കേരളത്തിന്റെ രാഷ്ട്രീയ നാള്‍വഴികള്‍

ചരിത്രസംഭവങ്ങളിലൂടെ അലക്ഷ്യമായ യാത്ര ചെയ്യുകയല്ല പത്രപ്രവര്‍ത്തകന്‍ കൂടിയായ ഗ്രന്ഥകര്‍ത്താവ്. താന്‍ പ്രതിപാദിക്കുന്ന വിഷയത്തിന്റെ ഗരിമ അദ്ദേഹം തിരിച്ചറിയുന്നു
എസ്. ജയചന്ദ്രന്‍ നായര്‍
എസ്. ജയചന്ദ്രന്‍ നായര്‍

സാഹസികമെന്ന് വിശേഷിപ്പിക്കേണ്ട ഒരു പരിശ്രമത്തിന്റെ അന്തിമഫലമാണ് ആര്‍.കെ. ബിജുരാജ് എഴുതിയ 'കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം' എന്ന ബൃഹദ്ഗ്രന്ഥം. എന്തെന്നാല്‍ ഇത്തരമൊരു ഗ്രന്ഥരചനയ്ക്കാവശ്യമായ രേഖകള്‍ കണ്ടെത്തുകയെന്നത് ദുഷ്‌കരമായ പ്രവൃത്തിയെന്നതുപോലെ അസാധാരണമായ ക്ഷമ ആവശ്യപ്പെടുന്നതുമാണ്. ആരും ഇത്തരമൊരു സംരംഭത്തോട്, വിശേഷിച്ച് മലയാളികള്‍ കൗതുകം കാണിക്കാറില്ലെന്നു മാത്രമല്ല, അതിനെ തടസ്സപ്പെടുത്താനും ശ്രമിക്കാറുള്ളതാണ്. അതൊക്കെ അതിജീവിച്ച് മറുകരയിലെത്തുക സാദ്ധ്യമല്ലെന്ന് പലപ്പോഴും ഈ ലേഖകന് അനുഭവപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍, അത്തരം വഴിമുടക്കങ്ങളെ മറികടക്കുന്നത്, നാല് മിനിട്ടില്‍ ഒരു മൈല്‍ ഓടി ലോക റെക്കോര്‍ഡ് സ്ഥാപിച്ച റോജര്‍ ബാനിസ്റ്ററെ ഓര്‍മ്മിപ്പിക്കുന്നു. അക്ഷരങ്ങളെ സ്‌നേഹിക്കുന്ന ഏതൊരു മലയാളിയുടേയും അഭിനന്ദനം, ഈ ഗ്രന്ഥത്തിന്റെ രചയിതാവ് അര്‍ഹിക്കുന്നു.

കേരളത്തെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ പുസ്തകം പ്രയോജനപ്പെടുമെന്ന് ആമുഖത്തില്‍ കുറിക്കുന്നു. രചയിതാവ് കുറേ വര്‍ഷങ്ങളായി നടത്തിവന്ന പരിശ്രമങ്ങള്‍ക്കൊടുവില്‍ 'ചരിത്രത്തിന്റെ ക്രോണിക്കിള്‍' ആണ് മലയാളി വായനക്കാര്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. 1956-'75 വരെ നീളുന്ന കാലഘട്ടം, കേരളത്തിന്റെ വര്‍ത്തമാനകാല ജീവിതത്തെ തിരുത്തിക്കുറിച്ച സംഭവങ്ങള്‍ പല കാരണങ്ങളാല്‍ ചരിത്രം സൃഷ്ടിച്ചവയായിരുന്നു. അസാദ്ധ്യമെന്ന വിശ്വാസത്തെയായിരുന്നു, ''ബാലറ്റിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടി'' അധികാരത്തിലെത്തുകയെന്ന സംഭവം. കേരളം, അതില്‍ എക്കാലത്തേയും മാതൃകയായി. എന്നാല്‍, അധികകാലം അതു നീണ്ടില്ല. ജാതി മത ശക്തികളും അതില്‍നിന്ന് ഊര്‍ജ്ജം നേടി നിലനില്‍ക്കുന്ന വലതുപക്ഷ ശക്തികളും ഭരണഘടനാവിധേയമായി പ്രവര്‍ത്തിച്ച ആ ഭരണകൂടത്തെ അട്ടിമറിക്കാന്‍ വിമോചനസമരമെന്ന ആഭാസം അരങ്ങേറിയത് മറ്റൊരു ചരിത്രമായി. ക്രമസമാധാനം തകര്‍ക്കുകയെന്നതായിരുന്നു ആ സമരനേതാക്കള്‍ ആവിഷ്‌കരിച്ച തന്ത്രം. അതിലവര്‍ വിജയിച്ചു. അങ്കമാലിയിലെ സെമിത്തേരിയില്‍നിന്ന് ആരംഭിച്ച ഹംസരഥ ഘോഷയാത്ര, നായര്‍ സമുദായത്തിന്റെ അനിഷേധ്യ നേതാവായ മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു സമാപിച്ചപ്പോള്‍, ഭരണഘടനാവിരുദ്ധമല്ലെങ്കിലും ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു ഭരണകൂടത്തെ പിരിച്ചുവിടാന്‍ കേന്ദ്ര ഗവണ്‍മെന്റ് നിര്‍ബ്ബന്ധിതമായി. നായര്‍ സമുദായവും ക്രൈസ്തവരും തോളോട് തോള്‍ ചേര്‍ന്ന് നടത്തിയ ആ സമരാഭാസത്തിന്റെ ഗുണഭോക്താക്കളായത് കോണ്‍ഗ്രസ്സുള്‍പ്പെടെയുള്ള വലതുപക്ഷ പാര്‍ട്ടികളായിരുന്നു. കമ്യൂണിസ്റ്റ് ഭരണം തുടര്‍ന്നാല്‍ കേരളം ചുവപ്പില്‍ മുങ്ങിത്താഴുമെന്ന് ആശങ്കിച്ചു. സ്വകാര്യ കോളേജ് ഉടമകളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയരായി പ്രവര്‍ത്തിക്കാന്‍ നിര്‍ബ്ബന്ധിതരായ അദ്ധ്യാപകരുടെ ശമ്പള-സേവന വ്യവസ്ഥകള്‍ നിര്‍ണ്ണയിക്കപ്പെട്ട പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് ബില്ലും പെറ്റുവീണ മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കാനുള്ള അവകാശം കുടിയാന് ഉറപ്പു ചെയ്യുന്നതിനു പുറമെ, ഭൂപരിധി നിര്‍ണ്ണയിക്കുകയും ചെയ്ത ഭൂപരിഷ്‌കരണ ബില്ലും പോലുള്ള ഭരണപരിഷ്‌ക്കാരങ്ങള്‍ നടപ്പായാല്‍ നിക്ഷിപ്ത താല്പര്യങ്ങള്‍ അപകടത്തിലാകുമെന്ന് ആശങ്കിച്ചവരുമായിരുന്നു വിമോചന സമരത്തിന്റെ ചുക്കാന്‍ നിയന്ത്രിച്ചത്. കമ്യൂണിസ്റ്റുകാര്‍ക്കു പുറമെ, സ്വതന്ത്രന്മാരായ ഡോ. എ.ആര്‍. മേനോനും ജോസഫ് മുണ്ടശ്ശേരിയും മന്ത്രിസഭാംഗങ്ങളായിരുന്നു. റവന്യൂ മന്ത്രിയായ കെ.ആര്‍. ഗൗരിയമ്മയും വിദ്യാഭ്യാസ മന്ത്രിയായ മുണ്ടശ്ശേരിയുമായിരുന്നു പുതിയ നിയമനിര്‍മ്മാണങ്ങളുടെ ശില്പികള്‍. കമ്യൂണിസ്റ്റ് ഭരണം വേരുപിടിച്ചാല്‍ ഇന്ത്യയിലാകെ പടരുമെന്ന് ഭയപ്പെട്ട അമേരിക്കപ്പോലുള്ള ഇംപീരിയലിസ്റ്റ് ശക്തികളും പരോക്ഷമായി ആ സമരാഭാസത്തെ പിന്താങ്ങി. അമേരിക്കന്‍ ചാര ഏജന്‍സിയായ സി.ഐ.എയിലൂടെ വിമോചന സമരക്കാര്‍ക്കും പണം കിട്ടിയിരുന്നു. എന്നാല്‍, ഈ അപകടങ്ങള്‍ തിരിച്ചറിയാന്‍ മന്ത്രിസഭയ്‌ക്കോ അതിനു നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കോ സാധിച്ചില്ല. ക്രമസമാധാനത്തെ കൈകാര്യം ചെയ്യുന്നതില്‍ മുന്‍ ഭരണകൂടങ്ങള്‍ അവലംബിച്ചിരുന്ന നിലപാട് മാറ്റാന്‍ ഇ.എം.എസ്സിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തയ്യാറായില്ല. ''പണിമുടക്ക്, സമരം തുടങ്ങിയ അവസരങ്ങളില്‍ തൊഴിലാളികളെ അടിച്ചമര്‍ത്താന്‍ പൊലീസിനെ സര്‍ക്കാരുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് പറഞ്ഞത് വസ്തുതയാണ്. എന്നാല്‍, അതിലൊരു മാറ്റവും അദ്ദേഹത്തിന്റെ ഭരണകാലത്തും ഉണ്ടായില്ല'' -ഗ്രന്ഥകര്‍ത്താവ് നിരീക്ഷിക്കുന്നു.

ആര്‍.കെ. ബിജുരാജ്
ആര്‍.കെ. ബിജുരാജ്

കേരളാകോണ്‍ഗ്രസ് പിറവിയെക്കുറിച്ച്

''ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ടശേഷം കൃത്യം ആറുമാസം രാഷ്ട്രപതി ഭരണത്തിന്‍ കീഴിലായിരുന്നു കേരളം. നിയമസഭാ തെരഞ്ഞെടുപ്പ് 1960 ഫെബ്രുവരി ഒന്നിന് നടന്നു.'' മതത്തിനു ഭൂരിപക്ഷം കിട്ടിയ മുക്കൂട്ടു മുന്നണി അധികാരത്തില്‍ വന്നു. പട്ടം താണുപിള്ളയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍, അധികനാള്‍ അദ്ദേഹത്തിന് അധികാരത്തില്‍ തുടരാനായില്ല. മുന്നണിയിലുണ്ടായ കലഹങ്ങള്‍ക്കൊടുവില്‍ പഞ്ചാബ് ഗവര്‍ണറായി പട്ടത്തെ നിയമിച്ച് പ്രശ്‌നം പരിഹരിക്കപ്പെട്ടു. തുടര്‍ന്ന് ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായി. ആ ഭരണവും നീണ്ടില്ല. മുഖ്യമന്ത്രിയാകാന്‍ ചരടുവലികള്‍ നടത്തിയിരുന്ന പി.ടി. ചാക്കോയുടെ രാഷ്ട്രീയ ജീവിതത്തെ നശിപ്പിച്ചതായിരുന്നു 'പീച്ചി സംഭവം'. പീച്ചിയിലേയ്ക്കുള്ള യാത്രാമദ്ധ്യേ ചാക്കോ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. പത്മം എസ്. മേനോന്‍ എന്ന വനിത സഹയാത്രികയായി ആ കാറില്‍ ഉണ്ടായിരുന്നുവെന്ന ആരോപണത്തിന്റെ പേരില്‍ ചാക്കോയുടെ രാഷ്ട്രീയ മോഹങ്ങള്‍ തകര്‍ന്നു.

മന്ത്രിസ്ഥാനം നഷ്ടപ്പെട്ട നിരാശനായ പി.ടി. ചാക്കോയുടെ മരണവും കോണ്‍ഗ്രസ്സില്‍നിന്നും ഒരു വിഭാഗം കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ പുറത്തുപോയി കേരള കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ചു.

കേരള രാഷ്ട്രീയത്തെ സ്വാധീനിച്ച ആ പുതുപാര്‍ട്ടിയുടെ രൂപീകരണത്തെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് ഇങ്ങനെ എഴുതുന്നു: ''കേരള രാഷ്ട്രീയത്തെ നിര്‍ണ്ണയിക്കുന്നതില്‍ പലപ്പോഴും കേരള കോണ്‍ഗ്രസ് നിര്‍ണ്ണായക കക്ഷിയായി. സൗകര്യവും തരവുംപോലെ മുന്നണികള്‍ മാറി ജാതി സമവാക്യങ്ങള്‍ നിരത്തി. കേരള കോണ്‍ഗ്രസ് വളരുന്തോറും പിളര്‍ന്നു. വളരാത്തപ്പോഴും പിളര്‍ന്നു.'' ഇതിനിടയിലാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടാകുന്നത്. ചൈനീസ് പക്ഷപാതികളെന്ന് ആക്ഷേപിക്കപ്പെട്ടവര്‍ ചേര്‍ന്ന് രൂപീകരിച്ചതായിരുന്നു കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് ഭരണ ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ പ്രസിഡന്റ് ഭരണം പ്രഖ്യാപിക്കപ്പെട്ടു. സപ്തമുന്നണിയുമായി ഇ.എം.എസ് എന്ന ശീര്‍ഷകത്തില്‍ ഗ്രന്ഥകര്‍ത്താവ് തടങ്ങും പിടങ്ങും ഒഴുകുന്ന രാഷ്ട്രീയ നദിയുടെ ഗതി പ്രതിപാദിക്കുന്നു. കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ അരങ്ങേറിയ വിമോചനസമരത്തിലെ പങ്കാളികളായിരുന്ന മുസ്ലിംലീഗ്, എസ്.എസ്.പി., ആര്‍.എസ്.പി., കെ.ടി.പി., കെ.എസ്.പി എന്നീ അഞ്ചു പാര്‍ട്ടികള്‍. ഇ.എം.എസ് നേതൃത്വം നല്‍കിയ മുന്നണിയില്‍ സി.പി.ഐ.എം., സി.പി.ഐ., മുസ്ലിംലീഗ് എന്നിവരായിരുന്നു ഈ പങ്കാളികള്‍. എന്നാല്‍, അധികകാലം മുന്നണി ഭരണം തുടര്‍ന്നില്ല. ഇക്കാലത്താണ് നയപരമായ പ്രശ്‌നങ്ങളില്‍ തട്ടി സി.പി.ഐ.എമ്മും സി.പി.ഐയും തമ്മിലുള്ള ബന്ധം ശിഥിലമായത്.

കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ ചോരകൊണ്ടെഴുതിയ അദ്ധ്യായങ്ങളായിരുന്നു ഇക്കാലത്ത് രചിക്കപ്പെട്ടത്. നക്‌സലൈറ്റ് ആക്രമണവും വര്‍ഗീസിന്റെ രക്തസാക്ഷിത്വവും സിന്‍ഡിക്കേറ്റ്-മഹിളാ കോണ്‍ഗ്രസ്സുകളുടെ രൂപീകരണവും ജനനന്മ വിസ്മരിച്ച രാഷ്ട്രീയത്തിന്റെ ബീഭത്സമുഖങ്ങള്‍ കാണിക്കുന്ന സംഭവബഹുലങ്ങളായ ആ കാലഘട്ടത്തെ അതിവിശദമായി പ്രതിപാദിക്കുന്നതില്‍ ഗ്രന്ഥകര്‍ത്താവ് പ്രദര്‍ശിപ്പിക്കുന്ന വൈദഗ്ദ്ധ്യം ആരെയും വിസ്മയിപ്പിക്കും. സപ്തകക്ഷി മുന്നണി തകരുന്നു, അച്യുതമേനോന്‍ വരുന്നു, ഭൂമിക്കായി കുടികിടപ്പു പ്രക്ഷോഭം, വയനാട്ടിലെ കലാപവും വര്‍ഗീസിന്റെ രക്തസാക്ഷിത്വവും, നക്‌സലൈറ്റ് ഉന്മൂലനങ്ങള്‍ തുടരുന്ന അച്യുതമേനോന്‍ യുഗം, തെരഞ്ഞെടുപ്പും മന്ത്രിസഭാ പുനഃസംഘടനയും, പട്ടയമേളയും ലക്ഷംവീടുകളും, എ.വി. ആര്യന്‍ പുറത്ത്, സമരങ്ങളുടെ ദിനങ്ങള്‍, തലശ്ശേരി വര്‍ഗ്ഗീയ കലാപം, അഴീക്കോടന്‍ രാഘവന്‍ വധം, മിച്ചഭൂമിക്കായി സമരം, ലീഗില്‍ ഭിന്നിപ്പ്, പിളര്‍പ്പ്, തെറ്റിപ്പോയ ജാതി രാഷ്ട്രീയ സമവാക്യം എന്നീ ശീര്‍ഷകങ്ങളില്‍ പരന്നുകിടക്കുന്നു ഈ കാലഘട്ടത്തിന്റെ ചരിത്രം. രണ്ടു പാര്‍ട്ടിക്കാരെന്ന നിലയില്‍ ടി.വി തോമസും കെ.ആര്‍. ഗൗരിയമ്മയും തമ്മിലുള്ള ദാമ്പത്യബന്ധത്തിന്റെ തകര്‍ച്ചയും രാഷ്ട്രീയ പരിഗണനകള്‍ മാറ്റിവെച്ച ജനക്ഷേമകരമായ പരിപാടികള്‍ ഏറ്റെടുത്തു നടപ്പാക്കുന്നതില്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അച്യുതമേനോന്‍ കാണിച്ച വഴിയും സമകാലിക രാഷ്ട്രീയ ചരിത്രത്തിലെ വേറിട്ട അദ്ധ്യായങ്ങളായിരുന്നു. അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച്, ചിരകാലത്തെ സ്‌നേഹബന്ധം കാറ്റില്‍പറത്തി ടി.വി. തോമസിനേയും എം.എന്‍. ഗോവിന്ദന്‍ നായരേയും അന്വേഷണ കമ്മിഷന്റെ മുന്‍പില്‍ എത്തിച്ച മുഖ്യമന്ത്രിയായ ഇ.എം.എസ്സിന്റെ കക്ഷി രാഷ്ട്രീയപ്പക അസാധാരണമായ സംഭവമായിരുന്നു. അന്വേഷണ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ദുഃഖിതനായ ടി.വി. തോമസ് നിയമസഭയില്‍ ചെയ്ത പ്രസംഗത്തില്‍ ''ചങ്ങലയ്ക്കു ഭ്രാന്തുപിടിച്ചാല്‍ എന്തുചെയ്യും?'' എന്ന് ചോദിച്ചത് വര്‍ഷങ്ങള്‍ നിരവധി പിന്നിട്ടെങ്കിലും അതിന്റെ മാറ്റൊലി അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.

ജനാധിപത്യത്തിന്റെ ധ്വംസനവും വീണ്ടെടുപ്പും (രണ്ടാംഭാഗം) സമൂല മാറ്റത്തിന്റെ കാലം (മൂന്നാംഭാഗം) എന്നീ ഖണ്ഡങ്ങള്‍ വര്‍ത്തമാനകാലത്തിന്റെ നേര്‍സാക്ഷിയാവുന്നു. അടിയന്തരാവസ്ഥ എന്ന അദ്ധ്യായത്തില്‍ ഗ്രന്ഥകര്‍ത്താവ് ഇങ്ങനെ എഴുതുന്നു: ''ജനാധിപത്യത്തിന്റെ മഹനീയ മാതൃകകളൊന്നുമല്ല ഐക്യകേരളം രൂപീകൃതമായ ശേഷം ഇവിടെ നിലനിന്നത്. 1959-ല്‍ ഇ.എം.എസ് സര്‍ക്കാരിനെ പിരിച്ചുവിട്ട ജനാധിപത്യ ക്രൂശീകരണം തന്നെ അതിന്റെ തുറന്ന സൂചനയാണ്. സംസ്ഥാന രൂപീകരണത്തിനുശേഷം ഇടര്‍ച്ച, ഉയര്‍ച്ചകളിലൂടെ നീങ്ങിയ ജനാധിപത്യം വലിയ തിരിച്ചടികളെ നേരിടാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. സംസ്ഥാനത്തിന് ഇരുപത് വയസ്സ് തികയും മുന്‍പ് എല്ലാ ജനാധിപത്യ അവകാശങ്ങളും 21 മാസത്തേയ്ക്ക് നിഷേധിക്കപ്പെട്ടു. സംസ്ഥാനത്തു മാത്രമല്ല, രാജ്യത്താകമാനം നഗ്‌നമായ ജനാധിപത്യ ധ്വംസനം അരങ്ങേറി. രാജ്യത്തിന്റെ ചരിത്രത്തില്‍ അടിയന്തരാവസ്ഥയിലാണ് ജനാധിപത്യവും മനുഷ്യാവകാശവും പൗരാവകാശവും അഭിപ്രായ സ്വാതന്ത്ര്യവും ആദ്യം സമ്പൂര്‍ണ്ണമായി നിഷേധിക്കപ്പെട്ടത്. പൗരന്മാരുടെ എല്ലാ അവകാശങ്ങളും സ്വേച്ഛാധിപത്യത്തിന്‍ കീഴില്‍ ഞെരിഞ്ഞമര്‍ന്നു. അദ്ദേഹം ഇങ്ങനെ തുടര്‍ന്നു രേഖപ്പെടുത്തുന്നു: ഭരണഘടന ഉറപ്പാക്കിയ മൗലികാവകാശങ്ങള്‍ റദ്ദ് ചെയ്യപ്പെട്ട, ജനാധിപത്യത്തിന് വിലയില്ലാതായ ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന നിയമസഭയ്ക്ക് ഗുരുതര വൈകല്യങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍, അത്തരം അന്തരീക്ഷത്തിലും ജനാധിപത്യത്തിനുവേണ്ടി നിലയുറപ്പിക്കുകയും കഴിയുന്നിടത്തോളം സമര-പ്രതിഷേധങ്ങള്‍ക്കു വേദിയാവുകയാണ് സഭ ചെയ്യേണ്ടിയിരുന്നത്. പക്ഷേ, കേരള നിയമസഭ എല്ലാത്തരത്തിലും നിര്‍ജ്ജീവമായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ 1977 മാര്‍ച്ച് 21-നു പിന്‍വലിക്കുന്നതുവരെയുള്ള ദിവസങ്ങളില്‍ നിയമസഭാ സമ്മേളനത്തിന്റെ നടപടിക്രമങ്ങളുടെ അച്ചടിച്ച 2540 പേജുകള്‍ വിശദപരിശോധനയ്ക്കു വിധേയമാക്കുമ്പോള്‍ ജനാധിപത്യ ബോധമുള്ളവര്‍ നിരാശരാകും. കേരളത്തിനും സി.പി.എം. ഉള്‍പ്പെടെയുള്ള അന്നത്തെ പ്രതിപക്ഷ കക്ഷികള്‍ക്കും നാണക്കേടാണ് ആ രേഖകള്‍.'' ജനാധിപത്യ വിശ്വാസികളെന്നു പുറമെ പറയുന്ന മലയാളികളുടെ തനിനിറമാണ് ഈ വരികള്‍ തുറന്നു കാട്ടുന്നത്.

അധികാരവും ഇടതുപക്ഷ പാര്‍ട്ടികളും

കേരള രാഷ്ട്രീയത്തിലെ കരുണാകരന്റെ വാഴ്ചയിലേയ്ക്കുള്ള ആമുഖ സൂചനയാണ്, തുടര്‍ന്നുള്ള ഭാഗങ്ങളില്‍ ഗ്രന്ഥകര്‍ത്താവ് നല്‍കുന്നത്. ''നിയമസഭയിലും പുറത്തും ആദ്യത്തെ മന്ത്രി കെ. കരുണാകരന്റെ സര്‍വ്വാധിപത്യമാണ് നിലനിന്നിരുന്നത്. അധികാരത്തിന്റെ ഹുങ്കും ധാര്‍ഷ്ട്യവും പലപ്പോഴും സംസാരത്തില്‍ പ്രകടമായിരുന്നു. മുഖ്യമന്ത്രിയെ (അച്യുതമേനോന്‍) പലപ്പോഴും കരുണാകരന്‍ അപ്രസക്തനാക്കി മാറ്റി. മുഖ്യമന്ത്രി സി. അച്യുതമേനോനും പൊലീസ് മേധാവി ഐ.ജി. രാമനും അടിയന്തരാവസ്ഥയില്‍ നിസ്സഹായരും നിഷ്പ്രഭരുമായിരുന്നു. അവരുടെ തലയ്ക്കു മുകളില്‍ ആഭ്യന്തരമന്ത്രി കെ. കരുണാകരനും അദ്ദേഹത്തിന്റെ ആശ്രിതവത്സലരായ ക്രൈംബ്രാഞ്ച് ഡി.ഐ.ജി ജയറാം പടിക്കല്‍, മധുസൂദനന്‍, എസ്.പിമാരായ കെ. ലക്ഷ്മണ, മുരളീകൃഷ്ണദാസ് എന്നിവരടങ്ങുന്ന പൊലീസ് സംഘവും കേരളം ഭരിച്ചു. (എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ രാജനെ അറസ്റ്റ് ചെയ്ത് ചാരമാക്കിയ ദുരന്തം ഇക്കൂട്ടത്തില്‍ വിസ്മരിക്കാവുന്നതല്ല.) വസന്തത്തിന്റെ ഇടിമുഴക്കമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നക്‌സല്‍ബാരി ആക്രമണ പരമ്പര കേരളത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതത്തിലേല്പിച്ച മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. അജിതയുടേയും മന്ദാകിനിയുടേയും ത്യാഗനിര്‍ഭരമായ ജീവിതം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വിശദമായി ഗ്രന്ഥകര്‍ത്താവ് പ്രതിപാദിക്കുന്നു. ഈ ബൃഹദ് ആഖ്യാനത്തിന്റെ ആത്മാവ് എന്ന് വിശേഷിപ്പിക്കാവുന്നതാണ് ഈ ഭാഗങ്ങള്‍. കരുണാകരന്റെ ജയവും തോല്‍വിയും, ജനം വിജയിക്കുന്നു, ആന്റണിയുടെ ആദര്‍ശദിനങ്ങള്‍ക്കു തുടക്കം, പി.കെ.വിയുടെ ഒരു വര്‍ഷം, ലീഗിനു മുഖ്യമന്ത്രി പദം, ബി.ജെ.പിയുടെ രൂപീകരണം, ആര്‍.എസ്.പിയില്‍ പിളര്‍പ്പ്, ആന്റണി കൂറുമാറുന്നു, ഭരണം നിലംപൊത്തുന്നു, കരുണാകരന്റെ ആധികാരിക ജയം, നാദാപുരത്തെ വര്‍ഗ്ഗീയ കലാപങ്ങള്‍ തുടങ്ങി ചെറുശീര്‍ഷകങ്ങളില്‍ പരന്നുകിടക്കുന്ന രണ്ടാംഭാഗത്തില്‍നിന്ന് മൂന്നാംഭാഗത്തിലെത്തുമ്പോള്‍, അധികാരവും ഇടതുപക്ഷ പാര്‍ട്ടികളും തമ്മിലുള്ള ബന്ധം പ്രതിപാദിക്കുന്ന ഗ്രന്ഥകര്‍ത്താവ് ഇങ്ങനെ നിരീക്ഷിക്കുന്നു: ''ഒരു കാര്യം വ്യക്തമാണ്. പ്രതിപക്ഷത്ത് യു.ഡി.എഫിന്റേയും ഭരണപക്ഷത്ത് എല്‍.ഡി.എഫിന്റേയും റോള്‍ ഇനി എളുപ്പമുള്ള ഒന്നല്ല. വലിയ വെല്ലുവിളികളാണ് ഇരുമുന്നണികള്‍ക്കും മുന്നിലുള്ളത്. അധികാരം നിലനിര്‍ത്താനും തിരിച്ചുപിടിക്കാനും വലിയ അദ്ധ്വാനം ആവശ്യമാണെന്നു സുവ്യക്തം. പുതിയ കാലം അതു വ്യക്തമാക്കും. ഇപ്പോള്‍ പ്രവചനങ്ങള്‍ സാദ്ധ്യമല്ല. അത് അര്‍ത്ഥശൂന്യവുമാണ്. കാരണം ചരിത്രം നിശ്ചലമല്ല. ഓരോ നിമിഷവും ചരിത്രമായി തൊട്ടടുത്ത നിമിഷം മാറും. അതുകൊണ്ടുതന്നെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ഇവിടെ അവസാനിക്കുന്നില്ല.'' മുഖ്യധാരാ രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകളുടേയും കാണാച്ചരടുകളുടേയും യഥാര്‍ത്ഥ ചരിത്രം വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്ന ഗ്രന്ഥകര്‍ത്താവായ ആര്‍.കെ. ബിജുരാജ് അസാമാന്യമായ കാര്യഗ്രഹണ ശേഷിയുള്ള ഒരു ചരിത്രകാരന്‍ കൂടിയാണെന്നു നിസ്സംശയം തെളിയിക്കുന്നു. ചരിത്രസംഭവങ്ങളിലൂടെ അലക്ഷ്യമായ യാത്ര ചെയ്യുകയല്ല പത്രപ്രവര്‍ത്തകന്‍ കൂടിയായ ഗ്രന്ഥകര്‍ത്താവ്. താന്‍ പ്രതിപാദിക്കുന്ന വിഷയത്തിന്റെ ഗരിമ അദ്ദേഹം തിരിച്ചറിയുന്നു . അത് വായനക്കാരില്‍ എത്തിക്കുന്നതില്‍ അദ്ദേഹം, അസൂയാവഹമായ വിജയമാണ് കൈവരിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com