അങ്ങനെ ആയിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ പുനര്‍ജന്മം

സിബി മാത്യൂസ് ആയിരുന്നു അന്നത്തെ ഇന്റലിജന്‍സ് മേധാവി. എന്നെക്കാള്‍ ഏറെ സീനിയര്‍ ആയിരുന്ന അദ്ദേഹം റിട്ടയര്‍മെന്റിനോട് അടുക്കുകയായിരുന്നു
അങ്ങനെ ആയിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ പുനര്‍ജന്മം

2011 ജനുവരിയില്‍ എ.ഡി.ജി.പി ആയ ഉടനെ എന്നെ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു. പ്രമോഷനിലേക്ക് അടുക്കുന്തോറും ഇന്റലിജന്‍സില്‍ എന്നെ നിയമിക്കും എന്ന അശരീരികള്‍ അന്തരീക്ഷത്തില്‍ ശക്തമായിരുന്നു. അതെന്റെ ചെവിയിലും എത്തി. എവിടെ നിയമിക്കും എന്നൊന്നും എന്നോടാരും പറഞ്ഞിരുന്നില്ല, ഞാന്‍ ചോദിച്ചുമില്ല. ചില പത്രപ്രവര്‍ത്തകര്‍ മാത്രം അന്വേഷിച്ചു. വാര്‍ത്ത തേടിയുള്ള അവരുടെ നിത്യപ്രയാണത്തില്‍ മന്ത്രിമാരും അവരുടെ ഓഫീസും തൊട്ട് പലരേയും വിളിക്കുമല്ലോ. അങ്ങനെയൊക്കെയാണ് കിംവദന്തികള്‍ ജന്മമെടുത്തതെന്ന് വ്യക്തമായിരുന്നു. ഇന്റലിജന്‍സ് എന്നു കേട്ടപ്പോള്‍ വലിയ പരിഗണനയാണല്ലോ എന്ന് ആദ്യം  തോന്നി; ഒപ്പം ചില ഉല്‍ക്കണ്ഠകളും ശക്തമായിരുന്നു. ഭരണ സംവിധാനത്തില്‍ രഹസ്യാന്വേഷണത്തിന്റെ പങ്കിനെക്കുറിച്ച് സാക്ഷാല്‍ ചാണക്യന്‍ മുതല്‍ പറയുന്നുണ്ടല്ലോ. ബുദ്ധിപരവും മാനസികവുമായ വലിയ സിദ്ധികളോടൊപ്പം ചക്രവര്‍ത്തിയോടുള്ള സമ്പൂര്‍ണ്ണ വിധേയത്വം രഹസ്യാന്വേഷകനു പരമപ്രധാനമാണ് എന്നാണ് ചാണക്യപക്ഷം. ജനാധിപത്യത്തില്‍ ചക്രവര്‍ത്തി ഇല്ലല്ലോ. എങ്കിലും വിധേയത്വത്തിന്റെ കാര്യത്തില്‍ ചാണക്യനെ പിന്തുടര്‍ന്ന ഉദാഹരണങ്ങള്‍  കണ്ടിട്ടുണ്ട്. സര്‍ക്കാരിന്റെ ന്യായമായ താല്പര്യവും ഭരണകക്ഷിയുടെ സങ്കുചിത താല്പര്യവും വ്യത്യസ്തമാണ് എന്ന തിരിച്ചറിവ് ഇല്ലാതുള്ള പ്രവര്‍ത്തനങ്ങളെ മഹത്വവല്‍ക്കരിച്ചിട്ടുള്ള ഇന്റലിജന്‍സ് 'വീരഗാഥകള്‍' ഞാന്‍ കേട്ടിട്ടുണ്ട്. ഇന്റലിജന്‍സ് എന്നു കേട്ടപ്പോള്‍ ഇത്തരം ചില ചിന്തകളും മനസ്സിലൂടെ കടന്നുപോയി.   

സിബി മാത്യൂസ്
സിബി മാത്യൂസ്

സിബി മാത്യൂസ് ആയിരുന്നു അന്നത്തെ ഇന്റലിജന്‍സ് മേധാവി. എന്നെക്കാള്‍ ഏറെ സീനിയര്‍ ആയിരുന്ന അദ്ദേഹം റിട്ടയര്‍മെന്റിനോട് അടുക്കുകയായിരുന്നു. പ്രമോഷനോടെ ഞാന്‍ ഇന്റലിജന്‍സ് മേധാവിയാകും എന്ന കിംവദന്തി ശക്തമാകുന്നതിനിടെ ഒരു ദിവസം ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.സി. രാഘവന്‍ മറ്റെന്തോ വിഷയം സംസാരിക്കുന്നതിനിടയില്‍ പ്രൊമോഷന്റെ  കാര്യം പരാമര്‍ശിച്ചു. ഇന്റലിജന്‍സ് പോസ്റ്റിംഗില്‍  സീനിയോറിറ്റി കൂടി നോക്കണമല്ലോ എന്നദ്ദേഹം പറഞ്ഞു. ഞാന്‍ അഭിപ്രായമൊന്നും പറഞ്ഞില്ല. ഏതാനും ദിവസം കഴിഞ്ഞ് ഉത്തരവിറങ്ങിയപ്പോള്‍ എന്റെ നിയമനം ഇന്റലിജന്‍സില്‍ തന്നെയായിരുന്നു, സിബി മാത്യൂസിനു പകരം. അദ്ദേഹത്തിന് അഗ്‌നിരക്ഷാസേനയിലായിരുന്നു നിയമനം. അദ്ദേഹം കോഴിക്കോട് ഐ.ജി ആയിരിക്കേ തൃശൂരില്‍ എസ്.പി എന്ന നിലയില്‍ ഞാന്‍ ഒപ്പം ജോലി ചെയ്തിട്ടുണ്ട്. അന്ന് കണ്ണൂരില്‍ രാഷ്ട്രീയ അക്രമം ഗുരുതരമായ ക്രമസമാധാന പ്രശ്നം സൃഷ്ടിച്ച ഘട്ടത്തില്‍ അദ്ദേഹം സ്വീകരിച്ച ധീരമായ നിലപാടിനോട് എനിക്ക് വലിയ ബഹുമാനം തോന്നിയിരുന്നു. സിബി മാത്യൂസില്‍നിന്ന് ചുമതല ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം എനിക്ക്  വലിയ പരിഗണനയാണ് നല്‍കിയത്. പ്രധാന കാര്യങ്ങളില്‍ ആഭ്യന്തരവകുപ്പ് മന്ത്രിയേയും മുഖ്യമന്ത്രിയേയും വിവരങ്ങള്‍ ധരിപ്പിക്കേണ്ടത് ഇന്റലിജന്‍സ് മേധാവിയുടെ ചുമതല ആയിരുന്നു. അതിനെപ്പറ്റിയൊക്കെ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ വിലപ്പെട്ട ഉള്‍ക്കാഴ്ച അദ്ദേഹത്തില്‍നിന്നും ലഭിച്ചു. ചുമതല കൈമാറ്റം കഴിഞ്ഞ് അദ്ദേഹം ഓഫീസില്‍നിന്ന് പുറത്തേയ്ക്ക് നീങ്ങുമ്പോള്‍ ഞാനും അനുഗമിച്ചു. സാവകാശം ഇന്റലിജന്‍സ് ആസ്ഥാനത്തിന്റെ പടിക്കെട്ടുകള്‍ ഇറങ്ങി, ഔദ്യോഗിക വാഹനത്തില്‍ കയറുമ്പോള്‍ ഞാന്‍ അവിടെ നിന്നു. എന്റെ കണ്ണുകള്‍ അദ്ദേഹത്തിന്റെ മുഖത്ത് തന്നെ ആയിരുന്നു. കാര്‍ നീങ്ങി തുടങ്ങുമ്പോള്‍ ശാന്തമായിരുന്ന ആ മുഖത്ത് തീവ്ര വൈകാരികതയുടെ മിന്നലാട്ടം ഒരു നിമിഷം ദൃശ്യമായി. വാഹനം മതില്‍കടക്കുംവരെ ഞാനവിടെ നിന്നു. പൊലീസ് ജീവിതത്തില്‍നിന്നുള്ള വിടവാങ്ങലാണത് എന്ന ബോധം അദ്ദേഹത്തിനുണ്ടായിരുന്നിരിക്കാം.

വി.എസ്. അച്യുതാനന്ദന്റെ പോരാട്ടങ്ങള്‍

ഇന്റലിജന്‍സില്‍ കരുതല്‍ ആവശ്യമായ ഒരു ഘടകം അധികാരത്തിന്റെ സ്വഭാവമാണ്. സാധാരണയായി പൊലീസ് കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പി വരെയുള്ള റാങ്കുകളില്‍ പൊലീസിന്റെ അധികാരത്തിന്റെ ഉറവിടം നിയമമാണ്. ആ നിലയില്‍ സുരക്ഷ, ഉദ്യോഗസ്ഥ നിയമനം, പാസ്പോര്‍ട്ട് അപേക്ഷകള്‍, വിദേശയാത്ര തുടങ്ങിയ കാര്യങ്ങളില്‍ ചില ചുമതലകളും അധികാരങ്ങളുമാണ് ഇന്റലിജന്‍സിനുള്ളത്. ഫലത്തില്‍, അതിനപ്പുറം പല നിര്‍ണ്ണായക വിഷയങ്ങളിലും സര്‍ക്കാര്‍ തീരുമാനങ്ങളെ സ്വാധീനിക്കാന്‍ ഇന്റലിജന്‍സിനു കഴിയും. ഇന്റലിജന്‍സ് മേധാവിയും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള അടുത്ത ബന്ധം സര്‍ക്കാരിന്റെ ഉത്തമ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണ്. എന്നാല്‍, ചുമതലയുടെ ലക്ഷ്മണരേഖ മുറിച്ചു കടന്ന് സ്വയം ഒരു അധികാര കേന്ദ്രമായി മാറാനുള്ള പ്രലോഭനം ഉണ്ടാകാം. നിരന്തരം ജാഗ്രത ആവശ്യമുള്ള ഒരു കാര്യമാണത്. ഭരണച്ചുമതലയുള്ള രാഷ്ട്രീയ നേതൃത്വം എത്രത്തോളം വിശ്വാസം ഇന്റലിജന്‍സില്‍ അര്‍പ്പിക്കുന്നു എന്നതും പ്രധാനമാണ്. അത് ഞാന്‍ നേരത്തെ മനസ്സിലാക്കിയിരുന്നു. ആന്ധ്രയില്‍ ഇന്റലിജന്‍സിന്റെ ചുമതലയുണ്ടായിരുന്ന എന്റെ സുഹൃത്ത് ഒരിക്കല്‍ എന്നെ വിളിച്ചു. അവിടെ ചീഫ് സെക്രട്ടറി നിയമനവുമായി ബന്ധപ്പെട്ട് മലയാളിയായ ഒരു ഓഫീസറെക്കുറിച്ച് ചില വിവരങ്ങള്‍ എന്നോട് ആരാഞ്ഞു. അതില്‍ ചില അപകടങ്ങളും ഇല്ലാതില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ താല്പര്യത്തില്‍ എടുക്കുന്ന ചില തീരുമാനങ്ങളുടെ പാപഭാരം ഇന്റലിജന്‍സിന്റെ തലയിലും വന്നുഭവിക്കാം. 

വിഎസ് അച്യുതാനന്ദൻ
വിഎസ് അച്യുതാനന്ദൻ

ഞാന്‍ ചുമതലയേല്‍ക്കുമ്പോള്‍ കേരളം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന്റെ വക്കത്തായിരുന്നു; കഷ്ടിച്ച് മൂന്നുമാസം മാത്രം. അതുകൊണ്ടുതന്നെ കേരളത്തിന്റെ പൊതുമണ്ഡലം രാഷ്ട്രീയ വിവാദങ്ങള്‍കൊണ്ട് ചൂടുപിടിച്ചു തുടങ്ങിയിരുന്നു. അതിനുമുന്‍പ് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിനു തിരിച്ചടിയേറ്റിരുന്നു. ആ സാഹചര്യവും അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്റുകളെ തോല്‍പ്പിക്കുന്ന കേരളത്തിന്റെ പൊതുരീതിയും ഇടതുപക്ഷത്തിനെതിരായിരുന്നു. എന്നാല്‍, ആ ഘട്ടത്തില്‍ അഴിമതിക്കും സ്ത്രീപീഡനത്തിനും എതിരെ ശക്തമായ ക്യാമ്പയിന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടത്തി. ദേശീയ തലത്തില്‍ അഴിമതിക്കെതിരെ അണ്ണാഹസാരെ എന്ന താരോദയത്തിന്റെ കാലമായിരുന്നു അത്. താരം വേഗം അസ്തമിച്ചുവെന്നത് മറ്റൊരു കാര്യം. കേരളത്തിലെ അഴിമതിവിരുദ്ധ ക്യാമ്പയിനില്‍ അന്ന് മുഖ്യമന്ത്രി എതിര്‍പക്ഷത്ത് കണ്ട ശത്രു ലോട്ടറി മാഫിയ ആയിരുന്നു. ഞാന്‍ മുഖ്യമന്ത്രിയെ കാണുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ 'ലോട്ടറി മാഫിയ'യെ എങ്ങനെ അകത്താക്കാം എന്നായിരുന്നു ചിന്ത. സാന്റിയാഗോ മാര്‍ട്ടിന്‍ തുടങ്ങി ചില കഥാപാത്രങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നുവെങ്കിലും അവര്‍ക്കെതിരെ കേരളത്തില്‍ കൃത്യമായ കേസൊന്നുമുണ്ടായിരുന്നില്ല. ലോട്ടറിയിലെ തട്ടിപ്പുകളും വ്യാജ ലോട്ടറിയും സംബന്ധിച്ച് ചില ചെറിയ കേസുകള്‍ മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളു. അവയുടെ അന്വേഷണം ഇന്റലിജന്‍സില്‍ ഉണ്ടായിരുന്ന ഐ.ജി. അനന്തകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. ആ കേസുകളൊന്നും മാഫിയയെ അകത്താക്കാന്‍ പര്യാപ്തമായിരുന്നില്ല.
 
അങ്ങനെ ഇരിക്കെ കോഴിക്കോട്ടുനിന്ന് കൗതുകകരമായ ഒരു വിവരം ഞങ്ങള്‍ക്കു ലഭിച്ചു. ഒരു സ്വകാര്യ വ്യക്തി അന്ന് വൈകുന്നേരം പത്രസമ്മേളനം നടത്തുമെന്നും അതില്‍ ചില 'ബോംബുകള്‍ പൊട്ടിക്കും' എന്നുമായിരുന്നു വിവരം. ഇത്തരം 'ബോംബ് സ്ഫോടനങ്ങള്‍' കേരളത്തിനു പരിചയമുള്ളതാണ്. ലോകത്തെ 'ഏറ്റവും പഴക്കമുള്ള തൊഴിലില്‍' ഏര്‍പ്പെടുന്നവര്‍ മുതല്‍ ക്രമസമാധാനപാലകര്‍ വരെ ബോംബ് സ്ഫോടന ഭീഷണി ഉയര്‍ത്താറുണ്ട്. ആദ്യ ഇനത്തിനാണ് കേരളത്തില്‍ നല്ല മാര്‍ക്കറ്റ്. പക്ഷേ, ഇപ്പോഴത്തെ ബോംബിനെ ശ്രദ്ധേയമാക്കിയത് മറ്റൊരു കാര്യമാണ്. പത്രസമ്മേളനം കഴിഞ്ഞാല്‍, അതായത് ബോംബ് പൊട്ടിക്കഴിയുമ്പോള്‍ മുഖ്യമന്ത്രി പ്രതികരിക്കും എന്നായിരുന്നു വിവരം. പക്ഷേ, ബോംബ് എന്താണെന്നു മനസ്സിലായില്ല. എങ്കിലും ഞാനുടനെ ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനെ കണ്ട് ലഭിച്ച വിവരം കൃത്യമായി അറിയിച്ചു. ഇത്തരം കൂടിക്കാഴ്ചകളില്‍ ബോദ്ധ്യമുള്ള വസ്തുതകള്‍ ആ രീതിയില്‍ പറയും; അതിനപ്പുറമുള്ള വിലയിരുത്തലുകളും അഭിപ്രായങ്ങളും ആവശ്യമായി വരികയാണെങ്കില്‍ മാത്രം നല്‍കുക എന്നതായിരുന്നു എന്റെ രീതി. ഞാന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍, ''മുഖ്യമന്ത്രി പ്രതികരിക്കും എന്നുറപ്പാണോ?'' എന്ന് അദ്ദേഹം ചോദിച്ചു. ഉറപ്പാണെന്നു പറഞ്ഞ ഉടന്‍ ''എങ്കില്‍ എനിക്ക് കാര്യം പിടികിട്ടി'' എന്ന് അദ്ദേഹം പറഞ്ഞു. ജിജ്ഞാസയോടെ ശ്രദ്ധിച്ചിരുന്ന എന്നോട് അദ്ദേഹം കാര്യം എന്താണെന്നു പറഞ്ഞില്ല. പക്ഷേ, ഒരു ക്ലൂ തന്നു. അതോടെ എനിക്കും സംഗതി പിടികിട്ടി. അങ്ങനെ ആയിരുന്നു ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ പുനര്‍ജന്മം. അത് പിന്നെ വിന്‍സണ്‍ എം. പോള്‍ സാറിന്റെ തലയിലായി. പഴയതെങ്കിലും ഒരു സ്ത്രീപീഡനക്കേസുകൂടി രംഗപ്രവേശം ചെയ്തതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം കൂടുതല്‍ ഊര്‍ജ്ജസ്വലമായി. ഇടതുപക്ഷത്തിന് പുതിയ പ്രതീക്ഷയായി. അതിലുപരി മാധ്യമലോകത്തിന്, പ്രത്യേകിച്ച് ഇലക്ട്രോണിക്ക് ചാനലുകള്‍ക്ക് ആകെ ഉത്സവമായി. ചില ചാനലുകള്‍ പുനര്‍ജനിച്ച കേസില്‍ കുറെ സ്റ്റിംഗ് ഓപ്പറേഷന്‍ അഥവാ രഹസ്യ റിക്കോര്‍ഡിംഗ്  നടത്തി ഘട്ടം ഘട്ടമായി പലതും പുറത്തുവിട്ടുകൊണ്ടിരുന്നു. പൊതുമദ്ധ്യത്തില്‍ അതു കുറെ ഓളം സൃഷ്ടിച്ചു. അതെല്ലാം മുന്‍കൂട്ടി അറിയുവാന്‍ ഇന്റലിജന്‍സിനു കഴിഞ്ഞിരുന്നു എന്നതില്‍ സന്തോഷം തോന്നി. പല ബ്രേക്കിംഗ് ന്യൂസും തലേ ദിവസമെങ്കിലും അറിഞ്ഞിരുന്ന കാലമായിരുന്നു അത്. അതെങ്ങനെ സാധ്യമായി എന്നു ചോദിച്ചാല്‍ രഹസ്യാന്വേഷണത്തിന്റെ രഹസ്യങ്ങള്‍ പരസ്യമാക്കാനാകില്ലല്ലോ.

തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്നതിനിടയില്‍ ഒരുദിവസം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ എന്നെ ഫോണില്‍ വിളിച്ചു. കൂടുതലൊന്നും സംസാരിച്ചില്ല. ഒന്ന് നേരില്‍ കാണണമെന്നും തൊട്ടടുത്ത ദിവസം അദ്ദേഹം ആലുവ ഗസ്റ്റ് ഹൗസില്‍ ഉണ്ടാകുമെന്നും പറഞ്ഞു. ഞാന്‍ സമ്മതം അറിയിച്ചു. പിന്നീടാണ് ഞാന്‍ ഇലക്ഷന്‍ പെരുമാറ്റച്ചട്ടങ്ങളെപ്പറ്റി ചിന്തിച്ചത്. അതിന്‍പ്രകാരം ഇന്റലിജന്‍സ് മേധാവി മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നതിനു നിയന്ത്രണങ്ങളുണ്ട്. ഭരണപരമായി അത്രയ്ക്ക് പ്രാധാന്യമുള്ള വിഷയങ്ങളിന്മേല്‍ രേഖാമൂലം അറിയിച്ച്, മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലേ ഇന്റലിജന്‍സ് മേധാവിക്കു മുഖ്യമന്ത്രിയെ കാണാനാകൂ. തൊട്ടടുത്ത തമിഴ്നാട്ടില്‍ ഇലക്ഷനോടനുബന്ധിച്ച് അന്നത്തെ ഇന്റലിജന്‍സ് മേധാവിയെ ആ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തുക പോലും ചെയ്തിരുന്നു. കാര്യങ്ങള്‍ അങ്ങനെ ആയിരിക്കെ ഞാനെങ്ങനെ മുഖ്യമന്ത്രിയെ സന്ദര്‍ശിക്കും? എങ്ങനെ സന്ദര്‍ശിക്കാതിരിക്കും? ഞാന്‍ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് സാറിനോട് ഉപദേശം തേടി. തെരഞ്ഞെടുപ്പ് ചട്ടം പാലിക്കണമെന്നുതന്നെയാണ് അദ്ദേഹവും പറഞ്ഞത്. തുടര്‍ന്ന് എന്നോട് ആലുവ പൊലീസ് ക്ലബ്ബില്‍ പോകാനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വ്യവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിക്കാനുമാണ് അദ്ദേഹം പറഞ്ഞത്. വ്യക്തിപരമായ ഈഗോയൊന്നുമല്ല, മറിച്ച് ചട്ടങ്ങളാണ് സന്ദര്‍ശനത്തിനു തടസ്സം എന്നു ബോദ്ധ്യപ്പെടുത്താനാണ് ആലുവയിലെത്താന്‍ പറഞ്ഞത്. അങ്ങനെ ഞാന്‍ ആലുവ പൊലീസ് ക്ലബ്ബില്‍ എത്തി. മുഖ്യമന്ത്രിയുടെ സ്റ്റാഫ് ഫോണില്‍ വിളിച്ചപ്പോള്‍ ഞാന്‍ പ്രശ്‌നം വിശദീകരിച്ചു; അദ്ദേഹത്തോടും കാര്യം പറഞ്ഞു. സ്റ്റാഫ് കാര്‍ ഒഴിവാക്കിയാല്‍ പോരെ എന്നൊരു നിര്‍ദ്ദേശം മറുഭാഗത്ത് നിന്നുണ്ടായെങ്കിലും അത് പ്രശ്‌നമാണ് എന്ന് ഞാന്‍ പറഞ്ഞു. അക്കാര്യത്തില്‍ എനിക്ക് വ്യക്തതയുണ്ടായിരുന്നു; സന്ദര്‍ശിക്കുകയാണെങ്കില്‍ ഔദ്യോഗിക വാഹനത്തിലേ പോകൂ. സാങ്കേതികമായി ചട്ടലംഘനം ഉണ്ടായാല്‍ പോലും പരസ്യമായി സന്ദര്‍ശിക്കുന്നതാണ് നല്ലതെന്ന് എനിക്കു തോന്നി. രഹസ്യമായി കാണാന്‍ പോയി, പരസ്യമായാല്‍ പിന്നെ അത് വിശദീകരിക്കുക കൂടുതല്‍ ബുദ്ധിമുട്ടാണ്. സാന്ദര്‍ഭികമായി പറയട്ടെ, ഔദ്യോഗിക ജീവിതത്തില്‍, കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട്, സ്വകാര്യവാഹനത്തിലും മറ്റും ചില ഘട്ടങ്ങളില്‍ പോയിട്ടുള്ളതല്ലാതെ ഒരു  രഹസ്യ സന്ദര്‍ശനവും ഒരിക്കലും എനിക്ക് നടത്തേണ്ടിവന്നിട്ടില്ല. ഏതായാലും ഈ സന്ദര്‍ശനം നടന്നില്ല. മുഖ്യമന്ത്രിക്ക് അറിയേണ്ടിയിരുന്നത് ചില മണ്ഡലങ്ങളിലെ തങ്ങളുടെ വിജയസാദ്ധ്യത സംബന്ധിച്ച സംസ്ഥാന ഇന്റലിജന്‍സ് വിലയിരുത്തല്‍ ആയിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കിയത്. ഏതായാലും ചട്ടലംഘനമില്ലാതെ പ്രശ്‌നം പരിഹരിച്ചുവെന്നുമാത്രം പറയട്ടെ.

പൊതുതെരഞ്ഞെടുപ്പിനു ശേഷം ഫലം വരുന്നതിനു മുന്‍പ് ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ തന്റെ വകുപ്പില്‍ ഒപ്പം ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒരുച്ച ഭക്ഷണം നല്‍കി. ആ അവസരത്തില്‍ ഇലക്ഷന്‍ കാലത്തെ ചില അനുഭവങ്ങള്‍ അദ്ദേഹം പങ്കിട്ടു. രാത്രി വോട്ട് ചോദിച്ചു പോകുന്നതിനിടയില്‍ തെയ്യം വേഷം കെട്ടിയ ഒരാള്‍ വന്ന് വിടാതെ കെട്ടിപ്പിടിച്ചതും ലോഹ്യം പറയുന്നതിനിടയില്‍ നൂറുരൂപ ചോദിച്ചതും ഒക്കെപ്പറഞ്ഞു. രൂപ നല്‍കുന്നത് തെരഞ്ഞെടുപ്പ് കുറ്റമാകും.  ആരെങ്കിലും അത് വീഡിയോയില്‍ പകര്‍ത്തി പുറത്ത് വിട്ടാല്‍ പുലിവാല്‍ പിടിച്ചതു തന്നെ.  ഏറെ ബുദ്ധിമുട്ടിയാണ് തെയ്യത്തില്‍നിന്നും അദ്ദേഹം 'രക്ഷ'പ്പെട്ടത്. ഭരണമാറ്റമുണ്ടായേക്കാം എന്നൊരു തോന്നല്‍ അന്നുണ്ടായിരുന്നെങ്കിലും ആര്‍ക്കും അത്ര ഉറപ്പില്ലായിരുന്നു. ഫലം വന്നപ്പോള്‍ നേരിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് ജയിച്ചു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 

പൊലീസ് അഴിച്ചുപണിയും വെല്ലുവിളികളും

ഭരണമാറ്റം ഉണ്ടാകുമ്പോള്‍ വാര്‍ത്തയില്‍ ഇടം പിടിക്കുന്ന പ്രധാന ഇനമാണ്  പൊലീസ് അഴിച്ചുപണി. നാട്ടുനടപ്പ് അനുസരിച്ച് ആദ്യം തെറിക്കുന്നത് ഇന്റലിജന്‍സ് മേധാവിയാണ്. എന്തുകൊണ്ടോ ഇക്കുറി അത് സംഭവിച്ചില്ല. ഞാനവിടെ തുടര്‍ന്നു. രാഷ്ട്രീയ സംവിധാനം തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് സ്ഥലംമാറ്റം. ക്രിമിനല്‍ കേസില്‍ വകുപ്പ് തീരുമാനിക്കാനും പ്രതിയെ തീരുമാനിക്കാനും മന്ത്രിക്കോ പാര്‍ട്ടി നേതാവിനോ അധികാരമില്ലല്ലോ. അപ്പോള്‍ പിന്നെ അധികാരമുള്ള ഉദ്യോഗസ്ഥനെ എങ്ങനെ വരുതിക്കു നിര്‍ത്തും. അതിനു പറ്റിയ മാര്‍ഗ്ഗമാണ് സ്ഥലം മാറ്റം. അതിനിടയില്‍ പഴയ സര്‍ക്കാര്‍ രാഷ്ട്രീയമായി പീഡിപ്പിച്ചുവെന്നു പറഞ്ഞ് പുതിയ സര്‍ക്കാരിന്റെ സ്വന്തം ആളുകളാണെന്ന പേരില്‍ ചിലര്‍ പ്രത്യക്ഷപ്പെടും. രാഷ്ട്രീയ അധികാരമാറ്റം ഉണ്ടാകുമ്പോഴെല്ലാം കണ്ടുവരുന്ന പ്രതിഭാസം ആണിത്. ഉള്ളതു പറഞ്ഞാല്‍ മിക്ക പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കാര്യമായ രാഷ്ട്രീയ വിശ്വാസം ഒന്നുമില്ല; സ്വന്തം സ്ഥലംമാറ്റം, പോസ്റ്റിംഗ്, പ്രമോഷന്‍ അതിനൊക്കെയുള്ള തത്രപ്പാടില്‍ അധികാരത്തോട് ചേര്‍ന്നു നില്‍ക്കാന്‍ ശ്രമിക്കും എന്നുമാത്രം. എന്തിന്, നമ്മുടെ രാഷ്ട്രീയക്കാര്‍ക്കുതന്നെ രാഷ്ട്രീയ വിശ്വാസം ഉണ്ടോ എന്ന് സംശയിക്കാവുന്ന അവസ്ഥയും രാജ്യത്ത് കാണുന്നുണ്ട്; പിന്നെയല്ലേ, പൊലീസുകാരന്റെ രാഷ്ട്രീയം. 

അധികം കഴിയാതെ ഡി.വൈ.എസ്.പിമാരുടെ സംസ്ഥാനതല മാറ്റം നടന്നപ്പോള്‍ തീരെ അനഭിലഷണീയമായ ചില പേരുകള്‍ അതില്‍ ഉള്‍പ്പെട്ടതായി കണ്ടു. അറിയപ്പെടുന്ന ചില അഴിമതിക്കാര്‍ പറ്റിയ മേച്ചില്‍പുറം കണ്ടെത്തിയിരുന്നു. ഞാന്‍ അക്കാര്യം നേരിട്ടു മുഖ്യമന്ത്രിയോട് പറഞ്ഞു. എല്ലാ പേരുകളും പൊലീസ് ആസ്ഥാനത്തുനിന്ന് ക്ലിയര്‍ ചെയ്തതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. തീരെ ഒഴിച്ചുകൂടാനാകാത്ത രണ്ടു ശുപാര്‍ശകള്‍ ഉണ്ടായി എന്നും സൂചിപ്പിച്ചു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ജാതിമത ശക്തികളുടെ പിന്തുണയോടെ പോസ്റ്റിംഗ് നേടുന്ന പ്രവണത ഏതാണ്ട് സര്‍വ്വീസിലുടനീളം ഞാന്‍ കണ്ടിട്ടുണ്ട്. വലിയ ധാര്‍മ്മികതയൊക്കെ പ്രസംഗിക്കുന്നവര്‍ 'നമ്മുടെ ആളുകളുടെ' കാര്യം വരുമ്പോള്‍ അതൊക്കെ മറക്കും. അക്കാര്യത്തില്‍ മിക്കവാറും എല്ലാ സാമുദായിക ശക്തികളും ഒരുപോലെ തന്നെയാണ്. 

ഇന്റലിജന്‍സില്‍ ഉദ്യോഗസ്ഥരെ എടുക്കുന്ന കാര്യത്തില്‍ ചില മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മുന്നോട്ടു പോകാനാണ് ഞാന്‍ ശ്രമിച്ചത്. അക്കാലത്ത് എയര്‍പോര്‍ട്ട് വഴിയുള്ള ഇമ്മിഗ്രേഷന്‍ സംസ്ഥാന ഇന്റലിജന്‍സിന്റെ കീഴിലായിരുന്നു. ദേശീയ സുരക്ഷയുടെ കാഴ്ചപ്പാടില്‍ അതൊരു പ്രധാന ചുമതലയായിരുന്നു. അനധികൃതമായി വിദേശത്തേയ്ക്ക് കടക്കാന്‍ അവസരമുണ്ടായാല്‍ ആ അവസ്ഥ ചൂഷണം ചെയ്യപ്പെടും. പക്ഷേ, അത്രയ്ക്ക് ജാഗ്രത അവിടെ ഉണ്ടായിരുന്നില്ല എന്നു തോന്നി. അവിടെ നിയമിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തുടങ്ങി. മനുഷ്യക്കടത്തിന്റെ സ്വഭാവമുള്ള ചില പ്രവര്‍ത്തനങ്ങളിലേക്ക് അത് വിരല്‍ചൂണ്ടി. നമ്മുടെ നാട്ടില്‍നിന്ന് തൊഴില്‍ തേടി വിദേശത്തു പോകുന്ന സ്ത്രീകളെ ലൈംഗികചൂഷണത്തിന്റെ കെണിയില്‍ വീഴ്ത്താന്‍ ചില റാക്കറ്റുകള്‍  പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അവയെ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍, കാലിച്ചന്തയില്‍ വില്‍ക്കുന്ന ആടുമാടുകളുടെ സവിശേഷതകള്‍ വിവരിക്കുന്ന പോലുള്ള ചില സ്ത്രീ വര്‍ണ്ണനകള്‍ പോലും ശ്രദ്ധയില്‍പ്പെട്ടു. സംഘടിത കുറ്റകൃത്യത്തിന്റെ സ്വഭാവത്തില്‍ നടന്നിരുന്ന ഇത്തരം അന്താരാഷ്ട്ര ഏര്‍പ്പാടുകള്‍ക്കു പിന്നിലെ ചില പൊലീസ് ബന്ധങ്ങള്‍ കണ്ടെത്താന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. പണമുണ്ടാക്കാനുള്ള കുറുക്കുവഴിയായി മാത്രം എയര്‍പോര്‍ട്ടിലെ നിയമനത്തെ കണ്ട ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചു. പുതുതായി അവിടെ നിയമിച്ച ചില ഉദ്യോഗസ്ഥരുടെ അവിശുദ്ധ ബന്ധം കണ്ടെത്തി തുടക്കത്തിലെ അവരെ തിരിച്ചയച്ചു. ആ നിയമനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അതേപ്പറ്റി എന്നോട് ചോദിച്ചു. ഇന്റലിജന്‍സിന്റെ രീതികള്‍ വെളിപ്പെടുത്താതെ വളരെ സംക്ഷിപ്തമായി മാത്രം ചില അവിശുദ്ധ ഏര്‍പ്പാടുകളുടെ സൂചനകള്‍ നല്‍കിയതോടെ തല്‍ക്കാലം ആ സമ്മര്‍ദ്ദം ഇല്ലാതായി.

പിജെ ജോസഫ്
പിജെ ജോസഫ്

കേരള-തമിഴ്നാട് അന്തര്‍ സംസ്ഥാന പ്രശ്‌നമെന്ന നിലയില്‍ മുല്ലപ്പെരിയാര്‍ ഡാം വിഷയം 2011 അവസാനത്തോടെ ആളിപ്പടര്‍ന്നപ്പോള്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ അതില്‍ ചില ഇടപെടലുകള്‍ നടത്താന്‍ കഴിഞ്ഞു. അതിവൈകാരിക പ്രസ്താവനകള്‍ ഇരുഭാഗത്തുമുണ്ടായി. അന്നത്തെ കേരള ജലവിഭവ മന്ത്രി പി.ജെ. ജോസഫിന്റെ പ്രസ്താവന മുല്ലപ്പെരിയാര്‍ വിഷയത്തെ കൂടുതല്‍ ആളിക്കത്തിച്ചു. ''ഉറങ്ങാന്‍ കഴിയുന്നില്ല; ഭൂചലനം ഏതു സമയത്തുമുണ്ടാകുമെന്നും മുപ്പതുലക്ഷം ജനങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും'' മന്ത്രി തന്നെ പ്രസ്താവിച്ചപ്പോള്‍ വികാരം അണപൊട്ടി. അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും വലിയ പ്രക്ഷോഭങ്ങളുണ്ടായി. തമിഴ്നാട്ടിലെ തേനി ജില്ലയില്‍ പതിനായിരക്കണക്കിന് ആളുകള്‍ സംഘടിച്ച് കേരള അതിര്‍ത്തിയിലേക്ക് മാര്‍ച്ച് ചെയ്തു. അതിര്‍ത്തി കടന്നുവന്ന ഒരു തമിഴ്നാട് സ്വദേശി, തന്നെ കുമളിയില്‍വെച്ച് മര്‍ദ്ദിച്ചു എന്ന് പറഞ്ഞതിനെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇരുവശത്തുനിന്നും കല്ലേറുണ്ടായി. ഇടുക്കിയിലെ പ്ലാന്റേഷനുകളിലും മറ്റും ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശികള്‍ക്കു സുരക്ഷാഭീഷണി ഉയര്‍ന്നതുപോലെ തമിഴ്നാട്ടില്‍ മലയാളികളും ആക്രമിക്കപ്പെട്ടേക്കാം എന്ന ഭയമുണ്ടായി. അന്ന് തമിഴ്നാട് ഇന്റലിജന്‍സിന്റേയും ഡിജിപിയുടേയും ചുമതല വഹിച്ചിരുന്ന രാമാനുജം ഐ.പി.എസുമായി ഞാന്‍ നിരന്തരം സമ്പര്‍ക്കത്തിലായിരുന്നു. നാഷണല്‍ പൊലീസ് അക്കാഡമിയില്‍വെച്ച് അദ്ദേഹവുമായി സ്ഥാപിക്കാനായ നല്ല ബന്ധം ഈ അവസരത്തില്‍ സഹായകമായി. ഉത്തരവാദപ്പെട്ടവര്‍ പോലും വൈകാരികമായും സങ്കുചിതമായും പ്രതികരിച്ചെങ്കിലും വലിയ സമാധാന ലംഘനത്തിലേക്ക് നയിക്കാവുന്ന പല കിംവദന്തികളും യഥാസമയം ദൂരീകരിക്കുന്നതിനു ഞങ്ങള്‍ പരസ്പരം ബന്ധപ്പെടുന്നുണ്ടായിരുന്നു. പൊതുമധ്യത്തില്‍ ആളിക്കത്തിയിരുന്ന വൈകാരികത അല്പം പോലും സ്പര്‍ശിക്കാതെ ക്രമസമാധാന പ്രശ്‌നം പ്രൊഫഷണലായി നേരിടാന്‍ അദ്ദേഹത്തിന്റെ സഹകരണം ഏറെ സഹായിച്ചു. രണ്ടു സംസ്ഥാനത്തേയും പൊലീസ് സംവിധാനങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ്, പ്രശ്‌നം ക്രമേണ നിയന്ത്രണവിധേയമാകാന്‍ സഹായിച്ച ഒരു ഘടകം.

ദേശീയതലത്തില്‍ ശക്തിപ്രാപിച്ചുകൊണ്ടിരുന്ന മവോയിസ്റ്റ് പ്രസ്ഥാനം കേരളത്തിലേക്ക് അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മാവോയിസ്റ്റ് ദേശീയ നേതൃത്വം പശ്ചിമഘട്ടത്തിലെ കേരളവും കര്‍ണാടകവും തമിഴ്നാടും കൂടിച്ചേരുന്ന ആദിവാസി മേഖലകളില്‍ ശക്തമായി ചുവടുറപ്പിക്കാന്‍ തീരുമാനമെടുത്തിരുന്നു. മാവോയിസ്റ്റ് സ്വാധീനവും അക്രമവും വളരുന്ന സാഹചര്യം നേരിടാന്‍ ചില നടപടികള്‍ സ്വീകരിക്കാന്‍ അന്ന് കഴിഞ്ഞു. ആദിവാസികളുടെ പിന്നാക്കാവസ്ഥ ചൂഷണം ചെയ്ത് അവിടെ സ്വാധീനം വളര്‍ത്താന്‍ ശ്രമിക്കുന്ന ഇടതുപക്ഷ തീവ്രവാദത്തിന്റെ തന്ത്രം ജനാധിപത്യപരമായി ചെറുക്കാന്‍ കഴിയണം എന്നായിരുന്നു എന്റെ വീക്ഷണം. അതിന്റെ ഭാഗമായി ആദിവാസികളുടെ ജീവല്‍പ്രശ്‌നങ്ങള്‍ മുന്‍ഗണന നല്‍കി പരിഹരിക്കുന്നതിന് ഒരു റിപ്പോര്‍ട്ട് സര്‍ക്കാരില്‍ നല്‍കി. ചീഫ് സെക്രട്ടറി ആയിരുന്ന പ്രഭാകരന്‍ അത് ഗൗരവമായെടുത്ത്, ഉദ്യോഗസ്ഥതല യോഗങ്ങള്‍ നടത്തി നടപടികള്‍ സ്വീകരിച്ചിരുന്നു. ചില യോഗങ്ങളില്‍ ഞാനും പങ്കെടുത്തു. 

പൊലീസ് നടപടികളില്‍ ഉണ്ടാകുന്ന തെറ്റായ കാല്‍വെയ്പ്, അത് ചെറുതായല്‍ പോലും, ചൂഷണം ചെയ്യുന്നതില്‍ മാവോയിസ്റ്റുകള്‍ നല്ല വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്നു. അസൂത്രിതമായ പ്രചരണവും അവരുടെ ആയുധമായിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മവോയിസ്റ്റ് അക്രമം നേരിടണമെങ്കില്‍ പൊലീസ് സംവിധാനത്തിനു കൃത്യമായ ദിശാബോധം വേണമെന്ന് വ്യക്തമായിരുന്നു. മാവോയിസ്റ്റ് അതിസാഹസികതയ്ക്ക് പൊലീസ് അക്രമോത്സുകത പരിഹാരമല്ല. അക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മാത്രം ഒരു യോഗം ഞാന്‍ തൃശൂര്‍ പൊലീസ് ക്ലബ്ബില്‍വെച്ച് നടത്തി. 

തിരുവനന്തപുരത്തുനിന്ന് വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയിട്ടാണ് തൃശൂര്‍ക്ക് പോയത്. യാത്രയ്ക്കിടയില്‍ വായിക്കാനായി എം. സുകുമാരന്റെ, 'എന്റെ പ്രിയപ്പെട്ട കഥകള്‍' എന്ന പുസ്തകം എടുത്തിരുന്നു. വിമാനത്തില്‍വെച്ച് വായിച്ച കഥ 'ജലജീവികളുടെ രോദനം.' ആ കഥയാകട്ടെ, കേരളത്തിലെ പഴയകാല നക്സലൈറ്റ്-പൊലീസ് വിനിമയങ്ങളുടെ ഇരുണ്ട വശങ്ങളിലേയ്ക്ക് വെളിച്ചം വീശുന്നതായിരുന്നു. ''ജയ് റാം! ജയ് റാം!'' എന്നാണ് കഥ അവസാനിക്കുന്നത്. സൂചന, നക്സല്‍ പ്രസ്ഥാനത്തെ നേരിട്ട രീതിയുടെ പേരില്‍ വിമര്‍ശനവും പ്രശംസയും ഒരുപോലെ ഏറ്റുവാങ്ങിയ ജയറാം പടിക്കല്‍ ഐ.പി.എസ് തന്നെയാണ്. ആ യാത്രയില്‍, ഈ കഥ തന്നെ വായിക്കാനിടയായ ആകസ്മികത എന്നെ അത്ഭുതപ്പെടുത്തി. ഇന്നും അത്ഭുതപ്പെടുത്തുന്നു.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com