'ലീഗ് എന്ന പാര്‍ട്ടി എന്റെ മനസ്സില്‍ ഇടം പിടിച്ചത് ആ സമ്മേളനത്തിനു പോകുന്നവര്‍ മൈക്കിലൂടെ മുഴക്കിയ പ്രാസമൊപ്പിച്ചുള്ള മുദ്രാവാക്യങ്ങളിലൂടെയാണ്'

അടി കിട്ടുന്ന അന്ന് വലിയുമ്മ എന്നോട് പ്രത്യേക വാത്സല്യം കാണിക്കും. കിടന്നുറങ്ങുമ്പോള്‍  ചേര്‍ത്തുപിടിച്ച് ആരും കേള്‍ക്കാതെ തേങ്ങിക്കരയും
'ലീഗ് എന്ന പാര്‍ട്ടി എന്റെ മനസ്സില്‍ ഇടം പിടിച്ചത് ആ സമ്മേളനത്തിനു പോകുന്നവര്‍ മൈക്കിലൂടെ മുഴക്കിയ പ്രാസമൊപ്പിച്ചുള്ള മുദ്രാവാക്യങ്ങളിലൂടെയാണ്'

കുട്ടിയായിരിക്കുമ്പോള്‍ ഞാനേറ്റവുമധികം ഇഷ്ടപ്പെട്ടത് കുടുംബക്കാരുടെ വീടുകളില്‍ വിരുന്ന് പാര്‍ക്കാനായിരുന്നു. പ്രൈമറി സ്‌കൂള്‍ പഠനസമയത്താണ് ഇതേറ്റവുമധികം നടന്നത്. അധിക സമയത്തും വലിയുമ്മയുമൊത്തായിരുന്നു ഇത്തരം വിരുന്നുകള്‍. വലിയുമ്മ അകന്ന ബന്ധത്തിലുള്ളവരോടുപോലും അടുത്ത സ്നേഹബന്ധം കാത്തുസൂക്ഷിച്ചു. വലിയുമ്മയുടെ മൂന്ന് ആങ്ങളമാരുടെ വീടുകളിലും ഉമ്മയുടെ മറ്റു കുടുംബക്കാരുടെ വീടുകളിലും ഞാനൊരു സ്ഥിര വിരുന്നു പാര്‍പ്പുകാരനായി. അക്കാലത്ത് എനിക്ക് വികൃതിക്കാരന്‍ എന്ന 'സല്‍പ്പേരും' ചാര്‍ത്തിക്കിട്ടിയിരുന്നു. ഏതാണ്ട് പോയിടത്തൊക്കെ അവിടത്തെ കുട്ടികളുമായി അടിപിടി കൂടാതെ മടങ്ങല്‍ അപൂര്‍വ്വം. ഇത് പലപ്പോഴും വലിയുമ്മാക്ക് വലിയ തലവേദനയുണ്ടാക്കിയിരുന്നു. 

ഏതാണ്ടെല്ലാ കുടുംബ വീട്ടുകാരും ഞങ്ങളെക്കാള്‍ സാമ്പത്തികമായി ശേഷിയുള്ളവരാണ്. ഇല്ലാത്ത വീട്ടിലെ കുട്ടി ഉള്ളവരുടെ വീട്ടിലെ കുട്ടികളെ ഉപദ്രവിച്ചാല്‍ ഉണ്ടാകുന്ന 'വര്‍ഗ്ഗ പ്രതിസന്ധിയും' ചിലപ്പോള്‍ വലിയുമ്മാക്ക് അഭിമുഖീകരിക്കേണ്ടിവന്നു. എവിടെയായാലും വികൃതി കാണിച്ചാല്‍ വലിയുമ്മ മാത്രമാണ് എന്നെ ശിക്ഷിച്ചത്. 

അടി കിട്ടുന്ന അന്ന് വലിയുമ്മ എന്നോട് പ്രത്യേക വാത്സല്യം കാണിക്കും. കിടന്നുറങ്ങുമ്പോള്‍  ചേര്‍ത്തുപിടിച്ച് ആരും കേള്‍ക്കാതെ തേങ്ങിക്കരയും. എത്ര പോക്കിരിത്തരം കാണിച്ചാലും വലിയുമ്മ യാത്രയ്ക്ക് പുറപ്പെടുമ്പോള്‍ ഞാനുണ്ടെകില്‍ എന്നെ കൊണ്ടുപോകാതെ പോകാറേയില്ല. അതുകൊണ്ടുതന്നെ എല്ലാ കുടുംബക്കാര്‍ക്കും ഞാന്‍ സുപരിചിതനായി. വലിയുമ്മയുടെ മൂത്ത ആങ്ങള കോയിട്ടി ഹാജിയുടെ മകന്‍ മുസ്തഫ എന്നെ സ്വന്തം അനുജനെപ്പോലെയാണ് കരുതിയത്. എനിക്ക് മുസ്തഫാക്കനേയും വലിയ ഇഷ്ടമായിരുന്നു. അങ്ങാടിയില്‍ കൊണ്ടുപോയി മിഠായിയും പെന്‍സിലുമൊക്കെ അദ്ദേഹം വാങ്ങിത്തരും. കുവൈറ്റില്‍ പോയി വന്ന ശേഷം മുസ്തഫാക്കയെ ഒരുതരം വിഷാദ രോഗം പിടികൂടി. വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും ഒരു ദിവസം അദ്ദേഹം ആത്മഹത്യ ചെയ്ത വാര്‍ത്തയാണ് നടുക്കത്തോടെ കേട്ടത്. വല്ലാതെ ദുഃഖിപ്പിച്ച മരണമായിരുന്നു മുസ്തഫാക്കയുടേത്. 

പിതൃ താവഴിയില്‍ എന്നെ ചേര്‍ത്തുപിടിച്ച് കൂടെക്കൂട്ടിയത് ഉപ്പയുടെ മൂത്ത പെങ്ങള്‍ പൂമമ്മായിയാണ്. കുളമംഗലം ബാവപ്പടിയിലായിരുന്നു അവരുടെ വീട്. എല്ലാ മൂത്താപ്പമാരുടെ വീടുകളിലും ഞാന്‍ രാപ്പാര്‍ത്തത് പൂമമ്മായിയുടെ കൂടെപ്പോയാണ്. ഉപ്പാക്ക് സ്നേഹത്തില്‍ ചാലിച്ച ബഹുമാനമാണ് വലിയമ്മയോടും പൂമമ്മായിയോടും ഉണ്ടായിരുന്നത്. ജ്യേഷ്ഠന്‍മാരൊക്കെ നേരത്തെ മരണപ്പെട്ടിരുന്നതിനാല്‍ ഉപ്പയാണ് അവശേഷിച്ച ഏക ആണ്‍തരി. ഉപ്പയുടെ രണ്ട് ജ്യേഷ്ഠന്മാരെ ഞാന്‍ കണ്ടിട്ടേയില്ല. മൂത്ത സഹോദരന്‍ രായിന്‍കുട്ടി നല്ല പണ്ഡിതനായിരുന്നു. അവരുടെ മക്കളും ആ വഴിക്കു തന്നെയാണ് യാത്ര ചെയ്തത്. ഒരാള്‍ അറബിക് മുന്‍ഷിയായി. മറ്റുള്ളവരെല്ലാം എണ്ണം പറഞ്ഞ മതാദ്ധ്യാപകര്‍. 

എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോളാകണം പൂമമ്മായിക്ക് അസുഖം കടുത്തത്. അവര്‍ കിടപ്പിലായി. വൈകാതെ മരണപ്പെടുകയും ചെയ്തു. 

അവരുടെ അടിയന്തിരം കഴിഞ്ഞ് മടങ്ങവെ വാഹനത്തിന്റെ പിന്‍സീറ്റിലിരുന്ന് എന്റെ മൂന്നാമത്തെ സഹോദരി ആയിശ നിഷ്‌കളങ്കമായി പറഞ്ഞു: ''മതിയാവോളം പപ്പടം പൊരിച്ചത് തിന്നത് ഇന്നാണ്.'' ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ പപ്പട കൊതിയത്തി അവളായിരുന്നു. വീട്ടില്‍ പൊരിച്ച പപ്പടം ഒന്നോ ഏറിയാല്‍ രണ്ടോ മാത്രമാണ് കിട്ടിയിരുന്നത്. ഉപ്പയും ഞങ്ങള്‍ ഏഴുമക്കളും നല്ല പപ്പട പ്രിയരാണ്. ആ ശീലം ഇന്നും വിട്ടിട്ടില്ല. ബിരിയാണിയാണെങ്കിലും എനിക്കിപ്പോഴും പപ്പടം പൊരിച്ചത് നിര്‍ബ്ബന്ധം. മറ്റൊരമ്മായിയുടെ മകള്‍ ആയിശീബിയും മരിച്ച  മൂത്താപ്പയുടെ മകള്‍ മാളുവും ഞങ്ങളുടെ വീട്ടിലാണ് കുറേക്കാലം താമസിച്ചിരുന്നത്. ഞാനും ആയിശീബിയും കൂടിയാണ് ഉപ്പാക്ക് ഉച്ചയ്ക്ക് ചോറും വൈകുന്നേരം പാലും നോമ്പുകാലത്ത് നോമ്പുതുറക്കുള്ള സാധനങ്ങളും അങ്ങാടിയിലെ കടയില്‍ കൊണ്ടുപോയി കൊടുത്തിരുന്നത്. അവരുടെ സഹോദരന്‍ ബാവയും ഞാനും സമപ്രായക്കാരാണ്. അവന്‍ അകാലത്തിലേ വിട ചൊല്ലി. 
ആഴ്ചയിലൊരിക്കല്‍ ആയിശീബി കൊട്ടാരത്തെ അവരുടെ വീട്ടില്‍ പോകുമ്പോള്‍ ഞാനും കൂടെ പോകും. 

പട്ടിണിയും പരിവട്ടവുമായിരുന്നു അവിടെ. അമ്മായിക്കാക്ക ഒരു മദ്രസ്സയിലെ മൊല്ലാക്കയായിരുന്നു. നിസ്സാര പൈസയായിരുന്നു വേതനം. അത്യാവശ്യം മന്ത്രവാദവും നടത്തിയിരുന്നു. ജീവിതം തട്ടിയും മുട്ടിയും കഷ്ടിച്ച് മുന്നോട്ടുപോയി. അക്കാലത്ത് ഉപ്പാക്കൊരു റേഷന്‍ കട ഉണ്ട്. പലപ്പോഴും റേഷന്‍ ഷോപ്പ് പൂട്ടി ചാക്കില്‍ അരിയും ചുമന്ന് ഉപ്പ അമ്മായിയുടെ വീട്ടിലെത്തിച്ച് കൊടുത്തു. ചെറിയ അമ്മായിയെ മൂന്ന് കെട്ടിച്ചെങ്കിലും ഭര്‍ത്താക്കന്മാര്‍ മൂന്നുപേരും മരിച്ചു. അവരുടെ സംരക്ഷണ ചുമതലയും ഉപ്പാക്കായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് ചെറിയമ്മായി. അവര്‍ക്കും എന്റെ പ്രായമുള്ള ഒരു മകനുണ്ടായിരുന്നു. ഏതാണ്ട് നാല്‍പ്പതാം വയസ്സില്‍ അവന്‍ മരിച്ചു. ഞാന്‍ വിരുന്നു പാര്‍ക്കാന്‍ ചെന്നാല്‍ രണ്ട് അമ്മായിമാരും പ്രത്യേക വിഭവങ്ങളുണ്ടാക്കും. അവരുടെ മക്കള്‍ക്ക് കൊടുക്കുന്നതിനേക്കാള്‍ കൂടുതല്‍ എന്റെ പാത്രത്തിലേക്ക് ഇട്ടുതരും. ഉപ്പ വയറുനിറയെ ചീത്ത പറയുമെങ്കിലും കൂടപ്പിറപ്പുകളെ കഴിയുംവിധം പട്ടിണി കിടക്കാതെ നോക്കിയിരുന്നു. 

കെടി ജലീൽ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്
കെടി ജലീൽ/ ഫോട്ടോ: ബിപി ദീപു/ എക്സ്പ്രസ്

മൊട്ടത്തലയടി സൃഷ്ടിച്ച പ്രശ്‌നങ്ങള്‍

മരിച്ച മൂത്താപ്പയുടെ മകള്‍ മാളു ഉമ്മയുടെ തല്ലില്‍നിന്ന് എപ്പോഴും എനിക്ക് സംരക്ഷണമൊരുക്കിത്തന്നു. മാളുതാത്താന്റെ ഒരേയൊരു കുഴപ്പം മണ്ണുകൊണ്ട് തേച്ച ചുമരിന്റെ കല്ലുകള്‍ക്കിടയില്‍നിന്ന് അരിവാളിന്റെ മുനകൊണ്ട് കൊത്തിയെടുത്ത മണ്ണിന്റെ കട്ട വായിലിട്ട് മിഠായി നുണക്കും പോലെ അലിയിച്ച് തിന്നും എന്നതായിരുന്നു. മാളുതാത്ത വീട്ടില്‍ പോകുമ്പോള്‍ ഞാനും കൂടെപ്പോകും. അവര്‍ക്കൊരു കണ്ണുകാണാത്ത ആങ്ങളയുണ്ട്, കുഞ്ഞിപ്പ. ഉറങ്ങാന്‍ കിടക്കുമ്പോള്‍ നല്ല രസകരമായ കഥകള്‍ പറഞ്ഞ് കുടുകുടാ ചിരിപ്പിക്കും. മൂത്തമ്മ വഴക്കു പറഞ്ഞാണ് കുഞ്ഞിപ്പാക്കാന്റെ കഥപറച്ചില്‍ നിര്‍ത്തിക്കുക.

അഞ്ചാം ക്ലാസ്സില്‍ അരക്കൊല്ല പരീക്ഷ കഴിഞ്ഞ സമയത്താണ് ബാപ്പ എന്റെ തല മൊട്ടയടിപ്പിച്ചത്. മൊട്ടത്തലയുമായി സ്‌കൂളില്‍ പോവുക എന്നത് എനിക്ക് ചിന്തിക്കാന്‍ പോലും കഴിഞ്ഞില്ല. യാഥാസ്ഥിതിക കുടുംബങ്ങളില്‍ ആണ്‍കുട്ടികള്‍ മുടി വളര്‍ത്തുന്നത് നല്ല കാര്യമായല്ല ഗണിക്കപ്പെട്ടിരുന്നത്. എനിക്കാണെങ്കില്‍ ചെവിയുടെ മുകളിലേക്ക് മുടി ചീകിയിടാന്‍ വലിയ പൂതിയായിരുന്നു. മുതിര്‍ന്നതിന് ശേഷമല്ലാതെ ഒരു പരിധിവരെയെങ്കിലും മുടി വളര്‍ത്താന്‍ എനിക്ക് സാധിച്ചിരുന്നില്ല. മൊട്ടത്തലയുമായി സ്‌കൂളിലെത്തിയാല്‍ കുട്ടികള്‍ കളിയാക്കും. ചിലര്‍ പിന്നിലൂടെ വന്ന് 'സിമന്റ്' തലയില്‍ പെന്‍സില്‍ ഉരച്ച് കൂര്‍പ്പിക്കാന്‍ ശ്രമിക്കും. പെണ്‍കുട്ടികളുടെ മുഖത്തേക്കു പോലും നാണംകൊണ്ട് നോക്കാന്‍ കഴിയില്ല. ഇക്കാരണങ്ങള്‍ കൊണ്ടാവണം ക്ലാസ്സില്‍ പോകാന്‍ തോന്നിയില്ല. 

മദ്രസ്സ വിട്ടുവന്നാല്‍ ഉച്ചനേരത്തേക്ക് ഉമ്മ പാത്രത്തിലാക്കി വെച്ച ചോറും കൂട്ടാനുമെടുത്ത് സ്‌കൂളിലേക്കു പോകും. സ്‌കൂളിനും വീടിനുമിടയിലുള്ള ഒരു ചെറിയ കാട്ടിലൂടെയായിരുന്നു എന്നുമുള്ള യാത്ര. തല മൊട്ടയടിച്ച ശേഷം അയല്‍വാസികളും കുടുംബക്കാരുമായ സഹപാഠികള്‍ പോയിക്കഴിഞ്ഞു എന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ഞാന്‍ വീട്ടില്‍നിന്ന് പുറപ്പെടാറ്. വഴിമദ്ധ്യേ കൊളമ്പെന്ന  പേരിലറിയപ്പെട്ടിരുന്ന ചെറിയ കാട്ടിലെ ഇടതൂര്‍ന്ന ഇലകളുള്ള മരക്കൊമ്പില്‍ പിടിച്ചു കയറി ആരും കാണാതെ ഇരിക്കും. ഉച്ചയ്ക്ക് ചോറ്റുപാത്രം തുറന്ന് ഊണ് കഴിക്കും. ഇലകള്‍കൊണ്ട് കൈ തുടച്ച് വൃത്തിയാക്കും. ചോറ്റുപാത്രവും നന്നായി തുടച്ച് കഴുകിയത് പോലെയാക്കും. സാധാരണപോലെ ഒന്നും സംഭവിക്കാത്ത മട്ടില്‍ വൈകുന്നേരം വീട്ടിലേക്ക് മടങ്ങും. ഏതാണ്ട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ വീടിനടുത്തായി താമസിക്കുന്ന ഒരകന്ന ബന്ധു കൂടിയായ എന്റെ ക്ലാസ്സില്‍ പഠിക്കുന്ന ജമീല എന്തോ ആവശ്യത്തിന് വീട്ടില്‍ വന്നു. സംസാരത്തിനിടെ അവള്‍ ഉമ്മയോട് ചോദിച്ചു: ''ജലീലെന്താ ക്ലാസ്സില്‍ വരാത്തത്?'' ഇതു കേള്‍ക്കേണ്ട താമസം ഉമ്മ പറഞ്ഞു: ''ഓന്‍ ക്ലാസ്സില്‍ വരണില്ല്യാന്ന് നിന്നോട് ആരാ പറഞ്ഞത്? ഓന് എല്ലാ ദിവസോം ഇവിട്ന്ന് പോകല്ണ്ടല്ലോ?'' ഇതു കേട്ട ജമീല കുന്തംപോലെ നിന്നു. ''എളേമാ, ന്നാ സ്‌കൂള്ല് ഓനെ കാണലില്ല്യ.'' ഇതും പറഞ്ഞ് അവള്‍ ഓടിപ്പോയി. 

ഉമ്മയും ജമീലയും തമ്മിലുള്ള വര്‍ത്തമാനം ഞാന്‍ ഒളിഞ്ഞുനിന്ന് കേള്‍ക്കുന്നുണ്ടായിരുന്നു. എനിക്കാകെ പേടിയായി. ഉപ്പ വന്നാലുണ്ടാകുന്ന അടിയുടെ പൊടിപൂരമായിരുന്നു മനസ്സ് മുഴുവന്‍. ഉമ്മ ഞങ്ങളുടെ തൊട്ടടുത്ത വീട്ടിലെ ഹംസയെ ഉറക്കെ വിളിക്കുന്നത് കേട്ടു. പ്രതികരണമൊന്നും കിട്ടാതിരുന്നപ്പോ ഉമ്മ അവനെ തേടി അവന്റെ വീട്ടിലേക്ക്  പോകുന്നത് ഞാന്‍ ജനലഴിക്കുള്ളിലൂടെ കണ്ടു. പോയത് പോലെയല്ല ഉമ്മയുടെ മടങ്ങിവരവെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലായി. വീട്ടിലെത്തിയ ഉമ്മ എന്നെ ഉറക്കെ വിളിച്ചു. ഒന്നുമറിയാത്തതുപോലെ ഞാന്‍ ഹാജരായി. ''ഇയ്യ് സ്‌കൂളില്‍ പോകലില്ല്യടാ''ന്ന് ചോദിക്കലും അടിയും ഒപ്പം കഴിഞ്ഞു. ഞാന്‍ ഒന്നും മിണ്ടിയില്ല. അവസാനം ഞാന്‍ ഏങ്ങി ഏങ്ങി പറഞ്ഞു: ''തല മൊട്ടയടിച്ചതിന് കുട്ട്യേള് കളിയാക്കൂന്ന് പേടിച്ചാ ഞാന്‍ സ്‌കൂളില്‍ പോകാതിരുന്നത്.'' ഇതു കേട്ടപ്പോ ഉമ്മയുടെ ദേഷ്യം പാതി അടങ്ങിയതായി തോന്നി. തല്‍ക്കാലം രക്ഷപ്പെട്ട് നടക്കുമ്പോഴും ഉപ്പ വന്നാലുണ്ടാകുന്ന കോലാഹലങ്ങളായിരുന്നു ഉള്ളം നിറയെ. കട പൂട്ടി ചിലപ്പോള്‍ ഉപ്പ വരാന്‍ രാത്രി പത്തുമണിയൊക്കെ കഴിയും. ശിക്ഷ ഏറ്റുവാങ്ങാന്‍ സന്നദ്ധനായി കുറേ നേരം പുസ്തകവും മുന്നില്‍ വെച്ച് കാത്തിരുന്നു. അനിയത്തി മറിയക്കുട്ടി ''ഉപ്പ വന്നാ ഇക്കാക്കാക്ക് നല്ലോണം കിട്ടു''മെന്ന് എന്നെ ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. അവളുടെ തലമണ്ടയ്‌ക്കൊന്ന് കൊടുക്കാന്‍ തോന്നാഞ്ഞിട്ടല്ല. തല്‍ക്കാലം വേണ്ടെന്നുവെച്ചു. പത്തുമണിയായിട്ടും ഉപ്പാനെ കാണാതിരുന്നപ്പോള്‍ കിടക്കാന്‍ ഉമ്മ സമ്മതം മൂളി.  അന്നൊക്കെ പായവിരിച്ച് കട്ടിലിനടിയിലായിരുന്നു കിടത്തം. കുറേനേരം വാതില്‍ തുറക്കുന്ന ശബ്ദവും ഷൂസിട്ട ഉപ്പാന്റെ കാലൊച്ചയും കാതോര്‍ത്ത് കിടന്നു. കാത്തിരിപ്പ് നീണ്ടപ്പോള്‍ ഞാനും അനിയത്തിയും ഉറങ്ങിപ്പോയി. പിറ്റേന്ന് നേരം വെളുത്തപ്പോള്‍ ഞാന്‍ വേഗം പല്ല് തേച്ച് ചായയും കുടിച്ച് മദ്രസ്സയിലേക്കോടി. അന്നത്തെ ദിവസം ഉപ്പാന്റെ കണ്ണില്‍ പെട്ടില്ലല്ലോ എന്നോര്‍ത്ത് ദീര്‍ഘനിശ്വാസമിട്ടു. അന്നൊരു ഞായറാഴ്ചയായതുകൊണ്ട് സ്‌കൂളില്‍ പോകേണ്ടല്ലോ എന്ന് സമാശ്വസിക്കുകയും ചെയ്തു. പേടിച്ചു പേടിച്ചാണ് മദ്രസ്സ വിട്ടെത്തിയത്. വന്ന ഉടനെ ഉപ്പയുടെ ഷൂസ് ഉമ്മറത്തില്ലെന്ന് ഉറപ്പ് വരുത്തി. ഒരുവിധം സമാധാനമായി. പഴങ്കഞ്ഞിയും ചമ്മന്തിയും കുടിക്കുമ്പോ ഉമ്മ പറഞ്ഞു: ''പ്പാനോട് ഞാന്‍ എല്ലാം പറഞ്ഞ്ക്ക്ണ്.'' ഞാന്‍ ഉമ്മാനെ ഒന്ന് നോക്കുക മാത്രം ചെയ്തു. അന്ന് രാത്രി ഉപ്പ വന്നാലുണ്ടാകുന്ന അടിയെക്കുറിച്ചായിരുന്നു എന്റെ വേവലാതി. എങ്ങനെയൊക്കെയോ രാത്രിയാക്കി. അന്ന് എട്ടുമണിക്ക് മുന്‍പേ ഉപ്പ വന്നു. ഷര്‍ട്ടും മുണ്ടും മാറ്റി കുളിക്കാനുള്ള വലിയ തോര്‍ത്ത് മുണ്ടും ഉടുത്ത് ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്നിടത്തേക്ക് അക്ഷോഭ്യനായി വന്ന് അദ്ദേഹം പതുക്കെ കസേരയില്‍ ഇരുന്നു. കുറച്ച് സമയത്തെ മൗനത്തിനു ശേഷം എന്റെ നേര്‍ക്ക് തിരിഞ്ഞു പറഞ്ഞു: ''ജ്ജ് നാളെ സ്‌കൂളില്‍ പോകണ്ട. മറ്റന്നാള് തിരൂര്‍ക്കാട് സ്‌കൂളിലാണ് അന്നെ ചേര്‍ക്കുന്നത്.'' ഇത് കേട്ട ഉമ്മ ആശ്ചര്യത്തോടെ ചോദിച്ചു: ''അപ്പോ ഓന് എവിടേ നിക്കാ.'' ആ സംശയത്തിന്റെ മറുപടിക്ക് ഉമ്മയേക്കാള്‍ ഞാനാണ് ചെവി കൂര്‍പ്പിച്ചത്. ''അവിടെ ഇലാഹിയാ കോളേജിന്റെ ഹോസ്റ്റലില്‍നിന്ന് പഠിക്കാനുള്ള സൗകര്യമുണ്ട്. ഓനെ ഹോസ്റ്റലില്‍ ചേര്‍ക്കാണ്.'' അധികമൊന്നും പറയാതെ ഉപ്പ എഴുന്നേറ്റ് കുളിക്കാനായി കിണറിനടുത്തേക്ക് പോയി. അപ്പോള്‍ എനിക്കുണ്ടായ ആശ്വാസം വിവരണാതീതമാണ്. മൊട്ടത്തലയുമായി മേലില്‍ സ്‌കൂളില്‍ പോകേണ്ടല്ലോ? മാനക്കേടില്‍നിന്ന് രക്ഷപ്പെടാന്‍ ഏത് ഏഴാനാകാശത്ത് പോകാനും ഞാന്‍ ഒരുക്കമായിരുന്നു. അങ്ങനെ എന്റെ പഠനം പൈങ്കണ്ണൂര്‍ സ്‌കൂളില്‍നിന്ന് തിരൂര്‍ക്കാട് ഹൈസ്‌കൂളിലേക്ക് പറിച്ചുനട്ടു. ഇലയ്ക്കും മുള്ളിനും കേടില്ലാതെ പ്രശ്നം പരിഹരിച്ച സന്തോഷത്തിലാണ് അന്നത്തെ രാത്രി കടന്നുപോയത്.

വലിയമ്മായിക്കൊപ്പം
വലിയമ്മായിക്കൊപ്പം

സ്‌കൂള്‍ മാറ്റവും ഇലാഹിയയിലെ ജീവിതവും

നാട്ടിലെ സ്‌കൂളിനോട് വിടപറയാന്‍ പ്രയാസമായിരുന്നെങ്കിലും തലമൊട്ടയടിച്ചതിന്റെ അപമാനഭാരവും പേറി ചങ്ങാതിമാരുടെ പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ മുന്നില്‍ തലതാഴ്ത്തി ഇരിക്കുന്നതിലും നല്ലത് സ്‌കൂള്‍ മാറലാണെന്ന് മനസ്സ് മന്ത്രിച്ചു. അന്ന് രാവിലെ മുതല്‍ക്കേ തിരൂര്‍ക്കാട് ഇലാഹിയ ഹോസ്റ്റലിലേക്ക് പോകാനുള്ള പുറപ്പാടിലായിരുന്നു. ആദ്യമായിട്ടാണ് വീട് വിട്ടുള്ള ദീര്‍ഘമായ താമസം ലാക്കാക്കിയുള്ള യാത്ര. ഞാന്‍ വസ്ത്രങ്ങളും പുസ്തകങ്ങളും ഒരുക്കിവെച്ചു. ഉപ്പാക്കുവേണ്ടി കൊണ്ടുവന്നിരുന്ന കെ.പി. നമ്പൂതിരീസിന്റെ പല്‍പ്പൊടിയുടെ ഡബ്ബകളില്‍ ഒന്ന് ഉമ്മ എനിക്കെടുത്ത് തന്നു. കൊണ്ടുപോകുന്ന സാധനങ്ങളുടെ കൂട്ടത്തില്‍ മറക്കാതെ വെക്കാന്‍ പറഞ്ഞു. എല്ലാം ഭദ്രമായി ഒരുക്കൂട്ടിവെച്ചു. ഉമ്മാന്റെ കല്യാണപ്പെട്ടിയില്‍നിന്ന് സാധനങ്ങളെല്ലാം അലമാരിയിലേക്ക് മാറ്റി അതെനിക്കു വെച്ചുനീട്ടി. ഞാനതില്‍ എല്ലാം അടുക്കിവെച്ചു. തലേ ദിവസം രാത്രി ഉപ്പാനെ കുറേനേരം കാത്തിരുന്നെങ്കിലും വളരെ വൈകിയാണ് അദ്ദേഹം എത്തിയത്. രാവിലെ എഴുന്നേറ്റ്  നോക്കിയപ്പോള്‍ ഉപ്പാന്റെ റൂമിന്റെ മുന്‍പിലത്തെ കട്ടിലില്‍ വലിയ ഒരു പൊതിയും നീളത്തിലുള്ള ഒരു ഇരുമ്പുപെട്ടിയും ഇരിക്കുന്നത് കണ്ടു. ഞാനതിനടുത്ത് ചെന്ന് പെട്ടിയുടെ മുകളില്‍ തൊട്ടും തലോടിയും നിന്നു. ഇതുകണ്ട ഉമ്മ പറഞ്ഞു: ''നിനക്കുളള പെട്ടിയും ചെറിയ കിടക്കയുമാണത്.'' ഇരുമ്പുപെട്ടി എനിക്കിഷ്ടപ്പെട്ടില്ല. തോല്‍പ്പെട്ടിയാണ് ഞാനാഗ്രഹിച്ചത്. 

പഴയതായിരുന്നെങ്കിലും കല്യാണപ്പെട്ടി ഉമ്മ തന്നപ്പോള്‍ നിറഞ്ഞ മനസ്സോടെ വാങ്ങിയത് അതുകൊണ്ടായിരുന്നു. ഉപ്പ എപ്പോഴും അങ്ങനെയാണ്. ഞങ്ങളുടെ ഇഷ്ടത്തിനു നേരെ വിരുദ്ധമായാണ് ചിന്തിച്ചത്. എല്ലാവരും സ്റ്റീലിന്റെ ചോറ്റുപാത്രത്തില്‍ കൊണ്ടുവരുമ്പോള്‍ അലൂമിനിയത്തിന്റേതാണ് ഉപ്പ ഞങ്ങള്‍ക്ക് വാങ്ങിത്തന്നത്. എല്ലാ കുട്ടികളും ഡബിള്‍ മുണ്ടുടുക്കുമ്പോള്‍ എനിക്ക് ഉപ്പ വാങ്ങിച്ചു തന്നത് സിങ്കിള്‍ ദോത്തിയും വെള്ള കള്ളിത്തുണിയുമാണ്. തലയില്‍ ഇടാന്‍ ചെറിയ ടര്‍ക്കിയുമുണ്ടാകും. അന്നൊക്കെ മദ്രസ്സയില്‍ പോകുന്ന ആണ്‍കുട്ടികള്‍ തൊപ്പി ധരിച്ചോ ടവ്വല്‍ തലയിലിട്ടോ ആയിരുന്നു പോയിരുന്നത്. വിലകുറഞ്ഞതും ഉറപ്പുള്ളതും എന്നാല്‍ അനാകര്‍ഷണീയവുമായ വസ്ത്രങ്ങളായിരുന്നു എനിക്കേറെയും. കള്ളിയും പുള്ളിയും നല്ല വര്‍ണ്ണഭംഗിയുള്ളതുമായ ഷര്‍ട്ടൊക്കെ കിട്ടിയത് അമ്മാമന്‍മാര്‍ ഗള്‍ഫില്‍നിന്ന് വരുമ്പോഴാണ്. അവര്‍ പോക്കറ്റ് മണിയും നല്‍കി അനുഗ്രഹിച്ചു. അതുകൊണ്ടൊക്കെയാണ് സഹപാഠികള്‍ക്കിടയില്‍ ഒരുകണക്കിന് പിടിച്ചുനിന്നത്. ഏറ്റവും ചുരുങ്ങിയ ചെലവില്‍ ആവശ്യനിവൃത്തി നടക്കണമെന്ന സമീപനക്കാരനാണ് അന്നും ഇന്നും ഉപ്പ. നല്ലതൊക്കെ നാലഞ്ച് മക്കള്‍ക്ക് വാങ്ങണമെങ്കില്‍ പണം ഒരുപാട് വേണ്ടിവരും. അത് ഉപ്പാന്റെ കയ്യില്‍ ഇല്ലാത്തതുകൊണ്ടാകണം അധിക ചെലവിന് മുതിരാതിരുന്നത്. 

റേഷന്‍ ഷോപ്പ് നടത്താന്‍ പലരില്‍നിന്നും ഉപ്പ കടം വാങ്ങുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കാണാന്‍ ഭംഗിയുള്ള ഷര്‍ട്ടും മുണ്ടും വാങ്ങിത്തരാത്തതിന്റെ പേരില്‍ ഉപ്പയോട് ദേഷ്യം തോന്നിയിരുന്നു. ഉപ്പ വില കുറഞ്ഞ മല്ലിന്റെ തുണിയും ഷര്‍ട്ടുമാണ് ധരിച്ചത്. ഒരു സൈക്കിള്‍ പോലും എണ്‍പത്തിയഞ്ചാം വയസ്സു വരെയും സ്വന്തമായി വാങ്ങിയിരുന്നില്ല. ഉപ്പ ഹോട്ടലുകളില്‍ കയറി നല്ലപോലെ ഒന്ന് ഭക്ഷണം കഴിക്കുന്നത് ഞങ്ങളാരും കണ്ടിട്ടേയില്ല. രാവിലേയും വൈകുന്നേരവും ഒരു ഓട്ടോറിക്ഷയില്‍ പോലും കയറാതെ രണ്ട് കിലോമീറ്റര്‍ അങ്ങാടിയിലെ കടയിലേക്ക് അദ്ദേഹം നടന്നാണ് പോകുന്നതും വരുന്നതും. ജീവിതത്തിലൊരിക്കല്‍ പോലും പൗഡറോ അത്തറോ സ്പ്രേയോ ഉപ്പ ഉപയോഗിച്ചിട്ടില്ല. വിലകൂടിയ വാച്ചോ ഷൂസോ വാങ്ങിച്ചതായി അറിയില്ല. ഇവയൊന്നും പിശുക്കുകൊണ്ടല്ലെന്നും ചെറിയ വരുമാനത്തിന്റെ നൂല്‍പ്പാലത്തിലൂടെ നടന്ന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്നതുകൊണ്ടാണെന്നും ബുദ്ധി ഉറച്ച് തുടങ്ങിയപ്പോള്‍ എനിക്ക് മനസ്സിലായി. ചെറുപ്പത്തില്‍ തോന്നിയ ദേഷ്യത്തില്‍ അത്യന്തം ഇന്ന് ഞാന്‍  ഖേദിക്കുന്നുണ്ട്. 

രാത്രി തന്നെ ആദ്യം നിറച്ച ഉമ്മാന്റെ കല്ല്യാണപ്പെട്ടിയില്‍നിന്ന് ഇരുമ്പു പെട്ടിയിലേക്ക് മാറ്റി. ഉപ്പയാണ്  അതെല്ലാം ചെയ്തത്. എ മുതല്‍ ഇസെഡ് വരെയുള്ള എല്ലാം ആ പെട്ടിയില്‍ ഒതുക്കിവെച്ചു. ദു:ഖവും സന്തോഷവും പപ്പാതിയായ മനസ്സോടെ കട്ടിലിനു ചുവട്ടില്‍ കിടക്കാന്‍ പായ വിരിച്ചു. മുട്ട്കുത്തി ഇഴഞ്ഞ് വേഗം സുഖനിദ്രയിലാണ്ടു.

ഒരാളില്‍ മതനിരപേക്ഷ ബോധം കരുപ്പിടിപ്പിക്കപ്പെടുന്നത് ചെറുപ്പത്തിലാണ്. ഞങ്ങളുടെ വീട്ടില്‍ ജോലിക്ക് വന്നിരുന്നവരില്‍ ഭൂരിഭാഗവും സഹോദര മതസ്ഥരാണ്. വീടിന്റെ നേരെ മുന്നില്‍ വാസുക്കുട്ടി നായരുടെ വീടാണ്. അവരുടെ മകള്‍ എന്റെ ക്ലാസ്സിലാണ് പഠിച്ചിരുന്നത്. ഉപ്പയുടെ സുഹൃത്താണ് വാസുക്കുട്ടി നായര്‍. പിന്നീടവര്‍ ഇവിടുത്തെ സ്ഥലമെല്ലാം വിറ്റ് അവരുടെ ഭാര്യയുടെ വീടിനടുത്തേക്ക് മാറിപ്പോയി. ഇടതു ഭാഗത്തെ ആദ്യത്തെ അയല്‍വാസി കരുണാകരന്‍ നായരാണ്. അവരുടെ മകന്‍ പപ്പന്‍ ഇന്നും എന്റെ അടുത്ത ചങ്ങാതിമാരില്‍ ഒരാളാണ്. പപ്പന്റെ ജ്യേഷ്ഠന്മാരായ പ്രഭാകരനും രാജേട്ടനും ജ്യേഷ്ഠസഹോദരന്മാര്‍ കണക്കെയാണ് എന്നോട് പെരുമാറുന്നത്. പപ്പന്റെ സഹോദരി ഹേമച്ചേച്ചി എനിക്കെന്റെ സ്വന്തം ഇത്താത്തയെപ്പോലെയാണ്. ഇന്നും അങ്ങനെത്തന്നെ. കണ്ടനകത്തേക്കാണ് അവരെ വിവാഹം കഴിച്ചയച്ചത്. ഭര്‍ത്താവ് രാജേട്ടന്‍ കണ്ടനകത്തെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ജീവനക്കാരനാണ്. അളിയാ എന്നാണ് ഞാനുള്‍പ്പെടെ പപ്പന്റെ കുടുംബവുമായി ബന്ധമുള്ള എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത്. കോണ്‍ഗ്രസ്സ് അനുഭാവിയായിരുന്നു അളിയന്‍ രാജന്‍. ഞാന്‍ തവനൂരില്‍ ആദ്യം മത്സരിക്കുന്ന സമയത്താണ് രാജേട്ടന്‍ തന്റെ രാഷ്ട്രീയ നിലപാട് മാറ്റിയത്. ഹേമച്ചേച്ചിയുടേയും മക്കളുടേയും നിര്‍ബ്ബന്ധം അദ്ദേഹത്തിന്റെ മനംമാറ്റത്തിന് കാരണമായിട്ടുണ്ടാകാം. ഭാര്യവീട്ടില്‍ വിരുന്നിനു വരുന്ന കാലം മുതല്‍ക്കേ എന്നെ അടുത്തറിയാമെന്നതും അദ്ദേഹത്തിന്റെ മാറിച്ചിന്തയ്ക്ക് ഹേതുവായിട്ടുണ്ടാകും. 

പെരുന്നാളിന് അപ്പം ചുട്ട് അയല്‍വാസികളായ ഹിന്ദു വീടുകളിലേക്ക് കൊടുക്കുന്ന പതിവ് തെറ്റാതെ തുടര്‍ന്നുപോരാന്‍ ഉമ്മയും ഉപ്പയും അയല്‍ക്കാരായ മുസ്ലിം കുടുംബങ്ങളും പ്രത്യേകം ശ്രദ്ധിച്ചു. ഞാനാണ് ഉമ്മ പാത്രത്തിലിട്ട് തരുന്ന പെരുന്നാള്‍ സ്പെഷ്യലുകള്‍ ചുറ്റുവട്ടത്തെ ഹിന്ദു വീടുകളില്‍ എത്തിച്ചിരുന്നത്. മലബാറില്‍, പ്രത്യേകിച്ച് മലപ്പുറത്ത് തുടര്‍ന്നുവന്നിരുന്ന ഒരുതരം സൗഹൃദക്കൈമാറ്റ  രീതിയായിരുന്നു അത്. എന്തൊരു ഉത്സാഹമായിരുന്നെന്നോ പലഹാരങ്ങളും കൊണ്ടുള്ള ആ പോക്കിന്. 

ഓണത്തിനും വിഷുവിനും അയല്‍പക്കത്തെ ഹിന്ദു കുടുംബങ്ങളില്‍നിന്ന് ഞങ്ങള്‍ക്ക് പായസവും ശര്‍ക്കര ഉപ്പേരിയും കായ വറുത്തതും വലിയ നേന്ത്രപ്പഴവും തിരിച്ചും കൊടുത്തയച്ചു. ചില വകഭേദങ്ങളോടെ ഇന്നും ആ പതിവ്  തുടരുന്നു. വീടിന്റെ പിന്‍ഭാഗത്ത് 'പുന്നംപള്ളിയാലില്‍' എന്ന നമ്പൂതിരി വീടാണ്. നേരത്തെ അത് പ്രമാണി നായന്മാരുടെ തറവാടായിരുന്നു. എന്റെ ചെറുപ്പത്തില്‍ കുറേക്കാലം അതൊഴിഞ്ഞു കിടന്നത് ഞാനോര്‍ക്കുന്നു. കാരണം തിരക്കിയപ്പോഴാണ് അവിടുത്തെ പ്രേതബാധയെപ്പറ്റി മഠത്തിലെ അമ്മ പറഞ്ഞത്. രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് ആരും ആ വീട്ടില്‍ കിടക്കാറില്ലത്രെ. വാളും പരിചയും എടുത്ത് കായികാഭ്യാസം നടത്തുന്ന തറവാട്ടിലെ പഴയ കാരണവരുടെ രൂപവും ശബ്ദവും കേട്ടവരുണ്ടെന്നാണ് നാട്ടില്‍ ശ്രുതി. ഞങ്ങള്‍ ഏറെക്കാലം വൈകുന്നേരങ്ങളില്‍ ഒത്തുകൂടി സൊറ പറഞ്ഞിരുന്നത് പുന്നംപള്ളിയാലിന്റെ ഗേറ്റിന് മുന്നിലത്തെ തോടിന് കുറുകെയുള്ള കമാനത്തിലിരുന്നാണ്. 

എളമ്പിലായിലെ സുരയും എന്റെ അടുത്ത ബാല്യകാല സുഹൃത്തുക്കളില്‍ ഒരാളാണ്. മുണ്ടനും കുഞ്ഞനും ചന്ദ്രനും പരമേശ്വരനുമൊക്കെ എന്റെ കൂട്ടുകാരായിരുന്നു. കണ്ണ് കാണാത്ത അയ്യപ്പനാണ് പ്രദേശത്തെ ഏറ്റവും നല്ല തെങ്ങുകയറ്റക്കാരന്‍. തെങ്ങിന്‍ പട്ടയില്‍നിന്ന് ഈര്‍ക്കിള്‍ ചീന്തിയെടുത്ത് ചൂലുണ്ടാക്കുന്നതില്‍ സമര്‍ത്ഥനായിരുന്നു അയ്യപ്പന്‍. രസകരമായ കഥകള്‍ അദ്ദേഹം ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. അയ്യപ്പന്‍ കഞ്ഞികുടിക്കുമ്പോള്‍ കൂട്ടാന്‍ വിളമ്പിയ പാത്രം ശബ്ദമുണ്ടാക്കാതെ കുറച്ചു ദൂരത്തേക്ക് ഞാന്‍ മാറ്റിവെക്കും. പാവം അയ്യപ്പന്‍ ഓരോ കുമ്പിള്‍ കഞ്ഞി കുടിച്ചു കഴിഞ്ഞാലും കൂട്ടാന്‍ പരതി കൈകള്‍ ചുറ്റുവട്ടത്തേക്കൊക്കെ നീട്ടി തപ്പിനോക്കും. അപ്പോള്‍ പതുക്കെ കൂട്ടാന്‍ പാത്രം കഞ്ഞി വിളമ്പിയ കുണ്ടന്‍പിഞ്ഞാണത്തിന്റെ അരികത്ത് ശബ്ദമുണ്ടാക്കാതെ പതുക്കെ കൊണ്ടുപോയി വെക്കും. ഒരു ദിവസം ഇതു കണ്ട് വന്ന ഉമ്മ എന്നെ രണ്ട് പിടച്ചതും മേലില്‍ അയ്യപ്പനെ കളിപ്പിക്കരുതെന്ന് താക്കീത് ചെയ്തതും ഓര്‍മയിലുണ്ട്. പല വികൃതികളും കാണിച്ചിട്ടുണ്ടെങ്കിലും എന്നെ വലിയ ഇഷ്ടമായിരുന്നു അയ്യപ്പന്. കാളിയും അവരുടെ മകള്‍ തങ്കയും കുഞ്ഞി മാമയും അവരുടെ മകള്‍ കുട്ടിപ്പെണ്ണും കുമ്പായിയും മകള്‍ തങ്കമണിയും അലക്കുകാരി കുഞ്ചിയും കുട്ടിക്കാലത്ത് സ്നേഹം മാത്രം പകര്‍ന്നുനല്‍കിയവരാണ്. എന്നെ പ്രസവിച്ചപ്പോള്‍ തേങ്ങാപ്പാല്‍ തേച്ച് കുളിപ്പിച്ചത് കുഞ്ചിയാണെന്ന് ഉമ്മ പറഞ്ഞത് ഓര്‍ക്കുന്നു. കുഞ്ചി ഉരുട്ടി ഉരുട്ടിയാണ് എന്റെ നീണ്ട തല ഉരുണ്ടതാക്കിയതെന്ന് അവരെന്നെ കാണുന്ന നേരത്തൊക്കെ പറഞ്ഞ് കളിയാക്കും. വസ്ത്രക്കെട്ടുമായി കുഞ്ചി തോട്ടിലേക്ക് അലക്കാന്‍ പോകുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ആശാരി കോരുക്കുട്ടിയുടെ മകള്‍ ചീരു ഉമ്മാന്റെ ചങ്ങാതിച്ചിമാരില്‍ ഒരാളാണ്. ചീരുവിന്റെ മക്കള്‍ സ്‌കൂളില്‍ എന്റെ സഹപാഠികളായിരുന്നു. കുറ്റിപ്പുറത്ത് മത്സരിച്ച സമയത്ത് തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പൈങ്കണ്ണൂര്‍ നിരപ്പില്‍ എത്തിയപ്പോള്‍ എന്നെ കെട്ടിപ്പിടിച്ച് ചീരു പൊട്ടിക്കരഞ്ഞത് കോള്‍മയിര്‍ കൊള്ളിച്ച അനുഭവമാണ്.
 
വര്‍ഗ്ഗീയത എന്ന വാക്ക് ഞങ്ങളാരും കുട്ടികളായിരിക്കെ കേട്ടിട്ടേ ഇല്ല. അത്രമേല്‍ ഇടകലര്‍ന്നാണ് ഞങ്ങളുടെ നാട്ടിലെ നാനാജാതി മതസ്ഥര്‍ ജീവിച്ചിരുന്നത്. വീടിനടുത്തുള്ള ശങ്കു പൂശാലിയുടെ തറവാട്ടു ക്ഷേത്രത്തിലെ ഉത്സവത്തില്‍ പ്രദേശത്തെ മുഴുവന്‍ മുസ്ലിങ്ങളും പങ്കുചേര്‍ന്നിരുന്നു. മതത്തിന്റെ പേരില്‍ ആരും ഒരു വിലക്കും ആര്‍ക്കും ഏര്‍പ്പെടുത്തിയതു കേട്ടിട്ടില്ല. മൂച്ചിക്കല്‍നിന്ന് ഓണിയില്‍ പാലത്തേക്ക് വര്‍ഷാവര്‍ഷം ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടക്കാറുള്ള പാലക്കൊമ്പ് എഴുന്നള്ളിപ്പ് നാട്ടില്‍ ഉത്സവ പ്രതീതിയാണ് സൃഷ്ടിച്ചത്. ശൂലം ദേഹത്തും കവിളിലും നാവിലും തുളച്ച മൂന്നുനാലു പേരുടെ അടിവെച്ചടിവെച്ചുള്ള നടത്തവും കാണേണ്ടതു തന്നെയാണ്. വാളുയര്‍ത്തി ഉറഞ്ഞുതുള്ളുന്ന കോമരവും തുള്ളലിനവസാനം വാളുകൊണ്ട് നെറ്റിക്കു മുകളില്‍ സ്വയം വെട്ടി രക്തം മൂക്കിനു മുകളിലൂടെ ഒലിപ്പിച്ചിറക്കി വായില്‍ എത്തിക്കുന്നതും അതെല്ലാം കവിളില്‍ ശേഖരിച്ച് പുറത്തേക്കു ചീറ്റി തുപ്പുന്നതും അത്ഭുതത്തോടെ ഞങ്ങള്‍ നോക്കിനിന്നു. വരവിന്റെ മുന്നില്‍ ഗജവീരനെപ്പോലെ തല ഉയര്‍ത്തിപ്പിടിച്ച് നീണ്ട താടിയും മുടിയും തടവി വലിയ മെതിയടിയും ധരിച്ച് ആജാനുബാഹുവായ ശങ്കു പൂശാലി നടന്നു നീങ്ങും. ഞങ്ങള്‍ കുട്ടികള്‍ അദ്ദേഹത്തെ 'മൂച്ചിക്കലള്ള' എന്നാണ് പേരിട്ടു വിളിച്ചത്. വളാഞ്ചേരിയിലും പരിസരത്തും വിവിധ മതസമുദായക്കാര്‍ എത്രമാത്രം ഇഴകിച്ചേര്‍ന്നാണ് ജീവിച്ചതെന്ന് വാക്കുകളില്‍ വര്‍ണ്ണിക്കാനാവില്ല. ഒരു തരത്തിലുള്ള അകല്‍ച്ചയോ വിദ്വേഷമോ ജനങ്ങള്‍ക്കിടയില്‍ ഇല്ലായിരുന്നു. സ്നേഹത്തിന്റെ ഈ തെളിവെള്ളത്തില്‍ പില്‍ക്കാലത്ത് ആരാണ് വിഷം കലര്‍ത്തിയത്?

വീട്ടില്‍നിന്ന് അടുത്ത ബന്ധുക്കളുടെ വീട്ടിലേക്ക് സ്‌കൂള്‍ ഒഴിവുദിവസങ്ങളില്‍ വിരുന്നു പാര്‍ക്കാന്‍ പോവല്‍ പതിവായതിനാല്‍ തിരൂര്‍ക്കാട്ടെ ഇലാഹിയാ ഹോസ്റ്റലിലെ താമസം എന്നെ ഒട്ടും പ്രയാസപ്പെടുത്തിയില്ല. മതഭൗതിക വിദ്യാഭ്യാസം സമന്വയിപ്പിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് തിരൂര്‍ക്കാട്ടേതു പോലുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. ഒന്നാം ക്ലാസ്സ് മുതല്‍ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ ഹോസ്റ്റലിനടുത്തുള്ള എ.എം. എയ്ഡഡ് ഹൈസ്‌കൂളിലാണ് പഠിച്ചത്. ഏതാണ്ട് അഞ്ചുമാസത്തെ അഞ്ചാം ക്ലാസ്സ് പഠനമേ അവിടെ ഞാന്‍ നടത്തിയിട്ടുള്ളൂ. പക്ഷേ, മൂന്നോ നാലോ വര്‍ഷം ഒരു സ്ഥാപനത്തില്‍ കഴിഞ്ഞാലുണ്ടാകുന്ന  അനുഭവങ്ങള്‍ അഞ്ചുമാസംകൊണ്ട് എനിക്കുണ്ടായി. സ്‌കൂളില്‍ എന്നെ പഠിപ്പിച്ച അദ്ധ്യാപകരില്‍ ഞാനോര്‍ക്കുന്നത് ഹവ്വാഉമ്മ ടീച്ചറെ മാത്രമാണ്. അവര്‍ അറബിയാണ് പഠിപ്പിച്ചിരുന്നത്. ചൂരല്‍ കൊണ്ട് അടിക്കുകയോ ശാസിക്കുകയോ  ചെയ്യാത്ത ടീച്ചര്‍ എന്ന ഖ്യാതിയാണ് കുട്ടികള്‍ക്കിടയില്‍ അവര്‍ക്കുണ്ടായിരുന്നത്. ഉണ്ണിത്തേനു മാഷായിരുന്നു ഹെഡ്മാസ്റ്റര്‍. വെളുത്ത് തടിച്ച് അധികം നീളമില്ലാത്ത അദ്ദേഹം കറുപ്പ് പാന്‍സും വെള്ള ഷര്‍ട്ടുമാണ് സാധാരണ ധരിക്കാറ്. ഇന്ത്യയുടെ പ്രസിഡന്റ് ഫക്രുദ്ദീന്‍ അലീ അഹമ്മദ് മരിച്ചതുമായി ബന്ധപ്പെട്ട് ഒരു സ്പെഷല്‍ അസംബ്ലി കൂടിയതും നിര്യാതനായ രാഷ്ട്രപതിയെക്കുറിച്ച് ഹെഡ്മാഷ് ഹ്രസ്വമായി സംസാരിച്ചതും കാലപ്പഴക്കത്തിലും ചിതലരിക്കാത്ത ഓര്‍മ്മപ്പുസ്തകത്തില്‍ തെളിഞ്ഞു കിടപ്പുണ്ട്. 

കണ്ണുകാണാത്ത കുഞ്ഞിപ്പ
കണ്ണുകാണാത്ത കുഞ്ഞിപ്പ

പന്തിയിലെ പക്ഷഭേദം

ഫീസ് കൊടുത്ത് പഠിച്ചിരുന്ന കുട്ടികള്‍ക്കായുള്ള ഹോസ്റ്റലിന്റെ കൂടെ അനാഥാലയവും ഇലാഹിയാ കോളേജിനോടനുബന്ധിച്ച് ഉണ്ടായിരുന്നു. അവിടെ ഞാന്‍ കണ്ട മനസ്സിനെ വേദനിപ്പിച്ച ഒരേയൊരു കാര്യം ബോര്‍ഡിംഗിലെ കുട്ടികള്‍ക്കും ഓര്‍ഫനേജിലെ കുട്ടികള്‍ക്കും സജ്ജീകരിച്ചിരുന്ന ഭക്ഷണഹാള്‍ തൊട്ടടുത്തായിരുന്നു എന്നുള്ളതാണ്. മരത്തിന്റെ പട്ടികയടിച്ച് മെസ്സ്ഹാള്‍ വേര്‍തിരിച്ചിരുന്നെങ്കിലും ഓരോ ഭക്ഷണഹാളിലും കുട്ടികള്‍ക്കായി വിളമ്പിവെച്ച വിഭവങ്ങള്‍ എന്താണെന്ന് അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്നവര്‍ക്കു കാണാന്‍ കഴിഞ്ഞിരുന്നു. പലപ്പോഴും പണം കൊടുത്ത് പഠിക്കുന്നവര്‍ക്കും അനാഥാലയത്തിലെ കുട്ടികള്‍ക്കും രണ്ടുതരം ഭക്ഷണമാണ് വിളമ്പിയിരുന്നത്. പത്ത് മണിക്ക് ഓര്‍ഫനേജിലെ കുട്ടികള്‍ക്കു കഞ്ഞിയാണ് നല്‍കിയത്. ഞങ്ങള്‍ക്കാകട്ടെ, പൊറോട്ടയും കറിയുമായിരുന്നു. എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ഓര്‍ഫനേജിലെ ഒരു കുട്ടി ഒരു ദിവസം എന്നോട് ചോദിച്ചു: ''അനക്ക് കിട്ട്ണെ പൊറോട്ടയില്‍ നിന്ന് ഒന്നെനിക്ക് തരോ. പൊറാട്ട തിന്നാന്ള്ളെ പൂത്യോണ്ടാണ്.'' ഒരഞ്ചാം ക്ലാസ്സുകാരനായ എന്നെ ആ ചോദ്യം അമ്പരപ്പിച്ചതേയില്ല. അടുത്ത ദിവസം ഞാനിരിക്കുന്നതിന്റെ തൊട്ടടുത്ത് മരവേലിക്കപ്പുറത്ത് അവനോടിരിക്കാന്‍ പറഞ്ഞു. ഒന്നോ രണ്ടോ മാസത്തെ മാത്രം പരിചയമുണ്ടായിരുന്ന ആ കൊച്ചു കൂട്ടുകാരന്‍ എത്ര മടിച്ചു മടിച്ചാണ് എന്നോട് തന്റെ ആഗ്രഹം പറഞ്ഞതെന്ന് അവ്യക്തമായി ഓര്‍ക്കാന്‍ എനിക്കാകുന്നുണ്ട്. എന്റെ പ്രതികരണം സൂര്യനോളം വെളിച്ചം അവന്റെ മുഖത്തിനു പകര്‍ന്നതായി തോന്നി. പറഞ്ഞപോലെ പിറ്റേ ദിവസം പ്രഭാതഭക്ഷണത്തിന് ഞങ്ങള്‍ തൊട്ടടുത്തായി അപ്പുറത്തും ഇപ്പുറത്തും ഇരുന്നു.

ആരും കാണാതെ എന്റെ മൂന്ന് പൊറോട്ടയില്‍നിന്ന് ഒന്ന് പട്ടികക്കിടയിലൂടെ ഞാനവന് കൊടുത്തു. ആര്‍ത്തിയോടെ അവനത് പെട്ടെന്ന് തിന്നുതീര്‍ത്തു. മെസ്സ് ഹാളില്‍ പരസ്പരം ഭക്ഷണം കൈമാറുന്നത് ശരിയായ നടപടിയായല്ല ഗണിക്കപ്പെട്ടിരുന്നത്. പിടിക്കപ്പെട്ടാല്‍ ഇരുവരും വിചാരണ ചെയ്യപ്പെടും. തിരൂര്‍ക്കാട്ടുനിന്നു പോരുന്നതുവരെ പൊറോട്ടയുള്ള ദിവസം ഞങ്ങളുടെ അടുത്തടുത്തുള്ള ഇരുത്തം പതിവായി.

പിന്നീട് ശ്രദ്ധിച്ചപ്പോള്‍ പലരും പൊറോട്ടക്കൈമാറ്റം നടത്തുന്നത് ഞാന്‍ കണ്ടു. ഒരേ ഭോജന ശാലയില്‍ രണ്ടുതരം ഭക്ഷണം വിളമ്പുന്ന രീതിയോട് മാത്രമാണ് ഇലാഹിയയില്‍ എനിക്കിഷ്ടക്കുറവ് തോന്നിയത്. 

വളാഞ്ചേരിയില്‍നിന്ന് എന്നെക്കൂടാതെ മാരാത്ത് ബഷീറും കെ.ബി. സൈത് മുഹമ്മദും പറശ്ശേരി മമ്മിയും അഷ്റഫും ഫാറൂഖും പൈങ്കണ്ണൂര്‍ സ്‌കൂളില്‍ മൂന്നാം ക്ലാസ്സുവരെ എന്റെ സഹപാഠിയായിരുന്ന ബഷീറും ഹോസ്റ്റലില്‍ പഠിച്ചിരുന്നു. ഹോസ്റ്റലിനടുത്ത് താമസിക്കുന്ന എന്റെ സഹപാഠി സമദിന്റെ വീട് കത്തിയതും ഇലാഹിയാ കോമ്പൗണ്ടിലെ പള്ളിയുടെ അംഗശുദ്ധി വരുത്തുന്ന കോണ്‍ക്രീറ്റ് കുളത്തില്‍നിന്ന് ബക്കറ്റില്‍ വെള്ളം കോരി തീയ്യണക്കാന്‍ കോളേജില്‍ പഠിക്കുന്ന മുതിര്‍ന്ന വിദ്യാര്‍ത്ഥികളും നാട്ടുകാരും ശ്രമിച്ചതും മായാതെ ഓര്‍മ്മപ്പുറത്തുണ്ട്. തീ ആളിക്കത്തുന്ന വീടിനുള്ളില്‍നിന്ന് തൊട്ടിലില്‍ കിടന്ന കുഞ്ഞിനെ രക്ഷിക്കാന്‍ അകത്തുകയറി കുട്ടിയെ കയ്യിലെടുത്ത് ഒരാള്‍ പുറത്തുവരുന്നത് ദൂരെനിന്നു കണ്ടത് ഒരിക്കലും മറക്കില്ല. പിന്നീടാണറിഞ്ഞത് ആ സാഹസികന്‍ ഇലാഹിയാ കോളേജിലെ ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയാണെന്ന്. അയാളെ അളവറ്റ ആരാധനയോടെയാണ് ഞാനടക്കമുള്ളവര്‍ നോക്കിക്കണ്ടത്. അക്കാലത്തു തന്നെയാണ് മൈക്ക് കെട്ടിയ വാഹനത്തില്‍ പച്ചക്കൊടിയും കെട്ടി മുദ്രാവാക്യം വിളിച്ച് നിറയെ ആളുകളുമായി ബസുകളും ലോറികളും ഹോസ്റ്റലിനു മുന്നിലെ റോഡിലൂടെ ചീറിപ്പാഞ്ഞ് പോകുന്നത് ശ്രദ്ധയില്‍ പെടുന്നത്. വലിയ ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിയോട് ഈ വാഹനങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ഞാന്‍ ചോദിച്ചു. കോഴിക്കോട്ട് നടക്കുന്ന മുസ്ലിം ലീഗിന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണെന്ന് മറുപടി കിട്ടി. അന്നാണ് ജീവിതത്തില്‍ ആദ്യമായി ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ സമ്മേളനത്തെ സംബന്ധിച്ച് കേള്‍ക്കുന്നത്. ലീഗ് എന്ന പാര്‍ട്ടി എന്റെ മനസ്സില്‍ ഇടം പിടിച്ചത് ആ സമ്മേളനത്തിനു പോകുന്നവര്‍ മൈക്കിലൂടെ മുഴക്കിയ പ്രാസമൊപ്പിച്ചുള്ള മുദ്രാവാക്യങ്ങളിലൂടെയാണ്.

കുഞ്ഞമ്മായി
കുഞ്ഞമ്മായി

ഞങ്ങള്‍ക്ക് ധര്‍മ്മോപദേശം നല്‍കിയ ആക്കോട് മാഷും ഷരീഫ് മാഷും മറവിയുടെ കയത്തില്‍ പെടാത്തവരാണ്. മതപഠന കോളേജില്‍ പഠിക്കുകയും ഞങ്ങളെ മദ്രസ്സയില്‍ പഠിപ്പിക്കുകയും ചെയ്ത കെ.ബി. ജലീല്‍ സാര്‍ കലാ-സാംസ്‌കാരിക രംഗത്ത് കഴിവ് തെളിയിച്ച നല്ലൊരു അദ്ധ്യാപകനായിരുന്നു. എന്റെ നാട്ടുകാരനായ അദ്ദേഹം കോളേജിന്റെ വാര്‍ഷികത്തിന് എന്നെക്കൊണ്ട് ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചു. മരം മുറിക്കുമ്പോള്‍ വാല് അതിനിടയില്‍പ്പെട്ട് വലഞ്ഞ മാര്‍ജ്ജാരന്റെ കഥയാണ് ജലീല്‍ സാര്‍ എനിക്കായി തയ്യാറാക്കി പരിശീലിപ്പിച്ചത്. തീര്‍ത്തും അപരിചിതമായ ഒരു കലാരൂപം എനിക്ക് വശപ്പെടുത്തിത്തരാന്‍ അദ്ദേഹം ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാകും. അറബിയിലും മലയാളത്തിലും നല്ല പ്രാവീണ്യമാണ് ജലീല്‍ സാറിന്. അദ്ദേഹത്തിന്റെ പിതാവ് കെ.ബി.എസ് വളാഞ്ചേരിയിലെ സാമാന്യം അറിയപ്പെടുന്ന എഴുത്തുകാരനാണ്. അദ്ദേഹം എഴുതിയ 'കണ്ണീരും പുഞ്ചിരിയും' എന്ന നോവല്‍ ചെറുപ്പകാലത്ത് ഞാന്‍ വായിച്ച് കരഞ്ഞ കൃതികളില്‍ ഒന്നാണ്. വര്‍ഷങ്ങള്‍ക്കു ശേഷം ഞാനറിഞ്ഞത് ജലീല്‍ സാര്‍ വിദേശത്ത് ജോലിക്കായി പോയെന്നാണ്. പില്‍ക്കാലത്തെപ്പോഴോ ഒരു ദിവസം ഞാനദ്ദേഹത്തെ കണ്ടുമുട്ടി. തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്യവെ കക്കാട്ട് നിന്ന് വളാഞ്ചേരി സ്റ്റാന്‍ഡില്‍ വന്ന് ബസിറങ്ങി. എന്റെ കയ്യില്‍ കുടയില്ല. നല്ല മഴയും. സ്റ്റാന്‍ഡിന്റെ മുന്‍പില്‍ പാര്‍ക്കു ചെയ്തിരുന്ന ഒരു ഓട്ടോയില്‍ ഓടിച്ചെന്ന് കയറി. നനയാതിരിക്കാന്‍ പ്ലാസ്റ്റിക്ക് കര്‍ട്ടണ്‍കൊണ്ട് ഓട്ടോറിക്ഷയുടെ ഇരുസൈഡുകളും മറച്ചിരുന്നു. ഓട്ടോറിക്ഷയ്ക്കകത്ത് വെളിച്ചക്കുറവ് പ്രകടമാണ്. എങ്ങോട്ടാണെന്ന് ഡ്രൈവര്‍ ചോദിച്ചു. ഓണിയില്‍പാലം - ഞാന്‍ മറുപടി പറഞ്ഞു. അവിടെ എത്തുമ്പോള്‍ വലതു ഭാഗത്തേക്കുള്ള ചെറിയ റോഡ് ചൂണ്ടിക്കാണിച്ച് ദാ അതിലെയാണെന്ന് ഞാന്‍ ദിശ കാണിച്ചു. വീടിന്റെ മുന്നിലെത്തി ഓട്ടോയില്‍ നിന്നിറങ്ങുന്നതിനു മുന്‍പ് എത്ര രൂപയായെന്നു  ചോദിച്ചു. 10 രൂപ. പതിഞ്ഞ സ്വരത്തില്‍ ഡ്രൈവര്‍ പറഞ്ഞു. ഞാന്‍ ഇരുപത് രൂപയുടെ നോട്ടെടുത്ത് ഡ്രൈവര്‍ക്കു നേരെ നീട്ടി. പിന്നിലേക്കു തിരിഞ്ഞ് രൂപ വാങ്ങിയപ്പോഴാണ് ഡ്രൈവറുടെ മുഖം ശ്രദ്ധിച്ചത്. എന്നെ ഓട്ടന്‍തുള്ളല്‍ പഠിപ്പിച്ച നല്ല അറിവും പാണ്ഡിത്യവുമുള്ള കലാകാരന്‍ കൂടിയായ ജലീല്‍ സാര്‍. ഞാന്‍ കുറച്ചു സമയം തരിച്ചിരുന്നു. അത്ഭുതത്തോടെ ഞാന്‍ ചോദിച്ചു: ''സാര്‍ എന്താ ഇങ്ങനെ?'' അപ്പോഴാണ് വിദേശത്ത് പോയതും അവിടെനിന്ന് തിരിച്ചുപോരേണ്ടിവന്നതും പാരലല്‍ കോളേജില്‍ അദ്ധ്യാപനം നടത്തുന്നതും ഒഴിവുള്ളപ്പോള്‍ ഓട്ടോറിക്ഷയില്‍ പോകുന്നതുമെല്ലാം ഒരു ഭാവഭേദവും കൂടാതെ അദ്ദേഹം പറഞ്ഞത്. ഞാന്‍ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും പിന്നെയാവാം എന്നു പറഞ്ഞ് ജലീല്‍ സാര്‍ തിരിച്ചുപോയി. ഓട്ടോറിക്ഷ കണ്ണില്‍നിന്നു മറയുന്നതുവരെ ഞാന്‍ നോക്കിനിന്നു. സ്ഥലകാലബോധം നഷ്ടപ്പെട്ട എന്നെ ഉണര്‍ത്തിയത് ഉമ്മയുടെ ഉറക്കെയുള്ള വിളിയാണ്. വീടിന്റെ ഉമ്മറത്തേക്ക് കയറുമ്പോള്‍ മനസ്സ് മുഴുവന്‍ പ്രതിഭാധനനായ എന്റെ അറബി അദ്ധ്യാപകന്റെ മുഖമായിരുന്നു. പിന്നീട് ഞങ്ങള്‍ പലപ്പോഴും കണ്ടുമുട്ടി. അകാലത്തില്‍ അദ്ദേഹം മരിക്കുന്നതുവരെയും ഗുരു-ശിഷ്യ ബന്ധത്തിന്റെ ഗാഢതയോടെ അടുപ്പവും സ്നേഹവും നിലനിര്‍ത്താനായതിലുള്ള സന്തോഷം സീമാതീതമാണ്.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com