നായികാ പ്രാധാന്യമുള്ള മസാലക്കഥകള്‍ക്ക് പ്രാധാന്യം ലഭിച്ചപ്പോള്‍ വെട്ടിലായത് പണം നഷ്ടപ്പെട്ട പരാതിക്കാരാണ്

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്ക് ചാനലുകള്‍ സോളാര്‍ വാര്‍ത്തകളും ചര്‍ച്ചകളുംകൊണ്ട് മുഖരിതമായി
നായികാ പ്രാധാന്യമുള്ള മസാലക്കഥകള്‍ക്ക് പ്രാധാന്യം ലഭിച്ചപ്പോള്‍ വെട്ടിലായത് പണം നഷ്ടപ്പെട്ട പരാതിക്കാരാണ്

ട്ടിപ്പുകാര്‍ ധനസമ്പാദനത്തിനായി ചോര ചീറ്റുന്ന കഠിനകൃത്യങ്ങളൊന്നും ചെയ്യാറില്ല. അവര്‍ സ്വപ്നം വില്‍ക്കുന്നവരാണ്. ടീം സോളാറും വ്യത്യസ്തമല്ല. വാക്സാമര്‍ത്ഥ്യം, സാമൂഹ്യബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള കഴിവ് തുടങ്ങിയ സോഫ്റ്റ് സ്‌കില്‍സ് ഉപയോഗിച്ചാണ് അവരുടെ വളര്‍ച്ച. തട്ടിപ്പിന്റെ പ്രവര്‍ത്തനരീതിയില്‍ (modus operandi) സമ്പന്നനായ ഇരയുടെ മനഃശ്ശാസ്ത്രം അറിഞ്ഞ് അവരുടെ വിശ്വാസം ആര്‍ജ്ജിച്ച് ബന്ധങ്ങള്‍ സ്ഥാപിക്കാനുള്ള കുറ്റവാളികളുടെ കഴിവ് പ്രധാനമാണ്. ''നിങ്ങളെ രണ്ടുപേരെയും കാണുമ്പോള്‍ എനിക്ക് നളിനി ആന്റിയേയും ചിദംബരം അങ്കിളിനേയും ഓര്‍മ്മവരുന്നു.'' എത്ര അനായാസമായാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രിയുടേയും ഭാര്യയുടേയും പേര് തട്ടിപ്പുകാരന്‍ പ്രയോഗിക്കുന്നത്. ഒരു നിക്ഷേപകനേയും ഭാര്യയേയും നോക്കി ഇങ്ങനെ പറഞ്ഞാല്‍ ആരും മയങ്ങിപ്പോകാം. ''അവിടെ വരുമ്പോള്‍ എനിക്കൊരു സിമ്പിള്‍ വെജിറ്റേറിയന്‍ ശാപ്പാട് തരാമോ'' ടീം സോളാര്‍ എന്ന അന്താരാഷ്ട്ര കോര്‍പ്പറേറ്റ് ഭീമന്റെ ഉലകം ചുറ്റുന്ന മലയാളിയായ മേധാവി എന്ന ലേബലില്‍ പ്രത്യക്ഷപ്പെടുന്ന തട്ടിപ്പുകാരന്‍ ഫോണില്‍ സമ്പന്നനായ ഇരയോട് ഉന്നയിക്കുന്ന ആവശ്യം എത്ര ലളിതം. അന്താരാഷ്ട്രതലത്തില്‍ സൗരോര്‍ജ്ജ പദ്ധതികളുമായി ഇന്ന് പാരീസ്, നാളെ ലണ്ടന്‍, പിന്നെ ന്യൂയോര്‍ക്ക്, വല്ലപ്പോഴും ഡല്‍ഹി ഇങ്ങനെ അതിവേഗം ലോകം ചുറ്റിക്കറങ്ങുന്ന മലയാളി എക്സിക്യൂട്ടീവിന് വല്ലപ്പോഴും ജന്മനാട്ടില്‍ വരാന്‍ കഴിയുമ്പോള്‍ നാടന്‍ ഭക്ഷണത്തോട് ഗൃഹാതുരത്വം തോന്നിയാല്‍ കുറ്റം പറയാനാകുമോ? ഇങ്ങനെയൊക്കെ അവതരിച്ചാല്‍ ഏത് വിവേകശാലിയായ ബിസിനസ്സുകാരനും വീണുപോകില്ലേ? വീഴും; വീണു. ബിസിനസ്സുകാര്‍ മാത്രമല്ല, രാഷ്ട്രീയ നേതാക്കള്‍, വിരമിച്ച ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി പലരും വീണു. ടീം സോളാറിന്റെ പ്രോജക്ടുകള്‍ ഗംഭീരമാണെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയവരും ഓഫീസ് ഉദ്ഘാടനം ചെയ്തവരും പരസ്യം വാങ്ങിയവരും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങിയവരും എല്ലാമുണ്ട്. പണം നഷ്ടപ്പെട്ടവരില്‍ സൗരോര്‍ജ്ജ പദ്ധതിയോട് ആകര്‍ഷണം തോന്നിയ ഇടത്തരക്കാരും പ്രൊഫഷണലുകളും മുതല്‍ ബിസിനസ്സ് സാദ്ധ്യത കണ്ട സമ്പന്നര്‍ വരെ ഉള്‍പ്പെട്ടു. തട്ടിപ്പുകേസിലെ പ്രതികള്‍ അധികാരത്തിന്റെ ഇടനാഴികളില്‍ നടത്തിയ സമ്പര്‍ക്കങ്ങളാണ് തട്ടിപ്പിനു രാഷ്ട്രീയമാനം നല്‍കിയത്. ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, മന്ത്രിമാര്‍, മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ തുടങ്ങി പലരുമായി സമ്പര്‍ക്കം പുലര്‍ത്തി. 

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്ക് ചാനലുകള്‍ സോളാര്‍ വാര്‍ത്തകളും ചര്‍ച്ചകളുംകൊണ്ട് മുഖരിതമായി. തട്ടിപ്പിന്റെ വലിപ്പം നോക്കിയാല്‍ പത്ത് കോടി രൂപയില്‍ താഴെയാണ് സോളാര്‍. ആട്, മാഞ്ചിയം മുതല്‍ പോപ്പുലര്‍ ഫൈനാന്‍സ് വരെ കേരളം കാലാകാലങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്ന തട്ടിപ്പുകളുടെ വലിപ്പം നോക്കിയാല്‍ സോളാര്‍ വെറുമൊരു പെറ്റിക്കേസ് എന്നു തോന്നാം. പോപ്പുലറില്‍ രജിസ്റ്റര്‍ ചെയ്ത 4741 കേസുകളിലെ മാത്രം തുക 532 കോടിയാണ്. സോളാറില്‍ തട്ടിപ്പിനിരയായത് 30 ഓളം  പേരെങ്കില്‍ പോപ്പുലര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ 30000 എന്നാണ് കണക്കാക്കപ്പെടുന്നത്; സോളാറിന്റെ ആയിരം ഇരട്ടി. സോളാറിന്റെ രാഷ്ട്രീയ സാധ്യതകള്‍, ശക്തമായ പ്രതിപക്ഷത്തിനു ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞു.   തട്ടിപ്പിന്റെ നേതൃസ്ഥാനത്ത് ഒരു വനിതാതാരത്തിന്റെ  സാന്നിദ്ധ്യംഉണ്ടായത് വാര്‍ത്തകളുടെ ദൃശ്യസാദ്ധ്യത വര്‍ദ്ധിപ്പിച്ചു. പ്രതിയുടെ വസ്ത്രധാരണത്തിന്റെ മോടി മുതല്‍ പതിനായിരം കോടിയുടെ അഴിമതി എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ വരെ അന്തരീക്ഷത്തില്‍ നിറഞ്ഞു.   

സോളാർ കേസിൽ അറസ്റ്റിലായ സരിത
സോളാർ കേസിൽ അറസ്റ്റിലായ സരിത

സത്യവും മിഥ്യയും കേസന്വേഷണത്തിന്റെ ഗതിയും

വ്യത്യസ്ത ഘടകങ്ങള്‍ ചേര്‍ന്നു സൃഷ്ടിച്ച  രാഷ്ട്രീയ, സാമൂഹ്യ അജണ്ടകള്‍ പൊതുരംഗത്ത് സജീവമായി ഏറ്റുമുട്ടിയപ്പോള്‍, അതിന്റെ സ്വാധീനത്തില്‍പ്പെടാതെ നിയമത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തികച്ചും പ്രൊഫഷണലായി കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകുക എന്നതായിരുന്നു ഞങ്ങളുടെ വെല്ലുവിളി. കുറ്റാന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തില്‍, മാധ്യമങ്ങളിലൂടെ, തങ്ങളുടെ കണ്ടെത്തല്‍ എന്ന നിലയില്‍ പലതും പുറത്തുവരികയും അതെല്ലാം വലിയ ആവേശത്തോടെ ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തു. ഒരു ബ്രേക്കിംഗ് ന്യൂസും ഞങ്ങളെ അത്ഭുതപ്പെടുത്തിയില്ല; കാരണം പൊലീസ് അന്വേഷണം ചാനലുകളേക്കാള്‍ ഏറെ മുന്നിലായിരുന്നു. പലപ്പോഴും തീവ്രമായ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും അതിനാധാരമായ വസ്തുതകള്‍ തെറ്റായിരുന്നുവെന്ന് പുറത്തുവരുന്നത്.  കസ്റ്റഡിയിലായിരുന്നപ്പോള്‍ പ്രതികള്‍ക്ക് പൊലീസ് വി.ഐ.പി പരിഗണന നല്‍കുന്നു എന്നൊരാക്ഷേപം ഉണ്ടായി. ഒരു പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ കൊണ്ടുപോകവെ, മാന്നാറിനടുത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞു. വിവരം ഡി.വൈ.എസ്.പി എന്നെ അറിയിച്ചു. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിച്ചുവെന്നും എത്രയും പെട്ടെന്ന് ഇ.സി.ജി സൗകര്യമുള്ള ആശുപത്രിയില്‍ എത്തിക്കണമെന്നും ഡോക്ടര്‍ പറഞ്ഞു. ''എത്രയും പെട്ടെന്ന്'' എന്നതിലായിരുന്നു ഊന്നല്‍. ആധുനിക സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രി ആലപ്പുഴ മെഡിക്കല്‍ കോളേജാണ്. എന്നാല്‍, ഏറ്റവും അടുത്ത് ആ സൗകര്യമുള്ളത് ഒരു സ്വകാര്യ ആശുപത്രി ആയിരുന്നു.  അവിടെ എത്തിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. കുറ്റവാളിക്ക് പഞ്ചനക്ഷത്ര ചികിത്സ എന്ന ആക്ഷേപം മാധ്യമങ്ങളില്‍ ഉണ്ടാകുകയും ചെയ്തു. പൊലീസ് നടപടികള്‍ സംബന്ധിച്ച് ഉണ്ടായ എല്ലാ വിമര്‍ശനങ്ങളും ഇത്തരത്തിലുള്ളതായിരുന്നുവെന്ന് എനിക്ക് അഭിപ്രായമില്ല. മാധ്യമങ്ങളെ എന്നും വിലമതിക്കുന്ന പൗരന്‍ എന്ന നിലയില്‍ ഒരു കാര്യംകൂടി പറയേണ്ടതുണ്ട്. അന്നത്തെ ചര്‍ച്ചകളില്‍ പല രേഖകളും പ്രത്യക്ഷപ്പെട്ടിരുന്നു. തട്ടിപ്പ് കമ്പനിക്കനുകൂലമായി മുഖ്യമന്ത്രി കേന്ദ്ര ഗവണ്‍മെന്റിലേക്കയച്ചത് എന്ന നിലയില്‍ ആയിരുന്നു പലതും. പല രേഖകളുടേയും ആദ്യവാചകങ്ങള്‍ വായിക്കുമ്പോള്‍ തന്നെ അവയുടെ സ്വഭാവവും വ്യാകരണത്തെറ്റുകളും കണ്ടാല്‍ അത് കേരള സെക്രട്ടേറിയേറ്റിലെ ഉത്തരവാദപ്പെട്ട ആരും തയ്യാറാക്കിയതല്ല എന്നു വ്യക്തമാണ്. പല കത്തുകളും കേന്ദ്രത്തില്‍ നിലവില്‍ ഇല്ലാത്ത സ്ഥാനപ്പേരുകളില്‍ ആയിരുന്നു. പത്രപ്രവര്‍ത്തനത്തിന്റെ ഹരിശ്രീ അറിയാവുന്നവര്‍ക്കുപോലും അതിന്റെ വ്യാജസ്വഭാവം വ്യക്തമാണ്. എന്നിട്ടും അത്തരം 'തെളിവുകള്‍' മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളും കുറേ അരങ്ങേറി. സോളാറിനപ്പുറം, ഇത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ക്രമേണ ദോഷകരമായി ബാധിച്ചിട്ടുണ്ടോ? 

ഇങ്ങനെ സത്യവും മിഥ്യയും ഇടകലര്‍ന്ന വാര്‍ത്തകളും ചര്‍ച്ചകളും സൃഷ്ടിച്ച കോലാഹലങ്ങള്‍ക്കിടയില്‍, തട്ടിപ്പില്‍ പണം നഷ്ടപ്പെട്ട ഇരകളുടെ താല്പര്യം കേന്ദ്രീകരിച്ച് കേസന്വേഷണം മുന്നോട്ടുപോയി. ആ  മുന്നേറ്റത്തിനിടയില്‍ ആരും പ്രതീക്ഷിക്കാത്ത ഒരു അറസ്റ്റുണ്ടായി. നേരത്തെ മുഖ്യമന്ത്രിയുടെ ചുറ്റുവട്ടത്തെ സ്ഥിരമായ സാന്നിദ്ധ്യം എന്ന നിലയില്‍ ശ്രദ്ധേയന്‍ ആയിരുന്നു അയാള്‍. പക്ഷേ, അറസ്റ്റ് ചെയ്യുമ്പോള്‍ ഔദ്യോഗിക പദവികളില്‍നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. മാധ്യമങ്ങളോ ഭരണപ്രതിപക്ഷ രാഷ്ട്രീയനേതാക്കളോ ആരും പ്രതീക്ഷിക്കാത്ത അറസ്റ്റായിരുന്നു അത്. ഇനിയും കോടതിയില്‍ വിചാരണ നടക്കേണ്ട കേസെന്ന നിലയില്‍ തെളിവുകളുടെ വിശദാംശങ്ങളിലേക്ക് പോകാനാവില്ലെങ്കിലും അതൊരു നിര്‍ണ്ണായക കാല്‍വെയ്പായിരുന്നു. സോളാര്‍ വിവാദങ്ങള്‍ കത്തിപ്പടര്‍ന്ന ശേഷം അയാളെപ്പറ്റി ചാനല്‍ ചര്‍ച്ചകളിലും മറ്റും പല ആക്ഷേപങ്ങളും പറഞ്ഞുകേട്ടെങ്കിലും നേരത്തെ അങ്ങനെയൊന്നും എന്റെ ശ്രദ്ധയില്‍ വന്നിരുന്നില്ല. കോടതിമൂലം ഫയല്‍ ചെയ്ത ഒരു കേസില്‍ എഫ്.ഐ.ആറില്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ മുന്നോട്ടു നീങ്ങിയത്. അക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ തീരുമാനം എന്റെ അറിവോടും അംഗീകാരത്തോടും തന്നെയായിരുന്നു. അന്വേഷണത്തില്‍ പങ്കാളികളായ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും അറസ്റ്റ് മുന്‍കൂട്ടി അറിഞ്ഞില്ല. അങ്ങനെ അറിയേണ്ടതില്ല എന്നായിരുന്നു എന്റെ വിലയിരുത്തല്‍. നിയമപരമായ ഒരു പ്രിവിലേജും അയാള്‍ക്കില്ല. അറസ്റ്റ് ചെയ്യുമ്പോള്‍ അയാള്‍ സര്‍ക്കാര്‍ ജോലിയില്‍ ആയിരുന്നില്ല. ആയിരുന്നെങ്കിലും തട്ടിപ്പുകേസില്‍ പ്രതിയായാല്‍ അറസ്റ്റില്‍നിന്നും നിയമപരമായി സംരക്ഷണമില്ല. അറസ്റ്റ് അനിവാര്യമാണ് എന്നതില്‍ ഞങ്ങള്‍ക്കു സംശയമുണ്ടായിരുന്നില്ല. ആ ബോദ്ധ്യം വന്നതിനുശേഷം അത് അനാവശ്യമായി നീട്ടിക്കൊണ്ടു പോകാനാകില്ല. പ്രതികള്‍ക്കു വലിയ സ്വാധീനമുണ്ട് എന്നെല്ലാം ഒരുപാട് ചര്‍ച്ചകള്‍ അരങ്ങുതകര്‍ക്കുകയായിരുന്നെങ്കിലും കേസ് അന്വേഷണത്തില്‍ ഏതെങ്കിലും പ്രതിക്കുവേണ്ടി ഒരു ശുപാര്‍ശയും എന്നോട് ഉണ്ടായില്ല. എനിക്ക് ചുമതലയുണ്ടായിരുന്ന കേസുകളില്‍ അറസ്റ്റിന്റെ കാര്യത്തില്‍ എപ്പോഴും സ്വയം ബോദ്ധ്യപ്പെട്ട് തന്നെയാണ് തീരുമാനമെടുത്തിട്ടുള്ളത്. കണ്ണൂരില്‍ ഐ.ജി. ആയിരിക്കെ അറസ്റ്റ് ചെയ്യാന്‍ സന്നദ്ധമായി രണ്ടുപേര്‍ പൊലീസില്‍ കീഴടങ്ങിയപ്പോള്‍ നേരിട്ടു നടത്തിയ ചോദ്യം ചെയ്യലില്‍ അവര്‍ പ്രതികളാണെന്നു ബോദ്ധ്യം വരാത്തതിനെത്തുടര്‍ന്ന് വിട്ടയച്ച സംഭവം  ഉണ്ടായിട്ടുണ്ട്. അന്ന് ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നെ പഴിച്ചിട്ടുണ്ട്; 'മനസ്സാക്ഷി പ്രശ്ന'മാണോ എന്ന് ഒരു പൊലീസ് ഉന്നതന്‍ സംശയിച്ചിട്ടുമുണ്ട്.  അധികം വൈകാതെ ഒരു സ്ഥാനചലനം അന്നുണ്ടായെങ്കിലും പ്രധാന ചുമതല തന്നെ വീണ്ടും ലഭിച്ചു. 

ഇപ്പോള്‍ സോളാറിലെ അറസ്റ്റിന്റെ കാര്യത്തില്‍ പരിണതഫലങ്ങളെക്കുറിച്ച് ഒരുപാട് ചിന്തിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥനും എനിക്കും ബോദ്ധ്യം വന്നു; അറസ്റ്റുചെയ്തു. അക്കാര്യം ഞാന്‍ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അന്വേഷണ സംഘമേധാവി എന്ന നിലയില്‍ ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നതാണ് ഉചിതം എന്നൊരു തോന്നല്‍ ഉണ്ടായിരുന്നു. ഉടന്‍ തന്നെ ഇന്റലിജെന്‍സ് മേധാവി സെന്‍കുമാര്‍ സാര്‍ എന്നെ വിളിച്ച് വിശദാംശങ്ങള്‍ ആരാഞ്ഞു. ആഭ്യന്തരവകുപ്പ് മന്ത്രിക്കോ മുഖ്യമന്ത്രിക്കോ ഇക്കാര്യം അറിയാമോ എന്നു  ചോദിച്ചു. ''ഇല്ലാ'' എന്നു ഞാന്‍ മറുപടി നല്‍കി. അദ്ദേഹം ഉടന്‍ ബന്ധപ്പെടാമെന്ന് അറിയിച്ചു. അറസ്റ്റ്‌ചെയ്ത ഉടനെ ചെങ്ങന്നൂരില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് തിരിച്ച ഞാന്‍, തലസ്ഥാനത്ത് എത്തുമ്പോഴേയ്ക്കും മാധ്യമങ്ങളും പ്രതിപക്ഷവും വലിയ 'ആഘോഷ'ങ്ങളിലേയ്ക്ക് കടന്നിരുന്നു. അറസ്റ്റ് ഭരണപക്ഷത്തും അപ്രതീക്ഷിതമായിരുന്നെങ്കിലും കുറ്റാന്വേഷണം സ്വതന്ത്രമായി നടക്കുന്നുവെന്നും പൊലീസ് നടപടികളില്‍ രാഷ്ട്രീയ ഇടപെടല്‍ ഇല്ലെന്നുള്ളതിന്റെ തെളിവാണിതെന്നും പ്രതിരോധിച്ചു. പൊലീസ് നടപടി ഭരണപക്ഷത്ത് പൊതുവേയും കോണ്‍ഗ്രസ്സില്‍ പ്രത്യേകിച്ചും കുറേ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്ന് വ്യക്തമായിരുന്നു. മുഖ്യമന്ത്രി ഒരു അവാര്‍ഡ് വാങ്ങാന്‍ വിദേശത്തായിരുന്നതിനാല്‍ അദ്ദേഹം അറിയാതെ നടന്ന അറസ്റ്റ് വിമര്‍ശനവിധേയമായപ്പോള്‍, അത് രാഷ്ട്രീയമായി ആഭ്യന്തരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നേരെ തിരിഞ്ഞു. അറസ്റ്റിന്റെ കാര്യം അദ്ദേഹത്തിനും അറിയില്ലായിരുന്നുവെന്ന് എനിക്കറിയാം. മുന്‍കൂട്ടി അറിയിക്കാതിരുന്നതില്‍ കടുത്ത അസ്വസ്ഥതയും അല്പം അമര്‍ഷവും ഉണ്ടായിരുന്നതുപോലെ അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ എനിക്ക് അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ ബുദ്ധിമുട്ടില്‍ എനിക്കും വിഷമം തോന്നി, കാരണമായത് എന്റെ പ്രവൃത്തി ആയിരുന്നെങ്കിലും. ആ ഘട്ടത്തില്‍ ''ഞാനൊരു പ്രശ്നമാണെങ്കില്‍ ചുമതലയില്‍നിന്നു പിന്മാറാം'' എന്ന് വളരെ മര്യാദയോടെ അറിയിച്ചു. പറഞ്ഞുതീരും മുന്‍പെ, ''അങ്ങനെ ചിന്തിക്കുകയേ വേണ്ട'' എന്ന് അദ്ദേഹം തടയിട്ടു. സ്വയം വലിയ പ്രതിസന്ധി നേരിടുമ്പോഴും ആഭ്യന്തരമന്ത്രി അന്വേഷണസംഘത്തെ പിന്തുണച്ചു എന്നു മാത്രം പറയട്ടെ. കേരളത്തിലെ 'നടപ്പുരീതി' അനുസരിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി അറിയാതെ ഇത് നടക്കുമോ എന്ന് സംശയിച്ചവരേയും കുറ്റപ്പെടുത്താനാകില്ല. അവര്‍ക്ക് അവരുടേതായ യുക്തിയുണ്ട്. അറസ്റ്റിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയെ വസ്തുതകള്‍ ബോദ്ധ്യപ്പെടുത്തി തെറ്റിദ്ധാരണകള്‍ ഒഴിവാക്കുന്നതില്‍ ഇന്റലിജെന്‍സ് മേധാവി സെന്‍കുമാര്‍ മികച്ച പങ്കുവഹിച്ചു എന്നാണ് എന്റെ ബോദ്ധ്യം. ഈ അറസ്റ്റിനെത്തുടര്‍ന്ന് ഭാവിയില്‍ എനിക്കെതിരെ കടുത്ത പ്രതികാരനടപടികള്‍ ഉണ്ടാകുമെന്നു പരിണതപ്രജ്ഞര്‍ എന്നു കരുതുന്ന ചില അഭ്യുദയകാംക്ഷികള്‍ മുന്നറിയിപ്പു നല്‍കി. സംഘര്‍ഷഭരിതമായ ആ ദിനങ്ങള്‍ കടന്നുപോയ ശേഷവും അറസ്റ്റിന്റെ വിവരം മുന്‍കൂട്ടി ആഭ്യന്തരവകുപ്പ് മന്ത്രിയെ അറിയിക്കാതിരുന്നതിന്റെ ശരിതെറ്റുകള്‍ സാങ്കല്പികമായി ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അത് ശരിയായിരുന്നു എന്നാണ് എനിക്ക് ലഭിച്ചിട്ടുള്ള ഉത്തരം. രാഷ്ട്രീയ ശരിയും നിയമത്തിന്റെ ശരിയും വ്യത്യസ്തമാകുമ്പോള്‍ പൊലീസ് നിയമത്തിന്റെ ഭാഗത്ത് നില്‍ക്കണം.  

ടിപി സെൻകുമാർ
ടിപി സെൻകുമാർ

സോളാര്‍ സദാചാരക്കഥകള്‍

സംസ്ഥാന പൊലീസ് മേധാവി രേഖാമൂലമുള്ള ഉത്തരവില്‍ ഞങ്ങളെ ചുമതലപ്പെടുത്തിയത് ടീം സോളാര്‍ എന്ന പേരില്‍ നടന്ന തട്ടിപ്പുകേസുകള്‍ അന്വേഷിക്കാനായിരുന്നു. അന്വേഷണം മുന്നോട്ടു പോയപ്പോള്‍, ക്രമേണ തട്ടിപ്പുകേസില്‍ മാധ്യമങ്ങള്‍ക്കു  താല്പര്യം കുറഞ്ഞു. തട്ടിപ്പിനെക്കാള്‍ മാര്‍ക്കറ്റുള്ള മസാലക്കഥകള്‍ കൂടുതലായി മാധ്യമങ്ങളില്‍ ഇടംപിടിച്ചു തുടങ്ങി. സ്ഥിരം കുറ്റവാളികള്‍ സ്ത്രീകളായാലും പുരുഷന്മാരായാലും ശരാശരി മനുഷ്യരില്‍ നിന്നുമാറി തങ്ങളുടേതായ സദാചാര സംഹിത പാലിക്കുന്നവരാണെന്ന് സര്‍വ്വീസിന്റെ ആരംഭം മുതല്‍ ഞാന്‍ കണ്ടിട്ടുണ്ട്. തട്ടിപ്പുകമ്പനിയുടെ നമ്പര്‍ ഒണ്‍ ആയിരുന്ന പുരുഷകഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള സദാചാര കഥകളുടെ പിറകെ അധികം ആരും പോയില്ല. സോളാര്‍ സദാചാരക്കഥകള്‍ നായികാ പ്രാധാന്യമുള്ളതായിരുന്നു. ഇങ്ങനെ മസാലക്കഥകള്‍ക്ക് പ്രാധാന്യം ലഭിച്ചപ്പോള്‍ വെട്ടിലായത് പണം നഷ്ടപ്പെട്ട പരാതിക്കാരാണ്. പണവും പോയി, നാട്ടില്‍ മാനവും പോകുമോ എന്നതായി സംശയം. എന്തിനേറെ? കേസില്‍ സാക്ഷികളായി വരാന്‍ സാദ്ധ്യതയുള്ളളവര്‍ക്കുപോലും അതൊരു പേടിസ്വപ്നമായിത്തുടങ്ങി. മമ്മൂട്ടി നായകവേഷം അവതരിപ്പിക്കുന്ന 'മൃഗയ' എന്ന സിനിമയില്‍ വാറുണ്ണി എന്നൊരു കഥാപാത്രമുണ്ട്. നാട്ടിലിറങ്ങിയ പുലിയെ കൊല്ലാന്‍ കൊണ്ടുവന്ന വാറുണ്ണിയുടെ ലീലാവിലാസങ്ങള്‍ പ്രശ്‌നമായപ്പോള്‍ വാറുണ്ണിയെ ഒരു വീടിന്റെ പരിസരത്ത് കണ്ടാല്‍ തന്നെ വീട്ടുകാര്‍ സംശയത്തിന്റെ നിഴലിലായി. ടീം സോളാര്‍ കേസിന്റെ പ്രതികളുമായി ഫോണില്‍ സംസാരിച്ചവര്‍, സോളാര്‍ പാനല്‍ സ്ഥാപിച്ചവര്‍, അവരുടെ കലാപരിപാടികളില്‍ പങ്കെടുത്തവര്‍ എല്ലാം വലിയ സമ്മര്‍ദ്ദത്തിലായി. ഒരു വലിയ കലാകാരനെ പ്രത്യേക അന്വേഷണസംഘം ഉടന്‍ ചോദ്യം ചെയ്യും എന്ന വാര്‍ത്തകളുണ്ടായി. വാര്‍ത്ത കണ്ട് അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തിന്റെ മൊഴി എടുക്കേണ്ടിവന്നാലും സാക്ഷി എന്നതിനപ്പുറം ഒന്നുമുണ്ടായിരുന്നില്ല. അക്കാര്യം പോലും ഞങ്ങള്‍ തീരുമാനിച്ചിരുന്നില്ല. പക്ഷേ, സോളാര്‍ പരിസരത്തുപോലും പ്രത്യക്ഷപ്പെടാന്‍ ആരും ആഗ്രഹിച്ചില്ല. അതായിരുന്നു അവസ്ഥ. 

മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാന്‍ താല്പര്യമുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തില്‍ ഉണ്ടെങ്കില്‍ ഈ സാഹചര്യം അവര്‍ക്കു ചാകരയാണ്. Discretion എന്ന് ഇംഗ്ലീഷിലും വിവേകമെന്നോ വിവേചനാധികാരമെന്നോ മലയാളത്തിലും പറയാവുന്ന ഗുണം, കുറ്റാന്വേഷകന് ഉണ്ടാകണം. വാര്‍ത്താപ്രാധാന്യമുള്ള കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനു പിറകെ മാധ്യമങ്ങള്‍ പോകുന്നത് സ്വാഭാവികം. പബ്ലിസിറ്റി മോഹം ഉദ്യോഗസ്ഥരെ ബാധിച്ചാല്‍ കേസിന്റെ ഗതിയെ മാധ്യമങ്ങള്‍ സ്വാധീനിക്കുന്ന അവസ്ഥയുണ്ടാകും. നിയമം നല്‍കുന്ന അധികാരം ഉപയോഗിച്ച് കേസ് അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താതാരമാകാനുള്ള മോഹം അഴിമതി എന്നപോലെ വര്‍ജ്ജിക്കേണ്ടതാണ്. മൊഴിയെടുക്കേണ്ടവരുടെ മൊഴിയെടുക്കുകതന്നെ വേണം. പക്ഷേ, അനാവശ്യ പബ്ലിസിറ്റി ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തുകയും വേണം. സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും എന്ന വാര്‍ത്ത നിറഞ്ഞുനില്‍ക്കുന്ന അന്തരീക്ഷത്തില്‍ തന്നെയാണ് അദ്ദേഹത്തിന്റെ സാക്ഷിമൊഴി ഞങ്ങള്‍ രേഖപ്പെടുത്തിയത്. അന്ന് സൗത്ത് സോണ്‍ എ.ഡി.ജി.പി ആയിരുന്ന എന്റെ ഓഫീസില്‍നിന്ന് പൊലീസ് കാറില്‍ പകല്‍സമയം എന്നൊടൊപ്പം കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി പ്രസന്നന്‍ നായരും സംഘാംഗമായ അജിത്തും ഒരുമിച്ചാണ് ക്ലിഫ് ഹൗസില്‍ പോയി മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിയെ കാണാന്‍ വന്ന പലരും അവിടെ ഉണ്ടായിരുന്നു. പക്ഷേ, അക്കാര്യം വാര്‍ത്തയായത് ഹൈക്കോടതിയില്‍ ഒരു കേസിന്റെ വസ്തുതകള്‍ വിശദീകരിക്കുന്നതിനിടയില്‍ അഡ്വക്കേറ്റ് ജനറല്‍ പരാമര്‍ശിച്ചപ്പോള്‍ മാത്രമാണ്. പിന്നെ ഏതാനും ദിവസം അതായി മാധ്യമങ്ങളില്‍. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവഞ്ചൂർ രാധാകൃഷ്ണൻ

ഞാനിടപെട്ട മറ്റൊരു ചോദ്യം ചെയ്യല്‍ സംഭവം ഇവിടെ പരാമര്‍ശിച്ചു പോകാമെന്ന് തോന്നുന്നു. അതുണ്ടായത് 2017-ല്‍ ചുരുങ്ങിയ കാലം ഞാന്‍ ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന സന്ദര്‍ഭത്തിലാണ്. വാര്‍ത്തയില്‍ ഏറെ ഇടം പിടിച്ച, എന്നാല്‍ നിയമപരമായി വലിയ പ്രധാന്യം ഇല്ലാതിരുന്ന ഒരു അന്വേഷണം അന്നവിടെ നടന്നു. അന്വേഷണത്തില്‍ അന്നത്തെ ഒരു മന്ത്രിയെ ചോദ്യം ചെയ്യണം എന്നൊരു ആവശ്യം ഉയര്‍ന്നുവന്നു. ഫയല്‍ പരിശോധിച്ചപ്പോള്‍ അതു വേണ്ട എന്നാണ് എനിക്കു തോന്നിയത്. വിവേചനാധികാരം എന്നു പറയുമ്പോള്‍ എന്റെ അഭിപ്രായം മാത്രമാണ് ശരി എന്നില്ലല്ലോ. അത് വേണമെന്ന് മറ്റൊരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ നിലപാടെടുത്തു. നിലപാടിനു ബലം പകരാന്‍ മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നൊക്കെ പറയുകയും ചെയ്തു. ഏതായാലും ഒരു മന്ത്രിയെ ചോദ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി അറിഞ്ഞിരിക്കണമല്ലോ. ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. അക്കാര്യത്തില്‍ വിവേചനത്തിന്റെ അംശമുണ്ടെന്നു സൂചിപ്പിച്ചപ്പോള്‍, ''പിന്നെ അതു വേണോ?'' എന്നാണ് അദ്ദേഹം സൗമ്യമായി ചോദിച്ചത്. അതോടെ ആ ചോദ്യം ചെയ്യലിനു പൂര്‍ണ്ണവിരാമമായി. 

ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി

നമുക്ക് സോളാറിലേയ്ക്ക് മടങ്ങാം. സോളാര്‍ കേസ് അന്വേഷണവുമായി അതിവേഗം മുന്നോട്ടു പോകുമ്പോള്‍ പ്രതികളുടെ ജാമ്യം തുടങ്ങി ധാരാളം വിഷയങ്ങള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ വരുന്നുണ്ടായിരുന്നു. അതെല്ലാം തന്നെ നിയമപരമായും സൂക്ഷ്മതയോടും കൈകാര്യം ചെയ്യുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ പതിപ്പിച്ചു. ഏറ്റവും താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന മജിസ്ട്രേറ്റ് കോടതി മുതല്‍ സഹകരിച്ചും ഒരു സ്ഥാപനമെന്ന നിലയില്‍ ജുഡീഷ്യറിയെ ബഹുമാനിച്ചും മുന്നോട്ടു പോകുന്ന സമീപനമാണ് പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ ഞാന്‍ എല്ലാ കാലത്തും സ്വീകരിച്ചിട്ടുള്ളത്.  കോടതികളുടെ ഇടപെടല്‍ പൊലീസ് നടപടികള്‍ക്കു ഗുണകരമായ നിലയിലാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചുവോ എന്ന സന്ദേഹം ഉണ്ടായപ്പോള്‍ ഹൈക്കോടതി അക്കാര്യം പരിശോധിക്കാന്‍ ആവശ്യപ്പെടുകയും വസ്തുതകള്‍ നേരിട്ട് പരിശോധിച്ച് തെറ്റ് തിരുത്തുകയും ചെയ്ത അനുഭവങ്ങളുമുണ്ട്. സോളാറില്‍ അനവധി കേസുകള്‍ ഹൈക്കോടതിയില്‍ വന്നതില്‍ ഒരു കേസില്‍ ഒരിക്കല്‍ മാത്രം പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ എനിക്ക് ഉള്‍ക്കൊള്ളാനാവാത്ത അനുഭവമുണ്ടായി. പ്രത്യേക അന്വേഷണ സംഘത്തില്‍, സംഘത്തലവനായ ''എ.ഡി.ജി.പിയുടെ റോള്‍ എന്താണ്'' എന്നതായിരുന്നു കോടതിയുടെ സംശയം. സംശയം ഉണ്ടാകുന്നതിലും നിവൃത്തി വരുത്തുന്നതിലും തെറ്റൊന്നുമില്ല. ''എ.ഡി.ജി.പി. കര്‍ട്ടനു പിറകില്‍ ഒളിച്ചിരിക്കുകയാണോ'' എന്നായിരുന്നു ജഡ്ജിയുടെ ചോദ്യം, അഥവാ കമന്റ്. പലവിധ വ്യാഖ്യാനങ്ങള്‍ക്ക് ഇടനല്‍കുന്ന ആ പരാമര്‍ശം, സ്വാഭാവികമായും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. അന്വേഷണസംഘത്തിന്റെ മേധാവി എന്ന നിലയില്‍ എന്റെ പങ്കിനെക്കുറിച്ച് അങ്ങേയറ്റം അവമതിപ്പുണ്ടാക്കുന്ന ഒരു ചോദ്യമായിരുന്നു അത്. പ്രത്യേക അന്വേഷണസംഘം നിലവില്‍ വന്ന ഉടന്‍ തന്നെ അന്വേഷണസംഘാംഗങ്ങളുടേയും മേധാവിയുടേയും പങ്ക് വ്യക്തമാക്കിക്കൊണ്ട് ഞാന്‍ ഉത്തരവിറക്കിയിരുന്നു. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 30-ല്‍ പരം കേസുകളാണ് ഉണ്ടായിരുന്നത്. ഒരോ കേസിന്റേയും അന്വേഷണ ചുമതല, സംഘാംഗങ്ങളായ ഡി.വൈ.എസ്.പി റാങ്കുള്ള ഉദ്യോഗസ്ഥനും മുഴുവന്‍ കേസുകളുടേയും സൂപ്പര്‍വിഷന്‍ സംഘത്തലവനായ എനിക്കും എന്ന് അതില്‍ പറഞ്ഞിട്ടുണ്ട്. ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡിലെ വകുപ്പുകള്‍ ഉദ്ധരിച്ച് കൃത്യമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നതാണ്. പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ എന്റെ ഏതെങ്കിലും നടപടി തെറ്റായിരുന്നുവെന്നോ നിയമവിരുദ്ധമാണെന്ന് ഉത്തരവിടുകയോ ചെയ്തിരുന്നുവെങ്കില്‍ അത് മനസ്സിലാക്കാം; തെറ്റ് തിരുത്താം. അതിനൊന്നും മുതിരാതെയായിരുന്നു ഈ കമന്റ്. അതേ കോടതി തന്നെ, തൊട്ട് മുന്‍പ് മറ്റൊരു ജാമ്യാപേക്ഷ പരിഗണിക്കുന്ന അവസരത്തില്‍ സോളാര്‍ കേസുകളുടെ പൊതുവിവരങ്ങള്‍ ആരായുകയും അതെല്ലാം രേഖാമൂലം നല്‍കുകയും ചെയ്തിരുന്നതാണ്. ആ അവസരത്തില്‍ വേണ്ടിവന്നാല്‍ കോടതിയില്‍ ''എ.ഡി.ജി.പിയെ നേരിട്ടു വിളിപ്പിക്കും'' എന്ന് ഒരു കമന്റ് കോടതിയില്‍നിന്നും ഉണ്ടായി. അന്ന് കോടതിയില്‍  സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സോളാര്‍ അന്വേഷണം സംബന്ധിച്ച് എപ്പോള്‍ എന്തു വിവരം വേണമെങ്കിലും ഹൈക്കോടതിയില്‍ നല്‍കാമെന്നും അതിന് ഞാന്‍ നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ സന്നദ്ധനാണ് എന്നും പറഞ്ഞിരുന്നു. എന്തുകൊണ്ടോ കോടതി എന്നെ വിളിച്ചില്ല. അതിനു ശേഷമാണ്, ഈ 'കര്‍ട്ടനു പിന്നില്‍' എന്ന പ്രയോഗം. അത് ഗൗരവമായി കണ്ടു. വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് ഉചിത നടപടി സ്വീകരിക്കണമെന്ന്  അഡ്വക്കേറ്റ് ജനറലിന് ഞാന്‍ കത്ത് നല്‍കി. കത്തില്‍ ബഹുമാനപ്പെട്ട കോടതിയുടെ ആ കമന്റ് പൊലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ എന്റെ അന്തസ്സിനെ ഹനിക്കുന്നതാണെന്നും മനുഷ്യന്റെ അന്തസ്സ് എന്നത് ഭരണഘടനാ മൂല്യമാണെന്നും അതിന്റെ സംരക്ഷകനാകേണ്ട കോടതി തന്നെ അത് ലംഘിക്കുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും എഴുതി. ആ കത്ത് ചീഫ് ജസ്റ്റിസിനു നല്‍കിയെന്നും അത് ചീഫ് ജസ്റ്റിസ് ജഡ്ജിമാരുടെ ശ്രദ്ധയില്‍ കൊണ്ടുവന്നതായും അഡ്വക്കേറ്റ് ജനറല്‍ എന്നോട് പറഞ്ഞു. ഏതായാലും അതിനുശേഷം അത്തരം കമന്റുകളൊന്നുമുണ്ടായില്ല. വിമര്‍ശനം ആക്ഷേപമായി മാറുന്നതും അത് പരിധിവിടുന്നതും രാഷ്ട്രീയത്തിലും മറ്റും സാധാരണമാണ്. എന്നാല്‍, ഉന്നത മാതൃക പുലര്‍ത്തേണ്ട ഭരണഘടനാ കോടതികള്‍ സൂക്ഷിക്കേണ്ട ലക്ഷ്മണരേഖ ലംഘിച്ച് പൊലീസ് ഉദ്യോഗസ്ഥന്റെ അന്തസ്സിനെ ഹനിക്കാനിടയുള്ള വാക്കുകളിലേക്കു കടന്നാല്‍ അതിനെ വ്യവസ്ഥാപിതമായി ചോദ്യം ചെയ്യുക തന്നെ വേണം.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com