വേണ്ടപ്പെട്ടവരുടെ മുക്കലും മൂളലും വരെ ശ്രദ്ധിക്കും; അതിനു പുറത്തുള്ള മനുഷ്യരുടെ നിലവിളികള്‍ പോലും കേള്‍ക്കില്ല

അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ പൊലീസില്‍ നിര്‍ണ്ണായക സ്ഥാനത്ത് വരുമ്പോള്‍ അയാളുടെ കീഴില്‍ അഴിമതിക്കാര്‍ തഴച്ചു വളരും; സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടും
വേണ്ടപ്പെട്ടവരുടെ മുക്കലും മൂളലും വരെ ശ്രദ്ധിക്കും; അതിനു പുറത്തുള്ള മനുഷ്യരുടെ നിലവിളികള്‍ പോലും കേള്‍ക്കില്ല

പ്രതീക്ഷിതമായിരുന്നു ഇന്റലിജന്‍സില്‍ നിന്നുള്ള  എന്റെ മാറ്റം. ആ രഹസ്യം മേധാവി മുന്‍കൂട്ടി അറിഞ്ഞില്ല. ചില ജില്ലാ എസ്.പിമാരുടെ മാറ്റം ഉടന്‍ ഉണ്ടാകും എന്നറിഞ്ഞു. പല നല്ല ഉദ്യോഗസ്ഥരും പുറത്താകുമെന്നും പകരക്കാരില്‍ ചിലര്‍ അഭികാമ്യരല്ലെന്നും കേട്ടു. ഞാനുടനെ ഓഫീസില്‍ പോയി മുഖ്യമന്ത്രിയെ കണ്ടു. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് മാറി ഉമ്മന്‍ചാണ്ടി സാര്‍, മൂലയിലെ സോഫയില്‍  ഇരുന്നു. മാറ്റാന്‍ ഉദ്ദേശിച്ച ഒരു എസ്.പിയുടെ കാര്യത്തില്‍ അദ്ദേഹം പറഞ്ഞു. ''ഹേമചന്ദ്രന്‍ പറഞ്ഞപോലെ എനിക്കും ആ എസ്.പിയെ പറ്റി നല്ല അഭിപ്രായമാണ്, പക്ഷേ, നാല് എം.എല്‍.എമാര്‍ വാശിയോടെ നില്‍ക്കുന്നു.'' മനസ്സില്‍ വേദന തോന്നിയെങ്കിലും കൂടുതലൊന്നും പറഞ്ഞില്ല. വിഷമം തോന്നിയതിന്റെ പ്രധാന കാരണം സ്ഥാനം മാറുന്ന ആളോടുള്ള വ്യക്തിപരമായ പരിഗണന ആയിരുന്നില്ല. അഴിമതിക്കാരനായ ഉദ്യോഗസ്ഥന്‍ പൊലീസില്‍ നിര്‍ണ്ണായക സ്ഥാനത്ത് വരുമ്പോള്‍ അയാളുടെ കീഴില്‍ അഴിമതിക്കാര്‍ തഴച്ചു വളരും; സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടും. അങ്ങനെ അഴിമതിക്കാര്‍ക്ക് പൊലീസിനുള്ളില്‍ തന്നെ സ്പോണ്‍സര്‍ഷിപ്പ് വര്‍ദ്ധിക്കും. ക്രമേണ ആ സംവിധാനത്തില്‍ സത്യസന്ധരായ  ഉദ്യോഗസ്ഥര്‍ misfit ആയി പുറത്തുപോകും. ഈ ഉല്‍ക്കണ്ഠകള്‍ കൊണ്ടാണ് ഞാനാ എസ്.പിയുടെ മാറ്റത്തെ എതിര്‍ത്തത്. അധികം ഉല്‍ക്കണ്ഠപ്പെടേണ്ടിവന്നില്ല. കാരണം, അപ്പോഴേയ്ക്കും എന്റെ കാര്യവും തീരുമാനമായിരുന്നു. തൊട്ടടുത്ത ദിവസം, രാവിലത്തെ  തിരക്കുകഴിഞ്ഞ് കുളിക്കാന്‍ കയറുമ്പോള്‍ അല്പം വൈകി. ഇന്റലിജന്‍സില്‍ മിക്കപ്പോഴും എന്റെ പ്രഭാതങ്ങള്‍ തിരക്കുപിടിച്ചതായിരുന്നു. പെട്ടെന്ന് ഫോണടിച്ചപ്പോള്‍ ഓടിവന്നെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ വാസുദേവശര്‍മ്മയായിരുന്നു ഫോണില്‍. ''ഒരുമാറ്റം ഇന്നലെ ഒപ്പിട്ടിട്ടുണ്ട്.'' ഏതാണ്ടൊരു ദുഃഖവാര്‍ത്തയുടെ ടോണ്‍ പോലെ തോന്നി. 'ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആയാണ് പുതിയ നിയമനം;'' അദ്ദേഹം പറഞ്ഞു. ''ഹേമചന്ദ്രനോട് ചോദിച്ചിട്ട് സമ്മതമാണെങ്കില്‍ ഇഷ്യൂ ചെയ്യാനാണ് സി.എം പറഞ്ഞത്.'' 'പൂര്‍ണ്ണസമ്മതം' ഞാന്‍ പറഞ്ഞു. അഞ്ച് മിനിറ്റ് കഴിയും മുന്‍പേ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. ''ഇന്റലിജെന്‍സ് മേധാവിക്കു സ്ഥാനചലനം; സെന്‍കുമാര്‍ പുതിയ മേധാവി.'' അപ്രതീക്ഷിതമായിരുന്നു മാറ്റമെങ്കിലും അതെന്നെ അത്ഭുതപ്പെടുത്തിയില്ല; കാരണം, ഞാന്‍ സി. രാജഗോപാലാചാരിയുടെ മഹാഭാരതകഥകള്‍ ശ്രദ്ധയോടെ വായിച്ചിട്ടുണ്ട്. വിരാട രാജാവിന്റെ കൊട്ടാരത്തില്‍ അജ്ഞാതവാസത്തിനു പോകുന്ന പാണ്ഡവരെ രാജാവും സേവകരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു ഋഷി ഉപദേശിക്കുന്ന ഭാഗം പണ്ടേ മനസ്സില്‍ തറച്ചതാണ്. ഒറ്റവാക്യം മാത്രം ഉദ്ധരിക്കട്ടെ. 'Even though a person may bet rusted by the king and have great authortiy, still he should always behave as if he would be dismissed immediately' (ഒരു വ്യക്തിയെ രാജാവ് വിശ്വസിക്കുകയും വലിയ അധികാരം ഉണ്ടാകുകയും ചെയ്യാം; എങ്കിലും പെട്ടെന്ന് പുറത്താക്കാം എന്ന നിലയിലേ അയാള്‍ എല്ലായ്പോഴും പെരുമാറാവൂ). അധികാരം മനുഷ്യനെ എങ്ങനെയെല്ലാം സ്വാധീനിക്കും എന്നതിന്റെ കഥ കൂടിയാണ് മഹാഭാരതം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മഹാഭാരതം വായിക്കുന്നത് നല്ലതാണ്. 

ഏതായാലും അപ്രതീക്ഷിതമായി ഞാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആയി. വളരെ ചുരുങ്ങിയ കാലം മാത്രമേ ഞാനവിടെ ഉണ്ടായിരുന്നുള്ളു. പ്രതീക്ഷിക്കാതെ ആയിരുന്നു ട്രാന്‍സ്പോര്‍ട്ടില്‍ നിന്നുള്ള ബഹിര്‍ഗമനവും.

ട്രാന്‍സ്പോര്‍ട്ടില്‍, ഒരു കാര്യത്തില്‍ എനിക്ക് മതിപ്പു തോന്നി. അവിടുത്തെ ഉദ്യോഗസ്ഥര്‍ പൊതുവേ പ്രാപ്തരായിരുന്നു. മോട്ടോര്‍ സാങ്കേതിക കാര്യങ്ങള്‍ക്കു പുറമേ നിയമം, നടപടിക്രമം തുടങ്ങിയ കാര്യങ്ങളിലും നല്ല അറിവുണ്ടായിരുന്നു. ഗതാഗത സുരക്ഷയില്‍  താല്പര്യം എടുക്കുകയും ബോധവല്‍ക്കരണ പ്രവര്‍ത്തനം മികച്ച രീതിയില്‍ നടത്തുകയും ചെയ്യുന്ന കുറേ ഉദ്യോഗസ്ഥരുണ്ടായിരുന്നു. അവരുടെ കര്‍മ്മശേഷി സമൂഹത്തിനു ഗുണകരമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ വലിയ  സാധ്യതയുണ്ടെന്നെനിക്കു തോന്നി. പുതിയ ചുമതലയില്‍ അത് എനിക്ക് ഊര്‍ജ്ജം പകര്‍ന്നു. പക്ഷേ, അഴിമതിയുടെ കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനു ഒരു പ്രതിച്ഛായാ പ്രശ്‌നം ഉണ്ടായിരുന്നു. ഡ്രൈവിംഗ് ലൈസന്‍സ് മുതല്‍ വാഹന രജിസ്‌ട്രേഷന്‍ വരെ ധാരാളം സേവനങ്ങള്‍ ജനങ്ങള്‍ക്കു നല്‍കേണ്ട ഡിപ്പാര്‍ട്ട്‌മെന്റാണല്ലോ. സേവനം ലഭിക്കേണ്ട പൗരനും അതു നല്‍കേണ്ട ഉദ്യോഗസ്ഥനും ഇടയില്‍ ഒരു കണ്ണി സജീവമായിരുന്നു. ഏജന്റ്, ദല്ലാള്‍, കണ്‍സള്‍ട്ടന്റ് ഇങ്ങനെയൊക്കെ ആണ് അതറിയപ്പെട്ടിരുന്നത്. പല കമ്മിഷണര്‍മാരും അവരെ ഇല്ലാതാക്കി എന്ന് അഭിമാനിച്ചിട്ടുണ്ടെങ്കിലും അതൊക്കെ സര്‍ക്കാരിന്റെ അഴിമതി നിര്‍മ്മാര്‍ജ്ജന പരിപാടി പോലെയാണ് അവസാനിച്ചിട്ടുള്ളത്. അനവധി വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ തിരുവനന്തപുരം നഗരത്തില്‍ ഡി.സി.പി ആയിരിക്കേ, പൊലീസിനെ ഉപയോഗിച്ച് ഏജന്റുമാരെ നീക്കം ചെയ്ത കാര്യമോര്‍ത്തു. അന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നെ ഫോണ്‍ ചെയ്തു. അദ്ദേഹത്തോടൊപ്പം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച് അകാലത്തില്‍ മരിച്ചുപോയ ഒരു സഹപ്രവര്‍ത്തകന്റെ കാര്യം പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന ആ നേതാവിന്റെ ഒരു കുടുംബാംഗവും ഉപജീവനത്തിനായി ഏജന്റായി പ്രവര്‍ത്തിച്ചിരുന്നു. ഇത്തരം ചില മാനുഷിക വശങ്ങളും ഈ പ്രശ്‌നത്തിലുണ്ട്. 

വിഎസ് ശിവകുമാർ 
വിഎസ് ശിവകുമാർ 

വകുപ്പിലെ പരീക്ഷണങ്ങള്‍

ഇപ്പോള്‍ ഞാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ്. അഴിമതി തുടച്ചുനീക്കണമെന്ന് എനിക്കും തോന്നി. ഏജന്റ് ഇല്ലാതാകണമെങ്കില്‍ ഏജന്റിന്റെ ആവശ്യകത ഇല്ലാതാകണം. അതിനുള്ള വഴി സാങ്കേതികവിദ്യയുടെ വ്യാപകമായ ഉപയോഗമാണ് എന്ന് വ്യക്തമായിരുന്നു.  ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്ന കാര്യത്തില്‍ പല ആക്ഷേപങ്ങളും നിലനിന്നിരുന്നു. ഡ്രൈവിംഗ് സ്‌കൂളുകളുടെ ദുഃസ്വാധീനം എന്നായിരുന്നു പ്രധാന പരാതി. ഡ്രൈവിംഗ് ലൈസന്‍സിന്റെ പ്രായോഗിക പരീക്ഷ, വീഡിയോഗ്രാഫ് ചെയ്യുന്നത് നന്നായിരിക്കും എന്നൊരാശയം ഉയര്‍ന്നുവന്നു. അക്കാര്യം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു. ചര്‍ച്ചയില്‍ പല ഉദ്യോഗസ്ഥരും താത്ത്വികമായി യോജിച്ചു; എന്നാല്‍ പ്രായോഗികമായി വിയോജിച്ചു. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ കാര്യം കൊള്ളാം എന്നാല്‍ നമുക്ക് വേണ്ട. ഈ നിലപാട് പൊലീസിലും ഞാന്‍ ഒരുപാട് കണ്ടിട്ടുള്ളതാണ്. 

ഡ്രൈവിംഗ് ടെസ്റ്റ് വീഡിയോഗ്രാഫ് ചെയ്യുന്നതില്‍ ഉള്ള പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ പരീക്ഷണാര്‍ത്ഥം ഏതാനും സ്ഥലങ്ങളില്‍ ആദ്യം അത് നടപ്പാക്കി. പരീക്ഷണത്തില്‍ കണ്ട ഒരു കാര്യം ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാകുന്നവരുടെ ശതമാനം കുറഞ്ഞു എന്നതാണ്. നേരത്തെ 70 ശതമാനം പേര്‍ പാസ്സായിരുന്നത് 50 ശതമാനമായി കുറഞ്ഞത്രെ. അതൊരാക്ഷേപമായി ചിലര്‍ ഉന്നയിച്ചെങ്കിലും മറിച്ചാണെനിക്കു തോന്നിയത്. അപകടം ഒഴിവാക്കാന്‍  പ്രധാന ഘടകം പൊതുനിരത്തിലൂടെ വാഹനം ഓടിക്കുവാനുള്ള യോഗ്യത ഉറപ്പുവരുത്തേണ്ടതാണല്ലോ. അതുകൊണ്ട് പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് എല്ലായിടത്തും വീഡിയോഗ്രാഫ് ചെയ്യുന്നതിന് തീയ്യതിയും പ്രഖ്യാപിച്ചു. പക്ഷേ, അത് നടപ്പായില്ല. അതിനു മുന്നേ എനിക്കു മാറ്റം സംഭവിച്ചു. മാറ്റം വരുംമുന്‍പുണ്ടായ ശ്രദ്ധേയമായ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നു. 

2012-ലെ സംസ്ഥാന ബജറ്റിനു മുന്‍പായി, ധനകാര്യവകുപ്പ് മന്ത്രി ഒരു യോഗം വിളിച്ചു. നികുതി നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചചെയ്യാനുള്ള യോഗത്തില്‍ വകുപ്പ് മേധാവികളേയും വിളിച്ചിരുന്നു. ചുരുങ്ങിയ കാലത്തെ പരിചയത്തില്‍ വാഹന നികുതി സംബന്ധിച്ച ഒരു കാര്യം അസാധാരണമായി തോന്നി. വിവിധ ഇനം കാറുകളുടെ നികുതി നോക്കുമ്പോള്‍ ഏറ്റവും വിലകുറഞ്ഞ കാറും വിലപിടിപ്പുള്ള ആഡംബര കാറും തമ്മില്‍ നികുതിനിരക്കിന്റെ കാര്യത്തില്‍ വലിയ വ്യത്യാസം കണ്ടില്ല; വെറും 2 ശതമാനം മാത്രം. നികുതി നിരക്കിന്റെ അടിസ്ഥാനം കാറിന്റെ എന്‍ജിന്‍ കപ്പാസിറ്റി ആയിരുന്നു. അതിന്റെ യുക്തി എനിക്കു മനസ്സിലായില്ല. ഒരു ഉല്പന്നത്തിന് നികുതി നിര്‍ണ്ണയിക്കുമ്പോള്‍ അടിസ്ഥാന ഉപയോഗത്തിനു മാത്രം ഉതകുന്നതും അതിന്റെ പത്തോ ഇരുപതോ ഇരട്ടി വിലയുള്ള ആഡംബര ഉല്പന്നത്തിനും നികുതി നിരക്കില്‍  വ്യത്യാസം വേണ്ടേ?  കര്‍ണാടകത്തില്‍ ആഡംബര കാറുകള്‍ക്ക് അടിസ്ഥാന മോഡലിനേക്കാള്‍ രണ്ടും മൂന്നും ഇരട്ടി ആയിരുന്നു നികുതി. പുരോഗമനം ഒരുപാട് പറയുന്ന നമ്മുടെ കേരള മോഡല്‍ എന്നെ അത്ഭുതപ്പെടുത്തി. ഈ വിഷയം ധനകാര്യമന്ത്രിയുടെ യോഗത്തില്‍ ഉന്നയിക്കാന്‍  തയ്യാറെടുത്തു. കെ.എം. മാണി ആയിരുന്നു അന്ന് ധനകാര്യമന്ത്രി. യോഗത്തില്‍ എന്റെ ഊഴം വന്നപ്പോള്‍ ഞാനിക്കാര്യം പറഞ്ഞുതുടങ്ങി. ആഡംബര കാറുകള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കണം എന്ന് ശക്തിയുക്തം വാദിക്കാനുള്ള പുറപ്പാടായിരുന്നു എന്റേത്. വിഷയം പറഞ്ഞുതുടങ്ങിയ ഉടന്‍ മാണിസാര്‍ പറഞ്ഞു: ''അതൊരു നല്ല പോയിന്റാണ്; മിസ്റ്റര്‍ ഹേമചന്ദ്രന്‍, ഉടനെ ഒരു നോട്ട് തരണം.'' തൊട്ടടുത്ത ദിവസം രാവിലെ തന്നെ ഞാന്‍ കുറിപ്പ് നല്‍കാമെന്ന് പറഞ്ഞപ്പോള്‍ അതു പോരാ അന്ന് വൈകുന്നേരം തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഞാനത് പാലിച്ചു. വാര്‍ഷിക ബഡ്ജറ്റില്‍ നിലവിലുള്ള വ്യവസ്ഥ മാറ്റി ആഡംബര കാറുകള്‍ക്ക് കേരളത്തില്‍ നികുതി വര്‍ദ്ധിപ്പിച്ചു. എന്‍ജിന്‍ കപ്പാസിറ്റി ആധാരമാക്കിയുള്ള നികുതി നിരക്കിനു പകരം വിലയുടെ അടിസ്ഥാനത്തില്‍ നികുതി നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചപ്പോള്‍ ആഡംബര കാറുകളുടെ നിരക്ക് ഗണ്യമായി വര്‍ദ്ധിച്ചു. ആ വിഷയം മനസ്സിലാക്കുന്നതിനും നടപ്പിലാക്കുന്നതിനും കെ.എം. മാണി സ്വീകരിച്ച സമീപനത്തില്‍ എനിക്കു വലിയ മതിപ്പു തോന്നി.

കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി സി.പി. ജോഷി ദേശീയതലത്തില്‍ എല്ലാ സംസ്ഥാനങ്ങളുടേയും പ്രതിനിധികളെ പങ്കെടുപ്പിച്ച് റോഡുഗതാഗതത്തില്‍ നികുതി ഏകോപിപ്പിക്കുന്നതിന് ഒരു യോഗം വിളിച്ചു. സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി വി.എസ്. ശിവകുമാറും അതില്‍ പങ്കെടുത്തിരുന്നു. ഉദ്യോഗസ്ഥ സംഘത്തില്‍ ഞാനുമുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നിരക്കിലുള്ള നികുതി സമ്പ്രദായം മാറ്റി ഒറ്റ നിരക്ക് കൊണ്ടുവരുന്നതിന്റെ ഗുണദോഷങ്ങള്‍ പരിഗണനയ്ക്ക് വന്നു. കേരളത്തിന് അത് സാമ്പത്തികമായി എങ്ങനെ ബാധിക്കും എന്നതിന്മേല്‍ കാര്യമായ പഠനമൊന്നും നടന്നിരുന്നില്ല. ഭരണഘടന പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അധികാരം  ഫലത്തില്‍ നഷ്ടമാക്കുന്നതായിരുന്നു ഏകീകരണം. ഈ പ്രശ്‌നം ഞാന്‍ സംസ്ഥാന ഗതാഗത മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹം എന്നോട് അക്കാര്യം അവതരിപ്പിക്കാന്‍ പറഞ്ഞു. അവസരം വന്നപ്പോള്‍ ഞാനെഴുന്നേറ്റ് ഭരണഘടന, ഫെഡറല്‍ സ്ട്രക്ചര്‍ എന്നൊക്കെ പരാമര്‍ശിച്ച് സംസ്ഥാനത്തിന്റെ അധികാരം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകും എന്ന് പറഞ്ഞു. കേന്ദ്രമന്ത്രിക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ലെന്ന് അദ്ദേഹത്തിന്റെ മറുപടി വ്യക്തമാക്കി. എങ്കിലും ഏറെ സമയമെടുത്ത് അദ്ദേഹമത് വിശദീകരിക്കാന്‍ ശ്രമിച്ചു. അഭിപ്രായ രൂപീകരണത്തിനുള്ള ചര്‍ച്ച എന്ന നിലയില്‍ അതങ്ങനെ അവസാനിച്ചു. വ്യാപക പ്രത്യാഘാതങ്ങളുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഉണ്ടാകേണ്ട ആരോഗ്യകരമായ ആശയസംഘട്ടനങ്ങളോ ബുദ്ധിപരമായ ഉണര്‍വ്വോ ഒന്നും അവിടെ കണ്ടില്ല. ബ്യൂറോക്രാറ്റിക്ക് യോഗങ്ങളുടെ പൊതുസ്വഭാവം അങ്ങനെയൊക്കെയാണെന്നു തോന്നുന്നു, തിരുവനന്തപുരത്തായാലും ഡല്‍ഹിയിലായാലും.

ഇത്തരം അനുഭവങ്ങളുമായി രണ്ടു മാസം കഴിയുംമുന്‍പേ, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ അവസാനഘട്ട പരിശീലനം നാഷണല്‍ പൊലീസ് അക്കാദമിയിലും ഇംഗ്ലണ്ടിലുമായി നടക്കുന്നതിലേയ്ക്ക് പോകാന്‍ എനിക്ക് ഉത്തരവ് വന്നു. നേരത്തേ അക്കാദമിയില്‍ ഉണ്ടായിരുന്ന കാലത്ത് ആ പരിപാടി ആസൂത്രണം ചെയ്യുന്നതില്‍ ഞാനും പങ്കാളിയായിരുന്നതാണ്. പരിശീലനത്തിനു പോകും മുന്‍പ് ഉണ്ടായ ഒരു സന്ദര്‍ശനം ഓര്‍ക്കുന്നു. മോട്ടോര്‍ വാഹനവകുപ്പ് നല്‍കുന്ന വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ രേഖകള്‍ നവീകരിക്കുന്നതിനുള്ള കോണ്‍ട്രാക്ട് നിയമനടപടികളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അടുത്തിടെ വന്ന വിധിയുടെ ആനുകൂല്യത്തില്‍ കോണ്‍ട്രാക്റ്റ് നേടുക എന്ന ഉദ്ദേശ്യത്തില്‍ ചിലരാണ് കാണാന്‍ വന്നത്. ഒരു പഴയ കമ്മിഷണറുടെ ശുപാര്‍ശയിലായിരുന്നു സന്ദര്‍ശനം. സംഭാഷണത്തില്‍ അഴിമതിയുടെ ഗന്ധത്തിന്റെ സൂചന- ശ്രോതാവിന്റെ താല്പര്യം അനുസരിച്ച് അത് സുഗന്ധമാകാം, ദുര്‍ഗന്ധമാകാം-ഉണ്ടാകുന്നതായി തോന്നി. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍, ഞാനേതായാലും ഒരുമാസം സ്ഥലത്തില്ലെന്നും പരിശീലനത്തിനു പോകുകയാണെന്നും പറഞ്ഞു. കൂട്ടത്തില്‍ വിദേശ സന്ദര്‍ശനത്തിന്റെ കാര്യവും പറഞ്ഞു. ഉടനെ മറ്റൊരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ലണ്ടനില്‍ പോയ കാര്യവും കൂട്ടിനായി തങ്ങളുടെ ഒരാളും കൂടി ഇവിടെനിന്നും പോയതായും പറഞ്ഞു. അങ്ങനെ അവര്‍ പറഞ്ഞ പലതും എനിക്ക് പുതിയ അറിവുകളായിരുന്നു. മോട്ടോര്‍ വാഹനവകുപ്പിലെ അഴിമതിയെക്കുറിച്ച് പറയുമ്പോള്‍ താഴെത്തട്ടിലെ കാര്യം ഏറെ അറിയപ്പെടുന്നതാണ്. അഴിമതിയുടെ കാര്യത്തില്‍ അവരൊക്കെ കുഞ്ഞുകാര്യങ്ങളുടെ തമ്പുരാക്കന്മാര്‍ മാത്രം. മനസ്സുണ്ടെങ്കില്‍, വലിയ കാര്യങ്ങളുടെ ഒടേതമ്പുരാന്‍ കമ്മിഷണര്‍ തന്നെ എന്നെനിക്കു തോന്നി. അഴിമതി വിഷയത്തില്‍ എന്റെ പൊതുവിജ്ഞാനം വര്‍ദ്ധിച്ചകാലം കൂടിയായിരുന്നു അത്. 

കെഎം മാണി
കെഎം മാണി

ലോകയാത്രകളുടെ ഓര്‍മ്മ

പരിശീലനത്തിനു വീണ്ടും ഹൈദ്രബാദിലെ നാഷണല്‍ പൊലീസ് അക്കാദമിയില്‍ ഭാര്യാസമേതം എത്തുമ്പോള്‍ ഞാന്‍ നല്ല സ്പിരിറ്റിലായിരുന്നു. പരിശീലനത്തിനുള്ള അവസരങ്ങള്‍ എന്നും എനിക്കു മാനസികമായി ഉത്തേജനം നല്‍കിയിട്ടുണ്ട്.  ഇന്ത്യയുടെ വിവിധ സ്ഥലങ്ങളില്‍ നിന്ന് വരുന്ന ഉദ്യോഗസ്ഥര്‍ക്ക് പൊലീസില്‍ നേരിട്ട തീവ്ര അനുഭവങ്ങള്‍ വ്യക്തിത്വത്തില്‍ ചെലുത്തിയ സ്വാധീനം പല രീതിയിലാണ് ക്ലാസ്സ്മുറിയിലും പുറത്തും പ്രകടമാകുക. അതില്‍നിന്നു തന്നെ എന്തെല്ലാം മനസ്സിലാക്കുവാനുണ്ട്? 

ക്ലാസ്സ്മുറിയിലെ ഒരനുഭവം മാത്രം കുറിക്കുന്നു. അഹമ്മദാബാദ് ഐ.ഐ.എമ്മിലെ പ്രൊഫസര്‍ നിഹാരിക ആയിരുന്നു ക്ലാസ്സ് നയിച്ചത്. പ്രൊഫസര്‍ ഒരു കഥ പറഞ്ഞു. രാജകുമാരനെ വിദ്യ അഭ്യസിപ്പിക്കാന്‍, കാട്ടില്‍ തപസ് ചെയ്യുന്ന സന്ന്യാസിയുടെ അടുത്ത് അയച്ച കഥ. സന്ന്യാസി രാജകുമാരനെ കാട്ടില്‍ അലയാന്‍ വിട്ടു. അയാള്‍ തിരികെ വന്നപ്പോള്‍ സന്ന്യാസി ചോദിച്ചു: ''നീ കാട്ടില്‍ എന്തെല്ലാം ശബ്ദം കേട്ടു'' രാജകുമാരന്‍ കേട്ടത് സിംഹത്തിന്റെ അലര്‍ച്ചയും, ആനകളുടെ ചിന്നംവിളികളുമൊക്കെയാണ്. സന്ന്യാസി വീണ്ടും അയാളെ കാട്ടിലേയ്ക്കയച്ചു. ഇക്കുറി രാജകുമാരന്‍ പ്രഭാതത്തില്‍ കിളികള്‍ ചിലയ്ക്കുന്നതും മാനുകള്‍ പേടിച്ചോടുന്നതും കാറ്റത്ത് ചില്ലകള്‍ ഒടിയുന്നതും എല്ലാം കേട്ടു. പഠനം ഇങ്ങനെ തുടര്‍ന്നപ്പോള്‍ ചിത്രശലഭങ്ങള്‍ ചിറകടിക്കുന്നതും ഇളംകാറ്റ് വീശുന്നതും എന്തിന്, പൂമൊട്ട് വിരിയുന്നതുപോലും രാജകുമാരന്റെ ശ്രവണേന്ദ്രിയത്തില്‍ പതിക്കാന്‍ തുടങ്ങി. ഈ കഥ പൊലീസ് സംവിധാനത്തിന്റെ പശ്ചാത്തലത്തില്‍ നിങ്ങള്‍ എങ്ങനെ വ്യാഖ്യാനിക്കും എന്നായിരുന്നു പ്രൊഫസറുടെ ചോദ്യം. എന്റെ വ്യാഖ്യാനം ഇങ്ങനെ പോയി. അധികാരത്തിന്റെ അകത്തളങ്ങളില്‍നിന്നുണ്ടാകുന്ന ചെറിയ ശബ്ദം പോലും ഞങ്ങള്‍ ശ്രദ്ധിക്കും. മുഖ്യമന്ത്രി ചിരിച്ചു, അല്ലെങ്കില്‍ ചിരിച്ചില്ല തുടങ്ങി വേണ്ടപ്പെട്ടവരുടെയൊക്കെ മുക്കലും മൂളലും എല്ലാം ഞങ്ങള്‍ ശ്രദ്ധിക്കും; ഒന്നും വിട്ടുപോകില്ല. പക്ഷേ, അതിനു പുറത്തുള്ള മനുഷ്യരുടെ, അത് കീഴുദ്യോഗസ്ഥനാകാം, സാധാരണ പൗരന്‍ ആകാം, നിലവിളികള്‍ പോലും പലപ്പോഴും കേള്‍ക്കാറില്ല. ഈ കേള്‍വിക്കുറവ് വലിയ മാനുഷിക ദുരന്തങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കേരളത്തിലും പുറത്തും സംഭവിച്ച ഉള്ളില്‍ തട്ടിയ ചില ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെ പറഞ്ഞത്. 

ഇങ്ങനെ കുറേ പാഠങ്ങളുമായാണ് ഞങ്ങള്‍ ലണ്ടനിലെത്തിയത്. പൊലീസ് വിഷയങ്ങള്‍ കൂടി കേന്ദ്രീകരിച്ച് ലണ്ടന്‍ ബിസിനസ് സ്‌കൂളില്‍ നടന്ന പരിപാടി എനിക്കേറെ ഇഷ്ടപ്പെട്ടു. സ്‌കോട്ട്ലന്റ് യാര്‍ഡ് ഉള്‍പ്പെടെ പല പൊലീസ് കേന്ദ്രങ്ങളും ഞങ്ങള്‍ സന്ദര്‍ശിച്ചു. ആധുനിക ജനാധിപത്യ പൊലീസ് പരീക്ഷണങ്ങളുടെ ഈറ്റില്ലമാണല്ലോ ലണ്ടന്‍ പൊലീസ്. പൊലീസിന്റെ തൊഴില്‍ സ്വാതന്ത്ര്യവും ഭരണപരമായ ഉത്തരവാദിത്വവും തമ്മില്‍ എങ്ങനെ സന്തുലനം പാലിക്കാം എന്ന വിഷയത്തില്‍ ശക്തമായ ആശയസമരം അന്നവിടെ നടക്കുന്നുണ്ടായിരുന്നു. അതിന് ഏതാനും മാസങ്ങള്‍ക്കുമുന്‍പ്, അഞ്ചുദിവസം അക്രമവും കൊള്ളയും കൊള്ളിവെയ്പുമായി ലണ്ടന്‍ നഗരം അക്രമികള്‍ക്കു മുന്നില്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ വിഖ്യാതമായ ലണ്ടന്‍ പൊലീസ് നിസ്സഹായമായിപ്പോയത് ലോകം മുഴുവന്‍ കണ്ടതാണ്. കേരളത്തില്‍ സുലഭമായി ഉപയോഗിക്കുന്ന ജലപീരങ്കി പ്രയോഗിക്കാന്‍ പോലും ഇംഗ്ലണ്ടില്‍ പലേടത്തും പൊലീസ് മടിച്ചുനിന്നു. പൊലീസ് വെടിവെയ്പില്‍ മാര്‍ക്ക്ഡഗന്‍ എന്നൊരു കറുത്തവര്‍ഗ്ഗക്കാരന്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു കലാപം. ലണ്ടന്‍ കലാപത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വളരെ പ്രയോജനകരമായിരുന്നു. ഇതുപോലുള്ള സന്ദര്‍ഭങ്ങളില്‍ സാമൂഹ്യമാധ്യമങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതിന്റേയും നിയന്ത്രിക്കേണ്ടതിന്റേയും ആവശ്യകത പ്രകടമായിരുന്നു. അക്രമത്തിനു ശേഷം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലീസ് സ്വീകരിച്ച നടപടി അസാധാരണമായിരുന്നു. ധാരാളം പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണത്തിനു നിയോഗിച്ച് പൊലീസിന്റേയും സ്വകാര്യവ്യക്തികളുടേയും സി.സി.ടി.വി പ്രയോജനപ്പെടുത്തി ആയിരക്കണക്കിന് അക്രമികളെ ആഴ്ചകള്‍ക്കുള്ളില്‍ അഴിക്കുള്ളിലാക്കി. എന്നുമാത്രമല്ല, മജിസ്‌ട്രേറ്റ് കോടതികള്‍, രാത്രിയിലും പ്രവര്‍ത്തിച്ച് വിചാരണ പൂര്‍ത്തിയാക്കി അതിവേഗം അക്രമികളെ ശിക്ഷിച്ചു. ലണ്ടനില്‍ ഞാനിടപഴകിയ മലയാളികളും ഈ നടപടികളെ പ്രകീര്‍ത്തിക്കുന്നുണ്ടായിരുന്നു. 

കേരളത്തില്‍നിന്നു പുറപ്പെടുമ്പോള്‍ ഞാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആയിരുന്നുവെങ്കിലും ഹൈദ്രബാദിലെത്തി അധികം കഴിയുംമുന്‍പേ ഞാന്‍ അതല്ലാതായി. മന്ത്രിസഭയില്‍ തന്നെ വലിയ മാറ്റം ഉണ്ടായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായി. ട്രാന്‍സ്പോര്‍ട്ടില്‍ ആര്യാടന്‍ മുഹമ്മദ് വന്നു. ആ സമയത്ത് കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞെത്തിയ ബാലസുബ്രഹ്മണ്യത്തെ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആക്കി. പരിശീലനത്തിനു പോയതുകൊണ്ട് മാത്രം ഉദ്യോഗസ്ഥരെ സാധാരണ മാറ്റാറില്ല. എങ്കിലും എന്റെ കാര്യത്തില്‍ അതുണ്ടായി. സ്ഥാനനഷ്ടം എന്നെ അലട്ടിയില്ല. കസേര പോയെങ്കിലും ''ഹേമചന്ദ്രന്‍ ഹാപ്പി ആണല്ലോ'' എന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞു. അതിനു കാരണം,  ആ  സമയത്താണ്  എന്റെ മകന് ഉപരിപഠനത്തിന് അഡ്മിഷന്‍ കിട്ടിയ വിവരം അറിഞ്ഞത്.  ഞാന്‍ തിരികെ എത്തുമ്പോള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ആയിത്തന്നെ നിയമിക്കും എന്ന് പുതിയ ട്രാന്‍സ്പോര്‍ട്ട് മന്ത്രി പറഞ്ഞതായി ഒരു സുഹൃത്ത് അറിയിച്ചു. അങ്ങനെ എങ്കില്‍ അങ്ങനെ എന്ന മനസ്സോടെ അതും കേട്ടു. പക്ഷേ, അങ്ങനെയല്ല സംഭവിച്ചത്. ട്രെയിനിംഗ് കഴിഞ്ഞ് തിരികയെത്തുമ്പോള്‍ എനിക്കു നിയമനമില്ലായിരുന്നു. അതില്‍ അല്പം തമാശ തോന്നി. വിദേശ ട്രെയിനിങ്ങിനു പോകുമ്പോള്‍ കുറേ അവധിക്കു അര്‍ഹതയുണ്ട്. അത് മുഴുവന്‍ എടുക്കാന്‍ സഹയാത്രികയായ ഭാര്യ എന്നെ നിര്‍ബ്ബന്ധിച്ചതുമാണ്. അവധി ചുരുക്കാന്‍ ഞാനവരോട് ഒരു കാരണം നിരത്തി. ''ഞാന്‍ വലിയ ശമ്പളം വാങ്ങുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്;  ട്രെയിനിങ്ങിനു തന്നെ ഒരു മാസം വിട്ടുനില്‍ക്കണം; എന്നെപോലൊരാള്‍ കൂടുതല്‍ മാറിനില്‍ക്കുന്നത് ശരിയല്ല'' അങ്ങനെയാണ് ട്രെയിനിങ്ങ് കഴിഞ്ഞ് വേഗം തിരികെ കേരളത്തിലെത്തിയത്. അപ്പോള്‍ ട്രാന്‍സ്പോര്‍ട്ടും ഇല്ല, പൊലീസും ഇല്ല എന്ന അവസ്ഥയില്‍ 'ഉയര്‍ന്ന ഉദ്യോഗസ്ഥന്‍' വീട്ടില്‍ വിശ്രമിച്ചു. അതാണ് സര്‍ക്കാര്‍. പുതിയ മന്ത്രി വാഗ്ദാനം നല്‍കിയ പഴയ ട്രാന്‍സ്പോര്‍ട്ടില്‍ ബാലസുബ്രഹ്മണ്യം തുടര്‍ന്നു. അദ്ദേഹത്തിന് അഗ്‌നിരക്ഷാസേനയുടെ ചുമതലയും ഉണ്ടായിരുന്നു. ട്രാന്‍സ്പോര്‍ട്ട് വിടാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ലത്രെ. മൂന്ന് നാലു മാസം കഴിയുമ്പോള്‍ പൊലീസ് മേധാവി ആകുമെന്ന് അദ്ദേഹത്തിനുറപ്പുണ്ടായിരുന്നു. അതുവരെ രണ്ടു പദവിയും വഹിക്കാന്‍ അദ്ദേഹത്തിനു മോഹം. അടുത്ത ഡി.ജി.പിയുടെ ആഗ്രഹമാണല്ലോ മുഖ്യം. ഞാന്‍ വിശ്രമിച്ചു. കുറച്ച് ദിവസത്തെ വിശ്രമം കഴിഞ്ഞപ്പോള്‍, പുതിയ ആഭ്യന്ത്രരവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഞാനതുവരെ കണ്ടില്ലല്ലോ, കാണേണ്ടതാണല്ലോ എന്നൊക്കെ മനസ്സില്‍ തോന്നി. ആലപ്പുഴകാലം തൊട്ടെ എനിക്ക് അദ്ദേഹവുമായി നല്ല ബന്ധമുണ്ടായിരുന്നു. അങ്ങനെ ഞാന്‍ ആഭ്യന്തരമന്ത്രിയുടെ ഓഫീസില്‍ പോയി. അങ്ങേയറ്റം ഊഷ്മളമായിരുന്നു അദ്ദേഹത്തിന്റെ സമീപനം. ആഭ്യന്തരമന്ത്രി സ്ഥാനം അദ്ദേഹത്തിന്റെ പെരുമാറ്റത്തെ സ്വാധീനിച്ചില്ല. പ്രാഥമികമായ സൗഹൃദസംഭാഷണത്തിനു ശേഷം, ''ഏത് പോസ്റ്റാണ് ഹേമചന്ദ്രനു വേണ്ടത്?'' അദ്ദേഹം ചോദിച്ചു. ആദ്യമായിട്ടായിരുന്നു ആഭ്യന്തരവകുപ്പ് മന്ത്രിയില്‍നിന്ന് അങ്ങനെ ഒരു ചോദ്യം; അവസാനമായിട്ടും. വിശ്രമത്തിലായിരുന്ന എന്നെ അത് സന്തോഷിപ്പിച്ചു. ''സാര്‍ തീരുമാനിച്ചാല്‍ മതി'' എന്നായിരുന്നു എന്റെ നിലപാട്. അദ്ദേഹം ആവര്‍ത്തിച്ച് ചോദിച്ചിട്ടും ഞാന്‍ ഒരു പോസ്റ്റിന്റേയും പേര് പറഞ്ഞില്ല. ഒന്നുകില്‍ പൊലീസ് ആസ്ഥാനം അല്ലെങ്കില്‍ സൗത്ത് സോണ്‍ എന്നീ പോസ്റ്റുകളാണ് അദ്ദേഹത്തിന്റെ മനസ്സിലെന്നു പറഞ്ഞു. എന്റെ താല്പര്യം സൗത്ത് സോണ്‍ ആയിരുന്നു. എങ്കിലും പറഞ്ഞില്ല. എന്തുകൊണ്ട് പറഞ്ഞില്ല എന്നെനിക്കു വ്യക്തമല്ല. ചില പ്രലോഭനങ്ങള്‍ ചെറുക്കാനുള്ള പ്രാപ്തി നഷ്ടപ്പെടുത്തരുത് എന്നൊരു വിചാരം ഉള്ളിലെവിടെയോ ഉണ്ടായിരുന്നിരിക്കണം. അവസാനം അദ്ദേഹം തന്നെ പറഞ്ഞു: സൗത്ത് സോണ്‍ എ.ഡി.ജി.പി ആയി നിയമിക്കാമെന്ന്. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും ഒന്നുതന്നെ. അങ്ങനെയാണ് ആ സന്ദര്‍ശനം അവസാനിച്ചത്. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവഞ്ചൂർ രാധാകൃഷ്ണൻ

അതിനിടെ തമിഴ്നാട്ടില്‍ പുതുകോട്ടൈ ജില്ലയില്‍ ഒരു ഉപതെരഞ്ഞെടുപ്പില്‍ എന്നെ നിരീക്ഷകനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമിച്ചു. ആ അവസരത്തില്‍ താല്‍ക്കാലികമായി ട്രെയിനിങ്ങില്‍ നിയമിക്കാമെന്നും അധികം വൈകാതെ സൗത്ത് സോണിലേയ്ക്ക് മാറ്റും എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഫോണില്‍ അറിയിച്ചു. അദ്ദേഹം വാക്ക് പാലിച്ചു. സംഭവബഹുലമായ മറ്റൊരു ഘട്ടത്തിന്റെ തുടക്കമായിരുന്നു അത്.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com