'നവകേരളം' വായ്മൊഴികള്‍ കൊണ്ടു നേടാം എന്ന വ്യാമോഹം ജന വഞ്ചനയാണ്

2022 മേയ് മാസത്തിന്റെ തുടക്കത്തില്‍ ശ്രീലങ്കയുടെ വായ്പാ പ്രതിസന്ധിയും പ്രക്ഷോഭങ്ങളും ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കടങ്ങ
'നവകേരളം' വായ്മൊഴികള്‍ കൊണ്ടു നേടാം എന്ന വ്യാമോഹം ജന വഞ്ചനയാണ്

കേരളത്തിന്റെ ധനകാര്യ പ്രതിസന്ധി ഒരു തുടര്‍ക്കഥയാണ്. അത് ബജറ്റ് ചര്‍ച്ചകളില്‍ എക്കാലവും ചര്‍ച്ചാവിഷയമായിരുന്നു. അടുത്തകാലത്തുണ്ടായ രണ്ടു പ്രളയങ്ങളും പിന്നെ കൊവിഡ് മഹാമാരിയും പ്രശ്‌നം രൂക്ഷമാക്കി. 2022 മേയ് മാസത്തിന്റെ തുടക്കത്തില്‍ ശ്രീലങ്കയുടെ വായ്പാ പ്രതിസന്ധിയും പ്രക്ഷോഭങ്ങളും ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കടങ്ങള്‍ വിലയിരുത്തേണ്ടതാണെന്ന ബോധം റിസര്‍വ് ബാങ്ക് അധികാരികള്‍ക്ക് ഉണ്ടായി. തന്മൂലം ജൂണ്‍ മാസത്തെ ബാങ്ക് ബുള്ളറ്റിനില്‍ അവര്‍ നടത്തിയ ഒരു പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചു. അഞ്ചു സംസ്ഥാനങ്ങള്‍ തീവ്രമായ പ്രതിസന്ധി നേരിടുന്നുവെന്നു പഠനം എടുത്തു പറയുന്നു. അതില്‍ കേരളം മുന്‍പന്തിയിലാണെന്ന വസ്തുത രാഷ്ട്രീയ ചതുരംഗങ്ങള്‍ക്കപ്പുറം വിലയിരുത്തേണ്ട കാര്യമാണെന്നു എനിക്കു തോന്നുന്നു.

പ്രതിസന്ധിയുടെ ആഴം 

സത്വരം വളരുന്ന ഒരു സമ്പദ്വ്യവസ്ഥയില്‍ വായ്പ അനിവാര്യമാണ്. പക്ഷേ, ദുരുപയോഗം ആപത്ത് വിളിച്ചു വരുത്തും. തങ്ങളില്‍ നിക്ഷിപ്തമായ ധനകാര്യ ഉത്തരവാദിത്വങ്ങള്‍ ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഒരു സര്‍ക്കാര്‍ ശരിക്കും ഞെരുക്കത്തില്‍ പെടുക. അതിനു ട്രഷറി പൂട്ടി, ശമ്പളം കൊടുക്കാന്‍ സാധിക്കാത്ത അവസ്ഥ ആകേണ്ട കാര്യമില്ല. മാലിന്യ കൂമ്പാരം കൂടി ദുര്‍വ്വഹമായ അവസ്ഥ, റോഡ് കുഴികള്‍മൂലം നന്നാക്കാനാവാതെ വരുമ്പോള്‍, ആശുപത്രി സേവനം മുടങ്ങുമ്പോള്‍; കുടിവെള്ളം ഉറപ്പുവരുത്താന്‍ പാടുപെടുമ്പോള്‍ തുടങ്ങി എണ്ണമറ്റ സേവനങ്ങള്‍ പണ ദൗര്‍ലഭ്യം മൂലം കാര്യക്ഷമമായി നടത്താന്‍ കഴിയാതെ ആകുമ്പോള്‍ നാം അറിയാതെ ധനകാര്യ പ്രതിസന്ധിയിലാണ്. 2022-'23ലെ ബജറ്റുപ്രകാരം (നടപ്പുവര്‍ഷം) വായ്പയും സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനവുമായുള്ള അനുപാതം 37.2 ശതമാനമാണ്. എന്നാല്‍, 1981-1991 ദശകത്തിലെ ശരാശരി 14.6 ശതമാനമായിരുന്നു. സംസ്ഥാനങ്ങളുടെ മൊത്തം ശരാശരി അക്കാലത്ത് 18.6 ശതമാനവും. തീര്‍ച്ചയായും മെച്ചപ്പെട്ട പ്രകടനമായിരുന്നു കേരളത്തിന്റേത്. താഴെ കൊടുത്തിരിക്കുന്ന ഗ്രാഫ് കഴിഞ്ഞ 10 കൊല്ലത്തെ കണക്കുകള്‍ കാണിക്കുന്നു. അതില്‍നിന്നും 2017-നുശേഷമാണ് ചിത്രം വഷളാകുന്നതെന്നു വ്യക്തമാകും. ഈ അനുപാതം 25 ശതമാനം കടക്കുന്നത് അപകടമാണെന്നാണ് 14-ാം ധനകാര്യ കമ്മിഷന്‍ പറയുക. 15-ാം കമ്മിഷന്റെ നിബന്ധനകള്‍ ഇപ്പോള്‍ മറികടന്നിരിക്കുന്നത് കേരളം, ഝാര്‍ഖണ്ട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ്. സംസ്ഥാനങ്ങള്‍ പത്തു വര്‍ഷകാലാവധിയുള്ള സ്പെഷ്യല്‍ വികസന വായ്പകള്‍ (Special Development Loans) എടുക്കുമ്പോള്‍ (ഇലക്ട്രോണിക് ലേലമാണ്) റിസര്‍വ് ബാങ്ക് പലിശനിരക്ക് നിശ്ചയിക്കുന്നത് സംസ്ഥാനങ്ങളുടെ തിരിച്ചടവ് ശേഷിയെക്കുറിച്ചുള്ള മതിപ്പിന്റെ അടിസ്ഥാനത്തിലാണ്. കേരളത്തിന് താരതമ്യേന വളരെ ഉയര്‍ന്ന നിരക്കാണ് നിശ്ചയിക്കാറുള്ളത്. (2018-19ല്‍ അത് 8.3 ശതമാനമായിരുന്നു.) ഇതൊന്നും മെച്ചപ്പെട്ട സൂചകങ്ങളല്ല. ചുരുക്കിപ്പറഞ്ഞാല്‍ ഓരോ തവണയും എടുക്കുന്ന വായ്പയിലെ വര്‍ദ്ധന, ബജറ്റിനു പുറത്തുള്ള പെരുകുന്ന കടങ്ങള്‍ (ഉദാ: കിഫ്ബി), ഗാരന്റികളുടെ വര്‍ദ്ധന തുടങ്ങിയ പ്രവണതകള്‍ ആശാവഹമായ സ്ഥിതിയല്ല പ്രകടമാക്കുക.

അടിസ്ഥാനപരമായ വീഴ്ചകള്‍

അടുത്തകാലത്ത് കേരളം ധനകാര്യ മാനേജുമെന്റില്‍ ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നു വ്യക്തമാണ്. അതില്‍ ഏറ്റവും പ്രധാനം ഡോമാര്‍ നിബന്ധനകള്‍ പാലിക്കാന്‍ സാധിച്ചില്ല എന്നതാണ്. 1946-ല്‍ ഇവ്സിഡോമാര്‍ എന്ന സാമ്പത്തിക വിദഗ്ദ്ധന്‍ പലിശനിരക്കും സാമ്പത്തിക വളര്‍ച്ചാനിരക്കുമായുള്ള ബന്ധത്തെ സ്ഥിരപ്പെടുത്താന്‍ മുന്നോട്ടുവെച്ച നിബന്ധനകളാണ് ഇവ. യഥാര്‍ത്ഥ പലിശനിരക്ക് (വിലക്കയറ്റ നിരക്ക് കിഴിച്ചുള്ള) സാമ്പത്തിക വളര്‍ച്ചാനിരക്കിനേക്കാള്‍ കുറവാണെങ്കില്‍ പ്രശ്‌നം ഗുരുതരമാവില്ല. സാമാന്യമായി പറഞ്ഞാല്‍ കേരളം ഇതു പാലിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ മൂന്നു വര്‍ഷം ഇതു പാലിച്ചിട്ടില്ല. അതുപോലെതന്നെ പ്രധാനമാണ് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനനിരക്ക് കടങ്ങളുടെ വര്‍ദ്ധനാനിരക്കിനേക്കാള്‍ കൂടിയിരിക്കണം എന്ന വ്യവസ്ഥ. ഈ ഉപാധികള്‍ പാലിച്ചാല്‍ കടക്കെണി ഭയപ്പെടേണ്ടി വരികയില്ല. 2013-14 മുതല്‍ 2022-23 കാലഘട്ടത്തില്‍ 2018-'19 ഒഴിച്ചാല്‍ മിക്കവാറും എല്ലാ വര്‍ഷവും കേരളത്തില്‍ കടവര്‍ദ്ധനയായിരുന്നു മുന്നില്‍. 

കടം കൂടുന്തോറും പലിശയും തിരിച്ചടവും കൂടും. അപ്പോള്‍ റവന്യു വരുമാനത്തിന്റെ ഒരു നല്ല പങ്ക് അതിലേക്ക് ചെലവിടേണ്ടിവരും. 2014-15-ല്‍ പലിശ റവന്യു വരുമാനത്തിന്റെ 16.86 ശതമാനമായിരുന്നു. 2020-'21-ല്‍ അത് 21.49 ശതമാനമായി. 2022-23 ബജറ്റില്‍ 19.36 ശതമാനം എന്നാണ് കണക്ക്. പക്ഷേ, ഇതു വര്‍ദ്ധിക്കുമെന്ന് അടുത്തകാലത്തെ കടമെടുപ്പ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പലിശ/റവന്യു അനുപാതം 10 ശതമാനം കടക്കുന്നത് അപകടമാണെന്ന 14-ാം ധനകമ്മിഷന്റെ മുന്നറിയിപ്പ് നമ്മുടെ അപകടനില ഓര്‍മ്മപ്പെടുത്തുന്നതാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെടുത്താന്‍ തനതു വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് നല്ല പോംവഴി.

പൊതുവെ പറഞ്ഞാല്‍ വിഭവസമാഹരണത്തില്‍ കേരളത്തിന്റെ പ്രകടനം മോശമല്ലായിരുന്നു. ഉദാഹരണത്തിന് 2010-11ല്‍ കേരളത്തിന്റെ പ്രതിശീര്‍ഷ തനതു നികുതി 6521 രൂപയായിരുന്നപ്പോള്‍ മൊത്തം സംസ്ഥാനങ്ങളുടെ ശരാശരി 3278 രൂപ മാത്രമായിരുന്നു. ഏതാണ്ട് 100 ശതമാനത്തോളം മുന്നിലായിരുന്നു കേരളം. എന്നാല്‍, 2020-21ല്‍ പ്രതിശീര്‍ഷ നികുതിവരുമാനം 12929 രൂപ ആയി ഉയര്‍ന്നുവെങ്കിലും മൊത്ത സംസ്ഥാന ശരാശരി 9162 രൂപ ആയി വര്‍ദ്ധിച്ചു. കേരളത്തിന്റെ നികുതി സമാഹരണവും മൊത്ത സംസ്ഥാനങ്ങളുമായ വ്യത്യാസം 41 ശതമാനം മാത്രമായി. 2021-22ലെ പുതുക്കിയ കണക്കനുസരിച്ചു മൊത്തം നികുതിവരുമാനം ബജറ്റ് മതിപ്പിനേക്കാള്‍ 13465 കോടി രൂപാ കുറവായിരുന്നുവെന്നത് ശുഭസൂചകമല്ല. 2022-'23ലെ ബജറ്റ് അടങ്കലായ 74098 കോടി രൂപാ ലക്ഷ്യം നേടാനുള്ള സാധ്യത വളരെ കുറവാണ്.

നികുതിയേതര വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കേരള സംസ്ഥാനത്തിന് വന്‍സാധ്യതകള്‍ ഉണ്ടെങ്കിലും ഈ സ്രോതസ്സ് വളരെയൊന്നും പ്രയോജനപ്പെടുത്തിയിട്ടില്ല. 2019-20ല്‍ നികുതിയേതര വരുമാനം മൊത്തം തനതു വരുമാനത്തിന്റെ 19.6 ശതമാനമായിരുന്നു. 2021-22ല്‍ അത് 14.5 ശതമാനമായി കുറഞ്ഞു. 2022-23ലെ ബജറ്റ് കണക്കനുസരിച്ച് ഇത് 13.6 ശതമാനമായി വീണ്ടും ചുരുങ്ങി. 2022-23ല്‍ വകയിരുത്തിയിരിക്കുന്ന 11770 കോടി നികുതിയേതര വരുമാനം 2019-20ലെ വരുമാനത്തേക്കാള്‍ 495 കോടി കുറവാണ്. ഇത് ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല. ലോട്ടറിയാണ് കേരളത്തിന്റെ ഒരു വന്‍ വരുമാനസ്രോതസ്സെന്ന ചിലരുടെ വാദം വസ്തുതയ്ക്കു നിരക്കുന്നതല്ല. 2019-20ല്‍ കൊവിഡിനു മുന്‍പുള്ള ലോട്ടറി വരുമാനം 9974 കോടി രൂപ ആയിരുന്നു. അതിനുവേണ്ടി ചെലവ് ചെയ്തത് 8475 കോടി. അതായത് യഥാര്‍ത്ഥ വരുമാനം 1498 കോടി രൂപമാത്രമാണ്. ഇങ്ങനെ കണക്കു കൂട്ടുമ്പോള്‍ ഈ വര്‍ഷത്തില്‍ പ്രതീക്ഷിക്കാവുന്നത് 77 കോടി മാത്രമാണ്. സാമ്പത്തിക ഭദ്രതയുള്ള സ്രോതസ്സല്ല ലോട്ടറി.

നികുതിയേതര വരുമാനം നേട്ടമല്ലാതെ പോകുന്ന മറ്റൊരു ഉദാഹരണമാണ് 133 പൊതുമേഖലാ സ്ഥാപനങ്ങള്‍. 2018-19ല്‍ അവയില്‍നിന്നു ബജറ്റിനു ലഭിച്ച സംഭാവന വെറും 100 കോടി രൂപ ആയിരുന്നു. പ്രസ്തുത വര്‍ഷത്തെ കണക്കനുസരിച്ച് ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം മുതല്‍മുടക്ക് 20025 കോടി ആണെന്ന് ഓര്‍ക്കുക. നടപ്പുവര്‍ഷം ബജറ്റില്‍ 257 കോടി പ്രതീക്ഷിക്കുന്നുവെങ്കിലും അതു ലഭിക്കുമെന്നു കരുതാന്‍ ന്യായമില്ല.

ഉത്തമ ധനകാര്യ മാനേജുമെന്റിന്റെ ലക്ഷണം, ചെലവുകളുടെ ഗുണനിലവാരമാണ്. (മലയാളം പത്രങ്ങളില്‍ മുടങ്ങാതെ കണ്ടുവരുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ചിത്രം ഇവിടെ ഓര്‍ത്തുപോകുന്നു.) റവന്യു മിച്ചം ഉണ്ടാക്കി മൂലധന ചെലവു തുടങ്ങണം എന്ന അടിസ്ഥാന പ്രമാണം ഏതാണ്ട് അസാധ്യമാകത്തക്കവണ്ണമാണ് കേരളത്തിന്റെ ഒഴിച്ചുകൂടാന്‍ കഴിയാത്ത ചെലവു വര്‍ദ്ധന. 2017-'18ല്‍ മൊത്തം റവന്യു ചെലവുകളുടെ 80.5 ശതമാനം ശമ്പളം, പെന്‍ഷന്‍, പലിശ എന്നീ അനിവാര്യ ചെലവുകള്‍ക്കായിരുന്നു. 2022-'23 ബജറ്റില്‍ ഇത് 70.7 ശതമാനമാണെങ്കിലും അത് കൂടുമെന്നതിനു സംശയമില്ല. ശമ്പളത്തിന്റെ ക്രയശേഷി നിലനിര്‍ത്താനുള്ള ബത്തകള്‍ക്ക് ('ക്ഷേമ'ബത്തകള്‍ എന്ന് അവയെ വിശേഷിപ്പിക്കാം) പുറമെ എല്ലാ അഞ്ചു വര്‍ഷവും ശമ്പളവും പെന്‍ഷനും പുതുക്കുന്ന ഏകസംസ്ഥാനം കേരളമാണ്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനു രണ്ടു വര്‍ഷത്തെ സേവനത്തിനു പെന്‍ഷന്‍ അനുവദിക്കുന്നതുപോലെയുള്ള (ന്യായമായും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമാക്കേണ്ടതല്ലേ?) ആനുകൂല്യങ്ങള്‍ ഞെരുക്കം നേരിടുന്ന ഒരു സര്‍ക്കാരിനു ഭൂഷണമല്ല. കാരണം അലാവുദീന്റെ അത്ഭുതവിളക്ക് അറേബ്യന്‍ കഥകളില്‍ മാത്രമുള്ള യാഥാര്‍ത്ഥ്യമാണ്. അനിയന്ത്രിതമായ പാഴ്ചെലവുകള്‍ റവന്യു കമ്മി വര്‍ദ്ധിക്കാന്‍ ഇടയാക്കും. ഇന്ത്യയില്‍ വികസന ചെലവുകളുടെ അനുപാതം പഞ്ചാബു കഴിഞ്ഞാല്‍ ഏറ്റവും കുറവ് കേരളത്തിലാകാന്‍ കാരണം അതാണ്. സാമ്പത്തിക ഞെരുക്ക പട്ടികയിലുള്ള ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ട് തുടങ്ങിയ പിന്നാക്ക സംസ്ഥാനങ്ങളുടെ വികസന ചെലവ് 70 ശതമാനത്തിലധികമായിരിക്കുമ്പോള്‍ കേരളത്തിന്റേത് 51 ശതമാനമാണ്. ഇത് 2017-2022 കാലഘട്ടത്തിലെ റിസര്‍വ് ബാങ്കിന്റെ പഠനങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കാണ് (കൂടുതല്‍ വിവരങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ബുള്ളറ്റിന്‍ ജൂണ്‍ 2022 കാണുക). ഗുണനിലവാരം കുറഞ്ഞ സേവനങ്ങള്‍ക്കു ഒരു പ്രധാന കാരണം വേണ്ടത്ര വകയിരുത്താന്‍ പണം ഇല്ലാത്തതാണ്. 

പോംവഴികള്‍: ഒരന്വേഷണം 

ഒരുപക്ഷേ, അപകടമണി അടിക്കേണ്ട സമയമായില്ലെങ്കിലും മുന്നറിയിപ്പുകള്‍ മനസ്സിലാക്കി മുന്‍കരുതലുകള്‍ എടുക്കുക ഭരണതന്ത്രജ്ഞതയുടെ ഭാഗമാണ്. കേവലം മിനുക്കു പണികള്‍കൊണ്ട് ശരിയാക്കാന്‍ സാധ്യമാവാത്തവണ്ണം സങ്കീര്‍ണ്ണമാണ് വര്‍ത്തമാന കേരളം. ആഴത്തില്‍ വേരോടിയ സാമൂഹിക തോല്‍വികളും നയപരമായ വീഴ്ചകളും കണക്കിലെടുക്കാതെ നമുക്ക് അര്‍ത്ഥവത്തായ പരിഷ്‌കാരങ്ങളും പരിവര്‍ത്തനങ്ങളും നടപ്പാക്കാന്‍ ആവില്ല. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സാമ്പത്തിക അസമത്വം ഇവിടെ നിലനില്‍ക്കുന്നുവെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വികസനത്തെ സ്വകാര്യ നേട്ടങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന രാഷ്ട്രീയം (Rent seeking politics) എങ്ങനെ മാറ്റാം എന്നിടത്തുനിന്നു മാത്രമേ പരിവര്‍ത്തനങ്ങള്‍ സാധിക്കുകയുള്ളൂ. നിയമവാഴ്ചയെ തൃണവല്‍ക്കരിക്കല്‍ ഒരു മാറാരോഗമായിരിക്കുന്നു കേരളത്തില്‍. കാടും കടലും കായലും പുഞ്ചപ്പാടങ്ങളും നദീസമ്പത്തുമടങ്ങുന്ന ഈ ഭൂപ്രകൃതിയാണ് കേരളത്തിന്റെ അദ്വിതീയ സമ്പത്ത് എന്ന യാഥാര്‍ത്ഥ്യം മറന്നുകൊണ്ടുള്ള ഇപ്പോഴത്തെ കേരളം അപകടമാംവണ്ണം ഓരോ മാഫിയകൂട്ടങ്ങളുടെ കൈകളിലാണെന്ന പലരും പറയുന്നു. ഒരുകാലത്ത് അന്ധവിശ്വാസങ്ങളുടേയും ജാതിവ്യവസ്ഥയുടേയും കീഴിലമര്‍ന്ന ഈ നാടിനെ സാമൂഹ്യ പരിഷ്‌കാരങ്ങളിലേക്കു നയിച്ച വിചാരവിപ്ലവം ഇന്നു നരബലിക്കു ചൂട്ടുപിടിക്കുന്ന ദുഃസ്ഥിതിയിലേക്ക് മാറുന്നുവെന്ന യാഥാര്‍ത്ഥ്യം രാഷ്ട്രീയ, സാംസ്‌കാരിക സമൂഹം തിരിച്ചറിയേണ്ട കാലം വൈകിയിരിക്കുന്നു. തീര്‍ച്ചയായും വിവേകവും കാര്യജ്ഞാനവുമുള്ള സാമൂഹിക തീരുമാനങ്ങള്‍ (informed social choices) അനിവാര്യമായ ചരിത്രമുഹൂര്‍ത്തത്തിലാണ് വര്‍ത്തമാന കേരളം.

ഒരുപാടു നികുതി സ്രോതസ്സുകള്‍ കേന്ദ്രം കയ്യടക്കിയിട്ടുണ്ടെങ്കിലും തനതു വരുമാനം ബലപ്പെടുത്താതെ സംസ്ഥാനത്തിനു ശക്തമായി മുന്നോട്ടു പോകാന്‍ സാധ്യമല്ല. ഒരു പ്രദേശം സാമ്പത്തികമായി ചലനാത്മകമാകുമ്പോള്‍ നികുതി, നികുതിയേതര വരുമാനങ്ങള്‍ താനേ വര്‍ദ്ധിക്കും. 2000-ാമാണ്ടു മുതല്‍ പ്രതിശീര്‍ഷ ഉപഭോഗത്തില്‍ ഏറ്റവും മുന്നിലാണ് കേരളം. ഏതാണ്ട് അരനൂറ്റാണ്ടു കാലമായി ഇന്ത്യയില്‍ മറ്റേതൊരു സംസ്ഥാനത്തേക്കാളും വിദേശനാണയം ഒഴുകി എത്തി. ഇപ്പോള്‍ തന്നെ വാണിജ്യ ബാങ്കുകളില്‍ മാത്രം 6-7 ദശലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. എന്തുകൊണ്ട് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന സാമ്പത്തിക ശക്തിയായി കേരളം മാറിയില്ല എന്ന ചോദ്യത്തിനു ശരിയായ ഉത്തരം നല്‍കാതെ ഇന്നത്തെ ധനകാര്യ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന ഉത്തരം കാണാന്‍ സാധ്യമല്ല.

ഒന്നാമതായി നികുതി വരുമാനം വര്‍ദ്ധിപ്പിക്കണം. ഫലപ്രദമായി നികുതി വെട്ടിപ്പുകള്‍ തടയണം. ഇന്ത്യയില്‍ നികുതി നല്‍കാനുള്ള ത്രാണിയില്‍ കേരളം മുന്നിലാണെന്ന് നമ്മുടെ ഉപഭോഗശേഷി വിളിച്ചോതുന്നു. എന്നാല്‍, നികുതി നികുതിയേതര തനതു വരുമാന സമാഹരണത്തില്‍ കേരളം പ്രകടമായി താഴോട്ടാണെന്നു നേരത്തെ സൂചിപ്പിച്ചിരുന്നു. ''സ്വര്‍ണ്ണ ബെഞ്ചിലിരുന്നു പിച്ചതേടുന്ന കേരളം എന്നു ഞാന്‍ പണ്ടു എഴുതിയത് ഓര്‍ത്തുപോകുന്നു. ഇന്ത്യയില്‍ ഭരണ, നിര്‍മ്മാണരംഗത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ച നേടിയ കേരളത്തില്‍ വസ്തു നികുതി ഇന്നുള്ളതിന്റെ വളരെ മടങ്ങ് വര്‍ദ്ധിപ്പിക്കാനാകുമെന്ന് ഞാന്‍ അന്യത സ്ഥാപിച്ചിട്ടുണ്ട്. ആഡംബര വസ്തുക്കളുടെ ഉപഭോഗത്തില്‍ കേരളം മറ്റെല്ലാ സംസ്ഥാനങ്ങളുടേയും ഏറെ മുന്നിലായതിനാല്‍ ചരക്ക് സേവന നികുതിയിലും സ്റ്റേറ്റ് എക്സൈസ്, സ്റ്റാമ്പ് ഡ്യൂട്ടി, മോട്ടോര്‍ വാഹന നികുതിയിലും മുന്നേറ്റം ഉണ്ടാകണം.

കേരളത്തിന്റെ നികുതിയേതര വരുമാനം ഉയര്‍ത്താന്‍ നിസ്സീമമായ സാധ്യതകളുണ്ട്. ഒരുകാലത്ത് കേരളത്തിന്റെ വലിയ നേട്ടമായി വാഴ്ത്തപ്പെട്ട വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ ഗുണനിലവാരം വര്‍ദ്ധിപ്പിച്ചുകൊണ്ട് ഫീസുനിരക്കുകള്‍ അനായാസം ഉയര്‍ത്താവുന്നതാണ്. അതുപോലെതന്നെ വനംകൊള്ള തടയാന്‍ മുന്‍പോട്ടു വന്നാല്‍ വരുമാനം വര്‍ദ്ധിക്കും. ട്രാന്‍സ്പോര്‍ട്ടു കോര്‍പ്പറേഷന്‍ ധനകാര്യവ്യവസ്ഥയുടെ കണ്ഠത്തിലെ തിരികല്ലാണ്. കോര്‍പ്പറേഷന്റെ ഭൂമിയുടെ വന്‍വില പണമായി മാറ്റി ഒരു യുക്തിസഹമായ പുനര്‍സംഘടനയിലൂടെ ബജറ്റിന്റെ ബാദ്ധ്യത മാറ്റാമെന്നു തോന്നുന്നു. അതുപോലെ തന്നെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളെ പുന:ക്രമീകരിച്ച് വരുമാനമുണ്ടാക്കാം.

കേരളം സമഗ്രമായ പെന്‍ഷന്‍ പരിഷ്‌കരണം ആവശ്യപ്പെടുന്നു. റവന്യു വരുമാനത്തിന്റെ 20 ശതമാനത്തിലധികം പെന്‍ഷനുവേണ്ടി തുടര്‍ച്ചയായി ചെലവിടുന്ന മറ്റു സംസ്ഥാനങ്ങള്‍ ഇല്ല. പങ്കാളിത്ത പെന്‍ഷന്‍ വളരെ വൈകിയാണ് കേരളം തുടങ്ങിയത്. ശരാശരി ആയുര്‍ദൈര്‍ഘ്യം 74 വയസ്സില്‍ അധികമുള്ള കേരളത്തില്‍ ബാധ്യത അനന്തമായി തുടരുന്നു. സാമൂഹ്യനീതിയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ കര്‍ഷക തൊഴിലാളികളുടെ 1600 രൂപയും സര്‍ക്കാര്‍ ജീവനക്കാരുടെ ഉയര്‍ന്ന തസ്തികയായ അഡീഷണല്‍ സെക്രട്ടറിയുടെ തുടക്ക പെന്‍ഷന്‍ 75000 രൂപയും തമ്മില്‍ ഏതാണ്ട് 47 ഇരട്ടി അന്തരമുണ്ട്. 2004-ല്‍ ഈ അന്തരം 140 മടങ്ങായിരുന്നു. 1961-ല്‍ 60 വയസ്സിനു മുകളിലുള്ളവരുടെ ജനസംഖ്യ മൊത്തം ജനസംഖ്യയുടെ ആറ് ശതമാനത്തില്‍ താഴെ ആയിരുന്നത് 2011-ല്‍ 13 ശതമാനമായി. ഇന്നത് അതിലും ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ വൃദ്ധജനതയുടെ സുരക്ഷ പ്രശ്‌നമായിരിക്കുന്നു. 31 ലക്ഷത്തോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷ ഒരുക്കേണ്ടുന്ന ഉത്തരവാദിത്വം സര്‍ക്കാരിന്റെ ചുമലില്‍ വീഴാനിടയുണ്ട്. എയ്ഡഡ് സ്‌കൂള്‍, കോളേജുകളിലും യൂണിവേഴ്സിറ്റി, സര്‍ക്കാര്‍ ജോലികളില്‍നിന്നും വിരമിച്ചവരില്‍ പലരും (ഞാനുള്‍പ്പെടെ) ജോലിയില്‍ ഇരുന്നപ്പോഴുള്ള ശമ്പളത്തേക്കാള്‍ വളരെ കൂടിയ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. സര്‍ക്കാരിനു താങ്ങാവുന്ന ഒരു പെന്‍ഷന്‍ സമ്പ്രദായം രൂപപ്പെടുത്തേണ്ടതുണ്ട്. എന്തായാലും 60 മുകളിലേക്ക് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക അനിവാര്യമായി വരും. പങ്കാളിത്ത പെന്‍ഷന്‍ എതിര്‍ക്കുന്നവര്‍ അന്യായമായ ആവശ്യമാണ് മുന്‍പോട്ടു വെയ്ക്കുന്നത്. എയ്ഡഡ് സ്‌കൂള്‍, കോളേജ് അദ്ധ്യാപകര്‍ മുതല്‍ സകല സര്‍ക്കാര്‍ പെന്‍ഷന്‍കാരേയും പങ്കാളിത്ത പെന്‍ഷന്‍ കുടക്കീഴില്‍ (കേന്ദ്ര ജോലിക്കാര്‍ 10 ശതമാനം നല്‍കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ 14 ശതമാനം സംഭാവന ചെയ്യുന്നു) കൊണ്ടുവന്നാലുണ്ടാകുന്ന ധനകാര്യ ലാഭവും സമര്‍ത്ഥമായ ഒരു സാര്‍വ്വത്രിക പെന്‍ഷന്‍ സമ്പ്രദായത്തെക്കുറിച്ചും ഡോ. ജോസ് സെബാസ്റ്റ്യന്‍ മുന്‍പോട്ടു വെച്ചിട്ടുള്ള നിര്‍ദ്ദേശം കേരളമെന്ന ആശയത്തെ നൈരന്തര്യമായി നിലനിര്‍ത്താന്‍ ദര്‍ശനമുള്ളവര്‍ ചര്‍ച്ചചെയ്യേണ്ടതാണ്. ഇത്തരം പരിഷ്‌കാരങ്ങള്‍ സാധ്യമാക്കാനുള്ള വകുപ്പുകള്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം ആക്ടില്‍ നിലവിലുണ്ട്. തീര്‍ച്ചയായും കേരളത്തിന്റെ ധനകാര്യ പരിഷ്‌കാരത്തിന്റെ ഭാഗമായി സീറോ ബേസ് ബഡ്ജറ്റിംഗ് പരീക്ഷിക്കേണ്ടിവരും. എത്ര എത്ര പദ്ധതികളാണ് എങ്ങും എത്താതെ പാഴ്ചെലവുകള്‍ മാത്രമായി തുടരുന്നത്. എല്ലാ ചെലവുകളും വകയിരുത്തുമ്പോള്‍ പുതുതായി തുടങ്ങുന്ന രീതിയില്‍ വിലയിരുത്തണം. അതുപോലതന്നെ പ്രസക്തമാണ് ഓരോ പദ്ധതിയും നിര്‍വ്വഹണത്തിന്റെ അടിസ്ഥാനത്തില്‍ അടങ്കല്‍ നിശ്ചയിക്കുക. ഇവിടെ നടക്കുന്നത് വര്‍ഷന്തോറും അടങ്കല്‍ തുക കൂട്ടുന്ന അശാസ്ത്രീയ ബജറ്റിംഗാണ്. ഈ പതിവ് മാറ്റാതെ ധനകാര്യ പരിഷ്‌കാരം കാര്യക്ഷമമായി കൊണ്ടുപോകാന്‍ സാധ്യമല്ല.

കേന്ദ്ര സഹായങ്ങളും കേന്ദ്ര പദ്ധതികളുമൊക്കെ കേന്ദ്ര സര്‍ക്കാരിന്റെ ഔദാര്യമാണെന്ന ധാരണ തെറ്റാണ്. വരുമാന സ്രോതസ്സുകളും വികസന ഉത്തരവാദിത്വങ്ങളും വിഭജിക്കുന്നതില്‍ ഇന്ത്യന്‍ ഭരണഘടന ബോധപൂര്‍വ്വം അസന്തുലിതമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളുടെ ചെലവുകളുടെ ഉത്തരവാദിത്വവും വിഭവസ്രോതസ്സും തമ്മിലുള്ള വിടവ് കേന്ദ്ര സര്‍ക്കാര്‍ നികത്താനുള്ള ധനക്കൈമാറ്റത്തിനു ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന സ്ഥാപനമാണ് യൂണിയന്‍ ധനകാര്യ കമ്മിഷന്‍. കേന്ദ്ര നികുതികളും ഗ്രാന്റുകളും മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യേണ്ട ചുമതല അവര്‍ക്കുണ്ട്. പക്ഷേ, 35 ശതമാനത്തോളം വരുന്ന കൈമാറ്റങ്ങള്‍ ഇപ്പോഴും കേന്ദ്രം കയ്യാളുന്നത് ധനകാര്യ കമ്മിഷനുകളുടെ വെളിയിലാണ്. തീര്‍ച്ചയായും ഇത് ഒഴിവാക്കാന്‍ നമ്മുടെ ഫെഡറല്‍ സമ്പ്രദായം ശ്രദ്ധിക്കേണ്ട കാര്യമാണ്. ആത്യന്തികമായി ഇന്ത്യന്‍ ഫെഡറേഷന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ്. ഭരണഘടനയുടെ നിരവധി ഉറപ്പുകള്‍ നടപ്പാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തെ നമ്മുടെ ഫെഡറേഷന്‍ പ്രോത്സാഹിപ്പിക്കേണ്ടതാണ്.

നവകേരളം വായ്മൊഴികള്‍ കൊണ്ടുനേടാം എന്ന വ്യാമോഹം ജനവഞ്ചനയാണ്. ലക്ഷ്യബോധമുള്ള ഒരു സാമൂഹിക സാമ്പത്തിക ദര്‍ശനം രൂപകല്പന ചെയ്ത് അതിന് അനുസൃതമായ ധനാഗമ മാര്‍ഗ്ഗങ്ങള്‍ ആരായണം. സ്വാര്‍ത്ഥതാല്പര്യങ്ങളും സങ്കുചിത പാര്‍ട്ടി താല്പര്യങ്ങള്‍ക്കും അതീതമായി ചിന്തിക്കാന്‍ വൈകിക്കൂടാ. പഞ്ജരത്തില്‍ പറ്റിനിന്നു പക്ഷത്തെ, മറക്കുന്നവര്‍ക്കു വിഹായസ്സില്‍ ഉയരാനാവില്ല.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com