മനുഷ്യ ജീവിതത്തെ മറ്റൊരു കാഴ്ചപ്പാടില്‍ അഗാധമായി നിരീക്ഷിച്ച അപ്പന്‍

ആലപ്പുഴയില്‍ നടന്ന രാഷ്ട്രീയ പ്രക്ഷോഭണങ്ങള്‍ അപ്പന്റെ ജീവിതത്തേയോ ചിന്തയേയോ  കൂടുതലായൊന്നും സ്പര്‍ശിച്ചിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ പില്‍ക്കാല ജീവിതം വ്യക്തമാക്കുന്നത്
മനുഷ്യ ജീവിതത്തെ മറ്റൊരു കാഴ്ചപ്പാടില്‍ അഗാധമായി നിരീക്ഷിച്ച അപ്പന്‍

പ്പന്റെ ബാല്യകൗമാരകാലം കേരളം രാഷ്ട്രീയമായി തിളച്ചുമറിഞ്ഞ കാലമാണ്. അന്ന് ഇന്ത്യ മുഴുവന്‍ രാഷ്ട്രീയമായി പ്രക്ഷുബ്ധമാണ്. സ്വാതന്ത്ര്യസമരത്തിന്റെ അവസാന നാളുകള്‍. പല തരത്തിലുള്ള രാഷ്ട്രീയ സമരങ്ങള്‍ എവിടെയും നടക്കുന്നു. കേരളവും ഇളകിമറിഞ്ഞു. തിരുവിതാംകൂറില്‍ സര്‍ സി.പി. രാമസ്വാമി അയ്യരുടെ സ്വേച്ഛാധിപത്യ ഭരണത്തിന് എതിരെ വലിയ പ്രക്ഷോഭണങ്ങള്‍ ഉയര്‍ന്ന കാലമാണത്. സി.പിയുടെ 'സ്വതന്ത്ര തിരുവിതാംകൂര്‍' എന്ന ആശയത്തിനു നേരെ ജനങ്ങള്‍ ഗര്‍ജ്ജിച്ചുകൊണ്ട് സമരരംഗത്തേക്ക് കുതിച്ചുചാടി. കാലങ്ങളായി പീഡനങ്ങള്‍ ഏറ്റുവാങ്ങുകയും അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്ത അസ്വസ്ഥരായ ആലപ്പുഴയിലെ തൊഴിലാളികള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പണിമുടക്ക് ആരംഭിച്ചു. 1946 ഒക്‌ടോബര്‍ മാസത്തിലാണത്. ആ പണിമുടക്ക് രക്തരൂഷിതമായ സമരരീതികളിലേക്കാണ് നീങ്ങിയത്. സമരങ്ങള്‍ക്കു നേരെ സി.പിയുടെ പൊലീസ് വലിയ ബലപ്രയോഗമാണ് നടത്തിയത്. തൊഴിലാളികളും ആയുധങ്ങളുമായി പൊലീസിനേയും പട്ടാളത്തേയും നേരിട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ് സമരത്തിനു നേതൃത്വം കൊടുത്തത്. തൊഴിലാളികളുടെ സമരത്തിന് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടേയും പിന്തുണയുണ്ടായിരുന്നു. ടി.വി തോമസ്, പി.ടി. പുന്നൂസ്, ആര്‍. സുഗതന്‍, എന്‍. ശ്രീകണ്ഠന്‍ നായര്‍, ജനാര്‍ദ്ദനക്കുറുപ്പ് തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കന്മാര്‍ ആലപ്പുഴയിലെ സമരങ്ങളുടെ പിന്നിലുണ്ടായിരുന്നു. പൊലീസുമായി ഏറ്റുമുട്ടിയ തൊഴിലാളികള്‍ക്കു നേരെ വെടിവെയ്പുണ്ടായി. വയലാറിലും പുന്നപ്രയിലും വലിയ തോതില്‍ വെടിവെയ്പ് നടന്നു. നിരവധി പേര്‍ ആ വെടിവെയ്പില്‍ മരിച്ചു. ധാരാളം പേര്‍ക്ക് പരിക്കേറ്റു. പലരും പൊലീസിന്റെ ആക്രമണം ഭയന്ന് നാടുവിട്ടു. പിന്നീടും ജനങ്ങള്‍ക്കു നേരെ പൊലീസിന്റേയും പട്ടാളത്തിന്റേയും ആക്രമണമുണ്ടായി. ക്രൂരമായ അടിച്ചമര്‍ത്തലുമുണ്ടായി.

ചരിത്രത്തിലേക്കു രക്തം ചിന്തിയ ആ സമരം തിരുവിതാംകൂറിന്റെ മാത്രമല്ല, കേരളത്തിന്റെ തന്നെ രാഷ്ട്രീയ ചരിത്രത്തില്‍ സൃഷ്ടിച്ച നടുക്കങ്ങളും ആഘാതങ്ങളും വളരെ വലുതായിരുന്നു. സ്വാതന്ത്ര്യാനന്തരം ജനകീയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും രാഷ്ട്രീയരംഗം ശാന്തമായില്ല. വയലാര്‍പുന്നപ്ര സമരത്തില്‍ പങ്കെടുത്തവരെ ജയിലില്‍നിന്നും മോചിപ്പിക്കാന്‍ വേണ്ടിയുള്ള പ്രക്ഷോഭണങ്ങള്‍ പിന്നീടുണ്ടായി. പലതരത്തിലുള്ള സമരങ്ങളും രാഷ്ട്രീയ കക്ഷികള്‍ തമ്മിലുള്ള രൂക്ഷമായ പോരുകളും നിറഞ്ഞ കാലമായിരുന്നു അത്.

വയലാര്‍പുന്നപ്ര സമരം നടക്കുമ്പോള്‍ അപ്പന് പ്രായം പത്തു വയസ്സ്. ചോര ചിന്തിയ ആ പ്രക്ഷോഭണത്തെക്കുറിച്ചുള്ള അറിവുകള്‍ ആ ഇളം മനസ്സിലും എത്തിക്കാണുമെന്ന കാര്യത്തില്‍ സംശയമില്ല. ചുറ്റും നടക്കുന്നത് കുട്ടിയായിരിക്കുമ്പോള്‍, മറ്റു കുട്ടികള്‍ അറിയുന്നതിനെക്കാള്‍ കൂടുതല്‍ അറിഞ്ഞ കുട്ടിയായിരുന്നു അപ്പന്‍. ഈ സമരവുമായി ബന്ധപ്പെട്ട ഒരു സംഭവം ചെറിയ കുട്ടിയായിരുന്ന അപ്പന്‍ നേരിട്ടു കണ്ടു. സമരം കഴിഞ്ഞ് പൊലീസ് തേര്‍വാഴ്ചയുടെ കാലത്താണ് അതുണ്ടായത്. സമരത്തില്‍ പങ്കെടുത്തവരേയും പങ്കെടുക്കാത്തവരേയും സംശയമുള്ളവരേയുമെല്ലാം പൊലീസ് വേട്ടയാടുകയായിരുന്നു അന്ന്. പൊലീസ് ഇന്‍സ്‌പെക്ടര്‍ ഒരു തൊഴിലാളി പ്രവര്‍ത്തകനെ  തെരുവിലൂടെ പരസ്യമായി മര്‍ദ്ദിച്ചു നീങ്ങുന്ന കാഴ്ചയായിരുന്നു അപ്പന്‍ നേരിട്ട് കണ്ടത്. അപ്പന്‍ സ്‌കൂളില്‍നിന്നും തിരിച്ച് വീട്ടിലേക്കു നടന്നുപോകുമ്പോഴായിരുന്നു അതിഭീകരമായ ആ കാഴ്ച  കണ്ടത്. ജനങ്ങള്‍ നോക്കിനില്‍ക്കെയാണ് തൊഴിലാളിയെ പൊതുവഴിയിലൂടെ നടത്തി  ക്രൂരമായി മര്‍ദ്ദിച്ച് കൊണ്ടുപോയത്. ആ സംഭവം ഒരു ഇന്റര്‍വ്യൂവില്‍ അപ്പന്‍ വിവരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു:

സത്യൻ
സത്യൻ

'...ഒരു ദിവസം ഞാന്‍ സ്‌കൂളില്‍നിന്നും വീട്ടിലേക്ക് വരികയായിരുന്നു. അപ്പോള്‍ അക്കാലത്ത് ആലപ്പുഴയില്‍ ഒരു ഭീതിയായിരുന്ന പൊലീസ് ഇന്‍സ്‌പെക്ടര്‍ സത്യനേശന്‍ ഒരു കമ്യൂണിസ്റ്റ് പ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്നത് കണ്ടു. അയാള്‍ അമര്‍ഷത്തോടെ സത്യനേശനെതിരെ അശ്ലീല പദങ്ങള്‍ വിളിച്ചുപറയുന്നത് കേള്‍ക്കാമായിരുന്നു. ഉരുക്കുമുഷ്ടികള്‍ അയാളുടെ മുഖത്തും അയാളുടെ അടിവയറ്റിലും വീണുകൊണ്ടിരുന്നു. മുഖത്ത് ചോര കാണാമായിരുന്നു. അയാള്‍ അവശനായി വീണു. എന്നാല്‍, അയാള്‍ തോല്‍ക്കുന്നില്ലെന്ന് എനിക്കു തോന്നി. ആളുകള്‍ ദൂരെ മാറി നോക്കി നിന്നു. അവരുടെ മുഖഭാവങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നില്ല. ചോരകൊണ്ടു മാത്രം വീട്ടേണ്ട കടമായിരുന്നു അത്. എന്നാല്‍, ഒന്നും സംഭവിച്ചില്ല. പില്‍ക്കാലത്ത് ഈ സത്യനേശന്‍ സത്യന്‍ ആയി മാറിയപ്പോള്‍ ആലപ്പുഴ നഗരവും കമ്യൂണിസ്റ്റ് കലാകാരമാരും അദ്ദേഹത്തെ ഇരുകൈകളും  നീട്ടി സ്വാഗതം ചെയ്തു.'

താമസിയാതെ മലയാള സിനിമയില്‍ കാമുകനായും നായകനായും അനീതികള്‍ക്കു നേരെ പോരാടുന്ന പോരാളിയായും തിളങ്ങിയ അനശ്വര നടന്‍ സത്യനായിരുന്നു ആ ക്രൂരനായ പൊലീസ് ഓഫീസര്‍. അതേ സത്യന്‍ തന്നെ കാലം കഴിഞ്ഞപ്പോള്‍ വയലാര്‍പുന്നപ്ര സംഭവത്തെ ആസ്പദമാക്കിയുള്ള ഒരു സിനിമയിലെ തൊഴിലാളി നേതാവായി അഭിനയിക്കുവാന്‍ ആലപ്പുഴയില്‍ വന്നു. താന്‍ മുന്‍പ് മര്‍ദ്ദിച്ച തൊഴിലാളി നേതാവിനെ കാണുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ, സത്യന്റെ മുന്‍പില്‍ വരാന്‍ ആത്മാഭിമാനമുള്ള ആ തൊഴിലാളി പ്രവര്‍ത്തകന്‍ തയ്യാറായില്ല. അത് പത്രമാധ്യമങ്ങളില്‍ വാര്‍ത്തയായി വരികയും ചെയ്തു. തിരശ്ശീലയില്‍ കണ്ട സത്യനെ അംഗീകരിക്കുവാന്‍ ആദ്യമൊന്നും അപ്പന് കഴിഞ്ഞില്ല. ഈ സംഭവത്തെപ്പറ്റി 'ദൈവത്തിന്റെ നിരീശ്വരത്വം' എന്ന ശീര്‍ഷകത്തില്‍ ഒരു ചെറു ലേഖനത്തിലും വിവരിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് കണ്ട ആ ഭീകരസംഭവം അപ്പന്റെ മനസ്സിലുണ്ടാക്കിയ മുറിവ് ഒരിക്കലും ഉണങ്ങിയിരുന്നില്ല.   

'ചെങ്കോടിയേ... ലോക പതാകേ'

ആലപ്പുഴയില്‍ നടന്ന രാഷ്ട്രീയ പ്രക്ഷോഭണങ്ങള്‍ അപ്പന്റെ ജീവിതത്തേയോ ചിന്തയേയോ  കൂടുതലായൊന്നും സ്പര്‍ശിച്ചിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ പില്‍ക്കാല ജീവിതം വ്യക്തമാക്കുന്നത്. തിളച്ചുമറിയുന്ന ഒരു രാഷ്ട്രീയ മനസ്സ് അദ്ദേഹത്തിന് ഒരിക്കലും ഉണ്ടായിരുന്നില്ല. ചുറ്റും വലിയ രാഷ്ട്രീയ സംഭവങ്ങള്‍ നടക്കുമ്പോഴും അദ്ദേഹം നിശ്ശബ്ദനായിരുന്നു. അതിശയപ്പുര വിട്ട് ആലപ്പുഴ നഗരത്തിന്റെ അരികില്‍ താമസമായപ്പോള്‍ ചുറ്റും രാഷ്ട്രീയ പ്രക്ഷോഭണങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറുന്നുണ്ടായിരുന്നു. നാല്‍പ്പതുകളുടെ അവസാനമാണ് കാലം. സ്ഥലം ആലപ്പുഴയും. റോഡിന് തൊട്ടടുത്താണ് വീട്. റോഡില്‍ എപ്പോഴും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ജാഥകളും മുദ്രാവാക്യം വിളികളുമാണ്. മിക്കവാറും സംഘര്‍ഷങ്ങളും ഉണ്ടാകാറുണ്ട്. ആലപ്പുഴയിലെ പ്രമുഖ നേതാക്കന്മാരെല്ലാം അവിടെ വരാറുണ്ട്. രാഷ്ട്രീയ സംഘട്ടനങ്ങള്‍ പതിവാണ്. പി.ടി. പുന്നൂസും എന്‍. ശ്രീകണ്ഠന്‍ നായരും ജി. ജനാര്‍ദ്ദനക്കുറുപ്പുമൊക്കെ ജാഥയിലും സംഘട്ടനത്തിലും പങ്കെടുക്കാറുണ്ട്. കമ്യൂണിസ്റ്റുകാരും കമ്യൂണിസ്റ്റ് വിരുദ്ധരും തമ്മിലുള്ള അടി എപ്പോഴുമുണ്ട്. വീട്ടില്‍ പുസ്തകങ്ങളുമായി പ്രണയത്തിലായ അപ്പന്‍ ഇതൊക്കെ കാണും. പക്ഷേ, അതിന്റെ വിശദാംശങ്ങളില്‍ വലിയ താല്പര്യം കാണിക്കാറില്ല. പൊതുവേ അദ്ദേഹത്തിനു കക്ഷി രാഷ്ട്രീയത്തോട്  താല്പര്യം ഒരുകാലത്തും ഉണ്ടായിരുന്നില്ല. തീക്ഷ്ണമായ രാഷ്ട്രീയ പ്രശ്‌നങ്ങളും അദ്ദേഹത്തെ സ്പര്‍ശിച്ചിരുന്നില്ല. എന്നാല്‍, ചെങ്കൊടിയെക്കുറിച്ചുള്ള ആവേശകരമായ മുദ്രാവാക്യങ്ങളും പാട്ടുകളും കേട്ടാണ് അദ്ദേഹം വളര്‍ന്നത്. നാടന്‍ കവികളും സഖാക്കളുമെഴുതിയ വിപ്ലവപ്പാട്ടുകള്‍ ധാരാളം കേട്ടിട്ടുണ്ട് കുട്ടിക്കാലത്ത്. വീടിനു മുന്‍പിലെ കവലയില്‍ എപ്പോഴും കമ്യൂണിസ്റ്റുകാരുടെ സംഘങ്ങളുണ്ട്. മുറുക്കാന്‍ കടയും ചായക്കടയും മറ്റുമുള്ള കവലയില്‍ എപ്പോഴും  സംഘര്‍ഷങ്ങള്‍ നടക്കാറുണ്ട്. വീട്ടിലിരുന്നാല്‍ തന്നെ ഇതെല്ലാം കാണാം. വീടിനടുത്തുള്ള രാമന്‍കുട്ടിയാശാന്‍ താനെഴുതിയ പല വിപ്ലവപ്പാട്ടുകളും വാത്സല്യത്തോടെ കുട്ടിയായ അപ്പനെ പാടി കേള്‍പ്പിച്ചിട്ടുണ്ട്. 'ചെങ്കൊടിയേ, ലോക പതാകേ...' എന്ന ഗാനം കുട്ടിയായിരുന്ന തന്നെ വല്ലാതെ സ്പര്‍ശിച്ചതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മറ്റൊരു സഖാവ് രാത്രിയില്‍ പൂമൊട്ട് വിരിയുന്നതുപോലെ കത്തുന്ന മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ '...ചെങ്കൊടിയേ, ചെങ്കൊടിയേ, ചുടുനിണം ചിന്തിയ മര്‍ദ്ദിത ലോക പതാകേ...' എന്ന് പാടിയതും അപ്പന്‍ ഓര്‍മ്മക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 

എംഎ ബേബി എസ്എൻ കോളജ് വിദ്യാർത്ഥിയായിരുന്ന കാലത്തെ ചിത്രം
എംഎ ബേബി എസ്എൻ കോളജ് വിദ്യാർത്ഥിയായിരുന്ന കാലത്തെ ചിത്രം

ആ കാലത്ത് സഖാക്കളുമായിട്ടായിരുന്നു അപ്പന് കൂടുതല്‍ ബന്ധം. സമീപത്തു താമസിച്ചിരുന്ന ഭാസ്‌കരന്‍ സഖാവും അദ്ദേഹത്തിന്റെ ഭാര്യ സുഭദ്രാമ്മയും അപ്പന് പ്രിയപ്പെട്ടവരായിരുന്നു. നല്ല രൂപമായിരുന്നു ഭാസ്‌കരന്‍ സഖാവിന്റേത്. ഭാര്യ അതീവ സുന്ദരിയും. രണ്ടു പേരും നല്ല ഉശിരുള്ള പാര്‍ട്ടി പ്രവര്‍ത്തകരാണ്. അപ്പന്റെ വീട്ടിലിരുന്നാല്‍ സഖാവിന്റെ വീട് കാണാം. അവിടെനിന്നും എപ്പോഴും വിപ്ലവഗാനങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കും. സഖാവിന്റെ സമീപം ഭാര്യയുണ്ട്. ഭാര്യയെക്കുറിച്ചു പറയുമ്പോള്‍ അപ്പനിലെ കുസൃതിക്കാരനായ വില്ലന്‍ ഉണരും. അപ്പന്‍ കുട്ടിക്കാലത്ത് ലജ്ജാലുവായിരുന്നുവെങ്കിലും ഉള്ളില്‍ കുരുത്തക്കേടുകള്‍ നിറഞ്ഞ ഒരു നിഷേധിയുമുണ്ടായിരുന്നു എന്ന് മുന്‍പ് പറഞ്ഞുവല്ലോ. ഭാസ്‌കരന്റെ ഭാര്യയെക്കുറിച്ച് പറയുമ്പോള്‍ ഉള്ളിലെ കുരുത്തക്കേടുകള്‍ പുറത്തുവരും. ജാഥയുള്ള ദിവസം സഖാവ് ഉഷാറിലായിരിക്കും. സുഭദ്രാമ്മ അതിനെക്കാള്‍ ഉഷാര്‍. ജാഥ കാണാന്‍ സുഭദ്രാമ്മ കുറെ സ്ത്രീകളുമായി എത്തും. സ്ത്രീകളെ കാണുവാന്‍ അപ്പനും മറ്റു കുട്ടികളും അവരോടൊപ്പമുണ്ടാകും. അപ്പന്‍ എഴുതുന്നു:

'ജാഥ അടുത്തു വരുമ്പോള്‍ ഭാസ്‌കരന്‍ സഖാവിന്റെ ഉശിരന്‍ ഗാനം വ്യക്തമായി കേള്‍ക്കാം. വീടിന്റെ പടിക്കല്‍ എത്തുമ്പോള്‍ പാട്ടു പാടുന്ന ഭാസ്‌കരന്‍ സഖാവ് രണ്ട് കൈത്താളം നല്ല ലയത്തില്‍ സുഭദ്രാമ്മയുടെ നേര്‍ക്ക് വീശിയെറിഞ്ഞു കൊടുക്കുന്നു. ധൃതിയില്‍ ചലിക്കുന്ന കൈകള്‍ കൊണ്ട് അത് പിടിച്ചെടുത്തതായി അവര്‍ ഭാവിക്കുന്നു. ചിരിയുടെ അഭിവൃദ്ധിയില്‍ അവരുടെ മുഖം നിറയുന്നു. അപ്പോള്‍ മറ്റു സ്ത്രീകള്‍ക്കിടയില്‍ സുഭദ്രാമ്മയുടെ മുഖം ഒറ്റത്താമരയായി വിരിഞ്ഞു നില്‍ക്കുന്നു. ഞങ്ങള്‍, കുട്ടികള്‍ അത് കണ്ടുനില്‍ക്കുകയായിരുന്നു. ഞാന്‍ അവരെത്തന്നെ നോക്കി നിന്നുപോയി. അതു കണ്ടപ്പോള്‍  'എന്നെയല്ല ഭാസ്‌കരേട്ടനെയാണ് നോക്കേണ്ടത്...' എന്ന് അവര്‍ വിളിച്ചു പറഞ്ഞു. എന്നിട്ട് നല്ല തിളക്കത്തില്‍ ഒരു ചിരി ചിരിച്ചു. എനിക്കു കിട്ടിയ ആദ്യത്തെ ഖണ്ഡന വിമര്‍ശനം അതായിരുന്നു.'

ഇങ്ങനെ സഖാക്കളുടെ സമരജീവിതവുമായി ഇഴുകിച്ചേര്‍ന്നതായിരുന്നു അപ്പന്റെ കുട്ടിക്കാല ജീവിതം. ഇങ്ങനെയെല്ലാം ആയിരുന്നിട്ടും ആ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്ത്വങ്ങളോട് അദ്ദേഹത്തിന് ആഭിമുഖ്യം തോന്നിയില്ല. എന്നാല്‍, ഈ സഖാക്കളോടും അവരുടെ ആത്മാര്‍ത്ഥതയോടും താല്പര്യമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മാനസികഘടന വേറെ രീതിയിലാണ് സഞ്ചരിച്ചത്. വയലാര്‍പുന്നപ്ര  സമരം നടക്കുമ്പോള്‍ (1946) അപ്പന് പത്തു വയസ്സു മാത്രമേ പ്രായമുള്ളു. ഒരു രാഷ്ട്രീയ തീരുമാനം എടുക്കുവാനുള്ള പ്രായമല്ല അത്. എങ്കിലും ചില ആഭിമുഖ്യങ്ങളും താല്പര്യങ്ങളും രൂപംകൊള്ളുന്ന സമയമാണ് അത്. രക്തം ചിന്തിയ ആ സമരം ആലപ്പുഴയിലും തിരുവിതാംകൂറിന്റെ മറ്റു പ്രദേശങ്ങളിലും മാത്രമല്ല, കേരളത്തിന്റെ മറ്റ് എല്ലാ രാഷ്ട്രീയ കേന്ദ്രങ്ങളിലും സൃഷ്ടിച്ച  ചലനങ്ങളും വന്‍ തരംഗങ്ങളും വളരെ ആഴത്തിലുള്ളതായിരുന്നു. ആലപ്പുഴയിലും സമീപത്തുമുള്ള നിരവധി പേര്‍ക്ക് ആ സമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. എത്ര പേര്‍ ആ സമരത്തില്‍ മരിച്ചുവെന്നതിന് കൃത്യമായ കണക്കില്ല. പരുക്കേറ്റവരുടേയും കണക്ക് എടുത്തിട്ടില്ല. തീര്‍ച്ചയായും കൗമാരക്കാരനായിരുന്ന അപ്പനും അതൊക്കെ അറിഞ്ഞിരിക്കണം. എന്നാല്‍, ആ സമരത്തോടോ അതിന്റെ പിന്നിലെ രാഷ്ട്രീയത്തോടോ അദ്ദേഹത്തിന്നു താല്പര്യമോ ആഭിമുഖ്യമോ തോന്നിയില്ല. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ആലപ്പുഴ ചുവന്ന കാലഘട്ടമായിരുന്നു അത്. എന്നിട്ടും കമ്യൂണിസ്റ്റ് ചിന്താഗതിയോട് അപ്പന് ആഭിമുഖ്യം തോന്നിയില്ല. വേറൊരു മനോഭാവവും ചിന്താരീതിയുമായിരുന്നു കുട്ടിക്കാലം മുതല്‍ അപ്പന്. പില്‍ക്കാലത്ത് അതിനെപ്പറ്റിയുള്ള തന്റെ അഭിപ്രായം അദ്ദേഹം പറഞ്ഞിട്ടുണ്ട്.
തന്റെ രാഷ്ട്രീയ നിലപാടുകള്‍ അദ്ദേഹം പല പ്രാവശ്യം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതി: 'മനുഷ്യന്‍ ഒന്നുകില്‍ മാര്‍ക്‌സിസ്റ്റ് മനോഭാവവുമായി ജനിക്കുന്നു. അല്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ് വിരുദ്ധ മനോഭാവവുമായി ജനിക്കുന്നു. എന്റെ ബുദ്ധിയും ബോധവും രണ്ടാമത്തെ വകുപ്പില്‍ പെടുന്നു'  ('തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത്').  അദ്ദേഹത്തിന്റെ സമീപത്തു താമസിച്ചവരില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റുകാരായിരുന്നു. ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചവര്‍. നല്ലൊരു നാളെയെ സ്വപ്നം കണ്ടവര്‍. അതിനായി പൊരുതിയവര്‍. അവരോടെല്ലാം അപ്പന് അടുപ്പമുണ്ടായിരുന്നു. സ്‌നേഹമുണ്ടായിരുന്നു. എന്നാല്‍, അവരുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തോട് ആഭിമുഖ്യമുണ്ടായിരുന്നില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ മെമ്പറും തന്റെ ശിഷ്യനുമായ എം.എ. ബേബിയുമായുള്ള ഒരഭിമുഖസംഭാഷണത്തിലും തന്റെ നിലപാടുകള്‍ സംശയരഹിതമായി   അദ്ദേഹം വ്യക്തമാക്കിയാട്ടുണ്ട്. '...എന്നാല്‍, എന്റെ ചിന്തകള്‍ മാര്‍ക്‌സിയന്‍ പ്രപഞ്ചദര്‍ശനത്തിന്റെ വഴിക്കല്ല നീങ്ങുന്നത്' എന്ന് ആ അഭിമുഖ സംഭാഷണത്തില്‍ തുറന്നു പറഞ്ഞു. വയലാര്‍പുന്നപ്ര സമരത്തെ അദ്ദേഹം പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല. ആ സമരം മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ളതായിരുന്നു. അത് പീഡിതരുടെ ചെറുത്തുനില്‍പ്പായിരുന്നു. എന്നാല്‍, മാര്‍ക്‌സിസ്റ്റ് ആശയങ്ങളോട് വിയോജിപ്പുണ്ട്. ജീവിതത്തേയും സൗന്ദര്യത്തേയും പറ്റിയുള്ള മനുഷ്യവ്യക്തികളുടെ അടിസ്ഥാനപരമായ വിയോജിപ്പുകള്‍ മാര്‍ക്‌സിയന്‍ സാഹിത്യചിന്തകള്‍ കണക്കിലെടുക്കാറില്ല എന്നും അദ്ദേഹം ആ അഭിമുഖത്തില്‍ പറയുന്നു.   

ഓരോ മനുഷ്യനും ഓരോ ജീവിത മനോഭാവങ്ങളും അഭിരുചികളും ജന്മവാസനകളും സമീപനങ്ങളും ഉണ്ടാകും. കെ.പി. അപ്പന്‍ ദൈനംദിന രാഷ്ട്രീയ കാര്യങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ചില്ല. രാഷ്ട്രീയ വിപ്ലവത്തെക്കുറിച്ച് ആലോചിച്ചില്ല. സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളക്കുറിച്ച് ചിന്തിച്ചില്ല. ഇതെല്ലാം മനുഷ്യന്റെ പ്രശ്‌നങ്ങളാണ്, പരിഹാരം കാണേണ്ടവയുമാണ്. പക്ഷേ, തന്റെ ആലോചനയുടെ പരിധിയില്‍ വരുന്നവയല്ല. ഇതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. കൗമാരകാലത്തും ഈ രീതി കാണുന്നുണ്ട്. മനുഷ്യജീവിതത്തെ വേറൊരു കാഴ്ചപ്പാടില്‍ അഗാധമായി നിരീക്ഷിക്കുവാനാണ് കുട്ടിക്കാലം മുതല്‍ അദ്ദേഹം ഇഷ്ടപ്പെട്ടത്. ജീവിതത്തിന്റെ ആത്മീയഭാവങ്ങളിലും അതിഭൗതികമായ വശങ്ങളിലുമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധയും അന്വേഷണവും പോയത്. എന്നാല്‍, നമ്മുടെ രാഷ്ട്രീയ ജീവിതത്തെ സൂക്ഷ്മമായി നോക്കിക്കാണുകയും അതിന്റെ തകര്‍ച്ചകളും പേടിപ്പിക്കുന്ന പതനങ്ങളും ഒരു പൗരന്‍ എന്ന നിലയില്‍ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. പക്ഷേ, അദ്ദേഹത്തിന്റെ ധിഷണാപരമായ താല്പര്യങ്ങള്‍ മനുഷ്യജീവിതത്തിലെ ഭൗതികേതരമായ വശങ്ങളിലായിരുന്നു. മനുഷ്യജീവിതം നേരിടുന്ന ദാര്‍ശനിക പ്രശ്‌നങ്ങള്‍ സാഹിത്യകൃതികളില്‍ അന്വേഷിക്കുവാനാണ് അദ്ദേഹം ശ്രമിച്ചത്. മനുഷ്യന്‍ ആര്? എങ്ങനെ? എന്തുകൊണ്ട്? എന്ത്? എപ്പോള്‍? മനുഷ്യന്‍ ഇവിടെ എന്തിന്? എന്നിങ്ങനെയുള്ള തത്ത്വചിന്താപരമായ ആകുലതകളും സങ്കീര്‍ണ്ണതകളുമാണ് അദ്ദേഹത്തിന്റെ ചിന്തയെ നിരന്തരം വേട്ടയാടിയത്. കുട്ടിക്കാലം മുതല്‍ ഇത്തരം പ്രശ്‌നങ്ങളിലേക്കാണ് അദ്ദേഹത്തിന്റെ ചിന്ത പോയത്. മരണത്തെക്കുറിച്ചുള്ള ഭീതി കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജീവിതത്തെ സംബന്ധിക്കുന്ന ദാര്‍ശനിക പ്രശ്‌നങ്ങള്‍ ചിത്രീകരിച്ച രചനകളിലേക്കാണ് സവിശേഷമായ ജന്മവാസനകള്‍ അദ്ദേഹത്തെ എത്തിച്ചത്.

ദസ്തയോവ്സ്കി
ദസ്തയോവ്സ്കി

കാലം കെ.പി. അപ്പന്റെ പ്രമേയങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ആദ്യന്തവിഹീനമായ കാലത്തെക്കുറിച്ചുള്ള ഭീതികളും വിചാരങ്ങളും ഉല്‍ക്കണ്ഠകളും അദ്ദേഹത്തിനു കുട്ടിക്കാലം മുതലുണ്ടായിരുന്നു.  കുഞ്ചന്‍ നമ്പ്യാര്‍ കാലത്തെപ്പറ്റി എഴുതിയ 'കാലനില്ലാത്ത കാലം' എന്ന ഭാഗം ബാല്യകാലത്തു തന്നെ അപ്പനെ വശീകരിച്ചു. പാഠപുസ്തകത്തിലുണ്ടായിരുന്ന നമ്പ്യാരുടെ ആ വരികള്‍ പേടിച്ചും രസിച്ചുമാണ് പഠിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇത് അപ്പന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകള്‍ എടുത്തുകാണിക്കുന്നതാണ് ആ വാക്കുകള്‍. കുട്ടിക്കാലത്ത് നമ്പ്യാരുടെ ഫലിത പരിഹാസങ്ങള്‍ കേട്ടു ചിരിക്കുകയല്ല അദ്ദേഹം ചെയ്തത്. ആ കവിതകളിലെ ദാര്‍ശനിക വശങ്ങള്‍ അവ്യക്തമായിട്ടെങ്കിലും ആസ്വദിക്കുകയാണ് അപ്പന്‍. കാലവും മരണവുമെല്ലാം ശൈശവകാലത്ത് തന്നെ അപ്പനെ വേട്ടയാടി തുടങ്ങിയിരുന്നു എന്നര്‍ത്ഥം.

കാരണമില്ലാത്ത ദുഃഖം എന്ന ആശയത്തോട് തനിക്കു കാരണമില്ലാത്ത ആഭിമുഖ്യമുണ്ടായിരുന്നുവെന്ന് അദ്ദേഹം പില്‍ക്കാലത്ത് എഴുതി. അദ്ദേഹത്തിന്റെ ആദ്യകാല വായനകള്‍ അത്തരത്തിലായിരുന്നു. ഭൗതികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ തീക്ഷ്ണമായി അവതരിപ്പിക്കുന്ന കൃതികളെക്കാള്‍ അകാരണമായ വ്യഥകളെക്കുറിച്ചും അതിഭൗതിക പ്രശ്‌നങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന കൃതികളാണ് അപ്പന്‍ ഇഷ്ടപ്പെട്ടത്. മാക്‌സിം ഗോര്‍ക്കിയുടെ പ്രസിദ്ധമായ 'അമ്മ' എന്ന നോവല്‍ അദ്ദേഹത്തെ ആകര്‍ഷിച്ചില്ല. അക്കാലത്ത്, അപ്പന്റെ കൗമാരവും യൗവ്വനവും കടന്നുപോയ നാളുകളില്‍ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലായിരുന്നു 'അമ്മ.' മലയാളത്തിലെ അന്നത്തെ വായനക്കാരുടെ പ്രീതിയും ആരാധനയും നേടിയെടുത്ത നോവലായിരുന്നു അത്. ആ നോവലിലെ അമ്മയോട് സ്‌നേഹവും ആദരവും തോന്നി. എന്നാല്‍, ചെറുപ്രായത്തില്‍ത്തന്നെ അഭിരുചിയുടേയും മനോഭാവത്തിന്റേയും പ്രത്യേകതകള്‍ കൊണ്ടാകാം ഒറ്റത്തലം മാത്രമുള്ള ആ നോവല്‍ അപ്പന് ഇഷ്ടമായില്ല. പില്‍ക്കാലത്ത് മനുഷ്യാവസ്ഥയുടെ ദുരന്തവും മനുഷ്യന്‍ അകാരണമായി നേരിടുന്ന വ്യഥകളും കുഞ്ഞുങ്ങള്‍ ഈ ലോകത്ത് അനുഭവിക്കുന്ന വലിയ കഷ്ടപ്പാടുകളും ചിത്രീകരിക്കുന്ന ദസ്തയേവ്‌സ്‌കിയുടെ നോവലുകള്‍ അദ്ദേഹത്തെ  ആകര്‍ഷിച്ചു. അവ അദ്ദേഹത്തെ വൈകാരികമായും ബുദ്ധിപരമായും പിന്തുടര്‍ന്നു പീഡിപ്പിച്ചു. സാധാരണ വായനക്കാരില്‍ കാണാത്ത പ്രത്യേകമായ മനോഭാവവും അഭിരുചിയുമാണ് അദ്ദേഹത്തിന്റെ വായനയെ നിയന്ത്രിച്ചത്.
    
ആത്മഹത്യയുടെ അധികാരാസക്തി   
                                       
ചെറുപ്പകാലത്തെ അപ്പന്റെ ശീലങ്ങളും മാനസികഘടനയും അടിസ്ഥാന വാസനകളുമറിയണമെങ്കില്‍ അന്നത്തെ അദ്ദേഹത്തിന്റെ പേടികളും പരിഭ്രമങ്ങളും ആശങ്കകളും കൂടി അറിയേണ്ടതുണ്ട്. തനിക്ക് ജീവിതത്തെക്കുറിച്ച് പുസ്തകത്തില്‍നിന്നുള്ള അറിവ് മാത്രമേയുള്ളു എന്ന അഭിപ്രായത്തെ ഖണ്ഡിക്കുവാന്‍ തനിക്ക് അറിയാവുന്ന മനുഷ്യരുടെ ആത്മഹത്യകളെക്കുറിച്ച് അദ്ദേഹം പറയുന്നത് കേള്‍ക്കണം. ആത്മഹത്യയുടെ അധികാരാസക്തി മനുഷ്യനെ വേട്ടയാടുന്നത് താന്‍ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് അദ്ദേഹം വെളിവാക്കുന്നു. കുട്ടിക്കാലത്ത് സ്‌കൂളിന്റെ അടുത്തുള്ള സത്രത്തിലെ കുളിമുറിയില്‍ ഒരു ചെറുപ്പക്കാരന്‍ തൂങ്ങി മരിച്ചത് കണ്ടു. അന്ന് രാത്രിയില്‍ ധാരാളം പേടിസ്വപ്നങ്ങള്‍ കണ്ടു. സ്‌കൂളില്‍ പോകുന്ന വഴിയരികിലെ വീട്ടില്‍ മൂന്ന് സ്ത്രീകളും ഒരു പുരുഷനും ആത്മഹത്യ ചെയ്തു. ബോംബെയില്‍നിന്നും അവധിക്കു വന്ന ഒരാള്‍ ആത്മഹത്യ ചെയ്തു. ചിലര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. ഇങ്ങനെ പലരുടേയും സ്വയംഹത്യകള്‍ ചെറുപ്പകാലത്തു തന്നെ അദ്ദേഹത്തിന്റെ സമനില തെറ്റിക്കുക തന്നെയുണ്ടായി. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചും അഗാധമായി ചിന്തിക്കാന്‍ അത് പ്രേരണ നല്‍കി. മനുഷ്യജീവിത ദുരന്തത്തെക്കുറിച്ച് ആഴമേറിയ വെളിപാടുകള്‍ അവ അദ്ദേഹത്തിനു നല്‍കിയിരിക്കുമെന്ന് ഉറപ്പാണ്. അപ്പന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ 'ആശ്വാസകരമായ ഒരു വിനാശത്തിന്റെ സൗന്ദര്യമായ ആത്മഹത്യ'യെ സ്വന്തം ചിന്തയില്‍ കൊണ്ടുവരാന്‍ അദ്ദേഹം തയ്യാറായി. ആത്മഹത്യയും തന്റെ വിചാരജീവിതവുമായുള്ള ആത്മബന്ധത്തെപ്പറ്റി ഇപ്രകാരം എഴുതി:

'ഒരു പാത്രം വിഷം മധുരപാനീയം പോലെ കഴിക്കുക, തീ പോലെ പൊള്ളുന്ന ഒരു മധ്യാഹ്നത്തില്‍ തണുത്ത ജലാശയത്തില്‍ മുങ്ങി മരിക്കുക, ഓടിവരുന്ന തീവണ്ടിയുടെ മുന്‍പില്‍ സ്വന്തം ജീവിതത്തെ ഒരു തളികയിലെന്നപോലെ വച്ചുകൊടുക്കുക, സ്വയം തീ കൊളുത്തി പ്രകൃതിയുടെ മുന്‍പില്‍ ഒരു പന്തമായി നിന്നു കത്തുക, ഒരു കയറിന്റെ തുമ്പില്‍ ഒരു വിലാപമായി തൂങ്ങിക്കിടക്കുക  ഇങ്ങനെ ചിലരെങ്കിലും ചെയ്ത കാര്യമല്ലേ എന്ന് ഒരു വ്യാകുലതയില്‍, ഒരു വ്യസനത്തില്‍, തപശ്ചര്യപോലുള്ള ഒരു വിഷാദത്തില്‍ മനസ്സു ലയിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു പോയിട്ടുണ്ട്.'   

മാക്സിം ​ഗോർക്കി
മാക്സിം ​ഗോർക്കി

മനുഷ്യജീവിതത്തിലെ പേടിപ്പിക്കുന്ന ഇത്തരം വശങ്ങളോടാണ് അപ്പന് കുട്ടിക്കാലം മുതല്‍ ആഭിമുഖ്യം തോന്നിയത്. തികച്ചും ആരോഗ്യകരമായ മനോഭാവവും ചിന്താരീതിയുമാണിതെന്നു പറയാനാവില്ല. മനുഷ്യജീവിതത്തെ വേറൊരു കോണില്‍നിന്നു വീക്ഷിക്കുമ്പോള്‍ മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന ചില അഗാധ യാഥാര്‍ത്ഥ്യങ്ങളിലാണ് അദ്ദേഹം കാലുറപ്പിച്ചു നില്‍ക്കുന്നതെന്നു കാണാം. മനുഷ്യയാഥാര്‍ത്ഥ്യത്തെ ആഴത്തിലറിയണമെങ്കില്‍ ഇതു കൂടി അറിഞ്ഞിരിക്കണം. പിന്നീട് ഇടപ്പള്ളി രാഘവന്‍ പിള്ളയുടേയും രാജലക്ഷ്മിയുടേയും ആത്മഹത്യകളെക്കുറിച്ച് പഠിച്ച് സാഹിത്യവിമര്‍ശനത്തില്‍ പുതിയ അദ്ധ്യായങ്ങള്‍ എഴുതി ചേര്‍ക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചത് ഇത്തരം മനോഭാവങ്ങളും ചിന്താരീതികളും ഉള്ളില്‍ രൂഢമൂലമായി കിടന്നതുകൊണ്ടാണ്.

ഹൈസ്‌കൂളില്‍ പഠിക്കുന്ന വേളയില്‍ അപ്പന് ഒരു സമ്മാനം കിട്ടി. നാട്ടിലെ ഒരു പുരോഹിതനാണ് അത് സമ്മാനിച്ചത്. ഗില്‍ബര്‍ട്ട് അച്ചന്‍ ഒരു ക്രിസ്മസ് ദിനത്തില്‍  സ്‌നേഹവിരുന്നിനു ശേഷം കൊടുത്ത സ്‌നേഹസമ്മാനം ഒരു ബൈബിളായിരുന്നു. വലിയൊരു പ്രകാശലോകത്തേക്കാണ് അത് അപ്പനെ കൊണ്ടുപോയത്. ക്രിസ്തുവിന്റ വാക്കുകളും ആശയങ്ങളും ഉപമകളും ഭാവനകളും കഥകളും ഉപദേശങ്ങളും കവിതകളും അദ്ദേഹത്തിന്റെ ചിന്തയിലും ശൈലിയിലും വലിയ സ്വാധീനശക്തിയായി മാറുകതന്നെ ചെയ്തു. കുട്ടിക്കാലം മുതല്‍ അപ്പന്‍ ബൈബിള്‍ വായിച്ചു. ബൈബിളിനോട് തോന്നിയ ആഭിമുഖ്യവും ശ്രദ്ധിക്കേണ്ടതാണ്. അപ്പന്റെ ജീവിത മനോഭാവത്തിന്റേയും വീക്ഷണത്തിന്റേയും അടിസ്ഥാന ധാരണകളുമായി പൊരുത്തപ്പെട്ടു പോകുന്ന ഗ്രന്ഥമാണത്. മനുഷ്യന്റെ ആത്മീയ വ്യഥകളെപ്പറ്റിയും അകാരണമായ ദുഃഖത്തെപ്പറ്റിയും വെളിപാടിന്റെ ഭാഷയില്‍ പ്രതിപാദിക്കുന്ന വേദപുസ്തകം അപ്പന്റെ അഭിരുചിയുമായി പൂര്‍ണ്ണമായും പൊരുത്തപ്പെട്ടു പോകുന്നു. അതുകൊണ്ടാണ് ബൈബിളിന്റെ സങ്കീര്‍ണ്ണവും വൈവിധ്യം നിറഞ്ഞതുമായ സൗന്ദര്യത്തില്‍ അപ്പന്‍ വീണുപോയത്. ബൈബിളിനെ ആസ്പദമാക്കി പില്‍ക്കാലത്ത് അനുപമ സുന്ദരങ്ങളായ രണ്ട് പുസ്തകങ്ങള്‍ എഴുതുകയും ചെയ്തു. കെ.പി. അപ്പന്‍ എന്ന വിമര്‍ശകനില്‍ ബൈബിള്‍ ചെലുത്തിയ സ്വാധീനം വിശദമായി പഠിക്കേണ്ട ഒന്നാണ്. ഗില്‍ബര്‍ട്ട് അച്ചന്‍ നല്‍കിയ ആ ബൈബിള്‍ അദ്ദേഹം തന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചു. കുട്ടിക്കാലത്ത് അപ്പനു ലഭിച്ച ഏറ്റവും വലിയ നിധി ആയിരുന്നു അത്.

എസ്ഡി കോളജ് ആലപ്പുഴ
എസ്ഡി കോളജ് ആലപ്പുഴ

എസ്.ഡി. കോളേജും കഥയെഴുത്തും

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞതോടെ അപ്പന്‍ വായനയുടെ വലിയൊരു ലോകത്ത് പ്രവേശിച്ചു. അച്ഛന്‍ ബിസിനസ് രംഗത്താണ്. കയര്‍ വ്യവസായം അന്ന് ആലപ്പുഴയില്‍ നല്ല നിലയില്‍ നടക്കുന്നുണ്ട്. അച്ഛന്‍ ബിസിനസ്സുകാരന്‍ മാത്രമായിരുന്നില്ല. നല്ല സഹൃദയനും വായനക്കാരനുമായിരുന്നു. നല്ല നര്‍മ്മബോധമുള്ള ആളായിരുന്നു. ശ്രീനാരായണഗുരുവിന്റെ കൃതികള്‍ നന്നായി പഠിച്ചിട്ടുണ്ട്. മലയാള സാഹിത്യത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും സാമാന്യമായ അറിവുമുണ്ടായിരുന്നു. അച്ഛന്റെ വ്യാപാരകാര്യങ്ങളില്‍ അപ്പന് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. അപ്പന്‍ എപ്പോഴും മറ്റൊരു ലോകത്താണ്. എപ്പോഴും വായന തന്നെ. മറ്റൊരു ചിന്തയുമില്ല അപ്പന്. ഇളയ സഹോദരി ആ കാലത്തെ ഓര്‍ക്കുന്നു:

'അപ്പാണ്ണന്‍ എപ്പോഴും വായന തന്നെ. രാത്രിയും പകലും. രാത്രി അമ്മ കാപ്പിയിട്ടു കൊടുക്കും. വീട്ടില്‍ കൂടുതല്‍ സംസാരമൊന്നുമില്ല. ശാന്തനും സ്‌നേഹസമ്പന്നനുമാണ്. അങ്ങനെ പെട്ടെന്ന് ദേഷ്യപ്പെടുന്ന രീതിയും ചെറുപ്പത്തില്‍ ഉണ്ടായിരുന്നില്ല. വൈകിട്ട് നടക്കുവാന്‍ പോകും. ഒറ്റയ്ക്കാണ്. കൂട്ടുകാര്‍ ആരുമുണ്ടാവില്ല.'

ഇതായിരുന്നു അപ്പന്റെ അക്കാലത്തെ ചിത്രം. എങ്ങും പോകാതെ വീട്ടില്‍ 'മുനി'യായി തന്നെ കഴിഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ഉടന്‍ കോളേജില്‍ ചേര്‍ന്നില്ല. ഇടവേളയ്ക്കു ശേഷമാണ് ആലപ്പുഴ സനാതന ധര്‍മ്മ കലാലയ(എസ്.ഡി. കോളേജ്)ത്തില്‍ പഠനത്തിനായി ചേര്‍ന്നത്. ഇടവേളയില്‍ മുഴുവന്‍ സമയവും വായനയുടെ ലോകത്തായിരുന്നു. അപ്പോഴേക്കും വായനയിലും അഭിരുചിയിലും ചെറിയ മാറ്റങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിരുന്നു. അന്‍പതുകളുടെ തുടക്കമാണ് കാലം. മലയാള സാഹിത്യത്തില്‍ ആന്തരികമായ വലിയ ചലനങ്ങള്‍ ഉണ്ടായ കാലമാണ് അത്. തകഴിയുടേയും ദേവിന്റേയും ബഷീറിന്റേയും തലമുറയ്ക്കുശേഷം സാഹിത്യത്തില്‍ പുതിയൊരു തലമുറയുടെ സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന രചനകള്‍ അപ്പോള്‍ ഉണ്ടായിത്തുടങ്ങുന്നു. ഏറ്റവും ലളിതമായി പറഞ്ഞാല്‍ സാഹിത്യം വിശപ്പിന്റെ പ്രശ്‌നങ്ങളില്‍നിന്നും മനുഷ്യമനസ്സിന്റെ ഉള്ളിലേക്കും അബോധതലങ്ങളിലെ ഗൂഢരഹസ്യങ്ങളിലേക്കും നീങ്ങിത്തുടങ്ങിയ കാലമായിരുന്നു അത്. ഏകാകികളായ ചെറുപ്പക്കാരുടെ മനസ്സിന്റെ വിങ്ങലുകളും അവര്‍ അനുഭവിച്ച തീവ്രമായ ഏകാന്തതയും മനുഷ്യബന്ധങ്ങളുടെ തകര്‍ച്ചയും കവിതയുടെ അടിയൊഴുക്കുള്ള ശൈലിയില്‍ ആവിഷ്‌കരിക്കുന്ന എഴുത്തുകാരുടെ ഒരു ചെറിയ സംഘം സാഹിത്യത്തില്‍ കാലുറപ്പിച്ചു തുടങ്ങി. സാഹിത്യ ലോകത്ത് ബഹളങ്ങളൊന്നുമുണ്ടാക്കാതെ നിശ്ശബ്ദമായി കടന്നുവന്ന എം.ടി. വാസുദേവന്‍ നായര്‍, ടി. പത്മനാഭന്‍, മാധവിക്കുട്ടി എന്നിവരുടെ കഥകള്‍ അന്ന്  വലിയ വിഭാഗം വായനക്കാരെ വശീകരിച്ചു. ചെറുപ്പക്കാരായ വായനക്കാരാണ് ഈ കഥകളെ സ്വാഗതം ചെയ്തത്. തൊട്ടുപിറകെ എന്‍. മോഹനനും രാജലക്ഷ്മിയും കഥാരംഗത്ത് സാവകാശത്തില്‍ വന്നു. അപ്പോഴും ദേവിന്റേയും തകഴിയുടേയും ബഷീറിന്റേയും കൃതികള്‍ സാഹിത്യലോകത്ത് പ്രകാശരശ്മികള്‍ ചൊരിഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഉറൂബും പൊറ്റക്കാടും അവരുടേതായ വ്യക്തിത്വവുമായി സാഹിത്യ ലോകത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. ഈ വലിയ എഴുത്തുകാര്‍ക്കിടയിലേക്കാണ് വ്യത്യസ്ത വീക്ഷണവും വ്യത്യസ്ത ഭാഷയുമായി എം.ടിയും പത്മനാഭനും മാധവിക്കുട്ടിയും കടന്നുവന്നത്. മനസ്സിന്റെ അഗാധതലങ്ങളിലെ സൂക്ഷ്മവികാരങ്ങള്‍ കാവ്യാത്മകമായി ചിത്രീകരിച്ച ഈ മൂന്ന് എഴുത്തുകാരിലേക്ക് അന്നത്തെ ചെറുപ്പക്കാരുടെ സവിശേഷ ശ്രദ്ധ കടന്നുചെന്നു. അവര്‍ സൃഷ്ടിച്ച പുതുസംവേദനങ്ങളോട് ചെറുപ്പക്കാര്‍ വര്‍ദ്ധിച്ച താല്പര്യം പ്രകടിപ്പിച്ചു തുടങ്ങി. അവരില്‍ ഒരാളായിരുന്നു കോളേജ് ക്ലാസ്സുകളിലെത്തിയ അപ്പനും. തകഴിയുടേയും ദേവിന്റേയും കഥകളോട് താല്പര്യമില്ലാതിരുന്ന അപ്പന് മാനസിക ജീവിതത്തിന്റെ സൂക്ഷ്മത ഹൃദ്യമായി ചിത്രീകരിച്ച എം.ടിയുടേയും മറ്റും കഥകള്‍ ഏറെ ഇഷ്ടപ്പെട്ടു. എന്നു പറഞ്ഞാല്‍ പോരാ, ആ കഥകളുടെ മാന്ത്രിക സൗന്ദര്യത്തില്‍ അദ്ദേഹം വീണുപോയി എന്നുതന്നെ പറയണം. മാത്രമല്ല, കോളേജ് വിദ്യാര്‍ത്ഥിയും മികച്ച വായനക്കാരനുമായി മാറിയ അപ്പന്‍ കഥകളെഴുതി തുടങ്ങുകയും ചെയ്തു. നിരവധി ചെറുകഥകള്‍ അദ്ദേഹം അക്കാലത്ത് എഴുതി. അതൊന്നും ആരേയും അറിയിച്ചില്ല. അക്കാലത്ത് എന്‍. മോഹനന്റെ കഥകളുടെ ആരാധകനായിരുന്നു അദ്ദേഹം. ഏഴാം ക്ലാസ്സു മുതല്‍ ഗൗരവമേറിയ വായന തുടങ്ങിയ അപ്പന്‍ കോളേജ് ക്ലാസ്സുകളിലെത്തിയപ്പോള്‍ സാഹിത്യത്തെക്കുറിച്ച് സാമാന്യം നല്ല ധാരണ നേടിക്കഴിഞ്ഞിരുന്നു. കഥകളെഴുതുവാനുള്ള 'പക്വത' അദ്ദേഹം നേടിയിരുന്നു എന്നര്‍ത്ഥം. സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങളെക്കാള്‍ മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളെക്കുറിച്ചും മനസ്സിന്റെ രഹസ്യലോകങ്ങളെക്കുറിച്ചും അനുഭൂതികളെക്കുറിച്ചും അന്വേഷിക്കുന്ന കഥകളാണ് അപ്പന്‍ ഇഷ്ടപ്പെട്ടത്. ആ സ്വഭാവം പുലര്‍ത്തുന്ന കഥകളാണ് എഴുതിയതും.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com