ആരും മുന്‍കൂട്ടി കാണാതിരുന്ന അറസ്റ്റ്... 'സോളാറി'ന്റെ ചൂട് പിന്നെയും കൂടി

കസ്റ്റഡിയില്‍ എന്തു സംഭവിച്ചാലും അതിന്റെ വ്യാഖ്യാനങ്ങളും പരിണത ഫലങ്ങളും പൊലീസിനു വലിയ പ്രശ്‌നമായിരിക്കും
ആരും മുന്‍കൂട്ടി കാണാതിരുന്ന അറസ്റ്റ്... 'സോളാറി'ന്റെ ചൂട് പിന്നെയും കൂടി

രു മണിക്കൂറില്‍ 60 മിനിട്ടുണ്ടെന്നും, അതില്‍ ഓരോ മിനിട്ടിലും 60 സെക്കന്റുണ്ടെന്നും അനുഭവിച്ചറിഞ്ഞത് താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ വെച്ചാണ്. പൊലീസ് സ്റ്റേഷനു മുന്നില്‍ റൈഫിളും ഞാനും കൂടി ഗാര്‍ഡ് ഡ്യൂട്ടി നിന്ന അനുഭവം ഇന്നും ഓര്‍ക്കുന്നു. അത്രയ്ക്ക് കഠിനമായി തോന്നി, ശാരീരികമായും മാനസികമായും. ആരും നിര്‍ബ്ബന്ധിച്ചിട്ടൊന്നുമല്ല ഗാര്‍ഡ് നിന്നത്. ഐ.പി.എസ് ട്രെയിനി ഗാര്‍ഡ് ഡ്യൂട്ടി പഠിക്കണമെന്നേയുള്ളു. അതിനായി, സ്വയം അത് നിര്‍വ്വഹിക്കണമെന്ന നിര്‍ബ്ബന്ധം ഇല്ലായിരുന്നു. മൂന്ന് പൊലീസുകാര്‍, മാറി മാറി രണ്ടു മണിക്കൂര്‍ വീതം നിന്ന്, 24 മണിക്കൂര്‍, ഒരു ദിവസം, പൂര്‍ത്തിയാക്കണം എന്നാണ് അന്നത്തെ രീതി. ഇരുപത്തിനാല് മണിക്കൂറും ഡ്യൂട്ടി ചെയ്യും എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ഞാന്‍ തുടങ്ങിയത്. രണ്ടു മണിക്കൂര്‍ ഡ്യൂട്ടി കഴിഞ്ഞപ്പോള്‍ നിശ്ചദാര്‍ഢ്യം സ്വാഹ. അത്രയ്ക്ക് കഠിനമായി എനിക്കതനുഭവപ്പെട്ടു. പൊലീസുകാരുടെ പല ഡ്യൂട്ടികളും കഠിനമായിരുന്നു. എന്നാല്‍, ഈ കാഠിന്യം അനുഭവിക്കുന്നതുകൊണ്ട് സമൂഹത്തിന് എന്ത് പ്രയോജനമാണ്? നിമിഷങ്ങളെണ്ണി തോക്കും പിടിച്ച് ഞാന്‍ പൂര്‍ത്തിയാക്കിയ രണ്ടു മണിക്കൂര്‍കൊണ്ട് താമരശ്ശേരിക്കാര്‍ക്ക് വല്ല ഗുണവുമുണ്ടോ? പൊലീസുകാരുടെ ഡ്യൂട്ടിയെക്കുറിച്ച് ഇത്തരം ചില ചിന്തകളും സംശയങ്ങളും തുടക്കം മുതലേ മനസ്സിലുണ്ടായിരുന്നു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പ്രവൃത്തി കഠിനമായാലും ലളിതമായാലും അര്‍ത്ഥവത്താകുന്നത് അത് സമൂഹത്തിനു ഗുണകരമായി ഭവിക്കുമ്പോഴാണല്ലോ. 

പൊലീസിന്റെ പല ഡ്യൂട്ടികളും നൂറുകണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് തുടങ്ങിയതും യാന്ത്രിക സ്വഭാവം ഉള്ളതുമായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുകയാണ് പൊലീസിന്റെ ജോലി എന്ന് പുതിയ പൊലീസുകാരെ പഠിപ്പിച്ചിട്ടുണ്ട്; അത്രമാത്രം. പക്ഷേ, പല പ്രവൃത്തികളും ഇതുമായി ഒരു ബന്ധവുമില്ലാത്തതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍, 1902-ല്‍ നിയമിച്ച ഫ്രേസര്‍ കമ്മിഷന്‍  അന്നത്തെ ഇന്ത്യയിലെ പൊലീസിന്റെ സ്വഭാവം വിവരിക്കുമ്പോള്‍ രണ്ടു വാക്കുകള്‍ ആവര്‍ത്തിക്കുന്നുണ്ട്: Corrupt and oppressive (അഴിമതിക്കാരും മര്‍ദ്ദകരും). ഈ പ്രശ്‌നത്തിന്റെ കാരണവും പരിഹാരവും ആ കമ്മിഷന്‍ തേടുമ്പോള്‍ കമ്മിഷന്റെ കൊളോണിയല്‍ മനസ്സ് കൃത്യമായി കാണാം. പൊലീസ് ഭരണത്തിന്റെ ഉന്നതങ്ങള്‍ അലങ്കരിക്കുന്ന ഇംഗ്ലീഷ് ഉദ്യോഗസ്ഥര്‍ എല്ലാം പരമയോഗ്യര്‍. തൊട്ടു താഴെ സൂപ്രണ്ട് റാങ്കുവരെയുള്ളവര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍നിന്ന് വരുന്നവരാണ്. അവര്‍ ഇംഗ്ലീഷുകാരുടെ അടുത്തൊന്നും എത്തില്ല എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയാവുന്ന വര്‍ഗ്ഗം. പൊലീസിലെ കോണ്‍സ്റ്റബിള്‍, ഹെഡ് കോണ്‍സ്റ്റബിള്‍ റാങ്കുകാര്‍ ഒരു മേന്മയും ഇല്ലാത്ത സമൂഹത്തിന്റെ താഴെത്തട്ടില്‍നിന്നും വരുന്നവര്‍. അതിലും നീചരായവരേയും  സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കാണുന്നുണ്ട്. ഇന്ത്യന്‍ സമൂഹത്തെപ്പറ്റിയുള്ള കമ്മിഷന്റെ ഈ കൊളോണിയല്‍ മനോഭാവം ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത് പൊലീസുകാരുടെ ഡ്യൂട്ടിയുടെ കാര്യത്തിലാണ്. ഒരു ഗുണവും ഇല്ലാത്ത സാമൂഹ്യവിഭാഗത്തില്‍നിന്നും വരുന്ന കോണ്‍സ്റ്റബിളിന് എങ്ങനെ ഉത്തരവാദപ്പെട്ട ചുമതലകള്‍ നല്‍കും? ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടു പോയി എത്രയോ ദശകങ്ങള്‍ക്കു ശേഷവും വിവേചനപരവും ജനാധിപത്യവിരുദ്ധവുമായ ആ സാമൂഹ്യവീക്ഷണം പൊലീസുകാരുടെ ഡ്യൂട്ടി നിര്‍ണ്ണയിക്കുന്നതില്‍ നിലനിന്നിരുന്നു. 

ആ സ്വാധീനം പ്രകടമായത് കുറ്റാന്വേഷണ ചുമതലയിലാണ്. ഒരു നൂറ്റാണ്ടിനു മുന്‍പ് വിഭാവന ചെയ്ത വ്യവസ്ഥയനുസരിച്ച് കേസ് അന്വേഷണത്തിന്റെ മുഖ്യചുമതല പൊലീസ് സ്റ്റേഷന്‍ ചാര്‍ജ് വഹിക്കുന്ന എസ്.ഐയ്ക്കാണ്. അതിനു താഴെ നിയമാനുസരണമുള്ള സര്‍ക്കാര്‍ ഉത്തരവിലൂടെ ഹെഡ്‌കോണ്‍സ്റ്റബിളിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, ഫലത്തില്‍ പൊലീസ് സ്റ്റേഷനില്‍ സംഭവിക്കുന്നത് തികച്ചും വ്യത്യസ്തമാണ്. എത്ര കഠിനാദ്ധ്വാനിയായ എസ്.ഐ ആയാലും സ്റ്റേഷന്‍ ചുമതല വഹിക്കുമ്പോള്‍ നിയമവും ചട്ടവും ചുമതലപ്പെടുത്തുന്ന അത്രയും കേസുകള്‍ സ്വയം അന്വേഷിച്ച് കേസ് ഡയറി എഴുതുക അസാദ്ധ്യമാണ്. സര്‍വ്വീസില്‍നിന്നും വിരമിച്ചശേഷമോ പ്രൊമോഷന്‍ കിട്ടിക്കഴിഞ്ഞിട്ടോ ചിലര്‍ മറിച്ച് വീമ്പിളക്കുന്നത് കേട്ടിട്ടുണ്ട്. ധാരാളം കേസുകള്‍ എസ്.ഐയ്ക്കു വേണ്ടി അന്വേഷിക്കുന്നതും സാക്ഷിമൊഴിയും കേസ് ഡയറിയും എഴുതുന്നതുമൊക്കെ പൊലീസ് കോണ്‍സ്റ്റബിള്‍മാര്‍, ഇന്നത്തെ പേരില്‍ പറഞ്ഞാല്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ തന്നെയാണ്. അടുത്തിടെ, പ്രമാദമായ ഒരു കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പറഞ്ഞതോര്‍ക്കുന്നു: കേസന്വേഷിച്ചുവെന്ന് പറയുന്ന ഡി.വൈ.എസ്.പിക്കു ഡിജിറ്റല്‍ തെളിവുകളെക്കുറിച്ച് ഒരു ധാരണയും ഇല്ല; പക്ഷേ, അന്വേഷണ സംഘത്തില്‍പ്പെട്ട സിവില്‍ പൊലീസ് ഓഫീസര്‍ക്ക് നല്ല വൈദഗ്ദ്ധ്യം ഉണ്ട്. ശാസ്ത്രീയ കുറ്റാന്വേഷണത്തിലും ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണത്തിലും വിശകലനത്തിലും ഒക്കെ നിര്‍ണ്ണായക പങ്കുവഹിക്കുന്ന സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പക്ഷേ, നിയമപരമായി കേസന്വേഷിക്കുവാനുള്ള അധികാരമില്ലായിരുന്നു. കേരളത്തില്‍ ഒരു ഭാഗത്തുനിന്നും അക്കാര്യത്തില്‍ ഒരു മുന്‍കൈ എടുത്തിരുന്നില്ല. പൊലീസ് അസ്സോസിയേഷനുകളുടെ ശ്രദ്ധ ജോലിഭാരം കുറയ്ക്കുക എന്നതില്‍ ആയിരുന്നല്ലോ. അപ്പോള്‍ പിന്നെ എന്തിന് അന്വേഷണം എന്ന പുലിവാല്‍ പിടിക്കണം എന്ന് അവര്‍ കരുതിയിരിക്കാം. 

പൊലീസ് പരിഷ്‌കരണം എന്ന പാഴ്കിനാവ്

കേരളത്തെക്കാള്‍ വിദ്യാഭ്യാസ നിലവാരത്തില്‍ പിന്നില്‍ നില്‍ക്കുന്ന മദ്ധ്യപ്രദേശില്‍ ഏതാനും പൊലീസ് സ്റ്റേഷനുകളില്‍ കോണ്‍സ്റ്റബിള്‍മാര്‍ക്കും അന്വേഷണ ചുമതല നല്‍കിയ പരീക്ഷണം നാഷണല്‍ പൊലീസ് അക്കാഡമിയില്‍വെച്ച് എന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. കടുത്ത മത്സരത്തിലൂടെ പി.എസ്.സി വഴി നിയമിക്കപ്പെടുന്ന കേരളത്തിലെ പൊലീസുകാര്‍ വിദ്യാഭ്യാസത്തിലും പ്രൊഫഷണല്‍ മികവിലും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലായിരുന്നു. ഭരണഘടനയും അടിസ്ഥാന നിയമങ്ങളും എല്ലാം ഉള്‍പ്പെടുത്തി കേരളാ പൊലീസ് അക്കാഡമിയില്‍ മികച്ച പരിശീലനമാണ് അവര്‍ക്കു നല്‍കിയിരുന്നത്. അതിനുശേഷം കുറ്റാന്വേഷണ വിഷയങ്ങളില്‍ പ്രത്യേക പരീക്ഷ പാസ്സായെങ്കില്‍ മാത്രമേ അവര്‍ക്ക് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായി പ്രൊമോഷനുള്ള അര്‍ഹത കിട്ടുകയുള്ളു. ആ നിലയ്ക്ക് അപ്രകാരം പരീക്ഷ പാസായ പൊലീസുകാര്‍ക്ക് കുറ്റാന്വേഷണത്തിനുള്ള ചുമതല നല്‍കുന്നതിന് ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡ് പ്രകാരം ഒരു സര്‍ക്കാര്‍ ഉത്തരവിന്റെ ആവശ്യമേയുള്ളു. അതിനായി ഒരു പ്രപ്പോസല്‍ സമര്‍പ്പിക്കുന്നത് പ്രയോജനകരമായിരിക്കും എന്നെനിക്കു തോന്നി. അതേപ്പറ്റി പലരോടും അഭിപ്രായം ആരാഞ്ഞു. ആയിടെ മാത്രം സര്‍വ്വീസില്‍നിന്നും വിരമിച്ച ജേക്കബ്ബ് പുന്നൂസ് സാറിനെ കണ്ട അവസരത്തില്‍ ഈ ആശയം അദ്ദേഹവുമായി പങ്കിട്ടു. അല്പം പോലും റിസര്‍വേഷന്‍ ഇല്ലാതെ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. പിന്നെ മടിച്ചില്ല. പ്രൊമോഷനുള്ള യോഗ്യതാ പരീക്ഷ പാസ്സായ സിവില്‍ പൊലീസ് ഓഫീസര്‍മാരെ കുറ്റാന്വേഷണത്തിന് അധികാരപ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിനായി പ്രെപ്പോസല്‍ പൊലീസ് ആസ്ഥാനത്തേയ്ക്ക് അയച്ചു. 1902-ലെ ഫ്രേസര്‍ കമ്മിഷന്‍ കൊളോണിയല്‍ കാഴ്ചപ്പാടില്‍ അന്നത്തെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുടെ പശ്ചാത്തലത്തില്‍ സ്വീകരിച്ച നിലപാടില്‍നിന്ന് കേരളം മുന്നോട്ടുപോകണം എന്നായിരുന്നു എന്റെ വാദം. അതിന്മേല്‍ പിന്നെ ഒരു ചര്‍ച്ചയും ഉണ്ടായില്ല. അധികം വൈകാതെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രൊപ്പോസല്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. 

രണ്ടു വര്‍ഷം കഴിഞ്ഞ് ഞാന്‍ വീണ്ടും ഇന്റലിജെന്‍സ് മേധാവി ആയിരിക്കേ, ഗുജറാത്തിലെ ഭുജില്‍വെച്ച് നടന്ന സംസ്ഥാന ഡി.ജി.പിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്ന അവസരത്തില്‍ പൊലീസ് പരിഷ്‌കരണം അവിടെ ചര്‍ച്ചയായി. പൊലീസ് പരിഷ്‌കരണം സ്ഥിരം അജണ്ട ആണല്ലോ. ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തിരുന്ന ഗ്രൂപ്പിലെ അംഗമായിരുന്ന, ബീഹാറില്‍ ഡി.ജി.പി ആയ രാജേഷ് ചന്ദ്ര പൊലീസ് ശാക്തീകരണത്തിന് കുറ്റാന്വേണഷത്തിനുള്ള ചുമതല കോണ്‍സ്റ്റബിള്‍മാര്‍ക്കും നല്‍കണം എന്ന് ശക്തിയായി വാദിച്ചു. അക്കാര്യം സംസ്ഥാനത്തിനു ചെയ്യാവുന്നതേ ഉള്ളുവെന്നും കേരളത്തില്‍ രണ്ടുവര്‍ഷം മുന്‍പേ നടപ്പിലാക്കി എന്നും ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കത് അവിശ്വസനീയമായി തോന്നി.

കൊളോണിയല്‍ വീക്ഷണം എന്ന് ഫ്രേസര്‍ കമ്മിഷനെ വിമര്‍ശിക്കുമ്പോഴും അന്നത്തെ പൊലീസിന്റെ അവസ്ഥ, അഥവാ ദുരവസ്ഥ വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്നതില്‍ അവര്‍ പ്രകടിപ്പിച്ച സത്യസന്ധതയെ അഭിനന്ദിക്കണം. കേസന്വേഷണത്തില്‍ നിലനിന്നിരുന്ന അഴിമതിയുടേയും അധികാര ദുര്‍വിനിയോഗത്തിന്റേയും തീവ്രത ആ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് റിപ്പോര്‍ട്ട് എഴുതണമെങ്കില്‍ വര്‍ഷം മാത്രം മാറ്റിയാല്‍ മതിയെന്നു തോന്നിപ്പോകും. 2012-ല്‍ സൗത്ത് സോണ്‍ എ.ഡി.ജി.പിയുടെ കസേരയില്‍ കയറിയപ്പോള്‍ പൊലീസിനെ ബാധിച്ച രോഗങ്ങളെക്കുറിച്ച് ഇങ്ങനെ ചില ചിന്തകള്‍ മനസ്സിലുണ്ടായിരുന്നിരിക്കണം. കാരണം, 2013 പുതുവര്‍ഷം പിറന്നപ്പോള്‍, സൗത്ത് സോണില്‍പ്പെട്ട ഒമ്പതു പൊലീസ് ജില്ലകളിലെ മേധാവികള്‍ക്ക് പുതുവത്സര പൊലീസ് ചിന്തകള്‍ പങ്കിട്ടുകൊണ്ട് ഞാനൊരു അര്‍ദ്ധ ഔദ്യോഗിക കത്ത് എഴുതി. കേസന്വേഷണത്തിന്റെ സത്യസന്ധത ഉറപ്പാക്കാന്‍ പലപ്പോഴും നമ്മള്‍ പരാജയപ്പെടുന്നു എന്നും അതാണ് ഏറ്റവും മൗലികവും ഗുരുതരവുമായ പൊലീസ് പ്രശ്‌നമെന്നും അത് പരിഹരിക്കുന്നതിലായിരിക്കണം പൊലീസിന്റെ ഊന്നല്‍ എന്ന ഉദ്‌ബോധനം ആയിരുന്നു കത്തില്‍. ഈ 'ഉദ്‌ബോധനം' വൈകാതെ എന്നെ നോക്കി പല്ലിളിക്കും എന്നൊന്നും അപ്പോള്‍ ചിന്തിച്ചിരുന്നില്ല. അധികം വൈകാതെ അതുണ്ടായി; കുപ്രസിദ്ധ അന്തര്‍ സംസ്ഥാന കുറ്റവാളിയായിരുന്ന ബണ്ടിചോറിന്റെ അറസ്റ്റ്, ആരാണ് ഹരിഹരവര്‍മ്മ എന്ന ചോദ്യം ബാക്കിനില്‍ക്കുന്ന ആ കൊലപാതക കേസ് അന്വേഷണം തുടങ്ങി സംഭവബഹുലമായി കാലം മുന്നോട്ട് പോകവേ ആയിരുന്നു മറ്റെല്ലാം നിഷ്പ്രഭമാക്കിയ, കേരളത്തെ ആകെ കോരിത്തരിപ്പിച്ച, പലര്‍ക്കും ഇപ്പോഴും തരിപ്പ് മാറാത്ത ആ 'മഹാസംഭവ'ത്തിന്റെ തുടക്കം. അതെ, പറഞ്ഞു തുടങ്ങുന്നത് സോളാര്‍ കേസുകളെക്കുറിച്ച് തന്നെയാണ്.  

തുടക്കം, ഒരു അറസ്റ്റോടെ ആയിരുന്നു.  എറണാകുളം റൂറല്‍ ജില്ലയില്‍ ഒരു തട്ടിപ്പ് കേസില്‍ സരിതാ നായര്‍ എന്നൊരു സ്ത്രീയെ അറസ്റ്റു ചെയ്തു. തട്ടിപ്പ് നടക്കുമ്പോള്‍ അവര്‍ ലക്ഷ്മി നായര്‍ ആയിരുന്നു. തട്ടിപ്പും പരാതിയും അറസ്റ്റും കേരളത്തില്‍ ഒരു സംഭവമേ അല്ല. കേരളം, ദൈവത്തിന്റെ സ്വന്തം നാട് ആകും മുന്‍പേ, തട്ടിപ്പുകാരുടെ സ്വന്തം സാമ്രാജ്യം ആണ്. ഐതിഹ്യമനുസരിച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയതും തട്ടിപ്പിലൂടെ ആണല്ലോ. ഒറിജിനല്‍ അവതാരത്തെ മലയാളി ദര്‍ശിച്ച ആ തട്ടിപ്പിന്റെ ഇര മാവേലി ആയിരുന്നുവെങ്കില്‍ എറണാകുളത്തെ കേസിന്റെ ഇര മാന്യനായ ഒരു ബിസിനസ്സുകാരന്‍ ആയിരുന്നു.  എറണാകുളം റൂറല്‍ ജില്ല സൗത്ത് സോണില്‍ ആയിരുന്നുവെങ്കിലും അറസ്റ്റിന്റെ കാര്യം ഞാനറിഞ്ഞിരുന്നില്ല. അറിയേണ്ട കാര്യമില്ല. വര്‍ഷം തോറും ആയിരക്കണക്കിന് തട്ടിപ്പു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ അതിന് വലിയ പ്രാധാന്യമൊന്നുമില്ല. പക്ഷേ, അധികം കഴിയും മുന്‍പേ ആ അറസ്റ്റ് വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ തുടങ്ങി. അതിനു കാരണമായത് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയുടെ ടെലിഫോണ്‍ വിവരങ്ങള്‍ ആയിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ചില അംഗങ്ങളുടെ നമ്പരും അതിലുള്ളതായി വാര്‍ത്ത വരാന്‍ തുടങ്ങി. 

അറസ്റ്റ് എറണാകുളത്തായിരുന്നുവെങ്കിലും വാര്‍ത്തയുടെ ഉറവിടം മലബാര്‍ ആയിരുന്നു. പ്രഭവ കേന്ദ്രം എന്നൊരു പ്രയോഗം പില്‍ക്കാലത്തെ സോളാര്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. അങ്ങനെ ആര്‍ജ്ജിച്ച ഭാഷാപാണ്ഡിത്യം ഉപയോഗിച്ചാല്‍ ടെലിഫോണ്‍ വാര്‍ത്തയുടെ പ്രഭവകേന്ദ്രം തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആയിരുന്നു.  ടീം സോളാര്‍ എന്ന പേരില്‍ ഒരു കമ്പനിയുണ്ടാക്കി നടത്തിയ തട്ടിപ്പ് കേസുകള്‍ വടക്കന്‍ ജില്ലകളിലും രജിസ്റ്റര്‍ ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ സംബന്ധിച്ച വാര്‍ത്തകള്‍ക്കൊപ്പം ചില പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവനകളുമായി രംഗത്തു വന്നു. 

എങ്കിലും സോളാറിന്റെ ചൂട് കൂടിയത് പ്രതിയുടെ ടെലിഫോണ്‍ വിളി വിവരങ്ങള്‍ കൈരളി ചാനലില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്. ആ സമയം പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ജീവനക്കാരും തമ്മില്‍ നേരത്തെ നടന്ന ഫോണ്‍ വിളികള്‍, ആ രേഖയിലൂടെ 'കൈരളി' പൊതുമധ്യത്തില്‍ കൊണ്ടുവന്നു. അതോടെ മാധ്യമങ്ങളും പ്രതിപക്ഷവും സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുവന്നു; സര്‍ക്കാര്‍ പ്രതിരോധത്തിലായി. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ പരിശുദ്ധരാണെന്നോ ആയിരിക്കണമെന്നോ ഒരു ധാരണ  കേരളത്തിലുണ്ടായിരുന്നുവെന്നു തോന്നുന്നു. ഈ വിഷയം നിയമസഭയില്‍ ആദ്യം ചര്‍ച്ചയ്ക്ക് വരുന്ന അവസരത്തില്‍ ഞാന്‍ സന്ദര്‍ശക ഗ്യാലറിയില്‍ ഉണ്ടായിരുന്നു. സഭയില്‍ തീവ്രമായ പ്രതിപക്ഷ പ്രകടനങ്ങള്‍ പല കാലഘട്ടങ്ങളില്‍ ഞാന്‍ കണ്ടിട്ടുണ്ട്. പ്രകടനങ്ങള്‍ക്കപ്പുറം, പ്രതിപക്ഷാംഗങ്ങളുടെ ശരീരഭാഷയില്‍ ഒരു പുതിയ ആവേശം അന്ന് ദൃശ്യമായിരുന്നു. നേര്‍വിപരീതാവസ്ഥയില്‍ സഭയ്ക്കു പുറത്ത് കണ്ട ഒരു മനുഷ്യന്റെ മുഖം മനസ്സില്‍ പതിഞ്ഞുനില്‍ക്കുന്നു.  മുഖ്യമന്ത്രിയുടെ സമീപത്ത് മിക്കപ്പോഴും ഊര്‍ജ്ജസ്വലതയോടെ കാണപ്പെട്ടിട്ടുള്ള പേര്‍സണല്‍ സ്റ്റാഫിലെ ആ അംഗം, പൂര്‍ണ്ണമായും ഒറ്റപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും അകലെ, നിയമസഭാമന്ദിരത്തിനു താഴെ പുറത്തേയ്ക്കുള്ള വഴിയില്‍ നിസ്സഹായാവസ്ഥയില്‍ നില്‍ക്കുകയായിരുന്നു. ഒട്ടും വൈകാതെ ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അയാള്‍ പുറത്തുപോയി; അധികാരത്തിന്റെ വെള്ളിവെളിച്ചത്തില്‍ നിന്നുള്ള തിരോധാനം. 

ആ സമയത്ത് എറണാകുളം പൊലീസ് അറസ്റ്റുചെയ്തു കഴിഞ്ഞിരുന്ന സരിതാ നായരും ഒളിവിലായിരുന്ന ഡോ. ആര്‍.ബി. നായര്‍ എന്ന വ്യാജപേര് ഉപയോഗിച്ചിരുന്ന ബിജു രാധാകൃഷ്ണനും നടത്തിയിരുന്ന ടീം സോളാര്‍ കമ്പനിയുടെ തട്ടിപ്പുകള്‍ പല ജില്ലകളിലും കേസായിരുന്നു. ടെലിഫോണ്‍ രേഖകള്‍ പുറത്തുവന്നതോടെ, വിവാദം കത്തിപ്പടര്‍ന്ന്, വിഷയം നിയമസഭയില്‍ വന്നപ്പോള്‍, ജുഡിഷ്യല്‍ അന്വേഷണം എന്ന ആവശ്യം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചു. പുറത്തുവന്ന വസ്തുതകള്‍ കണക്കിലെടുത്ത് എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന സമ്മര്‍ദ്ദം സര്‍ക്കാരില്‍ ശക്തമായിരുന്നിരിക്കണം. നിയമസഭയില്‍വെച്ച് അന്ന് ഇന്റെലിജെന്‍സ് മേധാവിയായിരുന്ന സെന്‍കുമാര്‍ സാര്‍ ''കേസ് ഹേമചന്ദ്രന്റെ തലയില്‍ വരും'' എന്നു സൂചിപ്പിച്ചു. സര്‍ക്കാരിന്റെ ഫയര്‍ഫൈറ്റിംഗില്‍ ഉദ്യോഗസ്ഥതലത്തിലെ ഒരു പ്രധാന കണ്ണി ഇന്റെലിജെന്‍സ് മേധാവിയാണല്ലോ. ആ തീരുമാനമെടുക്കുന്ന പ്രക്രിയയില്‍ ഞാന്‍ ഭാഗഭാക്കായിരുന്നില്ല.

സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാ​ജരാക്കിയപ്പോൾ
സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണനെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാ​ജരാക്കിയപ്പോൾ

സോളാര്‍ കേസ് അന്വേഷണം

അന്നുതന്നെ ടീം സോളാര്‍ തട്ടിപ്പുകേസുകള്‍ അന്വേഷിക്കുവാനുള്ള പ്രത്യേക സംഘത്തിന്റെ ചുമതലയില്‍ എന്നെ നിയമിച്ചുകൊണ്ട് ഡി.ജി.പി ബാലസുബ്രഹ്മണ്യം ഉത്തരവ് ഇറക്കി.  അന്വേഷണ സംഘത്തില്‍ ആരെയെല്ലാം ഉള്‍പ്പെടുത്തണം എന്നത് വളരെ പ്രധാനമാണ്. ആദ്യം മനസ്സില്‍ വന്ന പേരുകള്‍ കോട്ടയം ഡി.വൈ.എസ്.പി അജിത്ത്, ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി പ്രസന്നന്‍ നായര്‍ എന്നിവരുടേതായിരുന്നു. സിസ്റ്റര്‍ അഭയകേസില്‍ സി.ബി.ഐ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത, വിരമിച്ച എസ്.ഐ അഗസ്റ്റിന്റെ കേസന്വേഷണം ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ഞാനേറ്റടുത്തപ്പോള്‍ അവര്‍ രണ്ടുപേരും ആ സംഘത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ഡി.വൈ.എസ്.പി റെജി ജേക്കബിനേയും സുദര്‍ശനനേയും ജെയ്‌സണ്‍ എബ്രഹാമിനേയും ഉള്‍പ്പെടുത്തി. അന്വേഷണ മികവിനൊപ്പം സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിവുള്ള ഉദ്യോഗസ്ഥരെയാണ് ഞാന്‍ വിലമതിച്ചത്. അവരുടെ രാഷ്ട്രീയം എന്ത് എന്ന് വിദൂരമായിപ്പോലും ചിന്തിച്ചിട്ടില്ല.  എന്നെ നിയമിച്ചുകൊണ്ടുള്ള ഡി.ജി.പിയുടെ ഉത്തരവില്‍ തന്നെ ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് നടപടികള്‍ സ്വീകരിച്ചിരുന്ന പെരുമ്പാവൂര്‍ ഡി.വൈ.എസ്.പി ഹരികൃഷ്ണനേയും ഇന്‍സ്പെക്ടര്‍ റോയിയേയും ഉള്‍പ്പെടുത്തിയിരുന്നു. പുറത്തായിരുന്ന മറ്റൊരു മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യുന്നതില്‍ അവര്‍ക്ക് നിര്‍ണ്ണായക സംഭാവന നല്‍കാനാകും എന്നും ഞങ്ങള്‍ കണക്കുകൂട്ടി. പ്രമാദമായ പല കേസുകളിലും കണ്ടിട്ടുള്ളത് അന്വേഷണ സംഘത്തിനുള്ളില്‍ എല്ലാവരും മേധാവിയുടെ അഭിപ്രായത്തോട് പരസ്യമായി യോജിക്കും; പുറത്തിറങ്ങി ഓരോരുത്തരും വായില്‍ തോന്നിയത് മാധ്യമങ്ങളുമായി രഹസ്യമായി പങ്കിടും. ഇവിടെ അതുണ്ടായില്ല. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ യോഗത്തില്‍ ചര്‍ച്ചചെയ്ത് അഭിപ്രായ ഐക്യത്തിലെത്തി. മറിച്ചുള്ള ചോര്‍ത്തലുകള്‍ മാധ്യമങ്ങള്‍ക്കു ലഭിച്ചില്ല. 

ആ സമയത്ത് ആദ്യവെല്ലുവിളി മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒളിവില്‍നിന്ന് അയാള്‍ ചില ചാനലുകള്‍ക്ക് അഭിമുഖം  നല്‍കിക്കൊണ്ടിരുന്നു. ഉന്നതസ്വാധീനം ആരോപിക്കുന്ന പ്രതി ഇങ്ങനെ മാധ്യമങ്ങളില്‍ സജീവമായിരിക്കുകയും പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിയാതെ വരികയും ചെയ്യുന്ന സാഹചര്യം ഗൗരവമായി കണ്ടു. അത് കണക്കിലെടുത്ത് എസ്.പിമാരായിരുന്ന ദേബേഷ്ബഹറയേയും ഉണ്ണിരാജനേയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തി. ആ സമയം കൊല്ലം ക്രൈംബ്രാഞ്ചും അയാളെ അന്വേഷിക്കുന്നുണ്ടായിരുന്നു. വര്‍ഷങ്ങളോളം എങ്ങുമെത്താതെ കിടന്ന അയാളുടെ ആദ്യ ഭാര്യയുടെ അസാധാരണ മരണകേസിന്റെ അന്വേഷണം ഡി.വൈ.എസ്.പി സി.ജി. സുരേഷ്‌കുമാര്‍ ചുമതലയിലെത്തിയപ്പോള്‍ സജീവമായി. ക്രൈംബ്രാഞ്ച് മേധാവി വിന്‍സന്‍ എം. പോള്‍ സാറും താല്പര്യമെടുത്തു. സംഭവം കൊലപാതകമാണെന്നു വെളിവായപ്പോള്‍ അവരും പ്രതിയെ ഊര്‍ജ്ജിതമായി അന്വേഷിക്കുന്നുണ്ടായിരുന്നു. ഒരു സിനിമാനടിയുടെ ഫോണുമായി അയാള്‍ കേരളം വിട്ടതായി സൂചന ലഭിച്ചു. ഡിജിറ്റല്‍ തെളിവിന്റെ പിറകെയുള്ള ഇരു സംഘങ്ങളുടേയും യാത്ര എത്തിച്ചേര്‍ന്നത് കോയമ്പത്തൂരിലാണ്. ആദ്യം പ്രതിയില്‍ എത്തിച്ചേര്‍ന്നത് ക്രൈംബ്രാഞ്ചാണ്. അക്കാര്യത്തില്‍ തമിഴ്നാട് പൊലീസിന്റെ സംഭാവനയും വിലപ്പെട്ടതായിരുന്നു. ആ അറസ്റ്റ് ഞങ്ങള്‍ക്ക് വലിയ ആശ്വാസമായി. 

എങ്കിലും ഞങ്ങളുടെ ചുമതല വര്‍ദ്ധിച്ചു. പൊലീസ് കസ്റ്റഡിയില്‍ പ്രതികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൈവന്നു. കസ്റ്റഡിയില്‍ എന്തു സംഭവിച്ചാലും അതിന്റെ വ്യാഖ്യാനങ്ങളും പരിണത ഫലങ്ങളും പൊലീസിനു വലിയ പ്രശ്‌നമായിരിക്കും. ആത്മഹത്യ, തടവുചാട്ടം എന്നീ സാദ്ധ്യതകളും കണക്കിലെടുക്കേണ്ടിവന്നു. എന്തുകൊണ്ട് എന്നു ചോദിച്ചാല്‍, സര്‍വ്വതന്ത്ര സ്വതന്ത്രരായി, സ്വന്തം സദാചാര നിയമങ്ങളനുസരിച്ച് ആര്‍ഭാടജീവിതം ആഘോഷമാക്കിയ മനുഷ്യര്‍ അഴിക്കുള്ളിലടയ്ക്കപ്പെടുമ്പോള്‍, മാധ്യമങ്ങളിലൂടെ കേരളം അന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍ തുടര്‍ച്ചയായി ആക്ഷേപിക്കപ്പെടുമ്പോള്‍ പുതിയ സഹചര്യവുമായി പൊരുത്തപ്പെടുക എളുപ്പമല്ലല്ലോ. കുറ്റാരോപിതരും മനുഷ്യരാണല്ലോ. അന്നത്തെ മാധ്യമ ചിത്രീകരണത്തില്‍ 'നരഭോജിയുടെ മനസ്സ്' കണ്ടത് സാഹിത്യകാരന്‍ സക്കറിയ ആണ്. 

തട്ടിപ്പുകേസുകളുടെ അന്വേഷണം സാധാരണഗതിയില്‍ അത്ര ദുഷ്‌കരമൊന്നുമല്ല. പരാതിക്കാരനും പ്രതികളും തമ്മിലുണ്ടായിട്ടുള്ള ധാരണകളുടേയും വിനിമയങ്ങളുടേയും വിശദാംശങ്ങള്‍ മനസ്സിലാക്കി അവിടെ തുടങ്ങിയാല്‍ മതി. ബോധപൂര്‍വ്വം ഏതെങ്കിലും പരാതിക്കാരനെ പ്രലോഭിപ്പിച്ച് ചതിയില്‍ പെടുത്താന്‍ ആരെങ്കിലും കൂട്ടുനിന്നിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും അന്വേഷണം അവിടെ എത്തും. അന്വേഷണ ഉദ്യോഗസ്ഥരായ ഡി.വൈ.എസ്.പിമാര്‍ക്ക് അതത്ര ദുഷ്‌കരമല്ല. 

ടെലിഫോണ്‍ റെക്കോര്‍ഡുകളിലൂടെ പുറത്തുവന്ന മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫുമായുള്ള സമ്പര്‍ക്കം ആയിരുന്നല്ലോ തുടക്കത്തില്‍ കേസിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചത്. അന്വേഷണത്തില്‍, ഒരു കേസിലെ പരാതിക്കാരന്‍ ഒഴികെ തട്ടിപ്പിനിരയായ ഒരാളുമായും ഈ ഓഫീസ് സ്റ്റാഫ് നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരുന്നില്ല എന്ന് വ്യക്തമായി. പിന്നെ എന്തായിരുന്നു ഇടയ്ക്കിടെയുള്ള അവരുടെ ഫോണ്‍ സംഭാഷണം? പലതും അസമയത്തും. സംഭാഷണം പലപ്പോഴും മാന്യതയുടെ അതിര്‍വരമ്പ്  കടന്ന് 'പൈങ്കിളിവര്‍ത്തമാനം' ആയി മാറിയെന്ന് സ്റ്റാഫംഗങ്ങളേയും പ്രതിയേയും ചോദ്യം ചെയ്തതില്‍നിന്ന് വ്യക്തമായി. ടീം സോളാര്‍ ഉടമയായ പ്രതിയുടെ പ്രഭാവലയത്തില്‍  മയങ്ങി, സ്വന്തം ബന്ധുവിനു ജോലിക്കായി ബയോഡാറ്റ നല്‍കുന്ന സാഹചര്യംവരെയുണ്ടായി. അയാളുടേയും ബന്ധുവിന്റേയും ഭാഗ്യത്തിനു നിയമനം കിട്ടിയില്ല. ഇക്കാര്യങ്ങള്‍ വെളിവായപ്പോള്‍, ഉന്നതമായ ഒരു ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍നിന്നുണ്ടായ പെരുമാറ്റദൂഷ്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് അയച്ചു. ആ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഒരു കാര്യത്തില്‍ പ്രത്യേക ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തി. അതില്‍ പരാമര്‍ശിച്ച സ്റ്റാഫിന്റേയോ മറ്റേതെങ്കിലും വ്യക്തിയുടേയോ കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം സംബന്ധിച്ച് തുടര്‍ന്നുള്ള അന്വേഷണത്തില്‍ എന്തെങ്കിലും തെളിവ് ലഭിച്ചാല്‍ അതിനെ ദോഷകരമായി ബാധിക്കുന്ന യാതൊന്നും റിപ്പോര്‍ട്ടിലുണ്ടാകരുത് എന്ന കരുതല്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. അധികം വൈകാതെ സോളാറിലെ  ഒരു പ്രധാന കേസ് ഹൈക്കോടതിയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായ ഘട്ടത്തില്‍ ഈ റിപ്പോര്‍ട്ട് ഞങ്ങള്‍ സ്വമേധയാ ഹൈക്കോടതിക്കു സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിനെത്തുടര്‍ന്ന്  മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ ഒരാള്‍ സസ്പെന്‍ഷനിലായി, മറ്റൊരാള്‍ കൂടി ഓഫീസിനു പുറത്തായി. രാഷ്ട്രീയത്തിലും ഉദ്യോഗത്തിലും അധികാരസ്ഥാനം വഹിക്കുന്നവര്‍ സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ മാതൃക പുലര്‍ത്തേണ്ടവരാണ്. ദൗര്‍ഭാഗ്യവശാല്‍, കാലം മുന്നോട്ട് പോകുമ്പോഴും മറിച്ചുള്ള സംഭവങ്ങളാണ് അധികാരത്തിന്റെ അകത്തളങ്ങളില്‍നിന്നും കേരളത്തില്‍ പുറത്തു കേള്‍ക്കുന്നത്. 

റിപ്പോര്‍ട്ടിന്മേലുള്ള നടപടി വലിയ വാര്‍ത്തയായിരുന്നു. തൊട്ടുപിന്നാലെ, ആരും മുന്‍കൂട്ടി കാണാതിരുന്ന ഒരു അറസ്റ്റ് ഉണ്ടായി. സോളാറിന്റെ ചൂട് പിന്നെയും കൂടി.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com