'നീ എഴുതും പോലെ അവള്‍ക്ക് ഞാനൊരു പ്രേമലേഖനം എഴുതിത്തരാം, നീ കൊടുക്കുമോ?'

വാഗണ്‍ ട്രാജഡി ദുരന്തമെന്നല്ല, വാഗണ്‍ ട്രാജഡി കൂട്ടക്കൊലയെന്നാണ് ചരിത്രബോധമുള്ളവര്‍ പ്രസ്തുത സംഭവത്തെ വിളിച്ചത്
'നീ എഴുതും പോലെ അവള്‍ക്ക് ഞാനൊരു പ്രേമലേഖനം എഴുതിത്തരാം, നീ കൊടുക്കുമോ?'

1921-ല്‍ ഒരുപാട് ശിഷ്യഗണങ്ങളുള്ള വളപുരം സ്വദേശി കുഞ്ഞുണ്ണീന്‍ മുസ്ലിയാര്‍ എന്ന സൂഫിയെ ബ്രിട്ടീഷ് പട്ടാളം പിടികൂടി പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പാവപ്പെട്ട മാപ്പിള കുടിയാന്‍മാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ കണ്ട് മനസ്സ് ചത്ത മുസ്ലിയാര്‍ അനുയായികളെ പോരാട്ടത്തിനു പ്രേരിപ്പിക്കുന്നു എന്ന കുറ്റത്തിനായിരുന്നു അറസ്റ്റ്. വാര്‍ത്ത കമ്പിയില്ലാക്കമ്പിയായി നാട്ടില്‍ പ്രചരിച്ചു. വിവരമറിഞ്ഞ് പുലാമന്തോളിനടുത്ത കുരുവമ്പലത്ത് ആളുകള്‍ കൂട്ടംകൂടി. നിജസ്ഥിതി മനസ്സിലാക്കാന്‍ അവര്‍ തക്ബീര്‍ മുഴക്കി പെരിന്തല്‍മണ്ണയിലേക്ക് മാര്‍ച്ച് ചെയ്തു. കുഞ്ഞുണ്ണീന്‍ മുസ്ലിയാരെ ബന്ധനസ്ഥനാക്കി നിര്‍ത്തിയിരുന്ന ഹജൂര്‍ കച്ചേരിക്കു മുന്നില്‍ അവരെത്തി. കേട്ടറിഞ്ഞ് കൂടെക്കൂടിയവരെല്ലാം കൂടി ഒരു വലിയ ജനക്കൂട്ടം പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി ബഹളമുണ്ടാക്കി. തങ്ങളുടെ ആധ്യാത്മിക ഗുരുവിനെ വിട്ടയക്കണമെന്ന് ഏകസ്വരത്തില്‍ അവര്‍ ആവശ്യപ്പെട്ടു. പന്തിയല്ലെന്നു കണ്ട ബ്രിട്ടീഷ് മേലധികാരികള്‍ മുസ്ലിയാരെ മോചിപ്പിച്ചു. ഒച്ചവെച്ച് രംഗം വഷളാക്കിയതിന്റെ പേരില്‍ അന്‍പതോളം പേരെ പട്ടാളം തടവിലാക്കി. സായിപ്പന്‍മാര്‍ക്കെതിരെയും ജന്മിമാര്‍ക്കെതിരെയും സമരം ചെയ്ത് ഏറനാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്ത് അകത്താക്കിയ വേറെ അന്‍പതാളുകളും അടക്കം നൂറുപേരെ കോയമ്പത്തൂര്‍ ജയിലിലേക്ക് കൊണ്ടുപോകാന്‍ അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലാണ് എത്തിച്ചത്. 

വെളിച്ചവും വായുവും കടക്കാത്ത ട്രെയിനിന്റെ ബോഗിയില്‍ നൂറോളം പേരെ കുത്തിനിറച്ചു. കല്‍ക്കരി വണ്ടി പതുക്കെ ചൂളമടിച്ചു നീങ്ങി. കുറച്ച് സമയം പിന്നിട്ടപ്പോഴേക്ക് ആളുകളെ കുത്തിനിറച്ച ചരക്കു ബോഗിയില്‍നിന്ന് മരണനാദം ഉയര്‍ന്നു തുടങ്ങിയിരുന്നു. ശ്വസിക്കാന്‍ വായുവോ ദാഹമടക്കാന്‍ ഒരു തുള്ളി വെള്ളമോ കിട്ടാതെ അവര്‍ പരസ്പരം കടിച്ചുകീറി. രക്തവും മലവും വിയര്‍പ്പും മൂത്രവും തീര്‍ത്ത കുഴമ്പില്‍ കിടന്ന് ആ നിസ്സഹായര്‍ നിലവിളിച്ചു. പതുക്കെ പതുക്കെ ശബ്ദം നേര്‍ത്തു വന്നു. പന്തികേട് മനസ്സിലാക്കിയ പട്ടാള ഉദ്യോഗസ്ഥര്‍ പോത്തന്നൂരില്‍ വെച്ച് ബോഗി തുറന്നു. ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ദുര്‍ഗന്ധം സഹിക്കവയ്യാതെ അധികാരികള്‍ മൂക്കുപൊത്തി. ബോഗിയിലുണ്ടായിരുന്ന ഭൂരിഭാഗമാളുകളും ചത്തുമലച്ചു കിടക്കുന്നു. ഹൃദയശൂന്യര്‍ അതെണ്ണി നോക്കി. എഴുപത് പേര്‍ മരിച്ചിരിക്കുന്നു. മുപ്പതു പേരില്‍ ജീവന്റെ തുടിപ്പ് നിലച്ചിട്ടില്ല. കതക് തുറന്നപ്പോള്‍ കിട്ടിയ കാറ്റ് മാത്രം മതിയായിരുന്നു അവരുടെ ജീവന്‍ തിരിച്ചു കിട്ടാന്‍. മരിച്ചവരില്‍ 41 പേര്‍ കുരുവമ്പലം സ്വദേശികള്‍. ബാക്കിയുള്ളവരാകട്ടെ, ഏറനാട് - വള്ളുവനാട് താലൂക്കുകളുടെ വ്യത്യസ്ത സ്ഥലത്തുനിന്നുള്ളവര്‍. ഔദ്യോഗിക രേഖ പ്രകാരം മരിച്ചവരില്‍ 51 പേര്‍ പാട്ടക്കുടിയാന്മാരോ കര്‍ഷകത്തൊഴിലാളികളോ ആയിരുന്നു. മരിച്ചവരില്‍ നാല് ഹൈന്ദവ സമുദായക്കാരും ഉണ്ടായിരുന്നു. പാട്ടക്കുടിയാന്മാരായ മേലേടത്ത് ശങ്കരന്‍ നായര്‍, കുന്നപ്പള്ളി അച്ചുതന്‍ നായര്‍, തട്ടാന്‍ ഉണ്ണിപ്പുറയന്‍, ദളിതനും കര്‍ഷകത്തൊഴിലാളിയുമായിരുന്ന ചെട്ടിച്ചിപ്പു. ഹിന്ദുക്കള്‍ക്കെതിരെ മാപ്പിളമാര്‍ നടത്തിയ യുദ്ധമായിരുന്നു മലബാര്‍ കലാപമെന്ന് പറഞ്ഞ് പച്ചക്കള്ളം പരത്തിയവരോട് വെള്ളക്കാര്‍ക്കെതിരെ മാപ്പിളമാര്‍ക്കൊപ്പം പോരാടി ജയിലിലായി, അവസാനം തങ്ങളുടെ മുസ്ലിം സുഹൃത്തുക്കളുടെ കൂടെ നീറിനീറി മരിച്ച നാല് ഹൈന്ദവ സഹോദരന്മാരുടെ ആത്മാക്കളെങ്കിലും ലോകാവസാനം വരെ പൊറുക്കില്ല. വാഗണ്‍ ട്രാജഡി ദുരന്തമെന്നല്ല, വാഗണ്‍ ട്രാജഡി കൂട്ടക്കൊലയെന്നാണ് ചരിത്രബോധമുള്ളവര്‍ പ്രസ്തുത സംഭവത്തെ വിളിച്ചത്. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ബന്ധുക്കളും നാട്ടുകാരും അവരവരുടെ നാടുകളിലേക്ക് കൊണ്ടുപോയി. ശേഷിച്ചവരെ കോരങ്ങത്ത് പള്ളിയോട് ചേര്‍ന്ന ഖബര്‍സ്ഥാനിലും പരിസരത്തും സംസ്‌കരിച്ചു. 

ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ സമാനതകളില്ലാത്ത ക്രൂരതയായിരുന്നു 1921 നവംബര്‍ 19- ന് ഖിലാഫത്ത് പ്രക്ഷോഭത്തോട് അനുബന്ധിച്ചു നടന്നത്. അതിനു മൂകസാക്ഷിയായി കരഞ്ഞു കലങ്ങിയ കണ്ണുമായി പൊഴിക്കാന്‍ ഒരിറ്റു കണ്ണുനീര്‍ പോലുമില്ലാതെ അമര്‍ഷവും കോപവും ധീരതയും ദുഃഖവും ഉള്ളിലൊതുക്കി ഒരു നഗരം ഇന്നും തന്റേടിയായി തല ഉയര്‍ത്തി നില്‍ക്കുന്നു, തിരൂര്‍. 

പോരാട്ടത്തിന്റെ ഗന്ധം ഇന്നും വിട്ടുമാറാത്ത നഗരം. വെള്ളപ്പട്ടാളത്തിന്റെ ബൂട്ട്സിന്റെ ശബ്ദം അവിടെനിന്ന് ശരിക്ക് കാതോര്‍ത്താല്‍ ഇപ്പോഴും കേള്‍ക്കാം. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രങ്ങളില്‍ ഒന്ന്. ലോകത്തിലെ ഏറ്റവും മികച്ച വെറ്റില കയറ്റി അയച്ച് പേരെടുത്ത നാട്. ദുബായിലെ ദേരാ തെരുവുപോലെ ഗള്‍ഫിന്റെ അത്തര്‍ പുരണ്ട ദേശം.

സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ കാലൊച്ചകള്‍ നിലയ്ക്കാത്ത തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് ഉറക്കെ വിളിച്ചാല്‍ കേള്‍ക്കാവുന്ന ദൂരത്ത് ഗുഡ്സ് ഷെഡ് റോഡിന്റെ സമീപത്തായി പണിത പാറയില്‍ തറവാട്ടിലെ ഓടിട്ട സാമാന്യം ഭേദപ്പെട്ട വീട്ടിലായിരുന്നു 1967 മെയ് 30-ന് എന്റെ പിറവി. നാട്ടിലെ പാവപ്പെട്ട മനുഷ്യരെ ചൂഷണം ചെയ്തിരുന്ന വെള്ളക്കാര്‍ക്കെതിരെ പോരാടാനിറങ്ങി കാട്ടിപ്പരുത്തി പൊലീസ് സ്റ്റേഷന്‍ അക്രമിച്ച് രേഖകള്‍ നശിപ്പിച്ച കേസില്‍ ബ്രിട്ടീഷ് പട്ടാളം പിടികൂടി 12 വര്‍ഷം ബെല്ലാരി ജയിലിലടച്ച  വളാഞ്ചേരി കാട്ടിപ്പരുത്തി കൂരിപ്പറമ്പില്‍ തെക്കുംപാട്ട് മരക്കാരിന്റെ മകന്‍ കുഞ്ഞിമുഹമ്മദാണ് പിതാവ്. പാറയില്‍ നഫീസ ഉമ്മയും.

ഉമ്മയുടെ ഉപ്പ പാറയില്‍ മുഹമ്മദ് പട്ടാളത്തിലായിരുന്നു. പെന്‍ഷന്‍ പറ്റി പിരിഞ്ഞു വന്ന ശേഷം ഇന്ത്യാ-ചൈനാ യുദ്ധകാലത്ത് സര്‍വ്വീസില്‍നിന്നു പിരിഞ്ഞുപോന്ന പട്ടാളക്കാരെ വീണ്ടും വിളിച്ചതനുസരിച്ച് അദ്ദേഹം തിരിച്ചുപോയി. യുദ്ധം കഴിഞ്ഞ് അധികം വൈകാതെ കൂടെപ്പോയവരൊക്കെ നാട്ടിലെത്തിയെങ്കിലും അദ്ദേഹം മാത്രം വന്നില്ല. പട്ടാള ഹെഡ് ക്വാര്‍ട്ടേഴ്സില്‍ അന്വേഷിച്ചപ്പോള്‍ നാട്ടിലേക്ക് മടങ്ങിയെന്ന മറുപടിയാണത്രെ ലഭിച്ചത്. പിന്നീട് ഒരുപാട് പല ദിക്കിലും തിരക്കിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല. പിതാവിനെ അന്വേഷിച്ച് അമ്മാവന്‍ അലിക്കാക്ക അലഞ്ഞതിനു കണക്കില്ല. ഉമ്മയുടെ വിവാഹം നടക്കുമ്പോഴും അദ്ദേഹത്തെ സംബന്ധിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ഉമ്മയുടെ ഉപ്പ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്ന് തിട്ടപ്പെടുത്തി പറയാനാകാത്ത സാഹചര്യത്തിലായിരുന്നു എന്റെ ജനനം. അദ്ദേഹമാകട്ടെ, പിന്നീടൊരിക്കലും തിരിച്ചു വന്നില്ല. ഉമ്മയുടെ അമ്മാവന്‍ പൂണേരി കാദര്‍ ഹാജിയാണ് വിവാഹ സമയത്ത്  ഉമ്മയ്ക്കുള്ള ആഭരണങ്ങളെല്ലാം നല്‍കിയത്. വാണിയണ്ണൂര്‍ക്കാരനായ അദ്ദേഹം മലേഷ്യയിലായിരുന്നു. ഉമ്മയുടെ മാതാവ് പാത്തുമ്മുവും അഞ്ച് മക്കളും ആങ്ങളമാരുടേയും എളാപ്പയുടേയും (ചെറിയച്ഛന്‍) സംരക്ഷണത്തിലാണ് ജീവിച്ചത്. എന്റെ വലിയുമ്മയുടെ അനുജത്തി ആയിഷയെ ഉമ്മാന്റെ ഉപ്പയുടെ അനുജന്‍ കോയക്കുട്ടിയാണ് വിവാഹം ചെയ്തത്. ജ്യേഷ്ഠന്‍ ജ്യേഷ്ഠത്തിയേയും അനുജന്‍ അനുജത്തിയേയും ജീവിത പങ്കാളികളാക്കി. മാതൃപിതാവിന്റെ സഹോദരി ഖദീജയെ വിവാഹം ചെയ്തത് വലിയുമ്മയുടെ സഹോദരന്‍ കുഞ്ഞീന്‍ ഹാജിയായിരുന്നു. ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല. ഒരു മകളുള്ളപ്പോള്‍ അവര്‍ പരസ്പരം പിരിഞ്ഞു. ഈ വിവാഹമോചനം വലിയുമ്മയുടേയും സഹോദരിയുടേയും വൈവാഹിക ബന്ധങ്ങളെ ബാധിച്ചതേയില്ല. 

കെടി ജലീൽ വലിയുമ്മയോടൊപ്പം
കെടി ജലീൽ വലിയുമ്മയോടൊപ്പം

ഉമ്മയുടെ ഉമ്മ പാത്തുമ്മു ഹജ്ജുമ്മയുടെ ലാളനയിലും സ്നേഹത്തിലുമാണ് ഞാന്‍ വളര്‍ന്നത്. ഉമ്മയുടെ ഉപ്പയേയോ ഉപ്പയുടെ മാതാപിതാക്കളേയോ ഞാന്‍ കണ്ടിട്ടില്ല. അവരുടെ വാത്സല്യം നുകരാനും ഭാഗ്യം കിട്ടിയില്ല. അതുകൊണ്ടുതന്നെയാവണം ഉമ്മയുടെ ഉമ്മ എന്റെ ജീവിതത്തിലെ അവിഭാജ്യഘടകമായി മാറിയത്. 

കോളേജ് പഠനം കഴിയുന്നതുവരെ എന്റെ 'ബാങ്കര്‍' വലിയുമ്മയായിരുന്നു. മൂന്ന് അമ്മാമന്‍മാരും വിദേശത്തായിരുന്നതിനാല്‍ വലിയുമ്മയാണ് എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്. പഠനം കഴിഞ്ഞ് ജോലി കിട്ടുന്നതുവരെ വലിയുമ്മയുടെ പണപ്പെട്ടി എനിക്കൊരു അക്ഷയഖനി തന്നെയായിരുന്നു.

ഞങ്ങള്‍ ഏഴുപേരാണ് മക്കള്‍. ഞാന്‍ മൂത്തയാള്‍. എനിക്കു താഴെ നാല് സഹോദരിമാരും രണ്ട് സഹോദരന്മാരും. എനിക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഉമ്മയുടെ രണ്ടാം പ്രസവം. കഷ്ടി രണ്ട് വര്‍ഷമായിരുന്നു ഓരോ പ്രസവത്തിനുമിടയിലെ ദൈര്‍ഘ്യം. ഉമ്മ മൂന്നാമത്തെ കുട്ടിയെ പ്രസവിച്ചപ്പോള്‍ രണ്ടാമത്തെ കുട്ടിയെ വലിയുമ്മ തിരൂരിലേക്ക് കൊണ്ടുപോയി. രണ്ടാം വയസ്സില്‍ പോയ അവള്‍ ഏഴാം ക്ലാസ്സുവരെ  ഉമ്മയുടെ വീട്ടിലായിരുന്നു. ഉമ്മ അഞ്ച് പ്രസവിച്ചപ്പോള്‍ നാലാമത്തെ കുട്ടിയേയും വലിയുമ്മ തിരൂരിലേക്ക് കൊണ്ടുപോയി. അങ്ങനെ രണ്ട് സഹോദരിമാര്‍ ഫാത്തിമയും ആയിഷയും വലിയുമ്മയുടെ അടുത്താണ് വളര്‍ന്നത്.  വലിയുമ്മയും ഉമ്മയുടെ സഹോദരി സുലൈഖയും അമ്മായിമാരും അവരെ നന്നായി നോക്കി. എനിക്കോര്‍മ്മവെച്ച കാലത്ത് ഉപ്പ ഞങ്ങളുടെ കുടുംബത്തിലെ സമ്പന്നനായ ഓട്ടുപാത്ര വ്യാപാരി മമ്മി ഹാജിയുടെ 'പോപ്പുലര്‍ സ്റ്റോര്‍' എന്ന കടയിലാണ് ജോലി ചെയ്തിരുന്നത്. ഞങ്ങളുടെ തറവാടു വീട് പൊളിച്ച് പുതിയ വീടുവെക്കാന്‍ തുടങ്ങിയ സമയത്ത് മമ്മി മൂത്താപ്പാനെ (വലിയച്ഛന്‍) ആരോ തെറ്റിദ്ധരിപ്പിച്ചു. സംശയം തോന്നിയ അദ്ദേഹം ബാപ്പയെ വിളിച്ചു കാര്യങ്ങള്‍ അന്വേഷിച്ചു. എല്ലാ കണക്കുകളും കൃത്യമായി ബാപ്പ കാണിച്ചു കൊടുത്തു. അദ്ദേഹത്തിനത്  ബോദ്ധ്യപ്പെടുയും ചെയ്തു. ബാപ്പയ്ക്ക്  പക്ഷേ, തന്നെ സംശയിച്ചത് സഹിക്കാന്‍ കഴിഞ്ഞില്ല.  പോരുന്നതിനു മുന്‍പ്  സ്റ്റോറിന്റെ  താക്കോല്‍ക്കൂട്ടം ഹാജിയെ തിരികെ ഏല്പിച്ച് സൗഹാര്‍ദ്ദപരമായിത്തന്നെ യാത്ര പറഞ്ഞിറങ്ങി. 

സുഹൃത്തുക്കളുമൊത്ത് നെല്ല് കച്ചവടം നടത്തിയ ഉപ്പ പിന്നീട് റേഷന്‍ ഷോപ്പ് നടത്തിയാണ് കുടുംബം പോറ്റിയത്. പണം കടം വാങ്ങിയും തിരിച്ചു കൊടുത്തും 'തിരിമറി' നടത്തി കച്ചവടം മുന്നോട്ടു കൊണ്ടുപോയി. ബാപ്പ എപ്പോള്‍ കടം ചോദിച്ചാലും സഹകച്ചവടക്കാര്‍ കൊടുക്കും. കാരണം, കൃത്യമായി അത് തിരിച്ചുകിട്ടുമെന്ന് അവര്‍ക്കുറപ്പായിരുന്നു. നീണ്ട അന്‍പത് വര്‍ഷം വളാഞ്ചേരി അങ്ങാടിയില്‍ ബിസിനസ് നടത്തി അവസാനം കച്ചവടമെല്ലാം ഞങ്ങള്‍ മക്കളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി നിര്‍ത്തി മടങ്ങുമ്പോള്‍ ബാപ്പ കടം വാങ്ങി കിട്ടാത്തതിന്റെ പരിഭവമോ കണക്കോ പറഞ്ഞ് ആരെങ്കിലുമൊക്കെ വരുമെന്ന് ഞാന്‍ ശങ്കിച്ചിരുന്നു. അഭിമാനത്തോടെ പറയട്ടെ, ഒരാളും അത്തരമൊരു പരാതിയുമായി എന്നെയോ മറ്റുള്ളവരേയൊ  സമീപിച്ചില്ല. 

സാമ്പത്തിക കാര്യത്തിലെ ബാപ്പയുടെ സത്യസന്ധത ഇക്കാലമത്രയും ഞാനും പിന്തുടര്‍ന്നിട്ടുണ്ട്. ആര്‍ക്കും ഒന്നും കൊടുക്കാനില്ലെന്ന ബോദ്ധ്യത്തില്‍ ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന ആത്മസുഖം ഒന്നുവേറെത്തന്നെയാണ്.

മദ്രസ്സയിലാണ് എന്നെ ആദ്യം ചേര്‍ത്തത്. തൊട്ടടുത്ത വര്‍ഷം സ്‌കൂളിലും ചേര്‍ന്നു. വീടിനടുത്തുള്ള മൂച്ചിക്കല്‍ മുഹ്‌യിസുന്ന മദ്രസ്സയില്‍ നാലാം വയസ്സില്‍ കൂട്ടുകാര്‍ക്കൊപ്പം പോയിത്തുടങ്ങി. പാട്ടും പ്രസംഗവും കഥാപ്രസംഗവുമൊക്കെയായി മദ്രസ്സാ കാലം ഊഷ്മളമായ ഓര്‍മ്മകളായി. സി.പി ഉസ്താദും കൊടുമുടി സൈനുദ്ദീന്‍ മുസ്ലിയാരും കാട്ടിപ്പരുത്തി സൈതലവി മുസ്ലിയാരും ഹുസൈന്‍ മുസ്ലിയാരും എടരിക്കോട് ഇബ്രാഹിം മുസ്ലിയാരും അറബി അക്ഷരങ്ങള്‍ കൂട്ടി വായിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്യാനും പഠിപ്പിച്ചു. മദ്രസ്സയുടെ തൊട്ടടുത്താണ് എന്റെ വലിയുമ്മയുടെ അടുത്ത ബന്ധുക്കളായ മിതീന്‍കുട്ടി മൂത്താപ്പയുടേയും ആവു മൂത്താപ്പയുടേയും സൈതാലി മൂത്താപ്പയുടേയും വീടുകള്‍ സ്ഥിതിചെയ്തിരുന്നത്. ഏതാണ്ടെന്റെ സമപ്രായക്കാരായ കുട്ടിപ്പയും മുഹമ്മദ് കുട്ടിയും സുഹറയും ഈ മൂന്ന് വീടുകളിലായി ഉണ്ടായിരുന്നതുകൊണ്ട് ഇടയ്ക്കിടെ അവിടങ്ങളില്‍ പോവുകയും ഭക്ഷണം കഴിക്കുകയുമൊക്കെ പതിവായിരുന്നു. വലിയുമ്മ ഇവിടേക്കൊക്കെ വിരുന്നുപാര്‍ക്കാന്‍ വരുമ്പോള്‍ ഞാനും ഉത്സാഹത്തോടെ കൂടെപ്പോകും. എനിക്ക് അവരെയൊക്കെ വലിയ കാര്യമാണ്. അവര്‍ക്കെന്നെയും. എന്റെ രാഷ്ട്രീയമായ വളര്‍ച്ചയില്‍ ഏറെ സന്തോഷിച്ചയാളാണ് മിതീന്‍കുട്ടി മൂത്താപ്പ. 

ഞങ്ങളുടെ കുടുംബത്തില്‍ ഡെപ്യൂട്ടി കളക്ടറായി സര്‍വ്വീസില്‍നിന്ന് വിരമിച്ച ഒരാളേയുള്ളൂ. അത് സൈതാലി മൂത്താപ്പയാണ്. പത്ത് രൂപ കൈക്കൂലി വാങ്ങാത്ത മികച്ച ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അവിഹിതമായി ആര്‍ക്കും ഒന്നും സൈതാലി മൂത്താപ്പ ചെയ്തു കൊടുത്തില്ല. അതുകൊണ്ടുതന്നെ പലര്‍ക്കും അദ്ദേഹത്തോട് ദേഷ്യവുമുണ്ടായിരുന്നു. മിതീന്‍കുട്ടി മൂത്താപ്പയും സൈതാലി മൂത്താപ്പയും രൂപത്തില്‍ നല്ല സാദൃശ്യമുള്ളവരാണ്. ഒരിക്കല്‍ പാലക്കാട് സിവില്‍ സപ്ലൈസ് ഓഫീസറെ കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം മിതീന്‍കുട്ടി മൂത്താപ്പ പറഞ്ഞ് ചിരിച്ചത് കാതില്‍ മുഴങ്ങുന്നുണ്ട്. സപ്ലൈ ഓഫീസര്‍ അദ്ദേഹത്തെ കണ്ടപാടെ കണ്ണെടുക്കാതെ മുഖത്തേക്കുതന്നെ നോക്കുന്നു. പന്തിയല്ലാത്ത നോട്ടം ശ്രദ്ധിച്ച മിതീന്‍കുട്ടി മൂത്താപ്പ പറഞ്ഞത്രെ; ''നിങ്ങള്‍ വിചാരിക്കുന്ന ആള്‍ ഞാനല്ല. ഡെപ്യൂട്ടി കളക്ടറായി വിരമിച്ചത് എന്റെ അനുജനാണ്. പലര്‍ക്കും ഞങ്ങളെ പരസ്പരം മാറാറുണ്ട്.'' ഇത് കേള്‍ക്കേണ്ട താമസം എന്തൊക്കെയോ പിറുപിറുത്ത് ഡി. എസ്.ഒ മൂത്താപ്പാനെ ദേഷ്യപ്പെട്ട് മടക്കിവിട്ടു. പാവം തിരിച്ചു പോന്നു. ദിവസങ്ങള്‍ കഴിഞ്ഞ് മറ്റാരോടോ കാരണം അന്വേഷിച്ചപ്പോഴാണ് അറിയുന്നത് കൃത്യവിലോപം കാണിച്ചതിന്റെ പേരില്‍ ആ ഉദ്യോഗസ്ഥനെ സൈതാലി മൂത്താപ്പ ഡെപ്യൂട്ടി കളക്ടറായിരിക്കെ സസ്പെന്‍ഡ് ചെയ്തിരുന്നത്രെ. ''സൈതാലിയുടെ സത്യസന്ധതകൊണ്ട് എനിക്കാ നഷ്ടം പറ്റിയത്. പാലക്കാട് നിന്ന് അന്ന് ബസ് കയറിയിട്ട് പട്ടാമ്പി എത്തിയിട്ടാ ഞാന്‍ തിരിഞ്ഞു നോക്കിയത്'' - മിതീന്‍കുട്ടി മൂത്താപ്പ സമ്മിശ്ര വികാരങ്ങളോടെ പറഞ്ഞുനിര്‍ത്തി.    

രാവിലെ ഏഴു മണിക്ക് നെല്‍പ്പാടങ്ങളും തോടുകളും മുറിച്ചുകടന്നുള്ള മദ്രസ്സയിലേക്കുള്ള നടത്തവും തിരിച്ചുള്ള ഓട്ടവും ആഹ്ലാദകരമായിരുന്നു. വര്‍ഷക്കാലത്ത് തോടുകള്‍ നിറഞ്ഞൊഴുകി. നെല്‍പ്പാടങ്ങളില്‍ ഇരുകരകളും മുട്ടുമാറ് വെള്ളം കെട്ടിനിന്നു. സര്‍ക്കസ്സുകാരെപ്പോലെ ഇരു ചുമലുകളും ബാലന്‍സ് ചെയ്തുള്ള പാടവരമ്പിലൂടെയുള്ള യാത്ര ചങ്കിടിപ്പുളവാക്കുന്നതായിരുന്നു. 

നെല്‍വയലുകള്‍ക്കു നടുവിലെ അതിരടയാളങ്ങളായി നീണ്ടുകിടന്ന മണ്‍വരമ്പുകളിലൂടെ നില്‍ക്കാതെയുള്ള ഓട്ടം മദ്രസ്സാ നാളുകളെ ഭയചകിതമാക്കുന്നു. എന്റെ സമപ്രായക്കാരും അയല്‍വാസികളും കുടുംബക്കാരുമായ ഫാത്തിമയും ഹംസയും സൈനമ്മുവും റഷീദും ഏനിക്കുട്ടിയും സൈനയും സഫിയയുമൊക്കെ ഈ മാരത്തോണില്‍ പങ്കാളികളായി. വീട്ടിലെത്തി ധൃതിയില്‍ രാവിലത്തെ ചായക്കടിയുടെ ബാക്കിയോ കഞ്ഞിയോ കഴിച്ച് സ്‌കൂളിലേക്കൊരു ആഞ്ഞു നടത്തമാണ്. മദ്രസ്സാ ടീമിനു പുറമെ പപ്പനും നന്ദിനിയും കൂടുതലായുണ്ടാകും പൈങ്കണ്ണൂര്‍ ഗവ. യു.പി സ്‌കൂളിലേക്കുള്ള സംഘത്തില്‍. പാടം കടന്നാണ് മദ്രസ്സയില്‍ പോയിരുന്നതെങ്കില്‍ കാടും കുന്നും കയറിയാണ് സ്‌കൂളിലെത്തിയിരുന്നത്.

ഉയിരാര്‍ന്ന സ്മൃതിപഥങ്ങള്‍

നാഷണല്‍ ഹൈവേയുടെ ഓരത്താണ് ഞങ്ങളുടെ സ്‌കൂള്‍. അപ്പു മാഷും പ്രഭാകരന്‍ മാഷും കണക്കറായി മാഷും ദേവകിയാനി ടീച്ചറും അമ്മാളു ടീച്ചറും ആദംകുട്ടി മാഷും കോത മാഷും ഓര്‍മ്മപ്പുറത്ത് മായാതെ നില്‍ക്കുന്ന മുഖങ്ങളാണ്. പ്രഭാകരന്‍ മാഷേയും ദേവകിയാനി ടീച്ചറേയും കുട്ടികള്‍ക്ക് ശരിക്കും പേടിയായിരുന്നു. വികൃതി കാണിച്ചാലും പഠിക്കാതെ വന്നാലും ഇരുവരും നല്ല ചൂരല്‍ പ്രയോഗം നടത്തും. മൂന്നാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചറായിരുന്ന പ്രഭാകരന്‍ മാഷ് എന്റെ പിതാവിന്റെ സുഹൃത്തുകൂടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പ്രത്യേകം എന്നെ ശ്രദ്ധിച്ചു. കേട്ടെഴുത്തില്‍ തെറ്റിയാലും പാഠഭാഗങ്ങള്‍ പഠിച്ചു വരാതിരുന്നാലും ശിക്ഷയില്‍ മുന്‍ഗണന എനിക്കു തന്നെയായിരുന്നു. വീട്ടിലും നല്ലൊരു ചൂരല്‍വടി എനിക്കായി ബാപ്പയും കരുതി വെച്ചിരുന്നു. ദമ്മിലിട്ട ബിരിയാണി കണക്കെ ബാപ്പയ്ക്കും പ്രഭാകരന്‍ മാഷ്‌ക്കുമിടയില്‍ ശരിക്കും ഞാന്‍ വിങ്ങിനിന്നു. സ്‌കൂളില്‍ പുതിയ ചങ്ങാതിക്കൂട്ടത്തെ കിട്ടിയത് എന്നെ ഏറെ സന്തോഷിപ്പിച്ചു. ശിവദാസനും കുഞ്ഞലവിയും ചന്ദ്രനും മുഹമ്മദും സഹദേവനും മല്ലികയും റംലയും ഖദീജയും സൈതലവിയും ഹമീദും മണിയും എന്റെ സുഹൃദ്വലയത്തില്‍ കണ്ണികളായി. അഞ്ചാം ക്ലാസ്സ് പകുതിവരെയേ പൈങ്കണ്ണൂര്‍ സ്‌കൂളില്‍ പഠിച്ചുള്ളൂ. ആ നാലര വര്‍ഷത്തിനിടയില്‍ ഉണ്ടായ സ്നേഹോഷ്മളവും കുസൃതികള്‍ നിറഞ്ഞതുമായ ഒരുപാടൊരുപാട് സംഭവങ്ങള്‍ സ്മൃതിപഥങ്ങളില്‍ ഉയിരോടെ കിടപ്പുണ്ട്. 

അഞ്ചാം ക്ലാസ്സില്‍ ഞങ്ങളെ കണക്ക് പഠിപ്പിച്ചത് ദേവകിയാനി ടീച്ചറാണ്. ബോര്‍ഡില്‍ കണക്ക് എഴുതുമ്പോഴേക്ക് ഉത്തരമെഴുതി ടീച്ചറുടെ മുന്നിലെത്തുന്ന ശിവദാസന്‍ ഞങ്ങള്‍ക്കൊക്കെ അത്ഭുതമായിരുന്നു. ബ്ലാക്ക് ബോര്‍ഡില്‍ എഴുതിയത് വായിക്കാന്‍ ഞാന്‍ പ്രയാസപ്പെടുന്നത് ശ്രദ്ധിച്ച ടീച്ചറാണ് എന്റെ കണ്ണുകള്‍ക്ക് വേണ്ടത്ര കാഴ്ചശക്തിയില്ലെന്ന് ആദ്യമായി മനസ്സിലാക്കുന്നത്. ടീച്ചര്‍ തന്നെയാണ് അക്കാര്യം എന്റെ ഉപ്പയെ അറിയിച്ചത്. 

അങ്ങനെയാണ് സ്‌കൂളില്ലാത്ത തൊട്ടടുത്ത ദിവസം നോക്കി തിരൂരിലെ അറിയപ്പെടുന്ന കണ്ണുരോഗ വിദഗ്ദ്ധന്‍ ഡോ. രാഘവനെ കൊണ്ടുപോയി കാണിക്കുന്നത്. അന്നു തുടങ്ങിയതാണ് കണ്ണടവെക്കല്‍. ഒരു കുട്ടിയെ സൂക്ഷ്മമായി മനസ്സിലാക്കാന്‍ യഥാര്‍ത്ഥ അദ്ധ്യാപകനു കഴിയുമെന്നതിന് ഇതില്‍പ്പരം തെളിവ് മറ്റെന്തു വേണം? ക്ലാസ്സിലെ വില്ലന്‍ ഹമീദായിരുന്നു. അവന്റെ കിഴുക്ക് തലയ്ക്ക് കിട്ടാത്ത കുട്ടികള്‍ അപൂര്‍വ്വമായിരുന്നു. സ്‌കൂളിനു തൊട്ടടുത്തായിരുന്നു ഹമീദിന്റെ വീട്. ആരും അതുകൊണ്ടുതന്നെ അദ്ധ്യാപകരോട് പരാതി പറയാന്‍ നില്‍ക്കാറില്ല. ഹമീദിന്റെ വീട്ടുകാര്‍ക്ക് ഇഞ്ചി മിഠായിയുടെ കച്ചവടവും ഉണ്ടായിരുന്നു. തലയ്ക്ക് കിഴുക്കിയാലും ഇടയ്ക്കിടെ അവന്‍ വീട്ടുകാര്‍ കാണാതെ എനിക്ക് ഇഞ്ചി മിഠായി കൊണ്ടുവന്ന് തരുമായിരുന്നു.

കുടുംബത്തോടൊപ്പം (പഴയ ചിത്രം)
കുടുംബത്തോടൊപ്പം (പഴയ ചിത്രം)

ഒരു ദിവസം സ്‌കൂളിലേക്ക് നടന്നുവരുന്നതിനിടെ നിരപ്പില്‍വെച്ച് കാല്‍തെന്നി ഞാന്‍ വീണു. വേദനകൊണ്ട് പുളയവെ വാവിട്ടുകരഞ്ഞു. കൂടെയുണ്ടായിരുന്ന കുട്ടികളും നിലവിളിച്ചു. ഞങ്ങളുടെ കൂട്ടക്കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കിടക്കുന്നേടത്തുനിന്ന് എന്നെ എഴുന്നേല്‍പ്പിച്ചു. അപ്പോഴാണ് വലതു കയ്യിന്റെ മുട്ടിനു താഴെ കൈപ്പത്തിക്ക് തൊട്ടു മുകളില്‍ എല്ല് മേല്‍പ്പോട്ട് ഉയര്‍ന്നുനില്‍ക്കുന്നത് ഞാന്‍ കണ്ടത്. ഉടനെ തന്നെ  കൂട്ടത്തിലുണ്ടായിരുന്ന കൊലവന്‍കുട്ടി എന്നെയുമെടുത്ത് കാട്ടിപ്പരുത്തി ചങ്ങമ്പള്ളി ആലിക്കുട്ടി ഗുരുക്കളുടെ വൈദ്യശാലയിലേക്ക് ധൃതിയില്‍ നടന്നു. കരഞ്ഞുകൊണ്ടിരുന്നപ്പോഴും കൊലവന്‍കുട്ടിയുടെ തോളിലിരുന്ന് ചുറ്റുവട്ടത്തുള്ള കാഴ്ചകള്‍ കണ്ട് ഒന്നര കിലോമീറ്ററോളമുള്ള ആ യാത്ര മരിച്ചാലും മറക്കില്ല. പില്‍ക്കാലത്ത് വിമാനത്തില്‍ കയറി താഴ്ഭാഗത്തെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ പോലും കൊലവന്‍കുട്ടിയുടെ തോളിലിരുന്ന് ചെയ്ത യാത്രയോളവും കണ്ട കാഴ്ചകളോളവും അതിനു സുഖവും സൗന്ദര്യവുമുള്ളതായി തോന്നിയില്ല.
 
വൈദ്യശാലയില്‍ എത്തിച്ച എന്നെ നേരെ ഉഴിച്ചില്‍ നടത്തുന്ന റൂമിലേക്കാണ് കൊണ്ടുപോയത്. സൗമ്യനും സാത്വികനുമായിരുന്ന ആലിക്കുട്ടി ഗുരുക്കള്‍ എന്റെയടുത്തുവന്ന് തമാശകള്‍ പറഞ്ഞ് എന്നെ ചിരിപ്പിക്കാന്‍ ശ്രമിച്ചു. പല കാര്യങ്ങളും അദ്ദേഹം ചോദിച്ചു കൊണ്ടിരുന്നു. സംസാരത്തിനിടയില്‍ അദ്ദേഹത്തിന്റെ ഇരു കൈകളിലുമായി എന്റെ കുട്ടിക്കൈ ഏതാണ്ടമര്‍ന്നപോലെ തോന്നി. വീട്ടുവിശേഷവും സ്‌കൂള്‍ വിശേഷവുമൊക്കെ സംസാരത്തിനിടയില്‍ കടന്നുവന്നു. കരച്ചില്‍ നിര്‍ത്തി ഞാനതിനെല്ലാം ഉത്സാഹത്തോടെ മറുപടിയും നല്‍കി. എല്ല് ഉയര്‍ന്നുനിന്ന കൈ ഗുരുക്കള്‍ തൈലം പുരട്ടി പതുക്കെ തടവിക്കൊണ്ടിരുന്നു. തമാശകള്‍ പറയുന്നതിനിടയില്‍ 'ടെക്' എന്നൊരു ശബ്ദവും അസഹ്യമായ വേദനയും അനുഭവപ്പെട്ടത് പൊടുന്നനെയാണ്. ഞാന്‍ ഉറക്കെ നിലവിളിച്ചു. എല്ല് പൊന്തിനിന്ന കൈകളിലേക്ക് നോക്കുമ്പോള്‍ അത് പഴയപോലെ ആയിരിക്കുന്നു. അത് കണ്ടപ്പോള്‍ കുറച്ച് സമാധാനം തോന്നി. 

ഇടിഞ്ഞിലിന്റെ തോലും പച്ചമഞ്ഞളും അരച്ച് അത് എണ്ണയില്‍ ചാലിച്ച് ഒരു ശീലയില്‍ തേമ്പിവെച്ച് അതില്‍ അദ്ദേഹം എന്റെ കൈ പൊതിഞ്ഞു. അതിനുമുകളില്‍ കൈത്തണ്ട് കൊണ്ടുള്ള ചെറിയ പായ വാഴന്നാരുകൊണ്ട് മൂന്നോ നാലോ കെട്ട് കെട്ടി. അപ്പോഴേക്കും വേദന ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞിരുന്നു. 

ഒരു ശീല തോളില്‍ ചുറ്റി തൊട്ടിലില്‍ കിടത്തും പോലെ കൈ അതില്‍ വെച്ചുതന്ന് വീട്ടില്‍ പോകാന്‍ പറഞ്ഞു. പോകുമ്പോള്‍ തിന്നാന്‍ ക്ഷീരഫലത്തിന്റെ കഷണങ്ങളും അദ്ദേഹം കയ്യില്‍ വെച്ചുതന്നു. വിവരമറിഞ്ഞ് ഉമ്മ പറഞ്ഞയച്ച അക്കരത്തൊടുവിലെ മൂത്താപ്പാന്റെ മകന്‍ അയ്യൂബാക്കാന്റെ  കൂടെ വീട്ടിലേക്ക് നടന്നു. കൊലവന്‍കുട്ടി പിന്നാലേയും. കൊലവന്‍കുട്ടിയുടെ മകന്‍ മോഹനന്‍ എന്റെ ചങ്ങാതിയാണ്. അവര്‍ താമസിച്ചിരുന്നത് ഞങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള അലവി മൂത്താപ്പാന്റെ വീട്ടിലാണ്. അവിടുത്തെ സ്ഥിരജോലിക്കാരനായിരുന്നു കൊലവന്‍കുട്ടി. 

കൊലവന്‍കുട്ടിയുടെ കുടുംബക്കാരിയും ഇടയ്ക്കിടെ ഞങ്ങളുടെ വീട്ടിലെ നിത്യസന്ദര്‍ശകയുമായിരുന്നു നീലിമാമ്മ. ഒരുപാട് കല്ലുമാലകള്‍ കഴുത്തിലിട്ട് മോണകാട്ടി ചിരിച്ചിരുന്ന പ്രായമുള്ള അവര്‍ കുഞ്ഞായിരിക്കെ എന്നെ മുലയൂട്ടിയിട്ടുണ്ടെന്നാണ് ഉമ്മ പറഞ്ഞ അറിവ്. അങ്ങനെ നീലിമാമ്മ എന്റെ മൊഞ്ഞമ്മയായി. അവര്‍ ഞങ്ങളുടെ വീട്ടിലെ ഒരംഗത്തെപ്പോലെയാണ് പരിഗണിക്കപ്പെട്ടിരുന്നത്. നീലിമാമ്മക്ക് കടന്നുകയറി ചെല്ലാന്‍ പറ്റാത്ത ഒരറയും ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. ചെറുപ്പകാലത്ത് മനസ്സിനെ ദുഃഖിപ്പിച്ച മരണങ്ങളിലൊന്നായിരുന്നു അവരുടേത്. പില്‍ക്കാലത്ത് നീലിമാമ്മയുടെ പേരക്കുട്ടിയുടെ മകന് പൊന്നാനി എം.ഇ.എസ് എയ്ഡഡ് കോളേജില്‍ അദ്ധ്യാപക ജോലി ലഭിക്കാന്‍ ഒരു കൈ സഹായം എം.എല്‍.എ എന്ന നിലയില്‍ എനിക്ക് ചെയ്യാന്‍ കഴിഞ്ഞു. അദ്ദേഹം ജോലിയില്‍ കയറിയ ദിവസം  എനിക്കുണ്ടായ സന്തോഷം അനിര്‍വ്വചനീയമാണ്. എന്റെ അഭ്യര്‍ത്ഥന അതിന്റെ സത്തയില്‍ ഉള്‍ക്കൊണ്ട ഡോ. ഫസല്‍ ഗഫൂറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

മൂന്നാം ക്ലാസ്സിലോ നാലാം ക്ലാസ്സിലോ പഠിക്കുന്ന സമയത്താണെന്നു തോന്നുന്നു ഒരു ദിവസം ഉച്ചയൂണിന് സ്‌കൂള്‍ വിട്ടു. അന്നാണെങ്കില്‍ ഞാന്‍ ഉച്ചഭക്ഷണം കൊണ്ടുപോയിട്ടുമില്ല. എന്തു ചെയ്യുമെന്നറിയാതെ അന്തംവിട്ട് നില്‍ക്കുമ്പോഴാണ് കളിക്കൂട്ടുകാരന്‍ മുഹമ്മദ് എന്നെ വീട്ടിലേക്ക് ക്ഷണിച്ചത്. താഴേ പാണ്ടികശാലയിലാണ് അവന്റെ വീട്. ഞങ്ങള്‍ ഉത്സാഹത്തോടെ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ ദൂരം നടന്ന് അവന്റെ വീടണഞ്ഞു. ഓലമേഞ്ഞ ഒരു കുടില്‍. കറുത്ത സൂപ്പും വെള്ളക്കുപ്പായവുമിട്ട് അവന്റെ ഉമ്മ മുറ്റത്ത് തെങ്ങിന്റെ മടല്‍ ചീന്തി വിറകാക്കുന്ന തിരക്കിലായിരുന്നു. മുഹമ്മദിന്റെ കൂടെ എന്നെ കണ്ട ഉമ്മ ഞാന്‍ ആരാണെന്നു തിരക്കി. തന്റെ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണെന്ന് മുഹമ്മദ് അല്പം നാണത്തോടെ മറുപടി പറഞ്ഞു. ഇതുകേട്ട അവര്‍ വാത്സല്യത്തോടെ എന്റെ കൈപിടിച്ച് മുഹമ്മദിനേയും കൂട്ടി അടുക്കളയിലേക്ക് കൊണ്ടുപോയി. പലകയിട്ട് ഞങ്ങളെ ഇരുത്തി. 

അടുപ്പത്ത് കഞ്ഞി തിളക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. കൊച്ച് അടുക്കളയുടെ നാലുഭാഗത്തേക്കും എന്റെ കണ്ണുകള്‍ പാഞ്ഞു. നടന്നു ക്ഷീണിച്ചതിനാല്‍ ഞാനും മുഹമ്മദും തളര്‍ന്നിരുന്നു. രണ്ട് മണ്‍ ചട്ടിയില്‍ അവര്‍ ചൂടുള്ള കഞ്ഞി വിളമ്പി. കനലെരിയുന്ന അടുപ്പില്‍ ഉണക്കമാന്തള്‍ ചുട്ടെടുത്തു. അമ്മിയില്‍ എന്തോ കുത്തിച്ചതച്ച് ഒരു ചമ്മന്തിയുമുണ്ടാക്കി. ഞങ്ങള്‍ ഇരുവരും വയറ് നിറയെ കഞ്ഞി കുടിച്ചു. അന്ന് കുടിച്ച കഞ്ഞിയുടെ കൂടെ നുള്ളിക്കഴിച്ച ഉണക്കമീനിന്റേയും തൊട്ടുകൂട്ടിയ ചമ്മന്തിയുടേയും രുചി ഇന്നും നാവില്‍ ഊറിവരാറുണ്ട്. വിഭവങ്ങളല്ല, ഹൃദയത്തില്‍ തൊട്ട സല്‍ക്കാരമാണ് ഭക്ഷണത്തിനു സ്വാദ് നല്‍കുകയെന്ന് ജീവിതത്തില്‍ ആദ്യമായി അന്നു ഞാന്‍ മനസ്സിലാക്കി. സ്‌കൂളില്‍നിന്നും കോളേജില്‍നിന്നും നേടിയ അറിവുകളെക്കാള്‍ വലിയ അറിവാണ് നിന്നുതിരിയാന്‍ ഇടമില്ലാത്ത ആ കൊച്ച് അടുക്കളയില്‍വെച്ച് മുഹമ്മദിന്റെ ഉമ്മ പകര്‍ന്നു നല്‍കിയത്. ഒരിക്കല്‍ ഭക്ഷണം കഴിച്ച വീട് അത്ര പെട്ടെന്നൊന്നും ഞാന്‍ മറക്കാറില്ല. രുചിയുള്ള ഭക്ഷണം എന്നും എന്റെ ദൗര്‍ബ്ബല്യമാണ്; ഇന്നും. 

കുറ്റിപ്പുറം ഗവ. ഹൈസ്‌കൂളിലും മുഹമ്മദും ഞാനും ഒരുമിച്ചുണ്ടായിരുന്നു. രണ്ട് ക്ലാസ്സുകളിലായിരുന്നുവെന്നു മാത്രം. പക്ഷേ, എല്‍.പി, സ്‌കൂളിലെ ബന്ധത്തിന്റെ ഊഷ്മളത അന്നുണ്ടായിരുന്നോ എന്ന് സംശയമാണ്. പത്താം ക്ലാസ്സ് കഴിഞ്ഞപ്പോള്‍ ഞാന്‍ നാട് വിട്ട് ഹോസ്റ്റലില്‍നിന്നു പഠിച്ചതുകൊണ്ട് പിന്നീട് മുഹമ്മദിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ, ആത്മാര്‍ത്ഥമായ ഒരു സ്നേഹം എവിടെയോ അവനോട് ഞാന്‍ കാത്തുസൂക്ഷിച്ചിരുന്നു. കുറേ വര്‍ഷങ്ങള്‍ക്കു ശേഷം കുറ്റിപ്പുറം എം.എല്‍.എ ആയിരുന്ന കാലത്ത് കുറ്റിപ്പുറം സൗത്ത് ലോവര്‍ പ്രൈമറി സ്‌കൂളില്‍ ഒരു വാര്‍ഷിക പരിപാടിയില്‍ സംബന്ധിക്കാന്‍ എനിക്ക് പോകേണ്ടിവന്നു. ചെറിയ ക്ലാസ്സിലെ അനുഭവങ്ങള്‍ പറയവെ മുഹമ്മദിന്റെ വീട്ടില്‍നിന്നു കഴിച്ച കഞ്ഞിയുടേയും ഉണക്കമീനിന്റേയും കഥ അയവിറക്കി. പ്രസംഗം കഴിഞ്ഞ് സീറ്റിലിരുന്ന ഞാന്‍ ചുറ്റുവട്ടത്തേക്ക് കണ്ണോടിച്ചു. മൈക്ക് ഓപ്പറേറ്ററായി അതാ ഇരിക്കുന്നു മുഹമ്മദ്. അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നത് ഞാനിന്നും ഓര്‍ക്കുന്നു. പരിപാടി അവസാനിച്ച് സ്റ്റേജില്‍ നിന്നിറങ്ങി മടങ്ങുന്നതിനു മുന്‍പ് ഞാന്‍ മുഹമ്മദിനെ കുറച്ച് ദൂരേക്കു വിളിച്ചു. സങ്കടംകൊണ്ട് അവന്‍ വല്ലാതാകുന്നത് ഞാന്‍ കണ്ടു. ''അതൊന്നും നീ മറന്നിട്ടില്ലേ'' എന്ന് അവന്‍ ചോദിച്ചു. ''എങ്ങനെ മറക്കാനാണ് മുഹമ്മദേ'' എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം നിറത്ത മനസ്സോടെ ഞങ്ങള്‍ പരസ്പരം ആലിംഗനം ചെയ്തു. 'കഥ പറയുമ്പോള്‍' എന്ന മമ്മൂട്ടി-ശ്രീനിവാസന്‍ സിനിമ റിലീസാകുന്നതിന് എത്രയോ മുന്‍പായിരുന്നു ഈ സംഭവമെന്നു പ്രത്യേകം ഉണര്‍ത്തട്ടെ.

പ്രേമം തെറ്റിദ്ധരിച്ച കാലം

അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ചില അസാധാരണ സംഭവങ്ങള്‍ അരങ്ങേറുന്നത്. എല്ലാവരേയും സ്നേഹിക്കാന്‍ മാത്രമറിയുന്ന കാലമാണല്ലോ അത്. പ്രേമവും സ്നേഹവും ഒന്നാണെന്ന് തെറ്റിദ്ധരിച്ച കാലം. 

പുതിയങ്ങാടിയില്‍ താമസിച്ചിരുന്ന എന്റെ പിതാവിന്റെ മൂത്ത ജ്യേഷ്ഠന്‍ കുട്ടിഹസ്സന്‍ വിദേശത്തായിരുന്നു. അദ്ദേഹത്തിന്റെ മകന്‍ അല്‍താഫ് ഹുസൈന്‍ പത്താം ക്ലാസ്സ് തോറ്റപ്പോള്‍ വീണ്ടും എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ വളാഞ്ചേരിയിലെ ഒരു ട്യൂട്ടോറിയല്‍ കോളേജില്‍ ചേര്‍ന്നു. എന്നും പുതിയങ്ങാടിയിലേക്കുള്ള യാത്ര പ്രയാസമാണെന്നറിഞ്ഞ ഉപ്പ അവനോട് ഞങ്ങളുടെ വീട്ടില്‍ താമസിക്കാന്‍ പറഞ്ഞു. ഒരു ദിവസം ഞങ്ങള്‍ വീട്ടില്‍നിന്ന് വളാഞ്ചേരിയിലേക്ക് പോകവേ സ്‌കൂളില്‍ എന്റെ ക്ലാസ്സില്‍ പഠിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ വഴിയില്‍ വെച്ച് കണ്ടുമുട്ടി. ഞങ്ങള്‍ പരസ്പരം ചിരിച്ചു. ഒന്നോ രണ്ടോ വാക്കുകള്‍ സംസാരിക്കുകയും ചെയ്തു. ക്ലാസ്സിലെ പെണ്‍കുട്ടികളില്‍ അവളോടെനിക്ക് അല്പം ഇഷ്ടക്കൂടുതല്‍ ഉണ്ടായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവള്‍ മുക്കിലപ്പീടിക ഭാഗത്തുള്ള അവളുടെ വീട്ടിലേക്കും ഞങ്ങള്‍ മൂച്ചിക്കലേക്കും നടന്നു. ഉപ്പയുടെ സ്നേഹിതനും കൂടിയായ എര്‍മദ് ഹാജിയുടെ വീടിന്റെ മുന്‍പില്‍ വെച്ചായിരുന്നു ആ സ്നേഹപ്രകടനം. 

സംഭവം കഴിഞ്ഞ ഉടനെ അല്‍താഫ് എന്നോട് ആരാണവള്‍ എന്ന് അന്വേഷിച്ചു. എന്റെ ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഉടനെ അവന്‍ വീണ്ടും ചോദിച്ചു; അവളെ നിനക്കിഷ്ടമാണോ? ഇതുകേട്ട ഞാന്‍ ആദ്യമൊന്ന് പകച്ചു. ഒരു അഞ്ചാം ക്ലാസ്സുകാരന്റെ നിഷ്‌കളങ്കതയോടെ ചിരിച്ച് തലയാട്ടി. ഉടനെ വന്നു അവന്റെ പ്രതികരണം; നീ എഴുതും പോലെ അവള്‍ക്ക് ഞാനൊരു പ്രേമലേഖനം എഴുതിത്തരാം. നീ കൊടുക്കുമോ? പെട്ടെന്നുള്ള ആ പ്രതികരണം എന്തുപറയണമെന്നറിയാതെ എന്നെ കുഴക്കി. അത് കുഴപ്പാവൂലേ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു. അതൊക്കെ അവന്‍ നോക്കിക്കൊള്ളാമെന്ന് മറുപടിയും പറഞ്ഞു. ഞാനത് അപ്പോള്‍ തന്നെ വിട്ടു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം നോട്ടുപുസ്തകത്തിന്റെ ഏട് ചീന്തി അവന്റെ കൈപ്പടയില്‍ എഴുതി മടക്കിയ ഒരു കടലാസ് എന്റെയടുത്ത് തന്നു. ഇത് ആരും കാണാതെ അവള്‍ക്ക് കൊടുക്കണമെന്നും പറഞ്ഞു. ഞാനത് വായിച്ചു നോക്കുക പോലും ചെയ്യാതെ ധൃതിയില്‍ പുസ്തകത്തിനിടയില്‍ തിരുകിവെച്ചു. സ്‌കൂളിലെത്തി പഠിത്തത്തിലും കളിയിലും മുഴുകിയപ്പോള്‍ 'പ്രേമലേഖന'ത്തിന്റെ കാര്യം മറന്നു. വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് പുസ്തകത്തിനിടയില്‍ വെച്ച കത്ത് നഷ്ടപ്പെട്ടതറിഞ്ഞത്. അതെവിടെയാണ് കളഞ്ഞുപോയതെന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തുംപിടിയും കിട്ടിയില്ല. 

പിറ്റേ ദിവസം മദ്രസ്സ വിട്ട് സ്‌കൂളില്‍ എത്തിയപ്പോള്‍ കുറച്ചു വൈകിയിരുന്നു. ക്ലാസ്സ് ടീച്ചര്‍ ഹാജര്‍ എടുക്കുമ്പോഴാണ് ഓടിക്കിതച്ചെത്തിയത്. വാതില്‍ക്കല്‍ എന്നെ കാണേണ്ട താമസം ടീച്ചര്‍ കടന്നിരിക്കാന്‍ ആംഗ്യം കാണിച്ചു. ഞാനത് വിനയത്തോടെ അനുസരിച്ചു. എന്നെ കണ്ട മുതല്‍ക്കേ കൂട്ടുകാരുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട പതിവില്ലാത്ത  ചിരിയും അടക്കം പറച്ചിലും ഞാന്‍ ശ്രദ്ധിച്ചു. എനിക്കൊന്നും പിടികിട്ടിയില്ല. ഉച്ചയ്ക്ക് ഭക്ഷണത്തിന് ബെല്ലടിച്ചപ്പോഴാണ് ആരോ എന്നോടു പറഞ്ഞത്; നിന്റെ പ്രേമക്കത്ത് ഹമീദിനു കിട്ടി. അവനത് ഹെഡ്മാസ്റ്റര്‍ക്ക് കൊടുത്തു. എന്റെ തലക്കുള്ളിലൂടെ തീയ്യുണ്ട പാഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ കുഴഞ്ഞു. പലരും വന്ന് കളിയാക്കി. തലകുനിച്ചിരുന്ന എന്റെ തലമണ്ടയില്‍ തോണ്ടി ചിലരെന്നെ പ്രകോപിപ്പിച്ചു. എന്റെ ഉപ്പയുടെ സുഹൃത്തായ യൂസുഫാക്ക പ്യൂണായി പൈങ്കണ്ണൂര്‍ സ്‌കൂളില്‍ ജോലി ചെയ്തിരുന്നു. കത്ത് കയ്യില്‍ കിട്ടിയ ഹെഡ്മാസ്റ്റര്‍ യൂസുഫാക്കയോട് കാര്യം പറഞ്ഞു. നാട്ടുകാരന്‍ കൂടിയായ യൂസുഫാക്കാക്ക് പ്രധാനാദ്ധ്യാപകനേക്കാള്‍ വലിയ സ്ഥാനമാണ് അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും കല്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ മകന്‍ ഇസ്മായില്‍ എന്റെ ഇഷ്ട കൂട്ടുകാരനുമായിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ യൂസുഫാക്ക വന്ന് എന്റെ കയ്യില്‍നിന്ന് കോപ്പിയെഴുതിയ പുസ്തകം വാങ്ങിക്കൊണ്ടുപോയി. അതിലെ കൈപ്പടയും കത്തിലെ കയ്യെഴുത്തും അവര്‍ ഒത്തുനോക്കിയത്രെ. അതോടെ കത്ത് ഞാനെഴുതിയതല്ലെന്ന് അവര്‍ ഉറപ്പിച്ചു. യൂസുഫാക്ക കത്ത് ഉപ്പാനെ ഏല്പിച്ചു. കൈപ്പട കണ്ടപാടെ ഉപ്പ പറഞ്ഞുവത്രെ, ഇതെന്റെ ജ്യേഷ്ഠന്റെ മകന്റെ കയ്യെഴുത്താണെന്ന്. ഉപ്പാക്ക് കാര്യം പിടികിട്ടി. 

അണികളുടെ സ്നേഹഹാരം സ്വീകരിച്ച്
അണികളുടെ സ്നേഹഹാരം സ്വീകരിച്ച്

രാത്രി കടയടച്ച് വന്ന ഉപ്പ ചൂരലൊക്കെ റെഡിയാക്കി എന്നെയും മൂത്താപ്പാന്റെ മകനേയും വിചാരണക്കായി വിളിച്ചു. പേടിച്ചരണ്ട ഞാന്‍ ആദ്യമേ നടന്നതൊക്കെ പറഞ്ഞു. എല്ലാം കേട്ട ഉപ്പ അവനെ ചൂരല്‍കൊണ്ട് പൊതിരെ തല്ലി. അവന്‍ വാവിട്ട് നിലവിളിച്ചു. പിന്നെ എന്റെ നേരെ തിരിഞ്ഞ് എന്നെയും കുറേ തല്ലി. വേദനകൊണ്ട് ഞാന്‍ പുളഞ്ഞു. പ്രേമലേഖനത്തിന്റെ അര്‍ത്ഥം പോലുമറിയാത്ത അഞ്ചാം ക്ലാസ്സുകാരനായ  ഞാന്‍ രാത്രി കിടക്കപ്പായയില്‍ കിടന്ന് രാത്രി ആരും കാണാതെ  ഒരുപാട് കരഞ്ഞു. എഴുതിയതെന്തെന്നു പോലും അറിയാതെ കൈമോശം വന്ന കത്തിനെയോര്‍ത്ത് പിന്നീട് ഞാന്‍ പലപ്പോഴും ഊറിയൂറി ചിരിച്ചിട്ടുണ്ട്. അന്നത്തെ ആ ചൂരല്‍പ്രയോഗത്തില്‍ ഭയന്ന് അല്‍താഫ് ഹുസൈന്‍ പിറ്റേ ദിവസം തന്നെ ട്യൂട്ടോറിയല്‍ കോളേജിലെ പഠനം നിര്‍ത്തി അവന്റെ വീട്ടിലേക്കു മടങ്ങി. ഞാനാകട്ടേ, ഇന്നും കഥാനായികയെ കണ്ടാല്‍ അവള്‍ക്കു മുഖം കൊടുക്കാതെ മാറിനില്‍ക്കാന്‍ ശ്രമിക്കും. കുറച്ചു ദിവസം മഹാപരാധം ചെയ്ത കുറ്റവാളിയെപ്പോലെയാണ് കൂട്ടുകാര്‍ എന്നെ കണ്ടത്.

മന്ത്രിച്ചൂതിയ നൂലും ചരടും വെള്ളവും ഭക്ഷണവും നല്‍കുന്ന പതിവ് നൂറ്റാണ്ടുകളായി ഇന്ത്യയിലെ വിവിധ മതസമൂഹങ്ങളിലെ സിദ്ധന്മാര്‍ക്കിടയില്‍ വ്യാപകമായി നിലനിന്നിരുന്നു. മന്ത്രിച്ചൂതി നല്‍കപ്പെടുന്ന ഭക്ഷണമാണ് 'ഹലാല്‍' ഭക്ഷണം എന്ന രൂപേണ സമീപകാലത്ത് നടത്തപ്പെട്ട പ്രചരണം അടിസ്ഥാനരഹിതമാണ്. സത്യവും അര്‍ധസത്യവും അസത്യവും പറഞ്ഞു കേട്ടതും കേട്ടതിന്മേല്‍ കേട്ടതും ഊഹാപോഹങ്ങളും എല്ലാംകൂടി വറുത്തരച്ച് ഒരു പ്ലേറ്റില്‍ വിളമ്പുന്നത് തീര്‍ത്തും ദുരുദ്ദേശ്യത്തോടെയാണ്. ഇതു മനസ്സിലാക്കാനുള്ള വിവേകമാണ് ഒരു ശരാശരി ഭാരതീയനില്‍നിന്ന് കാലം പ്രതീക്ഷിക്കുന്നത്.          
ഞങ്ങളുടെ തറവാട് വീടിനടുത്ത് ഒരു നൊട്ടിമ്മാമയുണ്ടായിരുന്നു. വളാഞ്ചേരി കാട്ടിപ്പരുത്തി നിവാസികള്‍ക്കു  സുപരിചിതയാണവര്‍. ഞങ്ങള്‍ കാണുന്ന കാലത്ത് പ്രായാധിക്യത്താല്‍ നടു അല്പം വളഞ്ഞാണ് നടന്നിരുന്നത്. മാറ് മറക്കാന്‍ നേര്‍ത്ത ഒറ്റമുണ്ട് ഉപയോഗിച്ചിരുന്ന അവരോടൊപ്പമാണ് സഹോദരി കൂലയും താമസിച്ചിരുന്നത്. നൊട്ടിമ്മാമയുടെ മകള്‍ രണ്ട് കാലിനും സ്വാധീനമില്ലാത്തതിനാല്‍ കൈകള്‍ കുത്തി നിരങ്ങിയാണ് സഞ്ചരിക്കുക. മകളെ പരിപാലിക്കാനുള്ളതുകൊണ്ടാവണം അധികസമയവും അവര്‍ വീട്ടില്‍ തന്നെയാണ് കഴിച്ചുകൂട്ടാറ്. അല്പസ്വല്പം ചെപ്പടി വൈദ്യമൊക്കെ നൊട്ടിമ്മാമക്ക് അറിയുമെന്നാണ് സാധാരണക്കാരായ നാട്ടുകാരുടെ വിശ്വാസം. 

വയറുവേദന വരുമ്പോള്‍ 'കൊതികൂടിയതാകും' എന്നു പറഞ്ഞ്  കല്ലുപ്പും ചുവന്ന മുളകും രണ്ട് ചെറിയ ഉള്ളിയും പൊതിഞ്ഞ് ഉമ്മ എന്നെ നൊട്ടിമ്മാമയുടെ അടുത്തേക്ക് പറഞ്ഞയക്കും. ആ ചെറുപൊതിയുമായി വയറും തടവി അവരുടെ വീട്ടിലേക്ക് ഇടംവലം നോക്കാതെ ഒറ്റ നടത്തമാണ്. പുല്ലുമേഞ്ഞ മണ്‍ചുമരുള്ള കുടിലിന്റെ മുന്നില്‍ ചെന്ന് 'നൊട്ടിമ്മാമാ' എന്ന് ഉറക്കെ വിളിക്കും. ശബ്ദം കേട്ട് മകളാണ് ആദ്യം കൈ കുത്തി ഇഴഞ്ഞെത്തുക. എന്നെ കണ്ടാല്‍ അകത്തേക്ക് നോക്കി ''ഹാജ്യാരാപ്ലയുടെ മകന്‍ വന്നിട്ടുണ്ടെന്ന്'' വിളിച്ചുപറയും. കുറച്ചു കഴിഞ്ഞാല്‍ നൊട്ടിമ്മാമ പുറത്തുവരും. എന്റെ കയ്യില്‍നിന്ന് ഉമ്മ ഏല്പിച്ച പൊതി വാങ്ങി എന്തൊക്കെയോ മന്ത്രം ചൊല്ലി മൂന്ന് പ്രാവശ്യം ഊതി എന്റെ ദേഹമാസകലം ഉഴിഞ്ഞുവാങ്ങും. പിന്നെ അതില്‍നിന്ന് രണ്ട് കല്ലുപ്പും ചെറിയ ഉള്ളിയും എടുത്ത് എനിക്ക് കഴിക്കാന്‍ തരും. ഞൊടിയിടയില്‍ ഞാനത് അകത്താക്കും. കൊണ്ടുപോയ കടലാസില്‍ തന്നെ ഒരു മണി പോലും പോകാതെ ഭദ്രമായി പൊതിഞ്ഞ് തിരിച്ചു നല്‍കും. വീട്ടില്‍ കൊണ്ടുപോയി അടുപ്പിലിടാന്‍. 

ഉമ്മ ഏല്പിച്ച എട്ടണ (50 പൈസ) അവരുടെ കയ്യില്‍വെച്ച് കൊടുത്ത് മന്ത്രിച്ചു കിട്ടിയ 'നിധി'യും കൊണ്ട് ഇടവഴിയിലൂടെ തിരിഞ്ഞുനോക്കാതെ വീടും ലക്ഷ്യമാക്കി ഓടും. എന്നെയും കാത്ത് ഉമ്മ അടുക്കളയുടെ വാതില്‍പ്പടിയില്‍ത്തന്നെ നില്‍പ്പുണ്ടാകും. റിലേ ഓട്ടത്തില്‍ ബാറ്റണ്‍ വാങ്ങാന്‍ സഹഓട്ടക്കാരന്‍ നില്‍ക്കുന്നപോലെ. കിതച്ചെത്തുന്ന എന്റെ കയ്യില്‍നിന്ന് ധൃതിയില്‍ പൊതി വാങ്ങി കത്തുന്ന അടുപ്പിലേക്ക് ഒരൊറ്റ ഏറാണ്. പിന്നെ ചടപടാ എന്നൊരു പൊട്ടു കേള്‍ക്കാം. കൂടെ ശൂ എന്ന ശബ്ദത്തോടെ ഒരു കത്തലും. അതോടെ എല്ലാം ശുഭം. എന്റെ 'പള്ളേലെര്ത്തം' (വയറുവേദന) സ്വാഭാവികമായിത്തന്നെ അപ്പോഴേക്ക് പമ്പ കടന്നിട്ടുണ്ടാകും. നാട്ടിന്‍പുറങ്ങളിലെ പരസ്പര വിശ്വാസത്തിന്റെ കണ്ണികളാണ് ഇതൊക്കെയെന്നാണ് പില്‍ക്കാലത്ത് ചിന്തിച്ചപ്പോള്‍ ഒരു ചെറുചിരിയോടെ മനസ്സിലാക്കിയത്.

ഇത്തരം ഗ്രാമീണ നാട്ടുവിശ്വാസങ്ങള്‍ക്ക് എന്ത് മതം, എന്ത് ജാതി? ഇന്നുമിതൊക്കെ പല രൂപത്തിലും ഭാവത്തിലും എല്ലാ മതവിഭാഗക്കാരിലും അപൂര്‍വ്വമെങ്കിലും പഴമയുടെ തുടര്‍ കണ്ണികളായി നിലനില്‍ക്കുന്നുണ്ട്. ചിലരുടെ വിശ്വാസം മറ്റു ചിലര്‍ക്ക് അന്ധവിശ്വാസമായി തോന്നാം. അതുകൊണ്ടുതന്നെ അതിനെ വിമര്‍ശിക്കാം, എതിര്‍ക്കാം. ആരും എതിരു പറയില്ല. പക്ഷേ, ഇത്തരം പ്രവൃത്തികള്‍ നിയമം മൂലം നിരോധിക്കപ്പെടാത്ത കാലത്തോളം പൗര സ്വാതന്ത്ര്യം അനുവദിക്കപ്പെടുന്ന ഒരു നാട്ടില്‍ 'പാടില്ലാ' എന്ന് കല്പിക്കാന്‍ എങ്ങനെ സാധിക്കും? എല്ലാ മതക്കാര്‍ക്കിടയിലും നിലനില്‍ക്കുന്ന ഇത്തരം നാട്ടാചാരങ്ങളോട് എതിര്‍പ്പുള്ളവര്‍ അതിനെ നിയമം മുഖേന ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ അപവാദപ്രചരണം നടത്തി ആളുകളെ അവഹേളിക്കാനല്ല. 

(തുടരും)

ഈ അഭിമുഖം കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com