ഏകാന്തതയുടെ വിശുദ്ധ വീഞ്ഞില്‍ ലഹരി കണ്ടെത്തിയ കെപി അപ്പന്‍

ചുറ്റുമുള്ളവരെപ്പോലെ ചിന്തിക്കാനും കൂട്ടംകൂടി നടക്കാനും കൂട്ടായ്മകളില്‍ ആഘോഷത്തോടെ പങ്കെടുക്കാനും കെ.പി. അപ്പനു ജീവിതത്തില്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല. അദ്ദേഹം എന്നും ഒറ്റയ്ക്കായിരുന്നു
ഏകാന്തതയുടെ വിശുദ്ധ വീഞ്ഞില്‍ ലഹരി കണ്ടെത്തിയ കെപി അപ്പന്‍

ഒറ്റയാന്റെ കുട്ടിക്കാലം

കെ.പി. അപ്പന്‍ 1973ല്‍ പുറത്തിറക്കിയ ആദ്യ പുസ്തകത്തിന്റെ ആമുഖക്കുറിപ്പായി തന്റെ ചിന്തകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച നീറ്റ്‌ഷേയുടെ വാക്കുകള്‍ ഉദ്ധരിച്ചു ചേര്‍ത്തിട്ടുണ്ട്. അത് ഇപ്രകാരമാണ്:

'He was aboslutely alone, with not a single friend; 
and between one and none their lies as infintiy.'

അപ്പന്‍ ഈ വരികള്‍ ഉദ്ധരിക്കുന്നതിന് ഒരു നൂറ്റാണ്ടിനു മുന്‍പ് 1876ല്‍ ജര്‍മന്‍ ചിന്തകനായ ഫ്രെഡറിക് നീറ്റ്‌ഷേ, ഷോപ്പന്‍ഹോവറെ കുറിച്ചെഴുതിയ പുസ്തകത്തിലെ ('Schopenhauer as Educator') വാക്കുകളാണ് ഇവ. അക്കാലത്ത് ഷോപ്പന്‍ഹോവര്‍ അനുഭവിച്ച അപകടകരമായ ഒറ്റപ്പെടലിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് നീറ്റ്‌ഷേ അപ്രകാരമെഴുതിയത്. സ്വേച്ഛാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളിലും മതാധിപത്യം സമൂഹത്തില്‍ പിടിമുറുക്കുന്ന അവസരങ്ങളിലും മനുഷ്യരാശിക്ക് അഭയം നല്‍കുന്ന തത്ത്വചിന്തകര്‍ അനുഭവിക്കുന്ന ഏകാന്തതയെക്കുറിച്ചാണ് നീറ്റ്‌ഷേ പറഞ്ഞത്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളുടെ തുടക്കത്തില്‍ മലയാള സാഹിത്യത്തില്‍ ആധുനികതാവാദം (Modernism) ശക്തിപ്പെട്ടപ്പോള്‍, അതിന്റെ പിന്നിലെ സൗന്ദര്യശാസ്ത്രവും തത്ത്വചിന്തയും വിശദീകരിച്ച അവസരത്തില്‍ നാനാഭാഗത്തുനിന്നും താന്‍ നേരിട്ട എതിര്‍പ്പുകളും ഒറ്റപ്പെടുത്തലുകളും താനനുഭവിച്ച ഏകാന്തതയും ഓര്‍ത്തുകൊണ്ടാകും അപ്പന്‍ നീറ്റ്‌ഷെയുടെ വാക്കുകള്‍ ഉദ്ധരിച്ചത്. ആശ്വാസം നല്‍കാന്‍ തന്റെ ഗണത്തില്‍പ്പെട്ട ഒരു സ്‌നേഹിതന്‍ പോലും ഇല്ലാതെ താന്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടവനായിത്തീര്‍ന്നുവെന്നും തനിക്കും ആളില്ലായ്മയ്ക്കും മദ്ധ്യേ അനന്തതയായിരുന്നുവെന്നും സൂചിപ്പിക്കുകയാണ് ഇവിടെ. മാത്രമല്ല, താന്‍ അവതരിപ്പിക്കാന്‍ പോകുന്ന ജീവിത തത്ത്വചിന്തയുടേയും സാഹിത്യചിന്തയുടേയും സാരാംശം ആ വാക്കുകളിലുണ്ടെന്ന അബോധപരമായ ധാരണയും അതിന്റെ പിന്നിലുണ്ടാകണം. തനിക്ക് ജീവിതത്തില്‍ എന്നും അനുഭവപ്പെട്ട ഒറ്റപ്പെടലും ഏകാന്തതയും ഈ വാക്കുകളിലൂടെ വെളിപ്പെടുത്തുന്നുണ്ട് അദ്ദേഹം. 'ഞാന്‍ വര്‍ത്തമാനകാലത്തിനു മുന്‍പില്‍ നില്‍ക്കുന്ന ശരണമില്ലാത്ത ഒരേകാന്തതയാണ്' എന്ന് പിന്നീട് ഒരഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

ചുറ്റുമുള്ളവരെപ്പോലെ ചിന്തിക്കാനും കൂട്ടംകൂടി നടക്കാനും കൂട്ടായ്മകളില്‍ ആഘോഷത്തോടെ പങ്കെടുക്കാനും കെ.പി. അപ്പനു ജീവിതത്തില്‍ ഒരിക്കലും കഴിഞ്ഞിരുന്നില്ല. അദ്ദേഹം എന്നും ഒറ്റയ്ക്കായിരുന്നു. ഒറ്റയാനായിരുന്നു. ഏകാന്തതയുടെ വിശുദ്ധ വീഞ്ഞില്‍ താന്‍ ലഹരി കണ്ടെത്തിയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സാധാരണ ജീവിതത്തില്‍നിന്നും ഉള്‍വലിയാനുള്ള വാസന കുട്ടിക്കാലം മുതല്‍ പ്രകടിപ്പിച്ചിരുന്നു. ഏകാന്തവാസനാസക്തി അല്ലെങ്കില്‍ സഹവാസവിരക്തി തനിക്ക് എന്നുമുണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സാധാരണ മനുഷ്യര്‍ക്കില്ലാത്ത വിചിത്രമായ ഭാവനകളും ഭീതികളും മനുഷ്യജീവിത ദുരന്തത്തെക്കുറിച്ച് ഓര്‍ത്തുള്ള ആകുലതകളും അദ്ദേഹത്തെ എന്നും അലട്ടിയിരുന്നു. തീരെ കുട്ടിക്കാലം മുതല്‍ ഏതെങ്കിലും രൂപത്തില്‍ ഇതെല്ലാം അനുഭവിച്ചിരുന്നു. എന്നാല്‍, ഇങ്ങനെയുള്ള ഒരാന്തരിക ലോകത്തെ മറച്ചുവെച്ച് സാധാരണ ജീവിതമാണ് അദ്ദേഹം നയിച്ചത്. ജീവിതത്തില്‍ ഇടപെട്ടവരോടെല്ലാം മാന്യമായി പെരുമാറി. ആശയലോകത്തെ 'ശത്രുക്ക'ളോട് കരുണയില്ലാതെ ഏറ്റുമുട്ടിയ അപ്പന്‍ സ്വകാര്യ ജീവിതത്തില്‍ അവരോട് സൗമ്യമായി ഇടപെട്ടു. അദ്ദേഹം യാത്രകള്‍ ഇഷ്ടപ്പെട്ടില്ല. എപ്പോഴും കുടുംബത്തോടൊപ്പം ജീവിച്ചു. സ്‌നേഹിതന്മാരേയും കുടുംബാംഗങ്ങളേയും വിദ്യാര്‍ത്ഥികളേയും അഗാധമായിത്തന്നെ സ്‌നേഹിച്ചു. എന്നാല്‍, അദ്ദേഹം ആന്തരികമായി എന്നും ഏകാകിയായിരുന്നു. മനുഷ്യജീവിതത്തിന്റെ വിധിയോര്‍ത്തുള്ള അഗാധഖേദങ്ങള്‍ അദ്ദേഹത്തെ നിരന്തരം പീഡിപ്പിച്ചു എന്നുതന്നെ പറയാം. മരണത്തിന്റെ അനുഭവം മനുഷ്യനില്‍ നിന്നും വിട്ടുപോകുന്നില്ലെന്നും അത് പേടിപ്പെടുത്തും വിധം സ്പഷ്ടമാണെന്നും അത് ചെറുപ്പത്തില്‍ തന്നെ തനിക്കുണ്ടായിരുന്നുവെന്നും അപ്പന്‍ പില്‍ക്കാലത്ത് എഴുതിയിട്ടുണ്ട്. മരണം ഭീകരരക്ഷകന്റെ രണ്ട് കണ്ണുകളുമായി വന്ന് തന്നെ പേടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ചെറിയ പ്രായത്തില്‍ത്തന്നെ മനുഷ്യജീവിതത്തെ ദാര്‍ശനികമായി ഭാവന ചെയ്യാനുള്ള വാസന ഉണ്ടായിരുന്നു. മനുഷ്യാവസ്ഥയുടെ ദുരന്തവിധിയോര്‍ത്ത് തീവ്രദുഃഖത്തില്‍ വീഴുന്ന ഒരു കലാകാരന്‍ ഈ വിമര്‍ശകന്റ ഉള്ളില്‍ രഹസ്യമായി ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിത സങ്കല്പത്തിലും എഴുത്തിലും അത് തെളിഞ്ഞു കാണാം.

കെപി അപ്പന്റെ അമ്മ കാർത്ത്യായനിയും അച്ഛൻ പത്മനാഭനും
കെപി അപ്പന്റെ അമ്മ കാർത്ത്യായനിയും അച്ഛൻ പത്മനാഭനും

1936 ആഗസ്റ്റ് മാസം 25ന് ആലപ്പുഴയിലെ പൂന്തോപ്പ് വാര്‍ഡിലാണ് കെ.പി. അപ്പന്‍ ജനിച്ചത്. അച്ഛന്റെ പേര് പത്മനാഭന്‍. അമ്മയുടെ പേര് കാര്‍ത്ത്യായനി അമ്മ. ആ ദമ്പതികള്‍ക്ക് നാല് മക്കള്‍. അപ്പന്റെ മൂത്ത സഹോദരി കുസുമവല്ലി. ഇളയ സഹോദരന്‍ കെ.പി. ദാസ്. ഇളയ സഹോദരി ഹേമലത. പിതാവിന് ആദ്യം പിയേഴ്‌സ് ലെസ്ലി എന്ന യുറോപ്യന്‍ കമ്പനിയിലായിരുന്നു ജോലി. പിന്നീട് കയര്‍ ബിസിനസ് തുടങ്ങി. സാമാന്യം സമ്പന്നമായ കുടുംബമായിരുന്നു അപ്പന്റേത്. പിതാവ് കയര്‍ കയറ്റി അയക്കുന്ന ബിസ്സിനസ് ആദ്യം ഭംഗിയായി നടത്തി. അന്നത്തെ ആലപ്പുഴയെക്കുറിച്ചും അപ്പന്റെ കുട്ടിക്കാലത്തെ ചുറ്റുപാടുകളെക്കുറിച്ചും അപ്പന്റെ അയല്‍വാസിയും മുന്‍ നക്‌സലൈറ്റുമായ ഭാസുരേന്ദ്ര ബാബു ഇപ്രകാരം എഴുതി:

'അവിടത്തെ നിവാസികള്‍ക്ക് ആലപ്പുഴ ഒരു ഭൂപ്രദേശം മാത്രമല്ല, ഒരു രാഷ്ട്രീയ അദ്ധ്യായം കൂടിയാണ്. ഒരു ജനതയെത്തന്നെ സ്ഥിതിസമത്വത്തിന്റേയും പ്രക്ഷോഭത്തിന്റേയും ആദ്യാക്ഷരം പഠിപ്പിച്ച കയര്‍ ഫാക്ടറികളും തൊഴിലാളികളും കുട്ടനാട്ടെ കര്‍ഷകത്തൊഴിലാളികളും ആ പ്രദേശത്തിനുതന്നെ ഒരു നൂതന ഭാവുകത്വം നല്‍കിയിട്ടുണ്ട്. കയര്‍ ഫാക്ടറി തൊഴിലാളികള്‍ ഇടതൂര്‍ന്ന് ജീവിക്കുന്ന സ്ഥലമാണ് ആലപ്പുഴയിലെ ആശ്രമം വാര്‍ഡ്. അപ്പന്‍ സാറിന്റെ വീട്ടില്‍ തന്നെ കയര്‍ നെയ്യുന്ന തറികളുള്ളത് ഞാന്‍ ഓര്‍ക്കുന്നു. മനുഷ്യപ്രയത്‌നത്താല്‍ മാത്രം സജീവമാകുന്ന ആറാട്ടുകളുടെ ശബ്ദവിന്യാസത്തിലൂടെ സഞ്ചരിച്ച കൗമാരയൗവ്വനമായിരിക്കാം അപ്പന്‍ സാറിന് തന്റെ സര്‍ഗ്ഗാത്മകമായ മൗനത്തിന് ഊടുംപാവും നല്‍കിയത്.'

അപ്പന്റെ വീട്ടില്‍ കയര്‍ പിരിക്കുന്ന നിരവധി തറികളുണ്ടായിരുന്നു. കയറുപയോഗിച്ച് കയറ്റു പായകള്‍ നിര്‍മ്മിക്കുന്ന നിര്‍മ്മാണശാലകളും ഉണ്ടായിരുന്നു. പല നിറത്തിലുള്ള കാര്‍പ്പെറ്റുകളും ചവിട്ടുമെത്തകളും നിര്‍മ്മിച്ച് വിദേശത്തേക്ക് അയക്കുന്ന വ്യവസായവും അപ്പന്റെ അച്ഛന്‍ നടത്തിയിരുന്നു. ഇരുപത്തിയഞ്ചില്‍ കൂടുതല്‍ തൊഴിലാളികള്‍ അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. സ്വാഭാവികമായും തൊഴിലാളി സംഘടനകളും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. സംഘടനാ നേതാക്കള്‍ മാസപ്പടി വാങ്ങാന്‍ പിതാവിന്റെ അടുത്ത് എത്തിയിരുന്ന കാര്യവും സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

അപ്പന്റെ കുട്ടിക്കാലത്തെ സാമൂഹിക സാഹചര്യങ്ങള്‍ ഇവയൊക്കെയായിരുന്നു. എന്നാല്‍, ആലപ്പുഴയിലെ രാഷ്ട്രീയത്തോടോ സാമൂഹിക പ്രശ്‌നങ്ങളോടോ പ്രതികരിക്കുന്ന മനസ്സായിരുന്നില്ല അപ്പന്റേത്. ചുറ്റും സംഭവിച്ചുകൊണ്ടിരുന്ന രൂക്ഷമായ സമരങ്ങളും വന്‍ പ്രക്ഷോഭണങ്ങളും അദ്ദേഹമറിയുന്നുണ്ടായിരുന്നു എന്നതു ശരിതന്നെ. അതിന്റെ ഭാഗമാകാനോ അതിനോടൊപ്പം നില്‍ക്കുവാനോ ഉള്ള മനോഭാവം അപ്പന് കുട്ടിക്കാലം മുതല്‍ ഇല്ലായിരുന്നു. ഏകാകിയായി സ്വകാര്യമായ ചിന്തകളിലും ഭാവനകളിലും മുഴുകി ജീവിച്ച കുട്ടിക്കാലമായിരുന്നു അപ്പന്റേത്. 'ഒരുകാലത്തും ഒരു സൗഹൃദവും അനുവദിക്കാത്ത ഒരു കനത്ത ഏകാന്തതയുടെ പുറംതോടിലാണ്' മുതിര്‍ന്നപ്പോള്‍ അപ്പന്‍ ജീവിച്ചതെന്ന് ഭാസുരേന്ദ്ര ബാബു തന്നെ പറയുന്നുണ്ട്. അത് കുട്ടിക്കാലത്തിനും യോജിക്കും. മനുഷ്യജീവിതത്തെ താത്ത്വികമായി സമീപിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. ജീവിതത്തിന്റെ ഭൗതികേതരമായ വശങ്ങളിലായിരുന്നു ചെറുപ്പകാലം മുതല്‍ അദ്ദേഹത്തിന്റെ ആലോചനകളും ഭാവനകളും സഞ്ചരിച്ചുകൊണ്ടിരുന്നത്. ആര്‍ക്കും ഇത് ഒരു വിസ്മയമായി തോന്നാം. പക്ഷേ, അതായിരുന്നു സത്യം. 

ജോസഫ് സ്റ്റാലിൻ
ജോസഫ് സ്റ്റാലിൻ

സ്വകാര്യങ്ങള്‍ തുറന്നുപറയുന്ന ആളല്ല അപ്പന്‍. ജീവിതത്തിന്റെ അവസാന കാലത്ത് ഒരു ഇന്റര്‍വ്യൂവില്‍ മാതാപിതാക്കളെക്കുറിച്ച് തുറന്നുപറഞ്ഞു. സ്‌നേഹത്തിന്റെ പ്രത്യക്ഷ രൂപമായിരുന്നു അച്ഛന്റേതെന്നും ഓര്‍മ്മിക്കുന്നു അപ്പന്‍. 'അച്ഛന് നല്ല ഉയരമുണ്ടായിരുന്നു, നിറമുണ്ടായിരുന്നു, വെള്ള ഖദര്‍ ഷര്‍ട്ടും മുണ്ടുമായിരുന്നു വേഷം, ഇടതു കയ്യില്‍ പ്ലെയേഴ്‌സ് സിഗരറ്റിന്റെ ഒരു ടിന്നും തീപ്പെട്ടിയും എപ്പോഴും കാണുമായിരുന്നു, നിരന്തരം പുകവലിക്കുമായിരുന്നു, അധികം സംസാരിച്ചിരുന്നില്ല, എന്നോട് ചങ്ങാതിയെപ്പോലെയാണ് പെരുമാറിയിരുന്നത്'  അച്ഛനെപ്പറ്റി ഇത്രയും കാര്യങ്ങള്‍ അപ്പന്‍ ആ സംഭാഷണത്തില്‍ പറഞ്ഞു. സ്‌നേഹത്തിന്റെ പ്രതിരൂപമായിരുന്നു അമ്മയും. രാവിലെ പ്രാര്‍ത്ഥിക്കുന്ന അമ്മയുടെ രൂപം എപ്പോഴും മനസ്സിലുണ്ടാകും. നിലവിളക്കിന്റെ മൃദുലമായി ഇളകുന്ന നാളം പോലെ അമ്മയുടെ പ്രാര്‍ത്ഥനാസ്വരം വിറകൊള്ളുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. പുരാണകഥകള്‍ പറഞ്ഞും നാടന്‍പാട്ടുകള്‍ പാടി കേള്‍പ്പിച്ചും ജീവിതത്തിലേക്ക് വെളിച്ചവും ശക്തിയും പകര്‍ന്ന അമ്മ വലിയ സ്വാധീനമാണ് അപ്പനില്‍ ചെലുത്തിയത്. രാവിലെ മടിപിടിച്ചു കിടന്നുറങ്ങുന്ന കൊച്ചുകുട്ടിയായ അപ്പനെ കള്ളക്കോപത്തോടെ നോക്കുന്ന അമ്മയേയും അപ്പന്‍ ഓര്‍ത്തെടുക്കുന്നുണ്ട്. അപ്പന്‍ ഓര്‍ക്കുന്നു: 'നല്ല ചന്ദന നിറമായിരുന്നു അമ്മയ്ക്ക്. കോപിക്കുമ്പോള്‍ മുഖം ചെറുതായി ചുവന്നുതുടങ്ങുന്നു. അപ്പോള്‍ അമ്മയുടെ മുഖം ചന്ദനത്തില്‍ കുങ്കുമം വീണപോലെ തോന്നുമായിരുന്നു. പിന്നീട് അമ്മ എനിക്കു ചായയുമായി വരുന്നു. ശാസിച്ച് എഴുന്നേല്‍പ്പിക്കുന്നു. ശാസന കൂടുമ്പോള്‍ ഞാന്‍ അമ്മയെ തുറിച്ചുനോക്കുന്നു. അപ്പോള്‍ അമ്മ സ്‌നേഹപൂര്‍വ്വം പറയും, തുറിച്ചു നോക്കുകയൊന്നും വേണ്ട, ഈ കറിച്ചട്ടി പോലത്തെ കണ്ണുകള്‍ ഞാന്‍ കുത്തിപ്പൊട്ടിക്കും. എന്റെ കണ്ണുകളെ കറിച്ചട്ടിപോലത്തെ കണ്ണുകള്‍ എന്നാണ് അമ്മ വിശേഷിപ്പിക്കുന്നത്. അതു കേള്‍ക്കുമ്പോള്‍ അച്ഛന്റെ മുഖത്ത് അലങ്കരിച്ച ഒരു ചിരി കാണാമായിരുന്നു.' 

കുട്ടിക്കാലത്തെ അപ്പന്റെ ചിത്രവും അച്ഛന്റേയും അമ്മയുടേയും സൂക്ഷ്മരൂപങ്ങളും വ്യക്തമാക്കുവാന്‍ വേണ്ടിയാണ് ഇത്രയും ഉദ്ധരിച്ചത്. പിതാവിന്റെ തനിസ്വരൂപമായിരുന്നു അപ്പന്‍. അമ്മ പറഞ്ഞ കറിച്ചട്ടി കണ്ണുകള്‍ അപ്പന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. പ്രകാശപൂര്‍ണ്ണമായ വലിയ കണ്ണുകളായിരുന്നു. മൂത്ത സഹോദരിയും ഇളയ സഹോദരനും സഹോദരിയുമൊത്തുള്ള കുട്ടിക്കാലത്തെ ജീവിതം ആനന്ദം നിറഞ്ഞതായിരുന്നു. അപ്പന്റെ മൂത്ത സഹോദരിയുമൊത്താണ് സ്‌കൂളില്‍ പോയത്. അനുജനും അനുജത്തിക്കും ജ്യേഷ്ഠന്റെ സ്‌നേഹത്തെക്കുറിച്ച് നല്ല ഓര്‍മ്മകളുണ്ട്. ചെറുപ്പകാലം മുതല്‍ അച്ഛനെപ്പോലെ തന്നെ വീട്ടില്‍ വലിയ സംസാരങ്ങളും ബഹളങ്ങളൊന്നുമില്ലായിരുന്നുവെങ്കിലും ചേച്ചിയോടും ഇളയ സഹോദരങ്ങളോടും അപ്പന് സ്‌നേഹമായിരുന്നു. സ്‌നേഹം മനസ്സിലൊതുക്കുന്ന ശീലമായിരുന്നു അപ്പന്റേത്.

ബാല്യകാലത്തും തന്നെ മൗനം പൊതിഞ്ഞിരുന്നതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. 'സ്‌കൂളിലും കോളേജിലും മാത്രമല്ല, വീട്ടിലും ഞാന്‍ ഏകാകിയായിരുന്നു. ആരോടും അധികം സംസാരിച്ചിരുന്നില്ല. ആരാണ് തന്റെ ഉള്ളിലിരുന്ന് വാക്കുകളെ നിശ്ശബ്ദമാക്കിക്കൊണ്ടിരുന്നതെന്ന് എനിക്ക് ഇപ്പോഴും അറിഞ്ഞുകൂടാ' എന്ന് ഒരഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞു. സംസാരം അധികമില്ലെങ്കിലും സ്‌നേഹ സമ്പന്നനായിരുന്നു അദ്ദേഹം. നാട്ടുകാരോടും വലിയ സംസാരമില്ല. അവരെ കണ്ടാല്‍ പുഞ്ചിരി മാത്രം. എന്തിന് സംസാരിക്കണം? അത്യന്തം ഹൃദ്യമായ ആ പുഞ്ചിരി മാത്രം മതിയെന്ന് അടുപ്പമുള്ളവര്‍ പറയുമായിരുന്നു എന്ന് ഇളയ സഹോദരി പറഞ്ഞു. എന്നും സ്‌നേഹം ഉള്ളില്‍ നിറഞ്ഞ കെ.പി. അപ്പന്റെ മന്ദഹാസം അത്യാകര്‍ഷകമായിരുന്നു.

എംകെ സാനു
എംകെ സാനു

തീരെ കുട്ടിക്കാലത്ത് ആലപ്പുഴ നഗരത്തിന് കുറച്ചകലെ വലിയ പടിപ്പുരയുള്ള വീട്ടിലായിരുന്നു താമസം. തന്റെ ഏകാന്തതയേയും സന്ദേഹങ്ങളേയും ആ പടിപ്പുര ഒരുപാട് താലോലിച്ചിരുന്നുവെന്ന് അദ്ദേഹം പില്‍ക്കാലത്ത് എഴുതി. ആ പടിപ്പുരയെ അതിശയപടിപ്പുര എന്നദ്ദേഹം വിശേഷിപ്പിച്ചു. അതിശയപടിപ്പുരയുടെ മുന്‍പില്‍ നാട്ടുവഴിയായിരുന്നു. അന്ന് റോഡുകളൊന്നും കൂടുതലായി എവിടെയും ഉണ്ടായിരുന്നില്ല. വെള്ളമണല്‍ നിറഞ്ഞ വീതിയുള്ള നാട്ടുവഴികളും പഞ്ചസാര മണല്‍ നിറഞ്ഞ മൈതാനങ്ങളും അവിടെയുണ്ടായിരുന്നു. വലിയ കാറ്റടിക്കുമ്പോള്‍ മണല്‍ ഉയര്‍ന്നുപൊങ്ങും. പക്ഷികള്‍ പേടിച്ച് പറന്നുയരും. അതുകണ്ട് കുട്ടിയായ അപ്പന്‍ പേടിച്ചു. എന്നാല്‍, ഗ്രാമത്തിന്റെ സൗന്ദര്യം ഇഷ്ടപ്പെട്ടു. പേടിച്ചാണ് താന്‍ ഗ്രാമത്തിന്റെ സൗന്ദര്യമാസ്വദിച്ചതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. റോഡുകളൊന്നുമില്ലാത്ത നാട്ടില്‍ ധാരാളം ഇടവഴികളുണ്ടായിരുന്നു. അതിലൂടെ നടക്കാനും ഇഷ്ടമായിരുന്നു. ഇടവഴികളുടെ നിഗൂഢത തന്നെ പ്രലോഭിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്‌തെന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. മഴക്കാലത്ത് ഇടവഴികളില്‍ വെള്ളമുണ്ടാകും. വെയില്‍ വരുമ്പോള്‍ കൈതകള്‍ക്കിടയിലൂടെ സൂര്യരശ്മികള്‍ നാഗരത്‌നങ്ങള്‍ പോലെ ജലത്തില്‍ പതിഞ്ഞുകൊണ്ടിരിക്കും. പേടിച്ചു പേടിച്ചാണ് അത്തരം സൗന്ദര്യം അപ്പന്‍ ആസ്വദിച്ചത്. എന്താണ് ഈ പേടിയുടെ പൊരുള്‍? ഭയത്തില്‍ കണ്ണെറിയുന്ന മനസ്സാണ് തന്റേതെന്നും അദ്ദേഹം മറ്റൊരു ഭാഗത്ത് സൂചിപ്പിക്കുന്നു. അകാരണമായ ഒരുതരം ഭീതി അദ്ദേഹത്തിന്റെ മനസ്സില്‍ എവിടെയോ മറഞ്ഞുകിടപ്പുണ്ടെന്നു വ്യക്തം. ഇടവഴികളുടെ നിഗൂഢതകള്‍ അദ്ദേഹത്തെ പേടിപ്പിക്കുക മാത്രമല്ല, പ്രലോഭിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞതും ശ്രദ്ധിക്കണം. ഒരു ദിവസം കൈതപ്പൂവുകളുടെ സുഗന്ധത്തിനിടയില്‍ ഒരു സ്ത്രീയുടെ ഉടയുന്ന ശബ്ദം കേട്ടു. പരസ്യമായി പാപം ചെയ്യുന്നത് കണ്ടു. അത് കണ്ട് കൂടുതല്‍ പേടിച്ചു. വന്‍ഭീതിയിലേക്കും ഭയങ്കരമായ ജീവിതാനുഭവങ്ങളിലേക്കും ഭയാനകരസത്തിലേക്കും അവയെല്ലാം ചിത്രീകരിക്കുന്ന രചനകളിലേക്കും കടന്നുചെല്ലുവാന്‍ കൊതിക്കുന്ന ഒരു മനസ്സ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പില്‍ക്കാല ചിന്താജീവിതം വ്യക്തമാക്കുന്നുണ്ട്. മനസ്സിന്റെ അടിത്തട്ടില്‍ മറഞ്ഞുകിടക്കുന്ന ഭയത്തിന്റെ ആദിമ ഭാവങ്ങളാവണം ഇടവഴികളുടെ നിഗൂഢ രഹസ്യങ്ങള്‍ ഭീതിയായും പ്രലോഭനമായും അദ്ദേഹത്തിലേക്ക് കടത്തിവിട്ടത്. ലോക ജീവിതത്തിന്റെ രഹസ്യങ്ങളോര്‍ത്തു പേടിച്ച ഒരു മനസ്സ് കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിനുണ്ടായിരുന്നു. അത് ജീവിതരഹസ്യങ്ങള്‍ തേടുന്ന കലാകാരന്റെ മനസ്സാണ്. പുറത്തുവരാത്ത ഒരു കലാകാരന്‍ അപ്പന്റെ ഉള്ളില്‍ എന്നും ഉണ്ടായിരുന്നുവെന്ന് വ്യക്തം.

എന്നാല്‍, ഇതിന് കടകവിരുദ്ധമായ മറ്റൊരു ഭാവധാരയും കുട്ടിക്കാലം മുതല്‍ അദ്ദേഹത്തിലുണ്ടായിരുന്നു. പാരമ്പര്യ ധാരണകളെ അനുസരിക്കാത്ത ഒരു ധിക്കാരി കെ.പി. അപ്പന്റെ വിമര്‍ശന ജീവിതത്തിന്റെ മദ്ധ്യത്തില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നുണ്ടല്ലോ. ആ ധിക്കാരിയേയും ബാല്യകാലത്തെ ഭാവനകളില്‍ കാണാം. എല്ലാം കണ്ട് പേടിക്കുന്ന ഒരു പാവത്താന്‍ മാത്രമായിരുന്നില്ല ബാല്യകാലത്ത് അപ്പന്‍. കെ.പി. അപ്പനില്‍ എന്നും പ്രബലമായിരുന്ന  യാഥാസ്ഥിതിക വിശ്വാസപ്രമാണത്തെ ചീന്തിക്കളയുന്ന നിഷേധിയും കുട്ടിക്കാലത്തു തലയുയര്‍ത്തി. കുട്ടിക്കാലത്ത് ട്യൂഷന്‍ പഠിപ്പിച്ച ഒരു ടീച്ചറെക്കുറിച്ച് പറഞ്ഞപ്പോള്‍ ആ കുരുത്തക്കേടുകള്‍ കാണാം. ടീച്ചറിന്റെ പക്ഷികളോടുള്ള താല്പര്യത്തെക്കുറിച്ചും ഭക്തിയെക്കുറിച്ചും പറയുന്ന അവസരത്തില്‍ അപ്പന്‍ ഇപ്രകാരമെഴുതി:

'ടീച്ചര്‍ കൃഷ്ണഭക്തയായിരുന്നു. അവരുടെ സംസാരത്തില്‍ കനകമയില്‍പ്പീലി ഇളകുന്നതും നീലക്കടമ്പുകള്‍ പൂക്കുന്നതും എനിക്കു കാണാമായിരുന്നു. നല്ല രൂപമായിരുന്നു ടീച്ചറിന്റേത്. അവര്‍ക്ക് ഒരു വെള്ള മൂക്കുത്തിയുണ്ടായിരുന്നു. അത് അവരുടെ നല്ല മുഖത്തിന്റെ ചരുവില്‍ ഒരു നക്ഷത്രത്തിന്റെ മൗനമായി തിളങ്ങി.'

അരാജകചിന്ത എന്ന് പറയാനാവില്ലെങ്കിലും മഹാ കുരുത്തക്കേടിന്റെ ശബ്ദമാണ് ഇവിടെ ഉയര്‍ന്നു കേള്‍ക്കുന്നത്. തങ്ങളെ പഠിപ്പിക്കുന്ന ടീച്ചറെ ഇങ്ങനെ അവതരിപ്പിക്കുവാന്‍ സാധാരണ കുട്ടികള്‍ മടിക്കും. എന്നാല്‍, ഈ വാക്കുകളില്‍ ടീച്ചറിനോട് അനാദരവ് കാണിക്കുന്ന ഒരു പദപ്രയോഗവുമില്ല. ഭാവനയുടേയും അനുഭൂതികളുടേയും പ്രകാശവുമുണ്ട്. എന്നാല്‍, ആ വാക്കുകള്‍ക്കു പിന്നില്‍  കൗമാരത്തെ പറത്തിവിടുന്ന വിരുതനും സഹൃദയനും പാരമ്പര്യത്തെ ലംഘിക്കുന്നവനുമായ ഒരു കുസൃതിക്കുട്ടിയുടെ ഭാവനയുടെ സാന്നിദ്ധ്യമുണ്ട്. വഴിമാറി ചിന്തിക്കുവാനും ചിന്തയില്‍ അനുസരണക്കേട് കാട്ടാനും ധൈര്യമുള്ള ഒരാള്‍ ആ മഹാകുസൃതി നിറഞ്ഞ ഭാവനയുടെ പിന്നിലുണ്ട്. വേറെ വഴികളിലൂടെ നടക്കുവാനും ആരും കാണാത്ത സൗന്ദര്യ രഹസ്യങ്ങള്‍ കാണുവാനും അതെല്ലാം ധീരവും ഹൃദ്യവുമായ ഭാവനയിലൂടെയും വാക്കുകളിലൂടെയും അവതരിപ്പിക്കുവാന്‍ കെ.പി. അപ്പന് പിന്നീട് കഴിഞ്ഞിട്ടുണ്ട്. ആ കഴിവിന്റെ ചില അംശങ്ങളാണ് ഈ വാക്കുകളില്‍ കാണുന്നത്.

സാധാരണ കുട്ടികള്‍ക്കില്ലാത്ത ആശങ്കകളും സംശയങ്ങളും കുട്ടിക്കാലത്ത് അപ്പനുണ്ടായിരുന്നു.   മരണം, വിധി എന്നിവയെക്കുറിച്ചുള്ള വലിയ സംശയങ്ങള്‍ ആ കുരുന്നു മനസ്സില്‍ ഉയര്‍ന്നു കൊണ്ടിരുന്നു. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളും അവിടെ ഉണ്ടായിരുന്നു. അപ്പന് കുട്ടിക്കാലം സംശയങ്ങളുടേയും സന്ദിഗ്ദ്ധതകളുടേയും കാലമായിരുന്നു. സന്തോഷം അതിന്റെ പുറന്തോട് മാത്രം. കുട്ടിക്കാലത്ത് എല്ലാ അമ്മമാരേയും പോലെ അപ്പന്റെ അമ്മയും ധാരാളം അത്ഭുതകഥകള്‍ പറഞ്ഞുകൊടുത്തു. നാടന്‍ പാട്ടുകള്‍ പാടി കേള്‍പ്പിച്ചു. അമ്മ പാടിക്കൊടുത്ത ഒരു നാടന്‍പാട്ട് ആ സംശയശീലങ്ങളെ വര്‍ദ്ധിപ്പിച്ചു. 
'നേരം വെളുത്തെന്നും 
വെളുത്തില്ലെന്നും 
രണ്ടടയ്ക്കാ പക്ഷികള്‍ 
തമ്മില്‍ ചിലയ്ക്കുന്നുണ്ട്'
എന്ന പാട്ട് അമ്മ പാടിക്കൊടുത്തു. ആ പാട്ട്  കുട്ടിയായ അപ്പനില്‍ ഒരുപാട് സന്ദേഹങ്ങളുണര്‍ത്തി. പക്ഷികള്‍ ചിലയ്ക്കുമ്പോള്‍ അവ എന്താണ് പറയുന്നതെന്നു ചിന്തിച്ച് അദ്ദേഹം സന്ദേഹരോഗിയായി മാറി. പിന്നീട് അന്വേഷണത്തിന്റെ രോഗിയാക്കി. ഉത്തരം കിട്ടാത്ത ധാരാളം സംശയങ്ങള്‍ കുട്ടിക്കാലത്ത് അപ്പനെ പീഡിപ്പിച്ചു. ഈ സംശയശീലത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ പിന്നീട് സ്‌കൂളില്‍ പഠിച്ചപ്പോള്‍ ഒരദ്ധ്യാപകനും പ്രേരണ നല്‍കി. വി. എസ്. താണു അയ്യര്‍ എന്ന അദ്ധ്യാപകനാണത്. പ്രകൃതിയേയും പ്രപഞ്ചത്തേയും സംബന്ധിച്ച ചോദ്യങ്ങള്‍ അയ്യര്‍ സര്‍ ക്ലാസ്സില്‍ ഉന്നയിച്ചു. ദൈവത്തിന്റെ അസ്തിത്വത്തെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അദ്ധ്യാപകന്‍ പറഞ്ഞു. അപ്പന്‍ ഇപ്രകാരം എഴുതി:

'...എല്ലാം ചോദ്യങ്ങളായിരുന്നു. ചോദ്യങ്ങള്‍ വളരെ സങ്കീര്‍ണ്ണവും ജീവിതം വളരെ ഹ്രസ്വവുമാണെന്ന് അദ്ദേഹം ഞങ്ങള്‍ക്ക് പറഞ്ഞുതന്നു. ആ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരിക്കാം. എന്നാല്‍, നമുക്കും ആ ഉത്തരങ്ങള്‍ അറിഞ്ഞുകൂടാ. ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് അദ്ദേഹം എന്നെ സന്ദേഹവാദിയാക്കിക്കൊണ്ടിരുന്നു.' 

ഇങ്ങനെ മനുഷ്യജീവിതത്തെ സംബന്ധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളുമായാണ് അദ്ദേഹം വളര്‍ന്നുവന്നത്. അതിഭൗതികമായ (Metaphysical) ഒരു പ്രപഞ്ചവീക്ഷണം അപ്പന് ജന്മനാ ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. പിന്നീട് സാഹിത്യവിമര്‍ശനം ഗൗരവമായെടുത്ത് എഴുതിത്തുടങ്ങിയപ്പോള്‍ അദ്ദേഹം അന്വേഷണങ്ങളുടെ രോഗിയായിത്തീര്‍ന്നു. വലിയ എഴുത്തുകാര്‍ രചനകളിലൂടെ അവതരിപ്പിച്ച മനുഷ്യാവസ്ഥയെ സംബന്ധിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥ്യം തിരയാന്‍ കരുത്തു നല്‍കിയതും ഈ സന്ദേഹശീലമാണ്.

ആന്തരികമായി  ആശയപരവും വിചാരപരവുമായ ധാരാളം സംശയങ്ങളും സംഘര്‍ഷങ്ങളും അനുഭവിക്കുമ്പോഴും തനിക്കു ചുറ്റുമുള്ള ലോകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുവാനും ആസ്വദിക്കുവാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. ബാല്യകാലത്തു തന്നെ സംഗീതവും കഥകളിയും ആസ്വദിക്കാന്‍ സാധിച്ചു. കുട്ടിക്കാലത്ത് ലഭിച്ച ആ ആസ്വാദനത്തിന്റെ സ്വാദ് ജീവിതത്തില്‍ നിന്നും ഒരിക്കലും മാഞ്ഞുപോയിരുന്നില്ല. വീണയുടെ മാധുര്യം പ്രവഹിക്കുന്ന നാദം കേട്ടുകൊണ്ടാണ് അപ്പന്‍ രാവിലെ ഉണര്‍ന്നിരുന്നത്. മൂത്ത സഹോദരി സംഗീതം പഠിച്ചിരുന്നു. അപ്പനും തീരെ കുട്ടിക്കാലത്ത് കുറച്ചുനാള്‍ സംഗീതം പഠിച്ചു. സഹോദരിയുടെ സംഗീതപാഠങ്ങള്‍ കേട്ടുകൊണ്ടാണ് ബാല്യകാലത്ത് അപ്പന്റെ ഓരോ ദിവസവും ആരംഭിച്ചിരുന്നത്. വീടിനു സമീപത്തുള്ള മുല്ലയ്ക്കല്‍ ക്ഷേത്രത്തിലെ ഉത്സവങ്ങള്‍ സംഗീതസാന്ദ്രമായിരുന്നു. ഉത്സവകാലങ്ങള്‍ ശബ്ദത്തിന്റേയും മധുരസംഗീതത്തിന്റേയും രാഗത്തിന്റേയും അനുഭവങ്ങള്‍ അദ്ദേഹത്തിനു കൊടുത്തു. എം.എസ്. സുബ്ബലക്ഷ്മി, സുന്ദരാംബാള്‍, മധുര മണി, രാജരത്തിനം, അരുണാചലം തുടങ്ങിയവരുടെ കച്ചേരികളും നാദസ്വര കച്ചേരികളും ആസ്വദിക്കുവാന്‍ ബാല്യകാലത്തു തന്നെ സാധിച്ചു. ടി.ആര്‍. മഹാലിംഗത്തിന്റെ ഓടക്കുഴല്‍ വായന, ബിസ്മില്ലാഖാന്റെ ഷെഹ്നവായന, പാലക്കാട്ട് മണിയുടെ മൃദംഗം  ഇതെല്ലാം ചെറുപ്രായത്തില്‍ത്തന്നെ ആസ്വദിച്ചു. ആലപ്പുഴയിലെ കുട്ടിക്കാലം അദ്ദേഹത്തിന് നാദത്തിന്റേയും ശ്രുതിമാധുര്യത്തിന്റേയും രാഗലഹരിയുടേയും മാന്ത്രികമായ അനുഭവങ്ങള്‍ പകര്‍ന്നുകൊടുത്തു. കുട്ടിക്കാലത്ത് അനുഭവിച്ചത് ജീവിതത്തില്‍ ഒരിക്കലും മറക്കില്ല. ബാല്യകാലത്തെ ഈ സംഗീതത്തിന്റെ സൗന്ദര്യാനുഭവങ്ങള്‍ ജീവിതത്തിന്റെ ഒടുവില്‍വരെ നിറഞ്ഞുനിന്നിരുന്നു. 

അപ്പന്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരില്‍നിന്നെല്ലാം  വ്യത്യസ്തനായിരുന്നു. കൂട്ടുകാരെല്ലാം ഉത്സവപ്പറമ്പുകളില്‍ കളിച്ചുരസിച്ചു ഉല്ലസിച്ച് കപ്പലണ്ടി കൊറിച്ച് നടന്നപ്പോള്‍ ബാലനായ അപ്പന്‍ മുതിര്‍ന്നവരുടെ ഒപ്പമിരുന്ന് കഥകളിയും പാട്ടുകച്ചേരികളും ശ്രദ്ധിച്ച് ആസ്വദിച്ചു. ബാല്യകാലത്തെ കൂട്ടുകാരനും അയല്‍വാസിയും പിന്നീട് ഗവണ്‍മെന്റ് ഉദ്യോഗസ്ഥനുമായി മാറിയ തോപ്പില്‍ വിശ്വനാഥന്‍ ഇതെല്ലാം നന്നായി ഓര്‍ക്കുന്നുണ്ട്. കുട്ടിക്കാലത്തെ അപ്പന്റെ രൂപവും ഭാവവും സ്വഭാവവിശേഷവും എല്ലാം ഇപ്പോഴും വിശ്വനാഥന്റെ മനസ്സിലുണ്ട്. വിശ്വനാഥന്‍ കുട്ടിക്കാലത്തെ അപ്പന്റെ ഏറ്റവും അടുത്ത കൂട്ടുകാരില്‍ ഒരാളായിരുന്നു. കുട്ടിത്തം കാണിക്കാതെ എന്തും ആലോചിച്ചു പറയുന്ന ശീലം തീരെ കുട്ടിക്കാലത്തു തന്നെ അപ്പനുണ്ടായിരുന്നുവെന്നും വിശ്വനാഥന്‍ ഓര്‍മ്മിക്കുന്നു. ചെറുപ്പകാലത്തു തന്നെ ഒരുതരം വിചാരശീലം അദ്ദേഹത്തിനുണ്ടായിരുന്നു എന്ന് ആ കൂട്ടുകാരന്‍ പറഞ്ഞു. മറ്റുള്ളവരില്‍നിന്നും പാടെ ഭിന്നനായ കുട്ടിയായിരുന്നു അപ്പന്‍ എന്ന് തീര്‍ത്തു പറയാം.

തോമസ് മൻ
തോമസ് മൻ

കുസൃതികളും സാഹസിക വായനകളും 
                 
ആലപ്പുഴയിലെ പ്രസിദ്ധമായ സനാതന ധര്‍മ്മ വിദ്യാലയത്തിലാണ് അപ്പന്‍ പഠിച്ചത്. അദ്ദേഹം സ്‌കൂളില്‍ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നില്ല. ധന്യമായ സൗന്ദര്യങ്ങളൊന്നും തന്റെ വിദ്യാലയ ജീവിതത്തില്‍ ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസ ജീവിതം ഒട്ടും പ്രസന്നമല്ലായിരുന്നു. ഗണിതശാസ്ത്ര ക്ലാസ്സുകള്‍ ദുഃസ്വപ്നങ്ങളായി അനുഭവപ്പെട്ടു. ഇങ്ങനെയെല്ലാം അദ്ദേഹം പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ ജന്മവാസനകളും അഭിലാഷങ്ങളും താല്പര്യങ്ങളും സഹൃദയത്വവും വളര്‍ന്നു വികാസം പ്രാപിച്ചത് വിദ്യാലയ ജീവിതത്തിലായിരുന്നു. വായന തുടങ്ങിയത് ഈ കാലത്താണ്. കുറച്ചൊക്കെ എഴുതിത്തുടങ്ങുകയും ചെയ്തു. കെ. ബാലകൃഷ്ണന്റെ 'കൗമുദി വാരിക'യിലെ ബാലപംക്തിയില്‍ കഥകളും ലേഖനങ്ങളുമെഴുതി. 

സാഹിത്യത്തോടുള്ള കമ്പം കുട്ടിക്കാലത്ത് തന്നെയുണ്ടായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ 'സമത്വം' എന്ന പേരില്‍ കൂട്ടുകാരോടൊപ്പം ചേര്‍ന്ന് കയ്യെഴുത്തു മാസിക പുറത്തിറക്കി. സമത്വം എന്ന ആശയത്തോടുള്ള ആഭിമുഖ്യമാവണം ആ പേരു് തെരഞ്ഞെടുക്കുവാന്‍ അപ്പനെ പ്രേരിപ്പിച്ചത്. തോപ്പില്‍ വിശ്വനാഥന്‍, വിജയന്‍, സുധാകരന്‍ എന്നീ കൂട്ടുകാരായിരുന്നു ആ മാസിക പുറത്തിറക്കാന്‍ അപ്പനെ സഹായിച്ചത്. അപ്പന്‍ പത്രാധിപരും പിന്നീട് കയര്‍ത്തൊഴിലാളിയായി മാറിയ വിജയന്‍ സഹപത്രാധിപരുമായിരുന്നു. ഒറ്റ ലക്കം മാത്രമേ പുറത്തുവന്നുള്ളൂവെന്ന് തോപ്പില്‍ വിശ്വനാഥന്‍ ഓര്‍ക്കുന്നു. സഹപത്രാധിപര്‍ ഉണ്ടായിരുന്നെങ്കിലും 'സമത്വ'ത്തെ അണിയിച്ചൊരുക്കിയത് അപ്പനായിരുന്നു. 'സമത്വം' കയ്യെഴുത്തു മാസികയുടെ കവര്‍ സ്റ്റാലിന്റേതായിരുന്നു. സ്റ്റാലിന്റെ രാഷ്ട്രീയത്തോടുള്ള താല്പര്യം കൊണ്ടല്ല, അദ്ദേഹത്തിന്റെ വടിവൊത്ത കൊമ്പന്‍ മീശയോടുള്ള ആരാധനകൊണ്ടാണ് താന്‍ അങ്ങനെ ചെയ്തതെന്ന് അപ്പന്‍ എഴുതിയിട്ടുണ്ട്. സ്റ്റാലിന്റെ ചിത്രം കൊടുത്തത് കമ്യൂണിസ്റ്റുകാരായ ബന്ധുക്കള്‍ക്ക് ഇഷ്ടപ്പെട്ടു. കാരണം, അന്ന് രാഷ്ട്രീയത്തില്‍ സ്റ്റാലിന്‍ യുഗമായിരുന്നു. സ്റ്റാലിന്റെ പ്രശസ്തി ലോകമെങ്ങും പരന്നിരുന്നു. കേരളത്തിലും സ്റ്റാലിന് ആരാധകരുണ്ടായിരുന്നു. അവരില്‍ ചിലര്‍ക്കാണ് 'സമത്വം' കയ്യെഴുത്തു മാസികയുടെ കവര്‍ ഇഷ്ടമായത്. കൂട്ടുകാരനായ സുധാകരന്‍ പിന്നീട് ഫിലിം റപ്രസന്റേറ്റീവ് ആയി.  കുട്ടിക്കാലത്ത് കുറച്ചു കാലം ഫുട്‌ബോള്‍ കളിച്ചു. പ്രിയപ്പെട്ടവര്‍ക്ക് 'അപ്പാവു' ആയിരുന്നു അപ്പന്‍. അങ്ങനെയാണ് അവര്‍ വിളിച്ചിരുന്നത്.  ആരോടും കൂടുതലായി അപ്പന്‍ സംസാരിച്ചിരുന്നില്ല. എന്നാല്‍, എല്ലാവരോടും സ്‌നേഹമാണ്. വിടര്‍ന്ന കണ്ണുകളും ശാന്തഭാവവും ഒതുങ്ങിയ ഭാവങ്ങളുമുള്ള അപ്പന്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു എന്ന് കൂട്ടുകാര്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു.

അപ്പനും ഒത്തുള്ള സ്‌കൂളിലേക്കുള്ള യാത്ര എണ്‍പതു വയസ്സ് കഴിഞ്ഞിട്ടും ഇന്നലെ എന്ന പോലെ വിശ്വനാഥന്‍ ഓര്‍ക്കുന്നുണ്ട്. സ്‌കൂളിലേക്ക് മൂന്ന് കിലോമീറ്ററില്‍ താഴെ ദൂരമുണ്ട്. വിശ്വനാഥനെ കൂടാതെ വിജയനും സുധാകരനും ഉണ്ടാകും. നടന്നുനീങ്ങുമ്പോള്‍ വേറെ കൂട്ടുകാരും വന്നുചേരും. മുന്‍പില്‍ അപ്പന്റേയും വിശ്വനാഥന്റേയും മൂത്ത സഹോദരിമാരും അവരുടെ കൂട്ടുകാരികളുമുണ്ടാകും. പെണ്‍കുട്ടികള്‍ മുന്‍പിലും അവര്‍ക്ക് അകമ്പടിയായി സംരക്ഷണവലയം തീര്‍ത്തുകൊണ്ട് ആണ്‍കുട്ടികളും നീങ്ങും. അന്ന് ഇന്നത്തെപ്പോലെ പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ ഉണ്ടായിരുന്നില്ല. എങ്കിലും ആണ്‍കുട്ടികള്‍ ജാഗരൂകരായി അവരെ പിന്തുടരും. അപ്പന് വലിയ സംസാരമൊന്നുമില്ലെങ്കിലും കൂട്ടുകാരെ നിയന്ത്രിക്കാന്‍ അപ്പന് കഴിയുമായിരുന്നു എന്ന് വിശ്വനാഥന്‍ ഓര്‍ക്കുന്നു. സ്‌നേഹത്തോടെയുള്ള ഒരുതരം ആജ്ഞാശക്തിയാണത്. ഫുട്‌ബോള്‍ കളിയില്‍ പോലും അതുണ്ടായിരുന്നു എന്ന് വിശ്വനാഥന്‍ പറയുന്നു. ഇത് അപ്പന്റെ പെരുമാറ്റത്തിലും മറ്റുള്ളവരുമായുള്ള ഇടപെടലുകളിലും എന്നും ഉണ്ടായിരുന്നു എന്നത് സത്യമാണ്.
                        
 

മാധവിക്കുട്ടി
മാധവിക്കുട്ടി

വിദ്യാര്‍ത്ഥിയായ അപ്പന്‍

ബാല്യം കഴിഞ്ഞപ്പോള്‍ തന്നെ താമസം അതിശയപ്പുരയില്‍നിന്നു മാറി ആലപ്പുഴ പട്ടണത്തിന്റെ അരികിലുള്ള 'കാര്‍ത്തിക' എന്ന വീട്ടിലേക്കു മാറി. അങ്ങനെയാണ് കാര്‍ത്തികയില്‍ പത്മനാഭന്‍ (കെ.പി.) അപ്പന്‍ ആയത്. പില്‍ക്കാലത്ത് കൊല്ലത്തേക്ക് സ്ഥലം മാറ്റം വന്ന് അദ്ദേഹം കൊല്ലത്തേക്ക് പോകുന്നതുവരെ ഈ വീട്ടിലാണ് താമസിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഈ വീട്ടില്‍നിന്നും നടന്നുപോകും. അപ്പന്‍ പഠിച്ച ആലപ്പുഴയിലെ സനാതന ധര്‍മ്മ വിദ്യാലയത്തിനു വലിയ പാരമ്പര്യവും ചരിത്രവുമുണ്ട്. 1905ല്‍ ആനിബസന്റിന്റെ തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ച വിദ്യാലയമാണത്. പ്രഗത്ഭരായ അദ്ധ്യാപകരുടെ വലിയ നിരതന്നെ അവിടെ എപ്പോഴും ഉണ്ടാകും. അപ്പന്‍ പഠിക്കുമ്പോള്‍ പ്രധാന അദ്ധ്യാപകന്‍ തത്ത്വവേദിയായ വി.എസ്. താണു അയ്യരാണ്. വിദ്യാര്‍ത്ഥിയായ അപ്പന്റെ മനസ്സിനേയും മനോഭാവത്തേയും വിചാര ജീവിതത്തേയും അഗാധമായി സ്വാധീനിച്ച അദ്ധ്യാപകനാണ് താണു അയ്യര്‍. ഒരിക്കല്‍ ക്ലാസ്സില്‍ വന്ന താണു അയ്യര്‍ സാര്‍ സ്‌കൂളിനെപ്പറ്റി പത്തു വാക്യങ്ങളെഴുതാന്‍ പറഞ്ഞു. എല്ലാവരും പത്തു വാക്യങ്ങളെഴുതിയപ്പോള്‍ അഞ്ച് വാക്യങ്ങള്‍ എഴുതാനേ അപ്പന് കഴിഞ്ഞുള്ളൂ. തന്റെ പാഠശാലയെ ശാന്തിനികേതനുമായി താരതമ്യപ്പെടുത്തി വൃക്ഷങ്ങള്‍ക്കും പൂക്കള്‍ക്കും പക്ഷികള്‍ക്കും ഇടയിലിരുന്ന് പഠിക്കുന്നതിനെപ്പറ്റി അപ്പന്‍ എഴുതിയത് സാറിന് ഏറെ ഇഷ്ടപ്പെട്ടു. താണു അയ്യര്‍ വിദ്യാര്‍ത്ഥിയായ അപ്പനെ പ്രശംസിച്ചു. 'നിനക്ക് ഇത് എവിടെ നിന്നു കിട്ടി? നീ എന്തെങ്കിലും എഴുതാറുണ്ടോ?' എന്ന് അഭിനന്ദിച്ചുകൊണ്ട് ചോദിക്കുകയും ചെയ്തു. 'കൗമുദി' ബാലപംക്തിയില്‍ ചിലതെല്ലാം എഴുതിയത് പറയണമെന്നുണ്ടായിരുന്നെങ്കിലും സങ്കോചംകൊണ്ട് പറയുവാന്‍ കഴിഞ്ഞില്ല ബാലനായ അപ്പന്. അദ്ധ്യാപകന്റെ വാക്കുകള്‍ കുറച്ചൊന്നുമല്ല ആ വിദ്യാര്‍ത്ഥിയെ കോരിത്തരിപ്പിച്ചത്. അതിനുശേഷം എഴുത്തിന്റെ ധീരത തന്റെ മനസ്സില്‍ മോചനത്തിനായി കാത്തുകിടന്നു എന്ന് അദ്ദേഹം പിന്നീട് എഴുതി. എഴുത്തിന്റേയും ചിന്തയുടേയും ലോകത്തേയ്ക്കു തന്നെ കൈപിടിച്ചുയര്‍ത്തിയത് താണു അയ്യര്‍ സാറാണ് എന്ന് ഏറ്റുപറയുകയാണ് കെ.പി. അപ്പന്‍. എന്‍. പരമേശ്വരന്‍ നായര്‍, എന്‍. സ്വയംവരന്‍ നായര്‍, കല്ലേലി രാഘവന്‍ പിള്ള, എം.കെ. സാനു തുടങ്ങിയവര്‍ അവിടെ അദ്ധ്യാപകരായിരുന്നു. അപ്പന്‍ സ്‌കൂളില്‍ ചേര്‍ന്നപ്പോഴേക്കും സാനുമാഷ് ഉപരിപഠനത്തിനു പോയി. അപ്പന്റെ മൂത്ത സഹോദരിയെ സാനുമാഷ് പഠിപ്പിച്ചു. സഹോദരിയുമൊത്ത് ചെറിയ കുട്ടിയായ അപ്പന്‍ വരുന്നത് കണ്ടിട്ടുണ്ടെന്ന് സാനുമാഷ് എഴുതിയിട്ടുണ്ട്. പല ഘട്ടങ്ങളിലും വഴിയില്‍വെച്ച് ആ കുട്ടിയെ കാണുകയും തിരിച്ചറിയുകയും കുശലങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ട്. പിന്നീട് എറണാകളം മഹാരാജാസില്‍ അപ്പന്റെ പ്രിയപ്പെട്ട അദ്ധ്യാപകനായി മാറി സാനുമാഷ്.

എന്‍. പരമേശ്വരന്‍ നായര്‍ ഇംഗ്ലീഷാണ് പഠിപ്പിച്ചത്. സ്‌കൂളിലെ ഗ്ലാമര്‍ താരമായിരുന്നു ഉണ്ണിസാര്‍ എന്ന് എല്ലാവരും വിളിക്കുന്ന പരമേശ്വരന്‍ നായര്‍ സാര്‍. തകഴിയുടെ അനന്തരവനാണ്. പിന്നീട് യൂണിവേഴ്‌സിറ്റി പ്രൊഫസറായി. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി. വേഡ്‌സ്‌വര്‍ത്തിന്റെ 'ഏകാന്ത കൊയ്ത്തുകാരി' എന്ന കവിത പരമേശ്വരന്‍ സാര്‍ പഠിപ്പിച്ചു. ആ കവിത ഇഷ്ടപ്പെട്ട അപ്പന്‍ അത് മലയാളത്തിലേക്കും തര്‍ജ്ജമ ചെയ്ത് സാറിനെ കാണിച്ചു. പേടിച്ചും ലജ്ജിച്ചും ഉല്‍ക്കണ്ഠപ്പെട്ടുമാണ് അത് കാണിച്ചത്. അപ്പനില്‍ ലജ്ജാഭാവം പ്രകടമായുണ്ട്. ചെറുപ്പകാലത്ത് കൂടുതലായിരുന്നു. വളര്‍ന്നു വലുതായിട്ടും ചിരിയില്‍ ലജ്ജയുണ്ടായിരുന്നു. കവിതയുടെ തര്‍ജ്ജമ വലിയ ആശങ്കയോടെയാണ് കൊടുത്തത്. സാര്‍ അത് വായിച്ച്  'നൈസ്' എന്നു പറഞ്ഞ് തോളില്‍ ഒരിടി കൊടുത്തു. അടുത്ത ദിവസം സാര്‍ ആ പരിഭാഷ ക്ലാസ്സില്‍ കൊണ്ടുവന്നു വായിക്കുകയും ചെയ്തു. പിന്നീട് വളരെ വര്‍ഷങ്ങള്‍ക്കു ശേഷം അപ്പന്‍ കൊല്ലം എസ്.എന്‍. കോളേജില്‍ പഠിപ്പിച്ചിരുന്ന അവസരത്തില്‍ ഒരുച്ചയ്ക്ക് യാദൃച്ഛികമായി കൊല്ലത്തെ നീലാ ഹോട്ടലില്‍വെച്ച് പരമേശ്വരന്‍ നായര്‍ സാറിനെ കണ്ടു. സാര്‍ സ്‌കൂളിലെ ജോലി വിട്ട് വേറെ ഉദ്യോഗത്തില്‍ പ്രവേശിച്ചിരുന്നു. ഹോട്ടലില്‍വെച്ച് കെ.പി. അപ്പന്‍ എന്ന വിമര്‍ശകനെ പരിചയപ്പെടുകയായിരുന്നു അദ്ദേഹം. ആരോ പരിചയപ്പെടുത്തി. പരിചയപ്പെട്ടപ്പോള്‍ വായനക്കാരനായ പരമേശ്വരന്‍ സാര്‍ 'ഞാന്‍ നിങ്ങളെ ശരിക്കും വായിക്കാറുണ്ട്. നിങ്ങളുടെ സ്‌റ്റൈല്‍ എനിക്ക് ഇഷ്ടമാണ്' എന്നു  പറഞ്ഞു. താന്‍ ആലപ്പുഴ സനാതന ധര്‍മ്മ വിദ്യാലയത്തില്‍ സാറിന്റെ  വിദ്യാര്‍ത്ഥിയായിരുന്നു എന്ന് അപ്പന്‍ പറഞ്ഞപ്പോള്‍ പരമേശ്വരന്‍ സാര്‍ അതിശയവും അഭിമാനവുംകൊണ്ട് ത്രസിച്ചുപോയി. 

സോഷ്യല്‍ സ്റ്റഡീസ് പഠിപ്പിച്ച കല്ലേലി രാഘവന്‍ പിള്ള സാര്‍ തൊണ്ണൂറ്റി മൂന്നാമത്തെ വയസ്സിലും വിനീതനും ശാന്തനുമായ അപ്പന്‍ എന്ന വിദ്യാര്‍ത്ഥിയെ ഓര്‍ക്കുന്നുണ്ട്. സ്‌കൂള്‍ ലൈബ്രറിയില്‍നിന്നും പുസ്തകങ്ങളെടുത്തു വായിക്കുന്ന ആ വിദ്യാര്‍ത്ഥിയെ ഇപ്പോഴും നല്ല ഓര്‍മ്മയുണ്ട്. ഉണ്ടക്കണ്ണുകളുരുട്ടി ശ്രദ്ധിച്ച് ക്ലാസ്സില്‍ ഇരുന്ന തന്റെ വിദ്യാര്‍ത്ഥിയുടെ സാഹിത്യ ജീവിതത്തിന്റെ ഉയര്‍ച്ചയും വിമര്‍ശകന്‍ എന്ന നിലയിലുള്ള പ്രശസ്തിയും അഭിമാനത്തോടെ നോക്കിക്കണ്ട അദ്ധ്യാപകനാണ് രാഘവന്‍ പിള്ള. പിന്നീട് ഇരുവരും ആലപ്പുഴയില്‍ ഒരുമിച്ച് ഒരു പാട് മീറ്റിങ്ങുകളില്‍ പ്രസംഗിച്ചിട്ടുണ്ട്. ഓരോ പ്രസംഗത്തിലും തന്റെ അദ്ധ്യാപകനെക്കുറിച്ച് നല്ല വാക്കുകള്‍ പറയുന്ന വിനീത വിദ്യാര്‍ത്ഥിയായിരുന്നു കെ.പി. അപ്പനെന്ന് ഓര്‍ക്കുന്നു ഈ അദ്ധ്യാപകന്‍. തന്റെ വായനയെ പ്രോത്സാഹിപ്പിച്ച കല്ലേലി രാഘവന്‍ പിള്ള സാറിനെപ്പറ്റി ഓര്‍മ്മക്കുറിപ്പുകളില്‍ അപ്പന്‍ എഴുതിയിട്ടുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 'അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍' എന്ന ഗ്രന്ഥത്തെപ്പറ്റി കല്ലേലി സാര്‍ ക്ലാസ്സില്‍ പറയുമായിരുന്നു. അന്‍പതുകളുടെ തുടക്കത്തില്‍ നെഹ്‌റു ഇന്ത്യന്‍ മനസ്സുകളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. കുട്ടികള്‍ നെഹ്‌റുവിനെ കാണുമ്പോള്‍ ആര്‍ത്തുവിളിക്കുമായിരുന്നു. നെഹ്‌റു മകള്‍ക്ക് അയച്ച കത്തുകളും അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടു. സാറിന്റെ വാക്കുകള്‍ കേട്ട് അപ്പനും ചെറുപ്രായത്തില്‍ തന്നെ ആ  'കത്തുകള്‍' വായിച്ചു. ആ കത്തുകള്‍ വായിച്ച് 'പ്രിയദര്‍ശിനിയുടെ കണ്ണുകള്‍ കൂടുതല്‍ വലുതായി കാണണം' എന്ന് അപ്പന്‍ ഊഹിച്ചു. പുസ്തകം ഇഷ്ടപ്പെട്ടെങ്കിലും രാമായണത്തിലെ കുരങ്ങന്മാര്‍ തെക്കേ ഇന്ത്യയിലെ കറുത്ത മനുഷ്യരാകാം എന്ന് നെഹ്‌റു എഴുതിയത് അപ്പനിഷ്ടമായില്ല. കുട്ടിക്കാലത്തു തന്നെ പുസ്തകം വായിക്കുക മാത്രമല്ല, അത് ചെറുരൂപത്തിലെങ്കിലും വിലയിരുത്തുവാനും അദ്ദേഹം ശ്രദ്ധിച്ചു എന്നാണ് ആ പരാമര്‍ശം കാണിക്കുന്നത്.
                      
 

ഒവി വിജയൻ
ഒവി വിജയൻ

സ്വര്‍ണ്ണത്തെക്കാള്‍ വിലയുള്ള പുസ്തകങ്ങള്‍            
             
സ്‌കൂള്‍ ജീവിതം അത്രയൊന്നും പ്രസന്നമായിരുന്നില്ല, കണക്ക് പഠിപ്പിച്ച ക്ലാസ്സുകള്‍ പേടി സ്വപ്നങ്ങളായിരുന്നു എന്നൊക്കെ എഴുതിയ അപ്പന്‍ അക്കാലത്ത് അദ്ധ്യാപകരില്‍നിന്നും കിട്ടിയ കടുത്ത ശിക്ഷയെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. അന്നൊക്കെ അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഠിനമായ ശിക്ഷകള്‍ കൊടുത്തിരുന്നു. ഭീകരമായ ചൂരല്‍പ്രയോഗം അന്ന് സര്‍വ്വസാധാരണമാണ്. ഒരുതരം ലാത്തിച്ചാര്‍ജ്ജ് തന്നെയായിരുന്നു അത്. അടി കൊടുത്ത് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്ന് മാതാപിതാക്കളും ആഗ്രഹിച്ച കാലമാണത്. ചെയ്യാത്ത കുറ്റത്തിനും വിദ്യാര്‍ത്ഥിയായ അപ്പന് അദ്ധ്യാപകനില്‍നിന്നും ചൂരല്‍കൊണ്ടുള്ള അടി കിട്ടിയിട്ടുണ്ട്. സ്‌കൂള്‍ അദ്ധ്യാപകന്‍ തന്റെ കൈവെള്ളയില്‍ സര്‍വ്വശക്തിയുമുപയോഗിച്ച് ആറു തവണ ആഞ്ഞടിച്ചപ്പോള്‍ തന്റെ കണ്ണില്‍നിന്നും നക്ഷത്രമല്ല തെറിച്ചുപോയത്, ഒരു സൗരയൂഥം തന്നെ തെറിച്ചുപോയി എന്ന് പില്‍ക്കാലത്ത് കൊല്ലത്തെ ഒരു സ്‌കൂളില്‍ പ്രസംഗിച്ച വേളയില്‍ അപ്പന്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്നത്തെ ചില അദ്ധ്യാപകരുടെ രീതി അതായിരുന്നു.

എല്ലാവരുടേയും വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഇത്തരം അനുഭവങ്ങളുണ്ടാകും. എങ്കിലും  പിന്നീട് അവര്‍ ജീവിതത്തില്‍ നേടിയെടുത്ത പല വിജയങ്ങളുടേയും തുടക്കം സ്‌കൂള്‍ ജീവിതത്തിലാകും. അപ്പന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. അപ്പന്റെ ധൈഷണിക ജീവിതത്തിന്റേയും വിമര്‍ശക വ്യക്തിത്വത്തിന്റേയും അടിസ്ഥാനമിട്ട വായന ആരംഭിച്ചത് വിദ്യാലയ ഘട്ടത്തിലായിരുന്നു എന്നതാണ് സത്യം. നാളെ എഴുത്തുകാരനാകുമെന്ന് കരുതിക്കൊണ്ടാവില്ല വായന തുടങ്ങിയത്. അപ്പന്റെ ഏകദേശം ആറു പതിറ്റാണ്ടുകാലം നീണ്ടുനിന്ന നിസ്തന്ദ്രമായ വായന ആരംഭിച്ചത് സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. വായന തന്റെ രാത്രികളെ പകലുകളാക്കി മാറ്റാറുണ്ട് എന്ന് തന്റെ വായനയെപ്പറ്റി അപ്പന്‍ പിന്നീട് പറയുന്നുണ്ട്. ആ ആഴത്തിലുള്ള വായന സ്‌കൂള്‍ ജീവിതകാലത്താണ് ആരംഭിച്ചത്. ഏഴാം ക്ലാസ്സു മുതല്‍ പുസ്തകങ്ങള്‍ ഗൗരവമായി വായിച്ചുതുടങ്ങി. മാത്രമല്ല, പുസ്തകങ്ങള്‍ ശേഖരിച്ചു തുടങ്ങുകയും ചെയ്തു. സ്വര്‍ണ്ണത്തെക്കാള്‍ വിലയുള്ളതാണ് പുസ്തകമെന്ന് വിശ്വസിക്കുകയും ചെയ്തു. കുട്ടിക്കാലത്തു തന്നെ പുസ്തകങ്ങള്‍ അപ്പന്റെ കൂട്ടുകാരായി മാറി. ചെറിയ പ്രായത്തിലെ തന്റെ ഏകാന്തതയെക്കുറിച്ചും വായനയെക്കുറിച്ചും  സാര്‍ത്ര് തന്റെ ആത്മകഥയായ 'വാക്കുകളി'ല്‍ ('The Words')  ഇപ്രകാരമെഴുതി:

'ഞാന്‍ മണ്ണുവാരി കളിച്ചില്ല. പക്ഷിക്കൂടുകള്‍ തേടിയലഞ്ഞില്ല. ഔഷധച്ചെടികള്‍ തിരക്കി നടന്നില്ല. കിളികളെ കല്ലെറിഞ്ഞില്ല. പുസ്തകങ്ങളായിരുന്നു എന്റെ കിളികള്‍, എന്റെ കളിക്കൂട്ടുകാര്‍, എന്റെ വളര്‍ത്തുമൃഗങ്ങള്‍, എന്റെ തൊഴുത്ത്, എന്റെ ഗ്രാമം...'

ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ തത്ത്വചിന്തകനും എഴുത്തുകാരനുമായ സാര്‍ത്രിന്റെ ഈ വാക്കുകള്‍ അപ്പന്റെ കുട്ടിക്കാലത്തെ വായനയ്ക്കും യോജിക്കുന്നു. സാര്‍ത്രിനെപ്പോലെ അപ്പനും കുട്ടിക്കാലത്ത് മനസ്സുകൊണ്ട് ഏകനായിരുന്നു. പുസ്തകങ്ങളായിരുന്നു ഇളംപ്രായത്തില്‍ അപ്പന്റേയും സുഹൃത്തുക്കള്‍.  

അപ്പന്‍  ചെറിയ പ്രായത്തില്‍ത്തന്നെ ബൗദ്ധിക ജീവിതത്തിനുള്ള ശക്തി സംഭരിച്ചു തുടങ്ങിയിരുന്നു. മറ്റുള്ളവരില്‍നിന്നും വ്യത്യസ്തമായി വായിക്കുവാനും ചിന്തിക്കുവാനും ഭീതിയില്ലാതെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുവാനുള്ള സാമര്‍ത്ഥ്യം നേടിയെടുത്തു തുടങ്ങുന്നതും സ്‌കൂള്‍ ജീവിതകാലത്താണ്. സ്‌കൂള്‍ ലൈബ്രറിയില്‍നിന്നു മാത്രമല്ല, നാട്ടിലെ പ്രമുഖ മൂന്ന് വായനശാലകളില്‍നിന്നും നിരന്തരം പുസ്തകങ്ങളെടുത്തു വായിച്ചുതുടങ്ങുകയാണ് അപ്പന്‍. ഐക്യ ഭാരത ഗ്രന്ഥശാല, അവലുകുന്നു വായനശാല, യുവജന വായനശാല എന്നീ വായനശാലകളില്‍ മെമ്പര്‍ഷിപ്പ് എടുത്ത് വായനയാരംഭിച്ചു. പാഠപുസ്തകങ്ങളില്‍നിന്നും രക്ഷപ്പെട്ട് സ്വാതന്ത്ര്യത്തിലേക്കുള്ള കുതിച്ചുചാട്ടമായിരുന്നു വൈകുന്നേരങ്ങളില്‍ ഗ്രന്ഥശാലയിലേക്കുള്ള പോക്ക് എന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നുണ്ട്. എല്ലാ കൗമാര വായനക്കാരേയും പോലെ അപ്പനും ആദ്യം അപസര്‍പ്പക നോവലുകളും പ്രേതകഥകളും വീരസാഹസിക കഥകളും ആവേശത്തോടെ വായിച്ചു. പിന്നീട് പ്രധാനമായും മലയാള നോവലുകളാണ് വായിച്ചത്. തകഴി, കേശവദേവ്, ബഷീര്‍, പൊന്‍കുന്നം വര്‍ക്കി, ലളിതാംബിക അന്തര്‍ജ്ജനം തുടങ്ങിയവരാണ് അക്കാലത്ത് സാഹിത്യലോകത്ത് കത്തിനിന്നത്. അവരുടെ കൃതികളെല്ലാം വായിച്ചു. ചങ്ങമ്പുഴയുടേയും ഇടപ്പള്ളിയുടേയും കവിതകള്‍ വായിച്ചു. ആ കവികളുടെ വാക്കുകള്‍ സംഗീതോപകരണങ്ങളുടെ ഘോഷമായി വന്ന് തന്നെ സ്പര്‍ശിക്കുന്നതായി തോന്നിയെന്ന് എഴുതിയിട്ടുണ്ട്. സി.വി. രാമന്‍ പിള്ളയുടെ നോവലുകളിലെ ഭാഷ മഹാഭൈരവിയുടെ ഘോരനടനമായും തോന്നിയെന്നും പറഞ്ഞിട്ടുണ്ട്. 

പിന്നീട് വായന വേറൊരു ദിശയിലേക്കു നീങ്ങി. അപ്പന്‍ ബംഗാളി നോവലുകളുടെ പരിഭാഷകള്‍ വായിച്ചു തുടങ്ങി. ശരത്ചന്ദ്ര ചാറ്റര്‍ജിയുടേയും ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടേയും മറ്റും ബംഗാളി നോവലുകളുടെ പരിഭാഷകള്‍ വായിച്ച് നോവല്‍ വായനയ്ക്ക് അടിസ്ഥാനമിട്ടു. അക്കാലത്ത് വീടിനടുത്ത് പ്രവര്‍ത്തിച്ചിരുന്ന ബ്രഹ്മസമാജത്തിന്റെ പ്രവര്‍ത്തകനായിരുന്ന ജ്ഞാനിയും പ്രഭാഷകനുമായിരുന്ന ബ്രഹ്മവാദി കുഞ്ഞിരാമനുമായി കൗമാരക്കാരനായ അപ്പന്‍ പരിചയപ്പെട്ടു. ഗുരുക്കള്‍ എന്ന് എല്ലാവരും വിളിച്ചിരുന്ന ബ്രഹ്മവാദി അപ്പന്റെ വായനയെ പ്രോത്സാഹിപ്പിച്ചു. അദ്ദേഹമാണ് നാലപ്പാടന്‍ പരിഭാഷ നിര്‍വ്വഹിച്ച വിക്ടര്‍ യൂഗോയുടെ  'പാവങ്ങള്‍' എന്ന നോവലിനെപ്പറ്റി അപ്പനോട് ആദ്യം പറഞ്ഞത്. മാത്രമല്ല, 'പാവങ്ങളു'ടെ കഥ പറഞ്ഞുകൊടുക്കുകയും ചെയ്തു. ഡി എന്ന നഗരത്തിലെ മെത്രാന്റെ കാരുണ്യത്തിന്റേയും ഷാങ് വാല്‍ ഷാങ് മനുഷ്യനാകാന്‍ ശ്രമിച്ചതിന്റേയും കഥകള്‍ പ്രത്യേക തരത്തില്‍ ഗുരുക്കള്‍ അപ്പനെ പറഞ്ഞുകേള്‍പ്പിച്ചു. നാലപ്പാടന്‍ തര്‍ജ്ജമ ചെയ്ത വിക്ടര്‍ യൂഗോയുടെ 'പാവങ്ങള്‍' അപ്പന്‍ വായിച്ചത് പിന്നീടാണ്. എങ്കിലും ഗുരുക്കളുടെ വാക്കുകളിലൂടെ ആ നോവലിന്റെ സാരാംശം അപ്പനില്‍ പതിഞ്ഞിരുന്നു. കഥകള്‍ കേള്‍ക്കുവാന്‍ താല്പര്യമുണ്ടായിരുന്ന അപ്പനോട് പലരും കഥകള്‍ പറഞ്ഞു. കടപ്പുറത്തെ ഒരു കിഴവനായ കടലമ്മാവന്‍ പറഞ്ഞുകൊടുത്ത സ്വപ്നപ്പഴമകളായ കഥകളും ആ കൗമാരമനസ്സില്‍ വലിയ ചലനങ്ങളുണ്ടാക്കി. പില്‍ക്കാലത്ത് നോവല്‍ വിമര്‍ശന രംഗത്ത് വലിയ ചലനങ്ങള്‍ സൃഷ്ടിച്ച അപ്പന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അതിനുള്ള കരുക്കള്‍ ശേഖരിച്ചു തുടങ്ങി. വായന തന്നെ സ്വതന്ത്രനാക്കുന്നുവെന്നും ആളിക്കത്തുന്ന ഒരു ചൂട്ടുകറ്റ തന്നില്‍ രൂപപ്പെടുന്നുവെന്നും അദ്ദേഹം സാവധാനം മനസ്സിലാക്കി.

കൗമാരത്തിലും യൗവ്വനാരംഭവേളയിലും നോവല്‍ ആര്‍ത്തിയോടെ വായിക്കുന്നവര്‍ ധാരാളമുണ്ടാകും. അത്തരം വായനക്കാരനായിരുന്നില്ല അപ്പന്‍. അപ്പന്റെ വായന വേറിട്ട വായനയായിരുന്നു. സ്വന്തം അഭിരുചിക്കും സൗന്ദര്യബോധത്തിനും ഇണങ്ങാത്ത രചനകളോട് രാജിയാകുവാന്‍ ആദ്യ വായനയുടെ ഘട്ടത്തിലും അദ്ദേഹത്തിനു സാധിച്ചില്ല. ദേവിന്റേയും തകഴിയുടേയും നോവലുകള്‍ക്ക് വലിയ അംഗീകാരമുള്ള കാലമായിരുന്നു അത്. സാഹിത്യാന്തരീക്ഷത്തില്‍ നവോത്ഥാനകാല സാഹിത്യം തല ഉയര്‍ത്തിനില്‍ക്കുന്ന കാലമാണ്. സാമൂഹിക നോവലുകള്‍ക്ക് വലിയ അംഗീകാരമായിരുന്നു അന്ന്. ആദ്യം വായിച്ചപ്പോള്‍ ആകര്‍ഷിച്ചെങ്കിലും പിന്നീട് ആ നോവലുകളോട് പ്രകടമായ അസംതൃപ്തിയാണ് അപ്പനുണ്ടായിരുന്നത്. 

കാക്കനാടൻ 
കാക്കനാടൻ 

പതിനഞ്ച് പതിനാറ് വയസ്സിലാവണം ആ എഴുത്തുകാരുടെ രചനകള്‍ അതൃപ്തിയോടെ വായിച്ചത്. സമൂഹത്തിനു നേരേ ഉയര്‍ത്തിപ്പിടിച്ച കണ്ണാടികളില്‍ ചെറുപ്പം മുതലേ അദ്ദേഹത്തിനു താല്പര്യമുണ്ടായിരുന്നില്ല. 'തോട്ടിയുടെ മകനി'ലും 'കണ്ണാടി'യിലും സ്ഥല ദര്‍ശത്തിന്റെ സജീവ ചിത്രങ്ങളില്ലായിരുന്നു എന്ന് ആ ചെറുപ്രായത്തിലും തോന്നി എന്നര്‍ത്ഥം. യാഥാര്‍ത്ഥ്യത്തിന്റെ മറുവശം തിരയുന്ന സ്വഭാവം കുട്ടിക്കാലത്തും ചെറുരൂപത്തിലുണ്ടായിരുന്നു. ഒരൊറ്റ തലം മാത്രമുള്ള രചനകള്‍ കൗമാരകാലത്തും അദ്ദേഹം ഇഷ്ടപ്പെട്ടില്ല. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന കൃതികളോട് താല്പര്യക്കുറവ് അന്നുമുണ്ടായിരുന്നു. തന്നെ കണക്കു പഠിപ്പിച്ച സ്വയംവരന്‍ നായര്‍ സര്‍ പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിലെ കഥകളോടും അദ്ദേഹത്തിനു താല്പര്യം തോന്നിയില്ല. സോദ്ദേശ്യ റിയലിസത്തിന്റെ താണതരം മാതൃകകളായിരുന്നു ആ കഥകള്‍. കുറച്ചു മുതിര്‍ന്നപ്പോള്‍ തകഴി, ദേവ് തലമുറയെ നിശിതമായും രൂക്ഷമായും വിമര്‍ശിക്കുന്ന വിമര്‍ശകനായി അദ്ദേഹം മാറി. പിന്നീട് പ്രകടിപ്പിച്ച സാഹിത്യാഭിരുചിയുടേയും ജീവിതമനോഭാവത്തിന്റേയും വീക്ഷണത്തിന്റേയും ആദിമ ഭാവങ്ങള്‍ മുന്‍പേ തന്നെ ആ മനസ്സിലുണ്ടായിരുന്നു എന്നു കാണാം.

'വിശുദ്ധ പാപി' വായിച്ചതിനു പിടിക്കപ്പെടുന്നു

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു പുസ്തകം വായിച്ചതിന്റെ പേരില്‍ താന്‍ അനുഭവിച്ച പ്രയാസങ്ങളും മാനസിക പീഡനങ്ങളും പില്‍ക്കാലത്ത് എഴുതിയിട്ടുണ്ട്. തോമസ് മന്‍ എന്ന ജര്‍മന്‍ എഴുത്തുകാരന്റെ  'വിശുദ്ധ പാപി' ('The Holy Sinner') എന്ന നോവല്‍ വായിച്ചപ്പോഴാണ് അത് ഉണ്ടായത്. ആനി തയ്യിലിന്റെ പരിഭാഷയായിരുന്നു അത്. വായനശാലയില്‍നിന്നെടുത്തു വായിച്ച പുസ്തകം ക്ലാസ്സില്‍ കൊണ്ടുപോകുകയായിരുന്നു. ലൈംഗിക പാപത്തിന്റെ കഥയെന്ന് പുസ്തകത്തിന്റെ പുറം ചട്ടയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അശ്ലീല ഗ്രന്ഥം ക്ലാസ്സില്‍ കൊണ്ടുവന്നുവെന്ന് ആരോപിച്ച് അപ്പന്‍ എന്ന വിദ്യാര്‍ത്ഥിയെ അദ്ധ്യാപകന്‍ 'അറസ്റ്റ് ചെയ്ത്' സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി. സദാചാരലംഘനം നടത്തിയെന്ന് എല്ലാവരും പറഞ്ഞു. കൂടുതല്‍ ക്ഷോഭിച്ചത് മണി അയ്യര്‍ എന്ന അദ്ധ്യാപകനാണ്. മണി അയ്യരെ കഠിനമായ നര്‍മ്മബോധത്തോടെ ഓര്‍മ്മക്കുറിപ്പില്‍ ചിത്രീകരിക്കുന്നുണ്ട്. അദ്ദേഹം എഴുതി:

'മണി അയ്യര്‍ സാര്‍ നല്ല ബ്രാഹ്മണനായിരുന്നു. അല്ല സ്വല്പം ആഢ്യത്വം ഭാവിക്കുന്നയാള്‍. അടുത്ത ഹെഡ്മാസ്റ്റര്‍ ആകാന്‍ മോഹിച്ചയാള്‍. കസവ് നേര്യത് കസവ് മാത്രം കാണത്തക്കവിധം വടിവില്‍ മടക്കി തേച്ചു കഴുത്തിലിട്ടിരിക്കും. ദൂരത്തുനിന്ന് നോക്കിയാല്‍ മഞ്ഞച്ചേരയെ തല്ലിക്കൊന്ന് കഴുത്തിലിട്ടിരിക്കുകയാണെന്നു തോന്നും. മറ്റുള്ളവരൊക്കെ ചെകിടന്മാരാണെന്ന് തോന്നുംവിധം വെടിപൊട്ടും പോലെയാണ് അദ്ദേഹം സംസാരിച്ചിരുന്നത്. അദ്ദേഹത്തിന്റെ മന്ദഹാസത്തിനുപോലും വെടിയൊച്ചയുടെ മുഴക്കമുണ്ടെന്ന് എനിക്കു തോന്നിയിരുന്നു. അങ്ങനെയുള്ള സാറിന്റെ കയ്യിലാണ് ഞാന്‍ ചെന്നു വീണത്. അദ്ദേഹം എന്നെ ഒരുപാട് ശാസിച്ചു. പിന്നീട് എന്നെയും തൊണ്ടിസാധനമായ  'വിശുദ്ധ പാപി'യേയുംകൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി. എല്ലാവരും കൂടി വഴക്കു പറഞ്ഞു. അദ്ധ്യാപകരുടെ കണ്ണുകള്‍ ആ പുസ്തകത്തെ ശീഘ്രം പിന്തുടരുന്നുണ്ടായിരുന്നു. മണി അയ്യര്‍ സര്‍ രൂക്ഷമായ നോട്ടംകൊണ്ട് എന്നെ ദഹിപ്പിച്ചു. അതോടെ ഞാന്‍ വായിച്ചു മനസ്സില്‍ സൂക്ഷിച്ചിരുന്ന പുസ്തകം ഒറ്റയടിക്ക് കത്തിപ്പോയി. വല്ലച്ചാതിയും സ്റ്റാഫ് റൂമില്‍നിന്നും രക്ഷപ്പെട്ടാല്‍ മതിയെന്നായിരുന്നു എനിക്ക്.'

ഇത്രയും ഉദ്ധരിച്ചത് കെ.പി. അപ്പന്റെ കൗമാരകാല മനസ്സ് മനസ്സിലാക്കുവാന്‍ വേണ്ടിയാണ്. ഇതെഴുതിയത് വളരെ വര്‍ഷങ്ങള്‍ കഴിഞ്ഞാണെങ്കിലും പ്രകോപിതമായ കൗമാരമനസ്സിന്റെ ശൗര്യവും പ്രതിഷേധവുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഇവിടെ പരിഹാസവാക്കുകള്‍കൊണ്ട്   മുറിവേല്‍ക്കുന്ന മണി അയ്യര്‍ സാര്‍ പിന്നീട് അപ്പനെന്ന വിദ്യാര്‍ത്ഥിയോട് സ്‌നേഹവും കാരുണ്യവും വാത്സല്യവും ചൊരിയുന്നതും  എടുത്തുകാണിക്കുന്നുണ്ട്. മണി അയ്യര്‍ സാര്‍ വഴിയില്‍ വച്ചു കണ്ട അപ്പനെ വീട്ടില്‍ വിളിച്ചുകൊണ്ടുപോയി മധുരവും വാത്സല്യവും പകര്‍ന്നുകൊടുത്തു. ആ അദ്ധ്യാപകനെയല്ല, ലൈംഗികത ചിത്രീകരിക്കുന്ന ഒരു കലാരചനയോട് അന്നത്തെ സമൂഹം വച്ചുപുലര്‍ത്തുന്ന കപട സദാചാരബോധത്തെയാണ് ഇവിടെ ആക്രമിക്കുന്നത്. അന്നത്തെ ആസ്വാദകരുടെ സൗന്ദര്യബോധത്തിന്റെ പരിമിതിയും സദാചാരബോധത്തിന്റെ സങ്കുചിതത്വവുമാണ് വിമര്‍ശിക്കപ്പെടുന്നത്. സമകാലിക സമൂഹം അനുശാസിക്കുന്ന കലാബോധത്തിനും മൂല്യബോധത്തിനും സദാചാര സങ്കല്പങ്ങള്‍ക്കും അപ്പുറത്തേക്കു പോകുവാന്‍ കൗമാരം കടന്നിട്ടില്ലാത്ത അപ്പനു സാധിച്ചു എന്നര്‍ത്ഥം. പില്‍ക്കാലത്ത് അശ്ലീലമെന്നും സദാചാര വിരുദ്ധമെന്നും പറഞ്ഞ് യാഥാസ്ഥിതിക പണ്ഡിതന്മാര്‍ പുറന്തള്ളിയ സാഹിത്യകൃതികളുടെ പിന്നിലെ മൂല്യബോധവും ലാവണ്യ സങ്കല്പങ്ങളും വിശദീകരിക്കുന്ന വിമര്‍ശകനായി അപ്പന്‍ മാറി. മാധവിക്കുട്ടിയുടേയും ഒ.വി. വിജയന്റേയും കാക്കനാടന്റേയും മറ്റും കൃതികളിലെ അശ്ലീലവും സദാചാര വിരുദ്ധതയും എങ്ങനെ സൗന്ദര്യാത്മകമായി മാറുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൗമാരകാലത്ത് അപ്പന്‍ പോലും തിരിച്ചറിയാത്ത വ്യത്യസ്ത സൗന്ദര്യ ബോധത്തിന്റെ വിത്തുകള്‍  ഉള്ളില്‍ കിടന്നതുകൊണ്ടാണ് സ്‌നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞ അദ്ധ്യാപകര്‍ക്കു നേരേയും പരിഹാസത്തിന്റെ മുനകള്‍ തിരിച്ചുവച്ചത്.  പഴയ അഭിരുചിയോടുള്ള വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പും മൗലികതയോടുള്ള ദാഹവുമാണ് ആ പരിഹാസവാക്കുകളില്‍ നിറഞ്ഞിരിക്കുന്നത്. 'മാജിക് മൗണ്ടനും' 'വെനീസ്സിലെ മരണ'വുമെഴുതിയ, താന്‍ ഏറ്റവും ഇഷ്ടപ്പെട്ട നോവലിസ്റ്റുകളില്‍ ഒരാളായ തോമസ്മന്‍ എന്ന വലിയ എഴുത്തുകാരനെ സ്‌കൂള്‍ ജീവിതകാലത്തെ വായനയില്‍ത്തന്നെ കണ്ടെത്താന്‍ കഴിഞ്ഞതും വലിയ ആനന്ദമായി അപ്പന്‍ കരുതി.  

ഒരുപാട് കഥകള്‍ കേട്ടും നാടന്‍ പാട്ടുകള്‍ കേട്ടും വളര്‍ന്ന കുട്ടിക്കാലമായിരുന്നു അപ്പന്റേത്. സാധാരണക്കാരായ ആളുകളുടെ സംഭാഷണങ്ങളില്‍നിന്നും അവര്‍ പറയുന്ന പഴമൊഴികളില്‍നിന്നും അദ്ദേഹം പലതും പഠിച്ചു. കേള്‍ക്കുന്ന പഴമൊഴികളെല്ലാം അദ്ദേഹം എഴുതിവയ്ക്കുമായിരുന്നു. അറിവിന്റെ ഖനികളാണ് പഴഞ്ചൊല്ലുകളെന്ന് അദ്ദേഹം ചെറുപ്പകാലത്തു തന്നെ മനസ്സിലാക്കി. സാഹിത്യവിമര്‍ശനത്തില്‍ വലിയ സാഹിത്യ തത്ത്വചിന്ത ഉപയോഗിക്കുന്നതുപോലെ തന്നെ പഴമൊഴികളും ധാരാളമായി അദ്ദേഹം ഉപയോഗിച്ചു. ചില ആശയങ്ങള്‍ വിശദീകരിക്കുവാനും 'എതിരാളി'കളുടെ വാദങ്ങളെ തകര്‍ക്കുവാനും അദ്ദേഹം പലപ്പോഴും പഴഞ്ചൊല്ലുകളെ ആശ്രയിക്കുന്നതു കാണാം. അതുപോലെ കുട്ടിക്കാലത്ത് കേട്ട നാടോടിക്കഥകളില്‍നിന്നും പല വലിയ ജീവിതതത്ത്വങ്ങളും ഉള്‍ക്കൊണ്ടു. ഒരു പുരോഹിതന്റെ കുശിനിക്കാരനായ ചാക്കോ പറഞ്ഞ ഒരു കാര്യത്തെപ്പറ്റി  അദ്ദേഹം എഴുതിയിട്ടുണ്ട് . സ്‌നേഹം ഒരു ചരടാണ്, സ്‌നേഹത്തിന്റെ ചരട് പൊട്ടിയാല്‍ ഉടന്‍ വീണ്ടും കെട്ടണമെന്ന് പുരോഹിതന്‍ പറഞ്ഞു. അതുകേട്ട് കുശിനിക്കാരന്‍ പറഞ്ഞത് സ്‌നേഹത്തിന്റെ ചരട് പൊട്ടിയാല്‍ വീണ്ടും കെട്ടാം, എന്നാല്‍, പൊട്ടിയ സ്ഥലം മുഴച്ചുനില്‍ക്കും എന്നാണ്. വലിയ സ്‌നേഹത്തിലായവര്‍ പിണങ്ങിയാല്‍ പിന്നെ ഒരിക്കലും പഴയതുപോലെ ആകില്ല എന്നര്‍ത്ഥം. ഇത് സ്‌നേഹത്തെ സംബന്ധിക്കുന്ന വലിയ തത്ത്വചിന്തയാണ് എന്ന് അപ്പനു തോന്നി. പ്രൊഫ. ജി. കുമാരപിള്ള ഇത്തരമൊരാശയം പിന്നീട് പറഞ്ഞത് അദ്ദേഹം എടുത്തുകാണിക്കുന്നുണ്ട്. നാട്ടിലെ ജ്ഞാനിയായ ബ്രഹ്മവാദി കുഞ്ഞുരാമനും കടലമ്മാവനും മുത്തശ്ശിയുമൊക്കെ ധാരാളം കഥകള്‍ പറഞ്ഞുകൊടുത്തിട്ടുണ്ട്. 

മുത്തശ്ശി പറഞ്ഞുകൊടുത്ത കഥകള്‍ പലതും മനസ്സിലുണ്ട്. അതിലൊന്നിനെപ്പറ്റി അദ്ദേഹം പിന്നീട് ഓര്‍ക്കുന്നുണ്ട്. മൂന്നാം തരത്തില്‍ പഠിക്കുന്ന കാലത്ത് മുത്തശ്ശി പറഞ്ഞ ഒരു കഥ എട്ടോ ഒന്‍പതോ വയസ്സു മാത്രമുണ്ടായിരുന്ന കുട്ടിയായ അപ്പനെ വളരെ ആകര്‍ഷിച്ചു. രാജാവിന്റെ കഥയായിരുന്നു അത്. മരണത്തെ പേടിച്ച രാജാവ് മരണത്തില്‍നിന്നും രക്ഷപ്പെടാന്‍ വേണ്ടി ശ്രമിച്ച കഥയാണത്. മരണത്തില്‍നിന്നും രക്ഷപ്പെടണമെങ്കില്‍ സമുദ്രമദ്ധ്യത്തിലെ സര്‍പ്പക്കാവില്‍ കഴിയുന്ന സര്‍പ്പത്തിന്റെ തലയിലെ നീല രത്‌നക്കല്ല് വേണം. അതിനു വേണ്ടി പോകുന്ന രാജകുമാരന്റെ  മാന്ത്രികവാള്‍ വഴിയില്‍ വച്ച് വെള്ളത്തില്‍ വീണു പോകുന്നു. അതു തിരിച്ച് കിട്ടുന്നുണ്ടോ എന്ന് കഥയില്‍ പറയുന്നില്ല. വാളു കിട്ടുമോ എന്ന് മുത്തശ്ശിയോട് കുട്ടിയായ അപ്പന്‍ ആകാംക്ഷയോടെ  ചോദിച്ചപ്പോള്‍ 'അങ്ങനെ ചോദിച്ചാല്‍ വാള്‍ കിട്ടുമോ' എന്ന് മുത്തശ്ശിയുടെ മറുചോദ്യം. കഥ തീര്‍ന്നോ എന്നു ചോദിച്ചപ്പോള്‍  'കഥ തീര്‍ന്നോ എന്നു ചോദിച്ചാല്‍  വാളു കിട്ടുമോ' എന്ന് വീണ്ടും മുത്തശ്ശിയുടെ മറുചോദ്യം. കുട്ടിയായ അപ്പന് കഥ ചോദ്യങ്ങളേയും ഉത്തരങ്ങളേയും ഇല്ലാതാക്കുന്ന ഒരു വിഷമസമസ്യയായി മാറി. ഉത്തരമില്ലാത്ത ചോദ്യമായി അത് കുട്ടിയുടെ മനസ്സില്‍ കിടന്നു. പിന്നീടാണ് യാഥാര്‍ത്ഥ്യം തെളിഞ്ഞുകിട്ടിയത്. മരണത്തെ ജയിക്കുവാനുള്ള എല്ലാ മാന്ത്രികവാളുകളും ഇല്ലാതാകണം. മരണം നിലനില്‍ക്കണം. മുത്തശ്ശി പറഞ്ഞ കഥയിലെ പൊരുള്‍ സാവധാനത്തില്‍ അദ്ദേഹം മനസ്സിലാക്കി. മരണത്തിന്റെ അനിവാര്യത വിളംബരം ചെയ്യുന്ന കഥയാണ് അത് എന്നു കണ്ടെത്തി. രചനയുടെ ഉള്ളിലെ ഗൂഢ രഹസ്യങ്ങളും ജീവിത സത്യങ്ങളും കണ്ടെത്താന്‍ കുട്ടിക്കാലത്ത് കേട്ട കഥകള്‍ അദ്ദേഹത്തെ സഹായിച്ചു. ഈ ചിന്താരീതി പിന്നീട് വിമര്‍ശന ജീവിതത്തിലും പിന്തുടരുന്നുണ്ട്. കഥയില്‍ നേരിട്ടു പറയുന്നതല്ല അതിന്റെ ശരിയായ അര്‍ത്ഥമെന്ന് അദ്ദേഹം കുട്ടിക്കാലത്തു തന്നെ മനസ്സിലാക്കി. കഥയില്‍ പറയാതെ പറയുന്നത് പലതും ഉണ്ടാകും. അതു കണ്ടെത്തേണ്ടത് വായനക്കാരനാണ്. ഈ സത്യം കുട്ടിക്കാലത്തു തന്നെ അപ്പന് തെളിഞ്ഞുകിട്ടി.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com