‍ക്ക് (സലഫികളുടെ) മേധാവിത്വമുള്ള കമ്മിറ്റിയാണ് നടത്തിയിരുന്നത്. സുന്നികളേയും മുജാഹിദുകളേയും ജമാഅത്തെ ഇസ്ലാമിക്കാരേയും അവരുടെ ആശയങ്ങളേയും അടുത്തു പരിചയപ്പെടാന്‍ പഠനകാലയളവിലെ സ്ഥാപനമാറ്റങ്ങളിലൂടെ സാധിച്ചു.

എല്ലാറ്റിലുമുള്ള നന്മകളോട് ചേര്‍ന്നുനില്‍ക്കാനാണ് എപ്പോഴും എനിക്ക് താല്പര്യം. ഒരു മതസംഘടനയിലും അംഗത്വമെടുക്കാന്‍ മുതിരാതിരുന്നതും അതുകൊണ്ടാണ്. എല്ലാ മുസ്ലിം മതസംഘടനാ നേതാക്കളുമായും അടുത്ത ബന്ധമുണ്ടായതിന്റെ കാരണവും മറ്റൊന്നല്ല. കേരള മുസ്ലിങ്ങള്‍ക്കിടയിലെ ആധികാരിക പണ്ഡിതസഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് മേലേ ചേളാരിയില്‍ റോഡരികില്‍ സ്ഥിതിചെയ്തിരുന്ന സമസ്താലയം പ്രവര്‍ത്തിക്കുന്നത്. മൂന്നു വര്‍ഷമാണ് അവിടെ ബോര്‍ഡിംഗില്‍ താമസിച്ചു പഠിച്ചത്. അവര്‍ക്ക് സ്വന്തം സ്‌കൂളുകള്‍ ഇല്ലാതിരുന്നതിനാല്‍ തൊട്ടടുത്ത സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്കാണ് കുട്ടികളെ പറഞ്ഞയച്ചത്. വെളിമുക്ക് ജി.യു.പി സ്‌കൂളില്‍ ആറും ഏഴും ക്ലാസ്സുകളും എട്ടാം ക്ലാസ്സ് ചേളാരി ഗവ. ഹൈസ്‌കൂളിലുമാണ് പൂര്‍ത്തിയാക്കിയത്. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള കുട്ടികളുമായി ഇടപഴകാനും ചങ്ങാത്തം സ്ഥാപിക്കാനും സാധിച്ചത് ജീവിത വഴിയിലെ നാഴികക്കല്ലുകളായിരുന്നു.
നാഷണല്‍ ഹൈവേയുടെ ഓരത്ത് താഴേ ചേളാരിയിലായിരുന്നു വെളിമുക്ക് സ്‌കൂള്‍. ഇന്ന് ആ വിദ്യാലയം അവിടെയില്ല. അത് ഉള്‍ഭാഗത്തേക്കെങ്ങോട്ടോ മാറ്റിയിരിക്കുന്നു. അന്വേഷിച്ചപ്പോഴാണ് അറിയുന്നത് പതിറ്റാണ്ടുകള്‍ പ്രസ്തുത സ്‌കൂള്‍ പ്രവര്‍ത്തിച്ചത് സ്വകാര്യ വാടക കെട്ടിടത്തിലായിരുന്നെന്ന്. രണ്ടു വര്‍ഷത്തെ വെളിമുക്ക് സ്‌കൂളില്‍ ചെലവിട്ട നാളുകള്‍ കുളിരേകുന്ന നിരവധി മുഹൂര്‍ത്തങ്ങളാണ് നല്‍കിയത്. ചരിത്രം എന്ന വിഷയത്തോട് ആഭിമുഖ്യം തോന്നിയത് ഞങ്ങളെ ചരിത്രവും പൗരധര്‍മ്മവും പഠിപ്പിച്ച രാധ ടീച്ചറിലൂടെയാണ്. ടീച്ചറെ എല്ലാവര്‍ക്കും പേടിയായിരുന്നു. നന്നായി ക്ലാസ്സെടുക്കുകയും ഉഴപ്പന്‍മാരെ ശരിക്ക് കൈകാര്യം ചെയ്യുകയും ചെയ്തു ടീച്ചര്‍. ഏഴാം ക്ലാസ്സിലായിരുന്നപ്പോള്‍ നടന്ന എല്ലാ പരീക്ഷകളിലും എനിക്ക് അധികം മാര്‍ക്ക് കിട്ടിയത് രാധ ടീച്ചര്‍ പഠിപ്പിച്ച ചരിത്രത്തിലാണ്. അരക്കൊല്ല പരീക്ഷയില്‍ ഉണ്ടായ ഒരു സംഭവം ഓര്‍മ്മയുടെ ചിലന്തിവലയ്ക്കു പിന്നില്‍ പൊടിപിടിച്ച് കിടപ്പുണ്ട്. ഒരു ഉപന്യാസ ചോദ്യത്തിനു തെറ്റിയാണ് ഞാന്‍ ഉത്തരമെഴുതിയത്. അതിന് രാധ ടീച്ചര്‍ മുഴുവന്‍ മാര്‍ക്കും തന്നു. ക്ലാസ്സില്‍ ഉത്തരക്കടലാസ് വിതരണം ചെയ്യുമ്പോള്‍ ടീച്ചര്‍ പറഞ്ഞത് മനസ്സില്‍ കൊത്തിവെച്ചതുപോലെ പതിഞ്ഞു: ''വിദ്വാന്‍ ഉദ്ദേശിച്ചത് ശരിയായ ഉത്തരമായിരുന്നെങ്കിലും എഴുതിവന്നപ്പോള്‍ മറിപ്പോയതാണ്.'' ആ നിമിഷം മുതല്‍ ചരിത്രത്തെ അറിയാതെ ഇഷ്ടപ്പെടാന്‍ തുടങ്ങി. എനിക്കവര്‍ ഒരിക്കലും മറക്കാത്ത ടീച്ചറുമായി. ഒരു കുട്ടിയില്‍ പോസിറ്റീവ് എനര്‍ജി പ്രദാനം ചെയ്യാന്‍ ആര്‍ക്കാണോ സാധിക്കുക അവര്‍ കുട്ടികളുടെ ഹൃദയങ്ങളില്‍ ചിതലരിക്കാതെ ജീവിക്കും. അന്ന് തുടങ്ങിയ ചരിത്രത്താളുകളിലൂടെയുള്ള യാത്ര എം.എയും എംഫിലും പിഎച്ച്.ഡിയും കഴിഞ്ഞ് ഇപ്പോഴും തുടരുകയാണ്. രാധ ടീച്ചറും യൂസുഫ് മാഷും കരീം മാഷും പോസിറ്റീവ് എനര്‍ജി പകര്‍ന്ന ഗുരുവര്യരാണ്.
യൂസുഫ് മാഷ് സ്‌കൂളില്‍ പഠിപ്പിക്കുക മാത്രമല്ല, രാത്രി ഹോസ്റ്റലില്‍ ഞങ്ങള്‍ പഠിക്കുന്ന സ്ഥലത്തുവന്ന് സൗജന്യമായി സംശയങ്ങള്‍ തീര്‍ത്തുതരികയും ചെയ്തു. ഇംഗ്ലീഷും സോഷ്യല്‍ സ്റ്റഡീസും ഉര്‍ദുവുമെല്ലാം യൂസുഫ് മാഷുടെ ഇഷ്ടവിഷയങ്ങളായിരുന്നു. പരീക്ഷയ്ക്ക് തെറ്റി ഉത്തരമെഴുതിയത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പെട്ടാല്‍ അതിനുമേല്‍ കൈവെച്ച് ''ഒന്നുകൂടി ഓര്‍ത്തുനോക്ക്'' എന്നു പറയും. എന്തോ പിശകുണ്ടെന്നു മനസ്സിലാക്കി തെറ്റ് തിരുത്തും. ഞങ്ങള്‍ ഭൂമിക്കും ആകാശത്തിനുമിടയിലുള്ള എന്തു ചോദിച്ചാലും യൂസുഫ് മാഷ്ടെ കയ്യില്‍ ഉത്തരം റെഡിയാണ്. അദ്ദേഹം നന്നായി ഫുട്ബോളും കളിക്കുമായിരുന്നു. സ്വപ്രയത്‌നത്തില്‍ പഠിച്ച് ഹൈസ്‌കൂളിലും അതുകഴിഞ്ഞ് ഹയര്‍ സെക്കന്ററിയിലും അദ്ദേഹം അദ്ധ്യാപകനായി. കരീം മാഷ് അറബി അദ്ധ്യാപകനാണ്. സ്പോര്‍ട്സും കലോത്സവവുമൊക്കെ അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു നടന്നിരുന്നത്. മാപ്പിളപ്പാട്ടിലായിരുന്നു അന്നെനിക്കു താല്പര്യം. ഒരു ആവറേജ് പാട്ടുകാരന്‍ എന്നു പറയാം. അറബി പദ്യം ചൊല്ലലിലും മാഷ് എന്നെ ഉള്‍പ്പെടുത്തി. സ്‌കൂള്‍തലത്തിലും സബ്ജില്ലാതലത്തിലും മത്സരങ്ങളില്‍ പങ്കെടുത്തു. അതിനപ്പുറത്തേക്ക് പോകാന്‍ അവസരം കിട്ടിയില്ല. ക്ലാസ്സിലെ പോക്കിരി സൈനുല്‍ ആബിദ് തങ്ങളായിരുന്നു. ഞാന്‍ ആകാരത്തില്‍ താരതമ്യേന ചെറുതായിരുന്നതിനാല്‍ തങ്ങളുടെ കിഴുക്ക് ഇടയ്ക്കിടെ എന്റെ തലമണ്ടയില്‍ പതിയും. സ്നേഹമുള്ളവനാണ് തങ്ങള്‍. മാതാപിതാക്കളുടേയും ഗുരുനാഥന്‍മാരുടേയും ശിക്ഷ ലഭിച്ച ശരീരഭാഗത്ത് നരകത്തിന്റെ തീ ഏല്‍ക്കില്ലെന്ന് മദ്രസ്സയില്‍ ഉസ്താദ് പറഞ്ഞത് ഓര്‍ക്കുന്നു. തങ്ങള്‍മാര്‍ അടിക്കുകയോ കുത്തുകയോ കിഴുക്കുകയോ ചെയ്താല്‍ അവയേല്‍ക്കുന്ന ഭാഗവും ആ ഗണത്തിലാണെന്ന് സൈനുല്‍ ആബിദ് തങ്ങള്‍ ആശ്വസിപ്പിക്കും. പിതാവിന്റെ ശിക്ഷയും ഗുരുനാഥന്മാരുടെ ചൂരല്‍ പ്രയോഗവും ചെവി പിടിച്ച് തിരുമ്മലും സൈനുല്‍ ആബിദ് തങ്ങളുടെ കിഴുക്കും പിച്ചലും എല്ലാംകൂടി നോക്കിയാല്‍ എന്റെ ശരീരത്തിന്റെ ഏതാണ്ടെല്ലാ ഭാഗവും നരകാഗ്‌നിയില്‍നിന്നു മുക്തമാകുമെന്ന് ഉറപ്പാണ്.
ജബ്ബാറും അസീസും മൊയ്തീന്‍ കോയയും അലീമയും സുഹറയും അക്കാലത്തെ സഹപാഠികളാണ്. മേലേ ചേളാരിയിലെ ഹോസ്റ്റലില്‍നിന്നു താഴേ ചേളാരിയിലെ സ്‌കൂളിലേക്ക് ഞങ്ങള്‍ പോയിരുന്നത് ഒറ്റവരിയായി നടന്നാണ്. ലൈന്‍ തെറ്റിയാല്‍ അസിസ്റ്റന്റ് വാര്‍ഡന്‍ വഴക്കു പറയും. സ്ഥിരമായി ലൈന്‍ തെറ്റി നടക്കുന്നവര്‍ക്ക് ചെറിയ ശിക്ഷയും കിട്ടും. ഞങ്ങള്‍ സ്‌കൂളില്‍ പോകുന്നതിനിടയില്‍ ഒരു മിനി എയര്‍പോര്‍ട്ടും നാല്‍ക്കാലിച്ചന്തയും ഉണ്ടായിരുന്നു. മാവൂര്‍ ഗോളിയാര്‍ റയോണ്‍സിന്റെ ഉടമകള്‍ വരുന്ന ചെറിയ വിമാനം ഇറങ്ങാന്‍ അവര്‍ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയോടെ ഉണ്ടാക്കിയതായിരുന്നു ആ ആളില്ലാ എയര്‍പോര്‍ട്ട്. സമസ്താലയത്തിലെ മൂന്നു വര്‍ഷ പഠിത്തത്തിനിടയില്‍ ഒരിക്കല്‍ മാത്രമാണ് അവിടെ വിമാനമിറങ്ങിയത്. അന്നാകട്ടെ, ഒരുത്സവത്തിന്റെ പ്രതീതിയായിരുന്നു. എയര്‍പോര്‍ട്ടിന്റെ റണ്‍വേയെ ഭേദിച്ചാണ് നാഷണല്‍ ഹൈവേ കടന്നുപോകുന്നത്. വിമാനം ഇറങ്ങാന്‍ സമയമാകുമ്പോള്‍ ഹൈവേയുടെ രണ്ടു ഭാഗത്തും വലിയ ചങ്ങല കുറുകെ കെട്ടി പൊലീസുകാര്‍ വാഹനങ്ങള്‍ തടയും. ട്രെയിന്‍ വരുമ്പോള്‍ ഗേറ്റ് അടച്ച് വാഹനം തടയുന്നപോലെ. ആ വാഹനങ്ങളിലെ ആളുകളും വിമാനം ഇറങ്ങുന്നതും പൊങ്ങുന്നതും കാണാന്‍ അണിനിരക്കും. അതോടെ ചേളാരി ജനത്തിരക്കില്‍ വീര്‍പ്പുമുട്ടും. ഞാന്‍ ആദ്യമായി വിമാനം ഇറങ്ങുന്നതും ഉയരുന്നതും കണ്ടത് ചേളാരിയില്‍വെച്ചാണ്. 'സമസ്ത'യിലെ മുഴുവന്‍ കുട്ടികളേയും വിമാനം അടുത്തുപോയി കാണാന്‍ കൊണ്ടുപോയത് മറക്കാനാവില്ല.
ഈ ലേഖനം കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ