അപ്പന്റെ, വായനയുടേയും ആസ്വാദനത്തിന്റേയും ദിശ തിരിച്ചുവിട്ട പുസ്തകം

എസ്.ഡി. കോളേജില്‍ പഠിക്കുമ്പോള്‍ വായനയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അദ്ദേഹം മുന്നോട്ടു കുതിച്ചു. ശാസ്ത്രവിഷയങ്ങളാണ് പഠിക്കുന്നതെങ്കിലും അദ്ദേഹം എപ്പോഴും വായിച്ചത് നോവലുകളാണ്
അപ്പന്റെ, വായനയുടേയും ആസ്വാദനത്തിന്റേയും ദിശ തിരിച്ചുവിട്ട പുസ്തകം

എസ്.ഡി. കോളേജ് തന്നെ ധീരനാകാന്‍ പ്രേരിപ്പിച്ചു എന്നും സ്വതന്ത്രനാകാന്‍ ആവശ്യപ്പെട്ടുവെന്നും പിന്നീട് അപ്പന്‍ എഴുതിയിട്ടുണ്ട്. ഒരു കോളേജ് അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു പാസ്സായതിന്റെ സര്‍ട്ടിഫിക്കറ്റു മാത്രമല്ല നല്‍കുന്നത്. അവരുടെ ഹൃദയത്തില്‍ പ്രത്യേക സംസ്‌കാരത്തിന്റെ മുദ്രകൂടി പതിപ്പിക്കുന്നുണ്ട്. സ്വാതന്ത്ര്യത്തിന്റേയും ധീരതയുടേയും പാഠങ്ങള്‍ കൂടി ആ കോളേജ് തനിക്കു നല്‍കിയെന്ന് അപ്പന്‍ സൂചിപ്പിക്കുന്നു.

ആ കോളേജ് ജീവിതവും അവിടെ ലഭിച്ച സൗഹൃദങ്ങളും ബന്ധങ്ങളും അപ്പന്റെ പിന്നീടുള്ള ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അന്ന് ആ കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന, പിന്നീട് കവിയും സിനിമാ സംവിധായകനുമായി മാറിയ ശ്രീകുമാരന്‍ തമ്പിയുമായുള്ള സൗഹൃദം അത്തരത്തിലൊന്നാണ്. അപ്പന്‍ സസ്യശാസ്ത്ര(Botany)വും ജന്തുശാസ്ത്ര(Zoology)വും പ്രധാന വിഷയമായി പഠിച്ചു (1958-1961). തമ്പിയുടെ വിഷയം കണക്ക് ആയിരുന്നു. തമ്പി ഒരു വര്‍ഷം സീനിയറായിരുന്നു. കലയോടും സാഹിത്യത്തോടുമുള്ള സവിശേഷമായ അഭിരുചികൊണ്ട് അവര്‍ വേഗം കൂട്ടുകാരായി. രണ്ടു പേരും കെ. ബാലകൃഷ്ണന്റെ 'കൗമുദി ലീഗി'ല്‍ എഴുതിയിരുന്നു. കുറച്ചു മുതിര്‍ന്നപ്പോള്‍ പല പ്രസിദ്ധീകരണങ്ങളിലും എഴുതിത്തുടങ്ങിയ ശ്രീകുമാരന്‍ തമ്പി അന്ന് പ്രശസ്തനാണ്. കോളേജില്‍ എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാം. കോളേജ് ലൈബ്രറിയില്‍ വച്ച് അപ്പന്‍ അങ്ങോട്ടുചെന്ന് പരിചയപ്പെട്ടു.  തമ്പി ലൈബ്രറിയിലിരുന്ന് 'യുഗപ്രഭാത്' എന്ന ഹിന്ദി മാസിക വായിക്കുകയായിരുന്നു. 'തമ്പിക്ക് ഹിന്ദി സാഹിത്യത്തിലും താല്പര്യമുണ്ടോ?' എന്ന ഘനഗംഭീരമായ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ തൊട്ടുപിന്നിലെ ബഞ്ചിലിരുന്ന്  'ഇല്ലസ്‌ട്രേറ്റഡ് വീക്ക്‌ലി ഓഫ് ഇന്ത്യ' വായിക്കുന്ന ഉയരമുള്ള ചെറുപ്പക്കാരനെയാണ് കണ്ടത്. മുന്‍പ് കണ്ടിട്ടുണ്ടായിരുന്നുവെങ്കിലും സംസാരിച്ചിരുന്നില്ല. പിന്നെ വേഗത്തില്‍ പരിചയപ്പെട്ടു. വലിയ സൗഹൃദമായി. അപ്പന്‍ അല്പം മുതിര്‍ന്നയാളാണ്. അന്നത്തെ അപ്പന്റെ  രൂപത്തെപ്പറ്റി    ആത്മകഥയില്‍ ശ്രീകുമാരന്‍ തമ്പി ഇങ്ങനെ എഴുതി:

'അപ്പനെ കണ്ടാല്‍ വിദ്യാര്‍ത്ഥിയാണെന്ന് തോന്നുകയില്ല. ആലപ്പുഴ പൂങ്കാവ് സ്വദേശിയായ അപ്പന്‍ ബസില്‍നിന്നും ഇറങ്ങിവരുന്നത് കണ്ടാല്‍ കോളേജില്‍ പുതുതായി വന്ന ലക്ചററാണെന്നേ തോന്നുകയുള്ളൂ. ഒത്ത ഉയരം. സൂക്ഷ്മതയോടെ പാദങ്ങള്‍ മുന്നോട്ടുവച്ചുള്ള നടത്തം. വെള്ള മുണ്ടും വെള്ള ഷര്‍ട്ടും മാത്രമേ ധരിക്കൂ. അധികം ആരോടും സംസാരിക്കുകയില്ല. സുഹൃത്തുക്കള്‍ കുറവും.'

അന്നത്തെ അപ്പനെക്കുറിച്ചുള്ള തമ്പിയുടെ ഈ വിവരണം വളരെ സൂക്ഷ്മമാണ്. വേഷവും നടപ്പും മാത്രമല്ല, അപ്പന്റെ വ്യക്തിത്വം പോലും ആ വിവരണത്തില്‍ അടങ്ങിയിരിപ്പുണ്ട്. മറ്റുള്ളവരില്‍നിന്നും ഭിന്നനായ അപ്പനെ ഇവിടെ കാണാം. കോളേജ് വിദ്യാര്‍ത്ഥിയുടെ അടിപൊളി ഭാവങ്ങളൊന്നും യുവാവായ അപ്പനില്‍ ഇല്ലായിരുന്നു. വിദ്യാര്‍ത്ഥി ജീവിതത്തില്‍ ആര്‍ക്കുമില്ലാത്ത ഒരു തരം ഗൗരവഭാവം അന്നേ അപ്പനുണ്ടായിരുന്നു. സാഹിത്യത്തെപ്പറ്റിയും എഴുത്തിനെപ്പറ്റിയുമാണ് അപ്പന്റെ സംസാരം. സ്വകാര്യങ്ങളൊന്നും പറയാറില്ല. അപ്പന്റെ കയ്യില്‍ എപ്പോഴും ഒരു പുസ്തകമുണ്ടാകും. പാഠപുസ്തകമല്ല, സാഹിത്യഗ്രന്ഥമാകും. രാഷ്ട്രീയത്തില്‍ വലിയ താല്പര്യമില്ല. കമ്യൂണിസത്തോട് ഇഷ്ടക്കേടുണ്ട്. മുതിര്‍ന്ന ആളാണെങ്കിലും ലജ്ജാലുവാണ്. തമ്പിയുമായി വേഗത്തില്‍ അടുത്തു. കോളേജിനടുത്ത് ഒരു ക്ഷേത്രമുണ്ട്. ക്ഷേത്രത്തോട് ചേര്‍ന്ന് ഒരു കുളമുണ്ട്. താനാകുളം എന്നാണ് പേര്. മിക്ക ദിവസവും താനാകുളത്തിന്റെ കരയില്‍ ഇരുന്ന് ഇരുവരും സംസാരിച്ചു. ജീവിതത്തേയും സാഹിത്യത്തേയും കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കിട്ടു. എന്‍. മോഹനനെപ്പോലെ ഒരു കഥാകാരനാകണമെന്നാണ് അപ്പന്റെ അന്നത്തെ ആഗ്രഹമെന്ന് തമ്പി കരുതി. അപ്പന്റെ അന്നത്തെ സംഭാഷണങ്ങളില്‍നിന്നും അതാണ് തമ്പി മനസ്സിലാക്കിയത്.  'ഞാന്‍ എഴുത്തുകാരനല്ല ആസ്വാദകന്‍മാത്രം' എന്ന് അപ്പന്‍ അന്ന് പറയുമായിരുന്നു. അപ്പന്‍ എഴുതിയതൊന്നും തമ്പിയെ കാണിക്കുകയില്ല. തമ്പി തിരിച്ചാണ്. എഴുതിയ കവിതകള്‍ ആദ്യം അപ്പനെ പാടി കേള്‍പ്പിക്കും. അപ്പന്‍ അതിനെക്കുറിച്ച് നല്ല വാക്കുകള്‍ പറയും. നാളെ താനൊരു വിമര്‍ശകനാവുമെന്ന യാതൊരു സൂചനയും അദ്ദേഹം തന്നില്ല എന്നും തമ്പി ഓര്‍ക്കുന്നുണ്ട്. അപ്പനും അപ്പോള്‍ താന്‍ നാളെ വിമര്‍ശനമെഴുതുമെന്ന് കരുതിക്കാണില്ല.

ഉള്ളിലുള്ളതൊന്നും പുറത്തുകാണിക്കുന്ന സ്വഭാവം അപ്പനില്ലായിരുന്നുവെന്ന് തമ്പി എഴുതി. ഒരിക്കലും മനസ്സ് തുറക്കുകയില്ല. '...അപ്പന്റെ ഉള്ളില്‍ ധാരാളം നിഗൂഢതകളുണ്ടായിരുന്നുവെന്നു പറയാതെ വയ്യ. ഞാന്‍ എന്റെ എല്ലാ കാര്യങ്ങളും അപ്പനോട് പറയും. എന്നാല്‍, സ്വന്തം ഹൃദയം അപ്പന്‍ ഒരിക്കലും പൂര്‍ണ്ണമായി തുറക്കുകയില്ല' എന്ന് പരിഭവത്തോടെ തമ്പി തുറന്നെഴുതിയിട്ടുണ്ട്. എങ്കിലും അവര്‍ ആത്മസുഹൃത്തുക്കളായിരുന്നു. ശ്രീകുമാരന്‍ തമ്പി അപ്പന്റെ വീട്ടില്‍ പോയിട്ടുണ്ട്. അവിടെ താമസിക്കുകയും അപ്പന്റെ അച്ഛനുമായി ആശയസംവാദം നടത്തുകയും ചെയ്തിട്ടുണ്ട്. അപ്പന്റെ അച്ഛന്‍ സഹൃദയനായിരുന്നു എന്നും അച്ഛനില്‍നിന്നാവണം അപ്പന് സാഹിത്യവാസന ലഭിച്ചതെന്നും തമ്പി അഭിപ്രായപ്പെടുന്നു. കുമാരനാശാനേയും ഷേക്‌സ്പിയറേയും താരതമ്യം ചെയ്തു പഠിക്കണമെന്ന് അപ്പന്റെ അച്ഛന്‍ അഭിപ്രായപ്പെട്ടതും ആത്മകഥയില്‍ പറയുന്നുണ്ട്. അങ്ങനെ അഭിപ്രായം പറയുന്ന ആളിന് സാഹിത്യത്തെക്കുറിച്ച് നല്ല ധാരാണയുണ്ടാകുമെന്ന് ഉറപ്പാണ്. ശ്രീനാരായണഗുരുവിന്റെ കൃതികള്‍ ശ്രദ്ധിച്ചു വായിക്കണമെന്നും ആ കൃതികള്‍ക്ക് അഗാധമായ അര്‍ത്ഥങ്ങളുണ്ടെന്നും അപ്പന്റെ അച്ഛന്‍ പറഞ്ഞതായി മറ്റൊരിടത്ത് തമ്പി രേഖപ്പെടുത്തി. അതുവരെ താന്‍ ചിന്തിക്കാത്ത പലതും അദ്ദേഹത്തില്‍നിന്നും പഠിച്ചതായും ശ്രീകുമാരന്‍ തമ്പി പറയുന്നു. മഹാഭാരതത്തെ ആസ്പദമാക്കി താനൊരു ലേഖനമെഴുതിയ കാര്യം അപ്പന്റെ പിതാവിനോട് തമ്പി പറഞ്ഞു. പാഞ്ചാലിയുടെ സാന്നിദ്ധ്യം കൃഷ്ണനും കൃഷ്ണന്റെ സാന്നിദ്ധ്യം പാഞ്ചാലിയും ആഗ്രഹിച്ചിരുന്നു എന്നും ഇരുവരുടേയും മനസ്സില്‍ പ്രണയമുണ്ടായിരുന്നു എന്നും സമര്‍ത്ഥിക്കുന്ന ലേഖനമായിരുന്നു അത്. 'അക്ഷയപാത്രത്തിലെ ചീരയില' എന്നാണ് തമ്പി ലേഖനത്തിനിട്ട പേര്. ആ ലേഖനത്തിലെ ആശയം അപ്പന്റെ പിതാവ് അംഗീകരിച്ചില്ല. അതിന്റെ പരിമിതികളെക്കുറിച്ച് പറഞ്ഞു.  മഹാഭാരതം മുഴുവന്‍ നന്നായി പഠിച്ച ശേഷം വീണ്ടും എഴുതണം എന്നാണ് തമ്പിക്ക് അപ്പന്റെ പിതാവ് കൊടുത്ത ഉപദേശം. പിതാവ് സഹൃദയനായിരുന്നു, സ്വതന്ത്രമായി ചിന്തിക്കുന്ന ആളായിരുന്നു എന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് ആവശ്യമില്ല. അച്ഛനില്‍നിന്നും പൈതൃകമായിത്തന്നെ അപ്പന് സാഹിത്യവാസന ലഭിച്ചു എന്നാണ് ശ്രീകുമാരന്‍ തമ്പി പറയുന്നത്.
       
 

ശ്രീകുമാരന്‍ തമ്പി
ശ്രീകുമാരന്‍ തമ്പി

കഥാകാരനായ അപ്പന്‍

അപ്പന്‍  ആദ്യമെഴുതിയത് സാഹിത്യവിമര്‍ശനം ആയിരുന്നില്ല. ചെറുകഥകളാണ് എഴുതി തുടങ്ങിയത്. അപ്പന്‍ എസ്.ഡി. കോളേജില്‍ പഠിക്കുന്ന കാലത്ത് നിരവധി ചെറുകഥകളെഴുതി. കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച 'രാജി മോളേ കണ്ണ് തുറന്നേ' എന്ന കഥ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. 1960 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കെ. ബാലകൃഷ്ണന്റെ  'കൗമുദി വാരിക'യില്‍ 'മിന്നല്‍പ്പിണരുകള്‍', 'കരയു എന്‍ പ്രിയ സോദരീ', 'വെള്ള സില്‍ക്കും റോസ്' എന്നീ കഥകള്‍ പ്രസിദ്ധീകരിച്ചു. കൗമുദിയില്‍ 1964ല്‍ 'നിഴലും നിലാവും' എന്ന കഥ എഴുതി. ഈ കഥകളിലെല്ലാം കാവ്യാത്മകമായ ഭാഷയും റൊമാന്റിക് ഭാവങ്ങളും കാണാം. 'രാജി മോളേ കണ്ണ് തുറന്നേ' എന്ന കഥ അന്ന് ധാരാളം വായനക്കാര്‍ ആസ്വദിച്ച കഥയാണ്. രാജി മോള്‍ എന്ന കൊച്ചു പെണ്‍കുട്ടിയുടെ ഹൃദയജാലകങ്ങള്‍ മലര്‍ക്കെ തുറന്നിടുകയാണ് 'കഥാകാരന്‍.' ഹൃദ്യമായ ഭാഷയും ഭാവനയും ഉപയോഗിച്ച് ശൈശവത്തിന്റെ മധുരഭാവങ്ങള്‍ ചിത്രീകരിക്കുന്ന കഥയാണത്. കഥ തുടങ്ങുന്നതിനു മുന്‍പ് കഥാകാരന്‍ കഥയില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ട് ചിലതു പറയുന്നുണ്ട്. അത് അന്‍പതുകളിലെ കഥകളില്‍ കാണാത്ത രീതിയാണ്. കഥയില്‍ കഥാകാരന്‍ പ്രത്യക്ഷപ്പെടുന്ന ഒരുതരം 'പോസ്റ്റ് മോഡേണ്‍' രീതി! 'റോസാദലങ്ങളോളം മൃദുലകോമളമായ ഒരു ഹൃദയത്തിലേക്ക് ഞാന്‍ കടന്നുചെല്ലുന്നു' എന്ന് ആദ്യം കഥാകാരന്‍ പറയുന്നു. മഞ്ഞിന്റെ നൈര്‍മല്യമുള്ള ഒരു കൊച്ചുഹൃദയത്തിന്റെ തുടിപ്പുകള്‍ അതേപടി നിങ്ങളിലേക്ക് പകര്‍ന്നുതരാന്‍ തന്റെ പ്രതിഭയ്ക്ക് കഴിയില്ല എന്ന് കഥാകാരന്‍ പിന്നീട് ഏറ്റുപറയുന്നു  എങ്കിലും ഈ കൊച്ചു മിടുക്കിയെ ഞാന്‍ നിങ്ങളുടെ മുന്‍പില്‍ നിര്‍ത്തുന്നു. നോക്കൂ, വെള്ളയില്‍ നീല പൂക്കളുള്ള ഫ്രോക്ക് ധരിച്ച എന്റെ രാജിമോള്‍! എന്നു പറഞ്ഞ് കഥ ആരംഭിക്കുന്നു. അന്നത്തെ നിലയില്‍ പുതുമയുള്ള തുടക്കമായിരുന്നു അത്. എസ്.ഡി. കോളേജില്‍ പഠിക്കുമ്പോള്‍ ഒരു കഥാകൃത്ത് എന്ന പേര് ചെറിയ രൂപത്തിലെങ്കിലും അപ്പനു ലഭിച്ചു. അതുകൊണ്ടാണ് ഭാവിയില്‍ അപ്പന്‍ ഒരു കഥാകൃത്താവുമെന്ന് ശ്രീകുമാരന്‍ തമ്പി പ്രതീക്ഷിച്ചത്. പൊതുവെ പറഞ്ഞാല്‍ റൊമാന്റിക് സ്വഭാവങ്ങള്‍ പുലര്‍ത്തുന്ന കഥകളാണ് ഇവയെല്ലാം. അന്നത്തെ മലയാളിയുടെ ഭാവുകത്വവുമായി പൊരുത്തപ്പെട്ടു പോകുന്ന കഥകള്‍. എം.ടിയുടേയും എന്‍. മോഹനന്റേയും കഥാപാരമ്പര്യത്തില്‍ പെടുന്ന കഥകള്‍. പിന്നീട് അദ്ദേഹം സാഹിത്യവിമര്‍ശനത്തില്‍  രൂപപ്പെടുത്തിയ സൗന്ദര്യ ദര്‍ശനത്തിനു നേരേ വിപരീതമായ സ്വഭാവം പുലര്‍ത്തുന്നവയായിരുന്നു ആ കഥകള്‍.

യുവത്വത്തിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളുമുണ്ടായിരുന്നു അന്ന് അപ്പന്. നേരത്തെ സൂചിപ്പിച്ച പോലെ ശ്രീകുമാരന്‍ തമ്പി അന്ന് കോളേജില്‍ പ്രസിദ്ധനാണ്, ഒരെഴുത്തുകാരന്‍ എന്ന നിലയില്‍. കൗമുദിയിലും മറ്റു പ്രസിദ്ധീകരണങ്ങളിലും അദ്ദേഹം നിരന്തരം എഴുതി. കോളേജില്‍ ആരാധകരുണ്ടായിരുന്നു. അപ്പന്റെ ക്ലാസ്സില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി തമ്പിയെ പ്രേമിക്കുന്നതായി അപ്പന്‍ ഒരു ദിവസം തമ്പിയെ അറിയിച്ചു. കുട്ടിയെ കാണിച്ചുകൊടുക്കുകയും ചെയ്തു, പക്ഷേ, അവളെ തിരിച്ച് തമ്പി പ്രേമിക്കരുതെന്നും വിവാഹം കഴിക്കരുതെന്നും അപ്പന്‍ ഉപദേശിച്ചു. കാരണം അവള്‍ക്ക് തമ്പിയുടെ ഭാര്യയാകുവാന്‍ യോഗ്യതയില്ല! ഇതാണ് അപ്പന്റെ നിലപാട്. എന്നാല്‍, ആ പെണ്‍കുട്ടിയെ അപ്പന്‍ പ്രേമിച്ചിരുന്നുവെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അപ്പന്റെ ചില കൂട്ടുകാര്‍ കരുതുന്നുണ്ട്. ഇത്തരം ഹൃദയരഹസ്യങ്ങളൊന്നും അപ്പന്‍ ആരുമായും പങ്കുവയ്ക്കില്ലായിരുന്നു. അപ്പന്റെ ഉള്ളറിഞ്ഞവര്‍ ആരുമില്ല!

കോളേജടച്ച് എല്ലാവരും പിരിയുന്നതിനു മുന്‍പ് താനാകുളത്തിന്റെ കരയില്‍ അപ്പനും തമ്പിയും പോയി ഇരുന്നു. തമ്പി താനെഴുതിയ 'കനകാംബര പൂക്കള്‍' എന്ന കവിത ചൊല്ലി. 'എങ്ങിരുന്നാലും നിന്റെ മുടിപൂവുകള്‍ക്കുള്ളില്‍ മഞ്ഞുതുള്ളിയായ് എന്റെ കണ്ണീര്‍ക്കണം കാണും' എന്ന കാല്പനിക ഭാവഗീതം പാടി തമ്പി വികാരാധീനനായപ്പോള്‍ അപ്പന്‍ പറഞ്ഞു: (അവള്‍) കവിതയ്ക്ക് ശക്തി പകര്‍ന്നു, ശരി തന്നെ. പക്ഷേ, അവള്‍ തമ്പിയുടെ ഭാര്യയാകാന്‍ യോഗ്യയല്ല. ഇതൊക്കെ ആത്മകഥയില്‍ തമ്പി വിവരിക്കുന്നതാണ്. എന്നാല്‍, പിന്നീടുള്ള അപ്പന്റെ ജീവിതം പരിശോധിച്ചാല്‍ ഇത്തരം മെലോഡ്രാമകള്‍ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നില്ല എന്ന് കാണാം. കോളേജില്‍നിന്നും പുറത്തുവന്നതിനു ശേഷം ശ്രീകുമാരന്‍ തമ്പിയുമായുള്ള സുഹൃദ്ബന്ധം അപ്പന്‍ തുടര്‍ന്നില്ല. തമ്പി പല കത്തുകളയച്ചു. അപ്പന്‍ മറുപടി എഴുതിയില്ല. വളരെ വര്‍ഷങ്ങള്‍ക്കു ശേഷം തമ്പി ഒരു ദിവസം അപ്രതീക്ഷിതമായി കൊല്ലത്ത് അപ്പന്റെ വീട്ടില്‍ വന്നു സൗഹൃദം പുനഃസ്ഥാപിച്ചു. പൊതുവേ പറഞ്ഞാല്‍ കൂട്ടുകാരുമായി ആത്മബന്ധം സ്ഥാപിക്കുവാന്‍ പറ്റിയ മനസ്സല്ല അപ്പന്റേത്. എത്ര അടുപ്പമുണ്ടെങ്കിലും കൃത്യവും മാന്യവുമായ ഒരകലം പാലിക്കുവാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു.

എസ്.ഡി. കോളേജില്‍ പഠിക്കുമ്പോള്‍ വായനയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അദ്ദേഹം മുന്നോട്ടു കുതിച്ചു. ശാസ്ത്രവിഷയങ്ങളാണ് പഠിക്കുന്നതെങ്കിലും അദ്ദേഹം എപ്പോഴും വായിച്ചത് നോവലുകളാണ്. ചെറുപ്പകാലം മുതല്‍ ഫിക്ഷനിലാണ് താല്പര്യം. കുമാരനാശാന്റേയും ഇടപ്പള്ളിയുടേയും ചങ്ങമ്പുഴയുടേയും ജി. ശങ്കരക്കുറുപ്പിന്റേയുമെല്ലാം കവിതകളും ഇടയ്ക്ക് വായിക്കുമെങ്കിലും കഥകളും നോവലുകളുമാണ് അദ്ദേഹത്തിന് വായനയുടെ ലഹരിയും ആനന്ദവും നല്‍കിയത്. സി.വിയുടേയും ബഷീറിന്റേയും തകഴിയുടേയും മറ്റും കൃതികള്‍ ആവര്‍ത്തിച്ചു വായിച്ചു. കൃതികള്‍ ആവര്‍ത്തിച്ചു വായിക്കുന്ന ശീലം അപ്പന് എന്നുമുണ്ടായിരുന്നു. കഥയറിയുവാന്‍ വേണ്ടിയുള്ള വായനയല്ലായിരുന്നു അപ്പന്റേത്. കൃതിയുടെ ഉള്ളിലുള്ളതെല്ലാം ഊറ്റിയെടുക്കുന്ന രീതി ആദ്യകാലം മുതലുണ്ട്. ഈ ശീലമാകാം കൃതികളെ വിലയിരുത്തുന്ന വിമര്‍ശനത്തിന്റെ ലോകത്തേക്ക് അദ്ദേഹത്തെ നയിച്ചത്. എല്ലാവരും പ്രകീര്‍ത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഫലിതം അപ്പനിഷ്ടമായില്ല. ബഷീറില്‍ ഒരു മിസ്റ്റിക്കിനെ കാണുവാനായിരുന്നു താല്പര്യം. ആദ്യം വായിച്ചപ്പോള്‍ ആവേശമുണര്‍ത്തിയ ബങ്കിം ചന്ദ്രന്റെ 'ദുര്‍ഗ്ഗേശനന്ദിനി'യെക്കാള്‍ സി.വിയുടെ 'രാമരാജബഹദൂര്‍' ഇഷ്ടപ്പെട്ടു. തകഴിയുടെ 'രണ്ടിടങ്ങഴി'യെക്കാള്‍ 'ചെമ്മീന്‍' മികച്ചതായി തോന്നി. ഇഷ്ടത്തില്‍ വന്ന ഈ വലിയ മാറ്റം അപ്പന്റെ വായനയുടെ വളര്‍ച്ചയേയും സൗന്ദര്യബോധത്തിന്റെ വികാസത്തേയും എടുത്തു കാണിക്കുന്നു. സാഹിത്യകൃതികളെ വിലയിരുത്തുവാനുള്ള പാടവം അപ്പന്‍ നേടിയെടുത്തു കഴിഞ്ഞു. 

വൈക്കം മുഹമ്മദ് ബഷീര്‍
വൈക്കം മുഹമ്മദ് ബഷീര്‍

കോളേജിലും പുറത്തും നടന്ന സാഹിത്യസാംസ്‌കാരിക സമ്മേളനങ്ങളില്‍ പങ്കെടുത്ത് പുതിയ പുതിയ അറിവിന്റെ ലോകങ്ങള്‍ നേടിയെടുക്കുവാനും അപ്പന് സാധിച്ചു. ആലപ്പുഴ ആനിബസന്റ് ഹാളില്‍ നടന്ന ഒരു സാഹിത്യസമ്മേളനത്തെക്കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. കൈനിക്കര പത്മനാഭ പിള്ള അധ്യക്ഷന്‍. കെ. ബാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേശവദേവും എം. കൃഷ്ണന്‍ നായരും പ്രസംഗിച്ചു. തന്റെ ബോധചക്രവാളങ്ങളെ വികസിപ്പിച്ച, ബുദ്ധിയെ ഉണര്‍ത്തിയ വാക്കുകളാണ് അവിടെ കേട്ടതെന്ന് അദ്ദേഹം എഴുതി. ആശയങ്ങളെ വികാരങ്ങളാക്കി മാറ്റി പ്രസംഗിച്ച ബാലകൃഷ്ണന്റെ വാക്കുകള്‍ മറക്കുവാനാവാത്തതാണ്. കെ. ബാലകൃഷ്ണന്റെ ഇംഗ്ലീഷിലുള്ള മനോഹരമായ പ്രസംഗം കോളേജില്‍ വച്ചു കേട്ടിട്ടുണ്ട്. കോളേജില്‍ തകഴിയും വൈക്കം ചന്ദ്രശേഖരന്‍ നായരും മറ്റും സാഹിത്യസമ്മേളനങ്ങളില്‍ പങ്കെടുത്തു. അതൊക്കെ യുവാവായ അപ്പനു വലിയ സാഹിത്യബോധമാണ് സമ്മാനിച്ചത്. അക്കാലത്ത് ആലപ്പുഴ വച്ച് അപ്പന്‍ ഇടയ്ക്കിടെ തകഴിയെ കാണുമായിരുന്നു. അന്ന് ഒന്നും സംസാരിക്കാന്‍ പറ്റിയില്ല. ആ വലിയ എഴുത്തുകാരന്റെ നാടന്‍ മട്ടും നാടന്‍ വാക്കും ദൂരെനിന്ന് ആസ്വദിക്കും. തകഴിയുടെ താംബൂലാര്‍ദ്രമായ ചിരി അന്നേ മനസ്സില്‍ പതിഞ്ഞു. അപ്പന്‍ സാഹിത്യനിരൂപണ രംഗത്ത് ശ്രദ്ധേയനായി മാറിയപ്പോള്‍ തകഴി അപ്പന്റെ വീട്ടില്‍ വന്നു കണ്ടിട്ടുണ്ട്. 

കോളേജില്‍ എത്തിയപ്പോള്‍ വിദേശ സാഹിത്യകൃതികളും വായിച്ചുതുടങ്ങി. ഇംഗ്ലീഷില്‍ രചിക്കപ്പെട്ട ഡിക്‌റ്റെറ്റീവ് നോവലുകള്‍ ധാരാളം വായിച്ചു. തുടര്‍ന്ന് ഗൗരവമുള്ള നോവലുകള്‍ വായിച്ചു. ഹെമിങ് വേയുടേയും ഹെര്‍മന്‍ മെല്‍വിലിയുടേയും പ്രശസ്ത നോവലുകളിലേക്ക് അനായാസം പ്രവേശിച്ചു. ഹെമിങ് വേയുടെ 'കിഴവനും കടലും' എന്ന നോവലിനെ തകഴിയുടെ 'ചെമ്മീന്‍' എന്ന നോവലുമായി താരതമ്യപ്പെടുത്തി ചിന്തിച്ചു. വിദേശ സാഹിത്യം ആവേശപൂര്‍വ്വം വായിച്ചുതുടങ്ങിയ അപ്പനെ അന്ന് കോളേജില്‍ പഠിക്കുമ്പോള്‍ ഏറ്റവും ആകര്‍ഷിച്ച എഴുത്തുകാരന്‍ തോമസ് ഹാര്‍ഡിയാണ്. ഹാര്‍ഡിയുടെ നോവല്‍ പഠിക്കുവാനും ഉണ്ടായിരുന്നു. 'വെസക്‌സ്' നോവലുകളില്‍ മിക്കതും അന്നു വായിച്ചു എന്ന് അദ്ദേഹം പിന്നീട് എഴുതിയിട്ടുണ്ട്.  ആ വായനയിലൂടെ പുതിയൊരു സാഹിത്യസംസ്‌കാരം ആര്‍ജ്ജിച്ചെടുക്കുവാന്‍ അപ്പനു  സാധിച്ചു. 
                                     
ആലപ്പുഴ എസ്.ഡി. കോളേജില്‍ അപ്പനെ പഠിക്കുവാന്‍ അയക്കുമ്പോള്‍ മാതാപിതാക്കന്മാരുടെ മോഹം മകന്‍ ഡോക്ടര്‍ ആകണമെന്നാണ്. അതിനുവേണ്ടിയാണ് ബോട്ടണിയും സുവോളജിയും പഠിപ്പിക്കാനയച്ചത്. എന്നാല്‍, അപ്പന്‍ ശാസ്ത്രവിഷയങ്ങളേക്കാള്‍ സാഹിത്യം വായിക്കുകയും പഠിക്കുകയും ചെയ്തു. ധാരാളം വായിച്ചു. കഥകള്‍ എഴുതി. സാഹിത്യ രംഗത്ത് പ്രവേശിക്കുകയും ചെയ്തു. ഡിഗ്രി കഴിയുമ്പോഴേക്കും ഭാവിയില്‍ സാഹിത്യം പഠിക്കണമെന്ന് അപ്പന്‍ തീരുമാനം എടുത്തുകാണും. സാഹിത്യാഭിരുചിയിലും സാഹിത്യത്തോടുള്ള കാഴ്ചപ്പാടിലും അടിസ്ഥാനപരമായ വലിയ മാറ്റങ്ങളുണ്ടാക്കിയ ഒരു സംഭവവും എസ്.ഡി. കോളേജില്‍ പഠിക്കുന്ന വേളയിലുണ്ടായി. ഒരദ്ധ്യാപകന്റെ അര്‍ത്ഥവത്തായ വാക്കുകള്‍  അദ്ദേഹത്തിന്റെ ചിന്തയേയും സാഹിത്യഭാവനയേയും വഴിതിരിച്ചു വിട്ട കഥയാണത്. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അതു പ്രധാനമാണ്. ഒരാളുടെ ചിന്ത, അതും ഒരെഴുത്തുകാരന്റെ ചിന്ത വഴി മാറിയൊഴുകുന്നത് വളരെ പ്രധാനപ്പെട്ടതാണ്. അക്കഥ വിശദമായി പറയേണ്ടതാണ്.

ഭാവുകത്വം മാറുന്നു

അറിവു പകര്‍ന്നു കൊടുക്കുന്നവരാണ് അദ്ധ്യാപകര്‍. നിശ്ചയമായും ഒരദ്ധ്യാപകന്‍ പാഠപുസ്തത്തിലെ വിവരങ്ങളും അറിവുകളും വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുകൊടുത്ത് അവരെ മത്സര പരീക്ഷകളെഴുതുവാന്‍ പ്രാപ്തിയുള്ളവരാക്കി മാറ്റുന്നു. ഒപ്പം തന്നെ വിദ്യാര്‍ത്ഥികളുടെ അഭിരുചികളും ജന്മവാസനകളും വികസിപ്പിച്ച് മുന്നോട്ടുപോകുവാനുള്ള വഴികള്‍ കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യം തന്നെയാണത്. അദ്ധ്യാപകന്റെ ഒരു വാക്ക്, ഒരു നോട്ടം, ഒരു സൂചന, ഒരു ചോദ്യം, ഒരഭിപ്രായം  ഇതൊക്കെ വിദ്യാര്‍ത്ഥികളുടെ ജീവിതത്തെ മാറ്റിമറിച്ചു എന്നുവരാം. ഇതൊക്കെ അദ്ധ്യാപകര്‍ ബോധപൂര്‍വ്വം ചെയ്തതാകണമെന്നില്ല. കുറെ ഉപദേശങ്ങള്‍ യാന്ത്രികമായി കൊടുത്തതുകൊണ്ട് മാത്രം വിദ്യാര്‍ത്ഥി നന്നാവണമെന്നില്ല. എന്നാല്‍, കൃത്യസമയത്ത് ഔചിത്യത്തോടെ ഗുരു പുറപ്പെടുവിക്കുന്ന വാക്കുകള്‍ ശിഷ്യന്മാരില്‍ ബുദ്ധിപരമായ കൊടുങ്കാറ്റുകള്‍ വരെ സൃഷ്ടിച്ചുവെന്നു വരാം. എഴുത്തിന്റേയും ചിന്തയുടേയും രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ ഒരു പുസ്തകമോ ഒരാശയത്തിന്റെ ശകലമോ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ചിന്തയുടെ നവീകരണത്തിലൂടെ മറ്റൊരാളായി മാറാറുമുണ്ട്. ഇങ്ങനെയൊരു മാറ്റം കെ.പി. അപ്പന് എസ്.ഡി കോളേജില്‍ പഠിക്കുമ്പോള്‍ സംഭവിച്ചു.

കെ ബാലകൃഷ്ണന്‍
കെ ബാലകൃഷ്ണന്‍

ആ കോളേജില്‍ അപ്പന്‍ പഠിക്കുമ്പോള്‍ മഹാന്മാരായ അദ്ധ്യാപകരുടെ വന്‍നിര തന്നെയുണ്ട്. ഇംഗ്ലീഷ് വകുപ്പില്‍ ലക്ഷ്മി മഹാലിംഗം, ബാലിഗാ സാര്‍, മലയാളം വകുപ്പില്‍ രാമവര്‍മ്മ തമ്പുരാന്‍, എന്നിങ്ങനെ നിരവധി അദ്ധ്യാപകര്‍ അന്നുണ്ടായിരുന്നു. ബാലിഗാ സാര്‍ ഒമര്‍ഖയാലിന്റെ റൂബൈയാത്തിലെ വരികള്‍ ചൊല്ലിയത് ആഘാതപ്രേരണയായി തന്നില്‍ നിറഞ്ഞുവെന്ന് അദ്ദേഹം പറയുന്നുണ്ട്. തമ്പുരാന്‍ സാറും തന്നെ സ്വാധീനിച്ചു. എന്നാല്‍, ഇംഗ്ലീഷ് സാഹിത്യം പഠിപ്പിച്ച ലക്ഷ്മി ലിംഗം എന്ന അദ്ധ്യാപകനാണ് വേറൊരു വഴി, വേറൊരു കാഴ്ചപ്പാട് അപ്പന് നല്‍കിയത്. അത് അപ്പന്‍ നന്നായി വിവരിച്ചിട്ടുണ്ട്.

അപ്പന്‍ നിരന്തരം വായിക്കുകയും ഇടയ്ക്കു കഥകളെഴുതുകയും ചെയ്തിരുന്ന കാലമാണ്. പുതുമകള്‍ക്കുവേണ്ടിയും പുതിയ ആശയങ്ങള്‍ക്കുവേണ്ടിയും വ്യത്യസ്ത സൗന്ദര്യ സങ്കല്പങ്ങള്‍ക്കു വേണ്ടിയും ദാഹിച്ചിരുന്ന സമയമായിരുന്നു അത്. മനസ്സ് സര്‍ഗ്ഗാത്മകമായിരുന്നു. തോമസ് ഹാര്‍ഡിയുടെ ആരാധകനായിരുന്നു അന്ന് അദ്ദേഹം. 'ടെസ്സ്' എന്ന ഹാര്‍ഡിയുടെ നോവല്‍ കെ.പി. അപ്പന്‍ എന്ന മനുഷ്യനേയും വിമര്‍ശകനേയും വല്ലാതെ 'ആക്രമിച്ചു കീഴടക്കിയ' നോവലാണ്. ആ നോവല്‍ അക്കാലത്ത് അദ്ദേഹം ആവര്‍ത്തിച്ചു വായിച്ചു. ജീവിതത്തിന്റെ അവസാനം വരെ അതിലെ വാക്കുകളും ആശയങ്ങളും അദ്ദേഹത്തെ പിന്തുടര്‍ന്നു പീഡിപ്പിച്ചു എന്നു തന്നെ പറയാം. ഹാര്‍ഡിയുടെ നോവലുകളില്‍ വിധി മനുഷ്യജീവിതത്തിന്റെ മേല്‍ നടത്തുന്ന  കടന്നാക്രമണം അദ്ദേഹത്തെ നടുക്കി. നോവലുകളിലെ ദുരന്തദര്‍ശനത്തിന്റെ സാന്നിദ്ധ്യവും ദുഃഖത്തിന്റെ കാളിമയും അപ്പനെ വശീകരിച്ചു. ദുരന്തദര്‍ശനത്തിന്റെ സൗന്ദര്യവും മനുഷ്യ മനസ്സിനെ വശീകരിക്കുവാനുള്ള അതിന്റെ  കഴിവും അദ്ദേഹം മനസ്സിലാക്കി. വിധി നോവലിലെ നായികയായ ടെസ്സിന്റെ ജീവിതത്തിന്റെ മേല്‍ നടത്തിയ സംഹാരതാണ്ഡവം മനുഷ്യജീവിതത്തിന്റെ അര്‍ത്ഥശൂന്യതയിലേക്ക് അപ്പനെ പറഞ്ഞുവിട്ടു എന്നുതന്നെ പറയാം. ജീവിതത്തെക്കുറിച്ച് ആഴത്തിലാലോചിക്കുന്ന എഴുത്തുകാരില്‍ അഗാധമായ ദുരന്തബോധം രൂപപ്പെടുമെന്ന കാര്യം 'ടെസ്സ്' വായിച്ചതോടെ അപ്പനില്‍ ദൃഢമായി. അപ്പന്റെ സാഹിത്യ സങ്കല്പത്തിന്റേയും വിമര്‍ശന സങ്കല്പത്തിന്റേയും അടിസ്ഥാനം ഈ ദുരന്തദര്‍ശനമാണ്. 'ടെസ്സും' മറ്റു  നോവലുകളും വായിച്ച് യുവാവായ അപ്പന്‍ തോമസ് ഹാര്‍ഡിയുടെ ആരാധകനായി മാറി. അതിനെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്നും തോന്നി. ഹാര്‍ഡിയുമായുള്ള ആ 'സൗഹൃദക്കുരുക്ക്' അദ്ദേഹത്തിനു മാധുര്യമേറിയ ഒരുതരം അസ്വസ്ഥത സമ്മാനിച്ചു. അതിനെക്കുറിച്ച് എന്തെങ്കിലും എഴുതണമെന്ന് അദ്ദേഹത്തിനു തോന്നി. നിരൂപണകല സമ്മാനിക്കുന്ന 'പ്രസവവേദന' അദ്ദേഹമനുഭവിച്ചു എന്നുതന്നെ പറയാം. അപ്പോള്‍ ആലപ്പുഴ എസ്.ഡി. കോളേജില്‍ പഠിക്കുമ്പോള്‍ എഴുതുവാന്‍ കഴിഞ്ഞില്ല. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ 'കന്നി പ്രസവം' നടക്കുകയും ചെയ്തു. അതിനെക്കുറിച്ച് പിന്നീട് പറയുന്നുണ്ട്. ഏതായാലും ഈ അസ്വസ്ഥത ആരുമായെങ്കിലും പങ്കിടണമെന്ന് അദ്ദേഹം തീരുമാനിച്ചുറച്ചു.
                                       
ഹാര്‍ഡിയില്‍നിന്ന് ടോള്‍സ്റ്റോയിയിലേക്ക്

തോമസ് ഹാര്‍ഡിയെപ്പറ്റി സംസാരിക്കുവാന്‍ പറ്റിയ കൂട്ടുകാര്‍ ആരുമുണ്ടായിരുന്നില്ല. അദ്ധ്യാപകരുണ്ട്. പക്ഷേ, അവരുമായി സംസാരിക്കാന്‍ വേണ്ട ധൈര്യം അപ്പോഴില്ലായിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം അപ്പന്‍ കോളേജ് ലൈബ്രറിയിലിരുന്ന് വായിക്കുകയായിരുന്നു. ലൈബ്രറിയില്‍ ധാരാളം കുട്ടികളുണ്ട്. കുറച്ച് അദ്ധ്യാപകരും. അപ്പോള്‍ അവിടേക്ക് ഇംഗ്ലീഷ് അദ്ധ്യാപകന്‍ പ്രൊഫ. ലക്ഷ്മി നരസിംഹം കടന്നുവന്നു. പെട്ടെന്ന് ഒരാശയം തോന്നി. അദ്ദേഹവുമായി 'ടെസ്സി'നെക്കുറിച്ചും ഹാര്‍ഡിയെക്കുറിച്ചും സംസാരിക്കാം. എന്നാല്‍, അദ്ദേഹത്തെ സമീപിക്കുവാന്‍ മടി തോന്നി. ഒടുവില്‍ വളരെ പണിപ്പെട്ട് ധൈര്യം സംഭരിച്ച് ലജ്ജാലുവായ അപ്പന്‍ പ്രൊഫ. ലക്ഷ്മി നരസിംഹത്തെ സമീപിച്ചു. അദ്ദേഹവുമായി പ്രത്യേകിച്ച് അടുപ്പമൊന്നുമില്ല. നീണ്ടു മെലിഞ്ഞ് വാര്‍ദ്ധക്യത്തിന്റെ പ്രയാസങ്ങളുമായി കഴിയുന്ന ആളാണ് അദ്ദേഹം. അദ്ദേഹം നല്ല പണ്ഡിതനാണ്, സഹൃദയനാണ് എന്നൊക്കെ അപ്പനറിയാം. പക്ഷേ, കുട്ടികളുമായി കൂടുതല്‍ ബന്ധപ്പെടുന്ന ആളുമല്ല. അദ്ദേഹം കാര്യമായി ഏതോ പുസ്തകം തിരയുകയാണെന്നു മനസ്സിലായി. സംസാരിച്ചു തുടങ്ങിയാല്‍ ഇഷ്ടപ്പെടാതെ വരുമോ എന്ന സംശയവുമുണ്ടായിരുന്നു. എന്തായാലും ധൈര്യമായി അപ്പന്‍ അടുത്തുചെന്ന് സാവധാനത്തില്‍ ഹാര്‍ഡിയെപ്പറ്റി ചോദിച്ചു. അപ്പനെ ഒന്നു നോക്കിയിട്ട് തന്റെ ജോലി തുടര്‍ന്നു. പ്രതികരണം അത്ര നന്നായിരുന്നില്ല. ഒരുതരം താല്പര്യക്കുറവ്! അപ്പന്‍ ഹാര്‍ഡിയുടെ നോവലുകളിലെ വിധിയുടെ സാന്നിദ്ധ്യത്തെക്കുറിച്ചും ദുരന്തബോധത്തെക്കുറിച്ചും പതിഞ്ഞ ശബ്ദത്തില്‍ വീണ്ടും പറഞ്ഞപ്പോള്‍ പുസ്തകത്തില്‍നിന്നും നോട്ടം മാറ്റി അപ്പനെ നോക്കി. ഹാര്‍ഡിയുടെ പല നോവലുകളിലൂടെ സംസാരം നീണ്ടപ്പോള്‍ അദ്ദേഹം അപ്പന്റെ കണ്ണുകളില്‍ സൂക്ഷിച്ചു നോക്കി. ആ കണ്ണുകള്‍ തന്റെ ഉള്ളിലേക്ക്  ചൂഴ്ന്നിറങ്ങുന്നതായി അപ്പനു തോന്നി. പിന്നീട് ചില ചോദ്യങ്ങള്‍ ചോദിച്ചു. അപ്പന്‍ സൗമ്യസ്വരത്തില്‍ ഉത്തരം പറഞ്ഞു. അദ്ദേഹം കണ്ണുകളിലൂടെ തന്നെ വായിക്കുകയാണെന്ന് അപ്പന് തോന്നി. ഈ അനുഭവത്തെക്കുറിച്ച് അപ്പന്‍ എഴുതി:

തോമസ് ഹാര്‍ഡി
തോമസ് ഹാര്‍ഡി

'പിന്നീട് ചുണ്ടിന്റെ പകുതിയില്‍ വച്ച് ഒരു മുന്നറിയിപ്പുമില്ലാതെ തീര്‍ന്നുപോകുന്ന ഒരു ചിരി ചിരിച്ചു. ചിരിക്കു ശേഷം എന്നെ സൂക്ഷിച്ചു നോക്കി. ഞാനും അദ്ദേഹത്തെ ശ്രദ്ധിക്കുകയായിരുന്നു. വെള്ളി ഫ്രെയിം ഉള്ള ഗാന്ധിക്കണ്ണട, അതിന്റെ പിന്നിലെ കണ്ണുകള്‍, അവയുടെ ജലസദൃശമായ തിളക്കം എല്ലാം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. രഹസ്യങ്ങളെ ഭേദിക്കുന്ന നോട്ടമായിരുന്നു അത്.' തന്റെ ഉള്ളില്‍ തിരയടിക്കുന്ന തനിക്കിനിയും തിരിച്ചറിയാന്‍ കഴിയാത്ത അവ്യക്തമായ സൗന്ദര്യാനുഭൂതികളെ തന്റെ അദ്ധ്യാപകന്‍ മനസ്സിലാക്കിയതായി അപ്പനു തോന്നി. തന്റെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന വാസനയുടെ പൊരുള്‍ ആ അദ്ധ്യാപകനറിഞ്ഞതായും തോന്നി. ഒരു നിമിഷത്തിനു ശേഷം, കാലം ചുള്ളിക്കമ്പുകളാക്കി മാറ്റിയ വിരലുകള്‍ അപ്പന്റെ തോളില്‍ വച്ച് ഇംഗ്ലീഷില്‍ സൗമ്യമായി ചോദിച്ചു:

'...നീ എന്താണ് ടോള്‍സ്റ്റോയിയുടെ ഇവാന്‍ ഇല്യച്ചിന്റെ മരണം വായിക്കാത്തത്...?'

അത്രയും പറഞ്ഞുകഴിഞ്ഞിട്ട് അദ്ദേഹം തന്റെ ജോലി തുടര്‍ന്നു. പിന്നീടുള്ള ദിവസങ്ങള്‍ അപ്പന് ടോള്‍സ്റ്റോയിയുടെ ആ നോവല്‍ തേടിയുള്ള യാത്രകളായിരുന്നു. അല്പം ബുദ്ധിമുട്ടി നോവല്‍ സംഘടിപ്പിച്ചു വായിച്ചു. തന്റെ വായനയുടേയും ആസ്വാദനത്തിന്റേയും ദിശ തിരിച്ചുവിട്ട പുസ്തകമായിരുന്നു പ്രൊഫ. ലക്ഷ്മി നരസിംഹം നിര്‍ദ്ദേശിച്ചതെന്ന് അപ്പന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ടോള്‍സ്റ്റോയിയുടെ ആ ചെറു നോവല്‍ വായിച്ച അനുഭവങ്ങളും വിശദീകരിച്ചു. മനുഷ്യജീവിതത്തേയും മരണത്തേയും സംബന്ധിച്ച രഹസ്യങ്ങള്‍ ആ നോവല്‍ അദ്ദേഹത്തിനു പകര്‍ന്നുകൊടുത്തു. അതുവരെ വായിച്ച സാഹിത്യകൃതികളില്‍നിന്നും വളരെ വ്യത്യസ്തമായ അനുഭവങ്ങളാണ് ആ ചെറു നോവല്‍ അപ്പനു പകര്‍ന്നുകൊടുത്തത്. 

1886ല്‍ പ്രസിദ്ധീകരിച്ച ഈ നോവലില്‍ റഷ്യയിലെ പ്രാദേശിക കോടതികളിലൊന്നില്‍ ജഡ്ജിയായിരുന്ന ഇവാന്‍ ഇല്ലിച്ച് എന്ന മനുഷ്യന്റെ മരണത്തിന്റേയും അതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ജീവിതത്തിന്റേയും കഥയാണ് പ്രതിപാദിക്കുന്നത്. ഇവാന്‍ ഇല്ലിച്ചിന്റെ നാല്‍പ്പത്തഞ്ച് വര്‍ഷത്തെ ജീവിതം 'ഒട്ടും സങ്കീര്‍ണ്ണതയില്ലാത്തതും തീരെ സാധാരണവും അതുകൊണ്ടുതന്നെ ഭയപ്പെടുത്തുന്നതും' ആയിരുന്നു എന്ന് ടോള്‍സ്റ്റോയി പറയുന്നു. അത്യന്തം ലളിതമായ ഭാഷയില്‍ ഒട്ടും സങ്കീര്‍ണ്ണമല്ലാത്ത ഇതിവൃത്തത്തിലൂടെ ഗഹനമായ മനുഷ്യജീവിത രഹസ്യങ്ങള്‍ ടോള്‍സ്റ്റോയി പ്രകാശിപ്പിച്ചു. മരണത്തിന്റെ മുന്‍പില്‍ മനുഷ്യന്‍ അനുഭവിക്കുന്ന നിസ്സഹായതയും മനുഷ്യബന്ധങ്ങളിലെ ആപല്‍ക്കരങ്ങളായ കപടനാട്യങ്ങളും ഏറ്റവും ശക്തമായി ഹൃദയസ്പര്‍ശിയായ രീതിയില്‍ ടോള്‍സ്റ്റോയി ചിത്രീകരിച്ചത്   അപ്പനെ ആന്തരികമായി മാറ്റിമറിച്ചു. തനിക്കു മാരകമായ രോഗം പിടിപെട്ടപ്പോള്‍ ബന്ധുക്കളും കൂട്ടുകാരും സഹപ്രവര്‍ത്തകരും ആഹ്ലാദിക്കുന്നത് ഞെട്ടലോടെ ഇവാന്‍ ഇല്ലിച്ച് അറിഞ്ഞു. മാത്രമല്ല, തന്റെ മരണം അവരെല്ലാം കാംക്ഷിക്കുന്നതായും മനസ്സിലായി. മനുഷ്യരുടേയും ദൈവത്തിന്റേയും ഹൃദയശൂന്യതയെപ്പറ്റി ഓര്‍ത്തപ്പോള്‍ അദ്ദേഹം നുറുങ്ങിപ്പോയി. ദൈവത്തോട് ഇപ്രകാരം ചോദിക്കുകയും ചെയ്തു:

ടോള്‍സ്‌റ്റോയി
ടോള്‍സ്‌റ്റോയി

'എന്നെ നീ എന്തിനിങ്ങനെ ചെയ്തു? എന്തിനിവിടെ കൊണ്ടുവന്നാക്കി. ഇത്രമേല്‍ ഭീകരമായി എന്തിനിനിയെന്നും പീഡിപ്പിക്കുന്നു ദൈവമേ?'

എല്ലാവരില്‍നിന്നും ഒറ്റപ്പെട്ട ഇവാന്‍ ഇല്ലിച്ച് സമുദ്രാന്തര്‍ഭാഗത്തോ ഭൂഗര്‍ഭത്തിലോ ഉള്ളതിനെക്കാള്‍ കടുത്ത ഏകാന്തതയനുഭവിച്ചു. ആ പുസ്തകത്തില്‍, ടോള്‍സ്റ്റോയിയുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ 'ദൈവത്തിന്റെ നിരീശ്വരത്വ'മാണ് നാം കാണുന്നതെന്ന് അപ്പന്‍ വിശദീകരിച്ചിട്ടുണ്ട്. 'ദൈവത്തിന്റെ നിരീശ്വരത്വം' എന്ന ടോള്‍സ്റ്റോയിയുടെ ആശയം പിന്നീട് ചില ലേഖനങ്ങളില്‍ അപ്പന്‍ ഉപയോഗിച്ചിട്ടുണ്ട്. കാന്‍സറിന്റെ ദുഷ്ടമായ കേളികള്‍ സൃഷ്ടിക്കുന്ന ശരീരനാശത്തിന്റെ കഥ പറയുന്ന ആ കൃതി മനുഷ്യജീവിതത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചു എന്നും അപ്പന്‍ എഴുതി. മനുഷ്യജീവിതത്തെ വേറൊരു കാഴ്ചപ്പാടില്‍ വീക്ഷിക്കുവാന്‍ ആ നോവല്‍ പ്രേരിപ്പിച്ചു. ആ കൃതി വായിച്ചതിനുശേഷം അത് വായിക്കുന്നതിനു മുന്‍പുള്ള തന്റെ മാനസികാവസ്ഥയിലേക്കു തിരിച്ചുപോകുവാന്‍ തനിക്ക് കഴിയില്ല എന്ന് അദ്ദേഹം മനസ്സിലാക്കി. ആന്തരികമായ മാറ്റം വളരെ വലുതായിരുന്നു എന്നര്‍ത്ഥം.

പ്രൊഫ. ലക്ഷ്മി നരസിംഹവും അപ്പനും തമ്മിലുള്ള ഈ സംഭാഷണം നടന്നത് 1959-1960 വര്‍ഷങ്ങളില്‍ ഒന്നിലാവണം. ഈ നോവലിന്റെ മലയാളവിവര്‍ത്തനം അന്‍പതുകളുടെ ഒടുവില്‍ തന്നെ പുറത്തുവന്നിരുന്നു. എങ്കിലും 'ഇവാന്‍ ഇല്ലിച്ചിന്റെ മരണം' പോലുള്ള നോവലുകളിലെ, ജീവിതരഹസ്യങ്ങളും ദാര്‍ശനികവശങ്ങളും അക്കാലത്തെ മലയാളസാഹിത്യത്തേയോ വിമര്‍ശനത്തേയോ സ്വാധീനിച്ചു തുടങ്ങിയിട്ടില്ല. ജീവിതത്തിന്റെ ആത്യന്തിക ദുരന്തം, മരണം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ വിമര്‍ശനത്തെ അന്ന് സ്പര്‍ശിച്ചിട്ടുപോലുമില്ലായിരുന്നു. അന്‍പതുകളിലെ മലയാളസാഹിത്യത്തിന്റേയും മലയാളികളായ വായനക്കാരുടെ ആസ്വാദനശീലത്തിന്റേയും അഭിരുചിയുടേയും സ്വഭാവങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ടോള്‍സ്റ്റോയി  ഈ ചെറുനോവലിലൂടെ അവതരിപ്പിച്ച ദര്‍ശനം അവയില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തവുമായിരുന്നു എന്നു കാണാം. സാമൂഹിക വീക്ഷണത്തിനു പ്രാധാന്യം കൊടുക്കുന്ന തകഴിയുടേയും ദേവിന്റേയും സ്വാധീനം അന്നും പ്രബലമാണ്. സാമൂഹിക പ്രശ്‌നങ്ങള്‍ യഥാതഥമായി ചിത്രീകരിക്കുന്ന നോവലുകള്‍ക്കും കഥകള്‍ക്കുമാണ് അന്ന് പ്രാധാന്യം ലഭിച്ചിരുന്നത്. സാഹിത്യം സമൂഹത്തിനു നേരെ ഉയര്‍ത്തിപ്പിടിച്ച കണ്ണാടിയാണ് എന്ന സാഹിത്യചിന്തയ്ക്കാണ് അന്ന് പ്രാധാന്യമുണ്ടായിരുന്നത്. റിയലിസത്തില്‍ ചുറ്റിക്കറങ്ങുകയായിരുന്നു അന്ന് മലയാള വിമര്‍ശനം. മാറ്റത്തിന്റെ സൂചനകളുമായി എം.ടിയുടെ 'നാലുകെട്ട്' അന്‍പതുകളുടെ രണ്ടാം പകുതിയില്‍ പുറത്തുവന്നിരുന്നു എന്നത് ശരി തന്നെ. 'ഇവാന്‍ ഇല്ലിച്ചിന്റെ മരണം' എന്ന നോവലിലെ ദാര്‍ശനികത ഉള്‍ക്കൊള്ളുവാന്‍ അന്നത്തെ സാധാരണ വായനക്കാര്‍ക്ക് കഴിയുമായിരുന്നില്ല. മലയാളിയുടെ സംവേദനശക്തി നോവലുകളിലെ ദാര്‍ശനികത ഉള്‍ക്കൊള്ളുവാന്‍ പാകത്തില്‍ വളര്‍ന്നിരുന്നില്ല. മലയാളത്തിലെ അന്നത്തെ വായനക്കാര്‍ക്ക് പെട്ടെന്ന് സ്വീകരിക്കാന്‍ പറ്റുന്ന നോവലായിരുന്നില്ല അത്. മലയാളത്തിലെ എഴുത്തുകാര്‍ മനുഷ്യജീവിതത്തെ തത്ത്വചിന്താപരമായി  സമീപിക്കുന്നത് അറുപതുകളുടെ മദ്ധ്യത്തോടെയാണ്. ആധുനികതയുടെ സ്വഭാവങ്ങള്‍ കുറച്ചെങ്കിലും പ്രകടിപ്പിച്ചത് എം.ടി, ടി. പത്മനാഭന്‍, മാധവിക്കുട്ടി എന്നിവരുടെ ചില കഥകള്‍ മാത്രമാണ്. മലയാളത്തില്‍ പ്രബലമായി നിലനിന്നിരുന്ന സാഹിത്യബോധവുമായി, സൗന്ദര്യബോധവുമായി വിഘടിച്ചു നില്‍ക്കുന്ന സാഹിത്യസംസ്‌കാരത്തെ ഉള്‍ക്കൊള്ളാനും അതിനെ തന്റെ ചിന്തയുടെ ഭാഗമാക്കി മാറ്റുവാനും പിന്നീട് മലയാളത്തില്‍ കടന്നുവന്ന ദാര്‍ശനിക മാനമുള്ള രചനകളെ വേഗത്തില്‍ തിരിച്ചറിയുവാനും അപ്പനെ പ്രാപ്തനാക്കിയ പുസ്തകങ്ങളില്‍ ഒന്ന് ടോള്‍സ്റ്റോയിയുടെ 'ഇവാന്‍ ഇല്ലിച്ചിന്റെ മരണം' എന്ന നോവലാണ്. ആ ചെറുനോവലിന്റെ സൂക്ഷ്മവായനയിലൂടെ തന്റെ ഭാഷയില്‍ പ്രബലമല്ലാതിരുന്ന വ്യത്യസ്തമായ ലാവണ്യസംസ്‌കാരം അദ്ദേഹം ആര്‍ജ്ജിച്ചെടുത്തു എന്നുതന്നെ പറയാം. പില്‍ക്കാലത്ത് തീവ്ര ദുഃഖത്തിന്റേയും മരണത്തിന്റേയും ജീവിതത്തെ സംബന്ധിക്കുന്ന നിരര്‍ത്ഥകതാബോധത്തിന്റേയും അവസ്ഥകള്‍ നമ്മുടെ ആധുനിക എഴുത്തുകാര്‍ വരച്ചിട്ടപ്പോള്‍ അത് വേഗത്തില്‍ ഉള്‍ക്കൊള്ളാന്‍ അപ്പനു സാധിച്ചതിന്റെ പിന്നില്‍ ടോള്‍സ്റ്റോയിയുടെ ഈ കൃതി നല്‍കിയ വെളിച്ചം കൂടിയുണ്ടായിരുന്നു. അപ്പന്റെ സംവേദനത്തിന്റേയും കാഴ്ചപ്പാടിന്റേയും ദിശ തിരിച്ചുവിടാന്‍ ആ ചെറുനോവലിനു സാധിച്ചു.

ആ പുസ്തകം തനിക്ക് ഒരേസമയം മരക്കുരിശും ബുദ്ധശിരസ്സും സമ്മാനിച്ചു എന്ന് അദ്ദേഹം പിന്നീട് എഴുതി. കൃതിയിലെ യാഥാര്‍ത്ഥ്യം വൈകാരികമായി പീഡിപ്പിച്ചുവെന്നും അതേസമയം തന്നെ ജ്ഞാനോദയം നല്‍കിയെന്നും വിശദീകരിച്ചു. തന്റെ വായനയുടേയും ആസ്വാദനത്തിന്റേയും ചക്രവാളങ്ങള്‍ വികസിപ്പിച്ച നോവലാണത് എന്ന് പിന്നീട് അദ്ദേഹം മനസ്സിലാക്കി. അപ്പന്റെ മനസ്സില്‍ ഉണ്ടായ വലിയ ചലനങ്ങളും പരിണാമങ്ങളും ഉദിച്ചുയര്‍ന്ന പുതിയ സൗന്ദര്യബോധവും ഭിന്നവഴികളിലേക്ക് അദ്ദേഹത്തിന്റെ വായനയെ തിരിച്ചുവിട്ട ലക്ഷ്മി നരസിംഹം എന്ന അദ്ധ്യാപകന്‍ അറിഞ്ഞിരിക്കില്ല. പിന്നീട് കണ്ടപ്പോള്‍ ഇക്കാര്യമൊന്നും പറഞ്ഞതുമില്ല. എന്നാല്‍, ഇവിടെ മറ്റൊരു കാര്യം ഓര്‍ക്കേണ്ടതുണ്ട്. 'ഇവാന്‍ ഇല്ലിച്ചിന്റെ മരണം' എന്ന നോവലിലെ ജീവിതഭാവങ്ങളും അതില്‍ വേരോടിക്കിടക്കുന്ന ദാര്‍ശനികതയും മനസ്സിലാക്കുവാനും ഉള്‍ക്കൊള്ളുവാനും ഉള്ള ജന്മവാസനയും സവിശേഷമായ സഹൃദയത്വവും അപ്പനില്ലായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു വലിയ ആന്തരികമാറ്റം സംഭവിക്കില്ലായിരുന്നു. സാഹിത്യകൃതിയിലെ ദാര്‍ശനിക വൈകാരികത വായനക്കാര്‍ക്ക് ഉള്‍ക്കൊള്ളണമെങ്കില്‍ വായനക്കാരുടെ ഉള്ളിലും ആ ഭാവങ്ങളുടെ സൂക്ഷ്മാംശങ്ങള്‍ സുപ്തരൂപത്തില്‍ ഉണ്ടായിരിക്കണം എന്നര്‍ത്ഥം. അതില്ലാത്ത വായനക്കാര്‍ നോവല്‍ വായിച്ചെന്നിരിക്കും. പക്ഷേ, നോവലില്‍ ആന്തരികമായി പ്രവേശിക്കാന്‍ അവര്‍ക്ക് പറ്റുമെന്നു തോന്നുന്നില്ല. അപ്പന്‍ എന്ന വിദ്യാര്‍ത്ഥിയില്‍ മറഞ്ഞുകിടന്നിരുന്ന പ്രത്യേകതരം സാഹിത്യാഭിരുചിയെ പുറത്തുകൊണ്ടുവരികയാണ് ആ അദ്ധ്യാപകന്‍ ചെയ്തത്. വിദ്യാര്‍ത്ഥിയുടെ വാസനയ്ക്കും ആന്തരികമായ താല്പര്യത്തിനും അനുസരിച്ച് അവരെ അവരുടെ വഴികളിലൂടെ നയിക്കുക എന്ന അദ്ധ്യാപന ധര്‍മ്മമാണ് ഇവിടെ നിറവേറ്റപ്പെട്ടിരിക്കുന്നത്.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com