'മൗലവിമാരുടെ സങ്കല്പത്തിലുള്ള നരകം, സ്വര്‍ഗ്ഗം' എന്നൊക്കെ കേട്ടാല്‍ ചിരിച്ചു ചിരിച്ചു വീഴും 

മൗദൂദിയന്‍ മുസ്ലിം മൗലിക വാദത്തിന്റെ കലര്‍പ്പില്ലാത്ത അവതരണമാണ് ആ പോസ്റ്റ്
'മൗലവിമാരുടെ സങ്കല്പത്തിലുള്ള നരകം, സ്വര്‍ഗ്ഗം' എന്നൊക്കെ കേട്ടാല്‍ ചിരിച്ചു ചിരിച്ചു വീഴും 

മാഅത്തെ ഇസ്ലാമിക്കാരുടെ തനിനിറം പല സന്ദര്‍ഭങ്ങളിലും ചരിത്രത്തിനു മുന്നില്‍ മൂടുപടമില്ലാതെ വെളിപ്പെടാറുണ്ട്. ഇല്‍യാസ് മൗലവി ഫേസ്ബുക്കില്‍ എഴുതിയ 'സത്യപ്രതിജ്ഞാ തൗബ' പോസ്റ്റ് ആ വിധത്തില്‍ 916 ഗോള്‍ഡ് മതമൗലികവാദമാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആ എഫ്.ബി പോസ്റ്റ് പദാനുപദം പൊതു സമൂഹവുമായി പങ്കു വെച്ചിട്ടുണ്ട്.

മൗദൂദിയന്‍ മുസ്ലിം മൗലിക വാദത്തിന്റെ കലര്‍പ്പില്ലാത്ത അവതരണമാണ് ആ പോസ്റ്റ്. ജമാഅത്തെ ഇസ്ലാമിയുടെ ഈ പണ്ഡിതന്‍ ദൊസ്തേയ്വ്‌സ്‌കിയന്‍ കഥാപാത്രമായ മതദ്രോഹ വിചാരകനെപ്പോലെ, ആ ചാട്ടുളി തന്നെ കയ്യിലെടുക്കുകയാണ് 'കാഫര്‍!' 

ഏറ്റവും വലിയ തമാശ, ഇസ്ലാമിന്റെ ഈ ആശയധാരയുടെ പ്രബോധനത്തിന് അദ്ദേഹം തിരഞ്ഞെടുത്തത് പള്ളി മിമ്പറോ മിഹ്റാബോ ഒന്നുമല്ല, ഫെയ്സ്ബുക്കാണ്. ഒരു മുസ്ലിമല്ലാത്ത, 'സുന്നത്ത്' ചെയ്യാത്ത ഒരു മുസ്ലിമേതര മനുഷ്യന്‍ നടത്തുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ഇല്യാസ് മൗലവിയുടെ 'സ്വര്‍ഗ്ഗത്തിന്റെ പട്ടയ' വിതരണം. വര്‍ഷങ്ങള്‍ക്കു മുന്‍പ് മാടായിയിലെ കുഞ്ഞാമൂക്ക പറഞ്ഞ കാര്യമുണ്ട്: ചവിട്ടിയാല്‍ പുല്ലിന് നൊന്തുപോവും എന്നു കണ്ട് പച്ചപ്പുല്ല് പോലും ചവിട്ടാത്ത വിധമാണ് ചെല ജമാഅത്തെ ഇസ്ലാമിക്കാര്ടെ നടത്തം. എന്നാലോ ഖല്‍ഖില് നെറയെ വര്‍ഗ്ഗീയതയുടെ കറയാണ്.''

ഇല്യാസ് മൗലവിക്ക് മതം പറയുന്നതിന് ഇവിടെ യാതൊരു തടസ്സവുമില്ല. ജനാധിപത്യ ക്രമത്തില്‍ അതു സാധ്യമാണ്. താങ്കള്‍ക്കെഴുതാം, അതിനുള്ള എതിരെഴുത്തുകളുമാവാം. മതം ഇവിടെ ഒരു 'ഇസ്ലാമിക് സ്റ്റേറ്റിലെന്നപോലെ' മുസ്ലിങ്ങള്‍ക്കുമേല്‍ കര്‍ത്തൃത്വ രൂപീകരണം നടത്തുന്നില്ല. വിശ്വാസികള്‍ തന്നെ മതത്തിന്റെ അതിയാഥാസ്ഥിതികയ്‌ക്കെതിരെ തെരുവിലിറങ്ങുന്നുണ്ട്. ഇറാനില്‍ നാമത് കാണുന്നുണ്ട്.

ഇസ്ലാമിന്റെ മൗദൂദിയന്‍ കാഴ്ചപ്പാട് അവതരിപ്പിക്കുമ്പോള്‍ ഭാഷയ്ക്കുള്ള ആ മൂര്‍ച്ച ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. സ്വത്തവാകാശത്തെക്കുറിച്ചുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചതിനു ശേഷം, അദ്ദേഹം മൗദൂദിയുടെ ഇസ്ലാമിക രാഷ്ട്ര സങ്കല്പമാണ് അവതരിപ്പിക്കുന്നത്.
 
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജെന്‍ഡര്‍ കാമ്പയിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ 2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ കുടുംബശ്രീയിലൂടെ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതില്‍ സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകള്‍ക്കും കുടുംബശ്രീക്കും ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ നല്‍കുന്ന സര്‍ക്കുലറില്‍ നാലാമത്തെ ആഴ്ച എല്ലാ കുടുംബശ്രീയിലും ജെന്‍ഡര്‍ റിസോഴ്സ് മീറ്റിലൂടെ ഒരു പ്രതിജ്ഞ ചൊല്ലാനുള്ള നിര്‍ദ്ദേശമുണ്ട്. 

ആ പ്രതിജ്ഞയുടെ അവസാന ഭാഗമായ 'നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും' എന്ന പ്രതിജ്ഞയാണ് ഇല്‍യാസ് മൗലവിയുടെ ആണ്‍ബുദ്ധിയില്‍ പ്രഹരമേല്പിക്കുന്നത്. ''അല്ലാഹുവിന്റെ ശാസനയുടെ വ്യക്തമായ ലംഘനമാണ്'' ഈ പ്രതിജ്ഞയെന്ന് ഖുര്‍ആന്‍ വചനങ്ങള്‍ ഉദ്ധരിച്ച് ഇല്യാസ് മൗലവി വിശദീകരിക്കുന്നു:

''നിങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളോട് അനുശാസിക്കുന്നു: പുരുഷന്റെ വിഹിതം രണ്ടു സ്ത്രീവിഹിതത്തിനു തുല്യമാകുന്നു (അന്നിസാഅ്: 11). ഇല്‍യാസ് മൗലവി ഉദ്ധരിക്കുന്ന ഖുര്‍ആന്‍ ഭാഗം അതാണ്. അതിനുശേഷം അദ്ദേഹത്തിന്റെ വാക്കുകളില്‍ വെറുപ്പിന്റെ തീയാളുന്നത് നിങ്ങള്‍ക്കു വായിക്കാം.  
 
ആ വരികള്‍ ഇതാണ്:

അല്ലാഹുവിന്റെ ശാസനയുടെ വ്യക്തമായ ലംഘനമായതിനാല്‍ ഇങ്ങനെയൊരു പ്രതിജ്ഞ ചൊല്ലാന്‍ ഒരു മുസ്ലിമിനു പാടുള്ളതല്ല. അല്ലാഹുവിന്റെ ശാസനകള്‍ ധിക്കരിച്ച് മറ്റുള്ള നിയമങ്ങള്‍ തൃപ്തിപ്പെടുന്നവന്‍ കാഫിറാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇതെല്ലാം മനസ്സിലാക്കിയിട്ടും ആരെങ്കിലും ബോധപൂര്‍വ്വം അങ്ങനെയൊരു പ്രതിജ്ഞ ചെയ്താല്‍ അവര്‍ കാഫിറായതു തന്നെ. അത്തരക്കാര്‍ തൗബ ചെയ്യാത്തപക്ഷം അവരെ മുസ്ലിമായി പരിഗണിക്കാന്‍ പാടില്ല. അവരുമായുള്ള ദാമ്പത്യം വേര്‍പെടുമെന്നാണ് ശരീഅത്തിന്റെ വിധി, ഇങ്ങനെ കാഫിറായവരുമായി ദാമ്പത്യം തുടരാന്‍ ദമ്പതിമാര്‍ക്കു പാടില്ല. അത്തരക്കാര്‍ മരണപ്പെട്ടാല്‍ മയ്യിത്ത് നമസ്‌കരിക്കാനോ ഇസ്ലാമികാചാരപ്രകാരം മറവുചെയ്യാനോ പാടില്ല.

കമ്യൂണിസവും ലിബറലിസവും തലയ്ക്കുപിടിച്ചവരോടല്ല ഈ പറയുന്നതൊന്നും. അവര്‍ക്കിത് ദഹിക്കുകയില്ലെന്നും അറിയാം, ഇത് ഖുര്‍ആനും സുന്നത്തും പ്രമാണമായി അംഗീകരിക്കുന്ന യഥാര്‍ത്ഥ മുസ്ലിങ്ങളോട് പറയുന്നതാണ്. 

വെകിളിപിടിക്കാന്‍ മാത്രമുള്ള മതമൗലികവാദത്തിന്റേയും വര്‍ഗ്ഗീയതയുടേയും കരിമരുന്നു പ്രയോഗമാണ് ആ വരികള്‍. 

ജമാഅത്തെ ഇസ്ലാമി എന്നത് വരേണ്യ ഇസ്ലാമിന്റെ പര്യായപദമാണ്. സവര്‍ണ്ണതയാണ് അവരുടെ മുഖമുദ്ര. സവര്‍ണ്ണര്‍ കീഴാള സമൂഹത്തെ പരിഹസിക്കുന്നതു പോലെയാണ് ഇല്‍യാസ് മൗലവി 'മാപ്ലാവുകള്‍' എന്നു വിശേഷിപ്പിക്കുന്നത്. മലബാര്‍ എന്ന സവിശേഷ ദേശസ്വത്വത്തില്‍ ഇസ്ലാമിനെ തദ്ദേശീയമായി ഇവിടെ പുലര്‍ന്ന തുറവികളോടൊപ്പം (നേര്‍ച്ച, ഉറൂസ്, നബിദിനം) വിശ്വാസമായും അനുഭവമായും ജീവിതമായും സ്വീകരിച്ചവരാണ് മാപ്പിളമാര്‍. മലബാറിത്തമുള്ള ഇസ്ലാമെന്നോ മുസ്ലിമെന്നോ 'മാപ്പിളമാരെ' വിശേഷിപ്പിക്കാം. മാപ്ലാവ് എന്നൊരു വാക്ക് ശബ്ദതാരാവലിയില്‍ ഇല്ല. അത് മാപ്പിളമാരെ സവര്‍ണ്ണ മുസ്ലിങ്ങള്‍ പരിഹസിക്കുന്ന വാക്കാണ്. പുതു ഇസ്ലാം വിശ്വാസികളെ പണ്ട് 'പുയ്ല്യാര്', 'പുയ്സിലാര്' എന്നു പരിഹസിച്ചതുപോലെ. സവര്‍ണ്ണത ഇങ്ങനെയാണ് മനുഷ്യരെ വിശ്വാസ ജീവിതം എന്ന വാഗ്ദാനങ്ങള്‍ പറഞ്ഞ് സാമൂഹ്യ ജീവിതത്തിന്റെ അടിത്തട്ടിലാക്കിയത്. താടി നീട്ടിയ, തൊപ്പിവെച്ച ബൗദ്ധിക സവര്‍ണ്ണതയാണ് ജമാഅത്തെ ഇസ്ലാമി.

ജമാഅത്തെ ഇസ്ലാമി മാത്രമല്ല, ഈയിടെയായി സമസ്തയും മുസ്ലിം സാമൂഹ്യജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും കടന്നുചെല്ലുകയാണ്. ഇത്രമേല്‍ ഈ മതപുരുഷന്മാര്‍ അസ്വസ്ഥരാവുന്നത് എന്തുകൊണ്ടാണ്? ''ആധുനിക ജനാധിപത്യ മൂല്യങ്ങള്‍ക്ക് കുമ്പിടുന്ന'' ഒരു സമൂഹമായി മുസ്ലിങ്ങള്‍ മാറുന്നത് ഈ മതംതീനി പുരുഷന്മാരെ ഒട്ടൊന്നുമല്ല പരിഭ്രമിക്കുന്നത്. അതുകൊണ്ട് പുരോഹിതന്മാര്‍ മതത്തിന്റെ മസ്തിഷ്‌ക പ്രക്ഷാളനത്തിന് ഒന്നുകൂടി മൂര്‍ച്ച കൂട്ടുകയാണ്. മദ്രസ കുട്ടികളോട് ഉസ്താദ് പറയുന്നതുപോലെ, 'നരകം' ചൂണ്ടിക്കാട്ടി കിടുകിടാ വിറപ്പിക്കാര്‍ നോക്കുകയാണ്. ''നരകത്തില്‍ തീയില്ല, സ്വര്‍ഗ്ഗത്തില്‍ തോട്ടവുമില്ല... എല്ലാം നിന്റെ ഉള്ളില്‍... നിന്റെ ഉള്ളില്‍'' എന്ന ഷഹ്ബാസ് അമന്റെ പാട്ട് ഇയര്‍ഫോണ്‍ വെച്ചു കേള്‍ക്കുന്ന തലമുറ, ''മൗലവിമാരുടെ സങ്കല്പത്തിലുള്ള നരകം, സ്വര്‍ഗ്ഗം'' എന്നൊക്കെ കേട്ടാല്‍ ചിരിച്ചു ചിരിച്ചു വീഴും. 

പുരോഹിതന്മാര്‍ സ്വര്‍ഗ്ഗവും നരകവും ചൂണ്ടിക്കാട്ടി എത്രയോ കാലമായി പറയുന്ന, ഇടുങ്ങിയതും വീര്‍പ്പുമുട്ടിക്കുന്നതുമായ മത വ്യവസ്ഥാപിതത്വത്തില്‍നിന്നും സ്വന്തം ശിരസ്സിനെ വലിച്ചൂരിയവരാണ് മലബാര്‍ മാപ്പിളമാര്‍. മഹാനായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് മുതല്‍ കെ.ടി. മുഹമ്മദ് വരെ ഈ കാഫര്‍ വിളിക്ക് വിധേയരായിട്ടുണ്ട്. അവരുടെ കബറടക്കങ്ങളില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കാതിരുന്നിട്ടുമില്ല. ഇസ്ലാമിന്റേയോ സ്വര്‍ഗ്ഗത്തിന്റേയോ ഓണര്‍ഷിപ്പ് ജമാഅത്തെ ഇസ്ലാമിക്കാരെ 'മാപ്ലാവു'കള്‍ ഏല്പിച്ചിട്ടുമില്ല. മതം പറയുമ്പോള്‍, വെളിച്ചത്തിനെന്തു വെളിച്ചം എന്ന ആ ശൈലിയാണ് പുരോഹിതവര്‍ഗ്ഗം ആദ്യം ഉപേക്ഷിക്കുന്നത്. അങ്ങനെയുള്ള, 'കിത്താബ് ചുമക്കു'ന്നവരെ പരിഹസിക്കുന്ന പഴയ 'മാപ്ലാവ്' ചൊല്ലുണ്ട്. പക്ഷേ, അതിവിടെ ഞാനെഴുതുന്നില്ല. 

ഒരു പ്രതിജ്ഞ ചൊല്ലുമ്പോള്‍ സ്വര്‍ഗ്ഗം നഷ്ടമായാല്‍, ''ഇന്ത്യക്കാരെല്ലാം എന്റെ സഹോദരീ സഹോദരന്മാരാണ്'' എന്ന പ്രതിജ്ഞയുടെ മതവിധിയെന്താണ്? ആര്‍ക്കറിയാം! നമ്മുടെ കുട്ടികള്‍ക്കൊക്കെ സ്വര്‍ഗ്ഗത്തിലേക്കുള്ള പാസ്സ് കിട്ടുമോ.

ഈ ലേഖനം കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com