വനിതാ പൊലീസിനെ ആക്രമിച്ച കുറ്റവാളിയെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സംരക്ഷിക്കുന്നു!

കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉള്ളില്‍ക്കിടന്ന ചെറുപ്പക്കാരനും ധൈര്യം വന്നിരിക്കാം. ''സാറെ, എന്നെ തല്ലി; ഞാന്‍ കോടതി ജീവനക്കാരനാണ്'' എന്ന് അല്പം ഉച്ചത്തില്‍ പറഞ്ഞു
വനിതാ പൊലീസിനെ ആക്രമിച്ച കുറ്റവാളിയെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സംരക്ഷിക്കുന്നു!

ഞാന്‍ പ്രതിക്കൂട്ടിലായ ആലുവ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശനം മറക്കാനാവില്ല. എ.ഡി.ജി.പിമാര്‍ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നത് സാധാരണമല്ല. ജില്ലാ എസ്.പി വരെയുള്ള ഉദ്യോഗസ്ഥരാണ് കൂടുതലായി പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശനം നടത്തുക. മിക്കവാറും മുന്‍കൂട്ടി അറിയിപ്പില്ലാതെയാണ് സന്ദര്‍ശിക്കുക. ജനങ്ങള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട പൊലീസ് ഓഫീസ്, പൊലീസ് സ്റ്റേഷന്‍ ആണല്ലോ. എന്തെല്ലാം പരിഷ്‌കാരങ്ങള്‍ കാലാകാലങ്ങളില്‍ പ്രഖ്യാപിച്ചാലും അതെല്ലാം നടപ്പാക്കേണ്ടത് പൊലീസ് സ്റ്റേഷനിലൂടെയാണ്. താഴെത്തട്ടിലെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാനും പരിഹാരം തേടാനും സന്ദര്‍ശനം ഗുണകരമാണ്. ഡി.ഐ.ജി, ഐ.ജി എന്നീ നിലകളില്‍ ജോലി ചെയ്യുമ്പോഴും പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശനം ഞാന്‍ ഒഴിവാക്കിയില്ല. സൗത്ത് സോണ്‍ എ.ഡി.ജി.പി ആയ ശേഷം ആദ്യം എറണാകുളത്ത് പോയ സന്ദര്‍ഭത്തില്‍ അവിടെ ഏതെങ്കിലും സ്റ്റേഷന്‍ സന്ദര്‍ശിക്കാമെന്ന് തീരുമാനിച്ചു. എറണാകുളം റൂറല്‍ ജില്ലയിലെ  ആലുവ സബ്ബ് ഡിവിഷനില്‍ ഏതെങ്കിലും പൊലീസ് സ്റ്റേഷന്‍ തൊട്ടടുത്ത ദിവസം സന്ദര്‍ശിക്കും എന്ന് എസ്.പി സതീഷ്ബിനോയെ അറിയിച്ചു. സ്റ്റേഷന്‍ ഏതാണെന്നു മാത്രം പറഞ്ഞില്ല. അങ്ങനെയാകുമ്പോള്‍ കുറേ സ്റ്റേഷനുകളില്‍ അല്പം ജാഗ്രത ഉണ്ടാകും എന്നാണ് കരുതിയത്. തൊട്ടടുത്ത ദിവസം രാവിലെ നേരെ ആലുവ പൊലീസ് സ്റ്റേഷന്‍ തന്നെ  സന്ദര്‍ശനത്തിനു തെരഞ്ഞെടുത്തു. വലിയ സ്റ്റേഷനുകളാണ് പലപ്പോഴും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അവഗണിക്കുന്നത് എന്നൊരു ചിന്തയും ഉണ്ടായിരുന്നു. പൊലീസ് സ്റ്റേഷന്‍ കോമ്പൗണ്ടിനോട് ചേര്‍ന്ന് പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്ന ഒരു കേന്ദ്രം ഉണ്ടായിരുന്നു. അത് പൊലീസിന്റെ ചുമതലയില്‍ ആയിരുന്നില്ല. 

ആദ്യം ഞാനവിടെ പോയി അതിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ശ്രമിച്ചു. സ്റ്റേഷനില്‍ വരുന്ന നാട്ടുകാര്‍ക്ക് പരാതി എഴുതാനും അവിടെ സൗകര്യം ഉണ്ടെന്നറിഞ്ഞു. അങ്ങനെ പതുക്കെ ഓരോ കാര്യങ്ങള്‍ മനസ്സിലാക്കി സ്റ്റേഷന്‍ കെട്ടിടത്തിനടുത്തേയ്ക്ക് വന്നു. അവിടെ പാറാവ് നിന്ന പൊലീസുകാരുടെ അടുത്തെത്തി. അവരോട് സംസാരിച്ച് വളരെ സാവധാനമാണ് ഞാന്‍ നീങ്ങിയത്. അതിനിടെ ഉള്ളിലെ മുറിയില്‍നിന്ന് എന്നെ ഒരാള്‍ സാര്‍, സാര്‍ എന്നു വിളിച്ച് ശ്രദ്ധ ആകര്‍ഷിച്ചു. ഒറ്റനോട്ടത്തില്‍ നല്ല പ്രസരിപ്പുള്ള ഒരു ചെറുപ്പക്കാരന്‍. അവിടെ നിന്നുകൊണ്ട് തന്നെ ഉദ്യോഗസ്ഥരോട് അയാളെപ്പറ്റി ചോദിച്ചു. അയാളെ റെയില്‍വേ സ്റ്റേഷനില്‍നിന്നും കൊണ്ടുവന്നതാണ്. പൊതുസ്ഥലത്തുവെച്ച് പുകവലിച്ചതാണ് കുറ്റം. പൊലീസ് സ്റ്റേഷനില്‍വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഉപദ്രവിച്ചുവത്രെ.
 
കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഉള്ളില്‍ക്കിടന്ന ചെറുപ്പക്കാരനും ധൈര്യം വന്നിരിക്കാം. ''സാറെ, എന്നെ തല്ലി; ഞാന്‍ കോടതി ജീവനക്കാരനാണ്'' എന്ന് അല്പം ഉച്ചത്തില്‍ പറഞ്ഞു. ഞാനയാളുടെ അടുത്തേയ്ക്ക് ചെന്നു. അയാള്‍ മുതുകിന്റെ ഭാഗം ചൂണ്ടിക്കാണിച്ചു. ചൂരലോ വടിയോ കൊണ്ട് തല്ലിയാലെന്നപോലുള്ള പാടുകള്‍ കണ്ടു. അയാള്‍ അവശനൊന്നും ആയിരുന്നില്ലെങ്കിലും ചെറുതായെങ്കിലും അടികൊണ്ടിരിക്കാം എന്നു തോന്നി. അയാള്‍ കൊല്ലത്ത് നിന്ന് തലേദിവസം ഒരു കൂട്ടുകാരന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ആലുവയില്‍ വന്നതാണത്രെ. വിവാഹത്തിനു ശേഷം അയാളും സുഹൃത്തുക്കളും മടങ്ങിപ്പോകാന്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നില്‍ക്കുകയായിരുന്നു. ആ സമയം പൊലീസ് ജീപ്പ് അതുവഴി വന്നു. പൊതുസ്ഥലത്തുവച്ച് പുകവലിച്ചു എന്ന കുറ്റത്തിന് രണ്ടുപേരെ ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോയി. ഇത്രയും കാര്യങ്ങളില്‍ പൊലീസും ലോക്കപ്പില്‍ കണ്ട കൊല്ലംകാരനും പറഞ്ഞതില്‍ കാര്യമായ വ്യത്യാസം കണ്ടില്ല. 

സ്റ്റേഷനില്‍ കൊണ്ടുവന്ന രണ്ടാമന്‍ എവിടെയെന്ന് അന്വേഷിച്ചപ്പോള്‍ അയാളെ വിട്ടയച്ചിരുന്നതായി അറിഞ്ഞു. എങ്ങനെ ഒരാള്‍ മാത്രം ലോക്കപ്പിലായി എന്നതില്‍ അയാളും പൊലീസുകാരും പറഞ്ഞ കാര്യങ്ങള്‍ പൊരുത്തപ്പെട്ടില്ല. സ്റ്റേഷനില്‍ വെച്ച് ആ യുവാവ്, വനിതാ പൊലീസിനെ അടിച്ചു എന്നാണ് പൊലീസ് ഭാഗം. അനാവശ്യമായി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നതിനെപ്പറ്റി ചോദിച്ചതേയുള്ളു എന്നും പ്രകോപിതയായ വനിതാ പൊലീസ് വടികൊണ്ടടിച്ചു എന്നുമാണ് അയാള്‍ പറഞ്ഞത്. ആ സമയം വടിയില്‍ കയറി പിടിച്ചുവെന്നും അല്ലാതൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു അയാളുടെ നിലപാട്. പുകവലിയില്‍ തുടങ്ങിയ സംഭവങ്ങള്‍ സ്റ്റേഷനിലെത്തിയപ്പോള്‍ വനിതാ പൊലീസിനെ മര്‍ദ്ദിച്ചു എന്ന കേസിലെത്തിക്കഴിഞ്ഞിരുന്നു. അതിനിടെ, കൊല്ലംകാരന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സെലക്ഷന് എഴുത്തു പരീക്ഷ പാസ്സായെന്നും ശാരീരിക ക്ഷമതാ ടെസ്റ്റിനു കാത്തുനില്‍ക്കുകയാണെന്നും പറഞ്ഞു. ഏതായാലും ഒരു രാത്രി അയാള്‍ ലോക്കപ്പില്‍ കഴിഞ്ഞു. 

Caption
Caption

അസത്യം അര്‍ത്ഥസത്യവും

പൊലീസ് സ്റ്റേഷനുള്ളില്‍ ഒരു സ്വകാര്യവ്യക്തി പൊലീസിനെ ആക്രമിക്കുക അസാധാരണമാണ്. ഏതെങ്കിലും സംഘബലംകൊണ്ടോ ലഹരിമരുന്നിന്റെ സ്വാധീനം കൊണ്ടോ മറ്റൊ സംഭവിച്ചുകൂടെന്നുമില്ല. വനിതാ പൊലീസ് ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ട ശേഷം ഡ്യൂട്ടിയിലുണ്ടായിരുന്നു. ഡോക്ടര്‍ നല്‍കിയ വുണ്ട് സര്‍ട്ടിഫിക്കറ്റ് ഞാന്‍ നോക്കി. കാര്യമായ ഒരു പോറല്‍ പോലും അതില്‍ ഇല്ല. ഇതെല്ലാമാണ് ഞാനവിടെ കണ്ടത്. അത്  സംക്ഷിപ്തമായി സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തി. സംഭവം ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി, സ്വതന്ത്രമായ അന്വേഷണം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പറഞ്ഞു. സ്വാധീനത്തിനു വഴങ്ങാത്ത ഏതെങ്കിലും ഡി.വൈ.എസ്.പിയെ അന്വേഷണം ഏല്പിക്കുന്നതായിരിക്കും ഉചിതം എന്നും നിര്‍ദ്ദേശിച്ചു. ഇത്തരം അവസരങ്ങളില്‍ വിഷയം പ്രാപ്തനായ എസ്.പിയുടെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ കാര്യങ്ങള്‍ ശരിയായി നീങ്ങും. ആ വിശ്വാസം എനിക്ക് സതീഷ് ബിനോയില്‍ ഉണ്ടായിരുന്നു. 

ഒരു കാര്യം കൂടി ഇവിടെ പറയേണ്ടതുണ്ട്. കസ്റ്റഡിയില്‍ ഉണ്ടായിരുന്ന ചെറുപ്പക്കാരന്റെ മുതുകത്ത് കണ്ട പാടുകളുടെ കാര്യം ഞാന്‍ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നില്ല. ബോധപൂര്‍വ്വം തന്നെയാണ് ഒഴിവാക്കിയത്. പുകവലിക്കേസ് നടപടിയെ ചുറ്റിപ്പറ്റി കോടതിക്കാരനും പൊലീസുമായി എന്തോ ഈഗോ പ്രശ്നം ഉണ്ടായിരിക്കണം എന്നാണെനിക്കു തോന്നിയത്. അതുകൊണ്ട് എന്താണ് സ്റ്റേഷനില്‍ സംഭവിച്ചത് എന്ന് അന്വേഷണത്തില്‍ പുറത്തുവരട്ടെ; കൃത്യമായ ബോദ്ധ്യം വരാതെ പൊലീസുകാരിക്കെതിരെ ഉപയോഗിക്കാനിടയുള്ള ഒരു പരാമര്‍ശം ആ ഘട്ടത്തില്‍ സന്ദര്‍ശന ഡയറിയില്‍ ഒഴിവാക്കുന്നതാണ് നല്ലത് എന്ന ചിന്ത എന്റെ മനസ്സിനെ സ്വാധീനിച്ചു. ന്യായീകരണം എന്തായാലും അതാണ് ശരി എന്നെനിക്ക് അഭിപ്രായമില്ല.

തിരുവനന്തപുരത്തെത്തി, രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോള്‍, ലോക്കപ്പില്‍ കണ്ട ആ യുവാവ് ഏതാനും സുഹൃത്തുക്കളുമൊത്ത് സൗത്ത് സോണ്‍ ഓഫീസില്‍ വന്നു. ഒരു ശുപാര്‍ശയും ഇല്ലാതെ നേരിട്ടാണ് അയാള്‍ വന്നത്. പൊലീസിനെതിരെ പരാതി നല്‍കാനാകും എന്നു ഞാന്‍ കരുതി. എസ്.ഐ സെലക്ഷന്‍ എന്തായി എന്നു ചോദിച്ചപ്പോള്‍ കായികക്ഷമതാ പരീക്ഷ ഉടനുണ്ടെന്ന് പറഞ്ഞു.  കേസും പരാതിയും എല്ലാം വിട്ട് അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഞാന്‍ ഉപദേശിച്ചു.  പൊലീസിനെതിരെ പരാതിയുമായി പോകുന്നില്ലെന്നും സ്വന്തം നിരപരാധിത്വം തെളിയിക്കണമെന്നേ ഉള്ളുവെന്നും അയാള്‍ പറഞ്ഞു. അയാള്‍ക്കെതിരായ കേസ് സ്വതന്ത്രമായി അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മേധാവിയോട് പറഞ്ഞിട്ടുണ്ടെന്നും അന്വേഷണത്തില്‍ സത്യം പുറത്തുവരട്ടെയെന്നും അറിയിച്ചു. അയാള്‍ നേരിട്ടു നല്‍കിയ പരാതിയും ജില്ലാ എസ്.പിക്ക് അയച്ചുകൊടുത്തു. പിന്നെ ഞാനയാളെ കണ്ടിട്ടില്ല. കേസും പരാതിയുമൊക്കെ എന്തായി എന്ന് എസ്.പിയോട് ഒന്നോ രണ്ടോ പ്രാവശ്യം ചോദിച്ചിരുന്നു. അന്വേഷണം തീരുമാനമാകാതെ ഇഴഞ്ഞുനീങ്ങുന്നതുപോലെ തോന്നി. പിന്നെ ഞാനക്കാര്യം മറന്നു.

അപ്രതീക്ഷിതമായി ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത അത് എന്നെ വീണ്ടും ഓര്‍മ്മിപ്പിച്ചു. എറണാകുളത്ത്, പ്രാദേശിക പേജില്‍ അല്പം പ്രാധാന്യത്തോടെയാണ് വാര്‍ത്ത വന്നത്. ഗുരുതരമായ ആക്ഷേപമായിരുന്നു വാര്‍ത്തയില്‍ ഉന്നയിച്ചിരുന്നത്. ആലുവാ പൊലീസ് സ്റ്റേഷനില്‍ വനിതാ പൊലീസിനെ ആക്രമിച്ച കുറ്റവാളിയെ തലസ്ഥാനത്തുള്ള ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സംരക്ഷിക്കുന്നുവെന്നും പാവം വനിതാ പൊലീസിനു നീതി നിഷേധിക്കുന്നുവെന്നുമായിരുന്നു വാര്‍ത്ത. പാവം വനിതാ പൊലീസ് പട്ടികജാതിക്കാരിയാണെന്നും അക്രമി പൊലീസ് ഉന്നതന്റെ ബന്ധുവാണെന്നും വാര്‍ത്തയിലുണ്ടായിരുന്നു. ആരോപണം എന്നെപ്പറ്റി ആയിരുന്നുവെന്ന് വ്യക്തം. പൊലീസ് വാര്‍ത്തകളില്‍ സത്യവും അസത്യവും അര്‍ദ്ധസത്യവും മിഥ്യയും വളച്ചൊടിക്കലും ഒക്കെ ഉണ്ടാകുന്നത് എനിക്ക് പരിചയമുണ്ട്. ഈ വാര്‍ത്ത എന്നെ അല്പം അമ്പരപ്പിച്ചു. ആരോപണം ഗുരുതരമാണ്. വാര്‍ത്തയില്‍ ഒരു ഭാഗത്ത് വനിതാ പൊലീസ്, അതും പട്ടികജാതിക്കാരി; പൊലീസ് സ്റ്റേഷനില്‍ വച്ചുണ്ടായ അക്രമത്തിന്റെ ഇര. മറുഭാഗത്ത് അക്രമി, അഥവാ വേട്ടക്കാരന്‍. അയാള്‍ എ.ഡി.ജി.പിയുടെ ബന്ധു; എ.ഡി.ജി.പി ബന്ധുവിനെ സഹായിക്കുന്നു. ഈ 'ബന്ധുത്വം' ആണ് എന്നെ വിഷമിപ്പിച്ചത്. ആദ്യം ആലുവ പൊലീസ് സ്റ്റേഷന്‍ ലോക്കപ്പിലും, പിന്നീട് പരാതിയുമായി വന്നപ്പോള്‍ എന്റെ ഓഫീസിലും മാത്രം കണ്ടിട്ടുള്ള യുവാവ് എന്റെ ബന്ധുവോ? അതെനിക്കറിയില്ലായിരുന്നു. കൊല്ലം ജില്ലയില്‍ എനിക്ക് ബന്ധുക്കളുണ്ട്. എങ്കിലും ഇങ്ങനെ ഒരു ബന്ധുവിനെ അറിയില്ല. ഇനി എങ്ങാനും ബന്ധുവാണോ? കൊല്ലത്ത് കോടതിയുമായി ബന്ധമുള്ള ഒരു സുഹൃത്തിനോട് വിവരം തിരക്കി. അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ടു പറഞ്ഞു: ''അയാള്‍ എങ്ങനെ സാറിന്റെ ബന്ധുവാകും, അയാള്‍ ...ജാതിയല്ലേ.'' ജാതി ചോദിക്കരുത്, പറയരുത് എന്നത് ശരിയാണെങ്കിലും, ഇത് കേട്ടപ്പോള്‍ ആശ്വാസം തോന്നി; ലോക്കപ്പില്‍ കണ്ട യുവാവ് എന്റെ അജ്ഞാത ബന്ധുവല്ല. വാര്‍ത്തയില്‍ ഊന്നല്‍ നല്‍കിയിരുന്ന ബന്ധുത്വ ആരോപണം തെറ്റാണെന്ന് ബോദ്ധ്യം വന്നെങ്കിലും പത്രവാര്‍ത്തയെത്തുടര്‍ന്ന് ഞാന്‍ ഡി.ജി.പിക്ക് ഒരു റിപ്പോര്‍ട്ട് അയച്ചു. പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശന സമയം എഴുതിയ കുറിപ്പും പത്രവാര്‍ത്തയുമെല്ലാം ഉള്‍ക്കൊള്ളിച്ച് വസ്തുതകള്‍ വിശദീകരിച്ച ശേഷം ആലുവയില്‍ വനിതാ പൊലീസ് പരാതിക്കാരിയായ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു മാറ്റാന്‍ ശുപാര്‍ശ ചെയ്തു. വൈകാതെ കേസ് ക്രൈംബ്രാഞ്ചിനു മാറ്റി ഉത്തരവ് വന്നു. അതോടെ ആലുവകേസ് പൂര്‍ണ്ണമായും എന്റെ അധികാരപരിധിക്കു പുറത്തായി. എങ്കിലും ആലുവ സന്ദര്‍ശനത്തിന്റെ അനുരണനങ്ങള്‍ അവിടെ തീര്‍ന്നില്ല. മാസങ്ങള്‍ കഴിഞ്ഞ് സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ്ഗ കമ്മിഷനില്‍ ലഭിച്ച ഒരു പരാതിയില്‍ അഭിപ്രായമാരാഞ്ഞുകൊണ്ട് എനിക്ക് കത്ത് കിട്ടി. ഏതോ ഒരു സംഘടനയുടെ ലേബലില്‍ ആയിരുന്നു പരാതി. പരാതിയുടെ ഉള്ളടക്കമാകട്ടെ, നേരത്തെ വിവരിച്ച ആലുവാ സംഭവം തന്നെ. പത്രവാര്‍ത്തയിലെ പൊലീസ് ഉന്നതന്‍ സൗത്ത് സോണ്‍ എ.ഡി.ജി.പി ആയ ഹേമചന്ദ്രന്‍ എന്ന് പരാതിയില്‍ വ്യക്തമാക്കിയിരുന്നുവെന്നു മാത്രം. പത്രവാര്‍ത്ത വായിച്ചപ്പോള്‍ ഉണ്ടായ അമ്പരപ്പൊന്നും ഇപ്പോള്‍ ഉണ്ടായില്ല. പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശനം മുതല്‍ പത്രറിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്വീകരിച്ച നടപടികള്‍ വരെ വിവരിച്ച് ഒരു റിപ്പോര്‍ട്ട് കമ്മിഷനു നല്‍കി. കമ്മിഷനതു ബോദ്ധ്യപ്പെട്ടിരിക്കണം; പിന്നീടൊന്നും കേട്ടില്ല. തികച്ചും ആകസ്മികമായാണ് ഞാന്‍ ആലുവാ പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചതും അവിടെ ശ്രദ്ധയില്‍ വന്ന ഒരു വിഷയത്തില്‍ എന്റെ ബോധ്യമനുസരിച്ച് ഇടപെട്ടതും. എന്തെല്ലാം തരത്തിലുള്ള ആക്ഷേപമാണ് അതുണ്ടാക്കിയത്? ഇത്തരം അപകടങ്ങള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്നത് ഐ.പി.എസുകാരല്ല; സ്റ്റേഷന്‍ തലത്തിലുള്ള ഉദ്യോഗസ്ഥരാണ്. അസാധാരണമായ ഒരു സംഭവം അന്നുണ്ടായത് വായനക്കാരുമായി പങ്കിടേണ്ടതാണ്. 

എസ്പി പുട്ട വിമലാദിത്യ
എസ്പി പുട്ട വിമലാദിത്യ

സംശയത്തിന്റെ നിഴലില്‍ ദിവ്യന്‍

ഒരു ഹേബിയസ് കോര്‍പ്പസ് പെറ്റീഷന്‍ ഹൈക്കോടതിയില്‍ പരിഗണനയ്ക്ക് വന്നപ്പോള്‍ പത്തനംതിട്ടയിലെ ഒരു സബ്ബ് ഇന്‍സ്പെക്ടര്‍ക്കെതിരെ വലിയ ആക്ഷേപങ്ങളുണ്ടായി. പ്രണയവിവാഹങ്ങള്‍ പലതും ഹേബിയസ് കോര്‍പ്പസും പൊലീസും കോടതിയുമായി കലാശിക്കുന്നത് അപൂര്‍വ്വമല്ല. ഇതും ഒരു പ്രണയത്തിലായിരുന്നു തുടക്കം. വരന്‍ ഒരു ദിവ്യനായിരുന്നു. പൂജാരി, മാന്ത്രികന്‍, ജോത്സ്യന്‍ എന്നിങ്ങനെയൊക്കെ നാട്ടില്‍ സമ്മതന്‍. പെണ്‍കുട്ടി ഇതര സമുദായമായിരുന്നെങ്കിലും വരന്റെ ദിവ്യത്വപ്രതിച്ഛായയില്‍ ബന്ധുക്കള്‍ വലിയ എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. പ്രണയം വിവാഹത്തില്‍ കലാശിച്ചു. അധികം കഴിയും മുന്‍പേ ഭാര്യാഭര്‍ത്താക്കന്മാര്‍ അപ്രത്യക്ഷരായി. ദിവ്യന്റെ തിരോധാനത്തോടെ നാട്ടില്‍ ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. ദിവ്യന്റെ മാന്ത്രികവിദ്യയുടെ പ്രഭയില്‍, കുറേയേറെ സ്ത്രീകള്‍ അകപ്പെട്ടു. മിക്കവരുടേയും ഭര്‍ത്താക്കന്മാര്‍ വിദേശത്തായിരുന്നു. അവരില്‍നിന്നും ദിവ്യന്‍ വിലപ്പെട്ട സ്വര്‍ണ്ണാഭരണങ്ങളും മറ്റും പൂജയ്ക്കായി വാങ്ങി. ദിവ്യമായ പൂജയിലൂടെ അതെല്ലാം ഇരട്ടിക്കും. ഈ അപൂര്‍വ്വ സിദ്ധിയുടെ പ്രയോജനം ദിവ്യന് അതീവ വിശ്വാസമുള്ള ഭക്തകളില്‍ മാത്രം പരമരഹസ്യമായി നല്‍കുകയായിരുന്നു. ഓരോ ഭക്തയും അങ്ങനെ വിശ്വസിച്ചു. പ്രണയ സാഫല്യമണിഞ്ഞ ദിവ്യന്‍ ഭാര്യയുമായി തിരോധാനം ചെയ്തപ്പോഴാണ് സ്വര്‍ണ്ണം നഷ്ടപ്പെട്ട ഭക്തകള്‍ ഓരോരുത്തരായി രംഗപ്രവേശം ചെയ്തത്. ക്രമേണ അത് പൊലീസില്‍ പരാതിയായി, കേസായി. മഹാബ്രാഹ്മണനായി അവതരിച്ച ദിവ്യന്റെ ബ്രാഹ്മണ്യവും സംശയത്തിന്റെ നിഴലിലായി. ഇത്രയുമായപ്പോഴാണ് ദിവ്യന്റെ യഥാര്‍ത്ഥ സ്വരൂപം ഭാര്യാവീട്ടുകാരും അറിഞ്ഞത്. ഒരുപാട് തട്ടിപ്പ് കേസില്‍ പ്രതിയായ മാന്ത്രികനെ പ്രണയിച്ച പെണ്‍കുട്ടിയുടെ കാര്യത്തില്‍ അവര്‍ക്കു വലിയ ഉല്‍ക്കണ്ഠയുണ്ടായി. പെണ്‍കുട്ടി എവിടെ എന്ന കാര്യം പൊലീസില്‍ പരാതിയായി, പിന്നീടത് ഹേബിയസ് കോര്‍പ്പസ്സ് പെറ്റീഷനായി ഹൈക്കോടതിയിലെത്തി. കോടതി അത് ഗൗരവമായെടുത്തു. പൊലീസ് പത്തനംതിട്ട ജില്ല അരിച്ചുപെറുക്കിയിട്ടും മാന്ത്രികന്റെ പൊടിപോലും കണ്ടില്ല. ചെറുപ്പക്കാരനായ ആറന്മുള എസ്.ഐയുടെ തീവ്ര പരിശ്രമത്തിനൊടുവില്‍ ദിവ്യന്റെ ദര്‍ശനം പൊലീസിനു സാദ്ധ്യമായി. അപ്പോഴേയ്ക്കും ദിവ്യന്‍ ഇടുക്കി ജില്ലയില്‍ തന്റെ ദിവ്യപ്രഭ പരത്താന്‍ തുടങ്ങിയിരുന്നു. അവിടെ ഒരമ്പലത്തിനോടനുബന്ധിച്ച് ദിവ്യന്‍ ഒരു മഹായാഗം നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. ക്ഷേത്രത്തിനടുത്ത് ഫ്‌ലെക്സില്‍ ഭക്തര്‍ക്ക് അനുഗ്രഹം ചൊരിഞ്ഞുനില്‍ക്കുന്ന ദിവ്യന്റെ ചിത്രം ആറന്മുള എസ്.ഐ കണ്ടു. അനവധി തട്ടിപ്പുകേസുകളില്‍ ഒളിവിലായിരുന്ന ദിവ്യനേയും ഹേബിയസ് കോര്‍പ്പസ്സ് പെറ്റീഷനില്‍ ഹൈക്കോടതിയില്‍ ഹാജരാക്കേണ്ടുന്ന ഭാര്യയേയും അവിടെ കണ്ടെത്തി. അവരുമായി പത്തനംതിട്ടയിലെത്തിയപ്പോള്‍ സ്റ്റേഷന്‍ പരിസരത്ത് ആളുകള്‍ തടിച്ചുകൂടി. ഹൈക്കോടതിയുടെ താല്പര്യം, കാണാനില്ലാത്ത സ്ത്രീയില്‍ മാത്രമായിരുന്നുവെങ്കിലും തട്ടിപ്പിനു വിധേയരായ സ്ത്രീകളും ബന്ധുക്കളും പൊലീസ് സ്റ്റേഷനില്‍ എത്തിയത് തട്ടിപ്പുകാരനെ തേടിയായിരുന്നു. അനവധി വഞ്ചനക്കേസില്‍ പ്രതിയായ ദിവ്യന്‍ ജയിലിലാകും  എന്നറിഞ്ഞപ്പോള്‍ ഭാര്യ പ്രകോപിതയായി. ഭര്‍ത്താവിനെ മോചിപ്പിച്ചില്ലെങ്കില്‍ സബ്ബ് ഇന്‍സ്പെക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ പരാതിപ്പെടുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. 

തൊട്ടടുത്ത ദിവസം ഹേബിയസ് കോര്‍പ്പസ്സ് പെറ്റീഷനില്‍ ഭാര്യയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അതുതന്നെ സംഭവിച്ചു. അവര്‍ എസ്.ഐക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പൊലീസ് ബലമായി അവരെ സ്റ്റേഷനില്‍ സൂക്ഷിച്ചുവെന്നും കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുവെന്നും കോടതിയില്‍ പറഞ്ഞു. കോടതി അതെല്ലാം ഗൗരവമായിട്ടെടുത്തു. അവരുടെ മൊഴി ഹൈക്കോടതിയില്‍ ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന ഡി.വൈ.എസ്.പിയെ കൊണ്ട് രേഖപ്പെടുത്തി. അതിന്റെ അടിസ്ഥാനത്തില്‍ എസ്.പിക്കെതിരെ കേസെടുക്കാനും നേരിട്ട് അന്വേഷിക്കാനും പത്തനംതിട്ട എസ്.പിയെ ചുമതലപ്പെടുത്തി. സംസ്ഥാന പൊലീസ് മേധാവിയോട് വിഷയം പരിശോധിച്ച് ഉചിതമായ അച്ചടക്കനടപടി സ്വീകരിക്കാനും വിവരത്തിന് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. എസ്.ഐക്കെതിരെ കേസും നടപടിയും എന്ന നിലയില്‍ ചാനലുകളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ട ജില്ലാ എസ്.പി പുട്ട വിമലാദിത്യ ഉണ്ടായ കാര്യങ്ങള്‍ എന്നോട് വിശദീകരിച്ചു. എസ്.ഐ സത്യസന്ധനായ നല്ല ഉദ്യോഗസ്ഥനാണെന്നും കോടതിയില്‍ പരാതി പറയാനിടയായ സാഹചര്യവും വ്യക്തമാക്കി. ശബരിമലയില്‍ ക്യാമ്പു ചെയ്യുന്ന അവസരത്തില്‍ ആ ഉദ്യോഗസ്ഥനെ അടുത്തറിയാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. സന്നിധാനം എസ്.ഐ എന്ന നിലയിലുള്ള ആ തുടക്കക്കാരന്റെ അയ്യപ്പന്മാരോടുള്ള സമീപനവും പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയും വലിയ മതിപ്പുളവാക്കി. അയാളേയും കൂട്ടി ഞാന്‍ അനവധി പ്രാവശ്യം മരക്കൂട്ടം, ശരംകുത്തി തുടങ്ങി എല്ലായിടത്തും നടന്നിട്ടുമുണ്ട്. മൂല്യബോധമുള്ള നല്ല ഉദ്യോഗസ്ഥന്‍ എന്നൊരു ചിത്രം മനസ്സില്‍ പതിഞ്ഞിരുന്നു. അതൊക്കെ പഴയകഥ. ഇപ്പോള്‍ അയാള്‍ പ്രതിസന്ധിയിലാണ്.
 
ഹൈക്കോടതി നിര്‍ദ്ദേശം അനുസരിച്ച് ഡി.ജി.പി എന്തു നടപടി സ്വീകരിക്കും എന്നതാണ് അടിയന്തര പ്രശ്‌നം. ഹൈക്കോടതി എന്തെങ്കിലും പറഞ്ഞത് കേട്ടാല്‍ മറ്റൊന്നും നോക്കാതെ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുന്ന രീതി കണ്ടിട്ടുണ്ട്. അച്ചടക്കനടപടിക്കുള്ള അധികാരം അര്‍ദ്ധ-ജുഡീഷ്യല്‍ സ്വഭാവമുള്ളതാണ്. അതില്‍  കോടതി ഇടപെടാറില്ല. പത്തനംതിട്ട സംഭവത്തിന്റെ വിവരങ്ങള്‍ മനസ്സിലാക്കിയ ശേഷം ഞാന്‍ ഡി.ജി.പിയെ നേരിട്ടു കണ്ടു. ഹൈക്കോടതി ഉത്തരവിന്റെ വെളിച്ചത്തില്‍ ഒരു പ്രാഥമിക അന്വേഷണം വേഗത്തില്‍ നടത്തി വസ്തുതകള്‍ ബോധ്യപ്പെട്ട് നടപടി സ്വീകരിക്കുന്നതാണ് ഉചിതം എന്നു ഞാന്‍ പറഞ്ഞു. എന്റെ വിലയിരുത്തലില്‍ എസ്.ഐയെ സസ്‌പെന്റ് ചേയ്യേണ്ട സാഹചര്യം ഇല്ല എന്നും അഴിമതിയുടെ കറപുരളാത്ത നല്ല ഉദ്യോഗസ്ഥനാണ് അയാളെന്നും പറഞ്ഞു. ഡി.ജി.പി അഭിപ്രായമൊന്നും പറഞ്ഞില്ല. അദ്ദേഹം മൗനം പാലിച്ചു. ആ മൗനം സസ്പെന്‍ഷന്‍ എന്ന മുന്‍വിധിയാണെന്ന് എനിക്കു തോന്നി. 

വിഷയം അടിയന്തരമായി ഹൈക്കോടതിയില്‍ തന്നെ ഉന്നയിക്കുന്നതായിരിക്കും ആ എസ്.ഐയ്ക്ക് നീതി ലഭിക്കാന്‍ സഹായകം എന്നു ഞാന്‍ പത്തനംതിട്ട എസ്.പിയോട് പറഞ്ഞു. ഹേബിയസ് കോര്‍പ്പസ്സില്‍ എസ്.ഐയുടെ ഭാഗം കേള്‍ക്കാതെയാണ് ഉത്തരവ് ഇറക്കിയതെന്നും അതിനാല്‍ അതുകൂടി കേള്‍ക്കാന്‍ കോടതി ഉത്തരവ് റിവ്യു ചെയ്യണം എന്ന ആവശ്യവുമായി, എസ്.ഐ കോടതിയിലെത്തി. അപേക്ഷ കോടതി പരിശോധിച്ച് തള്ളിയെങ്കിലും അതിന്റെ കാരണം ഹൈക്കോടതി കൃത്യമായി രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ സ്ത്രീ പൊലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവമുള്ളതായിരുന്നു. അതുകൊണ്ട് അവ അന്വേഷിക്കണം എന്നേ കോടതി പറഞ്ഞിട്ടുള്ളു. അല്ലാതെ ആ ആരോപണങ്ങള്‍ ശരിയാണെന്നോ അല്ലെന്നോ കോടതി അഭിപ്രായപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ കോടതി ഉത്തരവ് പുനഃപരിശോധിക്കേണ്ടതില്ല. ആരോപണങ്ങളുടെ സത്യാവസ്ഥ അന്വേഷണത്തില്‍ പുറത്തുവരട്ടെ എന്ന കോടതിയുടെ സമീപനം ശരിയായിരുന്നു. മാത്രമല്ല, ഒരാളേയും സസ്പെന്റ് ചെയ്യണമെന്ന് കോടതി പറഞ്ഞിട്ടുമില്ല. 

പക്ഷേ, രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ പത്തനംതിട്ട എസ്.പി വിമലാദിത്യ എന്നെ വിളിച്ചു. ''സാര്‍, എസ്.ഐയെ സസ്പെന്റ് ചെയ്തുകൊണ്ടുള്ള ഡി.ജി.പിയുടെ ഉത്തരവ് എനിക്കു കിട്ടി.'' ഒരന്വേഷണവും നടത്തിയിരുന്നില്ല. ഹൈക്കോടതി ഉത്തരവ് കിട്ടിയപാടെ സസ്പെന്റ് ചെയ്യുകയാണുണ്ടായത്.  ഇത്തരം ഘട്ടങ്ങളില്‍ ''വെറുതെ ഞാനെന്തിന് പുലിവാല്‍ പിടിക്കണം'' എന്നതാണ് പല ഉയര്‍ന്ന ഉദ്യോഗസ്ഥരുടേയും രീതി. ഇത്രയുമായപ്പോള്‍ എസ്.ഐക്കെതിരായ ആക്ഷേപം അടിസ്ഥാനരഹിതമാണ് എന്ന് സ്പെഷ്യല്‍ ബ്രാഞ്ചില്‍നിന്നും മറ്റും ഒന്നുകൂടി ഉറപ്പിച്ചിരുന്നു. ഹൈക്കോടതിയുടെ പേരു പറഞ്ഞ്, ഒരു നല്ല ഉദ്യോഗസ്ഥനെ അന്വേഷണം നടത്താതെ, പരാതി മാത്രം പരിഗണിച്ച് സസ്പെന്റ് ചെയ്യുന്നത് ശരിയല്ല എന്നെനിക്കു തോന്നി. പത്തനംതിട്ട എസ്.പിയോട് സസ്പെന്‍ഷന്‍ ഉത്തരവ് തല്‍ക്കാലം നടപ്പില്‍ വരുത്താതെ ഹോള്‍ഡ് ചെയ്യാന്‍ ഞാന്‍ പറഞ്ഞു. ഡി.ജി.പിയുടെ ഉത്തരവ് നടപ്പാക്കേണ്ട എന്ന് എ.ഡി.ജി.പി നിര്‍ദ്ദേശിക്കുന്നത് തെറ്റാണ് എന്ന് ഏത് പൊലീസുകാരനും അറിയാം. പത്തനംതിട്ട എസ്.പിക്കും സന്തോഷമായതുപോലെ തോന്നി. സസ്പെന്‍ഷന്‍ ഉത്തരവ് ജില്ലാ പൊലീസ് ഓഫീസില്‍ വിശ്രമിച്ചു. അക്കാര്യം ഡി.ജി.പി അറിഞ്ഞിരിക്കണം. എങ്കിലും പിന്നെ അതില്‍ അദ്ദേഹം ഇടപെട്ടില്ല. 

ഹൈക്കോടതിക്കു വസ്തുതകള്‍ ബോദ്ധ്യപ്പെട്ടു. എസ്.ഐ സസ്പെന്‍ഷന്‍ ആയില്ല എന്നു മാത്രമല്ല, ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നും വ്യക്തമായി. ഈ സംഭവത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനപ്പുറം മാധ്യമങ്ങള്‍ എസ്.ഐക്കെതിരെ തിരിഞ്ഞില്ല എന്നതും എടുത്തുപറയേണ്ടതാണ്. നാട്ടില്‍ ആ ഉദ്യോഗസ്ഥന്‍ നേടിയ സല്‍പേരും അതിനു സഹായിച്ചിരിക്കാം. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്, ഏത് ആരോപണം നേരിടേണ്ടിവരുമ്പോഴും സത്യസന്ധമായ മികച്ച സേവനത്തിലൂടെ നേടുന്ന സല്‍പേര് ഒരു കവചം തന്നെയാണ്.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com