പലരും കരുതിയതു പോലെ കേരളത്തില്‍ ക്രമസമാധാനത്തിന്റെ അഗ്‌നി പര്‍വ്വതം പൊട്ടിയില്ല 

തിരുവനന്തപുരം റേഞ്ച് ഐ.ജി ആയിരിക്കുമ്പോള്‍ അബ്ദുല്‍നാസര്‍ മഅ്ദനിയുടെ അറസ്റ്റ് വലിയൊരു പ്രശ്നമായി ഞങ്ങളുടെ മുന്നില്‍ ഉയര്‍ന്നുവന്നു
പലരും കരുതിയതു പോലെ കേരളത്തില്‍ ക്രമസമാധാനത്തിന്റെ അഗ്‌നി പര്‍വ്വതം പൊട്ടിയില്ല 

തിരുവനന്തപുരം റേഞ്ച് ഐ.ജി ആയിരിക്കുമ്പോള്‍ അബ്ദുല്‍നാസര്‍ മഅ്ദനിയുടെ അറസ്റ്റ് വലിയൊരു പ്രശ്നമായി ഞങ്ങളുടെ മുന്നില്‍ ഉയര്‍ന്നുവന്നു. അത് ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. ആലപ്പുഴ എസ്.പി ആയിരിക്കുന്ന കാലം മുതല്‍ നേരിട്ടോ അല്ലാതേയോ  മഅ്ദനിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. തൊണ്ണൂറുകളില്‍ മതവികാരത്തിലൂന്നി പ്രകോപനപരമായ പ്രസംഗങ്ങളുമായി കേരളത്തിലുടനീളം ഒരു കൊടുങ്കാറ്റുപോലെ  മഅ്ദനി പാഞ്ഞുനടന്നപ്പോള്‍ സര്‍ക്കാരും പൊലീസും നിയമവും നിഷ്‌ക്രിയമായി നിന്ന ഘട്ടങ്ങള്‍ ധാരാളമുണ്ട്. അതിനിടെ കൊല്ലം അന്‍വാര്‍ശേരിക്കടുത്ത് വച്ച് ബോംബാക്രമണത്തില്‍  മഅ്ദനിയുടെ ഒരു കാല്‍ നഷ്ടപ്പെടുന്നുമുണ്ട്. 1998-ല്‍ കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ അറസ്റ്റു ചെയ്യപ്പെട്ട് ജയിലില്‍ ആകുന്നതോടെ ആ ഘട്ടം അവസാനിച്ചു. ആ കേസില്‍ അവസാനം കുറ്റവിമുക്തനായെങ്കിലും ജയിലില്‍നിന്ന്  മഅ്ദനി പുറത്തുവന്നത് 2007-ല്‍ മാത്രമാണ്. ജയില്‍മോചിതനായി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങിയ  മഅ്ദനിയെ സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഹാജരായിരുന്നു. രണ്ടാം വരവില്‍ വ്യത്യസ്തനായ  മഅ്ദനിയെയാണ് കേരളം കണ്ടത്. പൊതുവേദികളിലെ പഴയ കൊടുങ്കാറ്റ് കെട്ടടങ്ങിയിരുന്നു. ശാന്തതയുടേയും മിതത്വത്തിന്റേയും മുഖമായിരുന്നു അന്ന് പൊതുവേദികളില്‍ കണ്ട  മഅ്ദനി. ആ ഘട്ടം അധികം നീണ്ടുനിന്നില്ല. 

ജയില്‍മോചിതനായപ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ആഭ്യന്തരവകുപ്പ് മന്ത്രിക്കു തന്നെ വീണ്ടും  മഅ്ദനിയെ അറസ്റ്റ് ചെയ്യേണ്ടുന്നതിന്റെ കാര്‍മ്മികത്വം വഹിക്കേണ്ട അവസ്ഥ ഉണ്ടായി. അതിലേയ്ക്ക് നയിച്ചത് 2008 ജൂലൈയില്‍ നടന്ന ബാംഗ്ലൂര്‍ സ്ഫോടനമാണ്. ദേശീയതലത്തില്‍ വലിയ പ്രത്യാഘാതമുണ്ടാക്കിയ ഈ സ്ഫോടനത്തിനു പിന്നില്‍ പാകിസ്താനിലെ ഭീകരസംഘടനയായ ലഷ്‌കര്‍-ഇ-തയിബയുടെ പങ്കും സംശയിച്ചു. ലഷ്‌കറിന്റെ ദക്ഷിണേന്ത്യന്‍ കമാണ്ടര്‍ എന്നറിയപ്പെട്ടിരുന്ന തടിയന്റെവിടെ നസീറിന്റെ അറസ്റ്റോടെയാണ് ബാംഗ്ലൂര്‍ സ്ഫോടനത്തിന്റെ കേരള ബന്ധം കൂടുതല്‍ പുറത്തുവന്നത്. സ്ഫോടനക്കേസ് അന്വേഷണം ഞങ്ങള്‍ക്കും തലവേദനയാകും എന്നതിന്റെ സൂചനകള്‍ 2010 ജൂണ്‍മാസം മുതലുണ്ടായിരുന്നു. സ്ഫോടനക്കേസില്‍  മഅ്ദനി ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ പുതിയ ചാര്‍ജ്ജ്ഷീറ്റ് ബാംഗ്ലൂര്‍ കോടതിയില്‍ സമര്‍പ്പിച്ചതോടെ അറസ്റ്റിന്റെ സാധ്യത മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവണ്‍മെന്റ്  മഅ്ദനിയുടെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കും എന്നത് കേരളത്തിനകത്തും പുറത്തും സജീവ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. കാരണം, അന്ന്  മഅ്ദനി ഇടതുപക്ഷത്തോടൊപ്പം എന്നാണറിയപ്പെട്ടിരുന്നത്. അതിനിടയില്‍ കുറ്റപത്രം റദ്ദാക്കാനും മുന്‍കൂര്‍ ജാമ്യം നേടാനുമൊക്കെ  മഅ്ദനി കോടതിയെ സമീപിച്ചുവെങ്കിലും അത് വിജയിച്ചില്ല. അവസാനം കര്‍ണാടക പൊലീസ്  മഅ്ദനിക്കെതിരെ കോടതിയില്‍നിന്നും ജാമ്യമില്ലാ അറസ്റ്റ്വാറണ്ട് വാങ്ങി. 

 മഅ്ദനിയുടെ അറസ്റ്റ് പൊലീസിനു മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തി. കേരളാ പൊലീസ് എങ്ങനെ ആ വിഷയം കൈകാര്യം ചെയ്യും എന്നത് ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. പൊലീസിന്റെ ഓരോ ചുവടും സൂക്ഷ്മമായി മാധ്യമങ്ങള്‍ നിരീക്ഷിച്ച് വലിയ വാര്‍ത്തയായ നാളുകളായിരുന്നു അത്. അബ്ദുള്‍ നാസര്‍  മഅ്ദനി, പി.ഡി.പി എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവ് മാത്രമായിരുന്നില്ല. രാഷ്ട്രീയ സ്വാധീനത്തിനപ്പുറം ഇസ്ലാംമത പണ്ഡിതന്‍, പ്രഭാഷകന്‍ എന്നിങ്ങനെ പല നിലകളിലും ശക്തനായിരുന്നു. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പത്ത് വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം കോടതി കുറ്റവിമുക്തനാക്കിയതോടെ  മഅ്ദനിയുടെ വൈകാരികമായ സ്വാധീനം അനുയായികളുടെ ഇടയില്‍ തീവ്രമായിരുന്നു. ഇത്തരം പുലിവാലുകള്‍ താരതമ്യേന കുറവായിരുന്ന 1998-ല്‍  മഅ്ദനിയുടെ അറസ്റ്റ് സൃഷ്ടിച്ച പ്രശ്നങ്ങള്‍ ചെറുതായിരുന്നില്ല. കൊച്ചി പൊലീസ് കമ്മിഷണര്‍ ഡോ. ജേക്കബ്ബ് തോമസിന്റെ സ്ഥാനമാറ്റത്തിലാണ് അത് അന്ന് കലാശിച്ചത്. 

മഅ്ദ​നിയെച്ചൊല്ലി വാക്‌പോര്

മഅ്ദനിക്കെതിരെ അറസ്റ്റിനു സാധ്യത എന്ന വാര്‍ത്ത വന്ന ഘട്ടത്തില്‍ത്തന്നെ ആത്മാഹൂതി ശ്രമം പോലുള്ള ചില വികാരപ്രകടനങ്ങള്‍ അരങ്ങേറി. അറസ്റ്റ് തടയാനുള്ള നിയമവഴികള്‍ ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരുന്നതോടെ,  മഅ്ദനി തന്റെ ക്യാമ്പ് ഏതാണ്ട് സ്ഥിരമായി കൊല്ലത്ത് അന്‍വാര്‍ശ്ശേരി യത്തിംഖാനയിലേയ്ക്ക് മാറ്റി.  മഅ്ദനിയുടെ കോട്ടയായി അറിയപ്പെട്ടിരുന്ന അവിടെ അറസ്റ്റിനെ ചെറുക്കാന്‍ ശക്തമായ മനുഷ്യകവചം സൃഷ്ടിക്കുവാന്‍ ശ്രമം നടക്കുന്നതായി വാര്‍ത്തകള്‍ വന്നു. കൗമാരക്കാരായ 150 ഓളം അനാഥക്കുട്ടികള്‍ അവിടെ അന്തേവാസികളായിരുന്നു. അവിടേയ്ക്ക് സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും പി.ഡി.പി അനുകൂലികള്‍ വന്നെത്തുന്നുണ്ടായിരുന്നു. മുസ്ലിം-ദളിത് ഐക്യത്തേയും അവരുടെ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തേയും എതിര്‍ക്കുന്ന ശക്തികളാണ്  മഅ്ദനിയെ തടവറയിലാക്കാന്‍ ശ്രമിക്കുന്നത് എന്ന ശക്തമായ പ്രചരണം പി.ഡി.പിയുടേയും  മഅ്ദനി അനുകൂലികളുടേയും ഭാഗത്തുനിന്നും ഉണ്ടായി. അന്നത്തെ കര്‍ണാടക സര്‍ക്കാര്‍ ബി.ജെ.പി മുഖ്യമന്ത്രി യദ്യൂരപ്പയുടെ നേതൃത്വത്തിലായിരുന്നു എന്ന പശ്ചാത്തലമായിരുന്നു വിമര്‍ശനത്തിനാധാരം. അറസ്റ്റിനെ ചെറുക്കാന്‍ രാഷ്ട്രീയമായും സാമുദായികമായും വലിയ ശ്രമം നടക്കുന്ന പ്രതീതി ഉണ്ടായി. ഈ സാഹചര്യത്തില്‍  മഅ്ദനിയുടെ അറസ്റ്റ് കേരളത്തെ രൂക്ഷമായ ക്രമസമാധാന പ്രതിസന്ധിയിലേക്കു നയിക്കാം എന്ന വെല്ലുവിളിയാണ് സര്‍ക്കാര്‍ അഭിമുഖീകരിച്ചത്. രാഷ്ട്രീയമായി, ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അറസ്റ്റിന്റെ കാര്യത്തില്‍ വലിയ ആവേശമൊന്നും കണ്ടില്ല. നിയമം നിയമത്തിന്റെ വഴി എന്ന രീതിയില്‍ ചില പ്രസ്താവനകളുമായി പ്രതിപക്ഷം കാത്തിരുന്നു. അറസ്റ്റിനായി പൊലീസ് സ്വീകരിക്കുന്ന നടപടികള്‍ സര്‍ക്കാരിനെ വെട്ടിലാക്കും എന്നായിരുന്നു പൊതുവേ പ്രതീക്ഷിച്ചിരുന്നത്. 

കര്‍ണാടകയില്‍നിന്നും അറസ്റ്റ്വാറണ്ടുമായി പൊലീസെത്തിയത് റംസാന്‍ മാസത്തിന്റെ തുടക്കത്തിലായിരുന്നു. നൊയമ്പും നോറ്റ് പ്രാര്‍ത്ഥനാനിരതനായി കഴിയുകയാണ് ഇസ്ലാംമതാചാര്യനായ  മഅ്ദനിയെന്നും ആ സമയത്ത് അറസ്റ്റിനുള്ള നീക്കം പ്രകോപനപരമാണെന്നും ചില  മഅ്ദനി അനുകൂലികള്‍ പ്രസ്താവനകളിറക്കി. കര്‍ണാടക ഹൈക്കോടതി  മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു ശേഷം മാത്രമാണ്, കര്‍ണാടക പൊലീസ് കോടതിവാറണ്ടുമായി എത്തിയതെന്നും തികച്ചും സുതാര്യമായിരുന്നു തങ്ങളുടെ അറസ്റ്റിനുള്ള നീക്കങ്ങളെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ പ്രസ്താവിച്ചു. 

കേരളവും കര്‍ണാടകവും തമ്മില്‍ അറസ്റ്റി നെച്ചൊല്ലി ചില വാഗ്വാദങ്ങള്‍ നടന്നു. പക്ഷേ, ആഭ്യന്തരവകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഞങ്ങള്‍ക്കു നല്‍കിയ നിര്‍ദ്ദേശം സുവ്യക്തമായിരുന്നു. അറസ്റ്റ്വാറണ്ട് നടപ്പാക്കുന്നതില്‍ കര്‍ണാടക പൊലീസിനു നിയമാനുസൃതം ഉള്ള സഹായം കേരളാ പൊലീസ് നല്‍കണം; പക്ഷേ, കേരളത്തില്‍ പരമാവധി ക്രമസമാധാന പ്രശ്നങ്ങള്‍ ഒഴിവാക്കുകയും വേണം. 

അതായിരുന്നു ഞങ്ങളുടെ വെല്ലുവിളി. അനാവശ്യമായ കാലതാമസം കൂടാതെ വാറണ്ട് നടപ്പാക്കുക എന്നതാണ് പൊതുതത്ത്വം. വൈകുംതോറും വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ഉണ്ടാകും. എന്നാല്‍, അറസ്റ്റ് വലിയ അക്രമത്തിലേയ്ക്കും പൊലീസ് വെടിവെയ്പിലേയ്ക്കും ക്രമസമാധാന പ്രശ്‌നങ്ങളിലേയ്ക്കും നയിച്ചാല്‍ വരുംവരായ്കകള്‍ വിലയിരുത്തി വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കാതെ അനാവശ്യ ധൃതി കാണിച്ചു എന്ന ആക്ഷേപവും ഉണ്ടാകും. പക്ഷേ, വാറണ്ട് നിലനില്‍ക്കുന്നിടത്തോളം കാലം അത് നടപ്പിലാക്കുകതന്നെ വേണം. അറസ്റ്റിനു വഴങ്ങുക എന്നതാണ് വാറണ്ടിലെ പ്രതിയും ചെയ്യേണ്ടത്. അറസ്റ്റിന്റെ അനിവാര്യത ബോദ്ധ്യപ്പെട്ടേ മതിയാകൂ. 

വാറണ്ടുമായി കര്‍ണാടക പൊലീസ് എത്തിയ അതേ ആഴ്ച തന്നെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ മൂന്നു ദിവസത്തെ കേരള സന്ദര്‍ശന പരിപാടിയുണ്ടായിരുന്നു. ആലപ്പുഴ നെഹ്‌റുട്രോഫി വള്ളംകളി ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാനാണ് വന്നത്.  മഅ്ദനിയുടെ അറസ്റ്റ് മൂലം വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ പ്രതീക്ഷിച്ചിരുന്നതുകൊണ്ട് പ്രസിഡന്റിന്റെ സന്ദര്‍ശനസമയത്ത് അറസ്റ്റിലേയ്ക്ക് നീങ്ങേണ്ടതില്ല എന്ന് പൊലീസ് സംവിധാനത്തിനുള്ളില്‍ ധാരണയായി. പക്ഷേ, ഈ വിവരങ്ങള്‍ എല്ലാം തന്നെ എസ്.പി മുതല്‍ ഡി.ജി.പി വരെയുള്ള ഏതാനും പൊലീസ് ഉദ്യോഗസ്ഥരില്‍ ഒതുങ്ങിനിന്നു. എപ്പോള്‍, എങ്ങനെ അറസ്റ്റ് എന്നത് രഹസ്യമായി സൂക്ഷിക്കാന്‍ കഴിഞ്ഞു. ആ ദിവസങ്ങളില്‍ കേരളത്തിനകത്തും പുറത്തുമുള്ള പത്രപ്രവര്‍ത്തകര്‍ ടി.വി ക്യാമറയുമായി പകലും രാത്രിയുമെല്ലാം അന്‍വാര്‍ശേരി പരിസരത്ത് ക്യാമ്പ് ചെയ്യുകയായിരുന്നു. മിക്ക ദിവസങ്ങളിലും രാത്രി വൈകുമ്പോള്‍ ചില പത്രപ്രതിനിധികള്‍ അവിടെനിന്നും എന്നെ ഫോണ്‍ ചെയ്യും. അറിയേണ്ടത്, അന്ന് ഉറങ്ങാമോ അതോ ഉണര്‍ന്നിരിക്കണോ എന്നാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊലീസിനെപ്പോലെ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് മാധ്യമ പ്രവര്‍ത്തകരും. അവരോട് സഹതാപം തോന്നിയെങ്കിലും ''കള്ളം പറയാതിരിക്കുക, എന്നാല്‍ എല്ലാ സത്യവും എപ്പോഴും പറയാനാകില്ല'' എന്ന എന്റെ മാധ്യമ നയത്തില്‍നിന്നും വ്യതിചലിച്ചില്ല. മിന്നലാക്രമണം, രഹസ്യ ഓപ്പറേഷന്‍ എന്നൊക്കെ ചില മാധ്യമങ്ങള്‍ ഭാവന ചെയ്‌തെങ്കിലും ഒരു കാരണവശാലും രാത്രികാല രഹസ്യ ഓപ്പറേഷനിലൂടെ മഅ്ദനിയെ അറസ്റ്റുചെയ്യില്ല എന്നതില്‍ ഞങ്ങള്‍ക്ക് വ്യക്തത ഉണ്ടായിരുന്നു. ഞങ്ങള്‍ കരുതലോടെയാണ് മുന്നോട്ടുപോയത്. പൊലീസ് നടപടികള്‍ സംബന്ധിച്ച് സംവിധാനത്തിനുള്ളില്‍ ധാരാളം ആശയവിനിമയം നടന്നു. താഴെ കരുനാഗപ്പള്ളി ഡി.വൈ.എസ്.പി സി.ജി. സുരേഷ്‌കുമാര്‍, കൊല്ലം എസ്.പി ഹര്‍ഷിത അട്ടല്ലൂരി, ഇന്റലിജെന്‍സ് എസ്.പി ആയിരുന്ന ജോളി ചെറിയാന്‍ എന്നിവരുമായും പൊലീസ് മേധാവിയായിരുന്ന ജേക്കബ്ബ് പുന്നൂസ് സാറുമായും നിരന്തരമായി ഞാന്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ട്. അങ്ങനെയെല്ലാമാണ് മുന്നോട്ടുള്ള വഴി കണ്ടെത്തിയത്. 

ഇത്തരം വലിയ വിഷയങ്ങളുണ്ടാകുമ്പോള്‍ പൊലീസിനുള്ളില്‍ത്തന്നെ പല ഊഹാപോഹങ്ങളും ഉണ്ടാകും. അതിനാലാകണം, ഒരു ദിവസം ഹര്‍ഷിത അട്ടല്ലൂരി എന്നോട് ചോദിച്ചു: 'Sir, Is there any move to bring some other SP on special duty for this purpose?' (സര്‍, ഇക്കാര്യത്തിന് സ്പെഷ്യല്‍ ഡ്യൂട്ടിയായി വേറെ എസ്.പിയെ കൊണ്ടുവരാന്‍ ഉദ്ദേശ്യമുണ്ടോ?). ഉത്തരവും ഹര്‍ഷിത തന്നെ പറഞ്ഞു: 'If so, I will go on leave' (എങ്കില്‍, ഞാന്‍ അവധിയില്‍ പോകും). ചോദ്യവും ഉത്തരവും എനിക്കൊരു തമാശയായേ അനുഭവപ്പെട്ടുള്ളു. ഇത്തരം ചുമതലകളില്‍ മുന്നില്‍ നില്‍ക്കേണ്ടത് ജില്ലാ എസ്.പി തന്നെയാണ് എന്നതില്‍ എനിക്ക് അശേഷം സംശയമില്ലായിരുന്നു. അതിലുപരി ഹര്‍ഷിതയെ നാഷണല്‍ പൊലീസ് അക്കാദമിയില്‍ പ്രൊബേഷണര്‍ ആയിരിക്കെത്തന്നെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എസ്.പിയുടെ ഐ.ജിയോടുള്ള ചോദ്യവും ഉത്തരവും ഒരു അച്ചടക്കപ്രശ്‌നമായി ആരെങ്കിലും കാണുമോ എന്നറിയില്ല. സ്വതന്ത്രമായ ആശയവിനിമയത്തിന് തടസ്സം നില്‍ക്കുന്ന 'അച്ചടക്കം' ദോഷകരമാണ് എന്നാണ് എനിക്ക് തോന്നുന്നത്, പ്രത്യേകിച്ചും ഗുരുതരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍. 

വേഗം അറസ്റ്റ് എന്ന വ്യഗ്രതയുമായി ബാംഗ്ലൂര്‍ പൊലീസ് കമ്മിഷണര്‍ ശങ്കര്‍ ബിദരി എന്നെ ഫോണില്‍ വിളിച്ചു. ''കോടതിവാറണ്ടുണ്ടല്ലോ; പിന്നെ എന്ത് പ്രശ്നം?'' എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അറസ്റ്റ്വാറണ്ടിന്റെ ബലത്തില്‍ വലിയൊരു പൊലീസ് സേനയുമായി കടന്നുചെന്ന് എതിര്‍ക്കുന്നവരുടെ നേരെ വെടിവയ്പെങ്കില്‍ വെടിവയ്പ് എന്ന രീതിയിലും നിയമം നടപ്പിലാക്കാം. ജനാധിപത്യത്തിന്റെ രീതി അതല്ല. നിയമം നടപ്പിലാക്കാനുള്ള നിശ്ചയദാര്‍ഢ്യം പുലര്‍ത്തുകയും അതെങ്ങനെ കഴിയുന്നത്ര ബലപ്രയോഗം കുറച്ച് സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കി നടപ്പാക്കാം എന്ന് പരിശോധിക്കുകയും വേണം. വാറണ്ട് നടപ്പാക്കുക എന്ന ചുമതല നിറവേറ്റുകതന്നെ ചെയ്യും എന്ന വ്യക്തമായ സന്ദേശം എല്ലാ തലത്തില്‍നിന്നും ബന്ധപ്പെട്ടവര്‍ക്കു നല്‍കി. തിരുവനന്തപുരത്ത് ഡി.സി.പി ആയി ജോലി നോക്കുന്ന കാലം മുതലേ എനിക്കറിയാവുന്ന പി.ഡി.പി നേതാവ് പൂന്തുറ സിറാജ് എന്നെ കണ്ടു. നിയമപരമായി, ഒട്ടും വൈകാതെ തന്നെ അറസ്റ്റുചെയ്‌തേ മതിയാകൂ എന്ന് കൃത്യമായി അദ്ദേഹത്തെ ധരിപ്പിച്ചു. കോടതി വാറണ്ട് ഒരു പെറ്റിക്കേസിലല്ലെന്നും സ്ഫോടനക്കേസിലെ വാറണ്ട് മതപരമായ കാരണം പറഞ്ഞ് നീട്ടിവെയ്ക്കാനാകില്ലെന്നും വ്യക്തമാക്കി. 

നിരോധനാജ്ഞയും അറസ്റ്റും

അറസ്റ്റ് അനിവാര്യമാണെന്നും അനാവശ്യ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി അറസ്റ്റിനു കീഴടങ്ങുന്നതാണ് നല്ലതെന്നും ഉള്ള ശക്തമായ സന്ദേശത്തോടൊപ്പം മറുവശത്ത് നിയമപരമായ നടപടികളും ആരംഭിച്ചു. അന്‍വാര്‍ശേരി യത്തിംഖാനയ്ക്കുള്ളിലും പരിസരത്തും  മഅ്ദനിയെ പിന്തുണയ്ക്കുന്നവര്‍ ഒരുമിച്ചുകൂടുന്നത് തടയാന്‍ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ നടപ്പാക്കുന്നതിന്റെ മുന്നോടിയായി കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡില്‍ പൊലീസ് വിന്യാസം വര്‍ദ്ധിപ്പിച്ചു. എന്തോ പൊലീസ് നടപടി ഉടന്‍ ഉണ്ടാകും എന്ന പ്രതീതിയില്‍ അന്‍വാര്‍ശേരിയില്‍  മഅ്ദനിയുടെ ആസ്ഥാനത്തുനിന്നും ബാങ്ക്വിളിയുയര്‍ന്നു. കുറേപേര്‍ യത്തീംഖാനക്ക് ഉള്ളില്‍ ഓടിക്കയറി. പലരും പരിസരത്ത് കൂടിനിന്നു. കൂട്ടം കൂടുന്നതും പ്രകടനം നടത്തുന്നതും മറ്റും നിരോധിച്ചെങ്കിലും മതപരമായ ഒരു ചടങ്ങുകള്‍ക്കും തടസ്സമില്ലായിരുന്നു. നിരോധനാജ്ഞയെത്തുടര്‍ന്ന് കൊല്ലം എസ്.പി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം ഉച്ചയോടെ അന്‍വാര്‍ശേരിയിലെത്തി. മഅ്ദനിയുടെ ആസ്ഥാനത്തിനു വെളിയില്‍ കൂടിനിന്ന പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ചു. എസ്.പി നേരിട്ട് ഹാന്റ് ഗ്രനേഡ് എറിഞ്ഞുകൊണ്ടായിരുന്നു നടപടിയുടെ തുടക്കം. വലിയ ബലപ്രയോഗം ഒന്നും കൂടാതെ വെളിയില്‍ കൂടിനിന്നവരെ എല്ലാം തുരത്തിവിടാന്‍ കഴിഞ്ഞു. ഏതാനും ദിവസങ്ങളായി സംഘര്‍ഷം ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന ആ പ്രദേശത്ത് പൊലീസ് നടത്തിയ ആദ്യ ആസൂത്രിത നീക്കം അതായിരുന്നു. ആ പരിസരത്തിന്റെ നിയന്ത്രണം വലിയൊരളവുവരെ പൊലീസിന്റെ കയ്യിലായതോടെ, പൊലീസ് അനുമതികൂടാതെ ഒരാള്‍ക്കും  മഅ്ദനിയുടെ ആസ്ഥാനത്തേയ്ക്ക് കടക്കാന്‍ പറ്റാതെയായി. അന്ന് വൈകുന്നേരം ഞാനവിടെ പോയി സ്ഥിതിഗതികള്‍ വിലയിരുത്തി. പൊലീസ് മുന്നോട്ടാണ് എന്ന കൃത്യമായ സന്ദേശം നല്‍കുന്നതില്‍ അന്നത്തെ നടപടി വിജയിച്ചു എന്നെനിക്കു തോന്നി. 

സമാധാനപരമായി നിയമവഴിയിലൂടെ അറസ്റ്റ് നടത്താന്‍ നിയമത്തിന്റെ എല്ലാ സാദ്ധ്യതകളും ഞങ്ങള്‍ തേടി. അതിന്റെ ഭാഗമായി അന്‍വാര്‍ശേരി യത്തിംഖാനയുടെ ചുമതലക്കാര്‍ക്ക് ഒരു നോട്ടീസ് തയ്യാറാക്കി. യത്തിംഖാനയ്ക്കുള്ളില്‍ അവിടുത്തെ ദൈനംദിന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വ്യക്തികളൊഴികെ, അനധികൃതമായി ഉള്ളില്‍ കൂട്ടംകൂടിയവരെയെല്ലാം ഉടനടി പുറത്താക്കുക എന്നായിരുന്നു നിര്‍ദ്ദേശം. പ്രസ്തുത നോട്ടീസ് അവര്‍ കൈപ്പറ്റാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് യത്തിംഖാനയുടെ പുറത്ത് ഗേറ്റിനടുത്തായി നോട്ടീസ് പതിച്ചു. ഈ നോട്ടീസ്  മഅ്ദനിയുടെ ആസ്ഥാനത്ത് വലിയ അസ്വസ്ഥതകള്‍ സൃഷ്ടിച്ചതായാണ് അറിഞ്ഞത്. പുറമേ നിന്ന് രാഷ്ട്രീയ, സാമുദായിക അനുയായികളെ അതിനുള്ളില്‍ സംഘടിപ്പിച്ച് നിയമനടപടികളെ ചെറുക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം  മഅ്ദനി ഉള്‍പ്പെടെയുള്ളവര്‍ക്കാകും എന്ന ബോദ്ധ്യം അവര്‍ക്കുണ്ടായി കാണണം. അടുത്ത ദിവസം തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിന പരേഡ് കഴിഞ്ഞ് പൊലീസ് ഉദ്യോ ഗസ്ഥര്‍ സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഒത്തുകൂടിയപ്പോള്‍ ഡി.ജി.പി ജേക്കബ്ബ് പുന്നൂസ് സാര്‍ നോട്ടീസ് നല്‍കിയ നീക്കത്തില്‍ ഞങ്ങളെ അഭിനന്ദിച്ചു. നിയമസാധ്യതയുടെ ക്രിയാത്മക പ്രയോഗം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്‍.ഡി.എഫ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ അന്‍വാര്‍ശേരിയില്‍ സംഘടിച്ചിട്ടുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. പ്രൊഫസര്‍ ജോസഫിന്റെ കൈവെട്ട് പ്രശ്‌നത്തില്‍ ഒറ്റപ്പെട്ട എന്‍.ഡി.എഫ്,  മഅ്ദനിപ്രശ്‌നത്തില്‍ ഇടപെട്ട് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാക്കും എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇങ്ങനെ പൊലീസ് മുന്നോട്ടുപോയപ്പോള്‍  മഅ്ദനി അയഞ്ഞു. താന്‍ കോടതിയില്‍ കീഴടങ്ങും എന്ന പ്രഖ്യാപനം വന്നു. കീഴടങ്ങാന്‍ തയ്യാറായ വ്യക്തിയെ അറസ്റ്റുചെയ്യാന്‍ മുതിര്‍ന്നാല്‍ അത് പൊലീസ് സൃഷ്ടിച്ച പ്രകോപനം എന്ന് ചിത്രീകരിക്കപ്പെടും എന്ന വ്യാഖ്യാനമുണ്ടായി. അതെന്തായാലും നിയമത്തിനു വഴങ്ങും എന്ന  മഅ്ദനിയുടെ നിലപാട് ആ സന്ദര്‍ഭത്തില്‍ അനിഷ്ടസംഭവങ്ങള്‍ ലഘൂകരിക്കാന്‍ സഹായിച്ചേക്കും എന്നെനിക്കു തോന്നി. എങ്കിലും അനിശ്ചിതത്വം നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ പൊലീസിന്റെ വെല്ലുവിളി അതുപോലെ നിലനിന്നു. വാറണ്ട് നടപ്പാക്കുന്നതിനുവേണ്ടി കര്‍ണാടകയില്‍നിന്ന് ഡി.ഐ.ജി അലോക് കുമാറും കേരളത്തിലെത്തി.

സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് വൈകാതെ നടപടി എന്ന ധാരണയനുസരിച്ച് ആഗസ്റ്റ് 17-ന് രാവിലെ തന്നെ പൊലീസ് വിന്യാസം ആരംഭിച്ചിരുന്നു. അന്‍വാര്‍ശേരിക്കു പുറമേ കരുനാഗപ്പള്ളി കേന്ദ്രീകരിച്ചായിരുന്നു പൊലീസ് സംവിധാനം. കോടതിയുമായി ബന്ധപ്പെട്ട് കീഴടങ്ങാന്‍ നീക്കമുണ്ടായാല്‍ അതിനുള്ള തയ്യാറെടുപ്പും നടത്തിയിരുന്നു. അന്‍വാര്‍ശേരിയില്‍നിന്ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലേയ്ക്കുള്ള റോഡിലും ആവശ്യമായ പൊലീസ് സംവിധാനം വേഗത്തില്‍ വിന്യസിക്കാന്‍ ക്രമീകരണം നടത്തി. കൊല്ലത്ത് മാത്രമല്ല, തലസ്ഥാനത്ത്‌നിന്നുമുള്ള പൊലീസ് നീക്കങ്ങളെല്ലാം വാര്‍ത്താചാനലുകള്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്തു. അന്‍വാര്‍ശേരിയിലും പരിസരത്തും നിരോധനാജ്ഞ നിലനിന്നിരുന്നത് കര്‍ശനമായി തന്നെ പാലിച്ചിരുന്നു. എന്നാല്‍,  മഅ്ദനിയുടെ അഭിഭാഷകന്‍ അവിടെ എത്തിയപ്പോള്‍ വാഹന പരിശോധനയ്ക്ക് ശേഷം ഉള്ളിലേയ്ക്ക് കടത്തിവിട്ടു. രാവിലെ 9 മണിയോടെ ഞാന്‍ തിരുവനന്തപുരത്തുനിന്നും കൊല്ലത്തേയ്ക്ക് തിരിച്ചു. ആദ്യം കരുനാഗപ്പള്ളിയിലേയ്ക്ക് പോയി. കോടതിയില്‍ രാവിലെ തന്നെ കീഴടങ്ങാന്‍ ശ്രമിക്കുയാണെങ്കില്‍ അറസ്റ്റ് ചെയ്‌തേ അടങ്ങൂ എന്ന നിര്‍ബ്ബന്ധബുദ്ധിയിലായിരുന്നില്ല ആ സമയത്ത് പൊലീസ്. കര്‍ണാടക കോടതിവാറണ്ട് പുറപ്പെടുവിച്ചിരിക്കെ, പ്രതി കര്‍ണാടകയിലേയ്ക്ക് തന്നെ പോകേണ്ടിവരും എന്ന് ഏതാണ്ട് വ്യക്തമായിരുന്നു. കര്‍ണാടക പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ കേസിന്റെ വിവരങ്ങള്‍ രാവിലെ പ്രോസിക്യൂട്ടറെ നേരിട്ട് ധരിപ്പിച്ചു. ഞാന്‍ രാവിലെ പതിനൊന്നരയോടെ കരുനാഗപ്പള്ളിയിലെത്തി. അവിടുത്തെ സ്ഥിതി വിലയിരുത്തിയ ശേഷം വൈകാതെ അന്‍വാര്‍ശേരിയിലേയ്ക്ക് നീങ്ങി; പിറകെ, കര്‍ണാടക പൊലീസും. കരുനാഗപ്പള്ളിയില്‍ നിന്നിരുന്ന ശക്തമായ പൊലീസ് സംഘവും അന്‍വാര്‍ശേരിയിലേയ്ക്ക് നീങ്ങി. അതോടെ 'ആക്ഷന്‍' അന്‍വാര്‍ശേരിലായിരിക്കുമെന്നു മനസ്സിലാക്കിയ മാധ്യമസംഘങ്ങളും അവിടെ കേന്ദ്രീകരിച്ചു. ജില്ലാ പൊലീസ് സൂപ്രണ്ട് ഹര്‍ഷിത അട്ടല്ലൂരിയും കര്‍ണാടക ഡി.ഐ.ജി അലോക് കുമാറും നേരത്തെ തന്നെ അവിടെയെത്തിയിരുന്നു. ഏത് എതിര്‍പ്പിനേയും മറികടക്കാന്‍ ശക്തമായ പൊലീസ് സാന്നിദ്ധ്യം ഉണ്ടായിരുന്നുവെങ്കിലും അറസ്റ്റിനുവേണ്ടി ബലപ്രയോഗത്തിലേയ്ക്ക് നീങ്ങിയില്ല.  മഅ്ദനി പത്രസമ്മേളനം നടത്തി സമയം നീണ്ടുപോയപ്പോള്‍, പൊലീസ് ക്ഷമയോടെ കാത്തുനിന്നു. അതിനുശേഷം അദ്ദേഹം അനാഥക്കുട്ടികള്‍ക്കൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. കൂട്ടക്കരച്ചിലും വൈകാരിക രംഗങ്ങളും അവിടെ അരങ്ങേറി. എല്ലാം കഴിഞ്ഞ്  മഅ്ദനി, വിശ്രമ സംവിധാനങ്ങളുള്ള സ്വന്തം വാഹനത്തില്‍ കയറി. ഭാര്യയും ചില പി.ഡി.പി നേതാക്കളും കൂടെ കയറി. വാഹനം മുന്നോട്ട് നീങ്ങുവാന്‍ തുടങ്ങും മുന്‍പേ വാറണ്ടുമായി കര്‍ണാടക ഡി.ഐ.ജിയും ഒപ്പം കൊല്ലം ജില്ലാ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘവും മുന്നിലെത്തി. കര്‍ണാടക പൊലീസ് അറസ്റ്റ് പ്രഖ്യാപിച്ചപ്പോള്‍  മഅ്ദനി ശാന്തമായി കേട്ടു. സ്വന്തം വാഹനത്തില്‍ പോകാന്‍ അനുവദിക്കണമെന്ന  മഅ്ദനിയുടെ അഭ്യര്‍ത്ഥന അംഗീകരിച്ചു. പക്ഷേ, വാഹനത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. ഏതാനും മുദ്രാവാക്യങ്ങള്‍ക്കപ്പുറം അന്‍വാര്‍ശേരി ശാന്തം. പലരും കരുതിയതുപോലെ കേരളത്തില്‍ ക്രമസമാധാനത്തിന്റെ അഗ്‌നിപര്‍വ്വതം പൊട്ടിയില്ല. 
തിരുവനന്തപുരത്തേയ്ക്കുള്ള പൊലീസ് വാഹനവ്യൂഹം തിരിക്കുമ്പോള്‍ കേരളത്തിലേയും ഡല്‍ഹിയിലേയും വാര്‍ത്താചാനലുകളില്‍ ആ സംഭവം നിറഞ്ഞുനിന്നു. യാത്രയുടെ തുടക്കത്തില്‍ ഡല്‍ഹിയില്‍നിന്നും സി.എന്‍.എന്‍. ഐ.ബി.എന്‍ ചാനലിന്റെ വക്താവ് എന്നെ വിളിച്ചു.  മഅ്ദനിക്കെതിരായ കോടതിവാറണ്ട് അനുസരിച്ച് കര്‍ണാടക പൊലീസ്  മഅ്ദനിയെ അറസ്റ്റുചെയ്‌തെന്നും കേരള പൊലീസ് നിയമപരമായി സഹായിച്ചു എന്നും മാത്രം പറഞ്ഞു. കൂടുതല്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചപ്പോള്‍ നിരസിച്ചു. 'Come-on man, today is your day in the sun. Enjoy it.' (വരൂ മനുഷ്യാ, ഇന്ന് സൂര്യനില്‍ നിങ്ങളുടെ ദിവസമാണ്, അത് ആസ്വദിക്കൂ) എന്നയാള്‍ പ്രലോഭിപ്പിച്ചു. 'Thanks, I am happy on earth' (നന്ദി, ഭൂമിയില്‍ ഞാന്‍ സന്തുഷ്ടനാണ്) എന്നു പറഞ്ഞ് അത് അവസാനിപ്പിച്ചു.

തിരിഞ്ഞുനോക്കുമ്പോള്‍, 'The two most powerful warriors are patience and time' (ഏറ്റവും കരുത്തരായ രണ്ട് യോദ്ധാക്കള്‍ ക്ഷമയും സമയവുമാണ്) എന്ന ടോള്‍സ്റ്റോയിയുടെ വാക്കുകള്‍ പ്രസക്തമാക്കിയ അനുഭവം ആയിരുന്നു ഈ നിയമനടപടി എന്ന് തോന്നുന്നു. ഒരു വ്യാഴവട്ടക്കാലം മുന്‍പാണ് ഇതെല്ലാം നടന്നത്. അന്ന് ഐ.ജി ആയിരുന്ന ഞാന്‍, എ.ഡി.ജി.പിയായും ഡി.ജി.പിയായും പ്രമോഷന്‍ കിട്ടിയശേഷം സര്‍വ്വീസില്‍നിന്ന് വിരമിച്ച് മൂന്നാം വര്‍ഷത്തില്‍ പ്രവേശിക്കുമ്പോഴും അബ്ദുള്‍ നാസര്‍  മഅ്ദനി വിചാരണ തടവുകാരനാണ്. അടുത്തിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ ജയ്പൂരില്‍ ആള്‍ ഇന്ത്യ ജുഡീഷ്യല്‍ സര്‍വ്വീസ് അതോറിറ്റീസ് യോഗത്തില്‍ പ്രസംഗിച്ചു: 'In our Criminal justice system, the process is the punishment' (നമ്മുടെ നീതിന്യായ വ്യവസ്ഥയില്‍ പ്രക്രിയ തന്നെയാണ് ശിക്ഷ). ശരിയാണ്, മൈ ലോര്‍ഡ്.

(തുടരും)

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com