വ്യക്തമായ ദിശാബോധത്തോടെ, സങ്കീര്‍ണ്ണ വിഷയങ്ങളില്‍ അഭിപ്രായ സമന്വയം സൃഷ്ടിച്ച കോടിയേരി

By എ. ഹേമചന്ദ്രന്‍ ഐ.പി.എസ് (റിട്ട.)  |   Published: 21st October 2022 03:27 PM  |  

Last Updated: 22nd October 2022 02:14 PM  |   A+A-   |  

hema

 

മുന്‍പേ പറക്കുന്ന പക്ഷികള്‍' എന്ന പ്രയോഗത്തോട് വല്ലാത്ത ആകര്‍ഷണം തോന്നിയത് ആ പേരുള്ള സി. രാധാകൃഷ്ണന്റെ നോവല്‍ വായിച്ച ശേഷമാണ്. ജനാധിപത്യത്തില്‍ നിയമം കാലത്തിനു മുന്‍പേ പറക്കുന്ന പക്ഷികളെപ്പോലെ ആയിരിക്കണം എന്ന് ഞാന്‍ ചില പൊലീസ് യോഗങ്ങളില്‍ തട്ടിവിട്ടിട്ടുണ്ട്. കാലം മുന്നോട്ട് പോകുമ്പോള്‍ സാമൂഹ്യമാറ്റം സൃഷ്ടിക്കുന്നതിനു നിയമം ഒരു പ്രേരകശക്തിയായി പ്രവര്‍ത്തിക്കണം എന്നാണ് അര്‍ത്ഥമാക്കിയത്. അതിന്റെ ഉത്തമ ഉദാഹരണം ഇന്ത്യന്‍ ഭരണഘടനയാണ്. നേര്‍വിപരീതമായിരുന്നു നമ്മുടെ പൊലീസ് നിയമത്തിന്റെ അവസ്ഥ. കാലം മാറ്റങ്ങളുമായി ചിറകടിച്ചു മുന്നേറിയപ്പോള്‍ പൊലീസ്  നിയമം നിശ്ചലമായി നിന്നു, കാലഹരണപ്പെട്ട ആശയങ്ങളേയും പ്രവര്‍ത്തനരീതികളേയും വിടാതെ  പിടിച്ചുകൊണ്ട്. രാജ്യം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സൈബര്‍ യുഗത്തില്‍ എത്തി നില്‍ക്കുമ്പോള്‍ നമ്മുടെ പൊലീസ് നിയമം, കംപ്യൂട്ടര്‍ പോയിട്ട് മോട്ടോര്‍ വാഹനവും വൈദ്യുതിയും ടെലിഫോണും  ഇല്ലാത്ത കാലത്ത് ജന്മമെടുത്തതായിരുന്നു. ജനാധിപത്യവും പൗരാവകാശവും മാധ്യമങ്ങളും ഒന്നും ഇല്ലാത്ത കാലത്ത് കൊളോണിയല്‍ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ബ്രിട്ടീഷ് ഭരണാധികാരികള്‍ സൃഷ്ടിച്ച ഉപകരണം ആയിരുന്നു 1861-ലെ ഇന്ത്യന്‍ പൊലീസ് ആക്ട്. കേരളസംസ്ഥാനം രൂപീകൃതമായ ശേഷം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ പ്രദേശങ്ങളുടെ ഭരണപരമായ ഏകോപനത്തിന് 1960-ല്‍ കേരളാ പൊലീസ് ആക്ട് നിലവില്‍ വന്നെങ്കിലും അതിന്റെ അടിസ്ഥാന സ്വഭാവം 1861-ലെ ഇന്ത്യന്‍ പൊലീസ് ആക്ടിന്റേത് തന്നെ ആയിരുന്നു. അങ്ങനെ കേരളസമൂഹം 21-ാം നൂറ്റാണ്ടിലെത്തിയപ്പോഴും നമ്മുടെ പൊലീസ് നിയമം 19-ാം നൂറ്റാണ്ടില്‍ നില്‍ക്കുകയായിരുന്നു. 

2010-ല്‍ ഈ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടായി. 2009-ന്റെ തുടക്കത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ എന്നോട് ഒരു കാര്യം പറഞ്ഞതോര്‍ക്കുന്നു: ''നമുക്ക് പുതിയ കാര്യങ്ങളെല്ലാം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ചെയ്യണം.'' സര്‍ക്കാരിന്റെ അവസാന വര്‍ഷമായാല്‍, എല്ലാം  തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള ബഹളമായിരിക്കുമെന്നും പുതിയ ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസമായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ജനമൈത്രി സുരക്ഷാ പദ്ധതിയും സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് സ്‌കീമും തുടങ്ങിക്കഴിഞ്ഞ ഘട്ടമായിരുന്നു അത്. പൊലീസ് പരിഷ്‌കരണത്തിന്റെ അജണ്ടയിലുണ്ടായിരുന്ന ഏറ്റവും വലിയ വിഷയമായിരുന്നു പുതിയ പൊലീസ് ആക്ട്. അതാകട്ടെ, അത്യന്തം സങ്കീര്‍ണ്ണവും രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ക്കും വിവാദങ്ങള്‍ക്കും ഇട നല്‍കാന്‍ സാദ്ധ്യതയുള്ളതുമായിരുന്നു.

വിആർ കൃഷ്ണയ്യർ

ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള പ്രകാശ് സിംഗ് കേസ് എന്നറിയപ്പെടുന്ന പൊലീസ് പരിഷ്‌കരണം സംബന്ധിച്ച കേസില്‍ 2006-ല്‍ വന്ന സുപ്രീംകോടതി വിധിയാണ് പുതിയ പൊലീസ് ആക്ട്  എന്ന ആശയത്തിന് ദേശീയ തലത്തില്‍ പുതുജീവന്‍ പകര്‍ന്നത്. കേരളത്തില്‍ അതിനായി, ഇന്റലിജെന്‍സ് മേധാവിയായിരുന്ന ജേക്കബ്ബ് പുന്നൂസ് അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചു. പൊലീസ് പരിഷ്‌കരണത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയും ആശയ രൂപീകരണം നടത്തുകയും ചെയ്യുന്നതില്‍ അദ്ദേഹത്തിന്റെ നേതൃത്വം വിലപ്പെട്ടതായിരുന്നു. 2007-ല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍നിന്ന് ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ ഞാനും ആ സമിതിയില്‍ അംഗമായി. അലക്സാണ്ടര്‍ ജേക്കബ്ബ്, നിര്‍മ്മല്‍ ചന്ദ്ര അസ്ഥാന, ബി. സന്ധ്യ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍. ദേശീയതലത്തില്‍, അടിയന്തരാവസ്ഥയ്ക്കു ശേഷം നിയമിച്ച ധര്‍മ്മവീര കമ്മിഷന്‍ മുതല്‍ സോളി സൊറാബ്ജി അദ്ധ്യക്ഷനായ സമിതിവരെ പല മാതൃകാ പൊലീസ് നിയമങ്ങള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ സമിതിയും ഒരു പൊലീസ് നിയമത്തിനു രൂപം നല്‍കിയിരുന്നു. അവയെല്ലാം സൂക്ഷ്മമായി പരിശോധിച്ച്, നിയമത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം തന്നെ അവയില്‍നിന്ന് ഉള്‍ക്കൊണ്ടു. അതിനപ്പുറത്തേയ്ക്ക് കടന്നത് കേരളത്തിന്റെ ഉന്നതമായ പൗരാവകാശബോധം കണക്കിലെടുത്തും ഇതര സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി കേരളത്തില്‍ കാലാകാലങ്ങളായി നിലനിന്ന ചില ഗുണകരമായ പൊലീസ് സേവനങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കിയുമാണ്. 

പൊലീസ് സേവനത്തിന് സ്റ്റേഷനിലെത്തുന്ന പൗരന്റെ അവകാശം നിയമത്തില്‍ത്തന്നെ വ്യവസ്ഥ ചെയ്തു. അതില്‍ സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍ മുതലായവരോട് മതിയായ പരിഗണന നല്‍കേണ്ടതും ഉള്‍പ്പെടുത്തി. കാണാതാകുന്ന മനുഷ്യരെ കണ്ടെത്തുന്നതിന് ക്രിമിനല്‍ കേസിന്റേതുപോലെ അന്വേഷണം നടത്തുക, കമ്യൂണിറ്റി പൊലീസ് സമ്പ്രദായം നടപ്പാക്കുക തുടങ്ങി സമൂഹത്തിന് ഗുണകരമായ പലതും  നിയമത്തില്‍ ഉള്‍പ്പെടുത്തി. കൂടാതെ പൊലീസ് സംഘടനയ്ക്ക് ചട്ടങ്ങള്‍ ഉണ്ടാക്കുന്ന വ്യവസ്ഥയും പൊലീസ് മര്‍ദ്ദനം, അഴിമതി തുടങ്ങിയവ തടയുന്നതിനുള്ള നൂതന വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിരുന്നു.

കെസി ജോസഫ്

പൊലീസും ജനങ്ങളും

കരട് നിയമം ആഭ്യന്തരവകുപ്പിന്റെ പരിശോധനയ്ക്കായി, കോടിയേരി ബാലകൃഷ്ണന്റെ ഓഫീസില്‍വെച്ച് അദ്ദേഹത്തിന് നല്‍കുമ്പോള്‍ ഒരു കാര്യം ഞാന്‍ പറഞ്ഞു: ''സാര്‍, ഞങ്ങളിത് തയ്യാറാക്കിയത് നാളത്തെ പൊലീസ് എന്തായിരിക്കണം എന്നുമാത്രം കണ്ടുകൊണ്ടാണ്. നാളെ നമ്മളാരും ഈ ഭൂമിയില്‍ ഇല്ലാത്തൊരു കാലത്ത് നമ്മുടെയൊക്കെ കൊച്ചുമക്കള്‍ ജീവിക്കുന്ന ലോകത്തെ പൊലീസ് എന്തായിരിക്കണം എന്നേ ചിന്തിച്ചിട്ടുള്ളു.'' സമിതിയുടെ ചുമതല 2008-ല്‍ കഴിഞ്ഞെങ്കിലും 2010 അവസാനം നിയമനിര്‍മ്മാണം പൂര്‍ത്തിയാകുംവരെയുള്ള  പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ എനിക്ക് അവസരം ലഭിച്ചു. കരടിന് അന്തിമരൂപം നല്‍കുന്നതിനു മുന്‍പ്. ആഭ്യന്തരവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ വകുപ്പ് തിരിച്ച് പരിശോധന നടന്നു. അവലോകനത്തില്‍ ചില ഉയര്‍ന്ന ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ഏറെ നിരാശപ്പെടുത്തി എന്നതും പറയാതെ വയ്യ. പുതിയ പൊലീസ് നിയമത്തിന്റെ ആമുഖത്തില്‍, ''ഭരണഘടന പ്രകാരമുള്ള സ്വാതന്ത്ര്യം, അന്തസ്സ്, മനുഷ്യാവകാശം തുടങ്ങിയവ പൗരന് ഉറപ്പുവരുത്തുന്നതിന് മതിയായ പരിഗണന വേണം'' എന്ന് എടുത്തുപറഞ്ഞിരുന്നു. 'ഭരണഘടന'യെ എന്തിനാണ് പിടിച്ച് പൊലീസ് നിയമത്തില്‍ കൊണ്ടുവരുന്നത് എന്ന് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനു സംശയം. പൊലീസുകാര്‍ എന്തിനാണ് ഭരണഘടനയെക്കുറിച്ചൊക്കെ ഉല്‍ക്കണ്ഠപ്പടുന്നത്? കുറെ സംസാരിച്ചുവന്നപ്പോള്‍, എന്തിനാണ് ഈ പൊലീസ് ആക്ട് പരിഷ്‌കരിക്കുന്നത് എന്നും സംശയമായി. ഇപ്പോഴത്തെ പൊലീസ് നിയമത്തിന് എന്തു കുഴപ്പം എന്നായി. ഇപ്പോഴത്തേത് എന്ത് നല്ല പൊലീസാണ് എന്നുമാത്രം പറഞ്ഞില്ല. ജനങ്ങളെ ബാധിക്കുന്ന ഗൗരവമുള്ള വിഷയങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിനു പകരം ഉപരിപ്ലവമായ ചില കാര്യങ്ങളിലായിരുന്നു ഉദ്യോഗസ്ഥ ശ്രദ്ധ പതിഞ്ഞതെന്നു തോന്നുന്നു. ഉദ്യോഗസ്ഥ തലത്തില്‍ തീവ്രമായി ചര്‍ച്ചചെയ്ത ഒരു കാര്യം ഉദ്യോഗസ്ഥ സ്ഥാനപ്പേരുകളായിരുന്നു. 

ജില്ല മുതല്‍, സംസ്ഥാന തലംവരെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേര് ജില്ലാ പൊലീസ് മേധാവി, റേഞ്ച് പൊലീസ് മേധാവി എന്നിങ്ങനെ നിര്‍ദ്ദേശിച്ചിരുന്നു. ഇതുപോലുള്ള കാര്യങ്ങളില്‍ മാത്രമാണ് തീവ്രമായ എതിര്‍പ്പ് പ്രകടമായത്. പേരുമാറ്റത്തിന്റെ പേരില്‍ ചര്‍ച്ച എങ്ങുമെത്താതെ നീണ്ടുപോയപ്പോള്‍, ജില്ലയുടേയും സംസ്ഥാനത്തിന്റേയും കാര്യത്തില്‍ മാത്രം പുതിയ സ്ഥാനപ്പേര് നിലനിര്‍ത്താമെന്നും റേഞ്ച്, സോണ്‍ തുടങ്ങിയവയില്‍ നിലവിലുള്ള പേരുമതി എന്നും സമീപത്തിരുന്ന ജേക്കബ് പുന്നൂസ് സാറിനോട് ഞാന്‍ സൂചിപ്പിച്ചു. സോണും റേഞ്ചും ഇടയ്ക്കിടെ ഘടനയില്‍ മാറും എന്നതായിരുന്നു കാരണമായി തോന്നിയത്. അദ്ദേഹം ആ നിര്‍ദ്ദേശം മുന്നോട്ടുവെച്ചതോടെ പേരിന്റെ പേരിലുള്ള തര്‍ക്കം തീര്‍ന്നു. 

ആഭ്യന്തരവകുപ്പ് മന്ത്രിയുടേത് തികച്ചും വ്യത്യസ്തമായ സമീപനമായിരുന്നു. പുതിയ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹം ഏറെ താല്പര്യമെടുത്തു. ഓരോ പരിഷ്‌കാരത്തിന്റേയും പിന്നിലെ യുക്തി  മനസ്സിലാക്കാന്‍ ശ്രമിച്ചു. പ്രസക്തമായ വിഷയങ്ങളില്‍ നാഷണല്‍ പൊലീസ് കമ്മിഷന്റേയും മറ്റും ശുപാര്‍ശകള്‍ അദ്ദേഹം ഒരു നോട്ട് ബുക്കില്‍ കുറിച്ചെടുക്കും. പില്‍ക്കാലത്ത് പൊലീസ് വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍, പണ്ട് കുറിച്ചെടുത്ത വിവരം, വേണ്ട സ്ഥലത്ത് വേണ്ടപോലെ ഉദ്ധരിക്കുവാനും അദ്ദേഹം വലിയ പാടവം പ്രകടിപ്പിച്ചു.

ജി സുധാകരൻ

പൊലീസ് ബില്‍ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ നിയമനിര്‍മ്മാണത്തില്‍ ജനപങ്കാളിത്തത്തിനുള്ള പരിശ്രമവും ആരംഭിച്ചു. അതിന്റെ ഭാഗമായി ബില്‍ പൊലീസ് വെബ്സൈറ്റില്‍ പബ്ലിഷ് ചെയ്ത് പൊതുജനാഭിപ്രായം തേടി. നിയമനിര്‍മ്മാണത്തിനു ശരിക്കും ജനകീയ സ്വഭാവം നല്‍കിയതിന്റെ ക്രെഡിറ്റ് നമ്മുടെ നിയമസഭയ്ക്കാണ്. റിവ്യു കമ്മിറ്റി നല്‍കിയ ഡ്രാഫ്റ്റ് ബില്‍ പരിശോധനകള്‍ക്കും ഭേദഗതികള്‍ക്കും ശേഷം നിയമസഭയിലെത്തിയത് 2010 മാര്‍ച്ചിലാണ്. ബില്‍ അവതരിപ്പിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സമഗ്രമായ പരിശോധനയ്ക്കു ബില്‍ സെലക്ട് കമ്മിറ്റിക്കു വിടാനാണ് നിര്‍ദ്ദേശിച്ചത്. പൊലീസ് പരിഷ്‌കരണത്തിന്റെ പ്രാധാന്യവും എത്ര വലിയ ചരിത്രദൗത്യമാണ് സഭ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കൃത്യമായി വിവരിച്ചു. പ്രതിപക്ഷവുമായി സഹകരണത്തിന്റേയും അനുനയത്തിന്റേയും ഭാഷയായിരുന്നു അദ്ദേഹത്തിന്റേത്. പ്രതിപക്ഷത്തുനിന്ന് വിശദമായി ആദ്യം സംസാരിച്ച കെ.സി. ജോസഫ് 1960 ജൂലൈ 12-ന് അന്നത്തെ ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ അവതരിപ്പിച്ച പൊലീസ് ബില്ലിനെ പരാമര്‍ശിച്ച് അന്ന് മൂന്നു ദിവസം ചര്‍ച്ചയുണ്ടായിരുന്നുവെന്ന് പറഞ്ഞു. പ്രസംഗത്തിനിടയില്‍ മന്ത്രി ജി. സുധാകരന്റെ ഒരിടപെടല്‍ അല്പം കൗതുകം പകര്‍ന്നു. പണ്ട് ഒരു ഐ.ജി. ചന്ദ്രശേഖരന്‍ നായര്‍, എം. ഗോപാലന്‍, ശിങ്കാരവേലു എന്നിവരുടെ സ്ഥാനത്ത് ഇന്നെത്ര ഡി.ജി.പിമാരാണ് എ.ഡി.ജി.പിമാരാണ് എന്നിങ്ങനെ കെ.സി. ജോസഫ് കത്തിക്കയറുന്നതിനിടയില്‍ സുധാകരന്‍ ചോദിച്ചു: ''കെ.പി.സി.സിയിലും എ.ഐ.സി.സിയിലും എത്ര സെക്രട്ടറിമാര്‍ ഉണ്ടെന്ന് പറയാമോ?'' പണ്ടൊരു ജനറല്‍ സെക്രട്ടറിയേ ഉണ്ടായിരുന്നുള്ളുവെന്നും കുറ്റപ്പെടുത്തുകയല്ലെന്നും കൂട്ടിച്ചേര്‍ത്തു. ''നിങ്ങളുടെ സെക്രട്ടറിയേറ്റ് മെമ്പര്‍മാരുടെ അത്ര സെക്രട്ടറിമാരേ നമുക്കുള്ളു'' എന്ന് വി.ഡി. സതീശന്‍ പറഞ്ഞു. തുടര്‍ന്ന് എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും ജോലിഭാരം വര്‍ദ്ധിക്കുന്നതും പ്രമോഷന്‍ ആവശ്യവും പരിഗണിച്ച് പോസ്റ്റുകളുണ്ടാക്കും എന്നത് യാഥാര്‍ത്ഥ്യമാണെന്ന് കെ.സി. ജോസഫ് തന്നെ അഭിപ്രായപ്പെട്ടു. സാധാരണ പൊലീസ് വിഷയം ചര്‍ച്ചയാകുമ്പോള്‍ ഉണ്ടാകുന്ന ഭിന്നതയില്ലാതെയാണ് ബില്‍ സെലക്ട് കമ്മിറ്റിക്കു വിടാന്‍ തീരുമാനമായത്.

സെലക്ട് കമ്മിറ്റിയുമായി സഹകരിക്കുമ്പോഴാണ് നമ്മുടെ നിയമസഭാ പ്രവര്‍ത്തനത്തിന്റെ മികവ് ഞാന്‍ കണ്ടത്. സഭാസമ്മേളനങ്ങളില്‍ ദൃശ്യമാകുന്ന സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങളുടെ ഏറ്റുമുട്ടല്‍ സെലക്ട് കമ്മിറ്റിയില്‍ കണ്ടില്ല. പൊലീസ് ബില്ലിലെ ഓരോ വകുപ്പും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടു. ഓരോ വാക്കും കുത്തും കോമയും ഇഴകീറി നോക്കുന്നുണ്ടായിരുന്നു. അതെല്ലാം തന്നെ  ജനപക്ഷത്തുനിന്നുമുള്ള വീക്ഷണം ആയിരുന്നു.  ഭരണപക്ഷം പറയുന്ന എന്തിനേയും എതിര്‍ക്കുന്ന പ്രതിപക്ഷം എന്ന രീതിയില്‍ ആയിരുന്നില്ല വാദപ്രതിവാദങ്ങള്‍. ജനാധിപത്യ മര്യാദ പുലര്‍ത്തിയ ഉയര്‍ന്ന തലത്തിലുള്ള സംവാദമാണ് നടന്നത്. അതിനിടയില്‍ ധാരാളം പ്രസക്തമായ ചോദ്യങ്ങള്‍ അവര്‍ ഉന്നയിച്ചു. അവയ്‌ക്കെല്ലാം കൃത്യമായ വിശദീകരണം നല്‍കേണ്ടത് ഞങ്ങളുടെ ചുമതലയായിരുന്നു. ചോദ്യങ്ങളുടെ ജനപക്ഷ സ്വഭാവം വ്യക്തമാക്കുന്ന ഒറ്റ ഉദാഹരണം മാത്രം പറയാം. മനുഷ്യാവകാശ സംരക്ഷണം പരാമര്‍ശിക്കുന്ന വകുപ്പില്‍ എന്തുകൊണ്ട് ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ സ്വീകരിച്ചിട്ടുള്ള നിര്‍വ്വചനം പരിഗണിച്ചുകൂടാ എന്ന് പി. ജയരാജന്‍ ചോദിച്ചു. ദേശീയ മനുഷ്യാവകാശ നിയമത്തിലെ നിര്‍വ്വചനത്തിന് അപ്പുറത്ത് കടക്കുന്നത് നിയമപ്രശ്നങ്ങള്‍ സൃഷ്ടിക്കും എന്ന് വിശദീകരിച്ചപ്പോള്‍ കമ്മിറ്റി അത് അംഗീകരിച്ചു. 

സെലക്ട് കമ്മിറ്റി വളരെ വിപുലമായ ജനസമ്പര്‍ക്കത്തിലൂടെ അഭിപ്രായ രൂപീകരണം നടത്തി. കണ്ണൂരും കോട്ടയത്തും അതിനായി രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിലെ വിവിധ തലങ്ങളിലുള്ള വ്യക്തികള്‍ പങ്കെടുത്ത ചര്‍ച്ചായോഗം നടത്തി. ധാരാളം അഭിഭാഷകരുള്‍പ്പെടെ പങ്കെടുത്ത ആ യോഗങ്ങളില്‍ വിലപ്പെട്ട അഭിപ്രായങ്ങള്‍ ഉയര്‍ന്നുവന്നു. പ്രതിപക്ഷത്തുള്ളവരേയും യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ ആഭ്യന്തരമന്ത്രി പ്രത്യേകം ശ്രദ്ധ പതിപ്പിച്ചുവെന്ന് പിന്നീട് ഞാന്‍ മനസ്സിലാക്കി. പില്‍ക്കാലത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനായ ആസഫലി അത്തരം ഒരനുഭവം എന്നോട് സൂചിപ്പിച്ചു. 

വിഡി സതീശൻ

പൊലീസ് വിഷയങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയമസഭാ കമ്മിറ്റി ഹൈദ്രാബാദിലെ നാഷണല്‍ പൊലീസ് അക്കാദമി ഉള്‍പ്പെടെയുള്ള രാജ്യത്തെ പല സ്ഥാപനങ്ങളും സന്ദര്‍ശിച്ചു. പൊലീസിന്റെ ആധുനികവല്‍ക്കരണത്തെക്കുറിച്ചൊക്കെ വ്യക്തമായ ധാരണയുണ്ടാക്കാന്‍ അതുപകരിച്ചു. കേരളത്തില്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനു കഴിയുന്നില്ലല്ലോ എന്ന് പല അംഗങ്ങളും അക്കാദമിയില്‍ വച്ച് അഭിപ്രായപ്പെടുന്നുണ്ടായിരുന്നു.

അടിവസ്ത്രം മുതല്‍ മാറ്റം

നിയമസഭാ കമ്മിറ്റിയിലെ ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ നിയമത്തെ ഗുണപരമായി മെച്ചപ്പെടുത്തിയതിന്റെ അനവധി ഉദാഹരണങ്ങളുണ്ട്. അതിലൊന്ന് പൊലീസ് സ്റ്റേഷന്‍ കസ്റ്റഡിയില്‍ സൂക്ഷിക്കന്നവരുടെ വസ്ത്രം സംബന്ധിച്ചായിരുന്നു.  പൊലീസ് ലോക്കപ്പിലുള്ളവരെ  അടിവസ്ത്രത്തില്‍ മാത്രം സൂക്ഷിക്കുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്. ഈ വിഷയം കമ്മിറ്റിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍, ലോക്കപ്പിലുണ്ടായ ചില ആത്മഹത്യകള്‍ ഉദാഹരിച്ച് നിലവിലുള്ള രീതി മാറ്റുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. നിലവിലെ അവസ്ഥ മാറ്റണം എന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും അത് പ്രായോഗികമാകുമോ എന്ന സംശയം പല അംഗങ്ങള്‍ക്കും തോന്നി. പൊതുചര്‍ച്ച ഇങ്ങനെ പോയപ്പോള്‍ ചെയര്‍മാനായ ആഭ്യന്തരവകുപ്പ് മന്ത്രി ഇടപെട്ടു. അടിയന്തരാവസ്ഥക്കാലത്ത് വിദ്യാര്‍ത്ഥി നേതാവായിരുന്ന തന്നെ അറസ്റ്റുചെയ്ത് തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ കൊണ്ടുപോയപ്പോള്‍ ഷര്‍ട്ടും മുണ്ടും മാറ്റി അടിവസ്ത്രം മാത്രമായി അവിടെ നിര്‍ത്തിയ അനുഭവം അദ്ദേഹം വിവരിച്ചു. എന്നിട്ട് പറഞ്ഞു: ''നമ്മളൊരു പുതിയ നിയമം ഉണ്ടാക്കുമ്പോള്‍ അപരിഷ്‌കൃതമായ അത്തരം രീതികള്‍ മാറ്റാന്‍ കഴിയണം. വീണ്ടും പഴയപടിയാണെങ്കില്‍ പിന്നെ നിയമംകൊണ്ട് എന്ത് പ്രയോജനം?'' അങ്ങനെയാണ് ലോക്കപ്പില്‍ സൂക്ഷിക്കുന്നവര്‍ക്കും അന്തസ്സ് സംരക്ഷിക്കുന്നതിനുതകുന്ന  വസ്ത്രം എന്ന അവകാശം പൊലീസ് നിയമത്തില്‍ കയറിപ്പറ്റിയത്.

കേരളത്തിലെ പൊലീസ് നിയമത്തില്‍ പണ്ടേ ഉണ്ടായിരുന്ന ഒരു വകുപ്പാണ്, പൊലീസിന്റെ നിര്‍ദ്ദേശം പാലിക്കാന്‍ വിസമ്മതിക്കുന്നവരെ നീക്കം ചെയ്യുന്നതിനുള്ള അധികാരം. ഈ വകുപ്പ് പുതിയ ബില്ലിലും നിലനിര്‍ത്തിയിരുന്നു. ഇതിനെ നിയമവകുപ്പ് സെക്രട്ടറി ശശിധരന്‍ നായര്‍ എതിര്‍ത്തു. നീക്കം ചെയ്യുക എന്നത് ഫലത്തില്‍ അറസ്റ്റു തന്നെയാണ്.  അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസ് പാലിക്കേണ്ട വ്യവസ്ഥകള്‍ ക്രിമിനല്‍ പ്രൊസീഡിയര്‍ കോഡിലുണ്ട്. നീക്കം ചെയ്യലാകുമ്പോള്‍ ആ വ്യവസ്ഥകള്‍ ഇല്ലാതാകും. അങ്ങനെ എങ്കില്‍ ഈ വകുപ്പ് വേണ്ടെന്നു വച്ചാലോ എന്നൊരു ആലോചന കമ്മിറ്റിയിലുണ്ടായി. ഈ ഘട്ടത്തില്‍ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് നീക്കംചെയ്യലിന്റെ മറ്റൊരു വശം ചൂണ്ടിക്കാട്ടി. നീക്കം ചെയ്യല്‍ നടക്കുന്നത് കൂടുതലും സമരരംഗത്താണ്. നീക്കം ചെയ്യല്‍ വ്യവസ്ഥ ഇല്ലാതായാല്‍, പിന്നീട് സമരക്കാരെയെല്ലാം സ്റ്റേഷനില്‍ കൊണ്ടുവരാന്‍ അറസ്റ്റ് മാത്രമേ വഴിയുള്ളു. ഒരു വ്യക്തി അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് രേഖയില്‍ വന്നാല്‍ അതയാള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും, പാസ്പോര്‍ട്ട്, ജോലി ഇവയ്‌ക്കെല്ലാം തടസ്സമാകും. അതോടെ നീക്കം ചെയ്യല്‍ വകുപ്പ് തള്ളിക്കളയുന്നത് ഗുണകരമല്ലെന്നു വന്നു. എന്നാല്‍, നിയമവകുപ്പ് സെക്രട്ടറി ചൂണ്ടിക്കാട്ടിയ പ്രശ്‌നം ഉണ്ട്താനും. ഈ ഘട്ടത്തില്‍ ഞാനൊരു ആശയം മുന്നോട്ടുവച്ചു; പൊലീസ് നീക്കം ചെയ്യുന്നവരെ എത്രയും വേഗം വിട്ടയക്കണമെന്ന്  വ്യവസ്ഥ ചെയ്യാമെന്നും ഒരു കാരണവശാലും അത് മൂന്നോ നാലോ മണിക്കൂര്‍ കഴിയരുതെന്ന് നിഷ്‌കര്‍ഷിക്കാമെന്നും. അത് സ്വീകരിക്കാമെന്ന് വി.ഡി. സതീശന്‍ പറയുകയും എല്ലാപേരും യോജിക്കുകയും ചെയ്തു. അങ്ങനെ ആ വ്യവസ്ഥ ഭേദഗതിയോടെ നിലനിന്നു.

കമ്മിറ്റിയുടെ സവിശേഷ ശ്രദ്ധ ആര്‍ജ്ജിച്ച രണ്ടു വിഷയങ്ങളായിരുന്നു ജില്ലയില്‍ പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കളക്ടറുടെ പങ്കും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വ്യവസ്ഥയും.  കൊളോണിയല്‍ താല്പര്യ സംരക്ഷണത്തിന് അധികാര കേന്ദ്രീകരണത്തിലൂന്നിയായിരുന്നു ജില്ലാ മജിസ്‌ട്രേട്ടിന്റെ ചുമതലകള്‍ 1861-ല്‍ വ്യവസ്ഥ ചെയ്തിരുന്നത്. അന്ന് മിക്കപ്പോഴും ഈ സ്ഥാനം വഹിച്ചിരുന്നത് ഇംഗ്ലീഷുകാരായിരുന്നുവല്ലോ. സ്വാതന്ത്ര്യത്തിനു ശേഷം ഇക്കാര്യം പഠിച്ച ധര്‍മ്മവീര കമ്മിഷന്‍ മുതല്‍ പല ദേശീയ കമ്മിഷനുകളും  ജനാധിപത്യ സമ്പ്രദായത്തിനുതകുന്ന മാറ്റം നിര്‍ദ്ദേശിച്ചിരുന്നു. ജില്ലാ ഭരണത്തില്‍ വ്യത്യസ്ത ഏജന്‍സികളുടെ ഏകോപനം ഉറപ്പുവരുത്തുവാനുള്ള ഉത്തരവാദിത്വവും അധികാരവും നല്‍കുകയും എന്നാല്‍ പൊലീസ് പോലുള്ള ഒരു പ്രൊഫഷണല്‍ ഏജന്‍സിയുടെ പ്രവര്‍ത്തന മേല്‍നോട്ടം പ്രൊഫഷണലായിരിക്കുകയും വേണം എന്ന പൊതുതത്ത്വമാണ് ദേശീയ കമ്മിഷനുകള്‍ സ്വീകരിച്ചിരുന്നത്. ഇക്കാര്യം സമഗ്രമായ ചര്‍ച്ചയ്ക്ക് വിധേയമായി. അതിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മിറ്റി തയ്യാറാക്കിയ ബില്‍ ഉള്‍പ്പെടെ പരിശോധിച്ചു. ഇക്കാര്യത്തിന്  നിയമവകുപ്പ് സെക്രട്ടറിയുടെ ഓഫീസില്‍ പോയപ്പോള്‍ അവിടെ ഒരലമാരയില്‍ വലിയൊരു കെട്ട് പുസ്തകങ്ങള്‍ പൊടിപിടിച്ച് കിടക്കുകയായിരുന്നു. അവയെല്ലാം വിവിധ വിഷയങ്ങളിലുള്ള നിയമപരിഷ്‌കാര ബില്ലുകളായിരുന്നു. അവയിലെത്രയെണ്ണം വെളിച്ചം കണ്ടു എന്നറിയില്ല. തോമസ് ഗ്രേയുടെ വിലാപകാവ്യത്തിലെ 

''Full many a gem, of purest ray serene,
The dark, unfathom'd caves of ocean bear:
Full many a flower is born,to blush unseen 
And waste its sweetness on the desert air.'

എന്ന വരികള്‍ പ്രസിദ്ധമാണല്ലോ. സാഗരത്തിന്റെ അഗാധതയില്‍ ഒളിഞ്ഞുകിടക്കുന്ന രത്‌നം, മരുഭൂമിയില്‍ വിടര്‍ന്ന് പാഴായിപ്പോകുന്ന പുഷ്പം ഇവയോടൊപ്പം ചേര്‍ക്കാവുന്ന ഒന്നാണ് സെക്രട്ടേറിയേറ്റിലെ അലമാരകള്‍ക്കുള്ളിലെ ഇരുട്ടില്‍  മോചനം കാത്തുകിടക്കുന്ന അമൂല്യമായ റിപ്പോര്‍ട്ടുകള്‍. അതിലൊന്ന് വെളിച്ചം കണ്ടു, നിയമസഭാ കമ്മിറ്റിയുടെ വിശാലമായ വീക്ഷണവും ചുമതലാബോധവും കൊണ്ട്. കൂട്ടത്തില്‍നിന്നും തപ്പിയെടുത്ത പൊലീസ് ബില്‍ കൂടി പരിഗണിച്ചാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഏകോപന ചുമതല സംബന്ധിച്ച വ്യവസ്ഥ തീരുമാനിച്ചത്. 

2009ൽ  ഡിജിപി ജേക്കബ് പുന്നൂസും മറ്റ് മുതിർന്ന ഉദ്യോ​ഗസ്ഥരും പൊലീസ് ആസ്ഥാനത്തെ ധീര സ്മൃതി ഭൂമിയിൽ ആദരമർപ്പിക്കുന്നു

കമ്മിറ്റിയില്‍ ഒരുപാട് കോലാഹലം ഉണ്ടായത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിലാണ്. പൊലീസ് നിയമത്തില്‍ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിനു മതിയായ വ്യവസ്ഥകളുണ്ടാകണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചത് ഐഷാ പോറ്റിയാണ്. പൊതുവേ എം.എല്‍.എമാര്‍ക്ക് അതിനോട് യോജിപ്പായിരുന്നു. തര്‍ക്കമുണ്ടായത് ഒരു സ്ഥാപനത്തില്‍ വച്ച് കുറ്റകൃത്യം നടന്നാല്‍ അതിന്റെ ചുമതലക്കാരനും കുറ്റവാളിയാകണം എന്ന വാദം വന്നപ്പോഴാണ്. അതിനെ ശക്തിയായി എതിര്‍ത്തത് പി.സി. ജോര്‍ജ്ജാണ്. ഒരു ബസില്‍ വച്ച് യാത്രക്കാരന്‍ ''പെണ്ണിനെ കയറിപിടിച്ചാല്‍ പാവം കണ്ടക്ടര്‍ എന്തു പിഴച്ചു. ഇങ്ങനെ ആയാല്‍ കെ.എസ്.ആര്‍.ടി.സി എം.ഡി എത്ര കേസില്‍ പ്രതിയാകും'' എന്ന നിലയില്‍ പോയി വാദഗതികള്‍. ശബ്ദായമാനമായ ചര്‍ച്ചകള്‍ക്കു ശേഷം സേവനദാതാവ് മനപ്പൂര്‍വ്വം കുറ്റം തടയാതിരിക്കുകയോ കുറ്റകൃത്യം അറിഞ്ഞശേഷം അധികാരികളെ അറിയിക്കാതിരിക്കുകയോ ചെയ്യുന്നതിനെ ഒരു പുതിയ കുറ്റകൃത്യമായി വ്യവസ്ഥ ചെയ്യാന്‍ കഴിഞ്ഞു. ശിക്ഷ ലഘുവായിരുന്നുവെങ്കിലും സേവനദാതാവിന്റെ വീഴ്ച ക്രിമിനല്‍ കുറ്റകൃത്യമായി നിയമത്തില്‍ ഉള്‍പ്പെടുത്തിയത് നേട്ടമായി.

മനുഷ്യന്റെ അന്തസ്സും പൗരാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മുന്നോട്ടുള്ള ഒരു ചുവട് വയ്പായി പുതിയ നിയമം. ഭരണഘടനാമൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രൊഫഷണലിസത്തില്‍ ഊന്നിയുള്ള കൃത്യനിര്‍വ്വഹണമാണ് പൊലീസ് ഉദ്യോഗസ്ഥന്റെ അന്തസ്സ് സംരക്ഷിക്കുന്നത് എന്ന സന്ദേശവും അതിലുണ്ട്. 'Law is an aspiration for change' (മാറ്റത്തിനുള്ള ഉല്‍ക്കട അഭിലാഷമാണ് നിയമം) എന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അടുത്തിടെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സില്‍ പറഞ്ഞു. പൊലീസില്‍ മാറ്റമുണ്ടാകണം എന്ന കാലഘട്ടത്തിന്റെ തീവ്രാഭിലാഷമാണ് ഈ നിയമത്തിനു ജന്മം നല്‍കിയത്. അതിനു പിന്നില്‍ നൂറുകണക്കിന് ആളുകളുടെ സംഭാവനയുണ്ട്; പൊലീസ് നിയമങ്ങളുടെ താരതമ്യപഠനം നടത്തി നിര്‍ണ്ണായക സംഭാവന നല്‍കിയ അനൂപ് കുരുവിളാജോണ്‍ ഐ.പി.എസ്,  ആഭ്യന്തരവകുപ്പ് മന്ത്രിയുടെ ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച അഡ്വക്കേറ്റ് എം.സി. രാഘവന്‍, ബില്ലില്‍ അനുസ്യൂതം ഭേദഗതികള്‍ ഉണ്ടായിക്കൊണ്ടിരുന്നതനുസരിച്ച് രാപകലില്ലാതെ ടൈപ്പ് ചെയ്തുകൊണ്ടിരുന്ന പൊലീസുകാരന്‍ മണികണ്ഠന്‍ എന്നിങ്ങനെ അറിയുന്നവരും അറിയാത്തവരുമായ പലരും. അതിന്റെ  മുന്നണിയില്‍ നിയമസഭാംഗങ്ങള്‍ തന്നെയായിരുന്നു. ഒരു മനുഷ്യന്റെ സംഭാവന എല്ലാറ്റിനും മുകളിലാണ്, കോടിയേരി ബാലകൃഷ്ണന്‍. വ്യക്തമായ ദിശാബോധത്തോടെ, സങ്കീര്‍ണ്ണ വിഷയങ്ങളില്‍ അഭിപ്രായ സമന്വയം സൃഷ്ടിക്കുവാനുള്ള ഭരണപാടവം പ്രകടിപ്പിച്ച ആ നേതൃത്വം ഇല്ലായിരുന്നെങ്കില്‍ ഇതുപോലൊരു നിയമം സാധ്യമാകുമായിരുന്നില്ല എന്നാണെന്റെ ബോദ്ധ്യം.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

പലരും കരുതിയതു പോലെ കേരളത്തില്‍ ക്രമസമാധാനത്തിന്റെ അഗ്‌നി പര്‍വ്വതം പൊട്ടിയില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ