'ശബരിമലയില്‍ അപകടമുണ്ടായോ? ആളുകള്‍ക്ക് മരണം സംഭവിച്ചോ?'

ആ സംഘത്തിന്റെ തലവന്‍ ഗുരുസ്വാമി അന്‍പത് വര്‍ഷം മുന്‍പ് കുട്ടിക്കാലത്ത് സ്വന്തം അപ്പൂപ്പനോടും അച്ഛനോടും എല്ലാം ചേര്‍ന്ന് ശബരിമലയില്‍ വന്നുതുടങ്ങിയതാണ് 
'ശബരിമലയില്‍ അപകടമുണ്ടായോ? ആളുകള്‍ക്ക് മരണം സംഭവിച്ചോ?'

ബരിമല തീര്‍ത്ഥാടനം എന്നും എന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്. പ്രായം കൊണ്ടും അംഗ വൈകല്യം കൊണ്ടും ഒരു ചുവട് പോലും സ്വസ്ഥമായിവെയ്ക്കാന്‍ കഴിയാത്ത മനുഷ്യന്‍ നേര്‍ത്ത ശബ്ദത്തില്‍ 'സ്വാമിയേ അയ്യപ്പോ' വിളിച്ചുകൊണ്ട് മെല്ലെ മെല്ലെ മുന്നേറി മലമുകളില്‍ എത്തുന്ന അത്ഭുതം ഞാനവിടെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഒച്ചിഴയും പോലെ ക്ഷേത്രസന്നിധിയില്‍ സോപാനത്തിനു മുന്നില്‍ എത്തുന്ന ഈ ഭക്തന് അവിടുത്തെ തിക്കിലും തിരക്കിലും ഒരു നിമിഷാര്‍ദ്ധത്തെ അയ്യപ്പദര്‍ശനം മാത്രമാണ് ലഭിക്കുക. ആ നിര്‍വൃതി മാത്രം മതി എല്ലാ വേദനകളേയും മറികടക്കാന്‍. 

തിരുവനന്തപുരം റേഞ്ച് ഐ.ജി ആയിരിക്കേ ശബരിമലയുടെ ജോയിന്റ് പൊലീസ് കണ്‍ട്രോളര്‍ ചുമതലയില്‍ അവിടെ എത്തുമ്പോള്‍, കര്‍ണാടകയില്‍ കുടകിനടുത്തുനിന്ന് വന്ന ഒരു ചെറുസംഘത്തെ ഞാന്‍ കണ്ടത് ശരംകുത്തിയില്‍നിന്നും ഉള്ളിലോട്ട് മാറി കാട്പിടിച്ച ഒരിടത്താണ്. ആ സംഘത്തിന്റെ തലവന്‍ ഗുരുസ്വാമി അന്‍പത് വര്‍ഷം മുന്‍പ് കുട്ടിക്കാലത്ത് സ്വന്തം അപ്പൂപ്പനോടും അച്ഛനോടും എല്ലാം ചേര്‍ന്ന് ശബരിമലയില്‍ വന്നുതുടങ്ങിയതാണ്. ഇപ്പോള്‍ അദ്ദേഹത്തോടൊപ്പം മക്കളും പേരക്കുട്ടികളും കൂടെയുണ്ട്; അയ്യപ്പഭക്തി തലമുറയില്‍നിന്ന് തലമുറയിലേക്ക് കൈമാറുന്നതിന്റെ ദൃശ്യം. വളരെ പരിമിതമായ സൗകര്യങ്ങളില്‍ ഒതുങ്ങിക്കൂടി മകരജ്യോതിയും കണ്ടേ അവര്‍ മടങ്ങുകയുള്ളു. ഭക്തി എന്ന വികാരം മാത്രം ഉള്‍ക്കൊണ്ട് അതിന്റെ സാക്ഷാല്‍ക്കാരത്തിനു ഭൗതികമായ എന്ത് ദുരിതവും പേറാന്‍ തയ്യാറാകുന്ന ഇങ്ങനെയുള്ള ധാരാളം ഭക്തര്‍ അവിടെ എത്തുന്നുണ്ട്. അത്ഭുതവും ആദരവും ഉണര്‍ത്തുന്ന സാധാരണ മനുഷ്യര്‍. 

ഇതിനു നേര്‍വിപരീത സ്വഭാവമുള്ള ഭക്തരേയും അവിടെ കാണാം. അത്തരം ഒരയ്യപ്പന്‍ എന്റെ പിറകെ കൂടി. അദ്ദേഹത്തിന് മകരജ്യോ തി കാണാന്‍ സന്നിധാനത്ത് ക്ഷേത്രത്തിനടുത്ത് വി.ഐ.പി പരിഗണനയില്‍ ഒരിടം വേണം. അത് സാദ്ധ്യമല്ലെന്നു ക്ഷമയോടെ പറഞ്ഞിട്ടും എന്നെ വിടാതെ ശല്യം ചെയ്തു. ഐ.ജി വിചാരിച്ചാല്‍ അത് നിസ്സാരമാണെന്നാണ് ഭക്തന്‍ പറയുന്നത്. അവസാനം ആ ഭക്തന്‍ എന്നെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിച്ചു എന്ന് വേണമെങ്കില്‍ പറയാം. എന്‍ജിനീയറിംഗ് കഴിഞ്ഞ് ജോലിയാകാതെ നില്‍ക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കു ജോലി കൊടുക്കാമെന്നായി അയാള്‍. അയാളുടെ സഹോദരന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായ വലിയൊരു ഐ.ടി കമ്പനിയുടെ ഉന്നത ഉദ്യോ ഗസ്ഥനാണത്രെ. ഇങ്ങനെയൊക്കെയുള്ള ഭക്തരും അവിടെ വരുന്നുണ്ട്. വിശ്വാസികളുടെ ആവശ്യങ്ങളേയും ദൗര്‍ബ്ബല്യങ്ങളേയും ചൂഷണം ചെയ്യുന്ന ഏര്‍പ്പാടുകളും കണ്ടിട്ടുണ്ട്. സ്വാര്‍ത്ഥമായ ഭൗതികനേട്ടങ്ങള്‍ക്ക് നല്ലൊരു മറയാണല്ലോ ഭക്തിയും വിശ്വാസവും. മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട മുഖം ഒരുപാട് കണ്ടിട്ടുള്ള എന്നിലെ പൊലീസ് ഉദ്യോഗസ്ഥനെ അത് അത്ഭുതപ്പെടുത്തുന്നില്ല. 

ശബരിമലയിലെത്തുന്ന സാധാരണ ഭക്തനെ സംബന്ധിച്ചിടത്തോളം ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് അവസാനം ദര്‍ശനത്തിനായി സോപാനത്ത് അയ്യപ്പന്റെ മുന്നില്‍ എത്തുന്നത്. മണിക്കൂറുകളോളം ക്യൂ നിന്ന്, പതിനെട്ടാംപടി കയറി, പിന്നെയും ക്യൂവിലൂടെ സോപാനത്തിനു മുന്നിലെത്തുമ്പോള്‍ അയ്യപ്പവിഗ്രഹം കാണുവാന്‍ ഭക്തര്‍ക്കു നിമിഷങ്ങള്‍ മാത്രമേ ലഭിക്കൂ. അവിടെ പൊലീസിന് തള്ളിമാറ്റേണ്ടിവരും. ഭക്തരെ, സ്വന്തം ഇഷ്ടപ്രകാരം നീങ്ങട്ടെ എന്ന് കരുതി പൊലീസ് ഇടപെടാതിരുന്നാല്‍ ദര്‍ശനത്തിന്റെ നിര്‍വൃതിയില്‍ ഓരോ ഭക്തനും എത്രസമയം വേണമെങ്കിലും അവിടെ നില്‍ക്കും. അത്, അക്ഷമരായി പിന്നാലെ നില്‍ക്കുന്നവരുടെ തിക്കും തിരക്കും വര്‍ദ്ധിപ്പിച്ച് വലിയ അപകടങ്ങളിലേയ്ക്ക് നയിക്കാം. അത്തരം ദുരന്തങ്ങള്‍ ഒഴിവാക്കുക എന്നതാണ് ശബരിമലയില്‍ പൊലീസ് സംവിധാനത്തിന്റെ പ്രധാന വെല്ലുവിളി.

ഭക്തജന വിവേചനം

എന്റെ അനുഭവത്തില്‍ ശബരിമലയില്‍ പൊലീസിന്റെ ജോലി ദുഷ്‌കരമാക്കുന്നത് അവിടെ നടപ്പാക്കേണ്ടിവരുന്ന ഭക്തജന വിവേചനമാണ്. ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ മണിക്കൂറുകളോളം നിലയ്ക്കല്‍ മുതല്‍ ക്യൂ നിന്ന് കഷ്ടപ്പെട്ട് മുന്നേറുമ്പോള്‍ ഇതൊന്നും ബാധകമല്ലാത്ത ധാരാളം വി.ഐ.പി ഭക്തരുമുണ്ട്. അവിടെ പോയ ഘട്ടങ്ങളിലെല്ലാം ഞാനും ഒരു വി.ഐ.പി ഭക്തനായിരുന്നുവെന്ന് പറഞ്ഞുകൊള്ളട്ടെ. പമ്പയില്‍നിന്ന് ദുഷ്‌കരമായ കയറ്റം കയറി മരക്കൂട്ടത്തിലെത്തുമ്പോള്‍ സാദാ ഭക്തന്മാര്‍ ശരംകുത്തി വഴി നീണ്ട ക്യൂവിലാകുമ്പോള്‍ വി.ഐ.പി ഭക്തര്‍ ചന്ദ്രാനന്ദന്‍ റോഡ് എന്ന കുറുക്കുവഴിയിലൂടെ നേരെ സന്നിധാനത്തേക്ക് നീങ്ങുന്നു. ഈ ഏര്‍പ്പാട് നടപ്പാക്കുക പൊലീസിനു വളരെ ദുഷ്‌കരമാണ്. ഈ വിവേചനം പൊലീസ് ഉദ്യോഗസ്ഥന്റെ സൃഷ്ടിയല്ലെങ്കിലും അതവിടെ നടപ്പാക്കേണ്ടത് പൊലീസാണ്. വലിയ തിക്കിനും തിരക്കിനുമിടയില്‍ വി.ഐ.പി പരിഗണനയ്ക്കുള്ള ശുപാര്‍ശക്കത്തുകള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വാങ്ങി കീറിക്കളയുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകാറുണ്ട്. അത് പിന്നീട് പരാതിയും പ്രശ്‌നവും സൃഷ്ടിക്കുകയും ചെയ്യാം. ശബരിമലയില്‍ പ്രകടമായ വിവേചനം ദൃശ്യമാകുന്ന ഒരിടം സാക്ഷാല്‍ സോപാനം തന്നെയാണ്. സാദാ ഭക്തന്മാരെ പൊലീസ് തള്ളിമാറ്റുന്നതുകൊണ്ട് ദര്‍ശനം വേഗത്തില്‍ കഴിയും. വി.ഐ.പി പരിഗണനയിലുള്ള ദര്‍ശനം സോപാനത്തിനുള്ളില്‍ സമയപരിധിയില്ലാത്തതാണ്. എല്ലാ ഭക്തരും തുല്യരല്ല ദൈവസന്നിധിയില്‍ പോലും എന്ന് തോന്നിപ്പോകും. ദേവസ്വം, പൊലീസ്, മാധ്യമം തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ ഇതില്‍ പങ്കാളികളാണ്. 

ശബരിമല തീര്‍ത്ഥാടനം ജുഡിഷ്യറിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായപ്പോള്‍ ഇത്തരം വിവേചനം ഇല്ലാതാകും എന്ന് പണ്ട് എനിക്ക് തോന്നിയിട്ടുണ്ട്. അത് എന്റെ അന്നത്തെ വിവരക്കേട്. ഫലത്തില്‍ ജുഡിഷ്യല്‍ വി.ഐ.പി ഭക്തരുടെ എണ്ണവും വര്‍ദ്ധിച്ചു എന്നേയുള്ളു. ഞാന്‍ ആലപ്പുഴ എസ്.പി ആയിരിക്കുമ്പോള്‍ അവിടെ ജില്ലാജഡ്ജിയായിരുന്ന കൃഷ്ണന്‍നായരായിരുന്നു ശബരിമലയില്‍ ആദ്യം നിയോഗിക്കപ്പെട്ട ജുഡിഷ്യല്‍ ഉദ്യോഗസ്ഥന്‍. അന്നതൊരു വലിയ സംഭവം തന്നെയായിരുന്നു. ശബരിമലയില്‍ കണ്ട സര്‍വ്വവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരം 'ജഡ്ജിസ്വാമി' എന്ന നിലയില്‍ ധാരാളം വാര്‍ത്തകള്‍ അന്ന് പത്രങ്ങളില്‍ നിറഞ്ഞു. ജുഡിഷ്യറിയുടെ ഇടപെടലിനെക്കുറിച്ച് അന്നത്തെ പ്രതീക്ഷ വലുതായിരുന്നു. എന്നാല്‍, 'ജഡ്ജിസ്വാമി' എന്നോട് പറഞ്ഞത്, ഇതൊരു സ്ഥിരം ഏര്‍പ്പാടാക്കാന്‍ പാടില്ലെന്നും ഒറ്റത്തവണകൊണ്ട് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നുമാണ്. പക്ഷേ, അതല്ലല്ലോ സംഭവിച്ചത്. 'ജഡ്ജിസ്വാമി' എന്തെങ്കിലും പരിഹരിക്കും എന്ന് പണ്ടത്തെപ്പോലെ കേള്‍ക്കുന്നുമില്ല. അടിസ്ഥാനപരമായി എക്സിക്യൂട്ടീവ് സ്വഭാവമുള്ള ജോലി ജുഡിഷ്യല്‍ ഉദ്യോഗസ്ഥന്‍ ഏറ്റെടുത്താല്‍ മെച്ചപ്പെടും എന്ന് കരുതുന്നതില്‍ യുക്തിയൊന്നും കാണുന്നില്ല. 

റേഞ്ച് ഐ.ജി ആയിരിക്കെ ഒരു പൊലീസ് പ്രതിഷേധം ശബരിമലയെ ഏതാനും മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തി. പുതിയ കേരളാ പൊലീസ് ആക്ട് നിര്‍മ്മാണം അന്തിമഘട്ടത്തിലേയ്ക്ക് നീങ്ങുന്ന സന്ദര്‍ഭമായിരുന്നു അത്. ഒരു ദിവസം രാത്രി 8 മണിയോടെ പൊലീസ് അസ്സോസിയേഷന്‍ ഭാരവാഹിയായിരുന്ന സി.ആര്‍. ബിജു എന്നെ ഫോണില്‍ വിളിച്ചു. പുതിയ പൊലീസ് നിയമവുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍ ദൂരീകരിക്കാനും മറ്റുമാണ് വിളിച്ചത്. അല്പം വിശദമായി അക്കാര്യം സംസാരിച്ചു. ഫോണ്‍ വച്ച ഉടന്‍ വീണ്ടും ബിജു വിളിച്ചു. ''സാര്‍ ശബരിമലയില്‍ എന്തോ പ്രശ്‌നമുണ്ടായിട്ടുണ്ട്. ഒരു പൊലീസുകാരനെ മേലുദ്യോഗസ്ഥന്‍ അടിച്ചതായി പറയുന്നു.'' വളരെ ഉല്‍ക്കണ്ഠയോടെയാണ് അയാള്‍ വിളിച്ചത്. ഞാനുടനെ സന്നിധാനത്ത് ചുമതലയുണ്ടായിരുന്ന എസ്.പി വിജയകുമാറിനെ വിളിച്ചു. അവിടെ നടപ്പന്തലിനടുത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനെ ഏറ്റവും ജൂനിയറായ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്തതായി പരാതിയുണ്ടായി. അതേത്തുടര്‍ന്ന് പൊലീസുകാരന്‍ ആശുപത്രിയിലേയ്ക്ക് പോയത്രെ. സംഭവം കേട്ടറിഞ്ഞ കുറേ പൊലീസുകാര്‍ എസ്.പിയുടെ ഓഫീസിന്റെ വെളിയില്‍ ഒത്തുകൂടി. അവര്‍ 'സ്വാമിയേ, അയ്യപ്പോ' എന്ന് കൂട്ടമായി വിളിച്ചുകൊണ്ടിരുന്നു. ശബരിമലയില്‍ ആര്‍ക്കും അയ്യപ്പനെ വിളിക്കാം. പക്ഷേ, ഇവിടുത്തെ ശരണം വിളി പ്രതിഷേധത്തിന്റെ ശൈലിയിലായിരുന്നു. ഒരുപാട് ചിന്തകള്‍ മനസ്സില്‍ തിങ്ങിക്കൂടി. ആയിരക്കണക്കിന് പൊലീസുകാര്‍ ഒരുമിച്ച് ചെറിയൊരു സ്ഥലത്ത് ക്യാമ്പ് ചെയ്ത് ജോലിനോക്കുന്ന ഇടമാണ് ശബരിമല. സംസ്ഥാനത്തിന്റെ തെക്കുമുതല്‍ വടക്കുവരെ പലേടത്തു നിന്നും ഡ്യൂട്ടിക്കെത്തിയവരാണ്. കിംവദന്തികള്‍ പ്രചരിക്കാനെളുപ്പമാണ്. തെറ്റായ ധാരണയില്‍ ആരുടെയെങ്കിലും ചോരത്തിളപ്പില്‍ തെറ്റായ പ്രതികരണം ഉണ്ടായാല്‍ അത് വേഗം ആളിപ്പടരാം. ഞാനുടനെ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് സാറിനെ വിവരം അറിയിച്ചു. ശബരിമല സന്നിധാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പല ഡി.വൈ.എസ്.പിമാരേയും മറ്റു ഉദ്യോഗസ്ഥരേയും എനിക്കു നേരിട്ട് അറിയാമായിരുന്നു. പല ഉദ്യോഗസ്ഥരുമായും നേരിട്ട് ഞാന്‍ തുടരെ സംസാരിച്ച് സ്ഥിതിഗതികള്‍ കൃത്യമായി മനസ്സിലാക്കി. അങ്ങേയറ്റം വന്നാല്‍ പൊലീസുകാരനെ എ.എസ്.പി പിടിച്ചു തള്ളിയിരിക്കാം എന്നതിനപ്പുറം 'അടിച്ചുവെന്നത്' ശരിയല്ലെന്നു തോന്നി. അതെന്തുതന്നെ ആയാലും ഉണ്ടായ സംഭവത്തിനു കൃത്യമായ അന്വേഷണം നടത്തി വസ്തുതകള്‍ മനസ്സിലാക്കി നടപടി സ്വീകരിക്കാം എന്ന സന്ദേശം നല്‍കാനാണ് ശ്രമിച്ചത്. തെറ്റിദ്ധാരണ പരക്കാതിരിക്കാന്‍ പ്രത്യേകം കരുതലുകള്‍ എടുത്തു. 'സ്വാമി ശരണം' വിളിയുമായി പൊലീസ് ഓഫീസിനു പുറത്തുകൂടിയവര്‍ വലിയ വികാരാവേശം പ്രകടിപ്പിക്കുന്നില്ലായിരുന്നുവെന്നതില്‍ അല്പം ആശ്വാസം തോന്നി. അടിസ്ഥാനപരമായ അച്ചടക്കബോധം ഓരോരുത്തരുടേയും ഉള്ളില്‍ ഉണ്ടായിരുന്നിരിക്കണം. പക്ഷേ, ശരണംവിളി നീണ്ടുപോയാല്‍ അത് അപ്രതീക്ഷിത സംഭവങ്ങളിലേയ്ക്ക് നീങ്ങാം. പൊലീസ് അസ്സോസിയേഷന്‍ ഭാരവാഹികളും പ്രശ്‌നം വഷളാകാതിരിക്കാന്‍ നല്ല ഇടപെടല്‍ നടത്തി. ഇതു ശബരിമലയാണ്, വ്യക്തിപരമായ പരാതിയുടെ പേരില്‍ ഇവിടെ പ്രശ്‌നമുണ്ടായാല്‍ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കും എന്ന സന്ദേശവും കൃത്യമായി നല്‍കാന്‍ കഴിഞ്ഞു. പ്രശ്‌നം വലുതാകാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞുവെങ്കിലും 'ശരണംവിളിക്കാര്‍' പെട്ടെന്ന് പിരിഞ്ഞില്ല. ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രശ്‌നങ്ങളെ മറ്റൊരു തലത്തിലേയ്ക്ക് ഉയര്‍ത്തുന്നത് മാധ്യമങ്ങളാണ്. അതുണ്ടാകുന്നത് മിക്കപ്പോഴും തല്പരകക്ഷികള്‍ വിഷയം ചോര്‍ത്തിനല്‍കുന്നതുകൊണ്ടാണ്. സാധാരണഗതിയില്‍ പ്രതിഷേധ ശരണംവിളിക്കാരാണ് അതിനു മുതിരേണ്ടത്. പക്ഷേ, പൊലീസുകാര്‍ അതിനു മുതിര്‍ന്നില്ല എന്നാണെന്റെ ബോദ്ധ്യം. വ്യവസ്ഥാപിത പൊലീസ് സംവിധാനം സജീവമായി ഇടപെട്ടു എന്നത് അവരെ വിശ്വാസത്തിലെടുക്കാന്‍ സഹായിച്ചിരിക്കാം. ഏതു നിമിഷവും ചാനലുകളില്‍ ഒരു ബ്രേക്കിംഗ് ന്യൂസ് പ്രതീക്ഷിച്ചുകൊണ്ടു തന്നെയാണ് ഞങ്ങള്‍ മുന്നോട്ടുപോയത്. 

ഏതാണ്ട് മൂന്നു മണിക്കൂറെങ്കിലും കഴിഞ്ഞിരിക്കണം ശരണംവിളി പ്രതിഷേധക്കാര്‍ ബാരക്കിലേക്ക് മടങ്ങാന്‍. ഇടതടവില്ലാതെ ഫോണ്‍ വിളികളായിരുന്നു എനിക്ക് ആ സമയം മുഴുവന്‍. പൊലീസുകാര്‍ ശരണംവിളി അവസാനിപ്പിച്ചപ്പോള്‍ എന്റെ മനസ്സില്‍ 'ശരണമയ്യപ്പാ' വിളി ഉയര്‍ന്നിരിക്കണം. എല്ലാം കഴിഞ്ഞ്, അര്‍ദ്ധരാത്രിയോടെ അങ്ങേയറ്റം അസ്വസ്ഥനായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് രാജഗോപാലന്‍ നായര്‍ എന്നെ വിളിച്ചു. ''ശബരിമലയില്‍ പൊലീസ് എന്താണ് കാട്ടിക്കൂട്ടുന്നത്?'' കുറ്റാരോപണത്തിന്റെ സ്വരം വാക്കുകളില്‍ ഉള്ളതുപോലെ തോന്നി. അപ്പോഴാണ് വിഷയം ഏതോ വാര്‍ത്താചാനലില്‍ പ്രത്യക്ഷപ്പെട്ടത്. ആത്മവിശ്വാസത്തോടെ ഞാന്‍ മറുപടി നല്‍കി: ''ശബരിമലയില്‍ ഒരു പ്രശ്‌നവുമില്ല. നേരത്തെ ഒരു പ്രശ്‌നമുണ്ടായിരുന്നു. അത് പരിഹരിച്ചു.''

പുല്ലുമേട് ദുരന്തം ദുരൂഹതകള്‍

അങ്ങനെയൊക്കെയാണ് മകരവിളക്കെത്തിയത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ പരിസമാപ്തി അതാണല്ലോ. ആ ദിവസം സന്നിധാനം ജനനിബിഡമായിരിക്കും. അവിടെ സൂചികുത്താനിടമുണ്ടാകില്ല. സന്നിധാനത്തുനിന്ന് മകരജ്യോതി കണ്ട് തൊഴുത് മടങ്ങാന്‍ ഏറെ ദിവസങ്ങളായി അവിടെ തങ്ങുന്ന ജനസഞ്ചയത്തെ തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകാതെ സുരക്ഷിതരാക്കാന്‍ പൊലീസ് വലിയ ജാഗ്രതയിലായിരിക്കും. ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്ത് മാത്രമല്ല, സമീപത്തുള്ള സര്‍വ്വ ഉയര്‍ന്ന സ്ഥലങ്ങളിലും മകരജ്യോതി ദര്‍ശനത്തിന് അയ്യപ്പന്മാര്‍ കയറിപ്പറ്റും. ഭക്തിയുടെ ആവേശത്തില്‍ സുരക്ഷിതത്വബോധം പമ്പ കടക്കും. ആ ഘട്ടത്തില്‍ പലപ്പോഴും അപകടം ഒഴിവാകുന്നത് ഭാഗ്യംകൊണ്ടും കൂടിയാണ്. മകരജ്യോതി പ്രത്യക്ഷപ്പെടുന്ന സമയത്ത് ഞാന്‍ സന്നിധാനത്ത് പതിനെട്ടാംപടി കയറി ചെല്ലുന്നതിന്റെ തെക്കുഭാഗത്ത് നില്‍ക്കുകയായിരുന്നു. അയ്യപ്പന്മാര്‍ മകരജ്യോതി ദര്‍ശിച്ച ശേഷം എത്രയും വേഗം മടക്കയാത്ര തുടങ്ങും. അതോടെ സന്നിധാനത്തെ പൊലീസ് ക്രമീകരണത്തിന്റെ ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളി ഏകദേശം അവസാനിക്കും എന്നൊക്കെ മനസ്സില്‍ കരുതി. മകരജ്യോതി കഴിഞ്ഞ ഉടന്‍ സന്നിധാനത്ത് ഭക്തരുടെ ഏറ്റവും വലിയ തിരക്കും അപകടസാധ്യതയും ഉള്ള സ്ഥലം വടക്കേനടയാണ്. അതുവഴി ഭക്തര്‍ ആവേശത്തോടെ എല്ലാ നിയന്ത്രണവും ലംഘിച്ച് തള്ളിക്കയറാന്‍ ശ്രമിക്കും. അതുകൊണ്ട് ഞാന്‍ വേഗം വടക്കേനട ഭാഗത്തേയ്ക്ക് പോയി. അവിടെ ക്യൂവിലേയ്ക്ക് തള്ളിക്കയറാന്‍ ഒരു ഭാഗത്തുനിന്ന് അയ്യപ്പന്മാര്‍ ഓടി അടുക്കുന്നുണ്ടായിരുന്നു. അത് ഉടന്‍ നിയന്ത്രിച്ചില്ലെങ്കില്‍ അപകടം ഉണ്ടാകാനുള്ള സാദ്ധ്യത വലുതായിരുന്നു. അവരെ വടംകെട്ടിയും അല്ലാതേയും നിയന്ത്രിക്കാന്‍ പൊലീസ് നന്നേ പാടുപെട്ടു. സംസ്ഥാന പൊലീസിലേയും കേന്ദ്രസേനയായ എന്‍.ഡി.ആര്‍.എഫിലേയും ഉദ്യോഗസ്ഥര്‍ ഒരുമിച്ച് ശ്രമിക്കുന്നതിനിടയില്‍ ഡി.വൈ.എസ്.പി പി.കെ. മധു എങ്ങനെയോ ജനക്കൂട്ടത്തിനിടയിലായി. ശക്തമായ ഇടിച്ചുകയറ്റത്തില്‍ മധു ഒരു തൂണിനു മുന്നില്‍ അകപ്പെട്ടു പോകുന്നത് തൊട്ടപ്പുറത്ത് നില്‍ക്കുന്ന ഞാന്‍ കണ്ടു. അപകടമാണല്ലോ എന്ന് തിരിച്ചറിയുമ്പോഴേക്കും അയാള്‍ ഞെങ്ങി ഞെരുങ്ങി തൂണിനോട് ചേര്‍ന്നിരിക്കുന്ന അവസ്ഥയിലായി. എന്‍.ഡി.ആര്‍.എഫിലേയും സംസ്ഥാന പൊലീസിലേയും ഉദ്യോഗസ്ഥര്‍ അത്യദ്ധ്വാനം ചെയ്താണ് മധുവിനെ രക്ഷപ്പെടുത്തിയത്. അയാളുടെ ഒരു കൈ ഒടിഞ്ഞുതൂങ്ങിയ അവസ്ഥയിലായിരുന്നുവെങ്കിലും ജീവന്‍ രക്ഷപ്പെട്ടതില്‍ ആശ്വാസം തോന്നി. ആ ഘട്ടത്തില്‍ എന്‍.ഡി.ആര്‍.എഫിന്റെ മലയാളിയായ ഡെപ്യൂട്ടി കമാണ്ടന്റ് വിജയന്‍ ഉജ്ജ്വലമായ പ്രവര്‍ത്തനം നടത്തി. 

കുറെ സമയംകൊണ്ട് സന്നിധാനത്തെ ആള്‍ക്കൂട്ട സമ്മര്‍ദ്ദം കുറയാന്‍ തുടങ്ങി. അവിടെ തമ്പടിച്ചിരുന്നവര്‍ മകരജ്യോതി കണ്ടുകഴിഞ്ഞപ്പോള്‍ അതിവേഗം പമ്പയെ ലക്ഷ്യമാക്കി നീങ്ങി. ഞാനും പമ്പയിലേയ്ക്ക് തിരിച്ചു. ഡി.വൈ.എസ്.പി മധുവിന്റെ അപകടം മാത്രമേ ഉണ്ടായുള്ളുവല്ലോ എന്നാശ്വസിച്ച് പമ്പയിലെത്തി. അവിടെനിന്ന് നിലക്കലേയ്ക്ക് പോകുമ്പോള്‍ ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എന്നെ മൊബൈലില്‍ വിളിച്ചു. ''ശബരിമലയില്‍ അപകടമുണ്ടായോ? ആളുകള്‍ക്ക് മരണം സംഭവിച്ചോ?'' എന്ന് ചോദിച്ചു. ''ഇല്ല സാര്‍, ശബരിമലയില്‍ ഒന്നും സംഭവിച്ചിട്ടില്ല. ഞാന്‍ സന്നിധാനത്തുനിന്ന് ഇപ്പോള്‍ പമ്പയിലെത്തിയതേയുള്ളു.'' ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. എന്തോ അത്യാഹിതവും മരണവും ഉണ്ടായതായി വിവരം വരുന്നതായി അദ്ദേഹം പറഞ്ഞു. ഫോണ്‍ കൃത്യമായി ലഭിക്കുന്നുണ്ടായിരുന്നില്ല. ഉടനെ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് സാര്‍ വിളിച്ചു. ഇടുക്കി ജില്ലയിലെ പുല്ലുമേട് എന്നാദ്യം കേള്‍ക്കുന്നത് അപ്പോഴാണ്. അവിടെ മകരജ്യോതി കാണാന്‍ കൂടിയ ഭക്തര്‍ അപകടത്തില്‍പ്പെട്ടു വലിയ ദുരന്തം ഉണ്ടായതായി അദ്ദേഹം പറഞ്ഞു. ഞാനപ്പോള്‍ പമ്പയ്ക്കും നിലയ്ക്കലിനും ഇടയിലായിരുന്നു. ഉടനെ പുല്ലുമേടിലേയ്ക്ക് തിരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. അദ്ദേഹവും തിരുവനന്തപുരത്തുനിന്ന് അങ്ങോട്ടേയ്ക്ക് തിരിക്കുകയാണെന്നും പറഞ്ഞു. 

ഞാന്‍ ഉടനെ അങ്ങോട്ട് തിരിച്ചു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ ഒരു വലിയ ദുരന്തസാദ്ധ്യത ഉന്നത തലത്തില്‍ ആരും മുന്‍കൂട്ടി കണ്ടിരുന്നില്ല. ഞാന്‍ വണ്ടിപ്പെരിയാറില്‍ എത്തുമ്പോള്‍ അര്‍ദ്ധരാത്രി കഴിഞ്ഞിരിക്കണം. ദുരന്തത്തില്‍ മരണമടഞ്ഞ ഏതാനും പേരുടെ മൃതദേഹങ്ങള്‍ അവിടെ ആശുപത്രിയില്‍ ഉണ്ടെന്നറിഞ്ഞ് അങ്ങോട്ട് പോയി. ഏതാനും ചെറുപ്പക്കാരുടെ ജീവനറ്റ ദേഹങ്ങള്‍ അവിടെ കണ്ടു. ദേഹത്ത് പ്രത്യക്ഷത്തില്‍ പരിക്കൊന്നും കണ്ടില്ല. തിക്കിലും തിരക്കിലും പെട്ട് നിലത്തുവീണ് കഴിഞ്ഞാല്‍ പിന്നാലെ വന്നുവീഴുന്ന ആള്‍ക്കൂട്ടത്തിനടിയില്‍പെട്ട് ആന്തരാവയവങ്ങള്‍ തകര്‍ന്നിരിക്കാം. എം.എല്‍.എ ഇ.എസ്. ബിജിമോള്‍, എം.പി പി.ടി. തോമസ് എന്നിവര്‍ ഉള്‍പ്പെടെ ഏതാനും പൊതുപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിയിരുന്നു. അവിടെ ഉണ്ടായിരുന്ന പൊലീസുകാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം പുല്ലുമേട്ടിലേയ്ക്ക് പോകാമെന്നു കരുതി ഞാന്‍ പുറത്തിറങ്ങി. അല്പം മുന്നോട്ടു പോയപ്പോള്‍ എതിരെ പ്രതിപക്ഷനേതാവായ ഉമ്മന്‍ചാണ്ടിയുടെ വാഹനം ആശുപത്രി ഭാഗത്തേയ്ക്ക് പോകുന്നതു കണ്ടു. സ്ഥലത്തേയ്ക്ക് വന്നുകൊണ്ടിരുന്ന ജേക്കബ്ബ് പുന്നൂസ് സാറിനെ വിവരങ്ങള്‍ അറിയിച്ച് തുടര്‍ന്ന് സ്വീകരിക്കേണ്ട അടിയന്തര നടപടികളെക്കുറിച്ച് ധാരണയുണ്ടാക്കി. പുല്ലുമേട്ടിലേക്കുള്ള വഴിയില്‍ കോഴിക്കാനത്തെത്തുമ്പോള്‍ അവിടെ കെ.എസ്.ആര്‍.ടി.സി ബസ് കാത്തുനിന്നിരുന്ന കുറേ അയ്യപ്പന്മാരേയും നാട്ടുകാരേയും ഏതാനും പത്രപ്രവര്‍ത്തകരേയും കണ്ടു. അവരോട് വിവരങ്ങള്‍ തിരക്കിയ ശേഷം ദുരന്തമുണ്ടായ സ്ഥലത്തേയ്ക്ക് ഒരു പൊലീസ് ജീപ്പില്‍ പുറപ്പെട്ടു. പുറപ്പെടാന്‍ നേരം ഇരുട്ടില്‍ ഒരാള്‍ മനോരമാ ന്യൂസിന്റെ റിപ്പോര്‍ട്ടറാണെന്നും അവര്‍ കൂടി കയറിക്കോട്ടെയെന്നും ചോദിച്ചു. അങ്ങനെ സംഭവ സ്ഥലത്തെത്താന്‍ നിവൃത്തിയില്ലാതെ നിന്ന ചില പത്രപ്രവര്‍ത്തകരും ജീപ്പില്‍ കയറി. ദുര്‍ഘടമായ ആ റോഡിലൂടെ ദുരന്തമുണ്ടായി എന്നു പറയുന്ന ഉപ്പുപാറയിലെത്തുമ്പോള്‍ വെളുപ്പിന് മൂന്ന് മണിയായിരുന്നു. ജില്ലാ പൊലീസ് സൂപ്രണ്ട് ജോര്‍ജ് വര്‍ഗീസ് സ്ഥലത്തുണ്ടായിരുന്നു. മരണപ്പെട്ടവരേയും പരിക്കേറ്റവരേയും എല്ലാം അവിടെനിന്ന് വണ്ടിപ്പെരിയാറിലേയ്ക്കും കുമളിയിലേയ്ക്കും മാറ്റിക്കഴിഞ്ഞിരുന്നു. അല്പം കഴിഞ്ഞ് ഇടുക്കി ജില്ലയുടെ ചുമതലയുണ്ടായിരുന്ന എറണാകുളം ഐ.ജി സന്ധ്യയും അവിടെ എത്തി. ദുരന്തത്തില്‍പ്പെട്ട അയ്യപ്പന്‍മാരുടെ വസ്തുവകകള്‍ അവിടെയെല്ലാം ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ഒരുപാട് തുണിക്കഷണങ്ങളും കുറെ പാത്രങ്ങളും ചെരുപ്പുകളും അവിടെ കണ്ടു. ചെരുപ്പുകള്‍ താരതമ്യേന കുറവായിരുന്നു. മിക്ക അയ്യപ്പന്മാരും കാട്ടിലൂടെയും മറ്റും നടക്കുന്നത് ചെരുപ്പില്ലാതെയായിരുന്നിരിക്കണം. ചില ജീപ്പുകളും ഓട്ടോറിക്ഷയും സ്ഥലത്ത് കിടക്കുന്നുണ്ടായിരുന്നു. ദുരന്തത്തിന്റെ തീവ്രത അപ്പോഴേയ്ക്കും ഏതാണ്ട് വ്യക്തമായി. 

പക്ഷേ, ആ സ്ഥലത്ത് എങ്ങനെ ഇത്ര വലിയ ദുരന്തം ഉണ്ടായി എന്നത് ദുരൂഹമായിരുന്നു. 102 പേരുടെ ജീവന്‍ അപഹരിച്ച ആ ദുരന്തത്തിനിരയായവരില്‍ സിംഹഭാഗവും തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്ര എന്നീ സംസ്ഥാനക്കാരായിരുന്നു. മകരജ്യോതി ദര്‍ശിക്കുന്നതിനും സന്നിധാനത്തെത്തുന്നതിനും പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍പെടുന്ന ഈ മാര്‍ഗ്ഗം കൂടുതലായി തെരഞ്ഞെടുത്തിരുന്നത് ഇതര സംസ്ഥാനക്കാരായിരുന്നു. അടുത്ത ദിവസം നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് അയയ്ക്കും വരെ ഞാനും അവിടെയുണ്ടായിരുന്നു. അന്നു പകല്‍ ഡി.ജി.പിയോടൊപ്പം പുല്ലുമേട്ടിലെ കുന്നും സമതലവും എല്ലാം ചുറ്റിക്കറങ്ങുമ്പോഴും ദുരന്തം അവിശ്വസനീയമായി തോന്നി. തിക്കും തിരക്കും മൂലം അപകടം സാധാരണഗതിയില്‍ പ്രതീക്ഷിക്കുന്ന ഇടത്തായിരുന്നില്ല അത് സംഭവിച്ചത്. പുല്ലുമേട്ടിലെ കുന്നിന്‍മുകളില്‍നിന്നും ജ്യോതി കണ്ടശേഷം ഏതാണ്ട് അരമണിക്കൂര്‍ എങ്കിലും കഴിഞ്ഞാണ് ദുരന്തം സംഭവിച്ചത്. ദുരന്തസ്ഥലമാകട്ടെ, മകരജ്യോതി ദര്‍ശിക്കാനായി ഭക്തര്‍ കയറിനിന്ന കുന്നുകളില്‍നിന്നും രണ്ടു കിലോമീറ്ററോളം അകലെ വളരെ വിശാലമായ ഭൂപ്രദേശമായിരുന്നു. മകരജ്യോതി കണ്ടശേഷം അതിവേഗം മടങ്ങാന്‍ തുടങ്ങിയ ഭക്തര്‍ അപകടത്തില്‍പ്പെടുന്നതിനു തൊട്ടുമുന്‍പ് ഇരുവശത്തായി നിര്‍മ്മിച്ചിട്ടുള്ള താല്‍ക്കാലിക ഷെഡുകള്‍ക്കിടയിലൂടെ വന്നവരാണ്. വനംവകുപ്പിനു കീഴിലുള്ള ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റിക്കാര്‍ നിര്‍മ്മിച്ച ഈ ഷെഡുകളുടെ ഇടയിലെ വീതി ഏതാണ്ട് ആറടിയാണ്. ആ വഴിയിലൂടെ ഇരുട്ടില്‍ നടക്കുമ്പോള്‍, തങ്ങളൊരു ഇടുങ്ങിയ ഇടത്താണ് എന്ന പ്രതീതി ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. പൂര്‍ണ്ണമായും ഇരുട്ടിലായ അവിടെ എന്തോ തടസ്സംമൂലം മുന്നേ പോയവര്‍ വീണാല്‍ പിന്നാലെ വരുന്നവരും നിയന്ത്രണം വിടും; അതിവേഗം ഒന്നിനു പിറകെ ഒന്നായി ആളുകള്‍ വീഴും. അങ്ങനെയാകണം മിനിറ്റുകള്‍ക്കുള്ളില്‍ ഇത്രയേറെ ജീവനപഹരിച്ച ദുരന്തം സംഭവിച്ചത്. തടസ്സം സൃഷ്ടിച്ചത് റോഡിനു കുറുകെ വനം വകുപ്പുകാര്‍ സ്ഥാപിച്ചിരുന്ന ചെയിന്‍ ആണെന്ന ആരോപണം ഉയര്‍ന്നു. അതല്ല, ഓട്ടോറിക്ഷയും ജീപ്പും ഉള്‍പ്പെട്ട അപകടമാണ് പ്രശ്നം സൃഷ്ടിച്ചതെന്നും പ്രാഥമിക നിഗമനം ഉണ്ടായി. എന്റെ കാഴ്ചപ്പാടില്‍ അവിടുത്തെ ഏറ്റവും വലിയ വില്ലന്‍ ഇരുട്ട് ആയിരുന്നു. എന്തെല്ലാം പ്രശ്നങ്ങള്‍ ഉണ്ടായാലും അത്രയ്ക്ക് വിശാലമായ ഒരു ഭൂപ്രദേശത്ത് അല്പം വെളിച്ചം ഉണ്ടായിരുന്നെങ്കില്‍ ഇത്ര വലിയ ദുരന്തം സംഭവിക്കുമായിരുന്നില്ല. 

പിന്നീട് അതെല്ലാം ഹൈക്കോടതിയുടേയും അന്വേഷണക്കമ്മിഷന്റേയും വിഷയങ്ങളായി മാറി. ഹൈക്കോടതിയില്‍ ഇത് വന്നപ്പോള്‍ മകരജ്യോതി മനുഷ്യനിര്‍മ്മിതമാണോ എന്ന് കോടതി ചോദിച്ചു. അതേത്തുടര്‍ന്ന് ദുരന്തം വിവാദങ്ങള്‍ക്കു വഴിമാറി.

ഈ ലേഖനം കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com