'ത്യാഗമല്ല, ഇത്തരത്തില്‍ ജീവിക്കണമെന്നത് എന്റെ അഭിവാഞ്ഛയാണ്'

By ദയാബായി/ വിന്‍സെന്റ് പെരേപ്പാടന്‍  |   Published: 15th November 2022 05:23 PM  |  

Last Updated: 15th November 2022 05:23 PM  |   A+A-   |  

daya

 

തിനെട്ടു ദിവസങ്ങള്‍. ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന്റെ മുന്നിലെ തിരക്കേറിയ വീഥിയുടെ നടപ്പാതയോരത്ത്, ഭിത്തിയില്‍ ചാരിയും നിലത്തു കിടന്നും ദയാബായി നിരാഹാരമനുഷ്ഠിക്കുകയായിരുന്നു. 580 കിലോമീറ്ററുകള്‍ ദൂരെ കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ ഭക്ഷണം കഴിക്കാനോ വസ്ത്രം സ്വന്തമായി ധരിക്കാനോ എന്തിനേറെ നിരങ്ങി നീങ്ങാനോ പോലുമാകാതെ ദുരിതത്തിന്റെ പെരുവഴിയോരത്തു കിടന്നു നരകിക്കുന്നവര്‍ക്കുവേണ്ടിയുള്ള ഒരു സമരമായിരുന്നു അത്. കേരളം മുഴുവന്‍ ആ കാഴ്ച കണ്ടു, ആ മൗനവിലാപം കേട്ടു. എന്നാല്‍, ഭരണാധികാരികള്‍ അകലെത്തന്നെ മറഞ്ഞിരുന്നു. 

മധ്യപ്രദേശിലെ ചിഞ്ച്വാഡ ജില്ലയിലെ ആദിവാസി ഗ്രാമങ്ങളില്‍ പതിഞ്ഞ കൊടുംവെയിലും പെയ്ത മഴയും ഉതിര്‍ന്ന മഞ്ഞും നാലിലേറെ പതിറ്റാണ്ടുകള്‍ പൊള്ളിക്കുകയും നനയ്ക്കുകയും ചെയ്ത 82 വയസ്സുള്ള മെലിഞ്ഞു ചുളിവുകള്‍ വീണ കരുവാളിച്ച ശരീരംകൊണ്ട് അവര്‍ ആ കഥ നമ്മോടു പറഞ്ഞു. 

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ 20 വര്‍ഷത്തോളം കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ പെയ്യിച്ച എന്‍ഡോസള്‍ഫാന്‍ വിഷമഴയേറ്റ് കൈകാല്‍ ചലനമറ്റും തലച്ചോറ് ദ്രവിച്ചും ശ്വാസകോശം ചുരുങ്ങിയും ശരീരവളര്‍ച്ച മുരടിച്ചും ഭൂമിയില്‍ പതിഞ്ഞിഴയുന്ന മനുഷ്യജന്മങ്ങളില്‍ ഇത്തിരി കാരുണ്യത്തിന്റെ ലേപനം പുരട്ടൂ എന്നതായിരുന്നു ദയാബായിയുടെ നിലവിളി. കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന ആധുനിക ചികിത്സാ സൗകര്യങ്ങളുള്ള എയിംസ് ആശുപത്രി തുടങ്ങാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ കാസര്‍കോട്ടിനേയും ഉള്‍പ്പെടുത്തണമെന്ന് ദയാബായി ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ ഇരകളായി വൈകല്യങ്ങളോടെ പിറന്നുവീഴുന്ന കുഞ്ഞുങ്ങളേയും വൈകല്യബാധിതരായി മാറുന്നവരേയും കണ്ടെത്താന്‍ സമഗ്രമായ സര്‍വ്വേ നടത്തുകയും അവരെ സഹായിക്കുകയും ചെയ്യൂ എന്നതായിരുന്നു മറ്റൊരാവശ്യം. അവരുടെ സാമൂഹികവും ശാരീരികവുമായ സുസ്ഥിതി ഉറപ്പുവരുത്താന്‍ ജനാധിപത്യപരമായ വഴികള്‍ തുറക്കൂ എന്നും ദയാബായി വിലപിച്ചു. ഒക്ടോബര്‍ രണ്ടു മുതല്‍ കേരളം മുഴുവന്‍ ദയാബായിയുടെ നിശ്ശബ്ദരോദനം മുഴങ്ങുന്നുണ്ടായിരുന്നു. ഭരണാധികാരികള്‍ തിരിഞ്ഞുനോക്കാതെ 15 ദിവസങ്ങള്‍ കടന്നുപോയി. ഒടുവില്‍, വിദേശവാസം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയപ്പോള്‍ മാത്രം രണ്ടു വനിതാ മന്ത്രിമാരെത്തി. സര്‍ക്കാരിന്റെ പ്രതികരണങ്ങള്‍ അവര്‍ എഴുതി നല്‍കി. എയിംസ് ഒഴികെ മറ്റെല്ലാം അംഗീകരിച്ചെന്ന് അവര്‍ അവകാശപ്പെട്ടു. അപ്പോഴേക്കും 17 ദിവസങ്ങള്‍ പിന്നിട്ടിരുന്നു. ദയാബായി 18-ാം ദിവസം ഇളനീര്‍ കുടിച്ച് തല്‍ക്കാലത്തേക്കു സമരം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. ഒരു താല്‍ക്കാലിക വിരാമം മാത്രം. കാരണം, കാസര്‍കോട്ടെ നിലയ്ക്കാത്ത നിശ്ശബ്ദ വിലാപം അപ്പോഴും അവരുടെ കാതുകളില്‍ മുഴങ്ങുന്നുണ്ടായിരുന്നു.
 
നിരാഹാര സമരമവശേഷിപ്പിച്ച കാല്‍മുട്ടുവേദനയും ക്ഷീണവുമായി ദയാബായി വിശ്രമിക്കുകയായിരുന്നു. എങ്കിലും, ഉണര്‍ന്നിരുന്ന ധിഷണയുമായി അവര്‍ മാധ്യമങ്ങളോടും സന്ദര്‍ശകരോടും സംവദിച്ചു. ദയയെന്നാല്‍ നിസ്സഹായതയോ വിധിയെ പഴിച്ചുള്ള സഹനമോ അല്ലെന്ന് ജീവിതംകൊണ്ട് അവര്‍ തെളിയിച്ചുകൊണ്ടിരുന്നു. ദയയില്‍ അമ്മയുണ്ട്, അഗ്‌നിയുണ്ട്, നീതിബോധത്തില്‍ നിന്നുയരുന്ന രോഷമുണ്ട്. ദയാബായി കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഭാഷയാകുന്നത് അങ്ങനെയാണ്. സമരത്തിലേക്കുള്ള ആന്തരിക വഴികളിലൂടെയുള്ള ദയാബായിയുടെ യാത്രയാണ് ഈ സംഭാഷണം.

കോഴിക്കോട് കോടഞ്ചേരി വട്ടപ്പൊയിൽ കോളനിയിലെ കുട്ടികൾക്കൊപ്പം

സമരം ജീവിതത്തിലേക്ക് വന്നതെങ്ങനെയായിരുന്നു? 

സമരം എന്നത് ഞാന്‍ തേടിപ്പിടിച്ച ഒന്നല്ല. വാസ്തവത്തില്‍ മൂന്നു വയസ്സു മുതല്‍ എന്നെ സ്വാധീനിച്ചത് ഗാന്ധിയുടെ സ്വാതന്ത്ര്യസമരമാണ്. അന്നെല്ലാം പപ്പാ പറഞ്ഞുതരുന്ന കഥകള്‍ കേട്ടാണ് ഞാന്‍ ഉറങ്ങിയിരുന്നത്. കോട്ട് വലിച്ചെറിഞ്ഞ് പുതപ്പ് പുതച്ച് തടികൊണ്ടുള്ള ചെരുപ്പിട്ടു നടന്നാണ് ഗാന്ധി ആളുകളുടെ ഇടയിലേക്ക് പോയതെന്ന് പപ്പാ പറഞ്ഞു. ഇത് എന്റെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിച്ചു. കേള്‍ക്കുന്നതും വായിക്കുന്നതുമായ കാര്യങ്ങള്‍ മനസ്സില്‍ ചിത്രീകരിക്കുന്ന സ്വഭാവം ചെറുപ്പം മുതല്‍ എനിക്കുണ്ടായിരുന്നു. എന്തിനായിരുന്നു ഗാന്ധി ഇങ്ങനെ പോയത്? അതുപോലെ എനിക്കും എന്തെങ്കിലുമാകണമെന്നു ഞാന്‍ മനസ്സില്‍ കുറിച്ചു. അതാണ് എന്റെ ജീവിതത്തെ സ്വാധീനിച്ചത്. സമൂഹത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന ലക്ഷ്യമായി പിന്നീട്. ഇതായിരുന്നു എന്റെ തുടക്കം. സമരം എന്റെ ജീവിതത്തില്‍ വന്നതിലെ ആദ്യ പ്രചോദനം ഗാന്ധിയില്‍നിന്നുമാണ്. 

പക്ഷേ, ആദ്യം തെരഞ്ഞെടുത്തത് ഒരു കന്യാസ്ത്രീയാകാനായിരുന്നു, അല്ലേ? 

കന്യാസ്ത്രീ ജീവിതം തെരഞ്ഞെടുത്തുവെങ്കിലും അവിടുത്തെ ജീവിതത്തില്‍ ഞാന്‍ തൃപ്തയല്ലായിരുന്നു. പള്ളിയിലെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടെ ഞാന്‍ എപ്പോഴും കരയുമായിരുന്നു. കാരണം, അതല്ല എന്റെ വഴിയെന്ന് എനിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. അതിനാല്‍ അവരെന്നെ അവിടുന്നു പോകാന്‍ സമ്മതിച്ചു. വ്രതവാഗ്ദാനത്തിന് ഒരു വര്‍ഷവും പത്തു ദിവസവും ബാക്കിനിന്നപ്പോഴാണ് ഞാന്‍ അവിടുന്നു പോരുന്നത്. അപ്പോഴും ഞാന്‍ അവരോട് ആവശ്യപ്പെട്ടത് അവരുടെ ഏതെങ്കിലുമൊരു സ്ഥാപനത്തില്‍ എന്നെ തോട്ടം തൊഴിലാളിയാക്കണമെന്നാണ്. അതിനുപകരം അവരുടെ തന്നെ ഒരു ആദിവാസി സ്‌കൂളില്‍ എന്നെ സയന്‍സ് പഠിപ്പിക്കാന്‍ വിട്ടു. ബൈബിളിന്റെ ആദ്യം മുതല്‍ അവസാനം വരെ ഞാന്‍ അവിടെ വച്ചാണ് പഠിച്ചത്. ശരിക്കും ഒരു യാത്രയായിരുന്നു ബൈബിളില്‍ക്കൂടി. ഇതില്‍നിന്ന് രണ്ടുമൂന്നു കാര്യം വ്യക്തമായത് ദൈവം നിരന്തരമായി പാവപ്പെട്ടവരെ പരിഗണിക്കുന്നു, അനീതി സഹിക്കുന്നവരെ ഓര്‍ത്ത് ദൈവം വേവലാതിപ്പെടുന്നു. അങ്ങനെയാണ് ഓരോ സമയത്തും പ്രവാചകന്മാരെ പറഞ്ഞുവിടുന്നത്. പിന്നെയാണ് മനുഷ്യനായ യേശുവിന്റെ ജീവിതം. അതു വേറൊരു തരത്തില്‍ എന്നെ സ്വാധീനിച്ചു. 

യേശു മനുഷ്യരുമായി ഇടപഴകുന്നത് ഞാന്‍ ഭാവനയില്‍ കാണുമായിരുന്നു. അപ്പനും അമ്മയും സാധാരണക്കാരെപ്പോലെ പണിയെടുക്കുമ്പോള്‍ നിരാലംബരായ ഒരുപാട് ആളുകള്‍ ഇവരുടെ അടുത്തുവരുന്നതും ആവലാതികള്‍ പറയുന്നതുമെല്ലാം ഈശോ കേട്ടുകൊണ്ടിരുന്നു. ഇതിനൊരു പരിഹാരമില്ലേ എന്ന ചിന്തയോടെയാണ് ഈശോ മരുഭൂമിയിലേയ്ക്ക് പ്രാര്‍ത്ഥിക്കാന്‍ പോയത്. തനിച്ചിരുന്ന് പ്രാര്‍ത്ഥിച്ച് ബോധോദയത്തോടെയാണ് തിരികെ വന്നത്. മന്ദിരത്തില്‍ എഴുന്നേറ്റ് നിന്ന് ഏശയ്യാ പ്രവാചകന്‍ പറഞ്ഞത് പ്രഖ്യാപിച്ചു. അപ്പോള്‍ യേശുവിന് അപാരമായ കരുത്തുണ്ടായിരുന്നു. താന്‍ സുവിശേഷം അഥവാ മോചനം നല്‍കാനാണ് വന്നത്. കാഴ്ചയെന്നാല്‍ ബോധോദയമാണ്. അവസാനം പറയുന്നത് ജൂബിലി വര്‍ഷത്തെക്കുറിച്ചാണ്. ആര്‍ക്കും ആരെയും പേടിക്കാതെ എല്ലാവര്‍ക്കും സമത്വസുന്ദരമായ ജീവിതം. അതേ വാക്കുകളാണ് എന്റെ കാഴ്ചയില്‍ ഭരണഘടന. ഞാന്‍ നിയമം പഠിക്കുന്നതിന് ഒത്തിരി മുന്‍പേ തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം മനസ്സില്‍ ഉള്‍ക്കൊണ്ടതാണ്. പക്ഷേ, അന്നു മുതല്‍ എന്റെ ജീവിതത്തിന്റെ ലക്ഷ്യം ഈ ആമുഖമാണ്. ഓരോ മനുഷ്യന്റേയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഭരണഘടനാ ലക്ഷ്യം. അതാണ് 1949 നവംബര്‍ 14-ന് ഭരണഘടനാ ശില്പികള്‍ വിഭാവനം ചെയ്ത് വിളംബരം ചെയ്തത്. 

പിന്നീട് കോടതികളില്‍ നിയമ സമരത്തിലായിരുന്നോ? 

ഞാന്‍ നിയമം പഠിച്ചത് നിവൃത്തിയുണ്ടെങ്കില്‍ ആളുകളെ കോടതിയില്‍ കയറ്റരുത് എന്ന ഉദ്ദേശ്യത്തോടെയാണ്. അല്ലാതെ പ്രാക്ടീസ് ചെയ്യാനല്ലായിരുന്നു. ആദ്യമൊക്കെ സിനിമയിലെ വക്കീലന്മാരുടെ പ്രകടനമൊക്കെ കണ്ടപ്പോള്‍ വലിയ ആവേശമായിരുന്നു. പിന്നീട് ഇതിനെക്കുറിച്ചെല്ലാം മനസ്സിലാക്കി കഴിഞ്ഞപ്പോള്‍ കേസുകള്‍ കഴിയുന്നതും കോടതിയിലാകരുതെന്ന് തീരുമാനിച്ചു. പിന്നെ ഗ്രാമീണര്‍ പറയാറുണ്ട്, കോടതിയില്‍ പോയാല്‍ രണ്ടു കൂട്ടരും നനഞ്ഞുകുളിച്ചേ പോരുകയുള്ളൂ. ആരും ഒന്നും നേടുന്നില്ല. അതേസമയം ഇവരെ ഒന്നിച്ച് സമാധാനിപ്പിച്ച് രമ്യപ്പെടുത്തിക്കഴിഞ്ഞാല്‍ ആ ബന്ധങ്ങള്‍ തുടര്‍ന്നേക്കാം. അതു ഞാന്‍ അനുഭവത്തില്‍ കണ്ടതാണ്. വളരെ വര്‍ഷങ്ങളായി നിലനിന്നിരുന്ന ഭൂമി തര്‍ക്കം വില്ലേജിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരെല്ലാം ചേര്‍ന്ന് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പറ്റാതെ കിടക്കുകയായിരുന്നു. തുടര്‍ന്ന് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ കയറുപിടിച്ച് അളന്ന് തിരിച്ചുകൊടുത്തിട്ടുണ്ട്. അവര്‍ ഇന്നും പറയാറുണ്ട്, നീ ആ ചെയ്തത് നന്നായി. ഇന്ന് ആ കുടുംബം യാതൊരു തര്‍ക്കവും കൂടാതെ വളരെ നന്നായിത്തന്നെ മുന്നോട്ട് പോകുന്നുണ്ട്. കഴിയുന്നതും കോടതിയില്‍ പോകാതെ പല തര്‍ക്കങ്ങളും രമ്യതയില്‍ എത്തിക്കാമെന്ന് എനിക്ക് നല്ല വിശ്വാസമുണ്ട്. എന്നാല്‍, ഇന്ന് കാണുന്നതുപോലെ കാര്യങ്ങള്‍ പോകുമ്പോള്‍ സമരവും നിരാഹാരവുമാണ് നമ്മുടെ കയ്യിലെ ഏറ്റവും നല്ല ആയുധം. അതും പറ്റിയില്ലെങ്കില്‍ മറ്റു പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കേണ്ടിവരും. 

ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഝാന്‍സി റാണിയെക്കുറിച്ച് നാടകീയമായി ഞങ്ങളുടെ അദ്ധ്യാപകന്‍ പഠിപ്പിച്ചു. കുഞ്ഞിനെ മുതുകില്‍ കെട്ടി കുതിരയെ ഓടിച്ച് ഗ്രാമങ്ങള്‍ തോറും കയറിയിറങ്ങി ഇംഗ്ലീഷുകാരെ തുരുത്തിയ കഥയാണ് സാറ് പറഞ്ഞുതന്നത്. അന്നു ഞാന്‍ വീട്ടില്‍ ചെന്നു പപ്പാ വരുന്നത് കാത്തുനിന്ന് പപ്പായുടെ കസേരയുടെ പുറകില്‍ ചെന്നുനിന്ന് പതുക്കെ പറഞ്ഞു: ''പപ്പാ എനിക്കൊരു കുതിരയെ വേണം.'' ഞാനന്ന് ഒരു കുതിരയെ കണ്ടിട്ടുപോലുമില്ല. എന്താണിപ്പോള്‍ ഒരു കുതിരമോഹമെന്ന് പപ്പാ ചോദിച്ചു. ഝാന്‍സി റാണിയെക്കുറിച്ച് കേട്ട കഥ പറഞ്ഞ് പാഠപുസ്തകമെടുത്തു ഞാന്‍ പപ്പായെ കാണിച്ചു. ആദ്യം നീ അവരെപ്പോലെ ആകൂ. അപ്പോള്‍ കുതിരയെ വാങ്ങിച്ചുതരാമെന്ന് പപ്പാ പറഞ്ഞു. എന്റെ മനസ്സില്‍ അതൊരു വെല്ലുവിളിയായി. 

ആദ്യകുര്‍ബ്ബാന സ്വീകരിക്കുന്നതിനു മുന്‍പായി നടന്ന ക്ലാസ്സില്‍ യേശു മന്ദിരത്തില്‍ കയറി വന്നപ്പോള്‍ അവിടെയുണ്ടായിരുന്നവരെ അടിച്ചോടിക്കുന്ന പാഠം ടീച്ചര്‍ പഠിപ്പിച്ചു. ഉടനെ എനിക്ക് സംശയമായി. ഞാന്‍ ടീച്ചറോട് ചോദിച്ചു: ഈശോ പാപം ചെയ്‌തോ, എന്തിനാണ് അവരെ അടിക്കുന്നത്, യേശു ദേഷ്യപ്പെട്ടല്ലോ എന്നൊക്കെ. എന്റെ സംശയം കേട്ട ടീച്ചര്‍ ശാസിച്ചു: ''കുട്ടി അവിടെ ഇരിക്ക്, എപ്പോഴുമൊരു ചോദ്യം.'' വീട്ടില്‍ ചെന്ന് ഞാന്‍ പപ്പായോട് ചോദിച്ചു: പപ്പാ പറഞ്ഞു; കച്ചവടം നടത്തി ആ മന്ദിരം വൃത്തികേടാക്കിയതുകൊണ്ടാണെന്ന്. പക്ഷേ, വളര്‍ന്നു വന്നതിനുശേഷമാണ് ഈശോ ചെയ്തതിന്റെ അര്‍ത്ഥം എനിക്കു മനസ്സിലായത്. 

ആദ്യകുര്‍ബ്ബാന കൈക്കൊണ്ട് കഴിഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ മെഴുകുതിരിയില്‍നിന്ന് എന്റെ മുടിയില്‍ തീ പടര്‍ന്ന് എല്ലാം കത്തി. ആരോ വന്നെന്നെ രക്ഷപ്പെടുത്തി. ഇവളു വലിയ കേമിയാണ്, ഇവളുടെ അഹങ്കാരം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത് എന്നൊക്കെ പറഞ്ഞ് ആന്റിമാരെല്ലാം എന്നെ വഴക്കു പറഞ്ഞു. ഞാനവരുടെ മുന്നില്‍നിന്നു പൊട്ടിക്കരഞ്ഞു. പപ്പാ എന്നെ ദൂരെ വിളിച്ചിട്ട് ചോദിച്ചു: ''നിനക്കെന്താ ഇത്ര ബോധമില്ലേ? തീ കത്തിയത് നീ അറിഞ്ഞില്ലേ'' എന്നൊക്കെ. അപ്പോള്‍ ഞാന്‍ കരഞ്ഞുകൊണ്ട് പപ്പായോട് പറഞ്ഞു: ''പപ്പാ ഞാന്‍ ഈശോയോട് ഒരു സൂത്രം പറയുകയായിരുന്നു. എല്ലാവരും പറഞ്ഞില്ലേ, ഈശോയോട് ആദ്യം വരുമ്പോള്‍ എന്തു വേണേലും ചോദിക്കാന്‍. ഞാന്‍ ഈശോയോട് പറഞ്ഞു: നിന്റെയാ മൂച്ചും ചുണയുമൊക്കെ എനിക്ക് ഒത്തിരി ഇഷ്ടമാണെന്നും എനിക്കും അതുപോലെയൊക്കെ ആകണമെന്നും.'' ഇന്ന് എനിക്കു തോന്നുന്നു അന്നു ഞാന്‍ ഈശോയോട് ആ വരം ചോദിച്ചപ്പോള്‍ ''എന്നാല്‍ കൊണ്ടുപോകൂ ഈ വരം'' എന്നു പറഞ്ഞു തന്നുവിട്ടു കാണും. ഇപ്പോള്‍ നടത്തുന്ന സമരത്തിനുള്ള ധൈര്യവും ചുണയുമെല്ലാം അതുകൊണ്ടായിരിക്കാം.

കോണ്‍വെന്റില്‍ ആയിരുന്ന സമയത്ത് ഓരോ ക്ലാസ്സും കഴിഞ്ഞശേഷം ഞാനതിനെ മനസ്സില്‍ കണ്ട് എന്റെ കുട്ടിഭാഷയില്‍ ഈശോയോട് സംസാരിക്കുന്ന രീതിയിലാണ് എഴുതിയിരുന്നത്. അല്ലാതെ ക്ലാസ്സ് കുറിപ്പുകള്‍ അല്ലായിരുന്നു. ഒരു ദിവസം മിസ്ട്രസ്സ് ചോദ്യമൊക്കെ ചോദിച്ചപ്പോള്‍ പലര്‍ക്കും ഉത്തരം പറയാന്‍ കഴിയാതെ വന്നു. എല്ലാവരും എഴുന്നേറ്റു നിന്നപ്പോള്‍ അവര്‍ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. അടുത്ത ദിവസം കോണ്‍ഫറന്‍സിനു വരുമ്പോള്‍ എല്ലാവരും അവരവരുടെ നോട്ടുബുക്ക് കൊണ്ടുവരണമെന്നു പറഞ്ഞു. ഞാനാകെ പേടിച്ചുവിറച്ചു. എന്റെ ബുക്ക് വളരെ പേഴ്സണല്‍ ആയിരുന്നു. ഞാനും ഈശോയും മാത്രമായിരുന്നു അതില്‍. അതാരേയും കാണിക്കാനും എനിക്ക് മനസ്സില്ലായിരുന്നു. കലണ്ടര്‍ വെട്ടിയെടുത്ത് സൂചിയും നൂലും ഉപയോഗിച്ച് ഉണ്ടാക്കിയ ബുക്കിന്റെ ഒരു വശത്ത് കുഞ്ഞുകുഞ്ഞു അക്ഷരത്തില്‍ കോഡ് ഭാഷയിലൊക്കെയായിരുന്നു ഈശോയോടുള്ള സംസാരം. സിസ്റ്റര്‍ ആ നോട്ടുബുക്ക് തിരികെ തരുമ്പോള്‍ പറഞ്ഞു: ''നീ എത്രയോ വ്യത്യസ്തമായാണ് എഴുതിയിരിക്കുന്നത്. അവ തികച്ചും വ്യക്തിപരവുമാണ്. അതിനാല്‍ ഞാന്‍ ഇനി അവ വായിക്കേണ്ടതില്ല. മറ്റുള്ളവരോടൊപ്പം നോട്ടുബുക്ക് എനിക്കു തന്നോളൂ. എങ്കിലും ഞാനവ വായിക്കുന്നുണ്ടാവില്ല. നീ മറ്റുള്ളവരേക്കാള്‍ വളരെ മുന്നിലാണ്.'' പിന്നീട് ഞാന്‍ കോണ്‍വെന്റ് വിടാന്‍ തീരുമാനിച്ച് ഇറങ്ങുമ്പോള്‍ അവര്‍ എനിക്ക് ഒരു ചിത്രം സമ്മാനമായി തന്നു. കൈക്കുമ്പിളില്‍ ഒരു കോഴിക്കുഞ്ഞിനെ പിടിച്ചിരിക്കുന്ന ചിത്രമായിരുന്നു അത്. ''ദൈവം നിന്നോടൊപ്പം ഉണ്ട്. നീ വളരെ സഹിക്കേണ്ടിവരും. എങ്കിലും ഒരു ദിവസം നീ ഒരുപാട് പേര്‍ക്ക് വഴികാട്ടിയായിരിക്കും.'' അതായിരുന്നു മിസ്ട്രസ്സ് എനിക്കു നല്‍കിയ അനുഗ്രഹം. 

കാസർക്കോട് ജില്ലയിലെ എൻഡോസൾഫാൻ ഇരകളുടെ അമ്മമാരുടെ പ്രതിഷേധ പരിപാടിയിൽ ദയാബായി

പിന്നീടുള്ള ജീവിതം എങ്ങനെ നേരിട്ടു? 

ആദ്യകാലത്ത് എം.എസ്.ഡബ്ല്യൂവിന്റെ ഭാഗമായാണ് മധ്യപ്രദേശ് തിരഞ്ഞെടുത്തതും ഇവിടേക്ക് വരുന്നതും. നാഗ്പൂരിലെ ബിഷപ്പ് ജബല്‍പൂരിലായിരുന്നപ്പോള്‍ അദ്ദേഹത്തെ ഒന്ന് നേരില്‍ കണ്ട് സംസാരിക്കാന്‍ എന്റെ അങ്കിള്‍ അവസരമൊരുക്കി. ബിഷപ്പ് ദൂരെ ഒരു കസേരയില്‍ ഇരുന്നു. ഞാന്‍ ഭിത്തിയില്‍ ചാരിനിന്നു. എപ്പോഴെങ്കിലും ഒരാളോട് സംസാരിക്കണമെന്നു തോന്നിയാല്‍ ഇവിടെ നിങ്ങളെ കേള്‍ക്കാന്‍ തയ്യാറുള്ള ഒരാളുണ്ടെന്ന് മറക്കേണ്ട എന്ന വാക്കുകളോടെയാണ് അദ്ദേഹം എന്നെ യാത്രയാക്കിയത്. 
പിന്നീടൊരിക്കല്‍ ഞാന്‍ ബിഷപ്പിനെ ചെന്നു കണ്ടു. ഒരുവാക്കുപോലും അദ്ദേഹം എന്നോട് സംസാരിച്ചില്ല. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പ് ആയിരുന്നു അദ്ദേഹം. ലെയോബാഡ് ഡിസൂസ. എങ്കിലും അദ്ദേഹം എന്നെക്കുറിച്ച് കൃത്യമായി അന്വേഷിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുമായിരുന്നു. ബേസിക് കമ്മ്യൂണിറ്റികള്‍ ലാറ്റിന്‍ അമേരിക്കന്‍ മാതൃകയില്‍ നാഗ്പൂരും ഉണ്ടാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അന്ന് അദ്ദേഹം അവിടെ ബിഷപ്പായിരുന്നു. ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയേക്കാള്‍ മാനവസമൂഹത്തെയായിരുന്നു അദ്ദേഹം സ്വപ്നം കണ്ടത്. അതിനായി ലാറ്റിന്‍ അമേരിക്കയിലെ ചില പരിശീലകരെ വിളിച്ച് പരിശീലനവും കൊടുത്തു. എന്നാല്‍, ആ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത മംഗലാപുരത്തു നിന്നുള്ള വൈദികര്‍ക്ക് അത് മുന്നോട്ടു കൊണ്ടുപോകാനായില്ല. ആ സമയം ബിഷപ്പ് അതിലേക്ക് എന്നെക്കൂടി ക്ഷണിച്ചു. 

എവിടെനിന്നോ അഭയാര്‍ത്ഥികളായി വന്ന ആളുകളെ അവിടുത്തെ അച്ചന്മാര്‍ അവിടെ പാര്‍പ്പിക്കുകയും മദ്യം വാറ്റാനും പഠിപ്പിച്ചു. അതൊരു ബിസിനസ്സായിട്ടാണ് തുടങ്ങിയത്. അവസാനം ആ ഗ്രാമം മുഴുവന്‍ മദ്യത്തില്‍ മുങ്ങിക്കുളിച്ചു. അച്ചന്മാരേയും കന്യാസ്ത്രിമാരേയും അവര്‍ അടിച്ചോടിച്ചു. ഈ പശ്ചാത്തലമറിയുന്നതുകൊണ്ടുതന്നെ ഞാന്‍ ആ ജോലികള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ബിഷപ്പിനെ അറിയിച്ചു. പക്ഷേ, ബിഷപ്പ് എന്നെ അവിടെ വിടാന്‍ ഇഷ്ടപ്പെട്ടില്ല. അതിനു പകരം മറ്റൊരു മേഖല തന്നു. ഞാനൊരു ഗവേഷണത്തിന്റെ ഭാഗമായി അവിടെ വന്നു. പക്ഷേ, എനിക്ക് ശമ്പളമൊന്നും ഉണ്ടായിരുന്നില്ല. എന്റെ ഒരു സുഹൃത്ത് ഇടപെട്ട് കുറച്ചു പൈസ തന്നിരുന്നു. പിന്നീട് അച്ചന്മാരൊക്കെ ചോദിക്കുമായിരുന്നു, അവള്‍ എന്താ ചെയ്യുന്നത്? എന്താ ഒറ്റയ്ക്ക് താമസിക്കുന്നത്?

അഞ്ചു രൂപയ്ക്ക് കൂലിപ്പണി ചെയ്തുകൊണ്ട് മധ്യപ്രദേശിലെ ഒരു ഗ്രാമത്തില്‍ പണി ചെയ്യാന്‍ തുടങ്ങി. അവിടെ ചെറിയ കച്ചവടക്കാര്‍ കുതിരയുടെ പുറത്താണ് സാധനങ്ങള്‍ കെട്ടിക്കൊണ്ട് വന്നു വിറ്റിരുന്നത്. അപ്പോള്‍ എന്റെ മനസ്സില്‍ ഒരു മോഹം തോന്നി. ഇങ്ങനെയൊരു കുതിരയുണ്ടായിരുന്നെങ്കില്‍ കിലോമീറ്ററുകള്‍ നടക്കാതെ ഒത്തിരി ഗ്രാമങ്ങളില്‍ പോകാമെന്ന്. ആയിടയ്ക്കാണ് എന്റെ പിറന്നാള്‍ ദിനത്തില്‍ ബിഷപ്പ് എന്നെ വിളിച്ചത്. അദ്ദേഹം ഒരു സമ്മാനം തരാന്‍ ആഗ്രഹിക്കുന്നുവെന്നും ഇഷ്ടപ്പെട്ട ഒരു കുതിരയെ വാങ്ങാനുള്ള പണമാണ് അദ്ദേഹത്തിന്റെ സമ്മാനമെന്നും പറഞ്ഞു. അങ്ങനെ ഒരിടത്ത് കുറച്ചു പ്രായമായവരുടെ കയ്യില്‍നിന്നും വലിയ പൈസയൊന്നും കൊടുക്കാതെ ഒരു കുതിരയെ വാങ്ങി. കുതിര ഓടിയാലോ എന്ന പേടിയില്‍ ഞാനതിന്റെ കയറ് കയ്യില്‍ ചുറ്റിപ്പിടിച്ച് 20 കിലോമീറ്റര്‍ കാട്ടില്‍കൂടെ നടന്ന് ഗ്രാമത്തില്‍ എത്തി. അവിടുത്തെ സ്ത്രീകളൊക്കെ ചേര്‍ന്ന് എന്നെ കുതിരപ്പുറത്ത് കയറ്റിയിരുത്തി. അങ്ങനെ 35 കൊല്ലം ഞാന്‍ കുതിരയേയും കൊണ്ട് നടന്നു. കാസര്‍കോട് എത്തിയശേഷമാണ് ഞാന്‍ ആ കുതിരയെ വിറ്റത്. ആ കുതിരയുടെ നാല് തലമുറയെ കാണാന്‍ കഴിഞ്ഞു. 

എപ്പോഴാണ് ദയാബായി എന്ന പേര് വന്നത്? 

പണ്ട് കല്‍ക്കത്തയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ പോയപ്പോള്‍ മേഴ്സി എന്നു പറയുമ്പോള്‍ ബംഗാളികള്‍ മോഷി എന്നു വിളിക്കുമായിരുന്നു. അങ്ങനെ ഞാന്‍ അവിടെ എന്റെ പേര് കൊരുണ എന്നാക്കി. ബംഗാളിയില്‍ 'കൊരുണ' എന്നാല്‍ ദയ എന്നര്‍ത്ഥം. പിന്നീട് ഹരിയാനയില്‍ ആയിരുന്നപ്പോള്‍ എല്ലാ സ്ത്രീകള്‍ക്കും പേരിനോടൊപ്പം ഒരു 'വതി' ഉണ്ടായിരുന്നു. സുവതി, ചന്ദ്രാവതി അങ്ങനെ. അവിടെ ഞാന്‍ ദയാവതിയായി. ചിഞ്ച്വാഡയില്‍ വന്നപ്പോള്‍ രക്തബന്ധമുള്ളവര്‍ പരസ്പരം ബായി എന്നാണ് വിളിച്ചത്. അമ്മ മകളേയും മകള്‍ തിരിച്ചും സ്‌നേഹത്തോടെ ബായി എന്നു വിളിക്കും. ചന്തയിലും മറ്റും പോകുമ്പോഴും ബായി എന്നു വിളിക്കുന്നതു കേള്‍ക്കാം. എന്നാല്‍, അതില്‍ കുറച്ചു പുച്ഛവും ചെറുതാക്കലും ഉണ്ടായിരുന്നു. 'ബായി ജാ' എന്നു ഇകഴ്ത്തിക്കൊണ്ടാണ് പറഞ്ഞത്. ഞാനവ രണ്ടുമായി. അങ്ങനെ ദയാബായി ആയി. 

കരുണയും ധാര്‍മ്മികരോഷവും തമ്മില്‍ വൈരുദ്ധ്യമുണ്ടോ? അവ ഒരുമിച്ച് പോകുമോ? 

വൈരുദ്ധ്യമില്ല. ഈശോ കച്ചവടം ചെയ്യുന്നവരെ അടിച്ചോടിക്കുന്നതുപോലെയാണത്. നിങ്ങളില്‍ ആരെങ്കിലും വ്യഭിചരിക്കാത്തവരുണ്ടോ എന്ന ചോദ്യത്തിലും ധാര്‍മ്മിക രോഷമില്ലേ? എന്നാല്‍, ഇതൊക്കെ കാണുമ്പോള്‍ ഉള്ളില്‍ രോഷമുണ്ടെങ്കിലും ആര്‍ക്കും എതിരായി പ്രവര്‍ത്തിക്കാനുള്ള രോഷമില്ല.

സഹനത്തെ ത്യാഗമായി കാണുന്നുണ്ടോ? 

എന്നെ പല പരിപാടികള്‍ക്ക് വിളിക്കുമ്പോഴും ഞാന്‍ വലിയ ത്യാഗം ചെയ്തു എന്ന തരത്തില്‍ പലരും പരിചയപ്പെടുത്താറുണ്ട്. എനിക്ക് അതു കേള്‍ക്കുന്നതുതന്നെ ദേഷ്യമാണ്. ഞാന്‍ പറയും ത്യാഗമല്ല ചെയ്തതെന്ന്. ഇത്തരത്തില്‍ ജീവിക്കണമെന്നത് എന്റെ അഭിവാഞ്ഛയാണ്. ഇതിനെ ത്യാഗമായി ഒരിക്കലും കാണുന്നില്ല. എന്റെ വീട്ടുകാര്‍ പറയുമായിരുന്നു 'നീ വടക്കേ ഇന്ത്യയില്‍ പിടിച്ചുനില്‍ക്കുകയില്ല. അവിടെ തണുപ്പാണ്' എന്നൊക്കെ. എന്നാല്‍, വെല്ലുവിളികള്‍ക്ക് ഞാന്‍ പണ്ടേ ഒരുങ്ങിയിരുന്നു. സ്‌കൂളില്‍ പോകുമ്പോള്‍ പലപ്പോഴും ഉച്ചഭക്ഷണം ഒളിച്ചുവെക്കും. ഇല്ലേല്‍ ആര്‍ക്കേലും കൊടുക്കും. എന്നിട്ട് വിശന്നു നടക്കും. കുടയുടെ അകത്ത് പുസ്തകമെല്ലാം കയറ്റിവെച്ച് നല്ലപോലെ മഴ നനഞ്ഞ് വീട്ടില്‍ പോകുമായിരുന്നു. ഇപ്പോഴീ സമരം കിടന്നതും കാറ്റും മഴയും വെയിലും എല്ലാം കൊണ്ടാണ്. ആ തരത്തില്‍ ദൈവം എന്നെ പാകപ്പെടുത്തി എന്നാണ് എനിക്ക് തോന്നുന്നത്. 

കാസര്‍കോട് എത്തിയപ്പോള്‍ എന്താണ് കണ്ടത്? 

കാസര്‍കോട് ഞാന്‍ ആദ്യമായി ചെന്നു കണ്ട അനുഭവം ഹൃദയത്തില്‍ തട്ടി. വര്‍ഷങ്ങളായി മലയാളം എഴുതാതെ ചിന്തിക്കാതെ ഇരുന്ന എന്റെ പേനയില്‍ക്കൂടി ഒഴുകിവന്ന പാട്ടാണ് ''കരയൂകരയൂ കേരളമേ'' എന്നത്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഞാനാ വരികള്‍ എഴുതിയത്. അത് ഇന്റര്‍നെറ്റില്‍ 'ദയാബായി കേരള ഗാനം' എന്നോ മറ്റോ അന്വേഷിച്ചാല്‍ കിട്ടും. ആ പാട്ട് വെച്ച് ഞാനൊരു വീഡിയോ ഉണ്ടാക്കി. ഞങ്ങള്‍ക്കൊരു ജീവിതം തരൂ എന്ന ഇവരുടെ നിലവിളിയാണ് എന്നെയിവിടെ നിര്‍ത്തിയത്.

മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ഈ യാത്ര എങ്ങനെയായിരുന്നു? 

കേരളത്തില്‍ വന്ന് കാസര്‍കോട്ടെ കാഴ്ചകണ്ട് ഞാനാകെ ഉലഞ്ഞുപോയിരുന്നു. ആദ്യത്തെ സമരം ഉദ്ഘാടനം ചെയ്ത് ഞാന്‍ തിരികെ പോയെങ്കിലും ഇവിടുത്തെ ആളുകളുടെ ദയനീയത എന്റെ മനസ്സില്‍നിന്നും മാഞ്ഞുപോകാതെ കിടന്നു. ഇവിടെയാണ് എന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്നു തോന്നി. പിന്നീട് ഘട്ടംഘട്ടമായി കാസര്‍കോട്ടെ സ്‌നേഹവീടിനെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞു. അപ്പോഴും എന്റെ മനസ്സു പറഞ്ഞു, ഇതൊന്നും ഇല്ലാത്തവരിലേക്ക് കൂടി എത്തണമെന്ന്. ഇപ്പോഴും ഞാന്‍ അതാണ് ചിന്തിക്കുന്നത്. ആരോഗ്യസംരക്ഷണത്തിന് അവര്‍ക്ക് ഒന്നുമില്ല. ആരോഗ്യപരിപാലനത്തില്‍ വളരെ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍, ആത്മഹത്യ ചെയ്യുന്ന അമ്മമാര്‍. മറ്റു വഴികള്‍ ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ നിരാഹാരം തുടങ്ങിയത്. ഇവിടെ അങ്ങേയറ്റം മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. സര്‍ക്കാരിന്റെ അവഗണന. അല്ലാതൊന്നുമല്ല. 

സമരത്തില്‍ വന്നപ്പോള്‍ ആരാണ് കൂടെ നിന്നത്? ഒറ്റയ്ക്കുള്ള സമരമായിരുന്നോ? 

അല്ല. എന്നെ ഇവിടേക്ക് വിളിച്ചവരുടെ കൂടെയാണ് പല വീടുകളും സന്ദര്‍ശിക്കാന്‍ ഞാന്‍ പോയത്. ഞാന്‍ അവരോട് പറഞ്ഞു, നിരാഹാരം കിടക്കാന്‍ ഞാന്‍ തയ്യാറാണെന്ന്. അതും എറണാകുളത്ത് നിരാഹാരം തുടങ്ങാനായിരുന്നു എന്റെ തീരുമാനം. തുടര്‍ന്ന് ഹൈക്കോടതിയില്‍ ഒരു പൊതുതാല്പര്യ ഹര്‍ജികൂടി രജിസ്റ്റര്‍ ചെയ്യാമെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ, പിന്നീടുള്ള സാഹചര്യങ്ങള്‍ നോക്കിയപ്പോള്‍ ഇവിടെ അതത്ര കാര്യക്ഷമമാകുമോ എന്നെനിക്ക് ഉറപ്പുണ്ടായിരുന്നില്ല. അതിനാല്‍ പിന്നീടുള്ള ആലോചനയില്‍ തിരുവനന്തപുരത്തേക്ക് സമരം മാറ്റാന്‍ തീരുമാനിച്ചു. ദയാബായി സമരസംഘാടക സമിതി രൂപീകരിച്ച് കാസര്‍കോട്ടുള്ളവര്‍ അവിടെ മുഴുവന്‍ പരസ്യം ചെയ്തിരുന്നു. വാഹനജാഥ, കാല്‍നടജാഥ ഇവയെല്ലാമായി സമര സംഘാടകസമിതി സജീവമായപ്പോള്‍ എനിക്കും കൂടുതല്‍ ഊര്‍ജ്ജമായി.

സമരാനുഭവം എങ്ങനെയായിരുന്നു? 

വളരെ നല്ലതായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം മുന്‍പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി ഒരു സമരം നടത്തിയെങ്കിലും വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഇത്തവണ സര്‍ക്കാര്‍ തീരുമാനങ്ങളെല്ലാം കൃത്യമായി എഴുതിവാങ്ങിയിട്ടേ സമരം അവസാനിപ്പിക്കൂ എന്നു നിശ്ചയിച്ചിരുന്നു. 

സമര ദിവസങ്ങളില്‍ എന്തെങ്കിലും തിക്താനുഭവങ്ങള്‍? 

പൊതുവെ എല്ലാം നല്ലതായിരുന്നു. എന്നാല്‍ പൊലീസിന്റെ സമീപനം എനിക്ക് വളരെ അസ്വസ്ഥതയുണ്ടാക്കി. ഷാഫി എന്നു പേരായ മൂന്നു നക്ഷത്ര ചിഹ്നങ്ങള്‍ പതിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ എന്നെ നിര്‍ബ്ബന്ധിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ചെന്ന ശേഷവും ഡോക്ടര്‍മാരോട് നിരവധി ടെസ്റ്റുകള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. എല്ലാ കാര്യങ്ങളും സാധാരണ നിലയിലായിരുന്നെങ്കിലും ഡോക്ടര്‍മാരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തി വീണ്ടും ടെസ്റ്റുകള്‍ പലതും ചെയ്യിച്ചു. ഇതൊക്കെ എനിക്ക് അസ്വസ്ഥതയുണ്ടാക്കിയ അനുഭവങ്ങളായിരുന്നു. മറ്റൊന്നുള്ളത്, ഇവിടെ പ്രാഥമികാവശ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് മൂത്ര വിസര്‍ജ്ജനത്തിന് ഒരു സൗകര്യമുണ്ടായാല്‍ നന്നായിരുന്നുവെന്നു തോന്നിയിരുന്നു. കുറച്ചധികം നടക്കേണ്ടിവന്നു ഓരോ പ്രാവശ്യവും.

എൻഡോസൾഫാൻ ഇരകളുടെ സമരത്തിന്റെ ഭാ​ഗമായി മുടിമുറിക്കുന്ന ദയാബായി

ജനങ്ങള്‍ എങ്ങനെ പ്രതികരിച്ചു? 

ഏറ്റവും സന്തോഷകരമായ കാര്യം അതാണ്. ജനങ്ങളും മാധ്യമങ്ങളും ഈ സമരം ഏറ്റെടുത്തിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് ഒരുപാടു വസ്തുതകള്‍ മൂടിവച്ചിരുന്നു. എല്ലാം പരിഹരിച്ചു, എല്ലാ നഷ്ടവും നികത്തി എന്ന ധാരണയാണ് പൊതുസമൂഹത്തിനു നല്‍കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. അത് മാറ്റിയെടുക്കാന്‍ സാധിച്ചു. എന്‍ഡോസള്‍ഫാനെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യം പൊതുജനങ്ങള്‍ക്കു നല്‍കാന്‍ ഈ സമരംകൊണ്ടായി എന്നതാണ് ഏറ്റവും വലിയ നേട്ടം.

അതേ സമയം, എന്‍ഡോസള്‍ഫാനല്ല കാസര്‍കോട്ടെ ദുരിതങ്ങളില്‍ പ്രതിസ്ഥാനത്ത് എന്നു ശാസ്ത്രീയമായി തെളിയിക്കുന്ന പല പഠനങ്ങളുമുണ്ടല്ലോ? 

സമരത്തിനിറങ്ങുന്നതിനു മുന്‍പേ, കാസര്‍കോട്ടെ മുന്‍ കളക്ടറെ നേരില്‍ കണ്ടപ്പോഴാണ് എന്‍ഡോസള്‍ഫാനെ രക്ഷിച്ചെടുക്കാനുള്ള ലോബിയുടെ പ്രവര്‍ത്തനം ഞാന്‍ കൂടുതല്‍ മനസ്സിലാക്കിയത്. പലരും എന്നോട് അവിടെ പുതിയൊരു കളക്ടര്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം ദുരിതബാധിതരായ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുന്നുവെന്നും നല്ല മനുഷ്യനാണെന്നും പറഞ്ഞിരുന്നു. അങ്ങനെ ആളുകളില്‍നിന്നു കിട്ടിയ കളക്ടറെക്കുറിച്ചുള്ള നല്ലൊരു പ്രതിച്ഛായയുമായാണ് ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയത്. എന്നാല്‍, കണ്ടപ്പോള്‍ത്തന്നെ എന്നോട് വളരെ പരുഷമായി അദ്ദേഹം പറഞ്ഞതിങ്ങനെയാണ്: ''നിങ്ങള്‍ക്കൊക്കെ എന്തറിയാം? നിങ്ങള്‍ വല്ലതും പഠിച്ചിട്ടുണ്ടോ? ഞാനൊരു ശാസ്ത്രജ്ഞനാണ്.'' എന്നിട്ട് അദ്ദേഹം തന്റെ ശാസ്ത്രീയ നിഗമനങ്ങള്‍ പറഞ്ഞു. താന്‍ നാലു കിലോമീറ്റര്‍ അകലെയുള്ള ഒരു വീട്ടില്‍ പോയി. പിന്നീട് വളരെ ദൂരെയുള്ള മറ്റൊരു വീട്ടില്‍ പോയി. എന്‍ഡോസള്‍ഫാനാണ് രോഗങ്ങളുടെ കാരണമെങ്കില്‍ നാലു കിലോമീറ്ററിലുള്ള എല്ലാ വീടുകളിലും അതിന്റെ ഇരകള്‍ കാണേണ്ടതല്ലേ? ഇതായിരുന്നു അദ്ദേഹത്തിന്റെ ശാസ്ത്രീയവാദം. 

എന്തായിരുന്നു പ്രതികരണം? 

ഞാന്‍ തീരെ പഠിപ്പില്ലാത്തയാളാണെന്നു പറഞ്ഞു. എന്നാല്‍, മണിപ്പൂര്‍ യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍ രവീന്ദ്രനാഥ് ഷാന്‍ബാഗ് ഇവിടെ വന്ന് എന്‍ഡോസള്‍ഫാന്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് വളരെ സമഗ്രമായ പഠനം നടത്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ ഞാന്‍ പഠിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തോടു പറഞ്ഞു. ആ പഠനത്തിന്റെ ഫലമായാണ് ഡോക്ടര്‍ രവീന്ദ്രനാഥിന് സുപ്രീംകോടതിയില്‍ പോയി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള വിധി നേടാനായത്. അപ്പോള്‍, എന്‍ഡോസള്‍ഫാന്‍ അത്ര നല്ലതായിരുന്നുവെങ്കില്‍ എന്തിനാണതിനെ നിരോധിച്ചത്?

പിന്നീട് ഞാന്‍ ഈ ഡോക്ടറെ നേരില്‍ കണ്ട് പല പ്രാവശ്യം ചര്‍ച്ച നടത്തി. നിരവധി രാജ്യങ്ങളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അദ്ദേഹം എനിക്കു കാണിച്ചുതന്നു. അവയെല്ലാം എന്‍ഡോസള്‍ഫാന്‍ അവിടെയെല്ലാമുണ്ടാക്കിയ ദുരന്തങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളായിരുന്നു. അതിനാലാണ് ആ രാജ്യങ്ങളെല്ലാം എന്‍ഡോസള്‍ഫാനെ നിരോധിച്ചത്. അമേരിക്ക, ബെല്‍ജിയം, ഫ്രാന്‍സ്, തുര്‍ക്കി, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള കാരണസഹിതം ഡോക്ടര്‍ വിശദീകരിച്ചു. അത്രയും അപകടകരമായ വസ്തുവാണെന്ന് അവര്‍ പറയുന്ന എന്‍ഡോസള്‍ഫാനെ ഇവര്‍ ന്യായീകരിക്കുന്നതിനു പിന്നില്‍ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ മാത്രമാണ്. 

കച്ചവട താല്പര്യങ്ങള്‍ മാത്രമാണോ അത്തരം പ്രതിരോധങ്ങള്‍ക്കു പിന്നില്‍? 

കൃഷി ശാസ്ത്രജ്ഞരല്ലേ എന്‍ഡോസള്‍ഫാന്‍പോലുള്ള കെമിക്കലുകള്‍ വികസിപ്പിച്ച് അവ പ്രയോഗിക്കാന്‍ ഉപദേശിക്കുന്നത്. അവരുടെ പിന്‍ബലത്തോടെയാണ് ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ തെളിവാണല്ലോ കാസര്‍കോട്ടെ കളക്ടര്‍ ഒരു ഐ.എ.എസുകാരനല്ലാതിരുന്നിട്ടും ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെട്ട് വാദിച്ചത്. അവരെല്ലാവരും ചേര്‍ന്നു പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍, എച്ച്.സി.എല്‍ കമ്പനി തുടങ്ങിയവരെ സംരക്ഷിക്കാന്‍ നിലപാടെടുത്ത് വാദിക്കുന്നതിന്റെ ഭാഗമാണ് ഇവിടെ കാണുന്നത്. 

18 ദിവസത്തെ നിരാഹാരസമരം അവസാനിക്കുമ്പോള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ നേടാനായി എന്നു കരുതുന്നുണ്ടോ? 

ആദ്യത്തെ ആവശ്യം എയിംസ് ആശുപത്രിക്കുവേണ്ടിയുള്ള ലിസ്റ്റില്‍ കാസര്‍കോട്ടിനേയും ഉള്‍പ്പെടുത്തുക എന്നതാണ്. സര്‍ക്കാര്‍ ഒരു ശുപാര്‍ശ ചെയ്യേണ്ടതേയുള്ളൂ. തീരുമാനമെടുക്കുന്നതും നടപ്പിലാക്കുന്നതും കേന്ദ്രസര്‍ക്കാരാണ്. എന്നാല്‍, അതുമാത്രം അവര്‍ തൊടാന്‍ തയ്യാറല്ല. എയിംസ് വരുന്നത് കോഴിക്കോടാണെന്ന് നേരത്തെ നിശ്ചയിച്ചുവത്രേ. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുപോയി എന്നതിനാല്‍ നിസ്സഹായരാണെന്ന് നടിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍, എയിംസിന്റെ വിഷയം വന്നപ്പോള്‍ മുതല്‍ കാസര്‍കോട്ടുകാര്‍ അതിനുവേണ്ടി രംഗത്തു വന്നിട്ടുണ്ട്. ഒരു ജനാധിപത്യ സംസ്ഥാനമാണെങ്കില്‍ ഇങ്ങനെയുള്ള ആവശ്യങ്ങളിലല്ലേ വ്യക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തേണ്ടത്? ജനങ്ങളുടെ ആവശ്യത്തിനല്ലേ മുന്‍ഗണന ലഭിക്കേണ്ടത്? യാതൊരു ചികിത്സാ സംവിധാനവുമില്ലാത്ത എന്നാല്‍, ധാരാളം സ്ഥലവുമുള്ള കാസര്‍കോട് ഒരുവശത്ത്, മറുവശത്ത് രണ്ടു മെഡിക്കല്‍ കോളേജുകളും എട്ടു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുമുള്ള കോഴിക്കോട്. അവിടെ എയിംസ്‌കൂടി വേണമെന്ന തീരുമാനത്തിനു പിന്നില്‍ ജനാധിപത്യ താല്പര്യങ്ങളല്ല, വെറും നിക്ഷിപ്ത താല്പര്യങ്ങളാണ്. 

അടുത്ത ചുവടെന്തായിരിക്കും? 

അതേപ്പറ്റി എനിക്കു പഠിക്കേണ്ടതുണ്ട്. എയിംസ് ആവശ്യത്തില്‍നിന്നു പിന്മാറാനോ ഉപേക്ഷിക്കാനോ ഒരിക്കലും തയ്യാറല്ല. 

നിരാഹാര ദിവസങ്ങളിലെ അനുഭവങ്ങള്‍? 

നേരത്തെ 15 ദിവസം വരെ നീണ്ട രണ്ടു നിരാഹാര സമരങ്ങള്‍ നടത്തിയിട്ടുണ്ട്. രണ്ടാമത്തെ ദിവസമാണ് ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരിക്കുക. ഞാന്‍ കിടന്ന തെരുവിനു പിറകിലെ മതിലിനപ്പുറത്ത് ആരോ ഭക്ഷണം പാചകം ചെയ്യുന്നതായി എനിക്കു തോന്നുമായിരുന്നു. അതിന്റെ മണംപോലും എന്റെ നിരാഹാരനിഷ്ഠയെ ബാധിക്കരുതെന്ന് ഞാനാഗ്രഹിക്കുന്നുണ്ടായിരുന്നു. ഏറ്റവും അത്ഭുതകരമായ കാര്യം, എനിക്കു ക്ഷീണമോ ഭാരമോ ഒരിക്കലും അനുഭവപ്പെട്ടില്ല. ഡോക്ടര്‍മാര്‍ നടത്തിയ ടെസ്റ്റുകളില്‍ ഒന്നുംതന്നെ പ്രശ്‌നമുള്ളതായി കണ്ടെത്തിയില്ല. അവസാന ദിവസങ്ങളില്‍ മാത്രം രക്തത്തിലെ പഞ്ചസാരയുടേയും പൊട്ടാസ്യത്തിന്റേയും അളവ് അല്പം കുറഞ്ഞിരുന്നു. ഉപ്പു ചേര്‍ത്ത് വെള്ളം കുടിക്കുന്നുണ്ടായിരുന്നതുകൊണ്ട് സോഡിയം താഴ്ന്നിരുന്നില്ല. ഡോക്ടര്‍പോലും പറഞ്ഞു, അവരെക്കാള്‍ ആരോഗ്യമുള്ള ശരീരമാണ് എന്റേതെന്ന്. ഞാന്‍ മനസ്സിലാക്കുന്നത്, എന്റെ മിസ്ട്രസ്സ് തന്ന സമ്മാനത്തിലെ കൈക്കുമ്പിളിലെ കോഴിക്കുഞ്ഞിനെപ്പോലെ ദൈവം എന്നെ സംരക്ഷിച്ച് എന്റെ കൂടെയുണ്ടെന്നു തന്നെയാണ്. അതുകൊണ്ടുതന്നെ അസാധ്യമായി ഒന്നുമില്ലെന്ന് അതെന്നെ പഠിപ്പിക്കുന്നു. ഇനിയൊരു സമരം വേണ്ടിവന്നാലും ഞാന്‍ തയ്യാറാണ്.

ഈ ലേഖനം കൂടി വായിക്കൂ

'നവകേരളം' വായ്മൊഴികള്‍ കൊണ്ടു നേടാം എന്ന വ്യാമോഹം ജന വഞ്ചനയാണ്

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ